ഋഷികേശിന്റെ ഓഫീസിലെ വലിയ ബോർഡിൽ ഇപ്പോൾ പുതിയൊരു പേര് കൂടി എഴുതിച്ചേർക്കപ്പെട്ടു
‘എസ്തർ’
ആ പേരിന് ചുറ്റും അയാൾ ഒരു ചോദ്യചിഹ്നം വരച്ചു. ഇരുപത്തിനാല് വർഷം മുൻപ് മൂന്നാറിലെ തേയിലക്കാടുകളിൽ കാണാതായ ആ പെൺകുട്ടിയാണ് ഈ കൊ. ല. പാ. തക പരമ്പരയുടെ കേന്ദ്രബിന്ദുവെന്ന് അയാൾക്ക് ഉറപ്പായിരുന്നു. അവളെ കണ്ടെത്തുക എന്നതിനർത്ഥം, കൊ. ല. യാളിയെ കണ്ടെത്തുക എന്ന് തന്നെയായിരുന്നു.
“ഡി.വൈ.എസ്.പി. രാജൻ, നിങ്ങൾ ഉടൻ ഒരു സംഘവുമായി മൂന്നാറിലേക്ക് പോകണം,” ഋഷി തന്റെ വിശ്വസ്തനായ മറ്റൊരു ഉദ്യോഗസ്ഥന് നിർദ്ദേശം നൽകി.
“നമുക്ക് വേണ്ടത് 1998-ൽ കാണാതായ എസ്തർ എന്ന പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങളാണ്. അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കണ്ടെത്തണം, അവളുടെ കുടുംബത്തെ കണ്ടെത്തണം, ആ തേയിലത്തോട്ടത്തിൽ അന്ന് ജോലി ചെയ്തിരുന്നവരെ കണ്ടെത്തണം. ഓരോ ചെറിയ വിവരവും വിലപ്പെട്ടതാണ്. കാലം മായ്ച്ചുകളഞ്ഞ ഒരു കൊലപാതകത്തിന്റെ തെളിവുകളാണ് നമ്മൾ തിരയുന്നത്.”
ഡി.വൈ.എസ്.പി. രാജനും സംഘവും മൂന്നാറിലേക്ക് യാത്ര തിരിച്ചു. കോടമഞ്ഞിന്റെ നേർത്ത പുതപ്പിനടിയിൽ മയങ്ങിക്കിടക്കുന്ന ആ മലനിരകൾക്ക് ഒരുപാട് രഹസ്യങ്ങൾ ഒളിപ്പിക്കാൻ കഴിയുമെന്ന് അവർക്കറിയാമായിരുന്നു.
മൂന്നാർ പോലീസ് സ്റ്റേഷനിലെ പൊടിപിടിച്ച റെക്കോർഡ് റൂമിൽ നിന്നാണ് അവർ അന്വേഷണം ആരംഭിച്ചത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ, ചിതലരിച്ച ഒരു ഫയൽ അവർ കണ്ടെടുത്തു.
‘കേസ് നമ്പർ 213/98: എസ്തർ, 19 വയസ്സ്, മാൻ മിസ്സിംഗ്.’
ഫയൽ വളരെ നേർത്തതായിരുന്നു. കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം.
പെൺകുട്ടിയുടെ അച്ഛൻ നൽകിയ ഒരു പരാതി, കുറച്ചുപേരുടെ മൊഴികൾ, അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിച്ചുകൊണ്ടുള്ള ഒരു റിപ്പോർട്ട്. എല്ലാം വളരെ ഉപരിപ്ലവമായിട്ടാണ് രേഖപ്പെടുത്തിയിരുന്നത്.
“ഇതൊരു സാധാരണ കാണാതായ കേസ് ഫയൽ പോലെയല്ല സാർ, ആരോ മനഃപൂർവ്വം ഈ കേസ് മുക്കിയതുപോലെ തോന്നുന്നു,”
കൂടെയുണ്ടായിരുന്ന ഒരു സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. രാജൻ ആ ഫയലിലെ ഒരു പേരിൽ ശ്രദ്ധിച്ചു. അന്ന് കേസ് അന്വേഷിച്ചിരുന്നത് സബ് ഇൻസ്പെക്ടർ പളനിവേൽ എന്ന ഉദ്യോഗസ്ഥനായിരുന്നു. അയാൾ സർവ്വീസിൽ നിന്ന് വിരമിച്ചിട്ട് വർഷങ്ങളായിരുന്നു. ഇപ്പോൾ മൂന്നാറിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ വിശ്രമ ജീവിതം നയിക്കുകയാണെന്ന് അവർ കണ്ടെത്തി.
അവർ പളനിവേലിന്റെ വീട്ടിലെത്തുമ്പോൾ അയാൾ മുറ്റത്തെ ചാരുകസേരയിൽ പത്രം വായിക്കുകയായിരുന്നു. പോലീസുകാരാണെന്ന് അറിഞ്ഞപ്പോൾ ആ മുഖത്ത് ഒരു അസ്വസ്ഥത നിഴലിച്ചു. എസ്തറിന്റെ കേസിനെക്കുറിച്ച് ചോദിച്ചപ്പോൾ ആ മുഖം വിളറി.
“അതൊക്കെ ഒരുപാട് പഴയ കഥയല്ലേ സാറേ… എനിക്കിപ്പോൾ അതൊന്നും ഓർമ്മയില്ല,” അയാൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
“പളനിവേൽ, ഇതൊരു സാധാരണ സൗഹൃദ സന്ദർശനമല്ല. ഈ കേസിന് ഇപ്പോഴും ജീവനുണ്ട്. ഇരുപത്തിനാല് വർഷങ്ങൾക്കിപ്പുറം ഈ കേസുമായി ബന്ധപ്പെട്ട് കൊ. ല. പാ. തകങ്ങൾ നടക്കുന്നു. നിങ്ങൾ സത്യം പറഞ്ഞേ മതിയാവൂ. അന്നെന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് ആ കേസ് ശരിയായി അന്വേഷിക്കാതിരുന്നത്?” രാജന്റെ ശബ്ദം കടുത്തു.
പളനിവേൽ ദീർഘമായി നിശ്വസിച്ചു. അയാളുടെ കണ്ണുകളിൽ വർഷങ്ങൾ പഴക്കമുള്ള ഒരു ഭയം നിഴലിക്കുന്നുണ്ടായിരുന്നു.
“സാർ… എനിക്ക് മക്കളൊക്കെയുണ്ട്. പഴയതൊക്കെ കുത്തിപ്പൊക്കിയാൽ…”
“നിങ്ങൾക്ക് ഞങ്ങൾ സംരക്ഷണം തരും. പറയൂ…”
ഒടുവിൽ അയാൾ സംസാരിച്ചു തുടങ്ങി…..
“അന്ന് ആ തേയിലത്തോട്ടം ഭരിച്ചിരുന്നത് റിച്ചാർഡ്സൺ എസ്റ്റേറ്റ് എന്ന ബ്രിട്ടീഷ് കമ്പനിയായിരുന്നു. പേരിൽ മാത്രമേ ബ്രിട്ടീഷുകാരുണ്ടായിരുന്നുള്ളൂ, നടത്തിപ്പുകാരൻ വിശ്വനാഥന്റെ അച്ഛൻ കരുണാകര മേനോനായിരുന്നു. അതിശക്തനായ മനുഷ്യൻ. പോലീസും രാഷ്ട്രീയക്കാരും അയാളുടെ കീശയിലായിരുന്നു. ആ പെൺകുട്ടിയെ കാണാതായതിന് പിന്നിൽ അയാളുടെ മകൻ വിശ്വനാഥന് പങ്കുണ്ടെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. എസ്തറും വിശ്വനാഥനും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് ചിലർ രഹസ്യമായി പറഞ്ഞിരുന്നു. ആ കോളേജ് പിള്ളേരുടെ സമരം വന്നതോടെ കാര്യങ്ങൾ വഷളായി.
സമരത്തിനിടയിൽ എസ്തർ വിശ്വനാഥനെതിരെ എന്തോ പറയാൻ ശ്രമിച്ചുവെന്നും, അതോടെ അവളെ അയാൾ അപായപ്പെടുത്തിയെന്നുമാണ് ഞാൻ വിശ്വസിക്കുന്നത്.
ഞാൻ അന്വേഷിക്കാൻ തുടങ്ങിയപ്പോൾ മുകളിൽ നിന്ന് എനിക്ക് ഭീഷണി വന്നു. കേസ് അവസാനിപ്പിക്കുക, അല്ലെങ്കിൽ സ്ഥലംമാറ്റവും സസ്പെൻഷനും. എനിക്ക് പേടിയായിരുന്നു സാർ…”
രാജനും സംഘവും ഞെട്ടലോടെയാണ് അത് കേട്ടത്. ഓറിയോൺ ഗ്രൂപ്പ് ചെയർമാൻ വിശ്വനാഥൻ ഈ ചിത്രത്തിലേക്ക് വീണ്ടും കടന്നുവന്നിരിക്കുന്നു. പക്ഷേ, ഇത്തവണ ഒരു കോർപ്പറേറ്റ് വില്ലനായിട്ടല്ല, ഒരു പഴയ കൊ. ലപാ. തകത്തിലെ പ്രധാന പ്രതിയായിട്ട്.
“എസ്തറിന്റെ കുടുംബമോ?” രാജൻ ചോിച്ചു.
“അവൾക്ക് അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകളെ കാണാതായതിന്റെ ദുഃഖത്തിൽ അയാൾ തകർന്നുപോയി. കുറച്ചുകാലം കഴിഞ്ഞ് അയാൾ ആ സ്ഥലം വിട്ടുപോയി. എങ്ങോട്ടാണെന്ന് ആർക്കുമറിയില്ല.”
അന്വേഷണം വീണ്ടും ഒരു വഴിമുട്ടിയിൽ നിൽക്കുകയാണെന്ന് രാജന് തോന്നി. എന്നാൽ പോകുന്നതിന് മുൻപ് പളനിവേൽ ഒരു കാര്യം കൂടി പറഞ്ഞു.
“സാർ, ആ സമരത്തിന് വന്ന കോളേജ് പിള്ളേർ… അവരിൽ ഒരാളുമായി എസ്തറിന് നല്ല അടുപ്പമുണ്ടായിരുന്നു. അവൾ ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നത് അയാളോടായിരുന്നു. സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന ഒരു പയ്യൻ…”
അത് ആനന്ദ് മേനോനോ ശ്രീധർ നായരോ സാബിൻ മാത്യുവോ? അതോ മറ്റാരെങ്കിലും?
അതേസമയം, നൂറുകണക്കിന് കിലോമീറ്ററുകൾക്കപ്പുറം, ഇടുക്കിയിലെ ആശുപത്രിയിലെ ഐ.സി.യുവിൽ, കോമയിൽ അചഞ്ചലനായി കിടന്നിരുന്ന ഡോ. സാബിൻ മാത്യുവിന്റെ വലതുകൈയിലെ വിരലുകൾ ചെറുതായി ഒന്നു ചലിച്ചു.
ഇരുപത്തിനാല് വർഷമായി അയാളുടെ ഓർമ്മകളെ ബന്ധിച്ചിരുന്ന ചങ്ങലയുടെ ആദ്യത്തെ കണ്ണി പൊട്ടുകയായിരുന്നു.
തുടരും…..
