ശ്രീവിദ്യ- ഭാഗം 02, എഴുത്ത്: മണ്ടശിരോമണി മണ്ടൻ

രാജീവേട്ടൻ കയറി വരുന്നത് കണ്ടപ്പൊഴേ ഞാൻ എഴുന്നേറ്റു. വൈകുന്നേരം വന്നിട്ട് ഓട്ടോയും ഇവിടെ വെച്ച് ഇപ്പൊ വരാം എന്നു പറഞ്ഞ് പോയ ആളാണ്. എനിക്കുറപ്പായിരുന്നു ആ ഷനോജ്, അവന്റെ കൂടെയാകും പോയത് എന്ന്.

   “നീ ആരെയാ വിളിക്കുന്നേ നിന്റെ അമ്മയെ ആണോ?” എന്റെ കൈയ്യിൽ ഫോൺ കണ്ടതുകൊണ്ടാവണം പുള്ളി എന്നോട് അങ്ങനെ ചോദിച്ചത്.

  “ആരെയും വിളിക്കുന്നില്ലല്ലോ”  ഞാൻ ഫോൺ ഡിസ്പ്ലെ ഓഫ് ചെയ്തു കൊണ്ട് പറഞ്ഞു. പിന്നീട് പുള്ളി ഒന്നും പറയാതെ തന്നെ അകത്തേക്ക് കയറി.

“നീ ഇവിടുത്തെ കാര്യങ്ങളൊക്കെ ആരോടെങ്കിലും വിളിച്ചു പറയാറുണ്ടോ?”  ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ രാജീവേട്ടൻ എന്റെ മുഖത്തേക്കു നോക്കി.

“എന്തു കാര്യം?” പുള്ളി എന്താണ് ഉദേശിച്ചത് എന്ന് എനിക്ക് മനസിലായില്ല.

   “എന്താ പറഞ്ഞത് എന്ന് നിനക്കല്ലെ അറിയുക!” പുള്ളി സംസാരിച്ചു കൊണ്ടിരിക്കെ തന്നെ അമ്മ അവിടേക്ക് കടന്നു വന്നു.

   ”നിങ്ങൾ എന്തേലും പറയുന്നുണ്ടേ മര്യാദയ്ക്ക് മനസിലാകുന്ന വിധത്തിൽ പറ അല്ലാതെ വെറുതേ എന്തെങ്കിലും പറയല്ലേ.”    പുള്ളി ഉദ്ദേശിക്കുന്നത് എന്താണെന്ന് അറിയാത്തത് കൊണ്ട് തന്നെ ഞാൻ പരുഷമായി പറഞ്ഞു. 

  “നീ നിന്റെ അമ്മയെ വിളിച്ചു എന്തെങ്കിലും പറഞ്ഞിരുന്നോ?” രാജീവേട്ടൻ  പറയുന്നത് ഞങ്ങൾ തമ്മിലുള്ള സംസാരം എന്താണെന്ന് നോക്കി നിന്ന അമ്മയും കേട്ടു .

 “ഇവിടെ നടക്കുന്ന എന്ത് കാര്യാ അവൾ അവളുടെ വീട്ടിൽ വിളിച്ച് പറയാത്തത്. നീ ഇതെന്താ ആദ്യമായി അറിയുന്ന കാര്യമാണോ?” എനിക്കു പകരം അമ്മയാണ് മറുപടി പറഞ്ഞത്. ഇതൊക്കെ പറയാനും ചോദിക്കാനും എന്താണ് ഉണ്ടായത് എന്നാണ് ഞാൻ ആലോചിച്ചത്.

  “എന്റെ കാര്യം ഞാൻ പിന്നെ ആരോടാ പറയേണ്ടത്. അമ്മയെ പോലെ ഇവിടെ നടക്കുന്നത് ഞാൻ നാട്ടിൽ മുഴുവൻ പറഞ്ഞു നടക്കുന്നില്ലല്ലോ” അമ്മ ആവിശ്യമില്ലാതെ ഈ കാര്യത്തിൽ ഇടപെട്ടത് എനിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല ആ ദേഷ്യം ഞാൻ എന്റെ വാക്കുകളിൽ പ്രകടിപ്പിച്ചു.

   “നീ ഇവിടുന്ന് ഇറങ്ങിയാൽ ആ നേരം മുതൽ ഫോണും കൈയിൽ പിടിച്ചാണ് ഇവൾ നടക്കുക ഇവിടുന്ന് ഉള്ളതും ഇല്ലാത്തതും മുഴുവൻ അവിടെ എത്തിക്കാതെ പിന്നെ ഫോൺ താഴെ വെക്കില്ല. ”  എനിക്കു മറുപടി പറയുന്നതിനു പകരം അമ്മ രാജീവേട്ടനെ കൂടുതൽ ദേഷ്യം പിടിപ്പിക്കുകയാണ് ചെയ്തത്.

    “അമ്മ ഇതെന്തിനാ അമ്മേ ഈ വേണ്ടാത്ത കാര്യങ്ങളൊക്കെ പറയുന്നേ? ഫോണിൽ കളിച്ചിട്ടാണോ ഞാൻ ഈ വീട്ടിലെ പണി മുഴുവൻ എടുക്കുന്നേ? വെറുതേ ഓരോന്നു പറയുന്നു.”  അമ്മയുടെ സംസാരം കേൾക്കുംബോൾ എനിക്കു നന്നായി  സംങ്കടം വരുന്നുണ്ടായിരുന്നു. “വെറുതേ തമ്മിൽ തെറ്റിക്കാൻ” ഞാൻ പിറുപിറുത്തു.
അതിനിടെ രാജീവേട്ടൻ ഭക്ഷണം കഴിച്ച് എഴുന്നേറ്റു.

  “എന്ത് കാര്യം ആണെടാ ഇവളു വീട്ടിൽ വിളിച്ചു പറഞ്ഞത്. എന്നെക്കൊണ്ട് ആയിരിക്കും അല്ലേ?”  കൈകഴുകി ഹാളിലേക്ക് വന്ന രാജീവേട്ടനോട് അമ്മ വീണ്ടും ചോദിച്ചെങ്കിലും രാജീവേട്ടൻ മറുപടി ഒന്നും പറയാതെ ഉമ്മറത്തേക്ക് കടന്നു. കഴിച്ച പ്ലേറ്റുകളൊക്കെ എടുത്ത് അടുക്കളയിൽ കൊണ്ടു വെച്ച് ഞാൻ വേഗം തന്നെ ഉമ്മറത്തേക്ക് കടന്നു.

   “നിങ്ങളെന്തു കാര്യാ പറയാൻ വന്നത്? എനിക്കൊന്നും മനസിലായില്ല. കാര്യം പറഞ്ഞാലല്ലെ … ”  എന്റെ ചോദ്യം കേട്ട് പുള്ളി എന്നെ തന്നെ കുറച്ചു നേരം നോക്കി.

   “നീ വീടുമാറുന്ന കാര്യമൊക്കെ നിന്റെ അമ്മയെ വിളിച്ചു പറയേണ്ട കാര്യം എന്താ? നിന്റെ അമ്മയാണോ തീരുമാനിക്കുന്നത് ഞാൻ ഇവിടുന്നു വീടു മാറണം എന്നു?” രാജീവേട്ടൻ പറയുന്നത് കേട്ട് ഞാൻ അമ്പരന്നു  പോയി.

  “നിങ്ങളിതെന്താ രാജീവേട്ടാ പറയുന്നേ? ഞാൻ ഇങ്ങനത്തെ കാര്യം ഒന്നും ആരോടും പറഞ്ഞിട്ടില്ല കെട്ടോ”  അമ്മയോട് എന്നല്ല ഞാൻ ഈ കാര്യം ഒരാളോടു പോലും പറഞ്ഞിട്ടുണ്ടായിരുന്നില്ല.

   “നീ പറയാതെ നിന്റെ അമ്മയ്ക്ക് കവടി നിരത്തിയപ്പോൾ തെളിഞ്ഞതാണോ ഈ കാര്യം? കളവ് പറഞ്ഞാൽ ഉണ്ടല്ലോ….”  രാജീവേട്ടൻ അമ്മയെയും എന്നെയും തെറി വിളിച്ചില്ല എന്നേ ഉള്ളൂ.

   “അമ്മ എന്തു പറഞ്ഞു എന്നാ?” ഞാൻ രാജീവേട്ടന്റെ മുഖത്തേക്കു നോക്കി.

  “അത് നിന്റെ അമ്മയെ വിളിച്ചു ചോദിച്ചു നോക്ക് വെറുതേ എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കണ്ട” പുള്ളിയുടെ ദേഷ്യം കണ്ടതോടെ ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.
അച്ഛൻ ഉണ്ണി ഉറങ്ങി എന്നു പറഞ്ഞതോടെ  ഞാൻ അവനെ എടുക്കാൻ അകത്തേക്ക് പോയി. അവനെ എടുത്ത് കിടത്തിയതിനു ശേഷം ഞാനും അപ്പോൾ തന്നെ കിടന്നു.

കല്ല്യാണം കഴിഞ്ഞ നാളുകളിൽ ഉള്ള ഞാനും രാജീവേട്ടനും ഇപ്പൊൾ ഉള്ള ഞങ്ങളും തമ്മിൽ ഒരു പാട് അന്തരമുണ്ട്. ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത ഭാവമാറ്റമാണ് ഇന്ന് പുള്ളിക്ക്. പണ്ടൊക്കെ വൈകുന്നേരം പണി കഴിഞ്ഞാലും വേഗം വീട്ടിലെത്തുകയും പിന്നെ ഞങ്ങൾ ഞങ്ങളുടേതായ ലോകത്ത് ആയിരിക്കും. അകത്ത് അച്ഛനും അമ്മയും ടി വി കണ്ടിരിക്കുംബൊഴും ഞങ്ങൾ എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഉമ്മറത്ത് തന്നെ ഒരു പാട് നേരം ഇരിക്കുമായിരുന്നു. പിന്നെ പിന്നെ പതുക്കെ വന്ന താളപ്പിഴകൾക്ക് കാരണം അമ്മ തന്നെ ആയിരുന്നു. ആദ്യമൊക്കെ സാരമില്ല എന്നു പറഞ്ഞ് കൂടെ നിൽക്കുമായിരുന്ന രാജീവേട്ടൻ പിന്നെ പിന്നെ ഒന്നും പറയാതെയും ഇപ്പോൾ  കുറ്റപ്പെടുത്തുമ്പോൾ അമ്മയുടെ കൂടെ കൂടുകയും ചെയ്യുന്നു. ഓരോന്നോർത്ത് കൊണ്ട് ഞാൻ കണ്ണടച്ചു.

*********************

  രാവിലെ എണീറ്റു ഞാൻ വേഗം തന്നെ പുഴയിലേക്ക് പോയി. പ്രതീക്ഷിച്ചത് പോലെ തന്നെ രജിതേച്ചിയും ഉണ്ടായിരുന്നു അവിടെ. രജിതേച്ചിയോട് കാര്യങ്ങളൊക്കെ പറഞ്ഞതോടെ മനസിനു കുറച്ച് ആശ്വാസം ആയി.

   “നീ എന്തിനാടീ ഇങ്ങനെ ടെൻഷനടിക്കുന്നേ? രാജീവന് എന്താ അവന്റെ അമ്മയുടെ സ്ഥലം ഇല്ലേ ആ റോഡ് സൈസേൽ തന്നെയുള്ള പത്ത് സെന്റ്. അവിടെ പ്രത്യേകിച്ച് ഒന്നുമില്ലല്ലോ തല പോയ രണ്ട് തെങ്ങെങ്ങാനും അല്ലെ ഉള്ളൂ. അവനോട് പറ അവിടെ ഒരു വീട് എടുക്കാൻ”  അലക്കുന്നതിനിടെ രജിതേച്ചി എന്നോട് പറഞ്ഞു.
അമ്മ അങ്ങനെ സ്ഥലം തരും എന്ന് എനിക്ക് തോന്നുന്നുണ്ടായില്ല. അത് ഞാൻ ചേച്ചിയോടും പറഞ്ഞു.

  “രാജീവനു കൊടുത്തില്ലേൽ പിന്നെ ആർക്കാ അതു കൊടുക്കുക? വെറുപ്പിക്കാതെ അത് മെല്ലെ വാങ്ങിച്ചെടുക്കാൻ പറ അവനോട്.”  സംസാരത്തിനിടയ്ക്ക് തന്നെ ചേച്ചി ഉപദേശിച്ചു.

   “ഇനി ഞാൻ പറയാത്ത കുറവേ ഉള്ളൂ. ഞാൻ എന്തേലും പറഞ്ഞാൽ തന്നെ എന്നെ ചാടിക്കടിക്കാൻ വരും , പറഞ്ഞാൽ മനസിലാവണ്ടെ”  എന്റെ വാക്കുകളിൽ നിരാശ കലർന്നു. അലക്ക് കഴിഞ്ഞു ഞങ്ങൾ പിരിഞ്ഞു. വീട്ടിലെത്തുംബോൾ രാജീവേട്ടൻ റെഡി ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. 

   “വിദ്യേ നീ അവിടെ നിന്നേ.”  ഇന്നലെ രാത്രി രാജീവേട്ടനും  ഞാനും  തമ്മിലുള്ള സംസാരം കേട്ടിരുന്ന അമ്മ  രാവിലെ ഞാൻ  അലക്ക് കഴിഞ്ഞ് വരുന്നത് കണ്ടപ്പോൾ തന്നെ അകത്ത് നിന്നും പുറത്തേക്ക് വന്നു. ആ കാര്യത്തേകുറിച്ച് ചോദിക്കുകയായിരുന്നു അവരുടെ ഉദ്ദേശം. ഇതൊന്നും  അറിയാതെ ഞാൻ എനിക്കു നേരെ  നടന്നടുക്കുന്ന  അമ്മയെ നോക്കി..!

“എന്താ നിന്റെ ഉദ്ദേശം? കുടുംബം തമ്മിൽ തെറ്റിക്കാൻ തന്നെയാണോ?” എനിക്കു നേരെ നോക്കി അമ്മ നല്ല ദേഷ്യത്തിലാണ് സംസാരിച്ചത്.

   “എന്ത് ഉദ്ദേശം?” കാര്യം മനസിലാവാതെ ഞാൻ അങ്ങോട്ടും ചോദിച്ചു. അതോടെ ഞങ്ങൾ ഇന്നലെ സംസാരിച്ച കാര്യങ്ങൾ അവിടെ വെച്ച് തന്നെ പറഞ്ഞു. അപ്പോഴാണ് അമ്മ ഇതൊക്കെ കേട്ടിരുന്നു എന്ന് എനിക്കും മനസിലായത്.

  “നീ എന്താ വേണ്ടത് എന്നോ ഈ കുടുംബം നശിപ്പിക്കരുത് കെട്ടോ. നിനക്ക് പോകണമെങ്കിൽ എങ്ങോട്ടു വേണമെങ്കിലും പോകാം. അല്ലാതെ ഇവിടുള്ള ആൾക്കാരെ തമ്മിലടിപ്പിക്കുകയല്ല വേണ്ടത് കേട്ടല്ലോ” അമ്മ നല്ല ദേഷ്യത്തിലാണ് സംസാരിക്കുന്നത്. ഇതൊക്കെ കേട്ടുകൊണ്ട് ഉമ്മറത്ത് തന്നെ രാജീവേട്ടൻ ഉണ്ടായിരുന്നു.

  “മിണ്ടാതെ അകത്തേക്ക് പോയ്ക്കോള്ളണം” അമ്മയുടെ ബഹളം കേട്ട് അപ്പുറത്ത് നിന്നും അച്ഛൻ അവിടേക്കു വന്നു. അച്ഛന് ഇങ്ങനെ വീട്ടിൽ നിന്നും ഒച്ചയെടുത്തു സംസാരിക്കുന്നതൊന്നും ഒട്ടും ഇഷ്ടമുള്ള കാര്യം അല്ല. അതിനിടെ രാജീവേട്ടൻ ഉണ്ണിക്ക് റ്റാറ്റ പോലും കൊടുക്കാതെ ദേഷ്യപ്പെട്ടുകൊണ്ട് ഓട്ടോയും എടുത്ത് പോയി.

‌വീടുമാറുന്ന വിഷയം ഞാനും അമ്മയും ആയിട്ടുള്ള നല്ല വഴക്കിലേക്കാണ് കാര്യങ്ങൾ പോയത്. പകൽ മുഴുവൻ പല തവണ അതിന്റെ പേരും പറഞ്ഞ് എന്റെടുത്ത് വഴക്കിനു വരികയും ഞാൻ കൂടുതൽ ഒന്നും സംസാരിക്കാതെ ഒഴിഞ്ഞു മാറുകയും ചെയ്തു.

രാത്രി രാജീവേട്ടൻ വന്നപ്പോൾ അമ്മ ഈ വിഷയം പിന്നെയും എടുത്തിട്ടു. പകൽ മുഴുവൻ ഈ കാര്യവും പറഞ്ഞ് ഞാൻ അമ്മയോട് വഴക്കിട്ടു എന്ന നിലയിലാണ് അമ്മ സംസാരിച്ചത്. അതോടെ കാര്യം മുഴുവൻ അറിയാതെ രാജീവേട്ടനും എന്നോട് വഴക്കിനു വരികയായിരുന്നു.

    “രാജീവേട്ടാ അമ്മ വെറുതേ കള്ളം പറയുന്നതാണ് കെട്ടൊ എന്റെ മോനാണെ സത്യം ഞാൻ ഇവിടുന്ന് അമ്മയോട് ഒരു വാക്കു പോലും പറഞ്ഞിട്ടില്ല”  ഉണ്ണിയെ ചേർത്തുനിർത്തി ഞാൻ പറഞ്ഞു.

‌ “ഓ ഞാൻ പറഞ്ഞത് നുണ. നിന്റെ സ്വഭാവം അത്ര നല്ലതാണല്ലോ. കള്ളം കാണിക്കാത്ത നല്ല തങ്കപ്പെട്ട സ്വഭാവം ആയത് കൊണ്ടാവും പരീക്ഷേം കഴിഞ്ഞ് വീട്ടുകാരു പോലും അറിയാതെ നിന്നെ ഇവിടേക്ക് കെട്ടിയെടുത്തത്”   അമ്മയുടെ ശബ്ദം ഉയർന്നു.

‌ “അല്ലേലും ഞാൻ അന്നേ ഇവനോട് പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്. ഇവന് അന്ന് ബോധമുണ്ടായില്ല ഇപ്പൊ അനുഭവിക്കുന്നത് ഞാനും” അമ്മ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.

പറ്റിയത് എനിക്കാണെന്നു പറയണമെന്നുണ്ടായിരുന്നു. പീ ജിയും കഴിഞ്ഞ് കബ്യൂട്ടർ കോഴ്സിനു ചേർന്നു അതിന്റെ റിസൽട്ട് വരാൻ കാത്തു നിന്നില്ല. അതിനു മുന്നേ എല്ലാം കഴിഞ്ഞിരുന്നു.

   “നിങ്ങള് ഇവിടെ ഉണ്ടെന്ന് അറിഞ്ഞിരുന്നേ ഞാനിങ്ങോട്ട് വരില്ലായിരുന്നു ” ഞാൻ അമ്മയെ നോക്കി പറഞ്ഞു.

  “എടാ നീ ഇവള് പറയുന്നത് കേൾക്കുന്നില്ലേ ? നിന്നെ ഒന്നിനും കൊള്ളാത്തത് കൊണ്ടല്ലെ ഇവളിവിടെ കിടന്നു ഇങ്ങനെ ചെയ്യുന്നത്.” അമ്മ രാജീവേട്ടനെ പ്രകോപിച്ചുകൊണ്ടിരുന്നു.

   “അല്ലേലും ഇവൾക്ക് ഇവിടുത്തെ പോലെ സുഖം എവിടെയാ കിട്ടുക. രാവിലെ എണീറ്റ് ഒരു നാല് തുണീം കൊണ്ട് പുഴേ പോയി അവിടുന്ന് കണ്ട അവളുമാരോട് നിന്നേം എന്നേം പറ്റി കൊറേ ഉള്ളതും ഇല്ലാത്തതും പറഞ്ഞ് വന്ന് ഒരു പുത്തകോം എടുത്ത് വെച്ച് ഇരുന്നാൽ മതിയല്ലോ. ഇവിടുത്തെ പണി എടുത്ത് എടുത്ത് ബാക്കി ഉള്ളോർക്ക് മുട്ടുവേദന തുടങ്ങി” അമ്മയുടെ സംസാരം കേട്ട് രാജീവേട്ടൻ എന്നെ രൂക്ഷമായി നോക്കി.

   ”നിന്നോട് ഇന്നലെ രാവിലെ ഞാൻ എന്താ പറഞ്ഞത്?” എന്റെ കൈ പിടിച്ചു തിരിച്ചു കൊണ്ട് രാജീവേട്ടൻ ചോദിച്ചു.   അമ്മ എന്തേലും പറഞ്ഞാൽ മിണ്ടാതെ കേട്ടിരിക്കണം എന്നായിരിക്കും, അതാവും പുള്ളി ഉദേശിച്ചത്. എന്റ കൈ നന്നായി വേദനിച്ചു തുടങ്ങിയതോടെ ഞാൻ മറ്റേ കൈ കൊണ്ട് രാജീവേട്ടന്റെ കൈ പിടിച്ചു മാറ്റാനുള്ള ശ്രമം ആരംഭിച്ചു. ഒടുവിൽ വേദന സഹിക്കാതെ ഞാൻ ഉറക്കെ കരയുകയും കൂടി ചെയ്തതോടെ എന്റെ പുറത്ത് രാജീവേട്ടന്റെ കൈ പതിഞ്ഞിരുന്നു.

  “കൊറേ നേരം മൊബൈലും നോക്കി കൊറേ നേരം മിഷ്യന്റ മേലെ ഇരിക്കേം ചെയ്താൽ അവളുടെ കാര്യം ഒക്കെ അങ്ങു നടക്കുമല്ലോ” അമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.

   “നിങ്ങളെന്തിനാ ഇപ്പൊ എന്നെ അടിച്ചെ” ഭ്രാന്തിളകിയതുപോലെ ഞാൻ പുള്ളിക്ക് നേരെ നടന്നടുത്തു.

  “നിങ്ങടെ അമ്മ അവിടേം ഇവിടേം പോയി എന്നെകൊണ്ട് എന്തൊക്കെ അനാവശ്യങ്ങൾ പറഞ്ഞ് നടക്കുന്നുണ്ട് എന്നോ. നിങ്ങടെ അമ്മയെ അടക്കി നിർത്താൻ നിങ്ങൾക്കാവില്ലല്ലോ അപ്പൊ പിന്നെ എന്നെ അടിക്കാനും വരണ്ട” ഞാൻ എന്തൊക്കെ ആണ് വിളിച്ചു പറയുന്നത് എന്നു പോലും എനിക്കു മനസിലായില്ല.

  “ഞാനേ തയ്ക്കുന്നുണ്ടെ അതിന്റെ പൈസ കൊണ്ട് തന്നെയാ ഞാനും മോനും ജീവിക്കുന്നേ അല്ലാതെ നിങ്ങൾടെ അമ്മ പൈസ തന്നിട്ടല്ല” എന്റെ രൂക്ഷമായ രീതിയിലുള്ള സംസാരം കേട്ട് രാജീവേട്ടൻ തയ്യൽ മിഷ്യന്റെ അടുത്തേക്ക് നീങ്ങുകയും കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ചുകൊണ്ട് എന്റെ മിഷ്യൻ എടുത്ത് ഒറ്റ ഏറായിരുന്നു. അതിന്റെ ചക്രത്തിന്റെ ഭാഗം പൊട്ടിപ്പോയി. അതോടെ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു.

  “എന്റെ ഒക്കെ പോയില്ലേ ഇനി ഇതും വേണ്ട” പുള്ളിയുടെ അലമാരിയിൽ കിടന്ന എന്തൊക്കെയോ ഡ്രസ്സുകൾ ഞാൻ വലിച്ച് താഴേക്കിട്ടു ചവിട്ടി.

  ഭ്രാന്തിളകിയത് പോലെ വന്ന രാജീവേട്ടൻ അലമാരിയിൽ നിന്നും എന്റെ ഡ്രസ്സുകൾ കൂടി വലിച്ചിട്ടു.

  “ഇനി ഇതൊന്നും ഇവിടെ വേണ്ട നിന്നേം ഞാൻ കത്തിച്ചു തരാം” വീണു കിടക്കുന്ന ഷാൾ കൈയിലെടുത്ത് അതിലേക്ക് തീപ്പെട്ടി കൊള്ളി ചേർത്തുവെച്ച് പുള്ളി പല്ലുകടിച്ചു.

” കത്തിക്കുന്നുണ്ടെ ഞാൻ ഒറ്റയ്ക്കാവില്ല കത്തുന്നേ “. ഉണ്ണിയെ പിടിച്ചു വലിച്ച് ഞാൻ അവിടെ തന്നെ നിന്നു. കൈ വേദനിച്ചതു കൊണ്ടാവാം ഉണ്ണി ഉറക്കെ കരഞ്ഞുകൊണ്ട് തീയിലേക്കു നോക്കി.

ഉണ്ണിയുടെ കരച്ചിലും രാജീവേട്ടന്റെ ഉറക്കെയുള്ള സംസാരവും കൂടി ആയപ്പോൾ വീട്ടിൽ ആകെ ബഹളമായി. രാജീവേട്ടൻ ആണെങ്കിൽ പ്രാന്ത് പിടിച്ചത് പോലെ എന്നെ നോക്കി. അതിനിടയിൽ അച്ഛൻ അകത്ത് നിന്നു വരികയും ഈ പ്രശ്നത്തിൽ ഇടപെടുന്നതിനോടൊപ്പം രാജീവേട്ടനോട് പറയാനുള്ളതും കൂടി അമ്മയുടെ മുഖത്തു നോക്കി പറയുകയും ചെയ്തു.

   “നാളെ അവൾ എന്തെങ്കിലും ബുദ്ധിമോശം കാണിച്ചാൽ ഇവിടെ ആരാ മറുപടി പറയുക. അല്ലെങ്കിൽ തന്നെ ദിവസോം ഇതൊക്കെ തന്നെയേ പേപ്പറിൽ ഉള്ളൂ”  അച്ഛൻ അമ്മയോട് നല്ല ചീത്ത തന്നെ പറയുന്നുണ്ടായിരുന്നു.  ഞാനെന്തെങ്കിലും കടും കൈ ചെയ്യുമോ എന്ന പേടിയായിരുന്നു അച്ഛന്.

  അതിനിടെ രാജീവേട്ടൻ വീട്ടിൽ നിന്നും ഇറങ്ങി പോയി.  ഉണ്ണിയുടെ കരച്ചിൽ മാത്രം  അവിടെ ഉയർന്നു കേട്ടു .

 “അമ്മേടെ മോൻ കരയല്ലെ… പേടിച്ചു പോയോ എന്റെ മോൻ. അമ്മ ഇവിടെ തന്നെ ഇല്ലേ പിന്നെ മോനെന്തിനാ കരയുന്നേ?”  അവനെ തോളത്തിട്ട് അശ്വസിപ്പിക്കുമ്പോഴും  എന്റെ കണ്ണുകൾ  നിറഞ്ഞൊഴുകുകയായിരുന്നു. ഒടുവിൽ കരഞ്ഞു തളർന്ന് ഉറങ്ങുന്ന അവന്റെ ഓമനത്തം  നിറഞ്ഞ മുഖത്തേക്ക് ഞാൻ ഒരു പാട് നേരം നോക്കിയിരുന്നു. കവിളിലുള്ള കണ്ണീർ ചാലുകൾ അവന്റെ മുഖത്തിനു ഒട്ടും ചേരുന്നില്ല എന്നത് കൊണ്ടു തന്നെ അതു തുടച്ച് കൊടുത്ത് അവന്റെ നെറ്റിയിൽ എന്റെ ചുണ്ടമർത്തി ഒരു ഉമ്മയും കൊടുത്തിട്ടാണ് ഞാൻ തിരികെ ഹാളിലേക്ക് നടന്നത്.

തകർന്ന തയ്യൽ മിഷ്യന്റ ഭാഗങ്ങൾ ഓരോന്നും എടുത്ത് അതിന്റെ മേലെ തന്നെ വെച്ചു. വലിച്ചിട്ട ഡ്രസ്റ്റുകൾ ഒക്കെയും മടക്കി വെച്ചു. അതിനിടെ എന്റെ വീട്ടിലേക്ക് ഞാൻ വിളിക്കുന്ന സമയം കഴിഞ്ഞത് കൊണ്ടാവാം അമ്മ എന്റെ ഫോണിലേക്ക് തുടരെ  വിളിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ഫോണെടുത്താൽ എന്റെ ശബ്ദം ഇടറുകയും അത് ചിലപ്പോൾ ഒരു കരച്ചിലായി മാറുകയും ചെയ്യും എന്ന് എനിക്ക് ഉറപ്പായിരുന്നു. അത്കൊണ്ട് തന്നെ അമ്മയുടെ കോൾ ഞാൻ കണ്ടില്ല എന്ന് നടിച്ചു.

‌ വീട്ടിൽ ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ഉണ്ണി കരഞ്ഞ് തളർന്ന് ഉറങ്ങിയത് കൊണ്ടു തന്നെ അച്ഛനും ഇന്ന് പതിവിലും നേരത്തെ കിടന്നു. ഞാൻ ഫോണെടുക്കാത്തത് കൊണ്ടാവണം അമ്മ ഏട്ടന്റെ  ഫോണിൽ നിന്നും വിളിക്കാൻ തുടങ്ങി. ഇനിയും ഫോണെടുത്തില്ലെങ്കിൽ അവിടെ അച്ഛനും അമ്മയും ആകെ പേടിക്കും. അതോടെ രണ്ടും കൽപിച്ച് ഞാൻ ഫോണെടുത്തു. എടുത്തപ്പോഴേ അമ്മ ചീത്ത പറഞ്ഞില്ല എന്നേ ഉള്ളൂ. എല്ലാം കേട്ടു പരമാവധി അധികം സംസാരിക്കാതെ ഫോൺ വെക്കാനുളള എന്റെ ശ്രമം “നിന്റെ ശബ്ദത്തിനെന്താ മാറ്റം?” എന്ന ഒറ്റ ചോദ്യത്തോടെ അമ്മ നിഷ്പ്രഭമാക്കി കളഞ്ഞു. ഒടുവിൽ സംഭവിച്ച കാര്യങ്ങളിൽ പകുതിയും ഒളിച്ചുവെച്ച് ചെറിയ വഴക്കുണ്ടായിരുന്നു എന്നു മാത്രം പറഞ്ഞ് ഞാൻ അമ്മയെ സമാധാനിപ്പിച്ചു.
‌ “ഞാൻ ശ്രീയോട് വണ്ടി എടുത്ത് അവിടെ വരാൻ പറയാം നീ മോനെയും എടുത്ത് ഇപ്പൊ തന്നെ ഇങ്ങോട്ട് പോര്” അമ്മ അമ്മയുടെ തീരുമാനം പറഞ്ഞു. അമ്മയ്ക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു. അത് സംസാരത്തിൽ തെളിഞ്ഞു കണ്ടു. പൊതുവേ അങ്ങനെ ആരെയും കുറ്റപ്പെടുത്തി സംസാരിക്കുന്ന പ്രകൃതമല്ല അമ്മയുടേത് എന്നിട്ടും രാജീവേട്ടന്റെ വീട്ടുകാരെ പറ്റി അമ്മ ദേഷ്യപ്പെട്ടു സംസാരിക്കാൻ തുടങ്ങിയപ്പോൾ ഇവിടെ  ഈ  വീട്ടുകാരുടെ ഇടയിൽ ജീവിക്കുന്ന ഞാൻ എന്തുമാത്രം അനുഭവിക്കുന്നു.

രാത്രി ഒരു പാട് നേരം ആയിട്ടും രാജീവേട്ടൻ വരുന്നുണ്ടായില്ല. ഉണ്ണിക്ക് ഒപ്പം  കിടക്കുംബോൾ ഞാൻ ചില തീരുമാനങ്ങൾ എടുത്തിരുന്നു. ഇങ്ങനെ ഈ വീട്ടിൽ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ് എന്ന് ഞാൻ പല തവണ ആലോചിച്ചു ഉറപ്പിച്ചിരുന്നു.  ഇടയ്ക്ക് എപ്പൊഴോ ഉറങ്ങി.

************

രാജീവൻ പന്ത്രണ്ട് മണി കഴിഞ്ഞും വരാത്തത് കൊണ്ട് തന്നെ ഗൗരി ഹാളിൽ തന്നെ ഇരുന്നു. ഇടയ്ക്ക് വിദ്യ കിടക്കുന്ന റൂമിന്റെ വാതിലിനുള്ളിലൂടെ അകത്തേക്ക് നോട്ടമയച്ചുകൊണ്ട് അവർ ഹാളിൽ തന്നെ ഇരുന്നു. അതിനിടെ തന്നെ രാജീവന്റെ അറിയാവുന്ന കൂട്ടുകാരുടെ നബറിലേക്കൊക്കെ വിളിച്ച് അവൻ എവിടെ ആണ് ഉള്ളത് എന്ന് അന്വേഷിക്കുകയും അവിടെ അടുത്ത് എവിടെയോ രാജീവൻ ഉണ്ട് എന്നു മനസിലാക്കുകയും ചെയ്തു

“അതെങ്ങനെയാ ഈ ഓട്ടോയും തള്ളി നടന്ന് വീട്ടിലെത്തുംബോൾ സമാധാനം ഉണ്ടെങ്കിലല്ലെ” ആരോടെന്നില്ലാതെ അവർ ഹാളിൽ ഇരുന്നു  പിറുപിറുത്തുകൊണ്ടിരുന്നു .

**************

രാവിലെ തന്നെ എനിക്ക് വീട്ടിൽ നിന്നും ഫോൺ വന്നു. ഇന്നലത്തെ കാര്യങ്ങൾ അറിയാത്തതുകൊണ്ടുതന്നെ സമാധാന കേടുകൊണ്ടാണ് അമ്മ വിളിക്കുന്നത്. കുറച്ചു നേരം സംസാരിച്ചതിനു ശേഷം ഞാൻ വേഗം തന്നെ ഫോൺ വെച്ചു. അമ്മയ്ക്ക് അറിയാം എനിക്കു ഇവിടെ ഒരു പാട് ജോലികൾ ഉണ്ടെന്ന്. പകൽ വെളിച്ചത്തിൽ ഞാനെന്റെ തയ്യൽ മിഷ്യൻ നോക്കിക്കാണുകയായിരുന്നു. ഇനി അതു റെഡിയാക്കാൻ ഞാൻ തന്നെ വേണം പൈസ ചിലവാക്കിക്കാൻ. ആ കണ്ടീഷനിൽ എന്റെ തയ്യൽ ജോലി നടക്കില്ല എന്നു എനിക്ക് ഉറപ്പായിരുന്നു. എന്തോ ഇടയ്ക്ക് ഞാൻ ആ മിഷ്യനെയും സ്നേഹിച്ചിരുന്നു അതു കൊണ്ട് തന്നെ അതിന്റെ ഈ തകർന്ന അവസ്ഥ എനിക്ക് ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല. രാവിലെ രാജീവേട്ടന്റെ കാര്യങ്ങൾ ഒക്കെ ചെയ്തു കൊടുത്തത് അമ്മ തന്നെയാണ്. ഞാൻ ആ ഭാഗം ചിന്തിക്കാൻ പോലും നിന്നില്ല എന്നോട് ഇത്തിരിയെങ്കിലും ഇഷ്ടമുണ്ടായിരുന്നേ ഇങ്ങനെഎല്ലാം  എന്നോട് ചെയ്യില്ലായിരുന്നല്ലോ.

ഉച്ച ആയപ്പോഴേ അമ്മ വീണ്ടും ഒന്നും രണ്ടും പറഞ്ഞ് തുടങ്ങി. ”ഇന്നലെ എവിടെയോ കിടന്ന് നട്ടപ്പാതിരയ്ക്കാണ് ചെക്കൻ വന്നത്. ആരോടാ ഞാനിതൊക്കെ പറയേണ്ടത് ഓരോരുത്തികളുടെ വല്ല്യ കളി കൊണ്ട് അവനും സമാധാനം ഇല്ലാതെ ആയല്ലോ ദൈവമേ”  അമ്മ ആരോടെന്നില്ലാതെ അടുക്കളയിൽ നിന്നും പറഞ്ഞു. ഞാൻ അവിടെ വന്നതിൽ പിന്നെയാണ് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായത് എന്ന രീതിയിലാണ് പിന്നെ അവർ സംസാരിച്ചത്.

“നിന്നെയൊക്കെ ഇവിടന്നു എങ്ങോട്ടെങ്കിലും   കെട്ടിയെടുത്താലെ  ഇനി ഈ കുടുംബം രക്ഷപ്പെടുള്ളൂ. നീ വന്നു കയറിയതെ   ഈ കുടുംബം മുടിഞ്ഞു. എന്റെ ചെക്കന് സ്വസ്ഥതയില്ലാതായി” അമ്മ എന്റെ മുഖത്ത് നോക്കി അതും പറഞ്ഞ് മുറ്റത്തേക്ക് ഒരു തുപ്പായിരുന്നു. ശെരിയാണ്. ഞാൻ ഈ വീട്ടിൽ ഒരു അധികപറ്റു തന്നെയാണ്. എല്ലാം തീരുമാനിച്ചുറപ്പിച്ചു കൊണ്ട് ഞാൻ മുറിയിലേക്ക് കയറി ഉണ്ണി ഉണരാതിരിക്കാൻ വാതിൽ പതുക്കെ ചേർത്തടച്ചു. ശബ്ദമുണ്ടാക്കാതെ  അലമാര തുറന്നു കല്യാണസാരി  കൈയിലെടുത്തു. അപ്പോഴെല്ലാം എന്റെ കണ്ണും മനസും നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.

എല്ലാം തീരുമാനിച്ചുറപ്പിച്ചത് പോലെ ഞാൻ എന്റെയും  മോന്റെയും അത്യാവശ്യം വേണ്ട  ഡ്രസ്സുകളും എന്റെ  സർട്ടിഫിക്കറ്റുകളും എടുത്ത് ബാഗിലേക്ക് വെച്ചു. പെട്ടെന്ന് ഞാൻ എന്റെ വീട്ടിലേക്ക് കയറിച്ചെന്നാൽ ചിലപ്പോൾ അത് ഒരു സംസാരവിഷയമാകും. എന്തായാലും ഇനിയും ഇവിടെ നിൽക്കുന്നതിൽ അർഥമില്ല. പെട്ടെന്നുള്ള എന്റെ ഒരുക്കങ്ങൾ കണ്ടിട്ടാവണം അമ്മ ഹാളിലൂടെ നടക്കുന്നു എന്ന ഭാവത്തിൽ റൂമിലേക്ക് ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. അച്ഛൻ അവിടെ ഒന്നും ഉണ്ടായിരുന്നില്ല. യാത്ര പറയാൻ മറ്റൊരാളും ഇല്ലാതിരുന്നത് കൊണ്ട് തന്നെ ഞാൻ വേഗം ബാഗും എടുത്ത്  ഉണ്ണിയെയും എടുത്ത് ഇറങ്ങിയപ്പോൾ   തന്നെ അമ്മ ഞങ്ങൾക്ക് തടസമായി മുന്നിൽ വന്നു നിന്നു.

  “നീ എങ്ങോട്ടാ പോകുന്നേ?”  അമ്മ ചോദിച്ചു.

  “അത് നിങ്ങളോട് പറയണോ?” എന്റെ ഉള്ളിലെ ദേഷ്യം വാക്കുകളിലുടെ പുറത്തേക്ക് വന്നു.

  “നീ പോകുന്നത് എന്നോട് പറയണ്ട. നീ ഒക്കെ പോകുന്നത് തന്നാ  നല്ലത്. പക്ഷേ കുഞ്ഞിനേം കൊണ്ട് എവിടെയാ പോകുന്നേ എന്നാണ് ചോദിച്ചത്” അവർ ഉണ്ണിയെ നോക്കികൊണ്ട് പറഞ്ഞെങ്കിലും അതിനൊന്നും ചെവികൊടുക്കാതെ ഞാൻ മുറ്റത്തേക്കിറങ്ങി ആദ്യം കണ്ട ഓട്ടോയ്ക്ക് തന്നെ കൈനീട്ടി. 

******************

 വിദ്യ വീട്ടിൽ നിന്നും  പോയെന്ന് ഉറപ്പായതോടെ അമ്മ  രാജീവനെ വിളിക്കുകയും കുഞ്ഞിനേം കൊണ്ട് പോകരുത്  എന്നു പറഞ്ഞിട്ടു കൂടി വിദ്യ തന്നിഷ്ടപ്രകാരം പോയി എന്ന നിലയിലാണ് കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. 

  “ഞാൻ വാതിൽക്കൽ നിന്നു തടഞ്ഞതാ എന്നിട്ട് എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെയാ അവൾ പോയത്. അല്ലേലും ഞാൻ പറയുന്നത് അവൾ വില വെക്കാറില്ലല്ലോ” ഉച്ചഭക്ഷണ സമയത്ത് രാജീവൻ എത്തിയതേ ഗൗരി തന്റെ കൗശലബുദ്ധി പുറത്തെടുത്തു.

  “വീട്ടിലേക്ക് തന്നെയാണോ പോയത് എന്നു തന്നെ എനിക്കറിയില്ല. രാവിലെ മുതൽ ഫോൺ വിളി ആയിരുന്നു.”  രാജീവൻ കേൾക്കെ തന്നെ അവർ പിറുപിറുത്തു. എല്ലാം കേട്ടു കഴിഞ്ഞിട്ടും രാജീവൻ ഒരു വാക്കു പോലും മിണ്ടിയില്ല. ഓട്ടോ വീട്ടിൽ തന്നെ വെച്ച് ഷനോജിനെയും വിളിച്ച് നേരെ പുറത്തേക്കു  പോവുകയാണ് രാജീവൻ  ചെയ്തത്.

***************

ഉണ്ണിയെ കണ്ട സന്തോഷത്തിൽ ആയിരുന്നു അമ്മയൊക്കെ. പെട്ടെന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ ഞാൻ വന്നതിന്റെ കാരണം അമ്മ മാത്രം ഒരു സ്വകാര്യം പോലെ എന്നോട് ചോദിച്ചെങ്കിലും ഒന്നും ഇല്ല എന്ന മറുപടിയാണ് ഞാൻ നൽകിയത്.  അതിനിടെ രാത്രി ആയതോടെ രാജീവേട്ടന്റ  അമ്മ എന്റെ അച്ഛന്റെ ഫോണിലേക്ക് വിളിക്കുകയും ഞാൻ അവിടുന്ന് ഒന്നും പറയാതെ ഇറങ്ങി പോരുകയും ഇവിടെ എത്തിയോ എന്നറിയാൻ വിളിച്ചതാണെന്നൊക്കെ ഫോണിലൂടെ പറഞ്ഞു.  അച്ഛൻ അതിനൊന്നും മറ്റു മറുപടികൾ പറഞ്ഞില്ല.

‌  “നീ അവിടുന്ന് ഒന്നും പറയാതെ ആണോ ഇറങ്ങിയെ?”  എന്നെ അടുത്ത് കിട്ടിയപ്പോൾ അച്ഛൻ എന്റെ മുഖത്തേക്ക് നോക്കി.  ഞാൻ അതിനു മറുപടി ഒന്നും കൊടുക്കാതെ മുഖം താഴ്ത്തി. എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അച്ഛന് മനസിലായി. എല്ലാം നാളെ ചോദിക്കാം എന്നു കരുതിയാവും അച്ഛൻ വേറെ ഒന്നും ചോദിച്ചില്ല.

ശ്രീയേട്ടനും  രേഷ്മയും  അധികം വൈകാതെ തന്നെ കിടന്നു. അവർ മുകളിലത്തെ മുറിയാണ് ഉപയോഗിക്കുന്നത്. അവരൊക്കെ കിടക്കാൻ പോയതോടെ അമ്മയാണ് എന്റെ അടുത്ത് കാര്യങ്ങൾ അന്വേഷിച്ചു വന്നത്.  എന്താണ് പ്രശ്നം എന്നാണ് അമ്മയ്ക്ക് അറിയേണ്ടത്. അവിടെ സംഭവിച്ച കാര്യങ്ങൾ ഓരോന്നായി ഞാൻ പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞതേ അമ്മ എന്നോട് ദേഷ്യപ്പെടുകയാണ് ചെയ്തത്.

   “ഇങ്ങനെ ഒക്കെ സംഭവിക്കുന്നുണ്ടേൽ നീ എന്തുകൊണ്ടാ എന്നോട് ഒരു കാര്യോം പറയാതിരുന്നേ? ഇതൊക്കെ അറിഞ്ഞിരുന്നേൽ  ഞാൻ ആരെയെങ്കിലും കൂട്ടി അവിടെ വരില്ലായിരുന്നോ”  അമ്മയ്ക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.

“നിന്റെ സ്ഥാനത്ത് ഞാനായിരിക്കണം.” അമ്മ ദേഷ്യത്തോടെയാണ് അങ്ങനെ പറഞ്ഞത്. അമ്മ പറയുന്നതൊക്കെ കേട്ടു നിൽക്കുക എന്നല്ലാതെ ഞാൻ മറുത്ത് ഒന്നും പറഞ്ഞില്ല. എല്ലാം ഞാനായിട്ട് തന്നെ വരുത്തിവെച്ചതാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. അച്ഛനും ആങ്ങളയും ഇതുവരെ ഒന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഞാൻ അറിയിച്ചതും ഇല്ല. അവിടെ എന്തു സംഭവിച്ചാലും മൂടി വെക്കുകയായിരുന്നു ഇതുവരെ.

 രാവിലത്തേക്കുള്ള ദോശയുടെ മാവ് റെഡി ആക്കുകയായിരുന്നു അമ്മ, കൂടെ ഞാനും  ഈ വിഷയങ്ങൾ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. അതിനിടയിൽ കറന്റ് പോവുകയും കുറച്ച് കഴിഞ്ഞതിനു ശേഷം മുറ്റത്ത് ഒരു ഓട്ടോ വന്നു നിൽക്കുകയും ചെയ്തു.

**************

രാജീവേട്ടൻ ഓട്ടോയിൽ നിന്നും ഇറങ്ങുന്നത് കണ്ടപ്പോഴേ എന്റെ നെഞ്ചിടിപ്പ് ഉയർന്നു കഴിഞ്ഞിരുന്നു. അതിന്റെ കൂടെ ആണ് ഓട്ടോയ്ക്ക് പിൻസീറ്റിൽ നിന്നും ഷനോജും ഇറങ്ങിയത്.

“രാജീവൻ എന്താ പെട്ടെന്ന് വന്നെ? വിളിക്കുകയൊന്നും ചെയ്യാതെ ?” അമ്മയാണ് സംസാരിച്ചു തുടങ്ങിയത്. അതിനു മറുപടി ഒന്നും പറയാതെ എനിക്കു നേരെ നോക്കിയ രാജീവേട്ടൻ “നീ ഇവിടെ എത്തിയോ” എന്നറിയാൻ വന്നതാണ് എന്നു പറഞ്ഞു. എന്നെ വീട്ടിൽ കാണാത്തത് കൊണ്ട് അനേഷിച്ചു  വന്നതാണത്രെ.

  ഉച്ചയ്ക്ക് ഞാൻ അവിടെ നിന്നും ആരോടും ഒന്നും പറയാതെ ആണ് ഇറങ്ങിയത് എന്നും എന്നെയും മോനെയും കാണാതെ അവിടെ എല്ലാവരും  ആകെ തിരയുകയായിരുന്നു എന്നൊക്കെ ആണ് രാജീവേട്ടൻ പറഞ്ഞത്. അതിനിടെ രാജീവേട്ടനോട് കയറി ഇരിക്കാനൊക്കെ അമ്മ പറയുന്നുണ്ടായിരുന്നു. സംസാരിക്കുംബൊൾ വരുന്ന രൂക്ഷമായ മദ്യത്തിന്റെ മണം അമ്മയും തിരിച്ചറിഞ്ഞു.

   “തിരയാൻ ഞാനെന്താ ചെറിയ കുട്ടിയാണോ? ഞാനെന്താ അമ്മയുടെ മുന്നിൽ കൂടി തന്നെയല്ലെ ഇങ്ങോട്ട് വന്നെ”  ഞാൻ മുഖത്ത് നോക്കി തന്നെ പറഞ്ഞു.

   “നീ അമ്മയോട് എന്താ പറഞ്ഞത്? ഒന്നും പറയാതെ കുട്ടിയേം കൂട്ടി  ബാഗും എടുത്ത് പോവാരുന്നില്ലേ നീ. അമ്മയോട് പറയാത്തത് പോട്ടെ എന്നെ വിളിച്ച് പറയാരുന്നില്ലേ? അതും ചെയ്തില്ലല്ലോ” രാജീവേട്ടന്റെ ശബ്ദം ഉയർന്നതോടെ അകത്ത് നിന്നും അച്ഛനും ശ്രീയേട്ടനും രേഷ്മയും ഒക്കെ എണീറ്റു വന്നു.

   “അമ്മയ്ക്ക് എന്താ കണ്ണില്ലെ? ഞാൻ പോന്നത്  കണ്ടിട്ടില്ലേ. പിന്നെ നിങ്ങളെ ഞാൻ വിളിക്കാത്തതിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ എപ്പൊഴേലും ഞാൻ വിളിക്കുംബൊ നിങ്ങള് ഫോൺ എടുക്കാറുണ്ടോ?” അതും പറഞ്ഞ് ഞാൻ ഷനോജിന്റെ മുഖത്തു രൂക്ഷമായി നോക്കി.

“ഞാൻ വിളിക്കുംബൊ മാത്രം ഫോണും എടുക്കില്ല… തിരിച്ചു വിളിക്കുകയും ഇല്ല വേറെ ആരെങ്കിലും വിളിച്ചാലുടനെ   തന്നെ പോകും”  ഷനോജിനെ ഉദേശിച്ച് തന്നെയാണ് ഞാനത് പറഞ്ഞത്. എന്റെ വാക്കുകൾ കേട്ടതോടെ രാജീവേട്ടന്റെ കൂടെ ഇവിടെ വരെ വന്നു പോയല്ലോ എന്ന അവസ്ഥയിൽ ആയി അവൻ.

‌  അതിനിടെ ഞങ്ങൾ തമ്മിലുള്ള സംസാരത്തിലേക്ക് അച്ഛൻ ഇടപെടുകയും കൂടെ ശ്രീയേട്ടനും ഇടപെട്ടു.

‌   “നിനക്ക് അവിടുന്ന് ഒന്ന് വിളിച്ചു നോക്കാരുന്നില്ലേ? ഇനീപ്പൊ വിദ്യയെ വിളിച്ചു കിട്ടിയില്ലേൽ എന്റെ നമ്പറിൽ വിളിക്കാലോ” അച്ഛനാണ് അത് പറഞ്ഞത്.

‌”ഞാനെന്തിനാ വേറെ നമ്പറിലൊക്കെ വിളിക്കുന്നത്. അത്രയ്ക്ക് ഉത്തരവാദിത്തം ഉണ്ടെങ്കിൽ ഇവൾക്ക് അവിടുന്ന് ഇറങ്ങുന്നേനു മുന്നെ എന്നോട് പറയാലോ. ഞാൻ ഇത് ഉച്ഛയ്ക്ക് വീട്ടിലെത്തിയപ്പൊഴാ അറിയുന്നേ” രാജീവേട്ടന്റെ ശബ്ദത്തിൽ എന്നോടുള്ള ദേഷ്യവും ഉണ്ടായിരുന്നു.

“അല്ല അതിനിപ്പൊ എന്താ പ്രശ്നം? അങ്ങനെ ആണെങ്കിൽ ഉച്ചയ്ക്ക് അറിഞ്ഞപ്പോൾ തന്നെ ഇവളെയോ എന്നെയോ വിളിക്കാലോ? ഈ എല്ലാരും ഉറങ്ങാൻ നോക്കുംബൊ വന്ന് ഒച്ച ഉണ്ടാക്കേണ്ട കാര്യം എന്താ?”  അമ്മ രാജീവേട്ടനോടുള്ള ദേഷ്യം സംസാരത്തിലുടനീളം കാണിച്ചു.

   “അല്ലേൽ തന്നെ അവൾ വേറെ വല്ല സ്ഥലത്തും ആണോ പോയത് അവൾടെ വീട്ടിൽ തന്നെയല്ലെ” അതും പറഞ്ഞ് അമ്മ എന്നെ നോക്കി.

    “നീ ഒന്നും കഴിച്ചിട്ടുണ്ടാകില്ലല്ലോ? വാ എന്തേലും കഴിക്കാം” എന്ന അമ്മയുടെ സംസാരം കൂടി കേട്ടതോടെ സകല കണ്ട്രോളും വിട്ട് “നിങ്ങളുടെ സൽക്കാരത്തിനു വന്നതല്ല ഞാൻ, എന്റെ മോനെ കാണാൻ വന്നതാ “എന്നും പറഞ്ഞ് അമ്മയെ രൂക്ഷമായി നോക്കി. അതോടെ അമ്മയുടെ മുഖം ചുവന്നു.

   “മോനെ കാണാൻ വന്ന കോലം എന്തായാലും കൊള്ളാം. ഞാനിപ്പൊ വേറൊന്നും പറയുന്നില്ല നമുക്ക് ഇത് ഇപ്പൊ ഇവിടെ വെച്ച് നിർത്താം അതാ നല്ലത്. വെറുതേ എന്തിനാ” അതും പറഞ്ഞ് അമ്മ സംസാരം നിർത്തി.

   “നമുക്ക്  നാളെ സംസാരിക്കാം രാജിവാ ഇപ്പൊ പോ. കണ്ടീഷൻ അത്ര ശെരിയല്ല” അങ്ങനെ പറഞ്ഞു കൊണ്ട് ശ്രീയേട്ടൻ രാജീവേട്ടന്റെ പുറത്ത് തട്ടി. എന്നിട്ട് രൂക്ഷ ഭാവത്തിൽ ഷനോജിനെ നോക്കുകയും ചെയ്തു. കാര്യം മനസിലായ ഷനോജ് തന്നെയാണ് രാജീവേട്ടനെ അനുനയിപ്പിച്ചു കൊണ്ട് ഓട്ടോയിലേക്ക് കയറ്റിയത്.  ഓട്ടോ പോയതോടെ വീട്ടിൽ എല്ലാരുടേയും കണ്ണുകൾ എന്റെ മേലെ ആയി.

‌ ” അവിടെ എന്താ പ്രശ്നം?” ശ്രീയേട്ടൻ എന്റെ മുഖത്തേക്ക് നോക്കി. ഇനി ഒന്നും ഒളിച്ചു വെച്ചിട്ട് കാര്യമില്ല എന്ന് മനസിലായതോടെ ഞാൻ എല്ലാം തുറന്നു പറഞ്ഞു. എല്ലാം കേട്ട് രേഷ്മയും അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

‌ “അങനെ ഒക്കെ ആണെങ്കിൽ ഇനി നീ അങ്ങോട്ട് പോകണ്ട ” എല്ലാം കേട്ടു കഴിഞ്ഞ് അച്ഛൻ ഒരു തീരുമാനം പോലെ പറഞ്ഞു.  അത് പറയുക മാത്രമല്ല ഇതുവരെ ഈ കാര്യങ്ങൾ ഒന്നും വീട്ടിൽ അറിയിക്കാത്തതിന് നല്ല വഴക്കും പറഞ്ഞു

***************

രാവിലെ വാതിലിൽ മുട്ടുന്ന സൗണ്ട് കേട്ടിട്ടാണ് രാജീവൻ ഉണർന്നത്. അമ്മ ആയിരിക്കും എന്ന് അവന് ഉറപ്പായിരുന്നു. സമയം എട്ട് കഴിഞ്ഞിരിക്കുന്നു. രാവിലെ നല്ല തലവേദന ഉണ്ടായിരുന്നു അവന്. ഇന്നലെ കുടിച്ചതിനു ഒരു കണക്കും ഇല്ലായിരുന്നല്ലോ.

‌   “എടാ അവള് വരുന്നില്ലേൽ വരണ്ട നീ പോയി കുട്ടിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവാ”  വാതിൽ തുറന്നതെ അമ്മ അവനോട് പറഞ്ഞു. രാജീവൻ ഒന്നും പറയാതെ വേഗം കുളിമുറിയിലേക്ക് നടന്നു. കുളിക്കുന്നതിനിടയിൽ തന്നെ രാജീവന്റെ ഫോൺ തുടരെ തുടരെ റിങ്ങ് ചെയ്യുന്നുണ്ടായിരുന്നു. ആറേഴു തവണ റിംഗ് ചെയ്ത ഫോൺ രാജീവൻ കുളി കഴിഞ്ഞ് വന്ന് എടുക്കുംബൊഴേക്കും ഡിസ്കണക്റ്റ് ആയി. ഒടുവിൽ വാട്സാപ്പിൽ വന്ന വോയ്സ് മെസേജ് രഞ്ചിത്തിന്റെ ആയിരുന്നു. രാജീവന്റ  അനിയൻ ..! അവൻ എയർപോർട്ടിൽ നിന്നും വരുന്നുണ്ടെന്ന്..! വരുന്നവഴി ഏട്ടത്തിയുടെ വീട്ടിൽ കേറിയിട്ടേ വരുള്ളൂ എന്ന് പറഞ്ഞ് കൊണ്ടാണ് ആ വോയ്സ് അവസാനിച്ചത്.

രഞ്ചിത്തിന്റെ വരവിനെ പറ്റിയും അവൻ വരുന്ന വഴി വിദ്യയുടെ വീട്ടിൽ കയറും എന്നു പറഞ്ഞതും അമ്മയോട് പറയേണ്ട താമസം “അവനെന്തിനാ അവിടെ കേറുന്നേ..??  എന്ന ചോദ്യം വന്നു.

  “നീ ഒന്ന് അവന്റെ ഫോണിലേക്ക് വിളിച്ചുതന്നെ  ഞാൻ സംസാരിക്കാം”  അമ്മ  പറയുന്നതിനു മുന്നേ തന്നെ രാജീവൻ രഞ്ചിത്തിന്റെ നമ്പറിലേക്ക് വിളിച്ചു കഴിഞ്ഞിരുന്നു.

   “നീ നേരെ ഇങ്ങു വന്നാൽ മതി അവിടെ കേറാൻ നിൽക്കുവൊന്നും വേണ്ട” അമ്മയുടെ ശബ്ദം രഞ്ചിത്തിന്റെ ചെവിയിലെത്തി.

   “എന്താ കാര്യം?”  കാര്യമറിയാതെ രഞ്ചിത്ത് ചോദിച്ചു.

   “കാര്യമൊക്കെ ഉണ്ട് നീ ഇവിടെ വന്നിട്ട് പറയാം അതൊക്കെ”  അതോടെ ഫോൺ കട്ടായി .  എന്താ ആവോ കാര്യം എന്ന്‌ ആലോചിച്ചു കൊണ്ട് അവൻ ഫോൺ എടുത്തു പതുക്കെ വാട്സാപ്പ് നോക്കി. അതിൽ അപ്പോഴും ഓൺലൈൻ വന്നിട്ടില്ലാത്ത സുജിമയുടെ നബരിലേക്ക് ഫ്രീ ആകുമ്പോ വിളിക്കാം എന്ന്‌ msg അയച്ചു. ഇതുവരെ ആരോടും പറയാതെ കൊണ്ട് നടക്കുന്ന ഒരു ബന്ധം ആണ് രഞ്ജിത്തിനു. പഠിക്കുന്ന കാലം തൊട്ടേ ഉള്ള ആ ബന്ധം ഇപ്പോഴും തുടരുന്നു.  ഒന്നിക്കാൻ തന്നെ ആണ് തീരുമാനവും.

*****************

  പതിവിലും ലേറ്റ് ആയിട്ടാണ് ഞാൻ ഉണർന്നത്. അമ്മ അടുക്കളയിൽ ഉണ്ടായിരുന്നു. രേഷ്മയെ അവിടെങ്ങും കണ്ടില്ല. അവൾ ഉണർന്നു കാണില്ല അതാവും. അച്ഛൻ രാവിലെ വയലിൽ പണിക്കാരുടെ അടുത്ത് പോയി എന്ന് അമ്മയാണ് പറഞ്ഞത്. 

‌ ശ്രീയേട്ടൻ ഇന്ന് ലീവ് ആണെന്നും രേഷ്മയും ശ്രീയേട്ടനും  കൂടി കുറച്ചു കഴിഞ്ഞ് ടൗണിൽ പോകുമെന്ന്  കുറച്ച് കഴിഞ്ഞപ്പോൾ രേഷ്മയാണ് പറഞ്ഞത്. അവർ പറഞ്ഞത് പോലെ തന്നെ പത്ത് മണിക്കു മുന്നേ തന്നെ അവരുടെ മോനെയും എടുത്ത് ബൈക്കിൽ പോയി. അച്ഛൻ വന്നതോടെ ഉണ്ണിയെ കളിപ്പിക്കാനും എടുത്തു നടക്കാനും അച്ഛനായിരുന്നു മുന്നിൽ. ഇവിടുത്തെ കാഴ്ചകൾ ഉണ്ണിക്ക് തികച്ചും പുതുമ നിറഞ്ഞത് ആയിരുന്നു. അങ്ങനെ വരാറില്ലല്ലോ അതാവും. അവിടെ കിട്ടിയ ഒരു ബോൾ വെച്ച് മുറ്റത്ത്  കളിക്കുകയാണ് അച്ഛനും മോനും.

” അവരെ  ഇനി വൈകുന്നേരം നോക്കിയാൽ മതി”  ഉമ്മറത്തിരിക്കവെ അമ്മ പറഞ്ഞു. ശ്രീയേട്ടനെ കുറിച്ചാണ് പറയുന്നത്.

   “അവനൊരു പത്ത് ദിവസം അടുപ്പിച്ച് പണിക്ക് പോയിട്ടുണ്ടേൽ അവൾക്ക് എന്തെങ്കിലും ഒരു ആവിശ്യം ഉണ്ടാകും എന്നിട്ടു ഇങ്ങനെ ഒരു ദിവസം രാവിലെ ഇവിടുന്നിറങ്ങും. പൈസ തീർത്തിട്ട് വരും. എന്നിട്ട് ബൈക്കിന്റെ ലോൺ അടയ്ക്കാൻ അച്ഛൻ കൊടുക്കണം പൈസ” അമ്മയുടെ മുഖത്ത് എന്തോ ഒരു നിരാശ പോലെയാണ് തോന്നിയത്. അമ്മ പ്രതീക്ഷിച്ചത് പോലെയല്ല രേഷ്മ എന്ന് ആ മുഖഭാവത്തിൽ നിന്നും എനിക്കു മനസിലായി.

   “അമ്മ ഒന്നും പറയാൻ നിൽക്കണ്ട അവർക്ക് വേണേൽ അവർക്കറിയില്ലേ നമ്മളെന്തിനാ വെറുതേ ആവിശ്യമില്ലാത്ത കാര്യത്തിന് ഇടപെടുന്നെ”  ഞാൻ അമ്മയെ ഉപദേശിച്ചു. ആ ഒരു അഭിപ്രായം തന്നെ ആയിരുന്നു അച്ഛനും.

‌ അതിനിടെ അമ്മയോട് രഞ്ചിത്ത് വന്ന കാര്യം ഞാൻ പറഞ്ഞു.  “എത്തി”എന്നു പറഞ്ഞ് അവൻ തന്നെയാണ് വാട്സാപ്പിൽ മെസേജിട്ടിരുന്നത്. ഞാൻ അങ്ങോട്ട് ഒന്നും മിണ്ടിയിരുന്നില്ല. വീട്ടിലെത്തിയാൽ ആണ് ഞാൻ ഇവിടെ ആണെന്ന കാര്യം അവൻ അറിയുക. ഇനി ഇപ്പൊ അവിടുന്ന് എന്തൊക്കെയാണോ പറഞ്ഞു കൊടുക്കാൻ പോകുന്നത്.

വീട്ടിൽ അച്ഛൻ എന്നോട് കൂടുതൽ ചോദ്യങ്ങളൊന്നും ചോദിച്ചില്ലെങ്കിലും അമ്മ ഓരോ കാര്യങ്ങളും ചോദിച്ച് മനസിലാക്കുന്നുണ്ടായിരുന്നു. അതിനിടെ എന്റെ കൈയ്യിൽ ഉണ്ടായിരുന്ന ഒരു മാല കാണാതായതും അമ്മ ശ്രദ്ധിച്ചിരുന്നു. അത് രാജീവേട്ടൻ പണയം വെച്ചത് പിന്നീട് ലേലം ചെയ്ത് പോവുകയായിരുന്നു. അവിടുത്തെ അമ്മയ്ക്ക് വേണ്ടി രാജീവേട്ടൻ ആണ് അത് വാങ്ങിച്ചത്. ഒറ്റമാസം കൊണ്ട് എടുത്തു തരാം എന്നൊക്കെ ആയിരുന്നു അന്ന് പറഞ്ഞത്. പിന്നീട് ഓരോ തവണ നോട്ടീസ് വരുംബോഴും ഞാൻ പലിശ അടച്ചു പുതുക്കി കൊണ്ടിരുന്നു . ഒടുവിൽ ഒരു രക്ഷയും  ഇല്ലാതായതോടെ അത് പോട്ടെ എന്നു വെച്ചു.എന്റെ  അമ്മ എനിക്ക്  തന്നതായിരുന്നു ആ രണ്ട് പവന്റെ മാല.

‌    രാജീവേട്ടൻ ഒരു പാട് മാറിയിട്ടുണ്ട്. ഈ സമയം വരെ ഒരു കോളുപോലും ഇല്ല. എന്നെ വിളിക്കാത്തത് പോട്ടെ മോന്റെ കാര്യം അന്വേഷിച്ചെങ്കിലും വിളിക്കാലോ. ഇത് അതും ഇല്ല. പലപ്പോഴും രാജീവേട്ടന്റെ അമ്മ തന്നെ ആയിരുന്നു ഞങ്ങൾക്കിടയിലെ അസ്വാരസ്യങ്ങൾക്ക് കാരണവും. ചെറിയ കാര്യങ്ങൾ ഊതി വീർപ്പിച്ച് എന്നെ ഒന്നിനും കൊള്ളാത്തവളാക്കി ചിത്രീകരിക്കുകഅമ്മയുടെ  പതിവായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണം എന്റെ പി എസ് സി പരീക്ഷ എഴുത്തായിരുന്നു. ഓരോ തവണയും എഴുതുക എന്നല്ലാതെ വേറെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. അതിനിടയിൽ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ കിട്ടിയതാകട്ടെ അഞ്ഞൂറ്റി പതിനാലാം റാങ്ക്.  അഞ്ഞൂറു വരെ ആണെങ്കിൽ നല്ല പ്രതീക്ഷ ആയിരുന്നു. ഉറപ്പായും ജോലി ലഭിക്കും. മൂന്ന് വർഷ കാലാവധിയുള്ള ആ ലിസ്റ്റിൽ ഇപ്പൊ തന്നെ രണ്ട് വർഷം കഴിഞ്ഞു. ഓരോന്നോർത്ത് കൊണ്ട് ഞാൻ എപ്പൊഴോ ഉറങ്ങിപ്പോയി.

*********************

കൊണ്ടുവന്ന സാധനങ്ങളിൽ ഒട്ടുമിക്കതും കൊടുത്തു തീർത്തു അതിനിടെ ഉണ്ണിക്ക് മാറ്റി വെച്ച ഒരു കാറും അതിന്റെ കൂടെ കണ്ട വാച്ചും. അതിലായിരുന്നു ഗൗരിയുടെ ശ്രദ്ധ.

   “ഇതാർക്കാടാ വാച്ച്?”   അമ്മയുടെ ചോദ്യം കേട്ട് രഞ്ചിത്ത് അങ്ങോട്ട് നോക്കി.

   “അത് ഏട്ടത്തിക്ക് ” അവൻ സംശയമൊന്നും ഇല്ലാതെയാണ് അത് പറഞ്ഞത്.

  “അവൾക്കിപ്പൊ എന്തിനാ വാച്ചൊക്കെ? അല്ലേ തന്നെ അവളിനി എന്നു വരും എന്നു വച്ചാ” ഏട്ടത്തിക്ക് വാച്ച് മാറ്റി വെച്ചത് അമ്മയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല എന്നു രഞ്ചിത്തിന് മനസിലായി. അമ്മയുടെ ഇഷ്ടക്കേട് അവൻ  അത്ര കാര്യമാക്കിയില്ല.

******************

   “ഇതിപ്പൊ മൂന്ന് നാല് ദിവസം ആയില്ലേ അവള് മോനേം കൂട്ടി പോയിട്ട്. വിളിക്കാൻ നീ പോകുമോ അതോ ഞാൻ തന്നെ പോകണോ?” അച്ഛന്റെ ചോദ്യം കേട്ട് രാജീവൻ ഒരു നിമിഷം എന്തു വേണമെന്ന് ആലോചിച്ചു. ഒടുവിൽ തീരുമാനിച്ചുറപ്പിച്ചത് പോലെ രാജീവൻ ഓട്ടോയും എടുത്ത് വിദ്യയുടെ വീടു ലക്ഷ്യമാക്കി നീങ്ങി. ഉച്ച കഴിഞ്ഞ് മൂന്ന് മണി ആയപ്പോൾ തന്നെ വിദ്യയുടെ വീട്ടിലെത്തിയ രാജീവൻ പതുക്കെ ഓട്ടോയിൽ നിന്നും ഇറങ്ങി. വിദ്യ മുറ്റത്ത് തന്നെ ഉണ്ടായിരുന്നു.

  “വേഗം റെഡി ആയിട്ട് വാ . രഞ്ചിത്തൊക്കെ വന്നിട്ടുണ്ട്” അത്ര മാത്രമേ രാജീവൻ പറഞ്ഞുള്ളൂ.

  “എവിടെ പോകാനാണ്?” അമ്മയുടെ മറു ചോദ്യം കേട്ട് എന്തു വേണം എന്നറിയാതെ വിദ്യ രാജീവന്റെ മുഖത്തേക്ക് നോക്കി.

രാജീവേട്ടൻ അമ്മയോട് മറുപടി  ഒന്നും പറഞ്ഞില്ല പകരം ഉണ്ണിയെ എടുത്തു കളിപ്പിക്കുകയാണ് ചെയ്തത്.

  “നിങ്ങള് മുറ്റത്ത് നിൽക്കാതെ കേറി ഇരിക്ക്. അച്ഛൻ വന്നിട്ട് പോകാം” എന്റെ തീരുമാനം അതായിരുന്നു. എന്തോ അങ്ങനെ ചെയ്താൽ മതി എന്ന് എനിക്കും തോന്നി. അന്ന് രാത്രി രാജീവേട്ടനെ കുറിച്ച് ഏകദേശം എന്റെ വീട്ടുകാർക്ക് മനസിലായതാണ്. അച്ഛന് എന്തെങ്കിലും സംസാരിക്കാനുണ്ടാകും എന്ന് എനിക്കുറപ്പായിരുന്നു. അതോടെ വേറെ വഴിയില്ലാതെ രാജീവേട്ടൻ ഉമ്മറത്തേക്ക് കയറി. ഇടയ്ക്ക് രേഷ്മ വന്ന് ഒന്ന് എത്തി നോക്കിയിട്ട് പോയി. ഉണ്ണിയുടെ കൈ പൊള്ളിയതിനെ കുറിച്ചൊക്കെ സംസാരിച്ചുകൊണ്ട് അമ്മ ഉമ്മറത്ത് തന്നെ ഇരുന്നു. അതിനിടെ ഞാൻ ചായ എടുക്കുകയും അച്ഛനോട് വേഗം വരാൻ വേണ്ടി ഫോൺ ചെയ്യുകയും ചെയ്തു.

    “അല്ല രാജീവാ അങ്ങനെ ആണേൽ നിങ്ങൾക്ക് ഒരു വീടിന്റെ കാര്യത്തിൽ എന്തെങ്കിലും ഒരു നീക്കു പോക്ക് ആക്കികൂടെ? ഇവിടെ ഞങ്ങളെ കൊണ്ടാവുന്ന കാര്യമൊക്കെ ഞങ്ങളും റെഡി ആക്കിതരാം. നീ ഒന്നു തുടക്കം ഇട്ട് മുന്നിൽ നിന്നാൽ മതി”  അമ്മ രാജീവേട്ടനോട് പറയുന്നത് ഞാൻ അകത്ത് കേൾക്കുന്നുണ്ടായിരുന്നു.

   “അവള് പറയുന്നത് പോലെ പെട്ടെന്ന് വീട് മാറാനൊന്നും പറ്റില്ല. അല്ലെങ്കിൽ തന്നെ ഇപ്പൊ വീട് മാറേണ്ട കാര്യമൊന്നും ഇല്ല. എന്ത് ഉണ്ടായിട്ടാ അവള് വീട് മാറണം എന്ന് പറയുന്നത്?” രാജീവേട്ടന്റെ നിലപാട് വാക്കുകളിൽ തന്നെ ഉണ്ടായിരുന്നു.

  “അനിയന്റെ കല്യാണം കഴിഞ്ഞാൽ  ഇന്നായാലും നാളെ ആയാലും ഒരാൾ  എന്തായാലും വീട്  വേറെ വച്ചു മാറണം . ഇപ്പൊ ആകുംബൊ ഞങ്ങൾക്കും കാര്യമായിട്ട് എന്തെങ്കിലും ഒക്കെ ചെയ്ത് തരാൻ പറ്റുമല്ലൊ” അമ്മ രാജീവേട്ടന്റെ മുഖത്ത് നോക്കി.

  “രഞ്ചി ഇപ്പൊ വന്നിട്ട് ആകെ നാല് ദിവസല്ലെ ആയിട്ടുള്ളൂ. അതിനിടെ നമ്മള് വെറുതേ എന്തിനാ ഇങ്ങനെ കടത്തി ചിന്തിക്കുന്നേ.”  രാജീവേട്ടൻ വീട് മാറാനൊന്നും തയ്യാറല്ല എന്ന് എനിക്ക് മനസിലായി. അച്ഛൻ വരാൻ ലേറ്റ് ആകും എന്ന് അറിഞ്ഞതോടെ ഞാൻ റെഡിയാവാൻ തുടങ്ങി.

     “എന്തെങ്കിലും ആവിശ്യം ഉണ്ടേ വിളിക്കാതിരിക്കണ്ട. അച്ഛനോ ഏട്ടനോ ആരാ എന്നു വെച്ചാൽ എപ്പൊഴും ഇവിടെ ഉണ്ടാകും”  ഇറങ്ങാൻ നേരം എന്നോടാണ് അമ്മ അത് പറഞ്ഞതെങ്കിലും അത് രാജീവേട്ടൻ കേൾക്കാൻ വേണ്ടി പറഞ്ഞതായിരുന്നു. ചോദിക്കാനും പറയാനുമൊക്കെ ആളുണ്ട് എന്നറിയിക്കാനുള്ള വഴി. അതെന്തായാലും നന്നായി. 

  “എന്നോടൊരു വാക്കു പോലും പറയാതെ വീട്ടിലേക്ക് പോയത് ശെരിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ?”  ഓട്ടോയിൽ കേറി അര മണിക്കൂർ കഴിഞ്ഞു കാണും. രാജീവേട്ടൻ എന്നോട് ചോദിച്ചു. ഞാനതിനു മറുപടി ഒന്നും പറഞ്ഞില്ല.

  “രാജീവേട്ടന് രാജീവേട്ടന്റെ അമ്മ പറയുന്നത് മാത്രം അല്ലേ വലുത്. ഞാനും മോനും അധികപറ്റ് പോലെ അല്ലേ. എന്തോ വല്ല്യ കുറ്റം ചെയ്ത ആളോട് പെരുമാറുന്നത് പോലെ അല്ലേ അമ്മ എന്നോട് പെരുമാറുന്നേ” രാജീവേട്ടൻ അറിയാനെന്നോണം അവിടെ ഞാനനുഭവിക്കുന്ന ഓരോ കാര്യങ്ങളും ഞാൻ പറഞ്ഞു. ഞാൻ പറയുന്നതിലും കാര്യമുണ്ട് എന്ന് തോന്നിയത് കൊണ്ടാവാം പുള്ളി പിന്നീട് ഒന്നും പറഞ്ഞില്ല. ഞാൻ ഒന്നും വിട്ടു പോകാതെ  ഓരോ കാര്യവും ഓർത്തെടുത്ത് പറഞ്ഞു.

   “ഇനി അങ്ങനെ വല്ലോം ഉണ്ടായാൽ  അമ്മയോട് നീ ഒന്നും മറുപടി പറയാൻ പോകണ്ട. ഞാൻ പറഞ്ഞോളാം” വീട്ടിലേക്ക് കയറും മുൻപ് രാജീവേട്ടൻ പറഞ്ഞു. ആ വാക്കുകൾ എനിക്ക് ഒരു ആശ്വാസം തരുന്നത് തന്നെ ആയിരുന്നു എങ്കിലും അമ്മ പറയുന്നത് മാത്രം കേട്ട് എന്നോട് ദേഷ്യപ്പെടുന്ന രാജീവേട്ടന്റെ ആ ഒരു സ്വഭാവത്തെ എങ്ങനേയും മാറ്റി എടുക്കണം എന്ന് ഞാൻ മനസിൽ വിചാരിച്ചു.

‌  വീട്ടിലെത്തിയതേ അച്ഛൻ വേഗം തന്നെ ഉണ്ണിയെ നോക്കി. അച്ഛച്ചാ എന്നും വിളിച്ച് ഒരു ഓട്ടമായിരുന്നു അവൻ. അല്ലേലും അച്ഛനെ കണ്ടാൽ അവന് പിന്നെ വേറെ ആരും വേണ്ട. അമ്മ എന്തോ എന്നോട് മിണ്ടാനൊന്നും വന്നില്ല. അല്ലേലും അമ്മ മിണ്ടണം എന്ന് എനിക്ക് ഒരു നിർബന്ധവും ഉണ്ടായിരുന്നില്ല. രഞ്ചിത്തെവിടെയാണ് എന്നാണ്   ഞാൻ നോക്കിയത്. 

”പാപ്പൻ മോന് കൊണ്ട് വന്ന കാറ് നോക്കിക്കേ” അച്ഛനാണ് റിമോർട്ടിൽ വർക്ക് ചെയ്യുന്ന ഒരു കാറെടുത്ത് കൊണ്ട് ഉണ്ണിക്കു മുന്നിൽ വെച്ചു കൊടുത്തത്.
“അവൻ പുറത്തെവിടെയോ പോയിരിക്കുവാ” ഞാൻ രഞ്ചിയെ കാണാതെ ചുറ്റും നോക്കുന്നത് കണ്ടിട്ടാവണം അച്ഛൻ പറഞ്ഞു. അതോടെ ഞാൻ വേഗം തയ്യൽ മെഷീന്റെ അടുത്തേക്ക് നടന്നു. വരുന്ന വഴി രാജീവേട്ടനും ആയി വാക്ക് പറഞ്ഞ് ഉറപ്പിച്ചതാണ് എന്റെ നശിപ്പിച്ച തയ്യൽ മിഷ്യൻ നന്നാക്കുക എന്നത്. അത് പ്രകാരം രാജീവേട്ടന്റെ അപ്പോൾ  തന്നെ തയ്യൽ മെഷീൻ  ഓട്ടോയിൽ കയറ്റി നന്നാക്കാനായി  കൊണ്ടുപോയി.

    കുറച്ച് ദിവസം വീട്ടിൽ ആയിരുന്നത് കൊണ്ടു തന്നെ അതിന്റെ ഒരു മാറ്റം അടുക്കളയിലും കാണാനുണ്ടായിരുന്നു. ഞാൻ എത്തീട്ട് കഴുകാൻ എന്നവണ്ണം ഒരു ലോഡ് പാത്രങ്ങൾ ഉണ്ടായിരുന്നു കഴുകാൻ. ആകെ അലങ്കോലമായി കിടന്ന അടുക്കളയും ബാത്റൂമും വൃത്തി ആക്കി കൊണ്ട് തന്നെ ഞാൻ വീണ്ടും തുടങ്ങി. കൂടാതെ  മുഷിഞ്ഞ തുണികൾ ഒരു കുന്നു പോലെ ഉണ്ടായിരുന്നു.  രാജീവേട്ടന്റെ ഷർട്ട്കൾ വാതിലിലും കസേരകളുടെ മുകളിലും ഒക്കെ ഉണ്ടായിരുന്നു. ഞാൻ ഒരു ഭാഗത്തു നിന്നു പതുക്കെ വൃത്തിയാക്കാൻ ആരംഭിച്ചു.

‌    സന്ധ്യ കഴിഞ്ഞപ്പോഴാണ് രഞ്ചിത്ത് വന്നത്. എന്നെ കണ്ടതോടെ അവനിത്തിരി തമാശ ഒക്കെ പറഞ്ഞു കൊണ്ട് അടുത്ത് തന്നെ ചുറ്റിപറ്റി നിന്നു. കൂടാതെ ഉണ്ണി അവന്റെടുത്ത് പോകാത്തത് കൊണ്ട് അവനെ വശത്താക്കാനുള്ള ശ്രമവും ആണ്.

“ചേച്ചിക്ക് എടുത്ത് വെച്ചതാ”  അതും പറഞ്ഞ് അവൻ എനിക്കു നേരെ ഒരു ബോക്സ് നീട്ടി. ഒരു വാച്ചായിരുന്നു അതിൽ. ചേരുമോ എന്നൊക്കെ നോക്കാൻ വേണ്ടി ഞാൻ അത് കൈയ്യിൽ കെട്ടി ഉണ്ണിയെ കാണിക്കുകയായിരുന്നു ഞാൻ. അതിനിടെയാണ് അമ്മ അവിടേക്ക് വന്നത്.

  “നീ ഈ വാച്ച് ഇവൾക്കാണോ കൊടുത്തത്? ഞാൻ ഇത് വർഷയ്ക്ക് കൊടുക്കാൻ മാറ്റി വെച്ചതല്ലെ.!”  അമ്മ എന്റെ കൈയിലേക്ക് നോക്കി കൊണ്ട് രഞ്ചിത്തിനെ നോക്കി. അവകാശമില്ലാത്തത് കൈയ്യിൽ വന്നത് പോലെ ആകെ അപമാനിത ആയി ഞാൻ അവിടെ നിന്നു. ഇനി ഇത് അഴിക്കാൻ കൂടി പറഞ്ഞാൽ പൂർണമായി. ഞാൻ രഞ്ചിത്തിനെ നോക്കി.

     രഞ്ചിത്ത് എന്തെങ്കിലും പറയും മുന്നേ ഞാൻ വാച്ച് അഴിക്കാനുള്ള ശ്രമം ആയിരുന്നു.

“വർഷയ്ക്കോ? വർഷയ്ക്ക് വേറെ എന്തെങ്കിലും കൊടുത്തേക്ക് ഞാനിത് ചേച്ചിക്ക് വാങ്ങിയതാ” രഞ്ചിത്തിന്റെ ആ വാക്കുകൾ എനിക്ക് തന്ന ആശ്വാസം ചെറുതായിരുന്നില്ല. എങ്കിലും അമ്മ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഞാനത് കൈയ്യിൽ കെട്ടുന്നതിൽ ഒരു സുഖമില്ല അല്ലേൽ തന്നെ അവരുടെ ഔധാര്യം എനിക്കെന്തിനാണെന്ന് ഓർത്ത് കൊണ്ട് ഞാൻ ആ വാച്ച് കൈയ്യിൽ നിന്നും അഴിച്ച് അവനു നേരെ നീട്ടി.

   “അമ്മ അങ്ങനെ പറഞ്ഞിട്ടുണ്ടേൽ ഇത് വർഷയ്ക്ക് തന്നെ കൊടുത്തേക്ക് എനിക്കിപ്പൊ എന്തിനാ വാച്ച് ”  ഞാൻ അവനു നേരെ അതിന്റെ ബോക്സ് നീട്ടി അവന്റെ നോട്ടം അമ്മയ്ക്ക് നേരെ ആയിരുന്നു.

  “അമ്മ അങ്ങനെ പലതും പറയും ചേച്ചി അത് കാര്യമാക്കണ്ട വർഷയ്ക്കൊക്കെ കൊടുക്കാൻ ഞാൻ വേറെയും പലതും കൊണ്ട് വന്നിട്ടുണ്ട് ഇത് ചേച്ചി തന്നെ വെച്ചോ”  അതും പറഞ്ഞ് ബോക്സ് വാങ്ങിക്കാതെ അകത്തേക്ക് പോയി. അമ്മയുടെ മുഖത്ത് പ്രതീക്ഷിക്കാത്തത് സംഭവിച്ചതിലുള്ള ജാള്യത ഉണ്ടായിരുന്നു. രഞ്ചിത്ത് അങ്ങനെ പറയും എന്ന് അവർ പ്രതിക്ഷിച്ചിരുന്നില്ല.

‌ എന്തായാലും രഞ്ചിത്ത് കൂടി വന്നതിൽ പിന്നെ രാജീവേട്ടനിലും ഇത്തിരി മാറ്റമൊക്കെ കണ്ടു തുടങ്ങിയിരുന്നു. കുടിക്കുന്ന കാര്യത്തിലായാലും വഴക്കിടുന്ന കാര്യത്തിലായാലും നല്ല മാറ്റമായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോഴേക്കും ഈ വാച്ചിന്റെ കാര്യം കറങ്ങി തിരിഞ്ഞ്  വർഷയ്ക്ക് വാങ്ങിയ വാച്ച് ഞാൻ സ്വന്തമാക്കി എന്ന നിലയിൽ ആയി.

‌”നിനക്ക് വേണ്ടി രഞ്ചിത്ത് നല്ലൊരു വാച്ച് വാങ്ങിയിരുന്നു അത് കണ്ടപാടെ അവളെടുത്ത് സ്വന്തമാക്കികളഞ്ഞു.” വർഷയ്ക്ക് മറ്റെന്തോ സാധനം കൊണ്ട് കൊടുത്തപ്പോൾ അമ്മ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. അത് കുറച്ച് കൂടി പൊലിപ്പിച്ച് ചിറ്റയാണ് ആരോടൊക്കെയോ പറഞ്ഞ് നടന്നത് ഒടുവിൽ അത് രജിതേച്ചി അറിഞ്ഞ് അലക്കുന്നതിനിടയിൽ എന്നോടും പറഞ്ഞു. രാത്രി കിടക്കാൻ നേരം അമ്മ അങ്ങനെ പറഞ്ഞത് ഞാൻ രാജീവേട്ടനോട് സൂചിപ്പിച്ചു..

“അമ്മ അങ്ങനെ ഒന്നും പറഞ്ഞിട്ടുണ്ടാകില്ല നീ വെറുതേ അതും ഇതും പറയാൻ നിക്കണ്ട. അല്ലേ തന്നെ ഇത്തിരി ഇല്ലാത്ത വാച്ചിന്റെ കാര്യത്തിനൊക്കെ എന്താ ഇപ്പൊ പറയേണ്ടത്.” അതും പറഞ്ഞ് രാജീവേട്ടൻ തിരിഞ്ഞു കിടന്നു.
‌വാച്ചായിരുന്നില്ല എന്റെ വിഷയം. വർഷയ്ക്ക് കൊണ്ടുവന്നത് ഞാൻ എടുത്തു എന്ന് പറഞ്ഞതിൽ ആയിരുന്നു. എന്തായാലും രാജീവേട്ടൻ ഇതൊന്നും അമ്മയോട് ചോദിക്കില്ലെന്ന് എനിക്കുറപ്പായി. നാളെ രഞ്ചിത്ത് ഉള്ളപ്പോൾ അമ്മയോട് ഈ കാര്യം ചോദിക്കണം എന്ന് ഞാൻ ഉറപ്പിച്ചു. അതിനിടെ രഞ്ചിത്തിന്റെ റൂമിൽ അവൻ ഉറങ്ങതെ ഫോൺ ചെയ്യുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. ആരാണെന്നറിയില്ലെങ്കിലും ഒരു അടുപ്പം ആരോടോ ഉള്ളതായിട്ട് എനിക്കും തോന്നിയിരുന്നു.  അതിനെ പറ്റി രാജീവേട്ടനോട് പറഞ്ഞപ്പോൾ അതൊക്കെ സ്വാഭാവികം അല്ലേ എന്നു പറഞ്ഞ് നിസാരമാക്കി. എന്തായാലും അത് ആരാണെന്ന് കണ്ടു പിടിക്കണം. എന്തൊക്കെയോ ആലോചിച്ച് എപ്പൊഴോ ഉറങ്ങി.

“രഞ്ചീ നീ ഒരു കാര്യം അറിഞ്ഞ” രാവിലെ രഞ്ചി ഫോണും നോക്കി ഉമ്മറത്ത് ഇരിക്കുംബോൾ അമ്മയും മുറ്റത്ത് ഉണ്ടായിരുന്നു. അവൻ എന്താ കാര്യം എന്നറിയാൻ എന്റെ മുഖത്തേക്കു നോക്കി.

   “നീ ഒരു വാച്ച് കൊണ്ടുവന്ന് തന്നിട്ട് ഇപ്പൊ അത് ഞാൻ വർഷേടെ വാച്ച് കട്ടത് ആണെന്നൊക്കെയാ എല്ലാരും പറയുന്നേ” അതു പറയുന്നതിനിടയിൽ തന്നെ ഞാൻ അമ്മയുടെ മുഖത്തേക്ക് പാളി നോക്കി. അതോടെ രഞ്ചി ആ വിഷയത്തിൽ ഒന്നും ചോദിക്കാതെ തന്നെ മൊബൈലിലേക്ക് നോക്കി. രഞ്ചിത്ത് ഉള്ളത് കൊണ്ടാവണം അമ്മ ഒന്നും പറഞ്ഞില്ല. എങ്കിലും പക്ഷെ അമ്മയുടെ മുഖത്തു പഴയ തെളിച്ചം ഉണ്ടായിരുന്നില്ല. ഞാൻ അമ്മയുടെ മുഖത്തു തന്നെ നോക്കി ഇരിക്കുന്നത് കണ്ടിട്ടാവണം അമ്മ എനിക്കു നേരെ തിരിഞ്ഞു.

“ഞാനാണ് അങ്ങനെ പറഞ്ഞെ എന്നൂടെ പറ നീ എന്നിട്ട് ഇവിടെ വെറുപ്പിച്ചത് പോലെ തന്നെ കുടുംബോം വെറുപ്പിക്ക്… “

“അതിനു ഞാൻ പറഞ്ഞോ അമ്മയാണ് പറഞ്ഞതെന്ന്..?” ഞാനും വിട്ടുകൊടുക്കില്ല ഇന്ന് തീരുമാനിച്ചിരുന്നു.

   “ഏത് നേരത്താണോ എന്തോ എനിക്കാ വാച്ച് വാങ്ങിക്കാൻ തോന്നിയേ?”
രംഗം പന്തിയല്ല എന്ന് തോന്നിയ രഞ്ജി വേഗം ഇടപെട്ടു.

“അമ്മ എന്തിനാ അതുമിതും ഓക്കെ പറയുന്നത്..ഞാൻ അന്നേ പറഞ്ഞതല്ലേ അത് വിദ്യയേച്ചിക്ക് ആണ് കൊണ്ട് വന്നെന്ന്…പിന്നേം എന്തിനാ ആവശ്യം ഇല്ലാത്തതൊക്കെ പറയുന്നത്..?”  രഞ്ചി പിന്നെയും പറഞ്ഞു. അതോടെ അമ്മ എന്നെ നോക്കി പല്ലിറുമ്മി.

എന്റെ മുഖം കണ്ടതേ രാജീവേട്ടന് കാര്യം മനസിലായി എന്നു തോന്നുന്നു.

  ”നീ വന്നപ്പോൾ തന്നെ തുടങ്ങിയോ..?” അമ്മയും ആയി   വഴക്ക് ആയിരിക്കും എന്ന് ഊഹിച്ചു കൊണ്ടാവണം രാജീവേട്ടൻ എന്നെ നോക്കി ചോദിച്ചു.

  “അത് അമ്മ എന്തോ പറഞ്ഞതാ” ഉമ്മറത്ത് നിന്ന് രഞ്ചി അത് പറഞ്ഞതോടെ രാജീവേട്ടൻ പിന്നെ എന്നോടൊന്നും പറഞ്ഞില്ല. മോനെയും എടുത്തു കൊണ്ട് ഞാനും അകത്തേക്ക് നടന്നു.  ദിവസങ്ങൾ കഴിയവേ അമ്മയുടെ കുത്തുവാക്കുകൾ കൂടി കൂടി വരുന്നുണ്ടായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും ഓക്കെ എന്നെ കുത്തി പറയുന്നുണ്ടായിരുന്നു.ഞാൻ അത് അത്ര കാര്യമാക്കാതെ നടന്നു. രാജീവേട്ടനോട് അതും ഇതും അമ്മ പറഞ്ഞുകൊടുക്കുന്നതാണ്  പ്രധാന പ്രശ്നം. രാജീവേട്ടൻ ആണേൽ അതൊക്കെ കേട്ട് എന്നോട് ചോദിക്കാൻ വരും എന്നിട്ട് എന്നോട് ചൂടാവുകയും ചെയ്യും

രഞ്ചിയുടെ കല്യാണകാര്യം വീണ്ടും വീട്ടിൽ ഒരു ചർച്ചാ വിഷയം ആയി.

“ഞാനിവിടെ സമാധാനത്തിൽ ജീവിക്കുന്നത് ആർക്കും പിടിക്കുന്നില്ലേ?” അവൻ തമാശ പോലെ പറഞ്ഞു.

   “എല്ലാരും എന്താ ഇതുപോലെ ആണോ? ഓരോന്നിനെ എടുത്ത് തലേൽ വെക്കാതിരുന്നാൽ മതി”  അവിടെയും എന്നെ ഉദ്ദേശിച്ചുകൊണ്ടാണ് അമ്മ പറഞ്ഞത്. പറയാൻ മറുപടി ഉണ്ടെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. 

രാത്രി കിടന്നപ്പോൾ ഞാൻ രാജീവേട്ടനോട് വീട് മാറുന്നതിനെ പറ്റി വീണ്ടും സംസാരിച്ചു. മദ്യപിച്ചിട്ടുണ്ടെങ്കിലും അത്ര അധികം ഉണ്ടായിരുന്നില്ല.

   “ഇപ്പൊഴാകുംബോ എന്റെ വീട്ടുകാരും സഹായിക്കും അതു മാത്രം അല്ല ഇപ്പൊഴേ നോക്കിയാലേ ഒരു കൊല്ലം കൊണ്ടെങ്കിലും താമസം തുടങ്ങാൻ പറ്റുള്ളൂ”  ഞാൻ കാര്യങ്ങൾ ഓരോന്നായി പറഞ്ഞു.

   “ആ നോക്കാം നീ ഒന്ന് മിണ്ടാതെ കിടക്ക്” അലസമായി മറുപടി പറഞ്ഞ് തിരിഞ്ഞു കിടക്കുന്ന രാജീവേട്ടനെ ഞാൻ നോക്കി.

  “അത്ര വലുതൊന്നും വേണ്ട ഒരു റൂമെങ്കിൽ ഒരു റൂം എടുത്ത് നമുക്ക് മാറണം. അവന്റെ കല്യാണം കൂടി കഴിഞ്ഞാൽ പിന്നെ ഞാനിവിടെ നിൽക്കില്ല കാര്യം പറഞ്ഞേക്കാം”  ഞാനെന്റെ തീരുമാനം ഓർമ്മിപ്പിച്ചു. എനിക്ക് ഉറക്കം വരുന്നില്ലെങ്കിലും രാജീവേട്ടന്റെ കൂർക്കം വലി ഉയർന്നു കേട്ടു തുടങ്ങി. 

 രാവിലെ അലക്കാൻ പോയപ്പോഴാണ് രജിതേച്ചിയെ കണ്ടത്. ഒരു പാട് സംസാരിച്ചു. കൂട്ടത്തിൽ വീടുമാറുന്നതിനെ പറ്റിയും പറഞ്ഞു. അതു തന്നെയാണ് നല്ലത് എന്ന അഭിപ്രായം ആയിരുന്നു രജിതേച്ചിക്കും. 

*****************

  “എന്നെ സ്റ്റാൻന്റിൽ ഇറക്കിയാ മതി അവിടുന്ന് ഞാൻ ബസിനു പോയ്ക്കോളാം” ഞാൻ രാജീവേട്ടനോട് പറഞ്ഞു. മോനു മുട്ടായി കൊണ്ടു വരാം എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ച്  അവന്റെ കൈയ്യിൽ നിന്നും ഉമ്മയൊക്കെ വാങ്ങി ഞാൻ ഇറങ്ങി. വിങ്ങിപൊട്ടാൻ  നിന്ന അവനെ  ഒരുവിധം സമാധാനിപ്പിച്ച് കൊണ്ടാണ് ഞാൻ ഓട്ടോയിലേക്ക് കേറിയത്. അച്ഛൻ അവിടെ ഉള്ളതാണ് സമാധാനം. ഉണ്ണിയെ അച്ഛൻ നോക്കിക്കോളും. റെയിൽവേയുടെ ഒരു എക്സാം ഉണ്ടായിരുന്നു എനിക്ക്. പരീക്ഷകൾ എഴുതി എഴുതി മടുത്തെങ്കിലും ഒരു ഗവ: ജോലി എന്നത് ഒരു സ്വപ്നം എന്നതിലുപരിയായി ഒരു  വാശി ആയിരുന്നു. അവിടുന്ന് രണ്ട് ബസ് മാറി കേറി വേണം എക്സാം സെന്റെറിൽ എത്താൻ.

‌   “ബസിനു കൊടുക്കാൻ പൈസ ഉണ്ടോ, ഇത് കൈയ്യിൽ വെച്ചോ” നൂറു രൂപയുടെ നോട്ട് എനിക്കു നേരെ നീട്ടിക്കൊണ്ട് രാജീവേട്ടൻ പറഞ്ഞു. പാവം കൈയ്യിൽ ഒന്നും ഉണ്ടാകില്ല.

“വീട്ടില് ചെന്നപ്പോ അമ്മ തന്ന പൈസ ഉണ്ട് രാജീവേട്ടാ ഇത് കൈയ്യിൽ തന്നെ വെച്ചോ.” സ്നേഹത്തോടെ ഞാൻ ആ പൈസ നിരസിച്ചു. എക്സാം എഴുതി തിരികെ വരുംബോൾ വിളിക്കാം എന്നൊക്കെ പറഞ്ഞ് ഞാൻ ബസ് സ്റ്റാൻഡിലേക്ക് നടന്നു. എന്നെ ബസ് കയറ്റാൻ കൂടെ രാജീവേട്ടനും. കൂടെ തന്നെ വന്നിരുന്നെങ്കിൽ എന്ന് വെറുതെയെങ്കിലും  ആഗ്രഹിച്ചു.

എക്സാം ഒക്കെ എന്നെ കൊണ്ട് കഴിയും വിധം ഞാൻ എഴുതി. ഒരു മണി ആയപ്പോൾ തന്നെ എക്സം കഴിഞ്ഞു. ബാഗിൽ കൊണ്ടുവന്ന ടിഫിൻ ഇരിപ്പുണ്ട്. വിശപ്പുണ്ടെങ്കിലും അത് കഴിക്കാൻ നിൽക്കാതെ വേഗം തന്നെ അടുത്ത ബസിൽ കേറി. സീറ്റിൽ ഇരുന്നപ്പോഴേ രാജീവേട്ടനെ വിളിച്ചു. സ്റ്റാൻഡിൽ എത്താറാകുംബൊ വിളിക്കാൻ പറഞ്ഞ് പുള്ളി ഫോൺ കട്ടാക്കി. ഭക്ഷണം കഴിച്ചോ എന്ന എന്റെ ചോദ്യം കട്ടായ ഫോൺ മാത്രം കേട്ടു. അല്ലേലും ഇപ്പൊ എന്നോട് സംസാരിക്കാൻ നേരമില്ലല്ലോ. രണ്ടര ആയപ്പോഴാണ് ബസ് സ്റ്റാൻഡിൽ എത്തിയത്. രാജീവേട്ട പത്ത് മിനുട്ട് കൊണ്ട് എത്താം എന്നു പറഞ്ഞു. ഞാൻ സ്റ്റാൻഡിൽ തന്നെ ഇരുന്നു. മോന് വേണ്ടി ഇത്തിരി ബേക്കറി ബിസ്കറ്റും പിന്നെ ഒരു ബോളും വാങ്ങി ബാഗിലേക്ക് വെച്ചു. അപ്പൊഴേക്കും രാജീവേട്ടനും എത്തി.

‌ വീട്ടിലെത്തുംബോൾ അച്ഛൻ മാത്രെ അവിടെ ഉണ്ടായിരുന്നുള്ളൂ. നല്ല വിശപ്പുണ്ടായിരുന്നെങ്കിലും മോനെ കാണാതെ ഞാൻ അച്ഛനോട് ചോദിച്ചു.

“അവളും ഉണ്ണീം അപ്പുറത്തെ വീട്ടിൽ പോയിട്ടാ ഉള്ളത് ഞാനും കൊറേ നേരം ആയി നോക്കി നിക്കുന്നു.”  അച്ഛൻ പറഞ്ഞു. അപ്പുറത്തെ വീടെന്നു പറയുന്നത് വർഷയുടെ വീടാണ്. മാധവി ചിറ്റയുടെ വീട്. ബാഗ്  ഇരുത്തിയിൽ വെച്ച് ഞാൻ വേഗം അങ്ങോട്ടേക്ക് നടന്നു.

“രാജീവേട്ടൻ പോവല്ലെ ഞാനിപ്പൊ വന്ന് ചായ വെച്ച് തരാം”  പോകുന്നേനു മുന്നേ ഞാൻ രാജീവേട്ട നോട് പറഞ്ഞു.

വീട് അടുത്താണെങ്കിലും ഞാൻ അങ്ങനെ അവിടേക്ക് പോകാറില്ലാരുന്നു. ദൂരെ നിന്നെ ഉണ്ണിയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. അടുക്കള ഭാഗത്താണ് അവർ എന്നു തോന്നുന്നു. ഞാൻ ഒന്ന് ചുമച്ച് കൊണ്ട് അകത്തേക്ക് കേറി.

” ഉണ്ണീ .” എന്നു വിളിക്കാൻ വന്ന എന്റെ നാവിനെ നിശബ്ദമാക്കി കൊണ്ട് അവിടെ മറ്റൊരു ശബ്ദം! പറയുന്നത് മാധവിചിറ്റയാണ് . ആ വാക്കുകൾ എന്റെ ഉള്ളിൽ തീ പോലെ നീറ്റി.

  “നീ ഇതെന്തിനാ കൊച്ചിനെ  നോക്കി നിൽക്കുന്നെ….?? അവൾക്ക് വേണ്ടാത്ത കൊണ്ടല്ലേ  കൊച്ചിനെ ഇട്ടിട്ട് അവിടേം ഇവിടേം  തെണ്ടാൻ പോകുന്നത്…..ഞാനും പെറ്റിട്ടുണ്ട് നീയും പെറ്റിട്ടുണ്ട് നമ്മള് നമ്മളെ മക്കളെ ഇങ്ങനെ വീട്ടിലിട്ട് തെണ്ടാൻ പോയിട്ടൊന്നും ഇല്ലല്ലോ…?” അവരുടെ വാക്കുകളെ അതേ രീതിയിൽ കേട്ട് ആസ്വദിച്ചിരിക്കുന്ന അമ്മയുടെ മുഖത്തേക്ക് ഞാൻ നോക്കി. അവരും എന്നെ കണ്ടു കഴിഞ്ഞിരുന്നു.

  എനിക്ക് ആരോടും ഒന്നും പറയാനുണ്ടായിരുന്നില്ല.വേഗം ഉണ്ണിയെ  എടുത്ത് അവനൊരു ഉമ്മയും കൊടുത്ത് അവനെ  നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ഞാൻ തിരികെ നടന്നു. എന്റെ മോൻ എനിക്കെത്ര പ്രിയപ്പെട്ടതാണെന്ന് എനിക്കല്ലേ  അറിയുള്ളൂ. കണ്ണു തുടച്ചുകൊണ്ട് വീട്ടിലേക്ക് ഞാൻ കയറുന്നതു കണ്ടപ്പോൾ  രാജീവേട്ടന് പന്തികേടു മനസിലായിഎങ്കിലുംഎന്നോടൊന്നും ചോദിച്ചില്ല.  ഞാൻ അങ്ങോട്ട് ഒന്നും പറഞ്ഞും ഇല്ല . എന്തിനാ കരയുന്നെ എന്നൊരു ചോദ്യമൊന്നും പുള്ളിക്കാരന്റെ ഭാഗത്തു നിന്നും ഉണ്ടായതും ഇല്ല.

 അന്നത്തെ ഈ സംഭവത്തോടെ രാജീവേട്ടന്റെ അമ്മയും ആയി ഞാൻ മനസുകൊണ്ട്  കൂടുതൽ അകന്നു. എന്തോ എന്റെ മോനെ അവരുടെ അടുത്തൊക്കെ ആക്കീട്ട് എന്തേലും ജോലി ചെയ്യാൻ പോലും ഭയമായിരുന്നു എനിക്ക്. അതിനിടയിൽ ഒന്നു രണ്ട് തവണ എന്റെ അച്ഛൻ രാജീവേട്ടനോട് വീട് പണി തുടങ്ങേണ്ട കാര്യം സൂചിപ്പിച്ചെങ്കിലും അതിന്റ പേരിൽ എന്നെ വഴക്ക് പറയുകയല്ലാതെ രാജീവേട്ടൻ അനുകൂലമായി ഒരു തീരുമാനം എടുത്തില്ല.

‌കുറച്ച് ദിവസം കഴിഞ്ഞു കാണും രഞ്ചി തന്നെയാണ് സുജിമയുടെ കാര്യം വീട്ടിൽ അവതരിപ്പിച്ചത്. സിവിൽ എഞ്ചിനിയർ ആയ അവൾ ഇപ്പോൾ അവിടെ ടൗണിലെ  അറിയപ്പെടുന്ന ഒരു  പ്രൈവറ്റ് ബിൽഡേർസിന്റെ പ്രധാന എഞ്ചിനിയർ ആയി ജോലി ചെയ്യുന്നു. എല്ലാം അറിഞ്ഞപ്പോൾ വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു. അതോടെ അവന്റെ കല്യാണക്കാര്യം വീണ്ടും സജീവ ചർച്ച ആയി. അവളുടെ വീട്ടുകാരുടെ ഭാഗത്ത് നിന്നും ആദ്യം എതിർപ്പുണ്ടായെങ്കിലും പിന്നീട് അവരും സമ്മതിച്ചു. അല്ലാതെ വഴിയില്ലായിരുന്നല്ലോ.

“ഞാൻ അന്നേ പറഞ്ഞതല്ലെ രഞ്ചി മെസേജ് അയക്കുന്നുണ്ട് എന്ന്”  കിടന്നപ്പോഴാണ് ഞാൻ രാജീവേട്ടനോട് പറഞ്ഞത്. “അതിനിപ്പൊ എന്നാ” എന്ന് പുള്ളി  തിരിച്ചു ചോദിച്ചപ്പോൾ ഒരു കുത്തു വെച്ചു കൊടുക്കാനാണ് തോന്നിയത്.

 “ഒന്നുലേലും അവൾക്കൊരു ജോലി ഉണ്ടല്ലോ ഇവിടുള്ളതിനെ പോലെ തിന്നുകേം കിടന്നുറങ്ങുകേം അല്ലല്ലോ” അമ്മ മാധവിച്ചിറ്റയോട് പറയുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു. അതിനൊന്നും മറുപടി പറഞ്ഞിട്ട് കാര്യമില്ല എന്ന് എനിക്കറിയാരുന്നു. രഞ്ചിയുടെ കല്യാണം കൂടെ കഴിഞ്ഞാൽ എന്റെയും മോൻ ഉണ്ണിയുടെയും ആ വീട്ടിലെ അവസ്ഥ എന്താകുമെന്ന് കണ്ടറിയേണ്ടി വരും. ഓർക്കുംബോൾ ഉള്ളിലൊരു ഭയം. കാര്യങ്ങളുടെ നീക്കു പോക്ക് കാണുമ്പോഴേ അറിയാം അധികം വൈകാതെ തന്നെ കല്യാണം ഉണ്ടാകുമെന്ന്. വീട്ടിൽ ജോലിക്കാരുടെ ബഹളം ആയിരുന്നു പിന്നീടങ്ങോട്ട്. രാവിലത്തെ ചായ മുതൽ രാത്രി അത്താഴം വരെ ഉണ്ടാക്കണം അതും പത്തും പതിനഞ്ചും പേരൊക്കെ ഉണ്ടാകും ചിലപ്പോൾ. പണി എടുത്ത് നടു ഒടിയാറായപ്പോഴാണ് എന്റെ അമ്മ രണ്ടു ദിവസം അവിടേക്ക് ചെല്ലാൻ വിളിച്ചത്. ഈ സമയത്ത് ഞാൻ എന്റെ വീട്ടിലേക്ക്  പോയാലുള്ള സംസാരം എന്തായാലും വേറെ ആകും എന്ന് എനിക്കുറപ്പായിരുന്നു. രാജീവേട്ടന്റെ അമ്മ ആണെങ്കിൽ കാൽ മുട്ടുവേദന എന്നും പറഞ്ഞ് സ്ഥിരമായി ജോലി ഒന്നും ചെയ്യാതെ ആയി.

   “രാജീവേട്ടാ എനിക്കൊറ്റയ്ക്ക് ആകുന്നില്ല കെട്ടോ” പരാതി പറയുക ആയിരുന്നില്ല അപേക്ഷ ആയിരുന്നു അത്. നടു നന്നായി വേദനിക്കുന്നുണ്ടായിരുന്നു. ഉണ്ണിയെ ഒന്നെടുക്കാൻ പോലും പറ്റാത്ത അത്രേം വേദന. ഞാനിത് പറയാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ആയെങ്കിലും ആരും അത് അത്ര കാര്യമാക്കുന്നുണ്ടായില്ല.

   “നിനക്കെന്താ വല്ല വയ്യായ്കേം ഉണ്ടോ സൗണ്ടൊക്കെ മാറിയത് പോലെ ഉണ്ടല്ലോ?”  വീട്ടിലേക്ക് വിളിച്ചപ്പോഴേ അമ്മ ചോദിച്ചു.  അമ്മയ്ക്ക് തോന്നുന്നതാവും എന്ന് പറഞ്ഞ് ഞാൻ ആ വിഷയം മാറ്റി.

 കല്യാണ ദിവസം അടുക്കുംതോറും വീട്ടിൽ ആൾക്കാർ കൂടികൊണ്ടിരുന്നു. രഞ്ചിത്തിന് ഡ്രസ് എടുക്കാൻ വേണ്ടി  വർഷയുടെ വീട്ടുകാർ മുപ്പതിനായിരം രൂപ കൊടുത്തിരുന്നു. രാജീവേട്ടന്റ കൈയ്യിൽ പൈസ ഇല്ല എന്ന് എനിക്കറിയാമായിരുന്നു.

“എന്താ ഇപ്പൊ ചെയ്യാ എന്തെങ്കിലും കൊടുത്തില്ലെങ്കിൽ മോശം അല്ലേ നീ വിചാരിച്ചാൽ എവിടുന്നെങ്കിലും ഒരു അബതിനായിരം ഒപ്പിക്കാൻ പറ്റുമോ ?” എന്നോടാണ് പുള്ളി ചോദിച്ചത്. ഞാൻ എന്തു പറയണം എന്നറിയാതെ രാജീവേട്ടന്റെ മുഖത്തേക്ക് നോക്കി.

   “ഞാനെവിടുന്നാ രാജീവേട്ടാ പൈസ ഉണ്ടാക്കുക? പിന്നെ അച്ഛനോടൊക്കെ ചോദിച്ചു നോക്കണം”  ഒട്ടും താൽപര്യമില്ലാതെ ഞാൻ പറഞ്ഞു. വീടു മാറുന്നതിനെ പറ്റി പറഞ്ഞപ്പൊഴൊക്കെയും ഒഴിഞ്ഞു മാറിയതൊക്കെ കൊണ്ട് തന്നെ അച്ഛനോട് പൈസയ്ക്ക് ചോദിക്കാൻ രാജീവേട്ടനും മടി ആയിരുന്നു.

നാണക്കേട് ഭയന്ന്  ദിവസവും  മദ്യപിച്ചിട്ടായി  രാജീവേട്ടന്റെ വരവ്. ഒടുവിൽ മൂന്ന് മാസം കൊണ്ട് എടുത്തു തരാം എന്ന ഉറപ്പിൻമേൽ എന്റെ ബാക്കി ഉണ്ടായിരുന്ന മൂന്നര പവന്റ മാല പണയം വെക്കാൻ തീരുമാനിച്ചു. പണയം വെക്കുന്നതോടൊപ്പം എനിക്ക് രണ്ട് തിരുർ പൊന്നിന്റെ മാല വാങ്ങിക്കാൻ പറഞ്ഞിരുന്നു.

‌  ഡ്രസ്സ് എടുക്കാൻ പോകുന്ന ദിവസം രാജീവേട്ടൻ ആ പൈസ രഞ്ചിയെ ഏൽപ്പിച്ചു. പുടവ ഒക്കെ എടുക്കേണ്ടത് കൊണ്ട് തന്നെ സുജിമയും ഉണ്ടായിരുന്നു അന്ന്. എല്ലാവരും പരസ്പരം സംസാരിക്കുകയും മറ്റും ചെയ്ത് കൊണ്ടാണ് ടെക്സ്റ്റൈൽസിലേക്ക് കേറിയത്.  ഉണ്ണിയുടെ കാര്യത്തിലെ ആ സംസാരത്തിനു ശേഷം ഞാൻ ചിറ്റയും ആയി ഒട്ടും സംസാരമില്ലായിരുന്നു. വർഷയോടും അതേ നിലപാട് ആയിരുന്നു എനിക്ക്.

എല്ലാവർക്കും ഉള്ള ഡ്രസ്സ് ഒക്കെ സെലെക്റ്റ് ചെയ്യുന്നതിനിടെ വർഷ സുജിമയുടെ അടുത്തേക്ക് നീങ്ങി.

 “നിനക്ക് കിട്ടിയ ഏട്ടത്തി എന്തായാലും നല്ല അടിപൊളി ആ. അവര് പിന്നെ നിന്നെ പോലെ കല്ല്യാണം വീട്ടുകാരോട് ആലോചിക്കാനൊന്നും നിന്നില്ല. നേരെ ഇങ്ങോട്ട് വരുകയാ ചെയ്തെ” വർഷ ചിരിച്ചു കൊണ്ട് വിദ്യയെ പറ്റി പറഞ്ഞു തുടങ്ങി. ആ സംസാരം വിദ്യയെപറ്റി ഒരു മുൻധാരണ ഉണ്ടാകാനും മാത്രം നീണ്ടു പോയി.

   കല്യാണം വളരെ ഭംഗിയായി തന്നെ കഴിഞ്ഞു. അതുകൊണ്ട് തന്നെ വീട്ടിൽ ആകെ ബഹളം ആയിരുന്നു. പണിക്കാർ ഒരു ഭാഗത്ത് പശു ഒരു ഭാഗത്ത് അതിന്റെ ഇടയിൽ അടുക്കളപ്പണിയും ഉണ്ണിന്റെ പിന്നാലെ ഉള്ള  ഓട്ടവും. ആകെ എന്റെ നടുവൊടിയുന്ന അവസ്ഥ.

   “രാജീവേട്ടാ..” കിടന്നപ്പോഴാണ് ഞാൻ രാജീവേട്ടനെ വിളിച്ചത്.

  “ഉം..”  മൊബൈലിൽ തന്നെ നോക്കിക്കൊണ്ടാണ് രാജീവേട്ടന്റെ കിടത്തം.

   ”രഞ്ചീന്റെ കല്യാണം കഴിഞ്ഞു ഇപ്പൊ ഒരാഴ്ച ആയി നമുക്ക് വീടിന്റെ കാര്യം എന്തെങ്കിലും നോക്കണ്ടെ?”  ഞാൻ പതുക്കെയാണ് ചോദിച്ചത്.

  ” നീ ഒന്ന് ചെലക്കാണ്ട് കിടക്കുന്നുണ്ടോ.” രാജീവേട്ടൻ പെട്ടെന്ന് എനിക്ക് നേരെ തിരിഞ്ഞു.

രാജീവേട്ടന്റെ വായിൽ നിന്നും ഒരു തെറി കൂടി വന്നു. അതോടെ ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.  രഞ്ചിയുടെ കല്യാണ ദിവസം പോലും അമ്മ പറഞ്ഞ വാക്കുകളായിരുന്നു മനസിൽ.

    “എടാ രഞ്ചീ ഞാൻ വിചാരിച്ചു നീയും നിന്റെ ഏട്ടനെ പോലെ ഏതെങ്കിലും പെണ്ണിനെ കൂട്ടികൊണ്ട് വരുകയാ ചെയ്യാ എന്നു”  കല്യാണ ദിവസം വകയിലെ ഒരു ചേച്ചിയാണ് അത് പറഞ്ഞത്. അമ്മയുടെ അടുത്ത് സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു അവർ. രഞ്ചി അതിലേ പോയപ്പോൾ തമാശ പോലെ പറഞ്ഞതാണ് അത്. രഞ്ചി അതിനു മറുപടി ഒന്നും പറയാതെ ഒരു ചിരി നൽകി അകത്തേക്ക് പോയി.

  ” എന്റെ മോളേ….. ഒന്നിനെ കൂട്ടി വന്നതിന്റെ കാര്യം ഒന്നും പറയാത്തതാ നല്ലത്…. ഇതുപോലെ ഒരു യോഗം” അമ്മ പറഞ്ഞു തുടങ്ങിയത്  പാതിയിൽ നിർത്തി.

  “എന്തേ? ഒരു വിധം പണിയൊക്കെ എടുക്കും എന്നാണല്ലോ ഞാൻ കേട്ടത് ?” മറ്റുള്ളവരുടെ കാര്യങ്ങൾ അറിയാനുള്ള ത്വര ആ വാക്കുകളിൽ തന്നെ ഉണ്ടായിരുന്നു.

  “ഉം പണിഎടുക്കും…അവള് പണിയെടുത്ത് പണിയെടുത്താ എന്റെ കാലിന്റെ മുട്ട് ഇങ്ങനെ ആയത്.” അമ്മ പറഞ്ഞത് ഞാനും കേട്ടതാണ്.   എന്തു ചെയ്താലും ഒന്നും ചെയ്തില്ല എന്നാണ് അമ്മ പറയുന്നത്. അതൊക്കെ ഓർത്ത് കൊണ്ട് എപ്പൊഴോ ഞാനും ഉറങ്ങി.

*************

കല്യാണ ശേഷം പതിവ് വിരുന്നുകളും മറ്റും ആയി രഞ്ചിയും സുജിമയും ഒന്ന് രണ്ട് ആഴ്ച ശരിക്കും വീട്ടിലുണ്ടായിരുന്നില്ല. ഉണ്ണി പതുക്കെ പതുക്കെ സുജിമയോടും അടുത്തു. അവന് ആദ്യത്തെ അപരിചിതത്വം പതുക്കെ മാറി വരികയായിരുന്നു. രഞ്ചി ഇനി തിരിച്ച് ഗൾഫിലേക്ക് പോകുന്നില്ല എന്ന തീരുമാനത്തിൽ എത്തി. നാട്ടിൽ എന്തെങ്കിലും ബിസിനസ് അതാണ് ഉദേശം. സുജിമയുടെ വീട്ടുകാർക്കും അതാണ് താൽപര്യം. അതിനിടയിൽ സുജിമ അത്യാവശ്യം ബിൽഡിങ്ങ് വർക്കുകൾ സ്വന്തമായി എടുക്കാൻ തുടങ്ങിയിരുന്നു. എഞ്ചിനിയറിങ്ങ് കഴിഞ്ഞ അവൾ വീട്ടിലിരിക്കുന്നതിൽ അമ്മയ്ക്ക് ഉൾപ്പെടേ ആർക്കും താൽപര്യമില്ലായിരുന്നു. ടൗണിൽ ഒരു ഓഫീസും തുറന്നിരുന്നു.

  രഞ്ചിയുടെ കല്യാണ ശേഷം ഒരുപാട് നാൾ രാജീവേട്ടൻ മദ്യപിച്ചിരുന്നില്ല പക്ഷേ ഇന്ന് വന്നപ്പോൾ ,എന്റെ അടുത്തുകൂടെ പോയപ്പോൾ ആ ഒരു മണം എനിക്ക് അറിയാൻ ഉണ്ടായിരുന്നു. ഞാൻ പുള്ളിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ  കടുപ്പിച്ച് ഒരു നോട്ടവും ആയി പുള്ളി അകത്തേക്ക് കേറിപ്പോയി. കരച്ചിൽ വരുന്നുണ്ടായിരുന്നു എനിക്ക്. കുടിച്ചത് സുജിമയ്ക്കും മനസിലായി എന്നു തോന്നുന്നു.

   ”രാജീവേട്ടാ “

“മിണ്ടാണ്ട് കിടന്നോളണം വെറുതേ ഒച്ചയെടുക്കാൻ നിൽക്കണ്ട” എനിക്ക് ഒരു വാണിങ്ങ് തന്നിട്ട് പുള്ളി ഉറക്കത്തിലേക്ക് വീണു.

********************

സഹകരണ ബേങ്കിലേക്കുള്ളക്ലാർക്ക് ന്റെ  എക്സാം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഞാൻ പതിവിലും നേരത്തെ എണീറ്റു അലക്കാൻ പോയിരുന്നു. കുറച്ചു നാള് മുൻപ് ഒരു ഓൺലൈൻ  ക്ലാസ്സ്‌ ന് ചേർന്നിരുന്നു. വീട്ടിൽ നിന്നു അമ്മയാണ് കുറച്ചു പൈസ തന്നു ചേരാൻ പറഞ്ഞത് തന്നെ. അവരുടെ ക്ലാസുകൾ വീട്ടുജോലി ക്ക്‌ ഇടയിലും തയ്ക്കുന്നതിന് ഇടയിലും ഹെഡ്സെറ്റ് വച്ചു കേൾക്കാറുണ്ടായിരുന്നു. അതിനും കുറെ കുത്തുവാക്കുകൾ അമ്മ പറയുന്നുണ്ടായിരുന്നു. ഹെഡ്സെറ്റ് വച്ചു പാട്ട് കേൾക്കുകയാണെന്നാണ് അമ്മ കരുതിയത് ഞാൻ അത് തിരുത്താനും പോയില്ല. പരീക്ഷക്ക്‌ പോകാൻ വേണ്ടി  പണികൾ ഒതുക്കുന്നതിന്റെ ഇടയിൽ പതിവ് പോലെ രണ്ട് ബക്കറ്റ് നിറയെ ഉണ്ടായിരുന്നു അലക്കാൻ. അതിന്റെ കൂട്ടത്തിൽ അമ്മയുടെ അ ടിവസ്ത്രം കണ്ടതേ ഞാൻ അറപ്പോടെ കൈ പിൻ വലിച്ചു. എല്ലാരുടേയും അലക്കുന്നതിൽ അല്ല അതിന്റെ കൂട്ടത്തിൽ പലപ്പൊഴും അമ്മയുടെ അടിവസ്ത്രം കാണും പലതവണ ഞാൻ അമ്മയോട് അതിന്റെ പേരിൽ സംസാരിക്കേണ്ടി വന്നിട്ടുണ്ട്. ഒന്നാമത് അമ്മയ്ക്ക് അസ്ഥി സ്രാവത്തിന്റെ പ്രശ്നം കൂടി ഉള്ളത് കൊണ്ട് എനിക്കു അങ്ങനെ ഉള്ള ഡ്രസ്സ്‌ കൈകാര്യം ചെയ്യാൻ വല്ലാത്ത ഒരു ബുദ്ധിമുട്ട് തന്നെ ആയിരുന്നു.  രാത്രി കുളിച്ചിട്ട് അഴിച്ചിട്ടതാവണം. രണ്ടും കൽപിച്ച് ഞാൻ അത് അവിടെ മാറ്റിയിട്ടു. “അവിടെ കിടക്കട്ടെ” മനസിൽ അതും പറഞ്ഞ് അലക്കിയ ബാക്കി തുണികളും ആയി ഞാൻ വീട്ടിലെത്തി. സമയം വിചാരിച്ചതിലും അധികം ആയി. പിന്നെ ഒരു ഓട്ടമായിരുന്നു. ഉണ്ണിക്കും രാജീവേട്ടനും ഉള്ള തൊക്കെ എടുത്തു വെച്ചു.
രാജീവേട്ടന്റെ കൂടെ തന്നെയാണ് പുറപ്പെട്ടത്.

രണ്ട് ബസ് മാറി കയറണം സെന്ററിൽ എത്താൻ. നന്നായി തന്നെ എഴുതി. വൈകുന്നേരത്തോടെ വീട്ടിൽ എത്തുംബോൾ അമ്മ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. രാവിലെ പുഴയിൽ അലക്കാതെ ഇട്ട അമ്മയുടെ അടിവസ്ത്രത്തെ കുറിച്ച് ഇപ്പൊ ചോദിക്കും എന്ന് എനിക്കറിയാമായിരുന്നു. രാജീവേട്ടന്റെ മുഖത്തും നല്ല ഗൗരവം ഉണ്ട്. പ്രശ്നം വിചാരിച്ചതിലും വലുതാണ് എന്ന് എന്റെ മനസ് മന്ത്രിച്ചു.

  ”രാജീവേട്ടൻ നേരത്തേ വന്നോ” ഉമ്മറത്തേക്ക് കേറുംബോൾ തന്നെ ഞാൻ ചോദിച്ചു. “ഉം” എന്നൊരു മൂളൽ മാത്രം ആയിരുന്നു മറുപടി. ഉണ്ണിയുടെ നോട്ടം എന്റെ കൈയ്യിലെ പൊതിയിലേക്കാണ്.

  “അമ്മ ഒന്നും വാങ്ങീട്ടില്ല” ബേഗിൽ ഒരു കിൻഡർ ജോയി ഉണ്ടെങ്കിലും ഞാൻ കള്ളം പറഞ്ഞു. അവൻ അതു കേട്ട് ചിരിക്കുകയാണ്. അവനറിയാം പുറത്തോട്ടൊക്കെ പോയാൽ ഞാൻ  ഒന്നും ഇല്ലാതെ വരില്ല എന്നു. അവന്റെ നോട്ടം എന്റെ മുഖത്തേക്കാണ് ആ നോട്ടം കാണുംബോഴേ എന്റെ മുഖത്തും അറിയാതെ ചിരിവരും. കൈയ്യിലിരിക്കുന്ന കവർ അവനെ ഏൽപ്പിച്ച് ഞാൻ അകത്തേക്ക് കയറി.

  “നീ രാവിലെ അലക്കാൻ കൊണ്ടുപോയത് പകുതി പുഴേൽ ഇട്ടിട്ടാണോ വന്നത്?” പ്രതീക്ഷിച്ച ചോദ്യം. വന്നത് രാജീവേട്ടനിൽ നിന്നാണ്.

  “എന്തേ?” ഒന്നും അറിയാത്തത് പോലെ തന്നെ ഞാൻ രാജീവേട്ടനു നേരെ നോക്കി.

  “നീ അമ്മേടെ ഡ്രസ്സ് പുഴേൽ ഇട്ടിട്ട് അമ്മ രണ്ടാമത് പോയി എടുക്കുക ആയിരുന്നു എന്നാണല്ലോ പറഞ്ഞത് അലക്കാൻ പറ്റില്ലെങ്കിൽ നീ എന്തിനാ അത് എടുത്ത് കൊണ്ട് പോയത്” രാജീവേട്ടന്റെ ചോദ്യം ചെയ്യലും എന്റെ മറുപടികളും കേട്ടുകൊണ്ട് അമ്മ അവിടെ തന്നെ നിൽക്കുന്നുണ്ട്.

  “അമ്മേടെ ഏതു ഡ്രസ്സാ ഞാൻ പുഴേൽ ഇട്ടെ ആരാ പറഞ്ഞെ പുഴേൽ ഇട്ടു എന്ന്? ഇന്നലെ അഴിച്ചിട്ട അമ്മയുടെ സാരീം പാവാടേം തന്നെ അല്ലെ ഞാൻ രാവിലെ അലക്കി ഉണങ്ങാൻ ഇട്ടത്” മുറ്റത്തെ അയലിലേക്ക് ചൂണ്ടിക്കാണിച്ച് കൊണ്ട് ഞാൻ രാജീവേട്ടനോട് ചോദിച്ചു.

  “സാരീന്റെ കാര്യല്ല എന്താ സാരി മാത്രേ മനുഷ്യൻമാരു ഇടുള്ളോ?” അമ്മ ഇടയിൽ കേറി പറഞ്ഞു.

  “പിന്നെ അമ്മയുടെ ഏത് ഡ്രസ്സാ ഞാൻ മറന്നെ?” അമ്മയെ കൊണ്ട് തന്നെ അടിവസ്ത്രത്തിന്റെ കാര്യം പറയിപ്പിക്കാൻ ഞാൻ ശ്രമിച്ചു.

  “ഞാനിന്നല്ലെ കുളിക്കുംബോ അഴിച്ചിട്ട അടീലിടുന്നത് നീ പുഴേൽ കൊണ്ട് പോയില്ലേ?” ഒടുവിൽ അമ്മയ്ക്ക് പറയേണ്ടി വന്നു അത് അടിവസ്ത്രമായിരുന്നുന്ന്.

“ഇതെന്തിനാ അടിയിലിടുന്നതൊക്കെ അലക്കുന്നതിൽ ഇടുന്നത്, കുളിക്കുംബോ തന്നെ സോപ്പ് ഉപയോഗിച്ച് കഴുകി ഇട്ടാൽ പോരേ?” സംഭവം മനസിലായതോടെ രാജീവേട്ടൻ അവിടെ നിന്നും മാറി.

   “ഓ നിന്റെ ചെക്കന്റെ ട്രൗസറും ഷഡ്ഡിം ദിവസോം ഞാൻ അലക്കുന്നുണ്ടല്ലോ ഇനി ഞാൻ നിനക്ക് കാണിച്ച് തരാം കെട്ടോ ലോകം ഇന്നുകൊണ്ട് അവസാനിക്കുകയൊന്നും ഇല്ല അത് മനസിലാക്കിക്കോ നീ”  അമ്മയുടെ താരതമ്യം കേട്ട് ഇതിനൊക്കെ എന്തു പറയണം എന്നാണ് ഞാൻ ആലോചിച്ചത്. അമ്മ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അതിൽ ഞാനില്ലാത്തപ്പോൾ ഉണ്ണിയുടെ ചന്തി കഴുകിയ കണക്ക് വരെ വന്നു.

രാത്രി ഓരോരുത്തരായി ഭക്ഷണമൊക്കെ കഴിഞ്ഞ് ടി വി കാണുന്നതിനിടയിലാണ് രഞ്ചി ഒരു ബിസിനസ്സ് തുടങ്ങുന്നതിനെ പറ്റി പറയുന്നത്. സുജിമ ആ കാര്യം ഒന്ന് രണ്ട് ദിവസമായി അമ്മയോട് പറയുന്നുണ്ടായിരുന്നു. പ്രശ്നം അതിനു വേണ്ടുന്ന പൈസയാണ്. രഞ്ചിയുടെ കണക്ക് കൂട്ടലിൽ ഏകദേശം പത്ത് ലക്ഷത്തോളം രൂപ വേണ്ടി വരും. ആരുടെ കൈയ്യിലും അത്രേം പൈസ ഇല്ലാത്തത് കൊണ്ട് തന്നെ അച്ഛന്റ പേരിലുള്ള ആ സ്ഥലത്തിന്റെ രേഖ പണയപ്പെടുത്തി ലോൺ എടുത്തുകൊണ്ട് അത്രേം പൈസ ആക്കാം എന്നാണ് അവർ കണക്ക് കൂട്ടുന്നത്. ആ പത്തു സെന്റ് സ്ഥലത്തായിരുന്നു രാജീവേട്ടനോട് വീട് വെക്കാൻ പറഞ്ഞിരുന്നത്. കാര്യം അറിഞ്ഞതോടെ ഞാൻ അതിനെ എതിർത്തു.

   “അവർക്ക് അങ്ങനെ പൈസ വേണമെങ്കിൽ സുജിമയുടെ ഗോൾഡ് വെച്ചാൽ പോരെ ഇപ്പൊ ഇല്ലെങ്കിലും പിന്നീട് എപ്പൊഴെങ്കിലും നമ്മൾക്ക് അവിടെ വീട് എടുക്കേണ്ടതല്ലെ?” രാത്രി കിടന്നപ്പോഴാണ് ഞാൻ രാജീവേട്ടനോട് പറഞ്ഞത്. രാജീവേട്ടനെ കാര്യം പറഞ്ഞ് മനസിലാക്കാൻ എളുപ്പമായിരുന്നില്ല. “അച്ഛന്റെ സ്ഥലത്തിന് ലോൺ എടുക്കുന്നതിന് ഞാൻ ഇപ്പൊ എന്താ പറയുക അത് മാത്രം അല്ല അവന് ഒരു ജോലി വേണ്ടേ തിരിച്ച് ഗൾഫിലേക്ക് പോകുന്നില്ലേൽ പിന്നെ നാട്ടിൽ വെറുതേ നിന്നിട്ട് എന്താ ചെയ്യുക” രാജീവേട്ടന്റ മറുപടി കേട്ട് എനിക്ക് ദേഷ്യമാണ് വന്നത്.

  ”അങ്ങനെ ആണെങ്കിൽ അവന് സുജിമയുടെ ഗോൾഡ് എടുത്ത് പണയം വെച്ചാൽ പോരെ എന്നിട്ട് ബാക്കി ഉള്ള പൈസയ്ക്ക് ഈ വീടിന്റെ പേരിൽ എങ്ങാനും ലോൺ എടുത്തോട്ടെ. എന്തായാലും ഈ വീടും ഇവിടെ ഉള്ള സ്ഥലോം അവർക്ക് ഉള്ളതല്ലെ അവർ അവരുടെ ഇഷ്ടത്തിന് എന്താന്നു വെച്ചാൽ ചെയ്തോട്ടെ നമ്മൾക്കുള്ള ആ സ്ഥലം നമുക്ക് എഴുതി തരികേം ചെയ്യട്ടെ” ഞാൻ എന്റെ അഭിപ്രായം പറഞ്ഞു.

   “ആ നോക്കാം. ഇപ്പൊ എന്തായാലും കിടന്നുറങ്ങാൻ നോക്ക്” അതും പറഞ്ഞ് രാജീവേട്ടൻ തിരിഞ്ഞു കിടന്നു.

  രാവിലെയും അമ്മ എന്നോട് മിണ്ടുന്നില്ലായിരുന്നു. ഞാൻ അങ്ങോട്ട് മിണ്ടാനും പോയില്ല. ഒന്ന് രണ്ട് ദിവസം അങ്ങനെ പോയി. അതിനിടെ രഞ്ചി ആ സ്ഥലത്തിന്റെ രേഖ വെച്ച് ലോൺ എടുക്കാൻ വീട്ടിൽ നിന്നും സമ്മർദം ചെലുത്തി. അവന്റെ കൂടെ ബിസിനസ് ചെയ്യാൻ സുജിമയുടെ മുത്ത ചേട്ടനും ഉണ്ടത്രെ. വാക്ക് കൊടുത്തു പോയി പോലും. ഇനി എങ്ങനേയും പൈസ ആക്കണം അല്ലേൽ അവന്റെ വാക്കിനു വില ഇല്ലാതാകും എന്ന്.

   “നിന്നോടാരാ ഇവിടെ ആരോടും പറയാതെ പോയി വാക്കു കൊടുക്കാൻ പറഞ്ഞത്? ഞാൻ ഒന്ന് രാജീവനോടും കൂടി ചോദിക്കട്ടെ” അച്ഛൻ അതും പറയുന്നത് ഞാനും കേട്ടു.

  ഓട്ടോ എടുക്കാൻ ഇറങ്ങിയ രാജീവേട്ടൻ എന്നെ നോക്കി. അച്ഛൻ രാജീവേട്ടന്റെ അഭിപ്രായം അറിയാൻ നോക്കി നിന്നു.

  “അല്ല അവള് പറയുന്നത് ആ സ്ഥലത്ത് ഒരു വീട് വെക്കേണ്ടതല്ലേ എന്നാ. അപ്പൊ ലോൺ എടുത്താൽ നാളെ അതൊരു ബുദ്ധിമുട്ട് ആകില്ലേ എന്നാ..” രാജീവേട്ടൻ പാതിയിൽ നിർത്തി.  എല്ലാരുടെയും നോട്ടം എനിക്ക് നേരെ ആയി. ഞാൻ രാജീവേട്ടനോട് പറഞ്ഞത് അതുപോലെ തന്നെ രാജീവേട്ടൻ ഇത്രയും ആൾക്കാരോട് പറഞ്ഞിരിക്കുന്നു. സുജിമയുടേയും അമ്മയുടേയും കണ്ണുകളിൽ ശത്രുവിനെ കണ്ടതു പോലൊരു നോട്ടം, അത് എനിക്കു നേരെ ആയിരുന്നു.!

**************

വീട്ടിൽ ഞാൻ ഒറ്റപ്പെട്ടത് പോലെ ആകാൻ അധികനേരം വേണ്ടി വന്നില്ല. ഞാൻ രാജീവേട്ടനോട് പറഞ്ഞത് അതുപോലെ തന്നെ രാജീവേട്ടൻ മുള്ളവരോട് പറഞ്ഞതാണ് കാരണം. രാജീവേട്ടന് അത് രാജീവേട്ടന്റെ അഭിപ്രായം തന്നെ ആയി പറഞ്ഞാൽ മതിയായിരുന്നു എങ്കിൽ അത് ഒരു പ്രശ്നമായി ആരും കണക്കാക്കില്ലായിരുന്നു. ഇതിപ്പൊ ഞാൻ എന്തോ ചെയ്തത് പോലെ ആയി.  രഞ്ചിത്ത് ഉൾപ്പെടേ എന്നോട് ഒരു അകൽച്ച കാണിക്കാൻ തുടങ്ങി. ഒരു ദിവസം ഉണ്ണി കരയുംബോൾ സുജിമ അവിടെ തന്നെ ഉണ്ടായിരുന്നിട്ട് കൂടി ഒന്ന് അവനെ എടുക്കാനോ സമാധാനിപ്പിക്കാനോ നിന്നില്ല. 

   “നിനക്ക് ആ കുഞ്ഞിനെ ഒന്ന് എടുത്തൂടെ സുജിമേ? അത് കരയുന്നത് കാണുന്നില്ലേ നീ?” ഉണ്ണിയുടെ കരച്ചിൽ കേട്ടുകൊണ്ട് വന്ന അച്ഛൻ അവളോടാണ് അങ്ങനെ പറഞ്ഞത്. അതിന് അവൾ പറഞ്ഞ മറുപടിയാണ് എന്നെ ഞെട്ടിച്ചത്.
  “ആ കരയുന്നുണ്ടേൽ കരയട്ടെ. വിദ്യേച്ചി അപ്പുറത്ത് തന്നെ ഉണ്ടല്ലോ. കരയുന്നത് എന്താ അവർക്ക് ചെവി കേൾക്കില്ലേ?” അതായിരുന്നു അവളുടെ മറുപടി. ഓരോരുത്തരും അവരുടേതായ രീതിയിൽ എന്നോട് ദേഷ്യം കാണിക്കാൻ തുടങ്ങിയിരുന്നു.

 രാത്രി കിടന്നപ്പോഴും ഉണ്ണിയുടെ അടുത്ത് സുജിമ പെരുമാറിയ രീതി എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു. അവൾക്ക് എങ്ങനെ തോന്നി അവനോട് ഇങ്ങനെ  പെരുമാറാൻ എന്നാണ് ഞാൻ ആലോചിച്ചത്. 

“നീ തന്നെയല്ലേ ഓരോരുത്തരേയും വെറുപ്പിച്ചത് എന്നിട്ട് ഇപ്പൊ എന്നോടാണോ പറയുന്നേ ” ആ സംഭവം ഞാൻ രാജീവേട്ടനോട് പറഞ്ഞപ്പോൾ രാജീവേട്ടൻ അങ്ങനെയാണ് പറഞ്ഞത്. ഞാൻ വെറുപ്പിച്ചു പോലും. ആ വീട്ടിൽ ഞാനും ഉണ്ണിയും ഒറ്റപ്പെട്ട രണ്ട് ജീവനുകളായി മാറുന്നത് എനിക്ക് ശരിക്കും അറിയുന്നുണ്ടായിരുന്നു.

   ”നിങ്ങളിത് എപ്പൊഴാ വരുന്നേ? ഇന്നലെ രാവിലെയേ പോയതല്ലെ?”  സുജിമയെ വിളിക്കുന്നതാണ് അമ്മ. രഞ്ചിത്തും സുജിമയും അവളുടെ വീട്ടിൽ പോയതായിരുന്നു. ചിലപ്പോൾ ഒന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടേ വരുള്ളൂ എന്ന് പറഞ്ഞിരുന്നു. ഇതേ അമ്മയാണ് ഞാൻ വീട്ടിൽ പോയി എത്ര നാൾ നിന്നാലും ഒരു കോൾ പോലും എന്നെ അന്വേഷിച്ച് ഉണ്ടാകാറില്ല എന്ന് ഓർത്തപ്പോൾ എന്റെ ഉള്ളിൽ എന്തോ പോലെ. അതിനെ പറ്റി ഇടയ്ക്ക് ഞാൻ അച്ഛനോട് പറഞ്ഞിരുന്നു. അച്ഛൻ വെറുതെയെങ്കിലും അമ്മയോട് അതിനെ പറ്റി ചോദിച്ചു.

  ” തോന്നുംബോ കേറി വരുകേം പോവുകേം ചെയ്യുന്ന അവളെ ഇനി ഞാൻ വിളിക്കാത്തതിന്റെ കുറവേ ഉള്ളൂ.” ആ മറുപടിയുടെ അർഥതലങ്ങൾ ഒരു പാട് ആയിരുന്നു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചെങ്കിലും അതെല്ലാം പതുക്കെ പതുക്കെ ഉൾക്കൊള്ളാൻ ഞാൻ പഠിച്ചിരുന്നു. ഞാൻ വീട്ടിലായിരിക്കുന്ന സമയത്ത് രാജീവേട്ടൻ പോലും വിളിക്കാറില്ല അപ്പൊഴാ അമ്മ. ഞാൻ ഓരോന്നോർത്ത് കൊണ്ട് തയ്ക്കാൻ ഇരുന്നു.

*****************

   “രഞ്ചിക്ക് പൈസ വേണം എന്ന് പറഞ്ഞ് വിളിച്ചിരുന്നു. നിങ്ങൾക്ക് ആ കാര്യം എന്തെങ്കിലും ഒരു വഴി ആക്കി കൊടുക്കരുതോ”  അമ്മ അച്ഛന്റെ മേലെ സമ്മർദം ചെലുത്താൻ തുടങ്ങിയിട്ട് ദിവസം കുറച്ച് ആയി. വീടിന്റെ മേലെ ലോൺ എടുത്തിട്ടുള്ള ഒരു പരിപാടിക്കും അച്ഛൻ സമ്മതിക്കില്ല എന്ന് ഉറപ്പായിരുന്നു.

  “എന്നാപ്പിന്നെ ആ സ്ഥലത്തിന്റെ പേരിൽ ലോൺ എടുത്തോട്ടെ എന്തായാലും അവൻ തന്നെയല്ലേ അത് അടയ്ക്കേണ്ടത്.” അമ്മയ്ക്ക് ഇത്തിരി വാശിയുള്ളത് പോലെ തോന്നി. 

  “അത് നമുക്ക് ആലോചിക്കാം നീ ആദ്യം പോയി കുടിക്കാൻ എന്തെങ്കിലും എടുക്ക്” അതും പറഞ്ഞ് അച്ഛൻ ഉമ്മറത്തേക്ക് പോയി. കൂടെ ഉണ്ണിയും. അല്ലേലും അവന് മാറ്റാരെക്കാളും അടുപ്പം അച്ഛനോടാണ്. ”അച്ഛച്ചാ” എന്നും വിളിച്ച് ഏതു നേരോം പുറകെ നടക്കും.

 “അവള് പറയുന്നതും കേട്ട് നിങ്ങൾ രഞ്ചിക്ക് പൈസ കൊടുക്കാതിരിക്കണ്ട അവളുടെ തറവാട്ടിൽ നിന്നും കൊണ്ടുവന്ന സ്ഥലം ഒന്നും അല്ലല്ലോ അധികാരം പറയാൻ” ഉമ്മറത്ത് നിന്നും അമ്മയുടെ സംസാരം എന്നെ കേൾപ്പിക്കാൻ തന്നെയുള്ളത് ആയിരുന്നു. അതിനൊന്നും മറുപടി പറയാനോ മിണ്ടാനോ ഞാൻ നിന്നില്ല.

 എട്ട് മണി ആയിട്ടും രാജീവേട്ടൻ വരാതെ ആയപ്പോൾ ഞാൻ തുടരെ തുടരെ ഫോൺ വിളിച്ചു. ഫോൺ എടുക്കുന്നതേ ഉണ്ടായിരുന്നില്ല. അടുത്ത റിങ്ങിൽ ഫോൺ എടുത്തതേ “വിളിച്ചോണ്ട് നിൽക്കണ്ട ഞാൻ അങ്ങോട്ട് തന്നെയാ വരുന്നേ” എന്നായിരുന്നു പറഞ്ഞത്. അതു പറഞ്ഞ് തീരലും ഫോൺ കട്ടായതും ഒരുമിച്ചായിരുന്നു. കൂടെ ആരൊക്കെയോ ഉണ്ട് ആരുടെയൊക്കെയോ സംസാരവും ബഹളവും കേൾക്കാമായിരുന്നു.

   “എടാ മതി കളിച്ചത് വന്ന് എന്തെങ്കിലും തിന്നാൻ നോക്ക്. ഏത് നേരോം കളി കളി എന്ന വിചാരേ ഉള്ളു ചെക്കന്. ഒരു സാധനോം തിന്നാതെ നടക്കുവാ ചെക്കൻ” മണി പത്ത് ആകാറായിട്ടും അച്ഛന്റെ കൂടെ കളിക്കുന്ന ഉണ്ണിയെ ഞാൻ വഴക്ക് പറഞ്ഞെങ്കിലും “അമ്മ പോ” എന്നു പറഞ്ഞ് അവൻ ബോളെടുത്ത് എന്നെ എറിയാൻ നിന്നു.

  “നല്ല അടി കിട്ടും എന്റെ കൈയ്യീന്ന് പറഞ്ഞില്ലാന്നു വേണ്ട” ഞാൻ അവനു നേരെ കണ്ണുരുട്ടി. അതിനു ഇടയിലാണ് മുറ്റത്ത് ഓട്ടോ വന്ന് നിന്നത്. രാജീവേട്ടൻ ഇറങ്ങുംബോഴേ അറിയാം നന്നായി കുടിച്ചിട്ടുണ്ട്. അതോടെ ഉണ്ണി കളി മതിയാക്കി. ഞാൻ അവനെ കഴിപ്പിക്കാൻ വേണ്ടി അടുക്കളയിലേക്ക് നീങ്ങി.

  “എടാ നിനക്ക് നിന്റെ ഓള് പറയുന്നതാണോ ഇവിടുള്ളോർ പറയുന്നതാണോ കാര്യം. നിന്റെ അച്ഛന്റെ സ്ഥലത്തിന് ലോൺ എടുത്ത് നിന്റെ അനിയന് കൊടുക്കുന്നതിൽ അവള് വർത്താനം പറയേണ്ട കാര്യം എന്താ. അവള് കാരണം രഞ്ചി ഇപ്പൊ ഇവിടുന്ന് മര്യാദയ്ക്ക് തിന്നുന്നു പോലും ഇല്ല. നിനക്ക് അവളെ നിലയ്ക്ക് നിർത്താൻ പറ്റില്ലേൽ നീ എന്നോട് പറ ഞാനവളെ ജീവിക്കുന്നത് എങ്ങനെ ആണെന്ന് പഠിപ്പിക്കാം” അമ്മ രാജീവേട്ടനോട് രൂക്ഷമായാണ് സംസാരിച്ചത്.

  “ഇവിടെ ഇപ്പൊ എന്താ പ്രശ്നം?” രാജീവേട്ടൻ സമാധാനത്തിലാണ് ചോദിച്ചത്.

  ” പ്രശ്നം എന്താണെന്ന് നീ നിന്റെ അവളോട് തന്നെ ചോദിച്ചു നോക്ക്” അമ്മയുടെ സംസാരം കേട്ട് ഞാനും ഹാളിലേക്ക് വന്നിരുന്നു.

  “നിന്റെ പ്രശ്നം എന്താ?” രാജീവേട്ടൻ എനിക്കു നേരെ വന്നു. ഉണ്ണി പേടിച്ച് ഒരു ഭാഗത്തേക്ക് നീങ്ങി എന്റ നൈറ്റിയിൽ തൂങ്ങി പിടിച്ചു.

  “എന്ത് പ്രശ്നം. അമ്മ എന്തൊക്കെയാ അമ്മേ ഈ പറയുന്നേ?” ഞാൻ അമ്മയ്ക്ക് നേരെ നോക്കി. അതിനിടയിൽ തന്നെ എന്റെ ഇടത് കൈ രാജീവേട്ടൻ പിടിച്ചു തിരിച്ചു കഴിഞ്ഞിരുന്നു.

തുടരെ തുടരെ കിട്ടിയ രണ്ട് മൂന്ന് അടിയിൽ  ഞാൻ വീണു പോയിരുന്നു. ഉണ്ണിയുടെ കരച്ചിൽ ഒരു ഭാഗത്ത് അതിനിടയിൽ അച്ഛൻ വന്ന് പിടിച്ച് മാറ്റാൻ നോക്കുന്നുണ്ടായിരുന്നു.

   ” കിട്ടട്ടെ അതിന് ഒന്നൂടെ… അവൾക്കേ വായിലെ നാവ് കൊറേ കൂടുതലാ. ഉള്ളതും ഇല്ലാത്തതും അവിടേം ഇവിടേം പോയി പറഞ്ഞ് കുടുംബം തമ്മിൽ തെറ്റിക്കാൻ നോക്കുവാ അവൾ” അടി കിട്ടി ഒരു മൂലയ്ക്ക് ഇരിക്കുംബോഴും അമ്മയുടെ വാക്കുകൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നു. കൈ പിടിച്ച് തിരിച്ചത് കൊണ്ട് കൈക്ക്  വല്ലാത്ത വേദന ഉണ്ട്. ബഹളം കേട്ടിട്ടാവണം അടുത്ത വീട്ടിൽ നിന്നും ആരൊക്കെയോ വന്ന് കാര്യം അന്വേഷിക്കുന്നുണ്ട്. “അത് അവളെന്തോ പറഞ്ഞിട്ട് രാജീവൻ അതിനെ പറ്റി ചോദിച്ചതാ വേറെ പ്രശ്നോന്നും ഇല്ല നിങ്ങള് പോയ്ക്കോ” അമ്മ തന്നെയാണ് അവരെ പറഞ്ഞയക്കുന്നത്. “എന്റെ മോന്റെ ഓരോ വിധി അല്ലാതെന്താ. നിങ്ങടെ  വീട്ടിലും മക്കള് കെട്ടികൊണ്ടുവന്നിട്ടില്ലേ…? ആർക്കും എന്റെ മോനെ പോലൊരു വിധി ഉണ്ടാകരുതേ ദൈവേ” പുറത്ത് അവരോട് തന്നെയാണ് അമ്മ  പതം പറയുന്നതും കരയുന്നതും. അതിനിടയിൽ രാജീവേട്ടൻ അകത്തേക്ക് പോയി.  “നീ ഇത് കൊറേ ആയി കളിക്കുന്നത് വേണ്ടാ വേണ്ടാന്ന് വെക്കുംബൊ ചോദിച്ച് വാങ്ങുന്നതല്ലെ” എനിക്ക് നേരെ നോക്കി അങ്ങനെ പറയുന്ന  രാജീവേട്ടന്റെ  മുഖം എനിക്ക് ഒട്ടും പരിചയമില്ലായിരുന്നു. ഒരു പാട് മാറിയിരിക്കുന്നു. ആ മാറ്റത്തിന് ഒരു പരിധിവരെ കാരണം അമ്മയാണ് കൂടെ രാജീവേട്ടന്റെ വെള്ളമടിയും. പണ്ടത്തെ രാജീവേട്ടൻ  ഇങ്ങനെയൊന്നും  ആയിരുന്നില്ല. ഇപ്പോൾ അടുത്ത് കിടക്കുംബോൾ പോലും പുകയിലയുടേയും കള്ളിന്റെയും അറപ്പുള്ളവാക്കുന്ന ഗന്ധമാണ് ഉണ്ടാവുക. എങ്ങോ നഷ്ടപ്പെട്ടുപോയ   ആ നല്ല രാത്രികൾ ഇപ്പൊൾ കൊറേ കാലം ആയി വിരക്തിയുടേതായി മാറിയിട്ട്. ഒന്ന് സ്നേഹത്തോടെ ചേർത്തു പിടിച്ചിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു ഞാൻ.  എന്നെ ചേർത്തു പിടിച്ച്   ” പോട്ടെടി ” എന്ന് പറഞ്ഞ് ഇനി ഇങ്ങനെ ഉണ്ടാകില്ല എന്നു വെറുതെയെങ്കിലും ഒന്ന്  പറഞ്ഞാൽ മതി ആയിരുന്നു. ഞാൻ എല്ലാം ക്ഷമിക്കുമായിരുന്നു. പക്ഷേ അതൊക്കെ വെറും എന്റെ ആഗ്രഹങ്ങൾ മാത്രമാണ് . ഒന്നും നടക്കാൻ പോകുന്നില്ല.

‌  വീട്ടിലേക്ക് ഒന്ന് വിളിച്ചാലോ എന്നു ഉണ്ടായിരുന്നു പക്ഷേ ഈ സമയത്ത് വിളിച്ചാൽ അവരും പേടിക്കും.  അമ്മ അടുത്ത് ഉണ്ടായിരുന്നെങ്കിൽ…. ഒന്ന് അമ്മയെ കെട്ടിപിടിച്ചു ഉറക്കെ  ഉറക്കെ കരയാമായിരുന്നു. ആ നെഞ്ചിൽ തല വെച്ച് ഉറങ്ങാമായിരുന്നു.   ആങ്ങളയെയോ അച്ഛനെയോ വിളിച്ചാൽ അവർ ഓടി എത്തും അതെനിക്ക് അറിയാം. വിളിക്കാൻ വേണ്ടി ഫോൺ കൈയ്യിലെടുത്തെങ്കിലും വേണ്ട എന്നു വെച്ചു.

“നീ ഈ കാണിച്ച ആവേശമുണ്ടല്ലോ ……. അത് നീ  ഈ കണ്ടതൊന്നും അല്ല ജീവിതം എന്ന് മനസിലാക്കുന്ന ഒരു ദിവസം വരും അന്ന് നീ കരയും.” രാജീവേട്ടനൊപ്പം ഇറങ്ങി വന്ന നാൾ ഏട്ടൻ പറഞ്ഞതാണ്.

   “അവനോട് പോയി പണി നോക്കാൻ പറ… നീ എന്തിനാ പേടിക്കുന്നേ….??നിനക്ക് ഞാനില്ലേ .  അതറിഞ്ഞപ്പോൾ രാജീവേട്ടൻ  അങ്ങനെ പറഞ്ഞാണ് സമാധാനിപ്പിച്ചത് . ആദ്യമൊക്കെ അത് ശെരിവെക്കുന്ന പെരുമാറ്റമായിരുന്നു   രാജീവേട്ടന്റെയും അമ്മയുടെയും . പിന്നീട് പതുക്കെ പതുക്കെ അത് മാറി  . ആദ്യം അമ്മയാണ് മാറാൻ തുടങ്ങിയത് അപ്പൊഴും രാജീവേട്ടൻ കൂടെ ഉണ്ടായിരുന്നു. അത് വലിയൊരാശ്വാസമായിരുന്നു.  ഉണ്ണി ഉണ്ടായി  കൊറേ നാളൊക്കെ കഴിഞ്ഞപ്പോൾ “നീയാണ് അവൾക്ക് വളം വെച്ചു കൊടുക്കുന്നത്” എന്നു പറഞ്ഞ് കൊണ്ട് അമ്മ രാജീവേട്ടനെയും കുറ്റപ്പെടുത്തി തുടങ്ങിയപ്പോൾ . പതുക്കെ പതുക്കെ രാജീവേട്ടനും മാറി. പിന്നെ  ഞാൻ ഒറ്റപ്പെടുകയായിരുന്നു. ഉണ്ണി മാത്രമായി എന്റെ ലോകം ചുരുങ്ങി.

“പോയി കിടന്നുറങ്ങാൻ നോക്കെടീ. സമയം പതിനൊന്ന് മണി ആയി. ചെക്കൻ നിലത്ത് കിടക്കുന്ന കാണുന്നില്ലേ. നിലത്ത് കിടന്ന് തണുപ്പ് പിടിപ്പിച്ചിട്ട് അതിനും ക്ഷീണം പിടിപ്പിക്കണ്ട. വല്ലോം വന്നാൽ പിന്നെ അതിനെ ഡോക്ടർനെ കാണിക്കാൻ പണം മൊടക്കണം.അതിനു വേണ്ടി  നിന്റെ അവിടന്നു ഒന്നും കൊണ്ട് വന്നിട്ടൊന്നും ഇല്ലല്ലോ… .”   അമ്മ  പറഞ്ഞു. എല്ലാവരും കിടന്നു കഴിഞ്ഞിരുന്നു.

“ഒരു കുടുംബം ആകുംബോ ഇങ്ങനെ ഒക്കെ ഉണ്ടാകും പണ്ട് രാജീവന്റെ അച്ഛൻ എന്നെ എത്ര തവണ അടിച്ചിട്ടുണ്ടെന്നോ. നീ പോയി കിടക്കാൻ നോക്ക്. അതും പറഞ്ഞ് അമ്മ അകത്തേക്ക് നടന്നു. ഉണ്ണി പകുതി എന്റെ മടിയിലും ബാക്കി നിലത്തും ആയി കിടന്നു ഉറങ്ങി പോയിരുന്നു. പതുക്കെ എണീറ്റ് അവനെ അകത്തേക്ക് കൊണ്ടുപോയി കിടത്തി. ഇനിയും എനിക്ക് വയ്യ. രണ്ടു കൈകൊണ്ടും കണ്ണുകൾ അമർത്തി തുടച്ചു. ചില തീരുമാനങ്ങൾ എടുത്ത് കൊണ്ട് ഞാൻ  മുറ്റത്തേക്ക് ഇറങ്ങി. കിണറിൽ നിറയെ വെള്ളമുണ്ട്.കുളിമുറിയിലേക്ക് പോയി. നേരത്തെ കുളിച്ചതാണ്. എന്നാലും തുടരെ തുടരെ വെള്ളം വലിച്ച് തലയിലൂടെ ഒഴിച്ച് തണുപ്പിക്കുകയായിരുന്നു  എന്റെ മനസിനേയും ശരീരത്തെയും. ഒടുവിൽ കിണറിലേക്ക് നോക്കി ഇത്തിരി നേരം നിന്നു.

  എന്റെ ഉണ്ണി . എന്റെ അമ്മ ,അച്ഛൻ ഓരോരുത്തരുടേയും മുഖം മനസിൽ വന്നു. രാജീവേട്ടനോപ്പമുള്ള നല്ല കാലങ്ങൾ അങ്ങനെ പലതും കണ്മുന്നിലൂടെ  കടന്നു പോയി. കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. വീണ്ടും വീണ്ടും തലയിലൂടെ വെള്ളം കോരി ഒഴിച്ചു. വാതിലിൽ ഒരു മുട്ട് കേട്ടു.

   “നീ എന്താ അവിടെ പണി എടുക്കുന്നേ?” പുറത്ത് അമ്മയുടെ ശബ്ദം.

  “എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ഞാൻ നിങ്ങൾക്ക് കാണിച്ച് തരാം.” ഭ്രാന്തിളകിയത് പോലെ പിറുപിറുത്ത് കൊണ്ട് ഞാൻ വീണ്ടും വീണ്ടും തലയിലൂടെ വെള്ളം കോരി ഒഴിച്ചു. അതിനിടയിൽ ഓരോ റൂമിലും ലൈറ്റ് തെളിഞ്ഞു. ഓരോരുത്തരായി എണീക്കുകയാണെന്ന് എനിക്ക് മനസിലായി. ഇതാണ്…..ഇന്നാണ്…. എന്റെ ദിവസം ഇന്ന് ഇപ്പൊ തീരുമാനിക്കണം .. എന്റെ മനസ് പറഞ്ഞു. വീണ്ടും വാതിലിൽ ആരോ ശക്തമായി മുട്ടി. “ചാടി ചാകാൻ ഒന്നും പോകുന്നില്ല” വാതിൽ ഒന്നും തുറന്നു അമ്മയ്ക്ക് നേരെ നോക്കി പറഞ്ഞു ഞാൻ വീണ്ടും അടച്ചു.! 

“ഇനി കരയരുത്.  ” എന്റെ മനസ് മന്ത്രിച്ചു… അതിനിടയിൽ വീണ്ടും വാതിലിൽ മുട്ടുന്നുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് വാതിൽ തുറന്നു. മുന്നിൽ അമ്മയാണ്. ഞാൻ കിണറ്റിൽ ചാടുമോ എന്നറിയാൻ വന്നതാകും.

“എന്തായിരുന്നു നിന്റെ ഉദ്ദേശം ഇവിടുള്ളോരെ സ്റ്റേഷനിൽ കയറ്റാനാണോ നീ ഇപ്പൊ കുളിമുറിയിൽ കേറിയത്?” പിന്നിൽ ചോദ്യങ്ങളുമായി അമ്മ ഉണ്ടായിരുന്നു. അച്ഛനും എണീറ്റ് ഹാളിലേക്ക് വന്നിരുന്നു. ഞാൻ ആ ചോദ്യങ്ങൾ കെട്ടില്ലെന്നു നടിച്ചുകൊണ്ട് വേഗം അകത്തേക്ക് കേറി. പെട്ടെന്ന് തന്നെ ഡ്രസ്സും മാറി സർട്ടിഫിക്കറ്റ് അടങ്ങിയ ബാഗും എടുത്ത് ഉണ്ണിയേം എടുത്ത് ഹാളിലേക്ക് വന്നു. അതിനിടയിൽ രാജീവേട്ടനും എണീറ്റു.

   “മോളെ നീയിത് … എന്താ കാണിക്കുന്നെ…. ..” അച്ഛനു പറയാൻ വാക്കുകൾ കിട്ടാതെ വിക്കി .   ഞാൻ കൈയ്യിൽ ബാക്കി ഒരു വള ഉള്ളത് അഴിച്ച് അമ്മയ്ക്ക് നേരെ വലിച്ചെറിഞ്ഞു. “ഇത് നിങ്ങൾടെ ശവം കത്തിക്കാൻ എന്റെ വക ഉള്ളത്. ഇനി പട്ടിണി കിടന്ന് ചത്താലും വിദ്യയും മോനും ഇങ്ങോട്ട് വരില്ല” ഞാൻ നിന്നു കിതക്കുകയായിരുന്നു.എനിക്കു എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ലായിരുന്നു.അതും പറഞ്ഞ് ഞാൻ മുന്നിലേ റോഡിലേക്ക് ഇറങ്ങി. അതിനിടയിൽ എന്റെ വീട്ടിലേക്ക് വിളിക്കാനും മറന്നില്ല. രജിതേച്ചിയുടെ വീടായിരുന്നു എന്റെ ലക്ഷ്യം. ഞാൻ വേഗം അവരുടെ വീടിന്റെ ഭാഗത്തേക്ക് നടന്നടുത്തു. അസമയത്തെ എന്റെ വരവും ഭാവവും കണ്ട് അവർ ആകെ അമ്പരപ്പോടെ എന്നെ നോക്കി. ഏട്ടൻ കാറും എടുത്ത് അവിടേക്കാണ് വന്നത്. ഏട്ടൻ വരുംബോഴേക്കും രജിതേച്ചിയോട് ഞാൻ കാര്യങ്ങളൊക്കെ  പറഞ്ഞിരുന്നു. അവർക്കൊന്നെ  ഒരു വാക്കു കൊണ്ടു പോലും ആശ്വസിപ്പിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.

   “വാ ആദ്യം സ്റ്റേഷനിലേക്ക് പോകാം. ആ നായിന്റെ മക്കളെ അങ്ങനെ വിട്ടാൽ പറ്റില്ല….” വന്നിറങ്ങിയ പാടെ ഏട്ടൻ പറഞ്ഞു.അച്ഛനും ഉണ്ടായിരുന്നു കാറിൽ.. “ഓരോന്ന് കണ്ടില്ലെന്നും കെട്ടില്ലെന്നു വയ്ക്കുമ്പോൾ…..  അവര് പിന്നെയും പെണ്ണിനെ ഉപദ്രവിക്കുവാണ്…. നമ്മള് ചോദിക്കാൻ ചെല്ലില്ല എന്ന ധാർഷ്ട്യമാണ് അവന്… എല്ലാത്തിനും വളവച്ചുകൊടുക്കാൻ ഒരു അമ്മയും….” ഏട്ടന് പറഞ്ഞിട്ട് മതിയാവുന്നില്ലായിരുന്നു അച്ഛനും നല്ല ദേഷ്യത്തിൽ തന്നെയാണ്.

   “അതൊന്നും വേണ്ട അച്ഛാ” ഏട്ടനോട് പറയാൻ ധൈര്യമില്ലാത്തത് കൊണ്ട് ഞാൻ അച്ഛനോടാണ് അങ്ങനെ പറഞ്ഞത്.

  “നീ മിണ്ടാതെ നിന്നോളണം” രജിതേച്ചിയിൽ നിന്നും കാര്യങ്ങളൊക്കെ മനസിലാക്കിയ ഏട്ടന് ദേഷ്യം അടക്കാൻ ആകുന്നുണ്ടായിരുന്നില്ല. ഇപ്പൊ തന്നെ രാജീവേട്ടന്റെ വീട്ടിലേക്ക് പോയി പ്രശ്നം ആക്കുമോ എന്ന പേടി പോലും ഉണ്ടായിരുന്നു എനിക്ക്.  അച്ഛൻ എന്റെ വിറക്കുന്ന കൈകളെ കൂട്ടിപിടിച്ചു.. സമാധാനിപ്പിക്കുന്ന പോലെ.ഉണ്ണിയെ എടുത്തു തോളിൽ ഇട്ടുകൊണ്ട് അച്ഛൻ അവനോടായി പറഞ്ഞു.”

” ഇതിൽ തീരുമാനിക്കാൻ ഒന്നും ഇല്ല അവളും കുട്ടിയും അവിടെ വീട്ടിൽ നിന്നോട്ടെ അല്ലാതെ ഇനി അവന്റെയും വീട്ടുകാരുടെയും അടിയും ആട്ടും തുപ്പും കൊള്ളാൻവേണ്ടി  ഇങ്ങോട്ട് വിടുന്ന പ്രശ്നമില്ല” ഏട്ടനാണ് അതു പറഞ്ഞത്. വീട്ടിലെത്തുംബോഴേക്കും രാത്രി ഒരു മണി കഴിഞ്ഞിരുന്നു. അമ്മ ഞങ്ങൾ വരുന്നതും കാത്ത് ഉറങ്ങാതെ ഇരിക്കുന്നുണ്ടായിരുന്നു. അമ്മ എന്റെ ഒപ്പം വന്ന് കിടന്നു. അമ്മ എന്നെ സമധാനിപ്പിക്കുന്നുണ്ടായിരുന്നു. ഞാൻ  മരവിച്ച പോലെയുള്ള  അവസ്ഥയിലായിരുന്നു.  വേഗം തന്നെ എല്ലാരും കിടന്നു. ഞാനും കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങി.

******************

രാവിലെ ഒരു പാട് വൈകിയാണ് ഞാൻ എണീറ്റത്. കൈയുടെ എവിടെയോ ഇപ്പൊഴും വേദന ഉണ്ട്. കൈ പിടിച്ച് തിരിച്ചതിന്റെ ആയിരിക്കും. അടുക്കളയിൽ അമ്മയും ഏട്ടന്റെ ഭാര്യ രേഷ്മയും എന്തൊക്കെയോ ഉണ്ടാക്കുന്ന ബഹളം ആയിരുന്നു. കിടക്കയിൽ നിന്നും എഴുനേൽക്കാൻ പോലും തോന്നിയില്ല. ഒരു തരം മരവിപ്പ്. എല്ലാം മടുത്ത ഒരു അവസ്ഥ. അടുത്ത് കിടക്കുന്ന ഉണ്ണിയെ നോക്കി. ഒന്നും അറിയാതെ ചെറു പുഞ്ചിരിയോടെ ഉറങ്ങുന്ന അവന്റെ മുഖം കണ്ടപ്പോൾ എനിക്കു സങ്കടം തികട്ടി വന്നു. ഞാൻ ഫോണെടുത്ത് നോക്കി. രജിതേച്ചിയുടെ മിസ്കോൾ ഉണ്ട്. ഇന്നലെ രാത്രി വന്നതല്ലെ അപ്പൊ അവിടുത്തെ കാര്യങ്ങൾ ഒക്കെ പറയാൻ ആയിരിക്കും വിളിച്ചത്. ഞാൻ വേഗം തിരിച്ചു വിളിച്ചു. കാര്യങ്ങൾ ഒക്കെ സംസാരിച്ചു.

  “നീ അങ്ങനെ വിട്ടു കൊടുക്കുകയൊന്നും വേണ്ട കുറച്ച് കാലം അവിടെ നിൽക്ക്. അത് നിന്റെ വീടല്ലേ. ഒന്നൂല്ലേലും സമാധാനവും സ്വസ്ഥതയും  ഉണ്ടാകുമല്ലോ . ആ… പിന്നെ…. ഉണ്ടല്ലോ….. രാവിലെ അലക്കുംബോ അവിടെ ഉണ്ടായിരുന്നു നിന്റെ അമ്മായിയമ്മ. നീയായിരുന്നു അവരുടെ സംസാര വിഷയം. നീ  അവര്  മരിക്കാൻ  വേണ്ടി കാത്ത് നിൽക്കുകയാണെന്നോ… അതിന് നീ എന്തോ നേർച്ച കൂട്ടിയിട്ടുണ്ടെന്നോ…. ഒക്കെ പറയുന്നത് കേട്ടു. ഞാൻ ഒന്നും മിണ്ടിയിട്ടില്ല. എന്റെടുത്ത്ന്ന് എന്തെങ്കിലും കിട്ടുമോ എന്നറിയാൻ ഉള്ള അടവാണ് അത്. ഇതൊക്കെ ഞാൻ എത്ര കണ്ടതാ” രജിതേച്ചിയുടെ സംസാരത്തിൽ അവരോടുള്ള ദേഷ്യം നല്ലോണം ഉണ്ടായിരുന്നു. ഞാൻ എല്ലാം മൂളികേട്ടു.

  “വർഷയൊക്കെ രാവിലെ അവിടെ പോയിട്ടുണ്ട്. അച്ഛൻ പാവം ആരോടും ഒന്നും മിണ്ടാനും ഇല്ല കേൾക്കാനും ഇല്ല ആ പശുവിനെയും കൊണ്ട് പോകുന്നത് കണ്ടു” രജിതേച്ചി വീണ്ടും പറഞ്ഞു. ഞങ്ങൾ സംസാരിക്കുന്നതിന്റെ ഇടയിൽ ഉണ്ണി ഉണർന്നു കരഞ്ഞു.  അതിനിടയിൽ ഏട്ടന്റെ മോൻ സച്ചുവും. രണ്ടു പേരും പരസ്പരം ആരാണ് ഉറക്കെ കരയുക എന്ന മൽസരം ആണെന്ന് തോന്നി.

  “രജിതേച്ചീ ഞാൻ വിളിക്കാം മോനെണീറ്റ് കരച്ചിലാ” ഞാൻ വേഗം ഫോൺ കട്ട് ചെയ്ത് അവനെ എടുത്തു ഹാളിലേക്ക് നടന്നു. അവിടെ സച്ചുവിനെയും കൊണ്ട് രേഷ്മയും ഉണ്ടായിരുന്നു. രണ്ടു പേരെയും സമാധാനിപ്പിച്ച് ഞാനും രേഷ്മയും നിന്നു.

   “ഏട്ടനെണീറ്റില്ലെ?” ഞാൻ അവളോട് ചോദിച്ചു.

  ” ഇല്ല….നല്ല ഉറക്കാണ്. ചിലപ്പൊ ഇന്ന് ലീവായിരിക്കും.” അവൾ അത് പറയുംബോൾ എനിക്കെന്തോ ഒരു പേടി പോലെ തോന്നി. എന്റെ നെഞ്ചിൽ ഒരു വല്ലാത്ത കനം അനുഭവപ്പെട്ടു. എന്റെ കാര്യത്തിൽ എന്തെങ്കിലും തീരുമാനമോ… അല്ലെങ്കിൽ ഇന്നലെ രാത്രി പറഞ്ഞത് പോലെ പരാതി കൊടുപ്പിക്കാനോ മറ്റോ വേണ്ടി ആകുമോ എന്നൊരു ഭയമായിരുന്നു എന്റെ ഉള്ളിൽ. പരാതിയൊക്കെ കൊടുത്താൽ പിന്നീട് അത് വലിയൊരു തെറ്റായി മാറും എന്ന് എനിക്കറിയാമായിരുന്നു.എനിക്കു രാജീവേട്ടന്റെ അടുത്തേക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടാകുമോ എന്ന് പോലും ഞാൻ സംശയിച്ചു. അധികം വൈകാതെ തന്നെ അച്ഛൻ വന്നു. രാവിലത്തെ കടയിലേക്കുള്ള പോക്കൊക്കെ കഴിഞ്ഞ് ഉള്ള വരവാണ്. എല്ലാരും ചായ ഒക്കെ കുടിച്ചു.

   “അവനെവിടെ?” അച്ഛൻ രേഷ്മയുടെ മുഖത്ത് നോക്കി.

  “അവിടേണ്ട് അച്ഛാ. ശ്രീയേട്ടാ അച്ഛൻ വിളിക്കുന്നുണ്ടേ” അവൾ ഏട്ടനെ വിളിച്ചു. അതോടെ അച്ഛൻ ഉമ്മറത്തേക്ക് നടന്നു. കൂടെ ഏട്ടനും പിന്നാലെ അമ്മയും.!

  അച്ഛൻ കസേരയിലും ഏട്ടൻ ഉമ്മറത്തെ ഇരുത്തിയിലും ഇരിക്കുകയാണ്. അമ്മ വാതിൽ പടിയിൽ തന്നെ ഉണ്ട്. രേഷ്മയും പിള്ളേരും അടുക്കളയിൽ ആണുള്ളത്.

   “ഇതിപ്പൊ എന്താ ചെയ്യാ പെണ്ണിനെ ഇന്നലെ ചെറിയ അടിയൊന്നും അല്ല അവൻ അടിച്ചത്. ഞാൻ രാവിലെ രജിതയെ വിളിച്ചിരിന്നു” അച്ഛനാണ് തുടക്കമിട്ടത്.

  “ഇതിലിപ്പൊ ചെയ്യാൻ ഒന്നുമില്ല പോയി അവന്റെ കരണം അടിച്ച് പൊട്ടിച്ചാ കൊറേ പ്രശ്നം തീരും എന്നിട്ടേ വർത്താനം പറയാൻ തുടങ്ങാവൂ. കിട്ടാത്തതിന്റെ പ്രശ്നം ആണ്. ആരും ചോദിക്കാനും പറയാനും വരില്ല എന്ന ധാരണയാണ് അവന്” ഉള്ളിലെ രോക്ഷം മുഴുവൻ ഏട്ടന്റെ വാക്കുകളിൽ ഉണ്ടായിരുന്നു. ഏട്ടന്റെ അങ്ങനെയുള്ള സംസാരങ്ങൾക്കൊന്നും അച്ഛൻ മറുപടി പറയുകയോ അതിനെ പ്രോൽസാഹിപ്പിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. അച്ഛൻ ഇടയ്ക്ക് അമ്മയുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു.

” കാര്യം അവള് അവളുടെ ഇഷ്ടത്തിന് അവന്റെ കൂടെ പോയതാണെങ്കിലും നമ്മള് മാന്യമായി അവൾക്കു ഇരുപതുപവന്റെ പൊന്നു കൊടുത്തില്ലേ…? അത് മാത്രമോ…?? അവന്റെ ഓട്ടോ ക്ക്‌ പണി വന്നപ്പോഴും പൈസ കൊടുത്തും സഹായിച്ചില്ലേ… പലതവണ… പൊന്നു തീർന്നപ്പോ അവൻ പെണ്ണിന്നെ തല്ലികൊല്ലുന്നതു എവിടത്തെ ഏർപ്പാടാണ്….കേസ് കൊടുക്കുകയാണ് വേണ്ടത്… ” ഏട്ടന്റെ ദേഷ്യം തീരുന്നുണ്ടായിരുന്നില്ല.

   ” അടീം വേണ്ട ഇടീം വേണ്ട കേസും വേണ്ട അവളിവിടെ നിൽക്കട്ടെ. അല്ലാതെ ഇപ്പൊ എന്താ. ഇനി ഇപ്പൊ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യം ഒന്നൂല്ല അതിന്റെ തലേൽ എഴുതിയിരിക്കുന്നത് ചിലപ്പൊ അങ്ങനെ ആയിരിക്കും” അമ്മയുടെ തീരുമാനം അതായിരുന്നു. എന്റെ നെഞ്ചിൽ നിന്നും ഒരു ദീർഘനിശ്വാസം ഉണ്ടായി. 

*************

  രാജീവന്റെ വീട്ടിൽ സുജിമയും രഞ്ചിത്തും എല്ലാം തിരിച്ചു വന്നിരുന്നു. അന്നത്തെ വിദ്യയുടെ ഇറങ്ങിപ്പോകൽ അവിടെ വലിയ വിഷയം തന്നെ ആയി മാറി. അത് അവൾ കുറച്ചു നേരത്തേ ചെയ്യേണ്ടതായിരുന്നു എന്നാണ് അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞത്.

   “ആ പെണ്ണുങ്ങൾടെ നടുക്ക് അവളായിട്ടാ ഇത്രേം കാലം നിന്നത് ഞാനെങ്ങാനും ആയിരുന്നേൽ വരുന്നത് വരട്ടെ എന്നു വിചാരിച്ച് എന്തെങ്കിലും ചെയ്യുമായിരുന്നു” രജിതേച്ചി  അലക്കുന്നതിനിടയിൽ പറഞ്ഞു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരുപാട് പേര് രാജീവനേയും അമ്മയേയും ന്യായീകരിക്കാൻ ഉണ്ടായിരുന്നു. അത് അല്ലെങ്കിലും  അങ്ങനെ ആണല്ലോ വിദ്യ വന്നു കയറിയ പെണ്ണല്ലെ.

‌ രഞ്ചി വീണ്ടും അച്ഛനോട് പൈസയ്ക്ക് ആവിശ്യപ്പെടുകയും എല്ലാവരുടേയും നിർബന്ധത്തിനു വഴങ്ങി ലോൺ എടുക്കാനുള്ള സമ്മതം അച്ഛൻ കൊടുക്കുകയും ചെയ്തു. മൂന്ന് വർഷം കൊണ്ട് അടച്ചു തീർക്കണം എന്ന നിബന്ധന വെച്ചിട്ടുണ്ടായിരുന്നു. എല്ലാം സമ്മതിച്ചിട്ടാണ് രഞ്ചി ലോൺ എടുത്തത്. രഞ്ചിയുടെ വാക്കുകളെ രാജീവനും വിശ്വാസമായിരുന്നു. അതുകൊണ്ട്  തന്നെ ലോൺ എടുക്കുന്നതിനു രാജീവൻ എതിർപ്പൊന്നും പറഞ്ഞില്ല.

”നീ അവളെ വിളിക്കാറൊന്നും ഇല്ലേ?” ഒരു ദിവസം രാജീവന്റെ ഓട്ടോയിൽ കേറിയ രജിതേച്ചി അവനോടു ചോദിച്ചു.

  “ഞാനെന്തിനാ വിളിക്കുന്നത്?” എന്ന മറുചോദ്യമാണ് രാജീവൻ ചോദിച്ചത്.

  “നിന്റെ ഭാര്യയെ പിന്നെ നീ അല്ലാതെ നാട്ടുകാരാണോ വിളിക്കേണ്ടത്” രജിതേച്ചി ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്.

  “എന്റെ ഭാര്യയാണ് എന്ന ചിന്ത അവൾക്കും വേണം അല്ലാതെ ഒരു വീട്ടിൽ വന്നിട്ട് ബാക്കി ഉള്ളവരെ വെറുപ്പിക്കുകയാണോ വേണ്ടത്” രാജീവൻ ഇപ്പൊഴും അവന്റെ ഭാഗം ന്യായീകരിച്ചു കൊണ്ടിരുന്നു. 

  “പിന്നെ നിങ്ങൾക്കൊക്കെ അറിയാലോ ഒരു സ്വർണമോ അല്ലെങ്കിൽ പൈസയോ കിട്ടിയിട്ട് അല്ല ഞാൻ അവളെ കല്യാണം കഴിച്ചത്. അന്ന് അവളെ കൂട്ടികൊണ്ട് വരുംബോൾ അമ്മയും പിന്നെ എന്റെ ചങ്ങായിമാരും  മാത്രമാണ് ഉണ്ടായിരുന്നത് അവരെയെല്ലാം അവള് വെറുപ്പിച്ചു എനിക്ക് അങ്ങനെ വെറുപ്പിക്കാൻ പറ്റുമോ? അവളും കൊറേയൊക്കെ ചിന്തിക്കണം”

  “അല്ല അന്ന് വീട്ടുകാർ തമ്മിൽ നന്നായിട്ട് സൽക്കാരം ഒക്കെ വെച്ചപ്പോ കൊറേ സ്വർണം തന്നില്ലേ? ഇരുപത് പവനെങ്ങാനും ഉണ്ടായിരുന്നെന്ന് നിന്റെ അമ്മ തന്നെയല്ലെ പറഞ്ഞത്?”

  “അത്  ഉണ്ടായിരുന്നു. ഞാൻ പറഞ്ഞത് കല്യാണം നടത്തുന്ന സമയത്തെ കാര്യം ആണ്.”

   “അത് പിന്നെ എല്ലാരും അങ്ങനെ തന്നെയല്ലേ വരുക. അന്ന് അവളെ അടിച്ചതൊക്കെ നീ എന്തു പറഞ്ഞാലും വളരെ മോശം ആയിപ്പോയി അതിപ്പൊ നീ എന്തു പറഞ്ഞാലും ഒരാളും അംഗീകരിക്കില്ല.” രജിതേച്ചി ഇത്തിരി രൂക്ഷമായിട്ടാണ് അത് പറഞ്ഞത്.  അതു കേട്ടതോടെ രാജീവൻ പിന്നെ ഒന്നും മിണ്ടിയില്ല.

  ” നീ എന്താ ഒന്നും പറയാത്തെ?”

“ഞാനെന്താ പറയേണ്ടത് അന്ന് അങ്ങനെ സംഭവിച്ചു പോയി വേണം എന്ന് വിചാരിച്ചതല്ല എല്ലാരും കൂടി പറയുന്നത് കേട്ടപ്പോൾ പിന്നെ അന്ന് അങ്ങനൊക്കെ ആയിപ്പോയി” രാജീവൻ അതു പറയുന്നതിനിടയിൽ രജിതേച്ചിക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയിരുന്നു.

  “ജീവിതം എന്തായാലും നിങ്ങളുടേത് ആണ് അത് മറക്കണ്ട. നഷ്ടപെടുന്നത് നിനക്കും അവൾക്കും ഒന്നുമറിയാത്ത ആ കുഞ്ഞിനും ആണ് ” അതും പറഞ്ഞ് അവർ പോയി. അതിനിടയിൽ ഉണ്ണിയെ കാണാൻ പറ്റാത്തതിന്റെ വിഷമം രാജീവന്റെ അച്ഛൻ രാഘവൻ ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു.

  “ഞാൻ മരിക്കുന്നത് നോക്കി നിൽക്കുന്നതല്ലെ ഇനി അവളെ ഇങ്ങോട്ട് കൊണ്ടുവരാമെന്ന് നിങ്ങൾ വിചാരിക്കണ്ട ഞാൻ ജീവിച്ചിരിക്കുംബൊ അതിന് സമ്മതിക്കൂല”  ഗൗരി ഇത്തിരി ഉറക്കെയാണ് അങ്ങനെ പറഞ്ഞത്.

“അവളുടെ കാര്യം മാത്രമല്ലല്ലോ കുഞ്ഞ് ഇവിടുത്തെ അല്ലേ? പിന്നെ നീ എന്താ മോശമാണെന്നാണോ നിന്റെ വിചാരം ഇപ്പൊ ഞാനൊന്നും പറയുന്നില്ല” അതും പറഞ്ഞ് പുള്ളി പുറത്തേക്ക് പോയി. രാവിലെ സുജിമ ഓഫീസിലേക്കും രഞ്ചിത്ത് അവന്റെ ഹാർഡ് വെയർ ഷോപ്പിലേക്കും പോകും. അതിനും മുന്നേ രാജീവൻ ഓട്ടോ എടുത്ത് പോകും. ആകെ കൂടി അലക്ക് ഉൾപ്പെടേ ഗൗരി തന്നെ ചെയ്യേണ്ടി വന്നു. അതിന്റെ അവശതകൾ ഒരു മാസം ആകുംബോഴേക്കും അവരുടെ ശരീരം മുട്ട് വേദന ആയും നടുവേദന ആയും കാണിക്കാൻ തുടങ്ങി. ലീവുള്ള ദിവസങ്ങളിൽ സുജിമയും സഹായത്തിനു നിൽക്കും.  എന്നാലും കാര്യമായ പണികൾ എല്ലാം തന്നെ ഗൗരി തന്നെ ചെയ്യേണ്ടി വന്നു.

*****************

ഞാൻ പി എസ് സി യുടെ ബുക്ക് വായിച്ചുകൊണ്ടിരിക്കുംബൊഴാണ് “അച്ഛച്ചാ” എന്നും വിളിച്ചുള്ള ഉണ്ണിയുടെ ഓട്ടം! കരുതിയത് എന്റെ അച്ഛൻ വരുന്നത് ആകും എന്നാണ് പക്ഷേ  പടി കേറി വന്നത് രാജീവേട്ടന്റെ അച്ഛൻ ആയിരുന്നു. ഞാൻ വേഗം എണീറ്റു.

അച്ഛനോട് ഞാൻ കയറി ഇരിക്കാൻ പറഞ്ഞു അപ്പൊഴേക്കും അകത്ത് നിന്നും അമ്മയും വന്നിരുന്നു. എന്റെ അച്ഛൻ വീട്ടിലുണ്ടായിരുന്നില്ല. ഏട്ടൻ ജോലിക്കും പോയിരുന്നു. ഉണ്ണിയുടെ നോട്ടം അച്ഛന്റെ കൈയ്യിലുള്ള പൊതിയിലേക്കായിരുന്നു. അച്ഛൻ എന്തൊക്കെയോ കൊണ്ടു വന്നിട്ടുണ്ട്. കൈയ്യിലെ കവർ അച്ഛൻ എന്റെടുത്തേക്ക് തന്നു. അതിൽ ഉള്ള ചോക്ലേറ്റുകൾ എടുത്ത് ഞാൻ ഉണ്ണിക്കും സച്ചുവിനും കൊടുത്തു. അത് കിട്ടിയതേ രണ്ടാളും സന്തോഷത്തോടെ അവിടിരുന്നു കളിക്കാൻ തുടങ്ങി. അതിനിടയിൽ അമ്മ അച്ഛനെ വിളിച്ചു രാജീവേട്ടന്റെ അച്ഛൻ വന്ന കാര്യം അറിയിച്ചു. 

‌ അതിനിടയിൽ രേഷ്മ അടുക്കളയിൽ നിന്നും ചായയുമായി വന്നു.

“അര ഗ്ലാസ് മതി ഞാൻ അവിടുന്ന് കുടിച്ചിട്ടാ ഇറങ്ങിയത്” ചായ വാങ്ങിക്കുന്നതിനിടയിൽ അച്ഛൻ പറഞ്ഞു. അതായിരുന്നു സംസാരത്തിന്റെ തുടക്കം. അതുവരെ ഞങ്ങൾക്കിടയിൽ ഒരു മൗനം ഉണ്ടായിരുന്നു.
വിശേഷങ്ങൾ ചോദിക്കുന്നതിനിടയിൽ പല തവണ ഉണ്ണിയെ എടുക്കുകയും അവനോട് സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

  ” അവൻ നിന്നെ വിളിക്കാറില്ലേ?” സംസാരത്തിനിടയ്ക്ക് അച്ഛന്റെ ചോദ്യം വന്നു. രാജീവേട്ടനെ കുറിച്ചാണ്. വിളിച്ചിരുന്നു പക്ഷേ സംസാരിക്കാൻ താൽപര്യമില്ലാത്ത മട്ടിൽ കട്ടാക്കുകയായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ വിളിച്ചു എന്നോ വിളിച്ചില്ല എന്നോ പറഞ്ഞില്ല. എന്റെ വിളറിയ ചിരി കണ്ടതോടെ അച്ഛന് കാര്യം മനസിലായി എന്നു തോന്നുന്നു പിന്നീട് അതിനെപ്പറ്റി ഒന്നും ചോദിച്ചില്ല. അതിനിടയിൽ എന്റെ അച്ഛൻ കയറി വന്നു.

  ”ഞാൻ അവള് വിളിക്കുംബോ മനൂന്റെ വീട്ടിലായിരുന്നു അവിടുന്ന് അവൻ തന്നെയാ മോട്ടോർ സൈക്കിളിൽ ഇവിടെ ഇറക്കി തന്നെ അല്ലേൽ ഇതിലും നേരം വൈകുമായിരുന്നു” കേറി വന്നപ്പൊഴേ അച്ഛൻ എല്ലാവരും കേൾക്കാൻ പറഞ്ഞു. മനു അച്ഛന്റെ പെങ്ങളുടെ മോനാണ്. ഇവിടുന്ന് കുറച്ചധികം ദൂരമുണ്ട് അവിടേക്ക്. വെറുതെ നിൽക്കുന്ന അവസരത്തിൽ ഇടയ്ക്ക് അച്ഛൻ അവിടെ പോകാറുണ്ട്.

  “വന്നിട്ട് കൊറേ നേരം ആയോ? ചായ കുടിച്ചില്ലേ?” ഒരു കസേര നീക്കിയിട്ട് ഇരുന്നുകൊണ്ട് അച്ഛൻ ചോദിച്ചു. ചായ കുടിച്ചെന്ന് ഞാനാണ് പറഞ്ഞത്.

   കുറച്ച് നേരത്തെ മൗനം അത് പതുക്കെ എന്റെ മടക്കത്തെ കുറിച്ചുള്ള സംസാരമായി മാറി. എന്റെ അച്ഛൻ പുള്ളിയോട് കൂടുതൽ ഒന്നും പറഞ്ഞില്ല. പക്ഷേ ഇടയ്ക്ക് എന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നു. ആരും അതിനെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നില്ല എന്ന് കണ്ടതോടെ ആ വിഷയം താൻ സംസാരിക്കേണ്ടിയിരുന്നില്ല എന്ന് പുള്ളിക്കും തോന്നി.

“ഞാൻ വെറുതേ ഒന്നു പറഞ്ഞുന്നേ ഉള്ളൂ ഉണ്ണി അവിടെ ഇല്ലാത്തത് കൊണ്ട് ഒരു സുഖം ഇല്ല.” അച്ഛൻ ഒരു വിധം പറഞ്ഞൊപ്പിച്ചു. അധികം വൈകാതെ തന്നെ പുള്ളി തിരിച്ചു പോയി. 

  “ഇപ്പൊ വിളിക്കാൻ വന്നിരിക്കുന്നു. അന്ന് അവിടെ അവന്റെ കൂത്ത് നടക്കുംബോൾ ഇയാളിത് എവിടെ ആയിരുന്നു എന്നിട്ട് ഇപ്പൊ വന്നിരിക്കുന്നു” രാജീവേട്ടന്റെ അച്ഛൻ ഇറങ്ങിയതേ അമ്മ എന്തൊക്കെയോ പിറുപിറുത്തു. അമ്മ അങ്ങനെ പറഞ്ഞത് അച്ഛന് ഇഷ്ടായില്ല എന്ന് തോന്നുന്നു രൂക്ഷമായി അമ്മയെ ഒന്ന് നോക്കിയിട്ടാണ് അച്ഛൻ അകത്തേക്ക് കേറിയത്. അല്ലെങ്കിലും അവിടുത്തെ അച്ഛനെ അമ്മ അങ്ങനെ പറഞ്ഞത് എനിക്കും ഇഷ്ടായില്ല. പുള്ളിയുടെ നിസഹയവസ്ഥ എനിക്കും അറിയാവുന്നതാണ്. എങ്കിലും അച്ഛൻ വിചാരിച്ചാൽ പരിഹരിക്കാവുന്ന പല പ്രശ്നങ്ങളും ഉണ്ടാകാറും ഉണ്ടു്. അവസാനമായി ഇപ്പൊൾ രഞ്ചിത്തിന് വേണ്ടി ആ സ്ഥലത്തിന്റെ പേരിൽ ലോൺ എടുത്തത് പോലും അച്ഛന് കൈകാര്യം ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിലേക്ക് എന്റെ പേര് വലിച്ചിഴയ്ക്കുന്നതിന്ന് പകരം “ആ സ്ഥലത്തിന്റെ പേരിലൊന്നും ലോൺ എടുക്കാൻ പറ്റില്ല ഇന്നല്ലെങ്കിൽ നാളെ ആർക്കെങ്കിലും ഒരാൾക്ക് വീട് വെക്കേണ്ടതല്ലേ” എന്ന ഒരു നിലപാട് എടുത്തിരുന്നെങ്കിൽ ഒരു പക്ഷേ ഈ പ്രശ്നം ഇത്ര വഷളാകുമായിരുന്നില്ല. ഇതിപ്പോൾ ലോൺ എടുക്കുന്നതിനെ എതിർത്ത ഞാൻ വീട്ടിലും ആയി ലോൺ എടുക്കുകയും ചെയ്തു.

   വീട്ടിൽ നിൽക്കാൻ തുടങ്ങിയതോടെ എന്റെ വരുമാനം ഒട്ടും ഇല്ലാതെ ആയി. രാജീവേട്ടന്റെ വീട്ടിൽ ആയിരുന്നെങ്കിൽ ഇടയ്ക്ക് എന്തെങ്കിലും തയ്ക്കാൻ എങ്കിലും ഉണ്ടാകുമായിരുന്നു. അതിനിടെ ഞാൻ വീണ്ടും രണ്ട് എക്സാം കൂടി എഴുതി. എഴുതിയ പലതിന്റെയും ലിസ്റ്റ് വരുംബോൾ അവസാന ഭാഗത്താകും പേര്. ചെറിയ ഒരു ആശ്വാസം എന്നുള്ളത് ആ സെക്രട്രറിയേറ്റ് അസിസ്റ്റന്റ് എക്സാം ലിസ്റ്റ് ആണ്. അതിനിടെ രാജീവേട്ടന്റെ പിറന്നാൾ ദിവസം ഞാൻ ഒരു ആശംസ അയച്ചെങ്കിലും അതിനു ഒരു റിപ്ല പോലും വന്നില്ല.

  മാസങ്ങൾ കഴിയവേ വീട്ടുകാർക്കും ഞാനൊരു ബാധ്യത ആയി മാറുമെന്ന ചിന്ത എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. അന്ന് രാത്രി അവിടുന്ന് ഇറങ്ങി വന്നത് മണ്ടത്തരമായോ എന്നു പോലും എനിക്ക് തോന്നി തുടങ്ങി. അതിനു കാരണം ഇടയ്ക്ക് ഒരു ദിവസം അമ്മ പറഞ്ഞ വാക്കുകളായിരുന്നു. രാജീവേട്ടന്റെ വീട്ടിലെ ഓരോ കാര്യങ്ങൾ സംസാരിക്കുന്നതിന്റെ ഇടയിൽ “നീ തന്നെ വരുത്തിവെച്ചതല്ലേ ഇത്” എന്ന അമ്മയുടെ ചോദ്യം അതെന്നെ വല്ലാതെ പൊള്ളിച്ചിരുന്നു.  അതിനിടയിൽ എന്റെ കൈയ്യിലുണ്ടായിരുന്ന മുഴുവൻ പൈസയും തീർന്നു തീർന്നു വന്നു. ചില ദിവസങ്ങളിൽ മോൻ എന്തെങ്കിലും ആവിശ്യം പറഞ്ഞാൽ അതു നടത്തിക്കൊടുക്കാൻ പോലും അച്ഛനോടോ അമ്മയോടോ പറയേണ്ട അവസ്ഥ! മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുംബോൾ ഉള്ള ആ ഒരു അവസ്ഥ ശെരിക്കും വല്ലാത്തതാണ്. ഒരു എക്സാം ഉണ്ടായിട്ട് പോകാൻ കൈയ്യിൽ പൈസ ഇല്ലാത്തത് കൊണ്ട് തന്നെ ഞാൻ അമ്മയോട് കാര്യം പറഞ്ഞു. അമ്മ ഏട്ടൻ വന്നപ്പോൾ  “നിന്റെൽ പൈസ ഉണ്ടെങ്കിൽ വിദ്യക്ക് ഒരു അഞ്ഞുറ് കൊടുക്കാൻ ഉണ്ടോ?” എന്നു ചോദിക്കുകയും  അത് രേഷ്മ കേൾക്കുകയും ചെയ്തു. അതോടെ അവളുടെ മുഖം മാറിയത് ഞാനും കണ്ടു. എനിക്ക് നേരെ ഏട്ടൻ നീട്ടിയ പൈസ വാങ്ങിക്കാണോ വേണ്ടയോ എന്ന ശങ്കയിൽ എന്തുവേണം എന്നറിയാതെ ഞാൻ നിന്നു.  രേഷ്മയുടെ മുഖത്തെ അതൃപ്തി എന്റെ കൈ പതുക്കെ പിൻവലിഞ്ഞു. എനിക്കും എന്റെ മോനും ജീവിക്കാൻ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥ വന്നിരിക്കുന്നു. പെട്ടെന്ന് തന്നെ ഞാൻ അകത്തേക്ക് കേറി. അറിയാതെ നിറയുന്ന കണ്ണുകൾ പതുക്കെ അടച്ചു.

അന്ന് ഏട്ടൻ ജോലിക്ക് പോകും മുൻപ് പൈസ അമ്മയുടെ കൈയ്യിൽ കൊടുത്തിട്ടാണ് പോയത്. ദിവസങ്ങൾ കഴിയവേ രേഷ്മ രേഷ്മയുടെ വീട്ടിൽ നിൽക്കാൻ പോയി. രണ്ടു ദിവസം നിൽക്കാൻ എന്നു പറഞ്ഞാണ് പോയത് എങ്കിലും ഒരാഴ്ച കഴിഞ്ഞും അവൾ വന്നില്ല. അതിനിടെ ഏട്ടനെ വിളിക്കുകയും അവർക്കിടയിൽ ഞാനൊരു വിഷയമാണെന്ന് പറയുകയും ചെയ്തു. 

  “നിന്നെയും മോനെയും ഞാൻ പട്ടിണിക്കിടുകയൊന്നും ചെയ്യുന്നില്ലല്ലോ ഉണ്ടോ? പിന്നെ വിദ്യ ഇവിടെ വന്നത് എന്തു സാഹചര്യത്തിലാണെന്ന് നിനക്കും അറിയാലോ അപ്പൊൾ അതിന്റ പേരിലാണ് നീ വരാത്തെതെങ്കിൽ നീ തൽക്കാലം അവിടെ തന്നെ നിൽക്ക് നിന്റെ കാലു പിടിക്കാനൊന്നും എനിക്ക് പറ്റൂല പറഞ്ഞേക്കാം” ഫോണിലൂടെ രേഷ്മയോട് ഇത്ര അധികം ദേഷ്യപ്പെടുന്ന ഏട്ടനെ ഞാൻ കണ്ടത് ആദ്യായിട്ടായിരുന്നു. എല്ലാം ഞാൻ കാരണം ആണെന്ന ചിന്ത എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.

   “നീ എന്താ നിന്റെ വീട്ടില്ലേ ഉള്ളെ അവള് വെറുതേ കിടന്നു തുള്ളേണ്ട കാര്യം ഒന്നും ഇല്ല നീ സമാധാനമായിരിക്ക്” അടുക്കളയിൽ സംസാരിക്കവേ അമ്മ എന്നെ ആശ്വസിപ്പിച്ചു. അതിനിടെ രേഷ്മയുടെ വീട്ടുക്കാരുടെ ഭാഗത്തു നിന്നും ഏട്ടനെ വിളിച്ച് എന്റെ കാര്യം ചോദിക്കുകയും മറ്റും ചെയ്തു. രേഷ്മയേയും മോനെയും കാണാതെ ഏട്ടനും വിഷമം ഉണ്ടെന്ന് എനിക്ക് മനസിലാകുന്നുണ്ടായിരുന്നു. ഞാൻ ഏട്ടന്റെ ജീവിതത്തെയും ബാധിക്കുന്നു എന്ന തോന്നൽ ആവാം മിണ്ടുന്നുണ്ടെങ്കിലും ഒരു സുഖക്കുറവ് ഓരോ വാക്കുകളിലും കാണാമായിരുന്നു. രണ്ട് മൂന്ന് ദിവസം കൂടി കഴിഞ്ഞതിനു ശേഷമാണ് രേഷ്മയും കുഞ്ഞും വീട്ടിലേക്ക് തിരികെ വന്നത്.  

   “നീ ഇതെന്ത് പോക്കാണ് പോയത് എന്റെ മോനെ കാണാൻ അച്ഛമ്മയ്ക്ക് ആശയായിട്ട് പാടുണ്ടായില്ലല്ലോടാ സച്ചൂട്ടോ” അമ്മ സച്ചൂനെ പൊക്കി എടുത്ത് ഉമ്മവെച്ചു. രേഷ്മ ഒന്നും പറയാതെ ഒരു ചിരി ചിരിച്ച് അകത്തേക്ക് പോയി.

“എല്ലാവർക്കും മോനെ അല്ലേ വേണ്ടുള്ളു എന്നെ വേണ്ടല്ലോ. ഞാൻ വീട്ടിൽ പോയിട്ട് അമ്മ ഒരിക്കൽ പോലും എന്നെ വിളിച്ചില്ലല്ലോ വിദ്യേച്ചി അവിടെ ആകുംബോൾ അമ്മ എന്നും വിളിക്കും” രേഷ്മയുടെ പരാതികൾ പതുക്കെ പതുക്കെ ഓരോന്നായി പുറത്തു വന്നു. അമ്മ അതിനൊന്നും മറുപടി പറഞ്ഞില്ല അതോടെ അവൾ മിണ്ടാതെ നിന്നു. അതൊരു തുടക്കമായിരുന്നു പലതിനും. എല്ലാവരുടേയും പ്രശ്നം ഞാനും എന്റെ മോനും തന്നെ ആണ് എന്ന് എനിക്ക് നന്നായി മനസിലായി. എന്തെങ്കിലും ഒരു വരുമാനം ഉണ്ടെങ്കിൽ ഒരു വാടക വീട്ടിലേക്ക് എങ്കിലും മാറി താമസിക്കാമായിരുന്നു എന്നു വരെ ചിന്തിച്ചു തുടങ്ങിയിരുന്നു ഞാൻ.

   അതിനിടയിൽ സുജിമ വാട്സാപ്പിൽ ഒരു മെസേജ് ഇട്ടത് ഞാൻ നോക്കി. രഞ്ചിത്ത് തുടങ്ങിയ സൂപ്പർമാർക്കറ്റിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യം ഉണ്ടെന്നതായിരുന്നു ആ മെസ്സേജ്. എന്നെ ഒന്ന് ആക്കിയതാണ് ആ മെസേജ് എന്ന് എനിക്ക് മനസിലായി. ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല. വെറുതെ എങ്കിലും അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് രാജീവേട്ടന്റെ നമ്പറിലേക്ക് അയച്ചുകൊടുത്തു. കൂടെ ഒരു വോയിസും.

“ഞാനും എന്റെ മോനും പട്ടിണി കിടന്നു ചത്താലും അവരുടെ അവിടെ ജോലിക്ക് നിൽക്കൂലാന്ന് അങ്ങ് പറഞ്ഞേക്ക് കെട്ടൊ”.

*******************

രാജീവൻ വീട്ടിലെത്തുംബോൾ രഞ്ചിത്തും സുജിമയും ഒന്നും എത്തിയിട്ടുണ്ടായിരുന്നില്ല. അവൻ നേരെ അടുക്കളയിലേക്ക് നടന്നു വിദ്യയ്ക്ക് സുജിമ അയച്ച മെസേജിനെ പറ്റി പറഞ്ഞു.

  “സുജിമ ഇതൊക്കെ അയക്കേണ്ട ആവിശ്യം എന്താ വെറുതേ ആവിശ്യമില്ലാത്ത കാര്യം ചെയ്യാൻ നിൽക്കുന്നത് എന്തിനാ ” രാജീവൻ അമ്മയോടാണ് ദേഷ്യപ്പെട്ടത്.

  “നീ ഇതൊന്നും ഇവിടെ പറയേണ്ട കാര്യം ഇല്ല എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ രഞ്ചിയോ അവളോ വരുംബോൾ അവരോട് പറയുക അല്ലാതെ കുടിച്ച് വന്നിട്ട് ഇവിടുന്നല്ല വർത്താനം പറയേണ്ടത്” അമ്മയുടെ ദേഷ്യം കണ്ടതോടെ രാജീവൻ പിന്നെ മിണ്ടാതെ ഓട്ടോയും എടുത്ത് പുറത്തേക്ക് പോയി. ഇപ്പൊ കുറച്ച് നാളായിട്ട് ഒട്ടുമിക്ക ദിവസവും നന്നായി മദ്യപിക്കാറുണ്ട് അവൻ.

   “സുജിമ വിദ്യയ്ക്ക് എന്തോ അയച്ചു എന്നും പറഞ്ഞ് രാജീവൻ ഇവിടെ കിടന്ന് ഒച്ച എടുക്കുന്നുണ്ടായിരുന്നു. അവളെന്താ അയച്ചത് നീ നോക്കിയിരുന്നോ അതോ നിന്നോട്  എന്തെങ്കിലും പറഞ്ഞിരുന്നോ?” രഞ്ചിയോടാണ് അവർ ചോദിച്ചത്.  അമ്മ സുജിമയോട് അങ്ങന്നെ നേരിട്ട് ഒന്നും ചോദിക്കാറില്ല എന്ന് രഞ്ചിക്കും അറിയാം അതാവും അതിനെ പറ്റി അവനോട് ചോദിച്ചത് എന്ന് രഞ്ചി മനസിലോർത്തു.

   “ഞാനൊന്നും അറിയില്ല എന്താന്നു വെച്ചാൽ അവളോട് തന്നെ ചോദിച്ചു നോക്ക്” അതും പറഞ്ഞ് രഞ്ചി അകത്തേക്ക് പോയി. സുജിമയോട് അവൻ കാര്യം തിരക്കിയപ്പോൾ അവൾ ഒരു ചിരിയോടെ ഫോൺ രഞ്ചിയെ കാണിച്ചു. അതോടെ പരിഹാസം കലർന്ന ചിരി രണ്ടു പേരിലും ആയി.

   “വീട്ടിൽ വെറുതെ ഇരിക്കുന്നതിലും നല്ലതല്ലേ എന്തെങ്കിലും ഒരു ജോലി ചെയ്യുന്നേ എന്ന് വിചാരിച്ച് അവൾ എന്തോ ജോലിക്കാര്യം അയച്ചതാണ്” പുറത്തേക്ക് വന്ന രഞ്ചി അമ്മയോട്‌ പറഞ്ഞു. അതോടെ അതിനെ പറ്റിയുള്ള സംസാരം അവിടെ അവസാനിച്ചു.

*****************

ദിവസങ്ങൾ പിന്നെയും കടന്നു പോയ്ക്കോണ്ടിരുന്നു. എന്റെ വീട്ടിൽ വന്നുള്ള നിൽപ്  രേഷ്മയുടെ വീട്ടുകാർക്ക് ഉൾപ്പെടെ ഇഷ്ടപ്പെടുന്നുണ്ടായില്ല. അത് എന്റെ അമ്മയോട് പലതവണ പറയാതെ പറയുന്നുണ്ടായിരുന്നു. ആ ഇടയ്ക്കാണ് ഒരു ദിവസം അമ്മയ്ക്ക് പ്രഷർ കൂടിയിട്ട് ഹോസ്പിറ്റലിലേക്ക് പോവേണ്ടി വന്നത്. രണ്ട് ദിവസം അഡ്മിറ്റ് ചെയ്യേണ്ടിയും വന്നു. പകൽ അച്ഛനും ഏട്ടനും വന്ന് കൂട്ടിരിക്കുമെങ്കിലും രാത്രി രണ്ട് ദിവസവും ഞാൻ തന്നെ ആയിരുന്നു. ഉണ്ണിയെ വീട്ടിൽ രേഷ്മ നോക്കാം എന്നു പറഞ്ഞു. അമ്മ ഹോസ്പിറ്റലിൽ ആണ് എന്നുള്ള കാര്യം ഞാൻ രജിത ചേച്ചി വിളിച്ചപ്പോൾ പറയുകയും ചെയ്തു. രജിതേച്ചി പറഞ്ഞത് രാജീവേട്ടന്റെ വീട്ടിലും അറിഞ്ഞിരുന്നു.

  “വിദ്യേന്റെ അമ്മയ്ക്ക് എങ്ങനെ ഉണ്ട് വിളിച്ചിരുന്നോ?” എന്ന രജിതേച്ചിയുടെ ചോദ്യത്തിന് രാജീവേട്ടന്റെ അമ്മ പറഞ്ഞത് “എന്തിനാ വിളിക്കുന്നത്” എന്ന മറു ചോദ്യമാണ്. അങ്ങനെയേ പറയുള്ളൂ എന്ന് എനിക്കും അറിയാമായിരുന്നു. അവരിൽ നിന്നും അതിൽ കൂടുതൽ ഒന്നും ഞാൻ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. സ്നേഹിച്ചു കല്യാണം കഴിച്ച് കൂടെ പൊറുപ്പിച്ച രാജീവേട്ടൻ തന്നെ ഒരു പാട് മാറിപ്പോയി അപ്പൊഴാണ് അന്നു മുതലേ തന്നെ ഇഷ്ടമില്ലാത്ത അമ്മയുടെ കാര്യം. അതിനിടയിൽ അമ്മയെ ഡിസ്ചാർജ് ആക്കി വീട്ടിലേക്ക് കൊണ്ടു വന്നു. രണ്ട് മൂന്ന് ദിവസത്തെ ആശുപത്രിവാസം വല്ലാത്ത അലച്ചിലായിരുന്നു . അലയ്ക്കാനുള്ള ഡ്രസ്സുകൾ മൂന്ന് ബക്കറ്റ് നിറയേ ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് രാത്രി സ്വസ്ഥമായി ഉറങ്ങാം എന്നു കരുതി ഞാൻ ഉണ്ണിയേം വിളിച്ച് റൂമിലേക്ക് പോയി. രണ്ടു മൂന്ന് ദിവസം ഞാൻ ഇല്ലാത്തത് കൊണ്ട് തന്നെ ഉണ്ണിയോട് വിശേഷങ്ങൾ ചോദിക്കുകയായിരുന്നു ഞാൻ.

  “ഇന്നലെ എന്താരുന്നു കഴിച്ചത് ?”

  “അത് ഇന്നലെ എന്തോ ആയിരുന്നു” ഉണ്ണിയുടെ മറുപടി. അല്ലേലും അവന് ചില ഭക്ഷണങ്ങളുടെ പേര് അറിയില്ല.

   “മാമൻ കിന്റർ ജോയി കൊണ്ടുവന്നിട്ട് സച്ചൂനേ തിന്നാൻ കൊടുത്തുള്ളു ഉണ്ണിക്ക് കിട്ടീല” അവന്റ പരാതി പതുക്കെ ഓരോന്നായി പുറത്ത് വരിക ആയിരുന്നു. ഒരു മുട്ടായിയുടെ പ്രശ്നം ആണെങ്കിലും അതിന്റെ ആഴം ഒരുപാട് ആയിരുന്നു.

  ”അത് മോന് മുട്ടായി ഇഷ്ടല്ല എന്ന് വിചാരിച്ചിട്ടാവും സാരമില്ല കെട്ടോ” അവനെ ഞാൻ ആശ്വസിപ്പിച്ചു.

  “സച്ചൂന് കൊടുക്കുംബോ മോനും വേണംന്ന് പറഞ്ഞു അപ്പൊ ഒന്നേ ഉള്ളുന്ന് പറഞ്ഞു അപ്പൊ മോൻ കരഞ്ഞു… അപ്പൊ….” എന്തോ അവന്റെ വാക്കുകൾ ഇടയ്ക്ക് മുറിഞ്ഞു. പറഞ്ഞ് പൂർത്തിയാക്കാൻ ഞാൻ അനുവദിച്ചില്ല അവനെ എന്റെ നെഞ്ചോട് ചേർത്ത് പിടിക്കയായിരുന്നു. നെറ്റിയിൽ ചുണ്ടമർത്തി കരഞ്ഞു പോയി എന്നോട്.

അനുഭവങ്ങളിൽ ഓരോന്നായി പഠിക്കുകയായിരുന്നു ഞാനും. ഒരു പരിധിക്കപ്പുറം ഏതൊരാൾക്കും മറ്റൊരാൾ ബാധ്യത തന്നെയാണ്. സ്വന്തം ബന്ധം ഒക്കെ കണക്കാണ്. വീട്ടിലും എന്റെയും മോന്റെയും ഭാവിയേ പറ്റി ചർച്ചകൾ ഇടയ്ക്ക് നടക്കുന്നുണ്ട്. ഞാനൊരു ബാധ്യത ആയി മാറുമോ എന്ന പേടി എല്ലാവർക്കും ഉണ്ട്. അതിനിടെ രാജീവേട്ടൻ ഇടയ്ക്ക് ഒന്ന് വീട്ടിലേക്ക് വന്നു. ഉണ്ണിക്ക് ഡ്രസ്സും കൊണ്ടുവന്നിരുന്നു.

   “എന്താ നിന്റെ തീരുമാനം ഇനി അങ്ങോട്ട് വരുന്നില്ല എന്നു തന്നെയാണോ?” മാറി നിന്നു സംസാരിക്കുന്നതിനിടയിൽ രാജീവേട്ടൻ എന്നെ നോക്കി. ഞാനതിനു മറുപടിയൊന്നും പറഞ്ഞില്ല.

   ”ജീവിതാകുംബോ ഒരു തെറ്റൊക്കെ പറ്റും എനിക്കിപ്പൊ നിന്റെ ഭാഗത്തായാലും അമ്മേടെ ഭാഗത്തായാലും നിൽക്കാൻ ഒന്നും പറ്റില്ല ഇങ്ങനെ വീട്ടിൽ വന്നു നിന്നതിനെ കൊണ്ട് കാര്യം ഇല്ലല്ലോ” രാജീവേട്ടൻ തുടർന്നു. 

  “എന്റെ ഭാഗത്ത് നിൽക്കാൻ ഒന്നും ഞാൻ ഇതുവരേ പറഞ്ഞിട്ടില്ല പിന്നെ  രാജീവേട്ടൻ അമ്മ പറയുന്നത് മാത്രം കേട്ട് വെറുതേ എന്റെടുത്ത് തല്ലുപിടിക്കാൻ വരുന്നതല്ലേ. അതും കുടിച്ചിട്ട്” എന്റെ സംസാരത്തിൽ ദേഷ്യം ഉണ്ടായിരുന്നു. അത് മനസിലായത് കൊണ്ടാവാം രാജീവേട്ടൻ ഒന്നും മിണ്ടാതെ നിന്നു. ഞങ്ങൾക്കിടയിൽ ഒരു മൗനം രൂപപ്പെട്ടു. അതിനിടയിൽ അച്ഛൻ വന്നെങ്കിലും ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്ന ഭാഗത്തേക്ക് വന്നതേ ഇല്ല.

   ” നീ എന്തായാലും ആലോചിക്ക്. ഇപ്പൊ തന്നെ വരണം എന്നൊന്നും അല്ല ഞാൻ പറയുന്നത് നീ ആലോചിച്ച് അടുത്ത ഏതെങ്കിലും ദിവസം വാ ഞാൻ എന്തായാലും  ഞായറാഴ്ച്ച ഇങ്ങോട്ട് വരുന്നുണ്ട്.” അതൊക്കെ പറഞ്ഞ് രാജീവേട്ടൻ ഉമ്മറത്തേക്ക് ഇരുന്നു. അച്ഛന്റെ മുഖത്തേക്ക് നോക്കുന്നൊന്നും ഇല്ല തല താഴ്ത്തിയാണ് ഇരിക്കുന്നത്. ഇടയ്ക്ക് “ഇനി അങ്ങനെ ഒന്നും ഉണ്ടാകാതെ ഞാൻ നോക്കിക്കോളാം” എന്നൊക്കെ അച്ഛനോട് പറയുന്നുണ്ടായിരുന്നു. കുറച്ച് നേരം സംസാരിച്ചിരുന്നതിനു ശേഷം രാജീവേട്ടൻ ഇറങ്ങി.

  “വീട്ടിലെത്തിയോ?” രാജീവേട്ടൻ ഇറങ്ങിയ സമയം ആലോചിച്ചു ഞാൻ രാജീവേട്ടന്റെ ഫോണിൽ വിളിച്ചു.

  “ആ എന്തേ?” എന്റെമ്മോ എന്തൊരു പാവാണ് ഇപ്പൊ. രാജീവേട്ടന്റെ മറുപടി കേട്ട് ഞാൻ മനസിലോർത്തു.

  “അതല്ല ഞാൻ കരുതി ആരുടെ എങ്കിലും കൂടെ പോയോ എന്നു അതാ ചോദിച്ചേ”

“ഓ പിന്നെ” രാജീവേട്ടൻ എന്റെ സംശയത്തെ നിസാരവൽക്കരിച്ചു. കുറച്ച് നേരത്തേ സംസാരത്തിനു ശേഷം ഫോൺ വെച്ചു. എന്റെ വരവിനെ പറ്റി രാജീവേട്ടന്റെ വീട്ടിലും സംസാരം തുടങ്ങിയിരുന്നു. അന്ന് അച്ഛൻ ഇവിടെ വന്നപ്പോൾ തന്നെ രാജീവേട്ടന്റെ അമ്മ അതിഷ്ടപെടാതെ എന്തൊക്കെയോ പറഞ്ഞിരുന്നു. അച്ഛൻ അതിന് എന്തോ നല്ല മറുപടി കൊടുത്തിരുന്നു. രജിതേച്ചി പറഞ്ഞറിഞ്ഞതാണ് അതൊക്കെ. എന്തായാലും എന്റെ വീട്ടിലും ഒരു ആശ്വാസം ഉണ്ടെന്നു തോന്നി. എന്തോ അമ്മയുടെ മുഖത്ത് മാത്രം ഒരു ആധി നിഴലിച്ചു കണ്ടു.

*******************

  ഞായറാഴ്ച്ച രാവിലെ തന്നെ രാജീവേട്ടൻ വന്നിരുന്നു.

   ”രാജീവാ വീടിന്റ പണി എന്തെങ്കിലും നോക്കണം കൈയ്യിൽ പൈസ ഇല്ലെങ്കിൽ വേണ്ട അത്യാവശ്യം പണി തുടങ്ങാനുള്ളതൊക്കെ ഞാൻ തരാം നിങ്ങൾക്ക് അവിടെ വീട് വെക്കണമെങ്കിൽ അവിടെ അതല്ല ഇവിടെ ആണെങ്കിൽ അങ്ങനെ. ഇന്നായാലും നാളെ ആയാലും ഒരു വീട് വേണല്ലോ” അച്ഛൻ ഇത്തിരി കടുപ്പിച്ചാണ് രാജീവേട്ടനോട് അത് പറഞ്ഞത്. ഏട്ടനും ഉണ്ടായിരുന്നു അവിടെ. എല്ലാം കേട്ട് സമ്മതിച്ചിട്ടാണ് രാജീവേട്ടൻ ഇറങ്ങിയത്.

     “ഇത്ര ദിവസം ഉണ്ടായിട്ട് നീ എന്നെ ഒന്ന് വിളിച്ചു നോക്കിയത് പോലും ഉണ്ടായില്ലല്ലോ?” വണ്ടിയിൽ വെച്ച് രാജീവേട്ടൻ ചോദിച്ചു.

  “അപ്പൊ അന്നൊക്കെ വിളിച്ചത് ആരാ. എന്തേലും പറയല്ലേ രാജീവേട്ടാ അന്ന് പിറന്നാളിന് മെസ്സേജും അയച്ചിരുന്നു കണ്ടിട്ട് ഒന്ന് ഇങ്ങോട്ട് വിളിച്ചത് പോലും ഇല്ല എന്നിട്ടാ വല്യ കണക്ക് പറയുന്നേ” ഞാനും പറഞ്ഞു.
അമ്മയുടെ കാര്യത്തിൽ ഞാനോ എന്റെ കാര്യത്തിൽ അമ്മയോ ഇടപെടരുത് എന്നൊക്കെ ഉള്ള കരാറുകൾ ഞാൻ ഓട്ടോയിൽ നിന്നും വെച്ചിരുന്നു. അതിനൊന്നും രാജീവേട്ടൻ മറുപടി പറഞ്ഞില്ല.

   “അമ്മ എന്തെങ്കിലും പറഞ്ഞിട്ടുണ്ടേൽ ഞാനും പറയും കെട്ടോ” വീടെത്തും മുൻപേ ഞാൻ ഒന്നും ഓർമ്മിപ്പിച്ചു.

   “അമ്മ എന്തെങ്കിലും പറഞ്ഞാൽ നിനക്ക് മിണ്ടാതിരുന്നു കൂടെ? അവിടുന്ന് എന്തെങ്കിലും പറഞ്ഞോട്ടെ എന്നു വെക്കണം അല്ലാതെന്താ”

   “തലേ കേറാൻ വന്നാ ഞാൻ മിണ്ടാതിരിക്കണോ?” എന്റെ മറു ചോദ്യം കേട്ട് രാജീവേട്ടൻ പിന്നൊന്നും പറഞ്ഞില്ല.

  ഓട്ടോ മുറ്റത്ത് കേറുംബോഴേ അച്ഛൻ ഞങ്ങളേയും പ്രതീക്ഷിച്ച് അവിടെ തന്നെ ഉണ്ടായിരുന്നു. അമ്മയെ അവിടെങ്ങും കണ്ടില്ല. സുജിമയും രഞ്ചിത്തും രാവിലെ  പോയതാണ് എന്ന് പറഞ്ഞു. രാജീവേട്ടൻ ഞങ്ങളെ ഇറക്കീട്ട് ട്രിപ്പ് ഉള്ളത് കൊണ്ട് പുറത്തേക്ക് പോയി. ഉണ്ണി വീടു മുഴുവൻ പുതുതായി കാണുന്നത് പോലെ നോക്കുകയാണ് ഇപ്പൊ മൂന്നാലു മാസം ആയിട്ടുണ്ടായിരുന്നു ഞങ്ങൾ ഇവിടുന്ന് പോയിട്ട്.

 റൂമിൽ കേറി എല്ലാം അടുക്കി പെറുക്കി വെച്ച് രാജീവേട്ടൻ അഴിച്ചിട്ട ഡ്രസ് എടുത്ത് അലക്കി വിരിച്ചിട്ടാണ് ഞാൻ അടുക്കളയിലേക്ക് കേറിയത്. ചോറ് വെച്ചത് ഉണ്ട്. രാത്രിയിലേക്ക് വേണമെങ്കിൽ നോക്കിയിട്ട് ഇടാം എന്നു കരുതി വീട്ടിൽ നിന്നും കൊണ്ടുവന്ന വെള്ളരി ഒക്കെ എടുത്ത് ഒരു സാബാർ പോലെ വെച്ചു. അതിനിടയിൽ അമ്മ വർഷയുടെ വീട്ടിൽ നിന്നാണെന്ന് തോന്നുന്നു കേറി വന്നത്. എന്നെ കണ്ടിട്ടും ഒരു ഭാവമാറ്റവും ഇല്ല. ഉണ്ണി “അച്ഛമ്മേ” എന്നു വിളിച്ചെങ്കിലും അതിനും മറുപടി ഇല്ലായിരുന്നു.   അതോടെ അവൻ കൂടുതൽ നേരവും അച്ഛന്റെ കൂടെ തന്നെ ആയി മാറി. രാത്രി പതിവിലും നേരത്തേ തന്നെ രാജീവേട്ടൻ വന്നിരുന്നു എന്നു മാത്രമല്ല ഒരു തുള്ളി പോലും കുടിച്ചിട്ടും ഉണ്ടായിരുന്നില്ല. രാത്രി വൈകിയും രഞ്ചി വരാതെ ആയപ്പോൾ ഞാൻ അച്ഛനോട് കാര്യം തിരക്കി.

  “അവൻ ചിലപ്പൊ അവൾടെ വീട്ടിൽ പോയിട്ടുണ്ടാകും” അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ അതെന്താവും അങ്ങനെ പോകാൻ എന്നു ഞാനും ആലോചിച്ചു. അതിനെ പറ്റി കിടന്നപ്പോൾ ഞാൻ രാജീവേട്ടനോട് ചോദിക്കുകയും ചെയ്തു.

“എന്തെങ്കിലും കാര്യം ഉണ്ടാകും നീ അതും ആലോചിച്ച് കിടക്കണ്ട” രാജീവേട്ടൻ അങ്ങനെ പറഞ്ഞെങ്കിലും ഞാൻ വന്നത് കൊണ്ടാണോ അവർ അങ്ങനെ പോയതെന്ന ചിന്ത ആയിരുന്നു മനസിൽ.

*******************

രാവിലെ നേരത്തേ എണീറ്റു. അമ്മ അടുക്കളയിൽ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ പരസ്പരം ഒന്നും മിണ്ടാതെ ഞങ്ങളുടേതായ ജോലികളിൽ മുഴുകി. ചായയും ദോശയും ഒക്കെ ഉണ്ടാക്കിയതിനു ശേഷമാണ് ഞാൻ അലക്കാനുള്ള തുണികളിലേക്ക് നോക്കിയത്. രാജീവേട്ടൻ രാത്രി അഴിച്ചിട്ടതും ഉണ്ണിയുടേതും എല്ലാം ഉണ്ടു്. ഓരോന്നായി ബക്കറ്റിലേക്ക് എടുത്തിടുന്നതിനിടയിൽ അമ്മയുടെ ഒരു ജോഡി ഉള്ളതും ഞാൻ കൈയ്യിലെടുത്തു.

  “എന്റെ അവിടെ തന്നെ വെച്ചേക്ക് അത് എനിക്ക് സമയോള്ള പോലെ ഞാൻ തന്നെ അലക്കിക്കോളും. എന്താ ഇത്രേം ദിവസം ആരെങ്കിലും അലക്കി തന്നിട്ടാണോ” അമ്മയ്ക്കുള്ളിലെ ദേഷ്യം പുറത്തേക്ക് വന്നു. അടുക്കളയിലെ ശബ്ദം കേട്ടിട്ടാവണം പോകാൻ ഇറങ്ങിയ രാജീവേട്ടന്റ മുഖം അടുക്കള വാതിൽക്കലേക്ക് വന്നു.

ഞാൻ രാജീവേട്ടനെ നോക്കി. അമ്മയും കണ്ടിരുന്നു രാജീവേട്ടനെ അതോടെ പെട്ടെന്ന് അവിടെ ഒരു നിശബ്ദത കടന്നു വന്നു. ഞാൻ ഒന്നും പറയാതെ അമ്മയുടെ തുണി അവിടെ വെച്ച് ബാക്കി ഉള്ളവ ബക്കറ്റിലാക്കി നടന്നു. 

  ഉച്ചയ്ക്ക് രാജീവേട്ടൻ വരുന്നതിന് മുന്നേ PSC എക്സാമിന്റെ ഒന്ന് രണ്ട് ബുക്ക് വാങ്ങാൻ വിളിച്ചു പറഞ്ഞു. ഏറെ നാൾ ഇവിടെ ഇല്ലാതിരുന്നത് കൊണ്ട് തന്നെ എനിക്ക് തയ്ക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. കൂടുതൽ നേരവും പഠിക്കാൻ ഇരുന്നു.

  അതിനിടയിൽ സുജിമയും രഞ്ചിയും വന്നു. സാധാരണ പോലെ ആവിശ്യത്തിനുള്ള സംസാരം മാത്രം. കുറച്ച് ദിവസത്തേക്ക് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രാജീവേട്ടൻ കുടിക്കുന്നത് വല്ലപ്പോഴും മാത്രം ആയി ദൈവം എന്നെ മുഴുവനായും കൈവിട്ടിട്ടില്ല എന്നത് എനിക്കൊരു ആശ്വാസമായി.

   ഞാൻ ഇടയ്ക്കൊക്കെ രാജീവേട്ടന്റെ നാട്ടുകാരെ കുറിച്ചും ആലോചിക്കാറുണ്ട് ഈ വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അതൊക്കെ എന്റെ കുഴപ്പം കൊണ്ടാണ് എന്ന വിധത്തിലാണ് അവരുടെ സംസാരം. അമ്മയെ അവർക്കൊക്കെ എത്രയോ വർഷങ്ങളായി അറിയാം എന്നാണ് അവരുടെ വാദം. അവർക്ക് അമ്മയെ അറിയാമായിരിക്കും എന്നാൽ അവർ അമ്മയെ ഒട്ടും മനസിലാക്കിയിട്ടുണ്ടാകില്ല.!

  അച്ഛൻ എന്റെ കാര്യത്തിൽ കുറച്ചു അധികം ശ്രദ്ധ നൽകുന്നതായി എനിക്ക് തോന്നിയിരുന്നു. അതൊക്കെ കൊണ്ടാവണം അമ്മ വഴക്കുണ്ടാകാനുള്ള സാധ്യത പോലും വരാതെ നോക്കുന്നുണ്ടായിരുന്നു. എന്നോട് എന്തെങ്കിലും പറഞ്ഞ് വരുംബോഴേക്കും രാജീവേട്ടൻ വീട്ടിലില്ലെങ്കിൽ അച്ഛന്റെ തല അവിടെ എവിടെ എങ്കിലും കാണും. അതോടെ അമ്മ കൂടുതൽ ഒന്നും പറയാതെ പിൻവാങ്ങും. 

  ”നീ ആ ലോണിന്റെ അടവ് അടച്ചിട്ടില്ലേ? നോട്ടീസ് വന്നിട്ടുണ്ടല്ലോ?”  രഞ്ചി കേറി വരുംബോൾ തന്നെ അച്ഛൻ ചോദിച്ചു. എന്റെ മുന്നിൽ നിന്നും തന്നെയാണ് ചോദിച്ചത്. രഞ്ചിക്ക് അത് ഇഷ്ടായില്ല എന്നു തോന്നുന്നു. അവൻ ഒന്നും പറയാതെ അകത്തേക്ക് കേറിപ്പോയി.

  ” കഴിഞ്ഞ മാസവും പലിശ മാത്രം അല്ലേ അടച്ചുള്ളൂ”  അച്ഛൻ പിന്നെയും പറഞ്ഞു. കുറച്ച് നാൾ ആയിട്ട് ഈ കാര്യം ഒരു സംസാരവിഷയം ആയിട്ടുണ്ട് വീട്ടിൽ. മാസതവണ പലപ്പോഴായി മുടങ്ങുന്നുണ്ട്. അതിന്റെ പേരിൽ അച്ഛനും രഞ്ചിയും തമ്മിൽ ഒന്ന് രണ്ട് തവണ വാക്ക് തർക്കം പോലും ഉണ്ടായിട്ടുണ്ട്. അമ്മ രഞ്ചിയെ ന്യായീകരിക്കാൻ ശ്രമിച്ചതോടെ അച്ഛന്റെ ദേഷ്യം അമ്മയോടും കൂടി ആയി.

  “ഇതിലും ഭേദം പുറത്തുള്ള ആരോടെങ്കിലും പൈസ കടം വാങ്ങുന്നതായിരുന്നു ഇത് എപ്പൊ വീട്ടിൽ വന്നു കേറുംബോഴും അടച്ചോ അടച്ചോ എന്നാ ചോദിക്കുന്നേ. എന്താ എന്റെ കൈയ്യിൽ പൈസ ഉണ്ടെങ്കിൽ അടക്കൂലെ ഞാനെന്താ ഇതും കൊണ്ട് നാട് വിട്ട് പോകുന്നുണ്ടോ?” രഞ്ചി അടുക്കളയിൽ വെച്ച് അമ്മയോട് കയർത്ത് സംസാരിക്കുന്നത് ഞാനും കേൾക്കുന്നുണ്ടായിരുന്നു. അച്ഛൻ അവിടെ ഉണ്ടായിരുന്നില്ല.

  “നിനക്ക് തോന്നുന്നുണ്ടോ അച്ഛനാണ് ഇപ്പൊ ആ സ്ഥലത്തിന്റെ കാര്യത്തിൽ തിരക്ക് എന്ന്? അതെല്ലാം വെറുതേ തോന്നുന്നതാ കുത്തി കുത്തി വിടുന്നത് മുഴുവൻ വേറെ ആൾക്കാരാണ്. എങ്ങനെ എങ്കിലും നശിപ്പിക്കണം എന്നല്ലേ ഉള്ളൂ ഓരോരുത്തർക്ക്” അമ്മ ഞാൻ കേൾക്കേ തന്നെ പറഞ്ഞു.  

   “വീടെടുക്കാനുള്ള തിരക്കല്ലേ ഓരോരുത്തർക്ക് വരുംബോ തറവാട്ടീന്ന് കൊണ്ടുവന്നത് പോലെയല്ലേ അധികാരം കാണിക്കുന്നത്” എല്ലാം ഞാൻ കേൾക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ട് അമ്മ. അതിനൊന്നും ഞാൻ ഒരു മറുപടിയും പറഞ്ഞില്ല. 

   രാജീവേട്ടൻ വന്നപ്പോൾ ഞാൻ ഈ കാര്യം അച്ഛന്റെ മുന്നിൽ നിന്നു തന്നെ എടുത്തിട്ടു. അമ്മ പറഞ്ഞത് എല്ലാവരും അറിഞ്ഞോട്ടെ എന്നു തന്നെ കരുതിയാണ് അപ്പോൾ മറുപടി പറയാതിരുന്നത്.

   “രാജീവേട്ടാ ആ സ്ഥലത്തിന്റെ ലോൺ അടയ്ക്കാത്തതിന് അച്ഛന് ബാങ്കിൽ നിന്നും നോട്ടീസ് വന്നിരുന്നു. ആ കാര്യം അച്ഛൻ രഞ്ചിയോട് സംസാരിച്ചിരുന്നു. ഇപ്പൊ അമ്മ പറയാ ഞാനാണ് അച്ഛനെ കൊണ്ട് അങ്ങനെ ഒക്കെ ചെയ്യിക്കുന്നേ എന്ന്. ഇതിന്റെ ഒക്കെ ആവിശ്യം എന്താ അമ്മയ്ക്ക്?” ഞാൻ പറയുന്നത് എല്ലാവരും കേട്ടു പക്ഷേ ആരും ഒന്നും പറയുന്നുണ്ടായില്ല, ആർക്കും മറുപടി ഒന്നും പറയാനുണ്ടായിരുന്നില്ല. അമ്മയുടെ മുഖത്ത് ദേഷ്യം കാണാൻ ഉണ്ടായിരുന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല.

  വീട്ടിൽ സുജിമയൊക്കെ എന്നോട് മിണ്ടുന്നത് വല്ലപ്പോഴും മാത്രം ആയി. പുറത്ത് കാണുമ്പോൾ ഞങ്ങൾക്കിടയിൽ പ്രശ്നമൊന്നും ഇല്ലായിരുന്നെങ്കിലും പരസ്പരം ഒരു അകൽച്ച ഒരോ വാക്കുകൾക്കിടയിലും ഉണ്ടായിരുന്നു.

   “എന്താ നീയും അവളും തമ്മിലുള്ള പ്രശ്നം?” ഒരിക്കൽ രാജീവേട്ടനാണ് ചോദിച്ചത്.

  “എനിക്കെന്ത് പ്രശ്നം” ഞാൻ ആ ചോദ്യത്തെ തന്നെ നിസാരവൽക്കരിച്ചു കളഞ്ഞു.

  “മ് .. എനിക്ക് എന്തോ അങ്ങനെ തോന്നി” അതും പറഞ്ഞ് രാജീവേട്ടൻ മൊബൈലിലേക്ക് നോക്കി.  രഞ്ചിയുടെ അച്ഛനും ആയിട്ടുള്ള പ്രശ്നത്തിന് കാരണം ഞാനാണ് എന്ന് സുജിമ തെറ്റിദ്ധരിച്ചിട്ടുണ്ട് അതാണ് അവൾക്കെന്നോടുള്ള ദേഷ്യത്തിന്റെ കാരണം എന്ന് എനിക്കും അറിയാം. എന്തോ അത് തിരുത്താൻ ഒന്നും ഞാൻ നിന്നില്ല. അതിനിടയിൽ പിന്നെയും പല തവണ ലോൺ അടവിന്റ നോട്ടീസ് അച്ഛന്റെ പേരിലേക്ക് വരുന്നുണ്ടായിരുന്നു. ഓരോ തവണയും അച്ഛൻ രൂക്ഷമായാണ് വീട്ടിൽ പ്രതികരിച്ചത്. അമ്മയോടൊക്കെ നല്ല വഴക്കായിരുന്നു അച്ഛൻ. ലോൺ എടുപ്പിക്കാൻ അമ്മ ഒക്കെ തന്നെയായിരുന്നു മുന്നിൽ അത് കൊണ്ട് തന്നെ രഞ്ചിയോട് പറയുന്നതിനേക്കാൾ കൂടുതൽ അമ്മയോടാണ് അച്ഛൻ പറഞ്ഞത്. രഞ്ചി പൈസ അടയ്ക്കാത്തത് കൊണ്ടു തന്നെ ഒന്ന് രണ്ട് തവണ അച്ഛൻ എവിടുന്നൊക്കെയോ പൈസ ഉണ്ടാക്കി ബേങ്കിൽ അടയ്ക്കുകയായിരുന്നു. മുന്നേ ഉണ്ടായിരുന്ന ഒരു പുള്ളി പശുവിനെ വിറ്റു കിട്ടിയ പൈസ അച്ഛന്റെ കൈയ്യിൽ തന്നെ ഉണ്ടായിരുന്നു അതൊക്കെ എടുത്തിട്ടാണ് ലോൺ അടവ് മുന്നോട്ട് കൊണ്ട് പോയത്. ഇതിപ്പോൾ പിന്നെയും മൂന്ന് നാല് മാസത്തെ അടവ് മുടങ്ങിയിട്ടുണ്ട്. എന്തായാലും രാജീവേട്ടനോട് ലോൺ അടവിന്റെ കാര്യമോ പൈസയുടെ കാര്യമോ ആരും സംസാരിക്കുന്നുണ്ടായില്ല. 

    കുറച്ച് ദിവസങ്ങൾ കഴിഞ്ഞു കാണും. പശുവിനെ അഴിച്ചു കൊണ്ടുവരാൻ പോയ അച്ഛൻ ഒന്നു വീഴുകയും വലത്തേ കാലിന് ഒരു പൊട്ടലുണ്ടാവുകയും ചെയ്തു. പശു എത്തിയിട്ടും അച്ഛനെ കാണാതെ തിരഞ്ഞപ്പോൾ എണീക്കാൻ വയ്യാതെ കാട്ടിനുള്ളിൽ വീണിടത്ത് തന്നെ കിടക്കുകയായിരുന്നു പാവം!. കിട്ടിയ വണ്ടിയും വിളിച്ച് രാജീവേട്ടനെയും വിളിച്ച് പറഞ്ഞ് വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോയി. എക്സറേ എടുത്ത് കഴിഞ്ഞപ്പോഴേക്കും രാജീവേട്ടൻ എത്തിയിരുന്നു. പ്ലാസ്റ്ററും ഇട്ട് വീട്ടിലേക്ക് ഓട്ടോയിൽ തന്നെ വന്നു. മൂന്ന് മാസത്തേക്ക് ഇനി ബുദ്ധിമുട്ട് തന്നെയാണ്. പ്രായമുള്ള ആൾ ആയത് കൊണ്ട് തന്നെ കുറച്ച് സമയം എടുക്കും. അച്ഛന് ഷുഗർ ഒന്നും ഇല്ലാത്തത് ഭാഗ്യായി. അച്ഛനെ കിടത്തി ഞാൻ വേഗം ഉണ്ണിയെ ആണ് നോക്കിയത്. ഇതിന്റെ ഒക്കെ തിരക്കിൽ അവന് കഴിക്കാൻ ഒന്നും കൊടുക്കാതെ ഓടുകയായിരുന്നു ഞാൻ. കാര്യം അറിഞ്ഞ് ഞങ്ങൾ വീട്ടിലെത്തുംബോഴേ അയൽക്കാരും വർഷയും അവളുടെ വീട്ടുകാരും എല്ലാം വീട്ടിൽ വന്നു നിൽപ്പുണ്ടായിരുന്നു. 

  “രാജീവേട്ടന് ഇപ്പൊ കഴിക്കാൻ എടുക്കണോ?” അടുക്കളയിലേക്ക് നടക്കുന്നതിനിടെ ഞാൻ ചോദിച്ചു.

  “വേണ്ട. ചെക്കന് എന്തെങ്കിലും കൊടുക്ക് ” ഉണ്ണിയുടെ കാര്യമാണ്.

  “ഡാ നീ ഇന്ന് ഉച്ചയ്ക്കേ ഒന്നും തിന്നിട്ടില്ലല്ലോ? വേഗം വന്ന് ചോറ് തിന്നോ ഇല്ലെ ഞാൻ മിണ്ടുല” എന്റെ ഭീഷണി വെറും ഭീഷണി മാത്രം ആയി അവശേഷിച്ചു. ഉണ്ണി ഞാൻ പറയുന്നത് കേട്ട ഭാവം ഇല്ല അവൻ അച്ഛനെയും വീട്ടിലേക്ക് വരുന്ന ആൾക്കാരെയും ഒക്കെ നോക്കുകയാണ്. അച്ഛന്റെ കാലിലേ കെട്ട് അവന്റെ കുഞ്ഞു മനസിലും വേദന ആയി.

   “പണ്ടേ പറയുന്നതാ ആ പൈയ്യിനെ എല്ലാം കിട്ടുന്ന വിലയ്ക്ക് വിൽക്കാൻ ഇപ്പൊ എന്തായി” രഞ്ചി വന്ന ഉടനേ പറഞ്ഞു. സാധാരണ സുജിമയും അവളുടെ ഓഫീസ് ടൈം കഴിഞ്ഞാൽ രഞ്ചിയുടെ കൂടെ സൂപ്പർമാർക്കറ്റിൽ പോയി രാത്രി ഒന്നിച്ച് വരികയാണ് പതിവ്. ഈ കാര്യം അറിഞ്ഞത് കൊണ്ട് തന്നെ ഇന്ന് സുജിമ നേരത്തേ വന്നിരുന്നു. രഞ്ചി പശുവിന്റെ കാര്യവും അതിനേ വിൽക്കേണ്ട കാര്യവും എല്ലാം പറഞ്ഞോണ്ടിരുന്നു.

  “അതൊക്കെ ഉള്ളത് കൊണ്ടാ ഞാൻ ജീവിച്ചു പോകുന്നത്. അല്ലാതെ ഇവിടെ ആരും ചിലവിന് തന്നിട്ടൊന്നുമല്ല” അച്ഛൻ പറഞ്ഞത് രഞ്ചിയും  കേട്ടു. അതു വരെ ഉമ്മറത്ത് നിന്നു സംസാരിച്ചിരുന്ന അവൻ  അച്ഛൻ കിടക്കുന്ന മുറിയുടെ വാതിൽ വലിച്ചു  തുറന്ന്കൊണ്ട്  അകത്തേക്ക് കേറി.!!

തുടർ ഭാഗങ്ങൾ വായിക്കാൻ ക്ലിക്ക് ചെയ്യുക

ഭാഗം 03

ഭാഗം 04