തീർത്ഥയാത്ര – ഭാഗം 01, എഴുത്ത്: അഞ്ചു തങ്കച്ചൻ

അതേയ്….. വീട്ടിൽ കല്യാണാലോചന തുടങ്ങി. എത്രയും വേഗം വീട്ടിൽ വന്നു സംസാരിക്കണം കേട്ടോ, ഇല്ലെങ്കിൽ നല്ല ഏതേലും ചെറുക്കനേം കെട്ടി ഞാനങ്ങുപോകും.

അയ്യടാ നല്ല ചെറുക്കനേം കെട്ടിയോ? അതിന് എന്നേക്കാൾ നല്ല ചെറുക്കനെ നിനക്ക് എവിടുന്ന് കിട്ടാനാ. അയാൾ അവളുടെ കവിളിൽ നുള്ളി.

ശ്ശൊ… ഈ ചെറുക്കന് എന്നെ കണ്ടാൽ അപ്പോൾ കവിളിൽ നുള്ളണം. ഞാൻ അപ്പച്ഛനോട് പറയാൻ പോകുവാ, കവിളിൽ നുള്ളാത്ത ഒരു ചെക്കനെ കണ്ടുപിടിച്ചു തന്നേരെ ഞാൻ കെട്ടിക്കോളാം എന്ന്.

അങ്ങനെ നീ കെട്ടോടീ…അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി.

കെട്ടും…. അവൾ കുറുമ്പോടെ പറഞ്ഞു.

ഉവ്വാ… എന്റെ പെണ്ണിനെ എനിക്കറിഞ്ഞൂടെ, നീയൊരുത്തനേം കെട്ടില്ല. ഈ മനസ്സിൽ ഞാൻ മാത്രേ ഉള്ളൂ….

അവളുടെ മുഖത്ത് ഗൗരവം നിറഞ്ഞു. നോക്ക് ഹേമന്ദ്, എനിക്ക് കുറേ
ദിവസമായിട്ടുറങ്ങാൻ പോലും പറ്റുന്നില്ല. ഒന്ന് വീട്ടിൽ വന്ന് അപ്പച്ചനോട് സംസാരിക്കണം.

മ്മ്… അങ്ങേരെന്നെ ആട്ടിപ്പായിക്കും, ഈ നസ്രാണിക്കുട്ടിയെ അന്യമതക്കാരനായ എനിക്ക് കെട്ടിച്ചു തരുമോ,തുമ്പമറ്റത്തിലെ
ഔസേപ്പ്.

അപ്പച്ചൻ സമ്മതിക്കുമോ ഇല്ലയോ എന്നുള്ളതല്ല എന്റെ വിഷയം. ഹേമന്ദ് ആദ്യം വന്നൊന്ന് സംസാരിക്കു..

ഞാൻ വരും. ചോദിക്കും. കാരണം എനിക്കിപ്പോൾ എന്നേക്കാൾ വലുതാണ് നീ
അയാൾ അവളുടെ മുഖം കൈകളിൽ എടുത്തു. അപ്പച്ചൻ സമ്മമല്ലെന്നു പറഞ്ഞാൽ എനിക്കൊപ്പം ഇറങ്ങി വരുമോ?

അപ്പോൾ മാത്രം അവളുടെ കണ്ണുകൾ നിറഞ്ഞു.

ഹേയ്…. എന്തായിത്? കരയരുത്. ഈ കണ്ണുനിറയുന്നത് എനിക്ക് സഹിക്കില്ല.
അയാളുടെ ചുണ്ടുകൾ അവളുടെ മിഴികളിൽ പതിഞ്ഞു. അയാളുടെ ചുണ്ടുകൾക്കിപ്പോൾ അവളുടെ കണ്ണുനീരുപ്പിന്റെ രുചിയാണ്.

പണ്ടും അയാൾ അങ്ങനെയായിരുന്നു. അവളുടെ കണ്ണുകൾ നിറയാൻ അയാൾ അനുവദിച്ചിരുന്നില്ല.

നോക്ക് ആൻസി, അവർ സമ്മതിച്ചില്ലെങ്കിൽ എനിക്കൊപ്പം വന്നേക്കണേ. ഇല്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിച്ചു പോകും.

നമ്മൾ സ്നേഹിച്ചത് എല്ലാം അറിഞ്ഞിട്ട് തന്നെയല്ലേ, ഈ ലോകം എന്താ ഹേമന്ദ് ഇങ്ങനെ? സ്നേഹിക്കുന്നവർക്ക് മുൻപിൽ ജീവിതത്തിന്റെ വാതിൽ കൊട്ടിയടക്കും. മതവും, കുടുംബമഹിമയും, ജോലിയും ഒക്കെ നോക്കി മനുഷ്യർക്ക്‌ സ്നേഹിക്കാൻ ഒക്കുമോ??

അങ്ങനെ സ്നേഹിക്കുന്നവരും ഉണ്ട് ആൻസി.

സ്നേഹിക്കാൻ വേണ്ടി, സ്നേഹിക്കപ്പെടാൻ വേണ്ടി സ്നേഹിച്ചുകൂടെ അല്ലെ?

അങ്ങനെയും ആകാം. നമ്മൾ അങ്ങനെയല്ലേ? കഴിഞ്ഞ മൂന്ന് വർഷമായി നമ്മൾ സ്നേഹിക്കുന്നതല്ലേ…

നമ്മളെപ്പോലെ നമ്മൾ മാത്രേ ഉള്ളൂ അല്ലെ ഹേമന്ദ്? അവൾ ചോദിച്ചു.

ഹേയ് അല്ലല്ലോ ഒരുപാട് ആളുകൾ ഉണ്ട്. അവർ ഇപ്പോഴും പ്രണയിച്ചു മതിയാവാതെ… അങ്ങനെ…. അങ്ങനെ….

എങ്ങനെ… എങ്ങനെ…..?

ദേ…. ഇങ്ങനെയിങ്ങനെ. അയാൾ അവളുടെ നീണ്ട മൂക്കിൻ തുമ്പിൽ ചുംബിച്ചു.
പെട്ടന്ന് കാർമേഘങ്ങൾ ഇരുണ്ട് കൂടി.

മേഘക്കൂട്ടം അവർക്കു മേലേക്ക് ചെറുകണങ്ങളെ കൊഴിച്ചിട്ടു. ഇളം തെന്നൽ അവരെ തൊട്ടുഴിഞ്ഞു.

നമുക്ക് പോകാം….അവൾ പതിയെ പറഞ്ഞു.

വേണ്ട. എനിക്ക് നിന്നെ കണ്ട് മതിയായില്ല.

ഭൂമിയെ നനച്ചുകൊണ്ട് വേനൽ മഴ പെയ്തിറങ്ങി. മണ്ണിന്റെ മണമെങ്ങും നിറഞ്ഞു.
നോക്ക്…..നനഞ്ഞ മണ്ണിനിപ്പോൾ ഋതുമതിയായ പെണ്ണിന്റെ ചേലാണ്…..

മണ്ണിനടിയിൽ ഒളിച്ചിരുന്ന പേരറിയാത്ത വിത്തുകളൊക്കെയും മഴനനവറിഞ്ഞതും മുളപൊട്ടൻ വെമ്പിനിന്നു

കൂടെ അവരുടെ പ്രണയവും….മോഹവും….

*******************

പിറ്റേന്ന്… ഹേമന്ദ് ആൻസിയുടെ വീട്ടിൽ എത്തി.

ആൻസിയുടെ അപ്പച്ഛനോട് ചോദിക്കണം, മകളെ തനിക്കു കെട്ടിച്ചു തരുമോ എന്ന്.

ഇടത്തരം കുടുംബമാണ് ആൻസിയുടേത്. തുമ്പമറ്റത്തിലെ ഔസേപ്പ് എല്ലാവർക്കും പ്രിയപ്പെട്ട മനുഷ്യനാണ്.

എന്നിരുന്നാലും ഹേമന്ദിന് ചെറിയൊരു ഭയം തോന്നി.

ബാൽക്കണിയിൽ ഇരിക്കുകയായിരുന്ന ആൻസിയുടെ ഹൃദയം അതിദ്രുതമിടിച്ചു.

ഹേമന്ദ് കാളിങ് ബെല്ലിൽ വിരലമർത്തി.

*******************

വാതിൽ തുറന്ന് ഇറങ്ങി വന്നത് ആൻസിയുടെ അപ്പച്ഛനാണ്.

ആരാ? അയാൾ പൂമുഖത്തേക്ക് ഇറങ്ങി വന്നു.

ഞാൻ… എനിക്ക്… കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു. ഹേമന്ദ് പതർച്ചയോടെ ഔസേപ്പിനെ നോക്കി.

ഇരിക്കൂ… ഔസേപ്പ് പൂമുഖത്ത് കിടന്ന കസേര ചൂണ്ടി കാണിച്ചു.

ഹേമന്ദ് കസേരയിലേക്ക് ഇരുന്നു. തൊട്ടടുത്തു കിടന്ന കസേരയിൽ ഔസേപ്പും ഇരുന്നു.

മോൻ ഏതാ ?ഇതിനുമുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ.

എന്റെ പേര് ഹേമന്ദ്, ഞാൻ കിഴക്കേലെ സുകുമാരന്റെ മകനാണ്.

അത് ശരി.   അടുത്തടുത്ത പഞ്ചായത്ത് ആയത് കൊണ്ട്  ഞാൻ സുകുമാരനെ അറിയും. എന്താ ഇപ്പോൾ ഇങ്ങോട്ട് വന്നത് ? ഔസേപ്പ് ചോദിച്ചു.

അത്… എനിക്കൊരു കാര്യം…

എന്താ എന്തായാലും പറയൂ…

എനിക്ക് ഇവിടുത്തെ ആൻസിയെ ഇഷ്ട്ടമാണ്. വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്.

ഔസേപ്പ് ഒന്നും മിണ്ടിയില്ല..

ഹേമന്ദ് ഔസേപ്പിന്റെ മുഖത്തേക്ക് നോക്കി. അയാൾ നിലത്തേക്ക്
മിഴികളൂന്നിയിരിക്കുകയാണ്.

നിമിഷങ്ങൾ കൊഴിഞ്ഞു വീണു അയാൾ അപ്പോഴും ഒന്നും മിണ്ടുന്നില്ല

ഹേമന്ദിന് ആ മൗനം വളരെ അസഹ്യമായി തോന്നി.

അയാൾ എന്തെങ്കിലും ഒരു മറുപടി പറഞ്ഞിരുന്നെങ്കിൽ.

അല്ല.ഒന്നും പറഞ്ഞില്ല ഹേമന്ദ് പരുങ്ങലോടെ ചോദിച്ചു.

പേരെന്താന്നാ പറഞ്ഞത്?

ഹേമന്ദ്.

അതേ… മോനേ, നമ്മൾ ഒരു കുഞ്ഞിനെ പോറ്റി വളർത്തി വലുതാക്കുമ്പോൾ, ഉള്ളിൽ ചില ലക്ഷ്യങ്ങളൊക്കെയുണ്ട്.  പെൺമക്കൾ വലുതായാൽ, കൊള്ളാവുന്ന ഒരുത്തന്റെ കയ്യിൽ ഏൽപ്പിക്കുന്നത് വരെ അപ്പന്റെയും അമ്മയുടെയും ചങ്കിൽ തീയാ.

ആട്ടെ, മോനെന്താ ജോലി?

ഞാൻ,MSCകഴിഞ്ഞതാ.

അത് ജോലിയല്ലല്ലോ.

അല്ല.ഞാൻ ജോലിക്ക് പോയിരുന്നു.സാലറി കുറവായതുകൊണ്ട് അത് വേണ്ടെന്നുവച്ചു.ഇപ്പോൾ ബസ്സിൽ കണ്ടക്ടർ ആയിട്ട് പോവുകയാണ്.

ഓഹ്… അത് വല്യ ജോലി ആണല്ലോ അല്ലേ?

അങ്ങനെയല്ല. ഉടനെ വിദേശത്തേക്കു പോകാൻ പ്ലാൻ ഉണ്ട്.

ഓഹോ… ഒരു ജോലിയൊക്കെ കിട്ടിയിട്ട്  വന്ന് പെണ്ണിനെ ചോദിക്കുന്നതല്ലായിരുന്നോ അന്തസ്സ് ?അയാൾ ചോദിച്ചു.

ഉവ്വ്. പക്ഷേ ആൻസിക്ക് വിവാഹാലോചനകൾ വരുന്ന കാര്യമവൾ പറഞ്ഞു അതാണ്…

ഓഹോ അപ്പോൾ എല്ലാ കാര്യവും എന്റെ മകൾ അറിയിക്കാറുണ്ട് അല്ലേ?

അങ്ങനെയൊന്നുമില്ല..

ആട്ടെ, എന്റെ മകൾക്ക്  തന്നെയും ഭയങ്കര ഇഷ്ടമായിരിക്കും അല്ലേ?

അതെ…

ഉം…

നീ കാണാൻ കൊള്ളാം, വിദ്യാഭ്യാസവും ഉണ്ട്, ഒരു കുടുംബം പോറ്റാനുള്ള ചെറിയ ജോലിയുമുണ്ട്,അതൊക്കെ ശരി തന്നെ. പക്ഷേ കുടുംബമഹിമ എന്നൊന്ന് ഉണ്ട് മോനെ. അത് കാശു കൊടുത്താൽ കിട്ടുന്ന ഒന്നല്ല.

ഹേമന്ദ് പകപ്പോടെ അയാളെ നോക്കി.

നിന്റെ അച്ഛൻ സുകുമാരനെ അറിയാത്തവർ ആരാ ഇവിടെ ഉള്ളത്?

ആട്ടെ നിന്റെ അച്ഛൻ ഇപ്പോഴും വെ , ടി പൊ, ട്ടിക്കാൻ പോകാറുണ്ടോ?

എന്താ….?

ഹ… ഹ… ഹ… ഔസേപ്പ് തല കുടഞ്ഞു ചിരിച്ചു.

അങ്ങേര് പലയിടത്തും ദാ… നിന്നെ പോലെ ഇരിക്കുന്ന പല വിത്തുകളും നിക്ഷേപിക്കുന്ന ആളാണ് എന്നാണ് ഞാൻ അറിഞ്ഞത്.

ഹേമന്ദ് കസേരയിൽ നിന്നും ചാടി എഴുന്നേറ്റു.

അവന്റെ മുഖം വല്ലാതെ ചുവന്നിരുന്നു നെറ്റിയിൽ വിയർപ്പ് കണങ്ങൾ  ഉരുണ്ടുകൂടി.

എടാ… കൊച്ചനെ . നീ ആദ്യം പോയി നിന്റെ തന്തയെ നന്നാക്ക്. അവൻ പെണ്ണ് ചോദിച്ചു വന്നിരിക്കുന്നു.

അപ്പച്ചൻ എന്ത് മറുപടി പറയും എന്നറിയാൻ പൂമുഖ വാതിലിനു പിന്നിൽ മറഞ്ഞു നിൽക്കുകയായിരുന്ന ആൻസി അത് കേട്ടതും ഞെട്ടിപ്പോയി.

ഇറങ്ങി പോകാൻ ഇനി ഞാൻ പ്രേത്യേകം പറയണോ? ഔസേപ്പ് ശാന്തമായി ചോദിച്ചു.

ഹേമന്ദിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

അയാൾ  മുറ്റത്തേക്കിറങ്ങി.

അപ്പച്ചാ… എന്താ ഇത്? ഞാൻ പറഞ്ഞിട്ടാ ഹേമന്ദ് വന്നത്. എനിക്ക് ഹേമന്ദിനെ ഇഷ്ട്ടമാണ് അപ്പച്ചാ.ആൻസി പറഞ്ഞു.

അതൊക്കെ അപ്പച്ചൻ അറിഞ്ഞു മോളേ.. അതുകൊണ്ട് അവന്റെ വിശദ വിവരങ്ങളും ഞാൻ അറിഞ്ഞു. നിനക്ക് വേണമെങ്കിൽ അവന്റെ കൂടെ ഇറങ്ങിപ്പോകാം ഞാൻ തടയില്ല. പക്ഷെ നിനക്ക് ഇവനെ മാറിപ്പോകരുത്. കാരണം ഇതേ മുഖമുള്ള കുറെയെണ്ണം ഉണ്ടെന്നാണ് കരക്കമ്പി. ഇവന്റെ അച്ഛൻ ഒരു വി *ത്തു*കാ* ളയാ. അയാൾ ഉറക്കെയുറക്കെ ചിരിച്ചു.

ഹേമന്ദിന്റെ ഉടൽ വിറച്ചു. കാൽപാദങ്ങൾ വിയർത്ത് കാലുകൾ ചെരുപ്പിൽ നിന്നും വഴുതിയെങ്കിലും അവൻ മുന്നോട്ട് നടന്നു.

തിരിഞ്ഞ് നോക്കാതെ,അവൻ വഴിയിൽ ഒതുക്കിയ ബൈക്കിൽ കയറി പാഞ്ഞു പോയി.

ആൻസി വേദനയോടെ അപ്പച്ചനെ നോക്കി.

എന്തൊക്കെയാ അപ്പച്ചാ ഈ പറയുന്നത്? ആ മനുഷ്യനെ ഇങ്ങനെ അപമാനിക്കണമായിരുന്നോ?

മോൾ അകത്തേക്ക് കയറി പോ, അയാൾ പുഞ്ചിരി മായാതെ പറഞ്ഞു.

ആൻസി അകത്തേക്ക് പോയി.

ആൻസിയുടെ അമ്മ മോളി  അവളുടെ അടുത്തേക്ക് വന്നു.

എന്റെ പെണ്ണേ… നിന്നെ വളർത്തി ഇത്രേം ആക്കാമെങ്കിൽ നിനക്ക് പറ്റിയ ഒരാളെ തേടി താരനും അപ്പച്ചന് പറ്റും.

നീ നിന്റെ ചേച്ചിയെ കണ്ടു പഠിക്ക്. പഠിച്ചു ജോലിയും മേടിച്ച്, അപ്പച്ചൻ പറഞ്ഞ ചെറുക്കനേം കെട്ടി അങ്ങ് വിദേശത്ത് സുഖമായി ജീവിക്കുന്നു. നിനക്ക് പറ്റിയ ഒരാളെ അപ്പച്ചൻ കണ്ടെത്തി തരും.

എനിക്ക് ഹേമന്ദിനെ മതി.

അവന്റെ നാക്കപ്പിച്ച കാശും കൊണ്ട് അവൻ എത്ര നാൾ നിന്നെ നോക്കും.

എനിക്ക് ജോലിയുണ്ടല്ലോ.

ഓഹ്… പ്രൈവറ്റ് സ്കൂളിൽ പഠിപ്പിച്ചാൽ എന്നാ കിട്ടാനാ. രണ്ട് സാരി എടുക്കുമ്പോഴേക്കും നിന്റെ സാലറി അങ്ങ് തീരില്ലേ..

ഞാനേ വില കുറഞ്ഞ സാരി വാങ്ങിക്കോളാം അപ്പോൾ തീരില്ലലോ.

പെണ്ണെ, എന്നോട് എതിരും പറഞ്ഞു നിൽക്കാതെ പോകാൻ നോക്ക്.
ഇല്ലേൽ കിട്ടും എന്റെ കൈയിൽ നിന്നും.

ആൻസി അമ്മയെ ഒന്ന് മിഴിച്ചു നോക്കിയിട്ട് മുറിയിലേക്ക് പോയി.

പാവം ഹേമന്ദ് അപ്പച്ഛൻ വല്ലാതെ അവനെ അപമാനിച്ചു.

ഒരു കാര്യം ഉറപ്പായി. വിവാഹം നടക്കില്ല.

എന്ത് തന്നെ ആയാലും ഹേമന്ദിനൊപ്പമേ ജീവിക്കൂ…

കഴിഞ്ഞ മൂന്ന് വർഷമായി ഉയിർ പകുത്തവരാണ്. പ്രണയത്തിൻ വസന്തം വിരിഞ്ഞ ഒരു ദിനം,എല്ലാഅതിർവരമ്പുകളും ലംഘിച്ചു കൊണ്ടു ഒരിക്കൽമാത്രം ഉടലും പകുത്തു പോയി. ഇനി അവനില്ലാതെ വയ്യ.

പാവം ഹേമന്ദ്. അവന്റെ അച്ഛൻ അവനെയും അമ്മയെയും ഉപേക്ഷിച്ചു പോയതാണ്.  മറ്റൊരു സ്ത്രീയെ വിവാഹവും കഴിച്ചു.അതിൽ കുട്ടികൾ ഉണ്ട്. ആ സ്ത്രീ എന്തോ അസുഖം വന്ന് മരിച്ചപ്പോൾ അയാൾ മറ്റൊരു സ്ത്രീയെ കൂടെ കൂട്ടി അതിൽ മക്കളൊന്നും ഇല്ല. ഇപ്പോൾ അവർ എവിടെയാണ് എന്ന് കൂടെ അറിയില്ല. അച്ഛൻ അങ്ങനെ ആയതിനു ഹേമന്ദ് എന്തു ചെയ്യും.

സാമ്പത്തികമായി അത്ര പിന്നിലൊന്നും അല്ല അവർ. അവൻ ഓസ്ട്രേലിയക്ക് പോകാൻ ഇരിക്കുകയാണ്. അതുവരെ വെറുതെ ഇരിക്കണ്ടല്ലോ എന്നും പറഞ്ഞാണ് കണ്ടക്ടർ ആയി ജോലി നോക്കുന്നത്.

എന്തായാലും താൻ ഹേമന്ദിനൊപ്പം പോകും.

ആൻസി മനസ്സിൽ ഉറപ്പിച്ചു.

********************

എന്താടാ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത്?

ഹേമന്ദിന്റെ അമ്മ അവനോട് ചോദിച്ചു.

ഒന്നൂല്ല അമ്മേ..

നിന്റെ മുഖം കണ്ടാൽ എനിക്കറിയാം. എന്താ കാര്യം പറ.

ഞാൻ ആൻസിയെ കാണാൻ പോയി.

എന്നിട്ട്?

അവൻ വിശദ വിവരങ്ങൾ അവരോടു പറഞ്ഞു.

മോനേ നീ ആ പെൺകുട്ടിയെ മറന്നേക്കൂ… നിനക്ക് ചേരുന്ന ഒരു പെണ്ണല്ല അവൾ.

നോക്ക് ഇപ്പോൾ ഒരാലോചന വന്നിട്ടുണ്ട്. ആ പെണ്ണ് ഓസ്ട്രേലിയയിൽ
നേഴ്സ് ആണ്.  നിനക്കും അവിടെയല്ലേ ജോലി ശരിയായിരിക്കുന്നത്. ആ കുട്ടിയാണെങ്കിൽ നമ്മുടെ ജാ *തിയും.

അമ്മക്കൊന്നു മിണ്ടാതിരിക്കാമോ

എടാ… ആ ന * സ്രാ* ണി കൊച്ചിനെക്കാൾ കാണാനും കൊള്ളാം, സ്വഭാവവും കൊള്ളാം.

ആ കുട്ടി നാട്ടിലുണ്ട്. മടങ്ങിപോകും മുൻപ് കല്യാണം നടത്തണം എന്നാ അവർക്ക്. നീ പോയി ആ കൊച്ചിനെ ഒന്ന് കാണ്. നിന്റെ അച്ഛന്റെ മഹത്വമൊന്നും അവർ അറിയാൻ പോണില്ല.അറിഞ്ഞാൽ അത് മതി കല്യാണം മുടങ്ങാൻ. എനിക്ക് ഈ ജന്മത്തിൽ ആൻസിയെ മാത്രം മതി.

മതിയെങ്കിൽ ആയിക്കോ.. പക്ഷെ അമ്മയെ മറന്നേക്കണം. നിന്റെ അച്ഛൻ എന്നെ ചതിച്ചിട്ടും ഞാൻ ജീവിച്ചത് നിനക്ക് വേണ്ടിയാ. ഇനി ആർക്കും വേണ്ടി തോൽക്കാൻ എനിക്ക് വയ്യ.

കണ്ണീരോടെ അമ്മ മുറിയിലേക്ക് പോയി.

ആൻസി മോളേ, അപ്പച്ചൻ ഒരാലോചനയുടെ കാര്യം പറഞ്ഞിരുന്നല്ലോ, അവർ നാളെ നിന്നെ കാണാൻ വരും കേട്ടോ.

എനിക്കാരെയും കാണേണ്ട അപ്പച്ഛ. ആൻസി പറഞ്ഞു.

എങ്കിൽ മോൾ ഒരു കാര്യം ചെയ്യൂ…നിന്റെ സാലറി കൊണ്ട് നീ വാങ്ങിയ സാധനങ്ങളും എടുത്ത് ഇവിടുന്ന് ഇറങ്ങിക്കോ.

അയ്യോ ഇതെന്താ ഈ പറയുന്നത്? മോളി അയാളുടെ അടുത്തേക്ക് വന്നു.

വേണ്ട മോളി. എന്നെ വില കൽപ്പിക്കാത്തവർ ഇവിടെ വേണ്ടാ.

ഞാൻ പൊയ്ക്കോളാം ആൻസി വാശിയോടെ പറഞ്ഞുകൊണ്ട്  തന്റെ ബാഗിലേക്ക് കുറച്ച് സാധനങ്ങൾ എടുത്തു വച്ചു.

അവൾ കാറിന്റെ കീ എടുത്തതും അയാൾ തടഞ്ഞു.

ഇത് ഞാൻ നിനക്ക് വാങ്ങി തന്നതാ.

അവൾ കീ ടേബിളിൽ വച്ചു.

ബാഗുമായി പുറത്തേക്ക് ഇറങ്ങി.

പോകുന്നത് അവന്റെ അടുത്തേക്ക് ആയിരിക്കും. ഒരുകാര്യം സൂക്ഷിച്ചോ അവൻ വിത്തു ഗുണം കാണിക്കും.  അവൻ അവന്റെ അപ്പനെ പോലെ നാട് മുഴുവൻ കുടുംബം ഉണ്ടാക്കും. അന്ന് കണ്ണും നിറച്ചിങ്ങോട്ട് കയറി വന്നേക്കരുത്.

ഇല്ല.. ആൻസി വാശിയോടെ പറഞ്ഞു.

വഴിയിലേക്കിറങ്ങിയതും അവൾ ബാഗിൽ നിന്നും ഫോൺ എടുത്തു.

ഹേമന്ദിനെ വിളിച്ചു.

ഫോൺ സ്വിച്ച് ഓഫ് ആണ്.

അവൾ വാട്സാപ്പ് എടുത്ത് ലാസ്റ്റ് സീൻ നോക്കി.

ഒന്നും കാണുന്നില്ല. പ്രൊഫൈൽ പിക്ചർ പോലും കാണുന്നില്ല. തന്നെ ബ്ലോക്ക്‌ ചെയ്തിരിക്കുകയാണോ?

അവൾ fb യും ഇൻസ്റ്റാഗ്രാമും നോക്കി. അതെ തന്നെ എല്ലായിടത്തും ബ്ലോക്ക്‌ ചെയ്തിരിക്കുകയാണ്.

എന്തു ചെയ്യണമെന്നറിയാതെ അവൾ പെരുവഴിയിൽ പകച്ചു നിന്നു.

**********

എന്ത് ചെയ്യുമെന്ന് അറിയാതെ അവൾ വഴിയിൽ പകച്ചുനിന്നു

ഹേമന്ദ് തന്നെ ബ്ലോക്ക് ചെയ്തതായിരിക്കുമോ?

ഇല്ല.ഹേമന്ദ് ഒരിക്കലുംഅങ്ങനെ ചെയ്യില്ല. കഴിഞ്ഞ മൂന്നു വർഷമായി തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ആളാണ്.അവനെ ഒരു നിമിഷം പോലും സംശയിക്കാൻ പാടില്ല.

ഇനി എന്താണ് ചെയ്യേണ്ടത്? വീട്ടിലേക്ക് തിരികെ പോകണമോ?

വേണ്ട അങ്ങോട്ട് തിരികെ ചെന്നാൽ അപ്പച്ചൻ പറയുന്ന ഏതെങ്കിലും ഒരുത്തനെ വിവാഹം കഴിക്കേണ്ടിവരും

പറ്റില്ല.മറ്റൊരുവനെ ഈ ജന്മത്തിൽ തനിക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല.

ഇനി ഒരു വഴിയെ ഉള്ളൂ. ഹേമന്ദിന്റെ വീട്ടിൽ പോയി അന്വേഷിക്കുക.

ചിലപ്പോൾ തന്നോട് നേരിയ പിണക്കം തോന്നുമായിരിക്കും . എന്തുമാത്രമാണ് അപ്പച്ചൻ അവനെ അപമാനിച്ചത്.

മറ്റാരെങ്കിലും ആയിരുന്നെങ്കിൽ അതൊക്കെ കേട്ടുകൊണ്ട് നിൽക്കുകയൊന്നുമില്ല.എന്തെങ്കിലും തിരിച്ചു പറയുമായിരുന്നു.

അത്രയൊക്കെ അപ്പച്ചൻ പറഞ്ഞിട്ടും ഹേമന്ത് തലകുനിച്ചു നിന്ന് അതെല്ലാം കേട്ടത്, തന്നെ ഓർത്തത് കൊണ്ട് മാത്രമാണ്.

അത്രയ്ക്കും നല്ലൊരു മനുഷ്യനെ തിരിച്ചറിയാൻ അപ്പച്ചന് പോലും കഴിഞ്ഞില്ലല്ലോ.

അപ്പച്ചൻ അങ്ങനെയൊക്കെ പറഞ്ഞതിന് താൻ അവനോട് മാപ്പ് ചോദിക്കും.

അവൾ അതിലൂടെ വന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു.

അരമണിക്കൂറിനുള്ളിൽ അവൾ ഹേമന്ദിന്റെ വീട്ടിലെത്തി.

അവളെ കണ്ടതും അമ്മ ഇറങ്ങിവന്നു.

ഞാൻ ഹേമന്ദിനെ ഒന്ന് കാണാൻ വന്നതാണ്.

ആൻസി എന്നല്ലേ പേര് ?അമ്മ ചോദിച്ചു

അതെ.

ഹേമന്ദ് പറഞ്ഞിരുന്നു മിക്കവാറും ആൻസി വരുമെന്ന്.

ഹേമന്ത് എവിടെ?

അവൻ ഇവിടില്ല.

എവിടെ പോയതാണ്?

അവൻ എന്തോ ജോലിയുടെ കാര്യവുമായി ബന്ധപ്പെട്ട് പോയതാണ്.

പിന്നെ മോൾ വരുമ്പോൾ  ഇത് തരണം എന്നു പറഞ്ഞു. അവർ അവളുടെ കയ്യിലേക്ക് ഒരു പൊതി കൊടുത്തു.

ആൻസി അത് അഴിച്ചു നോക്കി

കഴിഞ്ഞ ബർത്ത്ഡേക്ക് താൻ കൊടുത്ത  ഷർട്ടാണ്.

കൂടാതെ പലപ്പോഴായി താൻ കൊടുത്ത പലതരം ഗിഫ്റ്റുകളും അതിൽ ഉണ്ടായിരുന്നു

ഇതൊക്കെ തിരിച്ചു തരണമെന്ന് അവൻ പറഞ്ഞു. ഇനിയൊരിക്കലും തമ്മിൽ കാണരുതെന്നും.

ഇല്ല. ഹേമന്ദ് ഒരിക്കലും അങ്ങനെ പറയില്ല.എനിക്ക് അവനെ കാണണം കണ്ടിട്ടേ ഞാൻ പോകൂ

അതിന്റെ ആവശ്യമില്ല ആൻസി. ഇനിയൊരിക്കലും നീ എന്റെ മകന്റെ ജീവിതത്തിൽ ഒരു തടസ്സമായി വരരുത്. അവൻ നിന്നെ മനസ്സുകൊണ്ട് ഉപേക്ഷിച്ചു കഴിഞ്ഞു.പിന്നെയും എന്തിനാണ് അവനെ തിരഞ്ഞു വരുന്നത്?

ഇല്ല ഒരിക്കലും അവനങ്ങനെ ചെയ്യില്ല. അവൾ നിഷേധാത്ഥത്തിൽ തലയാട്ടി

അമ്മ കയ്യിലിരുന്ന അവന്റെ ഫോൺ ഉയർത്തി കാണിച്ചു.

നീ വിളിക്കും എന്ന ഒറ്റക്കാരണം കൊണ്ട് അവൻ ഫോൺ എന്നെ ഏൽപ്പിച്ചതാണ്.
നിന്നോട് അവന് ഒന്നും സംസാരിക്കാൻ ഇല്ല.

അതിന് ഞാൻ എന്ത് തെറ്റ് ചെയ്തു?

എന്റെ മകനെ അപമാനിക്കാവുന്നതിന്റെ പരമാവധി നിന്റെ അപ്പച്ചൻ അപമാനിച്ചു കഴിഞ്ഞു.

അവനെ സ്നേഹിച്ചതും വിശ്വസിച്ചതും അപ്പച്ചൻ  അല്ല ഞാനാണ്. ഞാൻ എല്ലാം വിട്ടെറിഞ്ഞിട്ടാണ് പോന്നത്. മറ്റെന്തിനേക്കാളും എനിക്കിപ്പോൾ വലുത് ഹേമന്ദ് തന്നെയാണ്. അവനെ നഷ്ടപ്പെടുത്താൻ എനിക്കാവില്ല.

കുട്ടി വൈകി പോയി. നിന്റെ അപ്പച്ചൻ അവനെ ചീത്ത പറഞ്ഞപ്പോൾ അവൻ  തലകുനിച്ച് ഇറങ്ങിപ്പോന്നല്ലോ, അപ്പോൾ നിനക്ക് അവനോടൊപ്പം ഇറങ്ങി പോരാമായിരുന്നല്ലോ ? നീ അത് ചെയ്തോ,ഇല്ലല്ലോ. നീ അവനെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നെങ്കിൽ നിന്റെ അപ്പച്ചന്റെ മുന്നിലൂടെ, നീ അവന്റെ കൂടെ ഇറങ്ങിപ്പോരുമായിരുന്നു.

എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഹേമന്ദിറങ്ങി പോരുകയാണ് ചെയ്തത്. ആ നിമിഷം പോലും,വേണമെങ്കിൽ ഞാൻ ഇറങ്ങി പോരുമായിരുന്നു അവനോടൊപ്പം

വേണമെങ്കിലോ? ആർക്കുവേണമെങ്കിൽ?? അവന്റെ മനസ്സിൽ ഇപ്പോൾ നീ ഇല്ല.അവനെ അത്രയേറെ അപമാനിച്ച ഒരുവന്റെ മകളെ ഇനിയവന് സ്നേഹിക്കാൻ ആകുമെന്ന് കുട്ടി കരുതുന്നുണ്ടോ?

ഹേമന്ദിന് എന്നെ മനസ്സിലാകും. ജാ. തിയോ,  മ . തമോ, കുടുംബ മഹിമയോ, ജോലിയോ ഒന്നും നോക്കിയട്ടല്ല ഞങ്ങൾ സ്നേഹിച്ചത്. ഒന്ന് സംസാരിച്ചാൽ തീരുന്ന പിണക്കമേ ഹേമന്ദിനുള്ളൂ…

ഇല്ല കുട്ടീ… അവനിപ്പോൾ നിന്നോട് വെറുപ്പാണ്. വിവാഹമാലോചിച്ചവൻ വന്നയന്ന് നീ അവനോടൊപ്പം പോന്നിരുന്നെങ്കിൽ എന്റെ മകൻ അത്രയും നാണം കെടില്ലായിടുന്നു. അങ്ങനെയെങ്കിൽ,കുട്ടിയിപ്പോൾ ഇവിടെ ഈ വീട്ടിൽ എന്റെ മകന്റെ ഭാര്യയായി കാണുമായിരുന്നു.

ഇനിയൊരിക്കലും എന്റെ മകന്റെ മുന്നിൽ കണ്ടുപോകരുത്. ഇറങ്ങിപ്പോ ഇവിടുന്ന്. ഹേമന്ദിന്റെ അമ്മ പുറത്തേക്ക് വിരൽ ചൂണ്ടി.

ആൻസിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ പിന്തിരിഞ്ഞു നടന്നു.

താൻ ചതിക്കപ്പെട്ടു എന്ന തിരിച്ചറിവ് അവൾക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല.

വീട്ടിലേക്ക് മടങ്ങി പോയാലോ?

വേണ്ടാ…

അങ്ങനെ തോൽക്കാൻ എനിക്ക് മനസ്സില്ല. ഉള്ള ജോലി കൊണ്ട് ഒറ്റക്ക് ജീവിക്കാൻ തന്നെയാണ് തീരുമാനം.

തല്ക്കാലം വർക്കിംഗ്‌ വുമൻസിന്റെ ഹോസ്റ്റലിലേക്ക് താമസം മാറാം.

ഇനി ഹേമന്ദ് തന്നെ അന്വേഷിച്ചു വരട്ടെ, അല്ലാതെ അവനെ ഫോൺ പോലും വിളിക്കില്ല താൻ.

തന്റെ വീട്ടിൽ വന്നപ്പോൾ ഹേമന്ദിനെ അപ്പച്ഛൻ അപമാനിച്ചു. ഹേമന്ദിന്റെ വീട്ടിൽ ചെന്നപ്പോൾ തന്നെ ഹേമന്ദിന്റെ അമ്മയും അപമാനിച്ചു. നമ്മൾ തുല്യ ദുഖിതർ തന്നെയാണ്.

എനിക്കും ആത്മാഭിമാനമുണ്ട്.ഇനി ഹേമന്ദ് വരാതെ ഈ ആൻസി പിന്നാലെ വരില്ല. ആൻസി മനസ്സിൽ ഉറപ്പിച്ചു.

   ************

എന്നാലും അവളെ ഇറക്കി വിടേണ്ടിയിരുന്നില്ല മോളി കണ്ണുതുടച്ചു കൊണ്ട് ഔസേപ്പിനോട് പറഞ്ഞു.

എടീ മക്കൾ വളർന്നാൽ  അങ്ങനെയാ. അവർക്ക് ഓരോ ഇഷ്ട്ടം തോന്നും. അങ്ങനെയുള്ളവർ കുടുംബത്തിൽ തുടരരുത്.

ഞാനേ…പൂമറ്റത്ത് ഔസേപ്പാ. എന്റെ കുടുംബ പാരമ്പര്യം കളഞ്ഞുകുടിച്ച്‌ കണ്ട ഹി .ന്ദു ചെറുക്കന്റെ കൂടെ അഴിഞ്ഞാടി നടക്കുന്ന ഒരുത്തിയെ എനിക്ക് വേണ്ടാ.
എനിക്ക് ഒരു മോളേ ഉള്ളൂ… അവളെ ഞാൻ മാന്യമായി വളർത്തി കല്യാണവും കഴിച്ചയപ്പിച്ചു. ഇനിയവളെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതി. അയാൾ വാശിയോടെ പറഞ്ഞു.

എന്നാലും എന്റെ കൊച്ച് ഇറങ്ങിപ്പോയില്ലേ,  അവൻ മിടുക്കനാ, ഒന്നുവല്ലേലും ഇവിടെ വന്ന് കെട്ടിച്ചു തരുമോ എന്ന് ചോതിച്ചല്ലോ. അവൻ എന്റെ മോളേ നോക്കും എനിക്കുറപ്പാ. ആൻസിയുടെ അമ്മ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.

   ************

ദിവസങ്ങൾ അതിവേഗം കടന്നു പോയി. ആൻസി തന്റെ ജോലിയിൽ ശ്രദ്ദിച്ചു.

എങ്കിലും അവൾക്കു സമാധാനം ഉണ്ടായിരുന്നില്ല.

അന്നും പതിവ് പോലെ അവൾ ഫോൺ എടുത്തു നോക്കി. ഹേമന്ദിന്റെ ഒരു മിസ്സ്ഡ് കാൾ എങ്കിലും വന്നിരുന്നെങ്കിൽ. ഇപ്പോഴും  വാട്സാപ്പിൽ വരെ തന്നെ ബ്ലോക്ക്‌ ചെയ്തിട്ടിരിക്കുകയാണ്.

അവളുടെ ഉള്ളുരുകുന്നുണ്ടായിരുന്നു. ഒടുവിൽ രണ്ടും കല്പിച്ചവൾ സുഹൃത്തിന്റെ ഫോണിൽ നിന്നും അവനെ വിളിച്ചു.

ബെല്ലടിച്ചു നിൽക്കുന്നതല്ലാതെ ആരും കാൾ എടുക്കുന്നില്ല.

അവൾക്കു കരച്ചിൽ വന്നു.

പെട്ടന്നവൾക്ക് കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി. അവൾ കട്ടിലിൽ വന്നിരുന്നു.

അവൾ ഒരുൾക്കിടിലെത്തോടെ ഓർമ്മിച്ചു. ഈ മാസം മെൻസസ് ആയിട്ടില്ല.
അവൾ ഫോൺ എടുത്തു കലണ്ടർ ചെക്ക് ചെയ്തു. പതിമൂന്ന് ദിവസം മുൻപ് ആകേണ്ടതായിരുന്നു. ഹേമന്ദിനൊപ്പം സ്വയമറിയാതെ അവനോടൊപ്പമലിഞ്ഞു പോയ നിമിഷമോർത്തപ്പോൾ അവൾക്കു ഭയം തോന്നി.

അവൾ വേഗത്തിൽ  ടൗണിൽ തന്നെയുള്ള മെഡിക്കൽ സ്റ്റോറിലേക്ക് നടന്നു. I can വാങ്ങി തിരികെ വന്ന് റൂമിൽ കയറി വാതിൽ അടച്ചു.

ചെക്ക് ചെയ്തു നോക്കുമ്പോൾ അവളുടെ പ്രാർത്ഥന പോസിറ്റീവ് ആകരുതേ എന്നായിരുന്നു.

പക്ഷെ അവളെ ഞെട്ടിച്ചു കൊണ്ടു ഐ കാനിൽ തെളിഞ്ഞ രണ്ട് വരയിലേക്ക് നോക്കി അവൾ പകച്ചിരുന്നു.

പ്രണയം, കാമം, ഗർഭം ഇതിനൊന്നും ഒരു കാലത്തും മാറ്റം ഇല്ലേ, ഈ പുതിയ കാലത്തിലും ഇത്ര മണ്ടി ആയി പോയല്ലോ താൻ. അവൾ സ്വന്തം തലക്ക് തട്ടി. ചതിക്കപ്പെട്ട എത്രയോ കഥകൾ കേട്ടിരിക്കുന്നു. എന്നിട്ടും പഠിച്ചില്ല താൻ

ഹേമന്ദിനെ കണ്ടേ പറ്റൂ…ഇതറിയുമ്പോൾ അവൻ പിണക്കമൊക്കെ മറക്കും.

അവൻ പലപ്പോഴും പറയാറുണ്ട് അവന് ഒരുപാട് കുഞ്ഞുങ്ങൾ വേണമെന്ന്. അയ്യോ എനിക്ക് പറ്റില്ലെന്ന് പറയുമ്പോൾ അവൻ പറയും നീയിങ്ങു തന്നാൽ മതി ഞാൻ വളർത്തിക്കോളാമെന്ന്.

അവൾക്കു ചിരിയും കരച്ചിലും ഒരുമിച്ചു വന്നു

പിറ്റേന്ന് രാവിലെ തന്നെ എല്ലാ വാശിയും ഉപേക്ഷിച്ച്‌ അവൾ ഹേമന്ദിന്റെ വീട്ടിലേക്കു പോകാൻ തീരുമാനിച്ചു. ഹേമന്ദ് നിനക്ക് വേണ്ടി ഇനി ഒരായിരം തവണ വേണമെങ്കിലും ഞാൻ തോറ്റു തരാം. കാരണം എന്റെ ഉള്ളിൽ നമ്മുടെ പ്രണയത്തിന്റെ പൂമൊട്ട് വിരിഞ്ഞുതുടങ്ങി.

അവൾ ബസിൽ കയറി അവന്റെ വീടിനു മുന്നിൽ ഇറങ്ങി

അവിടെയെങ്ങും ജനങ്ങൾ കൂടി നിൽക്കുന്നു.

അവളുടെ ഉള്ളം പെരുമ്പറകൊട്ടി.

വീടാകെ അലങ്കരിച്ചിട്ടുണ്ട്. എല്ലാവരും സന്തോഷത്തിലാണ്. ഹേമന്ദ്  ക്യാമറകളുടെ നടുവിലാണ്. അവന്റെ കൈ പിടിച്ച് അണിഞ്ഞൊരുങ്ങി ഒരു സുന്ദരി പെണ്ണും.

അവളുടെ ഉള്ളം നടുങ്ങി.

ഹേമന്ദ് തന്നെ മറന്ന് മറ്റൊരാളെ ജീവിത പങ്കാളി ആക്കിയിരിക്കുന്നു.അതിന്റെ ആഘോഷങ്ങളാണ് ഇവിടെ നടക്കുന്നത്.

എങ്ങനെ കഴിഞ്ഞു അവന്? എല്ലാക്കാലത്തും ഉണ്ടാകും എന്നെപ്പോലത്തെ വിഡ്ഢികൾ. നേരെ അവന്റെ മുന്നിൽ പോയി നിന്ന് താൻ ഗർഭിണി ആണെന്ന് പറഞ്ഞാലോ? തന്നെ ചതിച്ചവനോട് രണ്ടെണ്ണം പറയാതെ പോകുന്നത് എങ്ങനെയാണ്.

വേണ്ടാ. എന്നെ മറന്നു പോയ അവനെ ഇനിയെന്തിന്  കാണണം.

അവൾക്ക് വല്ലാത്ത വെറുപ്പ് തോന്നി അവനോട്.

അപ്പോഴാണ് ഹേമന്ദിന്റെ അമ്മ അവളെ കണ്ടത്.

അമ്മ അവളുടെ അടുത്തേക്ക് വന്നു.

നീയെന്തിനാ ഇങ്ങോട്ട് വീണ്ടും വന്നത്? എന്റെ മകന്റെ ജീവിതം തകർത്തിട്ടെ പോകൂ അല്ലേ.

ഇല്ല. നിങ്ങളുടെ മകന്റെ വിവാഹം ആണെന്ന് അറിഞ്ഞിട്ട് വന്നതല്ല ഞാൻ. നിങ്ങളുടെ മകന്റെ കുഞ്ഞ് എനിക്കുള്ളിൽ ഉണ്ടെന്നു പറയാനും, ഇനിയെങ്കിലും പിണക്കം മതിയാക്കാനും പറയാൻ വന്നതാ ഞാൻ. ഇനിയതിന്റെ ആവശ്യമില്ല. ഈ ലോകത്തിൽ എനിക്കേറ്റവും വെറുപ്പ്‌ നിങ്ങളുടെ മകനോടാണ്.

ഹേമന്ദന്റെ അമ്മ അവൾ പറഞ്ഞത് കേട്ട് നടുങ്ങി നിൽക്കുകയാണ്.

ആൻസി അവരെ ഒന്ന് നോക്കിയിട്ട് പതിയെ പിന്തിരിഞ്ഞു നടന്നു.

എങ്ങോട്ട് പോകണം? മുന്നിൽ ആകെ ശൂന്യതയാണ്.

ആരും കൂടെയില്ല. ഇനിയിങ്ങനെ ജീവിക്കേണ്ടതുണ്ടോ?

അവൾ ആദ്യം കണ്ട ksrtcബസിൽ കയറി.  ലാസ്റ്റ് സ്റ്റോപ്പിൽ ഇറങ്ങി.

അവൾ ചുറ്റിലും നോക്കി. അറിയാത്തൊരു നാട്.

അവൾക്ക് ചിരി വന്നു.

അതെ ഇവിടെയാണ്‌ എന്റെ അവസാനം. ആരും അറിയാത്തൊരു നാട്ടിൽ. ആരോരും അറിയാതെ ഒരു മ. രണം.

തീരട്ടെ, എന്നെപ്പോലത്തെ വിഡ്ഢി പെണ്ണുങ്ങൾ ഇല്ലാതിരിക്കുകയാണ് നല്ലത്. താൻ സമൂഹത്തിന് എന്ത് സന്ദേശം നൽകാനാണ്? എന്നെപ്പോലെ കുറെയെണ്ണങ്ങൾ ഒടു. ങ്ങിത്തീരട്ടെ. അതാണ്‌ നാടിന് നല്ലത്. വീടിനും.

അവൾ മുന്നോട്ട് നടന്നു. വിജനമായ വഴി. ഇടത് വശത്ത് പുഴയാണ്. പുഴ കടന്ന് അപ്പുറത്ത് റെയിൽവേ പാളമാണ്.

അല്ലെങ്കിലും ആ. ത്മ. ഹത്യ ചെയ്യാൻ പോകുന്നവർ തിരഞ്ഞെടുക്കുന്നത് റെയിൽവേ പാളമോ, പുഴയോ ഒക്കെ ആണല്ലോ ആണല്ലോ. താനും ആ പതിവ് തെറ്റിക്കുന്നില്ല.

അവൾ റെയിൽവേ പാളത്തിനരുകിൽ എത്തി. ദൂരെ നിന്ന് ട്രെയിൻ വരുന്ന ശബ്ദം കേൾക്കാം.

അവൾക്ക് വീണ്ടും ചിരി വന്നു.

അവൾ പാളത്തിലേക്ക് കയറി കിടന്നു.

ട്രെയിനിന്റെ ശബ്ദം അടുത്തടുത്ത് വരുന്നു.

അവൾ കണ്ണുകൾ മുറുക്കെ അടച്ചു.

ആകാശം ഇരുണ്ടു മൂടി, അതിശക്തമായി മഴ പെയ്തു തുടങ്ങി.

പെട്ടന്നാരോ അവളെ വലിച്ചു മാറ്റിയതും ട്രെയിൽ കടന്നു പോയതും ഒരുമിച്ചായിരുന്നു.

അവൾ പിടഞ്ഞെഴുന്നേറ്റു.

രണ്ട് സ്ത്രീകളാണ്.

നിനക്കൊക്കെ ചാ. കാൻ ഇവിടെയാണോ കിട്ടിയുള്ളൂ..ഓരോന്നൊക്കെ എവിടുന്നു കുറ്റിയും പറിച്ചു വരുന്നോ എന്തോ

എടീ പെണ്ണേ നിനക്കൊക്കെ അങ്ങ് ച. ത്താൽ മതി. ഇത് കണ്ട് നിന്ന ഞങ്ങൾ പിന്നെ ഇതിന്റെ പിറകെ നടക്കേണ്ടി വരും.

അവൾ ഒന്നും മിണ്ടിയില്ല.

വല്ല പ്രേമനൈരാശ്യവും ആയിരിക്കും. വാടീ നമുക്ക് പോകാം.

ഒരുവൾ പറഞ്ഞു.

മറ്റേ സ്ത്രീ അൽപ്പം കൂടെ ദയ ഉള്ളവൾ ആണെന്ന് തോന്നി. അവൾ ആൻസിയെ അലിവോടെ നോക്കുന്നുണ്ടായിരുന്നു..

ആ സ്ത്രീ അവളുടെ കൈയിൽ പിടിച്ചു.

കുട്ടീ… മരിച്ചു കളയാൻ എളുപ്പമാ. എന്ത് പ്രശ്നം ഉണ്ടെങ്കിലും മരിക്കരുത്. ജീവിക്കാൻ ശ്രമിക്കണം.

നീ അവളെ ഉപദേശിക്കാൻ നിൽക്കാതെ ഇങ്ങ് വാ പെണ്ണേ… നമ്മൾ ഇങ്ങനെയുള്ളവളെ ഒക്കെ എത്ര കണ്ടിരിക്കുന്നു. ക .ഴ… പ്പ്. മൂത്ത് നടന്ന് വല്ല എ.., യ്ഡ്‌സും പിടിച്ച് കാണും.

ആൻസി കാത് പൊത്തി. വയ്യ ഇതൊന്നും കേൾക്കാൻ.

അവരെ ഒന്ന് നോക്കിയിട്ട് ആൻസി വഴിയിലേക്ക് കയറി നടന്നു.

ഇതെങ്ങോട്ടാണ് താൻ നടക്കുന്നത്? അവൾ ഒന്ന് തിരിഞ്ഞു നോക്കി. ആ സ്ത്രീകൾ അവളെ നോക്കി നിൽപ്പുണ്ട്.

പെട്ടന്നവൾ എന്തിലോ തട്ടി വീഴാൻ ആഞ്ഞതും അവളെ രണ്ട് കൈകൾ താങ്ങി.

ഒരു പുരുഷനാണ്.

അവൾ പിടഞ്ഞു മാറി.

തനിക്കെന്താ കണ്ണ് കണ്ടൂടെ?  അവൾ ദേഷ്യത്തോടെ അയാളോട് ചോദിച്ചു.

ഇത് ഞാൻ അങ്ങോട്ട് ചോദിക്കേണ്ട കാര്യമല്ലേ, അയാൾ ശാന്തതയോടെ ചോദിച്ചു

ആൻസി ഒന്നും പറഞ്ഞില്ല.

ഇനി ചാ.* കണമെങ്കിൽ രാത്രിയിലെ ട്രെയിൻ ഉള്ളൂ കേട്ടോ അയാൾ പതിയെ പറഞ്ഞു.

അവൾ കണ്ണുരുട്ടി അയാളെ നോക്കി.

ഞാൻ കണ്ടു ആ പെണ്ണുങ്ങൾ ചീത്ത പറഞ്ഞ് ഓടിച്ചത്. എന്താ കാമുകൻ ചതിച്ചോ, അതോ ഗ. ർഭം ആണോ?

അവൾ തീപാറുന്ന കണ്ണുകളോടെ അയാളെ നോക്കി

അല്ല ഇങ്ങനെയുള്ള ആളുകളാണ് കൂടുതലും മരണത്തെ തിരിഞ്ഞെടുക്കുന്നത്. ഈ പുതിയ കാലത്തിലും അതിനു മാത്രം ഒരു മാറ്റവും ഇല്ല,അതുകൊണ്ട് പറഞ്ഞതാ. അയാൾ പുച്ഛത്തോടെ പറഞ്ഞു.

എന്തായാൽ ഇപ്പോൾ തനിക്ക് എന്താ?

എനിക്കൊന്നുമില്ല.

അയാളെ മറികടന്ന്  ആൻസി മുന്നിലേക്ക് നടന്നു.

അതേയ് കുട്ടി ഒന്ന് നിന്നേ.ആ സ്ത്രീകൾ ഓടി അവൾക്കരുകിലേക്ക് വരുന്നുണ്ടായിരുന്നു.

അവൾ അവരെ ശ്രദ്ധിക്കുക പോലും ചെയ്യാതെ ആരോടോ ഉള്ള വാശി പോലെ മുന്നിലേക്ക് നടന്നുകൊണ്ടിരുന്നു.

അവിടെ നിൽക്കാനാ പറഞ്ഞത് അവർ അവളുടെ കൈകളിൽ പിടിച്ചു.

നിങ്ങൾക്കെന്താ വേണ്ടത് മരിക്കാൻ പോലും അനുവദിക്കാതെ ദ്രോഹിച്ചിട്ട് നിങ്ങൾക്ക് എന്ത് കിട്ടി?എനിക്ക് മരിച്ചേ പറ്റൂ

ദേഷ്യത്തോടെ അവളോട് സംസാരിച്ച സ്ത്രീ അവളുടെ കൈകളിൽ പിടിച്ചു.

കുട്ടി എന്തു പ്രശ്നമുണ്ടെങ്കിലും മരിച്ചു കളയരുത്. നിന്നെ വളർത്തി വലുതാക്കിയ ഒരു അച്ഛനും അമ്മയും നിന്നെ നോക്കി വീട്ടിലിരിപ്പുണ്ടാവും. അവർക്കീ വാർത്ത സഹിക്കാൻ ഒക്കുമോ?

അവർ സഹിച്ചോളും. എന്റെ മുന്നിൽ മറ്റൊരു വഴിയില്ല.  എന്റെ പിന്നാലെ വന്ന് എന്നെ ശല്യപ്പെടുത്തരുത്

മരണം ഒന്നിനും ഒരു പരിഹാരം അല്ല കുട്ടീ

എന്നെ ദയവായി ഉപദേശിക്കരുത്. എനിക്ക് ആരുടെയും ഉപദേശം ആവശ്യമില്ല. കൈകൾ കൊണ്ട് ചെവി പൊത്തിപ്പിടിച്ചു

മഴയായ മഴ മുഴുവൻ അവൾക്ക് മേലേക്ക് പെയ്തുകൊണ്ടിരുന്നു.

സ്ത്രീകളിൽ ഒരാൾ തന്റെ കുടക്കീഴിലേക്ക് അവളെ ചേർത്ത് നിർത്തി.

കുട്ടി ഞങ്ങൾ പ്രാരാബ്ധങ്ങൾക്കിടയിൽ ജീവിക്കുന്നവരാ, പക്ഷേ മരിക്കാൻ മാത്രംഇന്നോളം തോന്നിയിട്ടില്ല. അങ്ങനെ വെറുതെ അങ്ങ് മരിക്കാൻ ഉള്ളതാണോ നമ്മുടെയൊക്കെ ജീവിതം?

കുട്ടിക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ഞങ്ങളോട് പറ പരിഹാരംകാണാം. ഞങ്ങളും പെണ്ണുങ്ങൾ തന്നെയല്ലേ.അത്ര മനസ്സലിവില്ലാത്തവർ ഒന്നുമല്ല ഞങ്ങൾ.

പിന്നെ പെട്ടെന്ന് കുട്ടി അങ്ങനെ ചെയ്തതു കണ്ടപ്പോൾ  ദേഷ്യം വന്നു അതുകൊണ്ടാണ്  ചീത്ത പറഞ്ഞത്.
.
എടാ മഹേഷേ ഞങ്ങളെ ഒന്ന് ബസ് സ്റ്റാൻഡിൽ കൊണ്ടു വിടടാ.ഈ കൊച്ചിനെ ബസിൽ കയറ്റി അതിന്റെ നാട്ടിലേക്കു വിടാം നമുക്ക്.

അതേ,ചേച്ചീ വേണ്ടാത്ത വയ്യാവേലി ഒക്കെ എടുത്ത് തലയിൽ വയ്ക്കേണ്ട കേട്ടോ.ആ കൊച്ചു സമാധാനമായിട്ട് ഒന്നു മരിക്കട്ടെ. അത്രനേരം മിണ്ടാതെ നിന്ന പുരുഷൻ പറഞ്ഞു.

നീയൊന്നു പോടാ,ആ സ്ത്രീ അവന്റെ തോളിൽ ഒറ്റയടി വെച്ചുകൊടുത്തു

വണ്ടി റോഡരിയിൽ കിടപ്പുണ്ട് കൊണ്ടാക്കാം അയാൾ ചിരിയോടെ പറഞ്ഞു.

വരൂ… അവർ അവളുടെ കൈകളിൽ പിടിച്ചു

ഞാൻ എങ്ങോട്ടും വരുന്നില്ല.

അങ്ങനെ പറയരുത് മോളെ . എന്ത് പ്രശ്നമുണ്ടെങ്കിലും ഞങ്ങൾ കൂടെയുണ്ടാകും. വിഷമിക്കരുത്  ഒരു സ്ത്രീ അവളെ കെട്ടിപ്പിടിച്ചു.

അപ്പോൾ മാത്രം അവൾ ഉള്ളുലഞ്ഞു കരഞ്ഞു. അത്രനേരം അടക്കിപ്പിടിച്ച സങ്കടങ്ങളെ  ഇനിയും തടുത്ത് നിർത്താൻ അവൾക്കാകുന്നില്ലായിരുന്നു.

അവർ അവളുടെ ചുമലിൽ തട്ടി

സാരമില്ല. ഞങ്ങളും പെണ്ണുങ്ങളാണ് മറ്റൊരു സ്ത്രീയുടെ ദുഃഖം മനസ്സിലാക്കാൻ കഴിയും.

വരൂ… അവർ വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന ജീപ്പിനരുകിലേക്ക് ചെന്നു.

അയാൾ ജീപ്പ് സ്റ്റാർട്ട് ആക്കി

അതെ ഓടുന്ന വണ്ടിയിൽ നിന്ന് എടുത്തുചാടി  ചാകാൻ നോക്കരുത് കേട്ടോ. എനിക്ക് വയ്യ സമാധാനം പറയാൻ.പുരുഷൻ പറഞ്ഞു

നീയൊന്നു മിണ്ടാതിരിയെടാ മഹേഷേ.ആ സ്ത്രീകളിൽ ഒരാൾ പറഞ്ഞു.

നീയാ ബസ്സ്റ്റാൻഡിൽ വിട്. ഈ കൊച്ചിനെ ബസിൽ കയറ്റി വിടാം.

എവിടെയാ കൊച്ചിന്റെ വീട്?

എനിക്ക് വീട്ടിൽ പോകണ്ട.

പിന്നെ എന്തു ചെയ്യാനാ?

എനിക്കറിയില്ല.

അങ്ങനെ പറഞ്ഞാൽ എങ്ങനെയാ..

എനിക്കിനി ജീവിക്കണ്ട.എന്തിനാ എന്നെ രക്ഷിച്ചത്?

ഞാൻ പറഞ്ഞതല്ലേ ഇത് തലയിൽ ആകുമെന്ന്. മഹേഷ്‌ പറഞ്ഞു. അയാൾ ജീപ്പ് നിർത്തി.

അതേ പെണ്ണേ ദേ.. അവിടെ ആഴമുള്ള പുഴയുടെ ഭാഗമുണ്ട്. ഒരു കാര്യം ചെയ്യൂ അതിലേക്കങ്ങ് ചാടിക്കോ.

ഈ ചെറുക്കന്റെ ഒരു നാക്ക്.എന്റെ മഹേഷേ നീ ഒന്ന് മിണ്ടാതിരിക്ക്.

ഞാൻ ചുമ്മാ പറഞ്ഞതാ ചേച്ചീ, ആട്ടെ മുരളി ചേട്ടൻ എന്തിയെ?

അതിയാൻ പണിക്കു പോയെടാ.

ആൻസിക്ക് അവരുടെ സംസാരം അസഹ്യമായി തോന്നി. അല്ലെങ്കിലും മരിക്കാൻ ഇറങ്ങുന്ന മനുഷ്യർക്ക്‌ മറ്റെല്ലാം മടുപ്പായി തോന്നും.
അവർക്ക് മരണത്തിലേക്ക് നടക്കാൻ ധൃതി തോന്നും.

അതേ ഇനി എന്ത്‌ ചെയ്യാനാ പ്ലാൻ? മഹേഷ്‌ അവളോട്‌ ചോദിച്ചു.

ഞാൻ പൊയ്ക്കോളാം, ആൻസി വണ്ടിയിൽ നിന്നിറങ്ങി.

മോളേ നീ വീട്ടിൽ പോ..

ആൻസി മറുപടി പറയാതെ ആരോടോ ഉള്ള ദേഷ്യം പോലെ ആഞ്ഞു നടന്നു.

അവർ അവളുടെ പോക്ക് നോക്കി നിന്നു

ചേച്ചിയേ.. നമ്മൾ സമാധാനം പറയേണ്ടി വരും കേട്ടോ.

കണ്ടിട്ട് നല്ല കുടുംബത്തിൽ പിറന്ന കൊച്ചാണെന്ന് തോന്നുന്നു. ജീവിതമവസാനിപ്പിക്കാൻ മാത്രം എന്തു പ്രശ്നമാണോ അതിനുള്ളത്.

വാടീ നമുക്ക് പോകാം പിള്ളേർ  സ്കൂൾ വിട്ട് വന്ന് കാണും.

ഞങ്ങൾ പോയേക്കുവാ മഹേഷേ…

അവർ സൈഡിലുള്ള  ഇടവഴിയിലൂടെ പോയി.

മഹേഷ്‌ കുറച്ച് മുന്നിലേക്ക്‌ വണ്ടി ഓടിച്ചു.

ആൻസി മുന്നിൽ നടന്ന് പോകുന്നുണ്ട്.അയാൾ വാഹനം ഒതുക്കി ഇറങ്ങി

അതേ ഞാൻ ബസ്റ്റാൻഡിൽ കൊണ്ടു വിടാം. അയാൾ പറഞ്ഞു.

അവൾ അത് ശ്രദ്ധിക്കാതെ ഇടതുവശത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു.

കൊള്ളാം ആ വഴി പോയാൽ ഒരു മലയുണ്ട് അവിടുന്ന് ചാടിയാൽ ക്ലോസ് ആകും.അയാൾ ഉറക്കെ പറഞ്ഞു

പോ. ടാ…

അവൾ മുന്നോട്ട് നടക്കാൻ ആഞ്ഞതും അവൻ ബലമായി അവളെ
കൈയിൽ പിടിച്ച് നിർത്തി.

വിടെ. ടാ..

അതേ…ഇവിടെങ്ങും ഇപ്പോൾ ആരും വരില്ല.  എന്തായാലും മരിക്കാൻ പോകുവല്ലേ എന്നാപ്പിന്നെ….

അയാൾ ബലമായി അവളെ പൊക്കിയെടുത്ത് വണ്ടിയിൽ ഇട്ടു.

വിടെടാ.. അവൾ അവന്റെ ചുമലിന്നിട്ട് ഒറ്റ അ .ടി കൊടുത്തു.

ഹൊ.. എന്നാ അ.*ടിയാ  പെണ്ണേ. അയാൾ സീറ്റിന് മുകളിലെ കമ്പിയിൽ
അവളുടെ കൈകൾ ബലമായി കെട്ടിയിട്ടു.

അവൾ കാലുയർത്തി അയാളെ ചവിട്ടാൻ നോക്കി.

വിടെ. ടാ… നാ.* റീ..

മ്മ് കുടുംബത്തിൽ പിറന്ന പെണ്ണ് തന്നെ. ആ വായിൽ നിന്നും വീഴുന്ന മൃദു വാക്കുകൾ കേട്ടില്ലേ

അയാൾ വണ്ടി മുന്നോട്ടെടുത്തു

മഴ അപ്പോഴും കനത്തു പെയ്യുകയായിരുന്നു…

അയാൾ മറ്റൊരു  വീതി കുറഞ്ഞ മൺവഴിയിലേക്ക് ജീപ്പ് തിരിച്ചു. വാഹനം കുറച്ച് ദൂരം മുന്നോട്ട് പോയി.

അവൾക്കു വല്ലാത്ത ഭയം തോന്നി.

ഇനി കയറ്റമാണ്. കുലുങ്ങിയും ഗട്ടറുകൾ ചാടിയും ജീപ്പ് മുന്നോട്ട് പോയി.

അവിടിവിടെയായി ചെറിയ വീടുകൾ കാണുന്നുണ്ട്.

അയ്യോ… രക്ഷിക്കണേ… അവൾ അലറി വിളിച്ചു. മഴയിൽ അവളുടെ ശബ്ദം അലിഞ്ഞു പോയി.

ആഹാ…ഇത്രേം ഭയമോ? മരിക്കാൻ ഈ ഭയം ഇല്ലായിരുന്നല്ലോ.

നീയെന്നെ എങ്ങോട്ടാടാ കൊണ്ടുപോകുന്നത്?

ഹാ… നല്ലൊരു പെണ്ണിനെ കണ്ടാൽ, വെറുതെ അങ്ങ് വിട്ട് കളയാൻ ഒക്കുമോ  അവിവാഹിതനായ അതും സുന്ദരനായ ഒരു ചെറുപ്പക്കാരന്.

ഇന്നത്തെ മരണം നാളത്തേന് ഒന്ന് മാറ്റി വയ്ക്കന്നെ. വേണെങ്കിൽ നാളെത്തന്നെ മരിക്കാൻ പറ്റിയ നല്ലൊരു സ്ഥലം ഞാൻ കാണിച്ചും തരാം പോരെ?

തീർത്തും വിജനമായ വഴിയിലേക്ക് വാഹനം തിരിഞ്ഞു

അവൾ കൈയുടെ കെട്ടഴിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

അൽപ്പം കൂടി മുന്നോട്ടുപോയപ്പോഴേക്കും, കടുത്ത ചായം തേച്ചെന്ന പോലെ കൃഷിയിടങ്ങൾ കാണുമാറായി.

നിരപ്പുള്ള സ്ഥലമാണ്, നാനാ വിധത്തിലുള്ള കൃഷിയുമുണ്ട്.

ജീപ്പ് ചെറിയൊരു വീടിനു മുന്നിൽ ചെന്നു നിന്നു.

അയാൾ വണ്ടിയിൽ നിന്നിറങ്ങി അവളുടെ കൈയിലെ കെട്ടഴിച്ചു

ഇറങ്ങ്.

ഇല്ല. എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നത്?

ബലാ. *ത്സം… ഗം ചെയ്യാൻ.

ങ്‌ഹേ… അവൾ വിറച്ചു കൊണ്ട് അയാളെ നോക്കി.

എന്താ.. പേടിച്ചു പോയോ. അയാൾ അവളുടെ മുഖത്തിനു നേരെ മുഖം താഴ്ത്തി.

എടാ… എന്താടായിത്. പെട്ടന്നൊരു മുഴക്കമുള്ള ശബ്ദം കേട്ട് അയാൾ മുഖമുയർത്തി.

ഒന്നൂല്ല ചേട്ടായീ… വെറുതെ ഒന്ന് പേടിപ്പിക്കാൻ നോക്കിയതാ… അവൻ ചിരിയോടെ പറഞ്ഞു.

ആൻസി അയാളെ നോക്കി. കൈലി മുണ്ടുടുത്ത ഒരാൾ. ആറടി പൊക്കം ഉണ്ടെന്നു തോന്നുന്നു. ഒരു തോർത്ത്‌ തലയിൽ കെട്ടിയിട്ടുണ്ട്ഷർട്ട് ധരിച്ചിട്ടില്ല. ഒരു തൂമ്പ തോളിൽ വച്ചിട്ടുണ്ട്.

ചേട്ടായി ഈ മഴയത്ത് എന്തു ചെയ്യുവാരുന്നു? മഹേഷ് ചോദിച്ചു.

ഞാനാ മഴവെള്ളം ഒന്ന് ചാലു കീറി തിരിച്ചു വിടുവായിരുന്നു.

അയാൾ പൈപ്പിൻ ചുവട്ടിൽ നിന്ന് കാലുകൾ കഴുകി.

മഹേഷ്‌ അകത്തേക്ക് കയറിപ്പോയി.

ആ മനുഷ്യൻ അവളെ ഒന്ന് നോക്കി. ഞാൻ സൂര്യൻ അവന്റെ ചേട്ടനാ.

അകത്തേക്ക് വാ.. അയാൾ ക്ഷണിച്ചു.

ഇല്ല.

കയറി പോരെ, പേടിക്കുവൊന്നും വേണ്ടാ. മഹേഷ്‌ വിളിച്ചു പറഞ്ഞു കാര്യങ്ങൾ. ഞാനാ പറഞ്ഞത് ഇങ്ങോട്ട് കൂട്ടികൊണ്ട് പോരാൻ.

അയാൾ അകത്തേക്ക് കയറി.

ആൻസി ചുറ്റിലും നോക്കി. മഴ തോർന്നിരുന്നു. അടുത്ത് വീടുകൾ ഇല്ല. മുഴുവനും കൃഷി സ്ഥലമാണ്.

ഇതെന്ത് വിചിത്രമായ കാര്യമാണ്. ഒരു പരിചയവുമില്ലാത്ത നാട്ടിൽ ജീവിതം അവസാനിപ്പിക്കാനായി വരുന്നു. ആരോ ബലമായി ഇങ്ങോട്ട് കൊണ്ടുവരുന്നു.
കൊ** ല്ലാ ** നാണോ വളർത്താനാണോ ആർക്കറിയാം.

ചാ. കാ. ൻ സ്വന്തം നാട് തിരഞ്ഞെടുത്താൽ മതിയായിരുന്നു. പോയ ബുദ്ധി തിരിച്ചു കിട്ടില്ലല്ലോ.

ഒരൊറ്റ ഓട്ടം വച്ച് കൊടുത്താലോ?

അതേയ് ഓടി രക്ഷപ്പെടാൻ നോക്കണ്ട കേട്ടോ, നേരം എത്രയായി എന്ന് ഒന്ന് നോക്കിക്കേ…

അവൾ വാച്ചിൽ നോക്കി.

സമയം ആറു മണി ആയിരിക്കുന്നു.

ഇനി എന്ത് ചെയ്യും? അവൾക്ക് വല്ലാത്ത ഭയം തോന്നി.

കൊച്ചേ… നീയിങ്ങു പോരെ.

അയാൾ അകത്തേക്ക് കയറി.

ആൻസി ഒരുനിമിഷം കൂടെ അവിടെ തന്നെ നിന്നു

പിന്നെ അറച്ചറച്ചകത്തേക്ക് കയറി.

ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ തടുക്കാൻ പാകത്തിന്അവൾ മനസ്സ് സജ്ജമാക്കി.

ചെറിയ ഹാളിൽ ആരെയും കാണുന്നില്ല.

ഹാളിനപ്പുറം അടുക്കള ആണെന്ന് തോന്നുന്നു.

അവൾ അവിടേക്കു ചെന്നു.

പുകയടുപ്പിന്റെ പാതകത്തിൽ കയറി കുത്തിയിരുന്ന് മഹേഷ്‌ ചൂട് കട്ടൻ
കുടിക്കുന്നുണ്ട്.

സൂര്യൻ കടുപ്പത്തിൽ ഒരു ഗ്ലാസ്സ് ചായ അവൾക്കു നേരെ നീട്ടി.

അവളത് വാങ്ങിയതും മഹേഷ്‌ ചിരിയോടെ പറഞ്ഞു. ഉം… കുടിച്ചോ കുടിച്ചോ,അതിൽ ഞങ്ങൾ ബോധം കെടാനുള്ള  ഒരു മരുന്ന് ചേർത്തിട്ടുണ്ട്.

ആൻസി ചായക്കപ്പ് മാറ്റി.

ഒന്ന് മിണ്ടാതിരിക്കെടാ ചെറുക്കാ. അവൻ ചുമ്മാ വട്ട് പറയുന്നതാ കൊച്ച് ചായ കുടിച്ചോ.

സൂര്യൻ ഒരു ഗ്ലാസ്സ് ചായയുമായി ഹാളിനപ്പുറത്തെ മുറിയിലേക്ക് പോയി.

ദേ… മോളേ.. ചായ കുടിച്ചേ ആരോടോ പറയുന്ന ശബ്ദം

വേണ്ടേ ഏട്ടാ. അടഞ്ഞ ശബ്ദത്തിൽ ആരോ പറയുന്നുണ്ട്

ആൻസി അങ്ങോട്ട് ചെന്നു.

കട്ടിലിൽ  ഒരു സ്ത്രീ രൂപം. തന്റെ തോളിലേക്ക് ചാരി  ഇരുത്തിയിരിക്കുകയാണ് സൂര്യൻ അവളെ.

കിടപ്പ് രോഗി ആണെന്ന് തോന്നുന്നു. ഇരുപത്തി രണ്ടോ, ഇരുപ്പതിമൂന്നോ വയസ്സ് പ്രായം തോന്നും.

മെലിഞ്ഞ ഒരു രൂപം.

ആ  രൂപംകാണും തോറും ആൻസിക്ക് സങ്കടം വന്നു.

സൂര്യൻ തലയുയർത്തി ആൻസിയെ നോക്കി.

അനിയത്തിയാണ്, തന്നെപ്പോലെ ഒരിക്കൽ ജീവിതം അവസാനിപ്പിക്കാൻ നോക്കിയതാണ്. പൊന്നുപോലെ നോക്കി ഞങ്ങൾ കെട്ടിച്ചയച്ചതാ. പക്ഷെ  കുട്ടികൾ ഉണ്ടാവില്ലെന്നും പറഞ്ഞ്  അവൻ ഇവളെ ഒരുപാട് ദ്രോഹിച്ചു

അങ്ങനെ ആർക്കെങ്കിലും വേദനിപ്പിക്കാൻ വിട്ടുകൊടുക്കാൻ പറ്റുമോ ഞങ്ങൾക്ക് ഞങ്ങളുടെ കുട്ടിയെ ഞാൻ പോയി ഇങ്ങോട്ട് കൊണ്ടുപോന്നു

പക്ഷേ എന്നോ തോന്നിയപൊട്ടാ ബുദ്ധിക്കു സ്വന്തം ജീവിതം അവസാനിപ്പിക്കാൻ നോക്കി. അതിന്റെ ഫലമാണിത്

മഹേഷ്‌ വിളിച്ച് പറഞ്ഞു.ഒരു പെണ്ണ് ജീവിതം അവസാനിപ്പിക്കാനായി ട്രെയിനിന് മുമ്പിൽ തല വയ്ക്കാൻ നോക്കി എന്നും. കണ്ടപ്പോൾ നമ്മുടെ അനിയത്തിയെപ്പോലെ തോന്നിഎന്നും.

ഞാനാണ് പറഞ്ഞത്  ഇയാളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുപോരൂ എന്ന്.

സകല പ്രതീക്ഷയും അസ്തമിക്കുമ്പോഴാണല്ലോ ഒരാൾ സ്വന്തം ജീവിതം വേണ്ടന്ന് വയ്ക്കുന്നത്. ആ വേദനയുടെ ആഴം എത്ര ഉണ്ടെന്ന് എന്റെ അനിയത്തിയിലൂടെ ഞാൻ അറിഞ്ഞതാണ്

എന്റെ കുട്ടിയുടെ ഇരുകാലുകളും തളർന്നു പോയി. എങ്കിലും ഞാനും എന്റെ അനിയനും ഇവളെ പൊന്നുപോലെയാണ് നോക്കുന്നത്.

അത്രക്കും സ്നേഹിച്ചതാണ് ഞങ്ങൾ ഇവളെ.

സൂര്യൻ പുറം കൈകൊണ്ടു നിറഞ്ഞ കണ്ണുകൾ തുടച്ചു.

നിങ്ങളെപ്പോലെയുള്ളവർക്ക് ഒറ്റ നിമിഷത്തെ തോന്നലാണ്. കൂടെയുള്ളവരെക്കുറിച്ച് അവരുടെ വേദനകളെക്കുറിച്ച്, ഒരു നിമിഷം പോലും ചിന്തിക്കുകയില്ല.

ആൻസി തലകുനിച്ചു

വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. സങ്കടങ്ങളൊക്കെ കരഞ്ഞു തീർക്ക്. എന്നിട്ട് ജീവിതത്തോട് പൊരുതാൻ തീരുമാനിക്ക്.

ഞങ്ങൾ കുട്ടിയെ വീട്ടിൽ കൊണ്ടാക്കാം. ഇപ്പോൾ ഒന്നും ആലോചിക്കേണ്ട, സമാധാനമായിരിക്കാൻ ശ്രമിക്ക്

സൂര്യൻ അനുജത്തിയെ നിർബന്ധിച്ചാല്പാല്പമായി ചായ കുടിപ്പിച്ചു.

ഏട്ടന് ഞാനൊരു ബുദ്ധിമുട്ടായി അല്ലേ ആ പെൺകുട്ടി അടഞ്ഞ ശബ്ദത്തിൽ പതിയെ ചോദിച്ചു.

ഇല്ല മോളേ, എന്റെ ജീവിതാവസാനം വരെ നിന്നെ ഞാൻ എന്റെ തോളിലേറ്റി നടക്കും.

അതേയ്… മതി കരച്ചിലും പിഴിച്ചിലും.

ഈ മഴത്ത് തിന്നാൻ നല്ല ചൂട് കപ്പയും, മീൻകറിയും ഉണ്ട്. വന്നാൽ എല്ലാവർക്കും കിട്ടും.ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് തിന്നു തീർക്കും പറഞ്ഞേക്കാം. മഹേഷ് വാതിൽക്കൽ വന്നു നിന്നു പറഞ്ഞു.

എടാ ചെറുക്കാ എനിക്കുള്ളത് മാറ്റി വെച്ചേക്കണം കേട്ടോ. കട്ടിലിൽ കിടന്ന പെൺകുട്ടി ഒച്ചയുയർത്തി പറഞ്ഞു.

സൂര്യൻ അത് കേട്ട് ചിരിച്ചു.

സൂര്യനവളെ കൈകളിൽ കോരിയെടുത്ത് അടുത്തു കിടന്ന വീൽചെയറിൽ ഇരുത്തി.

ആൻസിയുടെ അരികിൽ വന്നപ്പോൾ ആ പെൺകുട്ടിആൻസിയുടെ കൈകളിൽ പിടിച്ചു.

സാരമില്ല ഒക്കെ ശരിയാകും കേട്ടോ. മഹേഷ് അന്നേരം തന്നെ വിളിച്ചു ഞങ്ങളോട് കാര്യം പറഞ്ഞിരുന്നു.

ആൻസി ഒന്ന് പുഞ്ചിരിച്ചു.

പേരെന്താ? അവൾ ആൻസിയോട് ചോദിച്ചു

ആൻസി.

എന്റെ പേര് ശ്രീദേവി. സ്നേഹമുള്ളവർ എന്നെ ശ്രീക്കുട്ടി എന്ന് വിളിക്കും

ഓഹോ അങ്ങനെയാണെങ്കിൽ ഞാൻ മഹേഷ് സ്നേഹമുള്ളവർ എന്നെ മഹി എന്ന് വിളിക്കും. മഹേഷ് മുന്നിലേക്ക് വന്നു നിന്ന് പറഞ്ഞു.

പോടാ പൊട്ടാ.. ശ്രീക്കുട്ടി അവന്റെ കാലിന്നിട്ട് ഒരടി വച്ച് കൊടുത്തു.

കേട്ടോ ആൻസി,ഇവന്റെ നാക്ക് ലേലത്തിന് വെച്ചാൽ പോലും ആളുകൾ വാങ്ങിച്ചു കൊണ്ടുപോകും അത്രക്കും നാക്കാ ചെറുക്കന്. ശ്രീക്കുട്ടി തമാശയോടെ പറഞ്ഞു.

ഓഹ് തുടങ്ങി രണ്ടാളും കൂടെ..ഇതുങ്ങള് പണ്ട് മുതലേ കീരിയും പാമ്പും പോലെയാ. സൂര്യൻ പറഞ്ഞു

ഇവളെ എന്നെക്കാൾ രണ്ടു വയസ്സിന് ഇളയതാ, പക്ഷേ സംസാരം കേട്ടാൽ തോന്നും ഞാനവളുടെ അനിയൻ ആണെന്ന്. എന്നെ ഒരു ബഹുമാനവും ഇല്ല അവൾക്ക്. മഹേഷ് പറഞ്ഞു

അയ്യടാ ബഹുമാനിക്കാൻ പറ്റിയ ഒരു സാധനം.

അവരുടെ ആ സംസാരം ഒക്കെ കേട്ട് നിന്ന ആൻസിക്ക് തന്റെ മനസ്സ് ശാന്തമാകുന്നത് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു.

ഒറ്റ നിമിഷത്തെ തോന്നലിൽ താൻ ജീവിതം അവസാനിപ്പിച്ചിരുന്നെങ്കിലോ എന്ന് അവൾ നടുക്കത്തോടെ ഓർത്തു.

ആൻസി ഭക്ഷണം കഴിക്കൂ കേട്ടോ സൂര്യൻ ഒരു പാത്രത്തിൽ അവൾക്കായി ചൂടുള്ള കപ്പയും മീൻ കറിയും വിളമ്പി.

രാവിലെ മുതൽ താൻ ഒന്നും കഴിച്ചിരുന്നില്ലല്ലോ എന്ന് ആൻസി അപ്പോഴാണ് ഓർത്തത്.വിശപ്പൊക്കെ എപ്പോഴോ കെട്ടു പോയിരുന്നു.

കൈ കഴുകാതെതന്നെ അവൾ ആർത്തിയോടെ ഭക്ഷണം കഴിച്ചു തുടങ്ങി.

എടി ശ്രീക്കുട്ടി നീ കുറച്ച് മാറിനിന്നോ ഇല്ലെങ്കിൽ വിശപ്പ് കാരണം ദേ ആ സാധനം നിന്നെയും പിടിച്ചു തിന്നും മഹേഷ് ആൻസിയെ കളിയാക്കി.

അത് കേട്ടതും സൂര്യൻ ഉറക്കെ ചിരിച്ചു.

മഹേഷിന് നേരെ കണ്ണുരുട്ടി ഒന്നു നോക്കിയിട്ട്  ആൻസി ഭക്ഷണം കഴിക്കാൻ തുടങ്ങി.

   ************

എന്നാലും ആൻസി പോയിട്ട് ഇത്രയും ആയില്ലേ.

നിങ്ങൾ ഇതുവരെ അവളെ കുറിച്ച് അന്വേഷിച്ചോ മനുഷ്യാ മോളി ഔസേപ്പിനോട് ചോദിച്ചു.

ഉണ്ടാക്കിയത് ഞാനല്ലേ, അതുകൊണ്ട് ഞാൻ അന്വേഷിക്കാതെ ഇരിക്കുമോ.
അവരുടെ കല്യാണം ഒക്കെ കഴിഞ്ഞു. അന്ന് വൈകുന്നേരത്തെ ഫ്‌ളൈറ്റിനു അവർ വിദേശത്തേക്ക് പോയി എന്നാ അറിയാൻ കഴിഞ്ഞത്. എന്നാലും  നമ്മളെയൊന്നും അറിയിക്കാൻ പോലും തോന്നിയില്ലല്ലോടി അവൾക്ക്

നിങ്ങൾ അവളെ ഇറക്കി വിട്ടിട്ടല്ലേ മനുഷ്യാ…

ഞാൻ ഇറക്കിവിട്ടു എന്നുള്ളത് ശരിയാണ്.ഒന്നുമല്ലെങ്കിലും അവൾക്ക് ഒരു ചെറിയ ജോലിയൊക്കെ ഉള്ളതല്ലേ. പിന്നെ കൈപിടിച്ചു കൂടെ കൂട്ടാൻ ഒരുത്തനും ഉണ്ടല്ലോ. ആ ഒരു ധൈര്യം ഒക്കെ ഉള്ളിൽ ഉള്ളതുകൊണ്ട് തന്നെയാടീ ഞാൻ അവളെ ഇറക്കിവിട്ടത്.

എന്നാലും ഇത്രകാലം പോറ്റി വളർത്തിയതല്ലെടീ നമ്മൾ എന്നിട്ടും ഒരു വാക്ക് പോലും പറയാതെ അവനെ വിവാഹവും കഴിച്ച്‌ അവർ വിദേശത്തേക്ക് പോവുകയും ചെയ്തു.

എന്നാലും അവൾക്കൊന്നു ഫോൺ എങ്കിലും വിളിക്കാമായിരുന്നു.

ഞാൻ അവനെ അത്രയും അപമാനിച്ചിട്ടല്ലേ പറഞ്ഞയച്ചത് അതിന്റെ ദേഷ്യം അവനുണ്ടായിരിക്കും. അവൻ സമ്മതിക്കാഞ്ഞിട്ടായിരിക്കും അവൾ വിളിക്കാഞ്ഞത്.

ആഹ്, ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അവർ നന്നായി ജീവിക്കട്ടെ…

മോളി അടുക്കളയിലേക്ക് നടന്നു.

******************

ഹേമന്ദ് മേഘയുടെ അരികിൽ ഇരുന്നു.

മേഘാ… ഞാൻ നിന്നോട് പറഞ്ഞിരുന്നല്ലോ, ഞാൻ മറ്റൊരു പെൺകുട്ടിയെ സ്നേഹിച്ചിരുന്ന വിവരം.

ഉവ്വ്. എല്ലാം തുറന്നു സംസാരിച്ചിട്ട് തന്നെയല്ലേ നമ്മൾ വിവാഹിതരായത്.

പക്ഷേ മേഘ, എനിക്ക് കുറച്ച് സമയം തരണം. ആൻസിയെ പൂർണമായി മറക്കാൻ എനിക്ക് സാധിച്ചിട്ടില്ല.

എനിക്ക് മനസ്സിലാകും ഹേമന്ദ്. എനിക്ക് പരാതിയോ വിഷമമോ ഒന്നുമില്ല. ഇപ്പോൾ ഹേമന്ദ് സമാധാനമായിരിക്കൂ..

മേഘ അപ്പുറത്തെ മുറിയിലേക്ക് പോയി

ഹേമന്തിന് ആശ്വാസം തോന്നി

തന്നെ മനസ്സിലാക്കാൻ കഴിയുന്നവൾ തന്നെയാണ് മേഘ.

അയാൾ ആൻസിയെ കുറിച്ച് ഓർത്തു

എങ്കിലും അവളുടെ അപ്പച്ചൻ തന്നെ അത്രയേറെ അപമാനിച്ച്‌ വിട്ടിട്ടും അവൾ തന്റെ കൂടെ വരാത്തത് എന്തായിരിക്കും?

തന്നെ ഒന്ന് വന്ന് അന്വേഷിക്കാൻ പോലും അവൾക്ക് തോന്നിയില്ലല്ലോ.

തന്റെ ഫോൺ എവിടെയോ നഷ്ടപ്പെട്ടു പോയിരുന്നു. പുതിയ ഫോൺ എടുത്തു കഴിഞ്ഞപ്പോൾ ആദ്യം വിളിക്കാൻ തോന്നിയത് ആൻസിയെ തന്നെയാണ്.

പക്ഷേ അമ്മയാണ് തടഞ്ഞത്. നിന്നോട് ആത്മാർത്ഥമായുള്ള സ്നേഹമാണ് അവൾക്കുള്ളതെങ്കിൽ അവൾ നിന്നെ അന്വേഷിച്ച് ഇവിടെ വരുമെന്ന് അമ്മ പറഞ്ഞു.

ആലോചിച്ചപ്പോൾ അത് തന്നെയാണ് ശരിയെന്ന് തനിക്കും തോന്നി.

പക്ഷേ ഒരു ദിവസം പോലും  അവൾ വന്നില്ല.

അവൾ തന്നെ ഒട്ടും സ്നേഹിച്ചിരുന്നില്ലേ?

സാരമില്ല അതൊന്നും താൻ ഇനി ഓർക്കേണ്ട..താൻ ഇപ്പോൾ മേഘയുടെ ഭർത്താവാണ്.

അയാൾ കട്ടിലിലേക്ക് കിടന്നു കണ്ണുകൾ അടച്ചു.

******************

രണ്ടു ദിവസങ്ങൾ അതിവേഗം കടന്നു പോയി

ആൻസി ശ്രീക്കുട്ടിയുമായി നല്ല കൂട്ടാണ്..ശ്രീക്കുട്ടി അവളോട് വ്യക്തിപരമായ ഒരു കാര്യങ്ങളും അന്വേഷിച്ചില്ല.

എങ്കിലും അവർക്ക് സംസാരിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.

അവർ സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ്. സൂര്യൻ  അവരുടെ അടുത്തേക്ക് വന്നത്

ആൻസി… അയാൾ വിളിച്ചു.

ആൻസി മുഖമുയർത്തി അയാളെ നോക്കി.

ഇപ്പോൾ ആൻസിയുടെ മനസ്സൊക്കെ ഓക്കേ ആയില്ലേ?

അവൾ തലകുലുക്കി.

ഇനി എന്തായാലും മരണത്തെക്കുറിച്ച് ഒന്നും ചിന്തിക്കില്ല എന്ന് ഞാൻ കരുതട്ടെ?

അവൾ വീണ്ടും തല കുലുക്കി

ഇനി പറയൂ ആൻസിക്ക് എങ്ങോട്ടാണ് പോകേണ്ടത്.ഞാൻ കൊണ്ട് ചെന്നാക്കാം. പോകാൻ റെഡി ആയിക്കോളൂ

അയാൾ മുറിക്ക് പുറത്തേക്ക് ഇറങ്ങി.

എങ്ങോട്ട്…എങ്ങോട്ടാണ് താൻ പോകേണ്ടത്? വീട്ടിലേക്ക് ചെന്നാൽ അപ്പച്ചനും അമ്മയും തന്നെ സ്വീകരിക്കുമോ?

അവൾക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല

എന്താണ് പറയേണ്ടതെന്നറിയാതെ നിസ്സഹായയായി അവൾ അവരെ നോക്കി.

എനിക്ക് വീട്ടിലേക്ക് തിരിച്ച് ചെല്ലാനാകില്ല അവൾ പറഞ്ഞു.

ആഹ്.. ഞാൻ പറഞ്ഞില്ലേ ഇത് ഗർഭം തന്നെയാണ്.അല്ലേ?മഹേഷ് അവളോട്. ചോദിച്ചു

ഒന്നും മിണ്ടാതിരിക്കടാ.ശ്രീക്കുട്ടി അവനെ പേടിപ്പിച്ചു.

ആൻസി തലകുനിച്ചു.

കണ്ടോ കണ്ടോ, തലകുനിച്ചു വച്ചിരിക്കുന്നത്. ഇത് അത് തന്നെയാണ്..ഗ. ർഭം ഉണ്ടാക്കിയവൻ ഉപേക്ഷിച്ചു പോയി കാണും അല്ലേ?

മഹി നിന്റെ നാക്ക് കുറച്ചു കൂടുന്നുണ്ട് കേട്ടോ.സൂര്യൻ അവനെ വഴക്കു പറഞ്ഞു.

അതല്ല ചേട്ടായി,നമ്മൾ സിനിമകളിലൊക്കെ കാണാറില്ലേ, പല പല കഥകളും നമ്മൾ വായിച്ചിട്ടില്ലേ. അതിലൊക്കെ ഇങ്ങനെയല്ലേ? നായിക ഗ. ർഭിണി ആകുന്നു ,ഗ. ർ. ഭത്തിന്റെ കാരണക്കാരൻ ഉപേക്ഷിച്ചു പോകുന്നു. നായിക കണ്ണീരും കയ്യുമായി നടക്കുന്നു. എന്നിട്ട് ഏതെങ്കിലും ഒരുത്തന്റെ തലയിൽ കയറുന്നു.

അതേയ്…ഇവിടെ അതൊന്നും നടക്കില്ല കേട്ടോ. ചേട്ടായി ആണെങ്കിൽ കല്യാണം കഴിക്കുന്നില്ല എന്നും പറഞ്ഞ് ഒറ്റക്കാലിൽ നിൽക്കുന്ന ആളാണ്.
പിന്നെയുള്ളത് ഞാൻ മാത്രമാണ്.വേണോങ്കിൽ ഞാൻ കെട്ടാം കേട്ടോ, അതാകുമ്പോൾ ഒരു കൊച്ചിനെ ഫ്രീയായി കിട്ടുമല്ലോ മഹേഷ് തല കുടഞ്ഞ് ചിരിച്ചു.

ഈ ചെറുക്കന്റെ ഒരു കാര്യം എന്താ ഏതാ പറയേണ്ടത് എന്നൊന്നും  ഇല്ല. വായിൽ വരുന്നതൊക്കെ വിളിച്ചുപറയും. നീ അപ്പുറത്തേക്ക് എങ്ങാനും പോ ചെറുക്കാ. സൂര്യൻ ഇത്തവണ അല്പം ഉച്ചത്തിലാണത് പറഞ്ഞത്.

ആൻസി അപ്പോഴും തലകുനിച്ചു നിൽക്കുകയാണ്.

കുട്ടി എന്തായാലും റെഡിയാക്‌.ഞാൻ വീട്ടിൽ കൊണ്ടുചെന്ന് ആക്കാം. ഇനി മഹി പറഞ്ഞതുപോലെ എന്തെങ്കിലുമൊരബദ്ധം പറ്റിയതാണെങ്കിൽ കൂടി,വീട്ടുകാർ അത് ക്ഷമിക്കാൻ തയ്യാറാകും. എന്തെങ്കിലും ഒരു പോം വഴി അവർ കണ്ടെത്തുക തന്നെ ചെയ്യും

ഇല്ല.ഞാൻ അങ്ങോട്ട് പോകില്ല.. ആൻസിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി

അപ്പച്ചൻ അന്നേ പറഞ്ഞതാണ് ഹേമന്ദ് ചതിക്കും എന്ന്. പക്ഷേ അവനോടുള്ള സ്നേഹത്തിന്റെ ആഴത്തിൽ ഞാൻ അതൊന്നും വിശ്വസിക്കാൻ തയ്യാറായില്ല. എന്റെ തെറ്റാണ്,എന്റെ മാത്രം തെറ്റാണ്

അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു.

പിന്നെ എന്ത് ചെയ്യാനാ പ്ലാൻ? ബന്ധുക്കളുടെ ആരുടെയെങ്കിലും അടുത്ത് കൊണ്ട് ചെന്നാക്കട്ടെ ?

ഇല്ല.ഞാനിനി ആ നാട്ടിലേക്ക് പോവില്ല. ഞാൻ എങ്ങനെ ഇനി തല ഉയർത്തി നടക്കും.

ഓഹോ ഇതൊന്നും നേരത്തെ ഓർമ്മിച്ചില്ലായിരുന്നോ മഹേഷ് വീണ്ടും ചോദിച്ചു

ദേ ചെറുക്കാ…എന്റെ കയ്യിൽ നിന്ന് വാങ്ങിച്ചു കൂട്ടരുത് കേട്ടോ,നിന്നോട് ഞാൻ പറഞ്ഞതല്ലേ അപ്പുറത്ത് എങ്ങാനും പോയിരിക്കാൻ. എപ്പോഴും എല്ലാവർക്കും തമാശ ആസ്വദിക്കാൻ ഒന്നും പറ്റിയെന്നുവരില്ല

അത് കേട്ടപ്പോൾ മഹേഷിന് സങ്കടം വന്നു

അല്ലെങ്കിലും സൂര്യൻ അവനെ വഴക്കു പറഞ്ഞാൽ അവന് സഹിക്കാൻ ആവില്ല.

അവൻ മിണ്ടാതെ അപ്പുറത്തെ മുറിയിലേക്ക് പോയി.

ഏട്ടാ ഗ. ർ. ഭിണിയായ ഒരു സ്ത്രീയെ പെരുവഴിയിലേക്ക് ഇറക്കി വിടരുതേട്ടാ. അതുവരെ മിണ്ടാതിരുന്ന ശ്രീക്കുട്ടി പറഞ്ഞു.

ഞാൻ ഇവിടെ നിന്നോട്ടെ? ആൻസി ചോദിച്ചു

അതെങ്ങനെ സാധിക്കും?

ഇവിടെ ശ്രീക്കുട്ടിയെ നോക്കാൻ ഒരാൾ വേണ്ടേ? ഞാൻ നിന്നോളാം ഞാൻ നോക്കിക്കോളാം ഒന്നും തരണ്ട.കഴിക്കാൻ ആഹാരം മാത്രം മതി. എന്നെ പറഞ്ഞു വിടരുത് ആൻസി കൈകൂപ്പി.

സൂര്യൻ ഒന്നു മിണ്ടിയില്ല. എന്ത് തീരുമാനം എടുക്കണമെന്ന്അയാൾക്കറിയില്ലായിരുന്നു.

രണ്ട് അവിവാഹിതരായ പുരുഷന്മാർ താമസിക്കുന്ന വീടാണ്. അല്ലെങ്കിലും പരിചയമില്ലാത്ത ഒരു സ്ത്രീയെ എങ്ങനെയാണ് വീട്ടിൽ താമസിപ്പിക്കുക.

അതൊന്നും ശരിയാവില്ല ആൻസി.അയാൾ പറഞ്ഞു

അങ്ങനെ പറയരുത്. എന്റെ മുൻപിൽ മറ്റൊരു വഴിയുമില്ല.

ഏട്ടാ ആൻസി ഇവിടെ നിന്നോട്ടെ. അവൾ വെറും പാവമാണ് ഏട്ടാ.. അതിനെ ഇറക്കി വിടരുത്.എനിക്കൊരു സഹായവും ആകുമല്ലോ, എത്രയാന്ന് വച്ചാ  ഏട്ടാ ഏട്ടനെയും മഹിയെയും ഞാൻ ബുദ്ധിമുട്ടിക്കുന്നത്.

അതെന്താ ,ഞങ്ങൾ മോളേ നന്നായി അല്ലേ നോക്കുന്നത്? സൂര്യൻ ശ്രീക്കുട്ടിയോട് ചോദിച്ചു.

എന്റെ പുണ്യമാണ് എന്റേയീ സഹോദരങ്ങൾ പക്ഷെ,എല്ലാകാര്യത്തിനും സഹോദരനെ ആശ്രയിക്കേണ്ടി വരുന്ന ഒരു പെണ്ണിന്റെ നിസഹായാവസ്ഥ  മറ്റാർക്കും മനസ്സിലാവില്ല.ആൻസി ഇവിടെ ഉണ്ടെങ്കിൽ എനിക്ക് കുറച്ചൂടെ സന്തോഷം ആകുകയേ ഉള്ളൂ ഏട്ടാ..

എന്നാൽ നിന്നോട്ടെ….അയാൾ പറഞ്ഞു.

അത് വേണ്ടാ അത് ശരിയാകില്ല, ഒരാൾക്കും കൂടെയുള്ള ഭക്ഷണം ഞാൻ ഉണ്ടാക്കേണ്ടി വരില്ലേ?  വീണ്ടും അങ്ങോട്ട് കടന്നു വന്നുകൊണ്ട് മഹേഷ്‌ ചോദിച്ചു.

അത് വേണം നീ തന്നെ ഉണ്ടാക്കണം. നീ ഉണ്ടാക്കിയാലേ രുചി ഉള്ളൂ…സൂര്യൻ അവന്റെ തോളിൽ തട്ടി ചിരിയോടെ പറഞ്ഞു.

ഓഹ്…ഓരോ കഷ്ടകാലം വരുന്ന വഴിയേ.. അവൻ തലയിൽ കൈ വച്ചു.

******************

ദിവസങ്ങൾ ഓരോന്നായി കടന്നു പോയി. ആൻസി ശ്രീക്കുട്ടിയുടെ കാര്യങ്ങൾ ഏറ്റെടുത്തു.

ശ്രീക്കുട്ടിക്കും അതൊരു ആശ്വാസമായിരുന്നു. ഒരു പെണ്ണിനെ പരിചരിക്കാൻ മറ്റൊരു പെണ്ണു തന്നെ വേണം എന്നാണ് അവളുടെ പക്ഷം.

സൂര്യന് കൃഷിപ്പണിയാണ്. MBA ക്കാരൻ ആണെങ്കിലും, മറ്റെവിടെയെങ്കിലും  പോയി ജോലി നോക്കാൻ സൂര്യന് മടിയാണ്. കുറച്ച് കാലം സൂര്യൻ ഡൽഹിയിൽ ജോലി നോക്കിയിരുന്നത്രെ. പക്ഷെ ഈ നാടും വീടും വിട്ട് മറ്റെവിടെ പോയാലും ഉള്ളിൽ സന്തോഷം തോന്നുന്നില്ലെന്ന്.അതുകൊണ്ട്  ജോലി ഉപേക്ഷിച്ചു തിരികെ പോന്നു. ഈ മണ്ണിൽ അധ്വാനിച്ചാൽ സുഖമായി ജീവിക്കാൻ ഉള്ളത് കിട്ടുമെന്നാണ് സൂര്യൻ പറയുന്നത്.

മഹി ജോലിക്ക് പോകുന്നുണ്ട്. ഇൻഷുറൻസിന്റെയോ മറ്റോഓഫിസിൽ ആണത്രേ..അവന് മണ്ണിൽ ഇറങ്ങി പണിയുന്നതൊന്നും ഇഷ്ട്ടമല്ല.

സൂര്യന്റെ ജീപ്പും എടുത്ത് കൂട്ടുകാർക്കൊപ്പം കറങ്ങാൻ  പോകുന്നതാണ് അവന് ഇഷ്ട്ടം. ഇങ്ങോട്ട് മറ്റ് വാഹനങ്ങൾ ഒന്നും കയറിവരില്ല.

മഹേഷിന് ബൈക്ക് വേണമെന്ന് വലിയ ആഗ്രഹമാണ്. കിട്ടിയ സാലറി ഒക്കെ കൂട്ടി വച്ച് ഒരു ബൈക്ക് വാങ്ങിക്കോട്ടെ എന്ന് ചോദിച്ച്‌ സൂര്യന്റെ പിറകെ നടക്കലാണ് അവന്റെ ഇപ്പോഴത്തെ പണി.

സൂര്യൻ സമ്മതിക്കില്ല. ബൈക്ക് ഓടിക്കണ്ട എന്നാണ് സൂര്യൻ പറഞ്ഞിരിക്കുന്നത്.

ദിവസങ്ങൾ പോകെപ്പോകെ ആൻസി ആ വീട്ടിലെ ഒരു അംഗത്തെ പോലെയായി.

രാവിലെ എഴുന്നേറ്റ് ശ്രീക്കുട്ടിയെ വൃത്തിയാക്കാനും, മഹേഷിന്റെ കൂടെ അടുക്കളപ്പണിക്കും ഒക്കെ ആൻസി കൂടും.

സൂര്യൻ രാവിലെ തന്നെ പറമ്പിലേക്കിറങ്ങും മണ്ണെന്നാൽ അയാൾക്ക്‌ ജീവനാണ്.

അതേ മഹേഷേ… ഇന്ന് നമുക്ക് ഇത്തിരി പായസം വച്ചാലോ ആൻസി ചോദിച്ചു.

ഈ മഹേഷേ… എന്ന് നീട്ടി വിളിക്കണ്ട, സ്നേഹമുള്ളവർ എന്നെ മഹീ എന്നാണ് വിളിക്കുന്നത്‌. അയാൾ പറഞ്ഞു.

അത് സ്നേഹമുള്ളവർ അല്ലേ…

ഓഹ്… അപ്പോൾ സ്നേഹം ഇല്ലെന്ന്..

ഇല്ല… ആൻസി ചിരിയോടെ പറഞ്ഞു.

ആഹ്… അങ്ങനെയാണേൽ പായസം ഉണ്ടാക്കാം..

ഇവന്റെ ഒരു കാര്യം.. ആൻസി അവന്റെ ചുമലിൽ അടിച്ചു.

അവർ പായസം ഉണ്ടാക്കി എല്ലാവരും ഓരോ ഗ്ലാസ്സ് എടുത്തു. ആൻസി ശ്രീക്കുട്ടിക്ക് ഒരു ഗ്ലാസ്‌ പായസം മുറിയിലേക്ക് കൊണ്ട് കൊടുത്തു

ഇന്നെന്താ പായസമൊക്കെ ഉണ്ടാക്കിയത്? ഓഹ് പറഞ്ഞപോലെ വയറ്റിൽ ഒരാൾ ഉണ്ടല്ലോ അല്ലേ, അതാണ്‌ ഓരോ കൊതിയൊക്കെ തോന്നുന്നത്. ശ്രീക്കുട്ടി പറഞ്ഞു

ആൻസി അറിയാതെ കൈ വയറ്റിൽ വച്ചു. ശരിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി മനസ്സിലേക്ക് താൻ ഗ. ർഭിണി ആണെന്നുള്ള ചിന്ത വരുന്നതുപോലുമില്ലായിരുന്നു. ഒരു പക്ഷെ താനീ കുഞ്ഞിനെ വെറുക്കുന്നത് കൊണ്ടാകുമോ?

വേണ്ടാ… ഈ കുഞ്ഞ് ജനിക്കാതിരിക്കുന്നതാണ് നല്ലത്. അച്ഛനില്ലാത്ത ഈ കുഞ്ഞിനെ എങ്ങനെ വളർത്തുമെന്ന് കരുതിയാണ് താൻ ജീവിക്കുന്നത്.

കുഞ്ഞ് വളർന്നു കഴിഞ്ഞാൽ അച്ഛൻ എവിടെ എന്ന് ചോദിക്കില്ലേ? താൻ എന്ത് മറുപടി പറയും. എങ്ങനെ ജീവിക്കും? തന്റെ ജോലി? തന്റെ ഭാവി?

താൻ കുറേക്കൂടെ പക്വത കാണിച്ചേ പറ്റൂ…

എന്ത് പറ്റി ആൻസി? അവളുടെ ഭാവമാറ്റംകണ്ട് ശ്രീക്കുട്ടി ചോദിച്ചു.

എന്താ. ടീ…മഹേഷും, സൂര്യനും അങ്ങോട്ട് വന്നു.

എനിക്ക്… എനിക്ക്… ഈ കുഞ്ഞിനെ വേണ്ടാ.ഇവിടെ അടുത്തെവിടെയെങ്കിലും  ഹോസ്പിറ്റൽ ഉണ്ടോ?

അവൾ മുഖം കുനിച്ചു കൊണ്ട് ചോദിച്ചു.

അതേതായാലും നല്ല തീരുമാനമാണ് മഹേഷ്‌ പറഞ്ഞു.എന്തോ ജോലി ഉണ്ടായിരുന്നു എന്നൊക്കെയല്ലേ പറഞ്ഞത്. ഇതങ്ങു വേണ്ടെന്നു വച്ചാൽ പിന്നെയും ജോലിക്ക് പോയി  സന്തോഷമായി ജീവിക്കാമല്ലോ.

ഉം…

പെട്ടന്ന് ശ്രീക്കുട്ടി അവളുടെ കൈയിൽ ചാടിപ്പിടിച്ചു. വേണ്ടാ ആൻസി. ഒരു കുഞ്ഞിന് വേണ്ടി ഞാൻ ഒരുപാട് മോഹിച്ചതാ.. എനിക്കാ ഭാഗ്യം ഉണ്ടായില്ല. നിന്റെ വയറ്റിൽ ഈ കുഞ്ഞ് ജനിച്ചു പോയതല്ലേ ആൻസി, നീ ഇപ്പോൾ ഒരമ്മയാ. നീ കൊ. ല്ലാ. ൻ പറയുന്നത് നിന്റെ കുഞ്ഞിനെയാ… വേണ്ടാ ആൻസി. ഒരു ജീവൻ ഇല്ലാതാക്കണ്ട.

തെറ്റ് ചെയ്തത് ആൻസിയല്ലേ അതിനു ആ കുഞ്ഞെന്തു പി. ഴച്ചു. സ്വന്തം കുഞ്ഞിനെ കൊ. ല്ലാ ൻ അമ്മക്ക് തോന്നുമോ?

ആൻസി ഞെട്ടലോടെ വയറിൽ കൈ ചേർത്തു.

താനിപ്പോൾ ഒരമ്മയാണത്രേ…അതെ,അമ്മയാണ്.പക്ഷെ എനിക്ക് അത്തരം തോന്നലുകൾ ഇല്ലല്ലോ, എന്റെ ഇഷ്ടക്കേട് കുഞ്ഞ് തിരിച്ചറിയുന്നുണ്ടാകുമോ?

ശരിയാണ് തെറ്റ് ചെയ്തത് താനാണ്.

ഹേമന്ദിനോട് അരുതെന്നു പറയാൻ തനിക്കാകുമായിരുന്നു. പക്ഷെ അവനിൽ ഞാൻ അർപ്പിച്ച വിശ്വാസമെന്നെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചില്ല.

അല്ലെങ്കിലും പ്രണയത്തിലായ സ്ത്രീ അന്ധയായിരിക്കും, അവളുടെ പുരുഷനെ അവൾ കണ്ണടച്ച് വിശ്വസിക്കും. ഒരു തെറ്റും ചെയ്യാതെ ഉയിരിട്ട കുഞ്ഞിനെ കളയുന്നത് ശരിയാണോ?.വേണ്ടാ… എനിക്കെന്റെ കുഞ്ഞിനെ ഇല്ലാതാക്കണ്ട.

ഇല്ല ശ്രീക്കുട്ടി, ഞാനെന്റെ കുഞ്ഞിനെ കളയില്ല. ഞാൻ വളർത്തും.

ശ്രീക്കുട്ടി ചിരിച്ചു.

അവൾ പുറത്തേക്കിറങ്ങി.

മഴ പൊഴിഞ്ഞ് നനഞ്ഞ മണ്ണിൽ നിന്നപ്പോൾ ഉള്ളം കുളിരുന്നത് പോലെ അവൾക്കു തോന്നി. മഞ്ഞിന്റെ നേർത്ത പുതപ്പവളെവന്ന് പൊതിഞ്ഞു.

അവൾക്ക് പെട്ടന്ന് എല്ലാത്തിനോടും സ്നേഹം തോന്നി..മനസ്സു കൊണ്ടവൾ തനിപ്പോഴൊരമ്മയാണെന്നുറപ്പിച്ചു.

അവളുടെ ഉള്ളമപ്പോൾ ശാന്തമായിരുന്നു.

******************

അമ്മേ… സുഖമായിരിക്കുന്നോ? ഹേമന്ദ് വീഡിയോ കാളിലൂടെ അമ്മയോട് സുഖവിവരങ്ങൾ തിരക്കി.

സുഖമാണെടാ… പിന്നെ നീ ഇവിടെ ഇല്ലാത്തതിന്റെ വിഷമം എനിക്കുണ്ട്.
എന്നാലും സാരമില്ല..മേഘ എവിടെ?

അവൾ ജോലിക്ക് പോയി. ഞാനും പോകാൻ വേണ്ടി ഇറങ്ങാൻ തുടങ്ങുവാരുന്നു.

നീ സന്തോഷമായിട്ടിരിക്കണം. കഴിഞ്ഞു പോയതൊന്നും ഓർമ്മിക്കരുത്. നിന്നെ ഒന്ന് വിളിക്കാൻ പോലും ശ്രമിക്കാത്ത ആൻസിയെ ഓർമ്മിക്കാൻ പോലും പാടില്ല. നിന്റെ ഭാര്യ മേഘയാണ്  അവളെ വിഷമിപ്പിക്കരുത്.

ശരി അമ്മേ..

എന്നാൽ പിന്നെ വിളിക്കാം മോനേ…

അമ്മ കാൾ കട്ടാക്കി.

അവരുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.

ആൻസി ഇവിടെ വന്നത് ഹേമന്ദ് അറിഞ്ഞിട്ടില്ല.

ഹേമന്ദിന്റെ വിവാഹത്തിന്റെ അന്ന് ആൻസിയെ കണ്ടപ്പോൾ താൻ നടുങ്ങി പോയിരുന്നു.അവൾ കല്യാണം മുടക്കുമോ എന്ന് ഭയന്നു.

ഭാഗ്യത്തിന് അവൾ അപ്പോൾ തന്നെ തിരിച്ചു പോയി. ഹേമന്ദ് അന്ന് അവളെ  കാണാത്തതു നന്നായി. ഇല്ലെങ്കിൽ അവൻ വേണമെങ്കിൽ ആ വിവാഹം പോലും വേണ്ടെന്നു വയ്ക്കും.

എത്ര നിർബന്ധിച്ചിട്ടാണ് അവൻ വിവാഹത്തിന് സമ്മതിച്ചത് തന്നെ.

ഹേമന്ദിന്റെ ഫോൺ താനാണ് എടുത്തു മാറ്റിയത്. ആൻസിയെ ബ്ലോക്ക് ചെയ്തതും താനാണ്.

തന്റെ ഫോണിൽ നിന്നും ആൻസിയെ വിളിക്കാൻ ഹേമന്ദ് ശ്രമിച്ചപ്പോൾ ആൻസിക്ക് സ്നേഹമുണ്ടെങ്കിൽ അവൾ ഇങ്ങോട്ട് വിളിക്കും എന്ന് പറഞ്ഞവനെ തടഞ്ഞത് താനാണ്.

തന്റെ മകൻ അന്യ മ. തത്തിൽ പെട്ട ഒരുത്തിയെ കെട്ടിയാൽ അത് തനിക്കു നാണക്കേടാണ്. ഭർത്താവ് പലയിടത്തും കുടുംബം ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു. ആരുടേയും സഹായം ഇല്ലാതെ ഒറ്റക്കാണ് താൻ മകനെ വളർത്തിയത്.

ഈ മിനി ഒരിടത്തും തോറ്റിട്ടില്ല എന്ന് എല്ലാവരും അറിയണം എന്നൊരു വാശി തോന്നി.

തന്റെ മകൻ ഇപ്പോൾ നല്ലൊരു പെൺകുട്ടിയെ വിവാഹവും ചെയ്തു. വിദേശത്തും പോയി.

തന്റെ കടമകൾ ഒക്കെ കഴിഞ്ഞു.

അവർക്ക് സ്വയം ഒരു  മതിപ്പൊക്കെ തോന്നി.

******************

മേഘ ജോലി കഴിഞ്ഞു വന്നപ്പോൾ, ഹേമന്ദ് എത്തിയിരുന്നില്ല.

ഹേമന്ദ് ഇപ്പോൾ തന്നെ സ്നേഹിച്ചു തുടങ്ങി. എങ്കിലും പൂർണ്ണമായും തന്റേതായിട്ടില്ല.

കാത്തിരിക്കാൻ താൻ തയ്യാറാണ്.

എങ്കിലും എന്തിനായിരിക്കും ഹേമന്ദ് കാമുകിയെ വേണ്ടാന്ന് വച്ചത്? അവൾ തന്നെക്കാൾ സുന്ദരി ആയിരുന്നോ? 

അവൾ ആലോചനയോടെ ഇരുന്നു.

തീർത്ഥയാത്ര അടുത്ത ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യുക