“എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ മുഖത്ത് നോക്കി പറയണം അല്ലാതെ പിറുപിറുക്കുകയല്ല വേണ്ടത് ” അകത്ത് രഞ്ചിയുടെ സംസാരം ഉച്ചത്തിൽ ആയിരുന്നു. ബഹളം കേട്ടിട്ടാവണം അമ്മയും അവിടേക്ക് പോയി.
“എടാ നീ എന്താടാ അച്ഛനെ പേടിപ്പിക്കാൻ നോക്കുവാണോ? ആവിശ്യത്തിനുള്ള വർത്താനം മാത്രം പറഞ്ഞാൽ മതി നീ” രഞ്ചിയുടെ സംസാരം അമ്മയ്ക്കും ഇഷ്ടായില്ല. രഞ്ചി അച്ഛനോട് കയർത്ത് സംസാരിച്ചത് അമ്മയ്ക്ക് ഒട്ടും ഇഷ്ടായില്ല അത് അമ്മ നല്ലപോലെ പ്രകടിപ്പിച്ചു. അതോടെ അവൻ അകത്ത് നിന്നും പുറത്തേക്കിറങ്ങി വന്നു.
“ഒരു പൈയ്യിനെ പോറ്റീട്ടല്ലെ ഈ വീട് ഇത്ര ആയത് ഞാൻ പുറത്ത് നിന്ന് ചോദിക്കുംബോ ചോദിക്കുംബോ പത്തും അബതും അയച്ചിട്ട് അല്ലേ ഈ വീട് എടുത്തത് തന്നെ എന്നിട്ട് എന്റെ ഒരാവിശ്യത്തിന് കുറച്ച് പൈസ ലോൺ എടുത്തു പോയി കൈയ്യിൽ പൈസ ഇല്ലാത്ത കൊണ്ട് രണ്ടടവ് മുടങ്ങി അതിനിപ്പൊ നാട്ടിൽ പതിനായിരം പേരോട് ഇതും പറഞ്ഞ് നടക്കണ്ട കാര്യം ഉണ്ടോ” രഞ്ചി അമ്മയ്ക്ക് നേരെ തിരിഞ്ഞു.
“ഇവിടുന്ന് ഞാനോ അച്ഛനോ ഒരാളോടും നീ പൈസ അടക്കുന്നില്ല എന്നും പറഞ്ഞ് നടക്കുന്നില്ല. പൊഴേലും കുടുംബശ്രീക്കും ഒക്കെ പോയി നൊസ്സു പറയുന്നത് ആരാ അച്ഛനാണോ?” അമ്മയുടെ കുത്ത് എനിക്ക് നേരെ ആയിരുന്നു. ഒന്നുമറിയാത്ത ഞാൻ സ്തംബിച്ചു നിന്നു പോയി. തികച്ചും അപ്രതീക്ഷിതമായിരുന്നു അമ്മയുടെ ഈ നീക്കം. ഇങ്ങനൊരു സംസാരം അതും രഞ്ചിയോട് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
“നൊസ്സു പറയാൻ നടക്കുന്നത് അമ്മ തന്നെയല്ലേ? അപ്പുറത്തും ഇപ്പുറത്തും പോയി ഓരോന്ന് പറഞ്ഞിട്ട് ഒന്നും ഞാൻ അറിയുന്നില്ലന്നാ വിചാരം.” ദേഷ്യം വന്നതോടെ ഞാൻ അമ്മയ്ക്ക് നേരെ തിരിഞ്ഞു. “രാജീവേട്ടൻ ഇങ്ങു വരട്ടെ നിങ്ങളെ ഈ സ്വഭാവത്തെ പറ്റി ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്. ഇങ്ങനേയും ഉണ്ടോ മനുഷ്യർ” എനിക്കും നല്ല ദേഷ്യം വന്നു. എന്തായാലും എന്റെ ദേഷ്യം കൂടി കണ്ടതോടെ അമ്മ ഒന്ന് അടങ്ങി. കഴിഞ്ഞ തവണ കുടുംബത്തിലെ ഒന്ന് രണ്ട് തലമുതിർന്നവർ വന്ന് മധ്യസ്ഥത ഒക്കെ പറഞ്ഞിട്ടായിരുന്നല്ലോ ഞാൻ വന്നത്. അന്നേ വാക്ക് ഉണ്ടായിരുന്നു അമ്മയുടെ അനാവശ്യ വർത്താനവും കുറ്റപ്പെടുത്തലും ഉണ്ടാകരുത് എന്ന്.
രാത്രി രാജീവേട്ടൻ വന്നപ്പോൾ ഞാനീക്കാര്യം ഒന്നും പറയാൻ പോയില്ല. വെറുതെ എന്തിനാണ് എന്ന് കരുതി. പറഞ്ഞത് കൊണ്ട് അമ്മയുടെ സ്വഭാവം മാറാനൊന്നും പോകുന്നില്ല.
“രാവിലെ ഇപ്പൊ ആരാ പാല് കറക്കുക” രാത്രി എല്ലാവരുടെയും മുന്നിൽ വെച്ച് ഞാൻ രാജീവേട്ടനോട് ചോദിച്ചു.
“അമ്മ പാലെടുക്കൂലെ?”
“ആ ഞാനിനി മുട്ടുവേദനയും കൊണ്ട് ആലേലും കേറി നിരങ്ങാം. എന്നെക്കൊണ്ടൊന്നും പറ്റൂല. ആർക്കെങ്കിലും പറ്റുമെങ്കിൽ കറന്നോ ഇല്ലെങ്കിൽ കുട്ടി തന്നെ കുടിച്ചോട്ടെ” അമ്മ കൈയ്യൊഴിഞ്ഞതോടെ ഞാൻ രാജീവേട്ടനു നേരെ നോക്കി.
“നീ എന്നാ എന്നെ നോക്കുന്നേ? എനിക്കിതൊന്നും പറ്റുകയും ഇല്ല അതിനുള്ള സമയോം ഇല്ല” രാജീവേട്ടനും കൈയ്യൊഴിഞ്ഞു. രഞ്ചിയൊന്നും ആ കാര്യം കേട്ടതായിട്ട് പോലും ഭാവിച്ചില്ല. എനിക്കാണെങ്കിൽ ആ കാര്യത്തിൽ അത്ര പരിജയവും ഇല്ല ! എന്തു ചെയ്യും!
“ഒന്ന് കൈപിടിച്ച് ആലയിൽ എത്തിച്ചാൽ ഞാൻ തന്നെ കറന്നോളാം” അച്ഛൻ അങ്ങനെ പറയുന്നത് കേട്ടപ്പോഴേ രഞ്ചിക്ക് ദേഷ്യം കേറി.
“മറ്റേക്കാലും കൂടി ചവിട്ടി ഒടിക്കുവാ വേണ്ടത്” അവൻ പിറുപിറുത്തത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു. എന്തായാലും പിറ്റേ ദിവസം മുതൽ എന്റെ ജോലി ഇരട്ടിയിലധികമായി മാറുകയായിരുന്നു. ഒന്നിനും വയ്യ എന്നു പറഞ്ഞെങ്കിലും ഞാൻ രാവിലെ രാജീവേട്ടനെ വിളിച്ചു ഒന്ന് രണ്ട് തവണ നിർബന്ധിച്ചു നോക്കി.
“വിദ്യേ നീ മിണ്ടാതെ പോയ്ക്കോണം കേട്ടല്ലോ” പുള്ളി ദേഷ്യപ്പെടുന്നുണ്ടെങ്കിലും അത്ര കാര്യായിട്ടല്ല ആ ദേഷ്യം.
“ഇങ്ങള് ഒന്ന് അടുത്ത് വന്ന് നിന്നാ മതി ബാക്കി ഒക്കെ ഞാൻ ആക്കിക്കോളാം” ഞാൻ പിന്നെയും പറഞ്ഞു നോക്കി. ഒടുവിൽ എന്റെ നിർബന്ധത്തിൽ ആലയിലേക്ക് വന്ന രാജീവേട്ടൻ അവിടെ തൂണുപോലെ നിന്നതല്ലാതെ പശുവിന്റെ അടുത്തു പോലും വരുന്നുണ്ടായില്ല.
”ഇങ്ങനെ വന്നു നിക്കാൻ ആണെ ഇങ്ങളെന്തിനാ” രാജീവേട്ടന്റെ നിസഹകരണം കണ്ടപ്പോൾ എനിക്കും ദേഷ്യം വന്നു.
“നീയല്ലെ നേരത്തെ പറഞ്ഞെ ഇവിടെ വന്നു നിന്നാ മാത്രം മതീന്ന്”
“ഞാനങ്ങനെ പറഞ്ഞുന്ന് വെച്ച് ഇങ്ങനെ ആണോ? ഇങ്ങള് ഒന്ന് നോക്ക്” ഞാൻ നിർബന്ധിച്ചു നോക്കിയെങ്കിലും കറന്നെടുക്കാനുള്ള ഒരു ശ്രമവും പുള്ളി നടത്തുന്നില്ല. എന്റെ കളി കണ്ടിട്ടാവണം രാജീവേട്ടൻ ചിരിക്കുന്നു. എനിക്കാണേൽ ദേഷ്യോം വരുന്നുണ്ടായിരുന്നു.
“നീ പിടിച്ചു വലിച്ചു നോക്ക്” രാജീവേട്ടൻ കൈയൊഴിഞ്ഞു കൊണ്ട് പറഞ്ഞു. എന്തിനേറെ പറയുന്നു അവസാനം ഞാൻ തന്നെ ആ സാഹസം കാണിച്ചു. അച്ഛൻ നാലഞ്ച് ലിറ്റർ രാവിലെ കറന്നെടുക്കുന്നത് ഞാൻ എങ്ങനെ നോക്കിയിട്ടും ഒരു ലിറ്ററിൽ താഴെയേ ഉള്ളൂ.
“നിനക്ക് അറിയാത്തത് കൊണ്ടാവും സാരമില്ല. വീട്ടാവശ്യത്തിനുള്ളത് ഉണ്ടല്ലോ” അച്ഛൻ പറഞ്ഞു. എന്തായാലും എനിക്ക് പിടിപ്പത് ജോലി തന്നെ ആയിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ. അച്ഛൻ അമ്മയോട് പുല്ലു ചെത്തിക്കൊണ്ടുവരാൻ പറഞ്ഞ് ബഹളമാണ്. അമ്മ ആണെങ്കിൽ കാലിനു വയ്യ എന്നും പറഞ്ഞ് വീട്ടിൽ തന്നെ ഇരിക്കും. ഉണ്ണി ആണെങ്കിൽ അമ്മയുടെ കൂടെ അധികനേരം ഇരിക്കില്ല. അവന് അച്ചാച്ചൻ തന്നെ വേണം. അച്ഛന് കാലിന് വയ്യ എന്നുള്ളത് ഒന്നും അവന് അറിയണ്ട അവന് അവന്റെ കൂടെ കളിക്കാൻ ആള് വേണം. അതേ ഉള്ളൂ. അതിനിടെ അച്ഛന്റെ വയ്യായ്ക അറിഞ്ഞിട്ട് എന്റെ വീട്ടിൽ നിന്നും എല്ലാവരും വന്നിട്ടുണ്ടായിരുന്നു. ഉണ്ണിക്ക് ഒരു സൈക്കിൾ വാങ്ങി വണ്ടിയിൽ വെച്ചിരുന്നു ഏട്ടൻ. എല്ലാവരും എത്തിയത് അറിഞ്ഞ് രാജീവേട്ടനും വേഗം വീട്ടിൽ വന്നു. കൊറേ നേരം സംസാരിച്ചിട്ടൊക്കെയാണ് അവർ തിരികെ പോയത്.
രണ്ട് മൂന്ന് മാസം ഞാൻ ശെരിക്കും കഷ്ടപ്പെട്ടു പോയി. അതിനിടെ രജിതേച്ചി ഇടയ്ക്ക് ഒഴിവ് കിട്ടുംബോ അവരുടെ വയൽക്കരയിൽ നിന്നും പുല്ല് ചെത്തി എടുത്ത് വിളിക്കും. ഞാൻ രാജീവേട്ടനെ വിളിച്ച് ഓട്ടോ വരുംബോ അതിൽ എടുക്കാൻ പറയും.
“വണ്ടീൽ പുല്ലും ചാണകോം ഒക്കെ എടുത്ത് .. എന്നെകൊണ്ട് പറയിപ്പിക്കണ്ട” എന്തൊക്കെയോ പറഞ്ഞ് ബഹളം വെക്കുന്നുണ്ടായിരുന്നു രാജീവേട്ടൻ. എന്നാലും കൊണ്ടു വരും.
“ആദ്യം വണ്ടി കഴുക് എന്നിട്ട് പുല്ലു കൊണ്ടോയാൽ മതി.” വണ്ടിയിൽ നിന്നും ഇറക്കുംബോൾ തന്നെ അത് പറഞ്ഞ് കഴിഞ്ഞിരുന്നു. പുല്ല് കൊണ്ടു വന്ന ദിവസം വണ്ടി കഴുകൽ എന്റെ ജോലിയായി. എന്തായാലും അച്ഛൻ പതുക്കെ നടക്കാൻ തുടങ്ങിയത് നല്ല ആശ്വാസമായിരുന്നു. പതുക്കെ പതുക്കെ അച്ഛൻ പതിവു ജീവിതത്തിലേക്ക് തിരികെ വന്നു. അതിനിടെ രഞ്ചി കാർ വാങ്ങാൻ തീരുമാനം എടുത്തു. അത് വീട്ടിലെല്ലാവരും അറിഞ്ഞത് തന്നെ ലോൺ ശെരിയാക്കാൻ വന്ന ഏതോ പ്രൈവറ്റ് ഫിനാൻസ് കമ്പനിയുടെ എക്സികൂട്ടീവിനെ കണ്ടപ്പോഴാണ്. ഇപ്പോൾ വീടിരിക്കുന്ന വസ്തുവിന്റെ ആധാരത്തിന്റെ കോപ്പിയും കരമടച്ച രസീതും ഒക്കെ വേണമെന്നാണ് പറഞ്ഞത്. പറയുന്നത് അച്ഛനും കേട്ടത് കൊണ്ടാവണം ഒന്നും മിണ്ടാതെ അകത്തേക്ക് പോയി അലമാരയിൽ നിന്നും ഒരു ഫയലുകൾ അടങ്ങിയ കവർ എടുത്ത് കൊണ്ട് വന്നു.
“നീ നോക്കിക്കോ അവനുണ്ടല്ലോ രഞ്ചി അവൻ നീ നിക്കുന്ന വീട് കൂടി അവന്റെതാക്കും അങ്ങനെത്തെ ബുദ്ധി ആണ് അവന്റെത് ” കഴിഞ്ഞ ദിവസം കൂടി രജിതേച്ചി പറഞ്ഞത് ഞാനോർത്തു. എന്റെ നോട്ടം അച്ഛൻ പുറത്തെടുത്ത പേപ്പറിലേക്കായിരുന്നു.
അച്ഛൻ പേപ്പർ പുറത്തെടുത്ത് ഇരുത്തിയേൽ വെച്ചു.
“ആദ്യം ഇതിൽ പറഞ്ഞ സഖ്യ ലോൺ അടച്ച് എന്റെ സ്ഥലത്തിന്റെ രേഖ ബേങ്കിൽ നിന്നും എടുത്ത് താ എന്നിട്ട് മതി കാറെടുക്കലും ലോണെടുക്കലും” അച്ഛൻ എടുത്ത് പുറത്ത് വെച്ചത് അച്ഛന്റെ സ്ഥലത്തിന് ലോൺ അടയ്ക്കാത്തത് കൊണ്ടു ബേങ്കിൽ നിന്നയച്ച നോട്ടീസായിരുന്നു. കരമടച്ച രസീത് പ്രതിക്ഷിച്ച രഞ്ചിയുടെ മുഖം പെട്ടെന്ന് മാറി. ലോൺ ചെയ്യാൻ വന്ന എക്സിക്യൂട്ടീവിനു മുന്നിൽ രഞ്ചി അപമാനിതനായി.
“ഞാൻ അത് ഓഫീസിലെത്തിക്കാം. എന്തായാലും നാളെ വിളിക്കാം” സുഹൃത്തു കൂടി ആയ അയാളെ രഞ്ചി വേഗം പറഞ്ഞു വിട്ടു. അധികം വൈകാതെ ബൈക്കെടുത്ത് രഞ്ചി പുറത്തേക്ക് പോയി. അതോടെ അമ്മ അകത്തു നിന്നും അച്ഛനെ വഴക്ക് പറയാൻ തുടങ്ങി. അല്ലേലും അച്ഛൻ ചെയ്തത് ഇത്തിരി കടന്ന കൈ തന്നെ ആയിരുന്നു. മറ്റൊരാളുടെ മുന്നിൽ വെച്ച് അത് വേണ്ടായിരുന്നു.
“വാക്കും പറഞ്ഞ് ലോൺ എടുത്തിട്ട് മര്യാദയ്ക്ക് അടച്ചിരുന്നേൽ ഇതിന്റെ ഒന്നും ആവിശ്യം വരില്ലായിരുന്നല്ലോ” അച്ഛനും പറയാൻ കാരണമുണ്ടായിരുന്നു. എന്തായാലും അതിനു ശേഷം സുജിമ ഉൾപ്പെടേ അച്ഛനോട് കൂടുതൽ അകലം കാണിച്ചു. അമ്മ ആണെങ്കിലും ആവിശ്യത്തിന് മാത്രം മിണ്ടുക എന്ന നിലയിലേക്ക് ആയി. രഞ്ചിയും സുജിമയും പലപ്പോഴും വരുന്നത് തന്നെ രാത്രി ഒരുപാട് വൈകിയിട്ടൊക്കെ ആണ് . ഒട്ടുമിക്കപ്പോഴും പുറത്ത് നിന്നും ഭക്ഷണം കഴിച്ചിട്ടാവും വരുന്നത്. വീട്ടിൽ നിന്നും ചായ കുടിക്കുന്നത് പോലും അപൂർവം ആയി മാറി. ചില ദിവസങ്ങളിൽ രണ്ടു പേരും സുജിമയുടെ വീട്ടിലേക്ക് പോകും. അതിലൊക്കെ അമ്മയ്ക്ക് നല്ല പരാതി ഉണ്ടായിരുന്നു.
“സ്വന്തം വീട് ഇവിടെ വെച്ചിട്ടല്ലേ അവിടേം ഇവിടേം പോയി കിടക്കുന്നേ ഓരോ വിധി.” ആരോടെന്നില്ലാതെ പറയുകയാണ് അമ്മ. അതിനിടെ എന്റെ തയ്ക്കുന്ന മിഷ്യൻ ഉപയോഗശൂന്യമായി എന്നു തന്നെ പറയാം. പല തവണ ആയിട്ട് അത് നിന്നു പോവുകയും മറ്റും ചെയ്യാൻ തുടങ്ങിയതോടെ ഞാൻ രാജീവേട്ടനോട് പൈസ കടം തരാൻ പറഞ്ഞു. പൈസ ഇല്ല എന്നായിരുന്നു മറുപടി.
” ഇങ്ങളാരോടെങ്കിലും വാങ്ങി താ. അടുത്ത മാസം ഞാൻ കുറച്ച് പൈസ തരാം” ഞാൻ ശെരിക്കും ശല്യം ചെയ്യുകയായിരുന്നു രാജീവേട്ടനെ. പുതിയ മിഷ്യൻ വാങ്ങിയാൽ ഒന്നുല്ലേലും എന്റെ കാര്യങ്ങളൊക്കെ നടന്ന് പോകും. രാജീവേട്ടന്റെ കൈയ്യിൽ നിന്നും തന്നെയാണ് ആ മിഷ്യൻ കേടായതും എത്രയോ തവണ എന്നോടുള്ള ദേഷ്യം അതിന്റെ മേലെ ആയിരുന്നു രാജീവേട്ടൻ തീർത്തിരുന്നത്. ഏറെ നാൾ പറഞ്ഞിട്ടും രാജീവേട്ടന്റെ കൈയ്യിൽ നിന്നും പൈസ കിട്ടുന്ന ലക്ഷണം ഒന്നും കാണുന്നുണ്ടായില്ല അതുകൊണ്ടാവണം അച്ഛൻ കുറച്ച് പൈസ തരാം എന്നു പറഞ്ഞത്. ഞാൻ അത് സ്നേഹപൂർവം നിരസിച്ചു. അച്ഛന്റ അവസ്ഥ എനിക്ക് അറിയാമായിരുന്നു.
അതിനിടെ ഞാൻ എന്റെ വീട്ടിൽ പോയപ്പോൾ എന്റെ സങ്കടം കണ്ടിട്ടാവണം അമ്മ അമ്മയുടെ കുടുംബശ്രീയിൽ നിന്നും അയ്യായിരം രൂപ ലോൺ എടുത്തു തന്നു.
“ബാക്കി നീ എവിടുന്നേലും കൂട്ടീട്ട് മിഷ്യൻ വാങ്ങിക്കു ഞാൻ ഈ പൈസ തന്നത് ആരോടും പറയാൻ നിൽക്കണ്ട” പൈസ തരുംബോൾ തന്നെ അമ്മ പറഞ്ഞു. അത് അല്ലേലും അങ്ങനെയാണ് അമ്മ തരുന്നത് ആരോടും പറയാൻ പാടില്ല അത് അമ്മയ്ക്ക് നിർബന്ധമാണ്. എന്തായാലും ഞാൻ ആ പൈസ വാങ്ങി ബാഗിൽ വെച്ചു.
“നിന്റേൽ എന്തെങ്കിലും പൈസ ഉണ്ടോ വണ്ടിക്ക് ചില്ലറ പണി ഉണ്ടായിരുന്നു പിന്നെ ടാക്സും അടക്കണം” വീട്ടിൽ നിന്നും തിരിച്ച് വന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് രാജീവേട്ടൻ ചോദിച്ചത്.
“ഇവിടെ ഒരു മിഷ്യൻ മേടിക്കാൻ പൈസ ഇല്ലാഞ്ഞിട്ടാ ഞാൻ നിക്കുന്നേ അപ്പൊഴാ …” കൈയ്യിലുള്ളത് കൊടുത്താൽ അത് തിരിച്ചു കിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ഞാൻ പൈസ കൊടുത്തില്ല.
അതിനിടേ ഞായറാഴ്ച്ച രജിതേച്ചി കുടുംബശ്രീക്ക് പോകും വഴി വീട്ടിലും കേറിയിരുന്നു. അമ്മ വന്നു രജിതേച്ചിയോട് ഒന്ന് മിണ്ടിയിട്ട് വേഗം തന്നെ അകത്തേക്ക് പോയി. ഞങ്ങളുടെ സംസാരത്തിനിടയിൽ മിഷ്യൻ വാങ്ങാനുള്ള പൈസയുടെ കാര്യം കടന്നു വന്നപ്പോൾ ചേച്ചി തന്നെയാണ് കുടുംബശ്രീ ലോണിന്റെ കാര്യം പറഞ്ഞത്.
“നിനക്ക് വേണമെങ്കിൽ ഞാൻ പതിനായിരം രൂപ എന്റെ കുടുംബശ്രീന്ന് ലോൺ എടുത്ത് തരാം. ആഴ്ച്ചയ്ക്ക് അഞ്ഞൂറ് രൂപ വെച്ച് അടച്ചാൽ മതിയല്ലോ” ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ നിരസിക്കാൻ തോന്നിയില്ല. എന്തായാലും വീട്ടിലിരിക്കുക ആണെങ്കിൽ കുറച്ച് കൂടി സമയം കണ്ടെത്തിയാൽ അതിലും കൂടുതൽ പൈസ തയ്ച്ചിട്ട് തന്നെ ഉണ്ടാക്കാൻ പറ്റും. ഞാൻ മറ്റൊന്നും ആലോചിക്കാതെ തന്നെ ചേച്ചിയോട് പൈസ ലോൺ എടുക്കാൻ പറഞ്ഞു. അടുത്ത ആഴ്ച്ച തന്നെ ലോൺ കിട്ടുകയും ചെയ്തു. വീട്ടിൽ നിന്നും അമ്മ തന്ന അയ്യായിരം വേറെയും ചേച്ചി തന്ന പതിനായിരം വേറെയും ആയി ഞാൻ എന്റെ ബാഗിൽ തന്നെ വെച്ചു. അടുത്ത ഏതെങ്കിലും ദിവസം രാജീവേട്ടനേയും കൂട്ടി മിഷ്യൻ വാങ്ങിക്കാൻ പോകണമെന്ന് ഞാൻ മനസിൽ വിചാരിച്ചു.
“ഞാൻ ചോദിച്ചപ്പോ നിന്റേൽ പൈസ ഉണ്ടായിരുന്നില്ലല്ലോ ഇപ്പൊ എവിടുന്നാ പൈസ വന്നേ?”
“അത് ഒരാൾ കുടുംബശ്രീന്ന് ലോൺ എടുത്ത് തന്നതാ അല്ലാതെ എന്റെ കൈയ്യിൽ പൈസ ഉണ്ടായിട്ട് അല്ല” അത് കേട്ടതോടെ രാജീവേട്ടൻ ഒന്ന് ഇരുത്തി മൂളി.
“ഞാൻ നോക്കട്ടെ എനിക്ക് സമയോന്നും ഇല്ല” അതും പറഞ്ഞാണ് രാജീവേട്ടൻ വണ്ടി സ്റ്റാർട്ട് ചെയ്തത്. അല്ലേലും എന്റെ കാര്യം വരുംബോ ആർക്കും ഒന്നിനും സമയം ഉണ്ടാകില്ല. എനിക്കെന്തോ പെട്ടെന്ന് ഒരു സങ്കടം മനസിൽ വന്നു. എന്തായാലും പിന്നെയും ഒന്ന് രണ്ട് ദിവസം മെഷീൻ വാങ്ങുന്നത് നടന്നില്ല. അതിനിടെയാണ് സുജിമ ലോൺ അടയ്ക്കാൻ വേണ്ടി വെച്ച പതിനായിരം രൂപ കാണുന്നില്ല എന്ന് പറഞ്ഞ് വീട്ടിലും അവരുടെ സൂപർമാർക്കറ്റിലും എല്ലാം തിരഞ്ഞത്. അവൾക്ക് തന്നെ ഓർമയില്ല എവിടെ വെച്ചാ പൈസ കളഞ്ഞു പോയത് എന്ന്. അവളുടെ ഓഫീസിൽ വച്ചു മറന്നതാണോ എന്നു പോലും ഓർമയില്ലാതെ പോകുന്നിടത്തൊക്കെ ഒന്ന് തിരഞ്ഞു നടക്കുകയായിരുന്നു.
“ഞാൻ രാവിലെ പോകുംബോ ഇവിടുന്ന് എടുത്തിട്ടുണ്ടായിരുന്നില്ല.! ഞാൻ ചായ കുടിക്കുന്നതിനിടെ എണ്ണി ഈ മേശപ്പുറത്ത് വെച്ചത് എനിക്ക് നല്ല ഓർമ്മ ഉണ്ട്.” സുജിമ ആരോടോ ഫോണിൽ സംസാരിക്കുന്നതിനിടെ പറഞ്ഞത് ഞാനും കേട്ടു.
“അവനിപ്പൊ മേശമേലൊക്കെ കൈ എത്തും നാലഞ്ച് വയസായില്ലേ” ഉണ്ണിയേ കുറിച്ചാണ് സംസാരം. ഒടുവിൽ ഞാൻ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. സുജിമ ഉണ്ണിയെ പിടിച്ചു നിർത്തി ചോദ്യം ചെയ്യാൻ ആരംഭിച്ചു.
” നീ എടുക്കുന്നത് അച്ഛമ്മ കണ്ടിട്ടുണ്ടല്ലോ എടുത്തിട്ട് എവിടെയാ വെച്ചത് എന്നു പറഞ്ഞോ ഇല്ലേ ഇപ്പൊ പോലീസ് വന്ന് പിടിച്ചു കൊണ്ട് പോകും ” സുജിമ ഉണ്ണിയെ പേടിപ്പിക്കുന്നത് കണ്ടപ്പോഴേ എനിക്ക് ദേഷ്യവും സംങ്കടവും വന്നു. ഞാൻ വേഗം അങ്ങോട്ടേക്ക് പോയി.
“നീ പൈസ എവിടെങ്കിലും വെച്ച് മറന്ന് പോയിട്ടുണ്ടേൽ എന്റെ മോനോടല്ല അത് ചോദിക്കേണ്ടത് ” ഉണ്ണിയെ എടുത്ത് നടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു. എന്റെ ശബ്ദം കുറച്ച് ഉയർന്നിരുന്നു. അതു കൊണ്ടാവണം അമ്മയും അവിടേക്ക് വന്നത്.
“ഉണ്ണിക്ക് ഇപ്പൊ മേശേന്റെ മേലെ ഒക്കെ കൈ എത്തും അവനെങ്ങാനും കളിക്കുന്നതിന്റെ ഇടയിൽ പൈസ എടുത്തു പോയിട്ടുണ്ടോ എന്ന് ഒന്ന് ചോദിച്ചതാ അതിനാണ് വിദ്യേച്ചി എന്നെ…” അമ്മയ്ക്ക് മുന്നിൽ സുജിമ കരയുകയായിരുന്നു.
“അതെന്താ ഒരു വീട്ടിൽ സാധാരണ അല്ലേ? എന്തെങ്കിലും ഒന്ന് കാണാതായാൽ എല്ലാരോടും ചോദിക്കും എടുത്തിട്ടുണ്ടെങ്കിൽ എടുത്തു എന്ന് പറയുക ഇല്ലെങ്കിൽ ഇല്ല. അവൾക്ക് മാത്രം എന്താ ഇത്ര പുതുമ” അമ്മ അവിടെ നിന്നും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.
“ചോദിക്കുന്നതിനൊക്കെ ഒരു മര്യാദ ഒക്കെ വേണം ഉണ്ണി എടുക്കുന്നത് അമ്മ കണ്ടു എന്നൊക്കെയാ അവള് ചോദിച്ചെ അങ്ങനെ എന്റെ മോനെ കള്ളനാക്കാൻ നോക്കുമ്പോ ഞാൻ നോക്കി നിക്കണോ?” സഹികെട്ട് ഞാനും അമ്മയോട് മറുപടി പറഞ്ഞു.
“ചിലപ്പൊ ഒന്ന് പേടിപ്പിക്കാൻ അവളങ്ങനെ പറഞ്ഞു കാണും അതിന് നീ ഇങ്ങനെ ഒച്ച ആക്കണോ” പിന്നെയും അവളെ ന്യായീകരിച്ച് എന്തൊക്കെയോ പറഞ്ഞ് കൊണ്ട് അമ്മ അകത്തേക്ക് പോയി. രാത്രി രാജീവേട്ടൻ വന്നപ്പോൾ ഞാൻ ഈ കാര്യം സൂചിപ്പിച്ചെങ്കിലും എല്ലാം കേട്ടിട്ടും പുള്ളി മറുപടി ഒന്നും പറഞ്ഞില്ല.
“നീ അത് വിട്ടുകള” കുറേ കഴിഞ്ഞപ്പോ രാജീവേട്ടൻ പറഞ്ഞു. “മ്മ്” ഞാനും അത് വിട്ടു.
”എനിക്കൊരു സംശയം തോന്നീട്ട് നോക്കിയതാ അപ്പൊഴാ കണ്ടത്” ഒന്ന് രണ്ട് ദിവസത്തിനു ശേഷം അമ്മ അവരുടെ അനിയത്തിയോട് പതുക്കെ പറയുകയും കണ്ണുകൊണ്ട് എന്തോ ഒരു ആഗ്യം കാണിക്കുന്നതും എന്റെ ശ്രദ്ധയിൽ പ്പെട്ടു. ഞാൻ അത് അത്ര കാര്യമാക്കിയില്ലെങ്കിലും വീട്ടിൽ എല്ലാവരും എന്റെ അടുത്തു നിന്നും എന്തൊക്കെയോ മറച്ച് പിടിക്കുന്നത് പോലെ എനിക്കും തോന്നി. എന്നാൽ ആരും ഒന്നും എന്നോട് പറയുകയോ ചോദിക്കുകയോ ചെയ്യുന്നും ഇല്ല.
“നിന്റെ ബേഗ് ഒന്ന് നോക്കട്ടെ” പതിവില്ലാതെ രാജീവേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഒന്നും മനസിലായില്ല. ഞാൻ ബേഗ് എടുത്തു കൊടുത്തു. അമ്മയും ഹാളിൽ ഉണ്ടായിരുന്നു. രാജീവേട്ടൻ അതിനുള്ളിലെ പൈസ മുഴുവൻ എടുത്ത് എണ്ണി ! പതിനെട്ടായിരം.
“നിന്റെടുത്ത് എവിടുന്നാ ഇത്ര അധികം പൈസ?” രാജീവേട്ടൻ എന്റെ മുഖത്തേക്ക് നോക്കി.
“അമ്മ തന്നത് പിന്നെ രജിതേച്ചിയുടെ കുടുംബശ്രീയിൽ നിന്നും ലോൺ എടുത്തത് ഒക്കെ ആണ് മിഷ്യൻ വാങ്ങിക്കാൻ”
“ഏത് അമ്മ ?”
“എന്റെ അമ്മ അല്ലാതാരാ എനിക്ക് പൈസ തരാൻ?” ഞാൻ പിന്നെയും പറഞ്ഞു. രാജീവേട്ടന്റെ കണ്ണുകൾ ചെറുതാകുന്നത് ഞാൻ കണ്ടു.
” ഉറപ്പാണോ?” രാജീവേട്ടന്റെ ശബ്ദം പതിഞ്ഞു.
“അതേ എന്തേ?”
“നിന്റെ അമ്മേന്റെ നമ്പർ ഒന്ന് പറഞ്ഞേ” മൊബൈൽ കൈയ്യിലെടുത്ത് എന്നെ നോക്കി. ഞാൻ നബർ പറഞ്ഞു കൊടുത്തു. സ്പീക്കറിൽ റിങ്ങ് ചെയ്യുന്നത് കേൾക്കാം. അപ്പുറത്ത് അമ്മയുടെ സൗണ്ടും വന്നു.
“അല്ല എന്റെ വണ്ടിക്ക് കുറച്ച് പണി ഉണ്ട്. പിന്നെ ടാക്സും അടയ്ക്കണം തൽക്കാലം ഒന്ന് തിരിക്കാൻ വിദ്യേന്റെടുത്ത് അമ്മ കൊടുത്ത പൈസ ഉണ്ടാകുമോ” കുറച്ച് നേരത്തെ സംസാരത്തിന് ശേഷം രാജീവേട്ടൻ അമ്മയോട് ചോദിച്ചു.
“വിദ്യേന്റടുത്ത് എവിടുന്നാ മോനെ പൈസ? ഒരു മിഷ്യൻ മേടിക്കാൻ വേണ്ടി പറഞ്ഞിട്ട് തന്നെ എന്റെടുത്ത് കൊടുക്കാൻ ഇല്ലായിരുന്നു. അത്യാവശ്യം ആണെങ്കിൽ ഞാൻ മോൻ വന്നാൽ ഒന്ന് ചോദിച്ച് നോക്കട്ടെ” അമ്മയുടെ മറുപടി! അതെന്റെ ജീവിതം തകർക്കാനും മാത്രം പോന്നതായിരുന്നു. ആരും അറിയാതെ തന്ന പൈസ ആയത് കൊണ്ട് തന്നെ അമ്മ ആ രീതിയിൽ തന്നെ കൈകാര്യം ചെയ്തു. പിന്നെയും എന്തൊക്കെയോ സംസാരിച്ച് രാജീവേട്ടൻ ഫോൺ വെച്ചു.
ഫോൺ മേശപ്പുറത്ത് വെച്ച് രാജീവേട്ടൻ എനിക്ക് നേരെ വന്നു. എന്റെ ഇടത്തേ കൈ പിടിച്ച് തിരിച്ചു കൊണ്ട് രാജീവേട്ടന്റെ കൈ ഉയർന്നു.
“രാജീവേട്ടാ രാജീവേട്ടാ ..” എന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി.
എന്റെ വിളിയൊന്നും രാജീവേട്ടൻ കേട്ടില്ല എന്ന് മാത്രമല്ല എന്റെ കണ്ണിലിരുട്ടു കേറും വിധത്തിലുള്ള അടിയായിരുന്നു എനിക്ക് കിട്ടിയത്. എല്ലാവരുടേയും മുന്നിൽ ഞാനൊരു കള്ളിയായി മാറുകയായിരുന്നു. ആകെ മനസ് മടുത്ത് ചത്തത് പോലെ ആയി ഞാൻ. രാജീവേട്ടൻ ബേഗിൽ നിന്നും പതിനായിരം രൂപ എടുത്ത് അമ്മയ്ക്ക് നേരെ നീട്ടി.
“അവൾ വന്നാൽ അമ്മ തന്നെ അവളെ ഏൽപ്പിച്ചേക്ക്. പറ്റി പ്പോയി ഒരു പ്രശ്നം ആക്കരുത് എന്ന് ഒന്ന് പറ” രജിതേച്ചി തന്ന പൈസയാണ് രാജീവേട്ടൻ അമ്മയ്ക്ക് നേരെ നീട്ടിയത്.
“രാജീവേട്ടാ അതെന്റെ പൈസയാണ്” ഞാൻ കേണപേക്ഷിച്ചു.
“നീ മിണ്ടരുത് നാ, യീ, ന്റ മോളേ. മിണ്ടീട്ടുണ്ടെ നിന്നെ ഞാൻ കൊ, ന്നു കളയും” രാജീവേട്ടന്റെ ആക്രോശം..
“എനിക്കൊരു സംശയം തോനീട്ടാ ഞാനൊന്ന് ബേഗ് നോക്കിയേ അത് ചെയ്തത് കൊണ്ട് ഇപ്പൊ ആ പൈസ കിട്ടി ഇല്ലെങ്കിൽ ഇവിടെ ആരാ പൈസ എടുത്തത് എന്നും പറഞ്ഞ് നടക്കുമായിരുന്നല്ലോ. അല്ലെങ്കിൽ തന്നെ പൈസ കാണുന്നില്ല എന്നൊക്കെ പറഞ്ഞതിൽ പിന്നെ ആ വർഷപെണ്ണൊന്നും ഇങ്ങോട്ട് വരാറെ ഇല്ല ഇവിടുന്ന് എന്തെങ്കിലും കാണാതായിട്ട് അതിന്റെ പേരെങ്ങാനും പറയുന്നതിന് പേടിച്ചിട്ടാവും” അമ്മയാണ് സംസാരിക്കുന്നത്.
“ആ ഇനി നടന്നത് നടന്നു ഇനി ഇത് ആരും അറിയാതിരിക്കാൻ നോക്ക് ഇനി പറഞ്ഞിട്ടൊന്നും ഒരു കാര്യോം ഇല്ല” അതൂടെ പറഞ്ഞ് അമ്മ അകത്തേക്ക് പോയി.
”രാജീവേട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. ഞാനാരുടേയും പൈസ എടുത്തിട്ടില്ല അത് എന്റെ അമ്മ തന്ന പൈസയാണ് പ്ലീസ് ഒന്ന് വിശ്വസിക്ക്. എന്നെ ഇനിയും വേണെങ്കിൽ അടിച്ചോ വേണെ അടിച്ച് കൊന്നോ” ഞാൻ കരഞ്ഞുകൊണ്ട് ഉമ്മറത്തിരിക്കുന്ന രാജീവേട്ട നടുത്തേക്ക് പോയി. രൂക്ഷമായി എന്നെ നോക്കുകയല്ലാതെ മുപടി ഒന്നും പറഞ്ഞില്ല. ഇനി എന്റെ സ്ഥാനം എന്താകുമെന്ന് എനിക്ക് അറിയാമായിരുന്നു. ഇതുവരെ ഒരു പാട് കാര്യങ്ങൾ അമ്മ തന്നെ ഈ നാട്ടുകാരോട് പറഞ്ഞു വെച്ചിട്ടുണ്ട് അതിന്റെ കൂട്ടത്തിൽ ഇതും എനിക്കോർക്കുംബോൾ തല പൊട്ടിച്ചിതറും പോലെ തോന്നി. കുറച്ച് കഴിഞ്ഞപ്പോൾ അച്ഛൻ വന്നു. ഒരു പക്ഷേ എന്നെ കേൾക്കാൻ അച്ഛൻ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് അച്ഛൻ ഉമ്മറത്തിരുന്നപ്പോൾ അവിടെ തന്നെ നിലത്ത് അച്ഛന്റെ കസേരയ്ക്ക് താഴെ ഞാനും പോയിരുന്നു. തുടക്കം മുതൽ ഒടുക്കം വരേയുള്ള സകല കാര്യങ്ങളും അമ്മ പൈസ തന്നതും ഉൾപ്പെടേ എല്ലാം പറഞ്ഞ് ഞാൻ കരയുകയായിരുന്നു. എന്റെ കരച്ചിൽ കണ്ടിട്ടാവണം അച്ഛന്റെ മുഖവും എന്തോ പോലെ. അച്ഛന്റെ കൈ എന്റെ തലയിൽ വെച്ചു.
“നീ എന്തിനാ ഇങ്ങനെ കരയുന്നേ കുട്ടീ ആരെന്തു പറഞ്ഞാലും അച്ഛന് നിന്നെ വിശ്വാസമാ” അച്ഛൻ അത് പറയുംബോഴേക്കും പൊട്ടിപ്പോയിരുന്നു ഞാൻ. അറിയാത്ത കുറ്റത്തിനു കള്ളിയാകേണ്ടി വന്ന ആ ഒരു അവസ്ഥ..!മാനസികമായി തകർന്നടിയുകയായിരുന്നു ഞാൻ. സുജിമ എത്താൻ വൈകുന്നേരം ആകും. അവളും ഇതൊക്കെ തന്നെയേ വിശ്വസിക്കുള്ളൂ. കുറച്ച് നേരം കഴിഞ്ഞു ഞാൻ അടുക്കളയിലേക്ക് പോയി. അമ്മയുടെ കാല് പിടിച്ചിട്ടാണെങ്കിലും ഒന്നൂടെ പറയണം എന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തണം അതായിരുന്നു മനസിൽ.
“അമ്മേ.” എന്റെ തൊണ്ട ഇടറുന്നത് അറിയാൻ ഉണ്ടായിരുന്നു. അമ്മ എന്റെ മുഖത്തേക്ക് നോക്കി.
“ഞാൻ ആരുടേയും ഒന്നും എടുത്തിട്ടില്ല അമ്മേ. ഞാനങ്ങനെ ചെയ്യൂല ഈ തീയില് കൈ വെച്ച് ഞാൻ സത്യം ചെയ്യാം” എന്റെ വാക്കുകൾ കേൾക്കാനെങ്കിലും അമ്മ നിന്നിരുന്നെങ്കിൽ എന്ന് ഞാൻ വല്ലാതെ ആശിച്ചു.
“അതൊന്നും സാരമില്ല ഞാൻ ഇത് ആരോടും പറയാനൊന്നും നിക്കുന്നില്ല. നിനക്കൊരബന്ധം പറ്റി അതിന് ഇനിയും പറഞ്ഞിട്ട് എന്ത് കാര്യോണ്ടു്. എന്നാലും ഇത്രയും ദിവസം ഇവിടുന്ന് എല്ലാരും ആ പൈസേടെ കാര്യം പറയുംബോ നിനക്കൊരു വാക്ക് എന്നോട് പറയാരുന്നു. എനിക്കൊരു മിഷ്യൻ വാങ്ങിക്കാൻ പൈസ വേണം അമ്മേ എന്നൊരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ എങ്ങനെ എങ്കിലും എന്തെങ്കിലും ചെയ്ത് പൈസ ആക്കി തരൂലായിരുന്നോ? പിന്നെ ഞാനെന്തെങ്കിലും പറയുംബോഴേക്കും നീ എന്റെ തലേൽ കേറാൻ വരും. നിനക്കോർമ്മ ഉണ്ടോ അന്ന് ദേഷ്യം വന്ന് നീ ഇവിടുന്ന് പോകുംബോ പറഞ്ഞിട്ട് പോയ വാക്കുകൾ എത്രയോ ദിവസം ഞാനതും ഓർമ്മിച്ച് കരഞ്ഞിട്ടുണ്ട്. നിന്നെ ഞാൻ മരുമോളായിട്ടല്ല മോളായിട്ട് തന്നെയേ കണ്ടിട്ടുള്ളൂ.” അമ്മയുടെ സംസാരം കേട്ട തോടെ ഞാൻ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് എനിക്ക് മനസിലായി. ചുറ്റും വല്ലാത്തൊരു അന്തരീക്ഷം ആകെ മടുപ്പിക്കുന്ന ഒരു അവസ്ഥ. ഞാൻ കുറച്ച് നേരം കിടന്നു. എപ്പൊഴോ ഒന്ന് കണ്ണടഞ്ഞു.
“ഇവിടുന്ന് വീണു പോയ പൈസ കിട്ടീ എന്നറിഞ്ഞല്ലോ മേമേ? എവിടുന്നാ കിട്ടീത്?” ഉറക്കം ഞെട്ടുംബോൾ വർഷയുടെ ശബ്ദമാണ് കേട്ടത്. അവളും അമ്മയും സംസാരിക്കുന്നതാണ്. ഞാൻ പതുക്കെ എണീറ്റു. അമ്മ എന്താകും പറയുന്നുണ്ടാവുക എന്നറിയാൻ ഞാൻ ആകാംക്ഷയോടെ കാതോർത്തു.
“അതൊക്കെ കിട്ടി.” ആ ഒരു വാക്കേ അമ്മ പറഞ്ഞുള്ളൂ.
”കിട്ടീന്ന് പറഞ്ഞാൽ എവിടുന്ന് കിട്ടീ എന്നാ” വർഷയുടെ ചോദ്യം. അതിന് അമ്മ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും കണ്ണുകൊണ്ട് എന്റെ റൂമിനു നേരെ ഒരു ആഗ്യം കാണിക്കുന്നത് ഞാനും കണ്ടു. അതോടെ അവരുടെ രണ്ടു പേരുടേയും മുഖത്ത് ഒരു ചിരി വിടർന്നു. ഉണ്ണി അച്ഛന്റെ കൂടെ ആയിരുന്നു. തിരിച്ചു പോകും വഴി അവൾ ഉണ്ണിയുടെ അടുത്ത് എത്തുംബോൾ ഞാനും അവന്റെടുത്ത് ഉണ്ടായിരുന്നു. “കള്ളന്റെ ഒരു ചിരി നോക്കിക്കേ” അവൾ ഉണ്ണിയെ കൊഞ്ചിക്കും പോലെ പറഞ്ഞു. പക്ഷേ ആ വിളി എന്നെ ഉദേശിച്ചാണെന്ന് എനിക്ക് മനസിലായി. അവളുടെ മുഖത്തേ ചിരി കണ്ടാലെ അതറിയാൻ പറ്റും. എന്റെ നോട്ടം അവളുടെ മുഖത്തേക്ക് തന്നെ ആയിരുന്നു. അതോടെ അവൾ വേഗം മുറ്റത്തേക്കിറങ്ങി നടന്നു.
അവിടെ നിൽക്കുന്ന ഓരോ മിനുറ്റിലും വല്ലാത്തൊരു ശൂന്യത ആണ് ആകെ മടുപ്പിക്കുന്ന ഒരു ഇത്. രാത്രി ലേറ്റായിട്ടേ വരുള്ളൂ എന്ന് അമ്മയോട് സുജിമ ആണെന്ന് തോന്നുന്നു പറയുന്നത്. അതിനിടെ രാജീവേട്ടന്റ ഓട്ടോ വന്നു. കുടിച്ചിട്ടുണ്ടെന്ന് ഇറങ്ങുംബോഴേ മനസിലായി. വീട്ടിലേക്ക് കേറാൻ നേരം സ്റ്റെപ്പിൽ കാൽതട്ടി വീണ പുള്ളിയെ ഞാൻ പിടിച്ച് എണീപ്പിച്ചു.
“എന്തിനാ ഇങ്ങനെ കുടിച്ചേ..” ഞാൻ ദയനീയമായി പറഞ്ഞു.
“അതിനെന്താ ? നിന്നെ പേടിക്കണോ? നിന്റെച്ഛന്റെ പൈസകൊണ്ടല്ല ഞാൻ കുടിച്ചെ ഞാൻ പണി എടുത്തിട്ട് എന്റെ പൈസകൊണ്ടാ” അതും പറഞ്ഞ് ചുവരിൽ പിടിച്ച് കൊണ്ട് രാജീവേട്ടൻ അകത്തേക്ക് കേറി. ഒന്നു കുളിക്കുക പോലും ചെയ്യാതെ പോയി കിടക്കുന്ന രാജീവേട്ടനെ കണ്ടപ്പോൾ എന്തു വേണം എന്നറിയാതെ ഞാൻ അവിടെ തന്നെ നിന്നു. ഉണ്ണി അച്ഛന്റെ അടുത്താണുള്ളത്. അവനെ എടുത്ത് കുറച്ച് ചോറും കഴിപ്പിച്ച് ഞാനും കിടന്നു.
*****************
രാവിലെ എണീറ്റ് കൊറേ നേരം ബെഡിൽ തന്നെ ഇരുന്നു. രാജീവേട്ടന്റെ കൂർക്കം വലി കേൾക്കാം. ഇന്നലെ ഇട്ട ഷർട്ടിലും മുണ്ടിലും എല്ലാം അവിടവിടെ ചളി ആയിട്ടുണ്ട്. കുറച്ച് നേരം കൂടി അവിടെ തന്നെ ഇരുന്നു.
അടുക്കളയിൽ അമ്മ ഉണ്ട്. സുജിമ എണീറ്റിട്ടില്ല. ഞാൻ വേഗം തന്നെ അലക്കാൻ പോയി. തിരികെ എത്തിയപ്പോഴേക്കും രാജീവേട്ടനൊക്കെ എണീറ്റിട്ടുണ്ടായിരുന്നു.
“സുജി പോകാനായോ?” രാജീവേട്ടൻ അവളോട് ചോദിച്ചു.
“ആയിട്ടില്ല എന്തേ?”
“അത് നിനക്കൊരു സാധനം അമ്മയുടെ കൈയ്യിൽ കൊടുത്തിട്ടുണ്ട്.” അതും പറഞ്ഞ് രാജീവേട്ടൻ അകത്തേക്ക് നോക്കി അമ്മയെ വിളിച്ചു. വിളി കേൾക്കാൻ കാത്തുനിന്നോണം അമ്മ ചുരുട്ടിപ്പിടിച്ച പൈസയും ആയി എന്റടുത്തേക്ക് വന്നു. “നീ തന്നെ അങ്ങ് കൊടുത്തേക്ക്. പറ്റിപ്പോയി എന്നു പറഞ്ഞിട്ട് കൊടുത്താൽ മതി” അമ്മ എന്റെ കൈയിലേക്ക് പൈസ വെച്ചു. ഞാൻ അത് വാങ്ങി ഒരു പാവ കണക്കെ നിന്നു.
”നിന്നോട് പറഞ്ഞത് കേട്ടില്ലെ?” ഗൗരവത്തോടെയുള്ള രാജീവേട്ടന്റെ ചോദ്യം. ! എന്റെ മേലാകെ ഒരു വിറയൽ പോലെ തോന്നി. എല്ലാവരുടേയും നോട്ടം എന്റെ നേർക്കാണ്.!
എന്തു വേണമെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. പെട്ടെന്ന് അമ്മ വന്ന് എന്റെ കൈയ്യിൽ നിന്നും പൈസ വാങ്ങി സുജിമയുടെ നേരെ നീട്ടി.
“ഇതെന്താ?” അവൾ അമ്മയ്ക്ക് നേരെ നോക്കി.
“നിന്റെ പൈസ. അത് ഇന്നലെ ഇവിടുന്ന് കിട്ടിയിരുന്നു. ഇന്നലെ നിങ്ങൾ വരാൻ നേരം വൈകിയില്ലേ അതാ രാവിലെ തരാം എന്ന് വെച്ചത്” അമ്മ വിശദീകരിക്കുന്നതിനിടെ രഞ്ചിത്ത് കുളി കഴിഞ്ഞ് വരുന്നുണ്ടായിരുന്നു. അതിനിടെ രാജീവേട്ടൻ ഉമ്മറത്തേക്ക് ഇറങ്ങി നിൽക്കുന്നുണ്ടായിരുന്നു.
”ഏത് പൈസ? അതു കിട്ടിയത് കൊണ്ടല്ലേ ഇന്നലെ ഷോപ്പിന്റെ കറന്റ് ബില്ല് അടച്ചത്” രഞ്ചി അമ്മയുടെ മുഖത്തേക്ക് നോക്കി.
“അത് ഇന്നലെ പറയാൻ വിട്ടുപോയതാ പൈസ എന്റെ ബാഗിൽ ഒരു പേപ്പറിന്റെ ഇടേൽ ആയിട്ടാ കാണാതിരുന്നെ” സുജിമയും കാര്യം പറഞ്ഞു. എല്ലാം കേട്ട് നീട്ടി പിടിച്ച പൈസ എന്തു വേണമെന്നറിയാതെ നിൽക്കുകയാണ് അമ്മ. ഉമ്മറത്ത് നിന്ന് എല്ലാം കേട്ട് രാജീവേട്ടൻ ഒന്ന് ഹാളിലേക്ക് എത്തി നോക്കീട്ട് ഒന്നും പറയാതെ ഓട്ടോയിലേക്ക് കേറുന്നത് ഞാൻ ജനലിനുള്ളിലൂടെ കണ്ടു. ഞാൻ വേഗം തന്നെ മുറ്റത്തേക്കിറങ്ങി.
“നിങ്ങളിതെവിടെ പോകുന്നു?” എന്റ ശബ്ദമുയർന്നു. ഞാൻ പറയുന്നത് കേട്ടിട്ടും രാജീവേട്ടൻ ഓട്ടോ സ്റ്റാർട്ടാക്കാനുള്ള ശ്രമമാണ് അതോടെ ഞാൻ വണ്ടിയുടെ താക്കോൽ ഊരി എടുക്കാനുള്ള ശ്രമം നടത്തി.
“നീ എന്താടീ കളിക്കുന്നത്” ഉറക്കെ പറഞ്ഞുകൊണ്ട് രാജീവേട്ടൻ എന്നെ പിടിച്ചുതള്ളി. ഞാനൊന്ന് വെച്ചു പോയെങ്കിലും വീണില്ല വണ്ടിയുടെ താക്കോൽ എന്റെ കൈയ്യിലും ആയി. രാവിലെ തന്നെയുള്ള ബഹളം കേട്ടിട്ടാവണം അയൽവക്കത്തുള്ളവരൊക്കെ ശ്രദ്ധിക്കാൻ തുടങ്ങി.
“നീ ആ താക്കോൽ തരുന്നുണ്ടോ?” ശബ്ദം കടുപ്പിച്ചുകൊണ്ട് രാജീവേട്ടൻ എന്നെ നോക്കി.
“ഇല്ല തരുന്നില്ല അങ്ങനെ എന്നെ എല്ലാരുടേയും മുന്നിൽ കള്ളി ആക്കിയിട്ട് ഇവിടുന്ന് ആരും എങ്ങോട്ടും പോകണ്ട ഇറങ്ങിവന്ന് ഇതിനൊരു തീരുമാനം ആക്കിയിട്ട് പോയാൽ മതി” എന്റ ശബ്ദവും ഉയർന്നു.
“ആ താക്കോലിങ്ങു തരുന്നതാ നിനക്ക് നല്ലത് പിന്നെ ഞാനായിട്ട് വരുത്തി വെച്ചത് ഒന്നും അല്ലല്ലോ നിന്റെ അമ്മ തന്നെയല്ലേ” വണ്ടിയിൽ നിന്നും ഇറങ്ങി എനിക്ക് നേരെ കൈ ഓങ്ങിക്കൊണ്ട് രാജീവേട്ടൻ നിന്നു.
“എന്റെ അമ്മയല്ല നിങ്ങടെ അമ്മയാണ് ഇതൊക്കെ ഉണ്ടാക്കിയത് എന്നിട്ട് ഇപ്പൊ എന്റെ അമ്മയെ പറയുന്നോ. ആദ്യം നിങ്ങള് നിങ്ങടമ്മയെ നന്നാക്കിയിട്ട് എന്റ അമ്മയെ പറഞ്ഞാൽ മതി” എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു. വീട്ടിലെ ബഹളം കേട്ടത് കൊണ്ടാവണം അയൽക്കാരുടെ കൂട്ടത്തിൽ വർഷയും അവളുടെ അമ്മയും വന്നിട്ടുണ്ട്. ആർക്കും കാര്യം എന്താണെന്ന് അറിയില്ല.
“എന്താ പ്രശ്നം എന്താ?” അതിനിടയിൽ ആരോ ചോദിക്കുന്നത് കേട്ടു അതോടെ ഞാൻ എല്ലാരുടേയും മുന്നിൽ സകല കാര്യവും വിശദമായിട്ട് തന്നെ പറഞ്ഞു. എന്റെ നിരപരാധിത്തം തെളിയിക്കാനുള്ള ഒരു അവസരമായിരുന്നു എനിക്കത് .
“എന്റെ കൈയ്യീന്ന് ഇവിടെ പൈസ ചിലവാകുക എന്നല്ലാതെ എനിക്കിവിടുന്ന് ആരും ഒരു കാര്യത്തിനും പൈസ ന്നിട്ടും ഇല്ല എനിക്ക് ആരുടെ പൈസയും വേണ്ടതാനും” ഉണ്ണിയുടെ കരച്ചിൽ കേട്ടതോടെ ഞാൻ വേഗം അകത്തേക്ക് നടന്നു.
“ചേച്ചീ ഞാനൊരാളോടു പോലും എന്റെ പൈസ ചേച്ചി എടുത്തുന്നു പറഞ്ഞിട്ടില്ല” എന്റെ പിന്നാലെ വന്നു കൊണ്ട് സുജിമ പറഞ്ഞു.
“നീ അങ്ങനെ പറഞ്ഞു എന്ന് ഞാനും പറഞ്ഞില്ലല്ലോ. ഇതിപ്പൊ ആ പൈസ കിട്ടിയത് കൊണ്ടല്ലേ ഇല്ലെങ്കിൽ എന്താകുമായിരുന്നു എന്റെ അവസ്ഥ. ഇങ്ങനൊന്നും ഒരു പെണ്ണിനും ഉണ്ടാകരുത് ദൈവമേ” ഞാൻ ഉണ്ണിയുടെ മുഖം കഴുകിച്ചു.
“നിനക്ക് സമാധാനം ആയിക്കാണും അല്ലേ? രാവിലെ തന്നെ അപ്പുറത്തും ഇപ്പുറത്തും ഉള്ളവരെ മുഴുവൻ അറിയിച്ചപ്പോൾ?” കൂടെ എന്തൊക്കെയോ തെറി പറഞ്ഞുകൊണ്ട് രാജീവേട്ടൻ എന്നെ നോക്കി.
”നിന്റെ കാര്യത്തിൽ ഞാനും കുറച്ച് തീരുമാനം എടുത്തിട്ടുണ്ട് അത് ഞാൻ വൈകാതെ കാണിച്ച് തരാം” ദേഷ്യത്തോടെ രാജീവേട്ടൻതുടർന്നു.
“അമ്മ എന്റെ ബേഗ് എടുത്തതിനെ പറ്റി രാജീവേട്ടന് ഒന്നും പറയാനുണ്ടാകില്ല അല്ലേ? എന്നെ ചോദ്യം ചെയ്യാനും അടിക്കാനും എല്ലാം നല്ല ഇതായിരുന്നല്ലോ. എന്നെ വേണേൽ ഇനിയും അടിച്ചോ വേണേ അടിച്ച് കൊന്നോ പക്ഷേ അത് ആരെങ്കിലും എന്തെങ്കിലും പറയുന്ന കേട്ടിട്ട് ആകരുത് ” ഞാനും അങ്ങോട്ട് പറഞ്ഞു.
” എല്ലാം ഞാൻ വൈകുന്നേരം വന്നിട്ട് ശെരിയാക്കി തരാം ഇപ്പൊ ഞാൻ പോകുന്നു” എനിക്കൊരു വാണിങ്ങ് തന്നിട്ട് പുള്ളി ഓട്ടോയും എടുത്തിറങ്ങി. സുജിമയൊക്കെ പോയി കഴിഞ്ഞിട്ടാണ് ഞാൻ അലക്കാനുള്ളതും എടുത്ത് ഇറങ്ങിയത്. അവിടെങ്ങും അമ്മയെ കാണുന്നില്ലായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ ഉണ്ണിയേയും പുഴയിലേക്ക് കൂടെ കൂട്ടി.
“നീ എങ്ങനെയാ മോളേ അവിടെ ജീവിക്കുന്നത്?” അലക്കുന്നതിനിടെ അവിടേക്ക് വന്ന രജിതേച്ചി പറഞ്ഞു.
“ഞാൻ നിന്റെ വീട്ടിൽ വിളിച്ച് പറഞ്ഞിട്ടുണ്ട് എന്തായാലും” സംസാരം തുടരുന്നതിനിടെ തന്നെ ചേച്ചി ഉണ്ണിയെ എടുത്തു.
“വീട്ടിലറിയിക്കണ്ടായിരുന്നു രജിയേച്ചീ. ഇനീപ്പോ അമ്മയൊക്കെ ഇവിടേക്ക് വരുലേ?”
” ഒന്നും അറിയിക്കാതെ ഇരുന്നിട്ട് തന്നെയാ അവർക്കൊക്കെ ഇത്ര വളമായത് ” ചേച്ചിയുടെ ശബ്ദത്തിൽ ദേഷ്യം ഉണ്ടായിരുന്നു. പിന്നെ ഞാനൊന്നും പറഞ്ഞില്ല. അലക്ക് കഴിഞ്ഞ് വീട്ടിലെത്തുംബോഴും അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല. അച്ഛൻ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നെങ്കിലും എന്നോടൊന്നും മിണ്ടിയില്ല.
“അച്ഛച്ചാ കൊറേ മീനിനെ കണ്ടു വെള്ളത്തിൽ” ഉണ്ണി അവന്റെ സന്തോഷം പ്രകടിപ്പിച്ചു. അല്ലെങ്കിലും അവന് പുഴയിലൊക്കെ പോകാൻ നല്ല ഇഷ്ടമാണ് തണുപ്പ് പിടിക്കുന്നത് കൊണ്ട് ഞാൻ അങ്ങനെ കൊണ്ടുപോകാറില്ല എന്നേ ഉള്ളൂ.
“അച്ഛാ ഞാൻ ഇന്ന് വീട്ടിൽ പോകും കെട്ടോ.” ഏറെ നേരം കഴിഞ്ഞും മിണ്ടാതിരുന്ന അച്ഛന് ചായ കൊടുക്കുന്നതിനിടെ ഞാൻ പറഞ്ഞു. ” ഉം” എന്നൊരു മൂളൽ മാത്രം.! “ഞാനിപ്പൊ നിന്നോട് എന്താ പറയേണ്ടത്? പറ്റിയത് പറ്റി ഇനീപ്പൊ ഇതിന്റെ പേരിൽ നീ വീട്ടിൽ പോയിട്ട് എന്താ കാര്യം? നിന്റ ഭാഗത്ത് തെറ്റൊന്നും ഇല്ലാന്ന് എല്ലാവർക്കും മനസിലായല്ലോ” എന്നെ സമാധാനിപ്പിക്കാനെന്നോണം അച്ഛൻ ഓരോന്ന് പറഞ്ഞു. എല്ലാം കേട്ടെങ്കിലും ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.
“ഞാനൊരു 12 മണി ആകുംബോഴേക്കും എത്തും എന്താ എടുക്കാനുള്ളത് എന്ന് വെച്ചാൽ എടുത്ത് റോഡിലേക്ക് ഇറങ്ങി നിന്നോളണം” വീട്ടിൽ നിന്നും അമ്മയുടെ ഫോണായിരുന്നു. പറഞ്ഞത് പോലെ തന്നെ അമ്മ എത്തിയെങ്കിലും ഞാൻ റെഡി ആകുന്നേ ഉണ്ടായിരുന്നുള്ളൂ. അമ്മ ഓട്ടോയിൽ തന്നെ ഇരുന്നു. ബേഗും സാധനങ്ങളും എടുത്ത് ഞാൻ വേഗം ഓട്ടോയിലേക്ക് കേറി. ഓട്ടോ ബാക്ക് എടുക്കവേ രാജീവേട്ടന്റെ അമ്മ വർഷയുടെ വീട്ടിൽ നിന്നും നടന്നു വരുന്നത് ഞാൻ കണ്ടു.
“നീ ഒന്ന് വണ്ടി നിർത്തിക്കെ” അമ്മ ഡ്രൈവറോട് അതും പറഞ്ഞ് കൊണ്ട് ഓട്ടോയിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് നീങ്ങി.! ” ഈശ്വരാ” എന്റെ നെഞ്ചിലൊരാളൽ.
അമ്മയെ ഞാൻ തടയാൻ ശ്രമിച്ചെങ്കിലും അമ്മ അതൊന്നും കേട്ടത് പോലും ഇല്ല.
“ഒറ്റ കാര്യമേ എനിക്കറിയേണ്ടതുള്ളു. അത് ചോദിക്കാൻ തന്നെയാ നിർത്തിയത്. എന്റെ മോളെ കള്ളത്തി ആക്കിയിട്ട് എന്തായിരുന്നു നിങ്ങൾക്ക് നേടാൻ? അതറിഞ്ഞാൽ കൊള്ളായിരുന്നു. എന്റെ വീട്ടിലും ഒരു പെണ്ണുണ്ട് ഞാനെന്റെ മോളെ പോലെ തന്നെയാ അതിനെയും കൊണ്ട് നടക്കുന്നെ. അതു പോലെ ഇവളെ കൊണ്ടു നടക്കാൻ ഒന്നും ഞാൻ പറയുന്നില്ല പക്ഷേ എന്റെ മോളും ഒരു മനുഷ്യക്കുട്ടി ആണെന്ന പരിഗണന കൊടുത്തുടെ നിങ്ങൾക്ക്. അല്ല ഞാനിനി ഇതൊന്നും പറയേണ്ട കാര്യം ഇല്ല എന്നാലും പറഞ്ഞു എന്നേ ഉള്ളൂ.” അമ്മ രാജീവേട്ടന്റെ അമ്മയോട് പറഞ്ഞു.
“നീ വിചാരിക്കുന്നത് പോലെ ഇവിടെ ഒന്നും ഉണ്ടായിട്ടില്ല നിന്നോട് ഇപ്പൊ വിദ്യ എന്തൊക്കെയാ പറഞ്ഞ് തന്നത് എന്ന് എനിക്കറിയില്ല പക്ഷേ ഒരു കാര്യം ഉണ്ട് നീ ഇങ്ങനെ എന്നെ പറയാനും മാത്രം ഒന്നും ഇവിടെ ഉണ്ടായിട്ടില്ല ഈ വീട്ടിൽ ആദ്യം വന്ന് കേറിയത് അവളാ ആ സ്ഥാനം ഞാനവൾക്ക് എപ്പൊഴും കൊടുത്തിട്ടുണ്ട്” രാജീവേട്ടന്റെ അമ്മ അവരുടെ ഭാഗം ന്യായീകരിച്ചു കൊണ്ടിരുന്നു. അമ്മ അതൊന്നും കേൾക്കാൻ നിന്നില്ല. അതിനിടെ രാജീവേട്ടന്റെ അച്ഛൻ അവർക്ക് വാണിങ്ങ് കൊടുക്കും വിധം വിളിക്കുന്നുണ്ടായിരുന്നു. എന്നിട്ടും അവർ ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നു. ഞാൻ എന്റെ അമ്മയുടെ കൈ പിടിച്ച് വലിച്ചാണ് ഓട്ടോയിലേക്ക് കയറ്റിയത്.
“അമ്മ എന്തിനാ അവരോട് വർത്താനത്തിനു പോയത് . വെറുതേ വേണ്ടാത്ത വർത്താനം” ഓട്ടോയിൽ വെച്ച് ഞാൻ ദേഷ്യപ്പെട്ടു.
“പിന്നെ പറയണ്ടെ. ഒന്നും പറയാതെ ഇരുന്നിട്ട് തന്നെയാ അവരൊക്കെ തലേൽ കേറി നിരങ്ങുന്നത്” അമ്മയുടെ ദേഷ്യം അടങ്ങിയിരുന്നില്ല. ഞങ്ങൾ എത്തുംബോഴേ വീട്ടിൽ അച്ഛനും രേഷ്മയും ഉണ്ടായിരുന്നു. മോനെ കണ്ടതോടെ സച്ചുവിന്റെ മുഖത്തും സന്തോഷം.
”ഏട്ടൻ പണിക്ക് പോയോ?” ഞാൻ രേഷ്മയോടാണ് ചോദിച്ചത്.
“ആ. പോയി” ഉണ്ണിയെ നോക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു. വീട്ടിലെത്തിയപ്പോൾ എന്തെന്നില്ലാത്തൊരാശ്വാസം ഉണ്ടെങ്കിലും രാജീവേട്ടന്റെ വീട്ടിലെ ഓർമ്മകൾ പോലും എന്നെ വല്ലാതെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു.
**************
രാത്രിയാണ് ഏട്ടൻ എത്തിയത്. എന്നോട് പ്രത്യേകിച്ച് ഒന്നും ചോദിച്ചില്ല. അമ്മ എന്തൊക്കെയോ പറയുന്നത് ഞാൻ കേട്ടു. അതിനു മറുപടിയെന്നോണം “അവള് തന്നെ വരുത്തിവെച്ചതല്ലേ ഇനീപ്പൊ പറഞ്ഞിട്ടെന്താ. ഒന്നിച്ച് പോകാൻ പറ്റില്ല എന്നുണ്ടെങ്കിൽ നിയമപരമായി മറ്റു മാർഗങ്ങൾ നോക്കുക അവൾക്കും കുഞ്ഞിനും ജീവിക്കാനുള്ളത് എന്തായാലും ഇവിടുണ്ടല്ലോ” ഇങ്ങനെ പറയുന്നതും ഞാൻ കേട്ടു.
“നീ പറയുന്നത് പോലെ അങ്ങനിപ്പൊ ഒഴിവാക്കാൻ പറ്റുമോ?” അമ്മ ഏട്ടനോട് ചോദിച്ചു.
“പിന്നെ ഞാനെന്നാ പറയേണ്ടത്?” ഏട്ടന്റെ മറുപടിക്കു ശേഷം അവിടെ ഒരു മൗനം. കുറച്ച് കഴിഞ്ഞ് അമ്മയിൽ നിന്നും ഒരു ദീർഘ നിശ്വാസം കേട്ടു. എന്തായാലും ആ ചർച്ച താൽക്കാലികമായെങ്കിലും അവിടെ അവസാനിച്ചു.
***************
“അവള് ചെക്കനെയും കൊണ്ട് പോയിട്ട് വീട്ടിൽ ഇപ്പൊ ആളും അനക്കവും ഇല്ലാത്ത പോലെ ആയി” വൈകുന്നേരത്തെ വെള്ളമടിക്കിടെ രാജീവൻ ഷനോജിനോട് പറഞ്ഞു.
“അതിനെന്താ നിനക്ക് പോയി വിളിച്ചൂടെ? രണ്ടാഴ്ച്ച ആയില്ലെ പോയിട്ട് “
“രണ്ടാഴ്ച്ചയല്ല രണ്ട് മാസം കഴിഞ്ഞാലും ഞാൻ പോവുകയും ഇല്ല വിളിക്കുകയും ഇല്ല നമ്മള് അധികം താണു കൊടുത്താൽ ശെരിയാകൂല. അവളായിട്ട് പോയതല്ലേ വരുന്നുണ്ടെങ്കിലും അങ്ങനെ തന്നെ വരട്ടെ. അച്ഛന്റെ കാര്യാ എന്നേക്കാൾ കൂടുതൽ അച്ഛനും ആയിട്ടാണ് ചെക്കൻ കളിക്കുന്നേ” തന്റെ നിലപാട് രാജീവൻ വ്യക്തമാക്കി.
“സത്യത്തിൽ അവള് പൈസ എടുത്തിരുന്നോ?”
“എവിടെ അത് അമ്മേന്റടുത്ത് പറ്റിയ ഒരു അബദ്ധം ആണ് അത് കേട്ട് ഞാനവളുടെ അമ്മയെ വിളിച്ചപ്പോൾ ആ പെണ്ണുങ്ങളും പറഞ്ഞത് അവർ പൈസ കൊടുത്തിട്ടില്ല എന്ന് അപ്പൊ പിന്നെ ഞാൻ എന്താ വേണ്ടത്? അല്ല എന്റെ അവസ്ഥേൽ നീ ആയിരുന്നേൽ എന്താകുമായിരുന്നു? പക്ഷേ അടി കുറച്ച് കൂടിപ്പോയോന്ന് സംശയം ഉണ്ട്” ഗ്ലാസ് കാലിയാക്കുന്നതിനിടയിൽ രാജീവൻ പറഞ്ഞു നിർത്തി. ഷനോജിന് മുഴുവൻ കാര്യങ്ങളും മനസിലായില്ലെങ്കിലും വിദ്യയല്ല പൈസ എടുത്തത് എന്ന് മനസിലായി. രാത്രി ഒരു പാട് നേരം വൈകിയാണ് അവർ പിരിഞ്ഞത്. വീട്ടിലെത്തുംബോൾ ആരും ഒന്നും ചോദിക്കാറും ഇല്ല വെള്ളമടിച്ച് വന്നു ചിലപ്പൊ കുളിച്ച് എന്തെങ്കിലും കഴിച്ച് കിടക്കും അല്ലെങ്കിൽ അങ്ങനെ തന്നെ പോയി ബെഡിൽ വീഴും ആരും ഒന്നും പറയാറും ഇല്ല. രാവിലെ തോന്നിയത് പോലെ ഓട്ടോയും കൊണ്ട് പോവുകയും ചെയ്യും.
“നിങ്ങൾടെ നാട്ടുകാരി എന്ത് പറയുന്നു? വിളിക്കാറൊന്നും ഇല്ലേ?” ഓട്ടോയിൽ കേറിയ രജിതയോട് രാജീവൻ ചോദിച്ചു.
” എന്റ നാട്ടുകാരി മാത്രം ആണോ അതോ നിന്റെ ഭാര്യയോ?” സംസാരത്തിലെ പുച്ചം അവർ പ്രകടിപ്പിക്കുക തന്നെ ചെയ്തു.
” നീ ഇനി അവളെ ഇങ്ങോട്ടു കൊണ്ടുവരുന്നില്ലേ? അല്ല ആരും ഒന്നും പറയുന്നത് കേൾക്കുന്നില്ല അത് കൊണ്ട് ചോദിച്ചതാ?” രാജീവന്റെ മനസറിയാനെന്നോണം അവർ ചോദിച്ചു.
“എന്തിനാണ് ഉള്ള മനസമാധാനം കൂടി കളയാനോ? ഞാനവൾക്ക് ഡിവോഴ്സ് കൊടുത്താലോ എന്നാ ആലോചിക്കുന്നേ”
” ആ എന്നാപിന്നെ അതാ നല്ലത് അതാകുംബോ രണ്ടാൾക്കും ബുദ്ധിമുട്ടില്ലല്ലോ നിനക്ക് കുടിച്ച് കളിച്ച് നടക്കുകയും ചെയ്യാം. ഇതിപ്പൊ ഒരു മാസായില്ലേ അവള് പോയിട്ട്?” എന്തോ ഓർത്ത് കൊണ്ട് രജിത പറഞ്ഞു.
“ഒരു മാസൊക്കെ കഴിഞ്ഞു. അവളായിട്ട് പോയതല്ലേ. വന്നു കൂട്ടിക്കൊണ്ട് പോകുംബോ അവളുടെ അമ്മയും ചിന്തിക്കണം ഇത് എന്തെങ്കിലും ഒരു കാരണം കിട്ടുംബോഴേക്കും വണ്ടിയും എടുത്ത് വരുവല്ലേ കൊണ്ടു പോകാൻ എന്നോടൊരു വാക്ക് പോലും പറഞ്ഞിട്ടില്ല പോകുംബോ”
“ഓ ഇനി പറയാത്തതിന്റെ കുറ്റമേ ഉള്ളൂ. നിന്റെ അമ്മയ്ക്ക് എന്താവിശ്യം ആയിരുന്നു റൂമിൽ കേറി അവൾടെ ബേഗ് പരിശോദിക്കാനും അവളെ മോശം ആക്കാനും ? ഇപ്പൊ എന്നിട്ട് എന്താ നിന്റെ അമ്മ പറയുന്നെ സുജിമ പറഞ്ഞിട്ട് നോക്കിയതാണെന്ന്. വെറുതേ ആ പെണ്ണിനെ കൂടി വെറുപ്പിക്കാൻ നിൽക്കണ്ട എന്ന് പറഞ്ഞേക്ക്” മുന്നറിയിപ്പെന്നോണം രജിത പറഞ്ഞ കാര്യം രാജീവന് പുതിയ അറിവായിരുന്നു. സുജിമ പറഞ്ഞിട്ടാണത്രെ അമ്മ വിദ്യയുടെ ബേഗ് പരിശോദിച്ചത്.! അപ്പൊഴേക്കും ഓട്ടോ ടൗണിൽ എത്തിയിരുന്നു. രജിത പൈസയും കൊടുത്ത് ഇറങ്ങി തിരക്കുകളിലേക്ക് നടന്നു.
******************(
ഉണ്ണിയുടെ നാലാം പിറന്നാൾ ആയത് കൊണ്ട് തന്നെ ഞാൻ അംബലത്തിൽ പോയിരുന്നു. രേഷ്മയും ഉണ്ടായിരുന്നു കൂടെ. സച്ചുവിനും മോനും ചരടൊക്കെ ജപിച്ചു കെട്ടിച്ചു. വീട്ടിലേക്ക് നടന്നാണു വന്നത്. നടക്കുന്നതല്ല പരിജയമുള്ള നാട്ടുകാരാണ് പ്രശ്നം അവരുടെ ചോദ്യങ്ങൾ എങ്ങനെ ആയാലും കറങ്ങി തിരിഞ്ഞ് “തിരിച്ചു പോകുന്നില്ലേ? എന്നാ പോകുന്നേ? അവൻ വിളിക്കാറില്ലേ?” എന്നൊക്കെ ആകും. മറുപടി പലതും പറഞ്ഞ് മടുത്തിരുന്നു. വീട്ടിലെത്തിയാലും “ഇനി എന്താ നിന്റെ പരിപാടി?” എന്നു ചോദിക്കാൻ ആരെങ്കിലും ഒക്കെ കാണും. സത്യം പറഞ്ഞാൽ കൊറേ ചോദ്യങ്ങളിൽ നിന്നൊക്കെ ഒഴിവാകാൻ ആണ് എന്തെങ്കിലുമൊക്കെ പഠിക്കുന്നു എന്നു തോന്നിപ്പിക്കും വിധം പി എസ് സി യുടെ പഴയ ബുക്സ് ഒക്കെ എടുത്ത് വെച്ച് വായിക്കും.
അതിനിടെ ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ട് ഞാൻ എടുത്തു നോക്കി. രാജീവേട്ടന്റ അമ്മയാണ്. എടുക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ആലോചിച്ചു.
“എന്താ നിന്റെ തീരുമാനം? ഇങ്ങോട്ട് വരുന്നില്ലേ?” മുക്കിയും മൂളിയും ഉള്ള ചില ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ശേഷം അവരുടെ ചോദ്യം. അതിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.
“ഞാനൊന്നും തീരുമാനിച്ചിട്ടില്ല” അവർ ചോദ്യം പിന്നെയും ആവർത്തിച്ചതോടെ ഞാൻ ഒരു ഒഴുക്കൽ മട്ടിൽ മറുപടി പറഞ്ഞു.
“നീ എന്തു വേണേലും ചെയ്തോ പക്ഷേ കുഞ്ഞ് ഇവിടുത്തെയാണ്. ഒരു പിറന്നാളായിട്ട് നിനക്ക് കുഞ്ഞിനേയും കൊണ്ട് ഇവിടെ വരെ വരാൻ പറ്റിയില്ലല്ലോ?” അവരുടെ സംസാരം കേട്ടാൽ തോന്നും ഞാൻ എന്തോ മഹാ അപരാധം ചെയ്തു എന്ന്.
“ഇങ്ങോട്ടേക്കും വരാലോ” താൽപര്യമില്ലാത്ത മട്ടിൽ ഞാനും പറഞ്ഞു. കഴിഞ്ഞ ഓരോ ഓണവും വിഷുവും പിറന്നാളും എന്നു വേണ്ട സകല കാര്യങ്ങളും ആ വീട്ടിൽ തന്നെ ആയിരുന്നു എന്റെ വീട്ടിലേക്ക് എല്ലാം കഴിഞ്ഞതിനു ശേഷം വന്നാൽ വന്നു. ഞാൻ എന്തൊക്കെയോ ഓർത്ത് കൊണ്ട് ഫോണും പിടിച്ച് അങ്ങനെ നിന്നു. അതിനിടയിൽ എപ്പൊഴോ ഫോൺ കട്ടാവുകയും ചെയ്തു. എല്ലാം കേട്ടുകൊണ്ട് നിൽക്കുകയായിരുന്ന അമ്മയെ ഞാൻ അപ്പൊഴാണ് ശ്രദ്ധിച്ചത്. ഞാൻ ഫോൺ അവിടെ വെച്ച് ഉമ്മറത്തേക്ക് നടന്നു. ഒരു ബൈക്ക് മുറ്റത്ത് വന്ന് നിർത്തിയ സൗണ്ട്. ആരാണെന്നറിയാൻ ഞാൻ ഉമ്മറത്തേക്ക് വന്നു. !
മുറ്റത്ത് പോസ്റ്റ്മാനാണ്.! ശ്രീവിദ്യയ്ക്ക് ഒരു രജിസ്റ്റേർഡ് ഉണ്ട്. ദൈവമേ ഇനി രാജീവേട്ടന്റെ ഡിവോഴ്സ് നോട്ടീസെങ്ങാനും ആണോ? ഞാൻ അതും മനസിലോർത്ത് കൊണ്ട് ഒപ്പിട്ടുവാങ്ങി.
“അമ്മേ…!” എന്റെ ഹൃദയത്തിൽ നിന്നുള്ള വിളി ആയിരുന്നു അത്. ജീവിതത്തിൽ ആദ്യമായി ഞാൻ ജയിച്ചിരിക്കുന്നു. അതും എന്റെ മോന്റെ പിറന്നാൾ ദിനത്തിൽ തന്നെ. കൈയ്യിലിരിക്കുന്ന സെക്രട്രറിയേറ്റ് അസിസ്റ്റൻന്റ് നിയമനത്തിന്റെ അഡ്വൈസ് മെമ്മോ! അത് ഞാൻ അമ്മയ്ക്ക് നേരെ നീട്ടി. ആകെ ഒരു പരവേശവും നെഞ്ചിൽ ഒരു ഭാരവും എന്തു പറയണം എന്ന് പോലും എനിക്കറിയില്ലായിരുന്നു. ഫോണെടുത്തു എന്തു വേണമെന്നറിയാതെ അത് താഴെ തന്നെ വെച്ചു. അകത്ത് പോയി വെള്ളം കുടിക്കണോ മുറ്റത്തിറങ്ങി നടക്കണോ എനിക്ക് ആകെ ഒന്നും മനസിലാകാതെ മനസിന്റെ ഒരു ഒളിച്ചുകളി. അതിനിടയിൽ കണ്ണും നിറഞ്ഞുന്നു തോന്നുന്നു. തോന്നലല്ല ഞാൻ കരയുന്നുണ്ട്. കൂടെ ചിരിക്കുന്നും ഉണ്ടു്.
അതിനിടെ അച്ഛനും വന്നു. അച്ഛൻ ഒന്നും പറഞ്ഞില്ല. മുഖത്തൊരു സന്തോഷവും ആശ്വാസഭാവവും കാണുന്നുണ്ട്. സകല ദേഷ്യവും മറന്ന് ഞാൻ രാജീവേട്ടനെ വിളിച്ചു. തുടർച്ചയായി വിളിച്ചിട്ടും പുള്ളി ഫോണെടുത്തില്ല. എന്റെ സന്തോഷം പങ്കിടാൻ ആരുമില്ലെന്ന് ഞാൻ അപ്പൊഴാണ് ഓർത്തത്. ഒരു പക്ഷേ പണ്ടത്തേ രാജീവേട്ടൻ ആയിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ഞാനാലോചിച്ചു. ഒരു മിസ്കോൾ മതിയായിരുന്നു മണിക്കൂറുകളോളം സംസാരിക്കാൻ ഇപ്പൊ വിളിച്ചാൽ എടുക്കാത്ത അവസ്ഥ ആയി. ഉണ്ണിയുടെ പിറന്നാൾ സ്റ്റാറ്റസ് ഇട്ടതിന്റെ കൂടെ എനിക്കിഷ്ടമുള്ള വേറെയും ഒരുപാട് സ്റ്റാറ്റസ് ഇട്ടു. പതിവില്ലാതെ ഉള്ള എന്റെ സന്തോഷം കണ്ടിട്ടാവണം അതിൽ ചിലരെങ്കിലും കാര്യം അന്വേഷിച്ചു വന്നു. അവരോടൊക്കെയും ഞാനെന്റെ സന്തോഷം പങ്കുവെച്ചു.
വൈകുന്നേരം ഏട്ടൻ വന്നപ്പോൾ അമ്മയാണ് കാര്യം പറഞ്ഞത്.
” അപ്പോയിൻ മെന്റ്ലെറ്റർ വരണ്ടെ? ഇത് അഡ്വാൻസ് മെമ്മോ അല്ലേ?” എന്നോടാണ് ചോദിച്ചത്.
“അതേ”
“നാട്ടിൽ തന്നെ ആയിരുന്നേൽ സുഖമായിരുന്നു ഇതിപ്പൊ നീ തിരുവനന്തപുരത്ത് താമസിക്കേണ്ടി വരുമല്ലോ. പോസ്റ്റിങ്ങ് അവിടെ ആയിരിക്കാൻ ആണ് സാധ്യത. പെട്ടെന്ന് ട്രാൻസ്ഫർ കിട്ടിയാൽ ഭാഗ്യം”
“നാട്ടിലേക്ക് ഒന്നും ഇപ്പൊ കിട്ടൂല. കൊറേ കഴിഞ്ഞാൽ ട്രാൻസ്ഫർ കിട്ടുമായിരിക്കും” ഞാൻ പറഞ്ഞു.
“ആ അത് സാരമില്ല കൂടുതൽ ആലോചിക്കാനൊന്നും ഇല്ല. അവിടെ ഏതെങ്കിലും ഹോസ്റ്റൽ നോക്കാം നമുക്ക്” ഏട്ടന്റെ ഭാഗത്ത് നിന്നെല്ലാം വിചാരിച്ചതിലും അധികം സപ്പോർട്ട് ഉണ്ടായിരുന്നു.
“നീ അവിടെ അറിയിച്ചിരുന്നോ?” ഏട്ടൻ എന്നെ നോക്കി. രാജീവേട്ടന്റ കാര്യം ആണ്.
“ഞാൻ രണ്ട് മൂന്ന് തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. ഇനി ഇങ്ങോട്ട് വിളിക്കുംബോൾ പറയാം”
” ഉം” ഏട്ടൻ അകത്തേക്ക് പോകുന്നതിനിടയിൽ ഉണ്ണിക്ക് വാങ്ങിയ പിറന്നാൾ സമ്മാനവും കൂടെ സച്ചുവിനു വാങ്ങിയ കളിപ്പാട്ടങ്ങളും എടുത്ത് കൊടുത്തു.
“എന്തിനാ വെറുതേ ഇത്രേം ഒക്കെ വാങ്ങിയേ ഒന്ന് കണ്ണ് വെപ്പിക്കാൻ എന്തേലും വാങ്ങിയാൽ പോരായിരുന്നോ” ഞാൻ പറഞ്ഞത് ഏട്ടൻ കേട്ടത് പോലും ഇല്ല. ഞാനും അമ്മയും രേഷ്മയും കൂടി മക്കൾക്ക് മിഠായി ഒക്കെ എടുത്തു കൊടുത്തു.
xxx
ഉണ്ണിയുടെ പിറന്നാൾ ദിവസം ആയത് കൊണ്ടു തന്നെ രാജീവൻ പതിവിലും കൂടുതൽ മദ്യപിച്ചിട്ടുണ്ടായിരുന്നു. വീട്ടിലെത്തിയപ്പൊഴും കുറച്ച് ലേറ്റ് ആയിരുന്നു.
“ഒരു പിറന്നാളായിട്ട് ചെക്കനെ ഇങ്ങോട്ട് കൊണ്ടുവന്നില്ലല്ലോ അവൾ. ഞാൻ വിളിച്ചിരുന്നു. വരാൻ വേണ്ടി. നിന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ”
”ഞാൻ വിളിച്ചിട്ടൊന്നും ഇല്ല”
”വിളിച്ചിട്ടില്ലാന്ന് പറഞ്ഞാൽ ഇതിങ്ങനെ വെറുതെ ആക്കാൻ പറ്റുമോ? അവൾ വരുന്നില്ലെങ്കിൽ വരണ്ട മോൻ ഇവിടുത്തെയാ എത്ര ദിവസം ആയി ഒന്ന് കണ്ടിട്ട്.? നിനക്ക് പോയി കൊണ്ടുവരാൻ പറ്റില്ലെങ്കിൽ ഞാൻ പോയി കുട്ടിയെ എടുത്ത് വരാം” അമ്മയുടെ പ്രകോപനപരമായ സംസാരം കേട്ട് രാജീവനും ദേഷ്യം വന്നു തുടങ്ങി.
“ഞാനിത് എന്താ വേണ്ടത് നിങ്ങളോട് ഇപ്പൊ ആരാ വിളിക്കാൻ പറഞ്ഞത്?”
“ആരാ വിളിക്കാൻ പറഞ്ഞത് എന്ന് പറഞ്ഞാൽ ആരെങ്കിലും പറഞ്ഞിട്ട് വേണോ വിളിക്കാൻ പിറന്നാളായിട്ടും കുട്ടിയെ കാണാൻ പറ്റുന്നില്ലാന്ന് അച്ഛൻ പറഞ്ഞപ്പോ ഞാൻ തന്നെയാ അങ്ങോട്ട് വിളിച്ചത് അതിന് അവൾ ഇനി എന്നോട് പറയാൻ ബാക്കി ഒന്നും ഇല്ല.” അമ്മ പറഞ്ഞതിന് മറുപടി ഒന്നും പറയാതെ രാജീവൻ അകത്തേക്ക് കേറിപ്പോയി
************
രാത്രി വൈകി രാജീവേട്ടന്റ ഫോൺ വന്നപ്പോൾ ഞാൻ കരുതിയത് രാവിലെ ഞാൻ അങ്ങോട്ട് വിളിച്ച മിസ് കോൾ കണ്ടിട്ട് വിളിക്കണതാവും എന്നാണ്. പക്ഷേ എന്റെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് ഞാൻ അമ്മയെ ഫോണിലൂടെ എന്തൊക്കെയാ പറഞ്ഞത് എന്ന് ചോദിക്കാനായിരുന്നു വിളിച്ചത്.
“ഞാൻ അമ്മയെ ഒന്നും പറഞ്ഞിട്ടില്ല എന്തെങ്കിലും പറഞ്ഞിട്ടുണ്ടേൽ തന്നെ നിങ്ങടെ അമ്മ അത് കേൾക്കാൻ തന്നെയാ പറഞ്ഞത് എന്നെ അവിടുന്നു കൊറേ അനുഭവിപ്പിച്ചതല്ലേ. എന്നോട് എങ്ങനെ ആണോ അത് പോലെ അങ്ങോട്ടും” പാതിരാത്രി വിളിച്ചത് അമ്മയുടെ കാര്യം സംസാരിക്കാൻ ആണെന്ന് മനസിലായതോടെ എനിക്ക് നല്ല ദേഷ്യം വന്നു.
“ഒരു വീടാകുംബോൾ പല കാര്യങ്ങളും ഉണ്ടാകും അന്ന് അമ്മയുടെ ഭാഗത്ത് നിന്ന് അങ്ങനെ ഒന്ന് പറ്റിപ്പോയി അതിന് പിന്നെയും പിന്നെയും അതേ കാര്യം പറഞ്ഞോണ്ടിരുന്നിട്ട് കാര്യോന്നും ഇല്ല”
“ഓ അതൊരു വീടായിരുന്നോ? മൃഗശാല ഇതിലും ഭേദമാ”
“നീ വെറുതേ ആവിശ്യമില്ലാത്ത വർത്താനം ഒന്നും പറയാൻ നിൽക്കണ്ട “
“ഓ നിങ്ങളും നിങ്ങൾടെ അമ്മയും പറയുന്നത് എല്ലാം ആവിശ്യമുള്ളത് ആണല്ലോ വെറുതേ എന്റെ തലേൽ കേറാൻ ആരും വരണ്ട ഞാനാരുടേയും തലേൽ കേറാനോ ചീത്ത പറയാനോ കള്ളി ആക്കാനോ വരുന്നില്ലല്ലോ” മനപൂർവം തന്നെ രാജീവേട്ടനും കൂടെ മനസിലാക്കാൻ ഞാൻ പറഞ്ഞു. അതോടെ മറുതലയ്ക്കൽ കുറച്ച് നേരം ശബ്ദം ഒന്നും ഉണ്ടായില്ല.
“എന്നാൽ ശെരി നീ നിന്റെ ഇഷ്ടം പോലെ ചെയ് ഞാനിനി വിളിക്കാനൊന്നും വരുന്നില്ല” എന്നും പറഞ്ഞ് രാജീവേട്ടൻ ഫോൺ വെച്ചതോടെ അത്രയ്ക്കും വേണ്ടിയിരുന്നില്ല എന്ന് എനിക്കും തോന്നി. ഉറക്കം കിട്ടാതെ കൊറേ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. നാളെ പകൽ വിളിച്ച് മെമ്മോ വന്നതിനെ പറ്റി പറയാം എന്നൊക്കെ മനസിലോർത്ത് ഒടുവിൽ രാജീവേട്ടന്റെ ഫോണിലേക്ക് ഒരു “സോറി” അയച്ച് ഞാൻ എപ്പൊഴോ ഉറങ്ങി.
അടുത്ത ദിവസം രജിതേച്ചിയെ ഞാൻ അങ്ങോട്ട് വിളിച്ച് രാജീവേട്ടൻ പറഞ്ഞ കാര്യങ്ങളും കഴിഞ്ഞ ദിവസം ഫോൺ ചെയ്തപ്പോൾ സംഭവിച്ചതും എല്ലാം പറഞ്ഞു. ജോലി കിട്ടിയ കാര്യം അറിഞ്ഞപ്പോൾ ചേച്ചിക്കും സന്തോഷമായി.
“ജോലി ആയത് എന്തായാലും നീ ഒന്ന് അവനെ അറിയിക്കണം നമ്മൾ നമ്മുടെ മര്യാദ കാണിക്കണല്ലോ” ചേച്ചി ഉപദേശം പോലെ പറഞ്ഞു.
“ഫോൺ വിളിച്ചാൽ പോലും എടുക്കാത്തവരെ ഞാൻ എങ്ങനെ അറിയിക്കാനാണ്” കുറച്ച് നേരത്തെ സംസാരത്തിന് ശേഷം ഞാനും ഫോൺ വെച്ചു.
കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞിട്ടാണ് അപ്പോയിൻമെന്റ് ഓർഡർ കിട്ടിയത്. പ്രതീക്ഷിച്ചത് പോലെ തന്നെ തിരുവനന്തപുരത്ത് സെക്രട്രറിയേറ്റിൽ തന്നെ.
ജോയിൻ ചെയ്യാൻ പോകുമ്പോൾ കൂടെ അച്ഛനും വന്നു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് ഒരു കണക്കിന് ജീവിതം തന്നെ അവിടേക്ക് പറിച്ചു നടുകയായിരുന്നു. പോകും മുന്നേ ഞാൻ രാജീവേട്ടനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. മാനസികമായി രാജീവേട്ടൻ എന്നിൽ നിന്നും അകന്നു തുടങ്ങിയെന്ന് എനിക്കും മനസിലാകുന്നുണ്ടായിരുന്നു.
“മാറ്റമൊക്കെ എനിക്ക് മനസിലാകുന്നുണ്ട് കെട്ടോ” ഞാൻ പല തവണ ആയി അയച്ച മെസേജുകൾ കണ്ടിട്ടും മറുപടി ഒന്നും ഇല്ല. ജോലിക്ക് ജോയിൻ ചെയ്തു. അവിടെ തന്നെ ഒരു ഹോസ്റ്റലിൽ താമസവും ശെരിയാക്കി ഉണ്ണിയെ അതിനോട് ചേർന്നുള്ള ഒരു ഡേ കെയറിൽ ആക്കിയിട്ട് ആണ് അച്ഛൻ തിരിച്ച് നാട്ടിലേക്ക് വന്നത്. പതുക്കെ ഞാൻ അവിടെ എന്റെ ജോലിയിലേക്ക് ശ്രദ്ധ തിരിക്കാൻ തുടങ്ങി. അതിനിടെ അവിടെ കൂടെ ജോലി ഉള്ള വന്ദന എന്റെ അടുത്ത കൂട്ടുകാരി ആകാൻ അധിക നാൾ വേണ്ടി വന്നില്ല. അതിനു കാരണവും ഉണ്ട്. അവളുടെ അമ്മ വീട് കോഴിക്കോട് ആണ്. അവളിവിടെ ജോലി തുടങ്ങിയിട്ട് ഒരു വർഷത്തോളം ആയിട്ടും ഉണ്ട്. അത് കൊണ്ട് തന്നെ തുടക്കക്കാരി എന്ന നിലയ്ക്ക് എന്റെ പേടിയും വെപ്രാളവും എല്ലാം മാറ്റി തന്നത് അവളായിരുന്നു. ഉണ്ണിയുടെ കാര്യത്തിലായിരുന്നു ടെൻഷൻ. ഇതുവരെ ഇങ്ങനെ പിരിഞ്ഞിരുന്നിട്ടില്ല. രാവിലെ ഡേ കെയറിൽ ആക്കി വരുംബോൾ കരച്ചിലായിരുന്നു. കുറച്ച് ദിവസം കൊണ്ട് ശീലമാകും എന്ന് അശ്വസിപ്പിക്കുകയാണ് വന്ദന.
ജോലിക്ക് കേറി രണ്ടാഴ്ച്ച കഴിയുംബോൾ തന്നെ അച്ഛൻ ഒരു തവണ കൂടി വന്നു. അച്ഛന്റെ സാമീപ്യം എനിക്ക് വല്ലാത്തൊരു ആശ്വാസം തന്നെ ആയിരുന്നു. അമ്മ ആണെങ്കിൽ രാവിലേയും രാത്രിയും വിളിക്കും. രാജീവേട്ടന്റെ ഭാഗത്ത് നിന്നും ഒരു അന്വേഷണം പോലും ഇല്ലാത്തത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു. എന്തൊക്കെയോ ഓർത്ത് ഞാൻ രജിതേച്ചിയെ വിളിച്ചു.
“നിനക്ക് പണി കിട്ടിയത് ഒന്നും പറഞ്ഞില്ല എന്നും പറഞ്ഞ് നിന്റെ അമ്മായിഅമ്മ നടക്കുന്നുണ്ടല്ലോ” രജിതേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു.
“അവർ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ എനിക്കൊരു പ്രശ്നോം ഇല്ല.”
എനിക്ക് അറിയേണ്ടത് രാജീവേട്ടന്റെ കാര്യം ഒക്കെ ആയിരുന്നു. ഇപ്പൊ കുടിക്കുന്നത് കൂടുതലാണത്രെ. അതിനിടെ അവിടുത്തെ അച്ഛനും രഞ്ചിയും തമ്മിൽ ഭയങ്കര വഴക്കൊക്കെ ആയെന്ന്.! ആ സ്ഥലത്തിന്റെ ലോൺ അടയ്ക്കാതെ സ്ഥലം ജപ്തി ചെയ്യും എന്ന നിലയ്ക്ക് ബേങ്കിന്റെ ഭാഗത്ത് നിന്നും നോട്ടീസ് വന്നത്രെ. അതിന്റെ പേരിലായിരുന്നു വഴക്ക്. ഇപ്പൊ അവൻ സുജിമയുടെ വീട്ടിലാണ് താമസം എന്നും രജിതേച്ചി പറഞ്ഞു. എന്നെങ്കിലും ഒരു വീടെടുക്കുംബോൾ അവിടെ എടുക്കണം എന്ന് ആയിരുന്നു ആഗ്രഹം. രാജീവേട്ടനോട് പല തവണ പറഞ്ഞതായിരുന്നു അത്. ഇനി പറഞ്ഞിട്ടെന്താ കാര്യം. രാജീവേട്ടനെ ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് ആലോചിച്ചു ഞാൻ വേഗം നബർ ഡയൽ ചെയ്തു.
എന്റെ പുതിയ നമ്പറിൽ നിന്നും ആണ് ഞാൻ വിളിച്ചത്. രണ്ട് റിങ്ങ് ആകുംബോഴേക്കും ഫോൺ എടുത്തു. അപ്പുറത്ത് ഹലോ എന്ന് പറയുന്നത് കേട്ടെങ്കിലും ഞാൻ ഒന്നും മിണ്ടാതെ ഒരു നിമിഷം നിന്നു.
“രാജീവേട്ടനിന്നു പോയില്ലേ?” അപ്പുറത്ത് നിന്നും വീണ്ടും ഹലോ കേട്ടതോടെ ഞാനും സംസാരിച്ചു. എന്റെ ശബ്ദം കേട്ടത് കൊണ്ടാവണം പെട്ടെന്ന് ഒരു മൗനം.
“നീയായിരുന്നോ? ഞാൻ വിചാരിച്ചു..” എന്തോ പറയാൻ തുടങ്ങിയിട്ട് പകുതിക്ക് വെച്ച് നിർത്തി.
“ഇതേതാ നബർ? പുതിയ നമ്പറൊക്കെ ആയല്ലോ” എന്നെ കുത്തുന്നത് പോലെയായിരുന്നു രാജീവേട്ടന്റെ സംസാരം.
”ഇത് ഇവിടെ ഓഫീസ് ആവിശ്യത്തിനൊക്കെ ഉപയോഗിക്കുന്നതാ എന്റെ ഫോണിൽ പൈസ ഉണ്ടായില്ല അതാ”
“ഗവൺമെന്റ് ജോലിയും ശബളവും ഉണ്ടായിട്ടും ഫോണിൽ പൈസ ഇല്ലെന്നോ ” അതും പറഞ്ഞ് എന്നെ പുച്ഛിക്കും വിധത്തിൽ ഒരു ചിരി ആയിരുന്നു. ഞാനൊന്നും പറഞ്ഞില്ല.
“ഇങ്ങനെ പോകുംബോ ഭർത്താവ് എന്ന നിലയ്ക്ക് അല്ല ഒന്നൂല്ലേലും നീ എന്റെ വീട്ടിൽ കൊറേ നാള് നിന്നതല്ലേ ആ ഒരു ഇത് വെച്ചെങ്കിലും ഒരു വാക്ക് പറയാമായിരുന്നു.”
”ഞാൻ വിളിച്ചിരുന്നല്ലോ? എടുക്കാത്തത് എന്റെ കുഴപ്പം ആണോ?”
“നീ ആരെ വിളിച്ചു? ഇത് അതൊന്നും അല്ല അറിയിക്കാൻ ആണെങ്കിൽ നിനക്ക് ഇഷ്ടം പോലെ വഴി ഉണ്ടായിരുന്നു നീ അത് ചെയ്തില്ല. എന്നിട്ട് ഇപ്പൊ ഫോൺ എടുത്തില്ല എന്നൊക്കെ പറഞ്ഞാൽ എല്ലാം ആയല്ലോ. അങ്ങനെ ഞാൻ വിളിച്ചിട്ട് എടുത്തില്ലെങ്കിൽ വീട്ടിൽ അമ്മയുടെ ഫോൺ ഉണ്ട് അല്ലെങ്കിൽ അച്ഛന്റെ ഫോണുണ്ടു് അതും അല്ലെങ്കിൽ വേറെയും ഒരുപാട് വഴികൾ ഉണ്ട് നീ അതൊന്നും ചെയ്തില്ല കാര്യം എന്താ നിനക്ക് എന്നെയൊക്കെ അത്രയേ വിലയുള്ളൂ അല്ലാതെ അറിയിക്കാൻ പറ്റാഞ്ഞിട്ട് അല്ല.” രാജീവേട്ടൻ പറയുന്നത് മുഴുവൻ ഞാൻ കേട്ടു മിണ്ടാതെ നിന്നു. പറഞ്ഞ് കഴിയട്ടെ ഞാൻ മനസിൽ വിചാരിച്ചു.
“അത്ര പോലും എന്റെ മിസ് കോൾ കണ്ടാൽ രാജീവേട്ടന് തിരിച്ച് വിളിച്ചുടെ ? എപ്പൊഴും തിരക്ക് ഒന്നും ആകില്ലല്ലോ?”
“എനിക്കെന്താ അതിന്റെ ആവിശ്യം? നീയാണ് ഇവിടുന്ന് എന്നോട് ഒരു വാക്കും പറയാതെ ഇറങ്ങി പോയത് അല്ലാതെ ഞാൻ നിന്നെ കൊണ്ട് വിട്ടതല്ല “
“ഇറങ്ങി പോകാൻ കാരണം എന്തായിരുന്നു ? അത് രാജീവേട്ടന് നന്നായി അറിയാലോ? അമ്മയൊക്കെ എന്തൊക്കെ ആയിരുന്നു എന്നെക്കൊണ്ട് ആ നാട്ടിൽ പറഞ്ഞ് നടന്നത് എല്ലാം ഞാനറിയുന്നുണ്ടായിരുന്നു അത് കൊണ്ട് ആ കാര്യോന്നും രാജീവേട്ടൻ പറയണ്ട” ഞാനും വിട്ടുകൊടുക്കാതെ പറഞ്ഞു.
“അമ്മ എന്ത് പറഞ്ഞു?’
“അമ്മ പറഞ്ഞ എല്ലാ കാര്യോം എനിക്കറിയാം അവസാനം പൈസ കട്ടു എന്നു വരെ പറഞ്ഞ് നടന്നില്ലേ?” എനിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.
“ആ അവസ്ഥ എങ്ങനെയാ വന്നേ? നിന്റെ അമ്മ തന്നെയല്ലേ കാരണം നിന്റെ അമ്മയ്ക്ക് മര്യാദയ്ക്ക് കാര്യം പറയാലോ. കള്ളം പറയാൻ നിന്നിട്ടല്ലേ. ഇതെന്താ നിന്റെ പൈസ കണ്ടിട്ടാണോ ഞാൻ ജീവിക്കുന്നേ? നിന്റെ അമ്മ തന്നെയാ എല്ലാത്തിനും കാരണം വേണ്ടുന്നതിനും വേണ്ടാത്തതിനും ഒരു ഓട്ടോ വിളിക്കലും വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോക്കും അതിന്റെ അഹങ്കാരം തന്നെയാ നീയും കാണിക്കുന്നേ മോനെ വിളിച്ച് കൊണ്ടുവരാൻ എനിക്കറിയാഞ്ഞിട്ടല്ല പിന്നെ എന്തിനാന്ന് വെച്ചിട്ടാ” രാജീവേട്ടൻ അമ്മയെ പറഞ്ഞത് എനിക്കിഷ്ടായില്ല. സംഭവിച്ച കാര്യങ്ങളൊക്കെ ഇപ്പൊ എന്റെയും എന്റെ വീട്ടുകാരുടെ ഭാഗത്തും ഉള്ള തെറ്റുകൾ ആക്കി മാറ്റിയ ആ വാക്ക് സാമർഥ്യം ആണ് ഞാൻ ശ്രദ്ധിച്ചത്.
“നിങ്ങളും നിങ്ങളുടെ അമ്മയും പിന്നെ ഭയങ്കര സൻമനസുള്ളവർ ആണല്ലോ” എന്റെ വാക്കുകളിൽ പുച്ഛം നിറഞ്ഞു.
“അതേ ഇതു തന്നെയാ നിന്റെ പ്രശ്നം ഞാൻ എന്തെങ്കിലും പറഞ്ഞാൽ കൂടി പോകും നീ ഫോൺ വെച്ചിട്ട് പോ അതാ നല്ലത് “
” ഇത്ര നേരം ആയി എന്നിട്ട് ഒരു വാക്ക് ചോദിച്ചോ ഞാനെവിടെയാ താമസിക്കുന്നേ എന്ന് മോനെ കുറിച്ച് ഒരു വാക്ക് എങ്കിലും” എനിക്ക് ദേഷ്യോം സങ്കടോം വന്നു.
“എന്നോടൊരു വാക്ക് പോലും പറയാതെ പോയ നിന്റെ കാര്യം ഞാനിനി അങ്ങോട്ട് വിളിച്ച് അന്വേഷിക്കണമായിരിക്കും അല്ലേ?”
“എന്റെ കാര്യം ആരും അന്വേഷിക്കണ്ട ഞാനത് പ്രതീക്ഷിക്കുന്നും ഇല്ല പക്ഷേ മോൻ എന്റെ മാത്രം അല്ല” എന്റെ മറുപടി കേട്ടതോടെ അപ്പുറത്ത് പിന്നെ സംസാരം ഒന്നും ഇല്ല അതോടെ ഞാൻ ഫോൺ വെച്ചു.
എന്റെ കാര്യങ്ങൾ കൊറേയൊക്കെ വന്ദനയും അറിയുന്നുണ്ടായിരുന്നു. പലപ്പോഴും ഞാൻ തന്നെയാണ് അവളോട് ഓരോ കാര്യങ്ങളും പറഞ്ഞിരുന്നത്. എല്ലാം കേട്ട് അവൾ മറുപടി ഒന്നും പറഞ്ഞില്ല. “നിന്നെ പോലെ തന്നെയാടീ ഏറെ കുറേ എന്റേം കാര്യം പുറത്ത് നിന്ന് കാണുന്നവർക്ക് എന്താ ഒന്നും ഇല്ല സത്യം പറഞ്ഞാൽ അഡ്ജസ്റ്റ് ചെയ്ത് ചെയ്ത് ഇപ്പൊ അതിനെ കുറിച്ചൊന്നും ഞാൻ ഒന്നും ചിന്തിക്കാറ് പോലും ഇല്ല. കുറച്ച് കഴിയുംബൊ നിനക്കും അത് മനസിലായിക്കോളും” അവളുടെ മറുപടി കേട്ട് ഞാൻ ഒന്നും പറഞ്ഞില്ല. പലപ്പോഴും അവളുടെ ഹസ് വിളിച്ച് എന്തൊക്കെയോ വസ്തുവിന്റെ കാര്യോക്കെ പറഞ്ഞ് വഴക്കിടുന്നത് ഞാനും കാണാറുണ്ടായിരുന്നു. അവർക്ക് മക്കളൊന്നും ആയിട്ടില്ല. അവളുടെ കുഴപ്പം കൊണ്ടാണ് ആകാത്തത് എന്നാണ് ഹസ് വീട്ടുകാർ പറയുന്നത്. അതിന്റെ പേരിലും ഒരു പാട് പ്രശ്നങ്ങൾ അവർക്കിടയിൽ ഉണ്ട്.
രാത്രി ഞാൻ അമ്മയെ വിളിച്ച് രാജീവേട്ടനെ വിളിച്ചതും സംസാരിച്ചതുമൊക്കെ പറഞ്ഞു.
“നിനക്ക് പിന്നെ അവന്റ വായിലിരിക്കുന്നത് കേൾക്കാതെ ഉറക്കം വരൂലല്ലോ” എല്ലാം കേട്ടതിനു ശേഷം അമ്മ പറഞ്ഞു. അതിനു ഞാൻ ഒന്നും പറഞ്ഞില്ല.
“അവിടുത്തെ സ്ഥലം ലോൺ ഒന്നും അടയ്ക്കാതെ ബേങ്കിലുള്ളവർ ജപ്തി ചെയ്യും എന്നൊക്കെയാ കേട്ടത്”
“അതിന് നിനക്ക് എന്താ?” അമ്മയുടെ സംസാരത്തിൽ ഒരു ഇഷ്ടകേട് ഉണ്ടായിരുന്നു.
“അവിടെ ഒരു വീട് വെക്കണം എന്നായിരുന്നു എനിക്ക് ” എന്റെ ആഗ്രഹം ഞാൻ മറച്ച് വെച്ചില്ല.
“നീ മാത്രം വിചാരിച്ചാൽ പോരല്ലോ, ലോൺ അടയ്ക്കാൻ ആണെങ്കിൽ അച്ഛനോട് പറഞ്ഞാൽ എന്തെങ്കിലും ഒക്കെ ശെരിയാക്കി തരും പക്ഷേ അതുകൊണ്ട് കാര്യമില്ലല്ലോ ആ സ്ഥലം നിന്റെ പേരിലേക്ക് മാറ്റി തരുമോ അവിടുള്ളോർ? അങ്ങനെ ആണെങ്കിൽ ആ ഭാഗം ആലോചിച്ചാൽ മതി.” അമ്മ പറഞ്ഞതിലും കാര്യമുണ്ടെന്ന് എനിക്ക് മനസിലായി. എന്തായാലും നാളെ രാജീവേട്ടന്റെ അച്ഛനും ആയി ഒന്ന് സംസാരിക്കണം. ഇടയ്ക്ക് ഞാൻ വിളിക്കാറുണ്ടെങ്കിലും വീട്ടുകാർ തമ്മിലുള്ള പ്രശ്നം നിലനിൽക്കുന്നത് കൊണ്ടാവും അച്ഛന്റെ സംസാരമൊക്കെ കുറവായിരുന്നു. ഓരോന്നാലോചിച്ച് എപ്പൊഴോ ഉറങ്ങി.
“നിന്റെ ടേബിളിൽ ഒരു ഫയൽ ഉണ്ട്. നിന്റെ നാട്ടുകാരന്റെ ത് തന്നെയാണ്. അവിടുത്തെ മുനിസിപാലിറ്റിയിൽ തന്നെ തീരേണ്ട പ്രശ്നം ആണ് ഇവിടെ എത്തിയത് ” രാവിലെ ഓഫീസിലെത്തിയപ്പോഴേ വന്ദന പറഞ്ഞു. എനിക്ക് കാര്യം ഒന്നും പിടികിട്ടിയില്ല.
“ഒരു കോഴിക്കോട്ട് കാരൻ വിനോദ് ഉണ്ട്. കോൺട്രാക്റ്റർ ആണ് അവിടെ ഏതോ ബസ്സ്റ്റാന്റ് ബിൽഡിങ്ങ് എടുത്തതിന്റെ ബിൽ പാസാകാതെ കിടക്കുകയാണ്. അതിന്റെ ഓഡിറ്റ് റിപ്പോർട്ടും കാര്യങ്ങളും ആണ് അതിൽ ഇനി ഒരു തീർപ്പ് ഉണ്ടാക്കേണ്ടത് നമ്മളാണ്. നീ കൊടുക്കുന്ന റിപ്പോർട്ട് പോലെ ആകും മറ്റു കാര്യങ്ങൾ. ഇപ്പൊ മനസിലായോ?” വന്ദന വീണ്ടും വിശദീകരിച്ചിട്ടും എനിക്ക് കാര്യം അത്ര വ്യക്തമായില്ല.
”നീ V N ബിൽഡേർസ് എന്ന് കേട്ടിട്ടുണ്ടോ? കോഴിക്കോട്ടെ അത്യാവശ്യം വലിയ ഒരു കമ്പനി ആണ് അതിന്റെ ഓണർ ആണ് വിനോദ് എന്ന ആൾ. അയാൾടെ ഫയൽ നിന്റെ മേശപ്പുറത്ത് ഉണ്ട്. ഇപ്പൊ മനസിലായോ കാര്യം?” മൂന്നാമതും പറഞ്ഞതോടെ എനിക്ക് കാര്യം പിടികിട്ടി. മാത്രമല്ല ആ കമ്പനിയുടെ പേര് ഞാൻ മുന്നേ കേട്ടിട്ടും ഉണ്ടായിരുന്നു.
“ഈ ഫയൽ എങ്ങനെയാ ഇവിടെ എത്തിയത്?” എനിക്ക് സംശയം .
“അയാൾ ഒരു പ്രത്യേക ടൈപ്പാണ്. കോൺട്രാക്റ്റ് എടുക്കുന്ന പണി കൃത്യം ആയിട്ട് ചെയ്യും പക്ഷേ ഒരു ഉദ്യോഗസ്ഥർക്കും ചായ പോലും വാങ്ങി കൊടുക്കൂല അത് കൊണ്ട് തന്നെ ഈ തവണ അവിടുത്തെ ഉദ്യോഗസ്ഥർ എല്ലാം കൂടി നല്ലൊരു പണി കൊടുത്തു. ആ ബസ്റ്റാൻന്റ് ബിൽഡിങ്ങിന്റെ കരാർ പൈസയിൽ പതിമൂന്ന് കോടി പാസ് ആക്കി കൊടുത്തില്ല കരാറിൽ പറഞ്ഞ പോലെയല്ല പണി ചെയ്തത് എന്ന് റിപ്പോർട്ടും എഴുതി. ഒടുവിൽ ആ ഫയൽ ഇവിടെ എത്തി. എത്തീട്ട് കുറച്ച് നാൾ ആയി. നീ ആ ഫയൽ ശെരിക്ക് പഠിച്ചിട്ട് റിപ്പോർട്ട് കൊടുത്തേക്ക് ” വന്ദന കാര്യങ്ങളൊക്കെ വിശദീകരിച്ചു. അതിനുള്ളിൽ എന്തൊക്കെ നൂലാമാലകൾ ഉണ്ടെന്ന് അറിയാത്തത് കൊണ്ട് തന്നെ ഞാൻ ആ ഫയൽ മാറ്റി വെക്കുകയാണ് ചെയ്തത്. വിശദമായി നോക്കണമെങ്കിൽ സമയമെടുക്കും എന്തെങ്കിലും ഒരു അബന്ധം പറ്റിയാൽ അത് എന്റെ ജോലിയെ തന്നെ ബാധിക്കും ആ ഒരു പേടി ഉള്ളത് കൊണ്ട് തന്നെ വിശദമായി എല്ലാ റിപ്പോർട്ടുകളും നോക്കണം.
“നീ അത് നോക്കിയിരുന്നോ?” ഉച്ച ഭക്ഷണ സമയത്ത് വന്ദന അന്വേഷിച്ചപ്പോൾ അവൾക്ക് എന്താണ് അതിലിത്ര താൽപര്യം എന്ന് ഞാനും ചിന്തിച്ചു.
“നോക്കീട്ടില്ല കുറച്ച് ഫ്രീ ആകുംബോ നോക്കാം എന്നു കരുതി. എന്തേ? അർജന്റ് ആണോ?”
“അല്ല അയാൾ അതിന്റെ കാര്യത്തിന് ഇപ്പൊ അഞ്ചാറ് തവണ ആയി ഇവിടെ വരുന്നു. നിനക്കറിയാലോ നമ്മുടെ നാട്ടിൽ നിന്നും ഇവിടെ വരെ വരാനുള്ള ബുദ്ധിമുട്ട് അത് കൊണ്ട് ചോദിച്ചതാ. അയാൾ നാളെയും വരുന്നുണ്ട്”
“ഞാൻ അത് ഇന്ന് തന്നെ നോക്കാം കെട്ടോ” അതും പറഞ്ഞ് ഞാൻ രാജീവേട്ടന്റെ അച്ഛനെ വിളിക്കാൻ ഫോണെടുത്തു.
കുറച്ച് നേരത്തെ സംസാരത്തിനു ശേഷം ആ സ്ഥലത്തിന്റെ കാര്യവും വന്നു.
“അച്ഛനത് എന്താ ചെയ്യുന്നേ? രഞ്ചി പൈസ അടച്ചില്ലെങ്കിൽ ബേങ്ക്കാര് സ്ഥലം അറ്റാച്ച് ചെയ്യില്ലേ?” എന്റെ ചോദ്യങ്ങൾക്കൊന്നും അച്ഛന്റെ കൈയ്യിൽ മറുപടി ഇല്ലായിരുന്നു. “ഞാൻ എവിടുന്ന് എടുത്ത് പൈസ അടയ്ക്കാൻ ആ” എന്ന് പലവട്ടം പറയുക മാത്രമാണ് അച്ഛൻ. അച്ഛനെ പറഞ്ഞിട്ടും കാര്യമില്ല കൈയ്യിൽ ഒന്നും ഉണ്ടാവില്ല.
“അമ്മ എന്താ പറയുന്നേ അമ്മ ആയിരുന്നല്ലോ അന്ന് ലോൺ എടുപ്പിക്കാൻ ഒക്കെ മുന്നിൽ”
”ഇനി ആരെന്തു പറഞ്ഞിട്ടും കാര്യമില്ലല്ലോ അന്നേ നീ പറഞ്ഞത് പോലെ ചെയ്താൽ മതിയായിരുന്നു.ഇതിപ്പൊ അവന് അടയ്ക്കാൻ പറ്റാഞ്ഞിട്ടാണോ അല്ലല്ലോ പുതിയ കാറൊക്കെ മേടിക്കാൻ പൈസ എവിടുന്നാ വന്നത്?” അച്ഛൻ ആരോടെന്നില്ലാതെ പറഞ്ഞു. കുറച്ച് നേരത്തെ സംസാരത്തിനു ശേഷം ഞാൻ ഫോൺ വെച്ചു. അപ്പൊ അതാണ് അന്ന് സുജിമയുടെ സ്റ്റാറ്റസിൽ കണ്ട കാറെന്ന് ഞാൻ മനസിലോർത്തു.
ഭക്ഷണ സമയവും കഴിഞ്ഞ് വീണ്ടും ഓഫീസ് തിരക്കുകളിലേക്ക് നീങ്ങുംബോൾ ഞാൻ വിനോദ് എന്ന ആളുടെ ഫയൽ കൈയിലെടുത്തു. പ്രൊജക്റ്റ് പഠിക്കാൻ നിയോഗിച്ച എഞ്ചിനിയറുടെ റിപ്പോർട്ട് ഉൾപ്പെടെ എല്ലാം പരിശോദിച്ചു കാര്യമായി ഒരു മോശം റിപ്പോർട്ടും ആരും നൽകിയിട്ടില്ല. സംശയമുള്ള പേപ്പറുകളെല്ലാം ഞാൻ ഒന്നു കൂടെ ചെക്ക് ചെയ്തിട്ട് ഞാൻ വന്ദനയുടെ അടുത്തു പോയി.
“ഈ റിപ്പോർട്ടിലൊന്നും കുഴപ്പോന്നും കാണുന്നില്ല ചീഫിന് ഫോർവേഡ് ചെയ്യാം അല്ലേ?”
“നീ നോക്കിയതല്ലേ? എന്താ വേണ്ടത് എന്നു വെച്ചാൽ ചെയ്തോ. വേണേ പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞ് ഒരാഴ്ച്ച ടേബിളിൽ വെച്ചോ” വന്ദന ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഏയ് അതിന്റെ ആവിശ്യമൊന്നും ഇല്ല” അതും പറഞ്ഞ് ഞാൻ ഒന്നൂടെ ആ ഫയലുകളെല്ലാം ചെക്ക് ചെയ്ത് ചീഫ് സെക്രട്രറി അയ്യർ സാറിന്റെ ക്യാബിനിലേക്ക് കൈമാറി.
“വിദ്യ പരിശോദിച്ചതാണോ അതോ ഞാൻ ഒന്നൂടെ ചെക്ക് ചെയ്യണോ” അദ്ദേഹം സ്വതസിന്ധമായുള്ള ചിരിയോടെ എന്നെ നോക്കി.
“ഞാൻ എല്ലാം ചെക്ക് ചെയ്തതാണ് സാറിന് വേണേ ഒന്നൂടെ നോക്കാം”
“വിദ്യ നോക്കിയതല്ലെ അപ്പൊ പിന്നെ പാസ് ആക്കാം” അദ്ദേഹം ചിരിച്ചു കൊണ്ട് ആ ഫയലിലേക്ക് ഒപ്പ് വെച്ചു. ഇനി ആ ഫയലിൽ മിനിസ്റ്ററുടെ ഒപ്പ് കൂടി കിട്ടിയാൽ അയാൾക്ക് അയാളുടെ മുടങ്ങി കിടക്കുന്ന പൈസ കിട്ടും. അയ്യർ സാർ ഒപ്പുവെച്ച കാര്യം ഞാൻ വന്ദനയെ അറിയിച്ചു.
“നാളെ വന്നാൽ പറയാം നമ്മൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തിട്ടുണ്ട് എന്ന് ” അവൾ അതും പറഞ്ഞ് ചിരിക്കുംബോൾ ഞാനെന്റെ സംശയം പുറത്തെടുത്തു.
“നിനക്കെന്താ അയാൾടെ കാര്യത്തിൽ ഇത്ര താൽപര്യം?”
” അതോ അതെന്റെ അമ്മേടെ ആങ്ങള ആയത് കൊണ്ട് അല്ലാതെന്താ ” അതും പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു. ഒരു കുത്ത് വെച്ച് കൊടുക്കാനാണ് തോന്നിയത്.
“എന്നാൽ പിന്നെ നിനക്കത് നേരത്തേ പറയാൻ പാടില്ലായിരുന്നോ . ഞാൻ വെറുതേ സംശയിച്ച് റിപ്പോർട്ടൊക്കെ നൂറു തവണ പരിശോദിച്ചിട്ടാ സാറിന് കൊടുത്തത് “
” ഞാൻ ആദ്യമേ പറഞ്ഞാൽ നീ കരുതും എനിക്കെന്തോ വല്ലാത്ത താൽപര്യം ഉണ്ട് എന്ന് അതാ പറയാതിരുന്നെ” അവൾ പിന്നെയും ചിരിച്ചു. അവളുടെ അമ്മ ഉൾപ്പെടേ അഞ്ച് മക്കൾ ഉണ്ട് അതിൽ ഏറ്റവും മുത്തത് അവളുടെ അമ്മയും ഏറ്റവും ഇളയത് ഈ വിനോദെന്ന ആളും ആണ്. കോളേജ് അദ്ധ്യാപകൻ ആയിരുന്ന ആൾ പിന്നീട് ആ ജോലി വേണ്ടെന്ന് വെച്ച് കൺസ്ട്രഷൻ മേഖലയിലേക്ക് മാറുകയായിരുന്നത്രെ.
“എന്തായാലും കൊള്ളാം നിന്നെ ഞാനെന്താ ചെയ്യേണ്ടത്” അവളുടെ ചിരി കാണുംബോൾ എനിക്ക് ദേഷ്യമാണ് വന്നത്.
“നിനക്ക് ഞാൻ നാളെ പരിചയപ്പെടുത്തി തരാം” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഓ വേണ്ട നിന്നെ തന്നെ സഹിക്കാൻ പറ്റുന്നില്ല അപ്പൊഴാ” വൈകുന്നേരം ഞങ്ങൾ സംസാരിച്ചു പിരിഞ്ഞു.
*******************
“മാമൻ ഇന്നലെ രാത്രി തന്നെ അവിടുന്ന് വന്നിട്ടുണ്ടാകും അല്ലേ?” രാവിലെ ഓഫീസിനു മുന്നിൽ വിനോദിനോട് സംസാരിച്ചിരിക്കുകയായിരുന്നു വന്ദന. അതിനിടെയാണ് വിദ്യ ഓഫീസിലേക്ക് കയറി വന്നത്.
” ആ ഫയൽ ഇന്നലെ അവളാണ് റിപ്പോർട്ടെഴുതിയെ” വിദ്യയെ ചൂണ്ടി കാണിച്ചു കൊണ്ട് വന്ദന പറഞ്ഞു. വിനോദ് വിദ്യയെ ഒന്നു നോക്കി. പരിചിതമായ മുഖം! വിദ്യയും കണ്ടു കഴിഞ്ഞു.
“ശ്രീവിദ്യ അല്ലേ നീ?” വിനോദിന്റെ ചോദ്യം കേട്ട് വന്ദനയുടെ മുഖത്തും ഒരു അന്ധാളിപ്പ്!
“സാറായിരുന്നോ ഇത് ” എന്റ മുഖത്തും അതിശയമായിരുന്നു. ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്ന സമയത്തായിരുന്നു സാറിനെ പരിജയപ്പെടുന്നത്. ഡിഗ്രി കഴിയുന്നതിനു മുന്നേ ആയിരുന്നല്ലോ ഒളിച്ചോട്ടവും കല്യാണവും. അത് കൊണ്ട് തന്നെ ക്ലാസിലെ ഒരാളുപോലും എന്നെ മറക്കാൻ സാധ്യത ഇല്ല.
“ഡിഗ്രി കംപ്ലീറ്റ് ചെയ്യാതെ കല്യാണം കഴിച്ച നിനക്കെങ്ങനെയാ ഇവിടെ ജോലി കിട്ടിയത് ” വിനോദ് സാർ ചിരിച്ചു കൂടെ ഞങ്ങളും. കുറച്ച് നേരത്തെ കുശലാന്വേഷണങ്ങൾക്ക് ശേഷം ഞങ്ങൾ ഡ്യൂട്ടിക്ക് കേറി. എനിക്കായിരുന്നു തിടുക്കം എങ്ങാനും സാറ് കല്യാണക്കാര്യമൊക്കെ എടുത്തിട്ടാൽ എന്റെ ഇപ്പൊഴത്തെ അവസ്ഥ വെച്ച് എന്തു പറയും എന്ന് എനിക്കറിയില്ലായിരുന്നു.
ഉച്ചയ്ക്ക് ഞാൻ വന്ദനയോട് ആ സ്ഥലത്തിന്റെ കാര്യമൊക്കെ സംസാരിച്ചു. “അതു പോകുന്നുണ്ടെങ്കിൽ പോകട്ടെ നീ വെറുതേ അതും അലോചിച്ച് ടെൻഷൻ ആകണ്ട” അവളെന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ എന്നെ സംബന്ധിച്ച് അത് അങ്ങനെ നിസാരവൽക്കരിക്കാൻ പറ്റുന്ന ഒരു കാര്യമായിരുന്നില്ല.
ഞാൻ ആ കാര്യം പറഞ്ഞ് രാജീവേട്ടനെ വിളിക്കുകയും അത് പിന്നെയും ഒരു വലിയ വഴക്കാവുകയും ചെയ്തു. അതിനു കാരണവും ഉണ്ടായിരുന്നു.
“അമ്മ തൽക്കാലം നിന്റെ അടുത്ത് പൈസ ഉണ്ടെങ്കിൽ അടയ്ക്കാൻ പറഞ്ഞു. നിനക്കിപ്പൊ ജോലി ഒക്കെ ഉണ്ടല്ലോ” അത് കേട്ടതോടെ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു.
“ആരാ ലോൺ എടുത്തത് ഞാനാണോ അല്ലല്ലോ പിന്നെ എനിക്ക് ജോലി ആയിട്ടുണ്ടെങ്കിൽ അത് ഞാൻ പഠിച്ചിട്ടും കഷ്ടപ്പെട്ടിട്ടും ആണ് ഞാനൊന്നും മറന്നിട്ടില്ല എന്നു പറഞ്ഞേക്ക് നിങ്ങളെ അമ്മയോട്”
“എങ്കിൽ പിന്നെ അതിനേ പറ്റി കൂടുതൽ സംസാരിക്കേണ്ട കാര്യം ഇല്ല എന്തായാലും എന്റെ അടുത്ത് അടയ്ക്കാൻ പൈസ ഇല്ല” രാജീവേവേട്ടൻ പറഞ്ഞത് കേട്ട് എനിക്ക് പിന്നെയും ദേഷ്യം വന്നു.
“നിങ്ങളിതെന്തിനാ അടയ്ക്കുന്നത് രഞ്ചിയോട് അടയ്ക്കാൻ പറ നിങ്ങൾക്ക് എന്താ വാ തുറന്ന് പറയാൻ പാടില്ലേ നിങ്ങൾക്ക് പറയാൻ പറ്റില്ലെങ്കിൽ നിങ്ങൾടെ അമ്മയോട് തന്നെ പറ അമ്മയ്ക്കായിരുന്നല്ലോ ലോൺ എടുപ്പിക്കാനൊക്കെ തിരക്ക്” കൊറേ നേരത്തെ സംസാരത്തിനും വഴക്കിനും ശേഷം ഫോൺ കട്ടായി.
” നിനക്ക് വട്ടാണ്” എല്ലാം കേട്ടു നിന്ന വന്ദന എന്നെ നോക്കി. “ഇങ്ങനെ പോയാൽ വട്ടാകും” എന്ന് ഞാനും പറഞ്ഞു.
**************
രാജീവന്റെ വീട്ടിലും ചർച്ച ആ സ്ഥലത്തിന്റെ പേരിൽ ഉള്ള ലോൺ തന്നെയായിരുന്നു. മുതലും പലിശയും ചേർത്ത് എട്ട് ലക്ഷത്തോളം ആയിട്ടുണ്ട്. രഞ്ചിയോട് അടയ്ക്കാൻ പറയുംബോൾ കൈയ്യിൽ പൈസ ഇല്ല എന്ന സ്ഥിരം മറുപടിയാണ് കിട്ടിയിരുന്നത്. അതിന്റെ പേരിൽ പലതവണ വീട്ടിൽ വഴക്ക് നടക്കുകയും ചെയ്തു. സുജിമയുടെ ഗോൾഡ് വെച്ച് ലോണിൽ പകുതി എങ്കിലും അടയ്ക്കാൻ പറഞ്ഞെങ്കിലും സുജിമ അതിനൊന്നും സമ്മതിച്ചില്ല.
“അവൾക്ക് ഭർത്താവിനെയും വേണ്ട ഭർത്താവിന്റെ വീട്ടുകാരെയും വേണ്ട പക്ഷേ സ്ഥലം മാത്രം വേണം” ഇടയ്ക്ക് വിദ്യയുടെ കാര്യം സംസാരത്തിൽ വന്നപ്പോൾ രാജീവന്റെ അമ്മ വർഷയോട് പറഞ്ഞു.
“അവള് നിങ്ങള് വിചാരിക്കും പോലെ പഴേ വിദ്യ അല്ല ഇപ്പൊഴത്തെ ജോലിയുടെ അവളുടെ ശബളം തന്നെ ഒരു മാസം പത്ത് നാൽപ്പത്തയ്യായിരം വരും” വർഷയുടെ സംസാരത്തിൽ ഇത്തിരി അസൂയ ഉണ്ടായിരുന്നു.
“വിളിക്കാറുണ്ടോ അവൾ?”
“ആർക്കറിയാം എന്തായാലും ഇവിടുന്ന് പോയിട്ട് ഇന്നു ഈ നിമിഷം വരെ എന്നെ വിളിച്ചിട്ടില്ല. പോയിട്ട് ഇപ്പൊ അഞ്ചാറ് മാസം ആയില്ലേ” വർഷയുടെ ചോദ്യത്തിന് നീരസത്തോടെ മറുപടി പറഞ്ഞ് അവർ എണീറ്റു. “ഇന്നു രാജീവൻ വന്നാൽ എന്തായാലും ഒന്ന് അവനെക്കൊണ്ട് വിളിപ്പിക്കണം” വീട്ടിലേക്ക് നടക്കുന്നതിനിടയിൽ വീണ്ടും പറഞ്ഞു.
വിദ്യയെ ഇവിടേക്ക് തിരികെ കൊണ്ടുവരാൻ അവർ ചില വഴികളും മനസിൽ കണ്ടുകൊണ്ട് തന്നെയാണ് അവർ രാജീവനോട് സംസാരിച്ചു തുടങ്ങിയത്.
“നിന്നെ അവള് വിളിക്കാറുണ്ടോ?” അമ്മയുടെ ചോദ്യം കേട്ടിട്ടും രാജീവൻ മറുപടി ഒന്നും പറഞ്ഞില്ല.
“എന്താ കാര്യം?” അമ്മയുടെ ചോദ്യം ആവർത്തിച്ചപ്പോൾ കുറച്ച് നീരസത്തോടെ രാജീവൻ തല ഉയർത്തി.
“എന്താ കാര്യം എന്നു ഞാൻ പറയണോ? കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ടുവരാൻ പറയണം അവൾക്കല്ലേ വരാൻ പറ്റാതുള്ളൂ” കുഞ്ഞിനെ കൊണ്ടുവന്നാൽ അവളും വരുമെന്ന് അവർക്കറിയാമായിരുന്നു.
“ഞാനിനി അവളെ വിളിക്കുന്നൊന്നും ഇല്ല. ഇനി മോനെ കൊണ്ടു വന്നാൽ തന്നെ ആരാ ഇവിടുന്നു നോക്കാൻ?” താൽപര്യമില്ലാത്ത മട്ടിൽ രാജീവൻ പറഞ്ഞു.
“എന്താ ഇതിനു മുന്നേ കുട്ടിയേ ഇവിടുന്ന് ആരും നോക്കീട്ടില്ലേ? നീ രാവിലെ ഓട്ടോയും കൊണ്ട് പോയാൽ അവള് പരീക്ഷാന്നും പഠിക്കാനെന്നും പറഞ്ഞ് അവിടേം ഇവിടേം തെണ്ടീട്ട് വൈകുന്നേരം വരുംബോ ആരാ ഞാൻ തന്നെയല്ലേ ചെക്കനെ നോക്കിയിരുന്നത്? നിനക്ക് വിളിക്കാൻ പറ്റില്ലെങ്കിൽ അതു പറ ഞാൻ വിളിച്ചോളാം അവള് വരുന്നില്ലെങ്കിൽ വരണ്ട മോനെ ഇവിടെ കൊണ്ടു വിടട്ടെ” അവർ നിശ്ചയിച്ചുറപ്പിച്ചത് പോലെ പറഞ്ഞു. അതിന് രാജീവൻ മറുപടി ഒന്നും പറഞ്ഞില്ല. അതോടെ അവർ അകത്തേക്ക് കേറി ഫോൺ കൈയ്യിലെടുത്തു.
“അവള് ഞാൻ വിളിക്കുംബൊ ഫോൺ വരെ എടുക്കുന്നില്ലല്ലോ” ഉമ്മറത്തേക്ക് വന്ന അമ്മ പറയുന്നത് രാജീവൻ അത്ര കാര്യമാക്കിയില്ല.
“അച്ഛന്റെടുത്ത് എന്തെങ്കിലും പൈസ ഉണ്ടാകുമോ? ഒന്ന് ചോദിച്ച് നോക്കുമോ?” രാജീവൻ പ്രതീക്ഷയോടെ അമ്മയെ നോക്കി.
“നീ പണി എടുക്കുന്ന പൈസയൊക്കെ എന്താ ചെയ്യുന്നേ? അച്ഛന്റെടുത്തൊന്നും പൈസ ഉണ്ടാകില്ല സ്ഥലത്തിന്റെ ലോൺ അടയ്ക്കാത്തത് കൊണ്ട് തന്നെ ആകെ വട്ട് പിടിച്ചത് പോലെ ആണ്”
“ലോൺ എടുപ്പിക്കാൻ നിങ്ങള് മുന്നിലുണ്ടായിരുന്നല്ലോ പിന്നെ ഞാൻ പണി എടുക്കുന്ന പൈസ അത് ഇത്ര നാളും എന്താ ചെയ്തത് എന്ന് ഈ വീട് നോക്കിയാൽ തന്നെ അറിയാം കിണറ് ഞാൻ കുഴിച്ചത് ബാക്കി ഈ വീടിന്റ പണി കംപ്ലീറ്റ് എടുത്തത് ഞാൻ തന്നെയാ എന്നിട്ട് ഇപ്പൊ നോക്കുംബോ എനിക്ക് വീടും ഇല്ല സ്ഥലോം ഇല്ല” രാജീവന്റെ സംസാര രീതി മാറിയത് കണ്ട് അവർ പിന്നെ എന്തു പറയണമെന്നറിയാതെ കുഴങ്ങി.
“നിനക്ക് എന്താ ഒന്നും തരില്ല എന്ന് ആരെങ്കിലും പറഞ്ഞോ? ആ സ്ഥലത്തിന്റെ ലോൺ എങ്ങനെ എങ്കിലും എല്ലാരും കൂടി അടച്ച് രേഖ എടുത്താൽ എല്ലാറ്റിനും ഒരു വ്യവസ്ഥ ആക്കാലോ. അവള് വിളിച്ചാൽ കുറച്ച് പൈസ തരാൻ പറ സ്ഥലം കിട്ടുംബൊ അതിൽ അവൾക്കും കൂടി അല്ലേ?” അമ്മ പറയുന്ന ന്യായം കേട്ട് ഒന്നും പറയാതെ രാജീവൻ ഓട്ടോയും എടുത്ത് പോയി.
***************
രാത്രി ഹോസ്റ്റലിൽ നിന്നായിരുന്നു ഞാൻ രാജീവേട്ടന്റെ അമ്മയെ തിരിച്ചു വിളിച്ചത്. രണ്ട് തവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. അതോടെ ഞാൻ രാജീവേട്ടന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും ഏട്ടനും ഫോണെടുത്തില്ല. മനപൂർവം ആണെന്ന് എനിക്ക് മനസിലാകുന്നുണ്ടായിരുന്നു. വന്ദന പറഞ്ഞത് പോലെ എനിക്ക് വട്ടാണോ എന്തോ? ആയിരിക്കാനാണ് സാധ്യത അല്ലെങ്കിൽ ഇത്രയേറെ അവഗണിച്ചിട്ടും വിളിക്കേണ്ട കാര്യമുണ്ടോ?
ഞാനെന്റെ വീട്ടിലേക്ക് വിളിച്ച് അച്ഛനോട് തിരുവനന്തപുരത്തേക്ക് വരാനുള്ള ദിവസത്തെ കുറിച്ചൊക്കെ സംസാരിച്ചു. ഒരാഴ്ച്ചത്തെ ലീവ് ഉണ്ട്. അച്ഛൻ മറ്റന്നാൾ വരാം എന്നു പറഞ്ഞതിനു ശേഷമാണ് വന്ദനയും ലീവ് എടുക്കുന്നു എന്നു പറഞ്ഞത്. വിനോദ് സാർ മറ്റൊരു ഫയലിന്റെ ആവിശ്യത്തിന് മറ്റന്നാൾ തന്നെ തിരുവനന്തപുരത്തേക്ക് വരുന്നു എന്നതും ഒരുമിച്ച് കോഴിക്കോട്ടേക്ക് പോകാം എന്നും അവൾ പറഞ്ഞു. അവളും അമ്മ വീട്ടിലേക്ക് വരുന്നുണ്ട് എന്ന്.!
“അച്ഛനോട് വരണ്ട എന്നു പറ” വന്ദനയും നിർബന്ധിച്ചതോടെ ഒരു കണക്കിന് അതാണ് നല്ലത് എന്ന് എനിക്കും തോന്നി. അച്ഛൻ വെറുതേ ഇവിടെ വരെ വരേണ്ട കാര്യവും ഇല്ല ഉണ്ണിയേയും കൂടെ ബേഗും ഒക്കെ എടുത്ത് ട്രെയിനിൽ അള്ളിപിടിച്ച് നിൽക്കുകയും വേണ്ടല്ലോ. ഞാൻ വീണ്ടും അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. അവൾ കൂടി ഉണ്ടെന്നറിഞ്ഞതോടെ അച്ഛനും സമ്മതിച്ചു. ഡ്യൂട്ടിയും കഴിഞ്ഞ് ഞങ്ങൾ രാത്രി തന്നെ കോഴിക്കോട്ടേക്ക് തിരിച്ചു. വരുന്ന വഴി കാറിൽ വെച്ചാണ് വിനോദ് സാറിനെ കുറിച്ച് കൂടുതൽ അറിയുന്നത്. പുള്ളീടെ ഭാര്യ ഒരു ആക്സിഡന്റിൽ മരണപ്പെട്ടിട്ട് ഇപ്പൊ മൂന്നു വർഷം ആയി. ഒരു പെൺകുഞ്ഞ് ഉണ്ട്. അവൾക്ക് അഞ്ച് വയസായി. മോളെ സാറിന്റെ അമ്മയാണത്രെ നോക്കുന്നത്.
“മാമന് ഇനി എങ്കിലും മാറി ചിന്തിക്കാവുന്നതേ ഉള്ളൂ. ആരെയെങ്കിലും സ്വത്തോ പണമോ ഒന്നും വേണ്ട രണ്ടാം കെട്ട് ആയാലും ഒരാളെ നോക്കി കൂടെ?” ഇടയ്ക്ക് വന്ദന കാറിൽ വെച്ച് അങ്ങനെ സംസാരിച്ചു.
“നിന്റെ പരിചയത്തിൽ ആരെങ്കിലും ഉണ്ടോ അങ്ങനെ? കുഞ്ഞുള്ളത് ആയാലും കുഴപ്പമില്ല” ചിരിയോടെ സാറ് അവളോട് ചോദിച്ചു.
“എനിക്ക് ഇതാ ആകെ ഇപ്പൊ അറിയുന്നത് ഇവളെ ആണ്” അതും പറഞ്ഞ് അവളൊരു ചിരി ആയിരുന്നു കൂടെ സാറും പക്ഷേ എനിക്കെന്തോ ചിരി വന്നില്ല. അതു കണ്ടിട്ടാവണം കാറിൽ കുറച്ച് നേരത്തെ മൗനം.! ഞാൻ രാത്രി ഒട്ടും ഉറങ്ങിയിട്ടുണ്ടായില്ല. രാവിലെ കോഴിക്കോട് എത്തുംബോൾ എന്നെ എന്റെ വീട്ടിൽ കൊണ്ടുപോകാൻ എന്റെ ഏട്ടൻ വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഞങ്ങളെത്തിയിട്ടും ഏട്ടൻ എത്തിയിട്ടുണ്ടായിരുന്നില്ല അതിനിടെ സാറെനിക്കും വന്ദനയ്ക്കും ചായ വാങ്ങി കാറിനടുത്തേക്ക് വന്നു. ഉണ്ണിക്ക് സ്നാക്ക്സ് വാങ്ങിക്കാൻ ഞാനും ഇറങ്ങി. അത്യാവശ്യം വീട്ടിലേക്കുള്ളതും പിന്നെ സച്ചുവിന് ഉള്ള മിഠായികളും എല്ലാം വാങ്ങി ഞാൻ വേഗം തന്നെ തിരിച്ചു കാറിൽ കയറി.
“നിന്റെ ഏട്ടനോട് ജങ്ങ്ഷനിൽ നിൽക്കാൻ പറ ഞാൻ എന്തായാലും അവിടെ വരെ വരാം” അതും പറഞ്ഞ് സാർ കാർ മുന്നോട്ടെടുത്തു.
*******************
ഒരു കാർ വന്നു നിർത്തുന്നതും അതിൽ നിന്നും വിദ്യ ഇറങ്ങുന്നതും എല്ലാം നോക്കിക്കൊണ്ട് രാജീവന്റെ കൂട്ടുകാരൻ ഷനോജ് ഉണ്ടായിരുന്നു അവിടെ. അവൻ വേഗം ഫോണെടുത്തു.
“എടാ രാജീവാ നിന്റെ ഭാര്യ വന്നിട്ടുണ്ട് കെട്ടോ. ഞാനിവിടെ നിക്കുംബോൾ കണ്ടതാണ് ഒരു കാറിൽ വന്നിറങ്ങിയത്.”
“ഏത് കാറിൽ? ആരുടെ കാർ?”
“ആരുടെ കാറാണെന്ന് അറിയില്ല ഏതോ ഒരാൾ എനിക്ക് പരിജയം ഇല്ല. വെളുത്തിട്ട് എന്റെ ഒക്കെ പ്രായം കാണും” ഷനോജിന്റെ മറുപടി രാജീവനിൽ സംശയത്തിന്റെ വിത്തുപാകാൻ കാരണമായി.
“കാറിൽ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ?”
” ഞാൻ വേറെ ആരെയും കണ്ടില്ല ഞാൻ ഇപ്പൊ അവിടെ അല്ല ഉള്ളത്. കാറ് അപ്പൊ തന്നെ പോയിട്ടുണ്ടായിരുന്നു” അതും പറഞ്ഞ് ഷനോജ് ഫോൺ വെച്ചു.
“അവൾ ആരുടെ ഒപ്പമാ കാറിൽ വന്നത്?” രാജീവന്റെ ഫോൺ വിളി ശ്രദ്ധിച്ചിരുന്ന അമ്മ അവനോട് ചോദിച്ചു!
“അതാരായിരിക്കും അവളുടെ കൂടെ ഉണ്ടായിരുന്ന ആൾ” എന്ന ചിന്ത രാജീവനെ വല്ലാതെ കുഴക്കി. അമ്മ കൂടുതൽ എന്തെങ്കിലും പറയും മുൻപ് അവൻ മുറ്റത്തേക്കിറങ്ങി. ഓട്ടോ സ്റ്റാർട്ട് ചെയ്ത് പിന്നെയും ഷനോജിനെ വിളിച്ചു.
“നീ കണ്ടത് അവൾ കണ്ടിരുന്നോ?”
“ഇല്ല എന്നെ കണ്ടിട്ടുണ്ടാകില്ല. എന്താ കാര്യം?” ഷനോജിന് രാജീവന്റെ മനസ് അറിയില്ലായിരുന്നു.
:അതൊന്നും ഇല്ല വേറെ കാര്യം ഉണ്ട് വൈകുന്നേരം പറയാം” അതും പറഞ്ഞ് രാജീവൻ ഫോൺ കട്ട് ചെയ്തു.
******************
ഞാൻ വീട്ടിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു. ഒരു പാട് നാളുകൾക്ക് ശേഷം ഉറക്കെ ചിരിക്കാനും അമ്മയെ അടുക്കളയിൽ പോയി കെട്ടിപ്പിടിക്കാനും ആരും കാണാതെ കരയാനുമൊക്കെ തോന്നി. അടുക്കളയിൽ വെച്ച് അമ്മയുടെ കൈയ്യിൽ ചുരുട്ടിപ്പിടിച്ച് കൊടുത്ത നോട്ടുകൾ അമ്മയുടെ കണ്ണു നിറയുന്നത് ഞാനും കണ്ടു. “അച്ഛനും കൊടുത്തേക്കണം” ചിരിയോടെ ഞാൻ പറഞ്ഞു. “നീ തന്നെ കൊടുത്തോ” എന്ന് അമ്മ പറഞ്ഞെങ്കിലും അമ്മയോട് തന്നെ കൊടുക്കാൻ ഞാൻ പറഞ്ഞു. രേഷ്മയ്ക്ക് ഞാൻ നാലഞ്ച് കൂട്ടം ചൂരീ ദാർ ടോപ്പ് വാങ്ങിയിരുന്നു. അതൊക്കെ അവളെ ഏൽപ്പിച്ചു. ഏട്ടന് വാങ്ങിയ ഷർട്ടും അവളെ ഏൽപ്പിച്ചു. അച്ഛനും വാങ്ങിച്ചിട്ടുണ്ടായിരുന്നു ഒരു ഷർട്ടും മുണ്ടും പക്ഷേ അമ്മയ്ക്ക് മാത്രം വാങ്ങിയിരുന്നില്ല. എന്തൊക്കെയോ എടുക്കാൻ നോക്കിയെങ്കിലും എനിക്ക് ഒന്നും തൃപ്തി ആയില്ലായിരുന്നു.
“നമ്മൾക്ക് രണ്ടാൾക്കും പോയിട്ട് പിന്നെ വാങ്ങാം കെട്ടോ ” ഞാൻ അമ്മയോട് പറഞ്ഞു.
“ഇതാരുടെയാ ഷർട്ട്?” അമ്മയാണ് ബേഗിനുള്ളിൽ നിന്നും രണ്ട് ഷർട്ട് പുറത്തെടുത്തത്. ഞാൻ അതിനു മറുപടി പറയാതെ അത് ബേഗിനുള്ളിൽ തന്നെ വെക്കാൻ പറഞ്ഞു. അത് ഞാൻ രാജീവേട്ടന് വേണ്ടി വാങ്ങിയത് ആയിരുന്നു. അതിനിടെ ഞാൻ രജിതേച്ചിയെ വിളിക്കുകയും വീട്ടിലെത്തിയ സന്തോഷം പങ്കിടുകയും ചെയ്തു.
“നീ ഇങ്ങോട്ട് വരുന്നുണ്ടോ?” സംസാരത്തിനിടയിൽ ചേച്ചി ചോദിച്ചു. സത്യം പറഞ്ഞാൽ അതിനെ പറ്റി ഞാൻ ആലോചിച്ചിട്ടൊന്നും ഉണ്ടായിരുന്നില്ല. അവിടേക്ക് പോകാണമോ എന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചതേ ഇല്ല. അതു കൊണ്ട് തന്നെ ചേച്ചിയോട് വ്യക്തമായ ഒരു ഉത്തരം പറയാൻ എനിക്ക് പറ്റിയില്ല.
“നീ വന്നത് അവർ അറിഞ്ഞിട്ടുണ്ടോ? നീ വിളിക്കുകയോ പറയുകയോ ചെയ്തിരുന്നോ?” ചേച്ചി വീണ്ടും ചോദിച്ചു.
“വിളിക്കാൻ ഇതാരെയാ ഞാൻ വിളിക്കേണ്ടത്? രാജീവേട്ടനെ വിളിച്ചാൽ രാജീവേട്ടൻ എടുക്കൂല അമ്മയെ വിളിച്ചാൽ അതിന്റെ ബാക്കിയാണ്” കുറച്ച് നേരത്തെ സംസാരത്തിനു ശേഷം ഞാൻ ഫോൺ വെച്ചു.
അതിനിടയിൽ വന്ദന വിളിച്ചു അവളുടെ മാമൻ അതായത് വിനോദ് സാറിന് പറ്റിയ ഏതെങ്കിലും പെണ്ണുണ്ടോ എന്ന് അന്വേഷിക്കാൻ പറഞ്ഞു. അവൾ അതൊരു റിക്വസ്റ്റായിട്ടാണ് പറഞ്ഞതെങ്കിലും എന്റെ ജീവിതത്തെ പറ്റി അറിയുന്ന അവൾക്ക് മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു. എന്നെ സാറും ആയിട്ട് അടുപ്പിക്കാൻ മനപൂർവമോ അല്ലാതെയോ ഒരു ശ്രമം അവൾ നടത്തുന്നുണ്ടായിരുന്നു. അവളെ പിണക്കാൻ വയ്യാത്തത് കൊണ്ട് തന്നെ ഞാൻ അതിനെയൊക്കെ ഒരു തമാശ മാത്രം ആയി കണ്ടു.
രാത്രി ഒക്കെ വീട്ടിൽ കുട്ടികളുടെ ബഹളമായിരുന്നു. ആരും ഉറങ്ങിയില്ല. സമയം 12 മണിയും കഴിഞ്ഞപ്പൊഴാണ് ഓരോരുത്തർ പോയി കിടക്കുന്നത് തന്നെ. ഇപ്പൊ വീട്ടിൽ നിൽക്കാൻ വല്ലാത്തൊരു ആത്മവിശ്വാസം തന്നെ ആയിരുന്നു എനിക്കും. ആദ്യമൊക്കെ ഒരു പേടി ആയിരുന്നു വീട്ടിൽ വന്ന് കുറച്ച് അധികം നാൾ നിൽക്കാൻ തന്നെ. ഞാനും മോനും വീട്ടുകാർക്ക് ബാധ്യത ആയി മാറുമോ എന്നൊക്കെയുള്ള ചിന്ത.! ഇപ്പൊ ഒരു ആത്മവിശ്വാസം കൂടി. എന്റെത് കൂടിയാണ് വീട് എന്നാരു ആത്മവിശ്വാസം അതല്ലെങ്കിൽ ജോലിയുള്ളത് കൊണ്ടുള്ള ഒരു ഇത്. എന്തൊക്കെയോ ഓർത്ത് എപ്പൊഴോ ഉറങ്ങി.
********************
രാവിലെ പത്ത് മണി കഴിഞ്ഞു കാണും ഫോൺ റിങ്ങ് ചെയ്ത് നോക്കുംബോൾ രാജീവേട്ടന്റെ നമ്പർ. എനിക്കെന്തോ വല്ലാത്തൊരു സന്തോഷം തോന്നി.
“നീ വരുംബോൾ എന്താ വിളിക്കുകയൊന്നും ചെയ്യാതിരുന്നെ? അതോ എല്ലാം ഒഴിവാക്കിയോ?” രാജീവേട്ടന്റെ ചോദ്യത്തിന്റെ അർഥം എനിക്ക് മനസിലായി.
“ഞാനല്ലല്ലോ ഒഴിവാക്കിയത്. രാജീവേട്ടൻ തന്നെയല്ലേ. നിങ്ങൾക്ക് നിങ്ങൾടെ അമ്മയെ മാത്രം മതിയല്ലോ എന്നെ ആവിശ്യമില്ലല്ലോ” ഞാൻ പറഞ്ഞതിന് അവിടുന്ന് മറുപടി ഒന്നും വന്നില്ല പകരം ഉണ്ണിയെ കുറിച്ച് ചോദിച്ചു. അതിനു ശേഷമാണ് ഞാനെങ്ങനെയാ വന്നത് എന്നതിനെ പറ്റിയൊക്കെ ചോദിച്ചത്.
“ഫ്രണ്ടിന്റെ കൂടെയാണ്” എന്ന് ഞാൻ വന്ദനയെ ഓർത്ത് കൊണ്ട് പറഞ്ഞു.
“ഏത് ഫ്രണ്ട്?”
“അതവിടെ കൂടെ വർക്ക് ചെയ്യുന്നതാ അവളുടെ വീട് ഇവിടെ കോഴിക്കോട് തന്നെയാണ്. അപ്പൊ അവളെ കൊണ്ടുവരാൻ വേണ്ടി അവളുടെ മാമൻ വന്നിരുന്നു. ആ വണ്ടിയിൽ തന്നെ ഞാനും വന്നു. എന്തേ? എന്നെ കൂട്ടാൻ രാജീവേട്ടൻ വരുന്നുണ്ടായിരുന്നോ?”
“അയ്യോ എന്റെടുത്ത് കാർ ഒന്നും ഇല്ല ആകെ ഒരു ഓട്ടോയെ ഉള്ളൂ” രാജീവേട്ടൻ അർഥം വെച്ച് സംസാരിക്കാനൊക്കെ തുടങ്ങിയിരുന്നു.
“അനിയന്റെ അടുത്ത് കാർ ഉണ്ടല്ലോ, അച്ഛന്റെ സ്ഥലത്തിന്റെ ലോൺ അടയ്ക്കാനൊന്നും പൈസ ഇല്ലെങ്കിലും കാർ വാങ്ങാനൊക്കെ പൈസ ഉണ്ട് അല്ലേ” എന്റെ മറുപടി കിട്ടിയതോടെ കാറിന്റെ കാര്യത്തിൽ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നു തോന്നി കാണണം പിന്നീട് അതിനെ പറ്റി ഒന്നും സംസാരിച്ചില്ല.
“നീ മോനെ എപ്പൊഴാ ഇവിടെ കൊണ്ടാക്കുന്നത്? അമ്മയൊക്കെ കൊറേ ദിവസം ആയി പറയുന്നു ” രാജീവേട്ടൻ പറഞ്ഞ വാക്കുകൾ ഞാനൊന്നു കൂടി ഓർത്തു. എന്നെ കാണാൻ അല്ല എന്റെ മോനെയാണ് വേണ്ടത് അവർക്ക്.
“എന്റെ മോനെ ഞാനെങ്ങും വിടുന്നില്ല കാണാൻ അത്രയ്ക്ക് പൂതി ആണെങ്കിൽ ഇങ്ങോട്ടേക്ക് വരാൻ പറ ഒരാഴ്ച ഞാനിവിടെ ഉണ്ടാകും” രാജീവേട്ടനോട് കുറച്ച് കടുപ്പിച്ച് തന്നെ പറയേണ്ടി വന്നു എനിക്ക്.
“അത്ര പോലും എന്നെയും .. അല്ല എന്നെ വേണ്ട മോനെ കാണാൻ രാജീവേട്ടന് ഇഷ്ടമില്ല അല്ലേ. ഒരു കാര്യം ചെയ് മോനെ കാണേണ്ടവരോടൊക്കെ ഇവിടെ വരാൻ പറ ഞാനെന്റെ മോനെ എവിടെയും കൊണ്ട് വിടൂല ” എനിക്ക് ദേഷ്യോം സങ്കടോം വന്നു.
” കുട്ടി നിന്റെ മാത്രം അല്ല എന്നുള്ളത് ഓർമ്മ വേണം നീ കൂടുതൽ സംസാരിക്കാൻ നിന്നാൽ ഞാൻ ഇപ്പൊ തന്നെ വന്ന് ചെക്കനെ ഇവിടേക്ക് കൊണ്ടു വരും പറഞ്ഞേക്കാം ” ഒരു വാണിങ്ങ് പോലെ രാജീവേട്ടൻ പറഞ്ഞു. അതോടെ എനിക്കും പേടി ആയി. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അവനില്ലാതെ ഞാൻ ചിലപ്പൊ ശ്വാസം മുട്ടി മരിച്ചു പോകും.
ഞാൻ കുറച്ച് നേരം മിണ്ടാതെ നിന്നു.
“നീ എപ്പൊഴാ വരുന്നേ?” ഞാൻ മിണ്ടാതിരുന്നതോടെ അവിടുന്ന് ചോദ്യം വന്നു.
“അത് ഞാൻ പറയാം” ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് ഞാൻ കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ ഫോൺ വെച്ചു. ഞാൻ വേഗം അടുക്കളയിലേക്ക് പോയി അമ്മയോട് കാര്യങ്ങൾ സംസാരിച്ചു.
“ഇപ്പൊ എവിടുന്നാ അവർക്ക് മോനെ കാണാനൊക്കെ പൂതി വന്നെ? ഇത് മോനെ കാണാൻ വേണ്ടിയൊന്നും അല്ല നിന്നെ എങ്ങനെയെങ്കിലും അവിടെ എത്തിക്കണം അതിനു വേണ്ടീട്ടുള്ള കളിയാണ് ഇതെല്ലാം” അമ്മ ദേഷ്യത്തോടെ പറഞ്ഞു. അച്ഛൻ വീട്ടിലെത്തിയപ്പൊഴും അമ്മ ദേഷ്യത്തോടെ ഈ കാര്യം പറയുന്നുണ്ടായിരുന്നു. രാജീവേട്ടന്റെ അമ്മയോടാണ് അമ്മയുടെ ദേഷ്യം ആവിശ്യത്തിനും അനാവശ്യത്തിനും ഞങ്ങളുടെ ജീവിതത്തിൽ ഇടപെട്ട് ഇടപെട്ടാണ് ഞാനും രാജീവേട്ടനും ഇങ്ങനെ ആയത് എന്ന് അമ്മയ്ക്കും അറിയാവുന്നതാണ്. അച്ഛൻ അവിടേക്ക് പോകണമെന്നോ പോകണ്ട എന്നോ പറഞ്ഞില്ല. അച്ഛനോട് അമ്മ അഭിപ്രായം ചോദിച്ചപ്പോൾ “അവളോട് നോക്കീട്ട് എന്താ വേണ്ടത് എന്നു വെച്ചാൽ ചെയ്യാൻ പറ” എന്നു പറഞ്ഞ് തീരുമാനം എന്റേത് മാത്രം ആക്കിമാറ്റി. അതിന് അമ്മ അച്ഛനോട് ദേഷ്യപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു.
“നിങ്ങളിങ്ങനെ പറഞ്ഞാൽ അവളെന്നാ ചെയ്യുക” എന്നൊക്കെ പറയുന്നത് അകത്ത് നിന്നും ഞാനും കേട്ടു. ഏട്ടനും അച്ഛന്റെ അഭിപ്രായം തന്നെ ആയിരുന്നു. എന്തു തീരുമാനം എടുക്കണം എന്നറിയാതെ ഞാൻ കുഴങ്ങി. എന്തായാലും സമയമുണ്ടല്ലോ എന്ന് ഞാനും വിചാരിച്ചു. അതിനിടെ ഞാൻ ഈ കാര്യങ്ങളെല്ലാം വന്ദനയും രജിതേച്ചിയും വിളിച്ചപ്പോൾ പറഞ്ഞു..
“നിന്നെ ഇങ്ങോട്ട് കൂട്ടികൊണ്ടുവരണം എന്നൊക്കെ പറയുന്നുണ്ടായിരുന്നു” രജിതേച്ചിയാണ് അത് പറഞ്ഞത്.
“വിദ്യേ രാജീവന്റെ അമ്മ കഴിഞ്ഞ തവണ മധ്യസ്ഥത പറഞ്ഞ രാഘവേട്ടനോടൊക്കെ നിന്നെ കാര്യം പറഞ്ഞ് മനസ്സിലാക്കിക്കാൻ വേണ്ടി പറയാൻ പോയിരുന്നു അവരൊന്നും ഇനി രാജീവന്റെയും അവന്റെ അമ്മയുടേയും കാര്യത്തിൽ ഇടപെടില്ല എന്നു പറഞ്ഞു. ഇനി നിന്നെ കൂട്ടികൊണ്ടുവരാൻ അവര് തന്നെ വരാനുള്ള പരിപാടിയാണ് നീ നോക്കിക്കോ ചിലപ്പൊ ഇന്നുതന്നെ അവര് അവിടെ വരും” രജിതേച്ചി കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് സംഗതിയുടെ കിടപ്പ് എനിക്കും മനസിലായത്. ഇതിനിടയിൽ കൂടി അവർ അങ്ങനെ ആൾക്കാരെ ഇടപെടീക്കാൻ ഒക്കെ നോക്കിയിട്ടുണ്ട് അവർ ഒന്നും ഇടപെടില്ലാന്ന് കണ്ടപ്പൊഴാവണം നേരിട്ട് ഇറങ്ങിയത്. രാജീവേട്ടനെ കുത്തി പൊക്കി വിടുന്നത് അതിനാവും. കാര്യങ്ങൾ ഏറെ കുറേ എനിക്ക് മനസിലായി. അതോടെ ഞാനും ചില തീരുമാനങ്ങൾ എടുത്തു.
രണ്ടു ദിവസം കൂടി കഴിഞ്ഞിട്ടുണ്ടാവും ഉച്ച കഴിഞ്ഞപ്പോൾ രാജീവേട്ടന്റെ ഓട്ടോ മുറ്റത്ത് വന്നു നിന്നു. ഞാൻ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. ഞായറാഴ്ച്ച ആയത് കൊണ്ട് തന്നെ ഏട്ടനും അച്ഛനും എല്ലാം ഉണ്ടായിരുന്നു. ഓട്ടോയിൽ നിന്നും രാജീവേട്ടൻ ഇറങ്ങി. വരുംബോൾ ഉണ്ണിക്ക് എന്തൊക്കെയോ കൊണ്ടു വന്നിരുന്നു. ഏറെ നേരത്തെ സംസാരത്തിനും ചർച്ചകൾക്കും ശേഷം “അവളോട് ചോദിക്ക് അവൾക്ക് അങ്ങോട്ട് വരാൻ താൽപര്യമുണ്ടെങ്കിലല്ലേ സംസാരികേണ്ടതുള്ളു” എന്ന് പറഞ്ഞ് അച്ചൻ എന്റെ മുഖത്ത് നോക്കി. എന്തു പറയണം എന്നറിയാതെ ഞാൻ അവിടെ നിന്നു. എല്ലാവരുടേയും കണ്ണുകൾ എന്റെ മുഖത്ത് ആയിരുന്നു. ഒടുവിൽ “ഇന്നെന്തായാലും വരാൻ പറ്റില്ല” എന്ന് ഞാൻ പറഞ്ഞു. അതോടെ പിന്നെപ്പൊഴാ വരുന്നേ? എന്ന ചോദ്യം വന്നു.
“തിരിച്ച് പോകും മുൻപ് വരാം” എന്നു മാത്രം പറഞ്ഞ് കുറച്ച് നേരം സംസാരിച്ച് രാജീവേട്ടനും പോയി.
” നിനക്ക് താൽപര്യമില്ലെങ്കിൽ പോവുകയൊന്നും വേണ്ട” എന്ന് അമ്മ പറഞ്ഞെങ്കിലും ഞാനതിനു മറുപടി ഒന്നും പറഞ്ഞില്ല. ഒടുവിൽ തിരിച്ച് ജോലിക്ക് പോകുന്നതിന്റെ തലേ ദിവസം രാവിലെ ഒന്ന് അവിടെ വരെ പോയി ഉച്ചയ്ക്ക് തന്നെ തിരികെ വരാം എന്നു തീരുമാനിച്ചു.
“എടാ നിനക്ക് നമ്മളെയൊക്കെ അറിയുമോ?” ഉണ്ണിയുടെ മുഖത്തേക്ക് നോക്കി അമ്മയുടെ ചോദ്യം.
” അച്ഛമ്മ ” ഉണ്ണി ചിരിച്ചു.
” ആരുടെ അച്ഛമ്മ? ഞാൻ നിന്റെ അച്ഛമ്മ ഒന്നും അല്ല. അങ്ങനെ ഒരു ചിന്ത ഉണ്ടെങ്കിൽ നീ ഇങ്ങോട്ട് വരുമല്ലൊ നീയും നിന്റെ അമ്മയുടെ കൂട്ടത്തിലുള്ളതല്ലെ?” ഞാൻ കേൾക്കാനെന്നോണം അവർ പറഞ്ഞു. ആ പറഞ്ഞത് എനിക്ക് ഒട്ടും ഇഷ്ടായില്ല.
“ഇതല്ലെ സ്വഭാവം” ഞാൻ അമ്മ കേൾക്കാൻ വേണ്ടി തന്നെ ഞാനും പറഞ്ഞു. രാജീവേട്ടൻ അവിടെ ഉണ്ടായിരുന്നു. അച്ഛൻ പശുവിനെ തീറ്റിക്കാൻ പോയതാവണം അവിടെ ഒന്നും കണ്ടില്ല. അകത്തേക്ക് കേറിയ എനിക്ക് അതിനിടയിൽ തന്നെ ഓഫീസിൽ നിന്നും ഫോൺ വന്നു. ഒന്ന് രണ്ട് ഫയലുകളെ കുറിച്ച് ചോദിക്കാൻ ആയിരുന്നു. അതൊക്കെ പറഞ്ഞ് കൊടുത്ത് ഞാൻ ബാഗിൽ നിന്നും രാജീവേട്ടന് വാങ്ങിയ ഷർട്ട് എടുത്തു. “ഇതെങ്ങനെ ഉണ്ടെന്ന് നോക്കിക്കേ” ഞാൻ പുള്ളിക്ക് നേരെ ഷർട്ട് നീട്ടി.
” നീ അത് അവിടെ എവിടെ എങ്കിലും വെച്ചേക്ക് ” ഒന്ന് വാങ്ങി നോക്കിയതിന് ശേഷം എനിക്ക് നേരെ തന്നെ നീട്ടി. ഞാൻ അത് അകത്തേക്ക് കൊണ്ടു വെച്ചു. അധികം വൈകാതെ തന്നെ അച്ഛനും വന്നു. ഒരു പാട് നാള് കഴിഞ്ഞ് കാണുന്നത് കൊണ്ട് തന്നെ ഉണ്ണിക്ക് ഒരു നാണം പോലെ. കുറച്ച് നേരം അച്ഛന്റെ അടുത്ത് പഴയ ആ ഒരു ഇത് കാണിച്ചില്ലെങ്കിലും പതുക്കെ അവർ പണ്ടുള്ളത് പോലെ തന്നെ ആയി. അച്ഛനു കൊടുക്കാൻ ഞാൻ കുറച്ച് പൈസ കൊണ്ടുവന്നിരുന്നു. ഉണ്ണിയെ കൊണ്ടാണ് ഞാൻ അത് കൊടുപ്പിച്ചത്. ആദ്യം വാങ്ങാൻ സമ്മതിച്ചില്ലെങ്കിലും ഒടുവിൽ എന്റെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആരോ ഓട്ടം വിളിച്ചതോടെ രാജീവേട്ടൻ വണ്ടിയും ആയി പോയി.
“ഞാനൊന്നു രജിതേച്ചിയുടെ വീട് വരെ പോയിട്ട് വേഗം വരാം” അച്ഛനോട് അതും പറഞ്ഞ് ഞാൻ രജിതേച്ചിയുടെ വീട് ലക്ഷ്യമാക്കി നടന്നു. ഒന്നാമത്തെ കാര്യം അവരെ ഒന്നു കാണുക ആയിരുന്നു. ഒരു പാട് നാളായല്ലോ കണ്ടിട്ട് പിന്നെ കുടുംബശ്രീയിൽ അടയ്ക്കാനുള്ള ബാക്കി പൈസ കൂടി കൊടുക്കണം അങ്ങനെ ഒക്കെ വിചാരിച്ചാണ് അങ്ങോട്ടേക്ക് നടന്നത്.
പുഴക്കരയിൽ എത്തിയപ്പോൾ വർഷയുടെ അമ്മയും കൂടെ രജിതേച്ചിയും അലക്കുന്നുണ്ടായിരുന്നു.
“ഞാൻ നിങ്ങളെ വീട്ടിലേക്ക് വരുവായിരുന്നു” പുഴയിലേക്ക് ഇറങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു.
“അല്ല നീ ഇതെപ്പൊ വന്നു” അതിശയത്തോടെ ചേച്ചി എന്നെ നോക്കി. “നീ തടിച്ചല്ലോ ” ചേച്ചി പറയുന്നത് കേട്ട് ഞാൻ ചിരിച്ചു.
“ഞാൻ വിചാരിച്ചു നീ ഞങ്ങളെ ഒക്കെ വിട്ടു എന്ന്” ചെറിയമ്മയാണ് അങ്ങനെ പറഞ്ഞത്.
“എനിക്കങ്ങനെ വിടാൻ പറ്റുമോ? ഞാൻ ആരെയും വിടില്ല കെട്ടോ” ഞാൻ പറഞ്ഞതിന് വേറെയും അർഥമുണ്ടെന്ന് അവർ മനസിലാക്കിക്കോട്ടെ എന്നു കരുതി തന്നെയാണ് ഞാനത് പറഞ്ഞത്.
“അല്ല പോയിട്ട് ഒരു വിളിയും ഇല്ല വരവും ഇല്ല അതുകൊണ്ട് പറഞ്ഞതാ”
“അതിപ്പൊ എന്നെയും ആരും വിളിക്കാറില്ലല്ലോ” ഒട്ടും വിട്ടുകൊടുക്കാതെ ഞാൻ പറഞ്ഞു. അവർ അതിന് അർഹയായിരുന്നു പലപ്പൊഴും അമ്മയെയും എന്നെയും തെറ്റിക്കാൻ അവർ ഓരോന്ന് പറയുകയും മറ്റും ചെയ്തിരുന്നു.
അതിനിടെ ഞാൻ രജിതേച്ചിക്ക് പൈസ കൊടുക്കുന്നത് അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുറച്ച് നേരം അവിടെ നിന്ന് ഞാൻ തിരിച്ചു വീട്ടിലേക്ക് നടന്നു.
വീട്ടിലെത്തിയപ്പോഴുണ്ട് എന്റെ വീട്ടിൽ നിന്നും അമ്മയുടെ രണ്ട് മൂന്ന് മിസ് കോൾ ഞാൻ വേഗം തന്നെ തിരിച്ചു വിളിച്ചു. ഞാനിന്നു തിരികെ പോകുന്നുണ്ടോന്നറിയാൻ വേണ്ടിയാണ് വിളിച്ചത്. ഉച്ചയ്ക്ക തന്നെ വരുംമെന്ന് ഞാനും പറഞ്ഞു.
“നീ ഇന്ന് തന്നെ പോകുന്നുണ്ടോ?” രാജീവേട്ടന്റെ അമ്മയാണ്.
“ആ. പോയിട്ട് കുറച്ച് കാര്യങ്ങൾ ഉണ്ട്”
“മോനെ ഇവിടെ നിർത്തീട്ട് നീ പോയ്ക്കോ ഞാൻ നോക്കിക്കോളാം വൈകുന്നേരം നിനക്ക് ഇങ്ങോട്ട് വരാലോ ” അതിനിടയിൽ അമ്മ പറഞ്ഞു. “അതൊന്നും ശെരിയാകില്ല” എന്ന് ഞാനപ്പോൾ തന്നെ പറഞ്ഞു. അതോടെ ആരും ഒന്നും മിണ്ടിയില്ല.
ഉച്ചയ്ക്ക് സുജിമയും രഞ്ചിയും വന്നു. അവരെല്ലാം മിണ്ടുന്നുണ്ടെങ്കിലും ഒരു അകൽച്ച കാണിക്കുന്നുണ്ടായിരുന്നു. സുജിമ രാജീവേട്ട നോട് ഒട്ടും മിണ്ടുന്നുണ്ടായിരുന്നില്ല. അന്നത്തെ ആ സംഭവത്തിൽ അവളുടെ അച്ഛന് രാജീവേട്ടൻ വിളിച്ചു എന്നു പറഞ്ഞ് വലിയ വിഷയമാക്കിയിരുന്നു.
ഉച്ചയ്ക്ക് ഞാൻ രാജീവേട്ടനോട് തന്നെ എന്നെ എന്റെ വീട്ടിൽ കൊണ്ട് വിടാൻ പറഞ്ഞു. ഇറങ്ങുന്നതിനു മുൻപ് അച്ഛൻ എന്നെ കാണണം എന്നു പറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ അച്ഛന്റെ അടുത്തേക്ക് നടന്നു.
“എനിക്ക് ആ സ്ഥലം വേണം. അത് ബേങ്ക്കാര് കൊണ്ടുപോകാനൊന്നും ഞാൻ സമ്മതിക്കൂല. എന്റെ കൈയ്യിൽ എല്ലാം കൂടി തട്ടിപ്പെറുക്കിയാൽ ഒരു ഒന്നര ലക്ഷം കാണും ബാക്കി മോളെവിടുന്നെങ്കിലും ശെരിയാക്കി തരുമെങ്കിൽ ഞാൻ ആ സ്ഥലം മോള് പറഞ്ഞത് പോലെ എഴുതി തരാം പക്ഷേ ഈ കാര്യം ഒന്നും ആരും അറിയരുത്” ആരും കേൾക്കുന്നില്ല എന്നു ഉറപ്പ് വരുത്തിക്കൊണ്ട് അച്ഛൻ പറഞ്ഞു. ഞാനൊന്ന് നോക്കട്ടെ എന്നു പറഞ്ഞ് ഞാൻ ഇറങ്ങി. വീട്ടിലെത്തിയപ്പോൾ ഞാൻ ഞാൻ അച്ഛൻ പറഞ്ഞ കാര്യത്തെ കുറിച്ച് സംസാരിച്ചു. അച്ഛനും ഏട്ടനും കുറച്ച് സഹായിക്കാം എന്നു പറഞ്ഞു. എന്റെ കണക്ക് കൂട്ടലിൽ ആകെ ഉള്ള ലോൺ ഏഴ് ലക്ഷത്തോളം വരും. അതിൽ തന്നെ ഒന്നര ലക്ഷം അച്ഛൻ തരും പിന്നെ ഏട്ടനും അച്ഛനും കൂടി ഒരു മൂന്നര ലക്ഷവും തരാം എന്നു പറഞ്ഞു. ആ പൈസ തന്നാൽ പിന്നെ വീട് പണി എടുക്കാനൊന്നും അവരുടെ കൈയ്യിൽ പൈസ ഉണ്ടാകില്ല. എങ്ങനെ നോക്കിയാലും ആ സ്ഥലത്തിന് മതിപ്പ് വില പതിനഞ്ച് ലക്ഷമെങ്കിലും വരും. വന്ദനയെ വിളിച്ച് ഞാൻ കാര്യങ്ങളൊക്കെ സംസാരിച്ചപ്പോൾ അവൾ നേരിട്ടു കാണാം എന്നു പറഞ്ഞു.
******************
ലീവ് കഴിഞ്ഞ് വിദ്യ അച്ഛന്റ കൂടെയാണ് വീണ്ടും തിരുവനന്തപുരത്തേക്ക് മടങ്ങിയത്. അവളെത്തുന്നതിന്റ തലേ ദിവസം തന്നെ വന്ദന അവിടെ എത്തിയിരുന്നു. ആദ്യത്തെ ദിവസം അവർക്ക് കാര്യമായി ഒന്നും സംസാരിക്കാൻ പറ്റിയിരുന്നില്ല. അടുത്ത ദിവസമാണ് അവർ തമ്മിൽ കാര്യങ്ങളൊക്കെ സംസാരിച്ചത്. എല്ലാം കേട്ടറിഞ്ഞ അവൾ നമുക്ക് വഴി ഉണ്ടാക്കാം എന്നു പറഞ്ഞു.
അതിനിടെ രാജീവന്റെ വീട്ടിൽ വീണ്ടും പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. രണ്ടാഴ്ച ലീവ് ഉണ്ടായിട്ടും വിദ്യ ആരെയോ കാണിക്കാനെന്നോണം ഒരു ദിവസം മാത്രം ഉണ്ണിയേയും കൊണ്ട് അവിടെ വന്നു നിന്നു എന്നൊക്കെയാണ് സംസാരം കൂട്ടത്തിൽ വർഷയുടെ വീട്ടിൽ പോകാതെ രജിതയെ കാണാൻ പോയതിനെ പറ്റിയും എല്ലാം സംസാരവിഷയം ആയി.
ജോലി കിട്ടിയതിന്റെ അഹംങ്കാരമാണത്രെ. ബേങ്കിന്റെ ഭാഗത്ത് നിന്നും വീണ്ടും നടപടികൾ തുടങ്ങിയതോടെ രഞ്ചിയുടെ മേൽ സമ്മർദം ചെലുത്താൻ മറ്റുള്ളവരും വന്നു. രാജീവൻ കുറച്ചധികം സംസാരിക്കുകയും ചെയ്തു അതോടെ അവർ തമ്മിലും പ്രശ്നം ഉടലെടുത്തു.
സ്ഥലം രാജീവന് വേണ്ട എന്നും പക്ഷേ ലോൺ അടച്ച് തീർക്കണം എന്നും രഞ്ചിയോടു പറഞ്ഞു. അമ്മ ആണെങ്കിൽ എല്ലാവരും കൂടെ അടയ്ക്കാനാണ് പറയുന്നത് . സുജിമയുടെ സ്വർണം പണയം വെക്കാൻ ആവിശ്യപ്പെട്ടത് അമ്മ ആയിരുന്നു. അതിന് അവൾ സമ്മതിച്ചില്ല എന്നു മാത്രമല്ല മേലിൽ ചോദിക്കരുത് എന്ന് പറയുകയും ചെയ്തു.
“ലോൺ അടയ്ക്കാൻ ആകുന്നില്ലെങ്കിൽ സ്ഥലം വിറ്റിട്ട് ലോൺ അടച്ച് ബാക്കി പൈസ അച്ഛന്റെ പേരിൽ ബേങ്കിൽ ഡിപ്പോസിറ്റ് ഇടാം” സുജിമയാണ് അങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്. ഒടുവിൽ ആ തീരുമാനം അച്ഛനും രാജീവനും ഒഴികേ എല്ലാവരും അംഗീകരിച്ചത് പോലെ നിന്നു. അങ്ങനെ തന്നെ ചെയ്യാം എന്ന് ഒടുവിൽ എല്ലാവരും പറഞ്ഞു.
അന്നൊരു ഉച്ച സമയത്താണ് വന്ദന വിദ്യയെ വിളിച്ച് “നമുക്കൊരാളെ കാണാം ” എന്നും പറഞ്ഞ് ഇറങ്ങിയത്. ” ഒരാൾക്ക് നിന്നോടൊരു കാര്യം നേരിട്ട് സംസാരിക്കാൻ ഉണ്ട് എന്ന് ” നടക്കുന്നതിനിടയിൽ അവൾ വിദ്യയോട് പറഞ്ഞു. അവൾക്ക് കാര്യമൊന്നും മനസിലായില്ല. അവളെയും കാത്ത് വിനോദ് ആ കൂൾബാറിലുണ്ടായിരുന്നു.
“നിങ്ങൾ സംസാരിക്ക് ഞാൻ ഇപ്പൊ വരാം” എന്നു പറഞ്ഞ് വന്ദന കാഷ്യറുടെ അടുത്തേക്ക് നടന്നു.വിനോദ് എന്താണ് പറയാൻ പോകുന്നത് എന്നറിയാതെ അവൾ ആകെ വിയർത്ത് വെപ്രാളപ്പെട്ട് ഇരുന്നു.
“വിദ്യയ്ക്ക് കഴിക്കാൻ എന്താ?” വിനോദ് ഭക്ഷണത്തിന് ഓർഡർ കൊടുക്കാൻ ശ്രമിച്ചെങ്കിലും വിദ്യ അത് സ്നേഹത്തോടെ നിരസിച്ചു.
“അപ്പോൾ നമുക്ക് കാര്യത്തിലേക്ക് വരാം.! അമ്മു ചില കാര്യങ്ങൾ പറഞ്ഞിരുന്നു” വിനോദ് സംസാരിച്ചു തുടങ്ങി. വന്ദനയ്ക്ക് അങ്ങനെ ഒരു പേരുള്ളത് വിദ്യയ്ക്കും അപ്പൊഴാണ് മനസിലായത്.
“വിദ്യയ്ക്ക് ആ സ്ഥലവും അവിടെ വീടും വെക്കണം അതല്ലെ കാര്യം” വിനോദ് പറഞ്ഞു വരുന്നത് വീടിന്റയും സ്ഥലത്തിന്റെയും കാര്യമാണെന്ന് മനസിലായപ്പൊഴാണ് വിദ്യയ്ക്കും സമാധാനമായത്. അതിനിടയിൽ വന്ദനയും അവരുടെ അടുത്തേക്ക് വന്നു.
വിനോദ് കാര്യങ്ങൾ വിശദീകരിച്ചു. ലോൺ ഉൾപ്പെടെ അടച്ച് ആ സ്ഥലത്തിന്റെ രേഖ എടുത്ത് അത് വിദ്യ പറയുന്ന ആളുടെ പേരിലേക്ക് മാറ്റി വീടു വെച്ചു തരാം എന്ന ഓഫറായിരുന്നു അത്. ഒരു പാട് പൈസ ഒന്നും വിദ്യ കൊടുക്കേണ്ടി വരില്ല. പകരം വീട് പണി കഴിഞ്ഞ് മാസം ഒരു തുക വെച്ച് വിനോദിന്റെ കൈയ്യിൽ കൊടുക്കണം. ചുരുക്കി പറഞ്ഞാൽ ബന്ധത്തിന്റെ പുറത്ത് വിനോദ് വിദ്യയ്ക്ക് പലിശയോ ഈടോ ഇല്ലാത്ത ഒരു ലോൺ കൊടുക്കുന്നു.
“അമ്മു പറഞ്ഞത് കൊണ്ട് മാത്രമല്ല അന്ന് വിദ്യ സബ്മിറ്റു ചെയ്ത ആ ഒരു ഫയൽ അതിലായിരുന്നു എന്റെ ജീവിതം . അത് റെഡി ആയി. അതിന് പകരമായി എനിക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം ഇതാണ്. അങ്ങനെ ആണെങ്കിൽ അത് എനിക്കും സന്തോഷം തരുന്ന കാര്യമാണ്. എല്ലാം വിദ്യ സമ്മതിക്കുമെങ്കിൽ മാത്രം” വിനോദ് കാര്യങ്ങൾ വിശദീകരിച്ചു. കൂടെ വന്ദനയുടെ സപ്പോർട്ടും ആയതോടെ ഈ കാര്യം ഒന്ന് ആലോചിക്കാവുന്നതാണെന്ന് അവൾക്കും തോന്നി. എല്ലാം ഒന്ന് ആലോചിച്ചിട്ട് മറുപടി പറയാം എന്ന് അവളും പറഞ്ഞു. കുറച്ച് നേരത്തെ സംസാരത്തിനു ശേഷം അവർ പിരിഞ്ഞു.
***************
അതിനിടെ രഞ്ചിയും സുജിമയും ആ സ്ഥലം ലോൺ അടച്ച് എടുക്കണ്ട എന്ന നിലപാട് എടുത്തു. ബേങ്ക് ജപ്തി ചെയ്യുക ആണെങ്കിൽ പോലും ലോൺ തുക കഴിഞ്ഞ് നല്ലൊരു പൈസ കിട്ടും അത് അച്ഛൻ ബേങ്കിലിടും എങ്ങനെ ആയാലും ആ പൈസയിൽ നിന്നും ഒരു പങ്ക് അവർക്കും കിട്ടും. അതല്ലാതെ പൈസ അവർ അടയ്ക്കുക ആണെങ്കിൽ അത് അവർക്ക് വലിയൊരു ബാധ്യത വരുത്തിവെക്കുമെന്നും അടച്ച് തീർത്താൽ തന്നെ ആ സ്ഥലം അവർക്ക് കിട്ടില്ല എന്നും അവർ മനസിലാക്കിയിരുന്നു. അത് കൊണ്ട് തന്നെ ലോൺ അടയ്ക്കാൻ കഴിയില്ല എന്ന് അവർ തീർത്തു പറഞ്ഞു.
രാജീവൻ ഒന്നു രണ്ട് പേരെ കണ്ട് ഈ വിഷയം സംസാരിച്ച് പകുതി പൈസ എങ്കിലും രഞ്ചിയെ കൊണ്ട് അടയ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതും നടന്നില്ല.
“വിദ്യ വിചാരിച്ചാൽ അവൾക്ക് അവളുടെ ശബളത്തിൽ നിന്നും കുറച്ച് കുറച്ച് ആയി അടയ്ക്കാൻ പറ്റില്ലേ?” രാത്രി രാജീവൻ വന്നു കേറുംബോൾ അമ്മ പറഞ്ഞു. രാജീവൻ അത്യാവശ്യം വെള്ളമടിച്ചിട്ടുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ആദ്യം ഒന്നും മിണ്ടിയില്ലെങ്കിലും വീണ്ടും വീണ്ടും വിദ്യയുടെ ശബളത്തിന്റെ കാര്യം പറഞ്ഞതോടെ “അവളുടെ ശമ്പളം എന്തിനാ അമ്മ നോക്കുന്നത് ” എന്ന ചോദ്യത്തോടെ അമ്മയെ നോക്കി .
“അവളുടെ ശബളം എനിക്ക് വേണ്ടീട്ടല്ല ആ സ്ഥലത്തിന്റെ രേഖ എടുത്താൽ നിങ്ങൾക്ക് തന്നെയല്ലേ ലാഭം ഒന്നൂല്ലേലും ഒരു വീടെടുക്കാലോ എത്ര നാളെന്ന് വെച്ചാണ് ഇവിടെ തമ്മിലടിച്ച് കഴിയുക”
“ആരെങ്കിലും വരുത്തിവെച്ച കടം തീർക്കാൻ ഞാനിപ്പൊ അവളോട് പറയാം, നിങ്ങൾക്ക് എന്താ തലയ്ക്ക് സുഖമില്ലേ?” അമ്മയെ പുച്ചത്തോടെ നോക്കി അവൻ അവിടെ ഇരുന്നു.
”ഓ അല്ലെങ്കിൽ നീ പറയുന്നതൊക്കെ അവൾ അനുസരിക്കുന്നുണ്ടല്ലോ, അതാണല്ലോ ഒരു മാസത്തെ ലീവ് ഉണ്ടായിട്ട് ഒരു ദിവസം ഇവിടെ വന്നു തല കാണിച്ച് പിറ്റേ ദിവസം രാവിലെ തന്നെ പോയത്. നിന്നെ കൊള്ളാഞ്ഞിട്ടല്ലെ വേറെ ആരെങ്കിലും ആണെങ്കിൽ കാണാമായിരുന്നു. നീ ഒരു പൊട്ടൻ തന്നെയാ” സംസാരിച്ചു സംസാരിച്ചു ഒടുവിൽ അത് അമ്മയും മോനും തമ്മിലുള്ള ഒരു വഴക്കിലേക്ക് കാര്യങ്ങൾ വന്നെത്തി. വിദ്യ വീട്ടിൽ നിൽക്കാത്തത് അവന്റെ പിടിപ്പുകേടുകൊണ്ടാണെന്നും തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് വരെ അന്ന് വിനോദിന്റെ കൂടെ വന്നത് മറ്റൊരർഥമായി കാണിക്കുകയും ചെയ്തു. വഴക്ക് നീണ്ടതോടെ രാജീവൻ അപ്പോൾ തന്നെ ഓട്ടോയും എടുത്ത് എങ്ങോട്ടെന്നില്ലാതെ പോവുകയും ചെയ്തു. രാത്രി ലേറ്റായിട്ടും വരാതെ ആയപ്പോൾ അമ്മ ഒരു പാട് തവണ ഫോൺ വിളിച്ചെങ്കിലും രാജീവന്റെ ഫോൺ സ്വിച്ച് ഓഫ് തന്നെ ആയിരുന്നു. വെള്ള മടിച്ചിട്ടാണ് രാജിവൻ പോയത് എന്നത് കൊണ്ട് അവരുടെ മുഖത്ത് ഒരു ഭയം നിഴലിച്ചു.
****************
“എന്തായി നിന്റെ കാര്യം? തീരുമാനം എന്തേലും ആയോ?” കാണുംബോഴൊക്കെയും വന്ദന എന്നോട് ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ ആണെങ്കിൽ അത് പിന്നീട് ഒരു ബാധ്യത ആയി മാറുമോ എന്ന് ചിന്തിച്ച് വിനോദ് സാറിനോട് തീരുമാനം ഒന്നും അറിയിച്ചില്ലായിരുന്നു. ആ ഓഫറിനെ കുറിച്ച് രാജീവേട്ടനോട് സംസാരിച്ചതും ഇല്ല. അച്ഛനോട് പറഞ്ഞിട്ട് അച്ഛന് സമ്മതമാണെങ്കിൽ മാത്രം രാജീവേട്ടനോടൊക്കെ സംസാരിച്ചാൽ മതിയല്ലോ.
വൈകുന്നേരം ഞാൻ എന്റെ അമ്മയെ വിളിച്ച് സംസാരിച്ചു. എല്ലാം മൂളി കേൾക്കുന്നു എന്നല്ലാതെ അമ്മയിൽ നിന്നും പ്രതീക്ഷിച്ചത് പോലെ ഒരു വർത്താനവും ഇല്ലായിരുന്നു. അമ്മയ്ക്ക് ഇതെന്ത് പറ്റി എന്ന് ഞാൻ കൊറേ നേരം ആലോചിക്കുകയും ചെയ്തു. സാധാരണ ഫോൺ വിളിച്ച് കഴിഞ്ഞാൽ ഉണ്ണിയോടൊക്കെ കൊറേ നേരം സംസാരിച്ചിട്ട് മാത്രെ ഫോൺ വെക്കാറുള്ളു ഇന്ന് എന്ത് പറ്റിയോ എന്തോ. ഞാൻ വേഗം ഫോൺ വെച്ച് രാജീവേട്ടനെ വിളിച്ചു. അപ്പൊഴും സ്വച്ച് ഓഫ് തന്നെയായിരുന്നു. ഇടയ്ക്ക് ഫെയ്സ് ബുക്ക് നോക്കുന്നതിനിടെ ന്യൂസ് ഫീഡിൽ മതിലിലിടിച്ച് തകർന്നു കിടക്കുന്ന ഓട്ടോ കണ്ടപ്പോൾ ശരീരം തണുത്തുറയുന്നത് പോലെ തോന്നി. ഞാൻ വേഗം രഞ്ചിയുടെ നബറിലേക്ക് വിളിച്ചു. അവനും ഫോണെടുക്കുന്നുണ്ടായില്ല. ശരീരത്തിൽ ആകെ ഒരു വിറയൽ പോലെ വീഴാതിരിക്കാൻ ഞാൻ വേഗം കസേരയിലേക്ക് ഇരുന്നു.
രാജീവേട്ടൻ ഐ സി യു വിൽ ആണെന്ന വിവരം ഞാൻ അറിയുന്നത് പിന്നെയും അമ്മയെ വിളിച്ചപ്പോഴാണ്. അതിനിടെ തന്നെ കാര്യങ്ങൾ അറിഞ്ഞിട്ടവണം വന്ദന എന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. അവളിത് നേരത്തേ അറിഞ്ഞിരുന്നു എന്ന് എനിക്ക് മനസിലായി. അമ്മയാവും അവളെ വിളിച്ച് പറഞ്ഞത്. ഞാൻ വേഗം തന്നെ ലീവ് അപേക്ഷ കൊടുത്തു. തനിച്ച് വിടാതെ വന്ദനയും കൂടെ വന്നു. ട്രെയിനിലായിരുന്നു വന്നത്. കോഴിക്കോട് ഇറങ്ങുംബോൾ തന്നെ അച്ഛനും ഏട്ടനും ഉണ്ടായിരുന്നു. വന്ദനയും ഹോസ്പിറ്റലിലേക്ക് വന്നു.
കാലിന്റ എല്ലു പൊട്ടിയതായിരുന്നില്ല വലിയ പ്രശ്നം അത് വയറിന്റെ സൈഡിൽ വണ്ടിയുടെ എന്തോ കുത്തികേറിയതായിരുന്നു. എട്ട് തുന്നുണ്ടായിരുന്നു അവിടെ. നട്ടെല്ലിനു പരിക്ക് പറ്റിയിട്ട് ബെൽട്ട് ഇട്ടിട്ടുണ്ട്. കൈവിരലിൽ ഒരെണ്ണം തുന്നിച്ചേർക്കാൻ പറ്റാത്ത വിധം അറ്റുപോയിരുന്നു. ഞാൻ എത്തുംബോഴേക്കും രാജീവേട്ടനെ റൂമിലേക്ക് മാറ്റിയിരുന്നു. കൂടെ ഉണ്ടായിരുന്നത് വർഷയുടെ അമ്മ ആയിരുന്നു. മൂന്ന് മാസം എന്തായാലും കിടക്കേണ്ടി വരുമെന്ന് ഡോക്റ്റർ പറഞ്ഞു. മുഖമൊക്കെ നീര് വെച്ചത് പോലെ ഉണ്ട്. ഞാൻ ഉണ്ണിയേയും കൊണ്ട് അവിടെ അടുത്ത് തന്നെ ഇരുന്നു. അറിയാതെ വരുന്ന കണ്ണുനീർ ഇടയ്ക്കിടെ ഞാൻ ഒപ്പി.
ഒരാഴ്ച്ചയോളം ഹോസ്പിറ്റലിൽ കിടന്നിട്ടാണ് വീട്ടിലേക്ക് കൊണ്ടു വന്നത്. ഞാൻ ഉണ്ണിയെ വീട്ടിൽ രേഷ്മയുടേയും അമ്മയുടേയും കൂടെ നിർത്തി ഒരാഴ്ച ഞാൻ തന്നെ ആയിരുന്നു രാജീവേട്ടന്റെ കൂടെ ഹോസ്പിറ്റലിൽ. ഞാൻ വന്നതോടെ ഓരോരുത്തരും ഓരോ തിരക്കുകൾ പറഞ്ഞ് രാത്രി ഹോസ്പിറ്റലിൽ കൂടെ നിൽക്കാൻ ആളില്ലാത്ത അവസ്ഥ ആയിരുന്നു. അതിനിടെ സുജിമ ഒരു തവണ വരികയും പെട്ടെന്ന് തന്നെ പോവുകയും ചെയ്തു. ഒടുവിൽ ഡിസ്ചാർജ് ദിവസം രഞ്ചി അവന്റ കാറും എടുത്ത് വരാം എന്നു പറഞ്ഞെങ്കിലും എന്തോ അത്യാവശ്യ കാര്യത്തിന് പോവുകയാണെന്നും ഓട്ടോ വിളിച്ച് വരാനും പറഞ്ഞുകൊണ്ട് ഫോൺ വന്നു. അതോടെ അവിടുന്ന് ടാക്സി ആക്കിയിട്ടാണ് ഞങ്ങൾ വീട്ടിലേക്ക് വന്നത്. വീട്ടിലെത്തിയിട്ടും പ്രശ്നങ്ങൾ അവസാനിച്ചിരുന്നില്ല. ഒന്നാമത്തെ പ്രശ്നം പഴയ വീട് ആയത് കൊണ്ട് തന്നെ അറ്റാച്ച്ട് ബാത്രും ഇല്ലാത്തത് ആയിരുന്നു. രണ്ടാൾ പിടിച്ചിട്ടു വേണം ബാത്റൂമിലേക്ക് കൊണ്ടുപോകാൻ. രണ്ടാഴ്ച്ചയോളം ഞാൻ ലീവെടുക്കുകയും ജോലിയെ ബാധിക്കുന്നത് കൊണ്ട് എനിക്ക് തിരികെ വരേണ്ടി വരികയും ചെയ്തു. അതിന്റെ പേരിൽ രാജീവേട്ടന്റെ അമ്മ ചില്ലറ പ്രശ്നങ്ങളൊന്നും അല്ല ഉണ്ടാക്കിയത്.
എനിക്ക് ജോലിയാണ് വലുത് എന്നും രാജീവേട്ടനെ വേണ്ടാതായി എന്നൊക്കെ പറഞ്ഞ് നടക്കാൻ തുടങ്ങിയിരുന്നു. ആ കാര്യങ്ങളെല്ലാം രജിതേച്ചി വഴി ഞാൻ അറിയുന്നുണ്ടായിരുന്നു. ഞാനതൊന്നും അത്ര കാര്യമാക്കിയില്ല. അതിനിടയ്ക്കും ഞാൻ രാജീവേട്ടനെ വിളിക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അതിനിടയ്ക്ക് രാജീവേട്ടന്റെ ഫോൺ കേടാവുകയും വിളിച്ച് കിട്ടാതെ ആയപ്പോൾ ഞാൻ അമ്മയുടെ ഫോണിലേക്ക് വിളിക്കുകയും ചെയ്തു. പൊതുവേ തണുത്ത പ്രതികരണമായിരുന്നു കിട്ടിയത് പക്ഷേ ഞാൻ അത് അത്ര കാര്യമാക്കിയില്ല. അതിനിടെ ഒരു ദിവസം വിനോദ് സാർ ഓഫീസിൽ വരികയും വൈകുന്നേരം വന്ദനയ്ക്കൊപ്പം എന്നെയും കണ്ടു. രാജീവേട്ടന്റെ കാര്യങ്ങളൊക്കെ അന്വേഷിച്ചതിനു ശേഷം വീടിന്റെ കാര്യം വീണ്ടും സംസാരിച്ചു. എന്റെ തീരുമാനം ഞാൻ ഇതുവരെ അറിയിച്ചില്ലായിരുന്നു.
“നിനക്ക് താൽപര്യം ഉണ്ടെങ്കിൽ ആ സ്ഥലത്തിന്റെ രേഖ ഞാൻ വാങ്ങി അവിടെ ഒരു വീട് വെച്ച് നിനക്കോ നീ പറയുന്ന ആൾടെ പേരിലോ തരും പൈസ നീ ഒരു ലോൺ പോലെ കണ്ട് മാസത്തിലോ അതല്ല ഒരുമിച്ചോ തന്നാൽ മതി.” വിനോദ് സാറിന്റെ ഓഫർ എനിക്ക് തള്ളിക്കളയാൻ പറ്റുന്നത് ആയിരുന്നില്ല. പ്രത്യേകിച്ച് രാജീവേട്ടന്റെ ഈ അവസ്ഥയിൽ. അടുത്ത മാസം രണ്ടു ദിവസം ലീവ് എടുത്ത് നാട്ടിൽ പോയി അച്ഛനും ആയി കാര്യങ്ങൾ സംസാരിക്കാമെന്ന് ഞാൻ സാറിനോട് പറഞ്ഞു.
*****************
കിടപ്പിലായതിൽ പിന്നെ ഓരോരുത്തരിലും വന്ന മാറ്റമായിരുന്നു രാജീവൻ ശ്രദ്ധിച്ചത്. ഒരു പരിധിക്കപ്പുറം സ്വന്തം അമ്മയ്ക്ക് പോലും താനൊരു ബാദ്ധ്യത ആണെന്ന് അയാൾക്കും മനസിലാകുന്നുണ്ടായിരുന്നു. ചില കുഞ്ഞു വാക്കുകളിൽ പോലും അത് ഉണ്ടായിരുന്നു. ഒരിക്കൽ ഒരു ഗ്ലാസ് ചായയ്ക്ക് പറഞ്ഞപ്പോൾ “ചായ വെക്കാനൊന്നും ഇപ്പൊ നേരമില്ല” എന്നു പറഞ്ഞ് ടിവി കണ്ടിരിക്കുന്നത് കണ്ടപ്പോൾ ഉള്ളിലെവിടെയോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വേദന ഉണ്ടായിരുന്നു. പതുക്കെ പതുക്കെ അത് ശീലമായി തുടങ്ങി. അതോടെ തന്റെ ആവിശ്യങ്ങൾക്കൊക്കെ സ്വയം നിയന്ത്രണം കൊണ്ടുവരാൻ അയാൾ പഠിക്കുകയായിരുന്നു. കൂട്ടുകാർ ആണെങ്കിലും എല്ലാവർക്കും പരിധികൾ ഉണ്ടെന്ന് മനസിലാക്കി. ഷനോജ് ആണെങ്കിലും കിടപ്പിലായതിന് ശേഷം ഒന്ന് രണ്ട് തവണ വന്നതേ ഉണ്ടായിരുന്നുള്ളൂ. ഓട്ടോ ആരൊക്കെയോ ചേർന്ന് വർക്ക് ഷോപ്പിൽ എത്തിച്ചിട്ടുണ്ടായിരുന്നു. തകർന്ന മതിൽ കെട്ടാൻ അച്ഛനാണ് പൈസ കൊടുത്തത് ഇല്ലെങ്കിൽ അതൊരു കേസ് ആകുമായിരുന്നു. ഓട്ടോ പണിത് ഇറക്കണമെങ്കിൽ ചുരുങ്ങിയത് പത്ത് എഴുപതിനായിരം വേണം. അതൊരു ചോദ്യചിഹ്നമായി അങ്ങനെ നിന്നു.
അതിനിടെ വിദ്യയുടെ ഏട്ടനും അച്ഛനും ഒന്ന് രണ്ട് തവണ രാജീവനെ കാണാൻ വരികയും അടുത്ത തവണ വരുംബോൾ വിദ്യ വാങ്ങി കൊടുത്തയച്ച ഫോൺ രാജീവനെ ഏൽപിക്കുകയും ചെയ്തു.
“അവൾക്ക് എത്ര ശബളം കിട്ടും? നീ ചോദിച്ചിരുന്നോ?” അമ്മയുടെ ചോദ്യം കേട്ട് രാജീവൻ മറുപടി ഒന്നും പറഞ്ഞില്ല.
“നിനക്കൊന്നു ചോദിച്ച് നോക്കി കൂടാരുന്നോ, ആ വണ്ടി പണി എടുപ്പിക്കാനൊക്കെ പൈസ വേണ്ടേ?” വീണ്ടും അവർ പറഞ്ഞത് കേട്ടപ്പോൾ രാജീവന് ദേഷ്യം വരികയും “അതിനെ പറ്റി ഒക്കെ നിങ്ങളെന്തിനാ അന്വേഷിക്കുന്നേ?” എന്ന് ഒരു മറു ചോദ്യം ചോദിക്കുകയും ചെയ്തു. അതോടെ ആ കാര്യം അവർ വർഷയോട് പറഞ്ഞു. “സെക്രട്ര റിയേറ്റിൽ അല്ലേ തുടക്കത്തിൽ തന്നെ പത്ത് നാൽപ്പത്തയ്യായിരം കിട്ടും” എന്ന അവളുടെ മറുപടി കേട്ട് അവർ വാ പൊളിച്ചു നിന്നു.
“വെറുതെ അല്ല പതിനഞ്ചായിരം രൂപയുടെ ഫോൺ വാങ്ങി കൊടുത്തത് ” ആരോടെന്നില്ലാതെ അവർ പറഞ്ഞു. അതിനിടെ വിദ്യയുടെ നിർബന്ധം കൊണ്ട് നടുവേദന മാറാൻ രാജീവൻ ആയുർവേദ ചികിൽസയും തുടങ്ങിയിരുന്നു.
“നീ എന്താ ഇന്നലെ വിളിക്കാതിരുന്നേ?” രാത്രി വിളിച്ചപ്പോൾ രാജീവൻ പറയുന്നത് കേട്ട് വിദ്യയ്ക്ക് അതിശയമായി. തന്റെ ഫോൺ കോൾ എത്രത്തോളം പ്രതീക്ഷിക്കുന്നുണ്ട് എന്ന് ആ വാക്കുകളിൽ അറിയാമായിരുന്നു.
നിരന്തരം വിളിച്ചാലും കോൾ എടുക്കാത്ത ഒരു അവസ്ഥ ഒക്കെ ഉണ്ടായിരുന്നത് അവളും ഓർത്തു.
“ഞാനിനി എന്താ ചെയ്യുക അവിടെ എവിടെ എങ്കിലും വന്നാൽ ഒരു ജോലി ശെരി ആകുമോ എന്തെങ്കിലും കടയിൽ നിൽക്കാനോ മറ്റോ” അത്യാവശ്യം നടക്കാനൊക്കെ തുടങ്ങിയപ്പോൾ രാജീവൻ വിദ്യയോടു ചോദിച്ചു. ചോദ്യമായിരുന്നില്ല അത് അപേക്ഷ ആയിരുന്നു. ഓട്ടോ പാടെ തകർന്നു കൂടാതെ ചികിൽസയുടെ ആവിശ്യത്തിനു വാങ്ങിയ കടങ്ങളും മറ്റും നാട്ടിൽ നിൽക്കുക എന്നത് തന്നെ മടുപ്പുള്ള കാര്യമായി മാറിയിരുന്നു അയാൾക്ക്. എന്തെങ്കിലും ഒരു വഴി ഉണ്ടാകുമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചെങ്കിലും രാജീവന് അത് മതിയാകുമായിരുന്നില്ല. അതിനിടെ രഞ്ചിയുടെ സൂപ്പർമാർക്കറ്റിൽ എന്തെങ്കിലും ജോലി ഉണ്ടോ എന്ന് അന്വേഷിച്ചെങ്കിലും അത് അപകടമാണെന്ന് രഞ്ചിക്ക് തോന്നി. അവരുടെ വരുമാനം രാജീവൻ മനസിലാക്കും എന്നതിലായിരുന്നു അവർക്ക് പേടി. അതിനിടെ സുജിമ ഒരു ഓഫർ കൊടുത്തു. അവളുടെ കമ്പനി പുതുതായി ചെയ്യുന്ന ഒരു ബിൽഡിങ്ങിന്റെ സൈറ്റിൽ നിൽക്കുക അവിടെ ഉള്ള ജോലിക്കാരുടെ കാര്യങ്ങൾ ശ്രദ്ധിക്കുക അവർക്ക് ഭക്ഷണം എത്തികുക എന്നിങ്ങനെ ഉള്ള കാര്യങ്ങൾ നോക്കാൻ ഒരു സൂപ്പർവൈസറെ പോലെ. അവസ്ഥ മോശം ആയത് കൊണ്ടും മറ്റു ജോലികൾ പറ്റാത്തത് കൊണ്ടും രാജീവൻ പോകാം എന്നു പറഞ്ഞു.
സുജിമ സൂപ്പർവൈസർ എന്നൊക്കെ പറഞ്ഞെങ്കിലും അടിസ്ഥാനപരമായി അവിടെ ജോലി ചെയ്യുന്നവരുടെ കാര്യങ്ങൾ നോക്കാനുള്ള അവരുടെ പണിക്കാരനായിരുന്നു രാജീവൻ. ഒരാളിൽ നിന്നും ഒരു പരിഗണനയും അയാൾക്ക് കിട്ടിയില്ല എന്നു മാത്രമല്ല എഞ്ചിനിയറായ സുജിമയുടെ മറ്റൊരു മുഖം പലപ്പോഴും സൈറ്റിൽ നിന്നും അയാൾക്ക് നേരിടേണ്ടിയും വന്നു. ആ കാര്യങ്ങളൊക്കെ വിദ്യയിൽ നിന്നും മറച്ച് വെച്ച് കമ്പനി ജോലി ആണ് എന്നായിരുന്നു രാജീവൻ പറഞ്ഞിരുന്നത്. അത് കൊണ്ട് തന്നെ തൽക്കാലം കുറച്ച് നാൾ അങ്ങനെ പോകട്ടെ എന്നു തന്നെ വിദ്യയും പറഞ്ഞു.
കുറച്ച് നാൾ കൂടി കഴിഞ്ഞ് വിദ്യ ലീവിന് നാട്ടിൽ വന്നപ്പോൾ രാജീവൻ വിദ്യയുടെ വീട്ടിൽ പോവുകയും മറ്റും ചെയ്തു. ഉണ്ണിക്ക് ഡ്രസും വാങ്ങിയിരുന്നു. പതിവില്ലാത്ത കാര്യങ്ങളായിരുന്നു അവിടെ നടന്നതൊക്കെ. സാധാരണ നാട്ടിൽ വരുംബോഴേക്കും വീട്ടിലേക്ക് കൊണ്ടുപോകാൻ ഒക്കെ നിർബദ്ധിക്കുകയും മറ്റും ചെയ്തിരുന്ന രാജീവൻ ഈ തവണ മനപൂർവമോ മറ്റോ അങ്ങനെ ഒരു ആവിശ്വം പോലും പറഞ്ഞില്ല. വീട്ടുകാരിൽ നിന്നും അയാളും അകന്നു തുടങ്ങിയത് പോലെ ആയിരുന്നു. എന്തു പറ്റിയെന്ന് വിദ്യ പലതവണ ചോദിച്ചെങ്കിലും അതിന് വ്യക്തമായ മറുപടി ഒന്നും ഉണ്ടായിരുന്നില്ല. രാജീവൻ പോയതിനു ശേഷം വിദ്യ രാജീവന്റെ അച്ഛനെ വിളിച്ച് കാണാൻ ഒന്ന് തന്റെ വരാമോ എന്നു ചോദിച്ചു. ഡേറ്റും കാര്യങ്ങളും പറഞ്ഞ് അന്നേ ദിവസം തന്നെ വിനോദ് സാറിനോടും വരാൻ പറഞ്ഞു. അങ്ങനെ ഒരു മീറ്റിങ്ങ് പോലെ വിദ്യയും വിദ്യയുടെ അച്ഛനും ഏട്ടനും രാജീവന്റെ അച്ഛനും വിനോദ് സാറും ഇരുന്നു. വിദ്യയാണ് കാര്യങ്ങൾ സംസാരിച്ച് തുടങ്ങിയത്.
“അച്ഛൻ പറഞ്ഞത് പോലെ അച്ഛന്റെ സ്ഥലത്തിന്റെ രേഖ ബേങ്കിൽ നിന്നും വിനോദ് സാർ എടുത്ത് സാറിന്റെ കൈയ്യിൽ വെക്കും എന്നിട്ട് സാർ അതിലൊരു വീട് വെച്ച് എന്റെയും രാജീവേട്ടന്റെയും പേരിൽ ആക്കി തരും പക്ഷേ ആ കാര്യം ആരും അറിയരുത്. സാറിന് വരുന്ന ചിലവും വീട് വെക്കാനുള്ള പൈസയും എല്ലാം ഞാൻ ഓരോ മാസവും കുറച്ച് കുറച്ച് ആയി അടയ്ക്കാം അച്ഛന്റെ തീരുമാനം എന്താണോ അത് അറിഞ്ഞിട്ട് മതിയല്ലോ അതാ ഞാൻ..” വിദ്യ പറഞ്ഞ കാര്യത്തെ പറ്റി ആർക്കും വേറെ കൂടുതൽ ആലോചിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാം സമ്മതിച്ച് എഗ്രിമെന്റിൽ ഒപ്പ് വെച്ചിട്ട് ആണ് അവർ പിരിഞ്ഞത്. വിനോദ് സാർ പോയതിന് ശേഷം രാജീവന്റെ അച്ഛൻ ഒരുപാട് നേരം ഉണ്ണിയുടെ കൂടെ ഇരുന്നു. അതിനിടെ ആണ് രാജീവൻ സുജിമയ്ക്ക് കീഴിലാണ് ജോലി ചെയ്യുന്നത് എന്ന കാര്യം അച്ഛനിൽ നിന്നും വിദ്യ അറിയുന്നത്. അവൾക്ക് എന്തെന്നില്ലാത്തൊരു വേദന ആയിരുന്നു അത് നെഞ്ചിൽ ആകെ ഒരു കനം.
“നിന്നോടവൻ പറഞ്ഞിരുന്നില്ലേ?”
“ഇല്ല എന്നോട് പറഞ്ഞത് കമ്പനി ജോലി ആണെന്നാ” അവൾ ആകെ തകർന്നത് പോലെ പറഞ്ഞു. അതൊക്കെ അറിയും എന്ന് ഭയന്നിട്ടാവണം തന്നെ അങ്ങോട്ട് കൊണ്ടുപോകാതിരുന്നത് എന്ന് അവൾ ഊഹിച്ചു.
“രാജീവേട്ടാ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?” അവൾ രാജീവന്റെ നബറിലേക്ക് വിളിച്ചു. അവളുടെ സ്വരം പതിഞ്ഞിരുന്നു.
“രാജീവേട്ടൻ സുജിമയ്ക്ക് കീഴിലാണോ പണിക്ക് പോകുന്നത്?” എന്റെ ചോദ്യത്തിനു കുറച്ച് നേരം മറുപടി ഒന്നും ഉണ്ടായില്ല. ആ മൗനം തന്നെ എനിക്കുള്ള ഉത്തരമായിരുന്നു.
“ഞാൻ പിന്നെ എന്താ വേണ്ടത്? എത്ര ദിവസമാ വീട്ടിലിരിക്കുക” കുറച്ച് കഴിഞ്ഞപ്പോൾ രാജീവേട്ടൻ നിസഹായതയോടെ പറഞ്ഞു.
” എന്നാലും അങ്ങനെ പോവുക ആണെങ്കിൽ എന്നോട് ഒരു വാക്ക് പറയാരുന്നല്ലോ” ഞാൻ വീണ്ടും ചോദിച്ചു. അതിനൊക്കെ ഒരു മൗനം മാത്രമായിരുന്നു പുള്ളിയുടെ മറുപടി. അതോടെ ഞാൻ കൂടുതൽ ഒന്നും സംസാരിക്കാതെ ഫോൺ വെച്ചു. അച്ഛൻ കൂടി വീട്ടിലേക്ക് പോയതോടെ ഞാൻ വന്ദനയെ വിളിച്ച് കാര്യങ്ങളൊക്കെ സംസാരിച്ചു. അടുത്ത ദിവസം നേരിൽ കാണുംബോൾ ബാക്കി എല്ലാം പറയാമെന്ന് പറയുകയും ചെയ്തു.
*****************
” ആ സ്ഥലത്തെ കുറിച്ച് ഇനി ആരും പേടിക്കണ്ട ഞാൻ അത് വിറ്റു” അച്ഛൻ പറയുന്നത് കേട്ട് രഞ്ചി ഉൾപ്പെടെ എല്ലാവരും ഞെട്ടിപ്പോയി. ആ ഒരു സംഭവം വീട്ടിൽ ചെറിയ പ്രശ്നങ്ങളൊന്നും ആയിരുന്നില്ല ഉണ്ടാക്കിയത്. എത്ര പൈസക്ക് വിറ്റു എന്നതും ലോൺ കഴിഞ്ഞുള്ള ബാക്കി പൈസ എന്തു ചെയ്തു എന്നതുൾപ്പെടെ അറിയാൻ എല്ലാവരും ശ്രമിച്ചെങ്കിലും അതൊന്നും ചോദിക്കാനുള്ള ധൈര്യം ആർക്കും ഉണ്ടായിരുന്നില്ല.
” നീ ഒറ്റ ഒരുത്തനാ ആ സ്ഥലം വിൽപ്പിച്ചത് ” രഞ്ചിയോട് എല്ലാവരും പറഞ്ഞു.
“നിങ്ങളെത്ര പൈസക്കാ സ്ഥലം കൊടുത്തെ?” ഭാര്യയുടെ ചോദ്യം കേട്ട് അയാൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല. ബാക്കി പൈസ എന്തു ചെയ്തു എന്നാണ് അവർക്ക് അറിയേണ്ടിയിരുന്നത്. സ്ഥലം വിറ്റു എന്ന കാര്യം അറിഞ്ഞതോടെ രാജീവൻ വീട്ടിൽ നിന്നും ഒന്നും മിണ്ടാതെയും ആയി.
“അന്നേ വിദ്യ പറഞ്ഞതാ ഇതൊക്കെ ഇങ്ങനെയേ സംഭവിക്കുള്ളൂ എന്ന് അമ്മയ്ക്ക് ആയിരുന്നല്ലോ തിരക്ക് ഇപ്പൊ എന്തായി സ്ഥലവും പോയി പൈസയും പോയി” രാജീവൻ അമ്മയെ നോക്കി.
“ഇത് ഇങ്ങനെ ഒക്കെ ആകുമെന്ന് ആര് വിചാരിച്ചു. അല്ലെങ്കിലും വിദ്യ ഇപ്പൊ ഒന്ന് വിചാരിച്ചിരുന്നെങ്കിൽ ആ സ്ഥലത്തിന്റെ ലോണിൽ കുറച്ചെങ്കിലും അവൾക്ക് അടയ്ക്കാൻ പറ്റില്ലായിരുന്നോ? അവൾക്ക് മാസം എത്ര ശബളം കിട്ടുന്നതാ” അമ്മ പറഞ്ഞ മറുപടി കേട്ട് രാജീവൻ ഒന്നും പറഞ്ഞില്ല അവരോട് ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല എന്ന് അവർക്കും തോന്നി.
“ഞാൻ നിന്നോടും എത്ര പറഞ്ഞതാ അവളോട് പറഞ്ഞ് ലോൺ അടയ്പ്പിക്കാൻ അപ്പൊ നിനക്ക് അതിനൊന്നും പറ്റൂല” അമ്മ അവരുടെ ഭാഗം എത്ര ഭംഗി ആയിട്ടാണ് ന്യായീകരിക്കുന്നത് എന്ന് അവൻ ഓർത്തു. ഈ കാര്യം വിദ്യ അറിഞ്ഞാൽ എന്താകും പറയുക എന്ന് വെറുതേ ചിന്തിച്ചു.
വീട്ടിൽ ഓരോരുത്തരും പൈസയുടെ കാര്യവും ആ സ്ഥലത്തിന്റെ മാർക്കെറ്റ് വിലയെ പറ്റി സംസാരിക്കുന്നതും എല്ലാം കേട്ട് രാജീവന്റെ അച്ഛൻ അതിനിഗൂഡമായി ചിരിച്ചു.
*********************
ഓഫീസിലേക്ക് കയറി വന്ന ആളെ സുജിമയ്ക്ക് മനസിലായിരുന്നില്ല. അയാൾ സ്വയം പരിജയപ്പെടുത്തി.
“എന്റെ പേര് അജീഷ്. V N ബിൽഡേർസിന്റെ മേനേജർ ആണ്. ഞങ്ങളുടെ കമ്പനി ഇവിടെ ഒരു സ്ഥലം വാങ്ങിയിട്ടുണ്ട്. അതിലൊരു വീട് വെയ്ക്കണം. ഞങ്ങളുടെ ഒരു അടുത്ത കസ്റ്റമർക്ക് വേണ്ടിയാണ്.” തന്റെടുത്തു വന്നിരിക്കുന്ന ആൾ നിസാരക്കാരനല്ലെന്ന് പേര് കേട്ടപ്പോൾ തന്നെ സുജിമയ്ക്ക് മനസ്സിലായി. VN ബിൽഡേർസ് ഒരുപാട് കേട്ട് പരിജയമുള്ളത് ആണ്. അതിന്റെ മേനേജരാണ് മുന്നിൽ.!
“സാറിന് ഒരു ചായ പറയട്ടെ.” സംസാരം തുടരാനെന്നോണം സുജിമ പറഞ്ഞു. അത് അയാൾ നിരസിച്ചു കൊണ്ട് നേരെ കാര്യത്തിലേക്ക് കടന്നു. ഏറെ നേരത്തെ ചർച്ചകൾക്കൊടുവിൽ VN ബിൽഡേർസ് തനിക്ക് നല്ലൊരു അവസരമാണെന്ന് മനസിലാക്കിയ സുജിമ വളരെ അധികം താൽപര്യത്തോടെ തന്നെ മുന്നോട്ട് പോയി. കുറച്ച് നേരത്തെ സംസാരങ്ങൾക്കൊടുവിൽ അവർ തമ്മിൽ ഏകദേശ ധാരണ ഉണ്ടാക്കി. ബാക്കി കാര്യങ്ങളും പ്രതിഫലവും എല്ലാം അടുത്ത ദിവസം തന്നെ ഉള്ള വിനോദ് സാറും ആയിട്ടുള്ള മീറ്റിങ്ങിൽ പറയാമെന്നും പറഞ്ഞ് ഫോൺ നമ്പറുകളും കൈമാറിയിട്ടാണ് അജീഷ് പോയത്.
വൈകുന്നേരം പതിവ് പോലെ സൂപ്പർമാർക്കറ്റിലെത്തിയ സുജിമ ഈ കാര്യങ്ങളെ കുറിച്ച് രഞ്ചിയും ആയി സംസാരിച്ചു. ആകെ സന്തോഷത്തിലായിരുന്നു അവൾ. കാരണം VN ബിൽഡേർസ് പോലൊരു കമ്പനിയും ആയിട്ടുള്ള ബന്ധം അവളുടെ ലൈഫിൽ വലിയൊരു ടേണിങ്ങ് പോയിന്റ് ആകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. “ഇവിടെ എവിടെയാണ് അവരുടെ സ്ഥലം?” ഇടയ്ക്ക് രഞ്ചി അത് ചോദിച്ചെങ്കിലും അതൊന്നും അവൾക്കറിയില്ലല്ലോ.
“ലാഭം കുറച്ച് കുറഞ്ഞാലും ഈ വർക്ക് എന്തായാലും ഞാൻ തന്നെ ഏറ്റെടുക്കും” ഭാവിയെ കുറിച്ചോർത്ത് കൊണ്ട് അവൾ പറഞ്ഞു. “മറ്റന്നാൾ ആണ് എഗ്രിമെന്റ് സൈൻ ചെയ്യേണ്ടത് അപ്പൊ അറിയാം ബാക്കി കാര്യങ്ങൾ” തിരിച്ച് വീട്ടിലേക്ക് വരും വഴി അവൾ രഞ്ചിയോട് പറഞ്ഞു. അവർ ഇപ്പൊ കുറച്ച് നാളായിട്ട് സുജിമയുടെ വീട്ടിൽ തന്നെ ആയിരുന്നു താമസം. ആ സ്ഥലം പോയതിൽ പിന്നെ സ്വന്തം വീട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു രഞ്ചിക്ക്.
******************
ഞാൻ വിനോദ് സാറിനെ വിളിച്ച് വീടിന്റെ പ്ലാനിനെ പറ്റിയൊക്കെ സംസാരിച്ചു. അധികം വലിപ്പമില്ലാത്ത ഒരു ചെറിയ പ്ലാൻ ആയിരുന്നു മനസിൽ. ഒരു കുടുംബത്തിന് സ്വസ്ഥമായി നിൽക്കാനുള്ള വീട് അത് മതി ആയിരുന്നു എനിക്ക്. എന്നാൽ അച്ഛനും ഏട്ടനും ചില നിർദ്ദേശങ്ങൾ പറയുകയും അതൊക്കെ കൂട്ടിച്ചേർത്ത് വരുംബൊഴേക്കും ഒരു നില തന്നെ ആയിരത്തി നാനൂറ് സ്ക്വയർ ഫീറ്റ് വന്നു.
“അവൾ എന്താ പറഞ്ഞത്?” ഞാൻ സുജിമയെ ഉദ്ദേശിച്ച് കൊണ്ട് ചോദിച്ചു.
“നമ്മൾ അവളെ കൊണ്ട് തന്നെ നിന്റെ വീടിന്റെ പണി എടുപ്പിക്കും പിന്നെ നിന്റെ രാജീവേട്ടനെ എന്റെ കമ്പനി ജോലിക്കാരനായി ഞാൻ നിയമിക്കും. എന്താ നിനക്ക് അത് പോരേ?” വിനോദ് സാർ പറഞ്ഞത് തന്നെ എനിക്ക് ധാരാളമായിരുന്നു.
” എന്റെ കബനി സ്റ്റാഫിന്റെ തലയിൽ ഒരാളും കേറുല അതിപ്പൊ ഏത് എഞ്ചിനീയർ ആയാലും” പുള്ളി ചിരിച്ചു. എനിക്കും അതറിഞ്ഞാൽ മതിയായിരുന്നു. ഇനി രാജീവേട്ടനെ രാജീവേട്ടൻ പോലും അറിയാതെ വിനോദ് സാറിന്റെ കമ്പനിയിൽ ജോലിക്ക് കയറ്റണം അതിന് എന്താണ് വഴിയെന്ന് ഞാൻ ആലോചിച്ചു. കുറച്ച് നേരം കൊണ്ട് തന്നെ എനിക്ക് ഒരു വഴി തെളിഞ്ഞു. ഏട്ടനെ കൊണ്ട് പറയിപ്പിക്കാം. ഏട്ടൻ പറഞ്ഞാൽ എന്തായാലും പുള്ളിക്ക് തള്ളിക്കളയാൻ പറ്റില്ല ഞാൻ രാത്രി ഏട്ടനെ വിളിച്ച് അതിനുള്ള ഏർപ്പാടുകൾ ചെയ്തു. ആദ്യം ഒന്ന് ആലോചിക്കാം എന്നു പറഞ്ഞെങ്കിലും ഏട്ടന്റെ ശക്തമായ പ്രഷർ കാരണം അടുത്ത ദിവസം തന്നെ രാജീവേട്ടൻ വിനോദ് സാറിനെ ഓഫീസിൽ പോയി കണ്ടു. തൽക്കാലം പുതിയ ബസ് സ്റ്റാൻന്റ് ബിൽഡിങ്ങിന്റെ സൈറ്റിൽ ആയിരുന്നു രാജീവേട്ടനെ ജോലിക്ക് വിട്ടത്. അവിടുള്ള മൊത്തം കാര്യങ്ങളിൽ ഒരു മേൽനോട്ടം വഹിക്കുകയായിരുന്നു വേണ്ടത്. അത് പുള്ളി നന്നായി ചെയ്തു.
******************
”രാജീവനു ഇന്നു മുതൽ മറ്റൊരു ഡ്യൂട്ടിയാണ്. അതും സ്വന്തം നാട്ടിൽ തന്നെ” വിനോദ് സാർ പറയുന്നത് രാജീവന് ശെരിക്കും അങ്ങോട്ട് മനസിലായില്ല. കാറിൽ കയറാൻ പറഞ്ഞപ്പോൾ വേഗം തന്നെ കേറി. കാർ പോകുന്നത് തന്റെ നാട്ടിലേക്കാണെന്ന് അയാൾക്ക് മനസ്സിലായി. പോകും വഴിയാണ് രാജീവന് കാര്യങ്ങൾ മനസിലായത്. തന്റെ അച്ഛന്റ സ്ഥലം വാങ്ങിയത് വിനോദ് സാറാണ് എന്നത് ഒരു പുതിയ അറിവായിരുന്നു രാജീവന്.
“ഇവിടെ നമ്മുടെ ഒരു വീട് വരുന്നുണ്ട് അതിന്റെ പ്ലാനൊക്കെ ഒന്ന് നോക്കണം പിന്നെ സ്ഥലത്തിന്റെ എല്ലാ ഭാഗവും കെട്ടി അതിരിടണം” വിനോദ് സാറ് പറയുന്നതിൽ നിന്നും കാര്യങ്ങളൊക്കെ രാജീവന് മനസിലായി തുടങ്ങി. വീട് എടുത്ത് വിൽക്കാനാണ്. വീട് എടുക്കുന്നതിന് മുന്നേ തന്നെ ആരോ അഡ്വാൻസ് പോലും കൊടുത്തു എന്ന് സാറ് പറഞ്ഞതോടെ രാജീവന്റെ പ്രതീക്ഷ മുഴുവൻ പോയി. അതിനിടെ അവിടേക്ക് ധൃതി വെച്ച് വന്ന സുജിമയെ കൂടി കണ്ടതോടെ രാജീവന്റെ മനസിൽ വിവിധ ചിന്തകൾ ഉണർന്നു. സുജിമയും രഞ്ചിയും ഉൾപ്പെടെ നടത്തിയ ഒരു ചതിയാണോ ഇത് എന്ന സംശയം അയാൾക്ക് ഉണ്ടായി. അങ്ങനെ എങ്കിൽ താനിനിയും വിണ്ഡി ആയിക്കൂട!. അയാൾ വേഗം സുജിമയ്ക്ക് നേരെ നടന്നടുത്തു.
തുടർ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
