സ്നേഹം എന്നത് ഇരുപതിനാല് മണിക്കൂറും ഒപ്പമിരുന്നത് കൊണ്ട് ഉണ്ടാവുന്നതല്ലലോ. സത്യത്തിൽ എനിക്ക്…

സ്വർഗം

Story written by Ammu Santhosh

==========

“ഇന്നും തനിച്ചാണല്ലോ?” ഡോക്ടറുടെ ചോദ്യം കേട്ട് പല്ലവി ഒന്ന് ചിരിച്ചു.

“ഓഫീസിൽ നിന്ന് ഒരു മണിക്കൂർ പെർമിഷൻ  വാങ്ങി..അതാണ് ..ഇന്നലെ കുറച്ചു പെയിൻ ഉണ്ടായിരുന്നു രാത്രി. അപ്പൊ തോന്നി ഇന്ന് ഒന്ന് ഡോക്ടറെ കണ്ടേയ്ക്കാമെന്ന് “

“അത് നന്നായി ശ്രീയെ കൂടി കൊണ്ട് വരാമായിരുന്നു. ഞാൻ ഒരു തവണ മാത്രേ കക്ഷിയെ കണ്ടിട്ടുള്ളു അതും ഒരു മിന്നായം പോലെ.. ഭയങ്കര തിരക്ക് ഉള്ള ആളാ അല്ലെ?”

ഡോക്ടർ പദ്മ പരിശോധിച്ച് കൊണ്ട് ഇരിക്കുന്നിതിനിടയിൽ ചോദിച്ചു

“രണ്ടു ഷോപ്പ് ഉണ്ട്. ഇപ്പൊ തുടങ്ങിട്ടെ ഉള്ളു. അതിന്റെ തിരക്ക് ഉണ്ട്. പിന്നെ എപ്പോഴും, ഭർത്താവിനെയാണെങ്കിൽ കൂടി അങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ ഡോക്ടർ? എനിക്കിപ്പോ നിലവിൽ പ്രശ്നം ഒന്നുമില്ല. ഞാൻ ഹെൽത്തിയാണ്.. ഗർഭം ഒരു രോഗമല്ലല്ലോ “

“ഹേയ് അല്ലല്ല..പക്ഷെ പല ഗർഭിണികൾക്കും ഭർത്താവിന്റെ സാമിപ്യം ആവശ്യം ഉള്ള ഒരു സമയം അല്ലെ ഇത്? പലരും പറഞ്ഞു കേട്ടിട്ടുണ്ട്..ഈ സമയത്തു എപ്പോഴും അടുത്തുണ്ടാവണം. കെയർ ചെയ്യണം ഓരോരോ കൊതി തോന്നുമ്പോൾ സാധിച്ചു തരാൻ അടുത്ത് ഉണ്ടാകണം എന്നൊക്കെ..”

“അങ്ങനെ ഉള്ള പെൺകുട്ടികൾ ഉണ്ടാവുമായിരിക്കും..ഞാൻ കുറച്ചു കൂടി പ്രാക്ടിക്കൽ ആണ്. ശ്രീക്ക്  നല്ല തിരക്കുണ്ട്. ഒരു ജീവിതം തുടങ്ങുന്നേയുള്ളു. എനിക്ക് ജോലി ഉണ്ട്..എനിക്ക് ആ തിരക്കുകൾ ഉണ്ട്.. എനിക്ക് അങ്ങനെ കൊതികൾ ഒന്നുമില്ല താനും..പിന്നെ രാത്രി കിടക്കുമ്പോൾ ചിലപ്പോൾ കാല് വേദന ഉണ്ടാവും. ഞാൻ എണീറ്റിരിക്കുമ്പ തന്നെ ശ്രീക്ക് മനസിലാകും. ആൾ അപ്പൊ തന്നെ ഉഴിഞ്ഞു തരുകയും ചെയ്യും.. ഞാൻ ഉറങ്ങി പോകും വരെ…”

അവൾ ചിരിച്ചു

“സ്നേഹം എന്നത് ഇരുപതിനാല് മണിക്കൂറും ഒപ്പമിരുന്നത് കൊണ്ട് ഉണ്ടാവുന്നതല്ലലോ..സത്യത്തിൽ എനിക്ക് ശ്രീയെ പോലെ ഒരു ഭർത്താവിനെ തന്നെ ആയിരുന്നു ഇഷ്ടം. എനിക്ക് എന്നെ ഒരു പാട് കൊഞ്ചിക്കുന്നതോ ലാളിക്കുന്നതോ ഇഷ്ടം അല്ല ഡോക്ടർ..എന്താ പറയുക. നോർമൽ ആയി സ്നേഹിക്കുന്നതാ ഇഷ്ടം..അതല്ലേ നല്ലത്?”

ഡോക്ടർ തലയാട്ടി ചിരിച്ചു

“ശരിയാ എന്നാലും ഇടക്കൊക്കെ ഒന്ന് മാറ്റിപിടിക്കാം..അല്പം ഒക്കെ കൊഞ്ചിച്ചാ കുഴപ്പമില്ലന്നേ…”

ഡോക്ടർ ഒരു വിറ്റാമിൻ ടാബ്ലറ്റ് കുറിച്ച് കൊണ്ട് പറഞ്ഞു

“ഡോക്ടറെ എന്റെ ഒരു സുഹൃത്ത് ഉണ്ട്. സൗമ്യ…ഒരു തൊട്ടാവാടിയാ..കല്യാണം നിശ്ചയം കഴിഞ്ഞു അവളുടെ ചെക്കനും അവളും നല്ല പ്രണയം ആയിരുന്നു ട്ടൊ. ചെക്കൻ ആണെങ്കിൽ ഭയങ്കര റൊമാന്റിക്..അവളെ സ്നേഹിക്കാൻ അധികം പേരൊന്നുമില്ലായിരുന്നിട്ടാണോ ആവോ അവൾക്കത് ഒരു ലഹരിയായി..ഞാൻ പലപ്പോഴും പറഞ്ഞു കൊടുത്തിട്ടുണ്ട് ഒത്തിരി മുങ്ങിപ്പോകരുത്..എന്നെങ്കിലും ഈ സ്നേഹത്തിന്റെ അളവ് കുറഞ്ഞാൽ ഭ്രാന്ത് പിടിക്കും. എല്ലാവർക്കും എല്ലാ കാലവും ഒരെ ഗ്രാവിറ്റിയോടെ സ്നേഹിക്കാൻ കഴിയില്ല. മനസ്സിനൊരു പിടി വേണം എന്നൊക്കെ…കേട്ടില്ല. കല്യാണം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞപ്പോൾ ചെക്കന്റെ ജോലി പോയി. അതോടെ ടെൻഷൻ ആയി. പിന്നെ എവിടെ നിന്ന് റൊമാൻസ് വരാൻ?അവൾക്ക് അതൊട്ട് മനസിലായും ഇല്ല. വഴക്കായി, സംശയം ആയി, പിണക്കം ആയി, ദേ ഇപ്പൊ ഡിവോഴ്സ് ആയി “

ഡോക്ടർ അമ്പരപ്പോടെ കേട്ടിരുന്നു

“ആണുങ്ങൾക്ക് എപ്പോഴും ഒരെ പോലെ റൊമാന്റിക് ആവാൻ പറ്റില്ല…എന്നേക്കാൾ അറിവുള്ള ഡോക്ടർക്ക് അത് അറിയാമായിരിക്കും. അവർക്ക് എന്തെങ്കിലും സ്ട്രെസ് ഉണ്ടെങ്കിൽ അവർക്ക് ചക്കരെ മുത്തേ എന്നൊന്നും വിളിക്കാൻ പറ്റില്ല. അവരെപ്പോഴും മനസ്സ് കൊണ്ട പ്രവർത്തിക്കുക. മനസ്സ് ശാന്തമായാൽ അവരും സ്നേഹമുള്ളവരാകും. നമ്മൾ തന്നെ ടെൻഷൻ കൊടുത്തിട്ട് സ്നേഹം ഇല്ലാന്ന് പരാതി പറഞ്ഞിട്ട് എന്താ കാര്യം? “

“അപ്പൊ പെണ്ണോ?” ഡോക്ടർ അവളെ മൂർച്ചയോടെ ഒന്ന് നോക്കി

“പെണ്ണിന് ആണിനെക്കാൾ മാനസികാരോഗ്യം കൂടുതല..അത് ഡോക്ടർ പഠിച്ചു കാണുമല്ലോ..മെന്റൽ ഹെൽത് സ്ത്രീക്കാണ് കൂടുതൽ. അവൾ മൾട്ടി ടാലെന്റെഡ് ആണ്. പാചകം ചെയ്തു കൊണ്ട് നിൽക്കുമ്പോൾ തന്നെ ഒരെ സമയം കുട്ടിയെ നോക്കും. ഭർത്താവിന്റെ കാര്യം നോക്കും..പാത്രം കഴുകും. അങ്ങനെ ഒത്തിരി ജോലി ഒരെ ടൈം ചെയ്യും അവിടെ ഒക്കെ മനസ്സും കൊടുക്കും..ആണിന് അത് അത്ര പോര..കഴിയുന്നതും ഒരു ജോലി അല്ലെങ്കിൽ രണ്ടു ജോലി…പെണ്ണ് മിടുക്കിയല്ലേ ഡോക്ടറെ…ഡോക്ടർ തന്നെ സ്വന്തം കാര്യം നോക്കിക്കേ…ഭർത്താവ് ഡോക്ടർ. മക്കൾ ചെറിയ കുട്ടികൾ. ഡോക്ടർ എന്തായാലും കുട്ടികളെ ഫീഡ് ചെയ്തു സ്കൂളിൽ ആക്കിയിട്ടല്ലേ ഇങ്ങോട്ട് വരിക? അദേഹത്തിന്റെ ഫോണിലേക്ക് ഇപ്പൊ രണ്ടു തവണ എങ്കിലും വിളിച്ചു എത്തിയോ എന്ന് ചോദിച്ചു കാണില്ലേ? ഇടക്ക് ടൈം കിട്ടുമ്പോൾ ഭർത്താവിന്റെയും, ഡോക്റ്ററിന്റെയും അച്ഛനേം അമ്മേം വിളിക്കില്ലേ? വീട്ടിൽ സർവന്റ് ഉണ്ടെങ്കിൽ അവർക്കുള്ള നിർദേശങ്ങൾ കൊടുത്തിട്ടല്ലേ വരിക? ഇവിടെ വന്നാൽ രോഗികളുടെ കാര്യങ്ങൾ നോക്കുന്നതിന്റ ഒപ്പം തന്നെ കൂടെയുള്ള നേഴ്സ് മാരുടെ പ്രോബ്ലെംസ് ഡീൽ ചെയ്യില്ലേ?”

ഡോക്ടർ പദ്മ പൊട്ടിച്ചിരിച്ചു പോയി

“വെയിറ്റ് വെയിറ്റ്…താൻ സൈക്കോളജി ആണോ പഠിച്ചത്?”

പല്ലവി ചിരിച്ചു

“ഞാൻ പ്ലസ് ടു വരെയേ പഠിച്ചിട്ടുള്ളു. പിന്നെ ഒരു വർഷം psc പരീക്ഷക്ക് പഠിച്ചു. പാസ്സായി…അങ്ങനെ ജോലിക്ക് കയറി…ജീവിതം എന്നെ പഠിപ്പിച്ചതാ ഇതൊക്കെ..ചുറ്റുമുള്ള മനുഷ്യരിലേക്ക് കണ്ണ് തുറന്നു വെച്ചാൽ പോരെ..?” അവൾ എഴുന്നേറ്റു

“ഞാൻ അവസാനത്തെ ആളായത് കൊണ്ടാ ഇത്രയും സംസാരിച്ചത് ട്ടൊ…ഡോക്ടർ ഇനി ഫ്രീ അല്ലെ?”

ഡോക്ടർ തലയാട്ടി.

“ഇനി ഡേറ്റിന്റ തലേ ദിവസം വന്നാൽ മതി. റൂം ഞാൻ ബുക്ക്‌ ചെയ്തു വെച്ചേക്കാം ട്ടൊ…” ഡോക്ടർ പറഞ്ഞു

പല്ലവി നന്ദിയോടെ ചിരിച്ചു

“അത്രക്ക് എക്സ്പെൻസിവ് ആയിട്ടുള്ള മുറി വേണ്ട . നോർമൽ ആണെങ്കിൽ വാർഡിൽ തന്നെ മതി..”

“പിശുക്കി..”

പല്ലവി കള്ളച്ചിരി ചിരിച്ചു. പിന്നെ ബാഗ് എടുത്തു നടന്നു പോയി

വൈകുന്നേരം കൺസൽട്ടേഷൻ  കഴിഞ്ഞു അരവിന്ദ് മുറിയിലേക്ക് വരുമ്പോൾ പദ്മ ഒരു കപ്പു ചൂട് കാപ്പി കൊണ്ട് കൊടുത്തു.

അവൾ അയാളുടെ മുടിയിഴകളിൽ കൂടി ഒന്ന് വിരലോടിച്ചു

അയാൾ ഒന്നും പറയാതെ മെല്ലെ പുഞ്ചിരിച്ചു..പിന്നെ അവരെ ഒന്ന് ചേർത്ത് പിടിച്ചു

“നമുക്കൊരു ബ്രേക്ക് എടുത്താലോ? കുട്ടികൾക്ക് അവധി വരുവല്ലേ? ഒരു യാത്ര പോകാം?”

“അയ്യോ പല്ലവിയുടെ ഡെലിവറി കഴിഞ്ഞേയുള്ളൂ ഇനി എന്തും “

Yes yes തന്റെ പല്ലവി..മതി അത് കഴിഞ്ഞു മതി. എത്രയോ patients തന്നെ കാണാൻ വരുന്നു? Why pallavi is so special to you?” അയാൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു

അവർ പല്ലവിയുടെ മുഖം ഓർത്തു.

ആ ചിരി

ചുറുചുറുക്ക്

ഡോക്ടറെ എന്ന സ്നേഹം നിറഞ്ഞ വിളിയൊച്ച

“She is unique. Genuine…വല്യ ഇഷ്ടാണവൾക്ക് എന്നെ…എനിക്ക് തിരിച്ചും…ചില ഇഷ്ടങ്ങൾക്ക് കാരണമില്ല..അതങ്ങ് സംഭവിച്ചു പോകുകയാണ് “

അവർ മെല്ലെ മറുപടി പറഞ്ഞു

ദിവസങ്ങൾ കടന്ന് പോയി ഒടുവിൽ ആ ദിവസം വന്നു. പല്ലവിക്ക് ആശുപത്രിയിലേക്ക് പോകേണ്ട ദിവസം

“രണ്ടു ജോഡി മതിയോ? “

ബാഗിൽ വസ്ത്രങ്ങൾ അടുക്കി വെച്ചു കൊണ്ട് ശ്രീ ചോദിച്ചു

“മതി മതി ആവശ്യം വരികയാണെങ്കിൽ ശ്രീ വീട്ടിലോട്ട് വന്നു എടുത്തു തന്നാ മതി..”

ശ്രീ അവളെ ഒന്ന് നോക്കി. ക്ഷീണം ഉണ്ട്. പക്ഷെ ഭാവിക്കുന്നില്ല..

“ഡി…അതേ…പിന്നെ…എനിക്ക് ടെൻഷൻ ഉണ്ട് കേട്ടോ “

പല്ലവി വിടർന്ന കണ്ണുകളോടെ അവനെയൊന്ന് നോക്കി

“എല്ലാരും പറയുന്നത് ഭയങ്കര വേദന ആണെന്നാ…അതിപ്പോ നോർമൽ ആണെങ്കിൽ കൂടി സഹിക്കാൻ പറ്റുകേല എന്നൊക്കെയാ…ഓപ്പറേഷൻ മതി എന്ന് നിന്റെ ഡോക്ടറോട് പറ. അതാകുമ്പോൾ അനസ്തേഷ്യ തരുമ്പോൾ ഒന്നും അറിയില്ലല്ലോ”

“അത് കഴിഞ്ഞു നല്ലോണം അറിയാം..അവൾ ചിരിച്ചു…” ജീവിതം മുഴുവൻ ഉണ്ടാവും അതിന്റെ വേദന…എല്ലാം വേദന തന്നെയാ ശ്രീ..പ്രസവിക്കുമ്പോ അതിന്റെ വേദന…കുഞ്ഞ് താഴേക്ക് വരുമ്പോൾ പ്രൈവറ്റ് പാർട്ടിൽ ഒരു കീറൽ ഉണ്ടാക്കും…കുട്ടി ഈസി ആയി വരാൻ…അപ്പൊ അറിയില്ല എങ്കിലും പിന്നെ ഓരോ നിമിഷവും വേദന തന്നെ. അമ്മ പറഞ്ഞു തന്നതാ “

ശ്രീയുടെ കണ്ണ് നിറഞ്ഞു തുളുമ്പി

“ഇത് വേണ്ടായിരുന്നു…”

അവൾ പെട്ടെന്ന് വാ പൊത്തി

“അങ്ങനെ പറയല്ലേ…എനിക്ക് വേണം..ഏത് വേദനയും സഹിക്കും. നമ്മുടെ കുഞ്ഞിന് വേണ്ടിയല്ലേ? ഇനിയും വേണം നമുക്ക് കുഞ്ഞുങ്ങൾ..”

ശ്രീ വിങ്ങിപ്പൊട്ടിക്കൊണ്ട് അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു.

പല്ലവി ലേബർ റൂമിലേക്ക് പോകുമ്പോൾ ഡോക്ടർ പദ്മ ഒപ്പം ഉണ്ടായിരുന്നു

“ഡോക്ടറെ ” ശ്രീ ആ മുന്നിൽ ചെന്നു

“ആഹാ ശ്രീ? ഞാൻ കരുതി ഇന്നും ബിസി
ആകുമെന്ന് ” ഡോക്ടർ ചിരിയോടെ പറഞ്ഞു

“എന്നെ കൂടെ അകത്തു കയറ്റാമോ? ഞാൻ അവൾക്ക് ഒപ്പം നിന്നോട്ടെ?”

“Why not?”

ഡോക്ടർ പുഞ്ചിരിയോടെ തലയാട്ടി

വേദന വരുന്ന ഓരോ നിമിഷത്തിലും നിറഞ്ഞൊഴുകിയത് ശ്രീയുടെ കണ്ണുകൾ ആയിരുന്നു

വിങ്ങി പൊടിഞ്ഞത് അവന്റെ നെഞ്ചിടമായിരുന്നു

അവൾ അവന്റെ കയ്യിൽ അമർത്തി പിടിച്ചു ചുണ്ട് കടിച്ചു വേദന സഹിച്ചു കൊണ്ട് ആ മുഖത്ത് നോക്കി

“കരയല്ലേ ശ്രീ “

അവൾ ഇടറി പറഞ്ഞു

കുഞ്ഞു ഭൂമിയിലേക്ക് വന്ന ആ നിമിഷം….

ശ്രീ കുനിഞ്ഞു അവളുടെ നെറ്റിയിൽ മുഖം അമർത്തി

“മോളാണ് ” ഡോക്ടർ പറഞ്ഞു

അവൻ കൈയിൽ വാങ്ങി

ഒരു പനിനീർപൂവ് പോലെ

“നമുക്ക് മോളാണ് ” അവൻ അവളുടെ മുന്നിലേക്ക് കാണിച്ചു കൊടുത്തു

അവളുടെ കണ്ണ് നിറഞ്ഞൊഴുകി

പിന്നെ മുറിയിൽ കുഞ്ഞ് ശാന്തമായുറങ്ങുമ്പോൾ, അവർ തനിച്ചായ നേരം അവൻ അവളെ മെല്ലെ എഴുന്നേൽപ്പിച്ചു നെഞ്ചിലേക്ക് ചാരിയിരുത്തി

“ഇനി ഷോപ്പിൽ പൊയ്ക്കോളൂ. അമ്മയൊക്കെ ഉണ്ടല്ലോ “

“അവരൊന്നും ഞാനാവില്ലല്ലോ ” അവൻ മെല്ലെ പറഞ്ഞു

അവൾ തെല്ല് അതിശയത്തോടെ അവനെ നോക്കി.

“മുറിവുകൾ ഉണങ്ങട്ടെ. നീ എന്റെ പഴയ മിടുക്കി കുട്ടി ആവട്ടെ. അപ്പൊ ഞാനും എന്റെ തിരക്കുകളിലേക്ക് പോകും. എന്നാലും പഴയ പോലെ പോവില്ല ട്ടൊ. ഇപ്പൊ നമ്മൾ മൂന്ന് പേരില്ലേ?”

അവൾ ആ മുഖം പിടിച്ചു താഴ്ത്തി ഉമ്മ വെച്ചു…

പിന്നെ ആ നെഞ്ചിലേക്ക് ചാരിയിരുന്നു

അവളുടെ സ്വർഗത്തിലേക്ക്…