ഒരിക്കലും തന്റെ മനസ്സിലിരിപ്പ് ആരും അറിയാതെ സൂക്ഷിക്കാൻ മേഘ എപ്പോഴും ശ്രെദ്ധിച്ചിരുന്നു…

മൗനരാഗം…

Story written by Jisha Raheesh

============

മേഘ തിരക്കിട്ടാണ് ഒപി റൂമിലേക്ക് നടന്നത്. അരുൺ ഡോക്ടർ എത്താനായി..ഇന്ന് ഹോസ്റ്റലിൽ നിന്നും ഇറങ്ങുമ്പോഴേ ഇത്തിരി വൈകിയിരുന്നു..

ഇന്നലെ രാത്രിയും അമ്മ വിളിച്ചു ആ കല്യാണക്കാര്യം പറഞ്ഞിരുന്നു. എത്ര പറഞ്ഞാലും അമ്മയ്ക്ക് മനസ്സിലാവില്ല..അവര് ചോദിച്ചത്ര പൊന്നും പണവുമൊന്നും അച്ഛന്റെ കൈയ്യിൽ ഇല്ലെന്ന് അറിയാഞ്ഞല്ല..തനിക്കു താഴെ വല്യ പ്രായവ്യത്യാസം ഒന്നുമില്ലാതെ ഒരനിയത്തി കൂടെയുണ്ട് അതാണ്‌ അമ്മയുടെ ടെൻഷൻ..

പക്ഷെ തന്റെ മനസ്സ്…ഒരിക്കലും നടക്കില്ലെന്നു അറിയാവുന്ന ഒരു സ്വപ്നമാണ് മനസ്സിൽ..ആ സ്വപ്നത്തിനു ഇന്ന് മൂന്ന് വയസ്സ് പൂർത്തിയാവുന്നു..

ജിഎൻഎം കഴിഞ്ഞാണ് ഈ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തത്..ആദ്യത്തെ op ഡ്യൂട്ടി ചെറിയാൻ സാറിന്റെ കൂടെയായിരുന്നു..ഡോക്ടർ ചെറിയാൻ ജോലി മതിയാക്കി തിരികെ പോയതിൽ പിന്നെ നഴ്‌സിംഗ് സൂപ്രണ്ട് op ഡ്യൂട്ടി ഇട്ടിട്ടില്ല..വാർഡിലും മറ്റുമായി അങ്ങ് കഴിഞ്ഞ് പോകുന്നതിനിടെയാണ് പുതിയ പീഡിയാട്രിക്ക് ഡോക്ടർ ചാർജെടുക്കുന്ന വിവരം അറിഞ്ഞത്..

മുൻപേ ഇവിടെ ഉണ്ടായിരുന്ന ഡോക്ടർ ആണ്..ഇടയ്ക്കൊന്ന് അബ്രോഡ്‌ പോയതായിരുന്നത്രേ..ലഞ്ച് ബ്രെക്കിനിടയിൽ ജയചേച്ചിയുടെയും ആശയുടേയുമൊക്കെ സംസാരത്തിൽ നിന്നും ആളൊരു ചുള്ളനാണെന്ന് മനസ്സിലായി..

ഉച്ചയ്ക്ക് ശേഷം വാർഡിലേക്ക് മരുന്നിന്റെ ട്രേയുമായി ധൃതിയിൽ പോവുന്നതിനിടെയാണ് കോറിഡോറിലേക്ക് തിരിഞ്ഞപ്പോൾ എതിരെ വന്നയാളുമായി കൂട്ടിയിടിക്കുന്നത്..വീഴുന്നതിനേക്കാൾ പേടി കൈയിൽ ഇരുന്ന മരുന്ന് കുപ്പി പൊട്ടുന്നതിലായിരുന്നു.അത്‌ താഴെ വീഴാതെ നോക്കുന്നതിനിടെ  തന്നെ ചുറ്റി പിടിച്ച കൈകളുടെ ഉടമയെ ശ്രെദ്ധിച്ചില്ല…

“എന്താ സിസ്റ്ററെ..നടക്കുമ്പോൾ ഒന്ന് ശ്രെദ്ധിക്കണ്ടേ..? “

അപ്പോഴാണ് ആ ശബ്ദത്തിന്റെ ഉടമയെ ശ്രെദ്ധിച്ചത്..അകന്നു മാറുന്നതിനിടെ നോട്ടമെത്തിയത് കണ്ണടയ്ക്കുള്ളിലെങ്കിലും കാന്തശക്തിയുള്ള ആ കണ്ണുകളിലേക്കായിരുന്നു..

എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ കഴിഞ്ഞില്ല…

അയാൾ ഒരു ചിരിയോടെ തന്നെ നോക്കി തിരിഞ്ഞു നടന്നിട്ടും ഒരു നിമിഷം കഴിഞ്ഞാണ് സ്വബോധം വന്നത്..വേഗം വാർഡിലേക്ക് ഓടി..പേഷ്യന്റ്‌സിന് മുൻപിൽ വെച്ച് തന്നെ മരിയ സിസ്റ്ററുടെ വായിലുള്ളത് മുഴുവനും കേട്ടു. ഒരക്ഷരം തിരിച്ചു പറയാതെ ഇൻജെക്ഷൻ സിറിഞ്ചിലേക്ക് മരുന്ന് നിറച്ചു..മരിയ സിസ്റ്ററോട് സംസാരിക്കുന്ന ആളെ നോക്കിയപ്പോൾ വീണ്ടും അയാൾ..

തന്നെ പറഞ്ഞത് മുഴുവനും അയാളും കേട്ട് കാണണം..മരിയ സിസ്റ്ററുടെ സംസാരത്തിൽ നിന്നും ആൾ ഡോക്ടർ ആണെന്ന് മനസ്സിലായി. ഡോക്ടർ പോവാൻ തുടങ്ങിയപ്പോൾ തെല്ലൊരു ജാള്യതയോടെ മുഖമൊന്നുയർത്തി നോക്കി. ഒട്ടും പ്രതീക്ഷിക്കാതെ തന്നെ തേടി നേർത്തൊരു പുഞ്ചിരി എത്തിയിരുന്നു…

അന്നത്തെ ഡ്യൂട്ടി കഴിഞ്ഞപ്പോഴാണ് സൂപ്രണ്ട് നാളെ മുതൽ രാവിലെ op ഡ്യൂട്ടി ആണെന്ന് പറഞ്ഞത്..

നാളെ ചാർജെടുക്കുന്ന പീഡിയാട്രിഷ്യൻ…ഡോക്ടർ അരുൺ ശങ്കർ..

രാവിലെ നേരത്തെ തന്നെ ഡോക്ടറുടെ മുറിയിലെത്തി..വാതിലിൽ ഡോക്ടറുടെ പേര് വെച്ചിട്ടുണ്ട്..മേശപ്പുറത്തു ഇരിക്കുന്ന സാധനങ്ങൾ ഒന്ന് കൂടെ അടുക്കിപെറുക്കി വെച്ചു..ആദ്യദിവസം ആണെങ്കിലും പേഷ്യന്റ്സ് എത്തിയിട്ടുണ്ട്..ആള് ഒന്നാംതരം ചൈൽഡ് സ്‌പെഷ്യലിസ്റ്റാണ്..റീജോയിനിങ്ങിനു മാനേജ്മെന്റ് നല്ല പബ്ലിസിറ്റിയും കൊടുത്തിട്ടുണ്ട്..

ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് മേഘ മുഖമുയർത്തിയത്..

“ഗുഡ് മോർണിംഗ് ഡോക്ടർ .. “

യാന്ത്രികമായാണ് പറഞ്ഞത്..അത്‌ അയാളായിരുന്നു..തലേന്ന് മേഘയുടെ മനസ്സിലേക്ക് ഇടിച്ചു കയറിയ ആൾ.

“വെരി ഗുഡ് മോർണിംഗ്…ആഹാ ഇയാളായിരുന്നോ..ഇന്നലെ എന്നെ ഇടിച്ചു വീഴ്ത്താൻ നോക്കിയ ആളാണ്.. “

“അത്‌..സാർ..ഞാൻ… “

“ഇട്സ് ഓക്കെ മേഘ, ഐ വാസ് ജസ്റ്റ്‌ ജോക്കിങ്.. “

ചിരിയോടെ പറഞ്ഞിട്ട് ഡോക്ടർ സീറ്റിലേക്ക് ഇരുന്നു..

“എന്നാൽ നമുക്ക് തുടങ്ങിയാലോ..? “

ഡോക്ടർ പറഞ്ഞതനുസരിച്ചു മേഘ പേഷ്യന്റ്‌സിനെ വിളിക്കാൻ തുടങ്ങി..ഡോക്ടർ അരുൺ ശങ്കർ എല്ലാവർക്കും പ്രിയപ്പെട്ടവനാവുന്നതെങ്ങിനെയെന്ന് അവൾ കണ്ടറിയുകയായിരുന്നു..

സൗമ്യമായ പെരുമാറ്റം..രോഗികൾ പറയുന്നതെല്ലാം ക്ഷമയോടെ കേട്ട് പരിഹാരം നിർദേശിക്കുന്ന ഡോക്ടർ…അവരുടെ വേദനകളിൽ അവരിലൊരാളായി കൂടെ നിൽക്കുന്ന ഡോക്ടർ…

ആരാധന അനുനിമിഷമെന്നോണം കൂടി വരികയായിരുന്നു..പതിയെ പതിയെ അയാളുടെ ഒരു നോട്ടത്തിന്റെ അർത്ഥം പോലും അവൾക്ക് തിരിച്ചറിയാൻ സാധിച്ചു..

പ്രണയം നിറഞ്ഞ ഒരു നോട്ടം പോലും തിരികെ പ്രതീക്ഷിക്കാത്ത അന്ധമായ ആരാധന..ചില ദിവസങ്ങളിൽ ഡോക്ടറുടെ അമ്മ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ op യിലേക്ക് വിളിക്കും..ആളൊരു സംസാരപ്രിയയായത് കൊണ്ടു മേഘയോട് വിശേഷങ്ങളൊക്കെ ചോദിക്കുകയും പറയുകയും ചെയ്യും..ചിലപ്പോഴൊക്കെ തങ്ങളുടെ സംസാരം ഡോക്ടർ ചെറിയൊരു കൗതുകത്തോടെ ശ്രെദ്ധിക്കുന്നത് മേഘ കണ്ടിട്ടുണ്ട്..

സുന്ദരനായത് കൊണ്ടും ബാച്ചിലർ ആയത് കൊണ്ടും ഡോക്ടർക്ക് നല്ലൊരു ആരാധകവൃന്ദം തന്നെ അവിടെ ഉണ്ടായിരുന്നു..നഴ്‌സിംഗ് സ്റ്റുഡന്റസ് മുതൽ ജൂനിയർ ലേഡി ഡോക്ടർസ് വരെ. Op കഴിയുമ്പോൾ എന്തെങ്കിലും കാരണമുണ്ടാക്കി അവരൊക്കെ ഡോക്ടർ അരുണിനരികെ എത്തും..

പക്ഷെ ഡോക്ടറിൽ നിന്നും മറ്റൊരു രീതിയിൽ ഒരു നോട്ടം പോലും മേഘയിൽ എത്തിയില്ല..അവളത് ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും ഇല്ല എന്നതാണ് സത്യം…

ഒരിക്കലും തനിക്ക് ഈ ജന്മം ഡോക്ടറെ മോഹിക്കാൻ പോലും സാധിക്കില്ലെന്ന് മേഘയ്ക്ക് വ്യക്തമായി തന്നെ അറിയാമായിരുന്നു…

ജൂനിയർ ഡോക്ടറായ ജ്യോതിക ഇടയ്ക്കിടെ ക്യാബിനിൽ വന്നു ഡോക്ടറോട് സംസാരിച്ചിരിക്കും..ജ്യോതിക മാഡത്തിന്റെ ശൃഗാരം കൂടുതൽ കണ്ടു നിൽക്കാനുള്ള ശേഷി ഇല്ലാത്തത് കൊണ്ട് മേഘ പതിയെ അവിടെ നിന്നും സ്കൂട്ട് ആവും..

ഒരിക്കലും തന്റെ മനസ്സിലിരിപ്പ് ആരും അറിയാതെ സൂക്ഷിക്കാൻ മേഘ എപ്പോഴും ശ്രെദ്ധിച്ചിരുന്നു..ആരെങ്കിലും അറിഞ്ഞാൽ പരിഹാസത്തിനു കയ്യും കണക്കുണ്ടാവില്ല.അതെങ്ങാനും ഡോക്ടറുടെ ചെവിയിൽ എത്തിയാൽ..മരിച്ചു കളയുന്നതായിരിക്കും അതിലും നല്ലത്..ഇപ്പോൾ കുറച്ചു സൗഹാർദ്ദപരമായി തന്നെയാണ് ഇടപെടുന്നത്..ഇടയ്ക്ക് ചിലപ്പോൾ തമാശകളൊക്കെ പറയും. കാന്റീനിൽ നിന്നും ചായ വരുത്തിക്കുമ്പോൾ ഒരു കപ്പ്‌ അവൾക്ക് കൂടെ ഉണ്ടാവും..വീട്ടിലെ കാര്യങ്ങൾ അന്വേഷിക്കും..എവിടുന്നെങ്കിലും കിട്ടുന്ന ചോക്ലേറ്റ്സ് അവൾക്ക് കൊടുക്കും..

അവളോടുള്ള ഡോക്ടറുടെ സൗഹൃദം ഇഷ്ടപ്പെടാത്തവരും ഉണ്ടായിരുന്നു..

ആ ഞായറാഴ്ച ഓഫ്‌ ആയിരുന്നു. റൂം മേറ്റ്സ് ആയ ബിൻസിയും ദീപയും നിർബന്ധിച്ചിട്ടാണ് അവരുടെ കൂടെ ഷോപ്പിംഗ് മാളിൽ പോയത്. ഷോപ്പിംഗ് കഴിഞ്ഞു ഐസ്ക്രീം കഴിക്കാൻ കയറി.

അവരുടെ തമാശകളൊക്കെ കേട്ട് കഴിക്കുന്നതിനിടെയാണ് രണ്ടു ടേബിൾ അപ്പുറത്തെ സീറ്റിൽ ഇരിക്കുന്ന കപ്പിൾസിനെ കണ്ടത്.

ഐസ് ക്രീം മേഘയുടെ തൊണ്ടയിൽ നിന്നും ഇറങ്ങിയില്ല..ഡോക്ടർ അരുൺ ശങ്കറും ഏതോ ഒരു പെണ്ണും..ഫോർമൽ ലുക്കിൽ ആള് നല്ല സുന്ദരനായിരുന്നു. മുഖം കണ്ടിട്ട് നല്ല സന്തോഷത്തിലാണ്..അവൾ എന്തോ പറയുന്നതിന് ആള് പൊട്ടിച്ചിരിക്കുന്നത് കണ്ടു..

മേഘ ആ പെണ്ണിനെ ചാഞ്ഞും ചരിഞ്ഞും നോക്കി..ആള് സുന്ദരിയാണ്..ഡോക്ടർക്ക് ചേരും..പെട്ടെന്നാണ് ഡോക്ടറുടെ നോട്ടം അവളിലെത്തിയത്. ഒരു നിമിഷം കഴിഞ്ഞാണ് ആൾക്ക് മേഘയെ മനസ്സിലായത്. ഡോക്ടർ ഒന്ന് ചിരിച്ചു കൈ വീശികാണിച്ചു..മേഘയും തിരികെ ചിരിച്ചു കാണിച്ചു. ഡോക്ടറുടെ അടുത്തുള്ള പെൺകുട്ടി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

എത്ര വേണ്ടെന്നു വെച്ചിട്ടും മേഘയുടെ കണ്ണുകൾ ഇടയ്ക്കിടെ അങ്ങോട്ട്‌ തന്നെ എത്തി നിന്നു. ഒന്ന് രണ്ടു തവണ ഡോക്ടറുടെ നോട്ടം അങ്ങോട്ടെത്തിയപ്പോൾ മേഘ കൈയിലെ ഫോണെടുത്തു അതിലേക്ക് നോക്കി ഇരുന്നു.

“ഇവൾക്കിത് എന്നാ പറ്റിയെ..? ഇത്രേം നേരം വായടച്ച് വെക്കത്തില്ലായിരുന്നല്ലോ..?”

ബിൻസി ചോദിച്ചപ്പോൾ മേഘ പറഞ്ഞു.

“ഒന്നുമില്ലെടി…പെട്ടെന്നൊരു തലവേദന, നമുക്ക് ഇറങ്ങിയാലോ..? “

ഇറങ്ങാൻ നേരം മേഘ മനപ്പൂർവം അങ്ങോട്ട്‌ നോക്കിയില്ല..

ഡോക്ടർ അരുൺ ശങ്കർ ആള് സൗമ്യശീലനായിരുന്നുവെങ്കിലും എന്തെങ്കിലും തെറ്റ് കണ്ടാൽ കണ്ണു പൊട്ടുന്ന ചീത്തയും വിളിക്കും..ഒരുപാട് തവണ മേഘ അതിനിരയായിട്ടുമുണ്ട്..എങ്കിലും ആരും കേൾക്കാതെയേ വഴക്ക് പറയാറുള്ളൂ എന്നതാണ് ഒരു സമാധാനം..

ഒരു ദിവസം op കഴിയാറായപ്പോൾ ഡോക്ടർ തന്ന ഒരു ഫയൽ മിനി ഡോക്ടറുടെ op യിൽ കൊടുത്തു തിരികെ വന്നു റൂമിന്റെ ഡോർ ഹാൻഡിലിൽ കൈ വെച്ചപ്പോഴാണ് അകത്തു നിന്ന് പൊട്ടിച്ചിരിയും സംസാരവും കേട്ടത്.

Op കഴിഞ്ഞ് പേഷ്യന്റ്സ് ഒക്കെ പോയല്ലോ എന്നോർത്താണ് അകത്തേക്ക് കയറിയത്. രണ്ടു പെൺകുട്ടികൾ അടക്കം അഞ്ചു ചെറുപ്പക്കാർ..ജീൻസും ഷർട്ടും ഒക്കെയായി എല്ലാവരും പരിഷ്കൃത വേഷധാരികൾ…ഡോക്ടറോട് ചിരിക്കുകയും എന്തൊക്കെയോ പറയുകയും ചെയ്യുന്ന അവരുടെ കണ്ണുകൾ തന്റെ നേർക്കു നീണ്ടപ്പോൾ തെല്ലൊരു ജാള്യത തോന്നി. ഡോക്ടർ അവളെ നോക്കി പറഞ്ഞു. 

“മേഘ എന്റെ കസിൻസ് ആണ്.. “

തലയാട്ടി ഒരു നേർത്ത പുഞ്ചിരിയോടെ അവരെ നോക്കി പുറത്തേക്ക് നടന്നു. ആ ഉയരമുള്ള പെൺകുട്ടിയുടെ മുഖത്ത് കണ്ട പുച്ഛം മനസ്സിലെവിടെയോ തറച്ചു കയറിയിരുന്നു..

ലഞ്ച് കഴിഞ്ഞു ഡോക്ടർ തിരികെ വന്നപ്പോഴാണ് ആള് പറഞ്ഞ റിപ്പോർട്ട്‌ റെഡി ആക്കിയിട്ടില്ലെന്ന് ഓർത്തത്..ചോദിച്ചപ്പോൾ നിന്ന് പരുങ്ങാനേ പറ്റിയുള്ളൂ..സാധാരണ എല്ലാം ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു കേൾക്കാറുണ്ടായിരുന്ന മേഘയ്ക്ക് അന്ന് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ ഡോക്ടറും വല്ലാതെയായി..

മേഘ കണ്ണുകൾ തുടക്കുമ്പോഴാണ് വിശ്വൻ ഡോക്ടറുടെ op യിലെ ഷീബ സിസ്റ്റർ ഒരു റിപ്പോർട്ടുമായി വന്നത്..അതൊന്ന് വാങ്ങി നോക്കി സിസ്റ്ററുടെ പിറകെ വിശ്വൻ ഡോക്ടറുടെ അടുത്തേക്ക് പോകുന്നതിനിടെ അരുൺ മേഘയെ ഒന്ന് പാളി നോക്കിയിരുന്നു.

പിന്നെയും കണ്ണുകൾ നിറയാൻ തുടങ്ങിയപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്. ഡോക്ടറുടെ അമ്മയാണ്..

“മോളെ അവനവിടെ ഇല്ലേ.. “

“ഉണ്ടല്ലോ അമ്മേ..വേറൊരു ഡോക്ടറുടെ അടുത്തേക്ക് പോയതാ..എന്തെങ്കിലും പറയണോ? “

“എന്നെയൊന്നു വിളിക്കാൻ പറഞ്ഞാൽ മതി മോളെ..ഇന്നും അവനെന്നെ പറ്റിച്ചു..ഒരു കുട്ടിയെ കാണാൻ പോവാൻ നേരത്തെ വരാമെന്ന് പറഞ്ഞതാ.. “

“ഞാൻ പറയാം അമ്മേ.. “

“ശരി മോളെ..അമ്മ വെച്ചേക്കുവാ..പിന്നെ വിളിക്കാം “

ഇത്തിരി കഴിഞ്ഞു ഡോക്ടർ വന്നപ്പോൾ മുഖമുയർത്താതെയാണ് മേഘ പറഞ്ഞത്.

“അമ്മ വിളിച്ചിരുന്നു..ഡോക്ടറോട് ഒന്ന് തിരിച്ചു വിളിക്കാൻ പറഞ്ഞു.. “

“ഞാൻ വിളിച്ചോളാം മേഘ..എനിക്ക് ഒരു അപ്പോയ്ന്റ്മെന്റ് ഉണ്ട്. ഞാൻ ഇറങ്ങുവാണ്‌.. “

“ഡോക്ടർ ഞാൻ റിപ്പോർട്ട്‌ ഇപ്പോൾ തന്നെ റെഡി ആക്കി വെക്കാം..എന്നിട്ടേ ഇറങ്ങുള്ളൂ.. “

“ഓക്കെ.. “

വാതിലിന് അടുത്ത് എത്തിയപ്പോൾ ആളൊന്നു തിരിഞ്ഞു നിന്നു.

“മേഘ ഐ ആം സോറി.. “

അവൾ മുഖമുയർത്തിയതും കണ്ണടച്ചു കാണിച്ചു ഡോക്ടർ പോയി.

ഹോസ്റ്റലിൽ തിരികെ എത്തിയിട്ടും മനസ്സിൽ എന്തോ വലിയ ഭാരം എടുത്തു വെച്ചത് പോലെ ആയിരുന്നു. അമ്മ കുറേ ദിവസമായി വീട്ടിലേക്ക് ചെല്ലാൻ പറയുന്നു..സത്യത്തിൽ മൂന്ന് വർഷങ്ങൾക്കിടയിൽ വീട്ടിൽ പോയത് കുറവാണ്..കാരണം ഡോക്ടർ അരുൺ തന്നെയായിരുന്നു..

എന്തിനാണ് താൻ ഇങ്ങനെ അയാളെ സ്നേഹിക്കുന്നത്..അറിയില്ല..ഒരിക്കലും അയാൾ തന്റെ മനസ്സറിയാൻ പോവുന്നില്ല, അറിഞ്ഞാൽ തന്നെ തന്നെപ്പോലൊരു പെണ്ണിനെ അയാൾക്ക് ഇഷ്ടമാവാനും പോവുന്നില്ല..എന്നിട്ടും  എത്ര പറഞ്ഞു തിരുത്താൻ ശ്രെമിച്ചിട്ടും മനസ്സെന്തേ പിടി തരാതെ വഴുതി മാറുന്നു…വെറുതെ വേദനിക്കുന്നു..

മറ്റൊരാൾ ആ മനസ്സിൽ ഉണ്ടോ എന്ന് പോലും അറിയില്ല..പക്ഷെ മറ്റൊരു പെണ്ണിനൊപ്പം ആലോചിക്കുമ്പോൾ മനസ്സിൽ സൂചി കുത്തുന്നത് പോലൊരു നൊമ്പരം..നില മറന്നു ആഗ്രഹിക്കാൻ പാടില്ലെന്ന് അറിയാം..പക്ഷെ ആരുമറിയാതെ സ്നേഹിക്കാമല്ലോ..

വീട്ടിൽ ഒരു അത്യാവശ്യം ഉണ്ടെന്ന് രാവിലെ തന്നെ സൂപ്രണ്ട് മാഡത്തെ വിളിച്ചു പറഞ്ഞപ്പോൾ എന്താ കൊച്ചേ വല്ല കല്യാണാലോചനയോ മറ്റോ ആണോ എന്നായിരുന്നു ചോദ്യം..വെറുതെ ഒന്ന് ചിരിച്ചു.

ലീവ് ആണെന്ന് അരുൺ ഡോക്ടറെ മനപ്പൂർവം വിളിച്ചു പറഞ്ഞില്ല.

പറയാതെ വീട്ടിൽ ചെന്നപ്പോൾ അമ്മയ്ക്കും ആര്യയ്ക്കും അച്ഛനുമൊക്കെ സന്തോഷമായിരുന്നു. അവരോടൊക്കെ സംസാരിക്കുമ്പോളും അമ്മയുണ്ടാക്കിയ ഇഷ്ടഭക്ഷണങ്ങൾ കഴിക്കുമ്പോഴും മനസ്സിന്റെ ഭാരം തെല്ലും കുറഞ്ഞില്ല. എന്തിൽ നിന്നും ഒളിച്ചോടിയാണോ വന്നത് ആ മുഖം മനസ്സിൽ കൂടുതൽ തെളിഞ്ഞു വന്നു.

ഡോക്ടർ പക്ഷേ ഒന്ന് വിളിച്ചു പോലും നോക്കിയില്ല.

മൂന്നാം ദിവസം രാവിലെയാണ് അമ്മ അത്‌ പറഞ്ഞത്. തന്നെ പെണ്ണ് കാണാൻ ഒരാള് വരുന്നുണ്ട്..വരേണ്ടായിരുന്നുവെന്ന് ചിന്തിക്കുമ്പോഴേക്കും അമ്മ ഉപദേശം തുടങ്ങിയിരുന്നു. ഗൾഫിലാണ് ചെറുക്കൻ. ഒരു പെങ്ങൾ ഉള്ളതിന്റെ വിവാഹം കഴിഞ്ഞു. നല്ല സാമ്പത്തികം, അവർക്ക് ഡിമാന്റുകൾ ഒന്നുമില്ല..

എതിർപ്പുകൾ അമ്മയുടെ കണ്ണുനീരിനു മുൻപിൽ കീഴടങ്ങി. ഉച്ചക്ക് ശേഷമാണ്‌ അവർ എത്തിയത്. അമ്മയുടെ നിർബന്ധത്തിനു വഴങ്ങി നല്ലൊരു ചുരിദാർ എടുത്തിട്ടു..മുടി മെടഞ്ഞിട്ടു. ആര്യയാണ് ഒരു കറുത്ത പൊട്ടെടുത്ത്  നെറ്റിയിൽ ഒട്ടിച്ചത്..

ട്രേയിൽ ചായയുമായി അമ്മയ്ക്ക് പിറകെ നടക്കുമ്പോൾ മുഖമുയർത്തിയില്ല..ആരെയും കാണണമെന്നില്ലായിരുന്നു. ഐശ്വര്യം തുളുമ്പുന്ന അമ്മയെ മാത്രമേ നോക്കിയുള്ളൂ. വേഗം മുറിയിലേക്ക് തിരികെ നടന്നു. ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. പിറകിൽ ഒരനക്കം കേട്ടപ്പോൾ ധൃതിയിൽ കണ്ണുകൾ തുടച്ചു..

“പെണ്ണ് കാണാൻ വരുമ്പോഴെങ്കിലും ചെറുക്കന്റെ മുഖമൊന്നു നോക്കണ്ടേ സിസ്റ്ററെ..”

ആ ശബ്ദം.. ഞെട്ടലോടെ തിരിഞ്ഞപ്പോൾ മുൻപിൽ ആ മുഖം..ഡോക്ടർ അരുൺ ശങ്കർ..കണ്ണട ഊരി കൈയിൽ പിടിച്ചിരിക്കുന്നു..സ്വപ്നമാണോ എന്ന തോന്നലിലാണ് ആ കണ്ണുകളിലേക്ക് നോക്കിയത്..

“സ്വപ്നമൊന്നും അല്ലെടോ..എന്നെ ഇത്രയും സ്നേഹിക്കുന്ന ഒരാളെ വിട്ടുകളയാൻ തോന്നിയില്ല..സ്വന്തമാക്കണമെന്ന് തോന്നി.. “

അപ്പോഴും മേഘ അയാളെ മിഴിച്ചു നോക്കുകയായിരുന്നു..

“Op യിൽ ഇരുന്നു വെറുതെ കടലാസ്സിൽ കുത്തി കുറിക്കുന്നതൊക്കെ നമുക്കൊരു കഥയാക്കി ഇറക്കിയാലോ മേഘ സിസ്റ്ററെ…”

മേഘ പകച്ചു നിൽക്കുമ്പോൾ ഡോക്ടർ അരുൺ ശങ്കർ അവളെ നോക്കിയൊന്ന് കണ്ണിറുക്കി ചിരിച്ചു..

“സത്യം പറഞ്ഞാൽ മൂന്ന് വർഷങ്ങൾക്ക് മുൻപേ ആദ്യമായി ആ ഹോസ്പിറ്റലിൽ വന്നപ്പോൾ എന്റെ മനസ്സിലേക്ക് ഇടിച്ചു കയറിയതാണ് ഈ മാലാഖ..തനിക്ക് എന്നെ ഇഷ്ടമാണെന്ന് ഞാനും എന്നേ അറിഞ്ഞതാണ്.. “

മേഘയുടെ കണ്ണുകൾ നിറഞ്ഞു..പക്ഷേ ആ ചുണ്ടിൽ ഒരു ചിരിയും ഉണ്ടായിരുന്നു…തന്റെ പ്രണയം സ്വന്തമാകുന്ന സന്തോഷമായിരുന്നു അവളുടെ മുഖത്ത്…

~സൂര്യകാന്തി ?