ഡി.വൈ.എസ്.പി. രാജന്റെ ഫോൺ കോൾ അവസാനിച്ചപ്പോൾ ഋഷികേശ് വർമ്മയുടെ മനസ്സിൽ ചിത്രം കൂടുതൽ വ്യക്തമായി.
ചുവന്ന പാതകളെല്ലാം ഇപ്പോൾ ചെന്നവസാനിക്കുന്നത് ഒരൊറ്റ പേരിലാണ് – വിശ്വനാഥൻ.
ഇരുപത്തിനാല് വർഷം മുൻപ് അയാൾ നടത്തിയ ഒരു കൊ. ലപാതകം മറയ്ക്കാനാണ് ഈ പുതിയ കൊ. ലപാതകങ്ങളെല്ലാം. ആനന്ദും, ജോണും, ശ്രീധറും ആ പഴയ പാപത്തിന്റെ സാക്ഷികളായിരുന്നു. ഇപ്പോൾ ജീവനോടെ അവശേഷിക്കുന്ന ഒരേയൊരു സാക്ഷി ഡോ. സാബിൻ മാത്യുവാണ്. അയാൾ സംസാരിച്ചാൽ വിശ്വനാഥന്റെ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴും.
ഇത് മനസ്സിലാക്കുന്ന വിശ്വനാഥൻ വെറുതെയിരിക്കില്ലെന്ന് ഋഷികേശിന് ഉറപ്പായിരുന്നു. ദുബായിലിരുന്ന് അയാൾ കരുക്കൾ നീക്കുന്നുണ്ടാകും. സാബിൻ മാത്യു കിടക്കുന്ന ഇടുക്കിയിലെ ആ സ്വകാര്യ ആശുപത്രി ഒട്ടും സുരക്ഷിതമല്ല. കൊ..ല. യാളിക്ക് എപ്പോൾ വേണമെങ്കിലും അവിടെയെത്താം. ഒരു ഡോക്ടറുടെയോ നഴ്സിന്റെയോ വേഷത്തിൽ, അല്ലെങ്കിൽ ഒരു സാധാരണ സന്ദർശകനായി. അപകടം ഏത് നിമിഷവും സംഭവിക്കാം.
ഋഷികേശ് ഉടൻ തന്നെ പ്രകാശിനെ വിളിച്ചു. അയാളുടെ ശബ്ദം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് പോലെ ഗൗരവമേറിയതായിരുന്നു.
“പ്രകാശ്, നമ്മൾ സാബിൻ മാത്യുവിനെ അവിടെനിന്ന് മാറ്റുകയാണ്. ഇന്ന് രാത്രി തന്നെ. കൊച്ചിയിലെ ഒരു രഹസ്യ കേന്ദ്രത്തിലേക്ക്. ഇതൊരു അതീവ രഹസ്യമായ നീക്കമായിരിക്കണം. നിങ്ങൾ അവിടെയുള്ള ഒരു പോലീസുകാരൻ പോലും ഇതറിയരുത്. ഞാൻ ഇവിടെനിന്ന് വിശ്വസ്തരായ ഒരു മെഡിക്കൽ സംഘത്തെ അങ്ങോട്ടേക്ക് അയക്കുന്നുണ്ട്. അവർ ഒരു ആംബുലൻസുമായി വരും. നിങ്ങൾ അവരെ കാത്തിരിക്കുക.”
“സാർ, പക്ഷേ ഇത്രയും ഗുരുതരാവസ്ഥയിലുള്ള രോഗിയെ മാറ്റുന്നത് അപകടമാകില്ലേ?” പ്രകാശ് സംശയം പ്രകടിപ്പിച്ചു.
“അവിടെ നിർത്തുന്നത് അതിനേക്കാൾ വലിയ അപകടമാണ്. ജീവനുണ്ടെങ്കിൽ മാത്രമേ ചികിത്സിക്കാൻ കഴിയൂ, പ്രകാശ്. എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് മെഡിക്കൽ ടീം വരുന്നത്. നിങ്ങൾ ചെയ്യേണ്ടത് ഒന്നുമാത്രം, ഈ വിവരം പുറത്താരും അറിയാതെ നോക്കുക.”
ആ രാത്രി ഇടുക്കിയിലെ ആ ആശുപത്രി പരിസരം പതിവിലും നിശബ്ദമായിരുന്നു. പുറത്ത് നേർത്ത മഞ്ഞ് വീഴുന്നുണ്ടായിരുന്നു. പ്രകാശ് ഐ.സി.യുവിന് മുന്നിലെ കസേരയിലിരുന്ന് ഓരോ നിഴലിനെയും സംശയത്തോടെ വീക്ഷിച്ചു.
അർദ്ധരാത്രിയോടെ, ഋഷികേശ് അയച്ച ആംബുലൻസും മെഡിക്കൽ സംഘവും എത്തി. ഒരു രോഗിയെ ഡിസ്ചാർജ്ജ് ചെയ്തു കൊണ്ടുപോകുന്നു എന്ന വ്യാജേനയാണ് അവർ അകത്തേക്ക് പ്രവേശിച്ചത്.
പ്രകാശ് ഡോക്ടർമാരുമായി ഐ.സി.യുവിനുള്ളിലേക്ക് കടന്നു. സാബിൻ മാത്യു അപ്പോഴും അബോധാവസ്ഥയിൽ തന്നെയായിരുന്നു. ജീവൻ നിലനിർത്തുന്ന യന്ത്രങ്ങളുടെ നേർത്ത ശബ്ദം മാത്രം മുറിയിൽ നിറഞ്ഞുനിന്നു. ഡോക്ടർമാർ സാബിന്റെ ശരീരം സ്ട്രെച്ചറിലേക്ക് മാറ്റാൻ തുടങ്ങി. ആ നീക്കത്തിനിടയിൽ, അപ്രതീക്ഷിതമായി, സാബിന്റെ കണ്ണുകൾ പാതി തുറന്നു. യാതൊരു ലക്ഷ്യവുമില്ലാതെ ആ കണ്ണുകൾ മുറിയിലൂടെ ചലിച്ചു. ഒടുവിൽ അത് പ്രകാശിന്റെ മുഖത്ത് പതിഞ്ഞപ്പോൾ ഒരു നിമിഷം നിശ്ചലമായി.
അയാളുടെ ചുണ്ടുകൾ ചെറുതായി വിറച്ചു. ഒരു വാക്ക് പുറത്തുവരാൻ വെമ്പുന്നത് പോലെ. പ്രകാശ് പെട്ടെന്ന് അയാളുടെ അടുത്തേക്ക് കുനിഞ്ഞു.
“സാബിൻ… ഞാൻ പോലീസ്…”
ഒരു ഞരക്കത്തോടെ, നേർത്ത ശബ്ദത്തിൽ ആ വാക്ക് പുറത്തുവന്നു.
“പെട്ടി…”
അത്രമാത്രം. അതോടെ അയാളുടെ കണ്ണുകൾ വീണ്ടും അടഞ്ഞു. ശരീരം പഴയതുപോലെ നിശ്ചലമായി. ഡോക്ടർമാർക്ക് അതൊരു സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു. എന്നാൽ ആ വാക്ക് ഒരു വെളിപാട് പോലെ പ്രകാശിന്റെ കാതുകളിൽ മുഴങ്ങി.
പെട്ടി? എന്ത് പെട്ടി?
ദുബായിലെ ബുർജ് ഖലീഫയുടെ ഉയർന്ന നിലകളിലൊന്നിലെ ആഡംബര ഹോട്ടൽ മുറിയിലിരുന്ന് വിശ്വനാഥൻ ഫോണിൽ സംസാരിക്കുകയായിരുന്നു. അയാളുടെ മുഖം ഇരുണ്ടിരുന്നു.
“അവൻ ഇപ്പോഴും ജീവനോടെയുണ്ടെന്നോ? നിങ്ങൾക്കെന്താ അവിടെ പണി? ഞാൻ തന്ന പണം അതിനായിരുന്നില്ല.”
“സാർ, പോലീസ് പ്രൊട്ടക്ഷനുണ്ട്. എളുപ്പമല്ല.” മറുതലയ്ക്കൽ നിന്ന് ദയനീയമായ ശബ്ദം.
“എനിക്ക് കാരണങ്ങൾ കേൾക്കണ്ട. ആ ജോലി തീർക്കണം. എത്ര പണം വേണമെങ്കിലും ഞാൻ തരാം. പക്ഷേ, അവൻ വാ തുറക്കാൻ പാടില്ല. മനസ്സിലായോ?” വിശ്വനാഥൻ ഫോൺ കട്ട് ചെയ്ത് ഗ്ലാസിലെ മ..ദ്യം ഒറ്റവലിക്ക് കുടിച്ചുതീർത്തു. ജനലിലൂടെ കാണുന്ന ദുബായിലെ വർണ്ണ വെളിച്ചങ്ങൾക്കൊന്നും അയാളുടെ മനസ്സിലെ ഇരുട്ടകറ്റാൻ കഴിഞ്ഞില്ല.
പ്രകാശിന്റെ നേതൃത്വത്തിൽ സാബിൻ മാത്യുവുമായി ആംബുലൻസ് കൊച്ചിയിലേക്ക് കുതിച്ചു. കൊച്ചി നഗരത്തിലെ ഒരു പോലീസ് സുരക്ഷാ കേന്ദ്രത്തോട് ചേർന്നുള്ള രഹസ്യമായ മെഡിക്കൽ വിങ്ങിലേക്കാണ് അവരെയെത്തിച്ചത്. സാബിൻ സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രകാശ് ഋഷികേശിനെ വിളിച്ചു.
“സാർ, ഞങ്ങൾ എത്തി. എല്ലാം സേഫാണ്.”
“Good work, പ്രകാശ്.”
“സാർ, ഒരു കാര്യം കൂടി. ഇങ്ങോട്ട് മാറ്റുന്നതിനിടയിൽ അയാൾ ഒരു നിമിഷത്തേക്ക് കണ്ണ് തുറന്നിരുന്നു. ഒരു വാക്ക് പറഞ്ഞു.”
“എന്ത് വാക്ക്?” ഋഷികേശിന്റെ ശബ്ദത്തിൽ ആകാംഷ നിറഞ്ഞു.
“പെട്ടി… ‘Box’ എന്ന്.”
ഋഷികേശ് ഒരു നിമിഷം നിശബ്ദനായി. ആനന്ദ്, ജോൺ, ശ്രീധർ, സാബിൻ… എസ്തർ… തേയിലത്തോട്ടം… ഇപ്പോൾ ഇതാ പുതിയൊരു വാക്ക്, ‘പെട്ടി’.
ഈ കൊലപാതക പരമ്പരയുടെ താക്കോൽ ഒരുപക്ഷേ ആ പെട്ടിക്കുള്ളിലായിരിക്കാം. അത് എവിടെയാണ്? അതിലെന്താണ്? സാബിൻ മാത്യുവിന്റെ ഓർമ്മകൾക്കൊപ്പം ആ രഹസ്യവും കോമയിലാണ്. സമയം അതിവേഗം മുന്നോട്ട് പോകുന്നു. കൊ, ലയാളി അടുത്ത നീക്കത്തിന് തയ്യാറെടുക്കുന്നു.
തുടരും….
