എല്ലാവരും ഞെട്ടലോടെ ഒരത്ത് ഒതുങ്ങി നിൽക്കുന്ന വിദ്യയേ നോക്കി..നിധിയുടെ വീട്ടിലെ…

മാംഗല്യം
എഴുത്ത്: ദേവാംശി ദേവ

“ശ്രീലകത്തെ ഉണ്ണി കുഞ്ഞിന്റെ കല്യാണം മുടങ്ങി..പെൺകുട്ടി കാമുകനോടൊപ്പം ഒളിച്ചോടി പോയി…”

നാട്ടിലാകെ ആ വാർത്ത പരക്കുന്ന സമയം കിർമണ്ഡപത്തിൽ എന്തുചെയ്യും എന്നറിയാതെ ഉണ്ണിയുടെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ നിൽക്കുകയായിരുന്നു നിത്യയുടെ അച്ഛൻ..

“ദേവൻ സാറെ… അവൾക്ക് ഇങ്ങനെയൊരു ബന്ധമുണ്ടെന്ന് ഞങ്ങൾ സത്യമായും അറിഞ്ഞിട്ടില്ല…അറിഞ്ഞിരുന്നെങ്കിൽ അവളുടെ ഇഷ്ടം തന്നെ നടത്തിയേനെ…നിങ്ങൾക്ക് സമ്മതമാണെങ്കിൽ എന്റെ ഇളയ മകൾ നിധിയെ സ്വീകരിച്ചൂടെ..” നിത്യയുടെ അച്ഛൻ പറയുമ്പോൾ ദേവനും ഭാര്യ ശ്രീദേവിയും പരസ്പരം നോക്കി..

“പെണ്ണ് ഒളിച്ചോടി പോകുമ്പോൾ അനിയത്തിയെ വിവാഹം കഴിക്കുന്നത് ആദ്യത്തെ സംഭവം ഒന്നും അല്ലല്ലോ..” ആരൊക്കെയോ പറഞ്ഞു..

“ദേവേട്ടാ.. അത് തന്നെ നടത്താം..ഈ വിവാഹം നടന്നില്ലെങ്കിൽ ഇനി അവനൊരു വിവാഹയോഗം ഇല്ലെന്നാ ജ്യോൽസ്യൻ പറഞ്ഞത്.” ശ്രീദേവി ഭർത്താവിനെ നോക്കി..

“എനിക്ക് എതിർപ്പൊന്നും ഇല്ലെടോ..പക്ഷെ അവനും നിധിമോളും സമ്മതിക്കണ്ടേ..അവരെ വിളിച്ച് സമ്മതം ചോദിക്ക്..”

കാര്യമറിഞ്ഞപ്പോൾ ഉണ്ണി ദേഷ്യത്തോടെ എല്ലാവരെയും നോക്കി…നിധി നിറഞ്ഞൊഴുകുന്ന മിഴികളോടെ മുഖം കുനിച്ചു നിന്നു..

“അച്ഛനും അമ്മയും എന്തൊക്കെയാ പറയുന്നത്.. വിവാഹം മുടങ്ങിയെന്ന് കരുതി ഇങ്ങനെയൊരു തീരുമാനമാണോ എടുക്കുന്നത്..നിധി എനിക്ക് എന്റെ അനിയത്തിയെ പോലെ അല്ലെ..”

“പക്ഷെ മോനെ ഇന്ന് നിന്റെ വിവാഹം നടന്നില്ലെങ്കിൽ…” ശ്രീദേവി വിഷമത്തോടെ ചോദിച്ചു..

“നടന്നില്ലെങ്കിൽ എന്താ…നടക്കുമ്പോൾ നടക്കട്ടെ എന്ന് കരുതണം…അല്ല… ഇന്നുതന്നെ എന്റെ വിവാഹം നടന്നുകാണണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നടക്കും..വധു വിദ്യ…”

എല്ലാവരും ഞെട്ടലോടെ ഒരത്ത് ഒതുങ്ങി നിൽക്കുന്ന വിദ്യയേ നോക്കി..നിധിയുടെ വീട്ടിലെ വേലക്കാരിയായിരുന്ന സുഭദ്രയുടെ മകൾ…സുഭദ്രയുടെ മരണശേഷം അനാഥയായ വിദ്യ അമ്മയുടെ ജോലി ഏറ്റെടുക്കുകയായിരുന്നു…

“ഉണ്ണിയേട്ടൻ എന്തൊക്കെയാ പറയുന്നത്..എന്റെ ചേച്ചി ചെയ്ത തെറ്റിന് ഏട്ടനൊരു വേലക്കാരിയെ വിവാഹം കഴിക്കാൻ പോകുന്നുവെന്നോ..വേണ്ട…അത് വേണ്ട….ഉണ്ണിയേട്ടനുമായുള്ള വിവാഹത്തിന് എനിക്ക് സമ്മതമാണ്..” നിധി കരഞ്ഞുകൊണ്ട് പറഞ്ഞു..

“അതൊന്നും വേണ്ട മോളേ..ആർക്കും പകരമൊന്നും അല്ല..വിദ്യയെ ഇഷ്ടപ്പെട്ടിട്ട് തന്നെയാണ് ഞാൻ പറഞ്ഞത്..അതിന് എന്റെ അച്ഛനും അമ്മക്കും ഇഷ്ടമില്ലെങ്കിൽ ഇനിയൊരു വിവാഹത്തെപ്പറ്റി എന്നോട് നിങ്ങൾ സംസാരിക്കരുത്.” ഉണ്ണി അവന്റെ തീരുമാനം ഉറപ്പിച്ചു പറഞ്ഞു.

“ഉണ്ണി.. നീ ഇഷ്ടപ്പെടുന്ന പെൺകുട്ടി ആരായാലും അവൾ ശ്രീലകത്തെ മരുമകൾ തന്നെയാണ്.”

ദേവൻ ഉണ്ണിയുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു…ശ്രീദേവി ചിരിയോടെ അവരുടെ സമ്മതം അറിയിച്ചു..

“അതിന്…അതിന് അവൾക്കുകൂടി ഇഷ്ടമാകണ്ടേ..”

നിധി ചോദിച്ചതും ഉണ്ണി വിദ്യയുടെ അടുത്തേക്ക് പോയി അവളുടെ കൈപിടിച്ച് എല്ലാവരുടെയും അടുത്തേക്ക് കൊണ്ടുവന്നു..

“നീ തന്നെ ചോദിക്ക് നിധിമോളെ..” ഉണ്ണി പറഞ്ഞതും നിധി വിദ്യയെ നോക്കി..

“നിനക്ക് ഈ വിവാഹത്തിന് സമ്മതമാണോ..”

“സമ്മതമാണ്..”

വിദ്യയുടെ മറുപടി എല്ലാവരെയും സന്തോഷിപ്പിച്ചെങ്കിൽ നിധിയിലൊരു ഞെട്ടലാണുണ്ടായത്..അവൾ രൂക്ഷമായി ഉണ്ണിയെ നോക്കി

ഉണ്ണി…നാലു വർഷം തന്റ പ്രണയമായിരുന്നവൻ..തന്റെ വാക്കിനപ്പുറം മറ്റൊരു വാക്ക് ഇല്ലാതിരുന്നവൻ….തനിക്കൊരു ജോലി കിട്ടുന്നതുവരെ തനിക്കും ഉണ്ണി പ്രിയപ്പെട്ടവനായിരുന്നു..

സന്ദീപ്…തന്റെ കൂടെ ജോലി ചെയ്തിരുന്നവൻ.ഉണ്ണിയേക്കാൾ സ്മാർട്ട്‌,ഹാൻഡ്‌സം, മോഡേൺ..അവന്റെ പ്രൊപോസൽ തള്ളി കളയുന്നതിലും നല്ലത് ഉണ്ണിയെ ഒഴുവാക്കുന്നതാണ് നല്ലതെന്ന് തോന്നി..

“ഈ ബന്ധം തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ല ” എന്നൊരു വാചകത്തിൽ ഉണ്ണിയുമായുളള ബന്ധം അവസാനിപ്പിച്ചു…ഉണ്ണിയും ശല്യപ്പെടുത്താൻ വന്നില്ല.

സന്ദീപുമായി സ്വർഗതുല്യമായൊരു ജീവിതം സ്വപ്നം കണ്ടെങ്കിലും ആ ബന്ധത്തിന് ആറുമാസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.

“പ്രേമം വേറെ വിവാഹം വേറെ..” എന്നുപറഞ്ഞ് അവനൊരു കോടീശ്വരിയെ വിവാഹം ചെയ്തതോടെയാണ് ഉണ്ണിയുടെ വില മനസ്സിലായത്..എത്രയും പെട്ടെന്ന് അവന്റെ അടുത്തേക്ക് എത്താനാണ് വേഗം നാട്ടിലേക്ക് വന്നത്..എന്നാൽ അപ്പോഴേക്കും ഉണ്ണിയും നിത്യ ചേച്ചിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു…

തന്റെ മോഹങ്ങളെല്ലാം അവസാനിച്ചു എന്ന് ഉറപ്പിച്ച നിമിഷമാണ് ഒരു ക്രിസ്ത്യാനി പയ്യനുമായി ഇഷ്ടത്തിലാണെന്ന് ചേച്ചി പറയുന്നത്..

“ഇപ്പോ നീ ഇതൊന്നും അച്ഛനോട് പറയണ്ട…ആരും അറിയണ്ട..അറിഞ്ഞാൽ പിന്നെ നിനക്ക് ഈ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ പോലും പറ്റില്ല ചേച്ചി..”

“പക്ഷെ എനിക്കൊരിക്കലും സാജനെ മറന്ന് ഉണ്ണിയേട്ടനെ വിവാഹം കഴിക്കാൻ പറ്റില്ല നിധി..”

“അതിന് നിന്നോട് ഞാൻ ഉണ്ണിയേട്ടനെ വിവാഹം കഴിക്കാൻ പറഞ്ഞില്ലല്ലോ..”

“പിന്നെ..”

“എനിക്ക് നിന്റെ സന്തോഷമാണ് ചേച്ചി ഏറ്റവും വലുത്..ഞാൻ പറയുന്നത് നീ കേട്ടാൽ മതി..വിവാഹം വരെ ആരും ഒന്നും അറിയേണ്ട… വിവാഹത്തിന്റെ അന്ന് നീ നിനക്ക് ഇഷ്ടപ്പെട്ട ആളോടൊപ്പം പൊയ്ക്കോ..”

“നിധി അപ്പൊ ഉണ്ണിയേട്ടനോ.ആ പാവം മനുഷ്യൻ എല്ലാവരുടെയും മുന്നിൽ നാണം കെടില്ലേ…”

“അങ്ങനെയൊന്നും ഉണ്ടാകില്ല.. അതൊക്കെ ഞാൻ നോക്കിക്കോളാം..”

താൻ പറഞ്ഞതൊക്കെ വിശ്വസിച്ച് അവൾ അനുസരിച്ചപ്പോൾ ഉണ്ണി ഇനി എനിക്ക് തന്നെയെന്ന് ഉറപ്പിച്ചതായിരുന്നു. പക്ഷെ…അവസാന നിമിഷം…

നാദസ്വരത്തിന്റെ ശബ്ദം കേട്ട് നിധി നന്നായി ഞെട്ടി…കതിർ മണ്ഡപത്തിൽ ഉണ്ണി വിദ്യയുടെ കഴുത്തിൽ താലി ചാർത്തുകയാണ്..നിത്യക്ക് വാങ്ങിയ വിലകൂടിയ കാഞ്ചീപുരം സാരിയും നൂറ് പവന്റെ ആഭരണങ്ങളും…

“നീ പോകുമ്പോൾ വിവാഹ സാരിയോ ആഭരണങ്ങളോ കൊണ്ടുപോകരുത് ചേച്ചി..അത് നിന്റെ ഭർത്താവിന് മോശമാണ്…എന്നായാലും അച്ഛൻ നിങ്ങളെ സ്വീകരിക്കും..അന്ന് ഇതൊക്കെ നിനക്ക് സ്വന്തമാകും.”

എല്ലാം തന്റേതാക്കാൻ അവളെ പറഞ്ഞു പറ്റിച്ചു.. പക്ഷെ വിധി അതൊക്കെ വീട്ടിലെ വേലക്കാരിക്ക് കൊടുത്തു..

നിധിയുടെ അച്ഛൻ സ്വന്തം മകളെ പോലെ വിദ്യയുടെ കൈ പിടിച്ച് ഉണ്ണിക്ക് കൊടുക്കുന്നത് കണ്ടതും അവൾ വേഗം പുറത്തേക്ക് നടന്നു..

“നിധി…”

ഉണ്ണിയുടെ വിളികേട്ട് കാറിൽ കയറാൻ തുടങ്ങിയ അവൾ തിരിഞ്ഞു നോക്കി..കൂടെ വിദ്യയും ഉണ്ട്..

“നിനക്ക് മാത്രമേ ബുദ്ധിയുള്ളൂ എന്ന് കരുതരുത് നിധി…നീ നല്ല ഉയരത്തിൽ കളിക്കാൻ നോക്കിയപ്പോൾ ഞാൻ കളിച്ചത് ലോ ലെവലിലാടി..കാരണം ബേസിക്കലി ഞാനൊരു ലോക്കലാ..അതുകൊണ്ടാണല്ലോ നീ എന്നെ വേണ്ടെന്നു വെച്ച് പോയത്..പിന്നെയും നാടകം കളിക്കാൻ നാണമില്ലേ നിനക്ക്..”

“ഞാൻ… ഞാനെന്തു ചെയ്തുന്നാ നിങ്ങൾ പറയുന്നത്..”

“എന്നെയും നിന്റെ അച്ഛൻ നിത്യക്ക് കൊടുക്കുന്ന ആഭരണങ്ങളും ഒരുമിച്ചു കൈക്കലാക്കൻ നീ നിത്യേ പറഞ്ഞു പറ്റിച്ചു…പക്ഷെ അവിടെ നിനക്ക് തെറ്റി..നീ പറഞ്ഞതല്ല…ഞാൻ പറഞ്ഞതാ നിത്യ അനുസരിച്ചത്..ഞാൻ പറഞ്ഞത് പോലെയാ അവൾ നിന്നോട് ഓരോ കാര്യങ്ങളും പറഞ്ഞത്..നിത്യ പ്രണയിക്കുന്ന സാജൻ എന്റെ ഫ്രണ്ട് ആണ്..മാത്രവുമല്ല ഞാനും വിദ്യയും തമ്മിൽ ഇഷ്ടത്തിലാണെന്നും നിത്യക്ക് അറിയാം..നിത്യയുടെയും സാജന്റെയും പിന്നെ എന്റെയും വിദ്യയുടെയും കാര്യം നമ്മുടെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് സമയമെടുക്കും..അതുകൊണ്ടാ ഇങ്ങനെ ഒരു തീരുമാനം എടുത്തത്..കൂട്ടത്തിൽ നിനക്കൊരു പണികൂടി ആയിക്കോട്ടെയെന്ന് കരുതി ഞാൻ…”

തീ പാറുന്ന കണ്ണുകളോടെ നിധി അവരെ നോക്കി…

“കൊള്ളാം..എന്നെ തോൽപ്പിക്കാൻ എന്റെ വീട്ടുവേലക്കാരിയെ തന്നെ താലികെട്ടിയിരിക്കുന്നു… കഷ്ടം..”

“നിന്നെ വേണ്ടെന്ന് വെച്ച് നിന്റെ വീട്ടിലെ വേലക്കാരിയെ ഞാൻ താലികെട്ടിയെങ്കിൽ നിന്നെക്കാളും എന്റെ മനസ്സിൽ വിലയും സ്ഥാനവും ഇവൾക്കാണെന്ന് നിനക്കിനിയും മനസ്സിലായില്ലേ നിധി…”

ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് വിദ്യയേയും ചേർത്ത് പിടിച്ച് തിരിഞ്ഞു നടക്കുന്ന ഉണ്ണിയെ ഒന്നും ചെയ്യാൻ കഴിയാതെ ദേഷ്യത്തോടെ നിധി നോക്കി നിന്നു.