“നിങ്ങടെ അമ്മ പറഞ്ഞതിന് മാത്രെ ഞാനും പറഞ്ഞിട്ടുള്ളൂ . വെറുതേ എന്റെ തലേൽ കേറണ്ട ” രാജീവേട്ടനോട് അതും പറഞ്ഞ് ഉണ്ണിയെ ചേർത്തു പിടിച്ച് ഞാൻ തിരിഞ്ഞു കിടന്നു .
“അമ്മ പറയുന്നതിനൊക്കെ നീ എന്തിനാ ഏറ്റുപിടിക്കാൻ നിൽക്കുന്നെ . നിനക്ക് മിണ്ടാതിരുന്നാൽ പോരെ ?” ഏട്ടൻ എന്നോട് വീണ്ടും ചോദിച്ചെങ്കിലും ഞാനതിന് മറുപടി പറഞ്ഞില്ല. ഇനിയും മറുപടി പറഞ്ഞാൽ ചിലപ്പോൾ മോനുണരും . അതു കൊണ്ട് തന്നെ ഞാൻ മിണ്ടാതെ കിടന്നു . അതോടെ ആ ടോപ്പിക്ക് അവസാനിച്ചു എന്നാണ് കരുതിയത് . എന്നാൽ “എന്നും മനുഷ്യൻ വന്നു കേറുമ്പോഴേക്കും ഓരോന്ന് ഉണ്ടാകും” എന്ന ഏട്ടന്റെ പിറുപിറുക്കൽ എന്റെ നിശബ്ദതയെ ഉണർത്തി.
“രാജീവേട്ടാ നിങ്ങടെ അമ്മ തന്നെയാണ് ഓരോന്ന് പറഞ്ഞ് തുടങ്ങിയത് . അല്ലാതെ ഞാനല്ല . ഇനി കുറ്റം മുഴുവൻ എനിക്കായിരിക്കും. ഞാനിവിടെ വന്നു കേറിയത് മുതൽ തുടങ്ങിയതല്ലെ ഇത്. എനിക്കിനിയും വയ്യ കെട്ടോ. ഞാനെന്തെങ്കിലും ചെയ്തിട്ടാണെങ്കിൽ പിന്നെയും പറയാം. ഇത് വെറുതേ തലേൽ കേറാൻ വരും” അടക്കിവെച്ചിട്ടും എന്റെ ശബ്ദം ഉയർന്നു .
“ഇവിടെ കേൾക്കാൻ പറഞ്ഞാൽ മതി . നീയും കുറച്ചൊക്കെ ശ്രദ്ധിക്കണം അല്ലാതെ വെറുതേ അമ്മയെ കൊണ്ട് അതും ഇതും പറയിപ്പിക്കുവല്ല വേണ്ടത്” രാജീവേട്ടന്റെ ശബ്ദമുയർന്നതോടെ ഞാൻ മിണ്ടാതെ കിടന്നു . “ഞാനാണോ ഇപ്പൊ ഒച്ച വെച്ചത്?” എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു . വേണ്ടെന്ന് വച്ചു . കൂടുതൽ സംസാരിക്കാൻ നിന്നാൽ മോനുണരും . പിന്നെ ഒരു കരച്ചിലാകും . അതിനും കുറ്റം എനിക്ക് തന്നെയാകും .
ഒരു മനുഷ്യന് എങ്ങനെയൊക്കെ മാറ്റം വരുമെന്ന് അറിഞ്ഞത് രാജീവേട്ടനിലൂടെയാണ് .എന്തൊക്കെ ആയിരുന്നു കല്യാണത്തിനു മുൻപ്. പുള്ളിക്കാരൻ എല്ലാം മറന്നു കാണും . എന്റെ മനസിൽ ഇപ്പൊഴും ഉണ്ട് ഓരോ കാര്യങ്ങളും .
രാജീവേട്ടനിപ്പൊ എന്നോട് സ്നേഹം ഉണ്ടോ എന്ന കാര്യത്തിൽ പോലും എനിക്ക് വല്യ ഉറപ്പില്ല . അല്ലെങ്കിൽ ഒരാൾക്ക് ഇങ്ങനെ മാറാൻ കഴിയുമോ . പഴയ കാര്യങ്ങൾ ഓർത്ത് കൊണ്ട് ഞാൻ കണ്ണുകൾ അടച്ചു .
കല്യാണം കഴിഞ്ഞ് മൂന്ന് മാസം ആയിക്കാണും . അന്നൊരു ശനിയാഴ്ച ആയിരുന്നു . ഞായറാഴ്ച്ച എന്തായാലും ഓട്ടോ ഓടാറില്ല. അതുകൊണ്ട് രാജീവേട്ടൻ ലീവാണ് . അതൊക്കെ കണക്കു കൂട്ടി തന്നെയാണ് ഞാൻ ചില പ്ലാനുകൾ ഇട്ടത്. രാവിലെ ഒന്ന് അമ്പലത്തിൽ പോകണം വരുന്ന വഴി കുറച്ച് സാധനങ്ങൾ വാങ്ങണം . അതൊക്കെ ആയിരുന്നു പ്ലാൻ. രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഞാൻ അത് പറഞ്ഞു തുടങ്ങുവാരുന്നു .
”നീ ഒന്നു ചിലയ്ക്കാതിരിക്കുമോ ?” രാജീവേട്ടൻ കുറച്ചു ഉറക്കെയാണ് അങ്ങനെ പറഞ്ഞത് .അത് അമ്മയും കേട്ടു. ഒരു ഷോക്കായിരുന്നു എനിക്ക് ആ ദേഷ്യത്തോടെയുള്ള വാക്കുകൾ. മാറ്റത്തിന്റെ തുടക്കം അന്ന് ആരംഭിച്ചു.
അന്നു രാത്രി മുഴുവൻ എന്തോ എനിക്ക് രാജീവേട്ട നോട് സംസാരിക്കാനോ ചോദിക്കുന്നതിന് മറുപടി പറയാനോ തോന്നിയില്ല. ആദ്യമായി ആ വീട്ടിൽ ഒറ്റപ്പെട്ടതു പോലെ ഒരു തോന്നൽ. അന്ന് രാത്രി എന്റെ കണ്ണുകൾ നിറയുന്നത്ഞാൻ അറിയുന്നുണ്ടായിരുന്നു. നേരത്തെ കിടന്ന എന്റെ അടുത്തേക്ക് രാജീവേട്ടൻ വന്നു കിടക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
“ഡീ സാരമില്ല. ഞാനെന്തോ അപ്പൊഴത്തെ ദേഷ്യത്തിനു പറഞ്ഞു പോയതാ” തിരിഞ്ഞു കിടക്കുന്ന എന്റെ കൈ പിടിച്ച് അങ്ങനൊരു വാക്ക് പറയുമെന്ന് കരുതിയിരുന്നു. പതുക്കെ ഉയർന്നു വന്ന കൂർക്കം വലി ശബ്ദം ഇരുട്ടിൽ എന്നെ കളിയാക്കുന്നത് പോലെ ആയിരുന്നു.
ഈ ലോകത്ത് തനിക്ക് ആരും ഇല്ലെന്ന് കരുതിയ രാത്രിയായിരുന്നു അന്ന്. അച്ഛൻ അമ്മ ഏട്ടൻ എല്ലാരും ഉണ്ട്. എന്നാൽ എനിക്കാരും ഇല്ല. വിവാഹ ജീവിതത്തിന്റെ തുടക്കം തന്നെ ഇങ്ങനെ ആകും എന്ന് ഒരിക്കൽ പോലും കരുതിയില്ല .
” അവൻ പെട്ടു പോയതാണ് . അല്ലെങ്കിൽ അവളിവിടെ വന്നിട്ട് ഇപ്പൊ നാല് മാസം ആയി . അത്ര നല്ല വീട്ടുകാരാണെങ്കിൽ ഒന്ന് ഫോൺ വിളിച്ചെങ്കിലും അന്വേഷിക്കില്ലേ ?” രാജീവേട്ടന്റെ അമ്മ അവരുടെ അനിയത്തിയോട് സംസാരിച്ചുകൊണ്ടിരിക്കുന്നത് അയയിൽ നിന്നും ഉണങ്ങിയ തുണി എടുക്കാൻ മുറ്റത്തേക്കിറങ്ങിയ ഞാനും കേട്ടു അതോടെ അവർ ശബ്ദം താഴ്ത്തി വിഷയം മാറ്റി.
പിന്നെയും ദിവസങ്ങൾ കഴിയവേ ആ വീട്ടിലെ ഓരോരുത്തരുടേയും മാറ്റം വാക്കുകളിലൂടെ കണ്ടുതുടങ്ങുകയായിരുന്നു
“അല്ല വിദ്യേ നീ ഈ കറീല് എത്രയാ ഉപ്പു വാരി ഇട്ടേക്കുന്നേ…….? ” അന്ന് ഒരു ഉച്ചയ്ക്ക് അമ്മ കുറച്ച് ദേഷ്യത്തിൽ ചോദിച്ചു.
“രാജീവൻ വരുമ്പോ നീ തന്നെ എടുത്തു കൊടുത്തേക്ക് എനിക്കു വയ്യ അവന്റെ ചീത്ത കേൾക്കാൻ . രാവിലെ വണ്ടിയും കൊണ്ട് പോയിട്ട് ഹോട്ടലിൽ നിന്നും തിന്നണ്ട എന്നു കരുതിയാണ് വീട്ടിലേക്ക് വരുന്നത് . നീ ഇങ്ങനെ ചെയ്താൽ പിന്നെ ഇതെങ്ങനെയാ അവൻ കഴിക്കുക” അമ്മ പിന്നെയും പറഞ്ഞുകൊണ്ടിരുന്നു .
” അത് ഞാൻ ആദ്യം ഇട്ടപ്പോൾ കുറഞ്ഞു പോയിന്ന് തോന്നി അതാ…… പിന്നെയും കുറച്ച് ഇട്ടത് ” എന്റെ മനസിലും രാജീവേട്ടൻ എന്തേലും പറയുമോ എന്ന ടെൻഷനുണ്ടായിരുന്നു.
” എടാ കറിക്ക് കുറച്ച് ഉപ്പ് അധികം ഉണ്ട് . വിദ്യ രണ്ടു തവണയോ മറ്റോ ഇട്ടു പോയതാ” അന്ന് മനപ്പൂർവമോ അല്ലയോ ഉച്ച ഭക്ഷണം വിളമ്പുന്നതിനിടയിൽ രാജീവേട്ടനോട് അമ്മ പറഞ്ഞു . അപ്പൊ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും കഴിച്ച് കഴിഞ്ഞ് കൈകഴുകുന്നതിനിടെ എന്റെ നേരെ തിരിഞ്ഞു
” നിനക്കെന്താ ബോധം ഒന്നും ഇല്ലേ …..?ഉപ്പ് കയ്ച്ചിട്ട് വായിൽ വെക്കാൻ പറ്റുന്നില്ലല്ലോ ”
” അത് …..ഞാൻ….. ഓർക്കാതെ …… രണ്ടു തവണ ഇട്ടു പോയതാ…… ചോറിൽ ഒഴിച്ചു കഴിക്കുമ്പോ അത്ര പ്രശ്നമൊന്നും ഇല്ലല്ലോ ” ഞാൻ രാജീവേട്ടന്റെ മുഖത്തേക്കു നോക്കി.
“ഞാനിപ്പൊ ഒന്നും പറയുന്നില്ല . എന്തേലും പറഞ്ഞാൽ കൂടിപ്പോകും” അതും പറഞ്ഞ് രാജിവേട്ടൻ ടിവിയിലേക്ക് ശ്രദ്ധിച്ചു .
രജീവേട്ടനിൽനിന്നും പ്രതീക്ഷിച്ചിരുന്ന വാക്കുകളും പ്രവർത്തികളും ആയിരുന്നില്ല പിന്നീട് പലപ്പോഴും ഉണ്ടായിരുന്നത്. എവിടെയോ ഞാൻ ചിലപ്പൊഴെങ്കിലും ഒറ്റപ്പെടുന്നുണ്ടായിരുന്നു. അങ്ങനെ കിടക്കുമ്പോഴൊക്കെയാണ് വീടിനെ പറ്റിയുള്ള ചിന്ത എന്റെ മനസിൽ നിറയുന്നത്. അമ്മ അച്ഛൻ ഏട്ടൻ ഇല്ലായ്മകളിലും നിറയുന്ന സന്തോഷമായിരുന്നു അവിടെ. ഒരു വാക്കു കൊണ്ടു പോലും വേദനിപ്പിക്കാത്ത അച്ഛനും ഏട്ടനും പിന്നെയും അമ്മയാണ് എന്തേലുമൊക്കെ പറയുക. അതിനു കാരണക്കാരി മിക്കപ്പൊഴും ഞാൻ തന്നെ ആയിരുന്നു. വെറുതെ ഇരുന്നാലും ജോലി ചെയ്യില്ല അമ്മയുടെ വായിൽ നിന്നും നല്ല ചീത്ത കേൾക്കും
” നിന്റെ ഈ ചിരിയൊക്കെ മാറും കെട്ടോ ഈ വർഷം അല്ലെ അടുത്ത വർഷം അധികം സമയം ഒന്നും വേണ്ട” യാതൊരു നാണവും ഇല്ലാതെ ചീത്ത കേട്ട് ചിരിക്കുന്ന എന്നെ നോക്കി അമ്മ പലപ്പോഴും പറയാറുണ്ട്. പതുക്കെ അതൊക്കെ സത്യമായി മാറുകയായിരുന്നു.
തന്നിഷ്ടത്തിന് രാജീവേട്ടൻ്റെ ഒപ്പം ഒരു ജീവിതം തുടങ്ങിയതോടെ അകന്ന എൻ്റെ വീട്ടുകാർ.ആദ്യ പ്രസവത്തിന്റെ സമയം ആയപ്പോഴേക്കും എന്റെയും രാജീവേട്ടന്റെയും വീട്ടുകാർ പരസ്പരം ഒന്നായിരുന്നു . എന്റെ ഏട്ടൻ ശ്രീഹരി മാത്രം ഉള്ളിൽ ദേഷ്യം വച്ചു തന്നെ നിന്നു. ആൾക്കാരുടെ മുന്നിൽ വെച്ചൊക്കെ കുറച്ച് സംസാരിക്കുമെങ്കിലും എന്നോട് പഴയ ആ ഒരു ഇത് കാണിക്കുന്നുണ്ടായില്ല. രാജീവേട്ടനെ ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ ശ്രീയേട്ടന് ആയിട്ടുണ്ടായിരുന്നില്ല എന്നതാണ് സത്യം.
ഒരോ കാര്യങ്ങൾ ഓർത്ത് കൊണ്ട് എപ്പൊഴോ ഉറങ്ങി . എണീക്കുമ്പോഴെക്കും സമയം ആറ് കഴിഞ്ഞിരുന്നു . ഉണ്ണി നല്ല ഉറക്കമാണ് . രാജീവേട്ടനും ഉണർന്നിട്ടില്ല . വേഗം അടുക്കളയിലേക്ക് നടന്നു .
” ഇങ്ങനെ ഉണ്ടോ ഒരു ഉറക്കം. എല്ലാരേം താങ്ങാൻ ഞാനുണ്ടല്ലോ പിന്നെ ഉച്ചവരെ ഉറങ്ങുന്നതിന് എന്താ” ആരോടെന്നില്ലാതെ ഞാൻ കേൾക്കെ അമ്മ പിറുപിറുത്തു .
ഞാൻ അതു കേട്ടതായിട്ട് പോലും ഭാവിച്ചില്ല . വേഗം തന്നെ അലക്കാനുള്ളത് എല്ലാം ബക്കറ്റിലേക്ക് എടുത്തു കുത്തിനിറച്ചു . ഉണ്ണി ഉണരും മുൻപ് അലക്ക് കഴിഞ്ഞാൽ കൊറേയൊക്കെ സമാധാനമാണ് . ഇല്ലെങ്കിൽ അവനെ നോക്കി നിൽക്കേണ്ടി വരും കണ്ണു തെറ്റിയാൽ അവൻ എന്തേലും കുരുത്തക്കേട് ഒപ്പിക്കും . രണ്ടര വയസായതേ ഉള്ളു അവന്. ഞാൻ വേഗം തന്നെ അടുത്തുള്ള തോട്ടിലേക്ക് നടന്നു . രാവിലെ ആയത് കൊണ്ട് അധികം ആരും തന്നെ ഇല്ല . അല്ലെങ്കിൽ അലക്ക് കല്ല് ഒഴിയുന്നത് വരെ കാത്തു നിൽക്കേണ്ടി വരും .
രജീവേട്ടന്റെ ഷർട്ടിന്റെ പോക്കറ്റ് ഒക്കെ പരിശോദിച്ചതിന് ശേഷം ഞാൻ ഒരോന്നായി വെള്ളത്തിലേക്ക് ഇട്ടു . അച്ഛന്റെ ഒരു ഷർട്ടും മുണ്ടും ഒക്കെ കൂടി രണ്ട് ബക്കറ്റിലേക്കുള്ള തുണികൾ തന്നെ ഉണ്ട് . എല്ലാം കഴിഞ്ഞ് വീട്ടിലെത്തുംബോഴേ ഉണ്ണി ഉണർന്നിരുന്നു .
“അമ്മേ” എന്നെ കണ്ടതേ അവൻ മുറ്റത്തേക്കിറങ്ങി .
” അയ്യോടാ അമ്മേടെ പൊന്നെണീറ്റോ . ഇങ്ങോട്ട് വന്നേ അമ്മ മുഖം കഴുകി തരാലോ ” കൈയിലെ ബക്കറ്റ് താഴെ വെച്ച് തലയിലുള്ളത് രണ്ടു കൈകൊണ്ടും താങ്ങി അതും ഇറക്കിവെച്ച് ഞാൻ വേഗം തന്നെ ഉണ്ണിയുടെ അടുത്തേക്ക് നടന്നു .പൈപ്പിന്റെ അടുത്തു കൊണ്ടുപോയി മുഖം കഴുകിക്കുന്നതിനിടയിലും വിരൽ കൊണ്ട് കൊച്ചരിപ്പല്ലുകൾ തേച്ചു കൊടുക്കുംബോഴും എന്റെ മുഖത്തു സന്തോഷം നിറഞ്ഞു നിന്നിരുന്നു. ഒരു പക്ഷേ ഈയിടെ ആയി ഉണ്ണിയുടെ കൂടെ നിൽക്കുമ്പോൾ മാത്രമാണ് എൻ്റെ മനസ്സന്തോഷത്താൽ നിറയുന്നത്.
” വാ അമ്മ പാപ്പം തരാലോ ” ഉണ്ണിയെ എടുത്തുകൊണ്ട് ഞാൻ റൂമിലേക്ക് നടന്നു . രാവിലെ അവന് അതൊരു പതിവാണ് . കുടി നിർത്തിക്കണം അതിനുള്ള സമയം ആയി എന്നു മറ്റുള്ളവർ പറയുമ്പോഴും ഞാനും തീരുമാനിക്കും ഇനി നിർത്തിക്കണം എന്ന് . പക്ഷേ ആ തീരുമാനത്തിന് ഉണ്ണിയുടെ ഒരു കുസൃതി ചിരിയുടെ ആയുസേ ഉണ്ടാവാറുള്ളു . തനിച്ചാവുന്ന സമയത്ത് മടിയിൽ കിടന്ന് അവൻ കുറച്ചു നേരം നോക്കും . ഞാൻ അനങ്ങാതെ ഇരുന്നാൽ അപ്പൊഴേക്കും അവന്റെ കൈ ഉയരും
” അമ്മേ പാപ്പം വേണം” അതും പറഞ്ഞ് അവനൊരു നോട്ടമുണ്ട് . അതോടെ എന്റെ മുഖത്തെ സകല ഗൗരവവും പോകും. അത് അവനും അറിയാമെന്ന് തോന്നുന്നു.
” ചിരിക്കല്ല കെട്ടോ . നാളെ മുതൽ ദോശ തിന്നാൽ മതി . പാപ്പോന്നും ഇല്ല ” ഒരു ചിരിയോടെ അവന്റെ മുഖത്തു നോക്കി ഞാനത് പറയുംബോഴും അവനൊരു കള്ളച്ചിരി ഉണ്ട് .
ഉണ്ണിയെ മാറ്റിയതിനു ശേഷം ഞാൻ പെട്ടെന്നു തന്നെ രാജീവേട്ടന് ചായ എടുത്തു വെക്കാൻ അടുക്കളേലോട്ട് നടന്നു.
” എന്റെ ഷർട്ട് എവിടേ ?” കുളി കഴിഞ്ഞു വന്നതേ രാജീവേട്ടൻ റൂമിൽ നിന്നും ഉറക്കെ വിളിച്ചു .
” അതവിടെ മുറീൽ തന്നെ ഉണ്ട്” ദോശയും കറിയും എടുത്തു വെക്കുന്നതിനിടയിൽ ഞാൻ മറുപടി കൊടുത്തു . പിന്നെ കുറച്ചു നേരത്തേക്ക് ശബ്ദമൊന്നും ഇല്ലായിരുന്നു.
“ഞാനിവിടെയൊന്നും കാണുന്നില്ല . കൊറേ നേരമായി .. മര്യാദയ്ക്ക് എടുത്തു വെച്ചൂടെ നിനക്ക് ….. സമയം ഇല്ലാത്ത സമയത്ത് ” രാജീവേട്ടന് ദേഷ്യം വന്നു തുടങ്ങിയെന്ന് മനസിലായതോടെ ടേബിളിലേക്ക് പ്ലേറ്റും വെച്ച് ഞാൻ വേഗം തന്നെ അകത്തേക്കോടി .
” ഷർട്ട് ഇല്ലാതെന്താ ഞാനല്ലെ ഇന്നലെ തേച്ചു വെച്ചത്.” റൂമിൽ കേറുമ്പോഴേ ഞാൻപറഞ്ഞു. തലേ ദിവസം തന്നെ തേച്ച് ഹാങ്കറിൽ വെച്ചതാണ് ” ഇതെന്താ ഷർട്ടല്ലെ ” ഹാൻഗറിൽ വച്ചിരുന്ന ഷർട്ട് ചൂണ്ടിക്കൊണ്ട് ഞാൻ ചോദിച്ചു .
” എവിടെ എങ്കിലും വെച്ചാൽ ഞാൻ കാണണ്ടെ ” രാജീവേട്ടൻ ചിരിച്ചു കൊണ്ട് ഷർട്ട് വാങ്ങി.
” നോക്കണം എന്നാലെ കാണുള്ളൂ” എനിക്കു ദേഷ്യമാണ് വന്നത് . അലമാരയിൽ നിന്നും ഒരു പുതിയ ടവൽ കൂടി എടുത്തു കൊടുത്തിട്ടാണ് ഞാൻ ഹാളിലേക്ക് വന്നത്.
” ആ മതി പറഞ്ഞത് . പോയി ചായ എടുത്തു വെക്ക് ” ബട്ടൻസ് ഇടുന്നതിനിടയിൽ രാജീവൻ പറഞ്ഞു ” ചായ എടുത്തു വെച്ചിട്ടുണ്ട് ” ഞാൻ ഉണ്ണിയെ നോക്കികൊണ്ട് ഹാളിലേക്ക് നടന്നു .
” അമ്മ മോന് ദോശ എടുത്തു തരട്ടെ .അച്ഛന്റെ കൂടെ ഇരുന്ന് കഴിക്കാലോ മോന് ” ഞാൻ ഉണ്ണിയെ നോക്കി. രാവിലെ ഇങ്ങനെ എന്തെങ്കിലും കഴിപ്പിച്ചാൽ മാത്രെ കഴിക്കുള്ളൂ . കുറച്ചു കഴിഞ്ഞാൽ പിന്നെ കളി തന്നെ ആകും .
” വാ അമ്മ പഞ്ചാര ഇട്ടു ദോശ തരാലോ ” പാതി മനസിൽ നിൽക്കുന്ന ഉണ്ണിയെ ഞാൻ ഒന്നുകൂടി പ്രലോഭിപ്പിച്ചു. നേർത്ത ദോശയിൽ പഞ്ചസാര ഇട്ടു കഴിക്കാൻ അവന് ഇഷ്ടമാണ് . അതുകൊണ്ട് തന്നെ ഞാൻ മിക്കപ്പൊഴും അങ്ങനെ എന്തെങ്കിലുമൊക്കെയാണ് ചെയ്യുക .
” ഇന്നും ദോശ തന്നാണോ ?” ഹാളിലെത്തിയതേ രാജീവേട്ടൻ ചോദിച്ചു .
” പിന്നെ വേറെ എന്താ ഉണ്ടാക്കണ്ടെ. പുട്ടാക്കിയാൽ അതും പറയും” അമ്മയാണ് മറുപടി പറഞ്ഞു.
“കറി വേറെ ഒന്നും ഇല്ലേ?” ദോശയ്ക്കൊപ്പം വച്ച കടല കറി കണ്ടതോടെ കഴിക്കണോ വേണ്ടയോ എന്ന മട്ടിൽ ചായ ഗ്ലാസ് കൈയ്യിലെടുത്ത് രാജീവേട്ടൻ ഇരുന്നു.
“ഇന്നലത്തെ കറി ചൂടാക്കി വെച്ചത് ഉണ്ട് . അത് എടുക്കട്ടെ?” ഞാൻ ചോദിച്ചു. വേണമെന്നോ വേണ്ടാ എന്നോ പറഞ്ഞില്ല . അതോടെ ഞാൻ അകത്തേക്ക് നടന്നു ഒരു ചെറിയ പ്ലേറ്റിൽ തലേ ദിവസം മുളകിട്ടു വെച്ച മീൻകറി എടുത്തു. പലപ്പോഴും രാജീവേട്ടൻ അങ്ങനെ കഴിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു . പ്രതീക്ഷിച്ചത് പോലെ തന്നെ രാജീവേട്ടൻ ആ കറിയും എടുത്തിട്ടാണ് കഴിച്ചത് .
“ദാ ഇനി ഇതേ ഉള്ളൂ ഇതൂടെ കഴിച്ച് അമ്മ കുറച്ചൂടെ ചായ തരാലോ . മോൻ കഴിച്ചില്ലേ അച്ഛച്ഛൻ വന്നു എല്ലാം കഴിച്ചു തീർക്കുമേ ” രാജീവേട്ടൻ കഴിച്ചു കൊണ്ടിരിക്കെ തന്നെ പല കാര്യങ്ങളും പറഞ്ഞ് ഉണ്ണിയെ ദോശ കഴിപ്പിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു . രാജീവേട്ടന്റെ അച്ഛൻ രാഘവൻ രാവിലെ ഒന്നും കഴിക്കാതെയാണ് പോവുക . രാവിലെ കടയിലെത്തി അവിടുന്നു ചായ ഒക്കെ കഴിഞ്ഞിട്ട് മാത്രെ വരുള്ളൂ . അതിനിടെ രാജീവേട്ടൻ ചായ മതിയാക്കി എഴുന്നേൽക്കുന്നത് കണ്ടതോടെ ഞാൻ ഉണ്ണിയേയും എടുത്ത് എഴുന്നേറ്റു
” ഉച്ചയ്ക്ക് വരുമ്പോ കുറച്ച് വെളിച്ചെണ്ണ വാങ്ങിക്കണം . തലയിൽ തേക്കാൻ പോലും ഇല്ല” രാജീവേട്ടൻ ”ഉം” എന്നൊരു മൂളലോടെ ഓട്ടോ സ്റ്റാർട്ട് ചെയ്തു .
” അച്ഛന് റ്റാറ്റ പറഞ്ഞെ ” ഉണ്ണിയോട് അതും പറയും മുന്നേ തന്നെ അവൻ കൈ വീശി കാണിച്ചു . പരസ്പരം കൈ ഒക്കെ വീശിക്കാണിച്ചിട്ടാണ് അച്ഛനും മോനും പിരിയുക. ചിരിയോടെ ഞാനും.
” ഇനി കുട്ടിയേം കൊണ്ട് അവിടുന്ന് നേരം കൂട്ടണ്ട വന്ന് ഈ പ്ലേറ്റ് കഴുകി വെച്ചേക്ക് ” അകത്ത് നിന്നും അമ്മയുടെ ശബ്ദം. അകത്തേക്ക് നടക്കുന്നതിനിയിൽ എന്റെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി . വീട്ടിൽ നിന്നും അമ്മയാണ് ! രാവിലെ ഈ ഒരു ഫോൺ വിളി പതിവില്ലാത്തതാണല്ലോ. ഞാൻ വേഗം തന്നെ ഫോൺ എടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതിന്റെ റിംങ്ങ് അവസാനിച്ചിരുന്നു. തിരിച്ചു വിളിക്കുമ്പോഴൊക്കെ ബിസിയാണെന്ന മറുപടി എനിക്ക് ടെൻഷൻ ആയി. ഞാൻ വീണ്ടും വീണ്ടും അതിലേക്ക് വിളിച്ചെങ്കിലും ബിസി തന്നെ ആയിരുന്നു.
“നിന്റെ ഫോണിങ്ങോട്ട് തന്നേ, കൊറേ നേരായി ഫോണും കൊണ്ട് കളിക്കുന്നു” പെട്ടെന്നായിരുന്നു അമ്മ എന്റെ ഫോണിലേക്ക് കയറി പിടിച്ചത്. ഞാൻ ആകെ അന്ധാളിച്ചു പോയി.
“അമ്മ എന്താ കളിക്കുന്നേ? എന്റെ ഫോണിങ്ങു തന്നെ” എന്റെ ഒച്ചയുയർന്നതോടെ അമ്മ ഫോണിലെ പിടുത്തം വിട്ടു.
“നിന്നു ഫോണിൽ കളിക്കാതെ വന്നു ആ പ്ലേറ്റൊക്കെ കഴുകി വെക്കാൻ നോക്ക്. ഏതു നേരവും ഫോണ് ഫോണ് തന്നെ ” അമ്മ ശകാരിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി.
ഞാൻ പിന്നെയും അമ്മയെ വിളിച്ചു.
“എടീ മോളേ മാധവിയേച്ചി പോയി കെട്ടോ” ഫോൺ എടുത്തതേ അമ്മയുടെ ശബ്ദം. കൂടെ “എത്ര നേരം ആയി നിന്നെ വിളിക്കുന്നു” എന്ന ശകാരവും.
“ഏത് നമ്മുടെ മാധവിയപ്പച്ചിയോ….? ഇതു എപ്പൊഴാ സംഭവം? എങ്ങനെയാ?” വിശ്വസിക്കാൻ പറ്റാതെയാണ് ഞാൻ ചോദിച്ചത്. അധികം പ്രായമൊന്നും ആയിട്ടില്ല അവർക്ക്. എന്റെ അമ്മയേക്കാൾ ആറോ ഏഴോ വയസ് അധികം കാണും. എന്റെ വീടിനടുത്തു തന്നെയാണ് അവരും. കൂടാതെ അകന്ന ബന്ധത്തിൽ അച്ഛൻ്റെ പെങ്ങളായി വരും. അതു കൊണ്ട് ഞാനും ഏട്ടനും മാധവിയപ്പച്ചി ന്നാ വിളിക്കാറ്. കുറച്ചു നാളായി കിടപ്പിലായിരുന്നത്രേ മാധവിയപ്പച്ചി. ഒരിക്കൽ പ്രഷർ കൂടി വീണൂ. പിന്നെ എണീറ്റില്ല. ഇതൊക്കെ ഞാൻ അറിഞ്ഞില്ലല്ലോ …..അല്ലെങ്കിലും കുറച്ച് നാളായി ഞാനൊന്നും അറിയാറില്ലല്ലോ എത്രമണിക്കാണ് അടക്കം എന്നുള്ളതൊക്കെ അന്വേഷിച്ചതിനു ശേഷം ഞാൻ ഫോൺ വെച്ചു. വേഗം തന്നെ രാജീവേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. രണ്ടു തവണ ബിസിയാക്കിയതിനു ശേഷം മൂന്നാം തവണയാണ് ഫോൺ എടുതത്.
“നീ പോയി വന്നോ. ഞാൻ വരാൻ കുറച്ച് നേരം വൈകും. അല്ലെങ്കിൽ പിന്നെ ഞാൻ വരുന്നത് വരെ നിൽക്കണം. അപ്പൊഴേക്കും ബോഡി എടുക്കുമോ” രാജീവേട്ടൻ സംശയത്തോടെ എന്നോട് ചോദിച്ചു..
” ഞാൻ മോനെയും കൊണ്ട് ഒറ്റയ്ക്ക് എങ്ങനെ പോകാനാ രാജീവേട്ടാ” എന്റെ നിസഹായവസ്ഥ ഞാൻ സംസാരത്തിൽ പ്രകടമാക്കുക തന്നെ ചെയ്തു.
രണ്ട് ബസ് മാറി കേറിവേണം വീട്ടിലേക്ക് എത്താൻ . മോനെയും എടുത്ത് പോയി വരുംമ്പോഴേക്കും നടുവൊടിയും.
‘എന്നാ നീയും അച്ഛനും റെഡി ആയിക്കോ ഞാൻ ഒരു ഒന്ന് രണ്ട് മണിക്കൂർ കൊണ്ട് എത്താൻ നോക്കാം” രാജീവേട്ടൻ അതും പറഞ്ഞ് കോൾ കട്ടാക്കിയതോടെ ഞാൻ വേഗം തന്നെ വീട്ടിലെ പണികൾ ഒരുക്കിതുടങ്ങി.
” അമ്മ ഇപ്പൊ മുറ്റം അടിക്കുന്നുണ്ടോ?” ഞാൻ അമ്മയോട് ചോദിച്ചു . സാധാരണ അമ്മയാണ് ആ പണി ചെയ്യുക. മുറ്റം അടിച്ചിട്ടു വേണം എനിക്ക് തുണി ഉണങ്ങാൻ വേണ്ടിയിടാൻ . അല്ലെങ്കിൽ പിന്നെ തുണിയിലൊക്കെ മുറ്റമടിക്കുംബോൾ പൊടി പിടിക്കും. രാജീവേട്ടന്റെ ഒന്ന് രണ്ട് വെള്ളമുണ്ട് ഉണ്ട് അതാണ് പ്രശ്നം. അതിനിടെ അച്ഛൻ രാവിലത്തെ നടത്തം കഴിഞ്ഞ് വരുന്നുണ്ടായിരുന്നു.
‘” അച്ഛനു ചായ എടുത്ത് വെക്കട്ടെ?” ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി.
” ഞാൻ പശൂനെ ഒന്ന് അഴിച്ചു മാറ്റീട്ട് കുടിച്ചോളും നീ ചായ ചൂടാക്കി അവിടെ വെച്ചേക്ക് ” എനിക്കു നേരെ പാലു കൊണ്ടുപോയ വലിയ ടിപ്പി നീട്ടി പുള്ളി പശുതൊഴുത്തിനടുത്തേക്ക് നോക്കി. അല്ലേലും അച്ഛന്റെ ശബ്ദം കേട്ടാൽ തന്നെ രണ്ട് പശുക്കളുടേയും ശബ്ദമുയരും. അച്ഛൻ അങ്ങോട്ട് നടക്കുന്നതിനിടയിൽ ഞാൻ മരണ വിവരം പറയുകയും ഞാനും രാജീവേട്ടനും പോകുന്നുണ്ടെന്നും അച്ഛനു സമയം ഉണ്ടാകുമോ വരാൻ എന്നു ചോദിക്കുകയും ചെയ്തു.
“അറിഞ്ഞിട്ട് ഇപ്പൊ എങ്ങനെയാ പോകാതിരിക്കുന്നേ. അവനെത്രമണിക്കാ വരുക?” അച്ഛൻ കാര്യങ്ങൾ അന്വേഷിച്ചു..
രാജീവേട്ടൻ വേഗം വരും എന്നാ പറഞ്ഞെ. അച്ഛൻ പശൂനെ കെട്ടീട്ട് പോരൂ ഞാൻ ചായ എടുത്തു വെക്കാം അപ്പൊഴേക്കും” അതും പറഞ്ഞ് ഞാൻ വേഗം അകത്തേക്ക് തിരിഞ്ഞു.
നീ ഒന്നൂടെ വിളിച്ചു നോക്ക് കൃത്യം സമയം അറിഞ്ഞാൽ അതിനനുസരിച്ച് റെഡിയാവാലോ” അതും പറഞ്ഞ് പുള്ളി വേഗം തന്നെ തൊഴുത്തിലേക്ക് നടന്നു . സാധാരണ നിലക്ക് രാവിലെ അടുത്ത സ്ഥലത്ത് കൊണ്ടുപോയി കെട്ടിയിടറാണ് പതിവ് ഇടയ്ക്ക് മാറ്റി കെട്ടും.
മരണ വീട്ടിൽ പോയി വരുമ്പോൾ എന്തായാലും ഉച്ചകഴിയും വരാൻ . അവിടുന്ന് ഒന്നും കഴിക്കാൻ പറ്റില്ല അതുകൊണ്ട് ഭക്ഷണം ആക്കി വെക്കണം . വേഗം തന്നെ അരി അടുപ്പത്ത് വെച്ചു.
”അച്ഛാ അച്ഛന്റെ ചായ എടുക്കാൻ ആയോ?” മുറ്റത്തെ പൈപ്പിന്റെ ശബ്ദം കേട്ടതെ ഞാൻ അടുക്കളയിൽ നിന്നും വിളിച്ചു ചോദിച്ചു. അച്ഛൻ ഉണ്ണിയേയും കൂടെ ഇരുത്തിയാണ് ചായ കുടിക്കുന്നത്. രണ്ടാളും കൂടി അവിടിരുന്നു കഴിച്ചോളും.
ചോറിന്റെ വെള്ളം അടുപ്പത്ത് വെച്ചതേ ഉള്ളൂ ഇനി കറി വെക്കണം അലക്കിയത് വെയിലത്തിടണം . ഓടി നടക്കുന്നതിനിടയിൽ ഞാൻ അമ്മയെ നോക്കി. മുറ്റമടിക്കാനുള്ള പരിപാടിയാണ്.
“അമ്മ അടിച്ചുവാരി കഴിഞ്ഞ് തുണി ഒന്ന് ഉണങ്ങാനിടുമോ?” ഞാൻ അങ്ങനെ ചോദിച്ചെങ്കിലും മുറ്റമടിക്കുന്ന സൗണ്ടിൽ അവർ ഒന്നും കേട്ടില്ല എന്നു തോന്നുന്നു. അല്ലേലും അവിശ്യമുള്ളത് അമ്മയ്ക്ക് കേൾക്കില്ല.
രാജീവേട്ടൻ എത്തുംബോഴേക്കും അരി വേവ് ആയാൽ മതിയാരുന്നു . കറി അമ്മ വെച്ചുകൊള്ളും.
“ഉണ്ണീ അച്ഛച്ഛന്റെ അടുത്തു പോയിരുന്നേ അമ്മ റെഡി ആവട്ടെ . ഇപ്പൊ അച്ഛൻ എത്തും” ഉണ്ണിക്ക് ഡ്രസ് ഇടുവിച്ച് അച്ഛന്റെ അടുത്തിരുത്തി ഞാനും വേഗം റെഡി ആയി. മുറ്റത്തേക്ക് വന്ന രാജീവേട്ടൻ ഹോണടിക്കാൻ തുടങ്ങീട്ട് കുറച്ചു നേരം ആയിരുന്നു.
“അല്ലെടീ നിന്നോട് റെഡി ആയി നിൽക്കാൻ പറഞ്ഞിട്ട് സമയം എത്ര ആയി?” ഓട്ടോയിലേക്ക് കേറുന്നതിനിടെ രാജീവേട്ടൻ ദേഷ്യപ്പെട്ടു.
“പറഞ്ഞിട്ടെന്താ കാര്യം പണി ഒന്ന് ഒരുങ്ങണ്ടെ?” ഞാൻ ചിരിച്ചു കൊണ്ട് ഓട്ടോയ്ക്കുള്ളിലെ കണ്ണാടിയിലേക്ക് നോക്കി. അതിൽ ദേഷ്യപ്പെട്ടുള്ള രാജീവേട്ടന്റെ മുഖം കാണാം. എന്തൊക്കെയോ പിറുപിറുത്ത് വണ്ടി മുന്നോട്ടേക്ക് പോയി.
****************
മരണവീട്ടിൽ നിന്നും കുറച്ച് അപ്പുറത്ത് തന്നെയാണ് എന്റെ വീട് . ഞങ്ങൾ ആദ്യം നേരെ എന്റെ വീട്ടിലേക്കാണ് പോയത്. അവിടെ ഓട്ടോ വച്ച് നടന്നാണ് മരണ വീട്ടിലേക്ക് വന്നത്. ഉണ്ണിയെ എടുത്ത് അച്ഛനും രാജീവേട്ടനും പിന്നാലെ ഞാനും നടന്നു. പരിജയക്കാർക്കൊക്കെ മുഖം കൊടുത്ത് ഇത്തിരി നേരം അവിടെ നിന്നതേ ഉണ്ണി കരച്ചിൽ തുടങ്ങി.
മരണവീട്ടിലെ തിരക്കും ബഹളവും ചൂടും ഒക്കെ കൂടി അവന് സഹിക്കാൻ പറ്റാതെ ആയി.. അതോടെ ഞാൻ ഉണ്ണിയേം എടുത്ത് വീട്ടിലേക്ക് നടന്നു.
എന്റെ വീട്ടിൽ ആരൊക്കെ ആണെന്ന് പറഞ്ഞിരുന്നില്ലല്ലോ. എന്റെ അച്ഛൻ ശ്രീധരൻ അമ്മ ദേവകി ഒരു ഏട്ടൻ ശ്രീഹരി .ഏട്ടന്റെ കല്ല്യാണം കഴിഞ്ഞു ഭാര്യ രേഷ്മ അവരുടെ മോൻ സച്ചു എന്ന് വിളിക്കുന്ന സച്ചിൻദേവ്. അവന് ഇപ്പൊൾ ഒന്നര വയസ് കഴിഞ്ഞു ഇത്രയും ആണ് എന്റെ കുടുംബം. ഇവിടുന്നാണ് ഒരു സുപ്രഭാതത്തിൽ കോളേജിലേക്കെന്നും പറഞ്ഞ് ഞാൻ രാജീവേട്ടന്റെ കൂടെ പോയത്.
വീട്ടിലെത്തുംമ്പോൾ അച്ചനും ഏട്ടനും അവിടെ ഉണ്ടായിരുന്നില്ല . അവർ മരണവീട്ടിൽ തന്നെയാണ് .
അമ്മയും രേഷ്മയും വേഗം തന്നെ പുറത്തേക്ക് വന്നു.
”എന്റെ സച്ചൂട്ടാ ഇതാരാ വന്നിരിക്കുന്നേന്നു നോക്കിയേ” സച്ചുവിനെ എടുത്ത് ഉണ്ണിക്കു നേരെ പിടിച്ച് രേഷ്മ ചിരിച്ചു . ഉണ്ണിയുടെ മുഖത്ത് ഒരു പരിചിതഭാവവും ചിരിയും സച്ചുവിന്റെ മുഖത്ത് ആരാണ് എന്നറിയാതെ ഉള്ള ഭാവവും . രണ്ടു പേരും പരസ്പരം നോക്കുകയാണ്.
“രേഷ്മ അവിടെ പോയില്ലേ?” ഞാനവളോട്ചോദിച്ചു.
“ഞാൻ രാവിലെ പോയി വേഗം വന്നു . സച്ചു അവിടുന്ന് കരച്ചിലാരുന്നു.” മറുപടി പറഞ്ഞ് രേഷ്മ സച്ചുവിനെ ഉണ്ണിക്കടുത്തേക്ക് നീട്ടി പിടിച്ചു. എന്താവും രണ്ടു പേരുടേയും പ്രതികരണം എന്നറിയാൻ ഞാനും നോക്കി നിന്നു. കുറച്ചു നേരം ഉണ്ണിക്കു നേരെ കൗതുകത്തോടെ നോക്കി സച്ചു പെട്ടെന്ന് രേഷ്മയുടെ മാറിലേക്ക് ഒട്ടി. അവളുടെ കഴുത്തിലൂടെ കൈ ചുറ്റി ചുമലിലേക്ക് തല വെച്ച് കിടക്കുന്ന അവനെ കണ്ടപ്പോൾ ഉണ്ണിയുടെ മുഖത്ത് ഒരു സങ്കട ഭാവം. അവന്റെ ഓർമ്മയിൽ രേഷ്മ അവന്റെ മേമയാണ്. ഇപ്പൊ സച്ചു ആയതിൽ പിന്നെ അവൾക്ക് ഉണ്ണിയോട് സ്നേഹം കുറഞ്ഞോ എന്ന സങ്കടാണ് എന്റെ മോന് .
” നീ അവിടുന്ന് ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ?” അതിനിടെ അമ്മ അടുക്കളയിൽ നിന്നും ചായ എടുത്തുകൊണ്ട് പറഞ്ഞു . അച്ഛനും രാജീവേട്ടനും വന്നിട്ട് ചായ കുടിക്കാം എന്നു പറഞ്ഞു കൊണ്ട് ഞാൻ ചായ നിരസിച്ചു.
അമ്മയോടും രേഷ്മയോടും സംസാരിച്ചു കൊണ്ടിരിക്കെ തന്നെ എന്റെ അച്ഛനും അവിടുത്തെ അച്ഛനും രാജീവേട്ടനും പടി കയറി വന്നു. ഉമ്മറത്തെക്ക് കയറി ഇരുന്ന രാജീവേട്ടന്റെ അടുത്തേക്ക് മോനെ കൈമാറി ഞാൻ വേഗം അകത്തേക്ക് വലിഞ്ഞു.
“കൊറേ കാലം ആയി കിടപ്പിലായിരുന്നു. പിന്നെ എന്താ മക്കളു പോലും ഉണ്ടായിരുന്നില്ല നോക്കാൻ. എല്ലാവരേം വെറുപ്പിച്ചിട്ട് ഓരോരുത്തരായിട്ട് വേറെ വീട് എടുത്ത് മാറി നിൽക്കുവായിരുന്നു” എന്റെ അച്ഛൻ മരണ വീട്ടിലെ കാര്യങ്ങൾ അവരോടും പറയുന്നത് ഞാൻ അകത്ത് നിന്നും കേൾക്കുന്നുണ്ടായിരുന്നു.
” ഇനിയുള്ള കാലം അങ്ങനെ തന്നെ ആകും മക്കളെ ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല” ഉമ്മറത്ത് അത് പറഞ്ഞത് അച്ഛൻ ആണെങ്കിലും കൊണ്ടത് എന്റെ നെഞ്ചിലായിരുന്നു. എന്നെ കൂടെ ആ കൂട്ടത്തിൽ കൂട്ടിയാണോ പറഞ്ഞത് എന്ന സംശയം എന്റെ മനസിൽ വന്നു. ആലോചനയിൽ മുഴുകിയിരിക്കവേ മുറ്റത്ത് ഏട്ടൻ്റെ ശബ്ദം കേട്ടു.
“ഉണ്ണീ അതാരാണെന്ന് നോക്കിയേ” ഏട്ടൻ വരുന്നത് കണ്ടപ്പോഴേ ഞാൻ മോനെ എടുത്തുയർത്തി. കുറച്ച് നേരത്തെ നോട്ടത്തിന് ശേഷം അവന്റെ മുഖത്തൊരു ചിരി തെളിഞ്ഞു.
“മാമൻ” അവന്റ ചുണ്ട് മന്ത്രിച്ചു. ഏട്ടൻ്റെ കൈകൾ അവനു നേരെ നീണ്ടു. അവനെ ഇക്കിളിപ്പെടുത്തി ചിരിപ്പിച്ചുകൊണ്ട് ശ്രീ അവനെ കൈയ്യിലെടുത്തു.
“മാമനൊരുമ്മ തന്നേ.” ഉണ്ണിയെ എടുത്തുയർത്തുന്നതിനിടയിൽ ശ്രീ പറഞ്ഞു. രണ്ട് കൈ കൊണ്ടും ഒരുപാട് ഉയരത്തിൽ എടുത്തുയർത്തി പെട്ടെന്ന് പിടിവിടുകയും വീണ്ടും പിടിക്കുകയും ചെയ്യുന്നത് ശ്രീഹരിയുടെ ഒരു പതിവാണ് അത് ഉണ്ണി നന്നായി ആസ്വദിക്കുകയും ചെയ്യും . അപ്പൊ ഉള്ള അവന്റെ ചിരി കുറച്ചുറക്കെയാണ് .
നീ എങ്ങനെയാ വന്നെ ? ഓട്ടോയിലാണോ ?” ഉണ്ണിയെ കളിപ്പിക്കുന്നതിനിടയിൽ ഏട്ടൻ എന്നോടു ചോദിച്ചു . ഓട്ടോയിലാണ് വന്നതെന്നു പറഞ്ഞ് ഏട്ടനോട് മറ്റു കാര്യങ്ങളൊക്കെ സംസാരിക്കവേ തന്നെ രേഷ്മ അവിടേക്ക് കടന്ന് വന്ന് സച്ചുവിനെ അവന്റെ അടുത്ത് ആക്കി.
” എങ്ങനെ ഉണ്ട് പണി ഒക്കെ ഉണ്ടോ അതോ വെറുതേ സ്റ്റാൻന്റിൽ വെച്ചിരിക്കലാണോ?” രാജീവേട്ടനെ കൊണ്ടാണ് ചോദിക്കുന്നത്. ഇപ്പൊഴും ഏട്ടന് ഉള്ളിൽ രാജീവേട്ടനോട് ഒരു ദേഷ്യമുണ്ട്. അത് കാരണം പരസ്പരം മിണ്ടുമെങ്കിലും ഉള്ള് തുറന്നുള്ള സംസാര രീതികൾ കുറവ് തന്നെയാണ്.
” ഇപ്പൊ കുറവാണെന്നാ പറഞ്ഞത്. ചില ദിവസം വേഗം വരും ചില ദിവസം രാത്രി ആകും. ഏട്ടനെങ്ങനാ പണി ഒക്കെ ഉണ്ടോ?” മറുപടി പറഞ്ഞ് കൊണ്ടു തന്നെ ഞാൻ ഏട്ടനോടും ചോദിച്ചു. ടൈൽ വർക്കാണ് അവന്. അതും കരാറടിസ്ഥാനത്തിലാണ് എടുക്കുന്നത് . ഏട്ടനും നാലഞ്ച് പണിക്കാരും ഉണ്ട്.
”പണി കുറവ് തന്നെയാണ് . എന്നാലും കുഴപ്പമില്ല.” അതും പറഞ്ഞ് ഏട്ടൻ ഉണ്ണിയേയും കൊണ്ട് ഉമ്മറത്തേക്ക് നടന്നു . സച്ചുവിനെ എടുത്ത് ഞാൻ അടുക്കളയിലേക്കും. രേഷ്മയും അമ്മയും എല്ലാവർക്കും ചായ എടുക്കുകയാണ്.
ഇന്നു തന്നെ പോകണോ? എന്ന അമ്മയുടെ ചോദ്യത്തിനു പോകണം എന്നു മറുപടി പറഞ്ഞെങ്കിലും ഒരു ദിവസം അവിടെ നിന്നാലോ എന്നൊരു ചിന്ത എന്റെ മനസിലുണ്ടായിരുന്നു. രാജീവേട്ടൻ എന്തെങ്കിലും പറയുമോ എന്നൊരു പേടി ആയിരുന്നു മനസിൽ . ഇവിടുന്ന് ഒന്നും പറഞ്ഞില്ലെങ്കിലും നാളെ വീട്ടിലെത്തിയാൽ ചിലപ്പൊ എന്തേലും ഒക്കെ പറയും.
” നിനക്ക് ഇന്നിവിടെ നിന്നിട്ട് നാളെ രാവിലെ പോയാൽ പോരെ ?” എല്ലാരും ചായ കുടിച്ചു കൊണ്ടിരിക്കെ അച്ഛന്റെ ചോദ്യം എന്നോടായിരുന്നു. ഞാൻ രാജീവേട്ടന്റെ മുഖത്തേക്കു നോക്കി. രാജീവേട്ടൻ ഒന്നും പറയുന്നില്ല.
“വിദ്യ എന്നാൽ ഇവിടെ നിൽക്കുവാണെ ഞങ്ങളിറങ്ങട്ടെ. പോകും വഴി ഇവന് സമയം ഉണ്ടെങ്കിൽ ഒന്ന് പഞ്ചായത്തിലും കേറണം” രാജീവേട്ടന്റെ അച്ഛനാണ് അങ്ങനെ പറഞ്ഞത്. രാജീവേട്ടൻ ഒന്നും പറയുന്നില്ല എന്നു കണ്ടിട്ടാവണം അച്ഛൻ കേറി ഇടപെട്ടത്. ഭക്ഷണം കഴിക്കാൻ ഞങ്ങൾ എല്ലാവരും നിർബന്ധിച്ചെങ്കിലും അച്ഛന്റെ തിരക്ക് കാരണം അവർ അപ്പോൾ തന്നെ ഇറങ്ങി. അല്ലേലും ആകെ ഒരു തവണയോ മറ്റോ ആണ് രാജീവേട്ടൻ എന്റെ വീട്ടിൽ താമസിച്ചിട്ടും ഭക്ഷണം കഴിച്ചിട്ടും ഉള്ളൂ. അതിനു കാരണം രാജീവേട്ടനോട് ഏട്ടൻ കാണിക്കുന്ന അവഗണനയായിരിക്കും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
രാജീവേട്ടൻ പോയതിനു ശേഷം അച്ഛൻ ചെറുമക്കളുടെ പിന്നാലെ കൂടി കൂടെ ഏട്ടനും അതോടെ വീട്ടിനുള്ളിൽ ഒരു ബഹളം തന്നെ ആയി. ഒരു കാലത്ത് ഞാൻ അനുഭവിച്ചിരുന്ന സ്നേഹവും സന്തോഷവും ഇപ്പോൾ എന്റെ മോൻ ഉണ്ണിക്കും കിട്ടുന്നു എന്നത് എന്റ മനസിൽ കുറച്ചൊന്നുമല്ല സന്തോഷം നിറച്ചത് ഞാൻ പതുക്കെ അടുക്കളയിൽ അമ്മയ്ക്കടുത്തേക്ക് നീങ്ങി.
***************
വിദ്യ വന്നിട്ടില്ല എന്നറിഞ്ഞതേ ഗൗരിയുടെ സ്വഭാവം മാറി അത് സംസാരത്തിലും പ്രകടമാവുന്നുണ്ടായിരുന്നു.
“നീയാണ് അവൾക്ക് വളം വെച്ചു കൊടുക്കുന്നത്” രാജീവനോടാണ് അത് പറഞ്ഞത്. അമ്മ പറഞ്ഞതിന് മറുപടി ഒന്നും പറയാതെ തന്നെ അവന്റെ ശ്രദ്ധ മുഴുവൻ ടിവിയിലേക്ക് ആയി. അവർ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
“അല്ല അമ്മേ അവൾ എന്താ നാളെ ഇങ്ങോട്ട് വരില്ലേ ……? അതിനിങ്ങനെ വീണ്ടും വീണ്ടും പറഞ്ഞോണ്ടിരിക്കേണ്ട കാര്യം എന്താ ……?” രാജീവൻ കുറച്ച് ചൂടായിട്ടാണ് മറുപടി പറഞ്ഞത്.
“ആ നാളെ ഇങ്ങോട്ട് വരട്ടെ ഞാൻ പറഞ്ഞു കൊടുക്കാം അവൾക്ക്” രാജീവന്റെ ദേഷ്യം കണ്ടതോടെ അവരുടെ ദേഷ്യം മുഴുവൻ വിദ്യയോട് ആയി.
“ആ ഇനി അത് ചോദിക്കാൻ നിക്കണ്ട. ഒരു ദിവസത്തെ കാര്യമല്ലേ” രാജീവൻ പ്രശ്നം വേണ്ട എന്ന നിലയ്ക്ക് പറഞ്ഞെങ്കിലും അമ്മ അത് കാര്യമാക്കിയില്ല.
“ചോദിക്കണ്ടത് ചോദിക്കേണ്ട സമയത്ത് ചോദിക്കണം. ഞാനാരെയും പേടിച്ചല്ല ഇവിടെ നിൽക്കുന്നത്” അതും പറഞ്ഞ് അവർ അടുക്കളയിലേക്ക് നടന്നു. ആ പറഞ്ഞത് രാജീവനോടും കൂടി ആയിരുന്നു എന്ന് അവനും തോന്നി.
****************
ഈ കാര്യങ്ങളൊന്നും അറിയാതെയാണ് ഉച്ച ആയപ്പോ ഞാൻ വീട്ടിൽ എത്തിയത്. ഉണ്ണിയുടെ കൈപിടിച്ച് മുറ്റത്തേക്ക് കേറവേ തന്നെ അമ്മ വാതിൽ പടിയിൽ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. എന്താ കാര്യം എന്നറിയാതെ ഞാൻ വേഗം അകത്തേക്ക് നടന്നു.
അമ്മയെ ഉമ്മറത്ത് കണ്ടതോടെ ഉണ്ണി ”അച്ഛമ്മേ” എന്നു വിളിച്ചെങ്കിലും അവർ അതു കേൾക്കാത്ത മട്ടിൽ അകത്തേക്ക് കേറി. ഇന്നലെ വരാത്തതിന്റെ ദേഷ്യം കാണിച്ചതാണ് എന്ന് എനിക്ക് മനസിലായി.
“അതെന്താ മോനെ നിന്റെ അമ്മേന്റെ നാട്ടിലിപ്പൊ ബസ് ഒന്നൂലെ ഇങ്ങനെ ഓട്ടോ പിടിച്ചു വന്നാൽ പൈസ കൊറേ ആകുമല്ലോ?” ഹാളിലേക്ക് കയറിയ ഉടനെ അവർ മോനോട് ചോദിച്ചു. കാര്യം എന്നെ ഉദേശിച്ചാണ് അവർ പറഞ്ഞത്. ചോദിച്ചതിന്റെ പൊരുൾ മനസിലാവാത്ത ഉണ്ണി മുറ്റത്തേക്ക് നോക്കി “ഓട്ടോർച്ച പോയല്ലോ” എന്നാണ് പറഞ്ഞത്. അവനെ അവിടെ നിർത്തീട്ട് ഞാൻ മുറ്റത്തേക്ക് ഇറക്കി വെച്ച സാധനങ്ങൾ നിറച്ച ചാക്ക് കെട്ട് അകത്തേക്ക് എടുത്തു. വീട്ടിൽ പോയി വരുന്ന അവസരങ്ങളിലെല്ലാം തന്നെ ഇങ്ങനെ ഒരു ചാക്ക് നിറയെ സാധനങ്ങൾ ഉണ്ടാവും. അവിടുന്ന് ഏട്ടൻ തന്നെയാണ് അവന്റെ കൂട്ടുകാരുടെ ആരുടെയെങ്കിലും ഓട്ടോ വിളിക്കുക പൈസ ഒക്കെ ഏട്ടൻ തന്നെ കൊടുക്കും. രാജീവേട്ടന്റെ അമ്മയുടെ വിചാരം ഇതൊക്കെ കൊടുക്കുന്നത് ഇവിടുത്തെ പൈസ ആണ് എന്നാണ് അതിന്റെ ആണ് ഈ സംസാരം. ഞാൻ മറുപടി ഒന്നും പറയാതെ തന്നെ അകത്തേക്ക് നടന്നു. ഇടയ്ക്ക് ഞാൻ രാജീവേട്ടനെ ഫോൺ ചെയ്തെങ്കിലും ഫോൺ എടുത്തില്ല ഇവിടെ എത്തി എന്നു അറിയിക്കാനാണ് വിളിച്ചത്. ഭക്ഷണം കഴിക്കാൻ സമയം ആയിട്ടുണ്ട് അതുകൊണ്ട് തന്നെ വേഗം അടുക്കളയിലേക്ക് കേറി. കറി ഒന്നും കാര്യമായിട്ട് ഇല്ല എന്നു കണ്ടതോടെ രാജീവേട്ടൻ എത്തുന്നതിനു മുൻപ് മീൻ വറുക്കാൻ ഉള്ള തത്രപ്പാടിൽ ആയിരുന്നു ഞാൻ.
“നീ ഇന്നലെ അവിടെ നിൽക്കുന്ന കാര്യം ഒന്നും പറഞ്ഞിട്ടില്ലല്ലോ” അതിനിടെ അടുക്കളയിലേക്ക് കടന്നു വന്ന അമ്മ എന്നോട് ചോദിച്ചു. അതിനു മറുപടി പറയാതെ തന്നെ ഞാൻ അച്ഛനെ കുറിച്ച് ആണ് ചോദിച്ചത്. സാധാരണ ഈ നേരത്ത് അച്ഛൻ ഇവിടെ ഉണ്ടാവേണ്ടതാണ് . അച്ഛൻ ഉണ്ടേൽ പിന്നെ ഉണ്ണിയുടെ കാര്യം ഞാൻ ഒന്നും നോക്കുക പോലും വേണ്ട. “അച്ഛച്ഛ” എന്നും വിളിച്ച് പുറകേ നടന്നോളും.
“നീ ചോദിച്ചതിന് സമാധാനം പറ എന്നിട്ടല്ലെ ബാക്കി കാര്യം” അമ്മ വിടുന്ന ലക്ഷണം ഇല്ലെന്ന് എനിക്ക് മനസിലായി. ഇവർക്ക് ഇത് എന്തിന്റെ കേടാണോ എന്തോ? മനസിൽ ഓർത്തുകൊണ്ട് തന്നെ ഞാൻ ഗ്യാസ് ഓഫ് ചെയ്ത് കറിച്ചട്ടി താഴേക്ക് വാങ്ങി വെച്ചു.
“നീ ഇന്നലെ തന്നെ വരും എന്നു പറഞ്ഞത് കൊണ്ടല്ലെ ഞാൻ മാധവിയുടെ കൂടെ പണിക്ക് വരാം എന്നു പറഞ്ഞത് രാവിലെ അവൾ ഇനി എന്നോട് ഒന്നും പറയാൻ ബാക്കി ഇല്ല” അമ്മ അടുക്കളയിൽ നിന്നും വീണ്ടും പറഞ്ഞു. അപ്പൊഴാണ് എനിക്ക് കാര്യം പിടി കിട്ടിയത്. അമ്മ ഇടയ്ക്ക് അമ്മയുടെ അനിയത്തി മാധവിചെറിയമ്മയുടെ കൂടെ നാടൻ പണിക്ക് പോവാറുണ്ട് ഇന്ന് അങ്ങനെ എതെങ്കിലും പണിക്ക് പോകുവാൻ നിന്നതാവും. ഞാൻ ഇല്ലാത്തത് കൊണ്ട് പോകാൻ പറ്റിയില്ല അതാണ് കാര്യം.
“അമ്മയ്ക്ക് ഇന്നലെ തന്നെ ചെറിയമ്മയെ വിളിച്ചു പറയാരുന്നില്ലേ? അല്ലേൽ തന്നെ എന്താ രാവിലെ നേരത്തെ എണീറ്റ് ഇവിടെ ചോറും കറിയും വെച്ചിട്ടു പോകാലോ?” അതും പറഞ്ഞ് ഞാൻ ഉണ്ണിയുടെ അടുത്തേക്ക് പോയി. അവനെ തനിച്ച് എവിടെയും ആക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ്.
“ഞാൻ അറിഞ്ഞോ നീ അവിടെ താമസിക്കുന്ന കാര്യം. നിനക്കെന്താ എന്നെ ഒന്ന് വിളിച്ചു പറഞ്ഞാൽ വരുന്നില്ലന്ന് ” അമ്മ അതിൽ തന്നെ പിടിച്ചു നിൽക്കുകയാണ്.
“അപ്പൊ ഇന്നലെ അച്ഛനും രാജീവേട്ടനും ഒന്നും ഇവിടെ വന്നപ്പോൾ പറഞ്ഞില്ലേ കാര്യങ്ങൾ” എനിക്ക് അവരുടെ സംസാരത്തോട് പുഛമാണ് തോന്നിയത്. വെറുതെ ഒരു കാര്യവും ഇല്ലാതെ ഇങ്ങനെ സ്വയം വില കളയാൻ.
“അവർ പറഞ്ഞു വേണോ നിനക്ക് അവിടുന്ന് ഒന്ന് വിളിച്ചാൽ പോരേ. അല്ലേൽ തന്നെ എന്താ ഞാൻ നിന്നോട് അവിടെ നിൽക്കണ്ട എന്ന് പറയുമോ” അമ്മ ആ കാര്യം തന്നെ പിന്നെയും എടുത്തിട്ടു സംസാരം തുടർന്നതോടെ ഞാൻ മിണ്ടാതെ നിന്നു. അല്ലേലും അവരോട് സംസാരിച്ചു ജയിക്കാൻ ആർക്കും ആകില്ല അങ്ങനത്തെ നാവാണ് അവർക്ക്. അതെനിക്ക് ഇതിനു മുന്നേ പല തവണ മനസിലായതും ആണ്. അതിനിടെ രാജീവേട്ടന്റെ ഓട്ടോയുടെ സൗണ്ട് കേട്ടു ഉണ്ണി ഉമ്മറത്തേക്ക് ഓടി പിന്നാലെ ഞാനും. റോഡിൽ നിർത്തിയ ഓട്ടോയിൽ നിന്നും കുറച്ചു അപ്പുറം ഉള്ള ഷീബച്ചേച്ചി ഇറങ്ങി നടക്കുന്നത് ഞാൻ കണ്ടു. അവർ ഇറങ്ങിയ ഉടനെ ഓട്ടോ മുറ്റത്തേക്ക് കേറി.
രാജീവേട്ടൻ ഉണ്ണിക്കു നേരെ കൈനീട്ടി അവനെ എടുത്തുകൊണ്ട് അകത്തേക്ക് നടന്നു.
“ഫോൺ വിളിച്ചാൽ എടുക്കുകയേ ചെയ്യരുത് കെട്ടോ” പിന്നാലെ നടന്ന് ഞാൻ പറഞ്ഞു.
“ഞാൻ ഓട്ടത്തിലായിരുന്നു അതാ” പുള്ളി മറുപടി പറഞ്ഞു കൊണ്ട് തന്നെ ഭക്ഷണം കഴിക്കാൻ ഇരുന്നു. ഉണ്ണിയെ കഴിക്കാൻ നിർബന്ധിച്ചെങ്കിലും കഴിച്ചില്ല അവനെ ഇനി എന്തെങ്കിലും കഴിപ്പിക്കണമെങ്കിൽ അച്ഛൻ വരണം. അച്ഛച്ചാ എന്നും വിളിച്ച് അച്ഛന്റെ കൂടെ ഇരുന്ന് എന്തെങ്കിലും കഴിക്കും അച്ഛൻ ആണെങ്കിൽ എന്തെങ്കിലും ഒക്കെ സൂത്രം ഉപയോഗിച്ച് അവനെ കൊണ്ട് കഴിപ്പിക്കുകയും ചെയ്യും.
ഭക്ഷണം കഴിഞ്ഞ് രാജീവേട്ടൻ പോയതിനു ശേഷമാണ് ഞാൻ കഴിച്ചത്. വിശന്നിട്ടായിരുന്നില്ല രാജീവേട്ടൻ ബാക്കി ആക്കിയതിൽ ഇത്തിരി കൂടി ചോറെടുത്തിട്ട് ഞാനും കഴിച്ചു. അല്ലെങ്കിൽ അത് വെറുതേ പശുവിന്റെ വെള്ളത്തിൽ കളയുകയേ ഉള്ളൂ. അമ്മ അടുക്കളയിൽ തന്നെ ഉണ്ട് എന്നോട് മിണ്ടുന്നില്ലെങ്കിലും ഉണ്ണിയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
”ഒരു ലോറിക്കുള്ളത് ഉണ്ട് അലക്കാൻ ഇനി തിന്നു നേരം കളയണ്ട” ഇടയ്ക്ക് എന്റെ മുന്നിലൂടെ നടന്ന് കൊണ്ട് അമ്മ പറഞ്ഞു. ഞാൻ മറുപടി ഒന്നും പറയാതെ തന്നെ മൊബൈലിലേക്ക് നോക്കി. അല്ലേലും ഞാൻ തിന്നാൻ ഇരുന്നാൽ ഇതൊക്കെ പതിവാണ്. അച്ഛൻ അടുത്തുണ്ടെങ്കിൽ ഇങ്ങനെ ഉള്ള വർത്താനം പറയല് കുറവാണ് . അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ തന്നെ അച്ഛൻ എന്തെങ്കിലും ഒക്കെ മറുപടി കൊടുക്കും. ഇത് ഇപ്പോൾ ഇന്നലെ ഉള്ള ദേഷ്യം പല രൂപത്തിൽ കാണിക്കുന്നതാണ്. പ്ലേറ്റ് കഴുകി വച്ച് ഞാൻ ഇത്തിരി നേരം കിടക്കാൻ തീരുമാനിച്ചു. എന്തായാലും വെയില് ഇത്തിരി കുറഞ്ഞാൽ മാത്രമേ അലക്ക് നടക്കുള്ളൂ ഈ വെയിലത്ത് മുറ്റത്തിറങ്ങിയാൽ പുറം പൊള്ളിപ്പോവും. അച്ഛൻ വരാത്തത് കൊണ്ട് തന്നെ ഉണ്ണി എന്റെ കൂടെ അകത്തേക്ക് വന്നു. കളിക്കാൻ ആളില്ല അതാണ് അവന്റെ പ്രശ്നം പറ്റിയാൽ ഒരു മിനുട്ട് അടങ്ങി നിൽക്കാതെ കളിക്കണം ചെക്കന്. അവനും ഞാനും കൂടി കുറച്ച് നേരം മൊബൈൽ നോക്കി പിന്നെ അവന്റെ കൈയിലേക്ക് ഫോൺ കൊടുത്ത് ഞാൻ പി എസ് സി യുടെ ബുക്സ് എടുത്തു.
“എടാ നിന്റെ അമ്മയോട് പള്ളിയുറക്കം കഴിഞ്ഞിട്ടുണ്ടെ എണീറ്റ് പോയി അലക്കാൻ പറ” പുറത്ത് അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ കണ്ണുതുറക്കുന്നത്. ബുക്കും വായിച്ച് എപ്പഴോ ഞാൻ മയങ്ങി പോയിരുന്നു. ഉണ്ണിയോടാണ് പറഞ്ഞതെങ്കിലും അടുത്ത വീട്ടിൽ വരെ കേൾക്കാനുള്ള ശബ്ദം ഉണ്ട്. ബുക്ക് കിടക്കയിൽ വീണു കിടക്കുന്നുണ്ട് മൊബൈൽ അതിന്റെ അപ്പുറത്ത് ഉണ്ട്. മെസേജ് തെളിഞ്ഞത് കണ്ട് ഞാൻ നോക്കി. വാട്സാപ്പ് ആണ് ഫാമിലി ഗ്രൂപ്പ് . അതൊന്നും നോക്കാൻ നിന്നില്ല വേഗം തന്നെ എണീറ്റു. അച്ഛനും ഉണ്ണിയും മുറ്റത്ത് കളിക്കുന്നുണ്ട്. ഉണ്ണി സൈക്കിളിലിരുന്ന് അച്ഛനെ കൊണ്ട് തള്ളിക്കുകയാണ്.
” അച്ഛൻ ചോറ് കഴിച്ചോ?” ഇറയത്തെ ഇരുത്തിയിലേക്കിരുന്ന് ഞാൻ ചോദിച്ചു.
“ഞാനും ഉണ്ണിയും എത്രയാ കഴിച്ചെ അല്ലേ?” ഉണ്ണിയെ നോക്കികൊണ്ട് അച്ഛൻ പറഞ്ഞു. അവൻ സൈക്കിളിൽ ഇരുന്ന് തന്നെ എന്നെ നോക്കി.
“വറുത്ത മീന് പയറ് കറി കൊറേ ചോറ് എല്ലാം തിന്നിട്ടില്ലേ അച്ഛച്ചനും മോനും” അച്ഛൻ അവനെ നോക്കി അതിശയോക്തി കലർത്തി വീണ്ടും പറഞ്ഞപ്പോൾ അവന്റെ നോട്ടത്തിലും വാക്കിലും അതിശയം കലർന്നു.
”ആ അച്ഛച്ചനും മോനും കൊറേ തിന്നു” അവന്റെ സംസാരം കേട്ട് ഞാനും അച്ഛനും ചിരിച്ചു.
“അവിടെ ഇരുന്ന് നേരം കൂട്ട് കെട്ടോ” മുറ്റത്ത് അതും പറഞ്ഞ് അമ്മ നടന്നു വന്നു.
“നീ ഇതെവിടെയാ പോകുന്നേ?” അമ്മ ചെരിപ്പിടുന്നത് കണ്ടപ്പോൾ അച്ഛനാണ് ചോദിച്ചത്.
“ഞാനൊന്ന് മാധവീന്റെ വീട്ടിൽ പോയി വരുന്ന്” അതും പറഞ്ഞ് അമ്മ ഉണ്ണിക്ക് നേരെ കൈ വീശി കാണിച്ചു. അച്ഛൻ ഉള്ളത് കൊണ്ടു തന്നെ പല തവണ കൈ വീശിയിട്ടും ഉണ്ണി അമ്മയെ മൈന്റ് ചെയ്തില്ല. അതോടെ അമ്മ ഒറ്റ നടത്തം ആയിരുന്നു.
അധിക ദൂരമില്ല മാധവി ചെറിയമ്മയുടെ വീട്ടിലേക്ക്. നോക്കിയാൽ കാണില്ലെങ്കിലും ഒരു അഞ്ചു മിനിറ്റ് നടന്നാൽ അവിടെ എത്താം. രാജീവേട്ടൻ വിളിക്കുന്നത് പോലെ തന്നെ ഞാനും ചെറിയമ്മ എന്നാണ് അവരെ വിളിച്ചിരുന്നത്. ചെറിയമ്മയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്. ഒരു അപകട മരണം ആയിരുന്നു എന്ന് രാജീവേട്ടൻ പറഞ്ഞ അറിവാണ്. ഇപ്പോൾ അവിടെ അവരുടെ ഒരു മോൻ വിനോദും മോൾ വർഷയും. വർഷയുടെ കല്യാണം കഴിഞ്ഞെങ്കിലും ഭർത്താവ് ഗൾഫിൽ ആയത് കൊണ്ട് അവൾ ഇവിടെ തന്നെ ഉണ്ട്. ഒരു മോനും ഉണ്ട് അവർക്ക് . ഉണ്ണിയുടെ പ്രായം ആയിട്ടില്ല. സാബത്തികമായി നല്ല നിലയിൽ ആണ്. വിനോദിനും എന്തൊക്കെയോ ബിസിനസ് ആണ്. ടൗണിൽ ഒരു ഓഫീസും മറ്റും ഉണ്ട്. കല്യാണം കഴിഞ്ഞിട്ടില്ല. രാജീവേട്ടന്റെ അനിയൻ രഞ്ചിത്തും അവനും ഒന്നിച്ച് പഠിച്ചതാണത്രെ.
വെയിലിന്റെ ചൂട് കുറഞ്ഞതോടെ ഞാൻ വേഗം അടുക്കളയിലേക്ക് നടന്നു. ബക്കറ്റെടുത്ത് സ്റ്റെയർകേസിന്റെ അവിടെ ഒക്കെ അഴിച്ചെറിഞ്ഞ ഓരോരുത്തരുടേയും ഡ്രസ്സുകൾ എടുത്ത് ബക്കറ്റിലേക്ക് ഇട്ടു. അമ്മയുടെ വസ്ത്രങ്ങളുടെ കൂടെ അടിവസ്ത്രങ്ങൾ കണ്ടപ്പോൾ എനിക്കു അറപ്പു തോന്നി. അതിന്റെ പേരിൽ ഞാൻ പല തവണ അമ്മയോട് സംസാരിച്ചിട്ടുണ്ട്. ഇനി ഇതു ഇങ്ങനെ വിട്ടാൽ ശെരിയാകില്ല. വരുമ്പോ എന്തായാലും ചോദിക്കണം ഞാൻ മനസിലുറപ്പിച്ചു.
പിന്നെയും ഒരു പാട് നേരം കഴിഞ്ഞപ്പോഴാണ് അമ്മ വീട്ടിലേക്ക് തിരികെ വന്നത്. വർഷയും കൂടെ ഉണ്ടായിരുന്നു. ഞാനതൊന്നും അത്ര കാര്യമാക്കിയില്ല ചോദിക്കാൻ വന്നത് ചോദിക്കുക തന്നെ ചെയ്യാം എന്നു കരുതി ഞാൻ അമ്മയെ വിളിച്ചു.
” ഉം എന്താ കാര്യം?” അമ്മ കുറച്ചു ഗൗരവത്തിൽ എന്നെ നോക്കി”!
അമ്മയോട് ഞാൻ കാര്യം തുറന്നു പറഞ്ഞു.
“ഓ വല്യേടത്തെ പെണ്ണല്ലേ കൈയിലെ വള ഊരി പോകുമായിരിക്കും” അമ്മ പുഛത്തോടെ പറഞ്ഞു.
“വല്യേടത്തെ ആയാലും ചെറിയേടത്തെ ആയാലും അവനവന്റെ അടിയിലിടുന്നത് അവനവൻ തന്നെ അലക്കണം. ഇവിടെ മാത്രം അതും അമ്മയ്ക്ക് മാത്രെമെ ഇങ്ങനുള്ളൂ. ഇനി കണ്ടിട്ടുണ്ടെങ്കിൽ ഞാൻ അലക്കൂല കാര്യം പറഞ്ഞേക്കാം ” അമ്മയുടെ സ്ഥിരം പരിപാടി ആയിരുന്നു ഇത് അത് കൊണ്ട് തന്നെ എനിക്ക് നല്ല ദേഷ്യം വന്നു. എന്തിനു പറയുന്നു ഒടുവിൽ അമ്മയും ഞാനും തമ്മിൽ നല്ല വഴക്ക് തന്നെ ആയി അതിനിടയിലാണ് രാജീവേട്ടൻ കയറി വന്നത്.! രാജീവേട്ടന്റെ രൂക്ഷമായി എന്നെ നോക്കികൊണ്ട് അകത്തേക്കു കേറി,
രാജീവേട്ടന്റെ നോട്ടം കണ്ടതോടെ ഞാൻ വിഷയം മാറ്റിവെച്ച് അകത്തേക്ക് കേറി. അമ്മ അപ്പുറത്തേക്ക് നടക്കുകയും ചെയ്തു. സന്ധ്യ വിളക്ക് കത്തിച്ച് ഉണ്ണിയെ അച്ഛന്റെ കൈയ്യിൽ ഏൽപ്പിച്ചതിനു ശേഷം ഞാൻ ഫോണെടുത്തു എന്റെ വീട്ടിലേക്കു വിളിച്ചു. കുറച്ച് നേരം സംസാരിച്ചതിനു ശേഷം ഉണ്ണിക്ക് ഫോൺ കൊടുക്കാൻ ശ്രമിച്ചെങ്കിലും അവൻ അച്ഛന്റെ കൂടെ കളിക്കുന്ന തിരക്കിലായിരുന്നു.
ഉമ്മറത്തെ ഇരുത്തിയിൽ ഇരുന്ന് ഫോൺ നോക്കുന്ന രാജീവേട്ടന്റെ അടുത്ത് ഞാനും പോയിരുന്നു. ഞങ്ങൾക്ക് കിട്ടുന്ന സ്വകാര്യ നിമിഷങ്ങൾ ഇത്തരം ചില സന്ധ്യകൾ മാത്രമാണ്.
“രഞ്ചിത്ത് അടുത്ത് തന്നെ വരുന്നുണ്ട് കെട്ടൊ ടിക്കറ്റ് ഒക്കെ ആയാൽ വരും എന്നാ പറയുന്നെ” ഞാൻ അടുത്തിരിക്കെ തന്നെ രാജീവേട്ടൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. എല്ലാവർക്കും അത് ഒരു പുതിയ അറിവായിരുന്നു. അമ്മയും അച്ഛനും ഉമ്മറത്തേക്ക് വന്നു. ഇന്നു വിളിച്ചപ്പോൾ പറഞ്ഞതാണത്രെ.
“എന്നെ വീഡിയോ കോൾ ചെയ്തപ്പൊൾ അവൻ ഒരു വാക്ക് പോലും പറഞ്ഞില്ല കെട്ടൊ” എന്റെ ഉള്ളിലെ പിണക്കം വാക്കുകളിലും പ്രകടമാക്കി. ഇടയ്ക്ക് അവൻ എന്നെ വീഡിയോ കോൾ ചെയ്യാറുണ്ട്. അപ്പോൾ ഉണ്ണിയും എന്തെങ്കിലുമൊക്കെ സംസാരിക്കും. അതിനെ പറ്റിയുള്ള സംസാരം കുറച്ചു നേരം നീണ്ടുനിന്നു. അമ്മ അതിന്റെ ഓരോ കാര്യങ്ങളെ പറ്റിയും ചോദിച്ചു കൊണ്ടിരിക്കെ രാജീവേട്ടൻ ദേഷ്യപ്പെടുകയാണ് ചെയ്തത്.
” ടിക്കറ്റ് ഒക്കെ ആയാൽ വരും എന്നല്ലെ പറഞ്ഞെ പിന്നേം ചോദിച്ചോണ്ടിരുന്നിട്ട് എന്താ കാര്യം” ഇത്തിരി ദേഷ്യപ്പെട്ടിട്ടാണ് രാജീവേട്ടൻ മൊബൈലിലേക്ക് നോക്കിയത്.
“എന്തെങ്കിലും ഒന്ന് പറഞ്ഞാൽ പിന്നെം പിന്നേം അതന്നെ ചോദിച്ചോണ്ടിരുന്നോളും” രാജീവേട്ടന്റെ പിറുപിറുക്കൽ പിന്നെയും കേട്ടു . അതോടെ അമ്മ സംസാരം നിർത്തി അകത്തേക്ക് വലിഞ്ഞു. അകത്ത് അച്ഛൻ അമ്മയോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.
അപ്പോൾ രഞ്ചിത്ത് വരുന്നു അതായിരുന്നു എന്റെ മനസിൽ. മൂന്ന് വർഷം ആയിട്ടുണ്ടാകും അവൻ പോയിട്ട്. അവിടെ ഒരു സൂപ്പർ മാർക്കറ്റിൽ മാനേജർ ആയിട്ട് ആണ് ജോലി. എന്തായാലും ഈ തവണ വരുംബോൾ അവന് കല്യാണം നോക്കും. അത് ഉറപ്പാണ്. ആലോചനകളിൽ മുഴുകിയിരിക്കവേ തന്നെ രാജീവേട്ടനു ഒരു ഫോൺ വരികയും പുള്ളി “ഇപ്പൊ വരാം” എന്നു പറഞ്ഞ് റോഡിലേക്ക് നടക്കുകയും ചെയ്തു.
രാജീവേട്ടൻ എന്തിനാണ് പോകുന്നത് എന്ന് എനിക്ക് അറിയാരുന്നു. ഇപ്പൊ വന്ന കോൾ അത് ഇവിടെ അടുത്ത് തന്നെയുള്ള സുമേഷിന്റെ ആണ്. ഇനി തിരികെ വരുമ്പോൾ എന്തായാലും മദ്യപിച്ചിട്ടുണ്ടാകും. അവനാണ് രാജീവേട്ടനെ കൂടി കുടിപ്പിക്കുന്നത് മുന്നിൽ കാണുംബൊഴൊക്കെ അവനോട് പലതവണ പറയണം എന്നു കരുതിയതാണ് അവന് കുടുംബോം കുഞ്ഞുങ്ങളും ഒന്നുമില്ല ആരെയും പേടിക്കാനും ഇല്ല ഇതൊന്നും രാജീവേട്ടൻ മനസിലാക്കുന്നില്ല എന്നതാണ് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്. അധികമില്ലെങ്കിലും ഇടയ്ക്ക് രാജീവേട്ടൻ കുറച്ച് അധികം ആകാറുണ്ട്. ഞാൻ വേഗം അകത്തേക്ക് കയറി. അച്ഛനും ഉണ്ണിയും ഹാളിൽ ടി വി കാണുന്നുണ്ട്.
“രഞ്ചി എപ്പൊ വരും എന്നാ അവൻ പറഞ്ഞെ?” എന്നെ കണ്ടതോടെ അച്ഛൻ വീണ്ടും ചോദിച്ചു.
“അടുത്ത മാസം എന്നല്ലെ രാജീവേട്ടൻ പറഞ്ഞെ ഡേറ്റ് പറഞ്ഞിട്ടില്ല ടിക്കറ്റ് ആകുന്നത് പോലെ ആകും” അച്ഛനോട് ഞാൻ പറയുന്നത് കേട്ട് അമ്മയും അടുക്കളയിൽ നിന്നും എത്തി നോക്കി. സംസാരിച്ചുകൊണ്ടിരിക്കെ തന്നെ ഞാൻ ഹാളിൽ മുലയ്ക്കുള്ള എന്റെ തയ്യൽ മിഷ്യൻ വൃത്തി ആക്കിക്കൊണ്ടിരുന്നു. എന്റെ വരുമാനമാർഗം അതാണ്. അടുത്ത വീടുകളിൽ നിന്നൊക്കെ കിട്ടുന്ന അത്യാവശ്യം ചൂരീദാർ ടോപ്പിന്റെ ഷെയ്പ്പ് ആക്കലും മറ്റും. ആ കാര്യത്തിൽ ആ നാട്ടിൽ എന്റെ കഴിവ് അംഗീകരിച്ചതാണ്. കുറച്ച് ദിവസം ആയി നിർത്തിയിരിക്കുക ആയിരുന്നു. നാളെ മുതൽ തുടങ്ങണം അല്ലെങ്കിൽ ശെരിയാകില്ല. അതിനിടെ അച്ഛനും ഉണ്ണിക്കും ചോറെടുത്ത് കൊടുക്കാൻ ഞാൻ അടുക്കളയിലേക്ക് കേറി. അമ്മ അവിടെ തന്നെ ഉണ്ട്.
“നീ എന്താ നേരത്തെ പറഞ്ഞത്? ” എന്നെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ അമ്മയുടെ ചോദ്യം. ആ കാര്യം ഇനിയും പറയണോ വേണ്ടയോ എന്ന് ആലോചിച്ചു. പറഞ്ഞില്ലെങ്കിൽ നാളെയും അമ്മ അത് തന്നെ ചെയ്യും.
“അമ്മയ്ക്ക് അതൊക്കെ കുളിക്കുംബൊ തന്നെ അലക്കി ഇട്ടൂടെ?” ഞാൻ മുഖത്ത് നോക്കാതെയാണ് പറഞ്ഞത്.
“നിന്നോട് ഞാൻ എന്റെ അലക്കാൻ ഒന്നും പറഞ്ഞിട്ടില്ലല്ലോ” അമ്മയുടെ മറുപടി അതായിരുന്നു. അലക്കാൻ അല്ലെങ്കിൽ പിന്നെ ബാക്കി അലക്കാനുള്ളതിന്റെ കൂട്ടത്തിൽ അത് ഇടണായിരുന്നോ.
“ആ എന്നാൽ ഇനി അങ്ങനെ കണ്ടാൽ ഞാൻ അലക്കാൻ എടുക്കില്ല കെട്ടോ” ഞാൻ പറഞ്ഞ മറുപടി കേട്ടെങ്കിലും അച്ഛനുള്ള ഭക്ഷണവും ആയി ഒന്നും പറയാതെ ഹാളിലേക്ക് നടക്കുകയായിരുന്നു.
“നിന്റെ വീട്ടിൽ അങ്ങനെ ആണോ ചെയ്യുന്നത് ഓരോരുത്തരുടെ ഡ്രസ് അവരവർ ആണോ അലക്കുന്നേ വല്ലാത്ത പഠിപ്പാണല്ലോ അത്. ഇത് വരെ ഇല്ലാത്ത പുതിയ നിയമോം കൊണ്ടൊന്നും എന്റെ അടുത്ത് വരണ്ട കേട്ടല്ലോ” തിരിച്ചു അടുക്കളയിൽ എത്തിയ ഉടനെ എനിക്കുള്ള മറുപടിയും കിട്ടി.
“ആ അലക്കേണ്ടത് ഞാനല്ലെ നാളെ മുതൽ ഞാൻ അത് മാറ്റിയിട്ടിട്ടേ അലക്കുള്ളൂ ഇനി എന്തു പറഞ്ഞാലും ശെരി ആ കാര്യത്തിൽ മാറ്റമൊന്നും ഇല്ല.” അതും പറഞ്ഞ് ഞാൻ ഹാളിലേക്ക് നടന്നു. അടുക്കളയിൽ നടന്ന ഈ സംസാരമൊന്നും അച്ഛൻ ശ്രദ്ധിച്ചില്ല. രാജീവേട്ടൻ ഒൻപത് മണി ആയിട്ടും വരാത്തത് കൊണ്ട് ഞാൻ വേഗം മൊബൈൽ എടുത്ത് വിളിക്കാൻ തുടങ്ങി. തുടർച്ചയായി വിളിച്ചെങ്കിലും ബിസിയാക്കുകയാണ് ചെയ്തത്. ഈ ബിസി ആക്കുന്ന നേരം ഫോൺ എടുത്ത് കാര്യം പറഞ്ഞാൽ പോരെ എനിക്ക് ദേഷ്യവും സങ്കടവും വന്നു. അല്ലേലും ഇതിപ്പൊ പതിവായിട്ടുണ്ട്. ഞാൻ വിളിക്കുംബൊ മാത്രം ഫോൺ എടുക്കില്ല വേറെ ആരേലും ആണെ എടുക്കും. ഇവിടെത്തിയാൽ എത്ര നിസാരമായിട്ടാണെന്നോ “ഞാൻ ഓട്ടത്തിൽ ആയിരുന്നു” എന്നു പറയുക.
ഞാൻ മൊബൈലുമായി പുറത്തു തന്നെ ഇരുന്നു. റോഡിൽ രാജീവേട്ടന്റെ സൗണ്ട് കേട്ടപ്പോൾ ഞാൻ അങ്ങോട്ട് നോക്കി. കുടിച്ചിട്ടുള്ള വരവായിരിക്കും ആ സുമേഷിനെ കൂടെ കണ്ടപ്പൊഴേ എനിക്ക് മനസിലായി. മുറ്റത്തേക്ക് കയറിയ രാജീവേട്ടനെ ഞാൻ ഒന്നൂടെ നോക്കി. പൈപ്പിനടുത്തേക്ക് നടന്ന് മുഖം കഴുകിയതിനു ശേഷമാണ് പുള്ളി വീട്ടിലേക്ക് കയറിയത്.
“ഉം നീ എന്താ നോക്കുന്നെ?” എന്റെ നോട്ടം കണ്ടിട്ടാണ് പുള്ളി അങ്ങനെ ചോദിച്ചത്.
“സ്റ്റൈൽ കണ്ടിട്ട് നോക്കിയതാ എന്തേ?” തികച്ചും ഗൗരവത്തോടെയാണ് ഞാൻ പറഞ്ഞതെങ്കിലും പുള്ളി അതിനെ ഒരു ചിരിയോടെ നേരിട്ട് അകത്തേക്ക് നടന്നു. പിന്നാലെ ഞാനും. രാജീവേട്ടനെ കണ്ടതോടെ അച്ഛൻ പതുക്കെ ഹാളിൽ നിന്നും അകത്തേക്ക് വലിഞ്ഞു. പിന്നാലെ ഉണ്ണിയും നടന്നെങ്കിലും രാജീവേട്ടൻ അവനെ പിടിച്ചു വച്ചു. ഇത്തിരി കഴിച്ച ദിവസങ്ങളിൽ രാജീവേട്ടനു എല്ലാവരോടും സ്നേഹം കൂടും. ഉണ്ണിയെ പിടിച്ചു വച്ചതോടെ അവൻ അച്ഛച്ചാ എന്നും വിളിച്ച് ബഹളം തുടങ്ങി.
“ഇനി ചെക്കനെ കരയിക്കാൻ നിൽക്കണ്ട വന്നു ചോറ് കഴിക്കാൻ നോക്ക് ബാക്കി ഉള്ളോർക്കും കിടക്കണം” എന്റെ ദേഷ്യമൊക്കെ സംസാരത്തിലും പ്രകടമാകുന്നുണ്ടായിരുന്നു.
” നിന്നോട് ആരെങ്കിലും പറഞ്ഞോ എന്നെ കാത്തിരിക്കാൻ, അല്ലെടാ ഉണ്ണീ” എന്നെ നോക്കിയാണ് രാജീവേട്ടൻ പറഞ്ഞത്.
“അമ്മയോട് പറ അച്ഛന്റെടുത്ത് കളിക്കണ്ടാ എന്ന്” എന്റെ മുഖത്തെ ഗൗരവം കണ്ട് രാജീവേട്ടൻ തുടർന്നു. ഉണ്ണി അച്ഛന്റെ റൂമിലേക്ക് ഓടാനുള്ള ധൃതിയിലാണ്. രാത്രിയും അവന് അച്ഛന്റെ കൂടെ കളിക്കണം. അച്ഛന് ആണെങ്കിൽ ക്ഷീണം കാരണം ഒന്നു കിടന്നാൽ മതി എന്ന് കരുതി ആകും റൂമിലേക്ക് പോകുന്നത്.
“നിങ്ങള് ചെക്കനെ വിട്ട് എന്തെങ്കിലും തിന്നാൻ നോക്കുന്നുണ്ടോ? അധികമാവരുത് കെട്ടോ” എന്റെ സ്വരമാറ്റം കണ്ടിട്ടാവണം രാജീവേട്ടൻ ഉണ്ണിയെ വിട്ടു.
“എന്താ കറി?” അതും ചോദിച്ച് പുള്ളി വാഷ്ബേസിനടുത്തേക്ക് നടന്നു. പോകുന്ന വഴി അറിയാത്ത ഭാവത്തിൽ എന്നെ ഒന്നു മുട്ടിയെങ്കിലും ഞാൻ ഗൗരവം വിടാതെ തന്നെ ഭക്ഷണം ഒക്കെ എടുത്തു കൊടുത്തു. കഴിച്ചു കൊണ്ടിരിക്കെ തന്നെ എന്നോട് കഴിച്ചോ എന്നു ചോദിച്ചെങ്കിലും ഞാൻ മിണ്ടിയില്ല.
രാത്രി വൈകിയെങ്കിലും ഉണ്ണി അച്ഛന്റെ അടുത്തു തന്നെയാണ് അവന്റെ സൗണ്ട് അച്ഛന്റെ റൂമിൽ നിന്നും കേൾക്കാതെ ആയപ്പോൾ ഞാൻ പതുക്കെ അവിടേക്കു പോയി.
” ഒച്ചയുണ്ടാക്കാതെ വന്ന് എടുത്തോ , ഇപ്പൊഴാ ഒന്നു കണ്ണടച്ചെ” അച്ഛൻ എന്നോട് പറഞ്ഞു. ഞാൻ പതുക്കെ അവനെ എടുത്തു റൂമിലേക്ക് വന്നു. രാജീവേട്ടൻ അപ്പൊഴേക്കും ഉറങ്ങിയിരുന്നു. മോനെ രാജീവേട്ടനടുത്ത് കിടത്തിയതിനു ശേഷം ഞാനും കിടന്നു.
“നിങ്ങളുറങ്ങിയോ?” ഞാൻ രാജീവേട്ടനെ പതുക്കെ ഒന്നു തട്ടികൊണ്ട് ചോദിച്ചു.
“ഉം. എന്താ?” പാതിമയക്കത്തിലാണെന്നു തോന്നുന്നു രാജീവേട്ടൻ പ്രതികരിച്ചു. അതോടെ ഞാൻ പകൽ നടന്ന കാര്യങ്ങളെ കുറിച്ചൊക്കെ സംസാരിച്ചു തുടങ്ങിയെങ്കിലും എന്നോട് മിണ്ടാതെ കിടക്കാനുള്ള മറുപടിയാണ് പിന്നെ വന്നത്. അതോടെ ഞാൻ സൈലന്റ് ആയി. അച്ഛനും മോനും നന്നായി ഉറങ്ങുംമ്പൊഴും ഉറക്കം വരാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.
മനസിൽ മുഴുവൻ അമ്മയുടെ എന്നോടുള്ള പെരുമാറ്റമായിരുന്നു. അതിനിടെ അടുത്ത ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം വരുന്ന രഞ്ചിത്തിനെ കുറിച്ചും ഞാൻ ആലോചിച്ചു. എന്തായാലും വന്നാൽ ഒരു കല്യാണം ഉറപ്പാണ്. അപ്പോഴേക്കും നമ്മൾ വേറെ വീട് നോക്കുന്നതാണ് നല്ലത്. എന്തായാലും ആ കാര്യം നാളെ രാജീവേട്ടനോട് ഒന്ന് സംസാരിച്ചു നോക്കണം.
എപ്പൊഴോ ഉറങ്ങി. പിറ്റേ ദിവസം പകലൊന്നും രാജീവേട്ടനെ ഫ്രീ ആയി കിട്ടിയതേ ഇല്ല. വൈകുന്നേരം ചായ കൊടുത്തതിനു ശേഷം വീടു മാറുന്നതിനെ കുറിച്ച് സംസാരിക്കാൻ ഉറച്ച് കൊണ്ട് ഞാൻ രാജീവേട്ടന്റെ അടുത്തേക്ക് നീങ്ങി. ആരും ഇല്ല എന്ന് കരുതിയാണ് ഞാൻ വീടു മാറുന്നതിനെ പറ്റി സംസാരിച്ചു തുടങ്ങിയത് എങ്കിലും വാതിൽപടിക്ക് അപ്പുറത്ത് നിന്ന് ഞങ്ങളുടെ സംസാരം ശ്രദ്ധിക്കുന്ന അമ്മയെ ഞാൻ കണ്ടിരുന്നില്ല!.
പറയാൻ പോകുന്നത് ഗൗരവമുള്ള വിഷയം ആയത് കൊണ്ട് തന്നെ ഞാൻ പതുക്കെ രഞ്ചിത്തിന്റെ കാര്യമാണ് പറഞ്ഞു തുടങ്ങിയത്. അവൻ വന്നാൽ അധികം വൈകാതെ കല്യാണം നോക്കുമല്ലോ അപ്പൊ ആ കാര്യങ്ങളൊക്കെ പറഞ്ഞു കൊണ്ട് ഞാൻ വീടു മാറുന്നതിനെ പറ്റി പറഞ്ഞു.
“വീട് മാറാനോ? എന്തിന്?” രാജീവേട്ടൻ മൊബൈലിൽ നിന്നും മുഖം ഉയർത്തികൊണ്ട് എന്നെ നോക്കി.
“എപ്പോഴായാലും വേണ്ടതല്ലെ? ഇപ്പൊ തന്നെ നോക്കിയാൽ അതല്ലെ നല്ലത്” ഞാൻ രാജീവേട്ടനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിക്കാൻ ശ്രമിച്ചു
“നിനക്കെന്താ വട്ടെങ്ങാനും ഉണ്ടോ?” തുടർച്ചയായുള്ള എന്റെ സംസാരത്തെ രാജീവേട്ടൻ വിശേഷിപ്പിച്ചത് അങ്ങനെ ആയിരുന്നു. ഈ വീട്ടിലെ അവസ്ഥ വച്ച് ഇങ്ങനെ പോയാൽ എനിക്ക് വട്ട് പിടിക്കാനുള്ള സാധ്യത വളരെ കൂടുതൽ തന്നെ ആയിരുന്നു. ഞാൻ പിന്നെ കൂടുതൽ ആയി ഒന്നും പറഞ്ഞില്ലെങ്കിലും മനസിൽ വീടുമാറുന്നതിനെ പറ്റി ഒരു തീരുമാനം എടുത്തിരുന്നു. രഞ്ചിത്തിന്റെ കല്യാണം നടന്നു കഴിഞ്ഞാൽ എന്തായാലും അത് ഞങ്ങളുടെ ജീവിതത്തെ ബാധിക്കും. ഷീറ്റ് വലിച്ചു കെട്ടിയിട്ടായാലും അവിടേക്ക് താമസം മാറണം എന്ന് ഞാൻ തീരുമാനിച്ച് കഴിഞ്ഞിരുന്നു.
“അവിടെ ഇരുന്ന് നേരം കൂട്ടിക്കോ ചെക്കനെ കുളിപ്പിക്കുവൊന്നും വേണ്ട. ഇനി ആ ചെക്കൻ ഒരു സാധനം തിന്നാതെയാണ് ഉറങ്ങുക” ഉമ്മറത്തേക്ക് കടന്നുവന്ന അമ്മ എന്നോട് കയർത്തുകൊണ്ടാണ് സംസാരിച്ചത്. അതും രാജീവേട്ടന്റെ മുന്നിൽ വെച്ചു തന്നെ. ഞാൻ മറുപടി ഒന്നും പറയാതെ തന്നെ അകത്തേക്ക് കയറി.
ഉണ്ണി അവിടെ അച്ഛന്റെ കൂടെ ഇരുന്നിട്ടുണ്ട്. എന്നെ കണ്ടതേ അവൻ അച്ഛന്റെ അടുത്തേക്ക് കൂടുതൽ ഒതുങ്ങി നിന്നു. കുളിക്കാനുള്ള മടിയാണ്. മടി എന്നു പറയാൻ പറ്റില്ല ആ നേരത്തും അച്ഛന്റെ കൂടെ അവന് കളിക്കണം അതാണ് കാര്യം.
“ഉണ്ണീ വാ ഇനി കുളിച്ചിട്ട് കളിക്കാം” ഞാൻ അവനെ നോക്കി വിളിച്ചു.
ഞാൻ വിളിക്കുംബൊഴൊക്കെയും അവൻ അച്ഛന്റെ കൂടെ ഇരിക്കുകയും എന്നെ മൈന്റ് ചെയ്യാതിരിക്കുകയും ആണ് ചെയ്തത്.
“നീ പോയി ചൂടുവെള്ളം എടുത്ത് വെച്ചേക്കു. ഞാനും ഉണ്ണിയും ഇപ്പൊ വരും കുളിക്കാൻ” അച്ഛൻ അവനെ നോക്കി എന്നോടു പറഞ്ഞു. അവന് അത് കേട്ടതായിട്ട് പോലും ഭാവമില്ല. ഒടുവിൽ അമ്മയോടുള്ള ദേഷ്യവും കൂടി ഞാൻ അവനോട് അറിയാതെ എങ്കിലും കാണിച്ചു. പിടിച്ചു വലിച്ച് കൊണ്ടു പോയി കുളിപ്പിക്കുന്നതിനിടയിൽ അവൻ കരഞ്ഞുകൊണ്ട് എന്നെ അടിക്കുകയും വെള്ളം തട്ടി മറിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു.
“ആ അവിടിരുന്ന് കരഞ്ഞോ.” എനിക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു. അത് ഞാൻ അവനോടും കാണിച്ചു.
“നീ ഇതെന്തിനാ കുട്ടിയെ ഇങ്ങനെ കരയിപ്പിക്കുന്നത് വിദ്യേ? ഞാനൊന്ന് കുളിപ്പിക്കുവാൻ പറഞ്ഞതിനാണോ?” അകത്തേക്ക് കടന്നു വന്ന അമ്മ ചോദിച്ചു. ഞാൻ അതിനൊന്നും മറുപടി പറഞ്ഞതേ ഇല്ല. അല്ലേൽ തന്നെ അമ്മയുടെ സംസാരം കേട്ടാൽ തോന്നുക അമ്മയാണ് എന്നും കുഞ്ഞിനെ കുളിപ്പിക്കുന്നത് എന്നാണ്. അവനെ ഗ, ർഭം കൊണ്ടിരുന്ന സമയത്തോ ആശുപത്രിയിൽ അഡ്മിറ്റ് ആയ സമയത്തോ ഒന്ന് വന്ന് നോക്കാൻ പോലും മനസുണ്ടായിരുന്നില്ല ഇവർക്ക്. അപ്പൊഴൊക്കെ കൂടെ എന്റെ അമ്മയും അച്ഛനും തന്നെ ആയിരുന്നു എന്നിട്ടാണ് ഇപ്പൊ വല്യ വർത്താനം. അന്നൊക്കെ നടന്ന കാര്യങ്ങൾ ആരൊക്കെ മറന്നാലും ഞാൻ മറക്കില്ല.
“അമ്മ വിളിച്ചപ്പോൾ മോൻ വരാത്തത് കൊണ്ടല്ലെ മോനെ അമ്മ വഴക്ക് പറഞ്ഞത്, മോൻ കരയല്ലെ അമ്മ ചായ തരാലോ ” കരഞ്ഞു തളർന്ന ഉണ്ണിയെ ഞാൻ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.
“അച്ഛച്ചനും മോനും വേഗം ചായ കുടിച്ചൊ കെട്ടോ” അവനെ അച്ഛന്റെ അടുത്ത് ആക്കികൊണ്ട് രണ്ട് പേർക്കും ഉള്ള ചായ ഞാൻ എടുത്തു വെച്ചു.
രാജീവേട്ടനുള്ള ചായ എടുക്കണോ എന്ന് ചോദിക്കാനാണ് ഞാൻ ഉമ്മറത്തേക്ക് ഇറങ്ങിയത് അപ്പോൾ കണ്ട കാഴ്ച രാജീവേട്ടൻ ചെരുപ്പിട്ട് ഇറങ്ങുന്നതാണ്. എവിടെയാണ് പോകുന്നത് എന്ന് ചോദിച്ചെങ്കിലും “ഇപ്പൊ വരാം” എന്ന് മാത്രമാണ് എനിക്ക് മറുപടി കിട്ടിയത്. ഇന്ന് ഇനി കണക്ക് തന്നെ. എവിടെയാണോ പോകുന്നത് എന്നോ എന്തിനാണ് പോകുന്നത് എന്നോ എന്നോട് പറഞ്ഞില്ല. ഷനോജിന്റെ കൂടെ ആയിരിക്കും പോയിട്ടുണ്ടാവുക അങ്ങനെ ആണെങ്കിൽ ഇന്ന് ഇനി കുടിച്ചിട്ടായിരിക്കും വരുന്നത്.
കുറച്ചു നേരം ഞാൻ ഉമ്മറത്ത് തന്നെ നിന്നു കുറച്ചു നേരം മൊബൈലിൽ ആയി ശ്രദ്ധ. പി എസ് സി യുടെ പുതിയ ഒഴിവുകൾ എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് നോക്കി. പി എസ് സി ക്ക് ഉറക്കം കളഞ്ഞ് പഠിക്കുക വല്ല ജില്ലയിലും പോയി കഷ്ടപ്പെട്ട് എക്സാം എഴുതുക തോറ്റിട്ട് ലിസ്റ്റിൽ പോലും വരാതെ വീട്ടിലേക്ക് തിരിച്ചു വരിക നാട്ടുകാരുടെ പരിഹാസം കേൾക്കുക ഇതാണ് ഞാനും പി എസ് സി യും തമ്മിലുള്ള ബന്ധം. എഴുതി എഴുതി മടുക്കുംബൊഴും മോട്ടിവേഷൻ ക്ലാസുകളുടെ സ്വാധീനവും പിന്നെ ചില വാശികളും കൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും എഴുതുന്നത്. തയ്ച്ചു കിട്ടുന്ന പൈസയിൽ കൂടുതലും ചിലവാകുന്നത് ഇങ്ങനെ ഉള്ള ബുക്കുകൾ വാങ്ങിയിട്ടാണ്. അകത്ത് അച്ഛന്റെയും ഉണ്ണിയുടെയും കളി ചിരി മുഴങ്ങുന്നുണ്ടായിരുന്നു.
വാട്സാപ്പിൽ രഞ്ചിത്തിന്റെ മെസ്സേജ് വന്നിരിക്കുന്നത് കണ്ട് ഞാൻ അത് എടുത്തു നോക്കി. വരുന്നതിന് മുൻപ് വാങ്ങി വച്ച സാധനങ്ങളുടെ ഫോട്ടോകൾ ആണ് മുഴുവൻ. വരുന്ന കാര്യം എന്നോട് പറയാത്തത് കൊണ്ട് രണ്ടു ദിവസം ഞാൻ അവനെ മൈന്റ് ചെയ്തിരുന്നില്ല. അവൻ അയക്കുന്ന മെസേജുകൾ സീൻ ചെയ്ത് വല്യ റിപ്ലെകൾ ഒന്നും കൊടുക്കാതെ നിൽക്കുകയായിരുന്നു ഞാൻ. അതിനിടെ അവൻ ഉണ്ണിയുടെ പേരിൽ അയച്ച കളിപ്പാട്ടത്തിന്റെ ഫോട്ടോയിലേക്ക് ഞാൻ നോക്കി. അതു കണ്ടതോടെ എന്റെ ആകാംക്ഷ കാരണം ഞാൻ അവനോട് എന്താ ഏതാ എന്നൊക്കെ ചോദിച്ചു കൊണ്ട് മിണ്ടി തുടങ്ങി.
നാട്ടിലേക്ക് വരുന്നതിനെ പറ്റിയും മറ്റും ഞാൻ ചോദിച്ചറിഞ്ഞു. അവന്റെ വരവ് അറിഞ്ഞിടത്തോളം അടുത്ത ദിവസം തന്നെ ഉണ്ടാകും എന്ന് എനിക്ക് മനസിലായി. അതിനിടെ ഞാൻ അകത്തേക്ക് കയറി അച്ഛനും ഉണ്ണിയും കൂടി കളിക്കുന്നതിൻ്റെ ഫോട്ടോകൾ അവർ കാണാതെ എടുത്ത് അവന് അയച്ചു കൊടുത്തു.
പത്ത് മണിയോടടുത്തപ്പോഴാണ് “ഇപ്പൊ വരാം” എന്ന് പറഞ്ഞു പോയ ആൾ വന്നത്. വരുമ്പോൾ ഞാൻ പ്രതീക്ഷിച്ചപ്പോലെ തന്നെ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു . ഞാൻ ഒരക്ഷരം മിണ്ടാതെ നേരെ അകത്തേക്ക് പോയി കിടക്കുകയാണ് ചെയ്തത്. ശക്തിയിൽ വാതിലടച്ച് കൊണ്ടാണ് ഞാൻ മുറിയിലേക്ക് പോയത്.
വാതിലടയ്ക്കുന്ന സൗണ്ട് കേട്ടിട്ടാണ് അമ്മ അടുക്കളയിൽ നിന്നും ഓടി വന്നതും “നീ ഈ വീട് പൊളിച്ചിടുമോ?” എന്ന് ഉറക്കെ പറഞ്ഞതും.
“അവളീക്കാണിക്കുന്നതും കണ്ടിട്ട് നീ ഇങ്ങനെ മിണ്ടാതെ നടന്നോ കെട്ടോ” കുളിക്കാൻ കുളിമുറിയിലേക്ക് നടക്കുന്ന രാജീവനെ നോക്കി ഗൗരി അലറി. അവരുടെ മുഖത്ത് നല്ല ദേഷ്യം ഉണ്ടായിരുന്നു. അമ്മയുടെ പ്രകോപനം കൂടി ആയതോടെ രാജീവൻ ബെഡ് റൂമിന്റെ നേരെ നോക്കി മുന്നോട്ട് നടന്നു.
“വിദ്യേ” വാതിലിൽ ഒന്ന് ദേഷ്യത്തിൽ തട്ടിയതിനു ശേഷം രാജീവൻ വാതിൽ തുറക്കാൻ വേണ്ടി കാത്തു നിന്നു.
“നീ വാതിൽ തുറക്കുന്നുണ്ടോ?” വാതിലിൽ തട്ടികൊണ്ട് രാജീവേട്ടൻ പിന്നെയും പറഞ്ഞു.
” അവളുടെ തറവാട്ടിൽ നിന്നും കൊണ്ടുവന്നതല്ലെ ഇങ്ങനെ നശിപ്പിക്കാൻ” അതിനിടയിൽ അമ്മ എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെ പറയുന്നത് ഞാൻ അകത്ത് കേട്ടു. ഞാൻ വേഗം എണീറ്റ് വാതിൽ തുറന്നു.
“നീ ഈ വാതിലടച്ചതിന്റെ അർഥം എന്താ?” രാജീവേട്ടൻ എന്റെ മുഖത്തേക്ക് അത്യധികം ദേഷ്യത്തോടെ നോക്കി.
“അതെന്നോട് കൈവിട്ടുപോയതാ” ഞാൻ ആ സംഭവത്തെ ലഘൂകരിക്കാൻ ശ്രമിച്ചു കൊണ്ട് ഉണ്ണിയെ അന്വേഷിക്കാൻ എന്നോണം രാജീവേട്ടനെ മറികടക്കാൻ നോക്കിയെങ്കിലും എന്റെ കൈത്തണ്ടയിൽ രാജീവേട്ടന്റെ പിടുത്തമിട്ടു. എന്റെ കൈ നന്നായി വേദനിക്കും വിധത്തിൽ തന്നെയാണ് പിടിച്ചിരിക്കുന്നത്.
”എവിടെയാ പോകുന്നേ നീ ഇതിനു സമാധാനം പറഞ്ഞിട്ട് പോയാൽ മതി” രാജീവേട്ടന്റെ ശബ്ദമുയരുമ്പോൾ രൂക്ഷമായ മദ്യത്തിന്റെ ഗന്ധം എന്റെ മുക്കിലേക്ക് തുളച്ച് കയറി. ഒക്കാനിക്കാനാണ് വന്നത്. കൈയ്യിലെ പിടുത്തം ഞാൻ വിടുവിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
“നിങ്ങളു പോയി കുളിക്കാൻ നോക്കുന്നുണ്ടോ വെറുതേ വഴക്കുണ്ടാക്കാൻ നിൽക്കല്ലെ എനിക്കു വയ്യ ഒന്നിനും” എനിക്ക് കൈ നന്നായി വേദനിക്കുന്നുണ്ടായിരുന്നു. കൈയ്യിലെ പിടുത്തം വിടുവിക്കാൻ ശ്രമിക്കുന്തോറും കൂടുതൽ മുറുകുകയാണ് ഉണ്ടായത്. എന്റെ വേദന മുഖത്തും പ്രതിഫലിക്കുന്നുണ്ടായിരുന്നു. ഇതൊക്കെ കണ്ട് ആസ്വദിച്ചുകൊണ്ട് അമ്മ ഹാളിൽ തന്നെ ഉണ്ടായിരുന്നു.അമ്മയുടെ ആമുഖ ഭാവം എന്നെ കൂടുതൽ വിഷമിപ്പിച്ചു എന്ന് പറയുന്നതാവും ശരി. അച്ഛൻ എന്തു വേണം എന്നറിയാതെ ഉണ്ണിയെയും പിടിച്ച് എന്നെയും രാജീവേട്ടനെയും മാറി മാറി നോക്കി നിന്നു.
“രാജീവേട്ടാ എനിക്കു നന്നായി വേദനിക്കുന്നുണ്ടു് കെട്ടൊ” അപേക്ഷ പോലെ പറഞ്ഞപ്പോഴെക്കും ഞാൻ വിതുമ്പി പോയിരുന്നു. എന്റെ മുഖത്തെ ദയനീയ ഭാവം കണ്ടിട്ടും യാതൊരു ഭാവവ്യത്യാസവും പുള്ളിയിൽ ഉണ്ടായില്ല. കൈ വിടുവിക്കാനുള്ള എന്റെ എല്ലാ ശ്രമവും പരാജയപ്പെട്ടതോടെ ഞാൻ നിലത്തേക്കിരിക്കാൻ ആണ് ശ്രമിച്ചത് അപ്പോൾ കൈവിടും എന്നായിരുന്നു എന്റെ പ്രതീക്ഷ എന്നാൽ ഇരുന്ന എന്നെ അതു പോലെ വലിച്ചിഴച്ച് ഹാളിന്റ നടുഭാഗം വരെ കൊണ്ടുവന്നു പെട്ടെന്നു കൈവിട്ടതും എൻറെ തല ടൈലിൽ ഇടിച്ചതും ഒരുമിച്ചായിരുന്നു. അതോടെ അച്ഛൻ അകത്തു നിന്നും ഓടി വന്നു.
വേദന കൊണ്ട് പുളഞ്ഞ ഞാൻ കൈയിലെ വേദനയൊക്കെ മറന്നു തല തടവികൊണ്ട് അവിടെ തന്നെ കുറച്ചു നേരം ഇരുന്നു.
അച്ഛൻ അടുത്തു വന്നതോടെ രാജീവേട്ടൻ അടുക്കളയിലേക്ക് നടന്നു. അമ്മയെ ഞാൻ ശ്രദ്ധിച്ചതേയില്ല. അച്ഛന് എന്റെടുത്ത് വന്നിട്ടും എന്തു വേണം എന്നോ എന്തു പറയണമെന്നോ അറിയാതെ എന്നെ തന്നെ കുറച്ചു നേരം നോക്കി നിന്നു.
“നിനക്കെന്തെങ്കിലും പറ്റിയോ?” കുറച്ചു നേരം എന്നെ നോക്കി നിന്നതിനു ശേഷം അച്ഛൻ എന്നോടു ചോദിച്ചു. അതിനു ഞാൻ മറുപടി ഒന്നും പറഞ്ഞില്ല എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു. ഞാൻ പതുക്കെ എണീറ്റ് ആരോടും ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.
“നീ ഒന്ന് പോയി നോക്കിയേ, തല നിലത്തിടിക്കുന്ന ഒച്ച ഞാൻ അകത്ത് വരെ കേട്ടതാണ് മുറിവെങ്ങാനും ഉണ്ടോ എന്നു നോക്ക്” ഞാൻ ഒന്നും പറയാതെ പോയത് കൊണ്ടാവണം അച്ഛൻ അടുക്കളയിൽ പോയി അമ്മയോടാണ് പറയുന്നത്. അതിന് അമ്മ ഒന്നും മറുപടി പറയുന്നുണ്ടായില്ല.
“നിന്നോടല്ലെ പോയി നോക്കാൻ പറഞ്ഞത്” അമ്മ പ്രതികരിക്കാതെ ആയപ്പോൾ അച്ഛൻ വീണ്ടും ഒച്ചയെടുത്തു.
“അവൾക്കെന്താ വായിൽ നാവില്ലേ എന്തെങ്കിലും പറ്റിയിട്ടുണ്ടെ പറയാൻ എനിക്കിപ്പൊ അവളെ നോക്കാനാണല്ലോ നേരം.ഞാൻ ചെക്കന് തിന്നാൻ എന്തെങ്കിലും കൊടുക്കട്ടെ” അമ്മ അച്ഛനോട് കയർത്താണ് സംസാരിച്ചത്, അതോടെ അച്ഛൻ അടുക്കളയിൽ നിന്നും മടങ്ങി . അച്ഛൻ ഉണ്ണിയേം കൊണ്ട് എന്റെ റൂമിന്റെ മുന്നിൽ വന്ന് ഒന്ന് നോക്കുകയും പിന്നെ അച്ഛന്റെ റൂമിലേക്ക് തന്നെ പോവുകയും ചെയ്തു.
രാവിലെ ഉണരുംബോഴും തലയ്ക്ക് ഒരു കനം വെച്ചത് പോലെ ഒരു വേദന ഉണ്ടായിരുന്നു. . ഉണ്ണി അടുത്തു തന്നെ ഉറങ്ങുന്നുണ്ട്. കുറച്ചു നേരം ഞാൻ അവന്റെ നിഷ്കളങ്കമായ മുഖത്തേക്ക് തന്നെ നോക്കി കിടന്നു. അവനെ കാണുംബോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസമാണ് നെഞ്ചിൽ. എനിക്കു നേരെ തിരിഞ്ഞു ചുരുണ്ടുകൂടിയുള്ള അവന്റെ കിടപ്പു നോക്കി എന്റെ മനസ് നിറച്ചിട്ടാണ് ഞാൻ എണീറ്റത്.
അടുക്കളയിലേക്ക് നടക്കുംബൊഴും എന്റെ വയർ വിശന്ന് പുകയുന്ന അവസ്ഥയിൽ ആയിരുന്നു. ഇന്നലെ ഒന്നും കഴിച്ചിരുന്നില്ല അതുകൊണ്ട് തന്നെ ഞാൻ വേഗം ബക്കറ്റിൽ നിന്നും കുറച്ച് പച്ച വെള്ളം എടുത്തു കുടിച്ചു. അച്ഛൻ അടുക്കള വശത്തുകൂടി പശുവിന്റെ അടുത്തേക്ക് പോകുന്നുണ്ടായിരുന്നു. എന്നെ കണ്ടതോടെ അവിടെ നിൽക്കുകയും ഇന്നലെ തല നിലത്ത് അടിച്ചു പോയതിനു വേദന ഉണ്ടോ എന്നു അന്വേഷിക്കുകയും ചെയ്തു. ഞാൻ ഒന്നും മിണ്ടിയില്ല. എന്തോ ആരോടും മിണ്ടാനുള്ള മാനസികവസ്ഥ ആയിരുന്നില്ല എനിക്ക്. അതോടെ അച്ഛൻ തൊഴുത്തിലേക്ക് നടന്നു പോയി.
യാന്ത്രികമായി എന്തൊക്കെയോ കുറച്ചു നേരം അടുക്കളയിൽ ചെയ്തെങ്കിലും തലവേദനിക്കുന്നത് പോലെ തോന്നിയത് കൊണ്ട് ഞാൻ വീണ്ടും അകത്തേക്ക് പോയി കിടന്നു. സ്വന്തം വീടിനെ കുറിച്ചായിരുന്നു എന്റെ ചിന്തകൾ മുഴുവൻ. അച്ഛൻ ,അമ്മ , ആങ്ങള ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല എന്റെ ആവിശ്യങ്ങൾ ഓരോന്നും എങ്ങനേം അച്ഛൻ സാധിച്ചു തരുമായിരുന്നു.
എന്റെ ഇഷ്ടത്തിനനുസരിച്ചുള്ള ജീവിതം ആയിരുന്നു .അവിടെ തോന്നിയതു പോലെ എണീക്കുക ടി വി കാണുക അമ്മയും ആയി വഴക്കിടുക ഒടുവിൽ അമ്മയുടെ ബഹളം സഹിക്കാതെ അടുക്കളയിൽ കയറി ചിണുങ്ങുക. അതിനൊക്കെ തല്ലുകൾ കിട്ടിയത് അമ്മയുടെ കൈയ്യിൽ നിന്നും തന്നെ ആയിരുന്നു. ഒരിക്കൽ പോലും അച്ഛൻ എന്നെ തല്ലിയിട്ടില്ല . എല്ലാം ഞാനായിട്ട് നഷ്ടപ്പെടുത്തിയതാണ്.
കുറച്ചു നേരം കഴിഞ്ഞു ഞാൻ എണീറ്റെങ്കിലും ആരോടും ഒന്നും മിണ്ടാതെ തന്നെ അലക്കാനുള്ളതും എടുത്ത് പുഴയിലേക്ക് നടന്നു. എന്നത്തേതിലും വൈകിയിരുന്നു ഞാൻ പുഴയിലെത്തുംബൊഴേ അവിടെ രജിതചേച്ചി ഉണ്ടായിരുന്നു. അവരെ പറ്റി പറയുക ആണെങ്കിൽ എന്റെ സ്വന്തം നാട്ടുകാരി കൂടെയാണ് അവർ. ഞാൻ രാജീവേട്ടനും ആയി കല്യാണം കഴിഞ്ഞ് ഇവിടെ എത്തുന്നതിലും ഒരു പാട് വർഷങ്ങൾക്ക് മുന്നെ ഇവിടെ കല്യാണം കഴിഞ്ഞു വന്നതാണ് അവർ. ഇവിടെയും രാജീവേട്ടന്റെ വീടും കഴിഞ്ഞ് നാല് വീടുകൾ അപ്പുറം തന്നെയാണ് അവരുടെ വീട്. അതൊക്കെ കൊണ്ട് തന്നെ ഞങ്ങൾ നല്ല കൂട്ടായിരുന്നു പലപ്പോഴും ഒട്ടുമിക്ക കാര്യങ്ങളും പരസ്പരം തുറന്നു പറയുമായിരുന്നു ഞങ്ങൾ. അങ്ങനെയാണ് ഇവിടുത്തെ അമ്മയെ കുറിച്ചുള്ള പലകാര്യങ്ങളും ഞാൻ അറിഞ്ഞതും. വീട്ടിൽ ഞാൻ അറിയാത്തതും ചെയ്യാത്തതും ആയ കാര്യങ്ങൾ പോലും അയൽ വീടുകളിൽ പോയി സംസാരിച്ചത് എന്നോട് ചേച്ചിയാണ് പറഞ്ഞു തന്നത്. അതിനെ പറ്റിയൊക്കെ ഒരു അവസരം വരുംബോൾ ചോദിക്കണം എന്ന് എന്റെ മനസിലുണ്ടായിരുന്നു.
“നീ എന്താടീ ആലോചിക്കുന്നേ?” പെട്ടെന്നാണ് രജിതേച്ചി ചോദിച്ചത്. ഒന്നുമില്ല എന്ന് മറുപടി നൽകികൊണ്ട് ഞാൻ ബക്കറ്റിൽ വെള്ളമെടുത്ത് അലക്കാനുള്ള തുണികൾ എടുത്തിട്ടു. ഞങ്ങൾ ഓരോന്ന് സംസാരിച്ചു കൊണ്ടിരിക്കെ രഞ്ചിത്ത് മടങ്ങി വരുന്ന കാര്യവും ഞാൻ പറഞ്ഞു. ഞാൻ കരുതിയത് പോലെ തന്നെ ചേച്ചിയും പറഞ്ഞത് അവന്റെ കല്യാണ കാര്യത്തെ പറ്റിയാണ്. വന്നാൽ എന്തായാലും കല്യാണം ഉണ്ടാകും എന്ന കാര്യത്തിൽ എനിക്കും ഉറപ്പായിരുന്നു. അത് തന്നെയാണ് ചേച്ചിയും പറഞ്ഞത് കൂടെ പറ്റുമെങ്കിൽ അധികം വൈകാതെ നീയും രാജീവനും മാറി താമസിക്കാൻ നോക്കു എന്ന ഉപദേശവും. അതു കേട്ടതോടെ ഞാൻ കഴിഞ്ഞ ദിവസം ആ കാര്യം രാജീവേട്ടനോട് പറഞ്ഞതും അപ്പൊൾ രാജീവേട്ടൻ അത് നിസാരമായി കണ്ട് തള്ളി കളഞ്ഞതും എല്ലാം പറഞ്ഞു കൊണ്ട് ചേച്ചിയെ നോക്കി.
“എടീ വിദ്യേ അതെന്താ കാര്യം എന്നോ ഇപ്പൊ ഉള്ള ഈ വീടില്ലെ അതു എടുക്കുന്ന സമയത്ത് രാജീവൻ കുറച്ച് പൈസ ചിലവാക്കിയിരുന്നു അപ്പൊ അവൻ കരുതുന്നുണ്ടാകും ഈ വീട് അവനുള്ളതാണ് എന്ന്” ചേച്ചി പറഞ്ഞ ആ നിഗമനത്തിൽ തന്നെ ആണ് ഞാനും എത്തിയത്. ആലോചിച്ചപ്പോൾ അതായിരിക്കും ശെരിയെന്ന് എനിക്കും തോന്നി.
“അങ്ങനെ ചിലവാക്കിയതിനെ പറ്റി ഇപ്പൊ ചിന്തിച്ചിട്ട് എന്താ കാര്യം ചേച്ചീ? മാറേണ്ട സമയത്ത് എന്തായാലും മാറണമല്ലോ” ഞങ്ങളുടെ സംസാരം തുടർന്നു.
“അല്ലേലും നീ അവനോട് പറഞ്ഞ് വേഗം മാറാനുള്ള വഴി നോക്ക് അല്ലെങ്കിൽ നിന്നെ സമാധാനത്തിൽ ഒന്ന് ജീവിക്കാൻ ആ സ്ത്രീ സമ്മതിക്കില്ല. എന്തെങ്കിലും ഏതെങ്കിലും പറഞ്ഞ് അവർ തലേൽ കേറും” ചേച്ചി അതും പറഞ്ഞ് തിരിഞ്ഞു നിൽക്കവേ വർഷയുടെ അമ്മ അലക്കാനുള്ളതും എടുത്ത് നടന്നു വരുന്നത് കണ്ടു . അതോടെ ഞങ്ങളുടെ സംസാരം അവസാനിച്ചു.
“മാധവിയേച്ചി ഇന്നെന്താ രാവിലെ തന്നെ ഇറങ്ങിയത്” രജിതചേച്ചിയാണ് അവരോട് സംസാരിച്ചു തുടങ്ങിയത്.
“ഒന്നുമില്ല വെറുതേ” എന്ന മറുപടിക്ക് ഒരുമിച്ച് തന്നെ എന്നെ നോക്കി “വിദ്യക്ക് ഇന്നും പരീക്ഷ ഉണ്ടോ?” എന്നൊരു ചോദ്യവും ചോദിക്കാൻ അവർ മറന്നില്ല. കേൾക്കുന്നവർക്ക് അതൊരു പരിഹാസത്തോടെയുള്ള ചോദ്യമാണെന്ന് തോന്നില്ലെങ്കിലും എനിക്ക് ഉറപ്പായിരുന്നു അത് എന്നെ പരിഹസിച്ചതാണെന്ന്. ഇടയ്ക്ക് വരുന്ന ഒഴിവുകളിലേക്ക് ഞാൻ എഴുതാൻ പോകുന്നത് അവർക്ക് അറിയാം. ഇതു വരെ ലിസ്റ്റിൽ പേരു വരാത്തതും അറിയാം അതുകൊണ്ട് തന്നെ എന്നെ കളിയാക്കാൻ വേണ്ടിയുള്ളതാണ് ഈ ചോദ്യം.
“ചിറ്റയെന്താ അങ്ങനെ ചോദിച്ചെ?” അവരുടെ ചോദ്യത്തിനു മറുപടി നൽകുന്നതിനു പകരം മറു ചോദ്യമാണ് ഞാൻ ചോദിച്ചത്.
“അല്ല രാവിലെ അലക്കൊക്കെ തീർക്കുന്നത് കണ്ടത് കൊണ്ട് ചോദിച്ചതാണ്” അതായിരുന്നു അവരുടെ മറുപടി.
”ഇവളെന്നും രാവിലെ തന്നെ അലക്കാറുണ്ടല്ലോ മാധവിയേച്ചി ആദ്യമായി രാവിലെ വന്നത് കൊണ്ടാണ് അങ്ങനെ തോനുന്നത് ” അതും പറഞ്ഞ് രജിത ചേച്ചി എനിക്കു നേരെ കണ്ണിറുക്കി. വീട്ടിലുള്ളതിന്റെ ബാക്കിയാണ് ഇതെന്ന് എനിക്കറിയാമായിരുന്നു. അതിനിടെ ചേച്ചിയുടെ അലക്കി കഴിഞ്ഞെങ്കിലും എന്നെ അവിടെ തനിച്ചാക്കാൻ വയ്യാത്തത് കൊണ്ട് എന്നെ സഹായിച്ചതിനു ശേഷം ഞങ്ങൾ രണ്ടു പേരും ഒരുമിച്ചാണ് ബക്കറ്റും തലയിൽ വെച്ച് അവിടുന്ന് കയറി വന്നത്.
“ഇതേതാ സാധനം എന്നറിയോ നിനക്ക്” നടക്കുന്നതിനിടയിൽ ചേച്ചി എന്നോട് പിറുപിറുക്കുന്നുണ്ടായിരുന്നു.
വഴിയിൽ വെച്ച് ഞങ്ങൾ പിരിഞ്ഞു വീട്ടിലേക്ക് കയറുംബോഴേ ഉണ്ണിയുടെ വാവിട്ടുള്ള കരച്ചിലാണ് ഞാൻ കേൾക്കുന്നത്. അകത്തു നിന്നും ഷോക്കടിച്ചതെങ്ങാനും ആകുമോ എന്ന അച്ഛന്റെ ഉറക്കെ ഉള്ള സംസാരവും കൂടി ആയപ്പോൾ എന്റെ മേലാകെ വിറയൽ കയറി.
അലക്കിയ തുണിയും ബക്കറ്റും മുറ്റത്ത് വച്ച് ഒരു ഓട്ടമായിരുന്നു ഞാൻ അകത്തേക്ക്. എന്നെ കണ്ടതോടെ മോന്റെ കരച്ചിൽ നിലവിളിയായി മാറി.
“അമ്മേടെ മോനെന്തിനാ കരയുന്നെ.. ” അവനെ എടുക്കാനായിരുന്നു എന്റെ ശ്രമം അതിനിടയിലാണ് ഞാൻ അവന്റെ കൈ കണ്ടത്. തൊലിയിൽ പൊള്ളിയിരിക്കുന്നു. പൊള്ളി ക്കരിഞ്ഞ അവസ്ഥയിൽ അവൻ എനിക്കു നേരെ കൈനീട്ടി.
“രാജീവന്റെ ഷർട്ട് തേച്ച് ഇസ്തിരിപ്പെട്ടി അവിടെ വെച്ചതാണ് അടുക്കളേലെ തിരക്കിനിടയിൽ ഞാനതിന്റെ സ്വിച്ച് ഓഫ് ആക്കാൻ മറന്നു ” അമ്മ വളരെ നിസാരമായി അതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു.
“ഇല്ലെടാ അമ്മേടെ പൊന്നിന് ഒന്നൂല്ലടാ” ഉണ്ണി അലറിക്കരയുകയാണ് ഞാൻ അവനെ മാറോട് ചേർക്കുകയും കൈയ്യിൽ ഊതിക്കൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു. കണ്ണു നിറഞ്ഞ് കാഴ്ച്ച മങ്ങുന്നത് ഞാനും അറിയുന്നുണ്ടായിരുന്നു. അതിനിടെ അച്ഛൻ അമ്മയും ആയി നല്ല വഴക്ക് തന്നെ ആയി. ചീത്ത പറയുന്നില്ല എന്നേ ഉള്ളൂ ഒരു വേള അച്ഛൻ അമ്മയെ അടിക്കാൻ വരെ കൈനീട്ടിയതാണ്.
ഞാൻ വേഗം രാജീവേട്ടനെ ഫോൺ വിളിച്ചെങ്കിലും ഫോൺ എടുക്കുന്നുണ്ടായില്ല. ഞാൻ വേഗം അകത്തേക്ക് കേറി ഡ്രസ്റ്റ് മാറാനൊരുങ്ങി. അച്ഛനും വേഗം തന്നെ ആശുപത്രിയിലേക്ക് പോകാൻ റെഡി ആയി വന്നു. അതിനിടെ “ഇതിനൊക്കെ ആശുപത്രീൽ പോകണോ കുറച്ച് തേനെടുത്ത് തേച്ചാൽ പോരെ” എന്ന ന്യായവുമായി വന്ന അമ്മയ്ക്ക് നേരെ അച്ഛൻ രൂക്ഷഭാവത്തിൽ നോക്കി. ഞാൻ അവർ പറയുന്ന കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാൻ പോയതേ ഇല്ല. ഉണ്ണിയുടെ കരച്ചിൽ നിർത്താൻ പാടുപെടുകയായിരുന്നു ഞാൻ. ഹോസ്പിറ്റലിലേക്ക് പോകാൻ അവന്റെ ഡ്രസ് മാറ്റാൻ ഞാൻ ചെറിയപാടൊന്നുമല്ല പെട്ടത്. പൊള്ളിയ കൈ തൊടാൻ പോലും അവൻ സമ്മതിക്കുന്നുണ്ടായിരുന്നില്ല. വേദന കൊണ്ട് കരയുകയായിരുന്നു അവൻ. ആ കരച്ചിൽ കേട്ട് എൻ്റെ നെഞ്ച് പൊടിയുന്നുണ്ടായിരുന്നു
റോഡിലേക്കിറങ്ങിയതും അച്ഛന്റെ പരിചയക്കാരന്റെ ഒരു ഓട്ടോ തന്നെയാണ് ഞങ്ങളെ കണ്ടപ്പോൾ നിർത്തിയത്. ഓട്ടോ കിട്ടിയത് കാരണം വേഗം തന്നെ ഹോസ്പിറ്റലിൽ എത്തി. ഡോക്റ്ററെ കാണിച്ച് മരുന്നു വെച്ച് കെട്ടി .ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോൾ പോലും രാജീവേട്ടന്റെ ഫോൺ വന്നില്ല. അതിനിടെ ഞാൻ എന്റെ അമ്മയെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു.
” കുഞ്ഞിനേം കൊണ്ട് നീ ഇങ്ങോട്ട് പോരെ” എന്നാണ് അമ്മ പറഞ്ഞത്. എന്റെ മനസിലും അങ്ങനെ ഒരു ചിന്ത വരുന്നുണ്ടായിരുന്നു എങ്കിലും അടുത്ത ദിവസം പോകാം എന്ന് ഞാൻ മനസിൽ കണക്ക് കൂട്ടി. എന്റെ കുഞ്ഞിനെ ഇങ്ങനെ ആക്കിയ ആ സ്ത്രീയോട് രണ്ട് വർത്താനം പറയാതെ പോയാൽ ശെരിയാകില്ല. തിരിച്ചു ഓട്ടോയിൽ വരുംബോൾ ആണ് അച്ഛൻ എന്താണ് സംഭവിച്ചത് എന്ന് പറഞ്ഞത്. ഞാനിന്നു പതിവിലും വൈകി ആയിരുന്നല്ലോ പുഴയിലേക്ക് പോയത് അത് കൊണ്ട് തന്നെ രാജീവേട്ടന്റെ ഷർട്ടൊക്കെ അമ്മയാണ് അയേൺ ചെയ്തത്. പഴയ ഒരു കട്ടിലിൽ വെച്ചു കൊണ്ടാണ് അയേൺ ചെയ്യുന്നത്. അങ്ങനെ അയേൺ ചെയ്തതിനു ശേഷം അതിന്റെ സ്വിച്ച് ഓഫ് ചെയ്യാതെ അമ്മ അടുക്കളയിലേക്ക് പോയിരിക്കും. ഉണ്ണി കളിക്കുന്നതിനിടയിൽ ആ ചൂടായി നിൽക്കുന്ന അയേൺ ബോക്സ് അവന്റെ കൈയ്യിലേക്ക് വീണതാവും. അങ്ങനെയാകും എന്റെ മോന്റെ കൈ പൊളിയത്. ആ രംഗങ്ങളൊക്കെ മനസിൽ വന്നപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഓട്ടോയിൽ വെച്ചു തന്നെ അവന്റെ കവിളിലും തലയിലും ചുണ്ടുകൾ അമർത്തുംബോൾ ഞാൻ വിതുമ്പി പോയിരുന്നു. ഉണ്ണിയുടെ കരച്ചിൽ ഏറെകുറേ അവസാനിച്ചിരുന്നെങ്കിലും അവന്റെ മുഖത്ത് കണ്ണീർ ചാലുകൾ ഉണങ്ങി നിൽക്കുന്നുണ്ട്. “അച്ചച്ചാ ബശ്ശ്” അവൻ അച്ഛനെ ബസ്സ് പോകുന്നത് കാണിക്കുകയാണ് ആ കൈകൊണ്ട് ചുണ്ടിക്കൊണ്ട്. വീടെത്തും വരെയും ഞാനും അച്ഛനും പരസ്പരം വേറെ ഒന്നും മിണ്ടിയില്ല.
വീട്ടിലെത്തിയപ്പോൾ സമയം പതിനൊന്ന് ആയിരുന്നു. വരുന്ന വഴി ഉണ്ണിക്ക് ചായ വാങ്ങി കൊടുക്കുന്നതിന്റെ കൂട്ടത്തിൽ എന്നോടും ചായ കുടിക്കാൻ പറഞ്ഞതാണ് അച്ഛൻ അപ്പോൾ ഞാൻ കഴിച്ചിരുന്നില്ല. അതു മാത്രം അല്ല ഇന്നലെ രാത്രി കഴിക്കാത്തതും കൂടി ആയതോടെ എനിക്ക് നല്ല വിശപ്പും തളർച്ചയും ഉണ്ടായിരുന്നു. ഓട്ടോയുടെ പൈസ അച്ഛനാണ് കൊടുത്തത്. അമ്മ ഉമ്മറത്ത് ഉണ്ടായിരുന്നെങ്കിലും ഞാൻ ഒരക്ഷരം പോലും മിണ്ടിയില്ല.
“കാണിച്ചിട്ട് എന്താ പറഞ്ഞെ?” ഞാൻ മിണ്ടില്ല എന്നറിയുന്നത് കൊണ്ട് തന്നെ ആവണം അച്ഛനോടാണ് ചോദിച്ചത്. അച്ഛൻ അതിന് “കാണിച്ചിട്ട് എന്താ പറയണ്ടെ” എന്ന മറു ചോദ്യമാണ് ചോദിച്ചത് അച്ഛന് മറുപടി പറയാൻ താൽപര്യമുണ്ടായിരുന്നില്ല എന്ന് എനിക്കും തോന്നി.
” വിദ്യേ നീ വിശക്കുന്നതിന് എന്തെങ്കിലും ഉണ്ടോന്നു നോക്കി എടുത്തേ, ഞാനും ഉണ്ണിയും വേഗം തിന്നട്ടെ… നീയും ഒന്നും കഴിച്ചില്ലല്ലോ” ഹാളിലേക്ക് കയറി ഷർട്ട് അഴിക്കുന്നതിനിടയിൽ അച്ഛൻ വിളിച്ചു പറഞ്ഞു. ഞാൻ ഡ്രസ്സ് മാറി ഇറങ്ങുംബോഴേക്കും അമ്മ തന്നെ അച്ഛന് ദോശയും കറിയും എടുത്ത് വെച്ചിരുന്നു. അച്ഛൻ ഉണ്ണിയെ കഴിപ്പിക്കാനുള്ള പരിപാടി ആയിരുന്നു.
“അച്ഛൻ കഴിച്ചോ അച്ഛാ. അവനെ ഞാൻ കഴിപ്പിക്കാം” അതും പറഞ്ഞ് ഞാൻ അടുക്കളയിലേക്ക് പോയി രണ്ട് ദോശയും അതിൽ തന്നെ കറിയും എടുത്ത് ഹാളിൽ വന്നിരുന്നു. അവനെ കഴിപ്പിക്കുന്നതിനിടയിൽ ഞാനും കഴിക്കുവായിരുന്നു. അതിനിടെ ഉണ്ണിക്ക് പൊള്ളി എന്നറിഞ്ഞിട്ട് രജിതേച്ചി വീട്ടിൽ വന്നു. ഉമ്മറത്ത് ഇരുന്ന് ഞാൻ ചേച്ചിയോട് കാര്യങ്ങളൊക്കെ പറഞ്ഞു. അമ്മയുടെ ശ്രദ്ധ ഇല്ലായ്മയെ ഞാൻ എടുത്തു പറയുക തന്നെ ചെയ്തു. ഏകദേശം മൂന്ന് വർഷത്തിനു മേലെ ആയിട്ട് ഞാൻ തന്നെയാണ് അയേൺ ചെയ്യുന്നത് ഇന്നുവരെ അതു കൊണ്ട് ഒരു ദോഷം ആർക്കും വന്നിട്ടില്ല. ഞാൻ ഓരോ കാര്യവും എടുത്തെടുത്തു പറഞ്ഞു. പറയാതിരിക്കാൻ എനിക്ക് ആവില്ലായിരുന്നു. എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും അവൻ മാത്രമേ ഈ ലോകത്ത് ഉള്ളൂ എന്ന സത്യം ഓരോ ദിവസം കഴിയുംതോറും കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയായിരുന്നു. കുറച്ചു നേരം സംസാരിച്ചതിനു ശേഷം പുതിയ ഒരു നൈറ്റി അതിന്റെ കഴുത്ത് ഒന്ന് ശെരിയാക്കി തരണം എന്നും പറഞ്ഞ് ചേച്ചി ഇറങ്ങാൻ നോക്കി.
“ഇതെനിക്ക് നന്നായി ചേരും കെട്ടോ” നൈറ്റി എടുത്ത് എന്റെ മേലേക്ക് ചേർത്ത് വെച്ച് ഞാൻ ചിരിച്ചു. കൂടെ ചേച്ചിയും. ചേച്ചിയൊക്കെ എന്റെടുത്താണ് എല്ലാം തയ്ക്കാൻ കൊണ്ടുവരുന്നത്. ഞാൻ ആണേൽ ചേച്ചിയുടെ അടുത്ത് നിന്നും കാര്യമായി പൈസ ഒന്നും വാങ്ങിക്കാറും ഇല്ല.
ചേച്ചി ഇറങ്ങിയതിനു ശേഷമാണ് ഞാൻ മുറ്റത്തെ ബക്കറ്റും തുണികളും ശ്രദ്ധിച്ചത്. ഒരെണ്ണം പോലും ഉണങ്ങാൻ എടുത്ത് വിരിച്ചിട്ടില്ല. ഹാ ഇല്ലേൽ വേണ്ട നാളെ എടുത്തിടാൻ നോക്കുംബോ അന്വേഷിക്കുമല്ലോ അപ്പൊ പറഞ്ഞ് കൊടുക്കാം. അതും മനസിൽ വിചാരിച്ച് ഞാൻ മോനെയും എടുത്ത് അകത്തേക്ക് പോയി. തയ്ക്കാൻ ഇരുന്നു. അവിടെ ഇരുന്നു നോക്കിയാൽ റോഡൊക്കെ നന്നായി കാണാൻ പറ്റും.
“നിനക്കിത് ഉണങ്ങാൻ ഇട്ടിട്ട് തയ്ക്കാൻ ഇരുന്നാൽ പോരാരുന്നോ?” തയ്ച്ചു കൊണ്ടിരിക്കെ അമ്മ മുറ്റത്തു നിന്നും എന്റെ മുഖത്ത് നോക്കാതെ പിറുപിറുത്തു. എനിക്ക് അത്ര തിരക്കൊന്നും ഇല്ല എന്ന് ഞാൻ മനസിൽ പറഞ്ഞു കൊണ്ട് അതു ശ്രദ്ധിക്കാതെ തയ്ക്കൽ തുടർന്നു.
രാജീവേട്ടന്റെ ഓട്ടോ കടന്നു വരുന്നത് കണ്ടതോടെ ഞാൻ ഉണ്ണി എവിടെ എന്നു നോക്കി എണീറ്റു. ഞാൻ ഉമ്മറത്തേക്ക് എത്തുംബോഴേക്കും പുള്ളി അകത്തേക്ക് കയറി കഴിഞ്ഞിരുന്നു. ഉണ്ണിയുടെ കൈയിലെ കെട്ടു കണ്ടതോടെ രാജീവേട്ടൻ എന്നെ ഒന്നു നോക്കിയ ശേഷം “എന്താ അച്ഛടെ മോന് പറ്റിയെ …..? എന്ന് ചോദിച്ചു കൊണ്ട് അവൻ്റെ അടുത്തെത്തി.അവൻ്റെ മുന്നിൽ കുനിഞ്ഞിരുന്നു കൊണ്ട് അവൻ്റെ കൈ വിശദമായി നോക്കി.
“മോൻ്റെ കൈ പൊള്ളി അച്ഛേ ” അവൻ പറഞ്ഞു
അതു കേട്ടതോടെ രാജീവേട്ടൻ ദേഷ്യത്തില് എഴുന്നേറ്റ് എൻ്റെ നേർക്ക് വന്നു. രാജീവേട്ടൻ ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു . “കൊച്ചിനെ നോക്കാതെ നിനക്കെന്ത് പണിയാണ് ഇവിടെ …..?’രാജീവേട്ടൻ അലറുകയായിരുന്നു.
കാര്യമറിയാതെ എന്നോടും ദേഷ്യപ്പെടുന്നതു കൂടി കണ്ടതോടെ എനിക്കു പിടിച്ചു നിൽക്കാനായില്ല.ഞാൻ ഒന്നും മിണ്ടാതെ രൂക്ഷമായി രാജീവേട്ടനെ നോക്കി. ഒരക്ഷരം പോലും മിണ്ടിയില്ലെങ്കിലും എൻ്റെ മനസ്സിൽ ഒരു കടലിരമ്പുന്നുണ്ടായിരുന്നു. എൻ്റെ കൂസലില്യായ്മ പുള്ളിയുടെ ദേഷ്യം ഇരട്ടിപ്പിച്ചു എന്ന് തോന്നി. “കുഞ്ഞിനെ നോക്കാതെ നിനക്ക് ഇവിടെ എന്തായിരുന്നു പണി എന്ന് പറ ….” വീണ്ടും അങ്ങനെ ചോദിച്ചു കൊണ്ട് എന്റടുത്തു വരുന്ന രാജീവേട്ടനെ കണ്ട് എനിക്കു ദേഷ്യം വന്നു.
പിന്നെ എന്റെ പണി ഒക്കെ ഇവിടുള്ളവർ ആണല്ലോ എടുക്കുന്നെ” എന്താ പറ്റിയത് എന്നുപോലും അന്വേഷിക്കാതെ എന്റെ അടുത്ത് വഴക്കുണ്ടാകാൻ വരുന്ന രാജീവേട്ടനെ എനിക്കു തീരെ ഇഷ്ടപ്പെട്ടില്ല. എന്റെ സംസാരം കേട്ടതോടെ രാജീവേട്ടനും നല്ല ദേഷ്യം വന്നു. പുള്ളി വേഗം എന്റടുത്തേക്ക് വന്നു. കഴിഞ്ഞ ദിവസം കൈ പിടിച്ചു തിരിച്ചതിന്റെ വേദന ഇപ്പോഴും മാറിയിട്ടുണ്ടായില്ല. പെട്ടെന്ന് ഒരു ഉൾഭയത്തോടെ ഞാൻ പിന്നിലേക്ക് മാറി.
സങ്കടമായിരുന്നു എന്റെ മനസിൽ. ഈ ഒരു നേരം വരെ ഒന്നു തിരിച്ചു വിളിച്ചു നോകാനുള്ള മനസ്സു പോലും ഇല്ല എന്നിട്ടും…. എന്താണ് പറ്റിയത് എങ്ങനെയാണ് പറ്റിയത് എന്നു പോലും ചോദിക്കാതെ എന്റെ നേർക്ക് വരുന്ന രാജീവേട്ടനെ ഞാൻ നോക്കി.
ഒരിക്കൽ പോലും എന്നെ മനസിലാക്കിയില്ലല്ലോ എന്ന വേദന എൻ്റെ ഉള്ളിൽ നിറഞ്ഞു.
അച്ഛൻ അകത്തേക്ക് കടന്ന് വന്നതോടെ രാജീവേട്ടൻ പറയാൻ വന്നത് എന്തോ വിഴുങ്ങി.
“പറ്റിയത് പറ്റി ഇനി നീ അവളെ ചീത്ത പറഞ്ഞിട്ടെന്താ കാര്യം” അതും പറഞ്ഞ് അച്ഛൻ അടുക്കളയിലേക്ക് നടന്നു. രാജീവേട്ടൻ ഒന്നും മറുപടി പറഞ്ഞില്ല.
“ഇത്രനേരം ആയിട്ടും നിങ്ങൾക്ക് ഒന്ന് എന്നെ തിരികെ വിളിക്കാൻ തോന്നിയോ….? രാവിലെ കുഞ്ഞിന് പൊള്ളിയത് മുതൽഎത്ര പ്രാവശ്യം വിളിച്ചതാ ഞാൻ നിങ്ങളെ… ഒന്ന് ഫോണെടുക്കാൻ പോലും തോന്നിയോ….? മിസ്സ്ഡ് കോൾ കണ്ടിട്ട് തിരിച്ച് വിളിക്കാൻ തോന്നിയോ….? എന്നിട്ട് ഇപ്പൊ വന്നിട്ട് എന്റെ തലേൽ കേറേണ്ട കാര്യം ഒന്നും ഇല്ല നിങ്ങടെ അമ്മ തന്നെയാ ഇതു ഉണ്ടാക്കിവെച്ചത്. ഞാൻ അലക്കും കഴിഞ്ഞ് കേറി വരുമ്പൊ കേൾക്കുന്നത് എന്റെ മോന്റെ കരച്ചിലാണ്” ഞാൻ ഉറക്കെയാണ് പറയുന്നത് എങ്കിലും കരച്ചിൽ വരുന്നുണ്ടായിരുന്നു എനിക്ക്.
“നിന്റെ മോനെ നീയാണോ ശ്രദ്ധിക്കേണ്ടത് അതോ അമ്മയാണോ ശ്രദ്ധിക്കേണ്ടത്…..?, അപ്പോൾ മോൻ അയൺ ബോക്സ് തൊടും എന്നുള്ളത് നിനക്കറിയില്ലാരുന്നോ…..?” രാജീവേട്ടൻ പിന്നെയും എന്നെ തന്നെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു. കാര്യം മനസിലാക്കാതെയുള്ള ഈ കുറ്റപ്പെടുത്തൽ കേൾക്കുന്നതിലും ഭേദം മരിക്കുന്നതാണ് എന്നാണ് എനിക്കു തോന്നിയത്.
“എന്റെ രാജീവേട്ടാ ഞാൻ അലക്കാൻ പോയി വരുംബൊഴാണ് കരച്ചിലു കേൾക്കുന്നത്. അലക്കിയ ബക്കറ്റും മുറ്റത്തിട്ട് ഞാൻ ഓടി വന്നതാ ആ സമയത്ത് അച്ഛനും അമ്മയും എല്ലാം ഇവിടെ ഉണ്ടായിരുന്നു. അമ്മ തന്നെയാ സ്വിച്ച് ഓഫ് ആക്കാതെ അത് അവിടെ തന്നെ വെച്ചത്” സത്യമെന്തെന്ന് വിശദീകരിക്കേണ്ടി വരുന്ന ആ സാഹചര്യത്തിൽ എനിക്കു തലവേദനിക്കുന്നുണ്ടായിരുന്നു. ഇനി ഒരു വാക്കും പറയാൻ വയ്യ എന്ന് കരുതി ഞാൻ എന്റെ നെറ്റിയിൽ കൈ അമർത്തി. കുഴപ്പം അമ്മയുടെ ഭാഗത്താണെന്നറിഞ്ഞപ്പോൾ രാജീവേട്ടൻ്റെ ദേഷ്യം മയപ്പെട്ടതായി എനിക്ക് തോന്നി. രാജീവേട്ടൻ പിന്നെ ഒന്നും മിണ്ടിയില്ല. അല്ലേലും ഇനി ഒന്നും മിണ്ടില്ല അമ്മയോട് ഇതിനെ പറ്റി ഒന്നു ചോദിക്കുക കൂടി ഇല്ല എന്ന് എനിക്കും അറിയാം. എങ്കിലും അമ്മയോട് ഇതിനെ പറ്റി സംസാരിക്കണം എന്ന് ഞാൻ മനസിലുറപ്പിച്ചിരുന്നു.
ഭക്ഷണം കഴിഞ്ഞ് രാജീവേട്ടൻ പോയതിനു ശേഷം ഞാൻ വീണ്ടും തയ്ക്കാൻ ഇരുന്നു. അതിനിടെ എന്റെ അമ്മയെ വിളിച്ച് കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഉണ്ണിയുടെ കാര്യങ്ങൾ അറിഞ്ഞതോടെ ശ്രീയേട്ടനും എന്നെ വിളിച്ചിരുന്നു. ഉണ്ണിക്ക് പൊള്ളിയത് അമ്മ കാരണം ആണെന്നതും ഇന്നലെയും ഇന്നും ഇവിടെ ഉണ്ടായ തല്ലു പിടുത്തത്തെയും ഞാൻ മനപ്പൂർവ്വം അമ്മയെയും ഏട്ടനെയും അറിയിച്ചതേ ഇല്ല. അങ്ങനുള്ള കാര്യങ്ങൾ മറച്ചുവെക്കാൻ എനിക്ക് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു.
ഉണ്ണിക്ക് പൊള്ളിയത് അറിഞ്ഞത് കൊണ്ടാവണം വൈകുന്നേരം വർഷയും മാധവി ചിറ്റയും വീടു വരെ വന്നിട്ടുണ്ടായിരുന്നു. കൂടെ വർഷയുടെ മോൻ നന്ദൂട്ടനും. അവനെ കണ്ടതോടെ ഉണ്ണിവേഗം എന്റെടുത്തേക്ക് വന്ന് അവനെ നോക്കി ഇരിപ്പു തുടങ്ങി. രണ്ടു പേരുടേയും ഭാവങ്ങൾ നോക്കി ഞങ്ങൾ ചിരിച്ചു.
“വിദ്യേച്ചി ഡോക്റ്റർ എന്താ പറഞ്ഞെ?” വർഷയാണ് ചോദിച്ചത്. അവളേക്കാൾ ഒരു വയസ് ഇളയതാണ് ഞാൻ എന്നാലും എന്നെ ചേച്ചി എന്നാണ് വിളിച്ചിരുന്നത്. രാജീവേട്ടന്റെ വൈഫാണല്ലോ അതു കൊണ്ടാവും. പിന്നീട് ഞാൻ ഒരിക്കലും അത് തിരുത്താനും പോയില്ല. ഡോക്റ്റർ പറഞ്ഞതും എങ്ങനെയാണ് പൊള്ളിയതും എന്നൊക്കെ അമ്മയുടെ മുന്നിൽ വെച്ചു തന്നെ ഞാൻ അവർക്ക് വിശദമായി പറഞ്ഞു കൊടുത്തു.
“ഇനി ഇപ്പൊ അതിനെ പറ്റി പറഞ്ഞിട്ടെന്താ കൂടുതൽ ഒന്നും പറ്റിയില്ലല്ലോ” എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ചിറ്റ വളരെ നിസാരമായാണ് അങ്ങനെ പറഞ്ഞത്. അവരൊക്കെ എന്ത് നിസാരമായിട്ടാണ് ഈ കാര്യത്തെ കാണുന്നത് എന്നാണ് ഞാൻ ഓർത്തത്. അവരുടെ വീട്ടിലും ഉള്ളതല്ലെ ഇതുപോലെ ഒരു മോൻ. തയ്ക്കാൻ ഉണ്ടെന്നും പറഞ്ഞ് ഞാൻ ഉണ്ണിയേയും എടുത്ത് അകത്തേക്ക് പോയി. അതോടെ അമ്മയും ചിറ്റയും അവിടെ ഉമ്മറത്ത് തന്നെ ഇരുന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. വർഷ അകത്തേക്ക് വരികയും അവളുടെ ഒരു ടോപ്പ് ഷെയ്പാക്കി തരുമോ എന്ന് ചോദിക്കുകയും ചെയ്തു. ഇനി വരുംബോ ടോപ്പ് കൊണ്ടുവരാൻ ഞാനും പറഞ്ഞു. സത്യത്തിൽ അത് പറയാനായിരുന്നില്ല അവൾ അകത്തേക്ക് വന്നത് കഴിഞ്ഞ ദിവസം രാത്രി നടന്ന വഴക്കിന്റെ കാര്യങ്ങൾ അറിയാനുള്ള തന്ത്രമായിരുന്നു അത്. രാജീവേട്ടൻ ഇപ്പൊ ദിവസോം കുടിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചതോടെ എനിക്ക് അവളുടെ ഉള്ളിലിരിപ്പ് മനസിലായി. ഇന്നലെ ചെറുതായി കുടിച്ചിരുന്നു എന്നു മാത്രം ഞാൻ പറഞ്ഞു.
ഞാൻ എന്തു പറഞ്ഞാലും അമ്മ ഇന്ന് ഞങ്ങൾ ആശുപത്രിയിൽ പോയ സമയം കൊണ്ട് ചിറ്റയുടെ വീട്ടിൽ പോയി ഇന്നലെ നടന്ന കാര്യങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞിട്ടുണ്ടാകും. അപ്പൊ ഇനി ഞാൻ പറയുന്നതിൽ അർഥം ഇല്ല. കൂടുതൽ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാനാണ് ഞാൻ ശ്രമിച്ചത്. വിഷയം മാറ്റാൻ വേണ്ടി തന്നെ ഞാൻ രഞ്ചിത്ത് വരുന്നതിനെ പറ്റി അവളോട് സംസാരിച്ചു. കൂടെ അവളുടെ ഹസ്ബന്റ് എന്നാണ് വരുന്നത് എന്നതിനെ പറ്റിയും ചോദിച്ചു. അതോടെ വിഷയം മാറുകയും അവൾ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഫോണിലേക്ക് നോക്കികൊണ്ട് പുറത്തേക്കിറങ്ങി.
വൈകുന്നേരം ഉണ്ണിയുടെ മേലു കഴുകിച്ച് അവനെ അച്ഛന്റെ അടുത്ത് ആക്കിയിട്ട് അവനുള്ള ഭക്ഷണവും അച്ഛന്റെ കൈയ്യിൽ കൊടുത്തു. അമ്മ അടുക്കളയിൽ ഒറ്റയ്ക്കാണ്. അതോടെ ഞാൻ അടുക്കളയിലേക്ക് നടന്നു. ഉച്ചയ്ക്ക് രാജീവേട്ടൻ എനിക്കുനേരെ വന്നപ്പോൾ തന്നെ അമ്മ നോക്കി നിൽക്കുകയല്ലാതെ മറുത്തൊരു വാക്കു പോലും പറഞ്ഞിട്ടില്ല. അതൊക്കെ കൊണ്ടു തന്നെ അമ്മയെ തനിച്ചു കിട്ടിയപ്പോൾ ആ കാര്യം ഒക്കെ ഒന്ന് പറയണം എന്നു കരുതി തന്നെയാണ് ഞാൻ അടുക്കളയിലേക്ക് കയറിയത്. ആ കാര്യങ്ങളെ പറ്റി ഞാൻ അമ്മയോട് ചോദിക്കുകയും ചെയ്തു.
“നിന്റെ വർത്താനം കേട്ടാൽ തോന്നുമല്ലോ ഞാൻ കരുതി കൂട്ടി ചെയ്തതാണെന്ന്, പിന്നെ നിനക്ക് അവന്റെ കൈയ്യിൽ നിന്നും കിട്ടീട്ടുണ്ടെ അത് നന്നായിട്ടെ ഉള്ളൂ അങ്ങനത്തെ കളിയല്ലെ നീ ഇവിടെ കിടന്നു കളിക്കുന്നത്” എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അമ്മയുടെ മറുപടി കേട്ടതെ എനിക്കു നല്ല ദേഷ്യം വന്നു. ഞങ്ങൾ തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് നല്ല വഴക്കിലേക്ക് തന്നെ കാര്യങ്ങൾ എത്തി.
“ഞാനെന്ത് കളിച്ചെന്നാ അമ്മ പറയുന്നത്? ഇവിടെ കിടന്ന് രാവിലെ മുതൽ ഉള്ള ജോലി മുഴുവൻ ചെയ്യുന്നതാണോ എന്റെ കുറ്റം? എന്നാ ഇനി മുതൽ ഞാനും കാണിച്ചു തരാം” അതും പറഞ്ഞ് ഞാൻ തിരിയുംബോഴേക്കും പിന്നിൽ രാജീവേട്ടൻ. ടി വി യുടെ ശബ്ദം കാരണം ഞാൻ ഓട്ടോ വന്നത് അറിഞ്ഞിരുന്നില്ല.
“നീ എന്തു കാണിക്കും എന്നാ പറയുന്നേ?” രാജീവേട്ടൻ വാതിൽ പടിയിൽ കൈവെച്ചു കൊണ്ട് എന്റെ മുഖത്തേക്കു നോക്കി ചോദിച്ചു. എന്തു പറയണം എന്നറിയാതെ ഞാൻ രാജീവേട്ടന്റെ മുഖത്തേക്കു തന്നെ നോക്കി.
ഞാൻ രാജീവേട്ടന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
“വെറുതേ ഇവിടെ കിടന്നു ഒച്ചയെടുക്കരുത് കെട്ടോ, പലതവണ ഞാനത് നിന്നോട് പറഞ്ഞിട്ടുള്ളതാണ്” എന്റെ മുഖത്തേക്ക് നോക്കി അതും പറഞ്ഞ് രാജീവേട്ടൻ തിരിച്ച് ഹാളിലേക്ക് പോയി. ഞാനെന്താണാവോ ഒച്ചയെടുത്തത്. അല്ലെങ്കിലും ചെയ്യാത്ത കാര്യത്തിന് പഴി കേട്ട് എനിക്ക് ശീലമായി ഇപ്പോ.
രാത്രി രാജീവേട്ടൻ കിടന്നതിനു ശേഷവും ഒരുപാട് നേരം ബുക്ക്സും മടിയിൽ വെച്ചു കൊണ്ട് ഞാൻ ഹാളിൽ തന്നെ ഇരുന്നു. മനസ് ആകെ മടുത്തിരിക്കുന്നത് കൊണ്ട് തന്നെ പഠിക്കാനൊന്നും തോന്നുന്നേ ഉണ്ടായിരുന്നില്ല.
ഉണ്ണി അച്ഛന്റെ റൂമിൽ ഉറങ്ങിക്കഴിഞ്ഞതോടെ ഞാൻ അവനെയും എടുത്ത് കൊണ്ടുപോയി കിടന്നു. അവന്റെ കൈ എവിടെയും തട്ടാത്ത വിധത്തിൽ നന്നായി ശ്രദ്ധിച്ചാണ് ഞാൻ കിടത്തിയത്. ഇന്നു പതിവ് രാത്രിയാത്ര ഇല്ലാത്തത് കൊണ്ട് തന്നെ രാജീവേട്ടൻ കുടിച്ചിട്ടുണ്ടായിരുന്നില്ല.
“നീ എന്താ ഭക്ഷണം കഴിക്കാതിരുന്നേ?” ചോദ്യം കേട്ടപ്പോഴാണ് രാജീവേട്ടൻ ഉറങ്ങിയിട്ടില്ല എന്ന് എനിക്ക് മനസിലായത്. അതിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല എന്നു മാത്രമല്ല വേഗം ലൈറ്റിന്റെ സ്വിച്ച് ഓഫ് ചെയ്ത് ഉണ്ണിയേ ചേർത്തു പിടിച്ച് കിടക്കുകയും ചെയ്തു. ഇന്നലെ മുതൽ ഞാൻ എനിക്കായിട്ട് ഭക്ഷണം എടുത്തു കഴിച്ചിരുന്നില്ല. ഉണ്ണിക്ക് കൊടുക്കാൻ എടുക്കുന്നതിന്റെ ബാക്കിയും മറ്റുമായിരുന്നു എന്റെ ഭക്ഷണം. എന്തോ വിശപ്പ് തോന്നുന്നുണ്ടായിരുന്നില്ല എനിക്ക്.
“ചോദിച്ചത് കേട്ടില്ലെ?” രാജീവേട്ടൻ വീണ്ടും ആവർത്തിച്ചു. അതോടെ ഞാൻ വിശക്കുന്നുണ്ടായില്ല എന്നു കള്ളം പറഞ്ഞു.
“ഇത് രാവിലെ എപ്പൊഴാ പൊള്ളിയത്?” എന്നോട് സംസാരിച്ചു തുടങ്ങാൻ എന്നോണം പുള്ളി ചോദിച്ചു. ഇനി ഒരു മറുപടിയുടെ ആവിശ്യം ഉണ്ടോ എന്നാണ് ഞാൻ ആലോചിച്ചത്. എങ്കിലും ഞാൻ ഉണ്ടായ കാര്യം പറഞ്ഞു.
“അപ്പൊ മോന് പൊള്ളുന്ന സമയം നീ എവിടെ ആയിരുന്നു ” എല്ലാം കേട്ടു കഴിഞ്ഞപ്പോൾ പുള്ളിയുടെ ചോദ്യം വീണ്ടും കേട്ടതോടെ എനിക്കു നല്ല ദേഷ്യം വന്നു.
“അതല്ലെ ഞാൻ നിങ്ങളോട് പറഞ്ഞത് രാവിലെ ഞാൻ അലക്കാൻ പോയ സമയത്താണ് എന്ന് ” ഞാൻ വളരെ പരുഷമായാണ് അത് പറഞ്ഞത്. ഇത്രയൊക്കെ സംഭവിച്ചിട്ടും അമ്മയോട് ഒരു വാക്കു പോലും ചോദിക്കാത്തത് പോട്ടെ എന്നെ ചാടി കടിക്കാനും വരികയാണല്ലോ ചെയ്തത്. അതിലാണ് എനിക്ക് കൂടുതൽ ദേഷ്യം വന്നത്.
“ഞാൻ വിളിച്ചപ്പോ എന്താ ഫോൺ എടുക്കാതിരുന്നെ? റോഡിൽ ഇറങ്ങുമ്പോൾ ആ ഒരു ഓട്ടോ കിട്ടിയത് കൊണ്ടല്ലെ അല്ലേ ഞാൻ എന്തു ചെയ്യുമായിരുന്നു അവനേം കൊണ്ട് ?” ഫോൺ എടുക്കാത്തതിനെ പറ്റി ഞാൻ ചോദിച്ചപ്പോൾ പതിവ് പോലെ ഓട്ടത്തിലായിരുന്നു എന്ന മറുപടി തന്നെയാണ് വന്നത്.
“ഇങ്ങനെ ആണെങ്കിൽ എന്നേം മോനേം ഇവിടുന്ന് ആരെങ്കിലും കൊന്നാലും നിങ്ങൾ അറിയില്ലല്ലോ” ഞാൻ രാജീവേട്ടൻ കേൾക്കെ തന്നെ പറഞ്ഞു. എന്തെങ്കിലും മറുപടി പറയും എന്നാണ് ഞാൻ കരുതിയത് എങ്കിലും ഒന്നും പറയുന്നുണ്ടായില്ല.
“ഒരു കാര്യം ഞാൻ പറഞ്ഞേക്കാം രഞ്ചിത്തിന്റെ കല്യാണ ശേഷം ഞാൻ ഇവിടെ നിൽക്കില്ല” എന്റെ ചോദ്യങ്ങളെ അവഗണിച്ചു കൊണ്ട് തിരിഞ്ഞു കിടന്ന രാജീവേട്ടനോട് ഞാൻ തീരുമാനിച്ചുറപ്പിച്ചതു പോലെ ഞാൻ പറഞ്ഞു. അതോടെ പുള്ളി എനിക്കു നേരെ തിരിഞ്ഞു.
“എന്താ നിന്റെ പ്രശ്നം? അത് പറ ആദ്യം”
“പ്രശ്നം അമ്മ തന്നെ ആണ്. ഞാനിവിടെ എന്തു ചെയ്താലും കുറ്റം … ഒരു നല്ല വാക്കെങ്കിലും ഇന്നേ വരെ പറഞ്ഞിട്ടുണ്ടോ….?വന്നു കേറീട്ട് ഇപ്പൊ മൂന്നര കൊല്ലം ആയി.” അതും പറഞ്ഞ് എന്താവും മറുപടി എന്ന് ഓർത്തുകൊണ്ട് കിടന്നു.
“അമ്മ എന്തു പറഞ്ഞു എന്നാ. ഇനി അഥവാ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ അത് നീ എന്തെങ്കിലും ചെയ്തിട്ടാകും. വെറുതേ നീ അമ്മയുടെ തലേൽ കേറാൻ നിൽക്കണ്ട. ഇനി ഇപ്പൊ അമ്മ എന്തെങ്കിലും പറഞ്ഞെങ്കിൽ തന്നെ നിനക്ക് ഒന്ന് കണ്ണടച്ചാൽ പോരെ? അവരൊക്കെ പഴയ ആൾക്കാരാണ് നിനക്ക് അതെങ്കിലും ഓർത്തൂടെ?” എന്നത്തേയും പോലെ തന്നെ രാജീവേട്ടൻ അമ്മയെ ഭംഗിയായി ന്യായീകരിക്കുകയും എല്ലാം എന്റെ തെറ്റാണ് എന്നു വരുത്തുകയും ചെയ്തു. അത് അമ്മയുടെ കഴിവുകൊണ്ടാണ്. എന്നെപ്പറ്റി ഉള്ളതും ഇല്ലാത്തതും ചെവിയിലെത്തിക്കും. രാജീവേട്ടൻ ആണെങ്കിൽ അതും വിശ്വസിച്ചു എന്നെ ചീത്ത പറയും. രാവിലെ പോയി രാത്രി വരുന്ന പുള്ളിക്ക് ഞാൻ ഇവിടെ കിടന്നു അനുഭവിക്കുന്നത് അറിയില്ലല്ലോ. എന്നെ കേൾക്കാൻ പോലും പലപ്പോഴും പുള്ളിക്ക് സമയമില്ലായിരുന്നു. ഇനി എന്താണ് ഞാൻ പറയേണ്ടത്. ഒരിക്കൽ പോലും എന്റെ കൂടെ നിൽക്കാത്ത രാജീവേട്ടൻ പിന്നെ കുറ്റപ്പെടുത്താൻ അറിയുന്ന അമ്മ ആ വീട്ടിൽ ഞാൻ ഒറ്റപ്പെട്ടു ഒറ്റപ്പെട്ടു വരികയാണെന്ന് എനിക്കു നല്ല ബോധ്യമുണ്ടായിരുന്നു. ആകെ ഉള്ള ഒരു ആശ്വാസം അച്ഛൻ ആണ്. ഓരോ കാര്യങ്ങൾ ആലോചിച്ച് എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.
അവഗണനയിൽ നിന്നും കുറ്റപ്പെടുത്തലുകളിൽ നിന്നും രക്ഷപ്പെടാൻ എനിക്ക് ആകെയുള്ള വഴി ഒരു ജോലി നേടുക എന്നത് മാത്രം ആയിരുന്നു. അങ്ങനെ എന്തെങ്കിലും കിട്ടിയില്ലേൽ ഞാനും എന്റെ മോനും തോറ്റു പോകും എന്നെനിക്കു മനസിലായി. അതിനുള്ള ശ്രമം ഞാൻ എനിക്ക് ആകും വിധമെല്ലാം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതെല്ലാം ഓർത്തപ്പോൾ തന്നെ ഒരു തേങ്ങലായി പുറത്തേക്കു വന്നു. കണ്ണുകൾ ഇറുകെ അടച്ചിട്ടും നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. ഇതെല്ലാം ഞാൻ അനുഭവിക്കേണ്ടതാണ്. തന്നിഷ്ടത്തിന് അച്ഛനെം അമ്മേം കൂടപ്പിറപ്പിനെയും വേദനിപ്പിച്ചതിൻ്റെ ശിക്ഷ. എനിക്ക് കരച്ചിലടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ രാജീവേട്ടൻ എൻ്റെ അടുത്തേക്കു നീങ്ങികിടന്നതും നെറ്റിയിലും മുടിയിഴകളിലും തഴുകുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
“സാരമില്ല പോട്ടെ ഡീ, നീ വിഷമിക്കാതിരിക്ക് ” അതുകൂടെ കേട്ടതോടെ എന്റെ പിടുത്തം വിട്ടു പോയി. ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ട് രാജീവേട്ടൻ്റെ ദേഹത്തേക്ക് ചാഞ്ഞൂ. പുള്ളി എന്നെ ആശ്വസിപ്പിക്കുന്ന പോലെ തഴുകുന്നുണ്ടായിരുന്നു. ആ തഴുകലിൽ എൻ്റെ ദേഷ്യവും സങ്കടവും അലിഞ്ഞില്ലാതാവുന്നത് ഞാനറിഞ്ഞൂ.രാജീവേട്ടനോട് ചേർന്ന് കിടന്ന് എപ്പഴോ ഞാനുറങ്ങി.
രാവിലെ ഞാൻ എഴുനേൽക്കുമ്പോഴും പുള്ളിയുടെ കൈക്കുള്ളിലായിരുന്നു. അതെനിക്ക് പതിവില്ലാത്ത സുരക്ഷിതത്വവും സമാധാനവും നൽകുന്നതായി തോന്നി.പതിവിനു വിപരീതമായി ഞാൻ രാവിലെ എഴുന്നേറ്റ് അടുക്കള ജോലിയാണ് ചെയ്തത്. രാവിലെ മുതൽ തുടങ്ങിയ വയറുവേദനയാണ് കാരണം. പതിവിലും നേരത്തെ വന്ന ഡേറ്റ് അതെനിക്ക് ചെറിയ വേദനയൊന്നുമല്ല നൽകുന്നത്. അടിവയറ്റിലെ വേദന കാരണം പലപ്പൊഴും ഞാൻ എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി. എന്റെ അമ്മ രാവിലെ തന്നെ വീട്ടിൽ നിന്നും വിളിച്ചിരുന്നു. ഉണ്ണിയുടെ കൈപൊള്ളിയതിന്റെ കാര്യം അറിയാനാണ് വിളിച്ചതെങ്കിലും ഞാൻ എന്റെ കാര്യം കൂടി പറഞ്ഞു. ഉലുവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കാൻ പറഞ്ഞെങ്കിലും അത് വീട്ടിൽ ഇല്ലാത്തത് കൊണ്ടു തന്നെ ഞാൻ വേദന സഹിച്ച് ജോലി തുടർന്നു. രാജീവേട്ടൻ പോകാൻ ഷർട്ട് ഇട്ടു കൊണ്ടിരിക്കെ തന്നെ ഞാൻ അകത്ത് കൂടെ നിൽക്കുകയും ഇന്നലെ പറഞ്ഞതൊന്നും വെറുതെ പറഞ്ഞതല്ല എന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. പുള്ളി ഒന്നും പറയാതെ എന്നെ നോക്കി .
” നീ ഒരു കാര്യം ചെയ്യ് അമ്മ എന്തേലും പറഞ്ഞാൽ എന്നോടു പറഞ്ഞാൽ മതി. ഞാൻ ചോദിച്ചോളാം. അല്ലാതെ നീ ഇപ്പൊ പറയുന്നത് പോലെ വീട് മാറാൻ ഒന്നും പറ്റിയ സാഹചര്യം അല്ല. ” അതും പറഞ്ഞു കൊണ്ടാണ് പുള്ളി റൂമിൽ നിന്നും ഇറങ്ങിയത്. അതോടെ എന്റെ മനസിൽ ചെറിയ ഒരു പ്രതീക്ഷ വന്നു.
*******************
രാവിലെ എന്നെ പുഴയിൽ കാണാത്തത് കൊണ്ടാവണം ഉച്ച സമയത്ത് രജിതേച്ചി അന്ന് ഷേപ്പ് ആക്കാൻ തന്ന നൈറ്റി വാങ്ങാൻ വന്നു . ഞാനും ആയി നല്ല ബന്ധം ആയത് കൊണ്ടാവണം പലപ്പോഴും അമ്മ പുള്ളിക്കാരിയോട് അത്ര അടുപ്പമൊന്നും കാണിക്കാറില്ല. ചോദ്യവും ഉത്തരവും എല്ലാം ഒന്നോ രണ്ടോ വാക്കുകളിൽ ഒതുക്കുകയാണ് പതിവ്. അമ്മ അകത്തേക്ക് പോകുന്നത് കണ്ടതോടെ രജിതേച്ചി കണ്ണുകൊണ്ട് ആഗ്യം കാണിച്ചു. അതു കണ്ട് ഞാൻ ചിരിക്കുകയും ചെയ്തു. ഉണ്ണിയുടെ കൈ ഒക്കെ രജീതേച്ചി നോക്കി അവനോടു കുറച്ച് നേരം കിന്നാരവും പറഞ്ഞ ശേഷം കുറച്ചു നേരം ഞങ്ങൾ സംസാരിച്ചിരുന്നതിനു ശേഷമാണ് പോയത്. അതോടെ ഞാൻ എന്റെ ജോലി തീർത്തു തയ്ക്കാൻ ഇരുന്നു.
*****************
സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് രാജീവന്റെ ഫോണിലേക്ക് വിദ്യയുടെ അച്ഛന്റെ നമ്പരിൽ നിന്നും ഫോൺ വന്നത്. ഒരു തവണ ഫുൾ റിങ്ങ് ചെയ്തു തീർന്നെങ്കിലും രാജീവൻ ഫോണിലേക്ക് നോക്കുകയല്ലാതെ ഫോൺ എടുത്തില്ല. രണ്ടാമതും ഫോൺ വന്നതോടെ അവൻ ഫോണെടുത്തു. അങ്ങേ തലയ്ക്കൽ നിന്നും വന്നത് ഒരു സ്ത്രീ ശബ്ദമായിരുന്നു. വിദ്യയുടെ അമ്മ! കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ വിദ്യ വീട്ടിൽ പറഞ്ഞ് അത് അറിഞ്ഞിട്ടുള്ള വിളി ആയിരിക്കുമോ ഇത്? .. അവന്റെ മനസ് ജാഗരൂഗമായി.
അങ്ങനെ എന്തെങ്കിലും ആണെങ്കിൽ ബാക്കി വീട്ടിൽ എത്തീട്ട് പറയാം. അവൻ അങ്ങനെയൊക്കെ മനസിലോർത്തുകൊണ്ടാണ് ഫോൺ എടുത്തത്.!
“വിദ്യടെ ഫോണില് വിളിച്ചിട്ട് കിട്ടണില്ലല്ലേ? സ്വിച്ച് ഓഫ് ന്നാ പറയുന്നത്. ഞാൻ കുഞ്ഞിന് എങ്ങനെ ഉണ്ടെന്ന് അറിയാൻ വിളിച്ചതാ…രാവിലെ വിളിച്ചപ്പോ അവൾക്കും വയ്യാന്ന് പറഞ്ഞിരുന്നു” ഫോണെടുത്തപ്പോൾ തന്നെ അവർ കാര്യം പറഞ്ഞു.
“ഞാൻ സ്റ്റാൻഡിലാണ്. വേറെ പ്രശ്നം ഒന്നുമില്ല ഇന്നലെ ഡോക്റ്ററെ കാണിച്ചതാണല്ലോ’ രാജീവൻ കൂടുതൽ സംസാരിക്കാൻ താത്പര്യം ഇല്ലാത്ത മട്ടില് മറുപടി പറഞ്ഞൂ. ആ സംസാരം പിന്നെയും നീളുകയും രഞ്ചിത്തു വരുന്നതിനെപ്പറ്റി ചോദിക്കുകയും ചെയ്യുകയും കൂട്ടത്തിൽ അവനോട് വീടു മാറുന്നുണ്ടോ എന്ന ചോദ്യം കൂടി വരികയും ചെയ്തു.
“അല്ല ഞാൻ വേറൊന്നും കൊണ്ടല്ല കെട്ടോ അങ്ങനെ ചോദിച്ചത് അങ്ങനെ വീട് മാറുന്നുണ്ടേൽ ഞങ്ങളെ കൊണ്ടാകുന്നത് ഞങ്ങളും ചെയ്തു തരാം” അവർ വിശദീകരിച്ചു. രാജീവന്റെ മനസിൽ ദേഷ്യമാണ് വന്നത്. എങ്കിലും അത് അത്ര പുറത്ത് കാണിക്കാതെയാണ് ഫോൺ വെച്ചത്.
വൈകുന്നേരം ഷനോജും ഒത്തുള്ള കമ്പനിയിൽ രാജീവൻ ഈ കാര്യം എടുത്തിട്ടു.
“അല്ലെങ്കിലും സ്വന്തം വീട്ടിൽ നിന്നും വിളിച്ചു ഇങ്ങനെ ഓരോന്ന് പറയുന്നത് തന്നെയാണ് ഇവറ്റകൾക്ക് വളം” വിദ്യയുടെ അമ്മ വിളിച്ചതും മറ്റും പറഞ്ഞപ്പോൾ തന്നെ ഷനോജ് അവന്റെ നിലപാട് പറഞ്ഞു. അതോടെ രാജീവന്റ മനസിലും അതാണ് ശെരിയെന്ന ചിന്ത വന്നു. ഇപ്പൊ രണ്ടു ദിവസം മുന്നെ ആണ് വിദ്യ തന്നോട് വീടു മാറണം എന്നു പറഞ്ഞത്. ഒന്നുകിൽ അവൾ അവൾടെ അമ്മയെ കൊണ്ട് തന്നെ വിളിപ്പിച്ചതാവും. അതല്ലാതെ സാധാരണ നിലയ്ക്ക് അവർ തന്റെ ഫോണിലേക്ക് വിളിക്കുന്ന പതിവില്ലാത്തതാണ്. ഷനോജിന്റെ സപ്പോർട്ട് കൂടി ആയതോടെ രാജീവൻ ഏറെകുറെ വിദ്യയുടെ പങ്ക് ഉറപ്പിച്ചു. ഓരോ കാര്യങ്ങളും ഓർത്തെടുത്തതോടെ ഇതിൽ വിദ്യയ്ക്കുള്ള പങ്കിനെ പറ്റി ദേഷ്യത്തോടെ ഓർത്ത് കൊണ്ടാണ് രാജീവൻ വീട്ടിലേക്ക് കയറിച്ചെന്നത്. വിദ്യ ഫോണും കൈയിൽ പിടിച്ചു ഉമ്മറത്തു നില്കുന്നത് കണ്ടതോടെ അയാളുടെ മുഖത്തു ഗൗരവം നിറഞ്ഞു…..
തുടര് ഭാഗങ്ങൾ വായിക്കാൻ ക്ലിക്ക് ചെയ്യൂ
