അപ്രതീക്ഷിത സന്തോഷം, ഡോക്ടറുടെ വാക്കുകൾ സ്റ്റെല്ലയെയും ഇന്ദ്രനെയും ഒരുപോലെ ഞെട്ടിച്ചുകളഞ്ഞെങ്കിലും, ആ ഞെട്ടൽ പതിയെ സന്തോഷത്തിന് വഴിമാറി. ഇന്ദ്രൻ സ്റ്റെല്ലയെ ചേർത്തുപിടിച്ചു.
ഒക്കെ.. സ്റ്റെല്ല ഹാപ്പി ആയിട്ട് ഇരിക്കൂ ട്ടോ.. നന്നായി ഫുഡ് ഒക്കെ കഴിച്ചു കുറച്ചു ആരോഗ്യം വെയ്ക്കണം. രണ്ടാൾക്കുള്ള ഫുഡ് ഡെയിലി കഴിച്ചോണം.
ഡോക്ടർ പറയുന്നത് കേട്ടുകൊണ്ട് സ്റ്റെല്ല തല കുലുക്കി.
ഇരുവരും ഹോസ്പിറ്റലിൽ നിന്നുമീറങ്ങി
സ്റ്റെല്ല,” അവന്റെ സ്വരം ഇടറി, ഒരു നേർത്ത വിറയലോടെ അവൻ പറഞ്ഞു.
സ്റ്റെല്ലയുടെ കണ്ണുകളിൽ നിന്ന് ആനന്ദക്കണ്ണീർ ഒഴുകി.
അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല, അവന്റെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് അതിൽ മുഖം പൂഴ്ത്തി അവൾ വിതുമ്പി.
ഈ നിമിഷം അവൾ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. ഒരു കുഞ്ഞെന്ന ചിന്ത അവളുടെ ഉള്ളിൽ മാതൃത്വത്തിന്റെ വാത്സല്യം നിറച്ചു.
ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇരുവരും മൗനത്തിലായിരുന്നു. ആ മൗനം സന്തോഷം നിറഞ്ഞതായിരുന്നു. ഓരോ നിമിഷവും സ്റ്റെല്ല തന്റെ ഉള്ളിൽ വളരുന്ന ജീവനെക്കുറിച്ച് അത്ഭുതപ്പെട്ടു.
വീടെത്തിയപ്പോൾ അച്ഛമ്മ ഉമ്മറത്ത് അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. സ്റ്റെല്ലയുടെ മുഖത്തെ പ്രസരിപ്പും ഇന്ദ്രന്റെ കണ്ണുകളിലെ തിളക്കവും കണ്ട് അച്ഛമ്മയ്ക്ക് കാര്യം മനസ്സിലായി.
ഹോസ്പിറ്റലിൽ പോയിട്ട് എന്തായി മക്കളെ..അച്ഛമ്മ ചോദിച്ചതും സ്റ്റെല്ലയുടെ മുഖത്ത് നാണം. അവൾ ഇന്ദ്രനെ നോക്കി.
ഇന്ദ്രൻ സന്തോഷത്തോടെ, അച്ഛമ്മയെ കെട്ടിപിടിച്ചു കൊണ്ട് വിവരംഅറിയിച്ചു.
അച്ഛമ്മേ, അച്ഛമ്മയോട് കൂട്ടുകൂടാനായി ഒരാൾ കൂടി വരുന്നുണ്ട് കേട്ടോ.
അത് കേട്ടതും അച്ഛമ്മയുടെ കണ്ണുകൾ നിറഞ്ഞു.
ഭഗവാൻ എന്റെ പ്രാർത്ഥന കേട്ടുല്ലൊ.. എനിക്ക് അത് മാത്രം മതി.. സ്റ്റെല്ലയെ കെട്ടിപ്പിടിച്ച് അവളുടെ ഇരു കവിളിലും അച്ഛമ്മ മാറിമാറി മുത്തം കൊടുത്തു.
അവർ കൈകൂപ്പി ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് അവളെയും ചേർത്ത് പിടിച്ച് അകത്തേക്ക് കയറി.
തങ്ങളുടെ കുടുംബത്തിലേക്ക് വരാനിരിക്കുന്ന പുതിയ അതിഥിയെക്കുറിച്ച് ഓർത്ത് മൂന്നുപേരും സന്തോഷിച്ചു, ആ നിമിഷം ആ വീട് സ്നേഹം കൊണ്ട് നിറഞ്ഞു
റൂമിലെത്തിയതും ഇന്ദ്രന്റെ നെഞ്ചിൽ അവൾ പതുങ്ങി കൂടി.
ഇവിടെ ഒരാള് വന്നുല്ലൊ അല്ലേ.. സുഖമാണോ വാവേ…ഇന്ദ്രൻ സ്റ്റെല്ലയുടെ അണിവയറിൽ മെല്ലെ തലോടികൊണ്ട് ചോദിച്ചു.
എന്നിട്ട് നിലത്തേക്ക് മുട്ടുമടക്കി ഇരുന്നുകൊണ്ട് അവളുടെ വയറിൽ മെല്ലെ ചുംബിച്ചു.
പിന്നീടുള്ള ദിവസങ്ങൾ സന്തോഷത്തിന്റേതായിരുന്നു.
സ്റ്റെല്ലയുടെ ഗർഭവാർത്ത അറിഞ്ഞപ്പോൾ അപ്പച്ചനും ചേച്ചിയും അവളെ കാണാൻ തിടുക്കത്തിൽ എത്തി. ചേച്ചി ഓടിവന്ന് സ്റ്റെല്ലയെ കെട്ടിപ്പിടിച്ചു.
“മോളേ.. സ്റ്റെല്ല…അവളുടെ ശബ്ദത്തിൽ അതിയായ സന്തോഷം നിറഞ്ഞിരുന്നു.
അപ്പച്ചൻ സ്റ്റെല്ലയുടെ തലയിൽ തലോടി. “എല്ലാം നല്ലതിന് വേണ്ടിയായിരുന്നു മോളെ. നിനക്കൊരു നല്ല ജീവിതം കിട്ടി. ഇപ്പോൾ ഈ സന്തോഷവും.”
അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു. അപ്പച്ചനും ചേച്ചി യും വന്നതോടെ വീട് കൂടുതൽ ഉണർവുള്ളതായി.
ഇന്ദ്രൻ സ്റ്റെല്ലയോട് കാണിക്കുന്ന സ്നേഹവും കരുതലും കണ്ട് അപ്പച്ചന്റെ മനസ്സ് നിറഞ്ഞു. തന്റെ മകൾക്ക് നല്ലൊരു ജീവിതം ലഭിച്ചതിൽ അയാൾ സന്തുഷ്ടനായിരുന്നു.
അച്ഛമ്മ അവർക്കെല്ലാം ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കിക്കൊടുത്തു, വീട് നിറയെ ചിരിയും സംസാരവുമായി.
അച്ഛമ്മ സ്റ്റെല്ലയെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. ഒരു നിമിഷം പോലും അവളെ തനിച്ചാക്കാൻ അച്ഛമ്മയ്ക്ക് മനസ്സുണ്ടായിരുന്നില്ല.
ഓരോ കാര്യത്തിലും അച്ഛമ്മ സ്റ്റെല്ലയ്ക്ക് താങ്ങും തണലുമായി. സ്റ്റെല്ല നടക്കുമ്പോൾ പോലും അച്ഛമ്മ അവളുടെ പിന്നാലെ ചെന്നു.
“സൂക്ഷിച്ചു നടക്കണേ മോളേ, വഴുവഴുപ്പുണ്ടാകും.” അച്ഛമ്മയുടെ കണ്ണുകൾ എപ്പോഴും സ്റ്റെല്ലയുടെ ചലനങ്ങളിൽ ആയിരുന്നു.
രാവിലെ സ്റ്റെല്ല ഉറക്കമുണരുമ്പോൾ അച്ഛമ്മ കാപ്പിയുമായി അവളുടെ അടുത്തേക്കെത്തും… “
ഇതുകുടിച്ച് എഴുന്നേൽക്കൂ മോളെ. ക്ഷീണം മാറിക്കോളും.”
അവൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം പാചകം ചെയ്യാനും അച്ഛമ്മ തങ്ങളുടെ വീട്ടിൽ സഹായത്തിന് നിൽക്കുന്ന സ്ത്രീയോടൊപ്പം സമയം കണ്ടെത്തി.
. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് അച്ഛമ്മ സ്റ്റെല്ലയുടെ വയറ്റിൽ തലോടി കുഞ്ഞുവാവയോട് സംസാരിച്ചു. “മോളൂട്ടി, വേഗം വാവേ, അച്ഛമ്മ കാത്തിരിക്കുകയാണ്.” അച്ഛമ്മയുടെ ഈ കരുതൽ സ്റ്റെല്ലയുടെ മനസ്സ് നിറച്ചു.
കാത്തിരിപ്പിന്റെ മധുരം,
ദിവസങ്ങൾ ചിറകുള്ള പക്ഷികളെപ്പോലെ പറന്നുപോയി.
സ്റ്റെല്ലയുടെ വയറ് വലുതാകാൻ തുടങ്ങി. ഓരോ ദിവസവും കുഞ്ഞിന്റെ ചലനങ്ങൾ അവൾക്ക് കൂടുതൽ സന്തോഷം നൽകി.
ഇന്ദ്രൻ അവളെ ആശുപത്രിയിൽ കൊണ്ടുപോകാനും എല്ലാ പരിശോധനകൾക്കും കൂടെ നിൽക്കാനും ശ്രദ്ധിച്ചു.
ഇടയ്ക്കൊക്കെ ഛർദി വരുന്നത് ഒഴിച്ചാൽ അവൾക്ക് വല്യ കുഴപ്പം ഇല്ലായിരുന്നു.
ആറാം മാസത്തെ സ്കാനിങ് കഴിഞ്ഞു ഇരുവരും വീട്ടിലേക്ക് മടങ്ങി വരികയാണ്.
ഇന്ദ്രേട്ടാ അച്ഛമ്മ എപ്പോഴും പറയുന്നത് പെൺകുട്ടിയാണെന്നാണ് കേട്ടോ..
ഹ്മ്.. ഞാനും കേൾക്കാറുണ്ട്. അച്ഛമ്മ നിന്റെ വയറു കാണുമ്പോൾ ലക്ഷണം നോക്കി പറയുന്നതാണ്.
ഞാനും ഇപ്പോൾ പെൺകുട്ടിയാണെന്ന് ഓർത്ത് പേര് വരെ കണ്ടുപിടിച്ചു വച്ചിരിക്കുകയാണ്.
എന്ത് പേര്…? പെട്ടെന്ന് ഇന്ദ്രൻ മുഖം തിരിച്ച് അവളെ നോക്കി.
അതൊക്കെ സർപ്രൈസ്… ഇപ്പൊ പറയില്ല.
ഹാ.. അതെന്തു വർത്തമാനം ആടി… കേൾക്കട്ടെന്നെ
വേണ്ട.. ഇപ്പൊ പേര് പറഞ്ഞിട്ട് ഇനി അഥവാ ആൺകുട്ടി ആയാലോ.
ആൺകുട്ടി ആയാൽ അന്നേരം വേറെ പേര് കണ്ടുപിടിക്കാം. പോരെ.
ഇന്ദ്രേട്ടന് എന്തു തോന്നുന്നു ആൺകുട്ടിയാണോ അതോ പെൺകുട്ടിയാണോ…..?
എന്തായാലും എനിക്ക് സന്തോഷം പെണ്ണേ.. യാതൊരു കുഴപ്പവും കൂടാതെ കുഞ്ഞിനെ കയ്യിലോട്ട് തന്നാൽ മാത്രം മതി. അവൻ പറഞ്ഞതും സ്റ്റെല്ല ഒന്ന് പുഞ്ചിരിച്ചു
തുടരും….
