എനിക്ക് സ്നേഹം വേണം, അത് പ്രകടമായിത്തന്നെ കിട്ടണം. ഉള്ളിൽ സ്നേഹമുണ്ട്, പ്രകടിപ്പിക്കാനറിയില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല…

Written by Darsaraj R Surya

=================

ശ്രീ.ജൂഡിന്റെ “2018” OTT യിൽ ഇറങ്ങിയതോടുകൂടി പലരും അനാവശ്യ കാസ്റ്റിംഗായിട്ട് ശ്രീ.വിനീതിന്റെ കഥാപാത്രത്തെ ട്രോളുന്നുണ്ട്.

പ്രളയസമയത്ത് പ്രവാസികൾ നാട്ടിലെത്താൻ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളുടെ നേർചിത്രമാണ് വിനീതിന്റെ കഥാപാത്രം.അപ്പോഴും ഉത്തരം കിട്ടാത്ത ഒരു ട്രോൾ ബാക്കി.

ചെന്നൈ 🙂?

എന്നാൽ പിന്നെ സുധിയുടെ കല്ല്യാണം കൂടാൻ ട്രെയിനിൽ ചെന്നൈയിൽ പോയ ഫ്ലാഷ്ബാക്കിലൂടെ വിനീതിനെ കേന്ദ്ര കഥാപാത്രമാക്കി “2018” എഴുതുവാനുള്ള എന്റെ എളിയ ശ്രമം.

***********************

2017 മാർച്ച്‌ 15

ഇടവകൂറിലെ കാർത്തിക നക്ഷത്രം.

സമയം അത്ര നന്നല്ലല്ലോ രമേശാ? അപ്പോൾ രമേശന് ഇപ്പോൾ അറിയേണ്ടത് ഡിവോഴ്സിന്റെ വക്കിലെത്തി നിൽക്കുന്ന ഭാര്യ മനസ്സ് മാറി തന്നിലേക്ക് തിരിച്ചു വരുമോ ഇല്ലയോ എന്നതാണല്ലേ?

അതേ,ചേട്ടാ.

എന്തായാലും ദക്ഷിണ വെച്ചിട്ട് പുള്ളിക്കാരിയുടെ മനസ്സ് മാറണേ എന്ന് ആഗ്രഹിച്ച് കുടുംബ ദേവതയെ കണ്ണടച്ച് പ്രാർത്ഥിച്ചോളൂ.

“ഓം ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവ്വ വിഘ്നോപശാന്തയെ”

കഴിഞ്ഞ ഫെബ്രുവരി 21 മുതൽ രമേശന് രാഹുർ ദശയിൽ കേതു തുടങ്ങി കഴിഞ്ഞിരിക്കുന്നു.കേതു എന്ന് പറഞ്ഞാൽ സർവ്വ കാര്യങ്ങൾക്കും തടസ്സം എന്നർത്ഥം.രാഹുർ ദശയിൽ ഏറ്റവും മാരകമാണ് കേതു.ഈ കേതുവോടുകൂടിയാണ് രാഹുർദശയിൽ മാറ്റങ്ങൾ വരുന്നത്.

എന്ന് വെച്ചാൽ അനു ഇനി തിരിച്ചു വരില്ല എന്നാണോ?

അങ്ങനെ തീർത്ത് പറയാനൊക്കില്ല.രാഹുർ ദശയിൽ ചൊവ്വയുടെ അപഹാരം ആണ് ഇപ്പോൾ നടന്നോണ്ടിരിക്കുന്നത്.അതായത് രമേശന്റെ ലൈഫിലെ ഏറ്റവും മോശമുള്ള സമയം എന്ന് ചുരുക്കം.ഇതൊന്നും പോരാഞ്ഞിട്ട് കേതു നിൽക്കുന്നത് കൃത്യം ഏഴാം ഭാവത്തിലും.ഏഴ് എന്ന് പറഞ്ഞാൽ പങ്കാളിയുടെ സ്ഥാനം.

വശ്യ മോഹിനി പൂജ കൊണ്ടേ ഇനി എന്തെങ്കിലും ചെയ്യാനാവൂ.രമേശൻ അബുദാബിയിൽ ആണെന്നല്ലേ പറഞ്ഞത്?

35000 രൂപ ചിലവ് വരുന്ന ഒരു പൂജയുണ്ട്.അത് ചെയ്താൽ അടുത്ത ദിവസം ഭാര്യ മനസ്സ് മാറി തിരിച്ചു വരും.

പൈസ പ്രശ്നമില്ല ചേട്ടാ.എങ്ങനെ എങ്കിലും അവളുടെ മനസ്സൊന്ന് മാറിയാൽ മതി.

അപ്പോൾ പൂജയ്ക്ക്‌ വാങ്ങേണ്ട കുറച്ചു സാധനങ്ങളുടെ ലിസ്റ്റ് ഞാൻ Whatsapp ൽ അയക്കാം.താൻ ധൈര്യമായിട്ടിരിക്കൂ,നമുക്ക് എല്ലാം റെഡിയാക്കാം.

താങ്ക്സ് ചേട്ടാ,എന്നാൽ ഞാനങ്ങോട്ട്?

ആയിക്കോട്ടെ.

അവിടന്നിറങ്ങിയ ഉടനെ രമേശനൊരു ഫോൺ കാൾ വന്നു.

ഹലോ രമേശേട്ടാ.

ആ അനൂപേ പറയടാ.

രമേശേട്ടാ നിങ്ങൾ ഇതെവിടെയാ?

ഞാൻ……ഞാൻ കുറച്ചു ദൂരെയാ അനൂപേ…..റൂമിലെ ഒരു ഫ്രണ്ട് അവന്റെ വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ തന്ന് വിട്ടായിരുന്നു.അത് കൊണ്ട് കൊടുക്കാനായിട്ട് രാവിലെ ഇറങ്ങിയതാ.

നിങ്ങൾ എന്നോട് നുണ ഇറക്കല്ലേ രമേശേട്ടാ.നിങ്ങളാ പ്രവചന കുലപതി എന്ന് സ്വയം പറഞ്ഞും ഫ്ളക്സ് അടിച്ചും ആളുകളെ പറ്റിക്കുന്ന സതീശന്റെ അടുത്ത് പോയതല്ലേ ഭാവി അറിയാൻ?

അനൂപേ അത് പിന്നെ……അത് പോട്ടെ നീ എന്തിനാ വിളിച്ചത്?

എനിക്ക് നിങ്ങളെ ഒന്ന് നേരിട്ട് കാണണമായിരുന്നു.ഞാൻ ഇവിടെ ഭാസി ചേട്ടന്റെ കടയിലുണ്ടാവും,വന്നിട്ട് വിളിക്ക്.

-വൈകുന്നേരം-

അനൂപേ…. എന്താടാ കാണണം എന്ന് പറഞ്ഞത്?

രമേശേട്ടാ നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറയുകയാ.നിങ്ങളീ കണ്ട ജ്യോത്സന്മാർക്ക് പൈസ കൊണ്ട് കൊടുക്കാതെ അനുവിനോട് നേരിട്ട് സംസാരിക്ക്.നിങ്ങൾ ഇന്ന് നോക്കിക്കാൻ പോയ സതീശൻ നമ്മുടെ ഉണ്ടാപ്പിയുടെ അസുഖം മാറ്റി തരാമെന്നും പറഞ്ഞ് വർഗീസേട്ടന്റെ കയ്യിൽ നിന്നും 25000 രൂപ വാങ്ങിയതൊക്കെ നിങ്ങൾ മറന്നോ?

അനൂപേ എനിക്ക് ഇതിലൊന്നും വിശ്വാസം ഉണ്ടായിട്ടല്ലടാ ഒരു ആശ്വാസത്തിന് വേണ്ടിയാ…….

ആരോ വിളിക്കുന്നുണ്ടല്ലോ രമേശേട്ടാ?നിങ്ങൾ ഫോണെടുക്ക്.എന്തിനാ കട്ട്‌ ആക്കുന്നത്?

അത് അനുവിന്റെ അച്ഛനാടാ.

നോക്ക് രമേശേട്ടാ,നിങ്ങൾക്കിടയിൽ എന്താണ് നടന്നതെന്ന് എനിക്ക് അറിയില്ല.അറിയേം വേണ്ട.പക്ഷെ ആളുകൾ ഓരോന്ന് പറഞ്ഞ് ഉണ്ടാക്കുന്നതിനും മുമ്പ് അനുവിനോട് നേരിട്ട് മനസ്സ് തുറന്ന് സംസാരിച്ച് സോൾവ് ചെയ്യാൻ പറ്റുന്ന പ്രശ്നങ്ങൾ ആണെങ്കിൽ സോൾവ് ആക്കാൻ നോക്ക്.അല്ലാണ്ട്………..

പറയാൻ അവൾ നിന്ന് തരണ്ടേ?

എന്റെ രമേശേട്ടാ അതൊക്കെ വാശി പുറത്തുള്ള തീരുമാനങ്ങളാവും.നേരിട്ട് മനസ്സ് തുറന്ന് സംസാരിച്ചാൽ തീരാത്ത എന്ത് പ്രശ്നമാ ഉള്ളത്?

നീ ഇത് പറയാനാണോ കാണണമെന്ന് പറഞ്ഞത്?

ആ അതേ.പിന്നെ ഒരു കാര്യം കൂടിയുണ്ട്.

ഞാൻ ആർമിയിൽ നിന്ന് ഓടി പോയ കഥയൊക്കെ അനു പറഞ്ഞെങ്കിലും രമേശേട്ടൻ അറിഞ്ഞു കാണുമല്ലോ?

അത് ഞാൻ അറിഞ്ഞിരുന്നു.എന്തായാലും ഇന്ത്യൻ ആർമി അല്ലേ?അവിടന്ന് കിട്ടിയ ട്രെയിനിങ്ങൊക്കെ എപ്പോഴെങ്കിലും നിനക്ക് ലൈഫിൽ പ്രയോജനമാവും.

ഓ പ്രവചന കുലപതി സതീശന്റെ അടുത്ത് പോയതല്ലേ? ഇങ്ങനെ പലതും കേൾക്കേണ്ടി വരും.

പോടാ……

രമേശേട്ടാ നിങ്ങൾ എനിക്കൂടി അബുദാബിയിൽ ഒരു ജോലി ശരിയാക്കി താ.

അത് ഞാൻ ശ്രമിക്കാം.അനൂപേ എനിക്ക് “ഇപ്പോൾ” അനൂന്റെ കൂടെ ജീവിക്കാൻ കൊതിയാകുന്നെടാ.

ഇപ്പോൾ? അത് അങ്ങനെയാ രമേശേട്ടാ,കൈ വിട്ട് പോകുന്നതിന്റെ വക്കിലെത്തുമ്പോഴേ മനുഷ്യന് തിരിച്ചറിവ് ഉണ്ടാകൂ.ആ തിരിച്ചറിവ് അവൾക്കും ഉണ്ടെങ്കിൽ അവൾ താനേ തിരിച്ചു വരും.അതിനിടക്ക് ആരൊക്കെ ഇനി കുത്തിത്തിരുപ്പ് ഉണ്ടാക്കിയാലും.

നിനക്ക് അറിയോ അനൂപേ?എന്നോട് ഓരോ തവണ ലീവിന് വരുമ്പോഴും പാവയെ കൊണ്ട് വരാൻ അവൾ പറയുമായിരുന്നു. പക്ഷെ ഞാൻ അതൊന്നും കാര്യമായിട്ടെടുത്തിട്ടില്ലായിരുന്നു.പക്ഷെ ഇന്ന് അവളുടെ ഓരോ ആഗ്രഹങ്ങളും നടത്തി കൊടുക്കാൻ എനിക്ക് കൊതിയാകുന്നെടാ.

സാരമില്ല 🫂

അനു ഇപ്പോൾ അവളുടെ വീട്ടിലാണോ?

അവൾ എന്റെ വീട്ടിൽ തന്നെയുണ്ട്. അമ്മയുടേയും നാട്ടുകാരുടേയും മുമ്പിൽ നല്ല കപ്പിളായിട്ട് അഭിനയിച്ചല്ലേ പറ്റൂ.

രമേശേട്ടൻ FB യിൽ ഇടുന്ന സ്റ്റോറീസൊക്കെ ഞാൻ ഭാസി ചേട്ടന് വായിച്ചു കൊടുക്കാറുണ്ട്.ഇതിനൊക്കെ എപ്പോഴാ സമയം കിട്ടാറ്?

ആദ്യമൊക്കെ എഴുത്ത് പാഷൻ ആയിരുന്നു.ഇപ്പോൾ എഴുതുന്നത് ഉറക്കം ഇല്ലാത്തോണ്ടാണ്.

പിന്നെ,ഞാൻ നാളെ രാവിലെ തിരിച്ചു പോവുകയാ അനൂപേ.

അതിന് ലീവ് ഇനിയും ഉണ്ടല്ലോ?

ഇവിടെ നിന്നാൽ ശരിയാവില്ല.നിന്റെ ജോലി കാര്യം ഞാൻ ശരിയാക്കാം.നീ ഒരു CV എനിക്ക് മെയിലിൽ അയച്ചേക്ക്.

Ok ചേട്ടാ 🫂

2018 ജൂൺ / ഭാസി ചേട്ടന്റെ കട.

അനൂപേ, നീ ഇങ്ങ് വന്നേ…….

ടാ നീയാ രമേശനെ വിളിച്ചിട്ട് വിസയുടെ കാര്യം ഒന്ന് വേഗം ശരിയാക്കാൻ പറ.അല്ലാതെ ഈ പെട്ടിക്കടയിൽ വന്ന് നിന്ന് കമന്ററി പറയേണ്ടവനല്ല നീ.

ഒരു വോയിസ് ഇട്ടു നോക്കാമല്ലേ?

ഇട്ട് നോക്ക് ഇട്ട് നോക്ക്.

രമേശേട്ടാ, ബുദ്ധിമുട്ടിക്കുക ആണെന്ന് അറിയാം.പക്ഷെ എന്റെ കാര്യം ഞാൻ തന്നെ നോക്കണ്ടേ? മറക്കല്ലേ.

അയച്ചിട്ടുണ്ട്, പക്ഷെ ബ്ലൂ ടിക്ക് വന്നില്ല.

വരും വരും.

അതേ സമയം അങ്ങ് അബുദാബിയിൽ.

രമേശേട്ടാ, ബുദ്ധിമുട്ടിക്കുക ആണെന്ന് അറിയാം. പക്ഷെ എന്റെ കാര്യം ഞാൻ തന്നെ നോക്കണ്ടേ? മറക്കല്ലേ.

🙂

പെട്ടന്ന് രമേശന്റെ ഫോണിലേക്ക് അനുവിന്റെ നമ്പറിൽ നിന്നും കാൾ വന്നു.

ഹലോ

ഇങ്ങേടുത്തേ.ഓഹോ അപ്പോൾ അവളുടെ നമ്പർ കണ്ടാലേ നീ ഫോൺ എടുക്കോളല്ലേ?

അയ്യോ അച്ഛാ ജോലി തിരക്കായിരുന്നു. ഫോൺ വന്നത് കണ്ടില്ല.

ഉവ്വാ… എന്തായാലും ഇതിങ്ങനെ മുമ്പോട്ട് കൊണ്ട് പോവാനൊക്കില്ല.ഒത്തുപോകാൻ പറ്റില്ലെന്ന് അവൾ പറഞ്ഞ സ്ഥിതിക്ക് നിന്നോട് എത്രയും പെട്ടെന്ന് പേപ്പറിൽ ഒപ്പിട്ട് വാങ്ങാനാ വക്കീൽ പറഞ്ഞേക്കുന്നത്.

അച്ഛാ അനുവിനൊന്ന് ഫോൺ കൊടുക്കാമോ?

അവൾക്ക് നിന്നോടൊന്നും സംസാരിക്കാനില്ല.ബാക്കി വന്നിട്ട്…….

ഫോൺ വെച്ച ശേഷം രമേശ് തന്റെ കൂടെ ജോലി ചെയ്യുന്നതും അതിലുപരി നാട്ടുകാരനുമായ അരുണിന്റെ ക്യാബിനിൽ ചെന്നു.

അടുത്ത മാസമല്ലേ വൈഫിന്റെ ഡ്യൂ ഡേറ്റ്?നീ എന്റെ ലീവിന് നാട്ടിൽ പോയിട്ട് വാ.എനിക്ക് പോയിട്ട് അത്യാവശ്യം ഒന്നുമില്ല.വൈഫിനെ വിളിച്ച് പറഞ്ഞേക്ക്.

താങ്ക്സ് 🙂

കുറച്ചു ദിവസങ്ങൾക്ക് ശേഷം.

ഹലോ അമ്മേ.

മോനെ നീയും അവളും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ?അവൾ വീട്ടിൽ പോയിട്ട് ഇത്രേം ദിവസം കഴിഞ്ഞിട്ടും തിരിച്ചു വന്നില്ലല്ലോ?

അമ്മാ,എനിക്ക് കുറച്ചു ജോലി തിരക്കുണ്ട് രാത്രി വിളിക്കാം.

രമേശൻ എന്തോ തന്നിൽ നിന്നും ഒളിക്കുന്നതായി തോന്നിയ അമ്മ നേരേ അനുവിനെ ഫോൺ വിളിച്ചു.

മോളെ.നിങ്ങൾ തമ്മിലെന്താ പ്രശ്നം?വയസ്സ്കാലത്ത് അമ്മയെ ഇങ്ങനെ ആധി പിടിപ്പിക്കല്ലേ.

രമേശേട്ടൻ ഒന്നും പറഞ്ഞില്ലേ അമ്മ?

അവൻ ഓരോ………….

ഹലോ….അമ്മേ

ഹലോ കേൾക്കുന്നുണ്ടോ?

മോളെ ഇവിടെ Range കട്ടാവുന്നു.ഞാൻ പുറത്തോട്ട് ഒന്ന് ഇറങ്ങട്ടെ.

വീടിന് പുറത്തോട്ട് ഇറങ്ങിയതും കോരി ചൊരിയുന്ന മഴയിൽ രമേശന്റെ അമ്മ കാല് തെറ്റി വീണു.

അമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയതിനാൽ എമർജൻസി ലീവ് എടുത്ത് രമേശന് നാട്ടിലേക്ക് പ്രളയസമയത്ത് പോകേണ്ടി വന്നു.

അളിയാ അരുണേ സോറി.വൈഫിന്റെ ഡെലിവറി ആണെന്ന് അറിയാം.പക്ഷെ എനിക്ക് ഇപ്പോൾ നാട്ടിൽ പോയെ പറ്റൂ.

അത് സാരമില്ല രമേശാ നീ പോയിട്ട് വാ. ചിലപ്പോൾ അനുവുമായി ഒരുമിക്കാൻ ഇത് ദൈവം തന്ന അവസരമായിരിക്കും.

ഒടുവിൽ രമേശൻ നാട്ടിലേക്ക് യാത്ര തിരിച്ചു.

തന്നോട് എത്ര പിണക്കമുണ്ടായിരുന്നെങ്കിലും അമ്മക്കൊരു ആപത്ത് വന്നപ്പോൾ അനു തന്നെയാണ് അമ്മയുടെ കൂടെ ഹോസ്പിറ്റലിൽ നിൽക്കുന്നത് എന്നറിഞ്ഞ രമേശന്റെ കണ്ണ് നിറഞ്ഞു.

പ്രളയം വരുത്തിയ ഗതാഗത കുരുക്കിനാൽ കോയമ്പത്തൂർ എയർപോർട്ടിൽ ഇറങ്ങേണ്ടി വന്ന രമേശന് തിരിച്ച് നാട്ടിലെത്താൻ ട്രെയിൻ പിടിക്കേണ്ടി വന്നു.

ഹലോ അനു.അമ്മക്കെങ്ങനെ ഉണ്ട്?

കുഴപ്പമില്ല.റൂമിലേക്ക്‌ മാറ്റി.

അതേ…..ഞാൻ ട്രെയിനിലാട്ടോ വരുന്നത്. നമ്മൾ സുധിയുടെ കല്യാണത്തിന് ചെന്നൈയിൽ പോയ അതേ ട്രെയിനാ.

ആ…

അനു ഫോൺ കട്ടാക്കി.

ഇതേ ട്രെയിനിൽ സുധിയുടെ കല്ല്യാണത്തിന്‌ പോകും വഴി ഉറക്കം വന്നപ്പോൾ അനു, തന്റെ മടിയിൽ തല ചായ്ക്കാൻ തുടങ്ങിയപ്പോൾ ആളുകൾ എന്ത് കരുതും എന്ന് വിചാരിച്ച് തട്ടി മാറ്റിയതൊക്കെ ഓർത്തെടുത്ത് രമേശൻ വിതുമ്പി.

“എനിക്ക് സ്നേഹം വേണം, അത് പ്രകടമായിത്തന്നെ കിട്ടണം.ഉള്ളിൽ സ്നേഹമുണ്ട്
പ്രകടിപ്പിക്കാനറിയില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല.ശവകുടീരത്തിൽ വന്ന്
പൂവിട്ടാൽ ഞാനറിയുമോ…? “

അനു അവസാനമായി വാട്സാപ്പിൽ തനിക്കയച്ച മാധവികുട്ടിയുടെ വരികൾ നോക്കി സങ്കടം സഹിക്കാനാവാതെ രമേശൻ ആരും കാണാതെ ഏങ്ങിക്കരഞ്ഞു.

കുറച്ചു സമയത്തിന് ശേഷം ഹോസ്പിറ്റലിലെ TV യിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രമേശൻ വന്നോണ്ടിരുന്ന ട്രെയിൻ അപകടത്തിൽപ്പെട്ട വാർത്ത അനു കേൾക്കാൻ ഇടയായി.കേട്ട പാതി,ഉള്ളിലെ ഈഗോയും പിണക്കവും മറന്ന് പരിഭ്രാന്തിയിൽ തന്റെ ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ കണക്ടായില്ല.

ഒടുവിൽ അപകടമൊന്നും പറ്റിയില്ലെങ്കിലും വഴിയിൽ പെട്ടുപോയ രമേശനും ട്രെയിനിൽ വെച്ച് പരിചയപ്പെട്ട അശോകിനും സേതുപതി എന്ന തമിഴൻ ലോറി ഡ്രൈവർ ലിഫ്റ്റ് നൽകുന്നു.

അശോക് വഴിയിൽ ഇറങ്ങിയ ശേഷം തന്റെ ഫോണിന്റെ ചാർജ്ജ് തീർന്നതിനാൽ സേതുപതിയുടെ ഫോൺ വാങ്ങി രമേശൻ അനുവിനെ വിളിച്ചു.

ജീവന്റെ പാതിക്ക് എന്ത് സംഭവിച്ചെന്നനറിയാതെ ടെൻഷനടിച്ചിരുന്ന അനുവിന് രമേശന്റെ വിളി അവർ തമ്മിലുള്ള മഞ്ഞുരുകലിന്റെ തുടക്കമായിരുന്നു.

ഇതിനിടയിൽ കേരളത്തിൽ ബോംബ് വെക്കുക എന്ന ഉദ്ദേശത്തോടുകൂടി വന്ന സേതുപതിയുടെ മനസ്സ് പല പല പ്രളയ കാഴ്ച്ചകളാൽ മാനസാന്തരപ്പെട്ടു.

തന്നെ സേതുപതി ഡ്രോപ്പ് ചെയ്‌ത ശേഷം ഒരു കുഞ്ഞു പാവകുട്ടിയെ സേതുപതിയുടെ മോൾക്ക് കൊടുക്കാൻ സമ്മാനിച്ചിട്ട് രമേശൻ ഒരു ചെറു പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു.

ഏതാനും വർഷങ്ങൾക്ക് മുമ്പ്,സുധിയുടെ കല്യാണത്തിൽ വെച്ച് ഒരു പെൺകുട്ടി തൊട്ടപ്പുറത്ത് കഴിച്ചോണ്ടിരുന്ന കുട്ടിയുടെ കയ്യിൽ ഇരിക്കുന്ന പോലത്തെ പാവ വാങ്ങി തരുമോ എന്ന് തന്റെ അച്ഛനോട് ചോദിച്ചതും അദ്ദേഹം പരസ്യമായി ആ കുട്ടിയോട് ദേഷ്യപ്പെടുകയും ആഹാരം പോലും മുഴുവിപ്പിക്കാതെ വലിച്ചിഴച്ചോണ്ട് പോവുകയും ചെയ്‌ത ഓർമ്മകൾ രമേശൻ ഓർത്തെടുത്തു.താടിയും മുടിയും നീട്ടി വളർത്തിയ ആ അച്ഛൻ സാക്ഷാൽ സേതുപതി തന്നെയായിരുന്നു.പോരാഞ്ഞിട്ട് ഹോട്ടലിൽ നിന്ന് സേതുപതി മറന്നു വെച്ച പേഴ്സിൽ മോളുടെ ഫോട്ടോ കൂടി കണ്ടതോടെ രമേശന്റെ ഓർമ്മകളുടെ പുകമറ മാറി കിട്ടി.

സേതുപതിയുടെ മകൾക്ക് സമ്മാനിച്ച ആ പാവ ഇത്തവണ അനുവിന് കൊടുക്കാൻ രമേശൻ വാങ്ങിയതായിരുന്നു.പക്ഷേ അത് സേതുപതിയുടെ മോൾക്ക് വിധിച്ചതായിരുന്നു.അതിനേക്കാൾ അർഹതപ്പെട്ടതായിരുന്നു എന്ന് പറയുന്നതാകും ഉചിതം.

അങ്ങനെ 2018 ലെ പ്രളയകെടുതിയുടെ ഇടപെടലിനാൾ അനുവും രമേശനും ഡിവോഴ്സ് ചെയ്യാതെ ഒരിക്കൽ കൂടി ഒരുമിച്ച് ജീവിക്കാൻ തുടങ്ങി❣️

അപ്പോഴും അനൂപിന്റെ മരണം ഇരുവരേയും ഏറെ സങ്കടപ്പെടുത്തിയിരുന്നു.കാരണം രമേശനും അനുവും ഒളിച്ചോടി കല്യാണം കഴിക്കാൻ തീരുമാനിച്ച വേളയിൽ അതിന്റെ ചുക്കാൻ പിടിച്ചത് അനൂപ് ആയിരുന്നു.

രമേശനും അനുവും കൂടി അനൂപിന്റെ സ്മാരകത്തിന് മുമ്പിൽ കൈ കൂപ്പി നമസ്കരിച്ചു.തിരിച്ചു പോവാൻ നേരം അനൂപിന്റെ സ്മാരകത്തിന്റെ പുറത്ത് രമേശൻ ഒരോഫർ ലെറ്ററും വിസയും വെച്ചു കൊടുത്തു.അനൂപിനുള്ള ജോബ് വിസയും ഓഫർ ലെറ്ററും കൊണ്ടായിരുന്നു രമേശൻ ഇത്തവണ നാട്ടിലേക്ക് വന്നത്. പക്ഷെ……………..

ഒരു നിമിഷം രമേശൻ പുറകോട്ട് ചിന്തിച്ചു.

അനൂപേ, നിന്റെ ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോ വേഗം എനിക്ക് മെയിൽ അയച്ചേ.

അയ്യോ രമേശേട്ടാ പുതിയ ഫോട്ടോ ഒന്നും കയ്യിൽ ഇല്ലല്ലോ.ഞാൻ സ്റ്റുഡിയോയിൽ പോയിട്ട് അയക്കാം.കോട്ട് എഡിറ്റ്‌ ചെയ്ത് കേറ്റണോ?

അതൊന്നും വേണ്ടടാ. നോർമൽ ചെക്ക് ഷർട്ട് മതി.നല്ല സ്റ്റൈൽ ആയിട്ട് ചിരിച്ചേക്ക്. നമ്മുടെ അരുൺ ഓണത്തിന് എന്റെ ലീവിൽ നാട്ടിൽ വരുന്നുണ്ട്.അവന്റെ വൈഫിന്റെ ഡെലിവറി അല്ലേ? അവൻ നിനക്കിവിടെ നല്ലൊരു ജോലി സെറ്റ് ആക്കിയിട്ടുണ്ട്.രണ്ടാളും ഒരുമിച്ച് തിരിച്ചു വാ……..

എന്താ രമേശേട്ടാ ആലോചിക്കുന്നേ?

ഒന്നൂല്ല അനു.എനിക്ക് അയക്കാൻ വേണ്ടി അവൻ എടുത്ത ഫോട്ടോ ഇതേ പോലെ കാണേണ്ടി വരുമെന്ന്……………

നിറ കണ്ണുകളോടുകൂടി അനുവിനെ പബ്ലിക്കായിട്ട് കെട്ടിപ്പിടിച്ചോണ്ട് അനൂപ് അവസാനമായി അയച്ച മെസ്സേജ് രമേശൻ വായിച്ചു.

എന്റെ രമേശേട്ടാ എന്നോട് പലരും നിങ്ങൾ ഡിവോഴ്സ് ആവാൻ പോകുന്നതിന്റെ കാര്യം ചോദിക്കുന്നുണ്ട്.ഞാൻ അവരോടൊക്കെ ഒന്നേ പറഞ്ഞിട്ടുള്ളൂ.

“അവർ ഭാര്യയും ഭർത്താവുമാണ്.അവർക്കിടയിൽ എന്താ നടന്നതെന്ന് അവർക്കേ അറിയൂ.അത് കൊണ്ട് ഡിവോഴ്സിന്റെ ശരിക്കുള്ള റീസൺ എന്താണെന്ന് ഇപ്പോഴേ അറിഞ്ഞാൽ നിങ്ങൾ നാട്ടുകാർക്ക് അതിൽ ഒരു ത്രിൽ ഉണ്ടാവില്ല.ഇതാകുമ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ള തരത്തിൽ ഒത്തിരി കഥകൾ മെനയാലോ”?

Everyone is a hero until they interfere others privacy

©️ ✍️ Darsaraj R Surya ❣️