ജീവിതത്തിലൊരിക്കലും ഇനി കാണുകയോ ഒരു മെസ്സേജിൽ കൂടി പോലുമോ പരസപരം ബന്ധപ്പെടില്ല എന്ന്…

വിശ്വാസം

Story written by AMMU SANTHOSH

“ഇതെന്താ അഞ്ജു കറികളിലെല്ലാം നല്ല ഉപ്പാണല്ലോ? “‘അമ്മ പറയുന്നത് കേട്ട് ഞാൻ അല്പമെടുത്തു നാവിൽ വെച്ച് നോക്കി.

ശരിയാണല്ലോ നല്ല പോലെ ഉപ്പുണ്ട്.

“രണ്ടു ദിവസമായി ശ്രദ്ധിക്കുന്നു നിനക്കെന്താ പറ്റിയത്? ഇന്നലെ ആ പാൽ മുഴുവൻ തിളച്ചു തൂവി സ്ററൗവ് ഒക്കെ വൃത്തികേടാക്കി “

അവളുട മുഖമാണെങ്കിൽ വിളറിവെളുത്തു ഇപ്പൊ കരയുമെന്നായിട്ടുണ്ട് .

അഞ്ജലി പേരിനെന്തോ കഴിച്ചു പാത്രങ്ങൾ ഒക്കെ എടുത്തു അടുക്കളയിലേക്കു പോകുന്നത് ഞാൻ ശ്രദ്ധിച്ചു.

വിവാഹം കഴിഞ്ഞു രണ്ടു വർഷം ആയി. ഇങ്ങനെയൊന്നു ഇത് വരെ കണ്ടിട്ടില്ല. എന്താ അഞ്ജു എന്ന് ചോദിച്ചു കുത്തി ചോദിക്കാനൊന്നും ഞാൻ നിന്നില്ല എന്നോട് പറയാനുളളതായിരുന്നെങ്കിൽ അവൾ പറഞ്ഞേനെ .അവളുടെ ജീവിതത്തിലെ എല്ലാം അവൾ എന്നോട് പറഞ്ഞിട്ടുണ്ട് പ്രണയം, പ്രണയനഷ്ടം അങ്ങനെ എല്ലാ കാര്യങ്ങളും.

ഞാൻ മുറിയിൽ ചെല്ലുമ്പോൾ അവൾ ഫോണിൽ സംസാരിക്കുകയായിരുന്നു .ഫോണിൽ സുഹൃത്ത് നീന ആണെന് എനിക്ക് മനസിലായി. ഞാൻ വാതിൽ ചാരി പുറത്തേക്കു പോരുന്നു .ഭാര്യയാണെങ്കിലും അവൾ വേറെ വ്യക്തിയാണ് ഭാര്യമാർ ഷെയർ ചെയ്യുന്ന മുഴുവൻ കാര്യങ്ങളും എനിക്കും അറിയണം എന്ന് ഭർത്താക്കന്മാർ വാശിപിടിക്കുന്നത് അത്ര നല്ല കാര്യമാണെന്ന് എനിക്ക് തോന്നിട്ടില്ല . കൂട്ടുകാർക്കൊപ്പമുള്ള തമാശകൾ, സന്തോഷങ്ങൾ ഒക്കെ അവർക്കു മാത്രമാകട്ടെ. അല്ല നമ്മൾ നമ്മുടെ കൂട്ടുകാർക്കൊപ്പം പറയുന്നത് വല്ലോം നമ്മുടെ ഈ ഭാര്യമാരോട് പറയുന്നുണ്ടോ? എല്ലാം പറഞ്ഞാൽ ഇവളുമാർ നമ്മളെ വെച്ചേക്കുമോ ?എന്റെ ചില കൂട്ടുകാർ ഉണ്ട് ഭാര്യമാർ ഫോൺ ചെയുന്നത് മുഴുവനും ഒപ്പിയെടുക്കും എന്നിട്ടു സൗകര്യം പോലെ ഓരോന്നായി ചോദിച്ചു വശം കെടുത്തി ക്കളയും. അത് ചീപ്പല്ലേ ?”

ഞാൻ കുറച്ചു വായനയൊക്കെ കഴിഞ്ഞു മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ കിടന്നു കഴിഞ്ഞു.

“അഭി ” അവൾ മെല്ലെ എനിക്കെതിരെ തിരിഞ്ഞു കിടന്നു.

“ഉം ?”ഞാൻ ഒന്ന് മൂളി

ഒരു കാര്യം പറയട്ടെ ?”

“ഉം “

“ഞാൻ പറഞ്ഞിട്ടില്ലേ നന്ദനെ കുറിച്ച് ?

“ഉവ്വ് “

“ഞങ്ങൾ പിരിയുമ്പോൾ ഒരു വാക്കുണ്ടായിരുന്നു .ജീവിതത്തിലൊരിക്കലും ഇനി കാണുകയോ ഒരു മെസ്സേജിൽ കൂടി പോലുമോ പരസപരം ബന്ധപ്പെടില്ല എന്ന് “

“നീ എന്നോട് പറഞ്ഞിട്ടുണ്ടല്ലോ അത് “

“ഇപ്പൊ ഒന്ന് കാണണം എന്ന് നീനയോടു പറഞ്ഞു വിട്ടിരിക്കുന്നു “

“അതിനവൻ അമേരിക്കയിൽ അല്ലെ ?”

“നാട്ടിൽ വന്നിട്ടുണ്ട് “

“ഇത്രേയുള്ളൂ ?ഇതിനാണോ കൊച്ചെ നീ കറികളിൽ എല്ലാം ഉപ്പ് വാരിയിട്ടേ?”

ഞാൻ ചിരിച്ചു

“അഭി പ്ലീസ് ബി സീരിയസ് “ആ കണ്ണുകളിൽ നീർത്തിളക്കം.

” ഓക്കേ ഞാൻ സീരിയസ് ആയി. അയാൾ കാണണം എന്ന് പറയുന്നു. നീ എന്ത് പറഞ്ഞു “

“ഞാൻ പറ്റില്ല എന്ന് പറഞ്ഞു അഭി “

“എന്തിന്? അയാൾക്ക് എന്താ പറയാനുള്ളത് എന്നറിയാമല്ലോ അല്ലെങ്കിൽ ഇനിയും ഇങ്ങനെ ചോദിച്ചു കൊണ്ടേയിരിക്കും.നിങ്ങൾ ശത്രുക്കൾ ആയി പിരിഞ്ഞതല്ലല്ലോ.. “

“എന്നാൽ അഭിയും കൂടെ വാ “

“നോ നീ ഒറ്റയ്ക്ക് പോയാൽ മതി.ജീവിതത്തിൽ ചില സിറ്റുവേഷൻ നമ്മൾ തനിച്ചു നേരിടണം നോ പറയാനുള്ളിടത്തു നോ തന്നെ പറയണം അല്ലെങ്കിൽ ജീവിതം നമ്മളോട് വലിയ ഒരു നോ പറയും “ഞാൻ പുഞ്ചിരിച്ചു

അവളുടെ കണ്ണുകളിൽ ആത്മവിശ്വാസം നിറഞ്ഞു.

“അഭിക്കെന്നോട് ദേഷ്യം ഉണ്ടാകുമോ ? “

“ആ ചിലപ്പോൾ നീ കറികളിൽ ഇനിയും ഉപ്പു വാരിയിട്ടാൽ “

“പോ അഭി “അവൾ ചിരിച്ചു

അവൾ അവനെ കാണാൻ പോയി ..എനിക്ക് യാതൊരു ടെൻഷനും തോന്നിയില്ല എന്നതാണ് സത്യം കാരണം എനിക്ക് അവളെ നല്ല വിശ്വാസം ഉണ്ട് എന്നത് തന്നെ.

വൈകുന്നേരം ഓഫീസിൽ വിട്ടു വന്നപ്പോൾ നല്ല ചൂട് ചായയും പഴം പൊരിയും മുൻപിൽ. നൂറു വാട്സ് ബൾബ് കത്തിച്ചു വെച്ച തെളിച്ചവുമായി അവൾ.

“പറയ് “ഞാൻ ചായ മൊത്തി

“ഞാൻ നന്ദനെ കാണാൻ പോയി ഒറ്റയ്ക്ക് ..നന്ദന്റെ വിവാഹം കഴിഞ്ഞുവത്രേ അവിട ഏതോ ഒരു മദാമ്മ ..ദേ ഇപ്പൊ ഡിവോഴ്‌സും കഴിഞ്ഞു ..അപ്പോളാണത്രെ അവനു ഒരു വലിയ സത്യം മനസിലായത് “

“മതി മതി ബാക്കി പറയണ്ട ക്ളീഷേ ..ഹോ എത്ര സിനിമയിൽ കണ്ടിട്ടുണ്ട് ഞാൻ ഇത്..അപ്പോളാണ് അവനു നിന്റെ വില മനസിലായത് അവനോടു ക്ഷമിക്കണം അതല്ലേ? “

“മാങ്ങാത്തൊലി അതല്ല ..എന്റെ മാധവമ്മാമയുടെ മോളില്ലേ അപർണ. അവളെ ഒന്നാലോചിക്കണം എന്ന് മലയാളി പെണ്ണുങ്ങള നല്ലതു എന്ന് “

ഞാൻ പൊട്ടിച്ചിരിച്ചു പോയി

“എന്നിട്ടു നീ എന്ത് പറഞ്ഞു ?”

“പറ്റില്ല എന്ന് പറഞ്ഞു “

“അതെന്താടി ..അവൾക്ക് ഒരു അമേരിക്കക്കാരൻ വന്നത് നല്ലതല്ലേ ..?”

“എന്റെ അപർണ ..ഒരു രണ്ടാംകെട്ടുകാരനെ കല്യാണം കഴിക്കണ്ട, അത് മാത്രം അല്ല കുറച്ചു കൂടി നല്ലത് കാണുമ്പോൾ ഇവൻ അവളെയും ഉപേക്ഷിച്ചു പോകും ” അവൾ തിരിഞ്ഞു കിടന്നു

“അത് കറക്റ്റ്.. അല്ല ഭാര്യേ നിനക്കിനി വല്ല അസൂയയോ കുശുമ്പോ അല്ല അങ്ങനെ വല്ലോം “

“എന്തിന അഭി? നല്ലത് കാണുമ്പോൾ, കുറച്ചു കൂടി ബെറ്റർ ആയ ഒന്നിനെ കാണുമ്പോൾ നമ്മളെ മറക്കുന്നവരെ ജീവിതത്തിൽ ഒരിക്കലും വിശ്വസിക്കരുത്..അവൻ അപർണയെയും ചതിക്കും. അറിഞ്ഞു കൊണ്ട് ഞാൻ ആ പാപം ചെയ്യണോ”

ഞാൻ ചിരിച്ചു.

“ഞാൻ ഒരു തമാശ പറഞ്ഞതല്ലേ കൊച്ചേ.. എനിക്ക് അറിയാം നിന്നെ “

അവൾ എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ചു

“എനിക്ക് അത് മതി അഭി.. എന്നും ഈ സ്നേഹം ഈ വിശ്വാസം.. അത് മാത്രം മതി “”ഒരിക്കലും എന്നെ വിട്ട് പോകാതിരുന്നാൽ മതി “

ഞാൻ അവളെ ചേർത്ത് പിടിച്ചു.. ഒരിക്കലും വിട്ട് പോകില്ല എന്ന് പറയുന്നതിനേക്കാൾ ഉറപ്പിൽ.

ഒരിക്കൽ ഉപേക്ഷിക്കപ്പെട്ടവൾക്ക് എന്നും ഒരു പേടി ഉണ്ടാകും. എന്നും ഉള്ളിൽ ആ സങ്കടവും ഉണ്ടാകും. അത് മനസിലാക്കുന്നിടത്തല്ലേ നമ്മൾ ആണുങ്ങൾ ആണുങ്ങൾ ആവുന്നത്? നല്ല ഭർത്താവ് ആകുന്നത്? വിശ്വാസം അല്ലെ വലുത്? കൂടെ ഉണ്ടാകും എന്ന വിശ്വാസം.