എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള, തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നിൽക്കുന്ന സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ആസ്ഥാനം എപ്പോഴും ഗൗരവം നിറഞ്ഞതായിരുന്നു.
അവിടെ, മൂന്നാം നിലയിലെ തന്റെ വിശാലമായ ഓഫീസിലിരുന്ന് എസ്.പി. ഋഷികേശ് വർമ്മ ടേബിളിന് മുകളിൽ ചിതറിക്കിടന്ന ഫയലുകളിലൂടെ കണ്ണോടിക്കുകയായിരുന്നു.
കുറ്റാന്വേഷണ ലോകത്ത് ഋഷികേശ് ഒരു മിത്തായിരുന്നു. ശാന്തമായ പെരുമാറ്റം, മൂർച്ചയേറിയ കണ്ണുകൾ, കുറ്റവാളിയുടെ മനസ്സ് വായിക്കാൻ കഴിവുള്ള അപാരമായ നിരീക്ഷണപാടവം.
തെളിവുകളുടെ നേർത്ത നൂൽച്ചരടുകൾ കൊണ്ട് അയാൾ കൊ. ല. പാതകങ്ങളുടെയും ഗൂ. ഢാലോചനകളുടെയും കൂറ്റൻ കോട്ടകൾ തന്നെ തകർത്തിരുന്നു.
കഴിഞ്ഞ ആറുമാസത്തിനിടെ എറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്ത, തുമ്പില്ലാതെ കിടക്കുന്ന “ഹിറ്റ് ആൻഡ് റൺ” കേസുകളുടെ ഒരു പട്ടിക അയാൾ പരിശോധിക്കുകയായിരുന്നു. അതൊരു പതിവ് നടപടിക്രമം മാത്രമായിരുന്നു.
എന്നാൽ ഋഷികേശിന്റെ കണ്ണുകൾ ഓരോ വരിയിലൂടെയും സഞ്ചരിക്കുമ്പോൾ, അയാളുടെ നെറ്റി ചുളിഞ്ഞു. രണ്ട് ഫയലുകളിൽ അയാളുടെ ശ്രദ്ധയുടക്കി. ആദ്യത്തേത് ആനന്ദ് മേനോന്റെ, രണ്ടാമത്തേത് ജോൺ കുര്യന്റേത്.
ലോക്കൽ പോലീസ് തയ്യാറാക്കിയ റിപ്പോർട്ടുകൾ രണ്ടും വ്യക്തമായിരുന്നു.
ആദ്യത്തേത്, മഴയുള്ള രാത്രിയിൽ ബൈപ്പാസിൽ വെച്ച് നടന്ന ഒരു സാധാരണ അപകടം. രണ്ടാമത്തേത്, പ്രഭാത സവാരിക്കിടെ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് സംഭവിച്ച മറ്റൊരു ദാരുണ സംഭവം.
രണ്ടിലും വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല, പ്രതികളെ പിടികൂടിയിട്ടില്ല. ഒറ്റനോട്ടത്തിൽ, യാതൊരു ബന്ധവുമില്ലാത്ത രണ്ട് കേസുകൾ.
എന്നാൽ ഋഷികേശിന്റെ മനസ്സ് ഒരു ഡിറ്റക്ടീവിന്റെ സ്വാഭാവികമായ സംശയത്തോടെയാണ് ഓരോ വാക്കിനെയും സമീപിച്ചത്. അയാൾ ആനന്ദ് മേനോന്റെ ഫയൽ വീണ്ടും വിശദമായി വായിച്ചു.
റിപ്പോർട്ടിന്റെ അവസാന പേജിൽ, അധിക വിവരങ്ങളുടെ കൂട്ടത്തിൽ ലക്ഷ്മിയുടെ സഹോദരൻ സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത് അയാളുടെ കണ്ണിൽപ്പെട്ടു.
“മരിച്ച ആനന്ദ് മേനോൻ സാധാരണയായി ആ ബൈപ്പാസ് റോഡ് ഉപയോഗിക്കാറില്ല. പ്രത്യേകിച്ചും മഴയുള്ള ദിവസങ്ങളിൽ. എത്ര തിരക്കുണ്ടെങ്കിലും സിറ്റി റോഡിലൂടെ സഞ്ചരിക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം.”
ലോക്കൽ പോലീസ് ആ മൊഴിക്ക് യാതൊരു പ്രാധാന്യവും നൽകിയിരുന്നില്ല. ഒരു ദുരന്തമുഖത്ത് ബന്ധുക്കൾക്ക് തോന്നാവുന്ന സ്വാഭാവികമായ ഒരു ആശങ്കയായി അവർ അതിനെ എഴുതിത്തള്ളി.
ഋഷികേശ് ആ വരിക്ക് താഴെ ചുവന്ന മഷി കൊണ്ട് വരച്ചു. ശീലങ്ങൾ മനുഷ്യന്റെ രണ്ടാം സ്വഭാവമാണ്. ഒരു മനുഷ്യൻ, അതും ആനന്ദിനെപ്പോലെ കൃത്യമായ ചിട്ടകളുള്ള ഒരാൾ, വ്യക്തമായ ഒരു കാരണമില്ലാതെ തന്റെ ശീലം ലംഘിക്കുമോ? അതും അപകടസാധ്യത കൂടുതലുള്ള ഒരവസരത്തിൽ?
ഒരുപക്ഷേ, വീട്ടിലേക്ക് നേരത്തെയെത്താനുള്ള തിടുക്കമായിരിക്കാം. അല്ലെങ്കിൽ മറ്റെന്തെങ്കിലും?
ഋഷികേശിന്റെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു.
അയാൾ ജോൺ കുര്യന്റെ ഫയലെടുത്തു. റിട്ടയേർഡ് ഹെഡ്മാസ്റ്റർ, കോളനിയിൽ എല്ലാവർക്കും പ്രിയങ്കരൻ, ശത്രുക്കളാരുമില്ല. അമിതവേഗതയിൽ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. ഇതിലെന്താണ് അസ്വാഭാവികത?
അയാൾ റിപ്പോർട്ടിലെ ഓരോ വാക്കും അരിച്ചുപെറുക്കി. മകൻ സാമിന്റെ മൊഴിയിലാണ് അയാളുടെ കണ്ണുകളുടക്കിയത്. “അപ്പച്ചന്റെ വാച്ച് നഷ്ടപ്പെട്ടിട്ടുണ്ട്. റിട്ടയർമെന്റ് സമ്മാനമായി കിട്ടിയ, പേര് കൊത്തിയ വാച്ചാണ്.”
ആ ഒരു വാചകത്തിൽ ഋഷികേശ് നിന്നു.
ഒരു സാധാരണ “ഹിറ്റ് ആൻഡ് റൺ” കേസിൽ എന്തിനാണ് വാച്ച് നഷ്ടപ്പെടുന്നത്?
ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയതാകാം എന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാൽ ഋഷികേശിന്റെ ചിന്ത മറ്റൊരു വഴിക്കാണ് സഞ്ചരിച്ചത്.
അമിതവേഗതയിൽ ഒരാളെ ഇടിച്ചുതെറിപ്പിച്ച് ഓടിച്ചുപോകുന്നവർ, പിടിക്കപ്പെടുമെന്ന് നൂറു ശതമാനം ഉറപ്പുള്ളവർ, വാഹനം നിർത്തി ഒരു വാച്ച് മോഷ്ടിക്കാൻ മെനക്കെുമോ? അതിനുള്ള സമയമോ ധൈര്യമോ അവർക്കുണ്ടാകുമോ? അതോ, അതൊരു മോഷണമായിരുന്നില്ലേ? അതൊരു അടയാളപ്പെടുത്തലായിരുന്നോ?
അല്ലെങ്കിൽ, അപകടം നടന്നുവെന്ന് ഉറപ്പുവരുത്താൻ വേണ്ടി കുറ്റവാളി കൊ. ല്ലപ്പെട്ടയാളുടെ അടുത്തേക്ക് വന്നപ്പോൾ നടത്തിയ ഒരു മോഷണശ്രമമോ?
അങ്ങനെയാണെങ്കിൽ, അതൊരു അപകടമല്ല, കൊ. ലപാതകമാണ്.
ഋഷികേശ് കസേരയിലേക്ക് ചാരിയിരുന്നു. രണ്ട് കേസുകൾ, രണ്ട് വ്യത്യസ്ത സ്ഥലങ്ങൾ, രണ്ട് വ്യത്യസ്ത രീതികൾ. ഒന്ന് ട്രക്ക്, മറ്റൊന്ന് ബൈക്ക്. എന്നാൽ രണ്ടിലും ചില സമാനതകളുണ്ട്.
കൊ. ല്ലപ്പെട്ട രണ്ടുപേരും സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന, ശത്രുക്കളില്ലാത്ത സാധാരണക്കാർ. രണ്ടുപേരുടെയും മരണം അപകടങ്ങളായി ചിത്രീകരിക്കപ്പെട്ടു. രണ്ടിലും കുറ്റവാളികൾ ഇരുട്ടിന്റെ മറവിൽ അപ്രത്യക്ഷരായി. രണ്ടിലും ലോക്കൽ പോലീസ് കാര്യമായി ശ്രദ്ധിക്കാത്ത ഓരോ ചെറിയ തുമ്പുകൾ…
ഇത് യാദൃശ്ചികമല്ല. ഋഷികേശിന്റെ മനസ്സ് മന്ത്രിച്ചു. യാദൃശ്ചികതകൾ ഒരുതവണ സംഭവിക്കാം, ഒരുപക്ഷേ രണ്ടുതവണയും. എന്നാൽ കുറ്റാന്വേഷണത്തിൽ, സമാനതകളുള്ള യാദൃശ്ചികതകൾ ആവർത്തിക്കുമ്പോൾ അതിനൊരു പുതിയ പേര് വരും – ഗൂഢാലോചന.
അയാൾ ഇന്റർകോം എടുത്ത് തന്റെ വിശ്വസ്തനായ സബ്-ഇൻസ്പെക്ടർ പ്രകാശിനെ വിളിച്ചു.
“പ്രകാശ്, എന്റെ ഓഫീസിലേക്ക് വരൂ.”
മുറിയിലേക്ക് കടന്നുവന്ന പ്രകാശിന് നേരെ ഋഷികേശ് ആ രണ്ട് ഫയലുകളും നീക്കി വെച്ചു.
“ഈ രണ്ട് കേസുകളും വിശദമായി പഠിക്കണം. ആനന്ദ് മേനോൻ, ജോൺ കുര്യൻ. എനിക്ക് ഇവരെക്കുറിച്ച് എല്ലാം അറിയണം. ഇവരുടെ സാമ്പത്തിക ഇടപാടുകൾ, ഭൂമി സംബന്ധമായ വിവരങ്ങൾ, ഇവർക്ക് അറിയാതെയെങ്കിലും ഏതെങ്കിലും ശത്രുക്കളുണ്ടായിരുന്നോ എന്ന്. കഴിഞ്ഞ ഒരു വർഷത്തെ ഇവരുടെ ഫോൺ കോൾ രേഖകൾ പരിശോധിക്കണം. പ്രധാനമായി, ഇവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്തണം. അതൊരു ബാങ്ക് അക്കൗണ്ടാകാം, ഒരു ക്ലബ്ബ് അംഗത്വമാകാം, അല്ലെങ്കിൽ ഒരുമിച്ച് പഠിച്ച കോളേജാകാം. എത്ര ചെറുതാണെങ്കിലും, എനിക്കൊരു ബന്ധം കണ്ടെത്തണം.”
പ്രകാശ് ആ ഫയലുകൾ വാങ്ങി.
“സാർ, ഇത് രണ്ടും ക്ലോസ് ചെയ്ത ഹിറ്റ് ആൻഡ് റൺ കേസുകളല്ലേ?”
ഋഷികേശ് ജനലിനടുത്തേക്ക് നടന്നു.
പുറത്ത് നഗരം അതിന്റെ തിരക്കുകളിലേക്ക് ഉണരുകയായിരുന്നു.
“അതെ പ്രകാശ്. പക്ഷേ, എന്റെ മനസ്സ് പറയുന്നു, ഈ പാതകളിൽ ഒഴുകിയത് വെറും അപകടരക്തമല്ല. ആരോ ബോധപൂർവ്വം ഒഴുക്കിയതാണ്. ഇത് വെറും അപകടങ്ങളല്ല, അതിവിദഗ്ധമായി ആസൂത്രണം ചെയ്ത കൊലപാതകങ്ങളാണ്. അതിന്റെ ആദ്യത്തെ തെളിവ് നമ്മൾ തന്നെ കണ്ടെത്തണം.”
ഋഷികേശിന്റെ വാക്കുകളിലെ ഗൗരവം പ്രകാശിനെ നിശബ്ദനാക്കി. അതൊരു പുതിയ തുടക്കമായിരുന്നു. ചുവന്ന പാതകളിലെ നിഗൂഢതയുടെ ചുരുളഴിക്കാനുള്ള ആദ്യ ചുവടുവെപ്പ്. രണ്ട് കുടുംബങ്ങളുടെ കണ്ണീരിന് പിന്നിലെ സത്യം തേടിയുള്ള ഒരു യാത്രയുടെ ആരംഭം.
തുടരും…..
