കഴിഞ്ഞ ദിവസം വാങ്ങി കൊടുത്ത ഊണിന്റെ ഓർമ്മയിലാവാം എന്റെ ശബ്ദം കേട്ടപ്പോൾ അവന്റെ മുഖം പ്രതീക്ഷയാൽ തിളങ്ങി…

അനാഥൻ

Story written by Nijila Abhina

=========

“ചവിട്ടിയിറക്കി വിട്ടേക്കതിനെ…ഇല്ലേ കുരിശാകും തോമസേ…… “

പതിവില്ലാതെ ഓഫീസിൽ എല്ലാവരും കൂടി നിൽക്കുന്നത്‌ കണ്ടാണ്‌ ഞാനും അങ്ങോട്ട്‌ ചെന്നത്…സാധാരണ ഇത് പതിവില്ലാത്തതാണ്…പരസ്പരം മുഖത്തേക്ക് പോലും നോക്കാതെ ജീവിക്കുന്ന കുറേ ജീവികൾ… ആകെ ഇവിടെ സംസാരിക്കാറുള്ളത്‌ പിയൂൺ  രാഘവേട്ടൻ മാത്രമാണ്…

കൂടി നിന്നവരെ വകഞ്ഞു മാറ്റി നോക്കിയപ്പോൾ ഒരു പയ്യൻ…അഞ്ചാറ് വയസ് പ്രായം വരും…കുറച്ചു ദിവസമായി കാണാറുണ്ടിവനെ…

“എന്താ എന്തായിവിടെ പ്രശ്നം….എന്തിനാ എല്ലാരും കൂടിയാ കുട്ടിയെ തടഞ്ഞു നിർത്തിയെ… “

കഴിഞ്ഞ ദിവസം വാങ്ങി കൊടുത്ത ഊണിന്റെ ഓർമ്മയിലാവാം എന്റെ ശബ്ദം കേട്ടപ്പോൾ അവന്റെ മുഖം പ്രതീക്ഷയാൽ തിളങ്ങി…

“ഓ പ്രത്യേകിച്ച് ഒന്നൂല്ല…മൂന്നാല് ദിവസായി ഈ തെണ്ടിച്ചെക്കൻ നമ്മുടെ ഓഫീസിന്റെ ഫ്രണ്ടിൽ കിടന്നാ ഉറക്കം..അതും പോരഞ്ഞിട്ട് ഇവിടെ വരുന്ന കസ്റെമർസിനോട് തെണ്ടാൻ ചെന്നേക്കുന്നു..സ്റ്റാറ്റസ് പോകുന്ന പ്രശ്നാ “”

“ശെരിക്കും ഒന്നൂടി പെരുമാറിക്കോ. ഇനി മേലാൽ ഈ പടി ചവിട്ടരുത്.. “

ആ ശബ്ദം വന്നിടത്തേക്ക് ഞാനൊന്നു നോക്കി. ആൻസിയാണ്….

“നാണമുണ്ടോ നിങ്ങൾക്കിത്‌ പറയാൻ ഇത്തിരിയില്ലാത്ത കുഞ്ഞിനെ തല്ലി ചതച്ചിരിക്കുന്നു..മനസാക്ഷി വേണം മനുഷ്യനായാൽ..അതെങ്ങനെയാ സ്വന്തം പെറ്റ തള്ളയെ കൊണ്ടുപോയി വൃദ്ധ സദനത്തിൽ തള്ളിയ നിനക്കൊക്കെ എന്ത് മനസാക്ഷി… “

എന്റെ ദേഷ്യം ഇരച്ചു കയറുകയായിരുന്നു.

“ഒരു തെണ്ടി മറ്റൊരു തെണ്ടിയെ സപ്പോർട്ട് ചെയ്യുന്നു…” പുച്ഛത്തോടെ ആൻസി പറഞ്ഞു..

“അതെ. നിങ്ങൾക്കൊക്കെ ഞാൻ തെണ്ടിയാവാം..എനിക്കറിയാം ഈ കുട്ടിയെ എന്ത് ചെയ്യണമെന്ന്.. “

അവന്റെ കൈ പിടിച്ച് അവിടെ നിന്നിറങ്ങുമ്പോൾ പുറകിൽ നിന്നുയരുന്ന പരിഹാസം നിറഞ്ഞ ചിരികൾ കേട്ടില്ലെന്ന്‌ നടിച്ചു….

കരുണാലയം മാത്രമായിരുന്നു അപ്പൊ എന്റെ മനസ്സിൽ ഉണ്ടായിരുന്നത്‌…

അവനോടൊപ്പം ബസിൽ ഇരുന്നപ്പോൾ എന്റെ ഓർമ്മകൾ ഇരുപത്തി ഒന്ന് വർഷം പിറകിലേക്ക്‌ പോയി..

അന്നെനിക്ക് അഞ്ചു വയസ് ഇവന്റെ ഇതേ പ്രായം…ഒരു മഴക്കാലമായിരുന്നു….തന്നെ കരുണാലയത്തിലാക്കി പോകുന്ന അമ്മയെ വിളിച്ച് താനന്ന്‌ ഒരുപാട് കരഞ്ഞു..പിന്തിരിഞ്ഞു പിന്തിരിഞ്ഞു നോക്കിയാണന്നമ്മ പോയത്‌…..അമ്മ കരയുന്നുണ്ടായിരുന്നു…പോകാൻ നേരം എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു. ഭ്രാന്തമായ രീതിയിൽ നെറ്റിയിലും മുഖത്തും കവിളിലും എല്ലാം….

അച്ഛനും ഉപേക്ഷിച്ചു പോയപ്പോൾ രോഗിയായ അമ്മയ്ക്ക് വേറെ മാർഗം ഇല്ലായിരുന്നു എന്ന് വലുതായപ്പോഴാണ് സിസ്റ്റർമാര് പറഞ്ഞു തന്നത്..

കരുണാലയത്തിന്റെ കരുണയിലായിരുന്നു പിന്നീടുള്ള കാലം…

അമ്മേ എന്ന് വിളിക്കാനും മോനെ എന്ന വിളി കേള്ക്കാനും ഒരുപാട് കൊതിച്ചിരുന്നു. ആ ഒരു തലോടൽ എന്നും സ്വപ്നം കണ്ടിരുന്നു…ആരുടെയൊക്കെയോ കനിവിൽ ലഭിച്ചിരുന്ന നിറം മങ്ങിയ വസ്ത്രങ്ങളും പഴയ പുസ്തകങ്ങളും സന്തോഷത്തോടെ ഏറ്റുവാങ്ങി…നിധിയായിരുന്നു അന്നത്..വർഷത്തിൽ എപ്പോഴെങ്കിലും വരുന്ന അഥിതികളെ കാത്തിരിക്കുമായിരുന്നു മധുരമുള്ളത് എന്തെങ്കിലും കഴിക്കാൻ…

അച്ഛന്റെയും അമ്മയുടെയും കൈകളിൽ തൂങ്ങി വന്ന ഒരു കുട്ടി കൈകളിൽ ലഡ്ഡു വച്ചു തന്നപ്പോൾ ഞാനന്ന് ചോദിച്ചു….എനിക്കിത് വേണ്ട പകരം കുറച്ചു നേരം ഞാനിവരുടെ നടുക്ക് ഇരുന്നോട്ടെ എന്ന്….

നിറഞ്ഞ കണ്ണുകളോടെ അവരെന്നെ നടുക്കിരുത്തി വായിലൊരു ലഡ്ഡു വച്ചു തന്നപ്പോൾ എനിക്ക് തോന്നിയിരുന്നു ലോകത്തിലേറ്റവും രുചിയേറിയത്‌ ലഡ്ഡുവാണെന്ന്….അന്ന് കഴിച്ച ലഡ്ഡുവിന്റെ മധുരം പിന്നീടീ ഇരുപത്തി ആറു വയസിനിടയിൽ ഒരിക്കലും എനിക്ക് ലഭിച്ചിട്ടില്ല…

പഠനം പൂർത്തിയാക്കി അവിടെ നിന്നിറങ്ങുമ്പോൾ ഒരു ജോലി കിട്ടി തിരികെ അവിടേക്ക് ചെല്ലണം എന്നായിരുന്നു ആഗ്രഹം..മാസത്തിലൊരിക്കൽ കൈ നിറയെ ലഡ്ഡുവുമായി ചെല്ലുന്ന ഏട്ടനെ നോക്കിയിരിക്കുന്ന അനിയൻമാരുടെ മുഖമോർത്ത് ഞാൻ കണ്ണുകളടച്ചു…

സ്ഥലമെത്തി എന്ന കണ്ടക്ടറുടെ വാക്കുകളാണെന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്‌..

ബസിൽ നിന്നിറങ്ങിയ അവനെന്നോട് ചോദിച്ചു. “ഏട്ടാ എനിക്കിത്തിരി വെള്ളം വാങ്ങി തരുവോ ? വല്ലാതെ ദാഹിക്കുന്നു..എന്ന്

നിഷ്കളങ്കമായ ആ ചോദ്യത്തിനു പകരമായി ഞാനവനെ ചേർത്തു പിടിച്ചു…

ഏട്ടാന്നുള്ള അവന്റെ വിളിയിൽ എന്റെ മനസ്സ് നിറയുകയായിരുന്നു..എനിക്കും ആരൊക്കെയോ ഉണ്ടെന്നുള്ള തോന്നൽ ഉണ്ടാവുകയായിരുന്നു

അന്നാദ്യമായി അവിടെ വരെ പോയിട്ടും കരുണാലയത്തിന്റെ പടി ചവിട്ടാതെ ഞാൻ തിരിച്ചു പോകുമ്പോൾ അവനെന്നോട് ചേർന്നിരിപ്പുണ്ടായിരുന്നു….

എന്നെ നോക്കി പുഞ്ചിരിച്ച അവനോടു ഞാൻ പറയാതെ പറഞ്ഞു..ഈ ഏട്ടനെന്നും കൂടെ ഉണ്ടാവുമെന്ന്….