മംഗല്യ താലി, ഭാഗം 10,11,12 – എഴുത്ത്: കാശി നാഥൻ

മംഗല്യ താലി 10

ഹരിക്ക് ഈ ബന്ധത്തിന് താല്പര്യം ഇല്ലെങ്കിൽ പിന്നെ, ഇനി ഇവിടെ നിർത്തേണ്ട കാര്യമുണ്ടോ പറഞ്ഞു വിട്ടാൽ പോരെ, വെറുതെ എന്തിനാ ഇവരുടെ രണ്ടാളുടെയും ജീവിതം കളയുന്നത്.

മുകളിലേക്ക് പോകവേ ഹരി കേട്ടിരുന്നു ഐശ്വര്യ അമ്മയോട് പറയുന്ന വാക്കുകൾ.

എല്ലാവരും പറയുന്നത് കേട്ട് കണ്ണീർ പൊഴിക്കുവാൻ മാത്രമേ പാവം ഭദ്രയ്ക്കു കഴിഞ്ഞള്ളൂ.

കാരണം അവൾക്കുവേണ്ടി വാദിക്കുവാനും, സംസാരിക്കുവാനും ആരും ഇല്ലായിരുന്നു,  അവൾക്കും ഒരക്ഷരം പോലും ഉരിയാടുവാൻ സാധിച്ചില്ല, കാരണം അവൾ ഒരു അനാഥയായിരുന്നു.

മൂന്നക്ഷരങ്ങൾക്ക് ഓർത്തിണക്കിയ ആ വാക്കിന്റെ വേദന എത്രത്തോളം ആണെന്ന്, ജീവിതത്തിൽ തിരിച്ചറിഞ്ഞവൾ ആയിരുന്നു ഭദ്ര..

ഒരു മനുഷ്യരോട് പോലും, യാതൊരുവിധ ദേഷ്യമോ പ കയോ, ഒന്നും വെച്ച്  പുലർത്താത്തവൾ ആയിരുന്നു താന്. അറിഞ്ഞുകൊണ്ട് ഒരു ഉറുമ്പിനെ പോലും നോവിച്ചതായി തനിക്ക് ഓർമ്മയില്ല, ആരു ചെയ്ത പാപത്തിന്റെ ഫലമാണ് താനി അനുഭവിച്ചു കൂട്ടുന്നത് ഒക്കെ.. ജന്മം നൽകിയവർ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് പോലും അറിയില്ല, വേണ്ടായിരുന്നു എങ്കിൽ കൊ, ന്നുകളഞ്ഞാൽ പോരായിരുന്നോ, എന്തിനാണ് ഈ അമ്മത്തൊട്ടിലിൽ തന്നെ വലിച്ചെറിഞ്ഞിട്ട് ഓടിപ്പോയത്.
അതുകൊണ്ടല്ലേ ഇന്നിങ്ങനെയൊക്കെ തനിക്ക് കേൾക്കേണ്ടി വന്നത്.. അദ്ദേഹത്തിന്, താൻ മുന്നിൽ വരുന്നതു പോലും ദേഷ്യമാണ്, തന്നെ കാണുന്നത് പോലും അറപ്പാണ്, തന്റെ മുഖത്ത് നോക്കി അത് നേരിട്ട് പറഞ്ഞു കഴിഞ്ഞിരിക്കുന്നു, ഇനിയെവിടെ തുടരുന്നതിൽ അർത്ഥമില്ല, ചൂടു കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങുകയാണ്.

മോളെ…മഹാലക്ഷ്മി വിളിച്ചപ്പോൾ അവൾ അവരെയൊന്നു നോക്കി.

സാരമില്ല,, പോട്ടെ.. എന്റെ കുട്ടി കരയണ്ട കേട്ടോ. ഇപ്പൊ ഐശ്വര്യയുടെ വീട്ടിൽ നിന്നു അച്ഛനുമമ്മയും ഒക്കെ വരുന്നുണ്ട്. കുറച്ചു മുന്നേ അവരായിരുന്നു വിളിച്ചത്. ഈ അടുക്കള കാണൽ എന്നൊരു ചടങ്ങ് ഉണ്ടല്ലോ, അതിനുവേണ്ടി വരുന്നതാണ്..

അവർ പറഞ്ഞപ്പോൾ ഭദ്ര തലകുലുക്കി.

മോള് സങ്കടപ്പെടൂവൊന്നും വേണ്ട
കേട്ടോ. ഹരിയോട് ഞാൻ സംസാരിച്ചോളാം ഇപ്പോഴല്ല കുറച്ചു കഴിഞ്ഞ്. അവര് വരുന്നുണ്ട്, ആദ്യമായിട്ട് വരുന്നതല്ലേ മോളെ, ഞാൻ അനികുട്ടനെ ഒന്ന് വിളിക്കട്ടെ.

മഹാലക്ഷ്മി ഫോണിൽ  അനിരുദ്ധന്റെ നമ്പർ ഡയൽ ചെയ്ത് കാതിലേക്ക് വെച്ചു

ഉച്ചയ്ക്കാണ് എല്ലാവരും എത്തുക, 21 പേരുണ്ടെന്നാണ്, ഐശ്വര്യയുടെ അമ്മ പറഞ്ഞത്. എല്ലാവർക്കും കഴിക്കുവാനായി ഫ്രൈഡ് റൈസും ചില്ലി ചിക്കനും ആയിരുന്നു  വാങ്ങിക്കൊണ്ടു വരുവാൻ അനിരുദ്ധനെ പറഞ്ഞേൽപ്പിച്ചത്.

ഹരി വീണ്ടും പുറത്തേക്ക് എവിടെയോ പോകുവാനായി ഇറങ്ങി വന്നതും, മഹാലക്ഷ്മി അത് തടഞ്ഞു.

ഐശ്വര്യയുടെ വീട്ടിൽ നിന്നും എല്ലാവരും എത്തുമ്പോൾ നീ ഇവിടെ കാണണമെന്നും, വൈകുന്നേരം  ഭദ്രേയും കൂട്ടി കുടുംബ ക്ഷേത്രത്തിലേക്ക് പോകണം എന്നും ഒക്കെ അവർ പറഞ്ഞു..

ഇത് രണ്ടും ഇപ്പോൾ സാധിക്കില്ലമ്മേ, എനിക്ക് മടങ്ങിപ്പോയേ തീരൂ.

നീ എവിടേക്ക് പോകുന്ന കാര്യമാണ് പറയുന്നത്?

മഹാലക്ഷ്മി ചോദിച്ചു.

ടൗണിലെ നമ്മുടെ വീട്ടിലേക്ക് ഞാൻ താമസം മാറ്റുകയാണ്.

നിനക്കെന്താ ഹരി ഭ്രാന്ത് ഉണ്ടോ, ഇത് എന്തൊക്കെയാണ് നീ വിളിച്ചു പറയുന്നത്.

ഞാൻ പറയുന്നത് മലയാളത്തിൽ അല്ലെ, അമ്മയ്ക്ക് എന്താ മനസ്സിലാകുന്നില്ലേ.

ഇല്ല… അതുകൊണ്ടാണ് ഞാൻ നിന്നോട് ചോദിക്കുന്നത്.

എനിക്കിവിടെ തുടരാൻ അസൗകര്യം ഉണ്ട്,  അതുകൊണ്ട് ഞാൻ നമ്മുടെ സെക്കൻഡ് ഫോമിലേക്ക്  ഇന്ന് വൈകുന്നേരം പോകും.

ശരി… അങ്ങനെ ഇവിടെ തുടരാൻ നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ നീ പൊയ്ക്കോളൂ, ഞാൻ എതിർപ്പൊന്നും പറയുന്നില്ല, പക്ഷേ നിന്റെ ഒപ്പം ഭദ്ര കൂടി കാണും. അല്ലാണ്ട് തന്നെ ഇഷ്ടത്തിന് ഇവിടുന്ന് ഇറങ്ങിപ്പോകുന്നത്, നീ ചിന്തിക്കുക പോലും വേണ്ട ഹരീ.

മഹാലക്ഷ്മിയും വിട്ടുകൊടുക്കാനുള്ള ഭാവത്തിൽ അല്ലായിരുന്നു.

എനിക്ക് അവളെ എന്റെ കൺമുന്നിൽ കാണുന്നതുപോലും വെറുപ്പാണ്, അതുകൊണ്ടാണ് ഞാൻ ഈ വീട് വിട്ടു പോകുന്നതു പോലും, അപ്പോഴാണ് അമ്മ പറയുന്നത് അവളെ കൂടി കൊണ്ടുപോകാനു, അമ്മയുടെ ഇഷ്ടത്തിന് അല്ലേ അവളെ  ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നത്,  അതുകൊണ്ട് നിങ്ങൾ രണ്ടാളും കൂടി അങ്ങ് കഴിഞ്ഞോളു. ദയവുചെയ്ത് എന്നെ ശല്യപ്പെടുത്താനായി ആരും വരാതിരുന്നാൽ മാത്രം മതി. അനാഥ പെണ്ണിന് ജീവിതം പകർന്നു കൊടുത്തു കിട്ടുന്ന പുണ്യം ഒന്നും തൽക്കാലം  എനിക്ക് വേണ്ട അമ്മേ. അത്രയ്ക്ക് വലിയ മഹാൻ ഒന്നുമല്ല ഞാൻ, ഒരു പച്ചയായ സാധാരണ മനുഷ്യനാണ്, എനിക്ക് എന്റേതായ സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും ഒക്കെ ഉണ്ട്, അതിനിടയ്ക്ക് ഒരു വിലങ്ങു തടിയായി ഇവളെ എനിക്ക് വേണ്ട, ദയവുചെയ്ത്  എന്നെ ഒന്ന് മനസ്സിലാക്കുവാൻ അമ്മ ശ്രമിക്കു.

അമ്മയും മകനും തമ്മിൽ വാക്പോര് നടത്തിക്കൊണ്ടിരുന്നപ്പോഴാണ് അനിരുദ്ധൻ എത്തിയത്.

എന്തൊക്കെയാ ഹരി നീ ഈ പറയുന്നത്, അങ്ങനെ ഈ പെൺകുട്ടിയെ പറഞ്ഞുവിടാൻ പറ്റുമോ, നിന്റെ ഭാര്യയല്ലേടാ ഇവള്.

മ്മ്… ഭാര്യ,മഞ്ഞ ചരടിൽ ഒരു ലോഹം കഴുത്തിലെയ്ക്കിട്ടുന്നുകരുതി ഒരിക്കലും ഭാര്യ ആകില്ല,, പരസ്പരം സ്നേഹവും, വിശ്വാസവും താൽപര്യവും ഒക്കെ വേണം, ഇതൊന്നും ഞാനും അവളും തമ്മിലില്ല, അമ്മ ഒറ്റ ഒരാളുടെ നിർബന്ധത്തിൽ, എന്റെ നശിച്ച നേരത്ത് ഞാൻ സമ്മതം മൂളിയതാണു. അതിന് ഒരുപാട് ഞാനിപ്പോൾ ദുഃഖിക്കുകയാണ്. എനിക്ക് ഇതിൽ നിന്നും ഒരു മോചനം വേണമെങ്കിൽ ഈ  വീട് വിട്ടേ തീരൂ..

ഹരി വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞപ്പോൾ, അനിരുദ്ധൻ മുഖം തിരിച്ച് ഭദ്രയെ ഒന്ന് നോക്കി..
അപമാന ഭാരത്താൽ വെന്തുരുകി നിൽക്കുകയാണ് ആ പാവം പെൺകുട്ടി

അവൻ നോക്കുന്നു എന്ന് മനസ്സിലാക്കിയതും ഭദ്ര  അത്രമേൽ വിഷമത്തിന്റെ ഇടയിലും അനിരുദ്രനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

മംഗല്യ താലി 11

ഹരി വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞപ്പോൾ, അനിരുദ്ധൻ മുഖം തിരിച്ച് ഭദ്രയെ ഒന്ന് നോക്കി..അപമാന ഭാരത്താൽ വെന്തുരുകി നിൽക്കുകയാണ് ആ പാവം പെൺകുട്ടി

അവൻ നോക്കുന്നു എന്ന് മനസ്സിലാക്കിയതും ഭദ്ര  അത്രമേൽ വിഷമത്തിന്റെ ഇടയിലും അനിരുദ്രനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ഈശ്വരാ.. പാവം പെൺകുട്ടി.  എന്തിനാണ് അമ്മ ഇങ്ങനെയൊരു  വിധി ഈ കുട്ടിക്ക് വരുത്തി തീർത്തത്. ഹരി എത്രയോ തവണ പറഞ്ഞതാണ്, അവന് ഈ ബന്ധം വേണ്ടെന്ന്. പക്ഷേ അമ്മ കേട്ടില്ല, അമ്മയ്ക്ക് എപ്പോഴും അമ്മ എടുക്കുന്ന തീരുമാനങ്ങൾ മാത്രമാണ് ശരി, അതുകൊണ്ടല്ലേ ഇന്നിപ്പോൾ ഇവിടെ ഭദ്രയുടെ കണ്ണുനീര് വീണത്.

ഏറിവന്ന സങ്കടത്തോടെ അനിരുദ്ധൻ ഭദ്രയെ നോക്കി തിരിച്ചൊന്നു പുഞ്ചിരിച്ചു..

അപ്പോഴേക്കും ഐശ്വര്യയുടെ വീട്ടിൽ നിന്നും ആളുകളൊക്കെ എത്തി.

മോളെ ഭദ്രേ പോയി കണ്ണും മുഖവും ഒക്കെ കഴുകു, അവരൊക്കെ വന്നു എന്ന് തോന്നുന്നു.

മഹാലക്ഷ്മി പെട്ടെന്ന് തന്നെ ഉമ്മറത്തേക്ക് ഇറങ്ങിപ്പോയി. ഒപ്പം അനിയും  ഐശ്വര്യയും..

ഹരിയൊന്നു മുഖം തിരിച്ചപ്പോൾ ഒരുവേള ഭദ്രയുടെ മിഴികളുമായി കോർത്തു.

നിസ്സഹായതയോടെ അവൾ നോക്കിയപ്പോൾ അവന് അവളോട് അവജ്ഞയായിരുന്നു.

കണ്ണ് മുഖവും കഴുകിയശേഷം സൂസമ്മ ചേച്ചിയോടൊപ്പം അവൾ അടുക്കളയിൽ കൂടി.

സൂസമ്മയ്ക്കും അവളുടെ മുഖത്ത് നോക്കാൻ പോലും സങ്കടമായിരുന്നു.

ഹരിക്കുഞ്ഞിന് എങ്ങനെ തോന്നി ഈ കുട്ടിയോട് ഇങ്ങനെയൊക്കെ സംസാരിക്കുവാൻ. എന്തൊരു പാവമാണ് ഈ കുട്ടി, അനാഥയാണെന്നൊരു കുറ്റം മാത്രമല്ലേ ഇവൾക്കൊള്ളു, അതിന് കാരണക്കാരി ഈ പാവമാണോ, ഇവൾക്ക് ജന്മം നൽകിയ മാതാപിതാക്കൾ അല്ലേ, എങ്ങനെ ഉപേക്ഷിക്കാൻ തോന്നി ഈ കുഞ്ഞിനെ അവർക്ക്, എന്തൊരു ശാലീനത നിറഞ്ഞ ഒരു പെൺകുട്ടിയാണ് അവൾ.

സൂസമ്മയ്ക്കു തന്റെ നെഞ്ചവിങ്ങിപൊട്ടി.

ചേച്ചി… അവർക്ക് കുടിക്കാൻ ജ്യൂസ്‌ എടുക്കുമോ. ഐശ്വര്യ ഓടിവന്ന് പറഞ്ഞപ്പോൾ  സൂസമ്മ വേഗം ഫ്രിഡ്ജ് തുറന്നു.

ഭദ്രയും അവരോടൊപ്പം എല്ലാത്തിനും ചേർന്നു. ജ്യൂസും ബേക്കറി ഐറ്റംസ് ഒക്കെ എടുത്തിട്ട് ടേബിളിൽ വെച്ചത്  സുസമ്മയും ലേഖയും ആയിരുന്നു..

ഭദ്രമാത്രം അവിടേക്ക് പോകാതെ അടുക്കളയിൽ ഒതുങ്ങിക്കൂടി.

ഐശ്വര്യയുടെ അമ്മയും, ഒന്ന് രണ്ട് സ്ത്രീകളും ചേർന്ന്  അവിടേക്ക് കയറി വന്നപ്പോൾ ഭദ്ര പിൻവാതിലിലൂടെ വെളിയിലേക്ക് പോയി.

മഹാലക്ഷ്മി വന്നിട്ട് ആയിരുന്നു ഭദ്രയെ അവരുടെ അരികിലേക്ക് കൂട്ടിക്കൊണ്ടു ചെന്നത്.

ഐശ്വര്യയുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന,പലഹാര കെട്ടുകളൊക്കെ ഡൈനിങ് ടേബിളിലും  മറ്റുമായി നിറഞ്ഞിരിക്കുകയാണ്. എല്ലാവരും വളരെ പ്രതാപമുള്ള ആളുകൾ ആണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും. ഒരു കാഞ്ചീപുരം പട്ടുസാരിയൊക്കെ ചുറ്റി നെറ്റിയിൽ വലിയൊരു വട്ടപൊട്ടും വെച്ച്, കഴുത്തിൽ പാലക്കാ മാലയും, അതിനു മാച്ച് ചെയ്യുന്ന കമ്മലും വളകളും  ഒക്കെ അണിഞ്ഞു ഒരു സ്ത്രീ ഐശ്വര്യയെ വന്ന് തഴുകി തലോടി എന്തൊക്കെയോ ഒരുപാട് സംസാരിക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ അത് ഐശ്വര്യയുടെ അമ്മയാണെന്ന് ഭദ്രയ്ക്കു തോന്നി..മഹാലക്ഷ്മിയോടൊപ്പം വരുന്ന ഭദ്രയെ കണ്ടതും ആ സ്ത്രീയുടെ മുഖത്ത് പുച്ഛം നിറഞ്ഞു.

ഗീതേ… ഹരിടെ കുട്ടിയേ പരിചയപ്പെട്ടില്ലലോ അല്ലേ.

ഭദ്രയെ കാണിച്ചുകൊണ്ട് മഹാലക്ഷ്മി പറഞ്ഞപ്പോൾ ഗീത തന്റെ മുഖത്ത് ഒരു പുഞ്ചിരി വരുത്തി…

ഹ്മ്മ്… കല്യാണത്തിന്റെ അന്ന് ഒന്ന് കണ്ടിരുന്നു, മംഗലത്തെ ഓർഫനേജിൽ വളർന്ന കുട്ടിയാണല്ലേ.. എത്ര പ്രായമുള്ളപ്പോഴാണ് അവിടെ വന്നത്, എടുത്തടിച്ച പോലെയുള്ള ഗീതയുടെ ചോദ്യത്തിന് മുന്നിൽ മഹാലക്ഷ്മി പോലും ഒരുവേള ഒന്നു വല്ലാണ്ടായി.

ഹരിയും അനിരുദ്ധനും കൂടി ഐശ്വര്യയുടെ അച്ഛനോടും അമ്മാവനോടും സംസാരിച്ചു നിൽക്കുകയായിരുന്നു, അപ്പോഴാണ് ഗീതയുടെ ചോദ്യം അവരും കേട്ടത്.

അനിരുദ്ധൻ വല്ലായ്മയോട് കൂടി മുഖം തിരിച്ചു ഹരിയെ നോക്കി.

അവൻ പക്ഷേ ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമേയല്ല എന്ന മട്ടിലായിരുന്നു.

ഭദ്രയുടെ അച്ഛനും അമ്മയും ആരാണെന്നൊക്കെ അറിയാമോ, അവര് ജീവിച്ചിരിപ്പുണ്ടോ അതോ….ഗീത പിന്നെയും ചോദിച്ചു.

ഭദ്രയുടെ അച്ഛനും അമ്മയും ഒക്കെ ഇപ്പോൾ ഞാനാണ്, പിന്നെ നന്നേ ചെറുപ്പത്തിൽ ഭദ്ര ഞങ്ങളുടെ കുടുംബത്തിലേക്ക് വന്നുചേർന്നവളാണ്. അവിടുത്തെ ഓരോ കുട്ടികളെയും ഞങ്ങൾ അനാഥരായിട്ട് കണ്ടിട്ടില്ല,എല്ലാവരും ഒരു കുടക്കീഴിൽ,സഹോദരങ്ങൾ ആയിട്ട് തന്നെയാണ് കഴിയുന്നത്..അതിനൊരിക്കലും യാതൊരു മാറ്റവും ഉണ്ടാവില്ല. പിന്നെ എന്നെ സംബന്ധിച്ച്, മറ്റെല്ലാവരെയുംക്കാൾ ഒരുപിടി മുന്നിലാണ് ഭദ്രയോടുള്ള സ്നേഹം. അതന്റെ മരണം വരെ അങ്ങനെ ആയിരിക്കുകയും ചെയ്യും.അത്രമേൽ ഇവൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ ആയതുകൊണ്ടാണ് എന്റെ മകന്റെ ഭാര്യയായി ഇവിടേക്ക് കൊണ്ടുവന്നത്. അല്ലാണ്ട് കരുണയുടെയും സഹതാപത്തിന്റെയോ ഒന്നും പേരിൽ അല്ല,ഭദ്ര ഹരിയുടെ ഭാര്യയായത്, എന്റെ മകന് ഏറ്റവും യോജിച്ചവളാണെന്ന്, എനിക്ക് 100% വ്യക്തമായി അറിയാം. ആരും എന്റെ ഭദ്രയെ അത്ര വില കുറഞ്ഞവളായി കാണുകയും വേണ്ട..

മഹാലക്ഷ്മിയുടെ ശബ്ദം അവിടമാകെ മുഴങ്ങി.

ഒരുവേള,അതിഥികളൊക്കെ ഒന്നു വല്ലാതായി.

ഐശ്വര്യ തലേരാത്രിയിൽ ഗീതയ്ക്ക് ചെറിയൊരു സൂചന കൊടുത്തിരുന്നു, ഭദ്രയെ ഒന്ന് കൊച്ചാക്കി കാണിക്കണമെന്ന്.. കാരണം മഹാലക്ഷ്മി അവളെ തലയിലേറ്റി നടക്കുന്നു എന്നൊക്കെ ഐശ്വര്യ അമ്മയെ  വിളിച്ച് അറിയിച്ചിരുന്നു..അതിന് പകരമായി ഗീത ഒന്നാളാകാൻ ശ്രമിച്ചതായിരുന്നു. പക്ഷെ നടന്നില്ല..

ഞാൻ വേറൊന്നും വെച്ച് പറഞ്ഞതല്ല കേട്ടോ ലക്ഷ്മിചേച്ചി… ഈ കുട്ടിയെ കുറിച്ച് കൂടുതൽ ഒന്നും ഞങ്ങൾക്ക് അറിയില്ല, പിന്നെ ഇതുപോലൊരു കുടുംബത്തിൽ അതും, ഹരിയുടെ ഭാര്യ പദവി ഭദ്രയ്ക്കുക കിട്ടുക എന്ന് വെച്ചാൽ അതൊരു വലിയ കാര്യമാണ്..

ഗീത,പറഞ്ഞപ്പോൾ മഹാലക്ഷ്മി ഒന്ന് ചിരിച്ചു.

ഞാൻ പറഞ്ഞല്ലോ,ഇവളെപ്പോലെ ഒരു പെൺകുട്ടിയെ കിട്ടിയത് എന്റെ മകന്റെ ഭാഗ്യമാണ്,അത്രയ്ക്ക് നന്മയുള്ളവളാണ് ഭദ്ര.ആരുമില്ലാത്തവൾ ആണെന്നോ, സാമ്പത്തികം ഇല്ലെന്നോ,ഒന്നും ഞങ്ങൾ ആരും നോക്കുന്നില്ല. ഭദ്രയ്ക്ക് അതിന്റെ ഒന്നും യാതൊരു ആവശ്യവുമില്ല. കാരണം അതെല്ലാം വാരിക്കോരി ഈശ്വരൻ ഞങ്ങൾക്ക് തന്നിട്ടുണ്ട്, പിന്നെന്തിനാണ്.

മഹാലക്ഷ്മിയും വിട്ടുകൊടുക്കുവാനുള്ള ഭാവത്തിൽ അല്ലായിരുന്നു..

ഇതെല്ലാം കണ്ടും കേട്ടും , എല്ലാവരും തരിച്ചു നിൽക്കുകയാണ്. ഐശ്വര്യക്കു പോലും തോന്നി തന്റെ അമ്മ അപമാനിക്കപ്പെട്ടതായി.

അനിരുദ്ധൻ പെട്ടെന്ന് കയറി വന്നിട്ട്, എല്ലാവരെയും ഭക്ഷണം കഴിക്കാനായി വിളിച്ചു.

ഭദ്രയുടെ അരികിലൂടെ കടന്നുപോയപ്പോൾ ഹരി അവളെ ഒന്ന് അടിമുടി നോക്കി..പേടിയോടെ അവൾ മുഖം കുനിച്ചു നിന്നു.

മംഗല്യ താലി ഭാഗം 12

ഭദ്രയുടെ അരികിലൂടെ കടന്നുപോയപ്പോൾ ഹരി അവളെ ഒന്ന് അടിമുടി നോക്കി..പേടിയോടെ പെട്ടന്ന് അവൾ മുഖം കുനിച്ചു നിന്നു.

സത്യത്തിൽ അവന് അമ്മയുടെ സംസാരം തീരെ പിടിച്ചിരുന്നില്ല..ഐശ്വര്യയുടെ വീട്ടുകാരുടെ മുന്നില്‍ ആയതുകൊണ്ട്, മാത്രമാണ് അവൻ ഒരക്ഷരം പോലും പറയാതെ നിന്നത്..അമ്മ ഇത്രമാത്രം പുകഴ്ത്തി സംസാരിക്കുവാനിവൾക്ക് എന്ത് ഗുണം ആണുള്ളത്ഹരി ഓർത്തു…

എല്ലാവർക്കും ഭക്ഷണം വിളമ്പി കൊടുക്കുവാൻ ഒക്കെയായിട്ട് ഹരിയും അനിരുദ്ധനും ഒക്കെകൂടി.

മഹാലക്ഷ്മിയുടെ തുറന്നുള്ള സംസാരം എല്ലാവരെയും ഒരുവേളയൊന്നു അമ്പരപ്പിച്ചു. എന്നാലും ആരുമാരും അത് പറയാൻ തുനിഞ്ഞില്ല. എന്നിരുന്നാലും ഐശ്വര്യയ്ക്കു മുഖം വീർത്തു എന്നുള്ളത് അനിയ്ക്കു തോന്നി.

അടുക്കള കാണൽ ചടങ്ങിന് വന്ന വർ മടങ്ങിയപ്പോൾ ഐശ്വര്യയുടെ അച്ഛൻ ക്യാഷ് ചെക്ക് ആയിരുന്നു അനിരുദ്ധനു കൈമാറിയത്. ഒപ്പം അവർക്ക് ഹണി മൂൺ ആഘോഷിക്കുവാൻ പാരിസിലേക്ക് പറക്കുവാനുള്ള ഫ്ലൈറ്റ് ടിക്കറ്റും.

അതെല്ലാം കൂടി കണ്ടതും, ഐശ്വര്യ നിലത്തും താഴെയുമല്ല എന്ന മട്ടിലായി.
അവൾ അച്ഛനെ കെട്ടിപ്പിടിച്ച് മുത്തം കൊടുത്തു.

കാരണം പലതവണ പാരീസിലേക്ക് പോകുവാനായി അവർ ട്രിപ്പ് പ്ലാൻ ചെയ്യുമായിരുന്നു, പക്ഷേ എന്തെങ്കിലും ഒക്കെ കാരണത്താൽ ലാസ്റ്റ് മൊമെന്റില്‍ അത് മാറിപ്പോകും. അതായിരുന്നു പതിവ്. അപ്പോൾ മകളുടെ ആഗ്രഹപ്രകാരമുള്ള സ്ഥലത്തേക്ക്, അവളുടെ ഭർത്താവുമായി പോകുവാനായി അച്ചൻ ഫ്ലൈറ്റ് ടിക്കറ്റ്  കൊടുത്തപ്പോൾ അവൾക്ക് ഒരുപാട് ഒരുപാട് സന്തോഷമായി.

അച്ഛനോടും അമ്മയോടും താങ്ക്സ് ഒക്കെ പറഞ്ഞ് അവൾ വലിയൊരു ഷോ ആയിരുന്നു അവിടെ നടത്തിയത്..

അങ്ങനെ ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെ അവരെല്ലാവരും യാത്ര പറഞ്ഞു പോയി.

ഹരി തന്റെ മുറിയിലേക്ക് കയറി പോയപ്പോൾ, മഹാലക്ഷ്മി, ഭദ്രയോടും പോയ്‌ റസ്റ്റ്‌ എടുക്കാൻ പറഞ്ഞു. പക്ഷെ ഭദ്രയ്ക്ക് പേടിയായിരുന്നു..

വേണ്ടമ്മേ… ഞാൻ ഇവിടെ അമ്മയുടെ റൂമിലിരുന്നോളാം..

ഹേയ്… ചെല്ല് കുട്ടി.. ചെന്നിട്ട് അവനോട് പറയ് വൈകുന്നേരം കുടുംബ ക്ഷേത്രത്തിലേക്ക് പോകണമെന്ന്.

അതുകൂടി കേട്ടതും ഭദ്രയുടെ ഭയം പിന്നെയും വർദ്ധിച്ചു..

ഹ്മ്മ്… ചെല്ല്, ആറുമണിക്ക് മുന്നേ കുളിച്ച് റെഡിയായി ഇറങ്ങണം കേട്ടോ മോളെ.. ഞാൻ പറഞ്ഞുന്ന് മോള് ഹരിയോട് പറഞ്ഞാൽ മതി..

മുകളിലേക്കുള്ള സ്റ്റെപ്സ് കയറുമ്പോൾ പാദങ്ങൾ വിറകൊണ്ടു.

വാതിൽ അകത്തുനിന്നും ലോക്ക് ചെയ്തിട്ടില്ലായിരുന്നു, അതുകൊണ്ട് അവൾ മെല്ലെ ഒന്ന് തുറന്നു. എന്നിട്ട് അകത്തേക്ക് കയറി.

ഹരിയെ അവിടെഎങ്ങും കാണാഞ്ഞപ്പോൾ വാഷ് റൂമിൽ ആകുമെന്ന് ഭദ്ര കരുതി.

ആ വലിയ മുറിയിൽ തീർത്തും അപരിചിതയെ പോലെ ഭദ്ര നിൽക്കുകയാണ്.

പക്ഷെ ഹരി ഡ്രസ്സിംഗ് റൂമിൽ ആയിരുന്നു..

അവന്റെ ഫോൺ റിങ് ചെയ്തതും,ഭദ്ര അത് എടുത്തു നോക്കി.

പോളെട്ടൻ എന്നായിരുന്നു സ്‌ക്രീനിൽ തെളിഞ്ഞു വന്നത്.

ഫോണിലേക്ക് നോക്കി നിന്നപ്പോഴാണ് അവളുടെ കൈയിൽ ശക്തിയായി അവൻ വന്നു പിടിച്ചത്.

ഓർക്കാപ്പുറത്ത് ആയതിനാൽ പാവം ഭദ്രയുടെ കയ്യിൽ നിന്നും ഫോൺ നിലത്തേക്ക് പതിച്ചു.വലിയൊരു ശബ്ദത്തിൽ അത് ചിന്നി ചിതറി.

മിടിക്കുന്ന ഹൃദയത്തോടെ അവൾ മുഖം ഉയർത്തിയതും ഭദ്രയുടെ കരണം നോക്കി അവന്റെ കൈ പതിഞ്ഞു..

ടി…..ആരോട് ചോദിച്ചിട്ടാടി, നീ എന്റെ ഫോൺ എടുത്തത്.

അവളുടെ കൈത്തുടയിൽ പിടിച്ചു ഹരി ശക്തമായി ഉലച്ചപ്പോൾ ഭദ്രയ്ക്കു വേദന കൊണ്ട് തലകറങ്ങുംപോലെ ആയിരുന്നു.

ഹരിയേട്ടാ… എനിക്ക് വേദനിക്കുന്നു
അവൾ ദയനീയമായി കരഞ്ഞു കൊണ്ട് പറഞ്ഞു.

കാൽ കാശിനു ഗതിയില്ലാത്ത സാധനം,  എന്ത് കണ്ടിട്ടാടീ നീ ഇങ്ങോട്ട് കെട്ടിക്കേറി വന്നത്. എന്റെ അമ്മയ്ക്ക് ഭ്രാ ,ന്ത് കയറി,  ഓരോന്ന് കാണിച്ചു കൂട്ടിയതിന്റെ ദോഷം മുഴുവൻ അനുഭവിക്കുന്നത് ഈ ഞാനാണ്.  നാലാളുകളുടെ മുന്നിൽ ഒന്ന് തലയുയർത്തി നിൽക്കാൻ പോലും എനിക്കിനി കഴിയില്ല. കണ്ടില്ലേ ഐശ്വര്യയുടെ വീട്ടുകാരൊക്കെ വന്നു പറഞ്ഞിട്ട് പോയത്. ആർക്കും വേണ്ടാതെ വലിച്ചെറിഞ്ഞു പോയിട്ട്….ഒടുക്കം എന്റെ തലയിലായി. എന്ത് പാപം ചെയ്തിട്ടാണോ എനിക്കിങ്ങനെ ഒരു ഗതി വന്നത്.

അവൻ തലയ്ക്ക് കയ്യും കൊടുത്തുകൊണ്ട് ബെഡിലേക്ക് പോയിരുന്നു.

വായിൽ തോന്നിയതൊക്കെ ഹരി വിളിച്ചു പറഞ്ഞപ്പോഴും  തിരിച്ച് ഒരക്ഷരം പോലും മറുപടി പറയാതെ ഭദ്ര അതെല്ലാം കേട്ട് നിന്നു.

നിലത്ത് ചിതറി കിടക്കുന്ന ഫോണിലേക്ക് നോക്കുംതോറും, അവൾക്ക് ഒരുപാട് സങ്കടമായി.

എത്ര ലക്ഷം രൂപയുടെ മുതലാണ് ഈ കിടക്കുന്നതെന്ന് നിനക്കറിയാമോടി,,,അതെങ്ങനെയാ നിനക്ക് ഇതു വല്ലതും അറിയാമോ..നാശം പിടിച്ച സാധനം
നിലത്തേക്ക് മുഖം കുനിച്ചു നിൽക്കുന്നവളെ നോക്കി അവൻ വീണ്ടും ശബ്ദമുയർത്തി.

മുകളിലെ ബഹളം കേട്ടുകൊണ്ട് മഹാലക്ഷ്മി അവിടേക്ക് കയറി വന്നു.അപ്പോഴാണ് കരഞ്ഞു കൊണ്ട് നിൽക്കുന്ന ഭദ്രയെ അവർ കണ്ടത്..

എന്താ എന്തു പറ്റി മോളേ…അവരോടി അരികിലേക്ക് വന്നതും, ഭദ്ര പെട്ടെന്ന് തടഞ്ഞു.

അപ്പോഴാണ് നിലത്ത് പൊട്ടി കിടക്കുന്ന മൊബൈൽ ഫോൺ മഹാലക്ഷ്മി കണ്ടത്

ഇതെന്താ ഹരി,എങ്ങനെയാണ് നിന്റെ ഫോൺ പൊട്ടിയത്,നിനക്ക് യാതൊരു സൂക്ഷവും ഇല്ലല്ലേ.എത്ര ലക്ഷം രൂപയായതാ ഇതിനെന്നു നിനക്ക് അറിയില്ലെടാ.

ചോദിച്ചുനോക്കൂ പുന്നാര മരുമകളോട്, ആരാണ് ഇത് പൊട്ടിച്ചതെന്ന്..അമ്മ കണ്ടു പിടിച്ചുകൊണ്ട് വന്ന സാധനം…എന്റെ കൺമുന്നിൽ നിന്ന് മാറിപ്പോകാൻ പറയുന്നുണ്ടോ ഇവളോട്..

അവൻ അലറിയതും ഭദ്രയും മഹാലക്ഷ്മിയും ഒരുപോലെ നടുങ്ങി.

ബാക്കി ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ