തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന്…

Story written by Saji Thaiparambu

=========

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു

വിധവയായ നാത്തൂൻ്റെയും പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട് തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു.

മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് അവസാനം വിരമിക്കുമ്പോൾ ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ വീണ്ടും ജോലിക്ക് പോകേണ്ടി വന്നു

ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന്…

ഭർത്താവിൻ്റെ ആകസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല. ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കുത്തിനോവിക്കുന്നുണ്ടായിരുന്നു.

പ്രായത്തിൻ്റെ അവശതയും ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു.

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന്…

പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു…

കുട്ടികൾ വളർന്നു യുവാക്കളായി,അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി

അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു.

അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി…

അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂ-ത്രമൊഴിക്കുകയും ,
വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി  പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ ആദ്യമൊക്കെ മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും സ്നേഹത്തോടെ ശാസിക്കുകയും തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു.

പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി…

ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ, അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ് മകൾ  സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്.

അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു. ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു.

തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല…

കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു.

പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു

അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി. അതിൽ ഇങ്ങനെ എഴുതിയിരുന്നു…

മകളേ…നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി. അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു. ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ…

~സജി തൈപ്പറമ്പ്.