അർജുൻ, ഈ സാരി എങ്ങനെയുണ്ട് മോനേ… ഇഷ്ടമായോ. സ്റ്റെല്ല ചോദിച്ചതും അർജുൻ കൊള്ളാമെന്നു പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു.
അവന്റെ കോൾ കട്ട് ആയപ്പോഴാണ് ചിമ്മുവിന് സമാധാനമായത്. അങ്ങനെ ഒരു വലിയ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞശേഷം എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു പോയി. അർജുന്റെ വിവാഹ ഡ്രസ്സ് എടുക്കുവാനായി കുട്ടികൾ രണ്ടാളും ഒരുമിച്ചു പോകട്ടെയെന്ന് ഇന്ദ്രൻ അഭിപ്രായപ്പെട്ടു.
അർജുൻ ഇനിയെന്നാണ് ഫ്രീ ആകുന്നത് എന്ന് അറിയില്ലല്ലോ.. ഇവർക്കാണെങ്കിൽ തിരുവനന്തപുരത്തേക്ക് പോവുകയും ചെയ്യണം..
സ്റ്റെല്ല പറഞ്ഞപ്പോഴാണ് ഇന്ദ്രനും ആ കാര്യം ഓർത്തത്. കുഴപ്പമില്ല നമുക്ക് സാഹചര്യം പോലെ ചെയ്യാം,,, ഇനിയിപ്പോ അധിക ദിവസങ്ങളും ഇല്ലല്ലോ. ഇന്ദ്രൻ പറഞ്ഞു..
ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് രാത്രി എട്ടുമണിയോടെയാണ് ഇന്ദ്രനും സ്റ്റല്ലയും തിരിച്ചെത്തിയത്.
അർജുൻ അവന്റെ റൂമിൽ ആയിരുന്നു. സ്റ്റെല്ല കയറി ചെന്നപ്പോൾ അവൻ ഏതോ ബുക്ക് വായിച്ചു കൊണ്ടിരിക്കുകയാണ്.
മോനേ… നീ കോഫി കുടിച്ചായിരുന്നോ.
ഹ്മ്മ്.. കുടിച്ചു,,അവൻ ബുക്ക് മടക്കി വെച്ചിട്ട് എഴുന്നേറ്റു.
മോനേ.. ഒരു പാവം കുട്ടിയാണ് ച്ചിമ്മു.. അവളോട് ഇന്നാണല്ലോ ഏറെ സംസാരിക്കുന്നത്. ഒറ്റ മകളെ ഉള്ളൂവെങ്കിലും ഒരുപാട് ലാളിച്ചൊന്നുമല്ല ആ കുട്ടിയെ വളർത്തിയിരിക്കുന്നത്. അങ്ങനെ വലിയ വാശിയൊന്നുമില്ല. വെറും പാവമാണ്…
അമ്മ ചിന്മയിയെ കുറിച്ച് വാചാലയായി.
അർജുൻ അതൊക്കെ കേട്ടതല്ലാതെ പ്രത്യേകിച്ച് യാതൊരു അഭിപ്രായവും പറഞ്ഞില്ല.
നാളെ മോൻ, ഫ്രീയാണോ..?
എന്താമ്മേ…
നിന്റെ കല്യാണ ഡ്രസ്സ് എടുക്കുവാനായി നിങ്ങൾ രണ്ടാളും കൂടി പോകുമോനെ…രണ്ടുദിവസം കഴിഞ്ഞാൽ അവർ തിരുവനന്തപുരത്തേക്ക് മടങ്ങും. വിവാഹത്തിന് അധികം ദിവസങ്ങൾ ഇല്ലല്ലോ
ഞാൻ free അല്ല അമ്മേ.. പിന്നെ എനിക്ക് അടുത്ത മാസം മുതൽ കോട്ടയത്തെ ഒരു കോളേജിലേക്ക് സ്ഥലം മാറ്റം കിട്ടി.
കോട്ടയത്തോ…. അപ്പോൾ ച്ചിമ്മു ഇവിടെ ആയി പോകില്ലേ. .
എനിക്കെന്റെ ജോലി കളയാൻ പറ്റില്ലല്ലോ.. പിന്നെന്ത് ചെയ്യും.
എന്നാലും… കല്യാണം കഴിഞ്ഞാൽ ഉടനെ തന്നെ നീ പോകുക എന്നൊക്കെ വെച്ചാൽ…
ഇപ്പൊ പെട്ടെന്ന് കല്യാണം നടത്തണമെന്ന് നിങ്ങൾക്കല്ലേ വാശി..
സമയം കഴിഞ്ഞു പോകും മോനെ അതുകൊണ്ടല്ലേ…
എല്ലാം കൂടി നടക്കത്തില്ല അമ്മേ.. എനിക്കെന്റെ ജോലി കളയാനും പറ്റത്തില്ല. അവൾ ഇവിടെ നിന്ന് കോളേജിൽ പൊക്കോളും, അല്ലെങ്കിൽ തിരുവനന്തപുരത്ത് നിൽക്കട്ടെ.
ശോ…. നീ എന്തൊക്കെയാണ് പറയുന്നത്, രണ്ടാളും രണ്ട് സ്ഥലത്താണോ കഴിയേണ്ടത്.. അത് എല്ലാവർക്കും സങ്കടമുള്ള കാര്യമാണ് മോനേ..
കുളിയൊക്കെ കഴിഞ്ഞശേഷം ഇന്ദ്രൻ മുറിയിലേക്ക് വന്നപ്പോൾ സ്റ്റെല്ല ഇക്കാര്യം ഇന്ദ്രനെ ധരിപ്പിച്ചു.
എവിടെയാണെങ്കിലും ശരി രണ്ടാളും ഒരുമിച്ച് താമസിച്ചോണം മോനേ.. ഇല്ലെങ്കിൽ ആ കുട്ടിക്ക് സങ്കടം ആകും.
അവളോട് ഇവർക്ക് എന്തിനാണ് ഇത്ര അനുകമ്പയെന്ന് എത്ര ആലോചിച്ചിട്ടും അർജുന് പിടികിട്ടിയില്ല..അവന്റെ പല്ലുകൾ ഞെരിഞ്ഞു..
എത്ര പെട്ടന്ന് ആണ് ദിവസങ്ങൾ ഓടി മറഞ്ഞത് എന്നോർത്ത് കൊണ്ട് അർജുൻ കിടക്കയിൽ നിന്നും എഴുന്നേറ്റു.
സമയം വെളുപ്പിന് 5മണി..
ഉടനെ ഒരു കല്യാണമേ വേണ്ടെന്നു പറഞ്ഞിരുന്ന താനാണ് ഇന്ന് ഒരുവളെ താലി ചാർത്തി കൂടെ കൂട്ടാൻ പോകുന്നത്.
അവളോട് എത്ര തവണ പറഞ്ഞതാണ് ഈ ബന്ധത്തിൽ നിന്നും ഒഴിഞ്ഞുമാറണമെന്ന്… കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകുന്ന പ്രായമായവൾ അല്ലേ. അപ്പോൾ അവൾ തന്നെ ഇങ്ങോട്ട് പഠിപ്പിക്കാൻ വന്നു..അവൾക്ക് വേറെ എത്രയോ ആലോചനകൾ വരുമായിരുന്നു. ഏതെങ്കിലും ഒരെണ്ണം സമ്മതിച്ചാൽ കൂടായിരുന്നോ.. അതിനു പകരം തന്റെ തലയിലേക്കാകുകയാണ്.
ഓർക്കും തോറും അർജുന് ദേഷ്യം ആയി..
ശരിക്കും തന്റെ സമാധാനം കളയാൻ വരുന്നവൾ… അതു തന്നെയാണ് ചിൻമയി…
കോട്ടയത്തെ കോളേജിലേക്ക് മാറാമെന്ന് കരുതിയപ്പോൾ അച്ഛൻ അതു സമ്മതിച്ചില്ല.. ആറുമാസം കഴിഞ്ഞിട്ട് എന്തുവേണമെങ്കിലും ആയിക്കോളു അ..താണ് അച്ഛന്റെ ഡിമാൻഡ്..
ആറുമാസത്തിനുള്ളിൽ അവള് തന്റെ ഹൃദയം കീഴടക്കും എന്നാണോ അച്ഛന്റെയും അമ്മയുടെയും ഒക്കെ തെറ്റിദ്ധാരണ എന്ന് അവൻ ഓർത്തു.
അർജുന്റെ ചിന്തകൾ കടന്നു പോകുന്ന വഴിയിലൂടെ തന്നെയായിരുന്നു അകലെ ഒരുവളും…
കാലത്തെ അഞ്ചു മണിയായപ്പോൾ മേക്കപ്പിനായി ബ്യൂട്ടിപാർലറിൽ എത്തിയതാണ്.
നാലുമണിക്ക് മറ്റൊ ഉണർന്നു..ശേഷം കുളിച്ചു റെഡി ആയി, കിങ്ങിണിയും അച്ഛനുമായിട്ടാണ് അവൾ പാർലറിൽ എത്തിയത്.
മേക്കപ്പ് ചെയ്യുന്ന ആന്റിമാരും കിങ്ങിണിയും തമ്മിൽ പരിചയമുണ്ട്. അവരൊക്കെ ഓരോരോ തമാശകൾ പറഞ്ഞു ഉറക്കിച്ചിരിക്കുന്നുമുണ്ട്.. എല്ലാം കേട്ടുകൊണ്ട് വെറുതെ ഒരു മന്ദഹാസത്തോടെ ചിൻമയി ഇരിക്കുകയായിരുന്നു..
ഒപ്പം രണ്ടുദിവസം മുന്നേ ഒരു സായാഹ്നത്തിൽ അർജുൻ വിളിച്ചതും അവൾ ഓർത്തു.
ഇനിയും വൈകിയിട്ടില്ല ചിൻമയി… എന്തെങ്കിലും കാരണം പറഞ്ഞു നീ ഇതിൽ നിന്നും പിന്മാറിക്കോണം.. ഇല്ലെങ്കിൽ നിന്റെ കാര്യം പോക്കാണ് കേട്ടോ. ചെറിയൊരു ഭീഷണിയുടെ ലാഞ്ചനയുണ്ടായിരുന്നു അവന്റെ വാക്കുകളിൽ.
ഞാൻ പറഞ്ഞുല്ലോ… അർജുനേട്ടൻ ഈ ബന്ധത്തിൽ നിന്ന് പിന്മാറിക്കോ.. എന്തൊക്കെ കാരണങ്ങൾ പറയാം… എന്നെ എന്തിനാണ് ഇങ്ങനെ ക്രൂശിക്കുന്നത്..
നിന്നെ വേറൊരാൾക്ക് ഇഷ്ടമാണെന്നോ അല്ലെങ്കിൽ നിനക്ക് വേറൊരാളോട് താല്പര്യം ഉണ്ടെന്നു എന്തെങ്കിലും പറയാം..
അതിന്റെ ആവശ്യമില്ല..ഞാൻ മുന്നേ പറഞ്ഞിട്ടുള്ളതാണല്ലോ.. ഞാൻ ഇക്കാര്യം പറഞ്ഞാലും എന്റെ വീട്ടിൽ ആരും ഇത് വിശ്വസിക്കില്ല… അത് 100% ഉറപ്പാണ്.. അർജുൻ ഏട്ടന് ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് ഞാൻ പറയാം,,,
വേണ്ട…….അവൻ അലറി
അർജ്ജുനേട്ടൻ നല്ല പിള്ള ചമഞ്ഞു നടന്നിട്ട് എന്നെ ഒരു ഫ്രോഡ് ആയിട്ട് ചിത്രീകരിക്കുകയാണ് അല്ലേ….കിതച്ചു കൊണ്ട് അവൾ ചോദിച്ചു
തുടരും….
