നന്ദ
എഴുത്ത്: ദേവാംശി ദേവ
=================
വീടിന്റെ മുറ്റത്തു കാർ വന്നു നിന്നപ്പോൾ ഉമ്മറത്തിരുന്നവരെല്ലാം സംസാരം നിർത്തി കാറിലേക്ക് നോക്കി..
കാറിൽ നിന്ന് ഇറങ്ങി വരുന്ന പെൺകുട്ടി..ടീഷർട്ടും ജീൻസുമായിരുന്നു വേഷം..
“കയറി വാ മോളേ..” ഒരു സ്ത്രീ ഓടിവന്നു അവളോടായി പറഞ്ഞു. പക്ഷെ അവൾ അവരെ ശ്രെദ്ധിച്ചതേ ഇല്ല..വീട്ടിലേക്കുള്ള പിടികൾ കയറുമ്പോൾ അവളുടെ കണ്ണുകൾ വിടെയുള്ളവരുടെ മുഖങ്ങളിലൂടെ പാഞ്ഞു പോയി..ചുമരും ചാരി നിൽക്കുന്ന ദീപകിനെ കണ്ടതും അവളുടെ ഉള്ളൊന്ന് പിടഞ്ഞു..അവൾ വേഗം അവനിൽ നിന്നും മിഴികൾ മാറ്റി അല്പം പ്രായമുള്ളൊരാളുടെ അടുത്തേക്ക് ചെന്നു..
“എന്തിനാ അങ്കിളേ എന്നെ വിളിച്ചത്..എന്താ പറയാനുണ്ടെന്ന് പറഞ്ഞത്..” അവൾ അയാളോട് ചോദിച്ചു..
“എനിക്കല്ല മോളേ… മോളുടെ അമ്മായിക്കാണ് മോളെയും മോളുടെ അമ്മയേയും കാണണമെന്ന് പറഞ്ഞത്. അവര് വിളിച്ചിട്ട് മോള് വരാത്തതുകൊണ്ടാണ് ഞാൻ വിളിച്ചത്.”
അവൾ അയാളെയൊന്ന് നോക്കി..
മോഹനൻ…ആ വാർഡിന്റെ മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമാണ്.
“അങ്കിൾ വിളിച്ചതുകൊണ്ട് മാത്രമാണ് ഞാൻ വന്നത്..എന്തെങ്കിലും പറയാനുണ്ടെങ്കിൽ അങ്കിൾ പറഞ്ഞാൽ മതി… വേറെ ആരോടും എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല..”
“അനിതക്ക് പറയാനുള്ളത് മോളൊന്ന് കേൾക്ക്..ഞാൻ കൂടെ ഉണ്ടല്ലോ…” മെമ്പർ പറഞ്ഞതും അവൾ അനിതയെ നോക്കി..
“എന്താണ് നിങ്ങൾക്ക് പറയാനുള്ളത്..”
“നന്ദ മോളേ…” അവർ പറയാൻ തുടങ്ങിയതും അവൾ കൈ ഉയർത്തി തടഞ്ഞു..
“ഞാൻ നിങ്ങളുടെ മോളൊന്നും അല്ല..നന്ദ അങ്ങനെ വിളിച്ചാൽ മതി..കാര്യം എന്താന്നുവെച്ചാൽ പറയ്..”
“ഈ വീടും സ്ഥലവും മോൾക്കും അല്ല, നന്ദക്കും അഭിരാമിക്കും തരണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം… അത് തന്നെയാണ് ഞങ്ങളുടെ ആഗ്രഹവും..എത്രയും പെട്ടെന്ന് തന്നെ ഈ വീടും പറമ്പും നന്ദയുടെ പേരിലേക്കോ അഭിരാമിയുടെ പേരിലേക്കോ മാറ്റാം..”
“എനിക്കും എന്റെ അമ്മക്കും ഇത് വേണ്ടെങ്കിലോ..” ഞെട്ടലോടെ എല്ലാവരും അവളെ നോക്കി.
“മോളേ…..ഇത് മോൾക്ക് അവകാശപെട്ടതാ..മോളുടെ അച്ഛന്റെ സ്വത്ത്..അതെന്തിനാ വേണ്ടെന്ന് പറയുന്നത്.”
മോഹനൻ പറഞ്ഞു.
“അച്ഛനോ..എനിക്ക് അച്ഛൻ ഇല്ല അങ്കിൾ..”
“പിന്നെ അകത്ത് കിടക്കുന്നത് ആരാടി..നീ വലിയ ആളായപ്പോ നിനക്ക് നന്റെ അച്ഛനെ വേണ്ടെന്നോ..ത, ള്ള പറഞ്ഞു പഠിപ്പിച്ചതാകും ഇതൊക്കെ…” അനിത ദേഷ്യത്തോടെ പറഞ്ഞു..
“നിങ്ങളോട് ഞാൻ സംസാരിച്ചിട്ടില്ല…പിന്നെ ആവശ്യമില്ലാതെ എന്റെ അമ്മയെ പറഞ്ഞാൽ അത് കേട്ടു നിൽക്കാൻ ഞാൻ അഭിരാമി അല്ല.. അഭിരാമിയുടെ മോളാ..”
“മോളേ….കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ…മോൾക്ക് അവകാശപ്പെട്ടത് മോൾക്ക് തരണമെന്ന് അവർക്ക് തോന്നി..” മോഹനൻ പറയുന്നത് കേട്ട് അവൾ പൊട്ടി ചിരിച്ചു..
“എന്റെ പൊന്ന് അങ്കിളേ..പത്തൊൻപതാമത്തെ വയസ്സിൽ ഇവരുടെ സഹോദരന്റെ ഭാര്യയായി ഈ വീട്ടിൽ വന്ന് കയറിയതാ എന്റെ അമ്മ..എനിക്ക് പത്ത് വയസുള്ളപ്പോഴാ ഈ വീടിന്റെ പടി ഇറങ്ങുന്നത്..അല്ല ഇവരും ഇവരുടെ സഹോദരനും അമ്മയും കൂടി ഇവിടുന്ന് അടിച്ചിറക്കുന്നത്. അതുവരെ ഈ വീട്ടിൽ കിടന്ന് നരകിക്കുകയായിരുന്നു എന്റെ അമ്മ..ആഹാരം ഇല്ലാതെ നല്ലൊരു ഉടുതുണി ഇല്ലാതെ എന്തെല്ലാം അനുഭവിച്ചു..
പിന്നെ ഞാൻ..ഇവിടെ ഉണ്ടായിരുന്നപ്പോൾ എന്നെ സ്നേഹത്തോടെ ഒന്ന് നോക്കിയിട്ടില്ല നിങ്ങളൊക്കെ എന്റെ അച്ഛനാണെന്ന് പറയുന്ന ആ മനുഷ്യൻ..ഇവിടുന്ന് പോയ ശേഷം തിരിഞ്ഞു നോക്കിയോ..ആഹാരം വസ്ത്രം എന്റെ പഠനം…ഇതൊന്നും അയാൾ തിരക്കിയിട്ടില്ല..ഈ വീടും പറമ്പുമൊക്കെ എനിക്ക് കൂടി അവകാശപ്പെട്ടതാണെന്ന് അന്ന് അറിയില്ലായിരുന്നോ ഇവർക്ക്..”
“അവർക്ക് അന്നങ്ങനെയൊരു തെറ്റ് പറ്റി..ഇപ്പൊ അത് തിരുത്താനൊരു അവസരം കൊടുത്തൂടെ മോളേ..”
“തിരുത്താൻ അവസരമോ…ഇവരുടെ സഹോദരൻ ആക്സിഡന്റായി എഴുന്നേൽക്കാൻ വയ്യാതെ അകത്ത് കിടപ്പുണ്ട്..ഇത്രയും കാലം ഇവർക്ക് അയാളെ വേണമായിരുന്നു..സോറി.. അയാളെ അല്ല…അയാളുടെ പണം…ഇനി അത് കിട്ടില്ലെന്ന് കണ്ടപ്പോൾ ആരുടെയെങ്കിലും തലയിൽ വെച്ച് രക്ഷപ്പെടണം..നിയമപരമായി ഒഴിവാക്കിയതു കൊണ്ട് അമ്മയോട് നോക്കാൻ പറയാൻ പറ്റില്ലല്ലോ..അയാളുടെ പണം നഷ്ടപ്പെട്ട് പോകാതിരിക്കാൻ വേറെ വിവാഹവും കഴിപ്പിച്ചില്ല..പിന്നെയുള്ളത് ഞാനാ….അതിന്റെ സ്നേഹ പ്രകടനമാണ് ഇത്. ലക്ഷകണക്കിന് രൂപയുടെ സ്വത്തിൽ നിന്നും കുറച്ചു തന്ന് അയാളെ ഒഴിവാക്കാനുളള തന്ത്രം..”
“വയസാൻ കാലത്ത് മാതാപിതാക്കളെ നോക്കേണ്ടത് മക്കള് തന്നെയാ..നല്ല ജോലിയുണ്ടല്ലോ നിനക്ക്.. പിന്നെന്താ..”
“അതേ നല്ല ജോലിയുണ്ട് എനിക്ക്..എന്റെ അമ്മയുടെ കഷ്ടപ്പാടിന്റെ ഫലമാ എന്റെ വിദ്യാഭ്യാസവും ജോലിയും..പിന്നെ മാതാപിതാക്കളെ മക്കൾ നോക്കുന്നു കാര്യം..ഞാൻ നോക്കില്ലെന്ന് പറഞ്ഞില്ലല്ലോ..എന്റെ അച്ഛൻ എന്റെ പത്താമത്തെ വയസ്സിൽ മരിച്ചതാ…പിന്നെ ഉള്ളത് അമ്മയാ.. അമ്മയെ പൊന്നുപോലെ നോക്കുന്നുണ്ട് ഞാൻ.”
“നീ അങ്ങനെ രക്ഷപ്പെടാമെന്ന് കരുതേണ്ട..എനിക്ക് എന്താ ചെയ്യാൻ പറ്റുന്നതെന്ന് കാണിച്ചു തരാം..”
“കോടതിയിൽ വെച്ച് ഇവളെന്റെ മോളല്ല..എന്റെ ഭാര്യയായിരുന്നവളുടെ അ, വിഹിത സന്തതിയാണെന്ന് അയാൾ വിളിച്ചു പറഞ്ഞപ്പോൾ പുഞ്ചിരിയോടെ കേട്ടു നിന്നത് നിങ്ങളല്ലേ..നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യ്..അയാൾ മരിച്ചാൽ പോലും എന്നെ അറിയിക്കേണ്ട അങ്കിളേ..ഞാൻ വരില്ല..”
മോഹനനോട് പറഞ്ഞിട്ട് അവൾ പുറത്തേക്ക് നടന്നു..
പെട്ടെന്ന് തിരിഞ്ഞ് എല്ലാം കേട്ട് ഒന്നും മിണ്ടാതെ നിൽക്കുന്ന ദീപക്കിന്റെ അടുത്തേക്ക് ചെന്നു..
“ദീപക് ചേട്ടന് എന്റെ മറുപടി വേണ്ടേ..”
ദീപക് അവളെ തന്നെ നോക്കി നിന്നു..തന്റെ അമ്മാവന്റെ മകളാണ്..മുറപ്പെണ്ണാണ്…കൂടെ കൂട്ടാൻ ആഗ്രഹിച്ചവളാണ്..അത് തുറന്ന് പറയുകയും ചെയ്തു…
“ദീപക്കേട്ടന്റെ ഇഷ്ടം ആത്മാർത്ഥമാണെന്ന് എനിക്ക് അറിയാം..എനിക്ക് ഇഷ്ടക്കുറവൊന്നും ഇല്ല..ദീപക്കേട്ടനെ പോലൊരാളെ പാട്ണറായി കിട്ടുക എന്നത് ലക്ക് തന്നെയാണ്..പക്ഷെ ഈ കുടുംബത്തിലെ ആയതുകൊണ്ടും ഇവരുടെ മകനായതു കൊണ്ടും എനിക്ക് ഇത് അംഗീകരിക്കാൻ പറ്റില്ല..നാളെ ഞാൻ യുഎസ്എ ക്ക് പോകുകയാണ്.. എനിക്ക് അവിടെ ജോലി ശരിയായി..അമ്മയെയും കൊണ്ടുപോകും..ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകാതിരിക്കാൻ മാക്സിമം ശ്രെമിക്കും..ദീപക്കേട്ടന് എന്നെ മനസിലാകുമെന്ന് കരുതുന്നു..പോട്ടെ…”
“മ്മ്മ്…ആൾ ദി ബെസ്റ്റ്..”
ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് അവൻ പറഞ്ഞു..അവനെ നോക്കി ചിരിച്ചു കൊണ്ട് തന്നെ അവളാ പടി ഇറങ്ങി…
നന്ദ പോയതും മോഹനനും ഇറങ്ങി..
“കേട്ടോടാ നിന്റെ മോള് പറഞ്ഞത്..നിന്നെ വേണ്ടെന്ന്..എന്തിനാടാ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ഇങ്ങനെ കിടക്കുന്നത്..ചത്തു തുലഞ്ഞൂടെ…” അമ്മ ദേഷ്യപ്പെടുന്നത് അമ്മാവനോടാണെന്ന് ദീപക്കിന് മനസിലായി..
അവൻ അയാളുടെ റൂമിലേക്ക് പോയി അയാളുടെ അടുത്തിരുന്നു..അനങ്ങാൻ വയ്യാതെ കിടക്കുന്ന അയാളുടെ കണ്ണുനീർ തുടച്ചു കൊടുത്തു..
“അമ്മയും സഹോദരിയും പറയുന്നത് മാത്രം വിശ്വസിക്കാതെ സ്വന്തം ഭാര്യയെ കൂടി പരിഗണിച്ചൂടായിരുന്നോ…മനസ്സിലാക്കാൻ ശ്രെമിച്ചൂടായിരുന്നോ…ഇനി ആഗ്രഹിച്ചിട്ടും കാര്യമില്ല..ഒരിക്കലും തിരികെ കിട്ടാത്ത ദൂരത്തിലാണിപ്പോ അവർ..”
കുറച്ചു നേരം അയാളെ നോക്കി ഇരുന്നിട്ട് അവൻ മുറിക്ക് പുറത്തേക്ക് നടന്നു..അപ്പോൾ അവന്റെ കണ്ണും നിറഞ്ഞിട്ടുണ്ടായിരുന്നു..നന്ദയെ ഓർത്തു മാത്രം..
