ഉറക്കെയുള്ള അച്ഛന്റെ വാക്കുകൾ വീണ്ടും അവളിലെ പെണ്ണിനെ നോവിച്ചു കൊണ്ടിരിന്നു…

അത്രമേലിഷ്ടമായ് ❣️

എഴുത്ത്: മാനസ ഹൃദയ

“ആരെന്തൊക്കെ പറഞ്ഞാലും ഈ വിവാഹം നടക്കില്ല. ആതി മോളേക്കാൾ പത്ത്‌ വയസ് മൂത്തവനാ ഹരി…അവളെ എടുത്തോണ്ട് നടന്ന പയ്യൻ….എന്നിട്ടിപ്പോ കല്യാണം കഴിക്കണം പോലും..രണ്ടു വർഷമായി അവളെ മനസ്സിൽ കൊണ്ട് നടക്കുവാണെന്ന്.. ച്ചെ…. അവനിൽ നിന്നും ഇങ്ങനെയൊന്ന് ഞാൻ പ്രതീക്ഷിച്ചില്ല….”

അച്ഛൻ അമ്മയോട് പറയുന്ന വാക്കുകൾ ആതിരയുടെ കാതുകളിൽ കുപ്പിചില്ലു പോലെ തുളഞ്ഞു കയറി… വാതിലിനരുകിൽ നിന്നുകൊണ്ട് ആാാ വാക്കുകളോരോന്നും കേൾക്കുമ്പോൾ ഹൃദയം നുറുങ്ങി മുറിഞ്ഞു….. ഓർമ വച്ച നാൾ മുതലേ ഹരിയെ അവൾക്ക് അറിയാമായിരുന്നു… വീട്ടുകാരുമായി പറയതക്ക ബന്ധമൊന്നുമില്ലെങ്കിലും ഇരുവരും അയൽവാസികളാണ്… കാണുമ്പോൾ ഒരു പുഞ്ചിരി അവൾക്കായി സമ്മാനിക്കുമായിരുന്നു അധികമൊന്നും സംസാരിക്കാത്ത, നിറയെ സ്നേഹമുള്ളോരേട്ടൻ…

പണ്ട് പത്താം ക്ലാസിൽ പഠിക്കുന്ന സമയം… ഒരു മഴക്കാലത്ത്‌ സ്കൂളും വിട്ടു വരുമ്പോ കാൽ വഴുതി വെള്ള ചാലിലേക്ക് വീണപ്പോൾ കൈകളിൽ കോരിയെടുത്തതും, പേടിച്ചു വിറച്ച അവളെ സമാധാനിപ്പിച്ചു വീട്ടിൽ കൊണ്ട് വിട്ടതും ഹരിയായിരുന്നു.

അന്ന് തൊട്ട് ശ്രദ്ധിക്കാൻ തുടങ്ങിയതാ ഹരിയേയവൾ … നല്ല പെരുമാറ്റം… എന്തിനും ഏതിനും കയ്യെത്തുന്ന പ്രകൃതം… തെമ്മാടിത്തരമൊന്നും കാട്ടാതെ കുടുംബം നോക്കുന്ന നല്ലൊരു മകൻ….

ഇടയ്ക്ക് വീട്ടിലൊക്കെ വരാറുണ്ടെങ്കിലും അന്ന് വീണത് മുതൽ ഹരിയെ കാണുമ്പോ അവൾക്ക് ചമ്മലായിരുന്നു…ആരും കാണാതെ ഒളിഞ്ഞു നോക്കി കൺകുളിർക്കെ കാണും. ഓരൊ ദിവസവും മനസ്സിൽ അവൾ വരച്ചു കൂട്ടുകയായിരുന്നു ഹരിയുടെ മുഖം…. തന്നോട് പ്രേമാണോ സ്നേഹാമാണോ എന്നൊന്നും അറിയില്ലെങ്കിലും ഒത്തിരി ഇഷ്ടം അവനോടായ് ആതിക്ക് തോന്നി..

പക്ഷെ അത് തുറന്ന് പറയാൻ ഉള്ള ധൈര്യം ഇല്ലാതിരുന്നത് അച്ഛനെ പേടിച്ചത് കൊണ്ട് മാത്രമായിരുന്നു… എങ്കിലും ഇപ്പോഴും ഇഷ്ടാണ് ഹരിയേട്ടനെ…. എത്ര മായ്ച്ചാലും പോവാത്ത വിധം അത്രയും ഇഷ്ടം..

പക്ഷെ ഇപ്പോ സംഭവിച്ചിരിക്കുന്നത് മറ്റൊന്നുമല്ല….. ഹരിയവളെ പെണ്ണ് ചോദിച്ചിരിക്കുന്നു .. സത്യം പറഞ്ഞാൽ അവൾ ആഗ്രഹിച്ചതാണ് തേടി വന്നത്… എങ്കിലും നടക്കില്ല …. ആരും സമ്മതിക്കില്ല…ആർക്കും താല്പര്യം കാണില്ല.. .

“””എന്താണ് അവന് ഉള്ളത്… നല്ലൊരു ജോലി ഉണ്ടോ…. നല്ലൊരു വീടുണ്ടോ..എന്റെ മോളെ ഇത്രയും പഠിപ്പിച്ചു വലുതാക്കിയത് അവനെപ്പോലൊരു കൂലിപ്പണിക്കാരന് കൊടുക്കാനല്ല….അവളെ നല്ലൊരു പയ്യന് തന്നെ കൊടുക്കണം…”‘”

ഉറക്കെയുള്ള അച്ഛന്റെ വാക്കുകൾ വീണ്ടും അവളിലെ പെണ്ണിനെ നോവിച്ചു കൊണ്ടിരിന്നു.. ആർക്കും അറിയില്ലല്ലോ പ്രണയം ആദ്യം പൊട്ടിമുളച്ചത് ഈ മനസിലാണെന്ന്….തനിക്കും ഒരുപാട് ഇഷ്ടമാണെന്ന്…ഹൃദയത്തിൽ കൊണ്ടു നടക്കുന്ന പുരുഷന് തന്നെയും ഒരുപാട് ഇഷ്ടമാണെന്ന് അറിഞ്ഞിട്ടും സന്തോഷിക്കാൻ പറ്റാത്ത അവസ്ഥ.

പിന്നെയും ഹരിയേ കുറ്റം പറഞ്ഞ്കൊണ്ട് ഒരുപാട് വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നു. … സഹിക്ക വയ്യാതായപ്പോൾ മുറിയിലെ കതകടച് കമിഴ്ന്നു കിടന്നു… കണ്ണുകൾ നിറച്ചു കരയുമ്പോഴും ആശങ്കകൾ മാത്രമായിരുന്നു മനസ്സിൽ….ആരും കാണാതെ മനസ്സിൽ വരച്ചു കുറിച്ചിട്ട ഒരുവളുടെ പ്രണയം….എന്തിനോ എന്ന പോലെ പടർത്തി വിട്ടൊരു പ്രണയം അത്രമേൽ നോവുകയാണെന്നോർത്ത്‌….അത്രമേൽ വേദനയാണെന്നോർത്ത്‌…

ദിവസങ്ങൾ ഓരോന്നും കഴിഞ്ഞു പോകുന്നുണ്ടെങ്കിലും അവളുടെ മനസിലെ പിടച്ചിൽ അടങ്ങിയില്ല….. ആരോടും ഒന്നും തുറന്നു പറയാനുള്ള ധൈര്യവും വന്നില്ല…. കാരണം തനിക്ക് ഇഷ്ടമാണെന്ന് അറിഞ്ഞാലും സമ്മതിക്കില്ലയെന്ന ബോധം അവളെ വേട്ടയാടുകയായിരുന്നു..

ഒരു ദിവസം രാവിലെ ആതി ഓഫിസിലേക്ക് പോകുമ്പോൾ ഇടവഴിയിൽ ഉണ്ടായിരുന്നു ഹരി…..ഇടയ്ക്കൊന്ന് പതറിയെങ്കിലും അവനെ കണ്ടപ്പോൾ മുഖത്തു നോക്കാതെ തലയും കുനിച്ചു നടന്നു…. അരികിൽ എത്താനായപ്പോൾ അവൾ നടത്തത്തിനല്പം വേഗതയും കൂട്ടി……

“”ഇങ്ങനെ ധൃതി പിടിച്ചു പോകാൻ മാത്രം എന്താണാവോ.. ബസ് വരാനാവുന്നതല്ലേയുള്ളൂ “””

“”ഹമ്മ്.” മറുപടി വെറുമൊരു മൂളലിൽ ഒതുക്കുമ്പോഴും അവളുടെ ഹൃദയം ആർത്തിരമ്പി …

“തനിക്കെന്നോട് ദേഷ്യാണോ ആതി….അച്ഛനോട് ഞാൻ ഒരു കാര്യം സൂചിപ്പിച്ചിരുന്നു…തന്നെ വിവാഹം കഴിക്കണം ന്ന്……….. “”

ആ വാക്കുകൾ കേട്ടപ്പോ മെല്ലെയൊന്നവൾ തലയുയർത്തി നോക്കി… പക്ഷെ പിടയുന്ന ആ മിഴികൾ അപ്പോൾ തന്നെ വീണ്ടും താഴ്ന്നു പോയി…. നടക്കില്ല.. അച്ഛനോട് വാശി പിടിച്ചിട്ടില്ല ഇതുവരെ ഒന്നിന് വേണ്ടിയും… പറയുന്നതെല്ലാം അനുസരിച്ചിട്ടേയുള്ളൂ.. പക്ഷെ ഹരിയേട്ടനെന്റെ ജീവനാണെന്ന് എങ്ങനെ പറഞ്ഞു മനസിലാക്കും… വേണ്ട… മനസിലെ ഇഷ്ടം അത്പോലെ തന്നെ നിന്നോട്ടെ… എനിക്ക് ഇഷ്ടല്ലെന്ന് വിചാരിച്ചോട്ടേ…. (ആത്മ )

“”ആതി… “”

ആലോചിച്ചു കൊണ്ടിരിക്കുന്ന അവളെ ഹരി വിളിച്ചു….

“”””എനിക്കറിയാം …നിനക്ക് എന്നെപ്പോലൊരാളെ ഇഷ്ടവില്ലെന്ന് … പക്ഷേ എന്റെയുള്ളിലെ ഇഷ്ടം ഞാൻ അതിന്റെതായ മര്യാദയിൽ ചോദിച്ചെന്നേയുള്ളു…. ഒറ്റ മകൾ അല്ലേ താൻ… എന്നെപോലെ ഒരുവനു തരാൻ നിന്റെ വീട്ടുകാർക്ക് മടി കാണും….പിന്നെ പ്രായ വ്യത്യാസവും ഇത്തിരി അധികമാണ്..എനിക്കിപ്പോ മുപ്പത്തിനാല് വയസായി ….തന്നെ പോലൊരാൾക്ക് എന്നെ സ്വീകരിക്കാനും ബുദ്ധിമുട്ട് കാണുമെന്നറിയാം … ഇനി ഇതിന്റെ പേരിൽ എന്നെ കണ്ടാൽ മിണ്ടാതെ പോകരുത്… തല താഴ്ത്തി അറിയാത്ത ഭാവത്തിൽ നിൽക്കരുത്…. “”””

കേട്ടപ്പോൾ ആതിയുടെ മിഴികൾ നിറഞ്ഞോ….. ഹൃദയം നുറുങ്ങിയോ…. എങ്കിലും നിറയാത്തതായി വരുത്തിതീർത്തു….എങ്ങനെയാ പറയാ എന്റെ ജീവനാണെന്ന്….ഈ മനസ്സിൽ മറ്റെന്തിനേക്കാളും സ്ഥാനം ഉണ്ടെന്ന്…. ആരെയാണ് ഇത്രയ്ക്ക് താൻ ഭയക്കുന്നത്…. വെറുതെ.. വെറുതെയവൾ ഓർത്തു….

ഒളിച്ചു വച്ച പ്രണയം…. ആരുമറിയാതെ മനസ്സിൽ വച്ച സ്നേഹം ‘തന്നെ’ തേടിയെത്തിയപ്പോൾ ആഗ്രഹമുണ്ട് മനസ് നിറയെ… ഇയാളുടെ പാതിയാവാൻ.. പക്ഷെ……. “

ഇപ്പൊ ഹരിയുടെ വാക്കുകൾ കേട്ടപ്പോൾ അത്രയും നോവും……മനസ്സിലെ ആ മുറിവിൽ വീണ്ടും നൊന്ത പോലെ

“”ആതി…. “””

മൗനമായി നിൽക്കുന്നത് കണ്ടിട്ടാവണം വീണ്ടുമവൻ വിളിച്ചു..

“”ഞാൻ പോട്ടെ…. ഇപ്പോ തന്നെ വൈകി.. ഇനിയും നിന്നാൽ ബസ് കിട്ടില്ല. “”

കണ്ണിൽ നോക്കിയായിരുന്നു അങ്ങനെ പറഞ്ഞത്.. പിന്നെയും ആ കണ്ണുകൾ കൊത്തി വലിക്കും പോലെ തോന്നി അവൾക്ക്…. സത്യം പറഞ്ഞാൽ ഹരിയിൽ നിന്നും അകന്നുമാറാൻ മനസ് വന്നില്ല… എങ്കിലും മൗനമായി ഇങ്ങനെ നിന്നിട്ടെന്ത് കാര്യമെന്ന് നിനച്ചു കൊണ്ടു മെല്ലെ നടന്നു.

ഓരോന്നും ഓർക്കേ മനസ്സിൽ ഒരു ഭാരം നിറഞ്ഞപോലായി..ടൗണിലുള്ള ഒരു പ്രമുഖ മെഡിക്കൽ കമ്പനിയിൽ അക്കൗണ്ടന്റാണ് ആതി… ഓഫിസിൽ പോയപ്പോഴും മനസിന്‌ സുഖം തോന്നിയില്ല…… കൂടെ ജോലി ചെയ്യുന്നവരെല്ലാം അവളുടെ മൂകതയെ കുറിച്ചു ചോദിച്ചുവെങ്കിലും ആരോടുമൊന്നും തുറന്നു പറഞ്ഞുമില്ല… തിരികെ വീട്ടിൽ വന്നപ്പോഴും അങ്ങനെ തന്നെ …അമ്മയുടെ കൂടെ അടുക്കളയിൽ നിക്കുമ്പോഴും മനസ് മറ്റെവിടെയോയായിരുന്നു.. അല്ല… ഹരിയുടെ കൂടെ…

അമ്മയും ഓരോന്ന് കുത്തി കുത്തി ചോദിക്കുവാൻ തുടങ്ങിയപ്പോൾ തല വേദനയാണെന്ന് പറഞ്ഞൊഴിഞ്ഞുമാറി.

കുറേ സമയം വെറുതെ മുറി അടച്ചിരുന്ന് ചിന്തകളിലാണ്ടു…. പലതുമോർത്തു…വഴിയരികിൽ വച്ച് ഹരിയെ കണ്ടത് മനസ്സിൽ നിന്നും മായാതെ നിന്നു.. വെറുതെ കിടന്ന് ഓരോന്ന് ആലോചിച്ചു കൂട്ടുമ്പോൾ മനസ് മന്ത്രിക്കുന്നുണ്ടായിരുന്നു… വെറും പ്രണയമല്ല തനിക്ക് ഹരിയോട്.. ഒരിക്കലും അടർന്നു പോവാത്തവിധം മനസ്സിൽ അലിഞ്ഞു ചേർന്ന ഒന്നാണെന്ന്…തന്റെ മനസ്സിൽ ഇനി ഹരിക്കല്ലാതെ മറ്റൊരാൾക്ക്‌ സ്ഥാനം കൊടുക്കാൻ കഴിയില്ലെന്ന്..

“”പ്രായ വ്യത്യാസം ഒരുപാട് കാണും ഞങ്ങൾക്കിടയിൽ … എന്നാലും എനിക്കിഷ്ടാ …. ഒരുപാടിഷ്ടാ……… “‘

തലയിണയിൽ മുഖം പൂഴ്ത്തി വച്ച് ആരോടെന്നില്ലാതെ മന്ത്രിച്ചു….ഇടയ്ക്കിടെയായി മിഴികൾ നിറഞ്ഞു… അവളുടെ ഇഷ്ടത്തെ കുറിച്ച് ഒരു വാക്ക് പോലും വീട്ടിൽ നിന്നും ചോദിക്കുന്നില്ലല്ലോയെന്നോർത്ത്‌ മനം വേദനയാൽ എത്രയോ നീറുന്നുണ്ടായിരുന്നു…. എങ്കിലും ഒന്ന് തീരുമാനിച്ചു… എല്ലാം എല്ലാവരുമറിയണം..

അന്ന് രാത്രി സകല ധൈര്യവും സംഭരിച്ചുകൊണ്ട് അച്ഛനോട്‌ കാര്യം പറയാൻ മനസിനെ പാകമാക്കുമ്പോൾ കയ്യും കാലും വിറയ്ക്കുന്നുണ്ടായിരുന്നു….. താൻ സ്വയം ആലോചിച്ചെടുത്ത തീരുമാനം ….

എങ്കിലും….സാരില്ല… വിങ്ങി വിങ്ങി മടുത്തുപോയി…..അതിനേക്കാൾ നല്ലതാണ് ഉള്ളിലുള്ളത് തുറന്ന് പറയുന്നത്…. പക്ഷെ അച്ഛന്റെ മറുപടിയെന്തായിരിക്കും…?

മുറിയിൽ നിന്നുമെഴുന്നേറ്റവൾ ഉമ്മറത്തേക്ക് നടന്നു…അവിടെ കസേരയിൽ അച്ഛന്റെ കാലിനടുത്തായി ഊർന്നിരിക്കുമ്പോൾ ആകുലതകളാൽ ഹൃദയം പിടയുന്നുണ്ടായിരുന്നു.

“ഇഷ്ടാ അച്ഛാ എനിക്കൊരുപാട്….. എന്നെ പെണ്ണ് ചോദിക്കുന്നതിന് മുൻപേ എനിക്കിഷ്ടാ ഹരിയേട്ടനെ …… “”

പതറിയ ശബ്‌ദത്താലവൾ പറയുവാൻ തുടങ്ങി…

“അച്ഛനോട് പറയാൻ പേടിച്ചിട്ടാ…പക്ഷെ ഞാൻ ഇതുവരെ ഹരിയേട്ടനോട് പറഞ്ഞിട്ടില്ല ഈ കാര്യം ….. എങ്കിലും… എങ്കിലും എനിക്കൊരുപാടിഷ്ടാ ……. ഇനീം മനസ്സിൽ വെക്കാൻ വയ്യാ….വയസ് എത്ര വേണേലും ആയിക്കോട്ടെ…. മനസിന്‌ പിടിച്ചാളെ വിവാഹം കഴിക്കുന്നതല്ലേ നല്ലത്…””

കേട്ടതെല്ലാം അവിശ്വസനീയമെന്നപോലെ അവളെ അദ്ദേഹം നോക്കി… ഇടറിയ സ്വരത്താൽ പറഞ്ഞു തീർന്നപ്പോൾ അവളുടെ കണ്ണുകളിൽ നിന്നും അശ്രുക്കൾ കിനിഞ്ഞൊഴുകുന്നുണ്ടായിരുന്നു ……. ചുണ്ടുകൾ സങ്കടത്താൽ വിറ കൊള്ളുന്നുണ്ടായിരുന്നു ..

ഉള്ളിലെ എന്തോ ഒന്ന് ഇറങ്ങി പോയ പോലെ തോന്നിയെങ്കിലും ഭയം അത്പോലെ തന്നെ തറഞ്ഞു നിന്നു …തെല്ല് പ്രതീക്ഷയോടെ അവൾ അച്ഛനെ തന്നെ നോക്കി.. പക്ഷെ ഒന്നും പറയാതെ അദ്ദേഹം എഴുന്നേറ്റു പോകുകയായിരുന്നു ചെയ്തത്…ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു… ഹരിയേ കാണാൻ ആഗ്രഹം തോന്നാറുണ്ടെങ്കിലും പിന്നെയവൾ കണ്ടതേയില്ല … അച്ഛനും അകന്നു മാറുന്നപോലെ തോന്നിയവൾക്ക്…..എങ്കിലും എത്ര ശ്രമിച്ചിട്ടും ഉള്ളിലെ പ്രണയത്തെ ഒഴിവാക്കുവാനും ആ പെണ്ണിന് കഴിഞ്ഞില്ല….

“”നിനക്കതാണോ ഇഷ്ടം…. “””

കുറച്ചു നാളുകൾക്ക് ശേഷം രാത്രി കിടന്നിടത്തു നിന്നും അപ്രതീക്ഷിതമായി കേട്ടൊരു ശബ്‌ദം….ഉള്ളിലെ തേങ്ങലടക്കി മിഴികൾ തുറന്ന് നോക്കുമ്പോൾ നെറുകയിൽ തലോടി തനിക്കരുകിലിരിപ്പുണ്ടായിരുന്നു അച്ഛൻ……. കേട്ടത് വിശ്വസിക്കാനാവാതെ അവൾ ഒന്ന്കൂടി അച്ഛനെ തന്നെ നോക്കി കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്നു..

“ആതി… നീ നല്ലൊരു മകളാണ്…. ആരെയും നോവിക്കാനാവാത്ത മകൾ… എന്നെ പേടിച് ഇത്രേം കാലം ഒളിപ്പിച്ചു വച്ചില്ലേ മനസിലുള്ള ഇഷ്ടം… എനിക്ക് അപമാനാവോന്നോർത്തല്ലേ നീ അങ്ങനെ ആരും അറിയാതെ കൊണ്ടുനടന്നത്… പ്രേമിക്കുന്നത് ഒരിക്കലും തെറ്റല്ല….ഹരി നിന്നെ പെണ്ണ് ചോദിച്ചില്ലായിരുന്നെങ്കിൽ നീ എന്ത് ചെയ്തേനെ… “”

“”അച്ഛാ… “”

നേർത്ത സ്വരത്തിലവൾ വിളിച്ചു…..

“സ്നേഹിച്ചു പോയഛ…. ഹരിയേട്ടന് പോലുമറിയില്ല… ഞാനീ മനസ്സിൽ കൊണ്ടു നടക്കുന്നതൊന്നും…..””

“””അവനും നല്ലവനാ….. അന്തസുള്ളവനാ…. എന്നോട് വന്ന് അതിന്റെതായ മര്യാദയിൽ നിന്നെ ചോദിച്ചു…. നിന്നോട് പോലും പറയാതെ… എങ്കിലും എന്റെ അനിഷ്ടം ഹരിക്ക് മനസിലായി കാണും…. പിന്നെ നീയും ഇത്രേം നാൾ മനസ്സിൽ കൊണ്ടു നടന്നില്ലേ… നിങ്ങൾ പരസപരം തുറന്നു പറയാതെ പ്രണയിച്ചു… നിങ്ങൾ പോലുമറിയാതെ.. വേണമെങ്കിൽ എനിക്ക് നിന്റെ വിവാഹം മറ്റൊരാളുമായി നടത്താം… പക്ഷെ വേണ്ട… മനസ്സിൽ കൊണ്ടു നടന്നുകൊണ്ട് ഇത്ര സ്നേഹിക്കാൻ നിങ്ങൾക്കാവുമെങ്കിൽ ഇനിയും ആ സ്നേഹം ഒത്തിരി പടരാനുണ്ട്….ഹരിയോട് ഞാൻ പറഞ്ഞിട്ടുണ്ട് ഈ വിവാഹത്തിന് സമ്മതമാണെന്ന് “”

ഒരു ചെറു പുഞ്ചിരിയോടെ കവിളിൽ തട്ടി അദ്ദേഹമങ്ങനെ പറഞ്ഞപ്പോൾ കണ്ണുകൾ വിടർത്തിയവൾ നോക്കി…..ലൈറ്റും അണച്ചു കൊണ്ട് അയാൾ നടന്നു പോകുമ്പോൾ കേട്ടത് അവിശ്വസനീയമായി തോന്നിയവൾ കയ്യിൽ ചെറുതായൊന്നു പിച്ചുകയായിരുന്നു …..

ചിരിയാണോ കരച്ചിലാണോ അപ്പോഴവളുടെ മുഖത്തു വിടർന്നതെന്നതെന്ന് മനസിലായില്ല…ചെറിയ കണ്ണീരിനിടയിലും വീണ്ടുമാ പത്താം ക്ലാസുകാരിപെണ്ണിനെ കൈകളിൽ കോരിയെടുത്ത ഹരിയുടെ മുഖം മിന്നിമായുന്നുണ്ടായിരുന്നു ..

അവനെ വിളിക്കാനെന്ന പോലെ അറിയാതെ ഫോൺ കൈയിലെടുത്തപ്പൊഴാണ് ഓർത്തത്… നമ്പർ അറിയില്ല……ഒന്ന് മനസ് നിറഞ്ഞു സംസാരിച്ചിട്ട് പോലുമില്ല.. ആാാ ആളെയാണ് ഇത്രയും താൻ സ്നേഹിക്കുന്നത്… അയാൾക്ക് വേണ്ടിയാണ് ഇത്രയും വാശിപിടിക്കുന്നത്…ഇങ്ങനെയും പ്രണയിക്കുവാൻ സാധിക്കുമൊ…കഴിയും….കാരണം ഇത് വെറുമൊരു കഥയല്ല..ജീവിതമാണ്…ഹരിയുടെയും ആതിയുടെയും ജീവിതം….

അവസാനിച്ചു…

ഇഷ്ടത്തോടെ മാനസ ഹൃദയ