താലി കെട്ടാൻ വരട്ടെ ,ഈ കല്യാണം നടക്കില്ല.
ദേഷ്യത്തോടെ ചെറുക്കന്റെ അച്ഛൻ ശ്രീകോവിലിനരുകിലേക്ക്ചെന്നു .
വിദേശത്തുനിന്നും മകന്റെ കല്യാണം കൂടാനായി വന്നതാണ് അയാൾ , ലീവ് ഉദേശിച്ച സമയത്ത് കിട്ടാത്തതിനാൽ കാലത്ത്എയർപ്പോട്ടിൽ എത്തിയ അയാൾ നേരെഅമ്പലത്തിലേക്ക് വരുകയായിരുന്നു.
ഇപ്പോളിങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും. നിങ്ങൾക്ക് തോന്നിവാസം കാണിക്കാനുള്ള സമയമാണോ ഇത് ? പെണ്ണിന്റെ ആളുകള്‍ മുന്നിലേയ്ക്ക് വന്നു
ഇതെന്താ ഇപ്പോള്‍ ഇങ്ങനെ തോന്നാൻ?
ഞാന്‍ ഈ പ്രായത്തിലും ഗൾഫിൽ കിടന്നു കഷട്ടപ്പെടുന്നത് എന്റെ മകന് വേണ്ടിയാണ് . അവൻ വിവാഹം കഴിക്കേണ്ടത് നല്ലൊരു കുടുംബത്തിലെ പെണ്ണിനെയാകണം എന്നെനിക്കു നിർബന്ധമുണ്ട്
നിങ്ങളുടെ മകൻ വന്നു കണ്ടിഷ്ടപ്പെട്ടതല്ലേ, അല്ലാതെ ഞങ്ങൾ ആലോചനയുമായി അങ്ങോട്ടു വന്നതൊന്നും അല്ലല്ലോ…
അതൊക്കെ ശരിയാകും ,പക്ഷേ മകന്റെ വിവാഹം കൂടാന്‍ രാവിലെ എയർപ്പോട്ടിൽ നിന്നും ഓടികിതച്ചു വന്ന ഞാന്‍ ഈ കല്യാണം നടക്കില്ല എന്നു പറയണമെങ്കില്‍ എന്തെങ്കിലും കാരണം ഉണ്ടാകും എന്നു നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ
കെട്ടിന്റെ സമയത്ത് ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ ?
എന്ത് പറഞ്ഞാലും ഈ കല്യാണം നടക്കാന്‍ ഞാന്‍ സമ്മതിക്കില്ല . അയാൾ പറഞ്ഞു
ഒരു പെണ്ണിന്റെ ജീവിതം വച്ചാണ് നിങ്ങള്‍ കളിക്കുന്നത് .
നിങ്ങൾക്കുണ്ടാകുന്ന എന്ത് നഷ്ടപരിഹാരവും തരാൻ ഞാന്‍ ഒരുക്കമാണ് . എന്തായാലും ഈ പെണ്ണിനെ എന്റെ മകൻ കെട്ടാന്‍ ഞാന്‍ സമ്മതിക്കില്ല .
അച്ഛാ ……അത്രനേരവും മിണ്ടാതെ നിന്ന ദേവദത്ത് അടുത്തേക്ക് ചെന്നു.
അച്ഛനല്ലേ പറഞ്ഞത് ഇഷ്ട്ടമുള്ള പെൺകുട്ടിയെ സ്വയംകണ്ടെത്തിക്കൊള്ളാൻ . കീർത്തിയുടെ ഫോട്ടോ കണ്ടപ്പോഴും അച്ഛൻ പറഞ്ഞത് നല്ല കുട്ടിയാണ് അച്ഛനിഷ്ട്ടമായി എന്നല്ലേ . ഇപ്പോൾ എന്താ അച്ഛാ ഇങ്ങനെ തോന്നാൻ ?
കഴിഞ്ഞ ദിവസം കൂടെ അച്ഛൻ കീര്‍ത്തിയോട് ഫോണില്‍ സംസാരിച്ചതല്ലേ ,അപ്പോഴൊന്നും കുഴപ്പം ഉണ്ടായിരുന്നില്ലല്ലോ ,പിന്നെന്താ അച്ഛാ ?
അപ്പോഴോന്നും കുഴപ്പമില്ലായിരുന്നു മോനേ പക്ഷേ ?
എന്താ അച്ഛാ?
ഈ സ്ത്രീയുടെ മകളാണ് ഇവള് എന്ന് എനിക്കറിയില്ലായിരുന്നു .അയാൾ കീർത്തിക്കരുകിൽ നിൽക്കുന്ന കീർത്തിയുടെ അമ്മയുടെ നേർക്ക് വിരൽ ചൂണ്ടി.
വീട്ടുകാരെക്കുറിച്ച് നല്ലവണ്ണം തിരക്കണം എന്നു ഞാന്‍ പറഞ്ഞിരുന്നതല്ലേ ഞാന്‍ നാട്ടില്‍ ഇല്ലാത്തതുകൊണ്ടാണ് എനിക്ക് അതിനൊന്നും പറ്റാത്തത് എന്നു നിനക്കറിയാമല്ലോ . വീട്ടുകാരെക്കുറിച്ച് അന്വേഷിക്കാന്‍ പറഞ്ഞിരുന്നതല്ലേ, അപ്പോൾ നീയെന്താ എന്നോടു പറഞ്ഞത് ,അവൾക്ക് അമ്മ മാത്രേ ഉളളൂ , ഇവളുടെ അമ്മ ഒരു പാവം നാട്ടിൻപുറത്തുകരിയാണ് അതിന്റെ എല്ലാ ഗുണവും അവരുടെ മകൾക്കും ഉണ്ടാകും എന്നല്ലേ
അതേ, …. അച്ഛൻ ഇവിടില്ലാത്തതുകൊണ്ട് അമ്മാവനാണ് എല്ലാം തിരക്കി നല്ല കുടുംബം ആണെന്ന് പറഞ്ഞത് ,അച്ഛന്റെ സമ്മതം കിട്ടിയിട്ടല്ലേ ഞാൻ വിവാഹത്തിന് സമ്മതിച്ചത് . അല്ലെങ്കിൽ തന്നെ കീർത്തിയെക്കുറിച്ച് മാത്രം നമുക്ക് അറിഞ്ഞാൽ പോരേ അച്ഛാ . എനിക്കിവളെ ഇഷ്ടമാണ് നല്ല പെൺകുട്ടിയാണിവൾ
നിനക്കറിയാമോ എന്റെ ജീവിതം നശിപ്പിച്ചവളാണ് ഇവളുടെ അമ്മ ,ഇന്ന് ഇവിടെ വച്ചാണ് ഞാന്‍ അറിഞ്ഞത് ഇവളുടെ മകളെയാണ് നീ കല്യാണം കഴിക്കാൻ പോകുന്നത് എന്ന് .
എന്നെ വഞ്ചിച്ച് എന്റെ ജീവിതം തകർത്ത ഈ സ്ത്രീയുടെ മകളെ നിനക്കു വേണോ ?നിനക്കു തീരുമാനിക്കാം .
വേണ്ട… എനിക്കീ കല്യാണം വേണ്ട. അത്ര നേരം മിണ്ടാതെ നിന്ന കീർത്തി പറഞ്ഞു . ഇത്രയും ജനങ്ങളുടെ മുന്നില്‍ വച്ച് എന്റെ അമ്മയെ അപമാനിച്ചത് ഇത്ര നേരവും ഞാന്‍ കേട്ടു നിന്നു .ഇനി ഒരക്ഷരം എന്റെ അമ്മയെക്കുറിച്ച് മിണ്ടരുത് .
അവള് തിരിഞ്ഞ് അടുത്ത് നിൽക്കുന്ന അമ്മയെ നോക്കി,അമ്മയുടെ മുഖമാകെ ഒഴുകിപടര്‍ന്ന കണ്ണുനീർ ,കവിളുകൾ വല്ലാതെ വിറയ്ക്കുന്നുണ്ട് .
അവള് അമ്മയെ ചേര്‍ത്ത് പിടിച്ചു .
മുഹൂർത്തo കഴിയാൻ ഇനി കുറച്ചു നേരമേ ഉള്ളൂ ശാന്തി പറഞ്ഞു .
ഗിരീ കല്യാണം നടക്കട്ടെ ,നിനക്ക് ആകെയുള്ള മകൻ അല്ലേ അവന്റെ കല്യാണം മുടങ്ങുന്നത് നല്ലതല്ല,നീയൊന്നു ആലോചിച്ചു നോക്കിക്കേ ആ പെങ്കൊച്ച് ഒരു തെറ്റും ചെയ്തട്ടില്ലല്ലോ ,ഗിരിയുടെ സുഹൃത്ത് മധു അയാളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു
ഇവളുടെ മകൾ അല്ലേ മധു, അവള് വഞ്ചിക്കും എന്റെ മകനെ
ഇല്ലഡോ ഞാനല്ലേ പറയുന്നത് . ഇപ്പോള്‍ ഇത് നടന്നില്ലെങ്കിൽ നിന്റെ മകൻ പോലും നിന്നെ വെറുക്കും അതൊരിക്കലും പാടില്ല , നീ ജീവിക്കുന്നത് പോലും അവന് വേണ്ടിയല്ലേ?
അതൊക്കെ ശരിയാണ് എന്നാലും
ഒരെന്നാലും ഇല്ല . ഇക്കണ്ട നാട്ടുകാര്‍ ഒക്കെ ഓരോന്നും പറഞ്ഞുണ്ടാക്കും രണ്ടുകൂട്ടർക്കും തല ഉയർത്തി നടക്കാന്‍ പോലും പറ്റില്ല. ഈ കല്യാണം നടക്കണം ഗിരീ .. ഞാനല്ലേ പറയുന്നത്
താലികെട്ട് നടക്കട്ടെ ബാക്കിയൊക്കെ പിന്നെ . രണ്ടു കുട്ടികളുടെ ജീവിതമാണ് .. മധു പറഞ്ഞു
വേണ്ട ,എനിക്കു ഒന്നാലോചിക്കണം. കീർത്തി പറഞ്ഞു
മോളേ .. മധു അവളുടെ കൈയില്‍ പിടിച്ചു .നിന്റെ സങ്കടം എനിക്കു മനസിലാകുന്നുണ്ട് പക്ഷേ ,ഇപ്പോള്‍ ഇത് നടക്കണം മോളേ .
വിവാഹം നടന്നില്ലെങ്കിൽ നടന്നില്ല അത്രേ ഉള്ളൂ അങ്കിൾ ,ദേവദത്തിന്റെ അച്ഛനെ പോലെ ഒരാൾക്കൊപ്പം ഞാന്‍ ഒരു വീട്ടിൽ എങ്ങനെ ജീവിക്കാനാണ്? കീർത്തി ചോദിച്ചു
അതിനു ദേവദത്തല്ലേ മോളേ വിവാഹം കഴിക്കുന്നത് ,അല്ലാതെ ഗിരി അല്ലലോ .
ദേവദത്തിന്റെ തീരുമാനം എന്താ ? അയാൾ ചോതിച്ചു
വിവാഹം നടക്കട്ടെ ബാക്കി ഒക്കെ പിന്നെയാലോചിക്കാം . ദേവദത്ത് പറഞ്ഞു .
ശാന്തി താലിയെടുത്ത് നല്കി . അടുത്തുനിന്ന സ്ത്രീകള്‍ കുരവയിട്ടു .
ദേവദത്ത് കീർത്തിയുടെ കഴുത്തില്‍ താലി കെട്ടി.
കെട്ട് കഴിഞ്ഞതും ഗിരി എയർപ്പോട്ടിൽ നിന്നും വിളിച്ചു കൊണ്ടുവന്ന വണ്ടിയില്‍ കയറി വീട്ടിലേക്കു പോയി .
മധു ദേവദത്തിന്റെ കൈയില്‍ പിടിച്ചു
സാരമില്ല നമുക്ക് എല്ലാം പറഞ്ഞു ശരിയാക്കാം, ഇപ്പോള്‍ ബാക്കി കാര്യങ്ങള്‍ നടക്കട്ടെ
ഓഡിറ്റോറിയത്തിലെ ചടങ്ങുകളും സദ്യയും ഒക്കെ കഴിഞ്ഞു വീട്ടില്‍ ചെല്ലുമ്പോള്‍ വാതില്‍ അടഞ്ഞു കിടന്നിരുന്നു .
അച്ഛന്റെ ഇഷ്ടക്കുറവ് അറിഞ്ഞതിനാൽ കീർത്തിയുടെ ബന്ധുക്കൽ ഒന്നും ചെറുക്കന് വീട്ടിലേക്ക് എത്തിയിരുന്നില്ല .
സ്വീകരിക്കാൻ ആരും ഉണ്ടാകില്ലെന്ന് അറിയാവുന്നതുകൊണ്ടു മധു തന്നെ അകത്തു കയറി നിലവിളക്കു കൊളുത്തി കീർത്തിയുടെ കൈയില്‍ കൊടുത്തു
വലതുകാൽ വച്ചവൾ അകത്തേക്ക് കയറിയതും, ഗിരി അങ്ങോട്ടു വന്നു
************
അവൾക്ക് അയാളുടെ മുഖത്ത് നോക്കാൻ ഭയം തോന്നി.
ആ മുഖത്ത് എന്തെക്കെയോ ഭാവങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു.
നിന്റ അമ്മയുടെ സ്വഭാവം വല്ലതും നീ ഇവിടെ എടുക്കാൻ നിന്നാൽ..,.. എന്റെ ചെറുക്കനെ എങ്ങാനും ചതിക്കാൻ നോക്കിയാൽ, നിന്നെ ഞാൻ വച്ചേക്കില്ല. ഗിരി അവളുടെ നേരെ കൈവിരൽ ചൂണ്ടി.
അയാളുടെ വിരലുകൾ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ട്.
മധു തിടുക്കത്തിൽ അയാളുടെ കൈയിൽ പിടിച്ചു ബലമായി അയാളെ മുറിയിലേക്ക് കൊണ്ടുപോയി.
എന്താടാ നീ ഇങ്ങനെ?? ആ കൊച്ച് എന്ത് തെറ്റ് ചെയ്തു?
നിനക്ക് അറിയാവുന്നതല്ലേ മധു എല്ലാം, എന്നിട്ടും ഇങ്ങനെ ചോദിക്കുമ്പോഴാ എനിക്ക് ദേഷ്യം വരുന്നത്. കഴിഞ്ഞതൊക്കെ മറക്കാൻ എനിക്കീ ജന്മത്തിൽ കഴിയുമോടാ?
മറക്കണം, മറന്നേ പറ്റൂ… നിനക്കതിനു കഴിയണം ഗിരി. ഇപ്പോൾ നീയിത്തിരി വിശ്രമിക്ക്, സാവധാനം നമുക്കെല്ലാം സംസാരിക്കാം.
മധു പുറത്തേക്കിറങ്ങി.
കീർത്തി നിലവിളക്ക് പൂജാമുറിയിൽ കൊണ്ട് വച്ചു.
എത്ര പ്രതീക്ഷയോടെ, എത്രയോ സ്വപ്നങ്ങൾ നെയ്തു കൂട്ടിയാണ് ഇന്ന് അമ്പലത്തിലേക്ക് വന്നത്. ദേവദത്തിന്റെ അച്ഛൻ എത്ര സ്നേഹത്തോടെയാണ് ഇത്ര ദിവസവും ഫോണിൽ സംസാരിച്ചത്.എല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നു.
ഇപ്പോൾ ഏതോ ശത്രുവിനെ പോലെയാണ് തന്നെ കാണുന്നത്. ഇതിനും മാത്രം എന്ത് പ്രശ്നമാണ് തന്റെ അമ്മയുമായി ദേവദത്തിന്റെ അച്ഛന് ഉണ്ടായത്??
കീർത്തി… ദേവദത്ത് അവളുടെ കരം പിടിച്ചു. താനിപ്പോൾ ഒന്നും ആലോചിച്ചു വിഷമിക്കണ്ട.
എന്നാലും എന്റെ മനസാകെ തകർന്നു പോയി ദേവാ…അമ്മയുടെ കരയുന്ന മുഖം മനസ്സിൽ നിന്നും മായുന്നില്ല.
രണ്ടു ദിവസം കഴിയട്ടെ നമുക്ക് അമ്മയോട് തന്നെ കാര്യങ്ങൾ ഒക്കെ ചോദിക്കാം.
വേണ്ട… ഇനിയും എന്റെ അമ്മയെ കരയിക്കാൻ ഞാൻ സമ്മതിക്കില്ല ദേവാ.
അച്ഛനല്ലേ ദേഷ്യം മുഴുവനും, അച്ഛൻ തന്നെ നമ്മളോട് എല്ലാം പറയട്ടെ..
ഉം..താനിപ്പോൾ പോയി ഈ ഡ്രസ്സ് ഒക്കെ മാറ്റ്. വിഷമിക്കണ്ട,എല്ലാം ശരിയാകും. ഞാനൊന്ന് മധു അങ്കിളിന്റെ കൂടെ പുറത്തേക്ക് ചെല്ലട്ടെ
ശരി..
കീർത്തി മുറിയിലേക്ക് പോയി. ആഭരണങ്ങളും, സാരിയും മാറ്റി.
വല്ലാത്ത ചൂട്..ഒന്ന് കുളിച്ചപ്പോഴേക്കും അവൾക്കൽപ്പം ആശ്വാസം തോന്നി.
ആകെയൊരു മൂകത വീട്ടിൽ നിറഞ്ഞ് നിൽക്കുന്നു. കല്യാണം ആകെ അലങ്കോലമായതു കൊണ്ടാകും ബന്ധുക്കൾ വീട്ടിലേക്കു വരാത്തത്. ഫോട്ടോ എടുപ്പും,സദ്യയും കഴിഞ്ഞതും മിക്കവരും പിരിഞ്ഞു. അല്ലായിരുന്നുവെങ്കിൽ എത്ര ബന്ധുക്കൾ ഉണ്ടാകുമായിരുന്നു ഇവിടെ. ഇപ്പോൾ ആരുമില്ലാതെ…
അവൾക്ക് വല്ലാത്ത സങ്കടം തോന്നി. നെഞ്ചിൽ എന്തോ ഭാരം എടുത്തു വച്ചതുപോലെ…ഒറ്റ ദിവസം കൊണ്ട് എല്ലാരും, എന്തോ കുറ്റം ചെയ്ത മട്ടിൽ അമ്മയെയും എന്നേയും നോക്കിയ ആ നോട്ടം… ഓഹ്…. ആലോചിക്കാൻ വയ്യ..
അവൾ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അച്ഛന്റെ മുറിയുടെ വാതിൽ അടഞ്ഞാണ് കിടക്കുന്നത്.
തന്നെ കണ്ടാൽ അച്ഛൻ ഇനിയും തന്നോട് ദേഷ്യപ്പെടുമോ ആവോ??
ദേവദത്ത് ഒന്ന് വന്നിരുന്നെങ്കിൽ…
നല്ല വിശപ്പും തോന്നുന്നുണ്ട്. വിവാഹസദ്യ കഴിക്കാൻ ഇരുന്നിട്ടും തൊണ്ടയിൽ നിന്നും അൽപ്പം പോലും ഇറങ്ങിയിരുന്നില്ല ….രാവിലെ അമ്മ നിർബന്ധിച്ചു ഒരു ഗ്ലാസ്സ് പാല് കുടിപ്പിച്ചിരുന്നു.
പിന്നെ ഒരുക്കാൻ ആൾ വന്നപ്പോൾ അതിന് ഇരുന്നു കൊടുത്തു…അതൊക്കെ കഴിഞ്ഞപ്പോഴേക്കും അമ്പലത്തിലേക്ക് പുറപ്പെടാനുള്ള സമയമായെന്നു പറഞ്ഞുള്ള ബഹളം….
ഇപ്പോൾ വിശന്നിട്ടാകും വയറ്റിൽ നിന്നും ഒരു മൂളൽ കേൾക്കുന്നുണ്ട്..
അവൾ അടുക്കളയിലേക്ക് ചെന്നു.
ഒരു പാത്രത്തിൽ കുറേ ചിക്കൻ കറി ഇരിപ്പുണ്ട്. ഇന്നലത്തെ ആഘോഷത്തിന്റെ ബാക്കി ആണെന്ന് തോന്നുന്നു…
വേറെ ഒന്നും ഇരിക്കുന്നില്ല.
അവൾ അവിടെ ആകെ നോക്കി. തൊട്ടടുത്തുള്ള സ്റ്റോർ റൂമിൽ വലിയൊരു ചാക്കിൽ അരി ഇരിപ്പുണ്ട്. അവൾ കുറച്ചെടുത്തു കഴുകി. അടുക്കളയിൽ വച്ചിരിക്കുന്ന ചെറിയൊരു കലത്തിൽ വെള്ളം എടുത്ത്, സ്റ്റവ് ഓണാക്കി കലം വച്ചു,അതിലേക്ക് കഴുകിയ അരി ഇട്ടു.
ചിക്കൻ കറി കേടായിട്ടൊന്നും ഇല്ല അതെടുത്തുചൂടാക്കി വച്ചു.
അവൾ ഫ്രിഡ്ജ് തുറന്നു നോക്കി.കുറേ ബിയർകുപ്പികൾ അടുക്കി വച്ചിട്ടുണ്ട്.
ഒരു പാത്രത്തിൽ മുന്തിരി ഇരിപ്പുണ്ട്.അവൾ അതിൽ നിന്നും കുറച്ചെടുത്തു കഴുകി.തല്ക്കാലം വിശപ്പ് മാറ്റാൻ ഇത് മതി. അല്ലെങ്കിലും എന്തെങ്കിലും വിശപ്പിന്കഴിക്കണം എന്നേയുള്ളൂ… ഭക്ഷണകാര്യത്തിൽ ഒരു നിർബന്ധവും തനിക്കില്ല.
കഴിക്കാൻ തുടങ്ങിയപ്പോഴാണ് അച്ഛൻ വാതിൽ തുറക്കുന്ന ശബ്ദം അവൾ കേട്ടത്..
എന്തോ പെട്ടന്ന് ഒരു ഭയം ഉള്ളിൽ നിറയുന്നത് പോലെ അവൾ പതിയെ എഴുന്നേറ്റു …
ഇനിയും അച്ഛൻ തന്നോട് ദേഷ്യപ്പെടുമോ??അവൾക്ക് ഉള്ളിൽ ഒരു ഭയം ഉടലെടുത്തു.
ഇവിടുത്തെ ആദ്യ ദിവസമാണ്, അല്ലെങ്കിൽ തന്നെ മനസ്സ് തകർന്നിരിക്കുകയാണ്.
ദേവദത്ത് ഒന്നിപ്പോൾ വന്നിരുന്നെങ്കിൽ…
ഗിരി അടുക്കളയിലേക്ക് വന്ന് ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളമെടുത്ത് അല്പം കുടിച്ചു.
അടുക്കളയിൽ നിൽക്കുന്ന കീർത്തിയുടെ നേർക്ക് രൂക്ഷമായി ഒന്ന് നോക്കി.
ഓഹ്.. നീ അടുക്കള ഭരണം ഏറ്റെടുത്തോ? ഇനിയിപ്പോൾ എന്റെ വീടും നീ കൈക്കലാക്കുമായിരിക്കുമല്ലോ? തള്ളയുടെ വിത്ത് തന്നെ..
അച്ഛാ…. പെട്ടന്ന് അങ്ങോട്ട് വന്ന ദേവദത്ത് അവിടേക്ക് വന്നു. എന്താ അച്ഛാ ഇത്?
എന്താന്ന് നിനക്കറിയില്ലേ?എനിക്കിഷ്ടമല്ല ഈ പെണ്ണിനെ അയാൾ അലറി.
അച്ഛാ… ഇതെന്റെ ഭാര്യയാണ്, ഇനിയിവളെ മോശമായിട്ടൊന്നും പറയരുത്…
നീയെന്നോട് എതിർത്തു സംസാരിക്കാനും തുടങ്ങി അല്ലേ?
അങ്ങനെ അല്ല അച്ഛാ…
കേട്ടില്ലേടി… നീ വന്നുകേറിയപ്പോൾ തന്നെ എന്റെ മകൻ എനിക്കെതിരായി…
ഞാൻ എന്ത് ചെയ്തിട്ടാ അച്ഛാ…അവൾ വിഷമത്തോടെ ചോദിച്ചു.
അച്ഛനോ…? ആരുടെ അച്ഛൻ. നീയെന്നെ അങ്ങനെ വിളിക്കരുത്. എനിക്കറപ്പാണ് നീയങ്ങനെ വിളിക്കുമ്പോൾ.
അയാൾ നിന്ന് വിറച്ചു..
എന്താ അച്ഛന്റെ പ്രശ്നം? എന്നോട് പറ. കീർത്തിയുടെ അമ്മയോട് അച്ഛന് ഇത്ര വൈരാഗ്യം തോന്നാൻ എന്താ കാരണം? എനിക്കറിയണം അച്ഛാ….ദേവദത്ത് അയാളുടെ കൈകളിൽ പിടിച്ചു.
ഇല്ല…. ആ സ്ത്രീയെ കുറിച്ച് എനിക്കൊന്നും പറയാനില്ല. ഗിരിയുടെ പല്ലുകൾ ഞെരിയുന്നത് ദേവദത്ത് കേട്ടു.
എനിക്കറിഞ്ഞേ പറ്റൂ…. അച്ഛൻ പറയൂ.
പറയാൻ എനിക്ക് മനസില്ലെങ്കിലോ?
ഇതെന്താ അച്ഛാ ഇങ്ങനെ? ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ നമ്മൾ. രണ്ട് സുഹൃത്തുക്കളെ പോലെ ആയിരുന്നില്ലേ നമ്മൾ. ഇപ്പോൾ എന്താ അച്ഛാ ഇങ്ങനൊക്കെ സംസാരിക്കുന്നത്?
ആ ബന്ധം ഇല്ലാതാക്കിയത് ഇവൾ ഒറ്റ ഒരുത്തിയാണ്. ഇവൾ ഇവിടം മുടിക്കും.
ദേവാ…. ഇതൊക്കെ കേട്ട് ഞാൻ ഇവിടെ നിൽക്കേണ്ട കാര്യം ഇല്ല. എന്നെ ഭാര്യയായി വേണമെങ്കിൽ ഇവിടെ നിന്ന് എങ്ങോട്ടേലും പോകണം.ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ ദേവാ….എനിക്കിനിയും സഹിക്കാൻ കഴിയില്ല..
എന്റെ മകനെയും കൊണ്ട് നീയിവിടെ നിന്നും ഇറങ്ങിയാൽ എന്റെ ശവം നീ കാണും. നിന്റെ തള്ള ഒരിക്കൽ എന്നെ കൊ,ല്ലാതെ കൊ, ന്നു. ഇനി നീയും കൂടെ എന്നെ തോൽപ്പിക്കാമെന്നു കരുതിയാൽ നിനക്ക് തെറ്റി. ഈ ഗിരി ഇനി ഒരിക്കലും ഒരിടത്തും തലകുനിക്കില്ല. അങ്ങനെ വന്നാൽ അന്ന് തീരും ഞാൻ…. അയാൾ നിന്ന് വിറച്ചു.
കീർത്തീ… നീ മുറിയിലേക്ക് പോ… ദേവദത്ത് അവളോട് പറഞ്ഞു.
അവൾ ഗിരിയുടെ ദേഷ്യവും വിറയലും കണ്ട് ആകെ ഭയന്ന് പോയിരുന്നു.
അവൾ മുറിയിലേക്ക് പോയി..
ഗിരിയുടെ മുഖമാകെ വിയർപ്പിൽ കുതിർന്നിരുന്നു. ദേഷ്യത്തിൽ അയാളുടെ കവിളുകൾ വിറയ്ക്കുന്നുണ്ട്.
അച്ഛാ… ദേവദത്ത് അയാളുടെ ചുമലിൽ പിടിച്ചു. അച്ഛൻ പോയൊന്നു റസ്റ്റ് എടുക്ക്…
അയാൾ ദേവദത്തിനെ തറപ്പിച്ചു നോക്കി.
ചെല്ലച്ഛാ…..
ഉം… അയാൾ ഒന്നമർത്തി മൂളിയിട്ട് മുറിയിലേക്ക് പോയി.
ദേവദത്ത് മുറിയിൽ ചെല്ലുമ്പോൾ കട്ടിലിൽ ഇരിക്കുകയാണ് കീർത്തി.. അവളുടെ മുഖമാകെ വാടിയിരുന്നു.
അയാൾ അവളുടെ അടുത്തിരുന്നു.തന്റെ നേരെ അവളുടെ മുഖം ഇരുകൈകൾ കൊണ്ടും തിരിച്ചു സാരമില്ലടോ, എന്നെയോർത്ത് താൻ ക്ഷമിക്ക്.
ഈ കല്യാണമേ വേണ്ടിയിരുന്നില്ലെന്നു തോന്നുവാ ദേവാ…നമ്മൾ സ്നേഹിക്കാൻ പാടില്ലായിരുന്നു. ദേവദത്ത് അന്നെന്നെ പെണ്ണുകാണാൻ വന്നപ്പോൾ എനിക്ക് തോന്നിയത് ഇതാണ് എന്റെ പുരുഷൻ ഇയാളെയാണ് ഞാൻ കാത്തിരുന്നത് എന്നായിരുന്നു.പക്ഷെ ഇപ്പോൾ തോന്നുവാ നമ്മൾ ഒരുമിക്കേണ്ടവർ ആയിരുന്നില്ല അല്ലേ..?
അങ്ങനൊന്നും ഇല്ല കീർത്തി. ഒക്കെ ശരിയാകും. തന്റെ അമ്മക്കും എന്റെ അച്ഛനും ഇടയിൽ എന്തോ ഉണ്ട്. അതെന്താണെന്ന് അറിയണം.
അത് അറിഞ്ഞാലും ഇവിടുത്തെ അച്ഛൻ എന്നെ ഒരിക്കലും അംഗീകരിക്കില്ല ദേവാ. ആ മുഖം നിറയെ എന്നോടുള്ള ദേഷ്യവും വെറുപ്പുമാണ്.നമുക്ക് ഒരിക്കലും സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല.അല്ലെങ്കിൽ നമ്മൾ മാത്രമായി ജീവിക്കണം.
കീർത്തി… എനിക്ക് അച്ഛൻ മാത്രേ ഉള്ളൂ… എന്റെ ജീവനാണ് അച്ഛൻ. അദ്ദേഹത്തെ വേദനിപ്പിക്കാൻ എനിക്കൊരിക്കലും കഴിയില്ല.
അപ്പോൾ ഭാര്യയായ ഞാൻ ഇവിടെ ഈ ഉരുകിയുരുകി ജീവിക്കണം എന്നാണോ ??
അല്ല.നിന്നെ വേദനിപ്പിക്കാനും എനിക്കാവില്ല. അതുകൊണ്ട് എല്ലാത്തിനും ഒരു പരിഹാരം ഞാൻ ഉണ്ടാക്കും.
എങ്ങനെ…?
അറിയില്ല. പക്ഷെ ഒന്ന് മാത്രം പറയാം. അച്ഛന് വേണ്ടി നിന്നെയോ, നിനക്ക് വേണ്ടി അച്ഛനെയോ ഉപേക്ഷിക്കാൻ എനിക്കാവില്ല.
******************
നേരം പതിയെ ഇരുണ്ടു തുടങ്ങിയിരുന്നു. അവൾ പൂജാ മുറിയിൽ വിളക്ക് തെളിയിച്ചു. അമ്മ ചൊല്ലുന്ന കീർത്തനങ്ങൾ പതിയെ പാടി
ഉറക്കെ പ്രാർത്ഥിക്കുവാൻ പോലും അവൾ മടിച്ചു. ഇനി അത് കേട്ട് അച്ഛൻ വഴക്ക് പറഞ്ഞാലോ എന്നവൾക്ക് ഭയമുണ്ടായിരുന്നു.
പ്രാർത്ഥന കഴിഞ്ഞ് മുറ്റത്തെ ലൈറ്റ് ഒക്കെ തെളിച്ചു.
അകത്ത് തീർത്തും നിശബ്ദതയാണ്.
കുറേ നേരം അവൾ സിറ്റ്ഔട്ടിലെ കസേരയിൽ ചെന്നിരുന്നു.
വലിയ മുറ്റമാണ് അതിനപ്പുറം വിശാലമായ പുൽതകിടിയും, അങ്ങിങായി നട്ട പലതരം പെൻസിൽബാംമ്പൂവും വെട്ടിയൊതുക്കി നിർത്തിയിട്ടുണ്ട്. വിശാലമായ പുൽത്തകിടിക്കപ്പുറം ഉയരം കുറഞ്ഞ മതിൽ. അതിനപ്പുറം റോഡാണ്. രാത്രിയിലും കുതിച്ചു പായുന്ന വാഹനങ്ങളുടെ ശബ്ദം.
മനസ്സ് മാത്രം ശൂന്യത നിറഞ്ഞിരിക്കുന്നു. അവൾക്കു മടുപ്പ് തോന്നി.
കല്യാണം പ്രമാണിച്ച് മൂന്നാഴ്ചത്തെ ലീവും എടുത്തിട്ടുണ്ട്. അല്ലെങ്കിൽ നാളെ തന്നെ ജോലിക്ക് പോകാമായിരുന്നു. ഇനിയിപ്പോൾ ലീവും ക്യാൻസൽ ചെയ്ത് ചെന്നാൽ ഓരോരുത്തൻ കുത്തിക്കുത്തി ഓരോന്നും ചോദിക്കും.
ഇവിടെ സമയം ചിലവഴിക്കുന്ന കാര്യം ഓർക്കാൻ പോലും വയ്യ.
എന്തൊക്കെ ആയാലും, തന്റെ ജീവിതം വച്ചുള്ള ഒരു പരീക്ഷണം താൻ നടത്തില്ല.
പറ്റില്ലെന്ന് തോന്നിയാൽ ഇവിടിന്നിറങ്ങും അത്ര തന്നെ.
അങ്ങനെ പോകാൻ തനിക്കു പറ്റുമോ? അവൾ ആലോചിച്ചു. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ദേവദത്തും താനും ഒരുപാട് സ്നേഹിച്ചു പോയില്ലേ…?
എത്ര സ്വപ്നങ്ങൾ ഒരുമിച്ചു കണ്ടു.
ഇന്നലെവരെ സ്നേഹത്തോടെ ഫോണിൽ സംസാരിച്ചിരുന്ന,ദേവദത്തിന്റെ അച്ഛന് പെട്ടന്ന് ഇത്രയും വെറുപ്പ് തോന്നണമെങ്കിൽ, എന്തോ ഒന്ന് അമ്മയ്ക്കും ഇവിടുത്തെ അച്ഛനും ഇടയിൽ നടന്നിട്ടുണ്ട്. അതെന്താകും??
അച്ഛനോട് ദേവദത്ത് ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല. അമ്മയോട് ഒന്ന് വിളിച്ചു ചോദിച്ചാലോ??
അമ്മയെ വിളിക്കണമെന്ന് പലവട്ടം ഇന്ന് തോന്നിയതാണ്. പക്ഷെ, ആ കരയുന്ന മുഖം മനസ്സിൽ വരുമ്പോൾ ഒന്നും ചോദിക്കണ്ടെന്നു തോന്നും.
എങ്കിലും അറിഞ്ഞേ തീരൂ…. അവൾ ഫോൺ എടുത്തമ്മയെ വിളിച്ചു…അപ്പുറം ബെല്ലടിക്കുന്നുണ്ട്.
മിടിക്കുന്ന ഹൃദയത്തോട് അവൾ ഫോൺ മുറുക്കെ പിടിച്ചു.
*******************
അമ്മ കാൾ എടുത്തതും, എന്താണ് ചോദിക്കേണ്ടത് എന്ന് അവൾക്ക് അറിയാതെയായി.
അപ്പുറത്തും നിശബ്ദതയാണ്.
അമ്മേ…
ഉം…നേർത്ത ഒച്ചയിൽ അമ്മയൊന്നു മൂളി.
അവൾക്കു മനസിലായി അമ്മ ഇപ്പോഴും കരയുകയാണ്.
അമ്മയുടെ ഒരു നേർത്ത മാറ്റം പോലും ആദ്യം മനസിലാക്കുന്ന മകളാണ് താൻ.
അമ്മ വല്ലതും കഴിച്ചോ??
ഉം…
അമ്മ കരയുകയാണോ?
അല്ല മോളേ.. ചിലമ്പിച്ച സ്വരം.
അവൾക്ക് വല്ലാത്ത കരച്ചിൽ വന്നു. ഇത്രയും ഹൃദയം തകർന്ന് ഇരിക്കുന്ന അമ്മയോട് എന്ത് ചോദിക്കാനാണ്.
പക്ഷെ ചോദിക്കാതെ വയ്യ..
അമ്മേ….
എന്താ മോളേ??
എന്താ അമ്മേ പ്രശ്നം?? എന്നോട് പറഞ്ഞൂടെ? ഞാൻ അമ്മയുടെ മോളല്ലേ അമ്മക്ക് എന്നോട് എന്തും പറയാമല്ലോ. ഞാനില്ലേ അമ്മയുടെ കൂടെ, എന്ത് വലിയ പ്രശ്നം ആയാലും ഞാനെന്നും അമ്മക്കൊപ്പമേ നിൽക്കൂ…
അറിയാം…
എന്നാൽ എന്നോടെങ്കിലും പറയമ്മേ… എന്താ ഗിരി അച്ഛനും അമ്മയും തമ്മിലുള്ള വൈരാഗ്യത്തിന് കാരണം??
അപ്പുറത്തു നിന്നും അടക്കി പിടിച്ചിട്ടും ചാടിപ്പോയ കരച്ചിലിന്റെ ചീളുകൾ അവളുടെ ചെവിയിൽ പതിച്ചു.
അമ്മ വായ പൊത്തി കരച്ചിൽ അടക്കുകയാണെന്ന് അവൾക്കറിയാം.
ഇല്ല ഇനിയും ചോദിച്ചു വേദനിപ്പിക്കാൻ പറ്റില്ല. ഈ കരച്ചിൽ കേൾക്കാൻ തനിക്ക് കഴിയില്ല. തന്നെയാകെ ഉലച്ചുകളയുമത്.
മോളേ… നീയെങ്കിലും അമ്മയോടൊന്നും ചോദിക്കരുത്. എല്ലാരും എന്നെ കുറ്റപ്പെടുത്തി, നിന്റെ അച്ഛന്റെ വീട്ടുകാർ എന്നെ ഒരുപാട് ചീത്ത പറഞ്ഞു. ഞാൻ…. ഞാൻ.. ഒരു മോശക്കാരിയാണെന്ന് വരെ അവർ പറഞ്ഞു.
ഞാൻ കാരണം കുടുംബക്കാർ മുഴുവനും നാണം കെട്ടെന്ന്. എനിക്ക് മരിച്ചാൽ മതി, ഇങ്ങനെ നീറി നീറി ജീവിച്ച് ഞാൻ മടുത്തു..
ഇല്ലമ്മേ… ഞാനൊന്നും ചോദിക്കില്ല, എനിക്കൊന്നും അറിയണ്ട. എനിക്കറിയാം എന്റെ അമ്മ ഒരിക്കലും ഒരു തെറ്റും ചെയ്യില്ലെന്ന്. ആര് വേണേലും, എന്ത് വേണേലും പറഞ്ഞോട്ടെ, എന്റെ അമ്മ വിഷമിക്കരുത്. എന്നും അമ്മക്കൊപ്പം ഞാൻ ഉണ്ടാകും അത്പോരേ??
ഉം……
അമ്മ വിഷമിക്കാതെ, വല്ലതും കഴിച്ചിട്ട് കിടന്നുറങ്ങൂ…അവൾ കാൾ കട്ടാക്കി.
ഇല്ല ഇതും ചോദിച്ച് ഒരിക്കലും അമ്മയുടെ മുമ്പിൽ ചെല്ലില്ല. പക്ഷെ ഇത്രയധികം അമ്മ കരയണമെങ്കിൽ, അതിന് എന്തോ കാരണമുണ്ട്. അത് ഏത് വിധത്തിലും താൻ കണ്ടെത്തും. തനിക്കത് അറിയണം അറിഞ്ഞേ പറ്റൂ..
അവൾ സിറ്റ്ഔട്ടിൽ നിന്നും എഴുന്നേറ്റ് അകത്തേക്ക് ചെന്നു.
വിശപ്പ് ഒക്കെ കെട്ടുപോയിരിക്കുന്നു. എങ്കിലും അവൾ ചോറും, ചൂടാക്കിയെടുത്ത ചിക്കൻ കറിയും എടുത്ത് ഡൈനിങ് ടേബിളിൽ കൊണ്ട് വച്ചു.
ദേവദത്ത്… കഴിക്കുന്നില്ലേ?? അവൾ മുറിയിൽ ചെന്ന് അയാളോട് ചോദിച്ചു.
വിശപ്പില്ലെടോ, താൻ കഴിച്ചോളൂ..
അവൾ തിരികെ ഡൈനിങ് റൂമിലേക്ക് ചെന്നു.
അച്ഛൻ ഒന്നും കഴിച്ചിട്ടുണ്ടാവില്ല. ഒരുപക്ഷെ കഴിക്കാൻ തോന്നിയാൽ വന്ന് കഴിക്കട്ടെ എന്ന് കരുതി അവൾ പാത്രം മൂടിവച്ചു.
ഒന്നും കഴിക്കാൻ അവൾക്കും തോന്നിയില്ല. ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചിട്ട് അവൾ മുറിയിലേക്ക് ചെന്നു.
കീർത്തി കഴിച്ചില്ലേ??
ഇല്ല, വിശപ്പ് കെട്ട് പോയി.
എന്നാലും കുറച്ചെങ്കിലും കഴിച്ചൂടായിരുന്നോ?
വേണ്ടാ…
വരൂ… ഞാൻ വിളമ്പി തരാം, എന്തെങ്കിലും കഴിച്ചില്ലെങ്കിൽ എങ്ങനെയാ. വിവാഹസദ്യയും താൻ തീരെ കഴിച്ചില്ല. ഞാനതു ശ്രദ്ദിച്ചിരുന്നു.
വേണ്ടാഞ്ഞിട്ടാ ദേവാ..
എടോ… താൻ വിഷമിക്കേണ്ട, എല്ലാത്തിനും നമുക്ക് പരിഹാരം ഉണ്ടാക്കാം. ഞാനല്ലേ പറയുന്നത്.
അവൾ മെല്ലെ ചിരിച്ചു.
താൻ അമ്മയെ ഒന്ന് വിളിക്കാൻ മേലാരുന്നോ, അമ്മ വിഷമിച്ചിരിക്കുകയായിരിക്കും.
ഞാൻ വിളിച്ചായിരുന്നു. പാവം ഭയങ്കര കരച്ചിലാണ്.
അമ്മയോട് ഒന്നും ചോദിക്കാൻ നിൽക്കണ്ട. അല്ലെങ്കിൽ തന്നെ, എല്ലാരും കൂടെ അതിനെ ചോദ്യം ചെയ്തു വിഷമിപ്പിച്ചു കാണും.
എന്നാലും എന്തായിരിക്കും ദേവാ ഇവർ തമ്മിൽ പ്രശ്നം.??
അറിയില്ല കീർത്തി. രണ്ടാളും അത് പറയാൻ കൂട്ടാക്കുന്നുമില്ല. പക്ഷെ എങ്ങനെയെങ്കിലും നമുക്കത് അറിയണം.
അതെ ദേവാ…അറിയണം.
നമുക്ക് നാളെ മധു അങ്കിളിനെ കണ്ട് ചോദിച്ചു നോക്കണം. അല്ലെങ്കിൽ അച്ഛന്റെ പഴയകാല സുഹൃത്തുക്കളോട് ആരോടേലും നമുക്ക് ചോദിച്ചു നോക്കാം. ഇപ്പോൾ താൻ കിടന്നുറങ്ങ്. നേരം ഇത്രയും ആയില്ലേ
ആരോ രാവിലെ അലങ്കരിച്ച ആ മണിയറയിൽ കട്ടിലിന്റെ ഇരു വശത്തുമായി, ഉറക്കം വന്നില്ലെങ്കിലും കണ്ണുകളടച്ച് അവർ ആലോചനയിൽ മുഴുകി.
ഏറ്റം പ്രിയപ്പെട്ടവർ തകർന്നിരിക്കുന്ന വേളയിൽ എങ്ങനെയാണ് സമാധാനമായി ഉറങ്ങാൻ കഴിയുക??
****************
നേരം പുലർന്നതും അവൾ എഴുന്നേറ്റു. ദേവദത്ത് കട്ടിലിൽ ഇല്ല.
എന്തൊക്കെയോ ആലോചിച്ച്, എപ്പോഴോ,താൻ അൽപ്പം ഉറങ്ങിപ്പോയി.
ദേവദത്ത് ഇത്ര രാവിലെ എവിടെ പോയി? ബാത്റൂമിൽ ഇല്ല.
ബാൽക്കണിയിലേക്ക് ഉള്ള വാതിൽ പതിയെ ചാരിയിട്ടേ ഉള്ളൂ എന്ന് മനസിലാക്കിയ അവൾ അങ്ങോട്ട് ചെന്നു.
ബാൽക്കണിയിലെ കസേരയിൽ അയാൾ ഇരിപ്പുണ്ട്.
എന്താ ദേവാ ഇവിടിരിക്കുന്നത്?
തീരെ ഉറക്കം വന്നില്ല.
അവൾ അയാളുടെ നിറുകയിൽ തലോടി, സാരമില്ല,വിഷമിക്കാതിരിക്ക്..
രാവിലെ ചായ കുടിക്കുന്ന ശീലമുണ്ടോ ദേവാ??
കിട്ടിയാൽ കൊള്ളാമായിരുന്നു.
ഞാനിപ്പോൾ കൊണ്ടുവരാം.
അവൾ ബ്രെഷ് ചെയ്ത്, തണുത്ത വെള്ളത്തിൽ മുഖം കഴുകി.ഹീറ്റർ ഓണാക്കി ഇളം ചൂടുവെള്ളത്തിൽ പെട്ടന്ന് ഒന്ന് മേൽ കഴുകി. രാവിലെ ഒന്ന് മേല്‍ കഴുകുന്ന ശീലം കുട്ടിക്കാലം മുതൽക്കേ ഉള്ളതാണ്.
അവൾ അടുക്കളയിലേക്ക് നടന്നു.
അടുക്കളയിൽ ചെന്നതും അവൾ കണ്ടു, അച്ഛൻ ചായ തിളപ്പിച്ച്, അതിൽ പഞ്ചസാര ഇട്ട് ഇളക്കുകയാണ്.
അവളെ കണ്ടതും അവജ്ഞയോടെ ഒന്ന് നോക്കിയിട്ട് അയാൾ ചായ ഒരു ഗ്ലാസ്സിലേക്ക് പകർന്നു.
ചായ തിളപ്പിച്ച പാത്രത്തിൽ ഇനിയും കുറച്ചധികം ചായ അവശേഷിക്കുന്നുണ്ട്.
അവൾ ഒരു ഗ്ലാസ്സ് എടുത്ത് അതിലേക്കു ചായ പകർന്നതും….വയ്ക്കടീ അവിടെ അയാൾ അലറി.
ഭയന്ന് പോയ അവളുടെ കൈയിൽ നിന്നും ഗ്ലാസ്സ് താഴെ വീണ് ചിതറി
മേലിൽ എന്റെ കണ്മുന്നിൽ വന്ന് പോകരുത്.അയാൾ അലറി.
കിലുകിലെ വിറച്ചുകൊണ്ട് അവൾ മിഴിയുയർത്തി അയാളെ നോക്കി
പൊട്ടിയൊഴുകിയ ആ കണ്ണുകളും, വിറക്കുന്ന ഉടലും കണ്ടപ്പോൾ, അയാളുടെ ഉള്ളിൽ എവിടെയോ അലിവിന്റെ നേർത്തൊരുറവ കിനിയുന്നത് അയാൾ തിരിച്ചറിഞ്ഞു.
ഒരുനിമിഷം അവളെ നോക്കി നിന്നിട്ട് അയാൾ പുറത്തേക്ക് പാഞ്ഞു പോയി.
എന്താ ഇവിടെ? ദേവദത്ത് അടുക്കളയിലേക്ക് ഓടി വന്നു.
പൊട്ടിയ ചില്ലുകഷണങ്ങൾക്കിടയിൽ, കരഞ്ഞു കൊണ്ട് നിൽക്കുന്ന അവളെ കണ്ടതും അയാൾക്ക് മനസിലായി അച്ഛൻ അവളെ എന്തിനോ വഴക്ക് പറഞ്ഞുവെന്ന്.
അയാൾ നിലത്തിരുന്ന് ഓരോ ചില്ലുകഷണങ്ങളും പെറുക്കി എടുത്ത് മാറ്റി.
അവൾ അപ്പോഴും കരയുകയായിരുന്നു..
കീർത്തീ…..
അവൾ ഒരു വിതുമ്പലോടെ അയാളെ മുറുകെ പിടിച്ചു. അയാൾ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
സാരമില്ല… കീർത്തിയെ ഇവിടെ കൊണ്ട് വന്ന് ഇങ്ങനെ വേദനിപ്പിക്കുന്നതിൽ എനിക്ക് വിഷമമുണ്ട്. നമുക്ക് മറ്റൊരു വീട്ടിലേക്ക് താമസം മാറാം, അത് പോരേ?? അയാൾ അവളുടെ മുഖം പിടിച്ചുയർത്തി ചോദിച്ചു.
പോരാ… ഇവിടെ തന്നെ താമസിക്കണം. ,പെട്ടന്ന് അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ പൊട്ടിപ്പോയി എന്നുള്ളത് ശരിയാണ്. പക്ഷെ ഞാൻ നല്ല മനസ്സുറപ്പുള്ള ആളാണ്. നമ്മൾ ഇവിടെ നിന്നും മാറേണ്ട കാര്യമൊന്നും ഇല്ല.ഇത്രയധികം, മകന്റെ ഭാര്യയായ എന്നെ പോലും വെറുക്കുന്നുവെങ്കിൽ അതിനു പിന്നിലുള്ള കാരണം അത്ര ഗൗരവമുള്ളത് തന്നെയാണ്. എനിക്കതറിയണം ദേവാ
ഇനിയും അച്ഛൻ നിന്നെ വേദനിപ്പിച്ചാൽ??
ഇല്ല ദേവാ… ഞാൻ കരഞ്ഞപ്പോൾ അച്ഛൻ എന്നെ നോക്കിയ ഒരു നോട്ടമുണ്ട്, അതിൽ ഒരലിവിന്റെ ഭാവമുണ്ടായിരുന്നു. ഈ അച്ഛനെ അങ്ങനെ പേടിക്കേണ്ട കാര്യമൊന്നുമില്ല…
ശരിയാണ് കീർത്തി, എനിക്കൊരുപാട് അഭിമാനം തോന്നിയിട്ടുണ്ട് എന്റെ അച്ഛനെക്കുറിച്ച്. ഇങ്ങനൊരാളിന്റെ മകനായി പിറന്നതിൽ ഞാനെന്നും ദൈവത്തിനോട് നന്ദി പറയാറുണ്ട്. പക്ഷെ ഇന്നലെ നടന്നതൊക്കെ ഒരു സ്വപ്നമാണോ എന്ന് പോലും എനിക്ക് തോന്നിയിരുന്നു, അത്രക്കും നന്മയുള്ള ഒരാളാണ് അച്ഛൻ.
ശരിക്കും, എന്തായിരിക്കും ദേവാ ഇതിനെല്ലാം കാരണം? ഒരുപക്ഷെ പണ്ട് അവർ തമ്മിൽ പ്രണയമോ മറ്റോ ഉണ്ടായിരുന്നോ??ഒരു വേർപിരിയലായിരിക്കുമോ ഈ വൈരാഗ്യത്തിന് പിന്നിൽ??
അല്ല കീർത്തി…. പ്രണയം മാത്രമായിരുന്നുവെങ്കിൽ ഇത്ര ദേഷ്യം ഉണ്ടാകില്ല. അതിലും ശക്തമായ എന്തോ ഒരു റീസൺ ഇതിനു പിന്നിലുണ്ട്.
നമ്മളത് എങ്ങനെ അറിയും??
നമുക്ക് മധു അങ്കിളിനോട് എല്ലാം ചോദിച്ചറിയാം. അങ്കിൾ പണ്ട് മുതൽ ഉള്ള കൂട്ടുകാരനാണ്.
എങ്കിൽ നമുക്ക് ഇന്ന് തന്നെ അങ്കിളിനെ പോയി കണ്ടാലോ??
കാണണം. ഇന്ന് വൈകുന്നേരം നമുക്ക് അങ്കിളിന്റെ വീട്ടിൽ പോകാം.
*********************
ഗിരി ലക്ഷ്യമില്ലാതെ എങ്ങോട്ടോ നടക്കുകയായിരുന്നു.
കീർത്തിയോട് എന്തിനാണ് താനങ്ങനെ ദേഷ്യപ്പെട്ടത് ?? ആ കുട്ടി എന്ത് തെറ്റ് ചെയ്തു??
അതിന്റെ കരയുന്ന മുഖം അത് കണ്ടതും തന്റെ മനസ് തകർന്നു പോയി. വയ്യ…. എനിക്കിനി വയ്യ.
അവൾ സൗമിനിയുടെ മകൾ ആണെന്ന് അറിഞ്ഞ നിമിഷം താനാകെ തകർന്നു പോയി.
ആരായിരുന്നു തനിക്കു സൗമിനി?? തനിക്കവൾ സൗമിനി അല്ല മിനിക്കുട്ടി ആയിരുന്നു. അവളെ ആദ്യമായി കണ്ടത് ഉണ്ടക്കണ്ണുനിറച്ച്, വിങ്ങിവിതുമ്പി കരഞ്ഞുകൊണ്ട് മൂന്നാം ക്ലാസ്സിലേക്ക് കയറിപോകുന്നതാണ്.
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന തനിക്ക് ആ കരച്ചിൽ കണ്ടപ്പോൾ ചിരിയാണ് വന്നത്.
നീലപ്പൊട്ടുകൾ നിറഞ്ഞ ഉടുപ്പും, നിറയെ കിലുങ്ങുന്ന കൊലുസും അണിഞ്ഞു ഒരു പൂത്തുമ്പിയെ പോലെ, കിലുകിലെ വർത്തമാനം പറഞ്ഞു കൊണ്ട് അവൾ വൈകുന്നേരം വീട്ടിലേക്കു പോകുന്നത് അന്ന് താൻ നോക്കി നിന്നു.
അന്ന് അവളോട് തോന്നിയത് എന്തായിരുന്നു എന്ന് അറിയില്ല. കൗതുകമായിരുന്നോ??ആ കുറുമ്പിയോട്??
മൂന്നാണ്മക്കൾ മാത്രമുള്ള ഞങ്ങളുടെ വീട്ടിൽ ഒരു കുഞ്ഞിപ്പെണ്ണിനായി ഞങ്ങൾക്ക് കൊതിയായിരുന്നു. അമ്മക്കായിരുന്നു പെൺകുഞ്ഞുങ്ങളോട് കൂടുതൽ കൊതി.
ഒരനിയത്തിയെ ഞങ്ങളും കൊതിച്ചിരുന്നു. നാലാമത്തെ കുഞ്ഞ് നിങ്ങളുടെ ആഗ്രഹം പോലെ പെണ്ണായിരിക്കും എന്ന് വീർത്ത വയറിൽ തലോടിക്കൊണ്ട് അമ്മ പറയുമായിരുന്നു, ആ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരുന്ന ഞങ്ങൾക്ക് മുന്നിലേക്ക് വെള്ളത്തുണിയിൽ പൊതിഞ്ഞു കൊണ്ടുവന്നത് ജീവനില്ലാത്ത അമ്മയെയും, ഭൂമിയിൽ ജീവനോടെ വസിക്കാൻ യോഗമില്ലാത്ത കുരുന്നു പെൺകുഞ്ഞിനേയും ആയിരുന്നു.
അന്ന് താൻ നാലാം ക്ലാസിൽ പഠിക്കുകയാണ്.
അമ്മയില്ലായ്മയോട് പൊരുത്തപ്പെട്ടുജീവിക്കാൻ പിന്നെ എപ്പോഴോ തുടങ്ങി.
എങ്കിലും സ്നേഹത്തിനോട് ഒരുതരം ആർത്തി ആയിരുന്നു. മൂത്ത സഹോദരന്മാർ തന്നെക്കാൾ അഞ്ചുവയസിനും,എട്ടുവയസിനും, മൂത്തവർ ആണ്. അതുകൊണ്ട് തന്നെ അവർ തന്നെ കളിക്കാനൊന്നും കൂടെ കൂട്ടിയിരുന്നില്ല.
പക്ഷെ, തനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. സ്കൂൾ വിട്ട് കഴിഞ്ഞാൽ മൈതാനത്തെ കളിയും കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അച്ഛൻ തല നിറയെ വെളിച്ചെണ്ണ പുരട്ടി തന്നെ കുളിപ്പിക്കും. ഇളയവൻ ആയതുകൊണ്ട് ഇടക്കൊക്കെ ചോറ് വാരി തരും..
അച്ഛനെ കൊണ്ടു പറ്റുന്നത് പോലെ, സ്നേഹം പ്രകടിപ്പിക്കും….എങ്കിലും ഭൂമിയിൽ അമ്മക്ക് പകരമാകില്ലല്ലോ ഒരു സ്നേഹവും.
ചില രാത്രികളിൽ തനിക്ക് അമ്മയെ കാണാൻ കൊതി വരും. ആ മാറിലെ ചൂടിൽ തല ചേർത്ത് വച്ചുറങ്ങാൻ മോഹം തോന്നും.
അപ്പോഴൊക്കെ കരച്ചിൽ വരും.വളഞ്ഞുകൂടി കിടക്കുമ്പോൾ ആകെ ഒരു ശൂന്യത നിറയും.
എനിക്ക് ആ പെൺകുട്ടിയോട് ആദ്യം തോന്നിയത് എന്ത് വികാരമായിരുന്നു എന്ന് ചോതിച്ചാൽ അറിയില്ല.
തന്റെ നാട്ടിലേക്ക് താമസത്തിനു വന്ന അവൾക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ…
ചെറിയൊരു വാടക വീട്ടിലാണ് അവരുടെ താമസം.
അവളുടെ അമ്മ അടുത്തുള്ള വീടുകളിൽ പണിക്കു പോകുന്ന ഒരു സാധു സ്ത്രീയാണ്.
എങ്കിലും പണിക്കുപോയി കിട്ടുന്ന കാശുകൊണ്ട് സൗമിനിക്ക് നിറയെ വളയും പൊട്ടും ഒക്കെ വാങ്ങി കൊടുക്കും.
സൗമിനിയും എന്റെ കൂടെ വൈകുന്നേരങ്ങളിൽ കളിക്കാൻ വരും..
എനിക്കവൾ മിനിക്കുട്ടി ആയിരുന്നു.
ഗിരി വഴിയരുകിലെ കലുങ്കിൽ ഇരുന്നു.
ഓർമ്മകൾനിറഞ്ഞ് മനമാകെ തിക്ക്മുട്ടുന്നു.
ഇനിയൊരിക്കലും കഴിഞ്ഞതൊന്നും ഓർമിക്കരുതെന്ന് കരുതിയിരുന്നു.
പക്ഷെ……കാലം വീണ്ടും ഓർമ്മിപ്പിക്കുകയാണ് പലതും.
*********************
സൗമിനി വായാടിയായ ഒരു പെൺകുട്ടിയായിരുന്നു.
സ്കൂൾ വിട്ടാൽ തനിക്കൊപ്പമാണ് അവൾ വീട്ടിലേക്ക് പോകുക.
വീട്ടിൽ നിന്നും താൻ കൊണ്ടുവരുന്ന അമ്പഴങ്ങയും, പേരക്കയും ഒക്കെ കഴിച്ച് തന്റെ കൂടെ നടക്കും.
അവൾക്ക് എപ്പോഴും ഓരോരോ സംശയങ്ങൾ ആയിരുന്നു .
എന്താ ഗിരിയേട്ടാ കുഴിയാനക്ക് തുമ്പികൈ ഇല്ലാത്തത്. തുമ്പികൈയൊന്നും ഇല്ലാത്ത ഈ ഇത്തിരി കുഞ്ഞന്‍ ആരാ കുഴിയാന എന്ന് പേരിട്ടത്…. എന്നൊക്കെയാണ് അവളുടെ ചോദ്യം.
അവളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തന്റെ പക്കൽ ഉണ്ടായിരുന്നു.
താൻ പറഞ്ഞാലേ അവൾ വിശ്വസിക്കൂ…
തന്റെ വീട്ടിൽ നിന്നും കുറച്ച് ദൂരമേ ഉള്ളൂ അവളുടെ വീട്ടിലേക്ക്.
എങ്കിലും , ഞങ്ങൾ ആണുങ്ങൾ മാത്രമുള്ള വീടായതുകൊണ്ടാകാം അവൾ വീട്ടിലേക്ക് അങ്ങനെ വരാറൊന്നും ഇല്ല.
വല്ലപ്പോഴും വന്നാൽ തന്നെ, ഗിരിയേട്ടാ കളിക്കാൻ വരുന്നുണ്ടോ അപ്പുറത്തെ ചിന്നുവും അപ്പുവും ഒക്കെ ഗിരിയേട്ടൻ വരുന്നതും കാത്തിരിക്കുവാ എന്നും പറഞ്ഞ് മുറ്റത്ത് നിൽക്കും.
അച്ഛന് അവളെ വലിയ ഇഷ്ട്ടമാണ്….ഭയങ്കര കുറുമ്പിയാണ് നീയ് എന്നൊക്കെ പറഞ്ഞ് ചിലപ്പോൾ അച്ഛൻ അവളെ കളിയാക്കും..
മറ്റ് ചിലപ്പോൾ അവൾ അവളുടെ അമ്മക്കൊപ്പം വരും. അച്ഛന്റെ കൈയിൽ നിന്നും കടമായി കുറച്ച് പണമൊക്കെ മേടിക്കും.
മേടിച്ചാലും കൃത്യമായി അവർ മടക്കിതരുമായിരുന്നു.
ഒരിക്കൽ, അവൾ അന്ന് ഏഴിൽ പഠിക്കുകയാണ് ഞാൻ ഒൻപതിലും
അന്ന് ഇന്റർവെൽ കഴിഞ്ഞ് ബെല്ലടിച്ചപ്പോൾ, ഓടി ക്ലാസ്സിലേക്ക് പോകുമ്പോഴാണ് പെൺകുട്ടികളുടെ ബാത്റൂമിനുമുന്നിൽ അവൾ കരഞ്ഞു കൊണ്ടു നിൽക്കുന്നത് കണ്ടത്.
എന്താ മിനിക്കുട്ടീ… ക്ലാസ്സിൽ പോകാത്തത്??
ഉത്തരമില്ല…ആ കണ്ണുകൾ മാത്രം നിറഞ്ഞൊഴുകുന്നുണ്ട്.
എന്തായാലും പറ. ആരേലും മിനിക്കുട്ടിയെ വഴക്ക് പറഞ്ഞോ??
ഇല്ല.
പിന്നെന്തിനാ കരയുന്നത്.
ഒന്നുമില്ല..
എന്നാൽ ക്ലാസ്സിലേക്ക് പോ..
ഇല്ല…
അതെന്താ കൂട്ടുകാരി പിണങ്ങിയോ??
ഇല്ല… കരച്ചിലോടെ അവൾ പറഞ്ഞു.
പിന്നെന്താ… എന്തായാലും ഗിരിയേട്ടനോട് പറ.
ഒന്നൂല്ല… അവൾ തല കുനിച്ചു നിലത്തേക്ക് നോക്കി നിന്നു
പെട്ടന്നാണ് അവൻ ശ്രെദ്ദിച്ചത്.. അവളുടെളുടെ കാലുകളിലേക്ക് ഒലിച്ചിറങ്ങി പടർന്ന രക്തം ..
അയ്യോ ഇതെന്താ കാലുമുറിഞ്ഞൊ??
അവൾ പെട്ടന്ന് പിന്നിലേക്ക് മാറി. യൂണിഫോം കൂട്ടിപ്പിടിച്ച് തല കുനിച്ച് അവൾ നിൽക്കുന്നത് കണ്ടപ്പോൾ
ക്ലാസ്സിൽ കൂട്ടുകാർ തമ്മിൽ പറഞ്ഞ കാര്യങ്ങൾ അവന് പെട്ടന്ന് ഓർമ്മ വന്നു.
അരയും മുറിയുമായി പല കാര്യങ്ങളും തനിക്കറിയാം. പെൺകുട്ടികൾക്ക് ഒരു പ്രായമെത്തിയാൽ ഇങ്ങനെയാണത്രെ,തന്റെ പ്രിയചങ്ങാതി ഗോപുവാണ് ഇത്തരം കാര്യങ്ങൾ ഒക്കെ അറിയാവുന്നവൻ. എത്ര പുളി മിഠായിയാണ് അവന് വാങ്ങി കൊടുത്തിട്ടുള്ളത്. പുളി മിഠായി കൊടുത്താൽ അവൻ കുറേ കാര്യങ്ങൾ പറയും. ഞങ്ങൾ കൂട്ടുകാർ ഒക്കെ അത് കേട്ടിരിക്കും.
ഇത് അത് തന്നെയാകും.
അവന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.
സ്കൂളിൽ ഉച്ചകഞ്ഞി വയ്ക്കുന്ന സുമതി ചേച്ചിയോട് പറയാം എന്ന് കരുതി അവൻ അങ്ങോട്ട് ഓടി.
സുമതി ചേച്ചി അയൽവക്കക്കാരിയാണ്. പെട്ടന്ന് പോയി സുമതി ചേച്ചിയോട് മിനികുട്ടി ബാത്റൂമിനു മുന്നിൽ നിന്ന് കരയുകയാണ് എന്ന് പറഞ്ഞു.
നീ ക്ലാസ്സിൽ പൊയ്ക്കോ.. ഞാൻ ചെന്ന് നോക്കിക്കോളാം എന്ന് സുമതിച്ചേച്ചി പറഞ്ഞു.
വൈകുന്നേരം അവളെ കാത്തുനിന്നപ്പോൾ, മിനികുട്ടിയുടെ അമ്മ വന്ന് അവളെ കൂട്ടിക്കൊണ്ടുപോയി എന്ന് അവളുടെ കൂട്ടുകാരികൾ പറഞ്ഞു.
പിറ്റേന്ന് അവൾ ക്ലാസ്സിൽ വന്നില്ല.
അന്ന് ആകെ ഒരു നിരാശ തോന്നി.
കിലുകിലെ വർത്തമാനവും പറഞ്ഞ് തന്റെ കൂടെ നടക്കുന്നവളാണ്….
അന്ന് കൂട്ടുകാർക്കൊപ്പം നടക്കുമ്പോഴും എന്തോ ശൂന്യത ഉള്ളിൽ നിറഞ്ഞിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ ഒന്നും അവൾ എനിക്കൊപ്പം വന്നില്ല. അവളുടെ കൂട്ടുകാരികളുടെ കൂടെ നേരത്തെ പോകും. വൈകുന്നേരവും അവൾ എനിക്കായി കാത്തുനിൽക്കാതെയായി.
എങ്കിലും തമ്മിൽ കാണുമ്പോൾ മുഖത്തേക്ക് നോക്കി ചിരിക്കും…
അവൾ പത്തിൽ പഠിക്കുന്ന സമയം, അന്ന് താൻ പ്രീഡിഗ്രിക്ക് പഠിക്കുകയാണ്.
വൈകുന്നേരം ഞാൻ വീട്ടിലേക്കു പോകുമ്പോൾ അവൾ പിറകിൽ നിന്നും വിളിച്ചു.
നിൽക്ക് ഗിരിയേട്ടാ… ഞാനും വരുന്നു.
മിനിക്കുട്ടിയെ ഇപ്പോൾ കാണാറേ ഇല്ലല്ലോ?
ഒത്തിരി പഠിക്കാനുണ്ട് ഗിരിയേട്ടാ….അതുകൊണ്ട് അങ്ങനെ പുറത്തേക്കൊന്നും പോകാറില്ല.
ഒരുമിച്ചു നടക്കുമ്പോഴും, വേറൊന്നും സംസാരിക്കാൻ ഇല്ലാത്തത് പോലെ…
എന്താ മിനിക്കുട്ടി പഴയതുപോലെ ഒത്തിരി സംസാരം ഒന്നുമില്ലല്ലോ. ആകെ സൈലന്റ് ആണല്ലോ ഇപ്പോൾ?
ഹേയ്.. അങ്ങനൊന്നും ഇല്ല..
അവളുടെ മുഖത്ത് നാണം നിറയുന്നത് അന്നാണ് ആദ്യമായി കണ്ടത്.
ഗോപു പറഞ്ഞത് ശരിയാണ്. പെൺകുട്ടികൾ വളരുമ്പോൾ അവർക്കുമുഖത്ത് നാണം വരുമത്രേ…
എന്താണെന്നറിയില്ല അന്ന് അവളെ കണ്ണിമയ്ക്കാതെ നോക്കാൻ തോന്നി.
വിടർന്ന, കരിമഷി എഴുതിയ ആ കണ്ണുകൾക്ക് എന്ത് ഭംഗിയാണ്..
നീണ്ട മൂക്കിൽ തിളങ്ങുന്ന പച്ചക്കൽ മൂക്കുത്തി, മൂക്കിന് താഴെ വിയർപ്പു പൊടിഞ്ഞിട്ടുണ്ട് നേർത്ത സ്വർണ്ണ നിറമുള്ള മീശയുണ്ട് അവൾക്ക്. ഇളം ചുവപ്പ് പടർന്ന ചുണ്ടുകൾക്ക് എന്തൊരു ചേലാണ്.
കവിളുകൾ അരുണാഭമാണ്. മാറി, ടങ്ങളാവട്ടെ വിടരാൻ കാത്തിരിക്കുന്ന ഇരു പൂമൊട്ടുകൾ പോലെ…
ചുവപ്പ് പട്ടുപാവാടയും, ബ്ലൗസുമണിഞ്ഞ അവളെ കണ്ടാൽ ഒരു ദേവതയാണെന്ന് തോന്നും..
എന്താ ഗിരിയേട്ടാ… ആലോചിക്കുന്നത്..
ഹേയ്… ഒന്നുമില്ല.
ഒന്നും സംസാരിക്കാനില്ലാതെ അവർ ഒരുമിച്ചു നടന്നു.
അത് വരെ തോന്നിയിട്ടില്ലാത്ത എന്തോ ഒരു മൃദുലവികാരം ഉള്ളിൽ അലയടിക്കുന്നു. എന്തായിരുന്നുവത്?? അറിയില്ല. അവളെ ഓർമിക്കുമ്പോൾ പോലും ഉള്ളം തരളിതമാകും.
ചിലപ്പോഴൊക്കെ അവളെ കാണാൻ വല്ലാത്ത കൊതി തോന്നും.
ചിന്തകളിൽ നിറയെ അവളായിരുന്നു..
അഴിച്ചിട്ട അവളുടെ നീണ്ട മുടിയിഴകളിൽ,ഒന്ന് മുഖമൊളിപ്പിക്കണമെന്നും, ആർദ്രമായ അവളുടെ മിഴികളിൽ ഒന്നുമ്മ വയ്ക്കണമെന്നും ചിലപ്പോൾ കൊതി തോന്നും.
ഒളിച്ചും പാത്തുമൊക്കെ ചിലപ്പോൾ അവളെ ഒരുപാട് നേരം നോക്കി നിൽക്കും.
ഉള്ളം നിറച്ചും അവളായിരുന്നു. മറ്റെല്ലാ ചിന്തകളെയും മറന്ന് മനസ്സ് അവളിൽ മാത്രം നിറഞ്ഞ് നിന്നു.
പക്ഷെ അവൾക്ക് മുന്നിൽ ചെല്ലാൻ എന്തോ ഒരു മടി തോന്നി.
അവൾ കാണാതെ അവളെ കാണുവാനായിരുന്നു തനിക്കിഷ്ട്ടം.
കള്ളത്തരം ചെയ്ത കുട്ടിയെ പോലെ അവൾക്ക് മുന്നിൽ ചെല്ലാതെ, എല്ലായ്പോഴും മാറി നടന്നു.
താൻ ഡിഗ്രിക്ക് ജോയിൻ ചെയ്ത ആ ദിവസമാണ് അവൾ പത്താം ക്ലാസ്സ് കഴിഞ്ഞ് പ്രീഡിഗ്രിക്ക് ചേർന്നത്.
അതുകൊണ്ട് തന്നെ മിക്കവാറും തമ്മിൽ കാണും.
വൈകുന്നേരം ഒരേ ബസിനുപോരുമ്പോൾ അവളെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കും.
ഭൂമിയിലെ എല്ലാ സൗന്ദര്യവും അവളിലാണെന്ന് തോന്നും.
മറ്റ് കോളേജിലെ ചില ആൺകുട്ടികൾ അവളെ നോക്കുമ്പോൾ തനിക്ക് ആകെ ദേഷ്യം തോന്നും.
ഒരുതരം സ്വാർത്ഥത ഉള്ളിൽ നിറഞ്ഞിരുന്നു. അവൾ എന്റേതാണ്… എന്റേത് മാത്രമാണ് എന്ന ചിന്ത എപ്പോഴോ ഉള്ളിൽ പതിഞ്ഞു പോയിരുന്നു.
ഇനിയും ഒളിപ്പിച്ചു വയ്ക്കാൻ ആവില്ലെന്നു തോന്നിയപ്പോൾ ഇഷ്ട്ടം അവളോട് തുറന്നു പറയാൻ തോന്നി.
അന്നൊരു ബുധനാഴ്ചയായിരുന്നു. ബസിറങ്ങി പതിയെ നടന്നു പോകുന്ന അവൾക്കൊപ്പം എത്തി, എനിക്കൊരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു.
എന്താ ഗിരിയേട്ടാ…? അവളുടെ ആ ചോദ്യം കേട്ടതും, അത്ര നേരം ഉണ്ടായിരുന്ന സകല ധൈര്യവും ചോർന്നുപോയി..കൈകാലുകളിൽ വിറയൽ പടർന്നു.
ഉള്ളം കൈകൾ വിയർപ്പിൽ കുതിർന്നു.
എന്താ… എന്താ… ഗിരിയേട്ടാ…?
അത് പിന്നെ…
എന്താ… എന്ന് ചോദിച്ച് അവൾ മുഖത്തേക്ക് നോക്കിയ ആ നോട്ടം ഇന്നും മനസിലുണ്ട്.
അവളുടെ മുമ്പിൽ നിൽക്കുമ്പോൾ അന്ന് താൻ വല്ലാതെ വിറച്ചിരുന്നു.
എത്ര ധൈര്യശാലിയായ ആൺകുട്ടിയാണെങ്കിലും പ്രണയിക്കുന്ന പെണ്ണിന്റെ മുൻപിൽ ഇഷ്ട്ടം പറയാൻ ചെല്ലുമ്പോൾ ഒന്ന് വിറയ്ക്കും. അത് പേടി കൊണ്ടൊന്നും അല്ല, മറ്റെന്തോ പേരറിയാത്ത ഒരു വികാരമാണത്…
തന്റെ പകപ്പും, ആ നിൽപ്പും കണ്ടപ്പോൾ അവൾ പറഞ്ഞു..
ഗിരിയേട്ടൻ ഒന്നും പറയണ്ട, എനിക്കറിയാം ഈ മനസ്സ്. എനിക്കറിയാവുന്നത് പോലെ ആർക്കാണ് ഗിരിയേട്ടനെ അറിയുക?
അവൾ എന്റെ കണ്ണുകളിൽ നോക്കി അത് പറയുമ്പോൾ അന്ന് സന്തോഷം കൊണ്ടു താൻ തുള്ളിച്ചാടുകയായിരുന്നു.
പിന്നീടങ്ങോട്ട് ഞങ്ങളുടെ ലോകമായിരുന്നു…എത്ര പകർന്നിട്ടും കൊടുത്തു തീർക്കാത്ത അത്രയും പ്രണയമായിരുന്നില്ലേ തങ്ങൾക്കിടയിൽ.
അവൾക്ക് ഞാനെന്നാൽ ജീവനായിരുന്നു.
എനിക്കവളും.
അവിടുത്തെ ഓരോ പുൽക്കൊടിക്കു പോലുമറിയാം ഞങ്ങളുടെ പ്രണയത്തിന്റെ ആഴം.
ഒരിക്കൽ മാത്രം ഞാനവളുടെ ചൊടിയിണകളിൽ ചുംബിച്ചിട്ടുണ്ട്. അന്ന് ആ മുഖമാകെ നാണത്താൽ ചുവന്നു തുടുത്ത് പോയിരുന്നു.
ഒരു ജോലി നേടിയിട്ട് അവളെ സ്വന്തമാക്കണമെന്നായിരുന്നു തന്റെ അന്നത്തെ ഏറ്റവും വലിയ ആശ.
അന്ന് താൻ പിജി അവസാന വർഷമാണ്. അവൾ ഡിഗ്രിയും..
അന്ന് വീട്ടിൽ ചെന്നപ്പോൾ തണുത്തുവിറങ്ങലിച്ചു കിടക്കുന്ന അച്ഛനെയാണ് കണ്ടത്..പലതരം അസുഖങ്ങളാൽ അച്ഛൻ വലഞ്ഞിരുന്ന കാലമാണ്.
അല്ലെങ്കിലും അമ്മ പോയതിൽ പിന്നെ അച്ഛൻ ഒന്ന് ചിരിക്കുന്നത് പോലും താൻ കണ്ടിട്ടില്ല.
എന്നും അച്ഛന് ഓരോ വേദനകളാണ്..
അന്ന് അച്ഛൻ കട്ടിലിൽ നിന്നും താഴെ വീണ് ബോധമില്ലാതെ കിടക്കുകയാണ്. അന്ന് ദൈവാനുഗ്രഹം ഒന്ന് കൊണ്ടു മാത്രമാണ് അച്ഛനെ ഞങ്ങൾക്ക് തിരികെ കിട്ടിയത്.
എങ്കിലും അച്ഛൻ തീർത്തും അവശൻ ആയിരുന്നു. കടുത്ത ശ്വാസം മുട്ടും, കൂടെ ചുമയും. അസ്ഥിക്ക് തേയ്മാനവും.. അങ്ങനെ ഓരോ അസുഖങ്ങളാൽ അച്ഛൻ കഷ്ടപ്പെട്ടിരുന്നു.
അച്ഛനെ കാണിക്കാത്ത ആശുപത്രികൾ ഇല്ല.
ജീവിച്ച് മടുത്തെന്ന് അച്ഛൻ ചിലപ്പോൾ പറയും.
മൂത്ത സഹോദരൻ രവി ആയിടക്ക് വിവാഹിതനായി ഭാര്യയോടൊപ്പം വിദേശത്തേക്ക് പോയി.അല്ലെങ്കിലും സ്വന്തം കാര്യം നോക്കാൻ രവിയേട്ടൻ മിടുക്കനായിരുന്നു പണ്ടും.
തൊട്ട് താഴെയുള്ള ഹരി ചേട്ടനാണ് ഇപ്പോൾ കൃഷിയും, അച്ഛന്റെ തടിമില്ലും നോക്കി നടത്തുന്നത്.
ഹരിഏട്ടൻ ഒരു ഒരു സാധുവാണ്. പക്ഷെ ഭയങ്കര പിശുക്കനുമാണ് ആള്.
ഏറ്റവും ഇളയവൻ ആയതുകൊണ്ടാകും അച്ചന് എന്നോട് കുറച്ച് സ്നേഹം കൂടുതൽ ഉണ്ട്. എന്ന് വച്ച് മറ്റ് മക്കളോട് സ്നേഹമില്ല എന്നല്ല, എന്നോട് കുറേ നേരം സംസാരിച്ച് ഇരിക്കും. കൂടുതലും പഴയ കാര്യങ്ങൾ ഒക്കെയാണ് പറയുന്നത്.
അച്ചന് അധികം പ്രായമൊന്നും ഇല്ലെങ്കിലും, അച്ഛനിപ്പോൾ തീരെ അവശനാണ്.
അതുകൊണ്ട് കോളേജിൽ പോകും മുൻപും, പോയിട്ട് വരുമ്പോഴും ഒക്കെ കൂടുതൽ സമയം അച്ഛനോടൊപ്പം ചിലവഴിക്കും.
അച്ഛൻ പണ്ടെന്നെ കിണറ്റിൻ കരയിൽ നിർത്തി കുളിപ്പിക്കുന്നത് പോലെ ഇപ്പോൾ അച്ഛനെ ഞാനും കുളിപ്പിക്കും. എന്റെ കൈ പിടിച്ച് അച്ഛൻ മുറ്റത്തൂടെ നടക്കും.
ഒരു ദിവസം മൂത്ത ചേട്ടൻ വിദേശത്ത് നിന്നും വന്നപ്പോൾ അച്ഛൻ പറഞ്ഞു. ഞാൻ ജീവിച്ചിരിക്കുമ്പോൾ സ്ഥലമൊക്കെ വീതം വയ്ക്കണം അല്ലെങ്കിൽ എന്റെ കാലശേഷം എന്റെ മക്കൾ സ്വത്തിനു വേണ്ടി വഴക്കിടും എന്ന്. ഏട്ടന്മാർക്ക് രണ്ടാൾക്കും അത് സമ്മതമായിരുന്നു.
ആകെ നാലേക്കർ സ്ഥലവും വീടും, പിന്നെ അച്ഛന്റെ തടിമില്ലുമാണ് ഉള്ളത്. പിന്നെ ഒരു കിലോമീറ്റർ അപ്പുറത്ത് ടൗണിനോട് ചേർന്ന് കിടക്കുന്ന എഴുപത് സെന്റ് സ്ഥലവുമുണ്ട്.
രവിയേട്ടൻ വിദേശത്ത് ആയത് കൊണ്ട് വീടോ മറ്റോ ഏട്ടന് വേണ്ട.
അതുകൊണ്ട് ഒന്നരയേക്കർ സ്ഥലം എഴുതി കൊടുത്തു.
ഗിരിയേട്ടന് ഒരേക്കർ സ്ഥലവും, തടിമില്ലും എഴുതി കൊടുത്തു.
പിന്നെയുള്ള ഒന്നരയേക്കർ സ്ഥലവും വീടും അച്ഛന്.അച്ഛന്റെ കാലശേഷം അച്ഛനെ നോക്കുന്ന ആൾക്കാണ് അതിന്റെ അവകാശം.
ടൗണിലെ എഴുപത് സെന്റ് സ്ഥലം അച്ഛൻ എനിക്കാണ് തന്നത്. മറ്റുള്ളവർക്ക് കൊടുത്തതിനേക്കാൾ വിലയുള്ള സ്ഥലമാണ് ടൗണിലെ എഴുപത് സെന്റ് സ്ഥലത്തിന്. അതുകൊണ്ടാകും രവിയേട്ടന്റെ മുഖംഅൽപ്പം വാടിയിരുന്നു. പിന്നെ അച്ഛനെ ധിക്കരിക്കാൻ വയ്യാത്തതുകൊണ്ടാകും ഒന്നും പറഞ്ഞില്ല.
രവിയേട്ടൻ പറഞ്ഞു, സ്ഥലത്തിന് ആവശ്യമില്ല അതുകൊണ്ട് സ്ഥലം വിറ്റ് കാശ് ആക്കാനാണ്തീരുമാനമെന്ന്.
സ്ഥലം പുറത്ത് ആർക്കും കൊടുക്കണ്ട എന്നും പറഞ്ഞ് ഹരിയേട്ടൻ രവിയേട്ടന് പണം കൊടുത്ത് ആ സ്ഥലം കൂടെ ഹരിയേട്ടൻ വാങ്ങിച്ചു.
അച്ഛൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
അന്ന് രാത്രിയിൽ അച്ഛൻ ഒരുപാട് എന്നോട് സംസാരിച്ചു. എന്താടാ ഗിരികുട്ടാ നിനക്ക് സ്ഥലത്തിനോടും കാശിനോടും ഒന്നും ആർത്തിയില്ലേ എന്നും ചോദിച്ച് എന്റെ തലയിൽ തട്ടി..
എനിക്കും വേണം.. വളരെ വിലപിടിപ്പുള്ള ഒരു മുതൽ.
എന്താണത്?
എന്തായിരിക്കും??
എന്റെ ബാങ്ക് അക്കൗണ്ടിൽ കിടക്കുന്ന കാശാണോ?? ഇനി അതും കൂടെ പങ്കുവയ്ക്കേണ്ടി വരുമോ അച്ഛൻ ഉറക്കെ പൊട്ടിച്ചിരിച്ചു.
അല്ല…. എനിക്കെന്റെ ഈ അച്ഛനെ മതി. അച്ഛന്റെ മടിയിൽ തല ചേർത്ത് കുറേ നേരം അങ്ങനെ ഇരുന്നപ്പോൾ അച്ഛൻ പതിയെ തന്റെ തലയിൽ തഴുകി പറയുന്നുണ്ടായിരുന്നു, ഇവനൊരു പൊട്ടനാ…
അതെ ഞാനൊരു പൊട്ടനായിരുന്നു സ്നേഹിക്കാൻ മാത്രം അറിയുന്ന, സ്നേഹത്തിനു വേണ്ടി മരിക്കാൻ പോലും തയ്യാറാകുന്ന ഒരു പൊട്ടൻ.
അമ്മയുടെ കുറേ ആഭരണങ്ങൾ ഉണ്ട്. അത് മറ്റാർക്കും കൊടുക്കാതെ ഞാൻ മാറ്റി വച്ചിരിക്കുന്നത് എന്തിനാണ് എന്നറിയാമോ? അച്ഛൻ ചോദിച്ചു.
എന്തിനാ…?
അത് നിനക്കൊരു മകൾ പിറക്കുമ്പോൾ അവൾക്ക് കൊടുക്കണം.നാല്പത് പവനോളം വരുന്ന അമ്മയുടെ ആഭരണങ്ങളുടെ അവകാശി നിന്റെ മകൾ ആയിരിക്കണം.
അച്ഛന് ആയിടക്ക് അൽപ്പം അസുഖമൊക്കെ കുറഞ്ഞ സമയമാണ്.
പിജി കഴിഞ്ഞപ്പോൾ എറണാകുളത്ത് ജോലി ശരിയായി.
അച്ഛനെ വിട്ടിട്ട് എങ്ങോട്ടും പോകുന്നില്ല, ഇവിടെ എവിടേലും ജോലി കിട്ടുമോന്നു നോക്കട്ടെ എന്ന് പറഞ്ഞപ്പോൾ അച്ഛൻ വല്ലാതെ ദേഷ്യപ്പെട്ടു.
കിട്ടിയ ജോലി കളയരുത്. ഒരു പെണ്ണ് നിന്നെ കാത്തിരിപ്പില്ലേ അവളെ പെട്ടന്ന് താലി കെട്ടി കൂടെ കൂട്ടിക്കോ… എന്ന് പറഞ്ഞപ്പോൾ അതിശയം തോന്നി. അച്ഛന് തന്റെ പ്രണയം അറിയാം എന്നത് തനിക്കപ്പോഴാണ് മനസിലായത്.
പിറ്റേന്ന് താൻ ജോലിക്കായി പോയി. രണ്ട് കൊല്ലം കഴിഞ്ഞാൽ മിനികുട്ടിയുടെ പഠിത്തം കഴിയും പിന്നെ ആ കഴുത്തിൽ ഒരു താലി ചാർത്തി അവളെ സ്വന്തമാക്കണം. ഏട്ടന്മാർ ഒരുപക്ഷെ ഞങ്ങളുടെ വിവാഹത്തിന് സമ്മതിക്കില്ല. കാൽ കാശിനു ഗതിയില്ലാത്ത കൂട്ടർ ആണെന്ന് പറഞ്ഞ് അവരെ ഏട്ടന്മാർക്ക് ഇഷ്ട്ടമല്ല.
എങ്കിലും അച്ഛൻ സമ്മതിക്കും. അച്ഛന് സൗമിനിയെ ഇഷ്ട്ടമാണ്.
ലീവിന് വരുമ്പോൾ അച്ഛന് വലിയ സന്തോഷമാണ്. ഹരിയേട്ടൻഅച്ഛനെ നന്നായി നോക്കും. അച്ചന് വേറെ വിഷമങ്ങൾ ഒന്നും ഇല്ല. ഇടക്കൊക്കെ ലീവിന് ചെല്ലുമ്പോൾ അച്ഛൻ ഹരിയേട്ടന്റെ കൈ പിടിച്ച് നടക്കുന്നത് കാണാം.
തന്നെ കാണുമ്പോൾ പിന്നെ തന്റെ കൈപിടിച്ചാണ് നടത്തം.
തിരിച്ചു പോകുന്നത് വരെ അച്ചനോടൊപ്പം സമയം ചിലവഴിക്കും. ഉച്ചക്ക് അച്ഛനൊന്നു മയങ്ങുന്ന നേരത്താണ് താൻ മിനിക്കുട്ടിയെ പോയി കാണുന്നത്.
ലീവ് കഴിഞ്ഞ് താൻ പോകുമ്പോൾ അച്ഛന്റെ മുഖം വാടും.
ഒരു തിങ്കളാഴ്ചയാണ് വീട്ടിൽ നിന്നും കാൾ വന്നു അച്ഛന് കൂടുതലാണ് നീ വേഗം വരണമെന്ന് പറഞ്ഞ് ഹരിയേട്ടനാണ് വിളിച്ചത്..
രാത്രിയോട് കൂടി വീട്ടിൽ എത്തിയപ്പോൾ കണ്ടു അച്ഛൻ വല്ലാത്ത അവശതയിലാണ്
പെട്ടന്നാണ് സുഖമില്ലാതായത്. ഉച്ചക്ക് കൂടെ ജോലിക്കാരുടെ സഹായത്തോടെ മുറ്റത്തു കൂടെ ഒക്കെ നടന്നതാണ്. ഹരിയേട്ടൻ പറഞ്ഞു.
അച്ഛന്റെ അരികിൽ ഇരുന്ന് അച്ഛാ… എന്ന് വിളിച്ചപ്പോൾ അച്ഛൻ പതിയെ കണ്ണ് തുറന്നു.
എന്നെ നോക്കി ഗിരിക്കുട്ടാ എന്ന് വിളിച്ചു.
ഹരി… നീയിവനെ നോക്കിക്കോണം എന്ന് ഏട്ടനോട് അച്ഛൻ പറഞ്ഞു.
ഞങ്ങളുടെ രണ്ടാളുടെയും കൈകളിൽ അച്ഛൻ ഉമ്മ വച്ചു. രവിയെ കാണാൻ കൊതിയുണ്ട് പക്ഷെ അവൻ ഓടി വരാൻ പറ്റുന്ന ദൂരത്തിൽ അല്ലല്ലോ എന്ന് പറഞ്ഞു.
തന്റെ ഈ കൈകളിൽ മുറുകെ പിടിച്ച് അവസാനമായി തന്റെ കണ്ണുകളിലേക്ക് നോക്കി, എന്നെന്നേക്കുമായി അച്ഛൻ കണ്ണുകളടച്ചു.
തനിക്ക് ആ വിയോഗം ഉൾക്കൊള്ളാൻ ആയില്ല. ചടങ്ങുകൾ എല്ലാം കഴിഞ്ഞ്ദിവസങ്ങൾ കഴിഞ്ഞിട്ടും,ആ വീട്ടിൽ അച്ഛന്റെ മുറിയിൽ അച്ഛനുപയോഗിച്ച ഓരോന്നും എടുത്ത് നോക്കി അച്ഛനാ കട്ടിലിൽ കിടപ്പുണ്ടെന്നു വെറുതെ കരുതി അങ്ങനെ ഇരിക്കും…
അപ്പോഴൊക്കെ ഒരു സ്വാന്തനമായി സൗമിനി കൂടെ ഉണ്ടായിരുന്നു..
ഏട്ടൻ തടിമില്ലിലേക്ക് പോയി കഴിയുമ്പോൾ അവൾ വരും. ആ മടിയിൽ കിടന്ന് എത്ര കണ്ണീർ വാർത്തിരിക്കുന്നു താൻ.
അവളുടെ വിരലുകൾ അമ്മയുടെ വിരലുകൾ പോലെയാണ്, അവൾ തഴുകുമ്പോൾ എത്ര സങ്കടങ്ങളാണ് അലിഞ്ഞു പോയത്.
എനിക്കവളെ വേണമായിരുന്നു. അച്ഛനുമമ്മയും നഷ്ട്ടപ്പെട്ട, ഒറ്റപ്പെടലിൽ ഉരുകിയ എനിക്ക് അവളെ വേണമായിരുന്നു.
സ്നേഹത്തോടെ ശാസിക്കുന്ന അമ്മയായി, ഇടയ്ക്കു വഴക്ക് പറയുന്ന അച്ഛനായി, ഒരു സുഹൃത്തായി, കാമുകിയായി, എന്റെ എല്ലാമായി അവൾ കൂടെ ഉണ്ടായിരുന്നു.
പിന്നീട് ഏട്ടന്റെ നിർബന്ധത്താൽ താൻ വീണ്ടും ജോലിക്ക് പോയി.
ഒരു ദിവസം ലീവിന് വന്നപ്പോൾ, അവൾ പറഞ്ഞു അമ്മയുടെ സഹോദരന്റെ മകനുമായുള്ള വിവാഹത്തിന് അമ്മ നിർബന്ധിക്കുന്നു എന്ന്. നമ്മുടെ കാര്യം പറയാൻ മേലാരുന്നോ എന്ന് ചോദിച്ചപ്പോൾ, സമ്പന്ന കുടുംബമായി ഗിരിയുടെ വീട്ടുകാർ എനിക്കൊരു വേലക്കാരിയുടെ സ്ഥാനം പോലും തരില്ല അതുകൊണ്ട് അത് വേണ്ട എന്ന് അമ്മ പറഞ്ഞത്രേ
അന്നാണ് അവൾ കരയുന്നത് ആദ്യമായി കണ്ടത്. ഗിരിയേട്ടാ…. പിടിച്ച് നിൽക്കാൻ കഴിയാതെ വന്നാൽ ഞാൻ പിന്നെ ഉണ്ടാവില്ല എന്ന് പറയുമ്പോൾ അവൾ ആകെ ഇടറിപ്പോയിരുന്നു.
അന്ന് ഹരിയേട്ടനോട് പറഞ്ഞു. സൗമിനിയുമായുള്ള അടുപ്പത്തെക്കുറിച്ച്.
ഏട്ടൻ അന്ന് ദേഷ്യപ്പെട്ടു, പിന്നെ ഒടുവിൽ പറഞ്ഞു നിന്റെ ഇഷ്ട്ടം നടക്കട്ടെ എന്ന്.
രാത്രിയിൽ പതിവില്ലാതെ ഹരിയേട്ടൻ മുറിയിൽ വന്നു.
ഏട്ടന്റെ മുഖത്ത് വല്ലാത്ത വിഷമം നിറഞ്ഞ് നിന്നിരുന്നു.
എന്താ ഏട്ടാ..?
അത് പിന്നെ..ഹരിമോനെ…
എന്താഏട്ടാ…??
മോനേ… ഹരിയേട്ടന് തടിമില്ലിൽ നിന്നും വലിയ വരുമാനം ഒന്നുമില്ല. ഒന്നുരണ്ടു പദ്ധതികൾ മനസ്സിൽ ഉണ്ട്. മോനാ ടൗണിനടുത്തുള്ള സ്ഥലം തരുകയാണെങ്കിൽ. ഈ വീടും ഒന്നരയേക്കറും മോനങ്ങു തരാം. എന്തായാലും അച്ഛനെ നോക്കിയത് ഞാനായത് കൊണ്ട് വീടും സ്ഥലവും എനിക്കാണല്ലോ,അത് മോനങ്ങുതരാം.
അല്ല ഏട്ടൻ നിർബന്ധിക്കുവൊന്നും അല്ല. മോന് സമ്മതമാണെങ്കിൽ മാത്രം.
എനിക്കെന്ത് സമ്മതക്കുറവ്. ഏട്ടാ ആ സ്ഥലത്തിന് നല്ല വിലയുള്ളതല്ലേ കുറച്ച് മേൽപ്പണം കൂടെ കിട്ടിയാൽ കൊള്ളാമായിരുന്നു.എനിക്കീ വീടും സ്ഥലവും മതി, ഇവിടല്ലേ നമ്മുടെ അച്ഛനും അമ്മയും
ഉറങ്ങുന്നത്.
മേൽപ്പണം എത്രയാ മോൻ ഉദ്ദേശിക്കുന്നത്?
ഒരു ഏഴ് എട്ട് ലക്ഷം രൂപ എങ്കിലും…
അതിനെന്താ… നാളെത്തന്നെ ഒരുലക്ഷം അഡ്വാൻസ് തരാം. ബാക്കി അടുത്ത ദിവസം തന്നെ തരാം.
ശരി…
പിറ്റേന്ന് തന്നെ ഏട്ടൻ അഡ്വാൻസ് തുക തന്നു. ഏട്ടൻ പറഞ്ഞ ദിവസം എന്റെ പ്രോപ്പർട്ടി ഏട്ടന് ഞാൻ എഴുതികൊടുത്തു.
അത് എന്റെ തോൽവിയുടെ തുടക്കമായിരുന്നുവെന്ന് ഞാൻ അറിഞ്ഞിരുന്നില്ല..
തുടർഭാഗങ്ങൾ വായിക്കാൻ ക്ലിക്ക് ചെയ്യുക
