പല രാത്രികളിലും പലരും വാതിൽ മുട്ടാനും കൂടെ കിടക്കാൻ ചോദിച്ചും വന്നിട്ടുണ്ട്. അന്നൊക്കെ ഞാൻ അവരെ ചൂലെടുത്ത് ആട്ടിപ്പായിച്ചിട്ടേയുള്ളൂ…

എഴുത്ത്: വിപിൻ‌ദാസ് അയിരൂർ

“തേവള്ളിപ്പാറയിൽ 13 വയസ്സുകാരി പട്ടാപകൽ പീഡനത്തിനിരയായി”

ഇന്ന് എല്ലാവരുടെയും നാവിലും കാതുകളിലും ഈ ദുഃഖവാർത്തയാണ്. സ്കൂളിലേക്ക് പോകുകയായിരുന്ന ഒരു വിദ്യാർത്ഥിനിയാണ് പീഡനത്തിരയായത്. കുട്ടിയെ അതീവ ഗുരുതര നിലയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വീടിനടുത്തുള്ളവരുമായി ഈ ദുഃഖവാർത്ത കേട്ടിരിക്കുമ്പോഴാണ് ദേവകിയമ്മയുടെ മകൻ കിരൺ വീട്ടിലേക്ക് കയറിവന്നത്.

“ഇതാ അമ്മേ… അമ്മ പറഞ്ഞ ഗുളിക”

“ടാ.. നീയറിഞ്ഞോ.. നമ്മുടെ മനയ്ക്കലെ അശോകന്റെ മകൾ ഇന്ന്…”

“മ്മ്.. ഞാനറിഞ്ഞു കവലയിൽ നിന്ന്..”

“ഹും.. എന്താ ദൈവമേ ഇങ്ങനെ പോയാൽ കണ്ടേക്കുന്നെ ആവോ… ചെറിയ കുട്ടികളെ പോലും ദുഷ്ടന്മാർ വെറുതെ വിടുന്നില്ലല്ലോ ഈശ്വരാ..എടാ.. ഇതിൽ ഗുളിക മാത്രമേയുള്ളൂലോ.. ഇൻഹേലർ കൂടി വാങ്ങാൻ പറഞ്ഞതല്ലേ ഞാൻ. പഴയത് കേടായി.”

അകത്തേക്ക് നടന്നു പോയിരുന്ന കിരൺ പെട്ടെന്ന് തിരിഞ്ഞു നിന്നു പറഞ്ഞു.

“ആഹ്.. അതവിടെയില്ല. ഞാൻ വൈകീട്ട് വേറെ കടയിൽ നിന്നും കൊണ്ടുവരാം.”

കിരൺ അവന്റെ ബെഡ്‌റൂമിലോട്ട് പോയി വാതിലടച്ചു.

കിരണും അമ്മയും മാത്രമാണ് ആ വീട്ടിൽ താമസം. വർഷങ്ങൾക്ക് മുൻപ് രണ്ട് തലമുറക്ക് ജീവിക്കാനുള്ള സ്വത്തുമുതലുകൾ ഉണ്ടാക്കിവെച്ചാണ് കിരണിന്റെ അച്ഛൻ മരണപ്പെട്ടത്. ടീച്ചർ ആയി ജോലി ചെയ്തിരുന്ന കിരണിന്റെ ‘അമ്മക്ക് ആസ്മ വന്നതുമൂലം ആ ജോലി നിർത്തി വീട്ടിൽ ഇരിപ്പായി. കിരൺ ബിടെക് കഴിഞ്ഞു പ്രാക്ടിസിന് പോവാൻ തയ്യാറെടുക്കുന്നു.

വീടിന്റെ മുന്നിലൂടെ വാഹനങ്ങളും ജനങ്ങളും തിരക്ക് കൂട്ടി പോകുന്നു. പെൺകുട്ടി പീഡനത്തിനിരയായ സ്ഥലത്തു പോലീസും നായയും എല്ലാം വന്നിട്ടുണ്ട്. സ്ഥലം സന്ദർശിക്കാൻ മന്ത്രിമാരും കുറെ മാധ്യമക്കാരും കൂടെ വന്നിട്ടുണ്ട്.

എല്ലാ ദിവസവും വീടിന്റെ മുറ്റത്തുകൂടി ഓടിച്ചാടി പോയിരുന്ന ആ കുട്ടിയെ ഓർത്തു ഓരോരുത്തരും അങ്ങോട്ടും ഇങ്ങോട്ടും വിഷമം പറഞ്ഞുകൊണ്ടിരുന്നു.

പിറ്റെന്നാൾ…

“മോനേ.. ദാ ടേബിളിൽ ചായ വെച്ചിട്ടുണ്ട്.. എടുത്തു കുടിച്ചേക്ക്”

കിരൺ കയ്യിൽ ഒരു ബാഗ്ഗുമായി അവന്റെ റൂമിന്റെ വാതിൽ തുറന്നു വന്നു.

“അമ്മാ.. അതേ.. ബാംഗ്ലൂരിൽ ഉള്ള എന്റെയൊരു ഫ്രണ്ട് വിളിച്ചിരുന്നു. അവിടെയൊരു കമ്പനിയിൽ എനിക്ക് ട്രൈനിങ്ങിന് കേറാൻ സൗകര്യമുണ്ടാക്കിയിട്ടുണ്ട്. ഇവിടെയിനി അന്വേഷിക്കാൻ സ്ഥലമില്ലല്ലോ. ഇപ്പോഴൊരു ട്രെയിനുണ്ട്. പോയിനോക്കട്ടെ.”

“മ്മ്.. ട്രെയിനിൽ പോവാൻ എന്തിനാടാ പാസ്സ്പ്പോർട്ടൊക്കെ?”

“ആ.. അതുപിന്നെ അവിടെനിന്നു പുറത്തോട്ട് എന്തെങ്കിലും അവസരങ്ങൾ വന്നാൽ നേരിട്ട് പോവാലോ അമ്മെ. അതുകൊണ്ട് എടുത്തതാ.”

“മ്മ്.. എന്തായാലും നീ ആ ചായ കുടിക്ക്. എന്നിട്ട് പൊക്കോ”

അമ്മ അതും പറഞ്ഞു അടുക്കളയിലോട്ട്പോയി. കിരൺ ബാഗ്ഗ് മേശയിൽ വെച്ച് ചായ കുടിക്കാൻ ഇരുന്നു. കുറച്ചു സമയത്തിനുശേഷം കിരൺ കസേരയിൽ നിന്നെഴുന്നേറ്റു ബാഗ്ഗുമെടുത്തു ഡോർ തുറന്നു.

ഡോർ തുറന്ന കിരൺ സ്തമ്പിച്ചുനിന്നു. കയ്യിലെ ബാഗ്ഗ് താഴെ വീണു. മുന്നോട്ടെടുത്തുവെച്ച വലതുകാൽ കിരൺ പുറകോട്ട് തന്നെ വെച്ചു. അപ്പോഴേക്കും കിരണിന് പുറകിൽ അമ്മയും വന്നു. ഉമ്മറത്തു നിൽക്കുന്ന പോലീസ് കൂട്ടങ്ങളെയും ജനങ്ങളെയും കണ്ട് കിരണിന്റെ കണ്ണ് തള്ളി..കൈകാലുകൾ വിറച്ചു.

S I യും രണ്ട് പോലീസുകാരും ഉമ്മറത്തോട്ട് കേറിവന്ന് കിരണിന്റെ കൈ പിടിച്ചു.

“ആരാ ഞങ്ങൾക്ക് ഇവൻ ഇവിടെയുണ്ടെന്ന് വിളിച്ചു പറഞ്ഞത്? ഒരു പിഞ്ചുകുഞ്ഞിനെ നശിപ്പിച്ച ഇവനെപ്പോലുള്ള മൃഗത്തെ ഞങ്ങൾക്ക് കാണിച്ചുതന്നതാരാണ്?”

S I ആൾക്കൂട്ടത്തിലേക്ക് കണ്ണോടിച്ചു ചോദിച്ചു..

“ഞാനാണ് സാറേ.. ഞാനാണ് വിളിച്ചത്”

എല്ലാവരും തിരിഞ്ഞുനോക്കി.. അകത്തുനിന്ന് ഉമ്മറത്തോട്ട് കടന്നുവന്ന കിരണിന്റെ അമ്മയുടെ മുഖത്ത് ഉണ്ടായിരുന്നത് തന്റെ മകനെ പോലീസ് പിടിച്ചതിന്റെ വേദന ആയിരുന്നില്ല.. ഒരു കുഞ്ഞിനെ നശിപ്പിച്ച നിയമത്തിന്റെ മുന്നിൽ ഏൽപ്പിച്ചവളുടെ സന്തോഷമായിരുന്നു.

“എടാ… എന്റെ 23 മത്തെ വയസ്സിൽ എന്നെയും നിന്നെയും തനിച്ചാക്കി പോയതാണ് നിന്റെ അച്ഛൻ. അന്നുമുതൽ ഞാനും നീയും ഈ വീട്ടിൽ തനിച്ചാണ്. പല രാത്രികളിലും പലരും വാതിൽ മുട്ടാനും കൂടെ കിടക്കാൻ ചോദിച്ചും വന്നിട്ടുണ്ട്. അന്നൊക്കെ ഞാൻ അവരെ ചൂലെടുത്ത് ആട്ടിപ്പായിച്ചിട്ടേയുള്ളൂ. എന്തിന് വേണ്ടിയാണെന്നറിയോ.. നിനക്ക് വേണ്ടി.. നിന്റെ ഭാവിക്ക് വേണ്ടി.. അല്ലെങ്കിൽ നീയിപ്പോൾ തിരഞ്ഞെടുത്ത വഴി അമ്മയ്ക്കും ആവാമായിരുന്നെടാ..”

വീടിന് ചുറ്റും നിന്നവരിൽ പലരും ആകാംക്ഷയോടെ നോക്കുന്നു. പോലീസുകാർക്ക്‌ മുഖഭാവമില്ലാതെ അമ്മയുടെ വാക്കുകൾക്ക് കാതോർക്കുന്നു. അമ്മ വീണ്ടും തുടർന്ന് പറഞ്ഞു.

“നീ പരീക്ഷയിലോക്കെ ഉയർന്ന മാർക്കും വാങ്ങിച്ചു വരുമ്പോൾ അമ്മ ഉള്ള്നിറഞ്ഞു സന്തോഷിച്ചു. കൂടെയുള്ള കൂട്ടുകാർ ഓരോ ചീത്തപ്പേരുണ്ടാക്കിയപ്പോൾ നിന്റെ കാര്യത്തിൽ അമ്മ അഭിമാനിച്ചിരുന്നു. ഇപ്പൊ നീ ഒരു പിഞ്ചുകുഞ്ഞിനെ….

വിശ്വസിക്കാനായില്ല എനിക്ക് നീയിത് ചെയ്യുമെന്ന്…ഇന്നലെ നിന്നോട് ഞാനൊരു ഇൻഹേലർ വാങ്ങാൻ പറഞ്ഞപ്പോൾ നീ പറഞ്ഞു അത് ആ കടയിൽ ഇല്ലാന്ന്. നോക്കടാ.. ആ സാറിന്റെ കയ്യിൽ എന്താ ഇരിക്കുന്നതെന്ന്.. ഇന്നലെ നീ റൂമിൽ കേറി കതകടച്ചു കിടന്നു.. ഈ സാറുമാർ ഇതുപയോഗിക്കുന്ന ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു നടന്നിരുന്നു. ഞാൻ നോക്കിയപ്പോൾ ഞാൻ ഉപയോഗിക്കുന്ന ഇൻഹേലർ.. കൂടാതെ അവർ രണ്ട് ബട്ടൻസും കാണിച്ചു. പക്ഷേ അപ്പോഴൊന്നും ഞാൻ സാറുമാരോട് ഒന്നും പറഞ്ഞില്ല.

അപ്പോൾ മുതൽ മനസ്സ് നീറി പുകയുകയായിരുന്നു. ആ ബട്ടൻസ് നിന്റെ ഷർട്ടിന്റെ ആകരുതേയെന്ന്. അലക്കാൻ അഴിച്ചിട്ട ഷർട്ട് ഞാൻ നോക്കി, രണ്ട് ബട്ടൻസ് പൊട്ടി പോയിരിക്കുന്നു.. ദൈവത്തിന്റെ അടയാളമാണടാ അത്. ആ പിഞ്ചുകുഞ്ഞിനെ പിച്ചിചീന്തുമ്പോൾ നിന്റെ ഉള്ളിൽ ഉണ്ടായിരുന്ന ദാ ഈ വിഷപുകയാണ് നിന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്..

അമ്മ കിരണിന്റെ നേരെ ഒരു പാക്കറ്റ് എടുത്തു നീട്ടി..

സാറേ.. ദാ.. ഈ കേസും കൂടി എഴുതിയേക്ക്. അവൻ ഇന്നലെ ധരിച്ച പാന്റിന്റെ പോക്കറ്റിൽ നിന്നും ലഭിച്ചതാണ്.

പോലീസുകാരൻ വന്നു ആ പാക്കറ്റ് വാങ്ങി നോക്കി. അത് കഞ്ചാവ് ആയിരുന്നു.

“സാറേ ഇവന്റെ പെറ്റ തള്ളയാണ് പറയുന്നത്. കിട്ടുന്നതിൽ പരമാവധി വലിയ ശിക്ഷ തന്നെ ഇവന് കിട്ടണം. പെണ്ണെന്നാൽ വെറും സുഖം തീർക്കാൻ ഉള്ള ഒരു മാംസ ശരീരമല്ല എന്ന് ഇവനും ഇക്കൂട്ടത്തിൽപെട്ട സകല തെണ്ടികളും അറിയണം.

എടാ.. ഇനി എനിക്ക് ഇങ്ങനൊരു മകനില്ലാ.. ഇത്രകാലം കുട്ടികൾക്ക് നല്ലതുമാത്രം പറഞ്ഞു പഠിപ്പിച്ച ഒരു അധ്യാപികയാണ് ഞാൻ. ഇനിയുള്ള എന്റെ ജീവിതം നീ പകുതി ജീവനാക്കിവെച്ച ആ പിഞ്ചു കുട്ടിക്ക് വേണ്ടിയുള്ളതാണ്. ഉള്ളതെല്ലാം വിറ്റിട്ടായാലും അവളെ പഠിപ്പിക്കും ജോലി വാങ്ങിച്ചു കൊടുക്കും അവളെ അറിഞ്ഞു ആരെങ്കിലും അവളെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ വന്നാൽ ബാക്കിയുള്ളതെല്ലാം അവരുടെ പേരിൽ എഴുതി വെച്ച് ഞാൻ ഏതെങ്കിലും അഗതിമന്ദിരത്തിൽ പോയിരിക്കും.

“ടീച്ചറെ.. എനിക്ക് എന്നേക്കാൾ ഉയർന്ന ഉദ്യോഗസ്ഥരെ സല്യൂട്ട് ചെയ്യാനേ നിയമമുള്ളൂ.. പക്ഷെ ഇപ്പോ ടീച്ചർക്ക് ഞാൻ സല്യൂട്ട് തന്നില്ലെങ്കിൽ ഞാനൊക്കെ ടീച്ചരെക്കാൾ വലിയവനായി അഹങ്കരിക്കും. അതുകൊണ്ട് ടീച്ചർക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്.”

S I യുടെ വാക്കുകൾ കേട്ട് കൂടെയുള്ള പോലീസുമാരും ടീച്ചറെ സല്യൂട്ട് ചെയ്തു. എന്നിട്ട് S I ജനങ്ങളോടായ് പറഞ്ഞു..

“കണ്ടില്ലേ നിങ്ങൾ.. ഇതുപോലെ നിങ്ങൾ ഓരോരുത്തരുടെ വീട്ടിലും സംഭവിക്കാം. മക്കൾ പുറത്തുപോകുമ്പോഴും വരുമ്പോഴും അവരെ ശ്രദ്ധിക്കുക. പോക്കറ്റുകൾ പരിശോധിക്കുക.. നിങ്ങൾ അവരെ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടാൽ പിന്നെ അവർ പേടിക്കും എന്തിനും. ഈ ടീച്ചർക്ക് മകനിൽ ഉണ്ടായിരുന്ന വിശ്വാസം ഇപ്പോൾ എനിക്കും നിങ്ങൾക്കും മനസ്സിലായതാണല്ലോ. ആ വിശ്വാസത്തെ അവൻ മുതലെടുത്തു. അവസാനം ഒരു കുട്ടിയുടെ ജീവിതം അങ്ങനെയാക്കി. ഒന്നുമറിയാത്ത ഇത്രകാലം നോക്കിയുണ്ടാക്കിയ അമ്മ തനിച്ചായി. ഇത് നിങ്ങളുടെ കുടുംബങ്ങളിലും വരാതെ സൂക്ഷിക്കുക.”

കിരണിനെയും കൊണ്ട് ജീപ്പ് പുറത്തോട്ട് പോയി. ജീപ്പ് പോകുന്നതും നോക്കിനിന്ന കിരണിന്റെ അമ്മ തിരിഞ്ഞു നടന്നു ചവിട്ടുപടി കയറുമ്പോൾ ഉമ്മറത്തെ ചുവരിൽ തൂക്കിയിട്ട തന്റെ ഭർത്താവിന്റെ ഫോട്ടോയിലേക്ക് നോക്കി. അപ്പോഴും ആ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ പൊടിഞ്ഞിരുന്നില്ല…