അവൾ, കിടപ്പുമുറിയിലേക്കു വന്നു. ചുവരികു ചേർന്നു കിടന്ന കട്ടിലിനു താഴെയായി നാലു പായകൾ വിരിച്ചു…

കിളിക്കൂട്

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

====================

ശ്രീജയയുടെ ഒരു ദിനം അതിന്റെ പൂർണ്ണതയിലേക്കു എത്തിച്ചേരുകയാണ്. അടുക്കള വൃത്തിയാക്കി, നാളേയ്ക്ക് പുട്ടിനു വേണ്ട കടലയും വെള്ളത്തിലിട്ട്, കുളി കഴിഞ്ഞു, വിഴുപ്പുകൾ മാറ്റി ധരിച്ച്, വാതിലുകളടച്ച് അവൾ ഹാളിലേക്കു വന്നു.

ചുമരിലേ ക്ലോക്കിലേയ്ക്കൊന്നു നോക്കി. സമയം 11.35. ഭർത്താവും, രണ്ടു മക്കളും,  ടിവിയിൽ ഉപ്പും മുളകിന്റെ ഏതോ പഴയ എപ്പിസോഡ് കണ്ടങ്ങനെ രസിച്ചിരിക്കുകയാണ്. അവൾ, കിടപ്പുമുറിയിലേക്കു വന്നു. ചുവരികു ചേർന്നു കിടന്ന കട്ടിലിനു താഴെയായി നാലു പായകൾ വിരിച്ചു. രണ്ടറ്റങ്ങളിലുള്ള പായകൾക്കു മീതേ ഷീറ്റു വിരിച്ചിട്ടു. ഓരോ തലയിണകളും, യഥാസ്ഥാനത്തു വച്ചു. ചുവരലമാരയുടെ കണ്ണാടിയിൽ ഒന്നു ചന്തം നോക്കി. തലമുടി, ഉച്ചിയ്ക്കു മീതെ കെട്ടിവച്ച്, ബാന്റിട്ടു. വീണ്ടും, അകത്തളത്തിലേക്കു വന്നു.

“എന്റെ സുനിച്ചേട്ടാ, ആ ടിവി നിർത്തി എല്ലാവരും വന്നൊന്നു കിടക്ക്; നാളെ, ശനിയാഴ്ച്ച പിള്ളേർക്കു മാത്രമേ സ്കൂളില്ലാതുള്ളൂ. നമുക്ക്, ജോലിക്കു പോകേണ്ടേ? എന്നിത്തിരി നേരത്തേ കിടാക്കുന്നു വച്ചാലും, തട്ടിമുട്ടി സമയം പാതിരയാകും. പിള്ളാരേ, ആ ടീവി നിർത്തി വന്നു കിടക്കാൻ നോക്ക്. രണ്ടാളും ഒന്നൂടെ മൂത്രമൊഴിച്ചിട്ടു കിടന്നാ മതീട്ടാ; ഏഴിലും, അഞ്ചിലുമെത്തീട്ടും ഇപ്പളും എടയ്ക്ക് പായേലാ മുള്ളണ്. വന്നു കിടക്കാൻ നോക്ക്. ഇത്തിരി കഴിയുമ്പോഴേക്കും , അലാറം അടിക്കാൻ തുടങ്ങും. വെറുതെയാണ്, ഈ വീടിനു നാലു മുറികൾ പണിതിട്ടത്. ഇത്രയായിട്ടും, അച്ഛന്റെ കഥയും കേട്ടല്ലേ ഉറങ്ങൂ; ഞാൻ കിടക്കാൻ പൂവ്വാ, വേണെങ്കില് വന്നു കിടന്നോ”

ടീവിയും, ഇന്റർനെറ്റും ഓഫായി. കുട്ടികൾ ഇരുവശങ്ങളിലും, വല്ല്യോര് അടുത്തടുത്തും കിടന്നു. കിടന്ന് തെല്ലു കഴിഞ്ഞതും മോളുറക്കമായി. കുഞ്ഞിന്റെ, ഒരേ താളത്തിലുള്ള നിശ്വാസം വ്യക്തമാകുന്നു. മൂന്നാമത്തെ കഥ പൂർത്തിയാകും മുൻപാണ് മോനുറങ്ങിയത്. സുനിൽ, നല്ല പാതിയ്ക്കരികിലേക്കു തിരിഞ്ഞു കിടന്നു.

കട്ടിലിൽ നിന്നും പതിയേ ഇറങ്ങും നേരം, ലൈറ്റിടാനൊരുങ്ങിയ ശ്രീജയയേ,  തലയ്ക്കാം ഭാഗത്തിരുന്ന ഫ്ലാസ്കിലെ വെള്ളം മടുമടേ കുടിക്കുകയായിരുന്ന, സുനിൽ വിലക്കി.

“മൊബൈൽ ഓൺ ചെയ്തു, ബാത്ത്‌റൂമിലേയ്ക്കു പോയാൽ മതി. അല്ലെങ്കിൽ കുട്ടികളുണരും.”

അവൾ, മൊബൈൽ ഫോണിലെ വിളക്കു തെളിയിച്ചു. അതിൽ, സമയം രണ്ടരയെന്നു തെളിഞ്ഞു.

“ഈശ്വരാ, ഇപ്പോൾ നേരം വെളുക്കും” നടക്കുന്നതിനിടയിൽ അവൾ പിറുപിറുത്തു.

ശനിയാഴ്ച്ച…

സന്ധ്യയ്ക്ക്, സുനിലും ശ്രീജയയും മക്കളും സുനിലിന്റെ സഹോദരിയുടെ വീട്ടിലേക്കു പോയി. അധികം ദൂരമില്ല, അങ്ങോട്ടേക്ക്. അവിടെ, ഇവിടത്തെ മക്കളേക്കാൾ,  ഇത്തിരി കൂടി മുതിർന്ന രണ്ടു കുട്ടികളാണ്. രാത്രി വരേ അവിടെത്തുടർന്നു. മടങ്ങിപ്പോരാൻ നേരത്ത്, കുട്ടികൾ രണ്ടുപേരും അവിടെ ഒരു ദിവസം നിൽക്കാൻ വാശി പിടിച്ചു. ഒടുവിൽ, സുനിൽ അതിനു സമ്മതിച്ചു. അവരിരുവരും മാത്രം വീട്ടിലേക്കു മടങ്ങി.

പാതിരാവിൽ, സുനിലിനോടു ചേർന്നു കിടക്കുമ്പോൾ, ശ്രീജയ ചോദിച്ചു.

“എന്തേ ഒരു മൂഡോഫ് ?” സുനിൽ, അവളേ ചേർത്തുപിടിച്ചു.

” ഒന്നൂല്ല്യ ഡീ, നമുക്കെന്തിനാലേ ഇത്ര വല്ല്യ വീട്. കുട്ട്യോളു പോയപ്പോൾ, ഒരനക്കല്ല്യാണ്ടായിലേ? നമുക്ക്, ഒരൊറ്റ മുറീം, അടുക്കളയും മത്യായിരുന്നൂന്ന് തോന്ന്വാ;”

ഒറ്റപ്പുതപ്പിൽ ആവൃതമായ ഉടലുകൾ ഒന്നുകൂടി ചേർന്നു. ശ്രീജയ, പറഞ്ഞു.

“നിങ്ങളൊരു കഥ പറഞ്ഞേ, ക്ടാങ്ങൾക്കു പറഞ്ഞു കൊടുക്കണ കഥ. അതു കേട്ട്, ഞാനൊന്നുറങ്ങട്ടേ”

അയാൾ, ഒരു കഥ പറയാൻ തുടങ്ങി. അവളതും കേട്ട്, ഉറക്കം കാത്തു കിടന്നു. സമയം, അന്നും പാതിരാവു പിന്നിട്ടിരുന്നു. അയാൾ പിറുപിറുത്തു.

“പിള്ളാരെ, നാളെ രാവിലെത്തന്നേ കൊണ്ടുവരണം….”

അവളൊന്നു മൂളി. പിന്നേ, അയാളെ പുണർന്നു കിടന്നു.