Story written by Ammu Santhosh
“ഈ അമ്പത് വയസ്സിൽ രണ്ടാമത് ഒരു കല്യാണം വേണോ മോളെ. എനിക്കിപ്പോ എന്താ ഒരു കുഴപ്പം.. എന്റെ പ്രായക്കാരെ പോലെ ഷുഗർ ഇല്ല. ബിപി ഇല്ല. കോളേസ്ട്രോൾ ഇല്ല.. പോരെങ്കിൽ വെയിറ്റ് അമ്പത് കിലോയ്ക്ക് മുകളിൽ പോയിട്ടുമില്ല “
“ഇതൊന്നുമല്ല അമ്മേ പ്രശ്നം
അമ്മയ്ക്ക് ഒരു അസുഖവും ഇല്ല. ജോലി ഉണ്ട്. സാമ്പത്തിക സ്ഥിരത ഉണ്ട്. പക്ഷെ ഇപ്പോൾ നോക്കു ഞാനും വിനുവും അയർലൻഡിൽ പോകുന്നു. രണ്ട് വർഷം കഴിഞ്ഞേ വരൂ. ഈ വീട്ടിൽ അമ്മ തനിച്ചാണ്. അച്ഛൻ മരിച്ചു ഈ ഇരുപത്തി അഞ്ചു വർഷവും അമ്മ എന്നേ ഓർത്തു മാത്രം ആണ് ജീവിച്ചത്. അമ്മ എന്റെ കൂടെ വരാൻ പറഞ്ഞാൽ അത് അമ്മയ്ക്ക് സമ്മതവുമില്ല. ഞാനും വിനും എങ്ങനെ സമാധാനം ആയി ജീവിക്കും. ഈ നാട്ടിൽ എന്ത് മാത്രം പ്രശ്നങ്ങൾ ആണ്.. ഒറ്റയ്ക്ക് ജീവിക്കുന്നത് റിസ്ക് ആണ് അമ്മേ “
സുജിത്ര മിണ്ടാതെ ഇരുന്നു. മോള് പറയുന്നതിൽ കാര്യമുണ്ട്. പക്ഷെ..
“വിനുവിന്റെ വീടിന്റെ അടുത്തുള്ള അങ്കിൾ..പവി എന്നാണ് പേര്. ഇപ്പോൾ പി ഡബ്ല്യൂടിയിൽ നിന്ന് റിട്ടയർ ചെയ്തു. ഭാര്യ മരിച്ചു പോയി. മക്കൾ വിദേശത്ത് ആണ്. അമ്മയെ അറിയാം എന്ന് പറഞ്ഞു “
സുജി അത്ഭുതം കൂറി
“എന്നേ എങ്ങനെ അറിയാം?”
“പുള്ളിയുടെ നാട് മൂവാറ്റുപുഴ ആണ്. അമ്മയുടെ വീടിന്റെ അടുത്ത് വാടകക്ക് പണ്ട് ഒരു അഞ്ചാറ് വർഷം താമസിച്ചിട്ടുണ്ട്”
“ഓർക്കുന്നില്ലടി “
“അയാൾക്ക് നല്ല ഓർമ്മയ. ഞാൻ പറഞ്ഞു അമ്മയെ ഓർമ്മ വന്നപ്പോൾ ഇപ്പോൾ എപ്പോഴും ചോദിക്കും. അയാൾക്കും നല്ല സാമ്പത്തിക സ്ഥിതിയുണ്ട്. മക്കൾ വെളിയിൽ സെറ്റിൽഡ് ആണ്. ഒറ്റയ്ക്ക് ആണ്. അമ്മ ഒന്ന് കണ്ടു നോക്ക് “
ഒരുപാട് നിർബന്ധം പിടിച്ചപ്പോൾ അവർ കാണാൻ തീരുമാനിച്ചു.
കല്യാണം കഴിഞ്ഞു മോള് ജനിച്ചു മൂന്നു മാസം ആയപ്പോൾ ഒരു നെഞ്ചു വേദനയെ തുടർന്ന് മരിച്ചു പോയതാണ് അവരുടെ ഭർത്താവ്. രണ്ട് വർഷം ആണ് ഒരുമിച്ചു ജീവിച്ചത്. നല്ല ഒരു മനുഷ്യൻ ആയിരുന്നു. അവർ അദേഹത്തിന്റെ ഫോട്ടോ എടുത്തു നോക്കിയിരുന്നു..പിന്നെ മോള് പറഞ്ഞതൊക്കെ പറഞ്ഞു
“ഒറ്റയ്ക്ക് ആകുന്നത് സേഫ് അല്ല എന്നുള്ള കൊണ്ട് മാത്രം അയാളെ ഒന്ന് കാണാൻ തീരുമാനിച്ചു “.അവർ ആ ഫോട്ടോയിൽ തലോടി
പവിയെ നേരിട്ടു കാണുന്ന ദിവസം നല്ല മഴയായിരുന്നു. അയാൾ കുറച്ചു നനഞ്ഞു
“തോർത്തിക്കോള്ളു ” അവർ തൂവാല കൊടുത്തു
“താങ്ക്യൂ. പക്ഷെ എനിക്ക് അങ്ങനെ പെട്ടെന്ന് അസുഖം വരുന്ന ബോഡി അല്ല കേട്ടോ. ഞാൻ ഹെൽത് കോൺഷിയസ് ആണ് “
അവർ വെറുതെ പുഞ്ചിരിച്ചു
“സുജി പത്തിൽ പഠിച്ചപ്പോൾ ഞാൻ എഞ്ചിനീയറിംഗിന് നിങ്ങളുടെ നഗരത്തിൽ ഉണ്ടായിരുന്നു. ഓർമ്മയുണ്ടോ. രണ്ട് വീടിന്റെ അപ്പുറത്തെ വീട് ആയിരുന്നു “
അവർക്ക് ഓർമ്മ ഒന്നും വന്നില്ല
“അന്നൊക്കെ സുജി അമ്പലത്തിൽ പോകുമ്പോൾ ഞാൻ നോക്കി നിൽക്കും. നല്ല പട്ടുപാവാട ആയിരുന്നു വേഷം.. പറയാൻ ധൈര്യം ഇല്ല. പഴയ കാലം അല്ലേ. വർഷങ്ങൾക്ക് ശേഷം എന്റെ മുന്നിൽ തന്നെ ദൈവം കൊണ്ട് തന്നല്ലോ “
അതിനും അവർ മറുപടി പറഞ്ഞില്ല
“നമുക്ക് ഒന്നിച്ചു ജീവിച്ചു കൂടെ സുജി?”
“ആവാം. പക്ഷെ എനിക്കിനിയും പ്രെഗ്നൻസി പറ്റില്ല.. അതായത് s,e,x,ual ആയിട്ടുള്ള റിലേഷൻ ബുദ്ധിമുട്ട് ആണ്.”
അയാളുടെ മുഖം ഒന്ന് വിളറി
“പിന്നെ.. ഫ്രണ്ട്സ് ആയി മതി എങ്കിൽ ഞാൻ തയ്യാറാണ് ‘
“മതി ഫ്രണ്ട്സ് ആയാൽ മതി. ഒരു കൂട്ട് അത് മതി “
അങ്ങനെ അടുത്ത ആഴ്ചയിൽ കൃഷ്ണന്റെ അമ്പലത്തിൽ വെച്ചു പരസ്പരം ഒരു. മാലയിട്ട് അവർ വിവാഹിതരായി..രണ്ടു ദിവസത്തിന് ശേഷം മകൾ ഭർത്താവുമൊത്ത് അയർലൻഡ്ലേക്കും പോയി. അവർ തനിച്ചായി.
രാവിലെ അടുക്കളയിൽ ചെന്നു ഒരു കാപ്പി ഇടാൻ കാപ്പിപ്പൊടി തിരഞ്ഞു സുജി
“ഇവിടെ ഈ ശീലം ഇല്ല ട്ടോ. ഞാൻ കാപ്പിയും ചായയും കുടിക്കില്ല. സുജിയും അത് ഉപേക്ഷിച്ചു കൊള്ളു. പ്രായമായി വരുവല്ലേ..”
അയാൾ പുഞ്ചിരിച്ചു..ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ചു അവർ
“രാവിലെ നമുക്ക് ഓംലറ്റ് ആണ് ബ്രേക്ക് ഫാസ്റ്റ്. വെറുതെ ഒരു ഓംലറ്റ് അല്ല. വെജിറ്റബിൾ മസാല ഓംലറ്റ് “
“അത് കൊള്ളാം കൂടെ ചപ്പാത്തി ആണോ?”
“അയ്യോ കാർബ് പാടില്ല. ഓംലറ്റ് മാത്രം. കീറ്റോ ഡയറ്റിൽ ആണ് ഞാൻ. സുജിയുമത് ഫോളോ ചെയ്തോളു. ഉച്ചക്ക് എയർ ഫ്രൈ ചെയ്ത മീറ്റ് “
അവർക്ക് ഓക്കാനം വന്നു
“വൈകുന്നേരം.?”
“വേണേൽ ഓട്സ് ആകാം. ഞാൻ പക്ഷെ കട്ടൻ കാപ്പി വിതൗട് അതെ കഴിക്കു. എന്റെ ആരോഗ്യത്തിന്റെ രഹസ്യം തന്നെ അതാണ് “
അവർ തലയാട്ടി
രാവിലെ പുട്ടും കടലയും, ദോശയും സാമ്പാറും. ഉച്ചക്ക് ചോറും കപ്പയും മീനും, വൈകുന്നേരം ചപ്പാത്തിയും കറിയുമൊക്കെ കഴിച്ചു കൊണ്ടിരുന്ന അവർ അയാളുടെ ഭക്ഷണശീലത്തിലേക്ക് മാറി..പക്ഷെ എന്തോ അത് അവർക്ക് പറ്റുന്നില്ല
“അതേയ് ഞാൻ സാധാരണ ഫുഡ് കഴിക്കാൻ പോകുകയാണ്. എനിക്ക് ബസിൽ കയറി ജോലിക്ക് പോകാൻ ഉള്ളതല്ലേ. ഇത് കഴിച്ചു മുന്നോട്ട് പോയ ശരിയാവില്ല “
അയാൾ ആരോഗ്യത്തെ കുറിച്ച് ഒരു പ്രഭാഷണം അങ്ങ് നടത്തി. ഒടുവിൽ ഞാൻ പറഞ്ഞാൽ കേൾക്കുന്നാ ആളാണ് സുജി എന്നായിരുന്നു എന്റെ വിചാരം എന്നൊരു ഡയലോഗും..പിന്നെ അവർ ഒന്നും പറഞ്ഞില്ല.
രാത്രി അയാളുടെ കൈകൾ പതിയെ നീണ്ടു വന്നപ്പോൾ അവർ എഴുനേറ്റു മറ്റേ മുറിയിൽ പോയി വാതിൽ അടച്ചു കുറ്റിയിട്ട് കിടന്നു. ഓർമ്മകൾ പുറകിലേക്ക് പോകുന്നു. തന്റെ ആള്..
“എന്താ വേണ്ടത് എന്റെ സുജിക്ക്.. പുഴ മീൻ വേണോ?” ആള് ചോദിക്കുന്നു
കർക്കിടക മഴയിൽ പുഴയിൽ പോയി മീൻ പിടിച്ചു വരുന്ന ആൾ. സ്വന്തം ആയി പാചകം ചെയ്തു പുഴുങ്ങിയ കപ്പയും ആയി മുന്നിൽ വരുന്ന ആൾ
“കഴിക്ക് “
അവരുടെ കണ്ണുകൾ നനഞ്ഞു
“വയറു നിറച്ചു കഴിക്കണം ട്ടോ എന്റെ സുജി “
ആർദ്രമായ ശബ്ദം ഓർക്കവേ ഇടനെഞ്ച് പിടച്ചു.വർഷങ്ങൾക്ക് ഇപ്പുറവും ആ മനുഷ്യന് പകരം വെയ്ക്കാനാരുമായിട്ടില്ല..വേണ്ടായിരുന്നു..ഒന്നും വേണ്ടായിരുന്നു.
അയാൾ രാവിലെ എഴുനേൽക്കുമ്പോൾ അവർ ഉണ്ടായിരുന്നില്ല. മേശപ്പുറത് ഒരു കടലാസ്. അതിന്റെ മുകളിൽ താലിമാല.
സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും ബലി കഴിച്ചുള്ള ഒരു വാർദ്ധക്യം എനിക്ക് വേണ്ടാ. ഇഷ്ടം ഉള്ള ഭക്ഷണം കഴിക്കാനും ഇഷ്ടം ഉള്ളത് ചെയ്യാനുമുള്ള എന്റെ സ്വാതന്ത്ര്യം ലോകത്തിൽ ആർക്കും ഞാൻ കൊടുത്തിട്ടില്ല..ഗുഡ്ബൈ…
അയാൾ ആ പേപ്പർ നോക്കി അന്തം വിട്ടു നിന്നു..
നഗരത്തിൽ ഒരു ഫ്ലാറ്റ് വാങ്ങി സുജി
മോള് വിളിച്ചപ്പോൾ എല്ലാം പറഞ്ഞു. ഫ്ലാറ്റ് സേഫ് ആണ്. മോളെന്നു ചിരിച്ചു..
രാവിലെ ദോശയും സാമ്പാറും മധുരം ഇട്ട ചായയും കുടിച്ചു ഉച്ചക്ക് ടിഫിൻ ബോക്സിൽ മീൻ കറിയും കുത്തരി ചോറും പുഴുക്കും ഒക്കെ കൊണ്ട് ഓഫീസിൽ പോയി. വൈകുന്നേരം വന്ന് ഒരു റൗണ്ട് നടന്നിട്ട് ഫ്ലാറ്റിൽ വന്ന് കടുപ്പത്തിൽ ഒരു കാപ്പി ഇട്ട് കുടിച്ചു. പിന്നെ… ടീവി ഒക്കെ കണ്ട് ഉറക്കം വന്നപ്പോൾ സുഖമായി പുതച്ചു മൂടി കിടന്നു ഉറങ്ങി. അങ്ങനെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു…
ഇഷ്ടങ്ങൾ നടക്കട്ടെ…..
ഒറ്റ ജീവിതം അല്ലേയുള്ളു…..
