കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ അമ്മയുടെ ശൂന്യത മനസ്സിലാക്കിയത് കൊണ്ടാവാം മക്കളും എതിരൊന്നും പറഞ്ഞില്ല…

രണ്ടാം കെട്ട്…

Story written by Ummul Bishr

=========

“നാളെ എന്റെ വിവാഹമാണ്. വല്യേച്ചി നിർബന്ധമായും വരണം.”

ഫോണിലൂടെ മധു വിളിച്ചു പറഞ്ഞപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല.

“വല്യേച്ചീ…ഇനി ഒരു വിവാഹം ഞാൻ കരുതിയതല്ല. അതും ഇത്ര പെട്ടെന്ന്! ഞാൻ ഒരുപാട് പറഞ്ഞുനോക്കി, അമ്മ ഒരുപൊടിക്ക് സമ്മതിക്കുന്നില്ല. പിന്നെ എല്ലാവരും കൂടെ നിർബന്ധിച്ചപ്പോൾ  വേറെ വഴിയില്ല. ഞാനായിട്ട് മക്കൾക്ക് അമ്മയുടെ സ്നേഹം നിഷേധിക്കേണ്ട എന്ന് കരുതി സമ്മതിച്ചതാ വല്യേച്ചി…”

താനൊന്നും മിണ്ടാത്തത് കണ്ടാവണം അവൻ ഇത്രയും പറഞ്ഞത്.

“വിഷമിക്കേണ്ട.എല്ലാം നന്നായി വരട്ടെ..വല്യേച്ചി എന്തായാലും വരും ” എന്ന് പറഞ്ഞു ഫോൺ വെച്ചു

ഗീതയുടെ  ചെറിയ ആങ്ങളയാണ് മധു. അവന്റെ ഭാര്യ മരണപ്പെട്ടു ഒരു വർഷം കഴിഞ്ഞേ ഉള്ളൂ. രണ്ട് പെൺകുട്ടികൾ ആണവന്. മൂത്തമോൾ ഒമ്പതിൽ പഠിക്കുന്നു. ഇളയത് നാലിലും.

അമ്മ പോയതോടെ വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ആ കുഞ്ഞുങ്ങൾ.

അതിനു ശേഷം ജോലി ലീവെടുത്തു കുറേ നാൾ വീട്ടിൽ മക്കളോടൊപ്പം തന്നെയായിരുന്നു മധു. പക്ഷേ, എത്ര നാൾ അങ്ങനെ ഇരിക്കാൻ കഴിയും!

ജീവിതത്തിന്റെ മുക്കാൽ പങ്കും ഒറ്റപ്പെടൽ  അനുഭവിച്ച തന്നോളം അവനെ മനസ്സിലാക്കാൻ മാറ്റാർക്കാണ് കഴിയുക.

അതുകൊണ്ട് താൻ തന്നെയാണ് അമ്മയെ വിളിച്ച് മധുവിനൊരു കൂട്ട് വേണമെന്നും അതിലുപരി വളർന്നു വരുന്ന പെണ്മക്കൾക്ക് ഒരമ്മയുടെ കരുതൽ അത്യാവശ്യമാണെന്നും പറഞ്ഞു വിവാഹത്തിന്  മുൻകൈ എടുക്കാൻ അമ്മയെ പ്രേരിപ്പിച്ചത്. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ അമ്മയുടെ ശൂന്യത മനസ്സിലാക്കിയത് കൊണ്ടാവാം മക്കളും എതിരൊന്നും പറഞ്ഞില്ല. മധുവിന് ഉൾകൊള്ളാൻ അല്പം സമയം കൂടി വേണ്ടിവന്നു. തറവാട്ടിൽ ആർക്കും എതിരഭിപ്രായം ഒന്നുമില്ലാത്തതിനാൽ  നാളെ വിവാഹം എന്നതിലേക്ക് കാര്യങ്ങൾ പെട്ടെന്നു തന്നെ എത്തി.

അല്ലെങ്കിലും ഒരു പുരുഷന് പുനർവിവാഹം കഴിക്കാൻ ആർക്കാണ് എതിർപ്പ് അല്ലേ, മറിച്ച് ഈ സ്ഥാനത്ത് ഒരു സ്ത്രീ ആണെങ്കിൽ അവളെ എന്നും വിധവയായി കാണാനാണ് സമൂഹത്തിനും കുടുംബത്തിനും ഇഷ്ടം. സ്വന്തമായി ഇഷ്ടങ്ങളോ തീരുമാനങ്ങളോ ഇല്ലാതെ  കല്പിച്ച അതിർ വരമ്പുകൾക്കുള്ളിൽ നിന്ന്  എന്തിനും ഏതിനും മറ്റുള്ളവരുടെ മുമ്പിൽ തല കുനിച്ചു നിൽക്കുന്ന പെണ്ണിനെയാണ് അവർക്കിഷ്ടം.

“അമ്മാ..എനിക്കും അച്ഛനെ വേണം. ഷാനിക്കും രേഷ്മക്കുമൊക്കെ അച്ഛൻ ഉണ്ടല്ലോ, എനിക്കു മാത്രം ഇല്ലാത്തതെന്താ അമ്മാ…”

വർഷങ്ങൾക്ക് മുമ്പുള്ള മോളുടെ ചോദ്യം ഇന്നലെ കഴിഞ്ഞത് പോലെ  ചെവിയിൽ ഇന്നുമുണ്ട്.

രണ്ടാം ക്ലാസുകാരിക്ക് അച്ഛനെ വേണമെന്ന് തോന്നാൻ മാത്രം ഹൃദയം മുറിച്ചതെന്താണെന്ന് ഇതുവരെയും ചോദിച്ചില്ല. പറഞ്ഞറിയിക്കാൻ കഴിയാത്തതോണ്ടാവും അവൾ പറഞ്ഞുമില്ല.

എപ്പോഴൊക്കെയോ ഞാനും ആഗ്രഹിച്ചിരുന്നു ഒരു കൂട്ടുവേണമെന്ന്, പക്ഷേ, തറവാട്ടിലെ തീരുമാനങ്ങളെല്ലാം കാരണവന്മമാരുടേതായിരുന്നു. അതിലൊന്നും തന്റെ പുനർ വിവാഹ കാര്യം വന്നത് പോലുമില്ല.

“ഗീത കുഞ്ഞ് ചെറുപ്പമല്ലേ…ഒന്നൂടെ ഒരു വിവാഹം നോക്കിക്കൂടെ…എത്ര കാലാ അത് ഇങ്ങനെ ഒറ്റക്ക് കഴിയാ മാധവിയേ?” അടുത്ത വീട്ടിലെ നാണിച്ചേച്ചി അമ്മയോടൊരിക്കൽ ചോദിക്കുന്നത് കേട്ടു.

“അവൾക്കൊരു മോളുള്ളപ്പോൾ അവളെങ്ങനെ ഒറ്റക്കാവുന്നത് നാണിയമ്മേ..? ചെറുതാണെങ്കിലും അവൾക്കൊരു ജോലിയുമുണ്ട്. ജീവിക്കാൻ അതുപോരേ…രണ്ടാം കെട്ട് എന്നൊക്കെ പറഞ്ഞാൽ കുഞ്ഞുങ്ങളുള്ളപ്പോൾ അതൊക്കെ ബുദ്ധിമുട്ടാണ്. ഇനി അവളുടെ ഇളയതുങ്ങളുടെ കാര്യങ്ങൾ കൂടി നോക്കേണ്ടേ അദ്ദേഹത്തിന്….”

അമ്മയുടെ മറുപടി കേട്ടപ്പോൾ എന്തിനോ രണ്ടു തുള്ളി കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി.

അഞ്ചു വർഷത്തെ ദാമ്പത്യം കൊണ്ട് ഒരു ജന്മം അനുഭവിക്കാനുള്ളത് മുഴുവൻ അനുഭവിച്ചു.

മനസ്സിലിട്ട് താലോലിക്കാൻ തനിക്കും മോൾക്കും ഒരു നല്ല ഓർമ്മകൾ പോലും ബാക്കിവെക്കാതെയാണ് അദ്ദേഹം പോയത്.

എന്നോ മരവിച്ചു പോയ ഹൃദയത്തെ മരവിപ്പിക്കാൻ ആ മരണം കൊണ്ടൊന്നും കഴിയില്ല.

എങ്കിലും ചില സമയത്ത് തന്റെ വിഷമങ്ങളൊന്ന് ഇറക്കിവെക്കാൻ, തന്റേതെന്ന് മാത്രം അവകാശപ്പെട്ട ഒരു അത്താണിയില്ലാതെ, കൂർത്ത നോട്ടങ്ങളെയും വാക്കുകളെയും നേരിടാൻ കഴിയാതെ,മകൾക്ക് ഒരച്ഛന്റെ കരുതലും കൂടെപ്പിറപ്പുകളുടെ സ്നേഹവും കൊടുക്കാനാവാതെ, ആൾക്കൂട്ടങ്ങൾക്കിടയിലും ആഘോഷങ്ങൾക്കിടയിലുംഞാനും മോളും ഒറ്റപ്പെടുമ്പോളൊക്കെ  ഒരു താലി ചരടിന്റെ സംരക്ഷണം ഞാനും ആഗ്രഹിച്ചിരുന്നുവല്ലോപലപ്പോഴും…

ഉറക്കെ വിളിച്ച് പറയാൻ കഴിയാത്തതോണ്ട് മാത്രം വാടിപ്പോയ തന്റെ നഷ്ട സ്വപ്നങ്ങളെ തിരിച്ചു നേടി തന്നത് മകൾ തന്നോളം വളർന്നപ്പോളാണ്.

അവൾക്കൊരു കൂട്ട് വേണമെങ്കിൽ അമ്മക്കൊരു കൂട്ടും വേണമെന്ന് വാശിപിടിച്ച അവൾക്ക് മുമ്പിൽ തോറ്റു കൊടുക്കുമ്പോൾ ചുറ്റുനിന്നും ഉയരുന്ന പരിഹാസങ്ങളോ കൂരമ്പുകളോ മനസ്സിൽ തറച്ചില്ല. അവളുടെ സന്തോഷം മാത്രമേ എന്റെ കണ്ണിൽ കണ്ടുള്ളൂ. തിരിച്ചവളും. അല്ലെങ്കിലും തന്റെ ഒറ്റപ്പെടൽ  മനസ്സിലാക്കിയത് അവളോളം മറ്റാരാണ്..

അവൾ ചൂണ്ടിക്കാണിച്ചു തന്ന ആളെ സ്വീകരിക്കുമ്പോൾ അവളെന്റെ അമ്മയായി മാറിയത് ഞാൻ നോക്കി കാണുകയായിരുന്നു.

ഒറ്റപ്പെട്ട രണ്ട് പുഴകൾ ഇന്ന് ഒന്നായി ഒഴുകുമ്പോൾ അതിനു കാരണമായവൾക്ക് ഒരച്ഛന്റെ സ്നേഹം ആവോളം കൊടുക്കാൻ അദ്ദേഹവും ശ്രമിക്കുന്നുണ്ട്.

വൈകിയാണെങ്കിലും ചില തീരുമാനങ്ങൾ ശരിയായിരുന്നെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കും…