അഞ്ജു തങ്കച്ചൻസത്യനാഥ് അയാൾക്ക് നേരെ പാഞ്ഞടുത്തു.
എടോ ദ്രോ * ഹി… നീയെന്താ ചെയ്തത് എന്റെ ഉമയെ?
അയാളുടെ ചുമലിൽ അതിശക്തമായി പിടിച്ചുലച്ചു കൊണ്ടയാൾ ചോദിച്ചു.
എന്താ…. നീയീ പറയുന്നത് എനിക്ക് മനസിലാകുന്നില്ല.
സത്യനാഥ് അയാളുടെ കഴുത്തിനു കു, ത്തി പ്പിടിച്ചു. തനിക്കു മനസിലായില്ല അല്ലേ?
നിങ്ങളുടെ അലമാരയിൽ എന്റെ ഉമയുടെ സാരിയും, ഫോട്ടോയും എങ്ങനെ വന്നു? എന്തൊരു മനുഷ്യനാടോ താൻ, അനിയത്തിയായി കരുതേണ്ടതല്ലേ അവളെ. എന്നിട്ട്…
മോനേ എനിക്കൊന്നും അറിയില്ല.
സത്യം പറ.നിങ്ങൾ അവളെ എന്ത് ചെയ്തു. അവൾ ജീവനോടെയുണ്ടോ, അതോ താൻ അവളെ ഇല്ലാതാക്കിയോടോ???
നീയെന്തൊക്കെയാടാ ഈ പറയുന്നത്? ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെടാ. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഇല്ല ഞാൻ വിശ്വസിക്കില്ല.
നോക്ക്..എന്റെ പതിമൂന്നാമത്തെ വയസിൽ അച്ഛൻ എന്റെ കൈയിൽ വച്ചു തന്ന ചോ, രക്കുഞ്ഞാ നീ. അന്ന് അച്ഛൻ പറഞ്ഞത് നിനക്കൊരു കുഞ്ഞനുജൻ പിറന്നു,നീ നല്ലോണം അവനെ നോക്കിക്കോളാണം എന്നാ. പതിമൂന്ന് വയസ്സിന്റെ വിത്യാസം ഉള്ളത് കൊണ്ട് നിന്നെ ഞാൻ എന്റെ അനുജൻ മാത്രമായല്ല,ന്റെ മകൻ പോലെയാ എനിക്ക് നീ. അങ്ങനെയുള്ള നിന്റെ പെണ്ണിനെ ഒരു മോശം കണ്ണോടെ ഒന്ന് നോക്കാൻ പോലും എനിക്ക് പറ്റില്ലെടാ, അയാളുടെ മുഖം ചുവന്നു വിങ്ങി.
ഞാനൊരു വിവാഹം പോലും കഴിക്കാത്തത് നിന്നെയോർത്താ, എനിക്ക് നീയുണ്ട് ,നീ മാത്രം മതി, എന്നാ ഞാൻ എപ്പോഴും ചിന്തിക്കുന്നത്. അങ്ങനെയുള്ള എനിക്ക് ഉമ എന്റെ മോളല്ലേടാ….കരഞ്ഞുകൊണ്ടായാൾ നിലത്തേക്ക് ഇരുന്നു.
എന്താ എന്താ ഇവിടെ ഒച്ചയും ബഹളവും എന്താ പറ്റിയത്? ഭാമ അകത്തേക്ക് വന്നു.
അപ്പോഴാണ് മാധവൻ സർവ്വവും നഷ്ടപ്പെട്ടവനെപ്പോലെ നിലത്തിരുന്ന് കരയുന്നത് അവൾ കണ്ടത്.
അയ്യോ… മാധവേട്ടാ, എന്താ പറ്റിയെ?
എന്താ സത്യാ എന്താ ഇവിടെ സംഭവിച്ചത്.
അല്ല ഉമയുടെ സാരിയും ഫോട്ടോയും കണ്ടപ്പോൾ ഞാൻ കരുതി…
സത്യ എന്ത് കരുതി?
അല്ല ഉമയെ കാണാതായതിനു പിന്നിൽ ഏട്ടനാണെന്ന് കരുതി.
എന്നെ കാണാതായെന്നോ? ഞാനല്ലേ മുന്നിൽ നിൽക്കുന്നത്. സത്യക്ക് എന്താ പറ്റിയത്? പാവം ഏട്ടനെ പോലും ഓരോന്ന് പറഞ്ഞ് വിഷമിപ്പിക്കുവാ.
അല്ല നീയല്ലേ പറഞ്ഞത് ഏട്ടൻ കുഞ്ഞിനെ എടുക്കുന്നത് ഇഷ്ട്ടമല്ല എന്നൊക്കെ…എല്ലാം കൂടെ ചേർത്തുവായിച്ചപ്പോൾ…
കട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ ഭാമ എടുത്തു.
ഏട്ടാ… എനിക്ക് ഭയമാണ്. ഞാനും സത്യയും അല്ലാതെ കുഞ്ഞിനെ ആരെങ്കിലും എടുത്താൽ എനിക്ക് മനസിനാകെ ഒരു പിടച്ചിൽ വരും… എന്തൊക്കെയോ പേടിപ്പെടുത്തുന്ന ചിന്തകൾ ഉള്ളിൽ നിറയും.
സത്യ കഴിഞ്ഞാൽ പിന്നെ ഈ ലോകത്തിൽ എന്നെ മനസിലാവുന്ന ഒരേ ഒരാൾ മാധവേട്ടനാണ്. നമ്മുടെ കുഞ്ഞിനെ, സ്വന്തം ജീവൻ കൊടുത്തും ഏട്ടൻ സംരക്ഷിക്കുമെന്നും അറിയാം സത്യാ,പക്ഷെ…. എനിക്കറിയില്ല, എന്റെ കുഞ്ഞിനെ ആരോ വന്ന് എടുക്കുന്നതും…. പിന്നെ….അവളെ എടുത്തുയർത്തുന്നതും മനസ്സിൽ തെളിഞ്ഞു വരും
ആരാ അത്?
എനിക്കറിയില്ല… എനിക്കറിയില്ല ഒന്നും.
അവൾ കുഞ്ഞിനെ മാധവേട്ടന്റെ കൈകളിൽ കൊടുത്തു.
സത്യാ… എനിക്ക് വേറൊരുകൂട്ടം പറയാനുണ്ട്. ഇങ്ങ് വന്നേ.
അവൾ അയാളുടെ കൈകളിൽ പിടിച്ച് മുറിയിലേക്ക് നടന്നു.
എന്താ… എന്താ ഭാമേ…?
ഭാമയോ? ഇപ്പോൾ കുറേ തവണയായി പറയുന്നല്ലോ ഈ പേര്,ആരാ അത്?
അത്… അത്…എന്റെ സുഹൃത്താ. ഓഫീസിൽ വിളിച്ചു ശീലിച്ചത് നാവിൽ നിന്നും പോണില്ല.
അതെന്തേലും ആവട്ടെ. സത്യാ ഇത് കണ്ടോ എന്റെ ഫോൺ ,ഇതിൽ നോക്കിക്കേ എന്റെ കൂടെ വേറൊരു ആളുടെ ഫോട്ടോ.
നോക്ക് എന്റെ വാട്സാപ്പ് പിക്ചർ വരെ അയാളുടെയും എന്റെയുംമുഖങ്ങൾ ചേർന്നിരിക്കുന്നതാണ്.
ഇയാളെ നീ അറിയില്ലേ?
കണ്ടിട്ടുള്ളത് പോലെ തോന്നുന്നു സത്യാ. പക്ഷെ ആരാണെന്ന് ഓർമ്മ വരുന്നില്ല.
ഇത് ഇവിടെ മതിൽ പണിയാൻ വന്ന മുരളി അല്ലേ?
എങ്കിലും ഞാനും ഒന്നിച്ചുള്ള ഈ ഫോട്ടോ എങ്ങനെ എന്റെ ഫോണിൽ വന്നു.അതാ മനസിലാകാത്തത് സത്യാ.
ഇത് വ്യാജമായി നിർമ്മിച്ചതായിരിക്കും.
ആര് നിർമിക്കാൻ?
അത് ചിലപ്പോൾ അയാൾ വെറുതെ നീ വളയുമോ എന്നറിയാൻ നോക്കിയതായിരിക്കും.
ഇങ്ങനൊക്കെ ചെയ്യുന്നത് തെറ്റല്ലേ, ഞാൻ ഉറപ്പായിട്ടും അയാളുടെ പേരിൽ കേസ് കൊടുക്കും. പെണ്ണുങ്ങൾ പാവങ്ങൾ ആണെന്ന് കരുതി ഒരോരുത്തന്മാർ ഇറങ്ങും. ഇവനെയൊക്കെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.
അയാൾക്ക് വേണ്ടതൊക്കെ ഞാൻ കൊടുത്തിട്ടുണ്ട്.
അപ്പോൾ സത്യ ഈ ഫോട്ടോ ഒക്കെ നേരത്തെ കണ്ടായിരുന്നോ?
ഉം..
ഹൊ.. ഞാൻ ഇപ്പോഴാ കാണുന്നത്. കുഞ്ഞിനെ നോക്കുന്നതിനിടയിൽ ഞാൻ ഫോൺ എടുക്കാറേ ഇല്ല. ചിലപ്പോൾ ചാർജ് പോലും ചെയ്യില്ല.അതല്ലേ സത്യ വിളിക്കുമ്പോൾ കിട്ടില്ലാത്തത്.
കുഞ്ഞ് ജനിച്ചതോടെ എന്റെ ലോകം അവൾ മാത്രമായി പോയി.
ആട്ടെ അവന് നല്ലത് കൊടുത്തോ..
ഉം.
അയാളുടെ കൈകൾ രണ്ടും ത, ല്ലി ഒടിക്കാൻ മേലാരുന്നോ.ഇനി ഇങ്ങനൊന്നും അയാൾ ചെയ്യരുത്.
ഒടിഞ്ഞെന്നാ തോന്നുന്നത്.
ഉം…അതാണ് എന്റെ കെട്ടിയോൻ. അവൾ അയാളുടെ മുഖത്തമർത്തി ചുംബിച്ചു.
ഞാൻ മാധവേട്ടന് ചായ ഇട്ട് കൊടുത്തിട്ട് വരാം കേട്ടോ. ഇടക്ക് ചായ കുടിച്ചില്ലെങ്കിൽ ഒരു രസോം ഇല്ലെന്ന് പറയും. ഞാൻ അടുക്കളയിലോട്ട് ചെല്ലട്ടെ
സത്യനാഥ് ആലോചനയോടെ മുറിയിലൂടെ നടന്നു.
പോലീസ് സിറ്റിയിലെ സിസി ടിവി ക്യാമറ പരിശോധിച്ചപ്പോൾ ഉമ ഒരു പുരുഷനോടൊപ്പം നടന്നു പോകുന്നത് വ്യക്തമായി കാണുകയും.
ആ പുരുഷൻ വീട്ടിൽ മതിൽ പണിക്കായി വന്ന മുരളിയാണെന്ന് മാധവേട്ടൻ തിരിച്ചറിയുകയും ചെയ്തതാണ്.
കൂടാതെ മുരളിയുടെ വീട്ടിൽ അന്വേഷിച്ചപ്പോൾ മുരളി വീട്ടിൽ ഇല്ലെന്നും ഏതോ പെണ്ണുമായി പ്രണയത്തിൽ ആണെന്നും, അവളോടൊപ്പം നാട് വിടുകയാണെന്നും പറഞ്ഞുവെന്ന് പോലിസ് അന്വേഷണത്തിൽ തെളിഞ്ഞതാണ്. അതും കൂടാതെ ഉമ ഫോൺ വിളിച്ച് സത്യാ എന്നോട് ക്ഷമിക്കണം എന്നും പറഞ്ഞു.
എല്ലാം കൂടെ കൂട്ടിവായിച്ചപ്പോൾ ഉമ അയാളോടൊപ്പം പോയെന്ന് കരുതി.
എന്താണ് സത്യം? ഉമക്ക് എന്താണ് സംഭവിച്ചത്?
സത്യനാഥ് നെറ്റിയിൽ കൈ അമർത്തി, വയ്യ ആലോചിക്കുമ്പോൾ തല പൊട്ടിപ്പിളരും പോലെ.
തന്റെ ഉമ ഒരിക്കലും തന്നെയും, കുഞ്ഞിനേയും വിട്ട് പോകില്ലെന്ന് മനസ് പറയുമ്പോഴും. അത് വിശ്വസിക്കാതെ താനവളെ സംശയിച്ചു പോയത് എത്ര വലിയ തെറ്റാണ്.
എങ്ങനെ… എങ്ങനെ ഞാൻ അവളെ കണ്ടുപിടിക്കും.
****************
ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്ന മാധവന്റെ അടുത്തേക്ക് സത്യനാഥ് ചെന്നു.
ഏട്ടന്റെ കാലുകളിൽ അമർത്തിപ്പിടിച്ചു മാപ്പ് പറയുമ്പോൾ,ആ പാദങ്ങളിൽ അയാളുടെ കണ്ണുനീർ തുള്ളികൾ ഇറ്റ് വീഴുന്നുണ്ടായിരുന്നു.
അയ്യോ… എന്താടാ ഇത്. അയാൾ ബലമായി അവനെ പിടിച്ചെഴുന്നേൽപ്പിച്ചു.
സാരമില്ലടാ.. എനിക്കറിയാം നിന്റെ വേദന.
ഞാൻ ഒന്ന് മാത്രം പറയാം മോനേ. ഈ കഴിഞ്ഞ മൂന്ന് മാസവും ഞാൻ കരുതിയത് ഉമ മുരളിയോടൊപ്പം പോയെന്ന് തന്നെയാണ്. പക്ഷെ ഇപ്പോൾ എനിക്കുറപ്പുണ്ട് ആരോ അവളെ അപകടപ്പെടുത്തിയതാണ്. അതും നമ്മളെ ശരിക്കും അറിയാവുന്ന ആരോ ആണ്. അല്ലെങ്കിൽ പിന്നെ ഒരാന്വേഷണം വന്നാലും അത് എന്റെ നേരെ തിരിയാൻ പാകത്തിന് ആരായിരിക്കും എന്റെ അലമാരയിൽ ഫോട്ടോയും സാരിയും കൊണ്ട് വച്ചത്? അപ്പോൾ ആരായാലും ഇവിടം നന്നായി അറിയുന്ന ആരോ ആയിരിക്കും.
നമ്മൾ എന്ത് ചെയ്യും ഏട്ടാ…?
അത് നീ അവളോട് തന്നെ ചോദിക്കണം. ഉമയാണെന്ന് പറഞ്ഞു വന്ന ആ കുട്ടിയില്ലേ അവളോട് ചോദിക്കണം.
ആ കുട്ടിക്ക് മറ്റൊന്നും അറിയില്ല ഏട്ടാ . ഇപ്പോൾ അവൾ ഉമയാണ് അതല്ലാതെ ഒന്നും അവൾക്ക് അറിയില്ല.
നീ പഴയതൊക്കെ പറഞ്ഞ് അവളുടെ മനസ് ആ ദിവസത്തിൽ എത്തിക്കണം. കൃത്യമായി പറഞ്ഞാൽ മൂന്നുമാസം മുൻപുള്ള ആ പതിനാലാം തിയതി. അന്നത്തെ കാര്യങ്ങൾ അവൾക്ക് ഓർത്തെടുക്കാൻ കഴിയും.
സത്യനാഥ് അൽപ്പനേരം എന്തോ ആലോചിച്ചിരുന്നു.
ശരിയാണ് ഏട്ടാ. ചിലപ്പോൾ ഭാമയുടെ അച്ഛൻ അവളെ നാളെത്തന്നെ സൈക്യാട്രിസ്റ്റിനെ കാണിക്കും ഒരുപക്ഷെ, അവൾ ഭാമ മാത്രം ആയി മാറിയേക്കാം. അതിനു മുൻപ് ഞാൻ ചോദിക്കാം ഏട്ടാ അവളോട്.
മുറിയിലേക്ക് പോകാൻ ആഞ്ഞാ സത്യനാഥിന്റെ കൈയിൽ അയാൾ പെട്ടന്ന് പിടിച്ചു.
എന്താ ഏട്ടാ…?
എടാ…. ഉമ ജീവനോടെ ഉണ്ടാകും എന്ന അമിത പ്രതീക്ഷ വയ്ക്കരുത് എന്റെ കുട്ടി, ഒരുപക്ഷെ അവൾക്ക് സംഭവിച്ചത് എന്തെന്നറിയിക്കാൻ ഭാമയുടെ ശരീരത്തിലൂടെ അവൾ ശ്രെമിക്കുന്നതാവും.
ഏട്ടാ…
വേണ്ട മോനേ… അമിത പ്രതീക്ഷ തകർന്നാൽ നീയത് താങ്ങില്ല. കുഞ്ഞിന് അവളുടെ അച്ഛനെ എങ്കിലും വേണം. അതുകൊണ്ടാ പറയുന്നത്. എന്തും താങ്ങാൻ നിനക്ക് കഴിയണം.
ഉം…..
അയാൾ പതിയെ മുറിയിലേക്ക് നടന്നു.
**********************
ഭാമ തുണി മടക്കി അലമാരയിൽ അടുക്കി വയ്ക്കുകയാണ്.
കുഞ്ഞെവിടെ ,? അയാൾ ചോദിച്ചു.
ലളിതച്ചേച്ചിയുടെ കൈയിൽ ഉണ്ട്.
ഉം….അതേയ്…
എന്താ സത്യാ…?
മൂന്ന് മാസം മുൻപ് നീയെന്നെ ഫോണിൽ വിളിച്ചില്ലേ, എന്നിട്ട് എന്നോട് ക്ഷമിക്കണം സത്യാ എന്ന് പറഞ്ഞില്ലേ, അതെന്തിനായിരുന്നു?
ഓഹ് അതോ?
ആം
ആവോ.. ഞാൻ ഓർക്കുന്നില്ല.
നീയൊന്ന് ഓർത്തുനോക്കിക്കേ.
എന്തിന്?
സാധാരണ നീയങ്ങനെ, എന്നോട് ക്ഷമിക്കണം എന്നൊന്നും നീ പറയാറില്ലല്ലോ.
അത് ഞാൻ വല്ല വഴക്കും ഉണ്ടാക്കി പിണങ്ങി ഇരുന്നപ്പോൾ പറഞ്ഞതായിരിക്കും.
അതിനപ്പോൾ നമ്മൾ പിണങ്ങിയൊന്നും ഇല്ലായിരുന്നു.
ആ… ഞാൻ ഓർക്കുന്നു പോലുമില്ല സത്യാ…
ആ പതിനാലാം തിയതി എന്താ സംഭവിച്ചത്?
എന്ത് സംഭവിക്കാൻ? പതിവ് പോലെ നമ്മുടെ മോളുടെ കാര്യങ്ങൾ ഒക്കെ നോക്കി, ലളിത ചേച്ചിയെ അടുക്കളയിൽ ഇത്തിരി സഹായിച്ചു. എല്ലാ ദിവസവും ഇങ്ങനൊക്കെ തന്നെയാ.
അതല്ല നീയിതൊന്നു നോക്കിക്കേ… അയാൾ തന്റെ ഫോൺ ഓണാക്കി. ഉമ മുരളിയുടെ കൈയും പിടിച്ച് പോകുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടതും. അവളുടെ മുഖത്തു ഭയം നിറഞ്ഞു. മുഖമാകെ വിയർപ്പിൽ കുതിർന്നു.
ഉടൽ ഭയങ്കരമായി വിറകൊണ്ടു.
ഇത്… എങ്ങോട്ട് പോകുന്നതാ… അയാളുടെ ശബ്ദം കേട്ടതും…. അവൾ കണ്ണുകൾ ഉയർത്തി അവളുടെ കണ്ണുകൾ ചുവന്നിരുന്നു, അവൾ അയാളെ മിഴിച്ചു നോക്കി.
പറ… ഇതെങ്ങോട്ടാണ് പോകുന്നത്?
ഒരിക്കൽ കൂടെ ആ ചോദ്യം കേട്ടതും അവൾ വിറച്ചുവിറച്ചു താഴെ വീണു.
കൈകൾ ഉയർത്തി അയാൾക്ക് നേരെ എന്തോ പറയാൻ ആഞ്ഞു.
ഒറ്റ നിമിഷത്തെ പരിഭ്രമം മറന്ന് അയാൾ അവളെ കൈകളിൽ താങ്ങി തന്നിലേക്ക് ചേർത്തിരുത്തി..
മോളെ… പേടിക്കരുത്, സത്യ കൂടെത്തന്നെയുണ്ട്. ഭയക്കണ്ട… എന്താ പറ്റിയത്. ആയാളോടൊപ്പം എവിടെക്കാ പോയത്… പറ.
എന്തോ പറയാൻ വെമ്പിയതും, അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു പോയി. ബോധരഹിതയായി അവൾ അയാളുടെ കൈകളിൽ തളർന്നു വീണു.
തന്റെ ഉമ അന്ന് അനുഭവിച്ച ഭയമാണ് ഇവളിൽ ഇപ്പോൾ കണ്ടത്.
പക്ഷെ, പേടിച്ചരണ്ട് ബോധരഹിതയായ ഈ കുട്ടിയോട് ഇനിയും എങ്ങനെ ചോദിക്കാനാണ്.
പക്ഷെ ചോദിക്കാതെ തരമില്ല, എന്തായാലും തനിക്കറിഞ്ഞേ പറ്റൂ..
അയാൾ പതിയെ അവളെ കൈകളിൽ എടുത്ത് കട്ടിലിൽ കിടത്തി.
ഭാമേ…. അയാൾ പതിയെ അവളുടെ മുഖത്തു തട്ടി വിളിച്ചു.
അവൾ പതിയെ കണ്ണുതുറന്നു.
സത്യാ…
അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു. തുണി മടക്കിക്കൊണ്ടിരുന്നപ്പോൾ പെട്ടന്ന് കണ്ണിൽ ഇരുട്ട് കയറുമ്പോലെ തോന്നി.ബിപി കുറഞ്ഞതായിരിക്കും
അവൾ സാരിയുടെ തുമ്പെടുത്തുമുഖം തുടച്ചു.
ബാക്കി തുണികൾ കൂടി മടക്കി വയ്ക്കാൻ തുടങ്ങി.
അതേ നാളെ നമുക്ക് എന്റെ വീട് വരെ ഒന്ന് പോകണം കേട്ടോ സത്യാ..
പോകാം.
ഒത്തിരി നാളായി വീട്ടിൽ പോയിട്ട് എന്ന് തോന്നുവാ ഇപ്പോൾ, എന്തെന്നറിയില്ല എല്ലാവരെയും കാണാൻ വല്ലാത്ത കൊതി തോന്നും പോലെ.
അതെന്താ അങ്ങനെ?
എന്താന്നറിയില്ല. എന്തൊക്കെയോ മടുപ്പിക്കുന്ന ചിന്തകളാണ് മനസ് നിറയെ, എന്താന്ന് ചോദിച്ചാൽ എനിക്ക് അറിയുകയും ഇല്ല.
സാരമില്ല. നമുക്ക് നാളെ വീട്ടിൽ പോകാം.
ഉം…
എനിക്ക് വേറൊരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു.
എന്താ സത്യാ?
ഇവിടെ മതിൽ പണിയാൻ വന്ന മുരളിയെക്കുറിച്ച് എന്താ അഭിപ്രായം?
ഒരാളെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആരാ സത്യാ… എനിക്കറിയില്ല.
എന്നാലും അയാൾ ഇവിടെ കുറച്ചു ദിവസം പണിയാൻ വന്നതല്ലേ അതാ ഞാൻ ചോദിച്ചത്.
ഞാനത് ഓർക്കുന്നു പോലുമില്ല സത്യാ…അവൾ നെറ്റി ചുളിച്ചു.
അതല്ല. പുള്ളി ഒരു പെൺകുട്ടിയെയും കൊണ്ട് നാട് വിട്ടു എന്നൊക്കെ കേൾക്കുന്നു. അതാ..
ഉവ്വോ… പോകുന്നവർ പോകട്ടെ. ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചവർ ഒരുമിച്ചു ജീവിക്കട്ടെ അത് നല്ലതല്ലേ.
അതല്ല…
പിന്നെ?
അയാളെയും ആ പെൺകുട്ടിയെയും ഉമ അറിയും. ആ പെൺകുട്ടിയുടെ പേരും ഉമ എന്ന് തന്നെയാണ്.
ഞാൻ അറിയില്ല… ഈ പറഞ്ഞ മുരളിയെ പോലും ഞാൻ അറിയില്ല. ഉമ എന്ന പേരിൽ എന്നെയല്ലാതെ ഞാൻ ഇതുവരെയും ആരേം കണ്ടിട്ടില്ല.
ഉം…
സത്യ പോയി മോളെ ഇങ്ങ് എടുത്തുകൊണ്ടു വന്നേ എനിക്കവളെ കുറച്ചു നേരം കാണാതിരിക്കുമ്പോൾ തന്നെ ആധിയാണ്.
ഈശ്വര…. എങ്ങനെയാണ് ഞാൻ ഈ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നത്? എനിക്കൊരെത്തും പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ…
അയാൾ ആകെ ധർമ്മസങ്കടത്തിൽ ആയി.
*******************
നാളെ വീട്ടിൽ പോകണം എന്ന് പറയുമ്പോൾ ഉറപ്പായും ഉമയുടെ വീട്ടിലേക്കായിരിക്കും ഭാമ പോകുക.
ഭാമയുടെ അച്ഛൻ നാളെ വരുമ്പോൾ അവൾ ഇവിടെ ഇല്ലെങ്കിൽ പ്രശ്നം ആകും, അതുകൊണ്ട് അദ്ദേഹത്തെ ഒന്ന് വിളിച്ചു പറയേണ്ടതുണ്ട്.
അയാൾ ഫോൺ എടുത്തുത്തു. മോഹൻ സാറിന്റെ നമ്പർ ഡയൽ ചെയ്തു.
ഹലോ സർ ഞാനാണ് സത്യനാഥ്.
മനസിലായി. എന്താണ് വിളിച്ചത്.എന്തെങ്കിലും പ്രശ്നമുണ്ടോ? ഭാമ എന്തേലും കുഴപ്പമുണ്ടാക്കിയോ?
അതല്ല, ഭാമ നാളെ വീട്ടിൽ പോകണം എന്ന് പറയുന്നു. ഞാനൊന്ന് അവളെ കൊണ്ടുപോയ്ക്കോട്ടെ?
അത് ശരിയാവില്ല. ഞാൻ രാവിലെ വരും, അവളെ കൊണ്ടുപോകാൻ.
സർ, ഞാൻ കൊണ്ടുപോകാം എന്ന് പറഞ്ഞു പോയി.
അതൊന്നും പറ്റില്ലെടോ.
സർ പ്ലീസ്.. ഞാൻ രാവിലെ ഒന്ന് വീട് വരെ കൊണ്ടുപോയിട്ട് വേഗം തിരിച്ചു കൊണ്ടുവന്നേക്കാം.
എന്തായാലും ഞാൻ അങ്ങോട്ട് വരട്ടെ, എന്നിട്ട് തീരുമാനിക്കാം.
ശരി.അയാൾ കാൾ കട്ടാക്കി.
എന്തായാലും താനവളെ കൊണ്ടുപോകും, അതും മുരളിയോടൊപ്പം ഉമ നടന്നു പോകുന്നത് സിസിടിവിയിൽ പതിഞ്ഞ അതേ സിറ്റിയിലൂടെ ഉള്ള വഴിയേ തന്നെ കൊണ്ടുപോകും. തനിക്കറിയണം തന്റെ ഉമക്ക് എന്ത് പറ്റിഎന്ന്. ആരാണിതിനുപിന്നിൽ, അതറിയണം.
*********************
പിറ്റേന്ന് ഉമ ഉണരും മുൻപ് സത്യനാഥ് ഉണർന്നു.
അടുക്കളയിൽ ലളിത ചേച്ചി ജോലി തുടങ്ങിയിട്ടുണ്ട്.
അയാൾ പതിയെ തന്റെ മുറിയിലേക്ക് ചെന്നു ഭാമ കുഞ്ഞിനേയും പൊതിഞ്ഞു പിടിച്ച് നല്ല ഉറക്കത്തിലാണ്.
ചെറിയ പനിയുണ്ട്, പെട്ടന്ന് കുഞ്ഞിന് പകരും അതുകൊണ്ട് ഞാൻ മാറിക്കിടന്നോളാം എന്ന് പറഞ്ഞ് മറ്റൊരു മുറിയിലാണ് താൻ കിടന്നത്. എത്രയായാലും ഇതൊരു ചെറിയ പെൺകുട്ടിയാണ്. താനവളെ സംരക്ഷിച്ചേ മതിയാവൂ. തന്നിലുള്ള വിശ്വാസം കൊണ്ടാണ് ഭാമയുടെ അച്ഛൻ അവളെ ഇവിടെ നിർത്തിയത്. ബലം പ്രയോഗിച്ചു വേണമെങ്കിൽ അദ്ദേഹത്തിന് മകളെ ഇവിടെ നിന്നും കൊണ്ടുപോകമായിരുന്നു. എന്നിട്ടും അദ്ദേഹം അതിന് മുതിർന്നില്ല.
ഉമയുടെ മനസ്സാണിവളിൽ, സ്വന്തം പുരുഷനോടുള്ള പ്രണയവും, മോഹവും നിറഞ്ഞ അവളുടെ ആ മനസിനെ അറിയാവുന്നതു കൊണ്ട് തന്നെയാണ് താൻ മറ്റൊരു മുറിയിൽ കിടന്നത്.
അയാൾ ഭാമയെ തട്ടി വിളിച്ചു…
എന്താ സത്യാ ഇത്ര രാവിലെ, ഞാൻ ഇത്തിരി കൂടെ ഉറങ്ങട്ടെ.
അല്ല വീട്ടിൽ പോണം എന്ന് പറഞ്ഞില്ലേ..
ഇത്ര രാവിലെയോ? നേരം ഒന്ന് വെളുക്കട്ടെ എന്റെ സത്യ.
നേരം വെളുത്തിട്ട് മതി, എന്നാലും ബാക്കി കാര്യങ്ങൾ ഒക്കെ ചെയ്യാലോ, കുളിച്ച്, ഭക്ഷണം കഴിച്ച് , മോളുടെ കാര്യങ്ങൾ ഒക്കെ നോക്കി വരുമ്പോഴേക്കും നേരം അങ്ങ് പോകും. അതുകൊണ്ട് എഴുന്നേൽക്ക്..
ഓഹ്…. ഈ സത്യയുടെ ഒരു കാര്യം.
അവൾ എഴുന്നേറ്റു.
ഈയിടെ ആയി സത്യക്ക് നല്ല മാറ്റം ഉണ്ട്. മോൾ ജനിച്ചതിൽ പിന്നെ എന്നോട് വല്യ സ്നേഹമൊന്നും ഇല്ല. അവളുടെ മുഖത്ത് പരിഭവം നിറഞ്ഞു.
അങ്ങനൊന്നും ഇല്ല.. അയാൾ പറഞ്ഞു.
പ്രേമിച്ചു നടന്ന കാലത്ത് എന്തൊരു സ്നേഹമായിരുന്നു. ഓഹ് ആ കരുതൽ ഒക്കെ കണ്ടപ്പോൾ ഞാൻ കരുതി എന്നും ഈ സ്നേഹം ഉണ്ടാകുമെന്ന്
പെട്ടന്ന് അയാളുടെ കണ്ണുകളിൽ നീർപൊടിഞ്ഞു. ശരിയാണ് ഞാൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ ഉമക്ക് ഒന്നും സംഭവിക്കില്ലായിരുന്നു.അവൾ പറഞ്ഞപോലെ അവിടുത്തെ ജോലി മതിയാക്കി, ഇവിടെ എവിടെയെങ്കിലും മറ്റൊരു ജോലി നോക്കിയാൽ മതിയായിരുന്നു.
അയ്യോ സത്യാ ഞാൻ വെറുതെ പറഞ്ഞതല്ലേ, അപ്പോഴേക്കും അത് സീരിയസായി എടുത്തോ?അവൾ അയാളെ ചേർത്ത് പിടിച്ചു
പണ്ടും ഉമ അങ്ങനെയാണ് തനിക്ക് സങ്കടം വരുമ്പോഴെല്ലാം തന്നെ ചേർത്തണച്ചുപിടിക്കും.
അയാൾ പതിയെ അവളെ മാറ്റി നിർത്തി
എനിക്ക് വേറെ ഒന്നുരണ്ടിടങ്ങളിൽ പോകാനുണ്ട്. അതാ നമുക്ക് കാലത്തുതന്നെ പോകാം എന്ന് പറഞ്ഞത്.
എന്നാൽ സത്യ മോളുടെ അടുത്തിരിക്ക്. ഞാൻ മോൾക്ക് കുറുക്ക് ഒക്കെ ഉണ്ടാക്കി വയ്ക്കട്ടെ.
ഉം…
ഏകദേശം ആറരയോട് കൂടെ അവർ പോകാനായി ഇറങ്ങി.
അയാൾ പതിയെയാണ് വണ്ടി ഓടിച്ചത്, ഭാമ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്.
അവളുടെ മുഖത്ത് ഓരോരോ ഭാവങ്ങൾ മിന്നി മറയുന്നുണ്ട്.
സിറ്റിയിൽ എത്തിയപ്പോൾ അയാൾ സൈഡിലായി വണ്ടി ഒതുക്കി.
ഞാനിപ്പോൾ വരാം… അയാൾ വണ്ടിയിൽ നിന്നിറങ്ങാൻ ആഞ്ഞു.
പെട്ടന്ന് അവൾ അയാളുടെ കൈയിൽ പിടിച്ചു.
എനിക്ക് പേടിയാകുന്നു സത്യാ… നമുക്ക് പോകാം.
അയാളുടെ കൈയിലെ അവളുടെ പിടിത്തം മുറുകി മുറുകി വന്നു. അവളുടെ മുഖമാകെ വിയർപ്പിൽ കുതിർന്നിരുന്നു.
എന്താ…. എന്താ… പറ്റിയത്?
വണ്ടിയെടുക്ക് നമുക്ക് പോകാം.
അയാൾ പതിയെ കാർ മുന്നോട്ടെടുത്തു.
കുഞ്ഞിനെ ഒന്നുകൂടെ അവൾ ചേർത്ത് പിടിച്ചുകൊണ്ട്,അവൾ ആലോചനയോടെ സീറ്റിലേക്ക് ചാരിക്കിടന്നു.
അവൾ എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്. ഓർത്തെടുക്കട്ടെ… തന്റെ ഉമയെക്കുറിച്ച് അവൾ പറയട്ടെ…
അവളുടെ വീട് അടുക്കാറായി, അവളപ്പോഴും എന്തോ ചിന്തയിൽ മുഴുകി ഇരിക്കുകയാണ്.
വീടെത്താറായി.. അയാൾ പറഞ്ഞു.
അവൾ മറുപടിയൊന്നും പറഞ്ഞില്ല.
******************
മോഹൻ വണ്ടിയിൽ നിന്നിറങ്ങിയതും മാധവേട്ടൻ ഇറങ്ങി വന്നു.
ഭാമ എവിടെ?
സർ, അവർ വീട്ടിൽ പോയതാണ്.
ഞാൻ പറഞ്ഞിരുന്നതാണല്ലോ, ഞാൻ വന്നിട്ട് തീരുമാനിക്കാം എന്ന്. അയാൾക്ക് ദേഷ്യം വന്നു.
ശരിയാണ് സർ, പക്ഷെ ഉമക്ക് എന്ത് പറ്റിയെന്ന് അറിയാനുള്ള അവസാനത്തെ ശ്രമമാണ് ഇത്.മറ്റൊരു വഴിയും മുന്നിൽ കണ്ടില്ല.
ഉമ പോയ ആ വഴിയിലൂടെ നടക്കുമ്പോൾ ഭാമ പലതും ഓർക്കുമെന്നാണ് തോന്നുന്നത്. അതുകൊണ്ട് മാത്രമാണ്, സാറിന്റെ സമ്മതമില്ലാതെ മോളെ കൊണ്ടുപോയത്.
എടോ അവളൊരു ചെറിയ പെൺകുട്ടിയാണ്, മറ്റുള്ളവരുടെ പരീക്ഷണത്തിന് വിട്ട് തരാൻ പറ്റില്ല അവളെ.
സർ ദയവായി ഞങ്ങളുടെ അവസ്ഥ ഒന്ന് മനസിലാക്കണം.
ഒരു കാര്യം ചെയ്യ് താൻ എന്റെ കൂടെ വരൂ… ആ വീട് എവിടെയെന്നു കാണിച്ചു തരൂ. ഞാൻ കൊണ്ടുപൊയ്ക്കോളാം അവളെ.
ഞാൻ വരാം.. അയാൾ വണ്ടിയിൽ കയറി
വണ്ടി ഉമയുടെ വീട് ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു.
*******************
സത്യനാഥ് വണ്ടി നിർത്തി വീട്ടുമുറ്റത്ത് ഇറങ്ങിയതും ഉമയുടെ അച്ഛനും അമ്മയും ഇറങ്ങി വന്നു.
അവരെ കണ്ടതും ഭാമയുടെ മുഖം സന്തോഷത്തിൽ വിടർന്നു.
സത്യനാഥ് കാര്യങ്ങൾ അവരെ ധരിപ്പിച്ചിരുന്നതിനാൽ തന്നെ അവർ ഭാമയെ കാത്തിരിക്കുകയായിരുന്നു. അവരുടെ മകൾക്ക് എന്ത് പറ്റി എന്നറിയാനുള്ള ത്വര ആ മുഖങ്ങളിൽ തെളിഞ്ഞു കാണാമായിരുന്നു.
ഉമ ശരിക്കും അച്ഛൻകുട്ടിയാണ്, അമ്മയേക്കാൾ കൂടുതൽ അവൾക്കു പ്രിയം അച്ഛനോടായിരുന്നു. ഉമ ഒരമ്മ ആയപ്പോഴാണ് അവൾക്ക് അവളുടെ അമ്മയോട് കൂടുതൽ സ്നേഹവും ബഹുമാനവും ഒക്കെ തോന്നിയത്.
അവൾ എന്നത്തേയും പോലെ അച്ഛനെ കെട്ടിപ്പിടിച്ച് ആ കവിളിൽ ഉമ്മയും കൊടുത്തിട്ട് മോളെ അച്ഛന്റെ കൈയിലേക്ക് കൊടുത്തു.
അമ്മേ ഇന്നെന്താ സ്പെഷ്യൽ ഉണ്ടാക്കിയത്? എനിക്ക് ഏലക്കയും ജീരകവും നല്ല മധുരവും ഒക്കെ ചേർത്ത് കൊഴുക്കട്ട ഉണ്ടാക്കി താ അമ്മേ.എത്ര ദിവസം ആയി അമ്മ ഉണ്ടാക്കിയതൊക്കെ കഴിച്ചിട്ട്…
അമ്മ കണ്ണിമയ്ക്കാതെ അവളെ നോക്കി നിൽക്കുകയായിരുന്നു. ശരിക്കും ഉമയെ പോലെത്തന്നെ സംസാരിക്കുന്നു, അവളുടെ ആ കുറുമ്പ് നിറഞ്ഞ സംസാരം ഒക്കെ അത് പോലെ. അവരുടെ കണ്ണുകൾ നിറഞ്ഞു വന്നു.
ആഹാ… കണ്ണ് നിറക്കുവാണോ, പാവം എന്റെ അമ്മ, അവൾ അവരുടെ മൂക്കിൽ പിടിച്ചുലച്ചു.
പെട്ടന്നാണ് ആരോ തോണ്ടിവിളിച്ചെന്നത് പോലെ അവൾ തിരിഞ്ഞു നോക്കിയത് .
തിരിഞ്ഞു നോക്കിയതും, അലറിക്കരഞ്ഞുകൊണ്ട് അവൾ സത്യനാഥിന്റെ പിറകിൽ പോയി മറഞ്ഞു നിന്നു
അവൾ നോക്കിയിടത്തേക്ക് സത്യ നോക്കി. ഒരാൾ വാഴക്കുലയും തോളിൽ വച്ച് നടന്നു വരുകയാണ്.
ആ മുഖം കണ്ടതും സത്യ നടുങ്ങിപ്പോയി.
ആ നിമിഷം തന്നെ ഭാമയുടെ അച്ഛന്റെ വണ്ടി അവരുടെ അടുത്ത് വന്ന് നിന്നു.
*****************
ചുമലിൽ വഴക്കുലയും വച്ച് നടന്നു വരുന്നത്, ഉമയുടെ വീടിനടുത്തുള്ള ശരത്താണ്
ഉമയോടൊപ്പം ഒരുമിച്ചു പഠിച്ചവൻ
പിന്നിൽ നിൽക്കുന്ന ഭാമയുടെ കൈകൾ തന്റെ ശരീരത്തിൽ വല്ലാതെ മുറുകുന്നത് സത്യക്ക് മനസിലായി.
വണ്ടിയിൽ നിന്നിറങ്ങിയ മോഹൻ മകളുടെ ഭയം ശ്രദ്ദിക്കുന്നുണ്ടായിരുന്നു.
എല്ലാവരെയും കണ്ട് ശരത്ത് നിന്നു.
അല്ല അളിയാ… നീ വേറെ പെണ്ണൊക്കെ കെട്ടിയോ? അയാൾ സത്യനാഥിനോട് ചോദിച്ചുകൊണ്ട് അടുത്തേക്ക് വന്നതും, സത്യയുടെ പിന്നിൽ പതുങ്ങി നിന്ന ഭാമ, പാഞ്ഞു ചെന്ന് അയാളുടെ മുഖത്ത് ആഞ്ഞടിച്ചു.
എടാ… ദുഷ്ട്ടാ.. നിനക്കെങ്ങനെ കഴിഞ്ഞു, എന്നോട് ദ്രോഹം ചെയ്യാൻ,ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തു? അവൾ അയാളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു.
നിന്നെ ഞാൻ വെറുതെ വിടില്ലെടാ… എന്റെ കുഞ്ഞിന് അമ്മയില്ലാതാക്കിയില്ലേ…
സത്യാ… ഇയാൾ ഇയാളാണ്… അയാൾക്ക് നേരെ കൈ ചൂണ്ടി കരഞ്ഞുകൊണ്ട് അവൾ നിലത്തേക്ക് തളർന്നു വീണു.
ഒറ്റക്കുതിപ്പിന് സത്യനാഥ് അയാളുടെ അടുത്തെത്തി,അയാളുടെ മുഖത്ത് പലവട്ടം അയാളുടെ കൈ ഉയർന്നു താണു.
പെട്ടന്ന് സത്യനാഥിന്റെ കൈ തട്ടി മാറ്റി ശരത് പിന്നിലേക്ക് ഓടി..
സത്യനാഥ് അയാൾക്ക് പിന്നാലെ കുതിച്ചു പാഞ്ഞു.
അയാളെ വിടരുത്…. ഉറക്കെ പറഞ്ഞുകൊണ്ട് മോഹനും അയാൾക്ക് പിന്നാലെ ഓടി.
പിന്നാലെ എത്തിയ സത്യനാഥിന്റെ അടിയേറ്റ് ശരത് മുന്നിലേക്ക് തെറിച്ചു വീണു.
വീണ് കിടക്കുന്ന അയാളുടെ ശരീരത്തിൽ കയറിയിരുന്ന് സത്യനാഥ് അയാളെ അടിച്ചു. ശരത് അത്രവേഗം തളരുന്നവൻ ആയിരുന്നില്ല. നിഷ്പ്രയാസം സത്യനാഥിനെ തള്ളിമറിച്ചിട്ട് അയാൾ തെരുതെരെ സത്യനാഥിന്റെ
മുഖത്ത , ടി , ച്ചിട്ട് വീണ്ടും മുന്നിലേക്ക് ഓടി.
സത്യനാഥ് അയാൾക്ക് പിന്നാലെ കുതിച്ചു. അയാളുടെ കാലുകളുടെ വേഗതക്ക് മുന്നിൽ ശരത്തിന് പിടിച്ച് നിൽക്കുവാനായില്ല. കിതച്ചു കൊണ്ട് ഒരു മാത്ര നിന്നനേരം കൊണ്ട് സത്യനാഥ് അയാളെ ഇഞ്ചപ്പരുവത്തിലാക്കി.
പിന്നാലെ ഓടിഎത്തിയ മോഹന്റെ വക കൂടെ ആയപ്പോൾ എഴുന്നേൽക്കാനാവാതെ ശരത് കുഴഞ്ഞുകിടന്നു.
പറയെടാ എന്റെ ഉമക്ക് എന്ത് പറ്റി..
എനിക്കറിയില്ല..
നിനക്കറിയാം നിന്നെക്കൊണ്ടു ഞാൻ പറയിക്കും.
ഉവ്വ നീ കൊറേ പറയിക്കും ശരത് ഉറക്കെ പൊട്ടിച്ചിരിച്ചു.
പറയെടാ നാ……യെ, ബൂട്ട് ഇട്ട കാലുകൊണ്ട് ചവിട്ടാനായി മോഹൻ കാലുയർത്തി.
വേണ്ട സർ ഇവൻ തീർന്നുപോകും. സത്യനാഥ് പറഞ്ഞു.
ഉമക്ക് എന്ത് പറ്റി പറയടാ… പറയാൻ.
അവളെ ഞാനങ്ങു തീർത്തു. അവൻ പൊട്ടിച്ചിരിച്ചു.
സത്യനാഥ് ഞെട്ടിത്തെറിച്ചു. പിന്നെ കാറ്റഴിച്ചു വിട്ട ബലൂൺ പോലെ അയാൾ മണ്ണിൽ തകർന്നിരുന്നു.
അവർക്ക് പിന്നാലെ ഓടി വന്ന മാധവേട്ടൻ ശരത്തിന്റെ വാക്കുകൾ കേട്ടതും ശില പോലെ നിന്നുപോയി.
അയാൾ അനിയനെ നോക്കി. അവൻ ഒന്നും അറിയുന്നുപോലുമില്ലെന്ന് അയാൾക്ക് തോന്നി. അത്രയേറെ അയാൾ തകർന്നു പോയിരിക്കുന്നു .
എന്താടാ… നിനക്ക് വിഷമം ആയോ? ശരത് സത്യനാഥിന്റെ മുഖത്ത് തോണ്ടി.
ബാക്കി കൂടെ കേൾക്കടാ…ഡാ… ഇവിടെ നോക്കടാ… നീ ബാക്കി കൂടെ കേൾക്കണം. ശരത് ചിരിച്ചു.
നിനക്കറിയോ മണ്ണപ്പം ചുട്ടുകളിച്ച കാലം മുതൽ ഞാനും അവളും ഒരുമിച്ചായിരുന്നു. എന്റെ ജീവനായിരുന്നു അവൾ. പക്ഷെഎനിക്കും മുമ്പേ അവളുടെ മനസ്സ് നീ മോഷ്ടിക്കും എന്ന് ഞാൻ കരുതിയില്ല. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അനാഥനായി പോയവനാണ് ഞാൻ.
ഈ വീടും സ്ഥലവും മാത്രമല്ല നമുക്ക് ഉള്ളത്. ടൗണിൽ വാടകയ്ക്ക് കൊടുത്തിരിക്കുന്ന ബിൽഡിങ്ങുകൾ ഒക്കെ ഇനി നിന്റേതാണ്. കൂടാതെ വയനാട്ടിൽ നമുക്ക് എഴുപത് ഏക്കർ സ്ഥലമുണ്ട് ഇനി നീ വേണം അത് ഒക്കെ നോക്കി നടത്താൻ.ഒന്നും കൈ വിട്ട് കളയരുത് എന്ന് പറഞ്ഞ് എന്നേക്കുമായി എന്റെ അച്ഛൻ കണ്ണടച്ചപ്പോൾ ഞാൻ ആരുമില്ലാത്തവനായി.
എന്റെ അപ്പൻ ധാരാളം പണം സമ്പാദിച്ചു വച്ചു എനിക്ക് വേണ്ടി. പക്ഷെ എനിക്കായി ഒരൊറ്റ മനുഷ്യൻ പോലും ഇല്ലായിരുന്നു. എന്റെ അപ്പൻ എനിക്കായി കരുതിയ എഴുപതേക്കർ തോട്ടത്തിന്റെ അരികും മൂലയും, ചോദിക്കാനും പറയാനും ആരും വരില്ലെന്നോർത്തു മറ്റുള്ളവർ സ്വന്തമാക്കിയപ്പോൾ വെറും പതിനഞ്ചു വയസുകാരനായ ഈ ഞാൻ അവരിൽ നിന്നും എന്റെ സ്ഥലം തിരിച്ചു പിടിച്ചവനാണ്.
ഒരു പതിനഞ്ചു വയസുകാരനെ അന്ന് അവർ ഭയന്നെങ്കിൽ നീ ഒന്നോർത്തു നോക്ക്. ഞാൻ ആരാണെന്ന്. അയാൾ ഉറക്കെ ചിരിച്ചു.
പഠിത്തം നിർത്തി.ഞാൻ മുഴുവൻ സമയവും അവിടെ ചിലവഴിച്ചു.എന്റെ തോട്ടത്തിൽ നിന്നുള്ള വരുമാനം ഒരു രൂപ പോലും ഞാൻ പാഴാക്കിയില്ല. എല്ലാം എന്റെ ഉമയ്ക്ക് വേണ്ടി സൂക്ഷിച്ചു വച്ചു.ഞങ്ങൾക്ക് പിറക്കുന്ന കുഞ്ഞുങ്ങൾ രാജാവിനെ പോലെ, റാണിയെ പോലെ വളരണം. എന്റെ സ്വപ്നങ്ങൾ നിറയെ അവളായിരുന്നു.
അവൾക്കു വേണ്ടി വയനാട്ടിൽ ഞാനൊരു വീട് വച്ചു.മഞ്ഞിൽ പൊതിഞ്ഞ പുലരികൾ അവൾക്ക് കുട്ടിക്കാലത്ത് ഒരുപാട് ഇഷ്ട്ടമായിരുന്നു.
വയനാട്ടിൽ നിന്നുംഞാൻ ഇവിടെ വരുമ്പോഴൊക്കെ അവൾ വാതോരാതെ എന്നോട് സംസാരിക്കും. നീ പോയതിൽ പിന്നെ ഒരു രസോം ഇല്ല എന്നൊക്കെ പറയുമ്പോൾ…. എന്റെ മനസ് നിറയും. പക്ഷെ… നമ്മുടെ സ്കൂളിൽ തന്നെ അവൾക്ക് ടീച്ചറായി ജോലി കിട്ടിയതറിഞ്ഞ് ഞാൻ വയനാട്ടിൽ നിന്ന് ഓടി വന്നപ്പോൾ അവൾ മറ്റൊരു കാര്യം കൂടി പറഞ്ഞു.
അയാൾ കാറിത്തുപ്പി..
നിന്നെ…. നിന്നെ അവൾക്ക് ഇഷ്ട്ടമാണെന്ന്. നിങ്ങൾ ഒരുമിച്ചു ജീവിക്കാൻ തുടങ്ങുകയാണെന്ന്. തകർന്ന് പോയി ഞാൻ…കുറേ ആലോചിച്ചപ്പോൾ എനിക്ക് മനസിലായി അവളോട് ഞാൻ ഒരിക്കലും എന്റെ സ്നേഹം പറഞ്ഞില്ല, ഞാൻ ഓരോന്നും ഒരുക്കി വച്ച് നിനക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് ഒരിക്കലും അവളോട് പറഞ്ഞിട്ടില്ല.
ശരിയാണ് അവൾ തെറ്റൊന്നും ചെയ്തില്ല. പക്ഷെ നീ…. നീ തെറ്റ് ചെയ്തു.
ശരത് അയാളുടെ തലമുടിയിൽ കുത്തിപ്പിടിച്ചു. ഞങ്ങൾക്കിടയിലേക്ക് നീ വന്നു. അത് തെറ്റ്.
അയാൾ പിടുത്തം വിട്ടു.
നിങ്ങളുടെ വിവാഹത്തിന്റെ അന്ന് നിനക്ക് ആക്സിഡന്റ് ഉണ്ടായത് നീ ഓർക്കുന്നില്ലേ അതിന് പിന്നിൽ ഞാനാ. നിന്നെ തീർത്തു കളയുന്നു. കുറച്ചു നാൾ കഴിഞ്ഞ് അവളെ എന്റെ സ്വന്തമാക്കുന്നു. പക്ഷെ എനിക്ക് പിഴച്ചു.നിന്നെ അവസാനിപ്പിക്കാൻ എനിക്ക് പറ്റിയില്ല. കാൽ ഒടിഞ്ഞ നീ വീൽചെയറിൽ വന്ന് അവൾക്കു താലി കെട്ടി.
തക്കം പാർത്തിരിക്കുകയായിരുന്നു ഞാൻ. എന്റെ പെണ്ണിനെ കൊണ്ടുപോകാൻ പക്ഷെ ആദ്യത്തെ മാസം തന്നെ അവൾ നിന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കാൻ തുടങ്ങിയെന്നറിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ വല്ലാതെ ഞാൻ വിഷമിച്ചു. പക്ഷെ കാത്തിരുന്നു ഞാൻ. നിന്റെ കുഞ്ഞുപിറന്നു രണ്ട് മാസം അവൾ ഇവിടെ അവളുടെ വീട്ടിൽ ഉണ്ടായിരുന്നപ്പോൾ . കൺനിറയെ അവളെ കണ്ട് കണ്ട് ഞാൻ എന്നെ സ്വയം ആശ്വസിപ്പിച്ചു. അവളുടെ വീട്ടിൽ വന്ന് പോകാനുള്ള സ്വാതന്ത്രം എനിക്ക് ഉണ്ടായിരുന്നു.
പക്ഷെ അവൾ നിന്റെ വീട്ടിലേക്കു മടങ്ങി പോന്നപ്പോൾ എനിക്കത് താങ്ങാൻ പറ്റിയില്ല.
അയാൾ അൽപ്പനേരം മൗനമായിരുന്നു.
പിന്നെ എന്താടാ പറ്റിയത് മോഹൻ അയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ചു.
ഹാ… കൈ വിട് സാറെ, ചുമ്മാ പേടിപ്പിക്കാൻ നോക്കല്ലേ..പേടി എന്നൊരു സാധനം ലവലേശം ഇല്ലാത്ത മനുഷ്യനാ ഞാൻ.
എടാ… അയാൾ കൈ വീശി ശരത്തിന്റെ കവിളിൽ അടിച്ചു.
അയ്യേ മോശം… ഇത്ര മെല്ലെയാണോ പോലീസ് അടിക്കുന്നത്,അയാൾ പതിയെ ചിരിച്ചു.
എടാ… നിന്നെ ഞാൻ….
ഹ..ഞാൻ പറഞ്ഞോണ്ടിരിക്കുവല്ലേ..പറഞ്ഞ് തീർത്തിട്ട് തല്ലിക്കോ ഞാൻ കൊണ്ടോളാം.
ഉമ നിന്റെ വീട്ടിലേക്കു പോന്നപ്പോഴാണ് അവളെ കാണാതെ ജീവിക്കാൻ എനിക്കാവില്ലെന്നു മനസിലായത്.
നീ ജോലിസ്ഥല ത്തേക്ക് തിരിച്ചു പോയി കഴിഞ്ഞപ്പോൾ ഞാൻ പദ്ധതികൾ തയ്യാറാക്കി. നിന്റെ വീടിന്റെ മതിലിൽ വണ്ടിയിടിപ്പിച്ചത് തകർത്തത് ഞാനാ. അതിന്റെ പണിക്കു വേണ്ടി മുരളിയെ അങ്ങോട്ട് അയച്ചതും ഞാനാ..
നിന്റെ ചേട്ടൻ പറമ്പിൽ പണിയിക്കാൻ ഇറങ്ങുന്ന സമയം കൃത്യമായി ഞാൻ മനസിലാക്കി. ജോലിക്കാരി പണിക്കാർക്കുള്ള ആഹാരവുമായി ഉച്ചക്ക് പോയാൽ പിന്നെ പശുവിനുള്ള പുല്ലും ചെത്തി വൈകുന്നേരത്തോടെയെ മടങ്ങി വരൂ എന്ന് അറിയാവുന്ന ഞാൻ നിന്റെ വീട്ടിൽ എത്തി.
സുഹൃത്തിനെ സൽക്കരിക്കാൻ തിടുക്കം കാട്ടിയ അവളോട് ഞാൻ എല്ലാം തുറന്നു പറഞ്ഞു. കുഞ്ഞിനേയും നിന്നെയും ഞാൻ സ്വീകരിച്ചോളാം എന്ന് പറഞ്ഞ എന്റെ മുഖത്ത് അവൾ കാറിത്തുപ്പി.
എനിക്ക് വേറെ വഴി ഇല്ലായിരുന്നു. തൊട്ടിലിൽ കിടന്ന കുഞ്ഞിനെ ഞാൻ കൈയിൽ എടുത്തതോടെ അവൾ ഭയന്ന് വിറച്ചു.
മുരളിയോടൊപ്പം ചേർന്ന് നിന്ന് അവളോട് തന്നെ സെൽഫി എടുക്കാൻ ഞാൻ ആവശ്യപ്പെട്ടു. പിന്നെ മുരളിയുടെ കൈ പിടിച്ച് ടൗണിലൂടെ പോകാൻ പറഞ്ഞു.
എന്റെ കൈയിൽ ഇരുന്ന് കരയുന്ന കുഞ്ഞിനെ ഞാൻ പതിയെ ഒന്നുയർത്തിയതും അവൾ ഞാൻ പറഞ്ഞത് പോലെ മുരളിയോടൊപ്പം നടന്നു. ജംഗ്ഷൻ കഴിഞ്ഞ് ഞാൻ പറഞ്ഞ ഇട വഴിയിൽ ഞാൻ ഏർപ്പാടാക്കിയ വാഹനത്തിൽ കയറി മുരളിയും ഉമയും.
പിന്നെ അവളുടെ ഫോണിൽ നിന്ന് തന്നെ, നിന്നെ വിളിച്ച് ‘എന്നോട് ക്ഷമിക്കണം ‘ എന്ന് മാത്രം പറഞ്ഞ് കാൾ കട്ടാക്കി സ്വിച് ഓഫ് ചെയ്യാൻ പറഞ്ഞു. പിന്നീട് മുരളി വണ്ടിയിൽ നിന്നിറങ്ങി മറ്റൊരു വഴിയിലൂടെ ഫോൺ നിങ്ങളുടെ വീട്ടിൽ തന്നെ കൊണ്ട് വച്ചു.
നിന്റെ കുഞ്ഞിനെ സേഫ് ആയി വീട്ടിൽ കിടത്തിയിട്ട് ഞാനും നിന്റെ വീട്ടിൽ നിന്നിറങ്ങി.
പിന്നെ എല്ലാത്തിനും തെളിവായ മുരളി, അവൻ എന്നെങ്കിലും എനിക്ക് നേരെ തിരിയുമോ എന്ന ഭയം കാരണം ഏറ്റവും സേഫ് ആയ സ്വർഗത്തിലേക്ക് അവനെ ഞാൻ പറഞ്ഞയച്ചു. അയാൾ മുകളിലേക്ക് മിഴികൾ ഉയർത്തി
മുരളിയോടൊപ്പം നീ പോയെന്ന് നാട് മുഴുവൻ അറിഞ്ഞു എന്ന് പറഞ്ഞിട്ടും അവൾക് തെല്ലും വിഷമം ഇല്ലായിരുന്നു.
ഞാനവളെ അവൾക്കായി പണിത വയനാട്ടിലെ വീട്ടിലെത്തിച്ചു. ആരും കടന്നു വരാത്ത ഞങ്ങൾ മാത്രമുള്ള ഇടം.
എടാ നാ, യേ…. സത്യനാഥ് അയാളെ ആഞ്ഞടിച്ചു.
പറഞ്ഞ് തീർന്നില്ലെടാ…മുഴുവൻ കേൾക്കണം നീ…അതാണ് നിനക്ക് ഞാൻ തരുന്ന ശിക്ഷ.
എന്നെ സ്നേഹിച്ച് എന്റേതായി ജീവിക്കാൻ പലവട്ടം അവളോട് ഞാൻ പറഞ്ഞിട്ടും അവൾ കൂട്ടാക്കിയില്ല.
അവൾക്ക് നിന്നെ മതിയത്രേ..
എത്ര സ്നേഹിച്ചിട്ടും എന്റെ സ്നേഹം മനസിലാകാത്ത അവളെ ഞാൻ വയനാട്ടിലെ വീട്ടിൽ അടച്ചു പൂട്ടി.
ഭർത്താവിനെയും പിഞ്ചു കുഞ്ഞിനേയും ഉപേക്ഷിച്ച് വീട്ടിൽ പണിക്ക് വന്ന ഒരുത്തനോടൊപ്പം ഇറങ്ങിപ്പോയ കഥ നാട്ടിൽ പാട്ടായ കാര്യം പറഞ്ഞിട്ടും അവൾക്ക് ഒരു കൂസലും ഇല്ലായിരുന്നു. അവളുടെ സത്യക്ക് അവളെ മനസിലാകും പോലും. ഹും…
ഞാനവൾക്കായി വാങ്ങിക്കൂട്ടിയതൊന്നും അവൾ തിരിഞ്ഞു നോക്കിയില്ല.
നിന്നെയല്ലാതെ അവൾക്ക് മറ്റുള്ള ആണിനെ അറപ്പാണത്രെ…
നിന്റെ കൊച്ചിനെ പെറ്റവൾ ആണെന്ന് പറയില്ല കേട്ടോടാ അവള് കൊള്ളാം…..അയാൾ ഊറിച്ചിരിച്ചു.
എടാ….. സത്യനാഥ് കാലുയർത്തി അയാളെ ച , വി, ട്ടി.
നെഞ്ചിലേറ്റ ചവിട്ടേറ്റ് അയാൾ കൂനിക്കൂടി ഇരുന്ന് ചുമച്ചു.
എത്ര സ്നേഹിച്ചിട്ടും എന്നെ തിരിച്ചു സ്നേഹിക്കാത്ത അവളെ ഞാനാ വീട്ടിൽ തന്നെ ലയിപ്പിച്ചു.എത്ര തിരഞ്ഞാലും തിരിച്ചു വരുവാനാകാത്ത ഒരു സുന്ദരലോകം അവൾക്കു കൊടുത്തു ഞാൻ…
അയാൾ ഉറക്കെയുറക്കെ പൊട്ടിപ്പൊട്ടിച്ചിരിച്ചു…
ദാ… നോക്ക് ഈ കൈയിൽ കിടന്നാണവൾ കണ്ണടച്ചത്.
സത്യനാഥ്… മോഹൻ അയാളെ ഉറക്കെ വിളിച്ചു. ഇനിയിവനെ വച്ചുകൊണ്ടിരിക്കരുത്. ഒരു കേസുമില്ലാതെ ഒരു കോടതിക്കും ഇവനെ വിട്ട് കൊടുക്കാതെ ഇവിടെ അവസാനിപ്പിച്ചേരെ ഇവനെ. സത്യനാഥ്…..താനിവനുള്ള ശിക്ഷ വിധിച്ചോളൂ. അത് ഇവൻ അർഹിക്കുന്നതാണ്.
ആകെ തകർന്നിരിക്കുന്ന സത്യയെ മാധവേട്ടൻ ചേർത്ത് പിടിച്ചു.
മോനേ… ഞാൻ പറഞ്ഞതല്ലേ അമിത പ്രതീക്ഷ വയ്ക്കരുതെന്ന്.
നിന്റെ കുഞ്ഞിനെ ഒരു നിമിഷം ഓർത്തു നോക്കടാ… അവൾക്ക് ആരുമില്ലാതാകരുത്. നീ തളരരുത് പിടിച്ചുനിൽക്കണം.
സത്യനാഥ്… എഴുന്നേറ്റു.
ഒറ്റയടിക്കല്ല ഇഞ്ചിഞ്ചായി നീ തീരണം.സത്യ മുരണ്ടു. പ, ച്ചമാം, സത്തിൽ തു, ളഞ്ഞു കയറുന്ന മൂ, ർ, ച്ചയുള്ള എന്തോവസ്തു ശരത്തിനെ ആഴത്തിൽ വേദനിപ്പിച്ചു.
അധികനേരം പിടിച്ചു നിൽക്കാൻ അയാൾക്ക് കഴിഞ്ഞില്ല. അടഞ്ഞു പോകുന്ന കണ്ണുകൾ ഉയർത്തി അയാൾ പതിയെ പറഞ്ഞു.
ഉമ ജീവിച്ചിരിപ്പുണ്ട്……
ഒറ്റ നിമിഷം അയാളെ അവസാനിപ്പിക്കാൻ ഓങ്ങിയ കൈ സത്യ സ്വയമറിയാതെ താഴ്ത്തി. പറ… പറ… എന്റെ ഉമ എവിടെയാണുള്ളത്?
പറയില്ല.
ഇവൻ വെറുതെ പറയുന്നതാണ് സത്യ… രക്ഷപെടാൻ വേണ്ടിയുള്ള അടവായിരിക്കും.
അല്ല…അവൾ ജീവനോടെയുണ്ട്…
എവിടെ? എവിടെയാണ് അവൾ?
അയാൾ ചിരിച്ചു.
വയനാട്ടിലാണോ പറ… പറയാൻ… സത്യനാഥ് അയാളെ പിടിച്ചുലച്ചു.
അല്ല അവിടെ നിന്ന് അവളെ ഞാൻ മാറ്റി.
പിന്നെവിടെയാണുള്ളത്.
ഇവിടെ.
ഇവിടെയോ?
അതെ.
എവിടെ?
എന്റെ വീട്ടിൽ.
സത്യനാഥ് അവിടേക്ക് ഓടി
വാതിൽ അടഞ്ഞു കിടക്കുകയാണ്. കനത്ത മതിൽ കെട്ടിനുള്ളിൽ നിറയെ പാഴ്പുല്ലുകൾ തഴച്ചു വളർന്നു നിൽക്കുന്നു.
അയാൾ വാതിൽ ചവിട്ടി തുറന്നു. അകത്തെ മുറിയിലെ ഓരോ വാതിലും തുറന്നു നോക്കിയ അയാൾക്ക് നിരാശയായിരുന്നു ഭലം. പെട്ടന്നാണ് അടുക്കള വാതിലിനോട് ചേർന്ന സ്റ്റോർ റൂം അയാളുടെ ശ്രെദ്ധയിൽ പെട്ടത്. അയാൾ അങ്ങോട്ട് ചെന്നു.
ദുർഗന്ധം നിറഞ്ഞ നിറഞ്ഞ അവിടെ പാറ്റയും, എലിയും ഓടി നടക്കുന്നു.
മെലിഞ്ഞൊട്ടിയ ഒരു മനുഷ്യരൂപം തറയിൽ കിടപ്പുണ്ട്. തലയിൽ മുടിയൊന്നുമില്ല മുഖത്തെ എല്ലുകൾ ഉന്തിനിൽക്കുന്നു. പുരുഷനെന്നോ സ്ത്രീയെന്നോ തിരിച്ചറിയുവാനാകാത്ത ആ രൂപത്തെ അയാൾ ഒന്നേ നോക്കിയുള്ളൂ…
അയാൾ മുഖം തിരിച്ചു.ഒരു ഗദ്ഗദം തൊണ്ടയിൽ തടയുന്നു.ഈശ്വരാ… ഇത് തന്റെ ഉമയാണോ അയാൾ ഒന്ന് കൂടെ നോക്കി.
നെറ്റിയുടെ ഒരു ഭാഗം പൊള്ളി അടർന്നിരിക്കുകയാണ്. കുഴിയിലേക്ക് ആണ്ടുപോയ കണ്ണുകൾ…പീള കെട്ടിയ ആ കണ്ണുകൾ ബുദ്ധിമുട്ടി തുറന്ന് ആ രൂപം അയാളെ ഒന്ന് നോക്കിയിട്ട് പഴയതുപോലെ കണ്ണുകൾ അടച്ചു കിടന്നു.
മുറിവുകൾ ഉണങ്ങിയ ഇരുകൈകൾ നിറയെ പൊറ്റൻപൊളിഞ്ഞിരിക്കുന്നു.
അയാൾ അടുത്തേക്ക് ചെന്നു. അവരിൽ നിന്നും ഒരു ശബ്ദവും പുറത്തേക്കു വരുന്നില്ല. അയാൾ പതിയെ ആ കൈകളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു. ജീവനില്ലാത്ത പാവയെ പോലെ ആ ശരീരം നിലത്തുറക്കാതെ വീഴുവനാഞ്ഞു.
ഇടം കവിളിൽ ചെവിയോട് ചേർന്ന് വലിയ മറുകിൽ കണ്ണുകൾ ഉടക്കിയതും.
അയാൾ കരഞ്ഞു പോയി. ഈർക്കിൾ പോലുള്ള ആ ദേഹത്തെ ചേർത്ത് പിടിച്ച് അയാൾ കരഞ്ഞു, പിന്നെ ചിരിച്ചു…
തന്റെ… ഉമ….
അയാൾ അവളെ തന്റെ കൈകളിൽ എടുത്തുകൊണ്ടു പുറത്തേക്കു വന്നു.
ഉമയുടെ അച്ഛനും അമ്മയും ചോദ്യരൂപത്തിൽ സത്യനാഥിനെ നോക്കി.
ഉമയാണ്… ആ ദുഷ്ട്ടൻ കൊല്ലാതെ കൊല്ലുകയായിരുന്നു.
പൊട്ടിക്കരഞ്ഞു കൊണ്ട് അവർ അവളെ നോക്കി.
അവർ അവളെ അകത്തു കയറ്റി.
ഭാമ മുറ്റത്ത് നിൽപ്പുണ്ടായിരുന്നു…അവളുടെ മുഖത്ത് ആകെ പരിഭ്രമം നിറഞ്ഞിട്ടുണ്ട്.
നിങ്ങളൊക്കെ ആരാ? ഞാൻ എങ്ങനാ ഇവിടെ എത്തിയത്?
കുട്ടി പേടിക്കണ്ട കുട്ടിയുടെ അച്ഛൻ ഇവിടുണ്ട്. ഇപ്പോൾ വരും.
ഉമയെ അച്ഛനെയും അമ്മയെയും ഏൽപ്പിച്ചിട്ട് സത്യനാഥ് പറമ്പിലേക്ക് ചെന്നു.
ശരത്തിന്റെ അടുത്തേക്ക് പാഞ്ഞുചെന്ന് അവനെ തലങ്ങും വിലങ്ങും അടിച്ചു.
അവളെ ഇനി നിനക്ക് എന്തിനാടാ…സത്യാ, സംസാരിക്കാൻ പോലും ഇനിയവൾക്ക് കഴിയില്ല… ആരെയും അവൾ അറിയില്ല. നീ കൊണ്ട് പോയി കണ്ണ് നിറച്ചു കാണ്… അത്ര നല്ല കോലമാണ്..
അയാൾ വീണ്ടും പൊട്ടിച്ചിരിച്ചു.
പെട്ടന്നയാളുടെ ചിരി മാഞ്ഞു.മൂ, ച്ചയുള്ള എന്തോ ഒന്ന് തന്റെ ജീ, വ *നെടുക്കുന്നത് അയാൾ അറിഞ്ഞു.അയാളുടെ കണ്ണുകൾ അടഞ്ഞു പോയി, അപ്പോഴും ചുണ്ടിൽ ഒരു പുച്ഛച്ചിരി അവശേഷിച്ചിരുന്നു.
അവർ അയാളെ… അടുത്തുള്ള ഉപയോഗശൂന്യമായ പൊട്ടാക്കിണറിലേക്ക് വലിച്ചെറിഞ്ഞു.
മൃ ഗത്തേക്കാൾ മൃ, ഗീയഭാവമുള്ള ചില മനുഷ്യർ നാടിന് തന്നെ ആപത്താണ്.
അവർ തിരിഞ്ഞു നടന്നു
**************
നാലുമാസങ്ങൾക്കു ശേഷം.
ഉമേ…
എന്താ സത്യാ..
നീയിതുവരെ റെഡിയായില്ലേ
ദാ… വരുന്നു സത്യാ.
അവൾ സാരിയുടുത്ത് ഇറങ്ങി വന്നു.
പഴയ ഉമയുടെ രൂപത്തിലേക്ക് പൂർണ്ണമായും എത്തിയിട്ടില്ലെങ്കിലും ആ കണ്ണുകളിൽ പുതുജീവന്റെ തിളക്കമുണ്ട്. ചുണ്ടിൽ അണയാത്ത പുഞ്ചിരിയും.
ആ പുഞ്ചിരി കാണുമ്പോൾ ഉള്ളിൽ സ്നേഹത്തിന്റെ, സമാധാനത്തിന്റെ ഒരു തണുപ്പ് നിറയും.
ഭൂമിയിൽ മരണമില്ലാത്ത ഒന്നേ ഉള്ളൂ,അത് സ്നേഹമാണ്. അല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഭാമയിൽ, ഉമയുടെ ആത്മാവെന്നോ ജീവനെന്നോ വിളിക്കാവുന്ന ഒരത്ഭുത ചൈതന്യം നിറഞ്ഞത്?? ജനനമോ മരണമോ ഇല്ലാത്ത ആത്മാവിന്റെ ഒരംശമായിരിക്കുമോ കുറച്ചു ദിവസമെങ്കിലും ഭാമയിൽ തുടിച്ചു നിന്നത്.
മരണം സംഭവിച്ച ഒരാളുടെ ആത്മാവ് മറ്റൊരാളിൽ പ്രവേശിക്കുന്നതായി പല കഥകളിലും വായിച്ചിട്ടുണ്ട്, അത്തരം സിനിമകളും ഇറങ്ങിയിട്ടുണ്ട്. എന്നാൽ ജീവിച്ചിരിക്കുന്ന ഒരാളുടെ ജീവൻ മറ്റൊരാളിൽ കുടികൊള്ളുമോ?
അറിയില്ല, ഒരാൾക്കും മനസിലാക്കുവാനാകാത്ത നിഗൂഢതകൾ നിറഞ്ഞ ഒന്നാണ് ഓരോ മനുഷ്യ മനസ്സും. അത് ചിലനേരങ്ങളിൽ നിയന്ത്രിക്കുന്നത് മറ്റാരോആണ്.
കഴിഞ്ഞ പല ദിവസങ്ങളിലും ഭാമയെ വഴിയിൽ വച്ച് കണ്ടിരുന്നു. ആ കുട്ടിക്ക് എന്നെയോ ഉമയെയോ അറിയില്ല. അവളുടെ അച്ഛൻ എല്ലാം പറഞ്ഞിരിക്കാം അതുകൊണ്ടാകും തന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു ആ കുട്ടി.
അല്ല നമ്മളിത് എങ്ങോട്ടാ… റെഡിയായി വരാൻ പറഞ്ഞു ഞാൻ വന്നു. ഇനി എങ്ങോട്ടാണ് എന്ന് കൂടെ പറ.ഒരുങ്ങി ഇറങ്ങിയ മാധവേട്ടൻ ചോദിച്ചു.
അതൊക്കെ പറയാം ഏട്ടൻ വാ…
മോളെയും കൊണ്ട് അവർ അമ്പലത്തിൽ എത്തി.
ഏട്ടാ…ഏട്ടൻ പറഞ്ഞില്ലേ ജീവിക്കുന്നത് എനിക്ക് വേണ്ടിയാണെന്ന്. എനിക്ക് വേണ്ടി മാത്രമല്ലെ ഏട്ടൻ ഇത്ര നാൾ ജീവിച്ചത്.
ഈ ഒരു കാര്യം ഏട്ടനോട് ആലോചിക്കാതെ ഞാനും ഉമയും കൂടെ തീരുമാനിച്ചതാണ്. ഏട്ടൻ തടസ്സം നിൽക്കരുത്.
നീ പറഞ്ഞാൽ ഞാൻ എന്തിനേലും എതിര് നിൽക്കുമോ?
എങ്കിൽ ഇന്ന് ഏട്ടന്റെ വിവാഹമാണ്.
വിവാഹമോ?നീയെന്താ മോനേ ഈ പറയുന്നത്.
ഏട്ടന് ഒരുപാട് പ്രായം ഒന്നും ആയില്ല നൽപ്പത്തൊന്നു വയസ്സ് ഒരു വയസാണോ ഏട്ടാ..
ഏട്ടനെപോലെ കൂടപ്പിറപ്പിനു വേണ്ടി മാത്രം ജീവിച്ച ഒരു പാവമാണ് എന്റെ ഏട്ടാത്തിയമ്മയായി കടന്നു വരാൻ പോകുന്നത്.
മോനേ… ഇത് മാത്രം പറ്റില്ല.എനിക്ക് നിങ്ങളൊക്കെ ഉണ്ടല്ലോ പിന്നെ എന്തിനാ ഇനി വേറൊരാൾ.
വേണം ഏട്ടാ… സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ ഏട്ടനെ പോലെ, എന്റെ ഏട്ടന്റെ കുഞ്ഞുങ്ങൾ നമ്മുടെ വീട്ടിൽ ഓടിനടക്കണം.
ദേ… നോക്കിക്കേ ഒരു ജീവിതം പ്രതീക്ഷിച്ച് കണ്ണിൽ നിറയെ സ്വപ്നങ്ങളുമായി ഒരാൾ അവിടെ നിൽക്കുന്നത്.
സത്യനാഥ് വിരൽ ചൂണ്ടിയിടത്തേക്ക് അയാൾ നോക്കി
സെറ്റ് സാരിയുടുത്ത്, തലയിൽ മുല്ലപ്പൂ ചൂടി, മെലിഞ്ഞു പൊക്കമുള്ള ഒരു യുവതി.
നീളമേറിയ മുടി അഴിച്ചിട്ടിരിക്കുകയാണ്. നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്ന ശാലീന രൂപം.
നമ്മൾ ആകെ പത്തുമുപ്പത് ആളുകളെ വിവാഹത്തിന് ഉള്ളൂ…
വരൂ ഏട്ടാ…സത്യ അയാളുടെ കൈ പിടിച്ചു.
ഇത്തവണ അയാൾ എതിര് പറഞ്ഞില്ല.
അവർ പുതിയൊരു ജീവിതം തുടങ്ങുകയാണ്. ഈ ലോകത്തിൽ ശാശ്വതമായുള്ളത് സ്നേഹം മാത്രമാണെന്ന് അവർക്ക് അറിയാം. അവരുടെ ആ സ്നേഹക്കൂട്ടിലേക്ക് പുതിയൊരാൾ കൂടി.
അവസാനിച്ചു
✍അഞ്ജു തങ്കച്ചൻ
