ശിശിരം – ഭാഗം 120, 121, എഴുത്ത്: മിത്ര വിന്ദ

ശിശിരം 120

ഫോണിലൂടെ അമ്മുവിനെയും കുഞ്ഞിനെയും ഒക്കെ നകുലൻ അമ്മയ്ക്ക് കാണിച്ചുകൊടുത്തു.

കുഞ്ഞുവാവയെ കണ്ടതും ബിന്ദുവിന് ഒരുപാട് സന്തോഷമായി.

അച്ഛമ്മേടെ ചുന്ദരി വാവ…അവർ ഉറക്കെ പറഞ്ഞു.

അമ്മു.. Mകുഞ്ഞിനെ കുടിക്കാൻ പാൽ ഒക്കെ, കൂടെക്കൂടെ കൊടുത്തോണേ മോളെ, ഇല്ലാച്ചാ,  പാല്കെട്ടിപ്പോയാൽ പിന്നെ വല്യ ബുദ്ധിമുട്ടാവും….

ഹമ്… കൊടുത്തോളം അമ്മായി.

മോളെ നിറയെ ഭക്ഷണം ഒക്കെ കഴിച്ചോണം കേട്ടോ, എന്നാലേ നിനക്ക് ആരോഗ്യമൊക്കെ വെയ്ക്കത്തുള്ളൂ,എന്തായാലും ശ്രീജ അവിടെ നിൽക്കട്ടെ,അല്ലാണ്ടിപ്പോ എന്ത് ചെയ്യാനാ… എനിയ്ക്കീ അവസ്ഥയായി പോയില്ലേ.

അമ്മായി ഒന്നും ഓർത്ത് സങ്കടപ്പെടേണ്ട, ശ്രീ ചേച്ചി ഉണ്ടല്ലോ കൂടെ, പിന്നെ ഏട്ടനും ഉണ്ട്…  അമ്മായി ശരിക്കും റസ്റ്റ് എടുക്ക് വയ്യാഴികയൊക്കെ മാറിയിട്ട്  ഇവിടേക്ക് വന്നാൽ മതി.

ആഹ്,,, എന്നാപ്പിന്നെ ഞാൻ വെച്ചോളാം മോളെ, നീ ഒരുപാട് തലയിളക്കി ഒന്നും പറയണ്ട, അനങ്ങാതെ കിടന്നോണം കേട്ടോ, ഫോണിൽ ഒന്നും നോക്കിയെക്കരുത്  തലവേദന വിട്ടുമാറാതെ വരും..

അമ്മൂനോട് പിന്നെയും ഓരോരോ നിർദ്ദേശങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ട് ബിന്ദു.

5 മിനിറ്റ് കൂടി സംസാരിച്ചിട്ട് അവർ ഫോൺ കട്ട് ചെയ്തത്.
നകുലൻ  വാങ്ങിക്കൊണ്ടുവന്ന ചായയും റസ്ക്കുമൊക്കെ  കഴിച്ചപ്പോഴാണ് സത്യത്തിൽ അമ്മുവിന് ജീവൻ വീണത് പോലും..

ഒരു ഗ്ലാസ് ചായ പോലും വളരെ ബുദ്ധിമുട്ടി കുടിച്ചു കൊണ്ടിരുന്നവൾ,രണ്ടര ഗ്ലാസ് ചായ കുടിച്ചത് നോക്കി അതിശയപ്പെട്ട് പോയി.

വല്ലാത്ത പരവശമായിരുന്നു ഏട്ടാ…അതിന്റെ നോട്ടം മനസ്സിലായതും അമ്മു പറഞ്ഞു.

ഫുഡ് ഇപ്പൊ തന്നെയാകും,,, എന്നിട്ട് ഞാൻ വാങ്ങിക്കൊണ്ടു വരാം.

ധൃതിയില്ലന്നേ… കുടിക്കാൻ എന്തെങ്കിലും കിട്ടിയാൽ മതിയായിരുന്നു. ഇപ്പോ ക്ഷീണം ഒക്കെ മാറി..

അങ്ങനെയൊന്നും പറഞ്ഞാൽ പറ്റില്ലമ്മു,,,, ഇനിയിപ്പോ  വിശപ്പുണ്ടെങ്കിലും ഇല്ലെങ്കിലും നീ നന്നായിട്ട് ഭക്ഷണം കഴിക്കണം,,,  കുഞ്ഞിനു ബ്രെസ്റ്റ് feeding നന്നായിട്ട് നടന്നാൽ അല്ലേ പറ്റൂ. അല്ലാതെ കടകളിൽ നിന്ന് കിട്ടുന്ന പാൽപ്പൊടി കലക്കി കുഞ്ഞിന് കൊടുക്കാൻ പറ്റുമോ.

നകുലൻ പെട്ടെന്ന് ഗൗരവത്തിലായി.
അത് കണ്ടതും അമ്മുവിനും ശ്രീജയ്ക്കും ചിരി വന്നു.

എന്റെ ഏട്ടാ…പ്രസവം കഴിഞ്ഞിട്ട് ഈ കൊച്ചു മുറിയിലേക്ക് വന്നിട്ട് അരമണിക്കൂർ ആയതേയൊള്ളു. അപ്പോളേക്കും ഏട്ടൻ ഇങ്ങനെ തുടങ്ങിയാലെങ്ങനാ..ആദ്യം അവളൊന്നു എഴുന്നേറ്റു നേരെ ഇരിയ്ക്കട്ടെ, എന്നിട്ടല്ലേ ബാക്കി.

ശ്രീജ പറഞ്ഞപ്പോൾ നകുലൻ അവളേയൊന്നു നോക്കിപേടിപ്പിച്ചു.

അല്ലെങ്കിലും ഈ  കെട്ടിയോൻമാരുടെ കാര്യം ഇങ്ങനെയൊക്കെയാണ് അമ്മുസെ.. ഇവർക്കിനി  കുഞ്ഞിന്റെ കാര്യം മാത്രമാണ് വലുത്, നമ്മളൊക്കെ പുറംപോക്കാകും.
ശ്രീജ പിന്നെയും പറഞ്ഞു.

അപ്പോഴേക്കും നകുലിന്റെ ഫോണിലേക്ക് പ്രിയയുടെ കാൾ വന്നു.

ഫോൺ റിംഗ് ചെയ്തതും ഉറങ്ങിയിട്ട് കിടന്നിരുന്ന കുഞ്ഞ് ഉച്ചത്തിൽ നിലവിളിച്ചു.

ശോ… ഇത് സൈലന്റ് ആക്കുന്ന കാര്യം ഞാൻ ഓർത്തില്ല…
ഫോണുമായിട്ട് തിടുക്കപ്പെട്ടു നകുലൻ വാതിൽ തുറന്നു വെളിയിലേക്ക് ഇറങ്ങിപ്പോയി

അമ്മുവിന്റെ വിവരങ്ങൾ ചോദിക്കുവാനായി വിളിച്ചതായിരുന്നു പ്രിയ.കാലത്തെ കിച്ചനാണ് അവളോട് അമ്മുവിന് കുഞ്ഞുണ്ടായ വിവരം പറഞ്ഞത്…

കുഴപ്പമൊന്നുമില്ല,കുറച്ചുസമയം ആയതേയുള്ളൂ റൂമിലേക്ക് കൊണ്ടുവന്നിട്ട്,ശ്രീജയുണ്ട് കൂടെ.അമ്മയ്ക്ക് വയ്യാത്തതുകൊണ്ട്,അവളാണ് വന്നത്.

അങ്ങനെ വളരെ കാര്യമായിട്ട് തന്നെയായിരുന്നു നകുലൻ പ്രിയയോട് സംസാരിച്ചത്.
അമ്മുവിനെയും ശ്രീജയെയും ഒക്കെ അന്വേഷിച്ചതായി പറയണം എന്നു പറഞ്ഞു പ്രിയ ഫോൺ കട്ട് ചെയ്തു..

ഫോൺ സൈലന്റ് മോഡിൽ ഇട്ടുകൊണ്ട് അവൻ വീണ്ടും കയറി വന്നപ്പോൾ അമ്മുവിനെ പതിയെ എഴുന്നേൽപ്പിച്ചു ഇരുത്തുവാൻ ശ്രീജ ശ്രമിക്കുന്നുണ്ട്.

ശ്രീജേ നീ മാറിയിക്കോടി.. ഞാൻ പിടിക്കാം.
അവൻ വന്നിട്ട് അവളെ ചുവരിലേക്ക് ചാരിയിരുത്തി.
പാവം അമ്മുവിന് വേദനകൊണ്ട് കണ്ണ് കാണാൻ മേലാത്ത അവസ്ഥആയിരുന്നു.

സ്റ്റിച്ചിട്ട ഭാഗത്തു നിന്നുമുണ്ടായ വേദനയിൽ അവൾടെ ശരീരം വിറകൊണ്ട്‌.

നകുലൻ ആണെങ്കിൽ അവളുടെ മുഖത്തേക്ക് നോക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു.

ഒരുവശം ചരിഞ്ഞ് വളരെ കഷ്ടപ്പെട്ടാണ് അമ്മു ഇരിക്കുന്നത്.
ശ്രീജ കുഞ്ഞിനെ അവളുടെ മടിയിലേക്ക് വെച്ചു.
എന്നിട്ട് കുഞ്ഞിന് പാലൂട്ടാൻ അവളെ സഹായിച്ചു.

ബ്രേക്ക്‌ഫാസ്റ്റ് വാങ്ങി വരാമെന്ന് പറഞ്ഞ് നകുലൻ വീണ്ടും വെളിയിലേക്ക് ഇറങ്ങിപ്പോയി.
സത്യം പറഞ്ഞാൽ അമ്മുവിന്റെ ഇരിപ്പും ഭാവവും ഒക്കെ കണ്ടപ്പോൾ അവന് ഒരുപാട് വിഷമമായിരുന്ന്. അത് കണ്ടുനിൽക്കാൻ വയ്യാത്തതുകൊണ്ടാണ് അവൻ പെട്ടെന്ന് അവിടുന്ന് ഇറങ്ങി പോന്നത്..

അപ്പവും മുട്ടകറിയും വാങ്ങി അവൻ കയറിചെന്നപ്പോൾ റൂമിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേൾക്കാം. നകുലന്റെ നടപ്പിന്റെ വേഗത കൂടി.

വാതിൽ തുറന്ന് കയറിയപ്പോൾ കണ്ടു ഇരുന്ന്കരയുന്ന അമ്മുവിനെ.

എന്താടി.. എന്ത് പറ്റി.
അവൻ അവരുടെ അടുത്തേക്ക് പാഞ്ഞു വന്നു.

ഹേയ്
കുഴപ്പമൊന്നുമില്ല ഏട്ടാ…  വാവയ്ക്ക് കുടിക്കാനുള്ള പാലൊന്നും കിട്ടിയില്ല, ആയി വരട്ടെ…. അതിന്റെ ദേഷ്യമാണ്…
ശ്രീജ അവനോട് പറഞ്ഞു.

അതിനു നീ എന്തിനാ അമ്മു ഇങ്ങനെ കരയുന്നത്…?

കുഞ്ഞു കരയുന്നത് കണ്ട്
പ്പോൾ അമ്മുനു സങ്കടംമായി. അതാണ്.. പോട്ടെ സാരമില്ലന്നേ 
ഇതൊക്കെ ശരിയാകുമമ്മു.. വിഷമിക്കണ്ട.

ശ്രീജ അവളെ സമാധാനിപ്പിച്ചു.

കുഞ്ഞിന്റെ കരച്ചിൽ കേട്ടുകൊണ്ട് ഒരു സിസ്റ്റർ അവരുടെ റൂമിലേക്ക് അപ്പോൾ വന്നു.. 

ശ്രീജയുടെ കൈയിൽ നിന്നും വാവയെ വാങ്ങിയിട്ട് അവർ അമ്മുവിനെ താങ്ങിയിരുത്തി. എന്നിട്ട് അവളെ സഹായിച്ചു.

അങ്ങനെ അന്നത്തെ ദിവസം പല പ്രാവശ്യം ചെയ്തപ്പോൾ ഉച്ചയോട് കൂടി കുഞ്ഞിന് കുടിക്കാൻ പാലൊക്കേ ആയിരുന്നു.

*******

വൈകുന്നേരമായപ്പോൾ നകുലന്റെ കുറച്ചു ഫ്രണ്ട്സ് ഒക്കെ കുഞ്ഞുവാവയെ കാണുവാനായി വന്നിരുന്നു…

പലരും വന്നിട്ട് പാറുക്കുട്ടിയെയും കൊഞ്ചിച്ചു.

രാത്രി ആയപ്പോൾ പാറുകുട്ടിയ്ക്ക് ചെറിയ തുമ്മലും ജലദോഷവും പോലെ ശ്രീജയ്ക്ക് തോന്നി..

നകുലനോട് പറഞ്ഞപ്പോൾ അവൻ ശ്രീജയെയും കുഞ്ഞിനെയും കൂട്ടി കാഷ്വാലിറ്റിയിലെ ഡോക്ടറെ കാണുവാനായി പോയി…

വൈറൽ ഫീവറിന്റെ ആരംഭം ആണെന്നും, രാത്രിയിൽ ട്രാവൽ ചെയ്തു വന്നതുകൊണ്ടാവാം, എന്തായാലും മരുന്ന് തരാം, കുറഞ്ഞില്ലെങ്കിൽ ഒന്നൂടെ കാണിക്കാനാണ് ഡോക്ടർ പറഞ്ഞത്.

തിരികെ റൂമിൽ എത്തിയപ്പോൾ അമ്മുവും കുഞ്ഞും ഉറങ്ങുകയാണ് 

ഏട്ടാ… കുഞ്ഞിനെങ്ങാനിം പാറുക്കുട്ടിയുടെ പനി പിടിച്ചാലോ,,ഇനി ഞാനിവിടെ നിൽക്കുന്നത് ശരിയാകുമോന്നേ, എനിയ്ക്കൊരു പേടി പോലെ.

അവള് പറയുമ്പോൾ നകുലനും ആ കാര്യത്തെക്കുറിച്ച്  ചിന്തിച്ചത്..

ശരിയാണല്ലോടി… ഇനിയിപ്പോ എന്താ ഒരു വഴി..

എനിക്കറിയില്ല.. വേറെയാരും അമ്മുന്റെ കൂടെ നിൽക്കാനും ഇല്ലാലോ ഏട്ടാ.

അതൊന്നും സാരമില്ല. ഞാനൊരു വണ്ടി അറേഞ്ച് ചെയ്യാം. നീ അമ്മേടെ അടുത്തേക്ക് പൊയ്ക്കോ.. അതാവും നല്ലത്.

അവരുടെ സംസാരം കേട്ടു അമ്മു ഉണർന്നു.

മരുന്ന് വാങ്ങിയോ ശ്രീജേച്ചി.

ഹമ്.. വാങ്ങി മോളെ.. വൈറൽ fever ആണന്നാ ഡോക്ടർ പറഞ്ഞത്. ഇനി കുഞ്ഞ്വാവയ്ക്ക്ങ്ങാനും പകർന്നാലോ.. ഞാൻ ഇവിടെ നിന്നാല് അത് നിങ്ങൾക്ക് കൂടി ബുദ്ധിമുട്ട് ആവും.

ശ്രീജ വിഷമത്തോടെ പറഞ്ഞു.

അതൊന്നും സാരമില്ലന്നേ,,,ഞാനുണ്ടല്ലോടി..ഇനി പാറുകുട്ടിയ്ക്ക് പനി കൂടിയാലെന്ത് ചെയ്യും പെണ്ണേ..നിയിപ്പോ പോകാൻ നോക്ക്. അമ്മാവന്റെ വീട്ടിലോട്ട് നേരെ പോയാൽ മതി. അവിടുന്ന് അമ്മേം കൂട്ടി നീ പൊയ്ക്കോ.
നകുലൻ അവന്റെ ഫോൺ എടുത്തു വേഗം ഒരു ടാക്സി അറേഞ്ച് ചെയ്തു.

ശ്രീജ യാത്ര പറയുമ്പോൾ അമ്മുവിന് സങ്കടമായിരുന്നു. പക്ഷെ പോകാതെ വേറൊരു നിവർത്തിയും അവൾക്കില്ല.. കുഞ്ഞിന് പനി പിടിച്ചാൽ എന്ത് ചെയ്യും. നകുലൻ ഹോസ്പിറ്റലിൽ ആയ സ്ഥിതിക്ക് അവന്റെ വീട്ടിൽ പോയ്‌ ഒറ്റയില്ല നിൽക്കാനും സാധിക്കില്ല.

ഒടുവിൽ യാതൊരു ഗത്യന്തരവുമില്ലാതെ ശ്രീജ നാട്ടിലേക്ക് തിരിച്ചു പോന്നു 

ശിശിരം ഭാഗം 121

ശ്രീജയും പാറുക്കുട്ടിയും പോയതോടെ അമ്മുവിന് വല്ലാത്ത സങ്കടമായി.

ഈയൊരു സമയത്ത്,  ഒരു സ്ത്രീയുടെ സഹായവും സാന്നിധ്യവും ഒക്കെ ഏറ്റവുമാവിശ്യമാണ്. പക്ഷേ പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. തന്റെ അമ്മയുണ്ടായിരുന്നു എങ്കിൽ ഇങ്ങനെയൊരു അവസ്ഥ തനിക്ക് വരില്ലായിരുന്നു.

അമ്മു സങ്കടത്തോടെ കിടക്കുകയാണ്.

അമ്മുസേ……
നകുലൻ വിളിച്ചതും അവൾ മുഖം തിരിച്ചു നോക്കി.

ഹ്മ്മ്…

നീയെന്താ ഇങ്ങനെ കിടക്കുന്നത്. എന്തെങ്കിലും വയ്യാഴികയുണ്ടോടാ.

ഹേയ്.. കുഴപ്പമില്ല.. ശ്രീ ചേച്ചി പോയപ്പോൾ എന്തോ വല്ലാത്തൊരു സങ്കടം പോലെ. ചേച്ചി ഉണ്ടല്ലോ എന്ന് കരുതി ഞാൻ സമാധാനിച്ചിരിക്കുകയായിരുന്നു. ഇതിപ്പോ നമുക്ക് ആരും ഇല്ലാത്ത  അവസ്ഥയായല്ലോ ഏട്ടാ..

എടി പെണ്ണേ,,, ഈ നിൽക്കുന്ന നിന്റെ കെട്ടിയോൻ പോരേടി നിനക്ക്.. എന്തിനും ഏതിനും തയ്യാറായിട്ട് നിൽക്കുവല്ലേ നിന്റെ നകുലേട്ടൻ. പിന്നെന്തിനാ എന്റെ കൊച്ചിന് ഇത്രയ്ക്ക് സങ്കടം.. ദേ പൂവമ്പഴം പോലെ ഇരിക്കുവല്ലേ നമ്മുടെ കുഞ്ഞുവാവ.. നോക്കിയേടി..  എന്തൊരു സുന്ദരിക്കുട്ടിയാണന്നു.

നകുലൻ കുഞ്ഞിന്റെ കവിളിൽ ഒന്ന് തൊട്ടു നോക്കിയതും അവിടമാകെ റോസ് നിറമായി മാറി.

കണ്ണു വെക്കല്ലേ നകുലേട്ടാ.. കഷ്ടമുണ്ട് കേട്ടോ..
അവൾ നകുലിനെ നോക്കി  നെറ്റി ചുളിച്ചു.

ഒന്ന് പോടീ… ഞാൻ അങ്ങനെ പറഞ്ഞു എന്ന് കരുതി, എന്താ ഇപ്പൊ സംഭവിക്കുന്നത് ഒന്ന് നോക്കട്ടെ.. അച്ഛടെ ചുന്ദരി വാവയല്ലേ ഇത്…

നകുലൻ ഒന്നുകൂടി തൊട്ടതും കുഞ്ഞ് ഞെട്ടി ഉണർന്ന് കരഞ്ഞു.

കണ്ടോ… മര്യാദയ്ക്ക് കിടന്നുറങ്ങിയ കുഞ്ഞാണ്..ഈ നകുലേട്ടന്റെ ഒരു കാര്യം. എനിക്കാണെങ്കിൽ ഒന്ന് എഴുന്നേറ്റ് ഇരിക്കാൻ പോലും വയ്യാത്ത അവസ്ഥയാണ്.

അമ്മു  മെല്ലെ കിടക്കയിൽ നിന്നെഴുന്നേൽക്കാൻ തുടങ്ങിയതും  നകുലൻ അവളെ താങ്ങിയിരുത്തി.

സോറി അമ്മു… റിയലി സോറി, ഇത്ര പെട്ടെന്ന് വാവ ഉണരുമെന്ന് ഞാൻ ഓർത്തില്ലടാ..

മറുപടിയായി അവനെ നോക്കി ഒന്ന് കണ്ണുരുട്ടി കാണിച്ചിട്ട് അമ്മു കുഞ്ഞിനെ തന്റെ മടിയിലേക്ക്  വെച്ചു.

എന്നിട്ടൊരുപ്രകാരത്തിൽ പാലുട്ടിയത്.

*****

ശ്രീജയും കുട്ടിയും നാട്ടിലേക്ക് തിരിച്ചു പോരുകയാണെന്ന് അറിഞ്ഞതും  ബിന്ദുവിനു പിന്നെയും ടെൻഷനായി. നകുലനെ കൂടെ കൂടെ അവർ വിളിച്ചുകൊണ്ടേയിരുന്നു.

അമ്മ യാതൊന്നും ഓർത്ത് സങ്കടപ്പെടേണ്ടെന്നും,  താനൊരു ഏജൻസിയിൽ വിളിച്ച് അമ്മുവിന്റെയും കുഞ്ഞുവാവയുടെയും കാര്യം നോക്കുവാനായി ഒരു സ്ത്രീയെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും അവൻ അറിയിച്ചു.

നകുലിന്റെ ഫ്രണ്ട് ആയ രാഹുൽ ആയിരുന്നു അവന് ഏജൻസിയിലെ നമ്പർ കൊടുത്തത്. അവന്റെ വൈഫിന്റെ ഡെലിവറി കഴിഞ്ഞ നേരത്ത് ,  ഇതുപോലെ ഒരു സ്ത്രീയെ അമ്മയുടെയും കുഞ്ഞിനെയും കാര്യങ്ങളൊക്കെ നോക്കുവാനായി ,  ഏജൻസി വഴിയാണ് അവർ റെഡിയാക്കിയത്.  പ്രസവനന്തര ശുശ്രൂഷകൾ മാത്രം നന്നായി നോക്കി കൈകാര്യം ചെയ്യുന്ന ചില സ്ത്രീകൾ ഉള്ളതുകൊണ്ട് സിറ്റിയിലെ ആ ഏജൻസിയ്ക്ക് വളരെ ഡിമാൻഡ് ആണ്..

വീട്ടിൽ നിന്ന് താമസിക്കണമെങ്കിൽ അങ്ങനെ, അല്ലെങ്കിൽ അമ്മയുടെയും കുഞ്ഞിനെയും കാര്യങ്ങൾ നോക്കി അവർ തിരിച്ചു പോകും.

ഇതിപ്പോ നകുലനെ സംബന്ധിച്ച്,ഫുൾടൈം കൂടെയുള്ള ആള് വേണമായിരുന്നു.. അടുക്കളയിലെ സഹായത്തിനും കൂടി, അവർ നിൽക്കണം. പിന്നെ നകുലൻ രണ്ടാഴ്ച ലീവ് എടുത്തു. അതിൽ ഇപ്പോൾ തന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു.  ഇനി ഒരു പത്ത് ദിവസം കൂടി ബാക്കിയുള്ളൂ, അതിനുശേഷം അവൻ ജോലിക്ക് പോകുമ്പോൾ അമ്മുവും കുഞ്ഞും ഒറ്റയ്ക്കാകും.  അതുകൊണ്ടാണ് മൂന്നുമാസത്തേക്ക് സ്ഥിരമായിട്ട്  ഒരാളെ വിട്ടു നൽകണമെന്ന് അവൻ ഏജൻസിയിൽ അറിയിച്ചത്.

അതിൻപ്രകാരം ജയന്തി എന്ന പേരുള്ള ഒരു സ്ത്രീയെ ആയിരുന്നു അവർ അയച്ചത്.

അമ്മുവിന്റെയും കുഞ്ഞിനെയും അരികിൽ നിന്നും മാറാൻ സാധിക്കാത്തതിനാൽ, നകുലൻ  ഏജൻസി വഴി അറിയിച്ചു അവരെ ഒന്ന് വീട്ടിലേക്ക് ആക്കുവാൻ. രാഹുലിന്റെ കയ്യിൽ വീട്ടിലെ ചാവിയൊക്കെ അവൻ കൊടുത്തു വിട്ടിരുന്നു.

നാല് ദിവസങ്ങൾക്ക് ശേഷം അമ്മുവിനെയും കുഞ്ഞുവാവയെയും ഡിസ്ചാർജ് ആക്കിയിരുന്നു.

അവരെത്തുന്നതിനു മുന്നേ റൂമുകൾ ഒക്കെ ഒന്ന് ക്ലീൻ ചെയ്ത് ഇടണം.  അതിനുവേണ്ടി ജയന്തി കാലത്തെ എത്തി. രാഹുൽ ഒപ്പമുള്ളതിനാൽ പിന്നെ നകുലിനെ ടെൻഷൻ ഇല്ലായിരുന്നു.

ഏകദേശം രണ്ടു മണിയോടുകൂടി അമ്മുവും കുഞ്ഞുവാവയുമൊക്കെ വീട്ടിലെത്തിച്ചേർന്നത്.

വീടും പരിസരവും ഒക്കെ നല്ല ക്ലീൻ ആയിട്ട് കിടക്കുന്നത് കണ്ടപ്പോൾ , നകുലനും അമ്മുവിനും സന്തോഷമായി.
രാഹുലും അവന്റെ ഭാര്യയും അവരെ സ്വീകരിക്കുവാനായി ഉണ്ടായിരുന്നു.

ജയന്തിയെ ആദ്യമായി കാണുകയായിരുന്നു അമ്മുവും നകുലിനും. ഒറ്റനോട്ടത്തിൽ തന്നെ അവർക്ക് രണ്ടാൾക്കും അവരെ ഇഷ്ടമായി.

50 വയസ്സിനോടടുത്ത് പ്രായമുള്ള ഒരു ചേച്ചി.

അമ്മു വണ്ടിയിൽ നിന്നിറങ്ങിയ പാടെ അവർ ഓടിച്ചെന്ന് കുഞ്ഞിനെ വാങ്ങി.

രാഹുലിനും വൈഫിനും ഡ്യൂട്ടിക്ക് കയറേണ്ടതിനാൽ, ഒന്ന് രണ്ട് വാക്കുകൾ സംസാരിച്ച് പെട്ടെന്ന് തന്നെ അവർ മടങ്ങിപ്പോയി.

വന്നപാടെ വേഷമൊക്കെ മാറ്റിയ ശേഷം, അമ്മു ചെറു ചൂടുവെള്ളത്തിൽ ഒന്നു മേല് കഴുകി.

ജയന്തി ചേച്ചി വെള്ളമൊക്കെ എടുത്തു വെച്ചിട്ടുണ്ടായിരുന്നു.

മേല് കഴുകിയിറങ്ങിയപ്പോൾ അമ്മുവിനു ശ്വാസം നേരെ വീണത്..

ആ നേരത്ത് നകുലൻ കുഞ്ഞുവാവയെയും കളിപ്പിച്ചുകൊണ്ട് ബെഡിൽ ഇരിപ്പുണ്ട്.

കിടക്കവിരിയൊക്കെ  ജയന്തി മാറ്റി വിരിച്ചിട്ടുണ്ട്. ജനാലകളൊക്കെ തുറന്നിട്ടതിനാൽ നല്ല വെട്ടവും വെളിച്ചവും ഒക്കെയായി റൂമിൽ. കുഞ്ഞാണെങ്കിലും അതൊക്കെ നോക്കി അങ്ങനെ കിടക്കുകയാണ്.

നകുലിനും കൂടി പോയി ഒന്നു കുളിച്ച് ഫ്രഷായി വന്നശേഷം ഇരുവരും ഊണ് കഴിക്കുവാനായി വന്നു..ചോറും കറികളും ഒക്കെ ജയന്തി റെഡിയാക്കി വെച്ചിട്ടുണ്ട്. ചെറുപയർ മെഴുക്കുപുരട്ടിയും, ഉള്ളി മുളകു കൂട്ടിയ ഒരു ചമ്മന്തിയും, കൂർക്ക തോരൻ വെച്ചതും ആയിരുന്നു കറികൾ.

ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ്  ജയന്തിയെക്കുറിച്ച് കൂടുതലായി നകുലനും അമ്മുവും അന്വേഷിച്ചത്.

അവരുടെ വീട് ഏജൻസി ഓഫീസിന്റെ അടുത്താണ്, ഭർത്താവ് നാലുവർഷം മുന്നേ മരിച്ചുപോയി.  മക്കൾ ആരുമില്ല. സ്വന്തം വീട്ടിലാണ് ചേച്ചിയുടെ താമസം.ഒറ്റയ്ക്കായതുകൊണ്ട്  ഇങ്ങനെ ഏതെങ്കിലും ഒക്കെ വീട്ടിൽ ജോലിക്ക് പോയിയാണ് കഴിയുന്നത്.. പിന്നെ അവരുടെ കുടുംബത്തിൽ മിക്കവരും പ്രസവിച്ചു കിടക്കുന്ന പെൺകുട്ടികളെയും കുഞ്ഞിനെയും ഒക്കെ കുളിപ്പിക്കുവാൻ പോകുന്നതാണ്. അതുകൊണ്ട് ചേച്ചിക്ക് അതൊക്കെ നല്ല വശമുണ്ടായിരുന്നു..

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അമ്മുവിനും സന്തോഷമായി.

തനിയ്ക്ക്, കാര്യങ്ങളൊക്കെ ചെയ്തു തരുവാൻ ഈ ചേച്ചി ഉണ്ടല്ലോ  എന്ന സമാധാനവും.

*******

അമ്മുവിന്റെ ഡെലിവറി കഴിഞ്ഞന്നും,  അവൾക്ക് പെൺകുട്ടി ജനിച്ചുവന്നുമൊക്കെ 
യദുവും മീനാക്ഷിയും അറിഞ്ഞിരുന്നു.

പക്ഷേ നകുലിനും യദുവും തമ്മിൽ അന്ന് വഴക്കുണ്ടായതിൽ പിന്നെ ഇതേവരെയായിട്ടും നേരിട്ട് സംസാരിച്ചിട്ടില്ല.. അതുകൊണ്ട് യദുവിനു മടിയായിരുന്നു നകുലനെ വിളിക്കുവാൻ.

എന്നാലും കിച്ചനോട് ചോദിച്ച് അവൻ വിവരങ്ങളൊക്കെ തിരക്കി.

മീനാക്ഷിയും യദു 
വും പല ഹോസ്പിറ്റലുകളിൽ കയറിയിറങ്ങിയെങ്കിലും  അവൾക്ക് ഇതുവരെയായിട്ടും വിശേഷം ഒന്നുമായിരുന്നില്ല. എല്ലാ മാസവും ഒരുപാട് പ്രതീക്ഷകളോടെ മീനാക്ഷി കാത്തിരിക്കും. എന്നാൽ ചുവപ്പ് രാശി പടരുമ്പോൾ മീനാക്ഷിയുടെ ഹൃദയം അലമുറയിടും.. പൊട്ടിക്കരഞ്ഞുകൊണ്ട് നാല് ചുവരുകൾക്കുള്ളിൽ കഴിയുവാൻ മാത്രമേ അവൾക്ക് സാധിച്ചുള്ളൂ.എങ്കിലും അവൾ അതൊന്നും യദുവിനെ അറിയിച്ചതും ഇല്ല. അവനും വിഷമമുണ്ട്. പക്ഷേ തങ്ങൾ രണ്ടാളും മാത്രം വിചാരിച്ചാൽ ഇതൊന്നും പൂർണ്ണതയിൽ എത്തുവാൻ സാധിക്കില്ലല്ലോ. അതുകൊണ്ട് ഈശ്വരനോട് പ്രാർത്ഥിച്ച് അവർ കഴിഞ്ഞു പോയി.

കിച്ചനും ശ്രുതിയും കുഞ്ഞുവാവയും ഒക്കെ  അവന്റെ ജോലി സ്ഥലത്താണ് താമസം.

ഇടയ്ക്കൊക്കെ ഗിരിജ അവിടെ പോയി വരും. കുഞ്ഞുള്ളതുകൊണ്ട് ഗിരിജയ്ക്ക് ഭയങ്കര സന്തോഷമാണ് അവിടെ നിൽക്കുവാന്.. ഇപ്പൊ അവർക്കും ഒരുപാട് മാറ്റങ്ങളായി. കുഞ്ഞിന്റെ കളിയും ചിരിയും കൊഞ്ചലും ഒക്കെ കേട്ട്  മിക്കവാറും ദിവസങ്ങളിൽ ഗിരിജ  കിച്ചന്റെ വീട്ടിൽ കഴിഞ്ഞുകൂടും.

****

തുടരും …..

കുറച്ചു പാർട്ട്‌… എല്ലാം ഒന്ന് സെറ്റ് ആക്കി തീർക്കാം കേട്ടോ..