അതെന്താണമ്മേ…ഞാൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിക്ക് ഇത്രയും യോഗ്യതയൊക്കെ പോരെ..

Story written by Saji Thaiparambu

==========

അവൾ സുന്ദരിയാണ്, അടക്കവും ഒതുക്കവുമുണ്ട് , അത്യാവശ്യം വിദ്യാഭ്യാസവുമുണ്ട്, പക്ഷേ എന്നാലും നമുക്കാ ബന്ധം വേണ്ട മോനേ…

അതെന്താണമ്മേ…ഞാൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിക്ക് ഇത്രയും യോഗ്യതയൊക്കെ പോരെ? അതോ സ്ത്രീധനം കുറച്ചേ കിട്ടുള്ളു, എന്നതാണോ അമ്മയുടെ പ്രശ്നം ?

ഒന്ന് പോടാ, പിന്നേ…നിൻ്റെ സ്ത്രീധനം വാങ്ങിച്ചിട്ട് വേണ്ടേ ഈ കുടുംബം കഴിയാൻ അതല്ലടാ, നീ കണ്ടില്ലേ? അവളുടെ താഴെ രണ്ടനുജത്തിമാരാണുള്ളത്. നാളെ നിനക്കൊരാവശ്യം വന്നാൽ, ഒന്ന് സപ്പോർട്ട് ചെയ്യാനായിട്ട് ആ കുടുംബത്ത്  ഒരാൺതരിയെങ്കിലുമുണ്ടോ?

എനിക്കെന്തെങ്കിലുമാവശ്യം വന്നാൽ, ഭാര്യവീട്ടുകാരെന്തിനാ സപ്പോർട്ട് ചെയ്യുന്നത് ? അതിന് എനിക്കിവിടെ എൻ്റെ അച്ഛനും ചേട്ടനുമൊക്കെയില്ലേ?

ഓഹ്…എടാ അത് മാത്രമല്ല, ഉള്ളതൊക്കെ വിറ്റ് പെറുക്കിയാണ്, ശാലിനിയെ നിനക്ക് കെട്ടിച്ച് തരുന്നതെന്ന് ബ്രോക്കറ് പറഞ്ഞത് നീ കേട്ടില്ലേ ? അപ്പോൾ പിന്നെ, അവളുടെ അനുജത്തിമാരുടെ കാര്യം വരുമ്പോൾ, അവരെന്ത് ചെയ്യും?

അതൊക്കെ എന്തിനാണമ്മേ…നമ്മൾ ചിന്തിക്കുന്നത്?

ങ്ഹാ, അതാ ഞാൻ പറഞ്ഞത്. നീ മണ്ടനാണെന്ന്, എടാ ചെറുക്കാ…മൂത്ത മകളെ നീ വിവാഹം കഴിച്ചാൽ, അവളുടെ അനുജത്തിമാരുടെ കാര്യങ്ങൾ കൂടി നീ നോക്കേണ്ടി വരും എന്ന് വച്ചാൽ അവരുടെ വിവാഹം തുടങ്ങി, പ്രസവം വരെയുള്ള കാര്യങ്ങളും നിൻ്റെ ബാധ്യതയായി മാറും, നീ നിൻ്റെ ചേട്ടനെ കണ്ട് പഠിക്ക്, കോടീശ്വരനായ തമ്പാൻ്റെ ഏക മകളെ വിവാഹം കഴിച്ചത് കൊണ്ട് അവന് ഒന്ന് കൂടി മെച്ചപ്പെട്ട ജീവിത സൗകര്യമുണ്ടായി. പക്ഷേ, നീ അവളുടെ സൗന്ദര്യവും സ്വഭാവഗുണവും മാത്രം നോക്കിപ്പോയാൽ നിനക്ക് അധോഗതിയായിരിക്കുമുണ്ടാവുക, ഞാൻ പറഞ്ഞില്ലെന്ന് വേണ്ട…

എൻ്റെയമ്മേ..അമ്മയ്ക്കറിയുമോ? വായിൽ വെള്ളിക്കരണ്ടിയുമായാണ് ഞാനും ചേട്ടനുമൊക്കെ ജനിച്ചതെന്ന് ഞങ്ങടെ കൂട്ടുകാരൊക്കെ എപ്പോഴും ഞങ്ങളെ നോക്കി അസൂയയോടെ പറഞ്ഞിട്ടുണ്ട്, പക്ഷേ ആ കൂട്ടുകാർക്കൊക്കെ ഒന്നും രണ്ടും പെങ്ങന്മാരുണ്ട് എന്നതായിരുന്നു എനിക്കും ഏട്ടനും അവരോട് അസൂയ തോന്നിയ ഏക കാര്യം. അന്ന് ഞാൻ മനസ്സിലുറപ്പിച്ചൊരു കാര്യമുണ്ട്, ഒരു പാട് അനുജത്തിമാരുള്ള ഒരു പെൺകുട്ടിയെ മാത്രമേ ഞാൻ വിവാഹം കഴിക്കു എന്ന്…ഈ ആലോചന, എൻ്റെ ആഗ്രഹമറിഞ്ഞ ദൈവം, ബ്രോക്കറുടെ രൂപത്തിൽ എനിക്കായ് കൊണ്ട് വന്നതാണ്, അത് കൊണ്ട്, എനിക്കീ ബന്ധം തന്നെ മതിയമ്മേ…ഇതിൻ്റെ പേരിൽ എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടായാലും ഞാനത് സഹിച്ചോളാം, പോരെ?

അതേ ദേവകീ…അവൻ പറഞ്ഞതിലും കാര്യമുണ്ട്, നിനക്ക് രണ്ടാമത്തെ പ്രസവത്തിന് ശേഷം ഗർഭപാത്രം ഉപേക്ഷിക്കേണ്ടത് വന്നത് കൊണ്ടല്ലേ? പിന്നീട് നീ പ്രസവിക്കാതിരുന്നത്, അല്ലായിരുന്നെങ്കിൽ, ഒരു പക്ഷേ, സദാനന്ദൻ്റെ താഴെ അവർക്ക് ചിലപ്പോൾ സ്വന്തം സഹോദരിമാരുണ്ടായേനെ…അങ്ങനെയെങ്കിൽ, ആ പെങ്ങൻമാരുടെ വിവാഹം മുതൽ പ്രസവം വരെയുള്ള കാര്യങ്ങൾക്ക് വേണ്ടി, ആങ്ങളമാരായ  സേതുരാമനും സദാനന്ദനും റിസ്ക്ക് എടുക്കേണ്ടി വരില്ലേ?അത് കൊണ്ട് നമുക്കിതങ്ങ് ഉറപ്പിക്കാം എന്ത് പറയുന്നു ?

അച്ഛൻ തനിക്കായ് വാദിക്കാൻ വന്നപ്പോൾ സദാനന്ദന് സന്തോഷമായി

ഞാനിനി എന്ത് പറയാനാ?നിങ്ങളച്ഛൻ്റെയും മക്കളുടെയും തീരുമാനങ്ങൾക്കപ്പുറത്ത് എപ്പോഴെങ്കിലും ഞാനെതിര് നിന്നിട്ടുണ്ടോ ?

അങ്ങനെ സദാനന്ദൻ്റെയും ശാലിനിയുടെയും വിവാഹം മംഗളമായി നടന്നു .

NB: ഭാര്യയുടെ അനുജത്തിമാർ, തൻ്റെ കൂടി സഹോദരിമാരാണെന്ന് സ്വയം തിരിച്ചറിയുന്ന മരുകനെ കിട്ടിയാൽ, അത് പെൺമക്കൾ കൂടുതലുള്ള മാതാപിതാക്കൾക്ക്, വലിയൊരാശ്വാസം തന്നെയായിരിക്കും

~സജി തൈപ്പറമ്പ്