രുദ്രാക്ഷം – ഭാഗം 75, എഴുത്ത്: വർണ്ണങ്ങൾ ആമി

ചിന്മയി പറയുന്നത് കേട്ട് അർജുൻ അവളെത്തന്നെ നോക്കി നിൽക്കുകയാണ്…

ഞാൻ പൊയ്ക്കോളാം…എന്നേ ഇഷ്ടമല്ലെന്ന് എനിക്ക് മനസിലായി. ഇതുവരെ ആർക്കും ഞാൻ ഒരു ശല്യമായി തീർന്നിട്ടില്ല ഇനി മുന്നോട്ടും അങ്ങനെ തന്നെയാവണം എന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ ഞാൻ അർജുനേട്ടന്റെ ജീവിതത്തിൽ നിന്നും പൊയ്ക്കോളാം..

കണ്ണീരടക്കുവാൻ പാടുപെട്ടുകൊണ്ട് പാവം പെൺകുട്ടി അകത്തെ മുറിയിലേക്ക് കയറിപ്പോയി..

അവളുടെ വാക്കുകൾ കേട്ടതും അർജുന്റെ ഹൃദയത്തിലും ഒരു കൊളുത്തി വലിക്കൽ പോലെ തോന്നി.

അവൻ ഡോറടച്ച് ലോക്ക് ചെയ്തിട്ട് സെറ്റിയിലേക്ക് വന്നിരുന്നു..ചിന്മയി ഡ്രസ്സ് മാറുമായിരിക്കും എന്നാണ് അർജുൻ കരുതിയത്..എന്നാൽ കുറച്ചുനേരം കഴിഞ്ഞിട്ടും അവൾ ഇറങ്ങി വരാതെ ആയപ്പോൾ അർജുൻ പതിയെ ഡോർ തുറന്നു അകത്തേക്ക് കയറിച്ചെന്നു.

ചുവരിൽ ചാരി ഇരുന്ന് മുട്ടിന്മേൽ മുഖം പൂഴ്ത്തി വെച്ച് കരഞ്ഞു കൊണ്ടിരിക്കുന്ന ചിന്മയിയേയായിരുന്നു അവൻ കണ്ടത്.

ആമി….അവന്റെ ശബ്ദം കേട്ട് ചിമ്മു മുഖമുയർത്തി. അവളുടെ കരഞ്ഞ കലങ്ങിയ മിഴികൾ കണ്ടതും അർജുൻ അരികിലേക്ക് ചെന്നു..

ക്ലാസിൽ ശ്രദ്ധിക്കാതിരുന്നത് കൊണ്ടാണ് ഞാൻ നിന്നെ വെളിയിൽ ഇറക്കി നിർത്തിയത്. എന്താണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ നിനക്ക് മറുപടി പറയാൻ ഇല്ലായിരുന്നു  അതിന്റെ അർത്ഥം നീ എന്റെ ക്ലാസിൽ ശ്രദ്ധിച്ചല്ല ഇരിക്കുന്നത് എന്നതാണ്.. ഞാനൊരു അധ്യാപകനാണ്,, എന്റെ സ്റ്റുഡൻസ് ഞാൻ പഠിപ്പിക്കുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ അതിനുള്ള ആക്ഷൻ എടുക്കാനും എനിക്ക് അധികാരമുണ്ട്. അത് നീയെന്നല്ല,,ആരായാലും ശരി..

അർജുന്റെ ശബ്ദം ഉയർന്നതും ചിമ്മു തറയിൽ നിന്നും മെല്ലെ എഴുന്നേറ്റു..
പെട്ടെന്ന് അവൾ വേച്ചു പോയതും അർജുൻ അവളെ താങ്ങിപ്പിടിച്ചു.
അവന്റെ കൈ തട്ടിമാറ്റിയിട്ട് ചിൻമയി നേരെ നിന്നു..

ക്ലാസിൽ ശ്രദ്ധിക്കാതെ നീ എന്തോർത്തു കൊണ്ട് ഇരിക്കുവാരുന്നു… നിന്നെപ്പോലെ തന്നെയല്ലേ ബാക്കി കുട്ടികളെല്ലാവരും.. അവരോടൊക്കെ ഞാൻ ചോദിച്ച ചോദ്യത്തിന് എല്ലാവരും ആൻസർ തന്നു.. നീ മാത്രം എഴുന്നേറ്റ് നിന്നു… എന്നിട്ട് വെളിയിൽ ഇറക്കി നിർത്തിയതാണ് അവൾക്ക് കുഴപ്പം.. എന്റെ സ്വഭാവം എന്നും ഇങ്ങനെയൊക്കെ തന്നെയാണ്. ഞാനൊരു കാർക്കശ്യ സ്വഭാവക്കാരൻ ആണ്.. പഠിപ്പിക്കുന്ന സമയത്ത് സ്റ്റുഡൻസ് എല്ലാവരും നിർബന്ധമായിട്ട് തന്നെ ശ്രദ്ധിച്ചിരിക്കണം. അല്ലാത്തവർ ആരും എന്റെ ക്ലാസ് റൂമിൽ വേണ്ട. ഈ നിലപാടിൽ എനിക്ക് ഒരിക്കലും മാറ്റം വരുത്താനും പറ്റില്ല.. അതെന്റെ ഭാര്യയായാലും ശരി ആരായാലും ശരി.

ഭാര്യയോ… ആരാണ് നിങ്ങളുടെ ഭാര്യ…ചിമ്മു അവനെ പുച്ഛത്തോടെ നോക്കി ചോദിച്ചു.

എന്നിട്ട് വാഡ്രോബ്  തുറന്ന് മാറി ധരിക്കുവാനുള്ള ഡ്രസ്സും എടുത്ത് അവൾ നേരെ വാഷ് റൂമിലേക്ക് പോയി.

കുറേസമയം അതിനുള്ളിൽ നിന്നു കരഞ്ഞ ശേഷമാണ് അവൾ ഇറങ്ങി വന്നത്…. കരഞ്ഞപ്പോഴേക്കും വിഷമങ്ങൾ ഒക്കെ ഇത്തിരി കുറഞ്ഞു.

നനഞ്ഞ മുടിയൊക്കെ എടുത്ത് ഒരു ടവ്വൽ ഉപയോഗിച്ച് കെട്ടിവെച്ച ശേഷം അവൾ അടുക്കളയിലേക്ക് നടന്നു. വല്ലാണ്ട് വിശക്കുന്നുണ്ടായിരുന്നു..

അർജുൻ എന്തൊക്കെയോ ചെയ്തുകൊണ്ട് അടുക്കളയിൽ നിൽക്കുന്നത് ചിമ്മു കണ്ടു..അവൻ കോഫി തയ്യാറാക്കുകയാണെന്ന് അവൾക്ക് മനസ്സിലായി. ചിമ്മു ഒരു ചരുവത്തിലേക്ക് ഇത്തിരി വെള്ളവും പാലുമൊക്കെ ചേർത്ത് ഒഴിച്ച് ഗ്യാസിൽ വച്ചപ്പോൾ അർജുനവളെ നോക്കി.

നിനക്കുള്ള കോഫി ഇതാ…പറഞ്ഞുകൊണ്ട് അവൻ  ഒരു കപ്പിലേക്ക് കോഫി പകർന്നൊഴിച്ചു. ശേഷം അതെടുത്ത് ചിമ്മുവിന്റെ നേർക്ക് നീട്ടി.

ചിമ്മു കേട്ട ഭാവം പോലും നടിക്കാതെ അവൾക്കുള്ള കോഫി സ്വയം തയ്യാറാക്കി.

ഇത് നിനക്ക് വേണ്ടി എടുത്തുവച്ചതാ.. അർജുൻ വീണ്ടും പറഞ്ഞെങ്കിലും പെണ്ണ് ശ്രദ്ധിക്കാനേ പോയില്ല..

സൂപ്പർ മാർക്കറ്റിൽ പോയപ്പോൾ അർജുൻ ബിസ്‌ക്കറ്റ് വാങ്ങിയിട്ടുണ്ടായിരുന്നു. അതിൽനിന്ന് രണ്ടുമൂന്നു ബിസ്ക്കറ്റ്മെടുത്ത്
സ്വയം തയ്യാറാക്കിയ കോഫിയുമായിട്ട് അവൾ ഹോളിലേക്ക് ഇറങ്ങിപ്പോയി..

അവളുടെ ചെയ്തികൾ ഒക്കെ കണ്ടുകൊണ്ട് അർജുൻ അവളുടെ പിന്നാലെ വന്നിട്ട് ഓപ്പോസിറ്റ് സൈഡിൽ കിടന്ന ഒരു കസേരയിൽ ഇരുന്നു.

ഇടയ്ക്കൊക്കെ ച്ചിമ്മു നോക്കുമ്പോൾ അർജുൻ അവളെ ശ്രദ്ധിക്കുന്നതാണ് കണ്ടത്. വീർപ്പിച്ച മുഖത്തോടെ ഇരുന്ന് അവൾ കോഫി കുടിച്ചഴുന്നേറ്റ് പോയ്‌.
കപ്പും പാത്രവും ഒക്കെ കഴുകി വെച്ച ശേഷം റൂമിലേക്ക് ചെന്നിട്ട് മെഷീനിൽ അലക്കുവാൻ തുണികൾ ഒക്കെ എടുത്തു. അർജുന്റെ തുണികളും അതിൽ ഉണ്ടായിരുന്നു. മനപ്പൂർവ്വം ആ തുണികൾ ഒന്നും അവൾ എടുത്തില്ല. അവളുടെതുമാത്രം എടുത്തുകൊണ്ട് വിരിച്ചിടുവാനായി ഇറങ്ങിപ്പോയി.

അർജുൻ വന്നിട്ട് വാഷിംഗ് മെഷീന്റെ അകത്ത് നോക്കിയപ്പോൾ അവന്റെ ഡ്രസ്സുകൾ ഒക്കെ അതുപോലെ കിടപ്പുണ്ട്.

ചിൻമയി എടുത്ത് പിരിച്ച് ഇടുമായിരിക്കും എന്ന്  അർജുൻ കരുതിയെങ്കിലും അവൾ പിന്നീട് ആ ഭാഗത്തേക്ക് നോക്കാൻ പോലും വന്നില്ല.

ഇത്തിരി നേരം കൂടിയിരുന്ന ശേഷം അർജുൻ തന്നെ ചെന്നിട്ട് അവന്റെ പാന്റും ഷർട്ടും മുണ്ടും ഒക്കെ എടുത്തു അഴയിൽ വിരിച്ചിട്ടു.

ചിമ്മു അടുക്കളയിൽ എന്തൊക്കെയോ ജോലികൾ ചെയ്യുന്നുണ്ട്. അർജ്ജുനാണെങ്കിൽ വെള്ളം കുടിക്കാൻ എന്ന വ്യാജേന അടുക്കളയിലേക്ക് പോയി..ഒരു കുക്കറിൽ കുറച്ച് അരിയും ചെറുപയറും എടുത്ത് വേവിക്കുവാനായി വയ്ക്കുകയാണ് ച്ചിമ്മു.

ആമി, ചോറും കറികളും ഒക്കെ ഇരിപ്പുണ്ട്.. ഇനി എന്തിനാ വേറെ വെക്കുന്നത്..അർജുൻ ചോദിച്ചുവെങ്കിലും അവൾ അതിന് മറുപടി കൊടുത്തില്ല.

നിനക്ക് ചെവി കേട്ട് കൂടെയെന്ന് അവൻ അലറി…

എനിക്ക് നിങ്ങളോട് മിണ്ടാൻ താല്പര്യം ഇല്ല. എന്നോടു മിണ്ടി കൊണ്ടുവരേണ്ട…കലിപുരണ്ട് പെണ്ണ് അവൾ പറഞ്ഞതും അർജുൻ അവളെ അടിമുടി ഒന്ന് നോക്കി.

എന്താടി…. നീ എന്താണ് ഉദ്ദേശിച്ചത് അവൻ മനസ്സിലാകാത്ത മട്ടിൽ അരികിൽ നിൽക്കുന്നവളെ നോക്കി ചോദിച്ചു…

എന്റെ കാര്യങ്ങൾ നോക്കാൻ എനിക്കറിയാം, ഞാനെന്തു വേണേലും ചെയ്യും.. അതിന് നിങ്ങൾക്ക് എന്താ? നെറ്റി ചുളിച്ചു കൊണ്ട് അവൾ ചോദിച്ചു.

ഇവിടെ ഞാൻ ഉണ്ടാക്കിയ ഭക്ഷണം ഇരിപ്പുണ്ട്. പിന്നെന്തിനാ നീ ഇപ്പോൾ വെറുതെ ഈ കഞ്ഞി കൂടി വയ്ക്കുന്നത്.?

അർജുനേട്ടൻ ഉണ്ടാക്കിയതൊക്കെ സ്വന്തമായിട്ട് അങ്ങ് കഴിച്ചാൽ മതി. എനിക്ക് വേണമെങ്കിൽ ഞാൻ ഉണ്ടാക്കി കൊള്ളാം… ആരുടെയും സഹായമൊട്ടു വേണ്ടതാനും..അവനെ നോക്കി കൈകൂപ്പി തൊഴുതു കാണിച്ചുകൊണ്ട് അവൾ തന്റെ ജോലികൾ തുടർന്നു.

പെട്ടെന്ന് അർജുൻ അവളുടെ കൈ തുടയിൽ പിടിച്ചു വലിച്ചു അവന്റെ മുൻപിലേക്ക് തിരിച്ചു നിർത്തി.

നീ ഉണ്ടാക്കുന്നതൊക്കെ കൊള്ളാം.. ഒരല്പം പോലും ബാക്കി വരാതെ മുഴുവനും കഴിച്ചു തീർത്തോണം. ഫുഡ് വേസ്റ്റ് ആക്കാൻ ഞാൻ സമ്മതിക്കില്ല.. കാശുകൊടുത്ത് വാങ്ങി വച്ചതാണ്  ഇതൊക്കെ.

കൈവിടുന്നു ഉണ്ടോ… നിക്ക് വേദനിക്കുന്നു…ചിമ്മു കുതറി ക്കൊണ്ട് പറഞ്ഞു.

അരമണിക്കൂറിനുള്ളിൽ റൂമിലേക്ക് വന്നേക്കണം. ഇന്ന് പഠിപ്പിച്ചതൊക്കെ ഒന്നൂടെ റിവൈസ് ചെയ്യാൻ ഉണ്ട്..

ഞാൻ ഒറ്റയ്ക്ക് പഠിച്ചോളാം..എനിക്ക് ആരുടെയും ഹെൽപ്പ് വേണ്ട..
ചിമ്മു പെട്ടെന്ന് പറഞ്ഞു.

നിനക്ക് ഹെല്പ് വേണോ വേണ്ടയോ എന്നുള്ളതൊക്കെ ഞാൻ തീരുമാനിച്ചോളാം. ഇപ്പോ ഞാൻ പറഞ്ഞത് അനുസരിച്ചാൽ മതി. അല്ലാണ്ട് ഇങ്ങോട്ട് കൂടുതൽ സംസാരം ഒന്നും വേണ്ട.

അവളെ നോക്കി പറഞ്ഞശേഷം അർജുൻ അടുക്കളയിൽ നിന്നും പുറത്തേക്ക് ഇറങ്ങിപ്പോയി..

ഞാൻ വരില്ല… എന്നെ ആരും പഠിപ്പിക്കാമെന്ന് ഓർക്കണ്ട ..അവനെ നോക്കി അവൾ ഇത്തിരി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

തുടരും…..

ചിമ്മു ഇത്തിരി അകന്ന് നിൽക്കട്ടെ.. അങ്ങനെ വന്നാലേ അർജുൻ അവളുടെ വില മനസ്സിലാക്കൂ…