കാണാക്കിനാവ് – ഭാഗം പതിമൂന്ന്

എഴുത്ത്: ആൻ.എസ്.ആൻ

പന്ത്രണ്ടാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഓഫീസിലേക്ക് ഇറങ്ങാൻ നേരം ഒന്നും കൂടി എന്നെ ഒളികണ്ണിട്ടു നോക്കിയിട്ട് പോയി കാട്ടാളൻ. അതും കൂടെ കണ്ടപ്പോൾ എന്റെ ഉള്ളിൽ പറയാനാവാത്ത….എന്തോ ഒരിത്…കാട്ടാളൻ ആണ്…ഇനി എന്നെ ഇവിടുന്ന് ഇറക്കി വിടാൻ ഉള്ള വല്ല പത്തൊമ്പതാമത്തെ അടവ് ആണോ…? കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ പറ്റാത്ത ഇനമാണ്. എന്തായാലും ഒന്ന് കരുതിയിരിക്കാം. എവിടെ വരെ പോകുമെന്ന് നോക്കാലോ…?

മടിച്ചു മടിച്ചു ഓഫീസിലെത്തി. ഒപ്പിടാൻ കാട്ടാളന്റെ മുറിയോട് അടുക്കുമ്പോഴേക്കും എന്റെ ഉള്ളിൽ നിന്നും എന്തൊക്കെയോ ഒരു കോളിളക്കം. ഒന്ന് കണ്ട്രോൾ ചെയ്തു ഞാൻ മുറിയിൽ കയറി. എതോ ഫയൽ നോക്കുകയാണ്. രക്ഷപെട്ടു…തൽക്കാലം ഒന്നും മിണ്ടാതെ ഒപ്പിട്ടിട്ട് സ്ഥലം വിടാം. നാശം പിടിക്കാൻ രജിസ്റ്റർ ആണെങ്കിൽ മേശപ്പുറത്ത് ഇല്ല താനും.

“എന്താ പാറു….?” ഈശ്വരാ പാറുവോ…ഇയാൾ എന്റെ പുക കണ്ടിട്ടേ പോകൂ. “സാർ രജിസ്റ്റർ”

“ആദ്യം നീ ഈ സാർ വിളി നിർത്ത്. എന്നാൽ രജിസ്റർ തരാം”

“പിന്നെ ഞാൻ സാറിനെ എന്തു വിളിക്കണം…?”

“അതിപ്പം…സാർ ഒഴികെ വേറെ എന്തെങ്കിലും…അമ്മയൊക്കെ വിളിക്കുന്നതുപോലെ” “അപ്പം ഹരിക്കുട്ടന്നാണോ…”

“കുട്ടാ എന്നല്ല…വേറെ…ഹരി…ഹരി എന്ന് വിളിച്ചാൽ മതി.” അപ്പോഴേക്കും വലിയ കുഞ്ഞേന്നും വിളിച്ചു ശങ്കരേട്ടനും മറ്റൊരാളും മുറിയിലേക്ക് കയറി വന്നു.”സാർ രജിസ്റ്റർ” കിട്ടിയ തക്കത്തിന് മേശയുടെ വലിപ്പിൽ ഇരുന്ന രജിസ്റ്റർ ചൂണ്ടിക്കാട്ടി കള്ളച്ചിരിയോടെ ഞാൻ ചോദിച്ചു. വേറെ വഴിയൊന്നും ഇല്ലാതെ രജിസ്റ്റർ എന്റെ നേരെ നീട്ടി കണ്ണുരുട്ടി കാട്ടാളൻ.

കുറച്ചു കഴിഞ്ഞതും ശങ്കരേട്ടനും നേരത്തെ വന്ന ആളും കൂടെ ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങി. കാട്ടാളൻ എന്റെ മുറിയുടെ വാതിലിനടുത്ത് വന്നു. “ഞങ്ങൾ ഒന്ന് പുറത്തു പോകുന്നു. കുറച്ചു കഴിഞ്ഞേ വരൂ…നിനക്ക് പിന്നെ ചെയ്യാൻ ഞാൻ തന്ന പണി ഉണ്ടല്ലേ…? അത് മാത്രം ഭംഗിയായി ചെയ്തിട്ട് ഇവിടെ ഇരിക്ക്.”

പണിയോ…? എന്ത് പണി…? എന്ന മട്ടിൽ ഞാൻ കാട്ടാളനെ നോക്കി.

“ഞാൻ തിരിച്ചു വരുന്നത് വരെ. എന്നെ പറ്റി മാത്രം ആലോചിച്ചിരിക്കുന്നത്…” എന്നും പറഞ്ഞു കൊണ്ട് എനിക്കൊരു മറുപടി കൊടുക്കാൻ പറ്റുന്നതിനു മുന്നേ പോയിക്കളഞ്ഞു കാട്ടാളൻ.

ഈശ്വരാ…ഇയാളെ ഞാനിന്ന്…എന്റെ പട്ടി ആലോചിക്കും നിങ്ങളെ പറ്റി. ഈ ലോകത്ത് വേറെ എന്തെല്ലാം നല്ല കാര്യങ്ങൾ ഉണ്ട് ആലോചിക്കാൻ…? കാട്ടാളന്റെ കാർ ഓഫീസിന്റെ മുറ്റം കടന്നിട്ടില്ല. എന്റെ ചിന്ത അതിലും സ്പീഡിൽ പാഞ്ഞു തുടങ്ങി. എന്നാലും കാട്ടാളൻ എങ്ങോട്ട് ആയിരിക്കും പോയി കാണുക…? ശങ്കരേട്ടട്നോട് എങ്കിലും ചോദിക്കാമായിരുന്നു…? ഇനി എപ്പോഴാ തിരിച്ചു വരിക….? ഇന്നലെ സൂരജിന് പണി കൊടുത്തതിന് ഒരു നന്ദി എങ്കിലും പറയാമായിരുന്നു. എന്നാലും രാവിലെ കാട്ടാളൻ കാര്യമായിട്ടാണോ പറഞ്ഞത്…? ഇനിയിപ്പം അതിൽ വല്ല സത്യവും…? നാശം..!! എനിക്ക് ഇത് എന്താ…? അയാളെ പറ്റി മാത്രമേ ചിന്തിക്കാൻ ഉള്ളൂ…?

ഓരോ വണ്ടിയുടെ ശബ്ദം കേൾക്കുമ്പോഴും ഓരോ മണിക്കൂറിലും വാച്ചിലേക്ക് നോക്കുമ്പോഴും നിസ്സഹായതയോടെ ഞാനറിയുകയായിരുന്നു എനിക്ക് കാട്ടാളനെ കുറിച്ച് അല്ലാതെ മറ്റൊന്നും ചിന്തിക്കാൻ പറ്റുന്നില്ല എന്ന്…

വൈകീട്ട് ആയിട്ടും കാട്ടാളൻ വന്നില്ല. ഇത് എവിടെയായിരിക്കും എന്നറിയാൻ എന്റെ മനസ്സിൽ വീർപ്പുമുട്ടുണ്ടായിരുന്നു. സാധാരണ ഹരിക്കുട്ടൻ എന്ന് പറയാൻ മാത്രം വായ തുറക്കുന്ന ലക്ഷ്മി അമ്മയാണെങ്കിൽ ഇന്ന് ആ പേര് തന്നെ മറന്നു പോയിരിക്കുന്നു. രാത്രി ഭക്ഷണം കഴിക്കുന്ന നേരമായിട്ടും കാട്ടാളനെ കാണാഞ്ഞിട്ട് എനിക്ക് ശ്വാസം പോലും കഴിക്കാൻ പറ്റാത്ത പോലെ…

എങ്ങനെയോ കഴിച്ചെന്ന് വരുത്തി ഞങ്ങൾ കിടക്കാൻ പോയി. അപ്പോഴേക്കും ഡോറിൽ മുട്ടുന്നത് കേട്ടു. ഓടിപ്പോയി വാതിൽ തുറക്കാൻ മനസ്സ് പറഞ്ഞെങ്കിലും…എന്തോ ഒരു ഇത്…ഇനി അഥവാ എന്നെ കളിപ്പിക്കുന്നത് ആണെങ്കിൽ…വേണ്ട…പോകണ്ട…ലക്ഷ്മിയമ്മ എന്തൊക്കെയോ കാട്ടാളനോട് ചോദിക്കുന്നുണ്ട്. ഒന്നും വ്യക്തമല്ല….ശബ്ദം കുറച്ചു കൂടി അടുത്ത് വരുന്നുണ്ട്.

“ഞാൻ കഴിച്ചതാണ്…. ശംഭുവിന്റെ അമ്മയെ ഹോസ്പിറ്റലിൽ വിചാരിക്കാതെ കൊണ്ടു പോകേണ്ടിവന്നു. അതാ വൈകിയത്…” ഏകദേശം എന്റെ മുറിക്ക് അടുത്തായി ഞാൻ കേൾക്കാനെന്നവണ്ണം പറഞ്ഞു. “നിങ്ങളെല്ലാം കഴിച്ചില്ലേ…?” അമ്മയോടാണ് ചോദ്യമെങ്കിലും ആ നിങ്ങളിൽ ഞാനും ഉണ്ടെന്ന അറിവ് തന്നെ എന്റെ മനസ്സിൽ കുളിര് കോരിയിട്ടുരുന്നു.

ശോ…. ഒന്ന് കാണാൻ ഒരു വഴിയും ഇല്ലല്ലോ….? എഴുന്നേറ്റ് ചെന്നാൽ ലക്ഷ്മിയമ്മ എന്തു കരുതും…? കുറച്ചു നേരം കൂടി കാട്ടാളൻ വെള്ളം ഒക്കെ ചോദിച്ചു അവിടെയൊക്കെ കറങ്ങുന്നത് കേട്ടു. “പുറത്ത് ഇത്ര മഴ പെയ്തിട്ടും പതിവില്ലാതെ നിനക്കെന്താ ഇത്ര ദാഹം ഹരിക്കുട്ടാ….?” ലക്ഷ്മി അമ്മയാണ്. പിന്നെ കാട്ടാളന്റെ ശബ്ദം ഒന്നും കേട്ടില്ല.

എനിക്കാണെങ്കിൽ ഉറക്കം പോയിട്ട് കോട്ടുവാ പോലും വരുന്നില്ല. ഇത് വല്ലാത്ത ഒരു ഗതികേട് തന്നെ…എത്ര വിചാരിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചാലും തെളിഞ്ഞുവരുന്നത് കാട്ടാളന്റെ കുസൃതി ചിരി മാത്രം…കണ്ണടച്ചാലും…തുറന്നാലും.

രാത്രി വൈകി ഉറങ്ങിയിട്ടും ആദ്യമായി രാവിലെ നേരത്തെ എണീറ്റു. മുറ്റത്ത് പോയി നോക്കി. കാട്ടാളന്റെ ജീപ്പ് മുറ്റത്ത് കണ്ടില്ല. ഇത് വീണ്ടും എപ്പോഴാണ് സ്ഥലം കാലിയാക്കിയത്…? മെല്ലെ അകത്തേക്ക് കയറി വന്നതും മുറ്റത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ കാലുകളെക്കാൾ മുൻപേ മനസ്സോടി എത്തിയിരുന്നു. പക്ഷേ കാറിൽ നിന്നും ഇറങ്ങി വന്നത് ഡോക്ടറും…പിന്നെ കൂടെ അമ്മ എന്ന് തോന്നിക്കുന്ന ഒരു സ്ത്രീയും. ഈശ്വരാ ഇവർ ഇതിപ്പം എന്തിനുള്ള വരവാണ് എന്ന ഭയം എന്റെ ഉള്ളിൽ നിറഞ്ഞു. അപ്പോഴേക്കും കാട്ടാളന്റെ ജീപ്പും എത്തി മുറ്റത്ത്.

എന്റെ പിന്നാലെ എത്തിയ അമ്മയെ കണ്ട് “ലക്ഷ്മി” എന്നും വിളിച്ചു കയറി വന്നു അവർ. “സൗദാമിനി” എന്നും പറഞ്ഞ് അമ്മയും…രണ്ടു പേരും കെട്ടി പിടിച്ചു നിൽക്കുന്നത് കാഴ്ചക്കാരായി ആശ്ചര്യത്തോടെ നോക്കി നിൽക്കുകയായിരുന്നു ഞാനും കാട്ടാളനും.

അപ്പോഴാണ് കുറച്ചു ദൂരെയായി മാറി നിൽക്കുന്ന ഡോക്ടറെ ലക്ഷ്മിയമ്മ കണ്ടത്. ഡോക്ടറുടെ അടുത്തേക്ക് ആയി ചെന്നിട്ട് ഡോക്ടറുടെ കൈ പിടിച്ചിട്ടു പറഞ്ഞു…”എന്റെ ജീവൻ രക്ഷിച്ചവനാ ഈ മോൻ. എത്ര നന്ദി പറഞ്ഞാലും മതിവരില്ല ഈ കുട്ടിയോട്”

“നീ ഇവനോട് ആണോ ലക്ഷ്മി നന്ദി പറയുന്നത്…? നിന്റെയും വിശ്വേട്ടന്റെയും ദാനമല്ലേ ഞങ്ങളുടെ ഇന്നുള്ള ഈ ജീവിതം തന്നെ…” അതു കേട്ടതും കാട്ടാളന്റെയും എന്റെയും കണ്ണുകൾ അത്ഭുതത്തോടെ വിടർന്നു. ഞങ്ങളോട് എന്നവണ്ണം അവർ പറഞ്ഞു തുടങ്ങി…

ചെറുപ്പം മുതലേ ഉള്ള കളിക്കൂട്ടുകാരായിരുന്നു വിശ്വേട്ടനും സുധാകരേട്ടനും പിന്നെ കാര്യസ്ഥന്റെ മോൻ ആയ വേണുവേട്ടനും…എന്റെ ഏതു കാര്യത്തിനും മുന്നിട്ടുനിൽക്കുന്ന പട്ടിണികാരനും പഠിക്കാൻ മിടുക്കനായ വേണുവേട്ടനോട് ആയിരുന്നു എനിക്ക് വലുതായപ്പോൾ ഇഷ്ടം തോന്നിയത്. വിശ്വേട്ടനും ആയിട്ടുള്ള ഉള്ള വിവാഹം ഉറപ്പിച്ചപ്പോൾ പോലും ആരോടും തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായില്ല. കല്യാണത്തിന് തലേദിവസം വിവാഹം നടന്നാൽ ജീവനൊടുക്കുമെന്ന എന്റെ ഭീഷണിയിൽ വിശ്വ ഏട്ടനോട് കാര്യങ്ങൾ തുറന്നുപറയാൻ ഞാനും വേണുവേട്ടനും ചെന്നു.

അപ്പോൾ നാളെ നടക്കാനിരിക്കുന്ന കല്യാണം കൂടാൻ വന്ന ലക്ഷ്മിയുമായി സംസാരിച്ചു നിൽക്കുകയായിരുന്നു വിശ്വേട്ടൻ. കാര്യങ്ങളെല്ലാം രണ്ടു പേരോടും തുറന്നു പറഞ്ഞപ്പോൾ ഈ വൈകിയ നിമിഷം ഇത് അറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട്നെക്കുറിച്ചും പിന്നെ കാര്യസ്ഥന്റെ മകനെ പ്രേമിച്ച കുറ്റത്തിനുള്ള ശിക്ഷയെക്കുറിച്ചും ആയി വിശ്വേട്ടൻ. വേണുവേട്ടനെ കൊന്നുകളയും രണ്ടു വീട്ടുകാരും കൂടി. അതുകൊണ്ട് ഇത് ഒരിക്കലും നടക്കില്ല എന്നും എന്നോട് മടങ്ങിപ്പോകാനും ആയി വിശ്വേട്ടൻ.

പക്ഷേ സ്നേഹിക്കുന്നവരെ ഒന്നിച്ച് ജീവിക്കാൻ വിടണം എന്നായി ലക്ഷ്മി. കുറച്ചു നേരം ആലോചിച്ചു നിന്ന ശേഷം വിശ്വേട്ടൻ ലക്ഷ്മിയോട് ചോദിച്ചു. “ഒരു വളഞ്ഞ വഴിയുണ്ട്. ഇവരെ മാന്യമായി തന്നെ വിവാഹം കഴിപ്പിച്ച് ജീവിക്കാൻ വിടാം. പക്ഷേ എനിക്കും ഈ തറവാടിനും ഉണ്ടാകുന്ന മാനക്കേട് മാറ്റാൻ നീ കൂടെ നിൽക്കുമോ…?” എന്തിനായാലും സമ്മതം എന്ന ലക്ഷ്മിയും.

ഇരുവീട്ടുകാരുടെയും സമ്മതരും കൂടാതെ തങ്ങളുടെ ബന്ധുവായ ലക്ഷ്മിയെ വിവാഹം കഴിച്ചാൽ അത് ഇരുവീട്ടുകാരും സ്വീകരിക്കുമെന്നും പിന്നീട് സുധാകരേട്ടൻ വഴി കല്യാണം മുടങ്ങാതിരിക്കാൻ ഒരു പോംവഴി എന്ന രീതിയിൽ വേണുവേട്ടന്റെ കാര്യം അവതരിപ്പിച്ചു കൊള്ളാം എന്നും വിശ്വേട്ടൻ പറഞ്ഞത് ഞങ്ങൾക്ക് എല്ലാം ന്യായമായി തോന്നി. അങ്ങനെ വിശ്വേട്ടനും ലക്ഷ്മിയും വിവാഹം കഴിച്ചത്.

അറിഞ്ഞപ്പോൾ ഞങ്ങൾ പ്രതീക്ഷിച്ചതിനു മറിച്ച് എന്റെ വീട്ടുകാർക്ക് അത് അംഗീകരിക്കാനായില്ല. കൂടാതെ വിവാഹം നിശ്ചയിച്ച വിശ്വേട്ടനെ വശീകരിച്ച് എടുത്തതിന് കുറ്റം മുഴുവൻ ലക്ഷ്മിക്കും ആയി. ഞങ്ങളുടെ വിവാഹം നടത്തി തന്നെങ്കിലും ഇരു വീട്ടുകാരും തമ്മിൽ ശത്രുതയായി. ചെയ്തു പോയ തെറ്റിൽ ഉള്ള പശ്ചാത്താപവും, കാര്യസ്ഥൻറെ മകൻ ആണെന്ന അവഗണന വേണുവേട്ടനോടു എന്റെ വീട്ടുകാർ തുടർന്നപ്പോൾ ഞാനും വേണുവേട്ടനും പിന്നെ ഇങ്ങോട്ട് വരാതായി. എന്തൊക്കെ ആരോപണങ്ങൾ കേട്ടിട്ടും സത്യമെന്താണെന്ന് ലക്ഷ്മിയും വിശ്വേട്ടനും മാത്രം ആരോടും പറഞ്ഞില്ല….അവർ പറഞ്ഞു നിർത്തി.

“ആര് എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമല്ലായിരുന്നു. വിശ്വേട്ടന് എന്നോട് എന്നും സ്നേഹം ആയിരുന്നു. എന്റെ മോൻ ജനിച്ച് ഒരു മാസത്തിന് ഇപ്പുറം വിശ്വേട്ടൻ മരിച്ചപ്പോൾ അത് എന്റെ ജാതകദോഷം കൊണ്ടാണെന്ന് പറഞ്ഞു കേട്ടപ്പോൾ എനിക്ക് സഹിക്കാനായില്ല. വിശ്വേട്ടനോടൊപ്പം ഞാൻ കൂടി പോയാലോ എന്നായി ആദ്യത്തെ ചിന്ത..പിന്നെ എന്റെ മുലകുടി മാറാത്ത മോനുവേണ്ടി ആയി ജീവിതം. ആദ്യമാദ്യം അമ്മയെന്ന് വിളിച്ച് എന്റെ സാരി തുമ്പിൽ ചുറ്റി നടന്ന എന്റെ മോന് വലുതായി കഴിഞ്ഞപ്പോൾ പലരിൽ നിന്നും കേട്ട കഥകൾ പ്രകാരം അച്ഛനെ വശീകരിച്ച്, എടുത്തുചാടി കല്യാണം കഴിച്ചു, പിന്നെ ജാതകദോഷം കൊണ്ട് കൊലക്കു കൊടുത്ത ഒരു ചീത്ത സ്ത്രീയുടെ മുഖമായിരുന്നു. കൂടെ കൂടെ അവൻ എന്നോട് അത് അവഗണനയായി കാണിച്ചു തുടങ്ങിയപ്പോൾ ഈ വലിയവീട്ടിൽ രണ്ട് ലോകത്തായിരുന്നു ഞങ്ങളുടെ ജീവിതം. എന്റെ മോന്റെ സ്നേഹം മാത്രം മതിയെനിക്ക്…”

എന്ന് കണ്ണീരോടെ ലക്ഷ്മി അമ്മ പറഞ്ഞു നിർത്തിയപ്പോഴേക്കും “അമ്മേ…” യെന്നും വിളിച്ച് ഓടിയെത്തിയിരുന്നു കാട്ടാളൻ. “എനിക്കിതൊന്നും അറിയില്ലായിരുന്നു. ചെറുപ്പം തൊട്ടേ അപ്പച്ചി ഓരോന്ന് പറഞ്ഞത് കേട്ട് ഞാനെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അമ്മ അത് മറന്നേക്കു…എന്റെ അമ്മയ്ക്ക് ഇനി ഞാൻ ഉണ്ട്. ഇത്രയും സങ്കടം അമ്മയുടെ ഉള്ളിൽ ഉള്ളത് ഞാൻ അറിഞ്ഞില്ല.”

അപ്പോഴേക്കും ഡോക്ടറുടെ അമ്മയും കാട്ടാളന്റെ അടുത്തെത്തി. “വിശ്വേട്ടനെ മുറിച്ചുവെച്ചതാണല്ലോ ലക്ഷ്മി ഇവൻ.” അപ്പോഴേക്കും ഡോക്ടർ എന്റെ അടുത്തെത്തിയിരുന്നു “നിനക്ക് ചില കഥകൾ ഒക്കെ നേരത്തെ അറിയാമായിരുന്നു അല്ലേ…?” അതെയെന്ന അർത്ഥത്തിൽ ഞാൻ തല കുലുക്കി. “അപ്പോൾ ഞാൻ മാത്രമായിരുന്നു ഇതൊക്കെ അറിയാൻ വൈകിയത്” ഒരു പരിഭവം എന്ന മട്ടിൽ ഡോക്ടർ പറഞ്ഞു നിർത്തി.

അപ്പോഴാണ് ഡോക്ടറുടെ അമ്മ എന്നെ ശ്രദ്ധിക്കുന്നത്. “എന്നാലും ലക്ഷ്മി നമ്മളിങ്ങനെ ഇന്നിവിടെ നിൽക്കാൻ നിമിത്തം എവിടുന്നോ വന്ന ഈ കുട്ടിയാ. ഈ മോൾക്ക് വേണ്ടിയാ ഞാൻ എന്റെ ഏട്ടനെ വീണ്ടും വിളിച്ചു തുടങ്ങിയത്. ഇപ്പോൾ എല്ലാവർക്കും ഞങ്ങളോട് സ്നേഹം മാത്രം. എന്റെ മോൻ ഇന്നലെ ഇവിടെ വന്നിരുന്നു എന്ന് പറഞ്ഞപ്പോൾ പഴയതൊന്നും ഇനിയും അവനോടു മറച്ചു വെക്കേണ്ട എന്ന് എനിക്ക് തോന്നി. പിന്നെ ഇവിടെ വന്ന് നിന്നെ കാണാൻ എന്നേക്കാൾ തിരക്ക് ഇവനായിരുന്നു.”

“പിന്നെ എനിക്കിന്ന് വേറെയും ചില സന്തോഷങ്ങൾ ഉണ്ട്. എന്റെ മോൻ ഇന്ന് എന്നോട് ഒരു സന്തോഷവാർത്ത കൂടി പറഞ്ഞു. അവന് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്. ആ കുട്ടിക്കും അതുപോലെ തന്നെ എന്നാണ് അവന്റെ ധാരണ….”

അവരത് പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപേ കാട്ടാളൻ എഴുന്നേറ്റു. എന്നെയും എന്റെ അടുത്ത് ഇരിക്കുന്ന ഡോക്ടറെയും ഒന്ന് മാറി മാറി നോക്കിയിട്ട് പുറത്തേക്ക് നടന്നു. അതു കണ്ട് കാട്ടാളന് പിന്നാലെ ഡോക്ടറും പുറത്തേക്ക് നടന്നു…

തുടരും…