നീ രാത്രിയിൽ സാഹസപ്പെട്ടു ഓടി വന്നു ഈ വാതിൽ അടച്ചു കിടക്കുന്നതൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു…

അയിഗിരി നന്ദിനി നന്ദിതമേദിനി….

Story written by Nisha Pillai

=======================

“നീ വെറുമൊരു പെണ്ണാണ്. ഇപ്പോൾ നിഷേധിച്ചാലും എപ്പോഴെങ്കിലും, എന്നെങ്കിലും നിനക്ക് സമ്മതിച്ച് തരേണ്ടി വരും. “

സങ്കടം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു. ഇവിടെ തനിക്ക് എന്ത് സംഭവിച്ചാലും ആരും ചോദിക്കാനും പറയാനുമില്ലായെന്ന യാഥാർത്ഥ്യം അവൾക്ക് മനസ്സിലായി.

“പിന്നെ നീ ഇതൊക്കെ പറഞ്ഞാലും അമ്മയും ചേട്ടനും വിശ്വസിക്കില്ല. അവരെന്നെ മാത്രമേ വിശ്വസിക്കൂ. നീ ഒന്ന് പറഞ്ഞു നോക്ക്. ഒരു പ്രവാസിയുടെ ഭാര്യയുടെ രോദനങ്ങൾ എന്നവർ പറയും. ഹ ഹ ഹ. “

പണക്കാരൻ വിവാഹം കഴിച്ച പാവപ്പെട്ട വീട്ടിലെ കുട്ടികളുടെ എല്ലാം അവസ്ഥ ഇങ്ങനനെയാണോ. തന്നെ സംരക്ഷിക്കേണ്ട തന്റെ ഭർത്താവു വിദേശത്താണ്. സ്നേഹമയിയായ അമ്മായിയമ്മയാകട്ടെ രണ്ടു വർഷമായി കിടപ്പു തന്നെയാണ്. പിന്നെ ആകെ ഉള്ളതാകട്ടെ മയക്കു മരുന്നിന് അടിമയായ ഒരു അനിയനാണ്. അവനു ചേട്ടത്തിയമ്മയാകട്ടെ, അവൾ വെറുമൊരു പെണ്ണ് മാത്രമാണ്. കൂടെ കൂടെ അടുക്കളയിൽ വന്നു അവളെ തട്ടാനും തലോടാനും. ചേർന്ന് നിന്ന് അവന്റെ അവയവങ്ങൾ അവളുടെ ശരീരത്തു തട്ടിക്കുമ്പോൾ അവൾക്കു ഓക്കാനം വരും. പലപ്പോഴും അവളോടി അമ്മയുടെ മുറിയിൽ പോകും.

“എന്താ മോളെ? നീ എന്തിനാ കിതയ്ക്കുന്നത്. “

ഒരു പക്ഷെ അമ്മയും എല്ലാം മനസിലാക്കുന്നുണ്ടാകാം, അവരുമൊരു സ്ത്രീയല്ലേ. പക്ഷെ അമ്മ ഒന്നും പറയാറില്ല. മിക്ക ദിവസങ്ങളിലും അമ്മ ഉറങ്ങിയിട്ടാണ് അവൻ വരുന്നത്. ഭക്ഷണം വിളമ്പി വച്ച് കാത്തിരിക്കും. പാത്രം കഴുകാനായി അടുക്കളയിൽ കയറുമ്പോഴാണ് അവൻ തൊടലും തലോടലുമായി കയറി വരുന്നത്. വലിയൊരു പുരയിടത്തിലെ ഒറ്റപ്പെട്ട വീട്. തന്നെ അവൻ കൊന്നാൽ പോലും ആരുമറിയില്ല. രക്ഷിക്കാനും ആരും വരില്ല.

ശരിക്കും രാജേഷേട്ടൻ എന്തിനാണ് തന്നെ കല്യാണം കഴിച്ചത്? രാജേഷേട്ടന്റെ അമ്മയെ നോക്കാനോ? ഒരു പൈസയും ശമ്പളവും കൊടുക്കേണ്ടല്ലോ. ആകെ ഒന്നിച്ചു താമസിച്ചത് ഒന്നര മാസമാണ്. പത്തു മാസമായി അമ്മയെ പൊന്നു പോലെ നോക്കുന്നു. അമ്മയെ നോക്കാൻ വേണ്ടി അവളുടെ പി ജി പഠനം വരെ മുടങ്ങി. ആദ്യമൊന്നും പ്രശ്നമുണ്ടായില്ല. അമ്മയെ മാത്രം നോക്കിയാൽ മതിയായിരുന്നു. പക്ഷെ ഒരു മയക്കു മരുന്ന് കേസിൽ പിടിയിലായി രാജേഷേട്ടന്റെ അനിയനായ രതീഷിനെ കോളേജിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കിയപ്പോഴാണ് ശല്യം തുടങ്ങിയത്.

അതിനു ശേഷം വീട്ടിൽ നിന്നും പണവും സ്വർണവും മോഷണം പോകാൻ തുടങ്ങി. അത് രാജേഷേട്ടനോട് പരാതി പറഞ്ഞു.

“എടീ, ഞാൻ അവനോടു അതിനെക്കുറിച്ച് ചോദിച്ചു, അവൻ പറയുന്നത് എല്ലാം നീയാണ് അടിച്ച് മാറ്റുന്നതെന്നാണ്. നിന്റെ വീട്ടിലല്ലേ പട്ടിണിയും ദാരിദ്രവും ഒക്കെയുള്ളത്, നീയെല്ലാം വീട്ടിൽ കൊണ്ട് കൊടുക്കുന്നു എന്നാണ് അവന്റെ പരാതി. ഞാൻ അങ്ങ് വരട്ടെ, അല്ലെങ്കിൽ അവൻ നാട്ടിലൊക്കെ നിന്നെയും കുടുംബത്തെയും നാറ്റിക്കും. തത്കാലം പണവും സ്വർണവുമൊക്കെ സൂക്ഷിച്ചു വയ്ക്കൂ. “

അങ്ങനെയൊരു ഭർത്താവിനോടാണ് അനിയന്റെ കാമലീലകളെക്കുറിച്ച് പറയാൻ പോകുന്നത്. തന്നെ താൻ തന്നെ രക്ഷിക്കണം. അവൾ ക്ലോക്കിൽ നോക്കി. സമയം പത്തര കഴിഞ്ഞു. ഇത് വരെ രതീഷ് വന്നിട്ടില്ല. അവൾ ഒരു പാത്രത്തിൽ ചോറും കറികളുമെടുത്ത് ഡൈനിങ്ങ് ടേബിളിൽ അടച്ചു വച്ചു. വേണമെങ്കിൽ എടുത്തു കഴിക്കട്ടെ. വാതിൽ തുറന്നു കൊടുത്തു. അപ്പോൾ തന്നെ അമ്മയുടെ മുറിയിൽ കയറി വാതിലടച്ചു. അതവന് ഇഷ്ടപ്പെട്ടിട്ടില്ല. മുറിയിൽ ലൈറ്റണച്ച് കിടന്നുറങ്ങി. പുറത്ത് പ്ലേറ്റും ഗ്ലാസുകളും വീണുടയുന്ന ശബ്ദം കേട്ടു.

“മോളെ, എന്താ പുറത്തൊരു ശബ്ദം, നീ ഇത്ര പെട്ടെന്ന് ഉറങ്ങിയോ?”

രാവിലെ ഉണർന്നു അടുക്കളയിലേയ്ക്ക് നടക്കുമ്പോഴാണ് കാലിലൊരു വലിയ കഷ്ണം ചില്ല് കയറിയത്. കാല് മുറിഞ്ഞു ചോര വന്നു. എങ്ങനെയെങ്കിലും അമ്മക്കുള്ള ചായ ശരിയാക്കി. അടുത്ത വീട്ടിലെ യശോദേച്ചിയെ വിളിച്ചു അമ്മയുടെ കാര്യം ഏല്പിച്ചു. യശോദേച്ചിയുടെ മകളെയും കൂട്ടി ആശുപത്രിയിൽ പോയി. ഡ്യൂട്ടി ഡോക്ടറായി ഉണ്ടായിരുന്നത് അവളുടെ ക്ലാസ് മേറ്റായിരുന്ന ഐശ്വര്യ ആയിരുന്നു. ഫസ്റ്റ് എയ്ഡ് തന്നു. ഇൻജെക്ടഷനും മുറിവ് ഡ്രസ്സിങ്ങും കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഐശ്വര്യ കൂടെ വന്നു. അവൾ ചൈനയിൽ നിന്നും എം ബി ബി എസ് കഴിഞ്ഞു പ്രാക്ടീസ് തുടങ്ങിയതേയുള്ളു.

“എന്തൊരു കോലമാടി ഇത്, എന്റെ മനസിലെ ധന്യ ഇങ്ങനെയല്ല. ” അവൾ ദേഷ്യപ്പെട്ടു.

“പൈസ ഇല്ലാത്ത വീട്ടിലെ പെൺകുട്ടി, കൗമാരത്തിലെ പ്രണയം, എല്ലാം എന്നെ ഈ അവസ്ഥയിലാക്കിയെടി. “

“എന്തവസ്ഥ? ഡ്യൂട്ടി കഴിഞ്ഞു ഞാൻ അങ്ങോട്ട് വരുന്നു. നമുക്ക് സംസാരിക്കാം. “

രാജേഷേട്ടനോട് പറഞ്ഞപ്പോൾ നല്ല വഴക്കു കിട്ടി.

“സൂക്ഷിച്ചു നടക്കണ്ടേ. നീയെന്തിനാ അമ്മയുടെ കാര്യം അടുത്ത വീട്ടിൽ ഏല്പിച്ചത്. ഒന്ന് കാല് മുറിഞ്ഞതിനാണോ ഓടി ആശുപത്രിയിൽ പോയത്. ഞാൻ കഷ്ടപ്പെട്ട് ഇവിടെ നിന്നും അയക്കുന്ന പൈസ നിനക്കിങ്ങനെ ധൂർത്തടിക്കാനല്ല. “

രാജേഷിന്റെ വാക്കുകൾ കേട്ട് അവൾ തകർന്നു പോയി. എന്തിനാണ് തനിക്കു ഇങ്ങനെയൊരു ഭർത്താവ്? എന്തും വരട്ടെ. എല്ലാം തുറന്നു പറയുക തന്നെ.

“രാജേഷേട്ടാ, നിങ്ങളുടെ അനിയന്റെ ശല്യം സഹിക്കാൻ വയ്യ. എന്റെ സുരക്ഷക്ക് വേണ്ടി ഞാൻ ഇപ്പോൾ അമ്മയുടെ മുറിയിലാണ് കിടക്കുന്നതു. നമ്മുടെ ബെഡ് റൂമിന്റെ ലോക്ക് അവൻ കേടാക്കി വച്ചിട്ടുണ്ട്. ഒരു പെണ്ണെന്ന നിലയിൽ എനിക്കെന്തു സുരക്ഷയാണ് നിങ്ങളുടെ വീട്ടിലുള്ളത്. ?”

“അവനെന്നെ വിളിച്ചിരുന്നു. നീ ആള് ശരിയല്ലെന്ന്. ആരൊക്കെയോ നിന്നെ കാണാൻ രാത്രിയും പകലും അവിടെ വരുന്നുണ്ടെന്ന്, അമ്മ കിടപ്പിലായത് നിനക്ക് സൗകര്യമായല്ലോ. അവൻ രാത്രിയിൽ പല ശബ്ദങ്ങളും കേൾക്കാറുണ്ടത്രെ. സത്യം പറഞ്ഞോ? ആരാ അവൻ. ഞാൻ വന്നാൽ നിന്നെയും അവനെയും കൊല്ലും. “

“നിങ്ങൾക്ക് ഞാൻ പറയുന്നത് വിശ്വാസമില്ലെങ്കിൽ ഞാനെന്തു പറയാനാണ്. എവിടെയും പോകാനില്ല എന്ന് കരുതി ഞാനാരുടെയും അടിമയാണ് എന്നാരും കരുതണ്ട. എനിക്ക് ജീവിക്കാനും മരിക്കാനും ആരുടെയും അനുവാദം വേണ്ട. “

അവൾ ഫോൺ കട്ട് ചെയ്തു. അവളെ നോക്കി അശ്‌ളീല ചിരിയുമായി നിൽക്കുന്ന രതീഷ്. അവളവനെ തള്ളി മാറ്റി, അമ്മയുടെ മുറിയിലേയ്ക്കു നടന്നു.

“അമ്മ എന്നോട് ക്ഷമിക്കണം, ഇവിടെ ഞാനിനി താമസിച്ചാൽ എന്റെ ജീവിതം ഈ വീടിന്റെ ഉത്തരത്തിലാടി തീരും. എനിക്ക് പഠിയ്ക്കണം, അഭിമാനത്തോടെ ജീവിക്കണം. ഞാൻ പോകുന്നു അമ്മേ. “

അമ്മ കയ്യുയർത്തി അവളുടെ കവിളിൽ തലോടി. മൂർദ്ധാവിൽ കയ്യമർത്തി.

“മോള് പൊയ്ക്കോ, പോയി രക്ഷപ്പെടൂ, ഇത് നീ നേരത്തെ ചെയ്യേണ്ടതായിരുന്നു. ഈ വീട് പെൺ ശാപം കിട്ടിയതാ. എന്റെ ഭർത്താവു ക്രൂരനായിരുന്നു. ഞാനയാളുടെ പ്രവർത്തികൾക്ക് എന്നും കൂട്ട് നിന്നിട്ടുണ്ട്. അതിനുള്ള ശിക്ഷ ഞാനിപ്പോൾ അനുഭവിക്കുന്നു. അയാളുടെ സ്വഭാവം തന്നെയാണ് അയാളുടെ രണ്ടു ആൺ മക്കൾക്കും. നീ രാത്രിയിൽ സാഹസപ്പെട്ടു ഓടി വന്നു ഈ വാതിൽ അടച്ചു കിടക്കുന്നതൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ നിസ്സഹായ ആണ് മോളെ. എല്ലാം ആവർത്തിക്കുന്നു. പോയി രക്ഷപ്പെടൂ കുഞ്ഞേ… “

“‘അമ്മ എന്റെ കൂടെ വരുന്നോ. അമ്മയെ പൊന്നു പോലെ ഞാൻ നോക്കാം. “

“എന്റെ മരണം ഇവിടെ വച്ചു തന്നെ വേണം. മോള് രക്ഷപ്പെട്ടോളൂ… “

അവൾ അവളുടെ കുറച്ചു വസ്ത്രങ്ങൾ ഒരു പ്ലാസ്റ്റിക് കവറിൽ ആക്കി. വീടിനു പുറത്തിറങ്ങി. പിറകിൽ നിന്നും വന്ന രതീഷ് അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു വീടിനുള്ളിൽ അവളെ കയറ്റാൻ ശ്രമിച്ചു. അവൾ വാവിട്ടു കരയാൻ തുടങ്ങി. നാട്ടുകാരൊക്കെ ചുറ്റും കൂടി. മയക്കു മരുന്ന് കേസിലെ പ്രതിയായതു കൊണ്ട് ആരും അടുത്തേയ്ക്ക് വന്നില്ല,അവളുടെ രക്ഷക്ക് വരാൻ എല്ലാവരും മടിച്ചു. ആരോ പോലീസിനെ വിളിച്ചു. അവൾ കുതറി ഓടി. വീടിന്റെ ഗേറ്റു വരെയെത്തി. അപ്പോഴേക്കും അവൾക്കു എവിടെ നിന്നോ ധൈര്യം വന്നു. അവൾ കഴുത്തിൽ കിടന്ന താലി മാല പൊട്ടിച്ചെറിഞ്ഞു. തുണി അടങ്ങിയ കവർ ഒരു കൈ കൊണ്ട് മാറോടു ചേർത്ത് പിടിച്ചു. മറു കൈ കൊണ്ട് അവൾ രതീഷിന്റെ കരണത്തൊന്നു പൊട്ടിച്ചു. എന്നിട്ടും അരിശം തീരാഞ്ഞു അവൾ വലതു കാൽ ഉയർത്തി അവന്റെ അടി വയറ്റിൽ ആഞ്ഞൊരു ചവിട്ടു കൊടുത്തു. അവൻ ബാലൻസ് തെറ്റി പുറകോട്ടു മലച്ചു. ചുറ്റും കൂടി നിന്ന ജനം അവളെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.

“സ്ത്രീയുടെ ജീവിതം ഭർത്താവിനും ബന്ധുക്കൾക്കും വേണ്ടി എരിഞ്ഞ് തീർക്കാനുള്ളതല്ല. എനിക്കും സ്വപ്നങ്ങളുണ്ട്. അതിനു വേണ്ടി ഞാനിനി ജീവിക്കും. “

അവൾ വലതു കാൽ ഉയർത്തി വച്ചു പുരയിടത്തിനു പുറത്തിറങ്ങിയപ്പോൾ പോലീസ് ജീപ്പും അതോടൊപ്പം ഡോക്ടർ ഐശ്വര്യയുടെ കാറും വന്നെത്തി. അവൾ പോലീസിനോട് എല്ലാം തുറന്നു പറഞ്ഞു. ഐശ്വര്യ അവളെ വീട്ടിലേയ്ക്കു ക്ഷണിച്ചു. ധന്യ ഐശ്വര്യയുടെ കാറിൽ കയറി. പുതിയൊരു ജീവിതം പടുത്തുയർത്താനുള്ള പ്രത്യാശയിലായിരുന്നു അവളുടെ യാത്ര.

✍️നിശീഥിനി