നമ്മുടെ കണ്ണ് തെറ്റിയാൽ കയ്യിൽ കിട്ടുന്നതെന്തും എടുത്തു കൊണ്ടോടുന്ന അവർ പിള്ളേരെ പിടുത്തക്കാർ ആണെന്ന്…

തെരുവ് കൂട്ടം

Story written by Arun Karthik

============

സേട്ടാ, ഒരോട്ടം വരാമോ എന്നുള്ള ചോദ്യം കേട്ടാണ് ഫേസ്ബുക് സേർച്ച്‌ ചെയ്തുകൊണ്ടിരുന്ന എന്റെ ദൃഷ്ടി ഫോണിൽ നിന്നും ആ തെരുവ്സ്ത്രീയുടെ മുഖത്തേക്ക് പതിച്ചത്.

വാരിവലിച്ചുചുറ്റിയ മുഷിഞ്ഞ സാരിയും കയ്യിലൊരു കാലിക്കുപ്പിയും ഒക്കത്തൊരു മൂന്നു വയസ്സുകാരൻ കൊച്ചിനെയും പിടിച്ചു നിൽക്കുന്ന ഈ തെരുവ്സ്ത്രീകളെ ഇതിനു മുൻപും ഞാൻ കണ്ടിട്ടുണ്ട്.

വീടിനിറയത്തെ കുപ്പിയും പൊട്ടിയ ബക്കറ്റും എടുക്കാനായി വരുന്ന ഇവരെ ചീത്ത പറഞ്ഞു കാരണവന്മാർ ഓടിക്കുമ്പോൾ സാരിത്തുമ്പിൽ പേടിച്ചു നിന്നിരുന്ന എന്നോട് അമ്മ പറയുമായിരുന്നു. അവർ പാട്ടപെറുക്കികൾ ആണെന്ന്.

നമ്മുടെ കണ്ണ് തെറ്റിയാൽ കയ്യിൽ കിട്ടുന്നതെന്തും എടുത്തു കൊണ്ടോടുന്ന അവർ പിള്ളേരെ പിടുത്തക്കാർ ആണെന്ന്..

ചെറുപ്പത്തിൽ സ്കൂൾ വിട്ട് നടന്നു വരുമ്പോൾ എതിരായി തോളിലൊരു ചാക്കുമേന്തി നടന്നു വരുന്ന ഈ കൂട്ടത്തെകണ്ട് റോഡരികിലെ പോസ്റ്റിനു മറഞ്ഞു പേടിച്ചുഒളിച്ചിരുന്നിട്ടുണ്ട് ഞാൻ.

സേട്ടാ ഓട്ടം വരാമോന്ന് ചോദിച്ച് എന്റെ പെട്ടിയോട്ടോയുടെ ഗ്ലാസിൽ ആ തെരുവ്  സ്ത്രീ കാലികുപ്പി കൊണ്ട് അടിച്ചത് കണ്ട് അരിശത്തോടെ ഞാൻ പുറത്തേക്കിറങ്ങിയപ്പോഴേക്കും മറ്റൊരു സ്ത്രീ പെട്ടിഓട്ടോയുടെ പിറകിൽ കയറി സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരുന്നു.

കൂടെയുള്ള ഡ്രൈവർമാരെല്ലാം ഇവരുടെ ശല്യംമൂലം പരിസരം കാലിയാക്കിയ  വിവരം ഞാൻ അപ്പോഴാണ് അറിയുന്നത്.

അവറ്റകളുടെ ഓട്ടം പോയാൽ പൈസയും കിട്ടില്ല പോലീസ്കേസ്  വേറെയും വരും ഒഴിവാക്കി വിട് മോനെയെന്നു പെട്ടിഓട്ടോ കളത്തിലെ ആശാൻ പുച്ഛഭാവത്തിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു.

സേട്ടാ, ഞങ്ങൾ പറ്റിക്കില്ല, കാസ് തരുമെന്നവർ പറയുമ്പോഴും ആ ഓട്ടം പോയാൽ പുലിവാലാകുമെന്നു മനസ്സിലാക്കിയ ഞാൻ താക്കോൽ ഊരി പതിയെ അടുത്ത കടയിൽ പോയിരുന്നു.

കുറച്ചു സമയത്തിന് ശേഷം അവർ പോയികാണുമെന്നു കരുതി തിരിച്ചു വന്നെങ്കിലും അവർ എന്റെ  ഓട്ടോയിൽ നിന്ന് ഇറങ്ങാൻ ഭാവമില്ലായിരുന്നു.

ഗത്യന്തരമില്ലാതെ അവരുടെ ഓട്ടം പോവാൻ സമ്മതിക്കുമ്പോഴും പണം കിട്ടാതെ വരുമെന്നും പോലീസ് പിടിക്കുമെന്നുമുള്ള ഭയം എന്റെ മനസ്സിലും അലയടിക്കുന്നുണ്ടായിരുന്നു.

ഓട്ടോ കുറച്ചു ദൂരം മുന്നോട്ടു ചെന്നപ്പോൾഅവരുടെ കൂട്ടത്തിൽ ഉള്ള  പത്തുപതിനഞ്ചോളം തെരുവ്സ്ത്രീകള് കൂടി ഓട്ടോയ്ക്ക് കൈ കാണിച്ചു. ഓട്ടോ ഞാൻ ഒരു വശത്തേക്ക് ഒതുക്കി നിർത്തിയപ്പോഴേക്കും ഗാനമേള കാണാൻ ആൾകൂട്ടം മരക്കൊമ്പിലേക്ക് കയറും പോലെ ഓട്ടോയുടെ പിന്നിലേക്ക് ഒരുകൂട്ടം തെരുവ് സ്ത്രീകൾ കയറികഴിഞ്ഞിരുന്നു.

പിന്നിൽ കയറിയ മുഴുവൻ പേരും തിരിച്ചിറങ്ങാതെ വണ്ടി ഒരടി മുന്നോട്ടു പോകില്ലെന്ന് ഞാൻ പറഞ്ഞത് കേട്ടു പലയിടത്തും പെറുക്കികൂട്ടി  വച്ചിരിക്കുന്ന സാധനങ്ങൾ അവർ വന്നാലേ എടുക്കാൻ സാധിക്കുള്ളൂവെന്ന് പറഞ്ഞ് അവർ ദയനീയമായി എന്നെ നോക്കി.

ഒടുവിൽ കുറച്ചു പേരെ ഒഴിവാക്കികൊണ്ടു വണ്ടി മുന്നോട്ടേക്ക് എടുക്കുമ്പോൾ അവരോടു അറപ്പോ പേടിയോ ആയിരുന്നില്ല. മറിച്ചു വിശപ്പടക്കാൻ വേണ്ടി നിസ്സഹായരായിപോകുന്ന മനുഷ്യസ്ത്രീകളെയാണ് ഞാൻ അവരിലും കണ്ടത്.

സാധനങ്ങൾ പെറുക്കി കൂട്ടി വച്ചിരിക്കുന്ന വഴി കാണിച്ചു തരാൻ അതിലൊരു സ്ത്രീ ഒക്കത്തെ കൊച്ചുമായി മുന്നിലേ സീറ്റിലേക്ക്  കയറുമ്പോൾ ആ വഴി നടന്നു പോയൊരാൾ അർത്ഥം വച്ചെന്നെ നോക്കുന്നുണ്ടായിരുന്നു.

എന്റെ സമീപത്തേക്ക് കുട്ടിയേയും കൊണ്ട് ചേർന്നിരുന്ന ആ സ്ത്രീയുടെ കണ്ണുകളിൽ കാശിനു വേണ്ടി മാ നം പോലും വിൽക്കാൻ തയാറാവുന്ന കൂട്ടങ്ങൾ എന്നു സമൂഹം വിളിക്കുന്ന തെരുവുകൂട്ടത്തെ ആയിരുന്നില്ല ഞാൻ കണ്ടത്. മറിച്ചു ഏതൊരു ആണിന്റെ മുന്നിലും സ്വന്തം മാനം മറച്ചു പിടിക്കാൻ പ്രെയാസപ്പെടുന്ന സാധാരണ സ്ത്രീയെയാണ് ദർശിച്ചത്.

ഭയപ്പെടേണ്ട, ചേച്ചിയുടെ പ്രായമില്ലെങ്കിലും എന്റെ വീട്ടിലുമുണ്ടൊരു ചേച്ചിയെന്നു പറഞ്ഞു ഒക്കത്തെ കുട്ടിയെ സീറ്റിനു നടുവിലേക്ക് ഞാനെടുത്തു ഇരുത്തുമ്പോൾ ആ തെരുവ്സ്ത്രീയുടെ തല നന്ദിയോടെ താഴുന്നതു  കാണാമായിരുന്നു.

തെരുവ്സ്ത്രീകൾ റോഡരികിലും പറമ്പിലും നിറച്ചു വച്ചിരിക്കുന്ന കുപ്പിയും പാട്ടയുമെടുത്തു എന്റെ ഓട്ടോയുടെ പിന്നിലേക്കിടുമ്പോൾ മുന്നിലിരുന്ന  മൂന്നുവയസ്സുകാരൻ ചെറുക്കന്റെ മൂക്കിൽ നിന്നും ഒലിച്ചു വന്ന മൂക്കട്ട ചീറ്റി ഞാൻ പുറത്തേക്കെറിഞ്ഞു.

നിഷ്കളങ്കമായ ആ പയ്യന്റെ ചിരിയിൽ നിറമോ ജാതിയോ തീണ്ടലോ തൊടീലോ എനിക്ക് അനുഭവപ്പെട്ടില്ല. എന്റെ മടിയിലേക്ക് ഞാൻ അവനെ എടുത്തു ഇരുത്തിയപ്പോൾ തെരുവ് സ്ത്രീ എന്നോട് ചോദിച്ചു.”സേട്ടന് എത്തണ കൊളന്ത ഇറുക്കെന്ന്. “

നാൻ ഇന്നുമേ കല്യാണമേ പന്നലെ..എന്നു പറഞ്ഞുകൊണ്ട് ഞാൻ ഓട്ടോ മുന്നോട്ടെടുത്തു.

ക്യാബിനു മുകളിൽ ഉറക്കെതല്ലികൊണ്ട് ദാഹിക്കുന്നുവെന്ന്പറഞു  അവർ എന്നെകൊണ്ട് വണ്ടിനിർത്തിച്ചിട്ട്‌  അതിലൊരാൾ വഴിയരികിലേ കിണറ്റിൽ നിന്നും വെള്ളമെടുക്കാനായി ചെന്നപ്പോൾ ആ വീട്ടുടമ അവരെ ആട്ടിപായിച്ച്‌ ഗേറ്റ് അടക്കുന്നത് കണ്ടു സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു.

വണ്ടിയിലുണ്ടായിരുന്ന അരകുപ്പി വെള്ളം ഞാനവർക്കായി വച്ചു നീട്ടിയപ്പോൾ ആർത്തിയോടെ അവരാ വെള്ളം പങ്കുവച്ചു കുടിക്കുന്ന കാഴ്ച വളരെ വേദനാജനകമായിരുന്നു.

ഒടുവിൽ ടൗണിൽ ഒരു ആക്രികടയിൽ ആ സാധനങ്ങളെല്ലാം കൊണ്ടു ചാടിക്കുമ്പോൾ വിലപിടിപ്പുള്ള ഒന്നും ഞാൻ അതിൽ കണ്ടില്ല കുറച്ചു കുപ്പിയും പാട്ടയും ദ്രവിച്ച ഇരുമ്പുമല്ലാതെ…ലോഡ് ഇറക്കി കഴിഞ്ഞപ്പോൾ  അവർ ആദ്യം ചെയ്തത് കടയുടമയോട് എന്റെ ഓട്ടോകാശ് മേടിച്ചു ഏല്പിക്കുകയാണ് .

500 രൂപയുടെ ഓട്ടോകൂലിയ്ക്ക് 600 രൂപ എന്റെ കയ്യിലേക്ക്  വച്ചു തരുമ്പോൾ  ആ തെരുവ്സ്ത്രീ പറയുന്നുണ്ടായിയുന്നു.”സേട്ടാ ഇനി ഓട്ടം വിളിച്ചാലും വരണമെന്ന്. ഞങ്ങൾ ആരേം പറ്റിക്കില്ലന്ന്…..”

തിരികെ ആ 100 രൂപ മടക്കി തെരുവ് സ്ത്രീയുടെ കയ്യിൽ നൽകി ഒട്ടോയുമായി പോരുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു…

അവരും മനുഷ്യരാണെന്നു…സെന്റ് പൂശി പുറം മോടി കാണിച്ചും മതത്തിന്റെയും ജാതിയുടെയും പേരിൽ കുടുംബം ശിഥിലമാക്കുകയും  സൗഹൃദങ്ങൾ ശതൃക്കളാക്കി മാറ്റുകയും ചെയ്യുന്ന ജനതയെക്കാൾ ഒരുനേരത്തെ വിശപ്പടക്കാൻ പാടുപെടുന്ന മനുഷ്യത്തമുള്ള തെരുവ് സന്തതികൾ എത്രയോ ഭേദമെന്ന്….

ആ തെരുവ് കൂട്ടങ്ങളുടെ ജാതിയോ മതമോ എനിക്കറിയില്ല. പക്ഷെ അവരുടെ ദേഹത്ത് നിന്നു വമിച്ച അഴുക്കിന്റെ ഗന്ധത്തേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ്  മ തവെറി പൂണ്ട ഇപ്പോഴത്തെ മനുഷ്യന്റെ മനസ്സിലെ അഴുക്ക്……..

~കാർത്തിക് (20.01.2021)

Nb: എല്ലാ തെരുവ്സ്ത്രീകളും നല്ലവരല്ല, പൂർണമായി യോജിക്കുന്നു. പക്ഷേ   മനുഷ്യത്വവും ഉള്ളവരുണ്ട് ആ കൂട്ടത്തിൽ.. ?