മരുമകൾ

രചന: മൃദുല രാഹുൽ

ഞാൻ നിലവിലക്കുമായി വലതുകാൽ വെച്ച് ഭർതൃ ഗൃഹത്തിലേക്ക് കയറിയപ്പോൾ തന്നെ ചുറ്റും കൂടി നിന്നിരുന്ന ബന്ധുക്കളും അയൽക്കാരും എന്റെ ശരീരത്തു കിടന്നിരുന്ന പൊന്നിന്റെ അളവും തൂക്കവും തിട്ടപ്പെടുത്തുന്നത് ഞാൻ അറിഞ്ഞു. അവർക്കത് വെറുമൊരു പൊന്നാണ്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എനിക്കിത് വളരെ വിലപ്പെട്ടതാണ്.

കാരണം എന്റെ അച്ഛന് ഈ ജന്മത്തിൽ ഉണ്ടാക്കാൻ പറ്റുന്നതിൽ വെച്ചും കൂടുതൽ ആണിത്. വീട്ടുകാരെ എന്റെ ഈ വിവാഹം വലിയ ഒരു കടത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഓർത്തപ്പോൾ മനസ്സിൽ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടു. അറിയാതെ മിഴികൾ കണ്ണുനീർ പൊഴിക്കാൻ തുടങ്ങി….

പുതിയ അന്തരീക്ഷം ചെറിയ ഒരു ടെൻഷൻ ഉണ്ടാക്കി. അത് മനസ്സിലാക്കിയത് പോലെ നന്ദേട്ടൻ എന്നോട് പറഞ്ഞു കുറച്ചു നേരം റൂമിൽ പോയി റെസ്റ്റ് എടുത്തോളാൻ….. അത് കേൾക്കാത്ത താമസം റൂം ലക്ഷ്യമാക്കി ഞാൻ നടന്നു കഴിഞ്ഞിരുന്നു…. അവിടെ ഇരുന്നു മതിയാവോളം പൊട്ടിക്കരഞ്ഞു വീട്ടുകാരെ ഓർത്ത്…..

വൈകുന്നേരം റിസപ്ഷൻ പാർട്ടി ഉണ്ടായിരുന്നു. എന്നെ ആദ്യം കണ്ടപ്പോഴുള്ള അടക്കം പറച്ചിലുകൾ ചിലർ ഇത് വരെ നിർത്തിയിട്ടില്ലായിരുന്നു.

“ഇത്രേം സ്വർണമേ ഉള്ളോ, കിടക്കുന്നതൊക്കെ ഗോൾഡ് തന്നെ ആണൊ, ഇതിലും നല്ലൊരു ബന്ധം ആ നന്ദന് കിട്ടിയേനെ……..”
ഇങ്ങനെ എന്തൊക്കെയോ കുറ്റം പറച്ചിലുകൾ… ദേഷ്യം വന്നു എങ്കിലും കണ്ട്രോൾ ചെയ്തു ഫോട്ടോക്കും വീഡിയോ ക്കും വേണ്ടി മുഖത്തൊരു ചിരി വരുത്തി….

പാർട്ടി കഴിഞ്ഞപ്പോഴേക്കും അമ്മായിയമ്മക്ക് എന്നോടുള്ള ദേഷ്യം കൂടുതലായി എന്ന് തോന്നി. അതിനും മാത്രം എരിതീയിൽ എണ്ണ ഒഴിച്ചിട്ടുണ്ടല്ലോ ബന്ധുക്കളും നാട്ടുകാരും….

അമ്മ മറ്റുള്ളവരോടായി മറുപടി എന്നവണ്ണം പറയുന്ന കേട്ടു-

“നന്ദന്റെ ഒരൊറ്റ നിർബന്ധം കൊണ്ടാ ഈ കല്യാണത്തിന് ഞങ്ങൾ സമ്മതിച്ചത്.. ആദ്യമായി പോയി കണ്ട പെണ്ണിനെയെ അവൻ കെട്ടുവെന്നും പറഞ്ഞു ഒറ്റ നിൽപ്പല്ലാരുന്നോ…എന്ത് ചെയ്യാനാ…..?”

ശരിയാണ്. നന്ദേട്ടൻ എന്നോട് വിവാഹത്തിന് മുൻപ് പറഞ്ഞിരുന്നു-

“ഞാൻ ആദ്യമായി പെണ്ണ് കണ്ടത് നിന്നെയാണ്. എനിക്ക് നിന്നെ അത്രക്ക് ഇഷ്ട്ടപ്പെട്ടു. അപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു കെട്ടുവാണെൽ നിന്നെ കെട്ടുവുള്ളുന്നു…..”

സാമ്പത്തികമായി നന്ദേട്ടനെക്കാൾ വളരെ താഴ്ന്നതായിരുന്നു ഞങ്ങൾ. ചേച്ചിയുടെ വിവാഹത്തിന്റെ കടം ഇത് വരെ തീർന്നിട്ടില്ല.. നന്ദേട്ടനെ ഇഷ്ടപെട്ടുവെങ്കിലും ഞാൻ അച്ഛനോട് പറഞ്ഞു-

“എനിക്ക് ഈ കല്യാണം വേണ്ടച്ഛാ…അവർ പറയുന്ന അത്രയും സ്ത്രീധനം കൊടുക്കാൻ നമ്മളെ കൊണ്ട് കഴിയില്ലല്ലോ….”

“ലച്ചു, നീ ഒന്നും ഓർത്തു വിഷമിക്കേണ്ട…. ഞാൻ എങ്ങനെ എങ്കിലും നടത്തിക്കൊള്ളാം നിന്റെ കല്യാണം….”

അവസാനം സ്ത്രീധനത്തിനു കുറച്ചു ഇളവ് അവർ അനുവദിച്ചു. എങ്ങനെ ഒക്കെയോ അച്ഛൻ കല്യാണത്തിനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തു…..

ഒരു മകളെ വിവാഹം കഴിപ്പിച്ചു വിടുന്നതിന്റെ വേദന അത് അവർക്ക് മാത്രമെല്ലെ അറിയൂ……

വീടിനെ കുറിച്ചുള്ള ഏകദേശ ധാരണ നന്ദേട്ടൻ എനിക്ക് ആദ്യ രാത്രിയിൽ തന്നെ പറഞ്ഞു മനസ്സിലാക്കി തന്നു.

“അച്ഛൻ വളരെ സ്നേഹമയി ആണ്.. അമ്മ പാവമാണ് പക്ഷെ എന്തുണ്ടേലും വെട്ടി തുറന്ന് പറയും അത് മറ്റുള്ളവർക്ക് വേദനിക്കുന്നതാണോ എന്നൊന്നും അമ്മ ഓർക്കാറില്ല.. പിന്നെ ചേച്ചി നിത്യ അതൊരു പൊട്ടിപ്പെണ്ണാ… പറയുന്നതൊന്നും കാര്യമാക്കേണ്ട.. അളിയൻ ഗൾഫിലായത് കൊണ്ട് കുഞ്ഞും ആയിട്ട് ഇവിടാ നിക്കുന്നെ.

പിന്നെ വേറൊരു കാര്യം എന്താന്ന് വെച്ചാൽ അമ്മക്ക് ചേച്ചിയേക്കാളും എന്നോടാ കൂടുതൽ കാര്യം.. അപ്പോൾ എന്നോട് കുറച്ചു പൊസസ്സിവ്നെസ് കൂടുതൽ ആണ്.. അത് കണ്ടറിഞ്ഞു നീ നിന്നോണം…..”

അങ്ങനെ ദിവസങ്ങളും മാസങ്ങളും ശരവേഗത്തിൽപ്പോയി….

ആദ്യമൊക്കെ ഞാൻ ചെയ്യുന്നതിൽ ഒക്കെ കുറ്റം കണ്ടു പിടിക്കുകയും എന്നോട് ഒരു അകലം ഇട്ട് നിന്നിരുന്ന അമ്മ പതിയെ പതിയെ എന്നോട് അടുക്കാൻ തുടങ്ങി. ഞങ്ങൾ അടുത്ത കൂട്ടുകാരെ പോലെയായി..

ഞങ്ങളുടെ കളിചിരികൾ…. തമാശകൾ…. എന്തിനും ഏതിനും അച്ഛനും ഞങ്ങളോടൊപ്പം ചേർന്നു..

ഒരു ദിവസം നന്ദേട്ടൻ ഓഫീസിൽ നിന്ന് വന്നപ്പോൾ ഞങ്ങൾ ഭയങ്കര ചിരിയും പറച്ചിലും..

നന്ദേട്ടൻ ദേഷ്യം നടിച്ചു കൊണ്ട് റൂമിൽ നിന്ന് വിളിച്ചു പറഞ്ഞു-

“ജോലി കഴിഞ്ഞു ക്ഷീണിച്ചു വന്നാൽ ഇവിടെ മനുഷ്യന് ഒരു ചായ തരാൻ പോലും ആർക്കും സമയമില്ലാതായി….”

നന്ദേട്ടന്റെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്ന അമ്മ എന്നോട് പറഞ്ഞു-

“ചായ കൊണ്ട് കൊടുക്ക് ലച്ചു അവന്.. വെറുതെ ദേഷ്യം പിടിപ്പിക്കണ്ട അവനെ..”

ഞാൻ ചിരിച്ചു കൊണ്ട് ചായയുമായി റൂമിലേക്ക് ചെന്നു. നന്ദേട്ടൻ എന്നോട് ചോദിച്ചു-

“എന്ത് മറിമായം ആണ് മോളെ നീ അമ്മയോട് കാണിച്ചത്..ഇത്രയും പെട്ടെന്ന് അമ്മ നിന്നോട് അടുക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല… “

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു-

“ഞാൻ ഒരു മറിമായവും കാണിച്ചില്ല.. നന്ദേട്ടന്റെ അമ്മയെ ഞാൻ എന്റെ അമ്മയെ പോലെ കണ്ടു മനസ് തുറന്നങ്ങു സ്നേഹിച്ചു…. അത്രേയുള്ളൂ…”

“പക്ഷെ നിത്യേച്ചിയെ….. അങ്ങനെ ആക്കണമെങ്കിൽ നീ കുറച്ചു പാട് പെടേണ്ടിവരും……ലച്ചു”

“ഉം…എനിക്കറിയാം നന്ദേട്ടാ..ഒരിക്കൽ നിത്യേച്ചിയും എന്നെ ഉള്ളു തുറന്ന് സ്നേഹിക്കും… പക്ഷെ അത് അത്ര വിദൂരമൊന്നുമല്ല… നന്ദേട്ടൻ നോക്കിക്കോ…”

അപ്പോഴേക്കും അമ്മയുടെ വിളി വന്നു. ” മോളെ ലച്ചു… ഒന്നിങ്ങോട്ട് വന്നേ….”

അവൾ “ഇപ്പൊ വരാവേ” എന്നും പറഞ്ഞ് പുറത്തേക്ക് പോയി.. ..

ഇതാണ് പെണ്ണ്.. ഒരു വീട്ടിൽ ജനിച്ച്‌ മറ്റൊരു വീട്ടിൽ അതിഥിയായി വന്നവൾ.. എല്ലാം സഹിക്കാനും ക്ഷമിക്കാനും മനസ്സിലാക്കാനും അവൾക്കെ കഴിയൂ….
എത്ര അകന്നിരുന്നവരെ പോലും സ്നേഹം കൊണ്ട് കീഴടക്കുന്നവർ.. അവരെ പൂജിച്ചില്ലെങ്കിലും ദൈവതുല്യമായിട്ടു കാണുക……..

NB: ഇത് ഒരു കഥ മാത്രം… ആരെയെങ്കിലും വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക..