ജമന്തിയുടെ കണ്ണീർ നിറഞ്ഞ മുഖം വീണ്ടും വീണ്ടും അയാളുടെ മനസ്സിനെ ചുട്ടു പൊള്ളിച്ചു….

ജമന്തി

എഴുത്ത്: സിന്ധു

=====================

ജമന്തീ…..

ഒരലർച്ചയോടെ അയാൾ ചാടിയെണീറ്റു. അയാളുടെ ആ ശബ്‌ദത്തിന് കാതോർത്ത്, വിളറിയ ആകാശക്കോണിൽ നിന്നും ഇത്തിരി വെട്ടം പൊഴിച്ചു നിന്ന നിലാവ് എത്തിനോക്കുന്നുണ്ടായിരുന്നു . പുഴയിൽ നിന്നുള്ള തണുത്ത കാറ്റിൽ, ദിവസങ്ങൾക്ക് ശേഷം അയാളൊന്നുറങ്ങി പോയി. നിദ്രയുടെ കാണാക്കയങ്ങളിലേക്ക് ഊളിയിട്ടിറങ്ങുമ്പോളാണ് പോലീസുകാരുടെ അട്ടഹാസങ്ങളും, ജമന്തിയുടെ അലറിക്കരച്ചിലും അയാൾക്കടുത്തെത്തിയത്. കാട്ടുമൃഗങ്ങളെപോലെ, ഇരയുടെ മേൽ ചാടി വീഴുന്ന പോലീസുകാർ.. അവരുടെ കയ്യിൽ നിന്നും കുതറിയോടുന്ന ജമന്തിയ്ക്ക് നേരെ ഭൂമികുലുക്കി ഓടിയെത്തുന്ന ചെന്നൈ മെയിൽ… ചിതറിത്തെറിച്ച ചോ രത്തുള്ളികൾ മുഖം നനച്ചു കൊണ്ട് താഴേക്കിറങ്ങി.ചുടു ചോ രയുടെ ഗന്ധം അയാളെ ഭയപ്പെടുത്തിക്കളഞ്ഞു. അപ്പോഴാണയാൾ ഉറക്കെ അലറിയതും.

ഉറക്കം കണ്ണുകളിൽ നിന്നും വഴുതി പോയിരുന്നു. അയാൾ എഴുന്നേറ്റ് പുഴ വെള്ളം കൈക്കുമ്പിളിൽ കോരി മുഖത്തൊഴിച്ചു.

ജമന്തി ഇപ്പൊഴും പോലീസിന്റെ പിടിയിൽ ആണെന്ന ഓർമ്മ അയാളുടെ നെഞ്ചിനെ കീറി മുറിച്ചു കൊണ്ടിരുന്നു.

“അണ്ണാ, അണ്ണൻ ഇനിയും മോട്ടിക്കാൻ പോകരുതണ്ണാ. കൂലി വേല ചെയ്താലും സമാധാനമായി ജീവിക്കാലോ നമുക്ക് . “

ജമന്തിയുടെ കണ്ണീർ നിറഞ്ഞ മുഖം വീണ്ടും വീണ്ടും അയാളുടെ മനസ്സിനെ ചുട്ടു പൊള്ളിച്ചു.

അപ്പാ ആരെന്നറിയാതെ, അമ്മയ്ക്കൊപ്പം ജീവിച്ചു തീർത്ത, റെയിൽവേ പുറമ്പോക്കിലെ കൊച്ചുകൂരയായിരുന്നു അയാൾ ഏറ്റവുമധികം വെറുത്തു പോയൊരിടം. അതിന് ശേഷം ഒരു വീടിന്റെ തണലിൽ അയാൾ ഉറങ്ങിയിരുന്നത് ജമന്തിയെ കണ്ടു മുട്ടിയതിനു ശേഷമായിരുന്നു.

കാമുകൻമാർ കൊണ്ടു വരുന്ന മ* ദ്യത്തിൽ ല ഹ രി പൂണ്ട്, ആടി തിമിർത്ത രാവുകളിൽ, അമ്മയെന്ന സ്ത്രീയിൽ നിന്നും ഇറങ്ങിപോയ മകനെ ഒരിക്കലുമവർ അന്വേഷിച്ചു ചെന്നില്ല.

രണ്ടു രൂപയുടെ കപ്പലണ്ടിമിട്ടായി വിശക്കുന്ന വയറിന് ഒന്നുമാകില്ല എന്ന സങ്കടം,ഒരു നിമിഷം കണ്ണുകളെയും , കൈകളെയും പഴുത്ത ആപ്പിൾ നിറഞ്ഞ കുട്ടയിലേക്ക് നീട്ടി. മുത്തു മിഠായി പൊതിഞ്ഞെടുക്കുന്ന നേരംകൊണ്ട് ആപ്പിളിൽ ഒരെണ്ണം ട്രൗസറിന്റെ പോക്കറ്റിനുള്ളിലാക്കാൻ അവനു കഴിഞ്ഞു.. കള്ളൻ സെൽവരാജിലേക്കുള്ള തുടക്കം അതായിരുന്നു.

പിടിക്കപ്പെടുന്നില്ല എന്ന തിരിച്ചറിവായിരുന്നു മുന്നോട്ടുള്ള കോണിപ്പടികൾ.

വർഷങ്ങളുടെ കുതിപ്പിൽ ഇടയ്ക്കെപ്പോഴോ, അയാൾക്ക് കാലിടറി. ഇരുളിന്റെ മറവിൽ പോലും ആളുകൾ അവനെ തിരിച്ചറിഞ്ഞു തുടങ്ങി.. ആ തിരിച്ചറിവ് സമ്മാനിച്ച മേൽവിലാസമായിരുന്നു കള്ളൻ സെൽവൻ.

ഒരിക്കൽ, ആറു മാസത്തെ ജയിൽ ശിക്ഷ തീർത്തിറങ്ങിയ ഒരു സന്ധ്യയിലാണ് അയാൾ ജമന്തിയെ കണ്ടു മുട്ടുന്നത്.

ചൂടിറങ്ങി പോകുന്ന, സായാഹ്നസൂര്യന്റെ ശോണിമ കലർന്ന വൈകുന്നേരങ്ങളിൽ “അനന്തശയനനെ” കണ്ടു വണങ്ങാനെത്തുന്ന സുന്ദരികളോട്, “അമ്മാ, കൊഞ്ചം മുല്ലപ്പൂ വാങ്കമ്മാ ” എന്ന് കൈ നീട്ടി വിളിക്കുന്ന, . നീണ്ട മുടി പിന്നി ചുവന്ന റിബ്ബൺ കെട്ടിയ കറുത്ത സുന്ദരി…

പിന്നീട് എത്രയോ സന്ധ്യകളിൽ അയാൾ അവിടെ വന്നു നിന്നു. അവളെ കാണാൻ മാത്രം.

പരസ്പരം കൈ മാറുന്ന പുഞ്ചിരികളിൽ, കണ്ണുകൾ കഥ പറഞ്ഞു തുടങ്ങി.

“എനിക്ക് വീട്ടിലേക്ക് പോണംന്നില്ല അണ്ണാ.. രാത്രി ആയാൽ ഒരു പോള കണ്ണടയ്ക്കാൻ പറ്റില്ല. കൂരയ്ക്ക് ചുറ്റും ഓരോ കാൽപെരുമാറ്റം കേൾക്കുമ്പോൾ ഞെട്ടി വിറച്ചു പോകും. ഓരോ ദ്രോഹികൾ രാവെളുക്കുവോളം വാതിലിൽ തട്ടും.. കൂരയ്ക്ക് ചുറ്റും അലറി പാഞ്ഞു നടക്കും. പാവം അപ്പായ്ക്ക്, എണീറ്റു നടക്കാനെങ്കിലും കഴിയുമായിരുന്നെങ്കിൽ എനിക്ക് ആരെയും പേടിക്കേണ്ടായിരുന്നു. ഓരോ ദിവസവും ദൈവത്തെ വിളിച്ചു കരഞ്ഞും, കൊടുവാൾ തലയിണക്കീഴിൽ ഒതുക്കി വെച്ചും കഴിഞ്ഞു പോകുന്നു.. ഇനി എപ്പോഴാണോ എല്ലാം കൈ വിട്ടു പോകുന്നെ എന്ന് മാത്രം അറിയില്ല അണ്ണാ… “

ജമന്തി അത് പറഞ്ഞതിനു ശേഷം രാത്രിയിൽ അയാൾ കിടപ്പ്, റെയിൽവേ ട്രാക്കിനോട് ചേർന്ന്, പൊട്ടി പൊളിഞ്ഞു കിടക്കുന്ന സിമന്റ്‌ ബെഞ്ചിലേക്ക് മാറ്റി. അവിടെ കിടന്നാൽ അവളുടെ കൊച്ചു കൂരയും, അതിന്റെ ഇത്തിരി മുറ്റവും വ്യക്തമായി കാണാമായിരുന്നു.

ഒരു രാത്രിയിൽ, നിറഞ്ഞ മ* ദ്യക്കുപ്പികളുമായി ആ മുറ്റത്തേക്ക് കയറി പോകുന്ന നിഴലുകളെ പിന്തുടർന്ന് അയാളും ആ മുറ്റത്തെത്തി. അടിയുടെ ഒച്ചകളും, അട്ടഹാസങ്ങളും കേട്ട് വിറച്ചു കൊണ്ടിരുന്ന അവൾക്ക് മുന്നിലേക്ക് അയാൾ കയറി ചെന്നു.

“ഇനിയൊരിക്കലും നിന്നെ ശല്യം ചെയ്യാൻ അവർ വരില്ല. നീ സമാധാനമായി ഉറങ്ങിക്കോ. നീ എന്റെ പെണ്ണാന്ന് അവർക്ക് ശരിക്കും ഞാൻ മനസ്സിലാക്കി കൊടുത്തിട്ടുണ്ട്. “

“മോനെ, ഇനിയും എന്തിനാ ഈ തണുപ്പും കൊണ്ട് പുറത്തു കിടക്കുന്നെ. ഇവിടെ ഉള്ളസ്ഥലത്ത് ഒരു പായ കൂടി വിരിക്കാലോ “

ഒരിക്കൽ ജമന്തിയുടെ അച്ഛൻ അയാളോട് പറഞ്ഞു. അച്ഛനെ അനുസരിക്കു അണ്ണായെന്ന് അവളുടെ മിഴികൾ അയാളോട് ചിണുങ്ങുന്നുണ്ടായിരുന്നു.

അടുക്കളപാത്രങ്ങളെല്ലാം ഒരു മൂലയിൽ ഒതുക്കി ഒരു പായകൂടി വിരിക്കാൻ ഇടമുണ്ടാക്കി ജമന്തി.

“നീയിനി പൂ വിൽക്കാൻ പോണ്ട പെണ്ണെ. വിഘ്നേശ്വരനു മുന്നിൽ നിർത്തി, നിന്റെ കഴുത്തിൽ ഒരു മാലയിടണം എനിക്ക്. അതിന് മുന്നേ നമുക്കൊരു കൊച്ചു വീടും വേണം.”

അണ്ണാ, എല്ലാം നടക്കും അണ്ണാ. പക്ഷെങ്കില് അണ്ണനിനി മോട്ടിക്കാൻ പോണ്ടണ്ണാ. ഇനിയും പോലീസ് പിടിച്ചോണ്ട് പോയാൽ എനിക്ക് പിന്നെ ആരാ ഉള്ളെ.

എത്രയൊക്കെ ആണയിട്ടിട്ടും, രാത്രികളിൽ ഒരു മാർജ്ജരന്റെ കാൽ വെയ്പ്പുകളോടെ അയാൾ പുറത്തിറങ്ങി പോകുമായിരുന്നു. തിരിച്ചു വരുന്നത് കൈ നിറയെ പണവുമായിട്ടായിരുന്നു.

ഒരു വീട് എന്ന സ്വപ്നം പൂവണിയാൻ ഇനിയുമേറെക്കാലം കാത്തിരിക്കണം എന്ന നിരാശയാണ്, അന്ന് അയാളെ ആ വൃദ്ധ ഒറ്റയ്ക്ക് താമസിക്കുന്ന ബംഗ്ലാവിനുള്ളിൽ കടക്കാൻ പ്രേരിപ്പിച്ചത്.

അലമാരയുടെ താക്കോൽ കൈക്കലാക്കാനുള്ള പിടി വലിയിൽ, വൃദ്ധ തലയിടിച്ചു വീണതും, ഒച്ചയനക്കങ്ങൾ ഇല്ലാതെ കിടന്നതും അയാൾക്ക് സഹായകമായി. പക്ഷേ ആ വീഴ്ചയുടെ ആഘാതം അവരെ മരണത്തിലേക്ക് നയിച്ചെന്ന് പിറ്റേന്ന് പോലീസ് അന്വേഷിച്ചു വരുമ്പോൾ മാത്രമാണവനറിഞ്ഞത്.

ഒരു കൊ* ലപാതകിയായി അറിയപ്പെടാൻ ഒരിക്കലുമവൻ ഇഷ്ടപ്പെട്ടിരുന്നില്ല.

മുന്നിൽ കണ്ട വഴികളിലൂടെയെല്ലാം ഓടുമ്പോഴും, പിറകിൽ, മുടിയിൽ കുത്തിപിടിച്ചു നിർത്തിയ ജമന്തിയുടെ കരച്ചിൽ അയാൾക്ക് കേൾക്കാമായിരുന്നു. ഒരിക്കൽ പോലും തിരിഞ്ഞു നോക്കാതെ ഓടുകയായിരുന്നു അയാൾ.

രണ്ടു പകലുകളും, രണ്ടു രാത്രികളും അയാളെ വിടാതെ പിന്തുടരുകയായിരുന്ന “അണ്ണാ.. എന്ന അലറിക്കരച്ചിൽ അസഹ്യമായപ്പോൾ അയാൾ എഴുന്നേറ്റ് വന്ന വഴിയെ തിരിച്ചു നടക്കാൻ തുടങ്ങി.

അകലെ നിന്നെ അയാൾക്ക് കാണാമായിരുന്നു, ജമന്തിയുടെ മുറ്റത്തെ ആൾക്കൂട്ടം. വിറയ്ക്കുന്ന നെഞ്ചുo, ഇടറുന്ന കാലുകളുമായി കയറി ചെല്ലുമ്പോൾ ആരോ ആരോടോ പറയുന്നത് അയാൾ കേട്ടു.

“അവരെല്ലാം കൂടി അതിനെ പി ച്ചി ചീ ന്തി.. ഒടുവിൽ ജീവൻ പോയെന്നറിഞ്ഞപ്പോ ഈ ട്രാക്കിൽ കൊണ്ടിട്ടു പോയി. ചോദിക്കാനും പറയാനും ആരുമില്ലാത്തകൊണ്ട് അവർക്ക് ഒന്നും നഷ്ടപ്പെടാനുമില്ലല്ലോ. “..

അയാളുടെ നെഞ്ചിനെ കീറി മുറിച്ചുകൊണ്ട് അകത്തെ കട്ടിലിൽ കിടന്ന് ജമന്തിയുടെ അച്ഛൻ അപ്പോഴും ഉറക്കെ കരയുകയായിരുന്നു… ആ ദുഷ്ടൻ എന്റെ മോളെ കൊ ലയ്ക്കു കൊടുത്തല്ലോ ദൈവമേ……

പോലീസ് വാഹനത്തിന്റെ ഇരമ്പൽ അടുത്തു വരുന്നതിനൊപ്പം തന്നെയായിരുന്നു, ചെന്നൈ മെയിൽ ചൂളം വിളിച്ചു പാഞ്ഞെത്തിയതും.

ജമന്തി, നിന്നെ ഞാൻ ഒറ്റയ്ക്കാക്കില്ല ഒരിക്കലും.. ഇത് ഞാൻ നിനക്കു തന്ന വാക്കല്ലേ.. ഒരിക്കലും, ഒരിടത്തേക്കും നിന്നെ ഞാൻ തനിച്ചു വിടില്ല മോളെ… ജമന്തീ…എന്ന നിലവിളിയോടെ അയാൾ റെയിൽവേ ട്രാക്കിലേക്ക് ഓടി കയറി.

ഒരുപാട് സ്വപ്‌നങ്ങളും, സങ്കടങ്ങളും തനിക്ക് കീഴിൽ ചിതറിത്തെറിച്ചു പോയതറിയാതെ ലോഹപ്പെരുമ്പാമ്പ് മുന്നോട്ടു തന്നെ കുതിച്ചു പോയിക്കൊണ്ടിരുന്നു…….

~സിന്ധു