നിനക്കായി മാത്രം – മലയാളം നോവൽ, എഴുത്ത്: അഞ്ജു തങ്കച്ചൻ

അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി.

ആ കണ്ണുകളിൽ അഗ്നി ജ്വലിക്കുന്നുണ്ടെന്ന് അയാൾക്ക് തോന്നി.

സേതു… നീ പോകാൻ തന്നെ തീരുമാനിച്ചോ? അയാൾ ചോദിച്ചു.

അവളുടെ മുഖത്ത് അതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവം നിറഞ്ഞു.

പോകണം.ഒരുതവണ ഒരൊറ്റത്തവണ എനിക്ക് അവിടെയൊന്നു പോകണം. അവളുടെ മുഖത്ത് പക നിറഞ്ഞു.

ശരി ഞാൻ തടസ്സം നിൽക്കുന്നില്ല. നിന്റെ ഇഷ്ടംപോലെ നടക്കട്ടെ

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമായി ഞാൻ കാണുന്നത് ഈ യാത്രയാണ്. ഓർമ്മയുറച്ച കാലം മുതൽ ഞാനാഗ്രഹിക്കുന്നതാണ്,എന്റെ മാത്രമല്ല.മറ്റൊരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ മോഹമായിരുന്നു ഇത്
അവളുടെ കണ്ണുകൾ ചുവന്നു.

എനിക്കറിയാം സേതു,അതല്ലേ ഞാൻ ഒന്നിനും തടസ്സം നിൽക്കാത്തത്.

അയാൾ പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു.

നേരം പുലർന്നു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ…കുന്നിൻ മുകളിലെ മുരുകന്റെ അമ്പലത്തിൽ നിന്നും ഒഴുകിവരുന്ന ശീലുകൾ മലമടക്കുകളിൽതട്ടി, ചിതറിക്കുന്ന തിരമാലകൾ പോലെ അലയടിച്ചു വന്നുകൊണ്ടിരുന്നു.

കുളിരൂറുന്ന ആ തണുപ്പിൽ പ്രഭാതത്തിന്റെ പൊൻകണങ്ങളെ നോക്കി കാണുവാനുള്ള കൗതുകം അവൾക്കെന്നും ഉണ്ടായിരുന്നു.

തുറന്നിട്ട ജനലഴികളിലൂടെ സ്വർണ്ണ വർണ്ണമാർന്ന സൂര്യകണങ്ങൾ തന്നെ പുണരുവാൻ വെമ്പുന്നതുപോലെ.

അവൾ വാതിൽ തുറന്നു പുറത്തേക്കിറങ്ങി….

സൂര്യകിരണങ്ങളുടെ നേർത്ത തലോടലിൽ മഞ്ഞ് സ്വയമലിഞ്ഞില്ലാതാകുന്ന കാഴ്ച അവൾക്കെന്നുംപുതുമയുള്ളതായിരുന്നു.

എന്താ സേതു നീ  വീണ്ടും എന്തൊക്കെയാ ഇങ്ങനെ ആലോചിച്ചു കൂട്ടുന്നത് ? ചോദ്യം കേട്ടവൾ പതിയെ പുഞ്ചിരിച്ചുകൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കി

അൻപത്തിയെട്ട് വയസ്സുള്ള അയാളുടെ മുഖത്ത് എപ്പോഴും പ്രസന്നഭാവമാണ്. മുടിയിഴകൾ പകുതിയിലധികം നരച്ചിരിക്കുന്നു,  ശാന്തത നിറഞ്ഞ മുഖവും,തിളങ്ങുന്ന  ആ കണ്ണുകളും ആരെയും ആകർഷിക്കുന്നതായിരുന്നു.

എന്താ ഇങ്ങനെ നോക്കുന്നത് ഒരു ചായ ഈ പാവം ഭർത്താവിന്  കിട്ടുമോ ? അതോ പ്രശസ്ത എഴുത്തുകാരി സേതുലക്ഷ്മി പുലർച്ചെ തന്നെ മുറിയടച്ചിരുന്ന് എഴുതാൻ പോകുവാണോ?

ഒന്ന് പോ നന്ദേട്ടാ… കളിയാക്കാതെ…

കളിയാക്കിയതല്ലടോ, എപ്പോഴും മുറിയടച്ചിരുന്ന് എഴുത്താണല്ലോ പതിവ് അതുകൊണ്ട് പറഞ്ഞതാ…

ഞാനിപ്പോൾ ചായ കൊണ്ടുവരാം. അവൾ അടുക്കളയിലേക്ക് പോകുവാനാഞ്ഞു.

വേണ്ട സേതൂ… ഞാനൊന്നു കുളിക്കട്ടെ ചായ പിന്നീട് മതി. അയാൾ പറഞ്ഞു.

സേതുലക്ഷ്മി പുറത്തേക്കിറങ്ങി

അല്ലെങ്കിലും അടച്ചിട്ട മുറിക്കുള്ളിൽ ഇരിക്കാൻ സേതുലക്ഷ്മിക്ക് എപ്പോഴും മടിയായിരുന്നു.

ആരുടെയും ശബ്ദകോലാഹലങ്ങൾ അകമ്പടി വരാത്ത, സ്വതന്ത്രമായി സ്വന്തം ചിന്തകളെയും സ്വപ്നങ്ങളെയും കൂട്ടുപിടിച്ച് ഒറ്റക്ക് നടക്കണം. മൗനത്തെ ഇത്രമേൽ സ്നേഹിക്കാൻ തനിക്ക് മാത്രമേ കഴിയൂ.അല്ലെങ്കിലും മൗനത്തിന്റെ ഇടനാഴിയിൽ അല്ലേ നാം നമ്മിലേക്ക് തന്നെ തിരിഞ്ഞു നോക്കുന്നതും, മനസ്സിനെ സ്വതന്ത്രമായി ഒന്നലയാൻ അനുവദിക്കുന്നതും.

കഴിഞ്ഞ എത്രയോ വർഷങ്ങളായി താൻ ഡൽഹി നഗരത്തിന്റെ സന്തതിയാണ്. ഇന്നലെ സ്വന്തം നാട്ടിൽ കാലു കുത്തിയപ്പോൾ മുതൽ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി തന്നെവലയം ചെയ്തിരിക്കുകയാണ്.

അവൾ ദൂരെയുള്ള കുന്നിൻ മുകളിലേക്ക് മിഴികൾ പായിച്ചു.

പ്രകൃതി പല നിറമാർന്ന മേലാടയണിഞ്ഞ് അത് സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു. മഞ്ഞിൻകൂട്ടം നേർത്ത കാറ്റിന്റെ കവിളുരുമ്മി പർവ്വത മുകളിലേക്ക് ചേക്കേറുന്നു

നാട്ടിലേക്കുള്ള ഈ യാത്രയിൽ തനിക്ക് ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ.

കഴിഞ്ഞ 40 വർഷത്തെ തന്റെ കാത്തിരിപ്പിന് അവസാനം ഉണ്ടാകാൻ പോകുന്നു

കാലം തനിക്ക് ഒരു അവസരം തന്നിരിക്കുകയാണ്

കുളിരൂറുന്ന തണുപ്പിലും അവളുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ കിനിഞ്ഞിറങ്ങി..കണ്ണുകളിൽ വീണ്ടും അഗ്നി ജ്വലിച്ചു…

*****************

സേതുലക്ഷ്മി വീടിനുള്ളിലേക്ക് കയറി

ഭർത്താവ് കുളി കഴിഞ്ഞു വരുമ്പോഴേക്കും ചായ ഇടണം.

ഒരു പരാതിക്കാരനായ പങ്കാളിയല്ല അദ്ദേഹം. എങ്കിലും ഇടക്കൊക്കെ തന്നെ കളിയാക്കാറുണ്ട്.താനെപ്പോഴും സ്വപ്നലോകത്തിലാണെന്നും പറഞ്ഞ്.

അവൾ പുഞ്ചിരിയോടെ അടുക്കളയിലേക്ക് നടന്നു.

നന്ദേട്ടൻ ഒന്നാന്തരം ചായഭ്രാന്തനാണ്. ഒരു ദിവസം എത്ര ചായ കുടിക്കുമെന്ന് ആൾക്ക് തന്നെ നിശ്ചയമില്ല. താൻ ഉണ്ടാക്കുന്നതിലും നന്നായി ചായ ഉണ്ടാക്കുകയും ചെയ്യും. എവിടെപ്പോയാലും വരുമ്പോൾ കയ്യിൽ തേയില പൊടി വാങ്ങിയത് ഉണ്ടാകും.

ചായ തയ്യാറാക്കിയപ്പോഴേക്കും നന്ദൻ കുളി കഴിഞ്ഞു വന്നു

ആഹാ ഇത്ര പെട്ടെന്ന് കുളി കഴിഞ്ഞോ?

പെട്ടന്നോ ? നേരം എത്രയായെന്നോ നീയേതോ സ്വപ്നലോകത്തെന്നവണ്ണം നിൽക്കാൻ തുടങ്ങിയിട്ട്. എന്താ ഇത്ര ആലോചിച്ചു കൂട്ടുന്നത്?

ഒന്നുമില്ല വെറുതെ.

ഓഹ് ഞാൻ അറിയാത്ത ആളാണല്ലോ നീ. പറ എന്താ?

നന്ദേട്ടൻ നാളെ ഡൽഹിക്ക് മടങ്ങാൻ തന്നെയാണോ തീരുമാനം?

പിന്നല്ലാതെ,നമ്മുടെ വീടും എന്റെ ജോലിയും ഒക്കെ അവിടെയല്ലേ, ഇവിടെ വന്നിട്ട് ഇപ്പോൾ നാല് ദിവസമായില്ലേ ഇനി പോകാതെ പറ്റില്ല സേതു.

എനിക്ക് ഇവിടെ നിന്ന് പോകാൻ തോന്നുന്നില്ല.

അങ്ങനെയാണെങ്കിൽ ഈ വീട് നമുക്ക് വാങ്ങാം. മനോജ് ഇത് വിൽക്കാൻ നോക്കുന്നുണ്ട്.

അയ്യോ വേണ്ടായേ എനിക്കിത്തരം കൊട്ടാരം പോലുള്ള വീട് വേണ്ട. നമുക്കൊരു ചെറിയ വീട് മതി. മതിൽക്കെട്ടുകൾ ഇല്ലാത്ത പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു കൊച്ചു വീട്. സ്നേഹവും, വാശിയും, പിണക്കവും ഒക്കെ നിറയുന്ന, എല്ലാവരെയും എന്നും ചേർത്തു നിർത്തുന്ന ഒരു വീട്. ആ വീട്ടിലിരുന്ന് എനിക്ക് എന്റെ പ്രാണനായ മഴക്കാലത്തെ കൊതി തീരെ കാണണം. നനഞ്ഞ മൺ വഴികളിലൂടെ ചെരിപ്പിടാതെ നടക്കണം. മനസ്സും ശരീരവും കുളിരുന്നത് വരെ മഴ നനയണം.  ഒടുവിൽ എനിക്കാ മണ്ണിൽ മറ്റൊരു മഴയായി പെയ്തൊഴിയണം.

നന്ദൻ അവളുടെ വിടർന്ന മിഴികളിലേക്ക് നോക്കി.

മുഖത്തെപ്പോഴും ഗൗരവത്തിന്റെ മുഖംമൂടി അണിയുന്നുണ്ടവൾ.തന്റെ നിഷ്കളങ്കത നിറഞ്ഞ മനസ്സിനെ മറ്റാരും മനസ്സിലാക്കാതിരിക്കാനും,താൻ സദാ ഗൗരവക്കാരിയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമുള്ള അവളുടെ തന്ത്രമാണത്.ചിലപ്പോഴെല്ലാം തനിക്ക്പോലും അവളോട് ആരാധന തോന്നാറുണ്ട്

നന്ദേട്ടന് തോന്നാറില്ലേ ജനിച്ചു വളർന്ന മണ്ണിൽ ഒരു വീട് വേണമെന്ന്? അവിടെ ജീവിക്കണമെന്ന്?

ആഗ്രഹമില്ലാഞ്ഞിട്ടല്ല സേതൂ..ഡൽഹിയിലെ ബിസിനസ് അങ്ങനെ വേണ്ടെന്ന് വെക്കാൻ പറ്റുമോ, കുറച്ചുകാലം കൂടി എങ്ങനെ പോട്ടെ.

കുറച്ചുകാലം എന്നുവച്ചാൽ എത്രയാണ് നന്ദേട്ടാ?

നമുക്ക് നോക്കാം ന്നേ…

അല്ല സേതു, ഷൈലയുടെ വീട്ടിൽ പോകാൻ ഉറപ്പിച്ചോ?

പോകണം നന്ദേട്ടാ. എത്രയോ വർഷങ്ങളായി ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്ന കുറെ ചോദ്യങ്ങളുണ്ട്. എനിക്ക് അതിനുള്ള ഉത്തരം വേണം.

സേതുലക്ഷ്മിയുടെ കണ്ണുകൾ ചുവന്നു.

അവർക്കെന്നെ നന്ദേട്ടന്റെ ഭാര്യ എന്ന നിലയിലും, എഴുത്തുകാരി എന്ന നിലയിലും മാത്രമേ അറിയൂ.എന്നാൽ എനിക്കങ്ങനെയല്ല. അവളുടെ ശബ്ദം ഉറച്ചതായിരുന്നു

എന്താ ഭാര്യയും ഭർത്താവും കൂടെ ഒരു പുന്നാരം ?

അവരുടെ മകൾ അമ്മു അടുത്തേക്ക് വന്നു.

നിന്റെ അമ്മ ഡൽഹിക്ക് വരുന്നില്ലെന്ന് ഷൈല ആന്റിയുടെ വീട്ടിൽ പോകുകയാണെന്ന്.

എന്നാൽ ഞാനും വരുന്നുണ്ട് അവൾ ചാടി പറഞ്ഞു.

നിനക്കല്ലെങ്കിലും യാത്രയാണല്ലോ ഇഷ്ടം.

അപ്പായീ…ഞാനും കൂടെ അമ്മയുടെ കൂടെ ഷൈല ആന്റിയുടെ വീട്ടിൽ പൊയ്ക്കോട്ടെ?

വേണ്ട.

പ്ലീസ്… അപ്പായീ…ഷൈല ആന്റിയുടെ മകൾ നീതുവുമായിട്ട് ഞാൻ വലിയ കൂട്ട് ആണെന്ന്  അപ്പായിക്ക് അറിയാമല്ലോ. ഞാനും അവളും ഒരുമിച്ചു കുറച്ചുനാൾ ഡൽഹിയിൽ ജോലി ചെയ്തതാണ്. ഞാനും കൂടി പോയിട്ട് വരാം.പ്ലീസ്…

മോൾക്ക് ഇങ്ങനെ ലോകം ചുറ്റി നടന്നാൽ മതിയോ ? നിന്റെ പ്രായത്തിലുള്ളവർക്കൊക്കെ കുട്ടികളായി.സേതുലക്ഷ്മി പറഞ്ഞു

എന്റെ അമ്മേ, ഞാൻ കുറച്ചു കാലം കൂടി ഇങ്ങനെയൊക്കെ ഒന്ന് ജീവിച്ചോട്ടെ

ഇനി നിന്നെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല

എന്നെ കെട്ടിക്കണമെന്ന് എന്താ ഇത്ര തിടുക്കം ?

പിന്നെ ഇങ്ങനെ പോകാൻ തന്നെയാണോ മോളുടെ തീരുമാനം ?

തൽക്കാലം അത്രയേ ഉള്ളൂ…

ശരി അങ്ങനെ ആകട്ടെ . ഇനി നീ ഞങ്ങളോട് വിവാഹ കാര്യം ഇങ്ങോട്ട് വന്നു പറയുമ്പോഴേ ഞങ്ങളും ഇക്കാര്യം സംസാരിക്കൂ..

മതി.അവൾ അമ്മയുടെ കവിളിൽ ഉമ്മ വച്ചു.

സേതുലക്ഷ്മി ഷൈലയെ കുറിച്ച് ഓർമ്മിക്കുകയായിരുന്നു. നന്ദേട്ടന്റെ മൂത്ത സഹോദരന്റെ ഭാര്യ ഗിരിജേടത്തിയുടെ അനിയത്തിയാണ് ഷൈല ഗിരിജേടത്തിയുടെ കൂടെ മിക്കവാറും വീട്ടിൽ വന്ന് നിൽക്കുമായിരുന്നു. അങ്ങനെ താനുംഷൈലയും നല്ല കൂട്ടായി.

ഒരേ പ്രായമാണ് തങ്ങൾക്ക്. അതുകൊണ്ടാവാം ഞങ്ങൾ പരസ്പരം ഒരുപാട് സ്നേഹിച്ചു.

നന്ദേട്ടന്റെ കൂടെ താൻ ഡൽഹിക്ക് പോയപ്പോൾ അവളെ ഒരുപാട് മിസ്സ് ചെയ്തു.അവളുടെ വിവാഹ സമയത്ത് താൻ അമ്മുവിനെ പ്രഗ്നന്റ് ആയിരുന്നു. ബ്ലഡ് റസ്റ്റ് നിർദ്ദേശിച്ചിരുന്നത് കൊണ്ട് അവളുടെ വിവാഹം കൂടാൻ പറ്റിയില്ല.

പിന്നീട് ജീവിത തിരക്കുകളിൽ പെട്ട്,ആ സൗഹൃദത്തിന്റെ പൊലിമ മങ്ങിപ്പോയി എങ്കിലും വല്ലപ്പോഴുമുള്ള ഫോൺവിളികളിൽ മറന്നിട്ടില്ലെന്ന് ഓർമ്മിപ്പിക്കാൻ തങ്ങൾ ശ്രമിച്ചിരുന്നു.

ഇത്തവണ നാട്ടിൽ വന്നപ്പോൾ ഗിരീജേടത്തിയുമായി സംസാരിച്ചിരുന്നപ്പോഴാണ്, ഷൈലയെ കെട്ടിച്ചയച്ച ആ വീടിനെക്കുറിച്ച്  ഗിരിജേടത്തി പറഞ്ഞത്.

സത്യത്തിൽ അത് കേട്ടപ്പോൾ താൻ തരിച്ചിരിക്കുകയായിരുന്നു.

കുട്ടിക്കാലം മുതൽ താനാ വീട്ടുപേര് മനസ്സിൽ പതിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. അവിടെ ഒന്നു പോകാൻ.ചിലതെല്ലാം അവിടെയുള്ളവരുടെ മുഖത്ത് നോക്കി ചോദിക്കാൻ, താൻ ഏറെ കൊതിച്ചിരുന്നു.

ഇപ്പോൾ ധൈര്യമായി അങ്ങോട്ട് കയറിച്ചെല്ലാം.കാരണം താൻ ഷൈലയുടെ സുഹൃത്താണ്, സുഹൃത്ത് മാത്രമല്ല ബന്ധുവും കൂടിയാണ്.ഇനി ധൈര്യത്തോടെ  അങ്ങോട്ട്‌ കയറാം.

ചെന്നിട്ട്…ചെന്നിട്ട്….എന്ത് ചെയ്യണം? തനിക്ക് അവിടെയുള്ളവരോട് ദേഷ്യമാണോ വെറുപ്പാണോ തോന്നുക?

അറിയില്ല. ഒന്നും അറിയില്ല.പക്ഷേ രണ്ടും കൽപ്പിച്ചു പോവുകയാണ്. ബാക്കിയെല്ലാം വരുന്നിടത്ത് വച്ച് കാണാം

പിറ്റേന്ന് സേതുലക്ഷ്മിയും അമ്മുവും ബസ്റ്റാൻഡിൽ എത്തി.

സമയം ഉച്ചയായതിനാൽ തിരക്ക് നന്നേ കുറവായിരുന്നു.

ബസ്സിൽ കയറി ആളൊഴിഞ്ഞ സീറ്റിൽ ഇരിക്കുമ്പോൾ സേതുവിന്റെ മനസ്സ് മുഴുവനും നന്ദേട്ടൻ ആയിരുന്നു. പാവം ഇനി കുറെ ദിവസങ്ങൾ ഒറ്റയ്ക്കാണ്

സേതുലക്ഷ്മിയെ കണ്ട് തിരിച്ചറിഞ്ഞവർ, ആരാധനയോടെ അവരുടെ അടുത്തെത്തി.

മാഡം എന്താ ഇവിടെ?

ഞാൻ നാട്ടിലേക്ക് ഒന്ന് പോകുവാണ് സേതു ചിരിയോടെ പറഞ്ഞു.

അമ്മ എല്ലാവരോടും ചിരിക്കുന്നതും സംസാരിക്കുന്നതും അമ്മു കൗതുകത്തോടെ നോക്കിയിരുന്നു.

ചിലർ അധികാരഭാവത്തോടെ അമ്മയുടെ കൈകളിൽ പിടിച്ചുകൊണ്ട് സ്നേഹാന്വേഷണങ്ങൾ നടത്തുന്നു.

മറ്റു ചിലർ അമ്മയുടെ അടുത്ത് നിന്ന് ഫോട്ടോ എടുക്കുന്നു.

അവൾക്ക് അൽഭുതം തോന്നി..എങ്ങനെയാണ് അല്പംപോലും നീരസം തോന്നാതെ, ചിരിച്ച മുഖവുമായി എല്ലാവരോടും ഇടപഴകാനും കുശലാന്വേഷണം നടത്താനും കഴിയുന്നത്.

ഇതെന്റെ മോളാണ്. സേതു ലക്ഷ്മി അമ്മുവിനെ എല്ലാവർക്കും  പരിചയപ്പെടുത്തി.

അമ്മു എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.ആദ്യമായി കാണുന്ന തന്നോടു പോലും എത്ര സ്നേഹമാണ് ഈ മനുഷ്യർക്ക്.

അല്ലെങ്കിലും എഴുത്തുകാരിയായ സേതുലക്ഷ്മിയോട് എല്ലാവർക്കും സ്നേഹമാണ്. ആ സ്നേഹമാണ് തനിക്കും ഇവർ പകുത്തു നൽകുന്നത്.

ബസ് പുറപ്പെടാൻ സമയമായി

ചുറ്റും നിന്നവരോട് സേതുലക്ഷ്മിയാത്രപറഞ്ഞു.

ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ ബസ് ഓടിത്തുടങ്ങി.

അമ്മ വേണമെങ്കിൽ ഒന്നുറങ്ങിക്കോ…രണ്ടു മണിക്കൂർ എങ്കിലും വേണമായിരിക്കും അവിടെ എത്താൻ.

ഇല്ലമ്മൂ..എനിക്കുറക്കം വരില്ല.

എങ്കിലും സീറ്റിലേക്ക് സേതുലക്ഷ്മി നന്നായി ചേർന്നിരുന്നു.

എത്രയോ വർഷങ്ങളായി താൻ മനസ്സിൽ കൊണ്ടുനടന്ന ഒരാഗ്രഹമാണ് നടക്കാൻ പോകുന്നത്.ഈ ഒരു ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത്.

ആകാംഷയാണോ തന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത്? അല്ല ആ ചിന്തയെ വ്യക്തമായ ഒരു പേര് കൊണ്ട് നിർവചിക്കാൻ പറ്റില്ല.

ഒന്നറിയാം തന്റെ ഏറ്റവും വലിയ കത്തിരിപ്പിനാണ് ഇന്ന് അവസാനം ഉണ്ടാകാൻ പോകുന്നത് ബസ് ഓടിക്കൊണ്ടിരുന്നു.

കുറേ നേരം ഓടിയതും, വാഹനം മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു.

തീർത്തും വിജനമായ ഇരു വശത്തും വയലുകൾ നിറഞ്ഞ വഴി.

ഇടയ്ക്കിടെ മുഴങ്ങി കേൾക്കുന്ന കുയിൽ നാദവും, ശുദ്ധവായുവും തണുത്ത കാറ്റും,സേതുലക്ഷ്മിക്ക് വല്ലാത്തൊരുണർവ് തോന്നി.

ആർഭാഡങ്ങൾ കടന്നു ചെല്ലാത്ത നാട്.

ചേച്ചിക്ക് ഇറങ്ങേണ്ട സ്ഥലമായി കണ്ടക്ടർ വിളിച്ചു പറഞ്ഞു.

സേതുലക്ഷ്മിയും അമ്മുവും ഇറങ്ങാനായി തയ്യാറെടുത്തു.

സാമാന്യം വലിയൊരു സിറ്റിയിൽ വണ്ടി നിർത്തി.

അവർ ഇറങ്ങി.

അൽപ്പം മുന്നോട്ട് നടന്നപ്പോൾ ഇടത്തേക്ക് ഒരു വഴിയുണ്ട്.

അമ്മു ഫോൺ എടുത്ത് നോക്കി. നീതു ലൊക്കേഷൻ അയച്ചു തന്നിട്ടുണ്ട്.

ഇത് തന്നെയാണമ്മേ വഴി.

അവർ ആ വഴിയിലൂടെ മുന്നോട്ട് നടന്നു.

കുറച്ച് ദൂരം മുന്നോട്ട് നടന്നപ്പോൾ, നാല് കെട്ടും നടുമുറ്റവുംഒക്കെയുള്ള പഴയ വീട് തലയുയർത്തി നിന്നു.

ഒരുവേള സേതുലക്ഷ്മിയുടെ കാലുകൾ നിശ്ചലമായി.

മനസ്സിൽ ഉണ്ടായിരുന്ന സങ്കല്പത്തിനേക്കാൾ വലിയ പ്രൗഢിയോടെ നിൽക്കുന്ന വീട്.

വീടിന്റെ വലതു വശത്തായി പുതുതായി പണിത കാർ പോർച്ച്. ഒരു പക്ഷെ അത് മാത്രമാണ് ആ വീടിന്റെ ഭംഗി കുറക്കുന്ന ഒരേ ഒരു വസ്തു എന്നവൾക്ക് തോന്നി.

മുറ്റത്തു ചരൽ മണൽ വിരിച്ചിരിക്കുന്നു.

വലിയ മുറ്റത്തിന്റെ ഒരു വശത്ത് തുളസി ധാരാളം നട്ട് പിടിപ്പിച്ചിട്ടുണ്ട്.

വളരെ വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്ന പരിസരം.

പെട്ടന്ന് അവരെ കാത്തിരുന്നത് പോലെ ഒരു പെൺകുട്ടി ഇറങ്ങി വന്നു.

******************

വന്നപാടെ  ആ പെൺകുട്ടി അമ്മുവിനെ കെട്ടിപ്പിടിച്ചു.

എത്ര നാളായെടീ കണ്ടിട്ട്….

അവളുടെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ പൊടിയുന്നതും, കവിളിണകൾ ചുവക്കുന്നതും സേതുലക്ഷ്മി ചെറുപുഞ്ചിരിയോടെ നോക്കി നിന്നു.

അവളെ കണ്ടാൽ ഇരുപത്തിയാറ് വയസ്സ് പ്രായം തോന്നും. ചുരുണ്ട മുടി തോളൊപ്പംമുറിച്ചിട്ടിരിക്കുന്നു. ചുണ്ടുകൾക്ക് മുകളിൽ നേർത്തപൊടിമീശ,  ആരെയും കൂസാക്കാത്ത തന്റേടഭാവമാണ് അവളുടെ മുഖത്ത്. എങ്കിലും ആ കണ്ണുകൾ അവളുടെ നിഷ്കളങ്കത വിളിച്ചോതുന്നവയായിരുന്നു.

അവൾ സേതുലക്ഷ്മിയുടെ അടുത്തേക്ക് വന്നു.

ആന്റിക്ക് ഇപ്പോഴെങ്കിലും ഇങ്ങോട്ട് വരാൻ തോന്നിയല്ലോ.

സമയമില്ലാഞ്ഞിട്ടല്ലേ മോളേ വരാഞ്ഞത്. നീ കുഞ്ഞായിരുന്നപ്പോൾ കണ്ടതാ, ഇപ്പോൾ വളർന്നു വലിയ കുട്ടി ആയി. സേതുലക്ഷ്മി അവളുടെ നിറുകയിൽ തലോടി.

ആന്റി വാ..അവൾ സേതുലക്ഷ്മിയുടെ കൈ പിടിച്ചു.

ആന്റിക്ക് അറിയാമോ? എഴുത്തുകാരി സേതുലക്ഷ്മി വരുന്നുണ്ടെന്നറിഞ്ഞ് അയൽവക്കക്കാർക്ക് ഒക്കെ എന്ത് സന്തോഷമാണെന്ന്. ആന്റി വന്നു എന്നറിഞ്ഞാൽ എല്ലാവരും കൂടി ഇപ്പോൾ ഇവിടെ പാഞ്ഞു വരും

നീതു സേതുലക്ഷ്മിയുടെ കൈകളിൽ അമർത്തിപ്പിടിച്ചു.

സേതു…ഉറക്കെ വിളിച്ചുകൊണ്ട് ഷൈല അടുത്തേക്ക് ഓടിവന്നു

അവളുടെ ചിരിയിൽ പഴയ ആ സ്നേഹം തിളങ്ങുന്നുണ്ടെന്ന് സേതുവിന് തോന്നി.

പണ്ട് ഗിരിജേടത്തിക്കൊപ്പം ഷൈലയും വന്നു താമസിക്കാറുണ്ടായിരുന്നു. അന്നത്തെ ആ സ്നേഹത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് സേതുവിനു മനസ്സിലായി

അവർ പരസ്പരം ആശ്ലേഷിച്ചു.

നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ.

പക്ഷേ നീ വല്ലാതെ തടിച്ചു കേട്ടോ സേതു പറഞ്ഞു.

ശൈലിയുടെ ഭർത്താവ് പ്രകാശവരുടെ അടുത്തേക്ക് വന്നു

സേതുലക്ഷ്മി പുഞ്ചിരിച്ചു.

ഇത്ര ദൂരം ബസ്സിൽ വന്നതുകൊണ്ട് മടുത്തു പോയോ?  അയാൾ ചോദിച്ചു.

ഹേയ് കുഴപ്പമില്ലായിരുന്നു. സേതുലക്ഷ്മി പറഞ്ഞു.

അമ്മുക്കുട്ട്യേ…പ്രകാശവളെ ചേർത്ത് പിടിച്ചു

ഹാളിൽ അവരെ പ്രതീക്ഷിച്ചു മൂന്നാളുകൾ കൂടി ഉണ്ടായിരുന്നു.

ആന്റി ഇതെന്റെ മുത്തച്ഛനാണ് പേര് മാധവൻ.നീതു കസേരയിലിരുന്ന വൃദ്ധനെ നോക്കി പറഞ്ഞു.

മീശയും താടിയും മുഴുവനും നരച്ച അദ്ദേഹം വെളുത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വല്ലാത്തൊരു ശാന്തതയും ആർക്കും അറിയാതെ ഇഷ്ടം തോന്നുന്ന മുഖഭാവവും. ആ മിഴികൾ മൃദുല സ്വഭാവം വിളിച്ചോതുന്നവയായിരുന്നു

അദ്ദേഹം കസേരയിൽ ഇരിക്കുകയാണെങ്കിലും നല്ല ഉയരമുള്ള ആളാണെന്ന് സേതുവിന് തോന്നി.

ഇതിന്റെ അനുജൻ ശങ്കരൻ മാധവൻ അടുത്തിരുന്ന ആളെ പരിചയപ്പെടുത്തി.

ഇനി ഒരാൾ കൂടി ഉണ്ട് കേട്ടോ ദേ.. ഇത് എന്റെ ഒരേ ഒരു അനുജൻ നിതിൻ. നീതു അപ്പുറത്തായി മാറി നിന്ന പയ്യനെ ഉന്തിത്തള്ളി മുന്നിലേക്ക് കൊണ്ടുവന്നു.

ഇവൻ വലിയ നാണക്കാരനാണ്. നീതു കളിയാക്കി.

ഒന്ന് പോ ചേച്ചി…അവൻ അവളുടെ ചെവിയിൽ കിഴുക്കി

ഞാനും ശങ്കരനും കുട്ടിയുടെ വലിയ വായനക്കാർ ആണ് കേട്ടോ.മാധവൻ സന്തോഷത്തോടെ പറഞ്ഞു

സേതുലക്ഷ്മിപുഞ്ചിരിച്ചു

ഇപ്പോൾ വായിക്കാൻ ചെറിയ കാഴ്ച കുറവുണ്ട്. അതുകൊണ്ട് നീതു വായിച്ചുതരികയാണ് പതിവ് ശങ്കരൻ പറഞ്ഞു

ഇത്രയും യാത്ര ചെയ്തു വന്നതല്ലേ കുളത്തിൽ പോയി ഒന്നു മുങ്ങി കുളിച്ചു വരൂ..ക്ഷീണം ഒക്കെ അങ്ങ് മാറട്ടെ. മാധവൻ പറഞ്ഞു

മോളെ…ഷൈലെ അവർക്കുള്ള മുറി കാണിച്ചുകൊടുക്ക്. അദ്ദേഹം പറഞ്ഞു

എനിക്ക് മുകളിൽ, കിഴക്കുഭാഗത്തായുള്ള മുറി തരുമോ? സേതു ചോദിച്ചു

ആ മുറി അടച്ചിട്ടിരിക്കുകയാണ് ഉപയോഗിക്കാറില്ലാത്ത മുറിയാണ് പൊടിയൊക്കെ കാണും. ഷൈല പറഞ്ഞു

അതു കുഴപ്പമില്ല.

ജോലിക്കാരോട് പെട്ടെന്ന് തുടച്ചു വൃത്തിയാക്കി ഇടാൻ പറ മോളെ. മാധവൻ പറഞ്ഞു അതല്ലച്ഛാ സേതുവിന് പണ്ടുമുതൽ പൊടി അലർജിയാണ്.അതാ ഞാൻ പറഞ്ഞത്

ഇപ്പോൾ അങ്ങനത്തെ കുഴപ്പമൊന്നുമില്ല ഷൈലേ. സേതു പറഞ്ഞു..

എന്നാൽ വരൂ… കുളിച്ചു വന്ന് ഭക്ഷണം കഴിക്കുമ്പോഴേക്കും ജോലിക്കാർ മുറി വൃത്തിയാക്കും.

സേതുലക്ഷ്മിയും അമ്മുവും ഷൈലയും കൂടെ അപ്പുറത്തേക്ക് നടന്നു

കുളത്തിൽ പോയി ഒന്ന് മുങ്ങി കുളിച്ചപ്പോഴേക്കും യാത്ര ക്ഷീണം കുറഞ്ഞത് പോലെ തോന്നി. അല്ലെങ്കിലും എന്തൊരു കുളിർമയാണ് ഇവിടെ. ഷൈല ഓരോ കയ്യിലും ഓരോ ഗ്ലാസ് ജ്യൂസുമായി വന്നു

നമ്മുടെ തൊടിയിൽ നിന്നും കിട്ടിയ മാമ്പഴം കൊണ്ട് ഉണ്ടാക്കിയതാണ്.

ആന്റീ.. എനിക്ക് കഴിക്കാനായി കട്ടിക്ക് എന്തെങ്കിലും മതി കേട്ടോ. അമ്മു ചിരിയോടെ പറഞ്ഞു.

നിങ്ങളു വരുമല്ലോ എന്ന് കരുതി ഞാൻ നല്ല ചിക്കൻ ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട്  വരൂ…കഴിക്കാം

ആന്റി ഇവിടെ നല്ല കാച്ചിലോ ചേമ്പോ അങ്ങനെ വല്ലതും കിട്ടുമോ?

അയ്യോ അതൊന്നും ഉണ്ടാവുന്ന സമയമല്ല മോളെ ഇത്

എനിക്ക് അതൊക്കെ കഴിക്കാനാണ് ഇഷ്ടം.

അമ്മുക്കുട്ടി ഒരു കാര്യം ചെയ്യ്.ഇവിടെ എന്റെ കൂടെ നിന്നോ കാച്ചിലോ ചേമ്പോ ചക്കയോ എന്താന്ന് വെച്ചാൽ കൊതി തീരെ തിന്നാലോ.

ഒന്ന് പോ ആന്റി…

വന്ന് കഴിക്ക്. എനിക്ക് ഒത്തിരി കാര്യങ്ങൾ സേതുവിനോട് സംസാരിക്കാൻ ഉണ്ട്. ഷൈല പറഞ്ഞു

കഴിച്ചു കഴിഞ്ഞവർ എഴുന്നേറ്റു.

ആന്റി  കുറച്ച് നേരം വിശ്രമിക്ക്.  ഞാൻ മുറി കാണിച്ചു തരാം നീതു പറഞ്ഞു

സേതുലക്ഷ്മിയും അമ്മുവും നീതുവിന്റെ കൂടെ നടന്നു.

പടികൾ കയറി മുകളിലേക്ക് എത്തുന്നത് വിശാലമായ ഹാളിലേക്കാണ്. ഹാളിൽ നിന്നും നേർത്ത ഇടനാഴി കടന്നു  വേണം മുറിയിലേക്ക് പോകാൻ.

ഇടനാഴിയിൽ വെളിച്ചത്തിന്റെ നേർത്ത കഷണങ്ങൾ വീണു ചിതറി കിടക്കുമ്പോൾ പോലെയാണ് സേതുവിന് തോന്നിയത്

ഇടയ്ക്കിടെ വീശുന്ന കാറ്റിൽ ആമ്പൽ പൂവിന്റെ നേർത്ത സൗരഭ്യം തുളുമ്പി നിൽക്കുന്നു.

അവർ മുറിക്കുള്ളിലേക്ക് കടന്നു

വൃത്തിയുള്ള വലിയൊരു മുറിയായിരുന്നു അത്.

കൊത്തുപണികൾ ധാരാളമുള്ള മച്ച് സേതുവിനെ ആകർഷിച്ചു.

എങ്ങനെയുണ്ടാന്റി മുറി?

എന്തു ഭംഗിയാ മച്ച് കാണാൻ, പഴയകാലത്തെ ഈ ആഡംബര കട്ടിലും എല്ലാ നല്ല ഭംഗിയാ.

സേതുലക്ഷ്മി ജനാലകൾ തുറന്നു. തുറക്കാൻ കാത്തു നിന്നിട്ടെന്നവണ്ണം കാറ്റ് ധൃതിയിൽ ജനലഴികൾ കടന്നുവന്നു

ജനാലകൾ തുറക്കുന്നത് പാടത്തേക്കാണ് പാടത്തിനപ്പുറം ആരവങ്ങളോടെ ചിന്നി ചിതറി പായുന്ന പുഴ

ഈ വീടിന് ഏകദേശം 100 വർഷം മുകളിൽ പഴക്കമുണ്ടാന്റി.

എന്റെ കുട്ടിക്കാലത്താണ് പഴയ ജനാലകൾ മാറ്റി പുതിയത് പിടിപ്പിച്ചതും അകത്തളം മുഴുവൻ ഗ്രാനൈറ്റ് പാകിയതും.എങ്കിലും ഒരുപാട് മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല.പ്രൗഡിക്കും ഭംഗിക്കും ഒരു കോട്ടവും തട്ടരുതെന്ന് മുത്തശ്ശന്മാർക്ക് നിർബന്ധമാണ്. മുത്തശന്മാർക്ക് മാത്രമല്ല,ഞങ്ങൾക്കും അങ്ങനെ തന്നെയാണ് കേട്ടോ.

അങ്ങനെയാണ് വേണ്ടത്.പഴമയെ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാനുള്ള ഈ മനസ്സ് വളരെ നല്ലതാണ് മോളെ. കോടികൾ മുടക്കി ആഡംബരമായ കൊട്ടാരം പണിയാൻ ഏതു പണക്കാരനും കഴിയും.പക്ഷേ എ.സി ഇല്ലാതെ ഒരു നാഴിക പോലും അതിൽ മനസ്സമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റില്ല.

ശരിയാ ആന്റി.

ആന്റി കുറച്ചു നേരം കിടക്ക് ഞാൻ ഇവളോട് കുറച്ച് സംസാരിക്കട്ടെ

വാടി… നീതു അമ്മുവിന്റെ കയ്യിൽ പിടിച്ചു

സേതുലക്ഷ്മി കട്ടിലിൽ ഇരുന്നു. അവൾ പതിയെ കട്ടിലിൽ വിരലോടിച്ചു

ഇവിടെയി രുന്ന് സ്വപ്നം കണ്ട ഒരാളുണ്ട്. ഇവിടെ ഒറ്റയ്ക്കിരുന്ന് ഹൃദയം പൊട്ടിക്കരഞ്ഞ ഒരാളുണ്ട്. എല്ലാം ഉപേക്ഷിച്ചിവിടെ നിന്നിറങ്ങും മുൻപ് ഈ മുറിയിൽ ആകെകണ്ണോടിച്ചു നോക്കിയിരുന്നിരിക്കാം.

അവൾ പതിയെ കട്ടിലിന്റെ ക്രാസിയിൽ ചുംബിച്ചു

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി കണ്ണുനീർ ഇറ്റിറ്റു വീണു.

എല്ലാ സ്വപ്നങ്ങളും തകർന്നു വീണപ്പോൾ ഇവിടെ ഇരുന്നിതുപോലെ കരഞ്ഞിട്ടുണ്ടായിരുന്നില്ലേ???

വയ്യ…ഓർമ്മകൾ വല്ലാതെ നോവിക്കുന്നു എന്നറിഞ്ഞപ്പോൾ അവൾ പതിയെ കട്ടിലിലേക്ക് കിടന്നു, പതിയെ മിഴികൾ ചേർത്തടച്ചു.

വേണ്ട ഒന്നും ആലോചിക്കേണ്ട. ഓർമ്മകൾ തന്നെ വേദനിപ്പിക്കുക മാത്രമേ ചെയ്യൂ….

അവൾക്ക് വല്ലാതെ തണുക്കുന്നത് പോലെ തോന്നി.

ഈ കുളിരും തണുപ്പും പ്രകൃതി നൽകിയ വരദാനങ്ങളാണ്
ഈ ശാന്തത മറ്റൊരു വീട്ടിലും തനിക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല

സേതുലക്ഷ്മി ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ്, മുഖം കഴുകിയിട്ട് താഴേക്ക് ഇറങ്ങിച്ചെന്നു

ആഹാ…നീ ഉണർന്നോ ? കുറച്ചു മുൻപ് ഞാൻ വിളിക്കാൻ വന്നപ്പോൾ നീ നല്ല ഉറക്കം. അതുകൊണ്ട് ശല്യപ്പെടുത്തേണ്ട എന്ന് കരുതി.ഷൈല പറഞ്ഞു.
സമയം എത്രയായെന്നാ… ചായ കുടിക്കണ്ടേ സേതൂ നിനക്ക്?

ഷൈല ചായയും പലഹാരങ്ങളും ടേബിളിൽ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു.

ടേബിളിന് ചുറ്റും മറ്റുള്ളവർ സ്ഥാനം പിടിച്ചിട്ടുണ്ട്.അവർ താൻ വരാൻ വേണ്ടിയാണ് കാത്തിരിക്കുന്നതെന്ന് സേതുലക്ഷ്മിക്ക് മനസ്സിലായി.

അവൾ കസേരയിലിരുന്നു.

ഷൈല ചൂട് ചായയും പലഹാരങ്ങളും സേതുലക്ഷ്മിയുടെ മുൻപിലേക്ക് നീക്കിവെച്ചു

എടുത്തു കഴിക്ക് സേതു…

പെട്ടെന്നാണ് ഭിത്തിയിൽ പതിപ്പിച്ച  ഫോട്ടോകൾ സേതുലക്ഷ്മിയുടെ ശ്രദ്ധയിൽപ്പെട്ടത്. എല്ലാംതന്നെ പഴയ ഫോട്ടോകളാണ്.

നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയ സന്തോഷത്തോടെ സേതുലക്ഷ്മി ഫോട്ടോയുടെ  അടുത്തെത്തി.

പത്തു പന്ത്രണ്ട് ആളുകളുള്ള ബ്ലാക്ക് ആൻഡ് വൈറ്റ്,ഗ്രൂപ്പ് ഫോട്ടോയിലേക്ക് അവൾ നോക്കി.

കാണെക്കാണെ അവളുടെ മിഴികൾ നിറയുകയും,ചുണ്ടുകൾ വിതുമ്പലിൽ വിറയ്ക്കുകയും ചെയ്തു.

മറ്റാരും കാണാതിരിക്കാൻ അവൾ മുഖം അമർത്തി തുടച്ചു.

അവർ ചായകുടിച്ച് എഴുന്നേറ്റപ്പോഴാണ് ചേച്ചി….എന്ന് വിളിയൊച്ച പിന്നാമ്പുറ ത്ത് നിന്നും മുഴങ്ങിയത്.

അമ്മേ.. ശ്രീക്കുട്ടി ആണെന്ന് തോന്നുന്നു.നീതു പറഞ്ഞു.

അതെ ശ്രീക്കുട്ടിയാണ്. കുറച്ചുദിവസമായി അവൾ ഇങ്ങോട്ട് വന്നിട്ട്.ഞാൻ പോയി നോക്കിയിട്ട് വരാം ഷൈല എഴുന്നേറ്റു.

ശ്രീക്കുട്ടി… നിന്നെ കണ്ടിട്ട് കുറേ ദിവസമായല്ലോ?

ഷൈല ചേച്ചി..ഇതാ വെള്ളരിക്ക. നമ്മുടെ പറമ്പിൽ ഉണ്ടായതാണ് അവൾ കയ്യിലിരുന്ന വെള്ളരിക്ക ഷൈലയുടെ കയ്യിൽ കൊടുത്തു.

ഇവിടെ നീതുവിന് ഭയങ്കര ഇഷ്ടമുള്ള സാധനമാണ്.

എനിക്കറിയാം അതുകൊണ്ടല്ലേ ഞാൻ കൊണ്ടുവന്നത്.

ആരാ ഷൈലേയത്? സേതുലക്ഷ്മി പിന്നാമ്പുറത്തേക്ക് കടന്നു വന്നു.

ഇത് ശേഖരന്റെ മോള്.നമ്മുടെ പറമ്പിന്റെ കിഴക്കേ അറ്റത്തുകൂടി ഒരു വഴിയില്ലേ,അതിലെ കുറച്ചങ്ങു കയറി പോണം.ഇവരുടെ വീട്ടിലെത്താൻ.

സേതുലക്ഷ്മി പെൺകുട്ടിയെ നോക്കി. ഇരുപതോ ഇരുപത്തിയൊന്നോ വയസ്സ് പ്രായം തോന്നും.വെളുത്ത നിറം, മെലിഞ്ഞ ശരീരം, സമൃദ്ധമായ മുടി. മുട്ടൊപ്പം ഇറക്കമുള്ള പാവാടയും ബ്ലൗസും ആണ് വേഷം കഴുത്തിൽ മുത്തുമാല ധരിച്ചിരിക്കുന്നു. കുട്ടിത്തം വിട്ടുമാറാത്ത നിഷ്കളങ്കമായ മുഖമാണ് അവൾക്ക്.

സേതുലക്ഷ്മിയെ കണ്ടതും പെൺകുട്ടിയുടെ മുഖത്ത് അതിശയം നിറഞ്ഞു.
വിശ്വാസം വരാഞ്ഞിട്ട് അവൾ സൂക്ഷ്മതയോടെ സേതുലക്ഷ്മിയുടെ മുഖത്ത് മിഴികളൂന്നി.

എന്താ കുട്ടി ഇങ്ങനെ നോക്കുന്നത്?

സേതുലക്ഷ്മി അവളുടെ അടുത്തേക്ക് ചെന്നു.

അയ്യോ ഇത്  എഴുത്തിക്കാരി സേതുക്ഷ്മി അല്ലേ?

അതെ ഞാൻ തന്നെയാണ്…

എന്റെ ഈശ്വരാ…ഇത് സത്യമാണോ?

കുട്ടി പഠിക്കുവാണോ സേതു ചിരിയോടെ ചോദിച്ചു.

ഞാൻ ഡിഗ്രി കഴിഞ്ഞു.പിജിക്ക് ചേർന്നു ക്ലാസ് തുടങ്ങിയിട്ടില്ല.

ശ്രീക്കുട്ടി…നാരായണൻ ചേട്ടന് ഇപ്പോൾ എങ്ങനെയുണ്ട് ?ഷൈല ചോദിച്ചു

കിടപ്പാണ് എപ്പോഴും ക്ഷീണമാ..

സേതു..നമ്മുടെ മാധവൻ അച്ഛന്റെ കൂട്ടുകാരനാണ് നാരായണൻ ചേട്ടൻ. നാരായണൻ  ചേട്ടന്റെ മകൻ ശേഖരന്റെ മോളാണ് നമ്മുടെ ശ്രീക്കുട്ടി, അവളെ പിടിച്ചുകൊണ്ടു  ഷൈല പറഞ്ഞു

മോളുടെ വീട്ടിൽ വേറെ ആരൊക്കെയുണ്ട്? സേതു ലക്ഷ്മി ചോദിച്ചു.

വീട്ടിൽ അച്ഛനും,അമ്മയും,മുത്തശ്ശനും പിന്നെ എന്റെ അനിയനും.

മോൾ അകത്തേക്ക് കയറി വരുന്നില്ലേ ഷൈല ചോദിച്ചു.

ഇല്ല ഞാൻ പോകുവാ.. മാഡം തിരിച്ചു പോകുന്നതിനു മുമ്പ് എന്റെ വീട്ടിലേക്ക് ഒന്നു വരുമോ? എന്റെ മുത്തച്ഛൻ വലിയ ആരാധകനാണ്.കഥകളൊക്കെ തിരഞ്ഞുപിടിച്ചു വായിക്കും.ഇപ്പോൾ തീരെ വയ്യ അല്ലെങ്കിൽ ഇപ്പോൾ
പ്രിയഎഴുത്തുകാരിയെ കാണാൻ ഇറങ്ങി വന്നേനെ

അതിനെന്താ മോളെ,ഞാൻ അടുത്ത ദിവസം വരാം.

എന്നാൽ ശരി ഞാൻ പോട്ടെ,അവൾ വഴിയിലേക്ക് നടന്നു. ഇടയ്ക്കിടെ അവൾ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

നല്ല സുന്ദരിക്കുട്ടി എന്തു മുടിയാണ് സേതുലക്ഷ്മി പറഞ്ഞു .

അതൊരു പാവം കുട്ടിയാണ്. നീ എന്തായാലും അവിടെ വരെ ഒന്ന് പോകണം സേതു. നാരായണൻ ചേട്ടൻ പഴയ സ്കൂൾ മാഷ് ആയിരുന്നു.നല്ല അറിവുള്ള മനുഷ്യനാണ്.

അവർ ഹാളിലേക്ക് നടന്നു.

സേതുലക്ഷ്മി ഭിത്തിയിൽ തറച്ചു വച്ചിരിക്കുന്ന പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിലേക്ക് വീണ്ടും നോക്കി.

നോക്ക്…. ഇന്ന് സ്ഥിരം പറയാറുള്ള ആ ആളുടെ കൊച്ചുമകൾ ഇവിടെ വന്നിരുന്നു.

സേതുലക്ഷ്മിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു വെറുതെയിരുന്ന് ഒന്ന് പൊട്ടിക്കരയാൻ അവളുടെ ഹൃദയം വെമ്പൽ കൊണ്ടു

നാളെ തീർച്ചയായും നാരായണൻ ചേട്ടനെ കാണാൻ പോകണം.

സേതുലക്ഷ്മി അന്ന് ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് എങ്ങനെയോ നേരം വെളുപ്പിച്ചു.

പുറത്ത് പക്ഷികൾ ഉച്ചത്തിൽ ചിലച്ചു തുടങ്ങി.പുലർകാല സൂര്യന്റെ പൊൻകണം താഴേക്ക് വീണ് ചിതറിത്തുടങ്ങി.

ലക്ഷ്മി ബ്രഷ് ചെയ്ത്,ഹീറ്റർഓണാക്കി ചെറുചൂടുവെള്ളത്തിൽ കുളിച്ചിട്ട് അടുക്കളയിലേക്ക് നടന്നു.

ഷൈലക്കും വീട്ടിൽ സഹായത്തിന് നൽകുന്ന സുമതി ചേച്ചിക്കും ഒപ്പം അവരെ പണികളിൽ സഹായിക്കുമ്പോഴും അവളുടെ മനസ്സ് നാരായണൻ ചേട്ടനെ കാണാൻ തിടുക്കപ്പെടുകയായിരുന്നു.

എട്ടരയോടുകൂടി എല്ലാവരും ബ്രേക്ഫാസ്റ്റ് കഴിക്കാൻ എത്തി.

കഴിച്ചെന്നു വരുത്തി സേതുലക്ഷ്മി എഴുന്നേറ്റു.

ഷൈലയുടെ ഭർത്താവ് പ്രകാശൻ ഓഫീസിലേക്കുള്ള യാത്രക്കായി തയ്യാറെടുക്കുന്നു.

മാധവനും ശങ്കരനും രണ്ട് കസേരകൾ മുറ്റത്തിട്ട് അവിടെ ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നു

ഷൈല അടുക്കളയിൽ സുമതിയുമായി എന്തോ പറഞ്ഞു ചിരിക്കുകയാണ്.

സേതുലക്ഷ്മിഅവർക്കരികിലേക്ക് ചെന്നു.

ഷൈലെ,ഞാൻ ആ ശ്രീക്കുട്ടിയുടെ വീട് വരെ ഒന്ന് പോയിട്ട് വരാം.

സേതു ഒറ്റയ്ക്ക് പോകണ്ട ഞാനും വരാം ഷൈല പറഞ്ഞു.

വേണ്ടാന്ന്…ഞാൻ പോയിട്ട് പെട്ടെന്ന് വരാം. നിനക്ക് എപ്പോഴും പണിയല്ലേ നീ ഇത്തിരി നേരo  എവിടെയെങ്കിലും  സ്വസ്ഥമായി ഒന്നിരിക്ക്.

എന്നാൽ ശരി നീ പോയിട്ട് വാ..

സേതുലക്ഷ്മി അടുക്കള വാതിൽ കടന്ന് പിന്നാമ്പുറത്തെത്തി

തൊടിയിലൂടെ അല്പ ദൂരം മുന്നോട്ട് നടന്നു കഴിഞ്ഞാൽ പിന്നെ കയറ്റമാണ്.

കയറ്റം കയറി മുകളിൽ എത്തിയപ്പോഴും സേതുലക്ഷ്മിയെ വല്ലാതെ കിതച്ചു.

മുന്നിൽ ചെറിയൊരു ഇടവഴിയാണ് ഇടവഴി അവസാനിക്കുന്നത് ചെറിയൊരു വീട്ടുമുറ്റത്താണ്. മണ്ണിഷ്ടികകൾ കൊണ്ട് ചുമരുകൾ തീർത്ത,ഓലകൊണ്ട് മേഞ്ഞ ചെറിയൊരു വീട്.

മുറ്റത്തിന് ചുറ്റും ധാരാളം പൂച്ചെടികൾ വച്ചു പിടിപ്പിച്ചിരിക്കുന്നു. ഇല കാണാനാവാത്ത വിധത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന വലിയ ചെത്തി.

അങ്ങോട്ട് കാലെടുത്തു വച്ചതും സ്വാഗതം ചെയ്തതു മുല്ലപ്പൂക്കളാണ്. വലിയൊരു പേരമരത്തിൽ പടർന്നു കയറി ആ പ്രദേശമാകമാനം സുഗന്ധപൂരിതമാക്കിയിരിക്കുന്നു.

തലേന്നത്തെ വാടിയ പൂക്കൾ നിലത്ത് ചിതറി കിടപ്പുണ്ട്

സ്വർഗ്ഗത്തിലാണോ താൻ നിൽക്കുന്നത് എന്ന് ഒരുവേള സേതുലക്ഷ്മിക്ക് തോന്നിപ്പോയി

മുറ്റത്തേക്ക് ചാഞ്ഞു നിൽക്കുന്ന ചെമ്പരത്തി നിറയെ എണ്ണിയാൽഒടുങ്ങാത്തത്ര  ചുവന്ന പൂക്കൾ,അവ കാറ്റിൽ തലയാട്ടി ചിരിക്കുകയാണ്

ഒരു കുട്ട  നിറയെ പൂക്കളുമായി ഓടിപ്പോകുന്ന ഒരു കൊച്ചു പെൺകുട്ടിയാകാൻ അവൾ ആഗ്രഹിച്ചു

മുറ്റത്തിന്റെ ഇടതുവശത്ത് ആട്ടിൻകൂടാണ്

ഒരു മുട്ടനാട് തന്നെ രൂക്ഷമായി  നോക്കുന്നു

ഇവിടെ ആരുമില്ലേ ,അവൾ ഉറക്കെ വിളിച്ചു ചോദിച്ചു

ഉണ്ടേ…. ശ്രീക്കുട്ടി അകത്തുനിന്നും ഇറങ്ങിവന്നു.

അയ്യോ ആരിത്  അകത്ത് കയറി വായോ.

ഇരിക്ക്…വീടിന്റെ കൊച്ചു തിണ്ണയിലെ ബെഞ്ചിലേക്ക് അവൾ ക്ഷണിച്ചു.

തിണ്ണയിൽ മരത്തിന്റെ വലിയൊരു തൂണ് ഉണ്ട്. അതിൽ ഒരു കണ്ണാടി തറച്ചു വച്ചിരിക്കുന്നു.

സേതു ലക്ഷ്മി ബെഞ്ചിൽ ഇരുന്നു

അമ്മേ ഇന്ന് വന്നേ…ശ്രീക്കുട്ടി ഉറക്കെ വിളിച്ചു .എന്താടി…നൈറ്റി ധരിച്ച പൊക്കം കുറഞ്ഞ ഒരു നാൽപതുകാരി ഇറങ്ങിവന്നു.

ഇതാണ് ഞാൻ പറഞ്ഞ  ആൾ, മാധവൻ മുത്തശ്ശന്റെ വീട്ടിൽ വന്ന കാര്യം ഞാൻ പറഞ്ഞില്ലായിരുന്നോ?

പറഞ്ഞിരുന്നു. ഞാൻ ആദ്യമായിട്ടാണ് കേട്ടോ നേരിൽ കാണുന്നത്. ടിവിയിൽ രണ്ടുമൂന്നു ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ട്.

ഇരിക്ക് കേട്ടോ,ഞാൻ ചായ എടുക്കാം ആ സ്ത്രീ പറഞ്ഞു

എനിക്കിപ്പോൾ ചായയൊന്നും വേണ്ട. ഞാൻ ചായ കുടിച്ചതാണ്

അത് പറഞ്ഞാൽ പറ്റില്ല.മാഡം ആദ്യമായിട്ട് ഞങ്ങളുടെ വീട്ടിൽ വരുന്നതല്ലേ

ശ്രീക്കുട്ടി നീ അച്ഛനെ വിളിക്ക്. ഞാൻ വേഗം ചായ എടുത്തു വരാം

അപ്പോഴാണ് തോർത്ത് തലയിൽ കെട്ടി കൈലി മുണ്ട് ഉടുത്ത് ഒരു നാൽപ്പത്തിയഞ്ചുകാരൻ അങ്ങോട്ട് വന്നത്

അച്ചാച്ച ഇതാരാണെന്ന് അറിയാമോ? ശ്രീക്കുട്ടി ചോദിച്ചു

ഇല്ല.ആരാ മോളെ?

എന്റെ അച്ഛാച്ചാ  ഇതാ പ്രശസ്ത സാഹിത്യകാരി സേതുലക്ഷ്മി.

ഓഹോ… പെട്ടെന്ന് അയാൾ തലയിൽ കെട്ടിയ തോർത്ത് അഴിച്ചുമാറ്റി.മടക്കി കുത്തിയ മുണ്ട് നിവർത്തിയിട്ടു.

അപ്പോഴേക്കും ശ്രീക്കുട്ടിയുടെ അമ്മ ചൂടുള്ള ചായ കൊണ്ടുവന്നു. ഒരു ചെറിയ പാത്രം നിറയെ അവലോസുപൊടിയും.

കഴിക്ക് കേട്ടോ, ഞങ്ങളുടെ വീട്ടിൽ വന്നത് തന്നെ മഹാഭാഗ്യമാണ്.

ദേവകീന്നാ പേര് അല്ലേ ?സേതുലക്ഷ്മി ചോദിച്ചു. അതെ.എങ്ങനെ അറിഞ്ഞു.

ശ്രീക്കുട്ടി പറഞ്ഞു.

ഇവിടെ ഏട്ടന്റെ അച്ഛൻ ഒരുപാട് വായിക്കുന്ന കൂട്ടത്തിലാണ് സ്കൂൾമാഷ് ആയിരുന്നു.ദേവകി പറഞ്ഞു.

ഞാനീ കഥകൾ ഒന്നും വായിക്കാറില്ല പഠിക്കാൻ വിട്ടപ്പോൾ മാങ്ങയും പറിച്ച് നടന്നു അതാണ് എനിക്ക് അറിയാതെ പോയത് കേട്ടോ..എഴുത്തും വായനയും ഒക്കെ എനിക്ക് ഭയങ്കര പാടാണ്. ശേഖരൻ ഒരുപാട് സംസാരിച്ചു.

സേതുലക്ഷ്മി ചെറു ചിരിയോടെ അയാളുടെ സംസാരം കേട്ടിരുന്നു.

കലർപ്പില്ലാത്ത സ്നേഹമുള്ള തനി നാട്ടിൻപുറത്തുകാരൻ.

ഒറ്റയ്ക്കാണോ വന്നത് ?

അല്ല.എന്റെ മോളുണ്ട് അവൾ നീതുവിന്റെ കൂടെ താഴെ വീട്ടിലുണ്ട്.

കഴിഞ്ഞദിവസം  ശ്രീക്കുട്ടി വന്നപ്പോൾ പറഞ്ഞിരുന്നു  ഇവിടുത്തെ അച്ഛൻ എന്റെ എല്ലാ കഥകളും വായിക്കുന്ന ആളാണ്,സുഖമില്ലാതെ കിടക്കുകയാണെന്ന്. അദ്ദേഹത്തെ ഒന്ന് കാണാനാണ് ഞാൻ വന്നത്.സേതുലക്ഷ്മി പറഞ്ഞു.

അതിനെന്താ..കയറിവരൂ..ശേഖരൻ അവരെ അകത്തേക്ക് ക്ഷണിച്ചു.

രണ്ടു മുറിയും അടുക്കളയും മാത്രമേ  അകത്തുള്ളൂ, സൗകര്യങ്ങളും വളരെ കുറവാണ്.അടുക്കളയോട് ചേർന്നുള്ള ചെറിയ മുറിയിൽ,കയറുകൊണ്ട് കെട്ടിയ പഴയ കട്ടിലിൽ എൺപതു വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരാൾ കിടക്കുന്നു.

മുത്തശ്ശ.. ഇതാരാണെന്ന് നോക്കിക്കേ.. ശ്രീക്കുട്ടി വിളിച്ചു.

അദ്ദേഹം കണ്ണുതുറന്നു. ശേഖരൻ അച്ഛനെ എഴുന്നേൽപ്പിച്ചു കട്ടിലിൽ തന്നെ ചാരി ഇരുത്തി.

അച്ഛന് അറിയാമോ ഇത് ആരാണെന്ന്?

ഇല്ല ആരാ മോനേ ?

അച്ഛാ ഇതാണ് സാഹിത്യകാരി സേതുലക്ഷ്മി.

വൃദ്ധന്റെ കണ്ണുകളിൽ വിസ്മയം വിടർന്നു.കുട്ടിയാണോ അത്?  അയാൾ സേതുലക്ഷ്മിയുടെ വിരലുകൾ കൂട്ടിപ്പിടിച്ചു.

അതെ ഞാനാണ്. അവൾ സ്നേഹത്തോടെ പറഞ്ഞു.

ഇങ്ങോട്ട് ഇരിക്കുന്നേ….മുറിയിൽ കിടന്ന കസേരശ്രീക്കുട്ടി നീക്കിയിട്ടു.

സേതുലക്ഷ്മി കസേരയിൽ ഇരുന്നു

ഞാൻ പഴയ സ്കൂൾ മാഷ് ആയിരുന്നു ധാരാളം പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്.പഴയ പല കഥകളും ഞാൻ നിധി പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട്.എനിക്ക് കുട്ടിയുടെ എഴുത്തുകൾ വലിയ ഇഷ്ടമാണ്.വൃദ്ധൻ വായ തോരാതെ സംസാരിച്ചു.

മാത്രമല്ല.കുട്ടിയെ എവിടെയോ കണ്ട മാതിരി തോന്നുന്നു. പ്രിയപ്പെട്ട ആരോ അരികിൽ ഇരിക്കുമ്പോലെ തോന്നുന്നു. കുട്ടിയുടെ വീട് എവിടെയാ ? വൃദ്ധൻ ചോദിച്ചു.

കുറച്ചു ദൂരെയാണ് അവൾ മറുപടി പറഞ്ഞു

മുത്തശ്ശൻ ഇപ്പോഴും വലിയ വായന ഭ്രാന്തനാണ്.ഞാൻ കോളേജ് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ കൊണ്ട് കൊടുക്കുമായിരുന്നു.

അതൊക്കെയല്ലേ എന്റെ ഒരു ആശ്വാസം കിടപ്പിലായി പോയില്ലേ, ഇനി എന്റെ ഈ മക്കളെ കഷ്ടപ്പെടുത്താതെ എനിക്കങ്ങു പോകണം എന്നേയുള്ളൂ

എന്താ അച്ഛാ ഇങ്ങനെയൊക്കെ പറയുന്നത് ഞങ്ങൾക്ക് പിന്നെ ആരാ ഉള്ളത് ? ശേഖരൻ ഇടർച്ചയോടെ ചോദിച്ചു

കേട്ടോ,മോളെ ഈ ചെറുക്കൻ ഇത്രയും വലുതായിട്ടും ഇടയ്ക്കിടെ എന്നെ കെട്ടിപ്പിടിച്ച് കുറെ നേരം കിടക്കും.കൊച്ചു കുഞ്ഞ്  ആണെന്നാ വിചാരം. അച്ഛൻ കളിയാക്കി ചിരിച്ചു

അച്ഛനെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ഞാൻ ഇപ്പോഴും ആ കൊച്ചു കുട്ടിയാകും . നമ്മൾ കുട്ടികളായിരിക്കുമ്പോൾ നമ്മുടെ എല്ലാ വിഷമങ്ങളും പരാതികളും അച്ഛനോടല്ലേ പറയുക കാരണമെന്താ? എല്ലാത്തിനും ഉള്ള പരിഹാരം അച്ഛൻ ഉണ്ടാക്കും എന്നുള്ള നമ്മുടെ ഒരു വിശ്വാസം അതല്ലേ കാരണം. ആ ഒരു വിശ്വാസം എനിക്ക് ഇപ്പോഴും ഉണ്ട് എന്റെ അച്ഛന്റെ മകനായി ജനിക്കാൻ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം.ചിരിയോടെ മകന്റെ ചുമലിൽ തട്ടി അയാൾ സേതുലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി.

മോളുടെ മിക്ക കഥകളിലും കുടുംബബന്ധങ്ങളുടെ തീവ്രത നിറഞ്ഞു നിൽക്കുകയാണല്ലോ?

ഒരുപാട് അംഗങ്ങളുള്ള വീട്ടിലാണ് ഞാൻ ജനിച്ചത് അതുകൊണ്ട് ബന്ധങ്ങളുടെ വില നന്നായി അറിയാം ഇന്നത്തെ കാലത്ത് ഇല്ലാത്തതും അതാണല്ലോ.സേതു ലക്ഷ്മി പറഞ്ഞു

ശരിയാണ്.എനിക്ക് പക്ഷേ ആരും ഉണ്ടായിരുന്നില്ല.എന്റെ ജനനത്തോടെ അമ്മ മരിച്ചു. എനിക്ക് അഞ്ച് വയസ്സായപ്പോൾ അച്ഛനും പോയി പിന്നെ എനിക്ക് സ്വന്തം എന്ന് പറയാൻ അച്ഛന്റെ അനിയൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇളയച്ഛനാണ് എന്നെ വളർത്തിയത്.കൂലിപ്പണിയാണ് ഇളയച്ഛന്

മഴക്കാലമായാൽ പണിയൊന്നുമില്ല അന്നൊക്കെ മഴക്കാലമായാൽ പിന്നെ പട്ടിണിയാണ്

അന്നൊക്കെ  എന്റെ വിശപ്പ് മാറ്റിയത് ഇന്നും ഞാൻ ജീവനായി കരുതുന്ന ഒരാളാണ്.

അയാൾ ഏതോ ഓർമ്മയിൽ ലയിച്ചങ്ങനെ ഇരുന്നു.

കുറച്ചുദിവസം കഴിഞ്ഞാൽ ഞാൻ ഡൽഹിക്ക് മടങ്ങും. അതാണ് ഇന്ന് വന്നത്  സേതുലക്ഷ്മി കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

അവൾ വൃദ്ധന്റെ കൈകളിൽ അമർത്തി പിടിച്ചു

ഞാൻ പോട്ടെ ? അവൾ ചോദിച്ചു

ശരി.മോളെ കണ്ടതിൽ വളരെ സന്തോഷം.ഈ കിഴവനെ കാണാൻ മോള് വന്നല്ലോ.വൃദ്ധൻ  പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു

ആ നിഷ്കളങ്കമായ ചിരിക്ക് മുൻപിൽ തനിക്ക് അധികനേരം പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് സേതുലക്ഷ്മിക്ക് തോന്നി

ഉള്ളിൽ എവിടെയോ ഒരു സങ്കടക്കടൽ ഉരുത്തിരിയുന്നുണ്ട്

സേതുലക്ഷ്മി ഒരിക്കൽ കൂടി എല്ലാവരോടും യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി

മുറ്റത്ത് ശ്രീക്കുട്ടിയുടെ അനുജൻ വണ്ടി കളിക്കുന്നുണ്ടായിരുന്നു സേതുവിനെ കണ്ടതും അവൻ നാണത്തോടെ ശ്രീ കുട്ടിയുടെ പിന്നിലേക്ക് പതുങ്ങി.

വാത്സല്യത്തോടെ അവന്റെ തലയിൽ തഴുകിയിട്ട് മുറ്റത്തിന്റെ പടികൾ ഇറങ്ങി താഴേക്ക് നടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

അവൾ വീട്ടിലേക്ക് നടന്നു.

അപ്പോൾ ചാറ്റൽ മഴ പൊടിഞ്ഞു തുടങ്ങിയിരുന്നു

അവൾ വീട്ടിലേക്ക് ഓടി.

അപ്പോഴാണ് സേതുലക്ഷ്മിയുടെ ഫോൺ ശബ്ദിച്ചത്.

നന്ദേട്ടനാണ്.

അവൾ കോൾ എടുത്തു.

ഹലോ നന്ദേട്ടാ

സേതു നീ എന്നാ വരുന്നത് ? പോയ കാര്യം എന്തായി?

ഞാനിതുവരെ ആരോടും ഒന്നും പറഞ്ഞില്ല നന്ദേട്ടാ.ഇവിടെയുള്ളവർ ഞങ്ങളെ സ്നേഹം കൊണ്ടു പൊതിയുകയാണ്

പോയ കാര്യത്തിന് തീർപ്പ് കൽപ്പിച്ചിട്ട് എത്രയും വേഗം മടങ്ങാൻ നോക്ക്. ഇവിടെ നിങ്ങൾ ഇല്ലാതെ വല്ലാത്ത ഒരു വീർപ്പുമുട്ടലാടോ.

വരാം നന്ദേട്ടാ… സേതുവിന്റെ ശബ്ദം ആർദ്രമായി.

പെട്ടെന്നൊരു വാഹനം മുറ്റത്തേക്ക് കയറി വന്നത് കണ്ടത് സേതുലക്ഷ്മി നന്ദനോട് പറഞ്ഞു.ആരോ വരുന്നുണ്ടെന്ന്  തോന്നുന്നു ആരാണെന്ന് നോക്കട്ടെ.

ശരി.

അവൾ കോൾ കട്ട് ആക്കി.

വാഹനത്തിൽ നിന്ന് ഇറങ്ങിയത് സുമുഖനായ ഒരു ചെറുപ്പക്കാരനാണ്

നല്ല ഉയരം ഉള്ള ആളാണ്. അൽപം ഇരുണ്ട കളറാണ്,കുസൃതി നിറഞ്ഞ കണ്ണുകളും ചെറു പുഞ്ചിരിയും. അയാൾ സേതുലക്ഷ്മിയേ നോക്കി ചിരിച്ചു.

ആന്റി എന്നെ അറിയുമോ ?

എടാ….നീ എന്താ ഒരു അറിയിപ്പുമില്ലാതെ ? അവിടേക്ക് വന്ന ഷൈല അയാളുടെ തോളിൽ അടിച്ചു കൊണ്ട് ചോദിച്ചു.

നീ വല്ലാതെ മെലിഞ്ഞു പോയി കേട്ടോ.

അത് വെറുതെ തോന്നുന്നതാ.

സേതു…. ഇത് ആരാണെന്ന് നിനക്ക് മനസ്സിലായോ ?

ഇല്ല.

ഇത് പ്രകാശേട്ടന്റെ ചേട്ടൻ പ്രശാന്ത് ചേട്ടന്റെ ഒരേ ഒരു മകനാണ്.

ഉവ്വോ?

പ്രശാന്ത് ചേട്ടനും ഗൗരിയേടത്തിയും കാനഡയിലാണ്.ഇവൻ ജനിച്ചതും വളർന്നതും ഒക്കെ അവിടെയാണ്.

അവർ വരാറില്ലേ ഇങ്ങോട്ട് ?

അവർക്ക് അവിടുത്തെ ജീവിതമാണ് ഇഷ്ടം.ഇവന് പക്ഷേ എവിടെയാണ് ഇഷ്ടം.

പേരെന്താ ? സേതുലക്ഷ്മി അവനോട് ചോദിച്ചു

ഹർഷ്..അവൻ പറഞ്ഞു.

മുത്തശ്ശന്മാർ എവിടെ ഷൈലാന്റീ.. ആയാൾ ചോദിച്ചു.

നല്ല ഉറക്കമാണ് മോനെ. രാവിലെ ഭക്ഷണം കഴിഞ്ഞ്  രണ്ടാളും മുറ്റത്ത് കൂടെയൊക്കെ നടക്കും.പിന്നെ പത്രം ഒക്കെ വായിച്ചു കഴിഞ്ഞു, കുറച്ചുനേരം കിടന്നുറങ്ങും.

പതിവ് ശീലങ്ങൾ ഒന്നും മാറ്റിയിട്ടില്ല അല്ലേ?

ഇല്ല.

എന്നാൽ ഉറങ്ങട്ടെ,ഉറങ്ങി എഴുന്നേൽക്കുമ്പോൾ സർപ്രൈസ് ആയിട്ട് മുന്നിൽ കയറി നിൽക്കാം

നീ ആദ്യം അകത്തേക്ക് കയറി വാടാ.. ഷൈല അവന്റെ കയ്യിൽ പിടിച്ചു.

എന്റെ സേതു… ഇവിടെ കേരളത്തിലുള്ളവരൊക്കെ വിദേശത്ത് എവിടെയെങ്കിലും പോയി ജോലി നോക്കി,എന്തെങ്കിലുമൊക്കെ സമ്പാദിക്കും.ഇവൻ ഉണ്ടല്ലോ അവിടുത്തെ ജോലിയും കളഞ്ഞിട്ട് ഇവിടെ എന്തെങ്കിലും ജോലിനോക്കി കേരളത്തിൽ കഴിയാനാണ് ഇഷ്ടമെന്ന് പറഞ്ഞു നടക്കുകയാ.വട്ട് എന്നല്ലാതെ എന്ന് പറയാനാ…ഷൈല അവന്റെ തോളിൽ തട്ടി.

ഒന്ന് പോ ആന്റി…

സേതുലക്ഷ്മി അത് കേട്ട് ചിരിച്ചു.

ആന്റി ചിരിക്കുക മാത്രമേ ചെയ്യുള്ളൂ അല്ലേ? അതൊക്കെ എന്റെ ഷൈല ആന്റി,വായ അടച്ചുവെക്കുന്ന നേരമില്ല.

ഇവനെയും കൊണ്ട് കുഞ്ഞിലെ ചേട്ടനും ചേട്ടത്തിയും ഇവിടെ വന്നിട്ട് തിരിച്ചു പോകുമ്പോൾ, ഇവൻ വലിയ വായിൽ കരയും.എനിക്ക് ഷൈലാന്റി യുടെ കൂടെ നിന്നാൽ മതി എന്നും പറഞ്ഞ്. ഇവിടെ വന്നാൽ എന്നെ മതിയായിരുന്നു അവന്.എന്റെ പുറകേന്ന് മാറില്ല. എന്നുവെച്ചാൽ ഞാൻ കൊഞ്ചിച്ചു കൊണ്ട് നടന്നതല്ലേ ഇവനെ.അന്ന് നീതു ഒന്നും ജനിച്ചിട്ടില്ലല്ലോ ഇവൻ മാത്രമല്ലേ കുഞ്ഞായിട്ടുള്ളൂ…ഷൈല  സംസാരിച്ചുകൊണ്ടിരുന്നു

നീതുഎപ്പോഴും പരാതി പറയും. ഹർഷ് വന്നാൽ പിന്നെ അമ്മയ്ക്ക് ഞങ്ങളെ ഒന്നും വേണ്ടെന്ന്.

അത് പിന്നെ ഞാൻ വല്ലപ്പോഴും അല്ലേ വരുന്നത്.അപ്പോൾ എന്നെ നന്നായി നോക്കണ്ടേ… അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

വല്ലപ്പോഴുമോ  ഇവൻ ഇടയ്ക്കിടെ ഇങ്ങോട്ട് വലിഞ്ഞു കയറി വരാറുള്ളതാ എന്നിട്ട് പറയുന്നത് കേട്ടില്ലേ,വല്ലപ്പോഴും എന്ന് . അങ്ങോട്ട് വന്ന നീതു അയാളെ കളിയാക്കി.

  ഇതെപ്പോ എത്തി? നീതു അവന്റെ അടുത്തേക്ക് ചേർന്ന് നിന്നു.

ഇപ്പോ എത്തിയതേയുള്ളൂ…

എനിക്ക് എന്താ കൊണ്ടുവന്നത്?

നിനക്കൊന്നും ഇല്ല.

പോടാ… നീതു അവന്റെ മുഖത്ത് വിരൽ കൊണ്ട് കു * ത്തി.

നീതു നിന്നോട് പറഞ്ഞിട്ടുണ്ട് എടാ എന്ന്വി ളിക്കാതെ ഏട്ടാ എന്ന് വിളിക്കണമെന്ന്.ഒന്നുവല്ലേലും നിന്നെക്കാൾ മൂന്നാലു വയസ്സിന് മൂത്തതല്ല അവൻ. ഷൈല അവളെ വഴക്ക് പറഞ്ഞു.

നീയാ പുറത്തിരിക്കുന്ന പെട്ടിയൊക്കെ ഇങ്ങോട്ട് എടുത്തോണ്ട് വാ അതിനകത്തുണ്ട് നിനക്കുള്ളതൊക്കെ. അവൻ പറഞ്ഞു.

ആണോ…മിടുക്കൻ.

നീതു ചിരിയോടെ പറഞ്ഞു.

അപ്പോഴാണ് അമ്മു അങ്ങോട്ട് വന്നത്

ഇതിന്റെ മകളാണ്,സേതുലക്ഷ്മി അയാളോട് പറഞ്ഞു

ഹലോ  അയാൾ പറഞ്ഞു. ഹായ്..

ഞാൻ ഹർഷ്

ഉം… അവൾ ചിരിച്ചു.

ചിരിക്കുമ്പോൾ അവളുടെ കവിളിൽ വിരിയുന്ന നുണക്കുഴിയിലേക്ക് അയാൾ നോക്കി. ഒരു കുഞ്ഞു പൂമൊട്ട് വിരിയും പോലെ എന്തൊരു ചന്തമാണ് ചിരിക്കുമ്പോൾനുണക്കുഴി വിരിയുന്നത് കാണാൻ.

എടാ നീ ഇത്രയും ദൂരം വന്നതല്ലേ ഒന്ന് പോയി കുളിച്ച് ഫ്രഷാക്.ഷൈല പറഞ്ഞു

ശരി. അയാൾ മുകളിലെ മുറിയിലേക്ക് പോയി.

****************

മാധവന് ഹർഷ് വന്നതിൽ വലിയ സന്തോഷമായിരുന്നു.

ആദ്യത്തെ പേരക്കുട്ടിയാണ് അവൻ.

ശങ്കരൻ വിവാഹിതനായിരുന്നില്ല അതുകൊണ്ട് തന്നെ ചേട്ടൻ മാധവന്റെ മക്കളെ അയാളും സ്വന്തം മക്കളെ പോലെയാണ് കാണുന്നത്.

ഹർഷ് മുത്തശ്ശന്മാരുടെ ഇരു കവിളിലും ഓരോ ഉമ്മ കൊടുത്തു

ചെക്കൻ വളർന്നിട്ടും കുറുമ്പിന് ഒരു കുറവുമില്ല. ശങ്കരൻ ഹർഷിന്റെ കവിളിൽ തലോടി .

അപ്പോൾ എങ്ങനെയാണ്? ഇന്ന് മുതൽ നമ്മൾ സവാരി തുടങ്ങുവല്ലേ? അവൻ ചോദിച്ചു

അവർ ചിരിച്ചു

ഹർഷ് വന്നാൽ പിന്നെ വീട്ടിൽ ഉത്സവം പോലെയാണ്.

അവൻ വന്നാൽ രാവിലെ എല്ലാവരും കൂടെ അമ്പലത്തിൽ പോകും

പറമ്പിൽ ഇറങ്ങി പണിയാൻ അവന് വലിയ ഇഷ്ടമാണ്,എന്തെങ്കിലുമൊക്കെ നട്ടുവയ്ക്കും.

മരങ്ങളുടെയും കിളികളുടെയും ഭാഷ അവന് അറിയാം എന്ന് വീമ്പു പറയും.

ശരിക്കും പറഞ്ഞാൽ അവൻ വരുമ്പോഴാണ് ആ വീട് ഉണരുന്നത്.

സേതുലക്ഷ്മി മുറിയിൽ ഇരിക്കുകയായിരുന്നു.

മറ്റന്നാൾ തിരിച്ചു പോകണം

അതിനുമുമ്പ് തനിക്ക് ചിലത് ചോദിക്കാനുണ്ട്. എന്നിട്ട് എത്രയും വേഗം ഇവിടെ നിന്നും മടങ്ങണം

ഹർഷ് വന്നതുകൊണ്ട് വൈകിട്ട് എല്ലാവർക്കും കൂടെ പുറത്തു പോകാമെന്ന് ഷൈല പറയുന്നത് കേട്ടു

അതുകൊണ്ട് ഇന്നൊന്നും പറയാൻ പറ്റില്ല. നാളെ എന്തായാലും ചോദിക്കാനുള്ളതെല്ലാം ചോദിക്കണം. സേതുലക്ഷ്മി ഉറപ്പിച്ചു.

******************?

ഹർഷ് ഫോണിലുള്ള അമ്മുവിന്റെ ഫോട്ടോ എടുത്തു നോക്കി

അമ്മുവിന് തന്നെ അറിയില്ല പക്ഷേ തനിക്ക് അങ്ങനെയാണോ ? കഴിഞ്ഞ രണ്ടു വർഷമായി ആ മുഖം  ഫോണിൽ കണ്ട് ഉണരുന്ന  ആളാണ് താൻ

ഒരിക്കൽ നീതുവിന്റെ ഫോണിൽ നിന്നും അമ്മുവിനെ കണ്ടതാണ്.അന്ന് നീതു ഡൽഹിയിൽ ജോലി ചെയ്യുന്ന സമയമാണ്

കാനഡയിൽ നിന്നും രണ്ട് മാസത്തെ ലീവിന് ഇങ്ങോട്ട് വന്ന ദിവസം. അന്നാണ് അവളുടെ ഫോണിൽ അമ്മുവിന്റെ മുഖം കണ്ടത്

ആദ്യം കണ്ടപ്പോൾ ഒരു ഇഷ്ടം തോന്നി എന്നുള്ളത് ശരിയാണ്. നീതുവിന് എപ്പോഴും അമ്മുവിനെക്കുറിച്ച് പറയാനേ നേരം ഉള്ളൂ… അങ്ങനെ കേട്ട് കേട്ട് അമ്മുവിനെ തനിക്ക് നല്ല പരിചയമായി.

ഒരു ദിവസം നീതുവിനോട്‌ അമ്മുവിനെ കുറിച്ച് വെറുതെ ഒന്ന് ചോദിച്ചപ്പോൾ, എന്താടാ മോനൂസേ ലവ് ആണോ എന്നും ചോദിച്ചവൾ കളിയാക്കി.

വെറുതെ അമ്മുവിന്റെ ഇൻസ്റ്റഗ്രാം കയറി നോക്കിയപ്പോൾ,അവൾ പാടിയ ഒരു പാട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു.സത്യത്തിൽ അത് കേട്ട് ലയിച്ചിരുന്നു പോയിട്ടുണ്ട് എത്ര മനോഹരമായയാണ് അവൾ പാടുന്നത്.

ആരാധനയാണോ പ്രേമമാണോ എന്താണെന്ന് വിവേചിച്ചറിയാനാവാത്ത ഒരു വികാരം മനസ്സിൽ ഉടലെടുത്തിരുന്നു

തന്റെ മനസ്സ് നീതുവിനറിയാം.അമ്മു നല്ല കുട്ടിയാണ് എന്ന് അവൾ ഇടയ്ക്കിടെ പറയും.

ആ പെൺകുട്ടി ഇന്ന് തന്റെ മുൻപിൽ ഉണ്ട്

ഇപ്പോൾ അവൾ ഇവിടെ ഉണ്ടെന്ന് തനിക്കറിയില്ലായിരുന്നു.

പക്ഷേ കഴിഞ്ഞ രണ്ടുതവണയും നാട്ടിലേക്കുള്ള വരവിന്റെ ഉദ്ദേശം അവളെ കാണുക എന്നതായിരുന്നു.

ഡൽഹിയിൽ അവൾ ജോലി ചെയ്യുന്നിടത്ത് അവൾ അറിയാതെ അവളെ എത്ര നേരം നോക്കി നിന്നിരിക്കുന്നു

ഇന്നിപ്പോൾ തീരെ പ്രതീക്ഷിക്കാതെ അവളിവിടെ എന്റെ തറവാട്ടിൽ.

ഇവിടെ ഈ തറവാട്ടിൽ താമസിക്കണം എന്നുള്ളത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണ്.

ഭാവിയിൽ ഇവിടെ ജീവിച്ച് ഇവിടെ മരിക്കാനാണ് തന്റെ ആഗ്രഹം .

അത്രയ്ക്കും താനീ നാടിനെ,ഈ വീടിനെ ഇഷ്ടപ്പെടുന്നുണ്ട്. ഇത്തവണ മടങ്ങി പോകുന്നതിന് മുൻപ് അമ്മുവിനോട് സംസാരിക്കണം.അവൾക്കു തന്നെ ഇഷ്ടമാകുമോ അറിയില്ല. ഇഷ്ടമായില്ലെങ്കിലും താൻ അവളെസ്നേഹിക്കും സ്നേഹിക്കരുതെന്ന് പറയാൻ ആർക്കും അവകാശമില്ലല്ലോ.

വൈകിട്ട് എല്ലാവരും കൂടെ പുറത്തു പോയി . കടൽക്കരയിലൂടെ വെറുതെ ഒരുമിച്ച് നടന്നു,ഭക്ഷണം പുറത്തു നിന്നും കഴിച്ചു . പാർക്കിൽ പോയി എല്ലാവരും കുറച്ച് സമയം അവിടെയിരുന്നു. ഹർഷ് അമ്മുവിന്റെ അടുത്തേക്ക് ചെന്നു .

അമ്മു….

എന്താ ഹർഷ്…

എനിക്ക് ഈ  പൈങ്കിളി വർത്തമാനം ഒന്നും അറിയില്ല.കഴിഞ്ഞ കുറച്ചു നാളുകളായി എന്റെ ഉള്ളിൽ തന്നോട് ഒരു ഇഷ്ടം.വെറുതെ ഒരിഷ്ടം അല്ല. എന്റെ ജീവിത പങ്കാളിയായി,എന്റെ ഏറ്റവും നല്ല കൂട്ടുകാരിയായി, എനിക്കൊപ്പം താൻ ഉണ്ടെങ്കിൽ എന്നൊരു മോഹം ഉണ്ട്. എനിക്ക്

അതിന് ഇന്ന് ആദ്യമായിട്ടല്ലേ ഹർഷ് എന്നെ കാണുന്നത്?

ഞാൻ പറഞ്ഞില്ലേ കുറച്ചുനാളുകളായി എനിക്ക്  തന്നെ അറിയാം. ഇതിനു മുൻപ് തന്നെ കണ്ടിട്ടുമുണ്ട്

തനിക്ക് ഇഷ്ട കുറവില്ലെങ്കിൽ വീട്ടിൽ ആലോചിച്ചാൽ മതിയല്ലോ എന്ന് കരുതിയാണ് ഞാൻ തന്നോട് ഇപ്പോൾ ചോദിക്കുന്നത്.

എനിക്ക് വിവാഹത്തിൽ ഒന്നും താല്പര്യമില്ല. ഹർഷ് സിംഗിൾ ലൈഫ് ആണ് എനിക്കിഷ്ടം

അയാൾ ഒരു നിമിഷം ആലോചിച്ചു നിന്നു.

ഓക്കേ..അയാൾ പതിയെ പുഞ്ചിരിച്ചു

അമ്മുവിന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല

പക്ഷേ വീട്ടിൽ ചെന്നപ്പോൾ നീതു കിള്ളിക്കിള്ളി ഓരോന്നും അമ്മുവിനോട് ചോദിച്ചു.എന്താ ഹർഷ് നിന്നോട് പറഞ്ഞത് എന്നും ചോദിച്ച്‌?

അമ്മു,അയാൾ ഇഷ്ടം പറഞ്ഞ കാര്യം പറഞ്ഞു.

നീ എന്തു  മറുപടി പറഞ്ഞു ?

എനിക്ക് സിംഗിൾ ലൈഫ് ആണ് ഇഷ്ടം എന്ന് ഞാൻ പറഞ്ഞു

ആഹാ കൊള്ളാം…

എന്തിയേ…?  ഉള്ളതല്ലേ ഞാൻ പറഞ്ഞത്.

പെണ്ണേ…അവൻ നിന്നെ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട് എത്ര നാളായിഎന്നോ.നിന്നെ കാണാൻ വേണ്ടി മാത്രം എത്ര വട്ടം ഡൽഹിയിൽ വന്നിട്ടുണ്ടെന്ന് നിനക്ക് അറിയാമോ ?എടി… എന്ത് പാവമാണെന്ന് അവൻ.

എന്റെ വല്യച്ഛന്റെ മോൻ ആയതുകൊണ്ട് പറയുകയല്ല.ഇത്രയും നല്ലൊരു മനുഷ്യനെ ഞാൻ കണ്ടിട്ട് പോലുമില്ല.ഒരു കണക്കിന് പറഞ്ഞാൽ ഞാൻ നിന്റെ ഫോട്ടോ മനപ്പൂർവ്വംകാണിച്ചു കൊടുത്തതാ. എനിക്ക് നിന്നെ വേണമായിരുന്നു.ഈ വീട്ടിൽ നീ വേണമെന്ന് തോന്നി.എന്റെ ഹർഷന് നിന്നെപ്പോലെ ഒരു കുട്ടിയെയാണ് വേണ്ടത്.

വേണ്ടാ അതൊന്നും ശരിയാവില്ല. അമ്മു നീതുവിനോട് പറഞ്ഞു.

എടീ അവൻ ഒരു മാസം സമ്പാദിക്കുന്നത് നമ്മൾ ഒരു കൊല്ലം കൊണ്ട് പോലും സമ്പാദിക്കുന്നില്ല, കാണാനാണെങ്കിൽ എന്ത് സുന്ദരനാ, വേറെ വല്ലവരും ആയിരുന്നെങ്കിൽ പണ്ടേ യെസ് പറഞ്ഞേനെ.

എനിക്ക് ആരെയും വേണ്ട.

നിനക്ക് യോഗമില്ല മോളെ…നീതു അവളെ കളിയാക്കി.

എങ്കിലും അമ്മു ആലോചിക്കുകയായിരുന്നു ശരിക്കും ഹർഷിനെ കണ്ടാൽ ആർക്കും ഇഷ്ടം തോന്നും.

അയാൾ വന്നപ്പോൾ ഈ വീട് ഉണർന്നത്എത്ര പെട്ടെന്നാണ്
എല്ലാവരെയും സന്തോഷിപ്പിക്കാൻ ഒരു പ്രത്യേക കഴിവാണ് അയാൾക്ക്….

****************

എന്താ ഷൈലെ?

അതേയ്…ഞാൻ നന്ദനെ വിളിച്ചായിരുന്നു കേട്ടോ.നാളെ നിങ്ങളെ വിടില്ല രണ്ടുദിവസം കൂടി കഴിഞ്ഞിട്ടേ  വിടൂ, എന്ന് ഞാൻ മുൻകൂർ പറഞ്ഞിട്ടുണ്ട്.

അയ്യോ  എന്നിട്ട് നന്ദേട്ടൻ എന്തു പറഞ്ഞു?

അതുമതി എന്ന് പറഞ്ഞു. സേതുലക്ഷ്മിക്ക് എന്തോ പോലെ തോന്നി.
ചോദിക്കാനുള്ളത് ചോദിച്ചിട്ട് എത്രയും വേഗം ഇവിടെ നിന്നും മടങ്ങണമെന്നായിരുന്നുആശ.

സേതൂ… നിന്നെ കണ്ടിട്ട് കൊതി തീരുന്നില്ല പെണ്ണേ, നമ്മൾ എത്ര കൂട്ടായിരുന്നു അല്ലേ?

സേതു ഷൈലയെ കെട്ടിപ്പിടിച്ചു

നമ്മൾ എന്നും ആ നല്ല സുഹൃത്തുക്കൾ തന്നെയല്ലേ,പിന്നെ എപ്പോഴും കാണുന്നില്ല സംസാരിക്കുന്നില്ല എന്ന് വച്ച് നമ്മളുടെ സൗഹൃദം ഇല്ലാതാവുകയൊന്നും ഇല്ലല്ലോ. സേതുലക്ഷ്മി പറഞ്ഞു.

അവർ വീണ്ടും പഴയ കാലത്തിന്റെ ഭാണ്ഡക്കെട്ടുകൾ തുറന്ന് മിഴിവേറിയ ഓർമ്മകളെ തുറന്നിട്ടു.

****************

എന്താടോ ഒറ്റയ്ക്കിരുന്ന് ദിവാ സ്വപ്നം കാണുകയാണോ?   അമ്മുവിന്റെ അടുത്തേക്ക് ഹർഷ് വന്നു.

ഹേയ്… ഈ പാടത്തിന് അരികിൽ കുറച്ചുനേരം ഒറ്റയ്ക്കിരിക്കാൻ തോന്നി അതാ വന്നത്. അമ്മു പറഞ്ഞു.

അയാൾ അവൾക്ക് അരികിലിരുന്നു

കൈലി മുണ്ടും ഷർട്ടുമാണ് അയാളുടെ വേഷം. ഹർഷിനെ ഇപ്പോൾ കണ്ടാൽ കർഷകൻ ആണെന്ന് തോന്നും. അമ്മു പറഞ്ഞു

ആണോ ? അങ്ങനെ കേൾക്കുന്നത് തന്നെ സുഖമുള്ള കാര്യമാണ്.എനിക്ക് ഇവിടെ മണ്ണിൽ പണിത് ജീവിക്കുന്ന ഒരു കർഷകനായി ജീവിക്കാനാണ് ഇഷ്ടം. ഇവിടെ സ്ഥിരതാമസം ആക്കിയാലോ എന്ന് ആലോചനയും ഉണ്ട്

എന്നാലും അമ്മു എന്തായിരുന്നു ആലോചിച്ചിരുന്നത്??

ഞാൻ എന്റെ അക്കരയമ്മയെ കുറിച്ചാണ് ആലോചിച്ചത്.

ആരാണ് അക്കരയമ്മ ?

എന്റെ അമ്മയുടെ അമ്മയാണ്. ആ സ്നേഹം അനുഭവിക്കാൻ ഇടയ്ക്കിടെ വല്ലാത്ത കൊതി തോന്നും. ഒരു പഞ്ചപാവം ആയിരുന്നു എന്റെ അക്കരയമ്മ.ഒരുപാട് യാതനകളും ഒറ്റപ്പെടലും വേദനയും അനുഭവിച്ച് ഇപ്പോൾ മോക്ഷ പ്രാപ്തി നേടിയിട്ട് എട്ടുമാസമായി.

ഹർഷവളുടെ മുഖത്തേക്ക് നോക്കിയിരുന്നു.

എന്റെ ഓർമ്മകളിൽ എപ്പോഴും വന്നു നിറയുന്ന രൂപമാണ് അക്കരയമ്മയുടെത്.

ഹർഷിന് അറിയാമോ? എന്റെ അക്കരയമ്മ അതിസുന്ദരിയായിരുന്നു
കഥകളിലൊക്കെ പറയാറില്ലേ ചുവന്നു തുടുത്ത മുഖം, പനങ്കുല പോലുള്ള മുടി എന്നൊക്കെ.അതുപോലെയായിരുന്നു അക്കരയമ്മ. ശരിക്കും ഒരു ദേവതയെ പോലെ തോന്നും. ഞങ്ങൾ ചെല്ലുന്ന ദിവസം കണക്കുകൂട്ടി തലേന്ന് ഉഴുന്നു വെള്ളത്തിൽ ഇട്ട്,അത് ആട്ടുകല്ലിൽ ആട്ടിയെടുത്ത് ഇഡ്ഡലി ഉണ്ടാക്കി വയ്ക്കും.എന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണ് ഇഡലി. ഞങ്ങൾ കഴിക്കുന്നത് നോക്കി നിർവൃതിയോടെ ഇരിക്കുന്ന അക്കരയമ്മയുടെ മുഖം എനിക്ക് ഒരിക്കലും മറക്കാനാവില്ല.

അങ്ങനെയൊരു അമ്മയുടെ കൊച്ചുമകളായി പിറന്ന താൻ ഭാഗ്യം ചെയ്തവളാണ്  ഹർഷ് പറഞ്ഞു

ശരിയാണ്. വീട്ടിൽ അക്കരയമ്മയുടെ വേഷം അര ബ്ലൗസും മുണ്ടും ആയിരുന്നു. തോളിൽ ഒരു തോർത്തും ഇടും. പുറത്തൊക്കെ പോകുമ്പോൾ സെറ്റും മുണ്ടും ആണ് ധരിക്കാറ്. ഒരു ചന്ദനക്കുറി കൂടി തൊട്ടാൽ ആരും നോക്കി നിന്നുപോകും.അത്രയ്ക്ക് തേജസ് ആയിരുന്നു മുഖത്ത്

കൊച്ചേടത്തി..എന്നാ നാട്ടുകാർ വിളിച്ചിരുന്നത്.എല്ലാവരോടും എന്ത് സ്നേഹമായിരുന്നു. ഇനി ഈ ജന്മത്തിൽ ഒരിക്കലും ആ മുഖം കാണാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ ഹൃദയം നുറുങ്ങുന്നത് പോലൊരു വേദനയാണ്.

ജനിച്ചാൽ ഒരിക്കൽ മരിച്ചല്ലേ പറ്റൂ… ഹർഷ് പറഞ്ഞു.

എല്ലാം ശരിയാണ്… പക്ഷേ..

എന്ത് പക്ഷേ ?

എന്റെ മനസ്സ് നിറയെ ചോദ്യങ്ങളാണ് ആർക്കും ഉത്തരം തരാൻ പറ്റാത്ത ചോദ്യങ്ങൾ.

താൻ എന്നോട് ചോദിക്ക് എനിക്കറിയാവുന്നതാണെങ്കിൽ ഞാൻ പറയാം

ഹർഷിന് അറിയാമോ ഒരമ്മ തന്റെ കുഞ്ഞിനെ വളർത്തുന്നത് എങ്ങനെയാണെന്ന് ? ഒരു അമ്മയ്ക്ക് അല്ലാതെ ആർക്കും പൂർണമായി അത് മനസ്സിലാക്കാൻ സാധിക്കില്ല. എനിക്കും അത് അറിയില്ല പക്ഷേ
ഒന്നെനിക്കറിയാം ഒരു അമ്മയുടെ സ്നേഹത്തിനു മുമ്പിൽ പകരം വയ്ക്കാൻ ഈ ലോകത്തിൽ ഒന്നുമില്ല. നമ്മിൽ നിന്നുംഒന്നും പ്രതീക്ഷിക്കാതെ നമ്മെ സ്നേഹിക്കുന്ന ഒരേയൊരു വ്യക്തി അമ്മയാണ്.

നെഞ്ചൂറ്റി കൊടുത്ത് മാറിലെ ചൂടിൽ അടക്കിപ്പിടിച്ച് തന്റെ കുഞ്ഞിനെ അവൾ വളർത്തും,പാൽപല്ലുകൾ മുളക്കുന്നതും കുഞ്ഞിക്കാലുകൾ പിച്ചവയ്ക്കുന്നതും ഒരമ്മ എത്ര നിർവൃതിയോടെയായിരിക്കും നോക്കി കാണുക?

അമ്മുവിന്റെ കണ്ണുകൾ പനച്ചു വരുന്നത് ഹർഷ് ശ്രദ്ധിച്ചു.

അമ്മു താൻ ഇത്രയ്ക്ക് ഇമോഷണൽ ആവുന്നത് എന്താടോ ? ഇപ്പോൾ എന്താ ഇങ്ങനെ ഒരു ചിന്ത?

എനിക്കറിയില്ല. അക്കരയമ്മയെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഞാൻ സ്വയം അറിയാതെ മാറി പോകും. ഒരുപക്ഷേ ഞാൻ ഒരു സ്ത്രീ ആയതുകൊണ്ടാവാം. ഒരു സ്ത്രീക്ക് തന്റെ സന്തോഷങ്ങളെല്ലാം മറ്റുള്ളവർക്ക് വേണ്ടി ത്യജിക്കാൻക്കാനുള്ള കഴിവുണ്ട്.

അമ്മുവിന്റെ മുഖത്ത് മിഴികൾ ഊന്നിയിരിക്കുകയായിരുന്നു അയാൾ

പലതരം വികാരഭാവങ്ങൾ അവളുടെ മുഖത്ത് മിന്നി മായുന്നുണ്ട്.

എന്നിട്ടും എന്തിനാണ് ഹർഷ് മക്കൾ മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ ഏൽപ്പിക്കാൻ ധൃതി പിടിക്കുന്നത്? അല്ലെങ്കിൽ വീടിന്റെ ഏറ്റവും മോശപ്പെട്ട മുറിയിൽ  അവരെ അടയ്ക്കുന്നത്? എന്താണ് അവരുടെ ചുളിവുകൾ വീണ ശരീരത്തെ അറപ്പോടെ നോക്കുന്നത്? എന്താണ്ഒന്ന് ചേർത്ത് നിർത്തി ആ നിറുകിൽ ഒരു മുത്തം കൊടുക്കാത്തത്?.

അവരിൽ നിന്നാണ് ഞാൻ ജന്മം കൊണ്ടത്,അവരാണ് എന്നെ കാത്തു പരിപാലിച്ചത്,അവരാണ് എന്റെ ജീവിതത്തിൽ  ഞാൻ ഏറ്റവും ഉയരത്തിലെത്താൻ കാരണമായവർ എന്ന് എന്തേ ഇന്നത്തെ തലമുറ മറക്കുന്നത്? എനിക്ക് ഇതിനെല്ലാം ഒരു ഉത്തരം വേണം.

അതിന് ഒരു ഉത്തരമേയുള്ളൂ തന്നെപ്പോലെ നല്ല മനസ്സുള്ളവർ അധികം ഇല്ല.അത്രതന്നെ.

അവളുടെ മനസ്സ് അശാന്തമാണെന്ന് അയാൾക്ക് മനസ്സിലായി.

താൻ ഇങ്ങനെ ഒറ്റയ്ക്കിരുന്ന് ഓരോന്നാലോചിക്കാതെ വരൂ.. നമുക്ക് വീട്ടിൽ പോകാം.

ഇല്ല. ഞാൻ കുറച്ച് നേരം ഈ തൊടിയിലൂടെ ഒന്ന് നടക്കട്ടെ… ഒറ്റയ്ക്ക്……

കഥയുടെ അവസാന ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യുക