അത് പറയുമ്പോൾ അനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി. ഒരു വാശിയെന്നപോലെ അവളത് തുടച്ചുമാറ്റി.

എന്റെ പ്രാണനായ്…

എഴുത്ത്: മിഥിലാത്മജ മൈഥിലി

================

“സ്വാതി ഒന്ന് വേഗം ഇറങ്ങ് നീയെന്താ മറന്നുപോയോ ഇന്ന് വിഷ്ണുവേട്ടന്റെ വിവാഹമാണെന്ന്? ഇപ്പോൾ തന്നെ ഒരുപാട് വൈകി………”

“എന്താ അനു ഇത് ഇപ്പോഴും നിനക്കാ വിവാഹത്തിൽ പങ്കെടുക്കണമെന്നാണോ, ഒരൽപ്പം പോലും വിഷമം ഇല്ലെടി നിനക്ക്?അത്രയധികം സ്നേഹിച്ചവരല്ലേ നിങ്ങൾ, എന്നിട്ടും എങ്ങനെ നിനക്കതിനു കഴിയുന്നു മോളെ?”

“വിഷമം ഉണ്ട് സ്വാതി എന്റെ ഇടനെഞ്ച് കലങ്ങി മറിയുന്നുണ്ട് പക്ഷെ എനിക്കിന്ന് ഈ വിവാഹത്തിൽ പങ്കെടുത്തെ മതിയാകൂ. ഏട്ടൻ അവളുടെ കഴുത്തിൽ താലികെട്ടുന്നത് കണ്ടാലേ ഏട്ടനിനി എന്റെ അല്ലെന്ന് എന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കാനാവൂ..എന്റെ പ്രാണനെയാണ് ഞാൻ അവൾക്ക് വിട്ടുകൊടുക്കുന്നത്..”

അത് പറയുമ്പോൾ അനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി. ഒരു വാശിയെന്നപോലെ അവളത് തുടച്ചുമാറ്റി.

“അനു ഞാൻ ഒന്ന് പറയട്ടെ കേൾക്ക് നീ……….”

“വേണ്ട സ്വാതി നീയൊന്നും പറയേണ്ട പറഞ്ഞുവരുന്നത് എന്താണെന്ന് എനിക്ക് മനസിലായി വേണ്ടെടാ…ഈ ജന്മം ഒരുമിക്കാൻ വിധിയില്ലെന്ന് കരുതിക്കോളാം ഞാൻ.”

അവർ വിഷ്ണുവിന്റെയും മുറപ്പെണ്ണ് ആരതിയുടെയും വിവാഹം നടക്കുന്ന മണ്ഡപത്തിലേയ്ക്കെത്തി.

അപ്പോഴേക്കും താലിചാർത്താനുള്ള സമയം ആയിട്ടുണ്ടായിരുന്നു. വെള്ള കസവു മുണ്ടിലും ഷർട്ടിലും വിഷ്ണു പതിവിനെക്കാൾ സുന്ദരനായിരുന്നു. സർവാഭരണ വിഭൂഷിതയായി ആരതിയും അവനരികിൽ ഇരിക്കുന്നു.

അവൾക്ക് പകരം താൻ ആയിരുന്നു വിഷ്ണുവിന്റെ ഇടതുവശത്തു നിൽക്കേണ്ടിയിരുന്നത് എന്നോർത്തപ്പോൾ അനുവിന്റെ ഉള്ളു പിടഞ്ഞു. പക്ഷെ അവളത് പുറത്ത് കാണിച്ചില്ല.എങ്കിലും ആത്മ സുഹൃത്തായ സ്വാതിയത് മനസിലാക്കുന്നുണ്ടായിരുന്നു.

മുന്നിലെ രണ്ട് കസേരകളിൽ അവർ രണ്ടുപേരും ഇരുന്നു. അവരെ അവിടെ കണ്ടതും വിഷ്ണുവിന്റെ അച്ഛന്റെയും അമ്മയുടെയും മുഖങ്ങൾ വിവർണമാകുന്നുണ്ടായിരുന്നു.

“എന്തൊരു സുന്ദരനാണ് ഇന്നെന്റെ….അല്ല ആരതിയുടെ വിഷ്ണുവേട്ടൻ, അവളും സുന്ദരിയാണല്ലേ എന്നേക്കാൾ, എന്തുകൊണ്ടും അവരാണ് ചേരേണ്ടവർ അല്ലെ?”

ഒരു പുഞ്ചിരിയോടെയാണ് അനുവത് പറയുന്നതെങ്കിലും അവളുടെ ഉള്ളിലെ നോവിന്റെ തിരയിളക്കം അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നു.

“മതിയെടി നിർത്ത് നെഞ്ച് വിങ്ങുമ്പോഴും ഇങ്ങനെയൊക്കെ പറയാൻ നിനക്കെ കഴിയൂ. നിങ്ങളെ പിരിച്ചത് വിഷ്ണുവേട്ടന്റെ അച്ഛനും അമ്മയുമല്ലേ? നീ നോക്ക് വിഷ്ണുവേട്ടനെ എല്ലാവർക്കും വേണ്ടി സ്വന്തം ഇഷ്ടങ്ങളെ ബലികൊടുക്കുവല്ലേ നിങ്ങൾ രണ്ട് പേരും..”

കണ്ണീരിൽ കുതിർന്നൊരു പുഞ്ചിരി മാത്രമായിരുന്നു അതിന് അനുവിന്റെ മറുപടി.

താലികെട്ടാനുള്ള മുഹൂർത്തമായി വാദ്യമേളങ്ങൾ മുഴങ്ങിതുടങ്ങി. താലി കയ്യിലെടുത്തു ആരതിയുടെ കഴുത്തിലേക്ക് വെയ്ക്കുന്നത് കാണാൻ കരുത്തില്ലാതെ അനു കണ്ണുകൾ ഇറുകെയടച്ചു. നിസ്സഹായനായി വിഷ്ണു അനുവിനെയൊന്നു നോക്കി

ആ നിമിഷംതന്നെ വിഷ്ണു താഴേക്ക് കുഴഞ്ഞു വീണു. വായിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങി, കൈയ്യിലെ താലി അഗ്നിയിലെരിഞ്ഞു

“വിഷ്ണുവേട്ടാ……. “

അതുകണ്ട് ഏവരും വിറങ്ങലിച്ചു നിൽക്കെ അനു അലറികരഞ്ഞുകൊണ്ട് പരിസരം മറന്നു അവനടുത്തേക്ക് ഓടി. സ്വാതി തടയാൻ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി. ഒരു ഭ്രാന്തിയെ പോലെയായിരുന്നു അനുവിന്റെ ഭാവമപ്പോൾ.

ആരൊക്കെയോ ചേർന്ന് വിഷ്ണുവിനെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കരഞ്ഞു കൊണ്ട് വിഷ്ണുവിന്റെ അച്ഛനും അമ്മയും ആരതിയും അവരെ പിന്തുടർന്നു.

എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ അനു താഴെക്കൂർന്നിരുന്നു. സ്ഥലകാലബോധം അവൾക്ക് നഷ്ടമായിരുന്നു. അവൾക് സാന്ത്വനമെന്നോണം സ്വാതി അവളുടെ അടുത്തിരുന്നു.

തന്നെയാരോ വിളിക്കുന്ന പോലെ തോന്നിയപ്പോൾ അനു പതിയെ കണ്ണുകൾ തുറന്നു. അപ്പോഴാണ് അവൾ കണ്ടത് അവൾക്കരികിൽ ഒരു പുഞ്ചിരിയോടെ വിഷ്ണു നിൽക്കുന്നത് കണ്ടത്. വെള്ള കസവു മുണ്ടും ഷർട്ടുമായിരുന്നു അവന്റെ വേഷം,

“നിന്നെയല്ലാതെ മറ്റാരെയും എനിക്ക് ഭാര്യയായി കാണാൻ കഴിയില്ല പെണ്ണെ നീ വരുന്നോ എനിക്കൊപ്പംമറ്റൊരു ലോകത്തേക്ക്, ആരുടെയും ഭീഷണിയും പരാതിയും ഇനിയുണ്ടാവില്ല നമുക്ക്? “

വിഷ്ണു അവളോട് ചോദിച്ചു. അതുകേട്ടതും അവൾ അവിടെ നിന്നും എഴുന്നേറ്റു ഓടി, അവൾക്ക് പുറകിൽ സ്വാതിയും. അനു ചെന്ന് കയറിയത് ഡ്രസിങ് റൂമിലേക്കായിരുന്നു. റൂമിൽ കയറിയതും അവൾ മുറി അകത്തു നിന്നും പൂട്ടി.

മുറിയിലകമാനം അവൾ എന്തിനോ വേണ്ടി പരതുകയായിരുന്നു ഒന്നും കിട്ടാതായപ്പോഴാണ് അവൾ ചുവരിൽ പതിപ്പിച്ച കണ്ണാടി കണ്ടത്. അടുത്തുകണ്ട ചെയർ എടുത്ത് അവൾ അതിലേക്ക് ആഞ്ഞടിച്ചു.

അപ്പോഴും അനൂ എന്ന് വിളിച്ചുകൊണ്ട് കരച്ചിലോടെ സ്വാതി മുറിയ്ക്ക് പുറത്തു നിന്ന് കതകിൽ തട്ടുകയായിരുന്നു. അത് കണ്ട് ആരൊക്കെയോ അവിടെയ്ക്ക് എത്തി.

ഇതേസമയം അനു ചിതറി തെറിച്ചു വീണ കണ്ണാടി ചീളുകളിലൊരെണ്ണം എടുത്തു. അച്ഛനോടും അമ്മയോടും മാപ്പ് പറഞ്ഞു കൊണ്ട് അത് കഴുത്തിലേക്ക് ചേർത്തുവെച്ചു അമർത്തി വലിച്ചു. അവളുടെ രക്തം ആ ചുമരിലേക്ക് ചീറ്റിത്തെറിച്ചു. താഴേക്ക് വീണ അവളുടെ ശരീരം പതിയെ പതിയെ നിശ്ചലമായി തുടങ്ങി.

അപ്പോഴേക്കും ആരൊക്കെയോ ആ മുറിയുടെ വാതിൽ തുറന്നു അകത്തു കയറിയിരുന്നു.

സ്വാതി, അനൂ എന്ന് അലറി കരഞ്ഞു കൊണ്ട് അവൾക്കടുത്തായി ഇരുന്നു. നിശ്ചലമാകുന്ന സ്വന്തം ശരീരത്തെ ഒന്ന് നോക്കി അനുവിന്റെ ആത്മാവ് ഒരു പുഞ്ചിരിയോടെ വിഷ്ണുവിന്റെ കൈകളിൽ പിടിച്ചു പതിയെ അവിടെ നിന്നും മറഞ്ഞു മറ്റൊരു ലോകത്തിലേക്ക്….

ചില പ്രണയങ്ങൾ അങ്ങനെയാണ് മരണത്തിലും അവർ പിരിയില്ല. 💚