എല്ലായ്‌പ്പോഴും ചിരിച്ച മുഖവുമായി തന്റെ വേദനയ്ക്കിടയിലും മറ്റുള്ളവരെ ആശ്വസിപ്പിക്കുന്ന ആ പേഷ്യൻറ്റിനെ പറ്റി…

ജമന്തിപ്പൂമണം…

Story written by Jisha Raheesh

===========

“മാഷേ എനിക്കൊന്ന് കുളിക്കണം… “

കൈയിൽ ഉള്ള ഷോൾഡർ ബാഗിൽ നിന്നും ഡ്രസ്സുമെടുത്ത് ബാഗ് അലക്ഷ്യമായി  സോഫയിലേക്കിട്ട് അവൾ അയാളുടെ മറുപടിയ്ക്ക് കാക്കാതെ ബാത്‌റൂമിലേക്ക് നടന്നു.

പാതിരാത്രിയിൽ ബാൽക്കണിയിൽ വീക്ക്‌ എൻഡിന്റെ അലസത ആസ്വദിച്ചു കൊണ്ടു ഗ്ലാസ്സിലെ തണുത്ത ദ്രാവകം പതിയെ നുണയുന്നതിനിടെയാണ് കാളിംഗ് ബെൽ അടിച്ചത്..

ഈ ബാംഗ്ലൂർ നഗരത്തിൽ എത്തിയിട്ട് വർഷങ്ങൾ ആയെങ്കിലും ഇങ്ങനെയൊരു പാതിരാത്രിയിൽ വിളിക്കാതെ കയറി വരാനുള്ള സ്വാതന്ത്ര്യമൊന്നും ഞാൻ ആർക്കും കൊടുത്തിട്ടില്ല..

തെല്ല് സംശയത്തോടെ പീപ്പ് ഹോളിനുള്ളിലൂടെ നോക്കിയപ്പോൾ ആരെയും കണ്ടില്ല..മെല്ലെ വാതിൽ തുറന്നതും അവൾ തള്ളികയറി അകത്തേക്ക് വന്നു..

ഒന്നും പറയാനാവാതെ നിന്നു ഒരു നിമിഷം. ഇതുപോലെ തന്നെയാണ് രണ്ടു വർഷങ്ങൾക്ക് മുൻപൊരു ദിവസം എന്റെ ജീവിതത്തിലേക്ക് അവൾ ഇടിച്ചു കയറി വന്നത്..

വെള്ളാരം കണ്ണുള്ള,  ജമന്തിപ്പൂവിന്റെ  മണമുള്ള പെണ്ണ്..

നല്ല തിരക്കുള്ള ഒരു ദിവസം ക്ലിനിക്കിന്റെ വാതിൽക്കൽ ഉച്ചത്തിലുള്ള സംസാരം കേട്ടിട്ടാണ് പാതി ചാരിയ വാതിൽ തുറന്നു നോക്കിയത്..സിസ്റ്ററെ തള്ളി മാറ്റി ചെറിയൊരു പെൺകുട്ടിയെ ഒക്കത്തേറ്റിയ ഒരുവൾ..

നീളൻ പാവാടയും ടോപ്പുമിട്ട് വലിയൊരു മൂക്കുത്തിയും മഷിയെഴുതാത്ത നീണ്ടു വിടർന്ന വെള്ളാരം കണ്ണുകളുമായി അവൾ..മെടഞ്ഞിട്ട മുടിയിൽ നിന്നും നീണ്ടു ചുരുണ്ട ചെമ്പൻ മുടിയിഴകൾ രക്ഷപെട്ടു പുറത്തിറങ്ങിയിരുന്നു..

അവളുടെ കൈയിൽ വാടിതളർന്നു കിടന്ന കുഞ്ഞിന് നല്ല പനിയുണ്ടായിരുന്നു..സിസ്റ്ററോട് ഡ്രിപ്പ് ഇട്ടു കിടത്താൻ നിർദ്ദേശം കൊടുത്തു തിരിഞ്ഞു നോക്കിയപ്പോൾ അവളെ കണ്ടില്ല..

പിന്നെ സിസ്റ്റർ പറഞ്ഞാണ് അറിഞ്ഞത് വേറെ ആരുടെയോ ഒപ്പം കൂട്ടു വന്നതാണവൾ..ആ കുട്ടി അവളുടെ ആരുമല്ല..ഇവിടെ വെച്ച് പനി കൂടി തളർന്നു വീണപ്പോൾ കേറി ഇടപെട്ടതാണ് ആൾ..പേഷ്യന്റ്സ് കൂടുതൽ ഉള്ളത് കൊണ്ടു ബുക്കിങ് അനുസരിച്ചു രോഗികളെ ഉള്ളിലേക്ക് വിട്ടാൽ മതിയെന്ന എന്റെ നിർദ്ദേശം അനുസരിച്ച സിസ്റ്ററോട് വഴക്കടിച്ചതാണ് ഞാൻ കേട്ടത്..

പക്ഷെ പിന്നീട് അവളെ പറ്റി കേട്ട വർണ്ണനകൾ ഞാൻ പ്രതീക്ഷിച്ചതായിരുന്നില്ല..അവൾ സുഗന്ധി..

തൊട്ടപ്പുറത്തെ കോളനിയിൽ ശരീരം വി റ്റ് വിശപ്പടക്കാൻ വിധിക്കപ്പെട്ട അനേകം സ്ത്രീകളിലൊരുവളുടെ മകൾ…അച്ഛനാരെന്നറിയാത്തവൾ..മറ്റുള്ളവരുടെ ഭാഷയിൽ കുറച്ചു മോഡേൺ ആയി അമ്മയുടെ പാത പിന്തുടരുന്നവൾ..

പിന്നീട് പലപ്പോഴും തെരുവിൽ പലയിടത്തും വെച്ച് ഞാനവളെ കണ്ടു. ഒരിക്കൽ പോലും അവളെന്റെ മുഖത്ത് നോക്കിയിരുന്നില്ല..എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ കണ്ട അവളെപ്പറ്റി നല്ലത് പറയാൻ ചുരുക്കം ചിലരേ ഉണ്ടായിരുന്നുള്ളൂ..മറ്റുള്ളവർക്ക് തന്നിഷ്ടക്കാരിയും അഹങ്കാരിയുമായിരുന്നു അവൾ…

അറ്റൻഡർ ശാന്തിയുടെ അമ്മ മരിച്ചു അവർ ലീവായ ദിവസങ്ങളിലൊന്നിലാണ് അവൾ എൻ്റെ ദിവസങ്ങളിലേക്ക് വീണ്ടും ഇടിച്ചു കയറി വന്നത്…തലേന്നായിരുന്നു ശാന്തിയ്ക്ക് പകരം തല്ക്കാലത്തേക്ക് ഒരു സഹായിയെ വേണമെന്ന് ഞാൻ സെക്യൂരിറ്റിയോട് പറഞ്ഞത്..

മഴയുള്ള ആ രാവിലെ, ക്ലിനിക്കിലെത്തി ബാഗ് മുറിയിൽ വെച്ച് വാതിൽ കടന്നു പുറത്തേക്ക് നടക്കുമ്പോഴാണ് ആരോ എന്നെ വന്നിടിച്ചത്..മഴത്തുള്ളികൾ പറ്റി ചേർന്ന മുഖത്തെ വെള്ളാരം കണ്ണുകളിലേക്ക് നോട്ടമെത്തിയപ്പോൾ ഞാനൊന്ന് ഞെട്ടി..

“ഡോക്ടർ..സോറി.. “

ശാന്തിയ്ക്ക് പകരം എത്തിയ ആളെ കണ്ടു ചില മുറുമുറുപ്പുകൾ ഉയർന്നെങ്കിലും പഠനത്തോടൊപ്പം ജോലിയും കൊണ്ടുപോവുന്ന അവളോട് എനിക്ക് അനുകമ്പ തോന്നി..

ചിരി മായാത്ത മുഖത്തോടെ, ചുറുചുറുക്കോടെ ഏല്പിക്കുന്ന കാര്യങ്ങൾ അതിനപ്പുറം നോക്കി നടത്തുന്ന അവളോട് എനിക്ക് എന്തോ ഒരിഷ്ടം തോന്നി തുടങ്ങിയിരുന്നു..അപ്പോഴും ഞാനവളെ പലരുടെയും ബൈക്കിന്റെ പിറകിൽ പലയിടത്തും വെച്ചു കണ്ടിരുന്നു..

പതിയെ വന്നു തലോടുന്ന ഇളംകാറ്റിന്  കൊടുങ്കാറ്റാവാനും നിമിനേരം മതിയെന്ന് ഞാനറിഞ്ഞത് അവളിലൂടെയാണ്..

വൈറൽ ഫീവറിന്റെ ചൂടിൽ പുതപ്പിനടിയിൽ ചുരുണ്ടു കൂടിയ ദിവസമാണ് എൻ്റെ ഫ്ലാറ്റിൽ അവൾ ആദ്യമായി എത്തിയത്. വാതിൽ തുറന്നു, അവളെ കണ്ടു ചോദ്യഭാവത്തിൽ നോക്കിയ എന്നെ മൈൻഡ് ചെയ്യാതെ  അടുക്കളയിലേക്കൊരു പോക്കായിരുന്നു..ആ ആഴ്ച അവളെനിക്ക് അമ്മയായിരുന്നു..പനിച്ചൂടിൽ അവളുടെ ശാസനകളും, ചിലപ്പോഴൊക്കെ എന്നെ കളിയാക്കി കൊണ്ടുള്ള പൊട്ടിച്ചിരികളും എന്റെ മനസ്സിനെ തണുപ്പിച്ചിരിക്കണം…

ക്ലിനിക്കിൽ ശാന്തി തിരികെ വന്നെങ്കിലും ഞാൻ പറയാതെ തന്നെ,  ആഴ്ചയിൽ രണ്ടു തവണ എന്റെ ഫ്ലാറ്റിൽ വന്നു അടുക്കിപെറുക്കി വെക്കലും വൃത്തിയാക്കലും പതിവാക്കി തുടങ്ങിയിരുന്നു അവൾ..

ഡോക്ടർ, സാർ എന്ന എന്ന വിളികളിൽ നിന്ന് എപ്പോഴോ അത് മാഷേ എന്നതിലേക്ക് രൂപാന്തരം പ്രാപിച്ചിരുന്നു..ഞാനുമത് ഇഷ്ടപ്പെട്ടിരുന്നു..

പലരും ഒളിഞ്ഞും തെളിഞ്ഞും അവളുടെ വരവിനെ പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ മനസ്സ് അസ്വസ്ഥമായി തുടങ്ങിയ നാളുകളൊന്നിൽ ഞാൻ ആദ്യമായി അവളോട് ദേഷ്യപ്പെട്ടു..ഇനി വരേണ്ടെന്ന് പറയാതെ പറയുകയായിരുന്നു..

ആ നിറഞ്ഞ വെള്ളാരം കണ്ണുകൾ ഞാൻ കാണാതെ തുടച്ച് അടുക്കളയിൽ കഴുകിയ
പാത്രങ്ങൾ അടുക്കി വെച്ചു കൊണ്ടു അവൾ പറഞ്ഞു..

“സോറി..ഞാൻ ഒന്നും ഓർത്തില്ല..എന്നെപ്പറ്റിയും..മാഷെ പറ്റിയും.. “

ഒരു മാത്ര ആ ശബ്ദം ഒന്നിടറിയിരുന്നു. അടുത്ത നിമിഷം ചിരിയോടെയാണ് പറഞ്ഞത്.

“ദേണ്ടെ ഇന്നത്തേയ്ക്കുള്ള ഭക്ഷണം കൂടി ഞാൻ റെഡി ആക്കി വെച്ചിട്ടുണ്ട്..കഴിച്ചിട്ട് പാത്രം കഴുകി എടുത്തു വെക്കാൻ മറക്കണ്ട..നാളെ മുതൽ കഴുകാൻ വേറെ ആളില്ലെന്ന് ഓർത്തോണം.. “

പറഞ്ഞിട്ട് ബാഗുമെടുത്ത് അവൾ പോവാനിറങ്ങിയപ്പോഴാണ് മനസ്സ് വെപ്രാളപെട്ടത്..

“സുഗന്ധി..ഞാൻ.. “

“ശ്.. ” ചൂണ്ട് വിരൽ ചുണ്ടിൽ ചേർത്ത് കൊണ്ടു അവളൊന്ന് കണ്ണിറുക്കി..പുറത്തിറങ്ങി വാതിൽ ചാരുമ്പോൾ പറഞ്ഞു..

“എനിക്ക് മനസ്സിലാവും മാഷേ… “

പിന്നെ ഞാൻ അവളെ കണ്ടില്ല..പലവട്ടം വിളിക്കാൻ നമ്പർ ഡയൽ ചെയ്യാൻ തുനിഞ്ഞെങ്കിലും എന്റെ ദുരഭിമാനം സമ്മതിച്ചില്ല..ആ ദിവസങ്ങളിലാണ് എന്റെ മനസ്സിലേക്കും അനുവാദമില്ലാതെ അവൾ ഇടിച്ചു കയറിയത് അറിഞ്ഞത്..എന്തിനെന്നില്ലാതെ ദേഷ്യവും സങ്കടവുമെല്ലാം മനസ്സിൽ നിറഞ്ഞു നിന്ന അവളില്ലായ്മ..

വീണ്ടും ഇന്ന് രാത്രിയാണ് അവൾ ഒരു മുന്നറിയിപ്പും കൂടാതെ വീണ്ടുമെന്റെ ഫ്ലാറ്റിലേക്ക് കയറി വന്നത്..

അല്പം കഴിഞ്ഞു ബാത്‌റൂമിൽ നിന്നും കുളി കഴിഞ്ഞു ഇറങ്ങി വന്ന അവളുടെ പുഞ്ചിരി കണ്ടതും എൻ്റെ ദേഷ്യം പിടി വിട്ടു..

“എന്താടി നിന്റെ ഉദ്ദേശം.. “

“പ്രത്യേകിച്ചു ഒരു ഉദ്ദേശവുമില്ല മാഷേ..ഇന്ന് രാത്രി ഇവിടെ ഉറങ്ങാമെന്ന് വെച്ചു.. “

എന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടമായിരുന്നു..കൈ വീശി ആ കവിളിൽ അടിക്കുമ്പോൾ ഞാൻ അലറുകയായിരുന്നു..

“ഇപ്പോൾ ഇറങ്ങിക്കോണം ഇവിടന്ന്..നിന്നെ പോലെ കണ്ട തേ വിടിശ്ശി കൾക്കൊന്നും കയറി നിരങ്ങാനുള്ള സ്ഥലമല്ലിത്.. “

ഒന്ന് രണ്ടു നിമിഷം കവിളിൽ കൈ ചേർത്ത് നിന്നതല്ലാതെ അവളൊന്നും പറഞ്ഞില്ല..പിന്നെ പതിയെ മുടിയിൽ കെട്ടിയിരുന്ന എന്റെ ടവൽ എടുത്തു കസേരയിൽ വിരിച്ചിട്ട്, മാറ്റിയ ഡ്രെസ്സെടുത്ത് ബാഗിൽ വെച്ച് പോവാനായി തിരിഞ്ഞപ്പോൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“ഇന്നൊരു രാത്രി സുരക്ഷിതമായി തങ്ങാൻ വേറൊരു ഇടം കിട്ടിയില്ല…അതാണ് ഞാൻ..സോറി ഞാൻ എന്നെപ്പറ്റിയേ ഓർത്തുള്ളൂ.. “

വാതിലിൽ അവൾ കൈ വെച്ചപ്പോഴേക്കും ഞാൻ അരികിൽ എത്തിയിരുന്നു.

“സുഗന്ധി…ഞാൻ..സോറി…ഞാൻ എന്തൊക്കെയോ തെറ്റിദ്ധരിച്ചു.. “

അവളൊന്ന് പുഞ്ചിരിച്ചു..വീണ്ടും പോവാനായി തുടങ്ങിയ അവളെ ഇത്തിരി ബലമായി തന്നെയാണ് പിന്തിരിപ്പിച്ചത്..

എന്തിനാണ് ഇന്ന് രാത്രി അവൾ എന്റടുത്തു അഭയം തേടിയെത്തിയതെന്ന് ഞാൻ ചോദിച്ചില്ല..അവളൊന്നും പറഞ്ഞതുമില്ല..

കഴിച്ചതാണോയെന്ന ചോദ്യത്തിന് അതേയെന്ന് ഉത്തരവും പറഞ്ഞു കട്ടിലിൽ കിടന്നിരുന്ന ഷീറ്റ് എടുത്തു അവൾ മൂടിപ്പുതച്ചു സോഫയിൽ ചുരുണ്ടു കൂടി…

ഏറെ വൈകിയെത്തിയ ഉറക്കത്തിനിടയിലെപ്പോഴോ നേർത്ത ഒരു തേങ്ങൽ ചെവിയിലെത്തിയിരുന്നു..വെപ്രാളത്തോടെ എഴുന്നേറ്റു അവൾക്കരികിലെത്തി.

“ഹേയ് എന്തു പറ്റി.. “

നേർത്ത സ്വരത്തിലുള്ള ചോദ്യം കേട്ടതും ഒന്ന് ഞെട്ടിയ അവൾ അടുത്ത നിമിഷം എന്നെ കെട്ടിപ്പിടിച്ചു. എൻ്റെ നെഞ്ചിൽ മുഖമർത്തി വിതുമ്പിയ അവളെ ചേർത്ത് പിടിക്കാതിരിക്കാനായില്ല..ഒട്ടും പ്രതീക്ഷിക്കാതെ ആ ചുണ്ടുകൾ എന്റെ കഴുത്തിലമർന്നപ്പോൾ ആദ്യമൊന്ന് പകച്ചെങ്കിലും പതിയെ വികാരം വിവേകത്തെ കീഴ്പ്പെടുത്തുകയായിരുന്നു..

ഇടയിലെപ്പോഴോ അവളുടെ ക ന്യകാത്വ മാണ് കവരുന്നതെന്ന് അറിഞ്ഞപ്പോൾ ഒന്നറച്ചെങ്കിലും ഉള്ളിലുയർന്ന കാ മവും അവളോടുള്ള മോഹവും എന്നെയും കീഴ്പ്പെടുത്തുകയായിരുന്നു..

ഒടുവിൽ എൻ്റെ നെഞ്ചിൽ മുഖം ചേർത്ത് കിടന്ന അവളുടെ മുടിയിൽ വിരലോടിക്കുമ്പോൾ മനസ്സിൽ കുറ്റബോധം അലയടിക്കുന്നുന്നുണ്ടായിരുന്നു..ആ കണ്ണുകൾ പതിയടയുമ്പോഴാണ് ചോദിച്ചത്.

“എൻ്റെ കൂടെ കൂടുന്നോ പെണ്ണേ..എന്നും എന്റേത് മാത്രമായി..? “

ഉത്തരമൊന്നും ഉണ്ടായില്ലെങ്കിലും ആ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു..എന്നെ കെട്ടിപ്പിടിച്ചു ശാന്തമായി ഉറങ്ങുന്ന അവളെയും ചേർത്ത് പിടിച്ചു ഇരുട്ടിനു കാവലിരിക്കുന്നതിനിടെ എപ്പോഴോ ഉറങ്ങി പോയിരുന്നു..

ഇത്തിരി വൈകിയാണ് ഉണർന്നത്..ഉണർന്നെങ്കിലും കണ്ണുകൾ അടച്ചു കിടക്കുന്നതിനിടെ പെട്ടെന്നാണ് ഓർമ്മകൾ തിക്കി തിരക്കി വന്നത്..

അവിടെങ്ങും അവളെ കണ്ടില്ല..ഇനി എല്ലാമൊരു സ്വപ്നമായിരുന്നോ..പക്ഷെ കസേരയിൽ വിരിച്ചിട്ടിരുന്ന നനവുണങ്ങാത്ത എന്റെ ബാത്ടവ്വൽ..കിടക്കവിരിയിലെ ചുളിവുകൾ..അപ്പോഴും എന്റെ ദേഹത്തുണ്ടായിരുന്ന ജമന്തി പ്പൂവിന്റെ നേർത്ത മണം..

മുഖം അമർത്തി തുടച്ചു കട്ടിലിൽ ഇരിക്കാൻ തുടങ്ങുമ്പോഴാണ് സൈഡിലെ ടേബിളിൽ രണ്ടായി മടക്കിയ കടലാസ് കഷ്ണം കണ്ണിൽ പെട്ടത്..

“മാഷേ..തിരിച്ചറിവായതിന് ശേഷം ഇന്നലെ  ആദ്യമായാണ് ഞാനൊന്ന് സ്വസ്ഥമായി ഉറങ്ങിയത്. പെണ്ണെന്നാൽ പലപ്പോഴും വെറും ശരീരമാണെന്ന് മനസ്സിലാക്കിയതിൽ പിന്നെ ഉറക്കത്തിനു കാവൽ ഇരിക്കുകയായിരുന്നു..

ഇന്നലെ രാത്രി എന്നെ കീഴ്പ്പെടുത്താൻ ശ്രെമിച്ചവന്റെ കൈ വെട്ടി മാറ്റിയാണ് ഞാൻ ഇങ്ങോട്ട് കയറി വന്നത്..എന്നിട്ടും ഞാൻ..

ഉത്തരം ഒന്നേയുള്ളൂ..എന്റെ ജീവിതത്തിലെ ആദ്യ പ്രണയം…അത് നിങ്ങളായിരുന്നു…അതുകൊണ്ട് മാഷിന് ഇനി കുറ്റബോധത്തിന്റെ ആവശ്യമില്ല..ഒരിക്കലും..

മാഷിന്റെ ജീവിതത്തിൽ ഇനി ഉണ്ടാവില്ല..പോവുകയാണ്..എന്നെന്നേക്കുമായി.. മാഷ് എപ്പോഴോ കണ്ടു മറന്ന ഒരു സുന്ദരസ്വപ്നം..അതുമാത്രമാണ് ഞാൻ.. എന്നും.. “

അറിയാതെ കണ്ണൊന്നു നനഞ്ഞപ്പോഴാണ് പ്രണയത്തിനും കാ മത്തിനുമപ്പുറം മറ്റെന്തൊക്കെയോ വികാരങ്ങൾ കൂടെ എനിക്കവളോട് ഉണ്ടായിരുന്നുവെന്നറിഞ്ഞത്..

ആ നഗരത്തിന്റെ മുക്കിലും മൂലയിലും ഞാൻ അവളെ തിരഞ്ഞുവെങ്കിലും ആ രാത്രിയ്ക്ക് ശേഷം ആരുമവളെ കണ്ടിട്ടില്ല..അവളെ കല്യാണം കഴിച്ചോട്ടെ എന്ന എന്റെ ചോദ്യത്തിന് പിന്നിലെ ചേതോവികാരത്തെ ഞാൻ പലവട്ടം ചോദ്യം ചെയ്തിരുന്നു. സഹതാപവും കുറ്റബോധവുമൊന്നും അതിനുള്ള ഉത്തരമായി മനസ്സ് തന്നില്ല.. 

വർഷങ്ങൾ കഴിഞ്ഞിട്ടും പലവട്ടം എന്റെ ഉറക്കം കെടുത്തിയ ആ വെള്ളാരം കണ്ണുകൾ പിന്നീടൊരിക്കലും ഞാൻ കണ്ടില്ല. അത്രമേൽ ഞാനവയെ സ്നേഹിച്ചിരുന്നുവെന്ന് ദിവസങ്ങൾ കഴിയവേ ഞാനറിയുകയായിരുന്നു..ഓരോ ആൾക്കൂട്ടങ്ങൾക്കിടയിലും ഞാനവയെ തേടികൊണ്ടിരുന്നു..

വർഷങ്ങൾക്കിപ്പുറം അമ്മയുടെ നിർബന്ധമായാണ് അനുരാധ ജീവിതത്തിലേക്ക് വന്നത്..പതിയെ പതിയെ അവളെന്റെ ജീവന്റെ പാതിയാവുകയായിരുന്നു..ജോലി..കുഞ്ഞുങ്ങൾ..തിരക്കുകൾ ഏറി വന്നപ്പോൾ ഞാൻ ആ കണ്ണുകളെ മറവിയിലേക്ക് തള്ളിവിടുകയായിരുന്നു..ഒരിക്കലും മറക്കാനാവില്ലെങ്കിലും ഓർക്കാതിരിക്കാൻ ശ്രെമിക്കുകയായിരുന്നു..

അനുരാധയുടെ നിർബന്ധത്തിനു വഴങ്ങിയാണ് അവരുടെ ഓങ്കോളജി ഡിപ്പാർട്മെന്റിൽ കൺസൾട്ട് ആയി ചെന്നത്..കുട്ടികളുടെ വാർഡിനടുത്ത് കൂടെ പോവുമ്പോൾ കേട്ട ഒരു കുഞ്ഞു ചിരി എന്നെ തെല്ലാശ്ചര്യപ്പെടുത്തി..പക്ഷേ അതിനു പിന്നാലെ വന്ന ആ ചിരി..

എല്ലായ്‌പ്പോഴും ചിരിച്ച മുഖവുമായി തന്റെ വേദനയ്ക്കിടയിലും മറ്റുള്ളവരെ ആശ്വസിപ്പിക്കുന്ന ആ പേഷ്യൻറ്റിനെ പറ്റി അനു പറഞ്ഞതോർത്തു..പക്ഷെ ആ ചിരി..

വാർഡിലേക്ക് കാലുകൾ താനെ ചലിക്കുകയായിരുന്നു..ഒരു കൊച്ചു കുഞ്ഞിനൊപ്പം ബുക്കിൽ എന്തോ എഴുതി കൊണ്ടിരുന്ന ആളുടെ മുഖത്ത് ഉണ്ടായിരുന്ന പുഞ്ചിരി മങ്ങി..പക്ഷേ നിമിനേരം ആ വെള്ളാരം കണ്ണുകൾ ഒന്ന് തിളങ്ങിയോ..

ആ കുഞ്ഞിനോടും അമ്മയോടും യാത്ര പറഞ്ഞു തലയുയർത്താതെ എന്റെ അരികിലൂടെ പതിയെ നടന്നു പോയ ആ രൂപം അതവളായിരുന്നുവെന്ന് ഞാൻ വിശ്വസിക്കില്ലായിരുന്നു. ആ കണ്ണുകൾ കണ്ടിരുന്നില്ലെങ്കിൽ…ആ ചിരി കേട്ടില്ലായിരുന്നെങ്കിൽ..

മൊട്ടത്തലയിൽ ഒരു സ്കാർഫ് പോലും ഇടാതെ ഹോസ്പിറ്റൽ യൂണിഫോമിൽ എന്റെ അരികിലൂടെ നടന്നു പോയ ആ മെല്ലിച്ച രൂപം..ഒട്ടിയ കവിളുകൾക്കിടയിലെ കുഴിയിലാണ്ട ആ കണ്ണുകൾ..

“സുഗന്ധി.. “

എൻ്റെ പതിഞ്ഞ വിളിയിൽ ആ കാലുകൾ ഒരു ഞൊടിയിട നിശ്ചലമായെങ്കിലും അടുത്ത നിമിഷം അവൾ ധൃതിയിൽ നടന്നകന്നു..

ഈ ഒളിച്ചു കളി അവസാനിപ്പിക്കാൻ ഒരിക്കലും അവളാഗ്രഹിക്കുന്നില്ലെന്ന് മനസ്സിലായ ദിവസങ്ങളിലൊന്നിൽ സ്വസ്ഥത നഷ്ടപ്പെട്ട്  ഹോസ്പിറ്റൽ വരാന്തയിലൂടെ നടക്കുമ്പോഴാണ് മുകളിലെ നിലയിൽ ജനലഴികളിൽ മുഖം ചേർത്തു നിന്നിരുന്ന ആ രൂപം കണ്ടത്..ആ കണ്ണുകൾ നിറഞ്ഞിരുന്നു..പതിയെ അടുത്തെത്തി ആ ജനാലഴികളിൽ പിടിച്ചിരുന്ന വിരലുകൾക്ക് മീതെ കൈ വെച്ചു..ഞെട്ടലോടെ എന്നെ നോക്കിയ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

“ഈ കണ്ണുകളെ എനിക്ക് തിരിച്ചറിയാം..എവിടെ വെച്ചും.. “

മറുപടി ഒന്നുമുണ്ടായില്ല. കൈ പിൻവലിച്ചതുമില്ല..

ഒട്ടുനേരത്തെ മൗനത്തിനു ശേഷമാണ് ഞാൻ പറഞ്ഞത്.

“എനിക്ക് ഒന്നേ അറിയേണ്ടതുള്ളൂ.. “

തുടരും മുൻപേ തിളക്കം മാഞ്ഞു തുടങ്ങിയ ആ വെള്ളാരം കണ്ണുകൾ എന്നിലേക്ക് എത്തിയിരുന്നു..ആ പതിഞ്ഞ ശബ്ദം ഞാൻ കേട്ടു..വർഷങ്ങൾക്കിപ്പുറം..

“എനിക്കറിയാം..അത്രമേൽ സ്നേഹിച്ചിരുന്നത് കൊണ്ടാണ്..പ്രണയത്തെ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല..ദൂരെ നിന്ന് നോക്കി കണ്ടിട്ടേയുള്ളൂ..എന്നും.. “

എൻ്റെ മുഖത്തെ ഞെട്ടൽ കണ്ടതും ആ കരുവാളിച്ച ചുണ്ടുകളിൽ ഒരു വരണ്ട ചിരി തെളിഞ്ഞു.

“ഞാനുണ്ടായിരുന്നു മാഷിന്റെ ജീവിതത്തിനൊപ്പം..എന്നും..അനുരാധ മാഡത്തിന്റെ കഴുത്തിൽ താലി ചാർത്തിയ ആ ദിവസം ഒരു പിടി ചോറ് ഞാനും കഴിച്ചിരുന്നു അവിടെ നിന്നും..പിന്നെ മാഷിന്റെ കുഞ്ഞിന് ജന്മം നൽകാനായി ഭാര്യയെ ലേബർ റൂമിലേക്ക് വിട്ടിട്ട് വേപഥുവോടെ നടക്കുമ്പോൾ ആ ഇടനാഴിയിൽ ഒരു നിഴലായി ഞാനും ഉണ്ടായിരുന്നു..ഒടുവിൽ മാഷിന്റെ ചോരയെ കൈകളിൽ കിട്ടിയപ്പോൾ ഈ മുഖത്തെ നിർവൃതി ഞാനും കണ്ടതാണ്..നിറഞ്ഞ മനസ്സോടെ.. “

വീണ്ടും കണ്ടതിൽ പിന്നെ ആദ്യമായി ചുണ്ടിലെ പുഞ്ചിരി ആ വെള്ളാരം കണ്ണുകളിൽ എത്തിയിരുന്നു..

“ഇപ്പോഴും എനിക്ക് ഉത്തരം കിട്ടിയിട്ടില്ല.. “

“മാഷിന് ഒരിക്കലും ചേരുന്ന പെണ്ണായിരുന്നില്ല ഞാൻ..ഒരുമിച്ച് ജീവിച്ചിരുന്നെങ്കിൽ എപ്പോഴെങ്കിലുമൊക്കെ  എൻ്റെ ഭൂതകാലം മാഷിന്റെ സ്വസ്ഥത കെടുത്തിയേനെ..ഇന്നിപ്പോൾ കാലവും തെളിയിച്ചത് അത് തന്നെയല്ലേ.. “

ഒന്നും പറയാനാവാതെ ഞാൻ നിന്നു..

“ഈ ഒരു കൂടിക്കാഴ്ച്ച ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല മാഷേ..വേണ്ടായിരുന്നു..” പതിയെ പിറകോട്ടു നടന്നു കൊണ്ടാണ് അവൾ പറഞ്ഞത്..

“ഇനിയൊരിക്കലും മാഷ് എന്നെ കാണരുത്..ഓർക്കരുത്..ഞാനിപ്പോൾ ഒരു ദുസ്വപ്നമാണ്..ദുസ്വപ്നം..”

വെട്ടിതിരിഞ്ഞു അവൾ അകത്തേക്ക് നടന്നതും പിറകെ ഓടിച്ചെന്നൊന്ന്  ചേർത്ത് പിടിക്കാൻ മനസ്സ്‌ കൊതിച്ചെങ്കിലും കാലുകൾ നിശ്ചലമായിരുന്നു..

അടുത്ത ദിവസങ്ങളിലൊന്നിൽ ആരോഗ്യനില വഷളായി ഐ സിയു വിൽ ആണെന്ന് അറിഞ്ഞിട്ടും കാണാൻ ശ്രെമിച്ചില്ല. അവളത് ആഗ്രഹിക്കുന്നില്ല എന്നറിയാമായിരുന്നു..

അന്ന് രാത്രിയേറെ കഴിഞ്ഞിട്ടും ഉറക്കം വരാതെ അയാൾ ബാൽക്കണിയിലേക്കുള്ള  വാതിൽ തുറക്കുമ്പോൾ പുറത്ത്  മഴ പെയ്തു തോർന്നിരുന്നു..തൊട്ടരികെ, അനുരാധയുടെ സ്ഫടികപാത്രത്തിൽ നീന്തി തുടിച്ചിരുന്ന സ്വർണ്ണമത്‍സ്യങ്ങളിലൊന്ന്  അവസാനശ്വാസം വലിച്ചത് അയാൾ അറിഞ്ഞിരുന്നില്ല..

ദൂരെ ഹോസ്പിറ്റലിലെ ഐ സി യു ഇൻ ചാർജ് സിസ്റ്ററുടെ വിളി കേട്ട് ചെന്നു നോക്കിയപ്പോൾ പാതിയടഞ്ഞ ആ വെള്ളാരം കണ്ണുകൾ നിശ്ചലമായിരുന്നു..ആ ചുണ്ടുകളിൽ അപ്പോഴും ഒരു പുഞ്ചിരി തങ്ങി നിന്നപോലെ..

അവസാന നിമിഷങ്ങളിൽ അവളുടെ ഓർമ്മകളിൽ ആ രാത്രി ഉണ്ടായിരുന്നിരിക്കണം..

~സൂര്യകാന്തി ?