എനിക്കവൻ വെറും കൂട്ടുകാരൻ മാത്രം ആയിരുന്നില്ല. എന്റെ കൂടപ്പിറപ്പ് കൂടി ആയിരുന്നു. അവൻ…

ഹൃദയത്തോട് അടുത്ത്…

Story written by AMMU SANTHOSH

============

“നീയും ഞാനും തമ്മിൽ ഇനിയൊരിക്കലും ഒരു ബന്ധവും ഇല്ല. കഴിയുമെങ്കിൽ ഇനി എന്റെ മുന്നിൽ കാണരുത് നിന്നേ..വെറുത്തു പോയി”

അങ്ങനെ പൊട്ടിത്തെറിക്കുമ്പോഴും ആ കണ്ണ് നിറഞ്ഞത് കണ്ടാണ് ഞാൻ പിന്നീടൊരിക്കലും അവന്റെ മുന്നിൽ പോകാതിരുന്നത്..എനിക്കവൻ വെറും കൂട്ടുകാരൻ മാത്രം ആയിരുന്നില്ല. എന്റെ കൂടപ്പിറപ്പ് കൂടി ആയിരുന്നു. അവൻ നല്ലവനാണ്. ഒരു പക്ഷെ മറ്റാരേക്കാളും.

ഞാൻ അത്ര നല്ലവനല്ല..അവന്റെ അത്രയും നല്ലവനായാൽ ഈ ഭൂമിയിൽ ജീവിക്കാൻ നല്ല പോലെ പ്രയാസപ്പെടും. ഞാൻ എല്ലാ ദുശീലങ്ങളുമുള്ള സാധാരണ മനുഷ്യനാണ്. നന്നായി പു ക വലിക്കുന്ന, അവധി ദിവസങ്ങളിൽ അത്യാവശ്യം വെ ള്ളമടിച്ച് അലമ്പുണ്ടാക്കുന്ന, ഇഷ്ടമല്ലാത്ത കാര്യങ്ങളിൽ നന്നായി തന്നെ പ്രതികരിക്കുന്ന, വേണമെങ്കിൽ രണ്ടു കൊടുക്കുന്ന ഒരു തെ മ്മാടി…

ആ ഞാൻ പേര് പറഞ്ഞില്ലല്ലോ ഞാൻ അർജുൻ. അച്ഛനും അമ്മയുമൊക്കെ നേരെത്തെ പോയി. അവർ സമ്പാദിച്ച കുറെ സ്വത്തുക്കൾ പിന്നെ കുറെ കൂട്ടുകാർ..സ്വത്തൊന്നും ഞാൻ നശിപ്പിച്ചിട്ടില്ല. കാരണം എന്റെ കൂട്ടുകാരനില്ലേ, പിണങ്ങി പോയവൻ, അവൻ പറയും സ്വന്തമായി സമ്പാദിച്ചതേ നശിപ്പിക്കാൻ നമുക്ക് യോഗ്യത ഉള്ളു എന്ന്..

അവൻ കണ്ണൻ…ശരിക്കും കൃഷ്ണാർജ്ജുനന്മാരെ പോലെ ആയിരുന്നു ഞങ്ങൾ. എന്നെ നന്നാക്കാൻ അവൻ ഒരു പാട് ശ്രമിച്ചു വിജയിച്ചില്ല. എന്റെ ഒപ്പം ഒരു പെണ്ണിനെ കണ്ടപ്പോഴാണ് അവന്റെ നിയന്ത്രണം പോയത്. ശരിക്കും അവൻ തെറ്റിദ്ധരിച്ചു പോയതാണ്. ആ ഒരു കാര്യത്തിൽ മാത്രം ഞാൻ തെറ്റുകൾ ചെയ്തിട്ടില്ലായിരുന്നു. ആ പെണ്ണിനെ കൊണ്ട് വന്നത് എന്റെ ചില സുഹൃത്തുക്കൾ തന്നെ ആയിരുന്നു. ഞാൻ എതിർത്തില്ല എന്നത് സത്യം തന്നെ. പക്ഷെ ഞാൻ ആ കൂട്ടത്തിൽ ചേർന്നില്ല. എത്ര പറഞ്ഞിട്ടും അതവൻ വിശ്വസിച്ചില്ല. അവൻ വന്നപ്പോൾ അവളുണ്ടായിരുന്നു ഇവിടെ. കാണരുതാത്ത സാഹചര്യത്തിൽ തന്നെ. അവനെന്നെ അടിച്ചു. ഒരിക്കലല്ല പല തവണ. എന്റെ മറ്റു കൂട്ടുകാർ തടയാൻ നോക്കിയപ്പോൾ ഞാൻ തന്നെ ആണ് വേണ്ട എന്ന് പറഞ്ഞത്. കാരണം അവനതിന് അധികാരം ഉണ്ട്. വേറെ ഒരാൾ ആയിരുന്നു അവന്റെ സ്ഥാനത്തെങ്കിൽ ഞാൻ അവനെ കൊ ന്നേനെ.

അവനോട് സത്യം പോയി പറയാമെന്ന് എന്റെ കൂട്ടുകാർ പറഞ്ഞു. ഞാൻ പറഞ്ഞിട്ട് വിശ്വസിക്കാത്തതാണോ ഇനി അവർ പറഞ്ഞാൽ? വെണ്ട അവൻ പോവട്ടെ..പാവമാണവൻ. അവന്റെ മുന്നിൽ ചെന്നില്ലെങ്കിലും ഞാൻ ഒളിച്ചു നിന്ന് അവനെ കാണും. ക്ഷേത്രത്തിൽ പോകുമ്പോൾ, ഓഫീസിൽ പോകുമ്പോൾ, അനിയത്തിമാരെ കൂട്ടി സിനിമ ക്ക് പോകുമ്പോൾ ഒക്കെ..അവന്റെ മുഖം സങ്കടപ്പെട്ട പോലെ ആയിരുന്നു എപ്പോഴും. അവനെങ്ങനെയാണ് എന്നോട് പിണങ്ങി ഇരിക്കാൻ സാധിക്കുന്നത് എന്ന് തോന്നി എനിക്ക്.

അച്ചു..എന്നവൻ വിളിക്കുമ്പോൾ അതിലെ സ്നേഹത്തിന്റെ പാലാഴി എന്നെ നനയ്ക്കാറുണ്ട്..എന്നെ കെട്ടിപ്പിടിച്ചു ഉമ്മ തരുമ്പോൾ എന്റെ അച്ഛനും അമ്മയും എന്നെ വിട്ട് പോയിട്ടില്ല എന്നെനിക് തോന്നാറുണ്ട്..എനിക്ക് അവൻ വാരി തരുമ്പോൾ ആ ഉരുള ചോറിനു ഞാൻ അമൃതിന്റ മൂല്യം കൊടുക്കാറുണ്ട്..അവനെ നഷ്ടമായപ്പോ പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ ഞാൻ ആ നാട്ടിൽ നിന്നു പോകാൻ തീരുമാനിച്ചു. പോകും മുന്നേ അവനെ ഒന്ന് കാണണം.

ഇന്ന് എന്റെ പിറന്നാൾ ആണ്. എല്ലാ വർഷവും അവന്റെ വീട്ടിലാണെനിക്ക് സദ്യ. അവനാണ് ആദ്യ ഉരുള തരിക. ഇന്ന് ഞാൻ ഉപവാസം ഇരിക്കാൻ തീരുമാനിച്ചു. ഞാൻ സാധാരണ ക്ഷേത്രത്തിൽ പോകാറില്ല. കണ്ണൻ ഒത്തിരി നിര്ബന്ധിക്കുമ്പോൾ അവനൊപ്പം വെറുതെ കൂട്ട് പോകും. ഇന്ന് ഞാൻ ക്ഷേത്രത്തിൽ പോയി.

“പിറന്നാൾ ആണല്ലേ? കൂട്ടുകാരൻ നേരെത്തെ വന്നല്ലോ വഴിപാട് ഒക്കെ കഴിപ്പിച്ചു. പായസവുമായി ദേ ഇപ്പൊ പോയതേയുള്ളു…” പൂജാരി പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി ഞാൻ ഒരു നിമിഷം അനങ്ങാതെ നിന്നു പോയി.

“എത്ര സ്നേഹം ആണ് തന്നോട് ആ കുട്ടിക്ക്. എന്നും പുഷ്പാഞ്ജലി കഴിപ്പിക്കും, അർജുൻ പൂരം നക്ഷത്രം, ഇപ്പൊ മനഃപാഠമായി..തനിക്ക് സമയം ചീത്തയാണത്രെ..” ഞാൻ വെറുതെ തലയാട്ടി. അവന്റെ വീടിന്റ മുന്നിലെത്തിയപ്പോ ഒരു തളർച്ച..

“കണ്ണേട്ടാ അച്ചുവേട്ടൻ വന്നൂട്ടോ ഇനി ഇലയിട്ടോളൂ…” അനിയത്തിക്കുട്ടി ഓടി വന്നു കയ്യിൽ പിടിച്ചു.

“വാ ഏട്ടാ…”

കണ്ണന്റെ മുഖത്ത് ഗൗരവം തന്നെ..

ഞാൻ വരുമെന്ന് നിനക്ക് എങ്ങനെ അറിയാമായിരുന്നു എന്ന് ഞാൻ അവനോടു ചോദിച്ചില്ല.

എന്തിനാണ് നീ വന്നതെന്ന് അവനും എന്നോട് ചോദിച്ചില്ല

അവന്റെ ആദ്യ ഉരുള ചോറ് തൊണ്ടയിൽ നിന്നിറങ്ങുമ്പോൾ ആദ്യമായി ഞാൻ വിങ്ങിക്കരഞ്ഞു..അവനില്ലാത്ത ദിവസങ്ങൾ ഇനിയൊരിക്കലും ഉണ്ടാകരുതേ എന്ന് പ്രാർത്ഥിച്ചു..

കണ്ണൻ എനിക്കായ് കസവു നൂലിന്റ കരയിലുള്ള ഒരു മുണ്ടും മറൂൺ ഷർട്ടും എടുത്തു വെച്ചിരുന്നു. എല്ലാ വർഷവും പതിവുള്ളതാണ്.

“ഞാൻ ഇവിടം വിട്ട് പോകാൻ ഇരിക്കുകയായിരുന്നു…” ഞാൻ മെല്ലെ പറഞ്ഞു

“പൊയ്ക്കോ…” കണ്ണൻ ചിരിച്ചു

“നീയില്ലാതെ പറ്റുന്നില്ലടാ..എന്നോട് പിണങ്ങി ഇരിക്കാതെ..” ഞാൻ അവനെ കെട്ടിപ്പിടിച്ചു..

അവൻ പുഞ്ചിരിച്ചു

“നീ നന്നായി കണ്ടാൽ മാത്രം മതി അച്ചു എനിക്ക്..നീ ഓരോ തവണ തെറ്റ് ചെയ്യുമ്പോഴും നീ വെറുതെ ഒന്നോർക്കുക. നിനക്കൊരു കുടുംബം ഉണ്ട് അച്ഛൻ അമ്മ ഞാൻ അനിയത്തിമാര് അവരൊക്കെ നിന്റെയുംകൂടി ആണ്..നീ ചീത്ത ആണെങ്കിൽ നിന്റെ അനിയത്തിമാരെ കല്യാണം കഴിക്കാൻ ആരു വരും?”

ആ ചോദ്യം എന്റെ ഉള്ളിൽ വീണ് പൊള്ളി.

കള്ളക്കണ്ണനാണ് അവൻ..

ആ ചോദ്യത്തോടെ ഞാൻ നന്നായി.

എനിക്കും ഒരു കുടുംബം അച്ഛൻ അമ്മ അനിയത്തിമാര് ഒക്കെ ഉണ്ടായി.

അവരുടെ കല്യാണം ഒക്കെ എന്റെയുംകൂടി ഉത്തരവാദിത്തം ആയി..

ഇപ്പൊ എനിക്ക് ഒരു കാര്യം മനസിലായി.

ഉത്തരവാദിത്തം ഇല്ലാത്തതിന്റെ കുഴപ്പം ആയിരുന്നു എനിക്ക്..

ഇപ്പൊ ശരിയായി..

പു കവലിക്കരുത് എന്നവൻ പറഞ്ഞില്ല. പക്ഷെ chai nsmoker ആകരുത് എന്ന് പറഞ്ഞു

മ ദ്യപിക്കരുത് എന്നും പറഞ്ഞില്ല പക്ഷെ ആ ൾക്കഹോ ളിക്‌ ആകരുത് എന്ന് താക്കീത് നൽകി

കല്യാണം കഴിക്കുന്ന പെണ്ണിനെയല്ലാതെ മറ്റൊരു പെണ്ണിനെ വീട്ടിൽ കണ്ടാൽ ഇനി ഒരു ഒത്തുതീർപ്പില്ല എന്നും പറഞ്ഞു.

എനിക്ക് ഒന്നും വെണ്ട.

അവൻ മാത്രം മതി.

ഈ കൂട്ട് മതി. ഈ കുടുംബം മതി..