നഷ്ടപ്പെട്ടത് എന്തോ തിരിച്ച് കിട്ടിയതിൻ്റെ സന്തോഷത്തിൽ മഹി ആ കാഴ്ചയും കണ്ട് നിർവൃതിയോടെ  ഉമ്മറത്തിരുന്നു…

Story written by AK Khan

==========

“എത്രയായി…”

“250”

അവസാനത്തെ ആളും പോയതിനു ശേഷം മഹി കസേരയിൽ ചെന്നിരുന്നു. ഉച്ചയൂണ് കഴിഞ്ഞ് വീട്ടിൽ നിന്ന് വന്നിട്ട് ഇപ്പഴാണൊന്ന് ഇരിക്കാൻ സമയം കിട്ടിയത്. മഹി വാച്ചിലേക്ക് നോക്കി. 1 മണി കഴിഞ്ഞിരിക്കുന്നു.

മഹിക്ക് ഒരു മെഡിക്കൽ സ്റ്റോറാണ്. വീട്ടിൽ നിന്ന് അധികം ദൂരമില്ല. ഭാര്യയും രണ്ട് മക്കളും അടങ്ങിയ സന്തുഷ്ട കുടുംബം.

ഉച്ച കഴിഞ്ഞതിനാൽ റോഡിൽ വലിയ തിരക്കൊന്നുമില്ല. മഹി പുറത്തുള്ള കാഴ്ചകൾ നോക്കിക്കൊണ്ടിരിക്കെ ഒരു വെള്ള ഇന്നോവ കാർ എതിർവശത്തുള്ള ബസ്സ് സ്റ്റോപ്പിനു മുന്നിൽ കൊണ്ട് നിർത്തി, ഡ്രൈവിംഗ് സീറ്റിൽ നിന്നും സുമുഖനായ ഒരു ചെറുപ്പക്കാരൻ  പുറത്തിറങ്ങി പുറകിലെ ഡോർ തുറന്ന് കൊടുത്തതും അതിൽ നിന്നും ഒരു പ്രായമായ സ്ത്രീ പുറത്തിറങ്ങി അവിടെയുണ്ടായിരുന്ന ഇരിപ്പിടം ലക്ഷ്യമാക്കി നടന്നു. അവരുടെ കയ്യിൽ ഒരു പൊതി പോലെ എന്തോ ഉണ്ടായിരുന്നു. പെട്ടന്ന് അയാൾ അവരുടെ അടുത്തേക്ക് ചെന്നു. അയാൾ ആ അമ്മയുടെ
മകനായിരിക്കണം, മഹിക്ക് തോന്നി.

പെട്ടന്ന് വേറേ എന്തോ ഒരു പൊതി അയാൾ ആ അമ്മയ്ക്ക് കൊടുത്തിട്ട് എന്തൊക്കെയോ പറഞ്ഞതിന് ശേഷം അവിടെ നിന്ന് കാറും എടുത്ത് പോയി. ഒരു പക്ഷെ ആ സ്ത്രീക്ക് എവിടെയെങ്കിലും പോകണമായിരിക്കും, മകന് സമയമില്ലാത്തത് കൊണ്ടാവാം ബസിൽ വിട്ടയക്കുന്നത്. എന്നിരുന്നാലും തൻ്റെ അമ്മയോടുള്ള അയാളുടെ പെരുമാറ്റം കണ്ടപ്പോൾ മഹിക്ക് അയാളോട് ബഹുമാനം തോന്നി. ഒരു നിമിഷം മഹി തൻ്റെ അമ്മയെ കുറിച്ച് ഓർത്തു പോയി. തൻ്റെ അമ്മ ഇന്ന് ജീവിച്ചിരുന്നെങ്കിൽ…മഹിയുടെ കണ്ണുകൾ ഈറനണിഞ്ഞു.

സമയം ഏറെ കടന്നു പോയി…

ആ സ്ത്രീ ഇപ്പോഴും അവിടെ തന്നെ ഇരിപ്പുണ്ട്. ഒരുപാട് ബസുകൾ ഇതിനോടകം പോയതാണല്ലോ, പിന്നെ എന്താ അവരു കേറാത്തെ?മഹി ചിന്തിച്ചു. എന്നാൽ പെട്ടന്ന് കടയിൽ ആള് കൂടിയതിനാൽ മഹി അവരിൽ നിന്ന് ശ്രദ്ധ മാറ്റി ജോലിയിൽ മുഴുകി. തിരക്ക് കൊറഞ്ഞതും മഹി വീണ്ടും ആ സ്ത്രീയെ ശ്രദ്ധിക്കാൻ തുടങ്ങി. ബസ്സുകൾ ഒന്നിനൊന്നായി വന്ന് നിർത്തി കൊണ്ടിരിക്കുന്നു. എന്നാല് ഒന്നിലും അവർ കേറുന്നില്ല. അവർ ആ പൊതിയിൽ തന്നെ നോക്കിയിരിപ്പാണ്.

ഏകദേശം ഒരു അറുപത് വയസ്സ് വരും ആ സ്ത്രീക്ക്. തൻ്റെ അമ്മ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഈ പ്രായാമായിരിക്കും. വർഷങ്ങൾക്ക് മുൻപാണ് മഹിയുടെ അമ്മ രോഗബാധിതയായി മരിക്കുന്നത്. വർഷങ്ങൾക്ക് മുൻപെന്ന് പറയുമ്പോൾ മഹിയുടെ കുട്ടിക്കാലത്ത് തന്നെ. പിന്നെ അവൻ്റെ ലോകം അച്ഛൻ മാത്രമായിരുന്നു. എങ്കിലും അമ്മയെ കുറിച്ച് പറയുമ്പോൾ മഹിക്ക് നൂറ് നാവാണ്. രണ്ട് വർഷങ്ങൾക്ക് മുൻപ് അച്ഛനും പോയി.

“അണ്ണാ ചായ”

മഹി പെട്ടന്ന് ഓർമകളിൽ നിന്നുണർന്നു. കുമാരേട്ടൻ്റെ ചായക്കടയിലെ കൂലിക്ക് നിക്കണ പയ്യനാണ്. അവനാണ് സ്ഥിരം ചായ കൊണ്ട് തരുന്നത്.

“എന്ത് പറ്റി അണ്ണാ, മുഖം വല്ലാതെ ഇരിക്കുന്നു”അവൻ ചോദിച്ചു.

മഹി ബസ്സ് സ്റോപിലേക്ക് നോക്കി. ആ അമ്മ അപ്പഴും അവിടെ തന്നെയുണ്ട്. എന്താണെന്ന് അറിയില്ല, മഹി അവൻ്റെയിൽ അവർക്കൊരു ചായ കൊണ്ട് കൊടുക്കാൻ പറഞ്ഞു.

“ആരാ അണ്ണാ അവര്? “

“നീ കൊണ്ട് പോയി കൊടുക്കെട, ഉച്ച മുതൽക്കേ അവര് അവിടെ ഇരിക്കുന്നു, എൻ്റെ പറ്റിൽ എഴുതിക്കൊള്ളാൻ പറഞ്ഞാൽ മതി.”

“ശെരി അണ്ണാ”

അവൻ അവിടെ നിന്നും പോയി. കൊറച്ച് കഴിഞ്ഞപ്പോൾ അവൻ ഒരു ഗ്ലാസ് ചായയുമായി അവരുടെ അടുത്ത് ചെന്ന് കൊടുത്തു. അവർ സംശയത്തോടെ അവനെ നോക്കുന്നത് മഹി ശ്രദ്ധിച്ചു. അപ്പോ അവൻ തൻ്റെ കടയിലേക്ക് ചൂണ്ടിക്കാട്ടി എന്തൊക്കെയോ പറഞ്ഞു. അവർ തൻ്റെ കടയിലേക്ക് നോക്കി. പിന്നെ ഒരു നിമിഷം ആലോചിച്ചിട്ട് അവൻ്റെ കയ്യിൽ നിന്ന് അത് വാങ്ങി കുടിക്കാൻ തുടങ്ങി. മഹിക്ക് അതുകണ്ടപ്പോൾ സന്തോഷം തോന്നി.

സമയം പിന്നെയും കടന്നു പോയി. സന്ധ്യ കഴിഞ്ഞ് രാത്രിയാവാറായി. മഹിക്ക് എന്തോ ഒരു പന്തികേട് തോന്നി തുടങ്ങി. ആ സ്ത്രീ അവിടെ നിന്നും ഒരടി മാറിയിട്ടില്ല. എങ്കിലും മഹി കടയടയ്ക്കുന്നത് വരെ നോക്കാമെന്ന് വിചാരിച്ച് കാത്തിരുന്നു.

കട അടയ്ക്കേണ്ട സമയമായി, മഹി കടയും പൂട്ടി, താക്കോലും കീശയിലിട്ട് അവരെ നോക്കി. അവർ അപ്പോഴും അവിടെ തന്നെയിരിപ്പുണ്ട്. മഹി അവരുടെ അടുത്തേക്ക് ചെന്നു.

“എന്താ അമ്മേ, എന്തിനാ ഇവിടെ ഇരിക്കുന്നത്, ഞാൻ ഉച്ച മുതൽക്കേ അമ്മ ഇവിടെ ഇരിക്കുന്നത് കണ്ടു, ആരെങ്കിലും വരാനുണ്ടോ “

മഹി വാത്സല്യത്തോടെ ആ സ്ത്രീയുടെ മുഖത്ത് നോക്കി ചോദിച്ചു. അവർ തലയുയർത്തി മഹിയെ ഒന്നു നോക്കി. അവരുടെ കണ്ണുകളിലെ അവശത മനസ്സിലാക്കിയിട്ടെന്നോണം മഹി ചോദിച്ചു.

“അമ്മേടെ കയ്യിൽ ഫോൺ ഉണ്ടോ? മകൻ്റെ നമ്പർ ഉണ്ടെങ്കിൽ തരൂ…ഞാൻ വിളിച്ച് പറയാം”

അവർ വീണ്ടും എന്നെ നോക്കി. ഇത്തവണ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. മഹിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അവൻ അവരുടെ അടുത്ത് ചെന്നിരുന്നു.

“എന്ത് പറ്റി അമ്മേ?”

“അവനിനി വരില്ല മോനെ”

അവർ സാരി തുമ്പ് കൊണ്ട് പെയ്തിറങ്ങിയ കണ്ണീര് തുടച്ചുകൊണ്ട് പറഞ്ഞു.

“അതെന്താ?”

മഹി ആശ്ചര്യത്തോടെ ചോദിച്ചു.

“പ്രായമായില്ലേ എനിക്ക്, അവനു എന്നെ നോക്കാൻ വയ്യന്നായി. അവൻ്റെ കെട്ടിയോൾക്ക് എന്നെ കാണുന്നത് തന്നെ ഇഷ്ടമില്ല. അവളാ പറഞ്ഞേ എവിടെങ്കിലും കൊണ്ട് കളയാൻ, അവൻ അതിനോട് യാതൊരു എതിർപ്പും പറഞ്ഞില്ല. കൊറച്ച് കാശും തന്ന് അവൻ എന്നെ ഇവിടെ വിട്ടേച്ച് പോയി…”

അവർ കയ്യിലെ പൊതിയിലേക്ക് നോക്കി പൊട്ടിക്കരഞ്ഞു. മഹിക്ക് തൻ്റെയുള്ളിൽ പ്രകമ്പനം കൊള്ളുന്നത് പോലെ തോന്നി. ദൈവമേ! എന്തായീ കേൾക്കുന്നേ, കൊണ്ട് കളയെ? അതും നൊന്തു പ്രസവിച്ച സ്വന്തം അമ്മയെ…?അവൻ്റെ കണ്ണുകൾ നിറഞ്ഞു.
മഹിക്ക് അയാളോട് പുച്ഛം തോന്നി.

ഇവനെയൊക്കെ പത്തു മാസം ചുമന്ന്, എല്ലുപൊടിയുന്ന വേദനയും അനുഭവിച്ച്, ഒരു ജന്മം മുഴുവൻ തൻ്റെ മകന് വേണ്ടി ജീവിതം മാറ്റിവച്ച ഈ സ്ത്രീയോട് എങ്ങനെ നിഷ്കരുണം ഈ ക്രൂരത കാട്ടാൻ തോന്നി. ഇത്രയ്ക്കും നീചനാവാൻ ഒരാൾക്ക് കഴിയോ?

മഹിക്ക് വല്ലാതെ വിഷമവും ദേഷ്യവും തോന്നി. അവൻ കണ്ണുകൾ തുടച്ച് അവരുടെ മടിയിൽ നിന്നും ആ പൊതികളെടുത്ത് അവിടെ നിന്നെഴുന്നേറ്റു.

“വാ അമ്മേ” ഇതും പറഞ്ഞ് അവൻ ആ സ്ത്രീക്ക് നേരേ കയ്യ് നീട്ടി. അവർ ആദ്യം ഒന്ന് മടിച്ച് നിന്നെങ്കിലും മഹിയുടെ സ്നേഹത്തോടെയുള്ള അടുത്ത വിളിയിൽ അവർ അവൻ്റെ കയ്യിൽ പിടിച്ചു. മഹി അവരെ പതുക്കെ അവിടെ നിന്ന് എണീപ്പിച്ചു തൻ്റെ അടുത്തേക്ക് ചേർത്ത് നിറുത്തി. അവർ അൽഭുതത്തോടെ അവനെ നോക്കി

“അമ്മ വിഷമിക്കണ്ട കേട്ടോ”

ഒരു പുഞ്ചിരിയോടെ മഹി ഇതും പറഞ്ഞു അവരുടെ കയ്യ് പിടിച്ച് നടക്കാൻ തുടങ്ങി. എങ്ങോട്ടാണ് പോണെന്നറിയാതെ അവർ മഹിയുടെ കയ്യും പിടിച്ച് കൂടെ നടന്നു.

അവരേം കൊണ്ട് മഹി എത്തിയത് തൻ്റെ വീട്ടിലായിരുന്നു. ഭാര്യയും മക്കളും ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്. തന്നോടൊപ്പം അപരിചിതയായ ഒരാളെ കണ്ടപ്പോൾ അവർ തലയുയർത്തി നോക്കുന്നത് മഹി കണ്ടു. ആ സ്ത്രീയും ഒന്നും മനസ്സിലാവാതെ മഹിയെ നോക്കി.

“അമ്മ പേടിക്കണ്ട, ഇത് എൻ്റെ വീട് ആണ്” അവരുടെ പരിഭ്രമം കണ്ടിട്ടെന്നോണം മഹി പറഞ്ഞു. അവൻ അവരേം കൊണ്ട് ഉമ്മറത്തെത്തി.

ഉമ്മറപ്പടി കയറാൻ നേരത്ത് മഹിയുടെ ഭാര്യ ഇറങ്ങി ചെന്ന് അവരെ പിടിച്ചു. അവർ രണ്ടു പേരും കൂടെ അവരെ താങ്ങി ഉമ്മറത്തിണ്ണയിലിരുത്തി. അവർ ആരാണെന്ന ചോദ്യേന തൻ്റെ ഭർത്താവിൻ്റെ മുഖത്തേക്ക് നോക്കി. മഹി നടന്നതെല്ലാം അവരോട് പറഞ്ഞു. എല്ലാം കേട്ടപ്പോൾ അവരുടെ മുഖം വാടി.

സഹതാപം കൊണ്ട് അവർ ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി. പെയ്തിറങ്ങുന്ന മഴയെ സാരിത്തുമ്പ് കൊണ്ട് മറയ്ക്കാൻ ഉള്ള ബദ്ധപ്പാടിലായിരുന്നു അവർ.

മഹി അവരുടെ അടുത്ത് വന്നിരുന്നു. സ്നേഹത്തോടെ അയാൾ ഒരു കയ്യ് അവരുടെ തോളിലൂടെയിട്ട് തന്നോട് ചേർത്ത് നിറുത്തി മറു കയ്യാൽ അവരുടെ മുഖം തന്നിലേക്ക് തിരിച്ചു. അവർ മഹിയുടെ മുഖത്തേക്ക് നോക്കി.

“അമ്മേ…എല്ലാ ദുഖങ്ങളും ഭാരങ്ങളും ഇറക്കി വച്ചിട്ട് ഞങ്ങടെ അമ്മയായും എൻ്റെ മക്കളുടെ അമ്മൂമ്മയായും അമ്മയ്ക്ക് ഇനി മുതൽ ഞങ്ങളോടൊപ്പം താമസിച്ചൂടെ,,,,? ഞാൻ പോന്നു പോലെ നോക്കിക്കോളാം എൻ്റെ അമ്മയെ….” മഹി നിറകണ്ണുകളോടെ അവരെ നോക്കി പറഞ്ഞു.

അത് കേട്ടതും ആ സ്ത്രീ പൊട്ടിക്കരഞ്ഞുകൊണ്ട് മഹിയെ കെട്ടിപ്പിടിച്ചു. അവർക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. മഹി വാത്സല്യത്തോടെ അവരെ വാരി പുണർന്നു മഹിയുടെ ഭാര്യയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. അവർ ആ അമ്മയുടെ അടുത്തിരുന്നു മഹിയോടായി പറഞ്ഞു.

“മഹിയെട്ടാ, ഈ കാര്യം ഞാൻ പറയാൻ വരുവായിരുന്നു.” മഹി അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു. അവൾ അമ്മയെ ചേർത്ത് പിടിച്ചു. അവർ സ്നേഹത്തോടെ അവളുടെ നെറുകയിൽ തലോടി.

“എൻ്റെ മക്കൾ എന്താ അവിടെ തന്നെ നിക്കുന്നെ, വന്ന് അമ്മൂമ്മയോട് സംസാരിച്ചെ…ഇന്ന് മുതൽ ഇതാ നിങ്ങളുടെ അമ്മുമ്മ” മഹി തൻ്റെ മക്കളെ നോക്കി പറഞ്ഞു.

അത് കേട്ടതും അവർ രണ്ടും ഓടി ചെന്ന് അവരെ  കെട്ടിപ്പിടിച്ചു..അവരും വാത്സല്യത്തോടെ രണ്ടാളെയും മാറോടണച്ചു. അവരുടെ കണ്ണുകൾ സന്തോഷം കൊണ്ട് ഒഴുകി.

മഹി പെട്ടന്ന് അവരുടെ കയ്യിൽ ഉണ്ടായിരുന്ന പൊതിയിലേക്ക് നോക്കി..എന്നിട്ട് അതും എടുത്ത് അകത്ത് നിന്നും ഒരു തീപ്പെട്ടിയും കൊണ്ടയാൾ പുറത്തേക്ക് വന്നു. എന്നിട്ട് പറഞ്ഞു.

“അമ്മയ്ക്ക് വിലയിട്ട ഈ പണം നമുക്ക് വേണ്ടമ്മെ, “

ഇതും പറഞ്ഞ് മഹി ആ പൊതി കത്തിച്ച് ഉമ്മറത്തേക്ക് വലിച്ചെറിഞ്ഞു. ഒരു പുച്ഛത്തോടെ അയാൾ അത് കത്തുന്നതും നോക്കി നിന്നു. എന്നിട്ട് ഭാര്യയോടായി,

“നീ നോക്കി നിക്കാതെ അമ്മയെ അകത്ത് കൊണ്ട് പോ ജാനു,,,”

അവൾ അവരെയും കൊണ്ട് അകത്തേക്ക് നടന്നു. അതിനു അകമ്പടി സേവിച്ച് തൻ്റെ മക്കളും. നഷ്ടപ്പെട്ടത് എന്തോ തിരിച്ച് കിട്ടിയതിൻ്റെ സന്തോഷത്തിൽ മഹി ആ കാഴ്ചയും കണ്ട് നിർവൃതിയോടെ  ഉമ്മറത്തിരുന്നു.

**********

“അമ്മേ….”

കൊച്ചു മക്കളുമായി കഥ പറഞ്ഞിരിക്കുമ്പോളാണ് മഹിയുടെ ഭാര്യ അങ്ങോട്ടേക്ക് വന്നത്.

“അമ്മേ, വേഗം ഈ സാരിയുടുത്തോന്ന് വന്നേ, ഒരു വിശേഷമുണ്ട് “

“എന്താ മോളെ കാര്യം”

“അതൊക്കെയിണ്ട്, അമ്മ വേഗം പോയി ഉടുത്തിട്ട് വന്നേ”

അവർ സാരി അവളുടെ കയ്യിൽ നിന്നും വാങ്ങി. കൊറച്ച് കഴിഞ്ഞ് അതും ഉടുത്ത് അവർ അവരുടെ അടുത്തേക്ക് ചെന്നു.

മഹിയും പിള്ളേരും ടേബിളിൻ്റെ ചുറ്റും നിക്കുന്നു. ജാനു അമ്മയെ അവരുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് ചെന്നു.

“ഞാൻ പറഞ്ഞില്ലേ, ഈ സാരി അമ്മയ്ക്ക് ചേരുമെന്ന്, എന്ത് ഭംഗിയാ എൻ്റെമ്മയെ കാണാൻ “

മഹിയെ നോക്കി അവൾ കണ്ണിറുക്കി.

മഹി അമ്മയെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു.

“അമ്മേ, ഇന്നത്തെ ദിവസത്തിൻ്റെ പ്രത്യേകത അറിയുമോ, അമ്മ ഇവിടെ വന്നിട്ട് ഇന്നേക്ക് ഒരു വർഷം ആയി, കഴിഞ്ഞ വർഷം ഈ ദിവസമാണ് നമുക്ക് നമ്മുടെ പൊന്ന് അമ്മയെ കിട്ടിയത്. അത് കൊണ്ട് ഈ ദിവസം അമ്മയുടെ ബർത്ത്ഡേ ആയിട്ട് ഞങ്ങളങ് ആഘോഷിക്കാൻ പോവുകയാ…”

അവർ സന്തോഷത്തോടെ മഹിയെ നോക്കി. അവരുടെ നേർത്ത വിരലുകൾ മഹിയുടെ കവിളിലൂടെ തലോടി. ജാനു അടുക്കളയിൽ നിന്ന് വലിയൊരു കേക്ക് കൊണ്ട് ടേബിളിൽ വച്ചു. സന്തോഷത്തോടെ അവർ കേക്ക് മുറിച്ച് എല്ലാർക്കും കൊടുത്തു. മഹിയുടെ മക്കൾ അവർക്ക് ചുറ്റും കിടന്ന് തുള്ളിച്ചാടി.

തൻ്റെ ഒന്നാം പിറന്നാളിൻ്റെ നിർവൃതിയിൽ ആ സ്ത്രീ എല്ലാരേം സ്നേഹചുംബനങ്ങൾ കൊണ്ട് വാരിപുണർന്നു.

~എ കെ

മഹിയെ പോലെ, ജാനുവിനെ പോലെ മൂല്യമുള്ള സമൂഹം ആണ് നമുക്ക് വേണ്ടത്. ഇപ്പോഴത്തെ ചില വാർത്തകൾ പത്രത്തിലും tv യിലുമോക്കെ കാണുമ്പോ നെഞ്ച് നീറും ?

രണ്ട് വരി കുറിക്കുമല്ലോ☺️