അന്നൊരിക്കല്‍ – ഭാഗം 02, എഴുത്ത്: അഞ്ജു തങ്കച്ചൻ

പക്ഷെ… കൂടപ്പിറപ്പിനെ വിശ്വസിച്ച എനിക്ക് ചതിവ് പറ്റി.

ബാക്കി പണം ഏട്ടൻ തന്നില്ല. വീടും സ്ഥലവും എന്റെ പേരിൽ എഴുതി തന്നതുമില്ല.

ഏട്ടനോട് അതിനെക്കുറിച്ചു ചോദിച്ചപ്പോൾ, നിന്റെ വിവാഹമൊക്കെ കഴിയട്ടെ ഒരു കുടുംബമാകട്ടെ എന്നിട്ട് എഴുതി തരാം എന്ന്.

അങ്ങനെയല്ലല്ലോ ഏട്ടൻ പറഞ്ഞിരുന്നത് എന്ന് പറഞ്ഞപ്പോൾ  വല്ലാതെ ദേഷ്യപ്പെട്ടു.

എല്ലാം കൈവിട്ട് കളയാൻ ഏട്ടന് മനസില്ലത്രേ..

ഏട്ടൻ ചതിക്കുമെന്ന് ഒരിക്കലും താൻ കരുതിയിരുന്നില്ല.

ഒരു ലക്ഷം രൂപ മാത്രമുണ്ട് കൈയിൽ. ജോലിസ്ഥലത്തേക്ക് തിരിച്ചു പോയി, അവിടെ ഒരു വീട് വാങ്ങിക്കാം എന്ന് താനന്ന് കരുതി. അന്നത്തെ ഒരുലക്ഷത്തിന്  വലിയ മൂല്യമുണ്ട്. ഒരു  ചെറിയ വീട് വാങ്ങാൻ ആ തുക ധാരാളം.

രവിയേട്ടനെ വിളിച്ച് ഹരിയേട്ടൻ ചെയ്ത ചതിയെക്കുറിച്ച് സൂചിപ്പിക്കണം..

ആ… സാരമില്ല, ചതിയിലൂടെ സ്വന്തമാക്കിയതാണെങ്കിലും കൂടെപ്പിറപ്പിന്റെ കൈയിൽ തന്നെയാണല്ലോ ഒക്കെയും ചെന്ന് ചേർന്നത്. അച്ഛന്റെ ഒരു ജന്മത്തിലെ മുഴുവൻ സമ്പാദ്യവുമാണത് .

ഇത്രയും വിശാലമായി ചിന്തിക്കാൻ ഒക്കെ തനിക്കു എങ്ങനെ കഴിയുന്നു എന്ന് ചിലപ്പോൾ സ്വയം തോന്നും.

പണ്ടും താൻ അങ്ങനെ ആയിരുന്നല്ലോ…എന്റേതാണ് എന്ന് പറഞ്ഞ് ഒന്നും താൻ നേടിയിട്ടില്ല.വിട്ട് കൊടുത്താണ് ശീലം.

പോയതെല്ലാം പോട്ടെ, സാരമില്ല ഗിരിയേട്ടാ എന്ന് പറഞ്ഞ് സൗമിനി സമാധാനിപ്പിച്ചു. പൊതുവെ എല്ലാവരും പറയും, ഹരി സാധുവാണെന്ന്. ആ ഹരിയാണ് സ്വന്തം അനുജനെ ചതിച്ചത്. എന്നാലും സാരമില്ല ഗിരിയേട്ടാ…നമുക്ക് ഒന്നും വേണ്ട, ഗിരിയേട്ടന് ഞാനുണ്ട്. എനിക്ക് ഗിരിയേട്ടനും അത് മതി.

അമ്മാവന്റെ മോൻ ഇപ്പോൾ ഭയങ്കര ശല്യമാണ് ഗിരിയേട്ടാ എന്നെ വിവാഹം ചെയ്തുകൊടുക്കാമെന്നു അമ്മ വാക്ക് പറഞ്ഞിരിക്കുവാ…

കൂനിന്മേൽ കുരു എന്ന പോലെ, ഓരോരോ പ്രശ്നങ്ങൾ ഉണ്ടാകുകയാണോ എന്ന് പേടി തോന്നി.

ഒന്നിന് വേണ്ടിയും അവളെ ഉപേക്ഷിക്കാൻ തനിക്കു പറ്റില്ല.

നാളെ വൈകുന്നേരം ജോലിസ്ഥലത്തേക്ക് പോകുമ്പോൾ അവളെയും കൂടെ കൂട്ടാൻ തീരുമാനിച്ചു. അവൾക്ക് സമ്മതമായിരുന്നു.

അന്ന് രാത്രി കൈയിലുള്ള ഒരുലക്ഷം രൂപയും.അച്ഛൻ  മരിക്കും മുൻപ് ഏൽപ്പിച്ച അമ്മയുടെ നാല്പത് പവനോളം വരുന്ന ആഭരണങ്ങളും അവളുടെ കൈയിൽ ഏൽപ്പിച്ചു.

ഹരിയേട്ടൻ അതും കൂടെ  അപഹരിക്കുമോഎന്ന് താൻ ഭയന്നിരുന്നു.
തന്റെ കൈയിൽ ഇരിക്കുന്നതിലും സേഫ് ആണ് അവളുടെ കൈയിൽ ഇരിക്കുന്നത്.

വെറും കൈയോടെ വീട്ടിൽ നിന്നിറങ്ങുന്നതാണ് നല്ലത്.

കാലത്ത് കൂട്ടുകാരോടൊക്കെ യാത്ര പറഞ്ഞു. ഇനി ഈ നാട്ടിലേക്ക് ഒരു മടങ്ങി വരവില്ല.

നഷ്ട്ടപ്പെട്ട സമ്പത്തിൽ അതിയായ ദുഃഖം ഒന്നുമില്ല. അച്ഛനെയും അമ്മയെയും നഷ്ട്ടമായി, അതിലും വലുതല്ലല്ലോ സമ്പത്ത്.

കുട്ടിക്കാലം മുതൽ ഒരുമിച്ചു പഠിച്ച മധുവിനോട് മാത്രം എല്ലാം തുറന്നു പറഞ്ഞു.

ഒന്നും വിട്ട് കളയരുത്, നിനക്ക് അവകാശപ്പെട്ടത് നീ നേടണം എന്നാണ് അവൻ പറഞ്ഞത്.

പക്ഷെ എന്തോ എനിക്കതിനൊന്നും കഴിയില്ല..

ഹരിയേട്ടൻ എടുക്കട്ടെ എല്ലാം.

വൈകുന്നേരത്തോടെ എല്ലാവരോടും യാത്ര പറഞ്ഞ് തിരികെ വന്നു.

മിനിക്കുട്ടിയുടെ വീടിന്റെ വാതിൽ അടഞ്ഞു കിടന്നിരുന്നു.

ഇവളിത് എവിടെ പോയി.പോകേണ്ട സമയം ആകുന്നു.

ഇനി കുളിക്കുകയോ മറ്റോ ആയിരിക്കുമോ അവളുടെ അമ്മയെയും കാണുന്നില്ല.

അവളുടെ മുറിയുടെ ജനാല അൽപ്പം തുറന്ന് കിടക്കുന്നതു കണ്ട് തുറന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച സഹിക്കാൻ കഴിയില്ലായിരുന്നു.

ഹരിയേട്ടനോടൊപ്പം പാതി മയക്കത്തിലാണ് അവൾ. അയാളുടെ കൈകളിൽ തല ചായ്ച്ചു വച്ചിരിക്കുകയാണ് അവൾ.

ഒന്നേ നോക്കിയുള്ളൂ… സഹിക്കാൻ പറ്റിയില്ല.

ഒറ്റ ഓട്ടത്തിന് തിരികെ വീട്ടിൽ എത്തി.

ദേഷ്യമാണോ, സങ്കടമാണോ, അതോ ഭ്രാന്താണോ, അതുമല്ലെങ്കിൽ പകയാണോ ഉള്ളിൽ ഇരച്ചു വരുന്നത് എന്ന് അറിയില്ലായിരുന്നു.

കുറച്ച് നേരം കഴിഞ്ഞതും ഹരിയേട്ടൻ കയറി വരുന്നത് കണ്ടപ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, അയാളുടെ കഴുത്തിൽ കുത്തിപ്പിടിച്ച് വായിൽ വന്നതൊക്കെ പറഞ്ഞു.

അയാളെ മുറിക്കകത്തേക്ക് തള്ളിയിട്ടിട്ട് അവിടെ നിന്നും ഇറങ്ങി.

അവളുടെ വീടിനു മുന്നിൽ എത്തുമ്പോൾ ദേഷ്യം അതിന്റെ കൊടുമുടിയിൽ എത്തിയിരുന്നു.

ഇറങ്ങിവാടീ…എന്നുള്ള അലർച്ച കേട്ടുകൊണ്ട് വാതിൽ തുറന്ന് ഇറങ്ങിവന്നത്  വീട്ടുടമസ്ഥനായ കറിയാച്ചൻ ചേട്ടനായിരുന്നു.

അവർ ഇത്തിരി മുൻപ് ഒരു വണ്ടിയിൽ കയറി ഇവിടെ നിന്നും പോയി.
എവിടുന്നോ കുറേ പണവും കിട്ടിയിട്ടുണ്ട് തരാനുള്ള വാടക മുഴുവനും തന്നു.
ആ.. എന്തായാലും എന്റെ വാടക കിട്ടി. അതുതന്നെ വല്യ കാര്യം.

ആകെ തകർന്നു തരിപ്പണമായി പോയി താൻ.

ആകെയുള്ള ഒരു ലക്ഷം രൂപ, ആഭരണങ്ങൾ എല്ലാം എടുത്തുകൊണ്ട് അവൾ മുങ്ങി.

ഒരുവൻ എല്ലാമുണ്ടായിട്ടും, ഒന്നുമില്ലാത്തവനായി മാറിയിരിക്കുകയാണ്…
പണമില്ല, കയറിക്കിടക്കാൻ വീടില്ല, കൂടെപ്പിറപ്പില്ല, ജീവനേക്കാൾ സ്നേഹിച്ച പെണ്ണും ച, തിച്ചിരിക്കുന്നു. തീർത്തും അനാഥനാണ് ഇപ്പോൾ.

അന്നവിടെ നിന്നും പോന്നതാണ്. ഒന്നിനും ഒരുത്സാഹവും ഇല്ലാതെ, എന്തിനേറെ ജോലിയിൽ പോലും ആത്മാർത്ഥ കാണിക്കാൻ പറ്റിയില്ല..

ചതിക്കപ്പെട്ട, പൂർണ്ണമായി ഒറ്റപ്പെട്ടു പോയ, അങ്ങേയറ്റം മനസ് തകർന്ന ഒരുവന്, ഒന്നിലും ശ്രെദ്ദിക്കാൻ പറ്റിയില്ല.

ആക്കാലത്താണ് മധുവിന് വിദേശത്ത് ജോലി ശരിയായത്. അവൻ  പണം മുടക്കി എന്നെയും  കൂടെ കൊണ്ടുപോയി.

ഈ ലോകത്തിൽ അവൻ പറഞ്ഞാൽ മാത്രമേ താൻ അനുസരിക്കാറുള്ളൂ…

കൂടെ നിന്ന് തർന്നു പോയ എന്റെ മനസിനെ പഴയതുപോലെ ആക്കിയത് അവനാണ്.

പതിയെ പതിയെ കഴിഞ്ഞകാലങ്ങളെ താൻ മനപ്പൂർവം മറക്കാൻ ശ്രെമിച്ചു.

പഴയ എല്ലാ ഓർമകളിൽ നിന്നും ഓടിയൊളിച്ചു.

ഇടയ്ക്കു നാട്ടിൽ പോയ മധു പറഞ്ഞറിഞ്ഞു. ഹരിയേട്ടൻ ഏതോ സമ്പന്ന കുടുംബത്തിൽ നിന്നും വിവാഹം കഴിച്ചു എന്ന്.

നാല് വർഷങ്ങൾ കടന്നു പോയപ്പോൾ മധു വിവാഹിതനായി.

മാസങ്ങൾക്കു ശേഷം അവൻ ഭാര്യയെയും കൂടെ കൊണ്ടുപോന്നു. അതോടെ ഞങ്ങളുടെ ഒരുമിച്ചുള്ള താമസം മാറ്റി.

അവർ മറ്റൊരു വീടെടുത്തു മാറി.

എങ്കിലും ഒറ്റപ്പെടൽ തോന്നിയില്ല. അനവധി സുഹൃത്തുക്കളെ താൻ സമ്പാദിച്ചിരുന്നുവല്ലോ. അവർ ഉണ്ടായിരുന്നു കൂടെ,എന്തിനും ഏതിനും.

ഇടയ്ക്ക് മധു പറഞ്ഞു നാട്ടിൽ പോയപ്പോൾ, സൗമിനിയെ ഒരുദിവസം യാദൃശ്ചികമായി കണ്ടു, അവളുടെ വിവാഹം കഴിഞ്ഞു എന്നൊക്കെ.

കേട്ടപ്പോൾ വെറുപ്പും ദേഷ്യവും കൂടിയതെ ഉള്ളൂ.

ഒരു വർഷം കൂടെ കഴിഞ്ഞപ്പോൾ മധു, എന്നെ വിവാഹത്തിന് നിർബന്ധിച്ചു.
അവൻ മുഖാന്തരമാണ് ശാന്തിയെ ജീവിതപങ്കാളിയാക്കിയത്.

ഞാൻ എറണാകുളത്ത് സ്ഥലം വാങ്ങി വീട് വച്ചു

ഭാര്യയുടെ പേരിൽ മാത്രമേ ശാന്തി ഉണ്ടായിരുന്നുള്ളൂ. എന്നെക്കുറിച്ച് ഞാൻ എല്ലാം തുറന്നു പറഞ്ഞിരുന്നു. സൗമിനിയെക്കുറിച്ച് അറിഞ്ഞു കഴിഞ്ഞതും അവൾ ഓരോരോ പ്രശ്നങ്ങൾ ഉണ്ടാക്കി മനഃസമാധാനം കളയും.

അവളോട് എല്ലാം തുറന്നു പറഞ്ഞ ആ നിമിഷത്തെ ഞാൻ ശപിച്ചു പോയി.

ഒടുവിൽ നാല് വർഷത്തെ ദാമ്പത്യം ഞാൻ അവസാനിപ്പിച്ചു. അവൾക്കും സമ്മതമായിരുന്നു പിരിയാൻ .മൂന്ന് വയസുകാരൻ ദേവദത്ത് എന്ന ദേവൂട്ടനെ അവൾ എനിക്ക് വിട്ടുതന്നു.

അശാന്തി മാത്രം നൽകുന്ന അവളിൽ നിന്നും അങ്ങനെ ഞാൻ മോചിതനായി.

ആർക്ക് വേണ്ടിയും, ഒന്നിന് വേണ്ടിയും തോൽക്കാൻ എനിക്ക് മനസില്ലായിരുന്നു.

എന്റെ ശരിക്ക് വേണ്ടി, എന്റെ മനസമാധാനത്തിന് വേണ്ടി ഞാൻ നിലകൊണ്ടു.

ഞാൻ വിദേശത്തെ ജോലി മതിയാക്കി

പിന്നീട് ഞങ്ങൾ മാത്രമായി എന്റെ ദേവൂട്ടനും ഞാനും മാത്രം…

ഞങ്ങളുടെ വീട്ടിൽ സന്തോഷം മാത്രം നിറഞ്ഞു, അവന്റെ കുസൃതികളിൽ എന്റെ ലോകം പുലർന്നു.

പിന്നീട് അവൻ പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ അവനെ പ്ലസ് വണ്ണിന് ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചിട്ട് താൻ വീണ്ടും വിദേശത്തേക്ക് ജോലിക്കായി പോയി.

എന്റെ മകനായി എന്തെങ്കിലും കരുതി വയ്ക്കണം എന്നെനിക്കു തോന്നി.
പിന്നെ വയസനാം കാലത്ത് മകനെ ബുദ്ധിമുട്ടിക്കാതെ, സ്വന്തം കാര്യത്തിനായി എന്തെങ്കിലും കരുതണം.

ഒടുവിൽ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഈ ഭൂമിയിൽ നിന്നും മടങ്ങണം.

മകന്റെ പഠിപ്പ് കഴിഞ്ഞ് അവന് ജോലി ആയപ്പോൾ അവനൊരു തുണ വേണമെന്ന് തോന്നി.

ഏതൊരച്ചനെയും പോലെ, മകന്റെ വിവാഹം നന്നായി നടക്കണം  എന്നായിരുന്നു  തന്റെ ആഗ്രഹം.

ശാന്തിയുമായി പിരിഞ്ഞെങ്കിലും ശാന്തിയുടെ ആങ്ങളയുമായി തനിക്ക് എപ്പോഴും അടുപ്പമുണ്ട്. നന്മയുള്ള മനുഷ്യൻ ആയിരുന്നു അദ്ദേഹം. പുള്ളിയാണ് കാര്യങ്ങൾ അന്വേഷിച്ചതും വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയതും എല്ലാം.
കൂടാതെ മധുവും നാട്ടിൽ ഉള്ളത് വലിയൊരു ആശ്വാസമായിരുന്നു.

ദേവദത്തിന്റെ അമ്മാവൻ കാര്യങ്ങൾ എല്ലാം കണ്ടറിഞ്ഞു ചെയ്തതിനാലാകണം, മധു കൂടുതൽ അന്വേഷിക്കാതിരുന്നത്. കല്യാണത്തിന്റെ അന്നായിരിക്കും അവനും സൗമിനിയെ കണ്ടത്..

അല്ലെങ്കിൽ ആദ്യമേ തന്നെ അവൻ തടഞ്ഞേനെ..

കീർത്തിയെ കണ്ടിഷ്ടപ്പെട്ടതിന് ശേഷം ദേവൂട്ടൻ അവളുടെ ഫോട്ടോ അയച്ചു തന്നിരുന്നു.

പിന്നെ അവർ പരസ്പരം ഇഷ്ടത്തിൽ ആയതിനു ശേഷം കീർത്തി ഇടക്ക് തന്നെയും വീഡിയോ കാൾ ചെയ്യാറുണ്ടായിരുന്നു…..

അവളെ എത്രയും വേഗം എന്റെ മകളായികിട്ടാൻ എത്ര മോഹിച്ചു താൻ, അവൾക്കായി എന്തെല്ലാം വാങ്ങിക്കൂട്ടി.

ഉദ്ദേശിച്ച സമയത്തു ലീവ് കിട്ടാതെ വന്നപ്പോൾ വലിയ വിഷമം ആയിരുന്നു,എങ്കിലും വിവാഹത്തിന്റെ അന്ന് കാലത്ത് കേരളത്തിൽ വന്നിറങ്ങാൻ കഴിഞ്ഞു.

പെട്ടന്ന് ഒരു റൂമെടുത്ത് കുളിച്ചു ഫ്രഷ് ആയി അമ്പലത്തിലേക്ക് ചെന്ന താൻ കാണുന്നത് സൗമിനിയെയാണ്. 

അവളുടെ അനുഗ്രഹം വാങ്ങി താലി കെട്ടിനായി ഒരുങ്ങുന്ന ദേവദത്തിനെയും കീർത്തിയേയും കണ്ടപ്പോൾ തനിക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി അവളുടെ മകളാണ് കീർത്തി എന്നത് സഹിക്കാൻ എനിക്കായില്ല.തകർന്നു പോയി ഞാൻ

ഏറ്റവും വെറുക്കുന്ന ഒരുവളുടെ മകളാണ് കീർത്തി.

പക്ഷെ, ആ പെൺകുട്ടി ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ, ഇത്രയും പ്രായവും അനുഭവസമ്പത്തും ഉള്ള തനിക്ക് അവളെ മകളായി കാണാൻ  കഴിയുമോ??
തന്റെ മകൻ അഗ്നിസാക്ഷിയായി താലി കെട്ടിയ പെണ്ണാണവൾ…

അവളെ താൻ വല്ലാതെ വേദനിപ്പിച്ചില്ലേ?? അവളുടെ കണ്ണിൽ നിന്നും ഇന്ന് വീണ ആ കണ്ണുനീർ തന്റെ ഉള്ളം പൊള്ളിച്ചില്ലേ??

പാടില്ല ഇനിയവളെ താനായി വേദനിപ്പിക്കാൻ പാടില്ല.

അയാൾ തിരികെ വീട്ടിലേക്ക് നടന്നു.

*****************

ദേവാ… നമുക്ക് മധു അങ്കിളിന്റെ വീട്ടിൽ പോയാലോ, എനിക്ക് എല്ലാം അറിയണം ദേവാ. കീർത്തി പറഞ്ഞു.

നമുക്ക് പോകാം.

അവർ ചെല്ലുമ്പോൾ മധു വീട്ടിൽ തന്നെയുണ്ട്.

അവരുടെ വരവ് കണ്ടപ്പോൾ തന്നെ , എന്തിനാണവർ വന്നതെന്ന് അയാൾ ഊഹിച്ചു.

അയാളിൽ നിന്നും എല്ലാം അറിഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

അവർ തിരികെ വീട്ടിൽ എത്തി അല്പം കഴിഞ്ഞപ്പോഴാണ് ഗിരി വന്നത്.

വന്നതും അയാൾ കീർത്തിയെ കണ്ടു.

അവളുടെ മുഖം കുനിഞ്ഞിരുന്നു.ഒരു കള്ളിയുടെ മകളാണ് താൻ എന്നത് അവളുടെ എല്ലാ അഭിമാനത്തേയും തകർത്തിരുന്നു.

അവളെ ഒന്ന് നോക്കിയിട്ട് അയാൾ മുറിയിലേക്ക് പോയി.

ദേവദത്തിനും ആകെ വിഷമം ആയിരുന്നു.

ഒരു ജന്മം മുഴുവൻ വേദനിച്ച പാവം ഹൃദയമാണ് തന്റെ അച്ഛന്റേത്.
അതിനു കാരണക്കാരിയായവളുടെ മകളെയാണ് താൻ കൈപിടിച്ച് കൂടെ കൂട്ടിയത്..

ഉള്ളിൽ എവിടെയോ കീർത്തിയോട്  ഒരകൽച്ച തോന്നുന്നത് പോലെ.

പാടില്ല… പാടില്ല… തന്റെ ഭാര്യയാണവൾ. ദൈവമേ… എന്റെ മനസിനെ നിയന്ത്രിക്കാൻ എനിക്ക് കഴിയണേ…ദേവദത്തിന്റെ ഉള്ളം മന്ത്രിച്ചു.

വിവാഹം കഴിഞ്ഞ് എവിടൊക്കെ പോകണമെന്ന് നേരത്തെ രണ്ടാളും കൂടെ തീരുമാനിച്ചു വച്ചിരുന്നതാണ്. പക്ഷെ ഇപ്പോൾ മനസ് തുറന്നൊന്നു സംസാരിക്കാൻ പോലും തോന്നുന്നില്ല. ദേവദത്തിന്റെ മുന്നിൽ ചെല്ലുമ്പോൾ ഒരു കള്ളിയുടെ മകളാണ് താനെന്ന ചിന്ത കീർത്തിയുടെ അഭിമാനത്തെ വൃണപ്പെടുത്തിക്കൊണ്ടിരുന്നു.

ദേവദത്തിന് അവളുടെ മനസ്സ് വായിക്കാൻ കഴിയുന്നുണ്ടായിരുന്നു. അവളെ കൂടുതൽ ചേർത്തുപിടിക്കാൻ തന്നെയാണ് അയാൾ ശ്രമിച്ചത്. എങ്കിലും ഉള്ളിന്റെ ഉള്ളിൽ എവിടെയോ പറഞ്ഞറിയിക്കാൻ കഴിയാത്ത നേർത്ത അകൽച്ച പോലെ തോന്നുന്നു. അതൊരിക്കലും അവളുടെ മുൻപിൽ അയാൾ കാണിച്ചില്ല.

അവൾക്കതു സഹിക്കാൻ ഒക്കില്ലെന്ന് അയാൾക്കറിയാം.

സാരമില്ല, കുറച്ച് ദിവസം കൊണ്ട് തന്റെ മനസ്സിലെ ആ നേർത്ത ഇഷ്ടക്കേടിനെ മായിച്ചു കളയണം.അവൾ എന്റെ ഭാര്യയാണ്…

ഉച്ചക്കത്തേക്ക് അവൾ ചോറ് വച്ചിരുന്നു. അടുക്കളപ്പണിയൊന്നും കൂടുതൽ അറിയില്ല. അത്യാവശ്യം കുറച്ച് പച്ചക്കറി വിഭവങ്ങൾ അറിയാം, കൂടുതലും എന്തെങ്കിലും തോരനോ, മെഴുക്കുപുരട്ടിയോയാണ് വയ്ക്കാറുള്ളത്.
ഒഴിച്ച് കറിയോ നോൺവെജോ വയ്ക്കാൻ തീരെ അറിയില്ല.

ഒരു പയ്ക്കറ്റ് മഷ്‌റൂം ഫ്രിഡ്ജിൽ ഇരിപ്പുണ്ട്. അവൾ അതെടുത്തു തോരൻ വച്ചു.
വീട്ടിലാണെങ്കിൽ അമ്മ തേങ്ങ വറുത്തരച്ച്‌ കൂൺ കറി വയ്ക്കാറുണ്ട്, ഒരു പ്ളേറ്റ് ചോറുണ്ണാൻ അത് മതി.അങ്ങനെ വയ്ക്കാൻ തനിക്കറിയില്ല.

പച്ച മാങ്ങ ചേർത്ത് ഒരു ചമ്മന്തികൂടെ അരച്ചു.

ദേവദത്തിനെ കഴിക്കാൻ വിളിച്ചപ്പോൾ ഇപ്പോൾ വരാമെന്നു പറഞ്ഞു.

അവൾ അച്ഛന്റെ മുറിയുടെ വാതിൽക്കൽ ചെന്നു. എങ്ങനെ വിളിക്കും, അച്ഛാ എന്ന് വിളിച്ചാൽ ഇനിയും വഴക്ക് പറഞ്ഞെങ്കിലോ..

അവൾ പതിയെ മുറിയിലേക്ക് കടന്നു ചെന്നു

അച്ഛൻ കട്ടിലിൽ ഇരുന്ന് ഫോണിൽ നോക്കുകയാണ്.

അവൾ ഒരു കള്ളച്ചുമ ചുമച്ചു നോക്കി

അയാൾ അവളെ നോക്കിയത് പോലുമില്ല..

തന്റെ അമ്മ കാരണം തകർന്നു പോയ ഒരു പാവം മനുഷ്യനാണ്ആ മനുഷ്യന്റെ മുന്നിൽ എത്ര തവണ തോറ്റാലും കുഴപ്പമില്ല, എത്ര വഴക്ക് പറഞ്ഞാലും അത് കേൾക്കാൻ താനും കൂടെ ബാധ്യസ്ഥയാണ്.

അവൾ തെല്ലുകൂടെ അയാൾക്കരികിലേക്ക് ചെന്നു.

അച്ഛാ… ചോറ് കഴിക്കാൻ വരുന്നില്ലേ…??

അയാൾ അവളെ നോക്കി

ആ കണ്ണുകളിൽ നിറയെ നിഷ്കളങ്കതയാണ്, എങ്കിലും ഒരു പേടി ആ മുഖത്ത് നിറഞ്ഞു നിൽക്കുന്നുണ്ട്.

ചോറ് എടുത്തു വച്ചു അച്ഛാ… വരുന്നില്ലേ?

ഉം… അയാൾ കനത്തിൽ ഒന്ന് മൂളി.

അവൾ വേഗം തിരിഞ്ഞു നടന്നു, വാതിൽക്കൽ എത്തിയിട്ട് അയാളെ ഒന്നുകൂടെ തിരിഞ്ഞു നോക്കി. അയാൾ അവളെ തന്നെ നോക്കിയിരിക്കുകയാണ്.

അത്ര രുചിയൊന്നും ഇല്ലാത്ത കറികൾ ആണെങ്കിലും ഒരു കുറ്റവും പറയാതെ ഗിരിയും, ദേവദത്തും മുഴുവനും കഴിച്ചെഴുന്നേറ്റു.

രണ്ടാളും അവർ കഴിച്ച പാത്രം കഴുകി വച്ചിട്ട്‌ പോയപ്പോൾ അവൾക്ക് അത്ഭുതം തോന്നി. രണ്ടാണുങ്ങൾ മാത്രം ഉള്ള വീടായതുകൊണ്ടാകാം അവർ എല്ലാം തനിയെ ശീലിച്ചത്.

അവരുടെ വസ്ത്രങ്ങളും അവർ തന്നെയാണ് കഴുകി ഉണക്കി, മടക്കി വയ്ക്കുന്നതും.

അതുകൊണ്ട് തന്നെ വീട്ട് ജോലി അവൾക്ക് എളുപ്പമായിരുന്നു.

ലീവ് കഴിഞ്ഞ്  രണ്ടാളും ഓഫീസിൽപോകാൻ തുടങ്ങിയതോടെ അവൾക്ക് കുറച്ചുകൂടെ സന്തോഷം തോന്നി.

വീട്ടിൽ അച്ഛൻ സംസാരിക്കാറൊന്നും ഇല്ലെങ്കിലും ദേഷ്യപ്പെടാറില്ല.

ആകെയുള്ള ഒരു വിഷമം ദേവദത്ത് തന്നെ കരുതലോടെ നോക്കുന്നുണ്ടെങ്കിലും തങ്ങൾക്കിടയിലെ പ്രണയം എവിടെയോ നഷ്ട്ടമായതു പോലെ. ഒരു സുഹൃത്തിനെ പോലെ ദേവദത്ത് കൂടെയുണ്ട്.എന്ത് വേണമെങ്കിലും മേടിച്ചു തരും, പുറത്തുകൊണ്ടുപോകും.

എങ്കിലും ആ പ്രണയത്തിൽ അലിയാൻ… പൂർണ്ണമായും അയാളുടേതാകാനുള്ള തന്റെ അതിയായ മോഹം മാത്രം നടന്നിട്ടില്ല.

സമയമെടുക്കും….തന്നെ പൂർണ്ണമായും അംഗീകരിക്കാൻ

ഒരു മോശം സ്ത്രീയുടെ മകളാണ് താൻ. മറ്റേതെങ്കിലും പുരുഷൻ ആയിരുന്നെങ്കിൽ

കുറ്റപ്പെടുത്തി മുറിവേൽപ്പിച്ചേനെ, വാക്കുകൾ കൊണ്ടു വധിച്ചേനെ…

ദേവദത്ത്… നീയെന്റെ ജീവനാണ്. നിന്നെ പോലെ ഒരുവന്റെ ഭാര്യയായതാണ് എന്റെ ഭാഗ്യം.ഞാൻ കാത്തിരിക്കും, ആ മനസ് മാറും, എന്നെ ആ നെഞ്ചിൽ ചേർത്ത് പിടിക്കും എനിക്കറിയാം.

******************

ആഴ്ചകൾ അതിവേഗം കടന്ന് പോയി. കീർത്തിയുടെ അമ്മ പലവട്ടം വിളിച്ചിട്ടും അവൾ കാൾ എടുത്തില്ല.

എന്തോ, കാൾ എടുക്കാൻ അവൾക്കു തോന്നിയില്ല.

അമ്മയോട് അവൾക്കു നീരസമുണ്ട്. അമ്മ ചെയ്ത തെറ്റ് മകളായ താനിക്ക് പോലും ചീത്തപ്പേരുണ്ടാക്കിയിരിക്കുന്നു. ഓരോ വട്ടവും അച്ഛന്റെ മുഖം കാണുമ്പോൾ വല്ലാത്ത ഒരു തരം അപകർഷതാബോധം തോന്നും.

തല്ക്കാലം അമ്മയോട് ഒന്നും മിണ്ടാനില്ല. അച്ഛൻ ഒരു സർക്കാരുദ്യോഗസ്തനായത് കൊണ്ടു തന്നെ സാമ്പത്തികമായി ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. അമ്മ പൊതുവെ ഉൾവലിഞ്ഞ ഒരു സ്വഭാവമാണ്.

ആരോടും അധികം സംസാരം ഒന്നുമില്ല. അച്ഛന്റെ മരണശേഷമാണ് അമ്മ കുറച്ച് ഉത്തരവാദിത്തം ഉള്ളവളായി മാറിയത്. ഒരു സാധുവീട്ടമ്മായായിരുന്നു അമ്മ.

കൂട്ടുക്കാർ ആരുമില്ല, ആ വീടും വീട്ടുകാര്യങ്ങളും കഴിഞ്ഞാൽ അമ്മക്ക് മറ്റൊന്നും ചെയ്യാനില്ല. ചിലപ്പോൾ മധുരമായി പാടുന്നത് കേൾക്കാം, അധികവും ദുഃഖഗാനങ്ങളാണ് പാടുന്നത്.

അത്രയ്ക്ക് പാവമായ ഒരമ്മയോട് തനിക്കുള്ള സ്നേഹത്തിന്റെ ആഴംവളരെ വലുതായായിരുന്നു.

ഇപ്പോൾ അമ്മയോട് ഒരു തരം ദേഷ്യം തോന്നുന്നു. എങ്ങനെയാണ് മനുഷ്യന് ഇങ്ങനെ ചതിക്കാൻ കഴിയുന്നത്..

എന്തായാലും അമ്മയോട് ഒന്ന് ചോദിക്കണം. എന്തിനീ ചതി ചെയ്തുവെന്ന്.
എന്നിട്ട് എന്ത് നേട്ടമാണ് അമ്മക്ക് ഉണ്ടായതെന്ന് ചോദിക്കണം.

എന്തായാലും കുറച്ച് ദിവസം കഴിയട്ടെ, ഒരു മനുഷ്യനെ ഇത്ര ആഴത്തിൽ നോവിച്ച ആളല്ലേ, വേദന എന്തെന്ന് ഒന്നറിയട്ടെ, എന്നിട്ടേ വിളിക്കുന്നുള്ളൂ…

*****************

ദേവദത്തിന് അത്യാവശ്യമായി  രണ്ട് ദിവസത്തേക്ക് ഡൽഹി വരെ പോകേണ്ട കാര്യമുണ്ടായിരുന്നത് കൊണ്ട്. വെള്ളിയാഴ്ച്ച രാവിലെ അയാൾ പോയി. ഞായറാഴ്ച്ച വൈകുന്നേരത്തോടെ തിരിച്ചു വരും.

എന്തായാലും അച്ഛനിപ്പോൾ പഴയ ദേഷ്യമൊന്നും കീർത്തിയോട് ഇല്ല. അതുകൊണ്ട് സമാധാനത്തോടെയാണ് അയാൾ ഡൽഹിക്കു പോയത്.

വെള്ളിയാഴ്ച്ച വൈകിട്ട് ജോലി കഴിഞ്ഞു വന്നപ്പോൾ കീർത്തി കുറച്ച് മീൻ വാങ്ങിക്കൊണ്ടു വന്നു.

യൂട്യൂബ് നോക്കി കറി വയ്ക്കാം.

സത്യം പറഞ്ഞാൽ എന്തെങ്കിലും ഉപ്പേരിയോ, അച്ചാറോ ഒക്കെ കൂട്ടി ചോറ് കഴിക്കാൻ  മടി ആയിരിക്കുന്നു. എന്തെങ്കിലും ഒഴിച്ച് കറി ഉണ്ടെങ്കിലേ കഴിക്കാൻ ഒരു സുഖമുള്ളൂ..

അച്ഛനും ദേവദത്തും എന്ത് ഉണ്ടാക്കിയാലും കഴിക്കും. അത് തന്നെ ഭാഗ്യം..

വെട്ടി വൃത്തിയാക്കിയ മീനാണ് വാങ്ങിയത് അതുകൊണ്ട് എളുപ്പമുണ്ട്.

പെട്ടന്ന് ചായ ഉണ്ടാക്കി, ഒരു ഗ്ലാസ്സ് അച്ഛനും കൊടുത്ത് അവളും കുടിച്ചു.

മുളകിട്ട മീൻകറി ഉണ്ടാക്കി ഇന്ന് അച്ഛനെ ഞെട്ടിക്കണം.

നോക്കട്ടെ അച്ഛൻ എന്തേലും പറയുമോ എന്ന്

*******************

മുളകിട്ട മീൻകറി ഉണ്ടാക്കി ഇന്ന് അച്ഛനെ ഞെട്ടിക്കണം.

ആദ്യം ഫോണിൽ നോക്കി എങ്ങനെയാണ് മീൻകറി ഉണ്ടാക്കുന്നത് എന്ന് മനസിലാക്കി.

ഓഹ് ഇത്ര എളുപ്പമായിരുന്നോ ഇതുണ്ടാക്കാൻ.

വളരെ സാവധാനത്തിൽ ഓരോന്നും ചേർത്ത് കറിയുണ്ടാക്കി.ഒന്നിനും ഒരു കുറവും ഉണ്ടാകരുത്.

കറിയുണ്ടാക്കി കഴിഞ്ഞപ്പോഴേക്കും അടുക്കളയുടെ കാര്യം കഷ്ട്ടത്തിൽ ആയിരുന്നു. ഓരോരാ സാധനങ്ങളും നിരന്നുനിരന്നു കിടക്കുന്നു.

ഉലുവയും കടുകും പൊട്ടിച്ചപ്പോൾ എണ്ണ തെറിച്ചു ചാടി സ്റ്റൗവ് ആകെ വൃത്തികേടായിരിക്കുന്നു.

പാത്രം കഴുകൽ അവൾക്കു പൊതുവെ മടിയാണ്. പക്ഷെ വീട് വൃത്തിയിൽ ഇടാൻ, സാധനങ്ങൾ  ഒതുക്കി പെറുക്കി വയ്ക്കാൻ ഒക്കെ അവൾക്ക് ഇഷ്ട്ടമാണ്. അടുക്കള തിടുക്കത്തിൽ വൃത്തിയാക്കി.

കറി പാകമായതിനു ശേഷം ഒരു സ്പൂൺ പച്ചവെളിച്ചെണ്ണ കൂടെ ചേർത്ത് കറി വാങ്ങി.

കാണാൻ നല്ല ഭംഗിയുണ്ട്എണ്ണയൊക്കെ തെളിഞ്ഞ് അൽപ്പം കുറുകിയ ചാറിൽ മീൻകഷണങ്ങൾ കിടക്കുന്നതു കണ്ടപ്പോൾ അവൾക്ക് സ്വയം ഒരു മതിപ്പ് തോന്നി.

അവൾ വേഗത്തിൽ പോയി കുളിച്ചു വന്നു.

ആറര ആയപ്പോൾ നിലവിളക്കു കൊളുത്തി അമ്മ പഠിപ്പിച്ച കീർത്തനങ്ങൾ ചൊല്ലി.

സൗമിനിയും അങ്ങനെയായിരുന്നല്ലോ എന്ന് ഗിരി ഓർത്തു.

കലാപരമായ ഒരുപാട് കഴിവുകൾ ഉള്ളവളായിരുന്നു സൗമിനി.

വേണ്ടാ.. അതൊന്നും ഓർമിക്കണ്ട. അയാൾ ഹെഡ് സെറ്റ് ചെവിയിൽ വച്ച് പഴയ പാട്ടുകൾ കേട്ടു. അല്പനേരമെങ്കിൽ അൽപനേരം മനസ് ശാന്തമാക്കാൻ സംഗീതത്തിനു കഴിയും.

പ്രാർത്ഥന കഴിഞ്ഞ് നാളത്തേക്ക് ഇടാനുള്ള ഡ്രസ്സ്‌ ഒക്കെ കീർത്തി തേച്ചുവച്ചു.

ഫോൺ എടുത്തു നോക്കിയപ്പോൾ അമ്മയുടെ പതിനെട്ട് മിസ്സ്ഡ് കാൾ കിടപ്പുണ്ട്.

ഇല്ല എടുക്കുന്നില്ല.

മനസ്സറിയാതെ ഞാനെന്തെങ്കിലും പറഞ്ഞു പോകും. എത്ര പാവമായിരുന്നു അമ്മ. അമ്മക്ക് ഇങ്ങനൊരു ഭൂതകാലം ഉണ്ടായിരുന്നു എന്നതും അമ്മ ചതിച്ചു നേടിയതാണ് പലതും എന്നുമുള്ള ചിന്ത എനിക്ക് താങ്ങാൻ കഴിയുന്നില്ല.

കുറേ നേരം അവൾ ഓരോന്നും ചിന്തിച്ചങ്ങനെ ഇരുന്നു.

സമയം എട്ടുമണിയോട് അടുത്തപ്പോൾ അവൾ അത്താഴം വിളമ്പി ടേബിളിൽ വച്ചു.

അൽപ്പം കട്ടിതൈരിൽ ഇത്തിരി പച്ചമുളകും കറി വേപ്പിലയും ഉപ്പും ചേർത്ത് എടുത്തുവച്ചു.

എന്താന്നറിയില്ല കുറച്ച് തൈര് ഉണ്ടെങ്കിൽ വലിയ ഇഷ്ട്ടമാണ് തനിക്ക്.

അവൾ അച്ഛനെ ആഹാരം കഴിക്കാൻ വിളിച്ചു.

ഇത്ര ദിവസങ്ങൾ കഴിഞ്ഞിട്ടും അച്ഛൻ അവളോട്‌ ഒന്നും സംസാരിച്ചിട്ടൊന്നും ഇല്ല.

അവൾ വന്നു വിളിക്കുമ്പോൾ കഴിക്കാൻ ചെല്ലും, കഴിച്ച് കഴിഞ്ഞാൽ പാത്രവും കഴുകി വച്ചിട്ട് അച്ഛൻ പോകും. ഫുഡ്‌ നല്ലതാണെന്നോ, മോശമാണെന്നോ പറയാറില്ല. എന്ത് കൊടുത്താലും കഴിക്കും.

അച്ഛന് വിളമ്പി കൊടുത്തിട്ട് അവളും ഇരുന്നു.

ഇന്ന് എന്തായാലും അച്ഛൻ മീൻകറിയെക്കുറിച്ച് നല്ലത് പറയും.

അവൾ അച്ഛന്റെ മുഖത്തേക്ക് നോക്കി.

മീൻചാർ ചേർത്തിളക്കി ചോറ് വായിൽ വച്ചതും അച്ഛന്റെ മുഖം ഇഞ്ചി കടിച്ച കുരങ്ങന്റേത് പോലെ ഒരു പ്രത്യേക ഭാവത്തിൽ ഇരുന്നു.

അവൾ പെട്ടന്ന് കുറച്ച് കറി കൂട്ടി നോക്കി. അയ്യേ… വല്ലാത്ത ഒരു കയ്പ്പ്. അവൾ ബുദ്ധിമുട്ടി അതിറക്കി.

അവൾ ഒളിക്കണ്ണിട്ട് അച്ഛനെ നോക്കി. മീൻ കറി ഒഴിച്ച ഭാഗം മാറ്റി വച്ചിട്ട്, തൈര് കൂട്ടി അച്ഛൻ ചോറ് കഴിക്കുകയാണ്.

അവൾക്കു വല്ലാത്ത ചമ്മൽ തോന്നി.

കഴിച്ചെഴുന്നേറ്റ്,പോകും മുൻപ് അച്ഛൻ പറഞ്ഞു. ഇത്രയധികം ഉലുവ ചേർക്കരുത് ഒരൽപ്പം ചേർക്കേണ്ടതിന് എത്ര ചേർത്തു??

ഒരു സ്പൂൺ ഉലുവയും ഒരു സ്പൂൺ കടുകും പൊട്ടിച്ചു.

ഒരു സ്പൂൺ നിറയെയോ??

ഉം.. രുചി കൂടുമെന്ന് കരുതി പിന്നേം ഒരു അര സ്പൂൺ കൂടെ ഇട്ടു.

അവൾ തലകുനിച്ചു.

പതിയെ നോക്കിയപ്പോൾ,അച്ഛൻ പൊട്ടിവന്ന ചിരി അടക്കിപിടിക്കുന്നത് അവൾ വ്യക്തമായി കണ്ടു.

ശ്ശൊ… അവൾ ഒരു ചമ്മിയ ചിരി ചിരിച്ചു.

പിറ്റേന്ന് അവൾ എഴുന്നേറ്റ് വന്നപ്പോൾ അച്ഛൻ അടുക്കളയിൽ ഉണ്ടായിരുന്നു.

ചായ തിളപ്പിച്ചിട്ടുണ്ട്,  അടുപ്പിൽ കഞ്ഞി തിളക്കുന്നുണ്ട്, ഒരു പാനിൽ,ഇന്നലെ മേടിച്ച മീൻ കുറച്ച് ഫ്രിഡ്ജിൽ വച്ചിരുന്നത് അച്ഛൻ ഫ്രൈ ചെയ്യുന്നു..

അടുക്കളയിൽ ആകെ നല്ല മീൻ വറുത്തതിന്റെ ഗന്ധം.

അവളും ചേർന്ന് ബാക്കി പണികൾ കൂടെ തീർത്തു.

പഴം ഇരിപ്പുണ്ട് അതുകൊണ്ട് പെട്ടന്ന് അവൾ പുട്ട് ഉണ്ടാക്കി.

ഒന്നും പരസ്പരം മിണ്ടുന്നില്ലെങ്കിലും അവർ ഒരുമിച്ച് വേഗത്തിൽ ജോലി തീർത്തു..

കുളിച്ചു വന്നിട്ട് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് അവൾ ഓഫീസിലേക്ക് പോകാനായി ഇറങ്ങി.

***************

കീർത്തി ജോലിക്ക് പോയിക്കഴിഞ്ഞപ്പോൾ, ഗിരി സുഹൃത്തുക്കളുടെ അടുത്തൊക്കെ പോയി. ഇനി രണ്ടാഴ്ച കഴിഞ്ഞാൽ വിദേശത്തേക്ക് മടങ്ങണം. ഇവിടെ നിന്നിട്ട് എന്ത് ചെയ്യാനാണ്

അടുത്ത കൊല്ലത്തോട് കൂടി,അവിടുത്തെ ജോലി മതിയാക്കണം. ബാക്കിയുള്ള കാലം ഇവിടെ കഴിയണം.സ്വന്തം വിയർപ്പിൽ നേടിയ നാല്പത് സെന്റ് സ്ഥലമുണ്ട്. അതിൽ കുറച്ച് പച്ചക്കറികൾ ഒക്കെ നടണം. ഈ മണ്ണിന്റെ മണമറിഞ്ഞ് കുറച്ചു നാൾ ജീവിക്കണം.

അയാൾ മധുവിന്റെ വീട്ടിലേക്കു ചെന്നു.

എന്താ ഗിരിയേട്ടാ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ, ഞങ്ങൾ അന്യരായോ ഗിരിയേട്ടന്?

മധുവിന്റെ ഭാര്യ സിന്ധു കെറുവോടെ ചോദിച്ചു.

അങ്ങനൊന്നും ഇല്ല സിന്ധു..

ഗിരിയേട്ടൻ വാ… വല്ലതും കഴിക്ക്.

അവിടെ വരുന്നവരെ നിറയെ ഭക്ഷണം കഴിപ്പിച്ചേ അവൾ വിടൂ..

നല്ല കൈപ്പുണ്യമാണ് അവൾക്ക് എന്തുണ്ടാക്കിയാലും ഒരു പ്രത്യേക രുചിയാണ്.

ഒരു കൂടെപ്പിറപ്പിനേപ്പോലെയാണ് അവൾ തന്നെ കരുതുന്നത്.

തനിക്ക് മധുവിനോളം തന്നെ പ്രിയപ്പെട്ടവളാണ് അവളും.

ആരെങ്കിലും സങ്കടപ്പെട്ടിരിക്കുന്നത് കണ്ടാൽ പോലും അവൾക്കു സഹിക്കില്ല. എല്ലാവരെയും കാശ് കൊടുത്ത് സഹായിക്കും. സഹായം അവളുടെ സ്വർണ്ണം ഊരി കൊടുക്കുന്നതിൽ വരെ എത്തിയപ്പോൾ, മധു പണമൊന്നും അവളെ ഏൽപ്പിക്കില്ല.

അല്ലെങ്കിൽ ആരെങ്കിലും ഒരു വിഷമം പറഞ്ഞാൽ അവരെ സഹായിക്കാൻ നോക്കും. അവളെ അറിയുന്നവർ കള്ളത്തരം പറഞ്ഞവളെ പറ്റിക്കുകയും ചെയ്യും.

അത്ര ലോലഹൃദയമാണ്. കാര്യം പറഞ്ഞാൽ ഹൈസ്കൂൾ ടീച്ചറാണ് പക്ഷെ സാലറി കിട്ടിയാൽ അതിന്റെ കൈയിൽ ഇരിക്കില്ല.ആരെങ്കിലും വന്ന് ചോദിക്കും ഉള്ളതൊക്കെ എടുത്തു കൊടുക്കും.

വന്ന് കഴിക്ക് ഗിരിയേട്ടാ..

അയാൾ കൈ കഴുകി ഇരുന്നു.

അയാൾ കഴിച്ച് പകുതിയായപ്പോഴാണ് മധു കയറി വന്നത്.

നീ വന്നോ?  നീ ഇങ്ങോട്ട്  വരുന്നതും നോക്കി സിന്ധു ഓരോന്നും ഉണ്ടാക്കി നോക്കിയിരിക്കാൻ തുടങ്ങിയിട്ട് എത്ര ദിവസമായെന്ന് അറിയുമോ?

ഞാനിത്തിരി തിരക്കിൽ ആയി പോയി അതാ.

എന്ത് തിരക്ക്? ഞാൻ അറിയാത്ത എന്ത് തിരക്കാ നിനക്ക്.

എടാ… അതല്ലടാ…

ഏതല്ല..

എന്റെ മധുവേട്ടാ നിങ്ങളൊന്നു മിണ്ടാതിരിക്ക് ഗിരിയേട്ടൻ എന്തേലും കഴിക്കട്ടെ ആദ്യം.

ഓ… ഉത്തരവ്. അയാൾ കൈ തൊഴുതു.

ഇവന്റെ ഒരു കാര്യം ഗിരി അയാളുടെ തോളിൽ അടിച്ചു.

ദേ… ഗിരിയേട്ടാ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ആ മോളോട് വഴക്കൊന്നും ഉണ്ടാക്കരുത് കേട്ടോ അതൊരു പാവം കുട്ടിയാ.. സിന്ധു പറഞ്ഞു.

അല്ലെങ്കിലും സിന്ധുവിന് എല്ലാവരും പാവം ആണല്ലോ.ഗിരി പറഞ്ഞു.

അതെ… ആ കൊച്ചിന്റെ മുഖത്തു നോക്കിയാൽ അറിയാം അതൊരു നിഷ്കളങ്ക ആണെന്ന്. ഗിരിയേട്ടന്റെ പഴയ കാമുകിയുടെ മോള് ആണെന്ന് കരുതി അതിനോട് പരിഭവം ഒന്നും വേണ്ടാ കേട്ടോ ഗിരിയേട്ടാ…സിന്ധു പറഞ്ഞു.

ഉം… അയാൾ തല കുലുക്കി.

കുറച്ച് നേരം കഴിഞ്ഞപ്പോൾ മധുവും, ഗിരിയും കൂടെ പുറത്തേക്കു പോയി.

എടാ… നമുക്കൊന്ന് കൂടണ്ടേ?

പിന്നെ വേണ്ടേ, നല്ല സ്കോച്ചും വീട്ടിൽ വച്ച് കൊതിയും വിട്ട് ഇരിപ്പ് തുടങ്ങിയിട്ട് കുറേ ദിവസം ആയി മധു പറഞ്ഞു.

എന്നാൽ പിന്നെ രണ്ടെണ്ണം വീശാൻ മേലാരുന്നോ നിനക്ക്.

ഓഹ് ആരും കൂട്ടില്ലാതെ എന്തോന്ന് വീശാൻ.

നമുക്ക് അവന്മാരെ എല്ലാരേം വിളിക്കാം എല്ലാരും ഉണ്ടെങ്കിലേ ഒരു രസമുള്ളൂ..

അതും ശരിയാ.

എന്നാൽ ഇന്ന് കൂടിയാലോ?

ഇന്ന് വേണ്ടടാ.. ദേവൂട്ടൻ ഡൽഹിക്ക് പോയതാ, നാളെയെ വരൂ. കീർത്തി ഒറ്റക്കല്ലേ ഉള്ളൂ.. അന്നേരം മദ്യപിച്ചിട്ടൊക്കെ  ചെല്ലുന്നത് മോശമല്ലേ. അതുകൊണ്ട് ദേവൂട്ടൻ വന്ന് കഴിഞ്ഞ്,മറ്റന്നാൾ നമുക്ക് കൂടാം.

അപ്പോൾ കീർത്തിയോട് സ്നേഹമൊക്കെ ഉണ്ട് അല്ലേ… മധു ചിരിച്ചു.

പിന്നെ ഇല്ലാതിരിക്കുമോ,എന്റെ മോളല്ലേടാ…

മധു അയാളുടെ കണ്ണുകളിലേക്ക് നോക്കി, എന്തൊരു പാവമാടാ നീ.

ഞാനോ?

ഉം.. നിന്റെ ഉള്ളം നിറയെ നന്മ മാത്രേ ഉള്ളൂ…

ഒന്ന് പോടാ…

അവർ ചിരിച്ചു.

*******************

വൈകുന്നേരം അയാൾ വന്നപ്പോഴേക്കും കീർത്തി വന്നിരുന്നു

പതിവ് പോലെ ചായ ഒഴിച്ച് വച്ചിട്ടുണ്ട്. ആളെ കാണുന്നില്ല.

അയാൾ നോക്കിയപ്പോൾ അവൾ കിടക്കുകയാണ്.

അയാൾ കുറച്ച് നേരം ടീവി കണ്ടു.

നേരം പതിയെ മയങ്ങി തുടങ്ങി.

വിളക്ക് കൊളുത്തിയിട്ടില്ല. അയാൾ കുളിച്ചു വന്ന് നിലവിളക്ക് കൊളുത്തി.

ചെറിയ ഞരക്കം കേട്ടാണ് അയാൾ കീർത്തിയുടെ മുറിയിലേക്ക് ചെന്നത്.

അവളെ വെട്ടി വിറക്കുന്നുണ്ട്. അയാൾ അവളുടെ നെറ്റിയിൽ കൈ വച്ച് നോക്കി. പൊള്ളുന്ന പനി

അയാൾ ഒരു പുതപ്പെടുത്ത് അവളെ പുതപ്പിച്ചു.

ചെറിയൊരു കഷ്ണം തുണി നനച്ചവളുടെ നെറ്റിയിൽ വച്ചു.

പനിയുടെ മരുന്ന്  തന്റെ മുറിയിൽ ഇരിപ്പുണ്ട്.

അയാൾ  പോയി ഡോളോ എടുത്ത് അവളെ കഴിപ്പിച്ചു.

സാരമില്ല കേട്ടോ വേഗം പനി കുറയും.അയാൾ പതിയെ പറഞ്ഞു.

അവളുടെ കണ്ണുകൾ അടഞ്ഞടഞ്ഞു പോയി..

അയാൾക് ആകെ വെപ്രാളം തോന്നി. അപ്പോഴാണ് ദേവദത്ത്  വിളിച്ചത്.

ഫോൺ എടുത്തതുംഗിരി കീർത്തിയുടെ പനിയെക്കുറിച്ച് പറഞ്ഞു.

അത് സാരമില്ല അച്ഛാ… അച്ഛൻ പരിഭ്രമിക്കണ്ട ഒരു പാരസെറ്റാമോൾ കൊടുത്താൽ കുറഞ്ഞോളും.

ദേവദത്ത് ഫോൺ വച്ചിട്ടും, ഗിരി ഫോണും പിടിച്ച് നിന്നു.

ദൈവമേ… എന്റെ കുട്ടിക്ക് പനി കുറയണേ…അയാൾ മുറിയിലേക്ക് പോകാതെ ഹാളിലെ സെറ്റിയിൽ കിടന്നു.

ഉറക്കം വരുന്നില്ല…

തിരിഞ്ഞും മറിഞ്ഞും കിടന്നു.

ഇടയ്ക്കു നോക്കിയപ്പോൾ  കീർത്തിയുടെ പനി കുറഞ്ഞിരുന്നു.

അയാൾ സമാധാനത്തോടെ കിടന്നു.

അൽപ്പം മയങ്ങിയതേ ഉള്ളൂ എന്തോ ശബ്‌ദം കേട്ട് അയാൾ എഴുന്നേറ്റു.

കീർത്തി എന്തൊക്കെയോ പിച്ചും പേയും പറയുകയാണ്. അവളെ പൊള്ളി വിറക്കുന്നുണ്ട്, അവളുടെ ചുണ്ടുകൾ പനിയുടെ കാഠിന്യത്താൽ കറുത്തിരുന്നു.

മോളേ… കീർത്തി… അയാൾ അവളെ വിളിച്ച് നോക്കി.

അവളുടെ അടുത്ത് നിന്നിട്ട് അയാൾക്ക്‌ ചൂട് എടുത്തു..

അവൾ എന്തോക്കെയോ പറയുന്നുണ്ട് ഒന്നും വ്യക്തമല്ല  എങ്കിലും അയാൾക്ക്‌ ഒന്ന് മാത്രം മനസിലായി അച്ഛാ… അച്ഛാ…. എന്നെ വെറുക്കല്ലേ… എന്ന് ആ ചുണ്ടുകൾ പറയുന്നുണ്ട്. വേറെയും എന്തെല്ലാമോ പറയുന്നുണ്ട്.

ഈശ്വരാ… എന്റെ കുഞ്ഞിനു തീരെ വയ്യ. ഇതെന്തൊക്കെയാ എന്റെ മോള് പറയുന്നത്…

അവൾ കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അതിൽ പരാജയപ്പെട്ടവൾ ഉറക്കത്തിലേക്കു വീണു.

അയാൾക്ക്‌ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. രാത്രിയാണ്.

പെട്ടന്നായാൽ മധുവിനെ വിളിച്ചു.

എടാ… പെട്ടന്ന് സിന്ധുവിനെയും കൂട്ടി ഒന്ന് വാടാ. മോൾക്ക്‌ കടുത്ത പനി പെട്ടന്ന് ഒന്ന് വാ….

ഞങ്ങൾ ഇപ്പോൾ വരാം നീ പേടിക്കാതെ ഇരിക്ക്.

അവർ വന്ന് അവളെ വേഗം ഹോസ്പിറ്റലിൽ എത്തിച്ചു.

ഗിരി ആകെ തകർന്നു പോയിരുന്നു.

എടാ… എന്റെ മോള്.

നീ പേടിക്കാതെ, ഒരു പനി വന്നതിനാണോ ഇത്രക്കും പേടിക്കുന്നത്?

എടാ… എന്റെ കുഞ്ഞ് ഉറക്കത്തിൽ പറഞ്ഞത് എന്താന്ന് അറിയുമോ? അച്ഛാ എന്നെ വെറുക്കല്ലേ എന്ന്, ഞാൻ എന്ത് പാപിയാടാ ആ കൊച്ചിനോട് എന്തോരം ദേഷ്യപ്പെട്ടു ഞാൻ.അതിന്റെ മനസ് എത്ര നൊന്തുകാണുമെടാ

എന്റെ പൊന്ന് ഗിരി നീയൊന്നു സമാധാനപ്പെട്. ഇപ്പോൾ എല്ലായിടത്തും പകർച്ചപ്പനിയാ. രണ്ടുമൂന്നു ദിവസം പനിക്കും അതുകഴിയുമ്പോൾ മാറും. അതിനു നീയിത്ര പേടിക്കണ്ട കാര്യം ഇല്ല.

നീയിവിടെ ഇരുന്നേ അയാൾ ഗിരിയെ ഒരു കസേരയിൽ പിടിച്ചിരുത്തി.

തുടർഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക