ഇനിയും സാധനങ്ങൾ ഒരുപാട് വാങ്ങണം. പക്ഷേ..

രചന: മഹാദേവൻ

ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ വല്ലാത്തൊരു അവസ്ഥയാണ്.. പുറത്തു നിന്ന് നോക്കുന്നവർക്ക് കാഴ്ചക്ക് തരക്കേടില്ലാത്ത തറവാട്ടുകാർ ആണ്.. പഴയ പേര് കേട്ട നായർ തറവാട്ടുകാർ . ഇപ്പോൾ പേരിൽ മാത്രമാണ് തറവാടിത്തം എന്ന് പലർക്കും അറിയാമെങ്കിലും ആ പഴയ കാഴ്ചപ്പാടിൽ ഇപ്പോഴും മാറ്റമില്ല…

വീട്ടിൽ ഉള്ള അഞ്ചെട്ടുപേരുണ്ട് വയർ നിറയണം.
അമ്മയും അച്ഛനും ഇതുവരെ വിവാഹം കഴിയാത്ത നാത്തൂനും പിന്നെ കുട്ടികളും പിന്നെ ഞാനും..ഭർത്താവ് മരിച്ചതിൽ പിന്നെ ആ കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കുമ്പോൾ മനസ്സിൽ ഒരു ധൈര്യമുണ്ടായിരുന്നു. നായർ തറവാട്ടിൽ പിറന്നത് കൊണ്ട് പുറത്ത് പണിക്ക് പോകാൻ മടിയുള്ള നാത്തൂന് തൈക്കാൻ ഒരു തയ്യിൽ മെഷീൻ വാങ്ങിക്കൊടുത്തിരുന്നു. പക്ഷേ ഇപ്പോൾ ആരും തൈക്കാനോ തയ്ച്ചു വെച്ചത് വാങ്ങാനോ വരുന്നില്ല എന്നതും ഇപ്പോഴത്തെ അവസ്ഥക്ക് ആക്കം കൂട്ടി…

തന്റെ അവസ്ഥയും മറിച്ചല്ലലോ. ഉണ്ടായിരുന്നത് ഒരു ടെക്സ്റ്റ്‌സ്റ്റൈൽ ഷോപ്പിലെ പണിയായിരുന്നു.. ഇപ്പോൾ അതും തുറക്കാത്തത് കൊണ്ട് ശരിക്കും വീട്ടിൽ ലോക്ക് ആയി എന്ന് തന്നെ പറയാം.പേരിന്റെ കൂടെ നായർ എന്ന ജാതിയുടെ വാലുള്ളതിനാൽ റേഷൻകാർഡിൽ പോലും മുന്നിലാണ്… ആനുകൂല്യങ്ങൾക് അർഹരല്ലാത്ത മുന്തിയ ആളുകൾ.
പക്ഷേ, ജീവിക്കുന്നത് എങ്ങനെ എന്ന് ആര് അന്വോഷിക്കാൻ…

ഇപ്പോൾ എല്ലാവർക്കും ഗവണ്മെന്റ് അനുവദിച്ച പതിനഞ്ചു കിലോ അരി വാങ്ങുമ്പോൾ മനസ്സിലുണ്ടായിരുന്നു”അഞ്ചെട്ടു വയറുകൾ ഈ പതിനഞ്ചു കിലോ അരി കൊണ്ട് എത്ര ദിവസം നിറക്കാൻ പറ്റും ” എന്ന്.ഇനി അടുത്ത മാസമേ ഈ റേഷൻ കിട്ടൂ എന്ന് പറയുന്ന അവരുടെ മുഖത്തു നോക്കി ചിരിക്കുമ്പോൾ ആ ചിരിക്കു പിന്നിൽ ഒളിച്ചിരിക്കുന്ന വിഷാദം ആരു കാണാൻ.

” രാധേച്ചിക്കൊക്കെ എന്തിനാ ഈ റേഷൻ , അതിന്റ ആവശ്യം ഒന്നും ആ കുടുംബത്തിനില്ലെന്ന് ആർക്കാ അറിയാത്തത്, അത് വേണ്ടെന്ന് വെച്ചാൽ വല്ല പാവങ്ങളും വാങ്ങിയാലോ എന്ന് വിചാരിച്ചായിരിക്കും അല്ലെ വാങ്ങുന്നത്. ഇപ്പഴും ഇങ്ങനേം ഉണ്ടോ മനുഷ്യർ “എന്ന് ആരോ അപ്പുറത്ത് നിന്ന് കളിയാക്കി പറയുന്നുണ്ടെങ്കിലും അത് ശ്രദ്ധിക്കാൻ നിൽക്കാതെ പതിയെ നടന്നു.

ഇനിയും സാധനങ്ങൾ ഒരുപാട് വാങ്ങണം. പക്ഷേ…..

കയ്യിലിരിക്കുന്ന പേഴ്‌സ് തുറക്കുമ്പോൾ ബാങ്കിൽ അടക്കേണ്ട പലിശക്കാർഡ് അവരെ നോക്കി ചിരിക്കുന്നു..ആകെ മൊത്തം തപ്പി കയ്യിൽ കിട്ടിയ ഇരുപത് രൂപയുടെ നോട്ടിലേക്ക് നോക്കുമ്പോൾ കണ്ണുകൾ നിറയാതിരുന്നില്ല.

” രാമേട്ടാ . ഒരു പാക്കറ്റ് ഉപ്പ് എന്ന് പറയുമ്പോൾ കഞ്ഞിയിൽ കലക്കാനുള്ള ഉപ്പ് കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.ആരും കാണാതെ അത് തുടച്ചു മാറ്റുമ്പോൾ പച്ചക്കറികൾ കൈകാട്ടി വിളിക്കും പോലെ..

“ഇനി എന്താ മോളെ വേണ്ടത് ” എന്ന് രാമേട്ടൻ ചോദിക്കുമ്പോൾ അവൾ നാലുപാടും നോക്കുകയായിരുന്നു.”ആളുകളുടെ തിരക്കൊഴിഞ്ഞിട്ട് മതി രാമേട്ടാ എനിക്ക് ” എന്ന് പറയുമ്പോൾ രാമേട്ടനോട് പറയാൻ പോകുന്ന കടം ആരും കേൾക്കരുതെന്ന ആഗ്രഹം ഉണ്ടായിരുന്നു മനസ്സിൽ.
“മോളെ. പഴയത് തന്നെ കുറെ ആയല്ലോ മോളെ.. ഇങ്ങനെ ആയാൽ ശരിയാവില്ലാട്ടോ “എന്ന് രാമേട്ടൻ പറയുന്നത് മറ്റാരും കേൾക്കരുതെന്നുണ്ടായിരുന്നു.അത് കേൾക്കുമ്പോൾ മറ്റുള്ളവരുടെ നോട്ടം തന്നിൽ പെടുന്നതിലുള്ള ജാള്യത ആളുകൾ ഒഴിവാക്കുന്നത് വരെ കാത്തിരിക്കാൻ അവളെ പ്രേരിപ്പിച്ചു.

ആളുകൾ ഒഴിഞ്ഞപ്പോൾ ആദ്യം തന്നെ രാമേട്ടനോട് പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ,രാമേട്ട… ഒന്നും വിചാരിക്കരുത്.. ഇപ്പഴത്തെ അവസ്ഥ അറിയാലോ.. അതുകൊണ്ട് ജോലിക്ക് പോവാൻ തുടങ്ങിയാൽ എല്ലാം തന്ന് തീർക്കാം. ഇപ്പോൾ എനിക്ക് കുറച്ച് സാധനങ്ങൾ തന്ന് സഹായിക്കണം.

പ്രതീക്ഷിച്ച പോലെ ഉള്ള മറുപടി ആണ് ആദ്യം കേട്ടതെങ്കിലും കുറച്ചു സാധനങ്ങൾ അവളുടെ കയ്യിൽ ഏൽപിക്കിമ്പോൾ അവളിൽ മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

കുട്ടികൾക്ക് രണ്ട് മിട്ടായി കൂടി വാങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സിൽ ഒന്ന് മാത്രമായിരുന്നു.. ഒരാഴ്ച ഇതുകൊണ്ട് എത്തിക്കാം… അത് കഴിഞ്ഞാൽ….

വീട്ടിലേക്ക് നടക്കുമ്പോൾ വഴിയരികിൽ ഒരു ചാക് നിറയയേ സാധങ്ങളുമായി വീട്ടിലേക്ക് പോകുന്ന കല്യാണി ചോദിക്കുന്നുണ്ടായിരുന്നു,
” നായരുട്ടി ബാങ്കിൽ പോയതാകും അല്ലെ കാശെടുക്കാൻ ” എന്ന്.

അവരെ നോക്കി മുഖത്തൊരു പുഞ്ചിരി വരുത്തി നടക്കവേ നായർ എന്ന വാലിനെ പുച്ഛത്തോടെ കാണുമ്പോൾ വീടിനു പുറത്ത് അവളെയും കാത്തിരിക്കുന്നുണ്ടായിരുന്നു ഒരുപാട് കണ്ണുകൾ അവളുടെ വരവിനായി.