പെങ്ങന്മാർ എല്ലാം ഭർത്താവിന്റെ വീട്ടിൽ ആയത് കൊണ്ട് തന്നെ.. ഞാൻ മാത്രമായിരുന്നു ഉമ്മയുടെയും ഉപ്പയുടെയും കൂടേ…

എഴുത്ത്: നൗഫു ചാലിയം

====================

“ഹലോ.. ഇക്കാ……”

ഉപ്പയെ ഒരു ചെറിയ നെഞ്ച് വേദന പോലെ തോന്നി…ഹോസ്പിറ്റലിൽ കൊണ്ട് പോയത് കൊണ്ട് തന്നെ ഗൾഫിൽ നിന്നും വന്ന കാൾ കണ്ട് ഞാൻ പെട്ടന്ന് തന്നെ ഫോൺ എടുത്തു..

ഭർത്താവാണ് വിളിക്കുന്നത്..… ” ഫഹദ്…”

ഇക്കയുടെ ഉപ്പയെ കുറച്ചു സമയം മുന്നേ ആയിരുന്നു ഹോസ്പിറ്റലിലിലേക് കൊണ്ട് പോയത്…

“ഇക്കാ..”

“ഞാൻ വിളിച്ചിട്ടും ഇക്ക വിളി കേൾക്കുന്നില്ല…ഫോൺ കട്ടായിട്ടൊന്നും ഇല്ല.. എന്റെ ഉള്ളിൽ എന്തോ ഭയം നിറയുന്നത് പോലെ…കേൾക്കാൻ ആഗ്രഹിക്കാത്തത് എന്തോ കേൾക്കാൻ പോകുന്നത് പോലെ…”

“ഇക്ക.. “എന്റെ ഉള്ളിലെ ഭയം വാക്കുകളിലൂടെ മുറിഞ്ഞു…മുറിഞ്ഞായിരുന്നു പുറത്തേക് വന്നത്..

ഹ്മ്മ്..

അപ്പുറത്ത് നിന്നും ഒരു മൂളലും നെടുവീർപ്പും,..മാത്രമായിരുന്നു മറുപടി…

“എന്താ ഇക്ക.. ഒന്നും മിണ്ടാത്തത്.. ഹോസ്പിറ്റലിൽ നിന്നും ആരേലും വിളിച്ചോ.. ഞാൻ വല്യ കാകൂന് വിളിച്ചിട്ട് എടുക്കുന്നില്ല…”

ഉപ്പയുടെ അനിയന്റെ മകനാണ് ഹോസ്പിറ്റലിൽ കൊണ്ട് പോയത്.. മൂപ്പരുടെ ഫോണിലേക്കു അടിച്ചിട്ടും എടുത്തിരുന്നില്ല…

ആദ്യം അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും.. ഇസിജി യിൽ ചെറിയ ഒരു വേരിയെഷൻ കാണിച്ചപ്പോൾ അവിടുന്ന് കുറച്ചു ദൂരെ യുള്ള മെഡിക്കൽ വരെ കൊണ്ട് പോയി കാണിക്കാൻ പറഞ്ഞിട്ട് കൊണ്ട് പോയതായിരുന്നു…

പോകുന്ന സമയം ഉപ്പ വിളിച്ചിരുന്നു. ഞാൻ വന്നിട്ട് ചോറ് കഴിക്കാമെന്ന് പറഞ്ഞാണ് പോയത്…

“ഇക്ക.. ഇങ്ങള് എന്തേലും ഒന്ന് പറ… “

ഹോസ്പിറ്റലിൽ കൊണ്ട് പോയ ഉപ്പയുടെ വിവരം അറിയാൻ കഴിയാത്ത ടെൻഷനിൽ ഞാൻ വീണ്ടും ചോദിച്ചു…

“കുഞ്ഞോളെ.. നമ്മുടെ ഉപ്പ,… ഉപ്പ നമ്മളെ വിട്ട് പോയെടി… എന്നും പറഞ്ഞുള്ള.. ഒരു തേങ്ങി യുള്ള കരച്ചിലായിരുന്നു മറുപടി..”

കുറച്ചു നിമിഷം എനിക്കൊന്നും പറയാൻ കഴിയാതെ ഞാൻ നിന്നു..

മേല് മൊത്തമായി ഒരു തരിപ്പായിരുന്നു…

എന്താ എന്താ ഞാൻ കേട്ടത്… എന്റെ ഉപ്പ പോയെന്നോ… ഇല്ല.. ഒരു കുഴപ്പവും ഇല്ലാതെ ഒരു ഗ്ലാസ്‌ കട്ടനും കുടിച്ചു ഇറങ്ങിയതാണല്ലോ ഉപ്പ…

മനസാകെ മരവിക്കുന്നത് പോലെ…

കുറച്ചു മുന്നേ മാത്രം വീട്ടിൽ നിന്നും ഇറങ്ങിയ ഉപ്പയാണ് കണ്ണ് നിറയെ..

കുഞ്ഞോളെ.. വരുമ്പോൾ ടൗണിൽ നിന്നും പഴം പൊരി കൊണ്ട് വരാട്ടോ എന്നും പറഞ്ഞു ഇറങ്ങിയതാണ്…

ഇല്ല.. എന്റെ ഉപ്പ അത്ര പെട്ടെന്നൊന്നും പോകില്ല .. ഇക്ക ആരും ഫോൺ എടുക്കാത്ത ടെൻഷൻ കൊണ്ട് പറയുകയാവും ഞാൻ എന്റെ മനസിനെ തന്നെ പറഞ്ഞു വിശ്വസിപ്പിച്ചു കൊണ്ടിരുന്നു…

****************

എട്ടു വർഷങ്ങൾക് മുമ്പ് നിക്കാഹ് കഴിച്ചു ഇക്ക യുടെ കൈ പിടിച്ചു വീടിനുള്ളിലേക് കയറുമ്പോൾ ആയിരുന്നു ആദ്യമായി ഉപ്പയെ കാണുന്നത്..

അന്നെനിക്ക് പതിനെട്ടു വയസ്സ്..

ഇക്ക വന്നു കണ്ട് ഇഷ്ട്ടപെട്ടു.. പിന്നെ എപ്പോയൊ ഇക്കയുടെ ഉമ്മയും രണ്ടു പെങ്ങെന്മാരും കണ്ടു..

ആ സമയത്തെ ഇക്കയുടെ ലീവ് കഴിഞ്ഞു പോകുന്നതിന് മുമ്പ് തന്നെ വിവാഹവും കഴിഞ്ഞു..

പെങ്ങന്മാർ എല്ലാം ഭർത്താവിന്റെ വീട്ടിൽ ആയത് കൊണ്ട് തന്നെ.. ഞാൻ മാത്രമായിരുന്നു ഉമ്മയുടെയും ഉപ്പയുടെയും കൂടേ…

ആദ്യമൊന്നും ഉപ്പ എന്നോട് ഒന്നും ആവശ്യപെടില്ലായിരുന്നു..

ഒരു ഗ്ലാസ്‌ ചായ ആണേലും.. ഒന്നുങ്കിൽ ഉമ്മ സുബുഹി നിസ്കരിക്കാൻ എഴുന്നേൽക്കുന്നതിന് മുമ്പ് ഉണ്ടാക്കി കൊടുക്കും അല്ലേൽ ഉപ്പ തന്നെ ഉണ്ടാക്കി കുടിച്ചു പള്ളിയിലേക്കു പോകും..

എനിക്കാണേൽ എന്റെ വീട്ടിൽ നിന്നും പോന്നതിന്റെ ഹാങ്ങ്‌ ഓവർ മാറിയിട്ടും ഇല്ല..

അങ്ങനെ ആദ്യത്തെ ലീവ് കഴിഞ്ഞു ഇക്ക പോയി…

ആ വീട്ടിൽ ഞാൻ ഒറ്റപ്പെട്ടത് പോലെ..

ഉമ്മ ഒരു പണിയും ചെയ്യാൻ സമ്മതിക്കില്ല.. എല്ലാം ഒറ്റക് തന്നെ ചെയ്യും.. എനിക്ക് ഈ ഫോൺ കയ്യിൽ പിടിച്ചു ഇരിക്കുന്ന ഒരു പണി മാത്രം…

വല്ലപ്പോഴും വരുന്ന വിരുന്നുകാർ മാത്രമായിരുന്നു.. നാത്തൂന്മാർ…

അങ്ങനെ ഇരിക്കെയാണ്.. ഒരു ദിവസം ഉമ്മാക് നല്ല പനി… തൊട്ടാൽ പൊള്ളുന്ന പനി ആയത് കൊണ്ട് തന്നെ രാത്രി ഡോക്ടറേ കാണിച്ചു.. ഗുളിക കൊടുത്തു.. അതിന്റെ ക്ഷീണമോ മറ്റോ ഉമ്മ പെട്ടന്ന് തന്നെ ഉറങ്ങി…

രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റപ്പോൾ ആണ്.. ഉമ്മ എഴുന്നേറ്റില്ലെന്ന് മനസിലായത്.. സാധാരണ എന്റെ മുന്നേ എഴുന്നേൽക്കുന്നതാണ്.. എന്റെ റൂമിൽ തട്ടിയിട്ടേ ബാത്‌റൂമിൽ പോവുകയുള്ളു.. എന്നും എഴുന്നേൽക്കുന്ന സമയം ആയത് കൊണ്ട് തന്നെ ഞാൻ പെട്ടന്ന് ഞെട്ടി എഴുന്നേറ്റ് കണ്ണ് തുറന്നു..

വീടിന് പുറത്ത്,.. നല്ല മഴ പെയ്യുന്നുണ്ട് …

മെല്ലെ ബെഡിൽ നിന്ന് എഴുന്നേറ്റ് ഹാളിലേക്കു നടന്നു…

അടുക്കളയിൽ പത്രം തട്ടുന്ന ശബ്ദം കേൾക്കുന്നുണ്ട്…

ഞാൻ പെട്ടന്ന് തന്നെ അങ്ങോട്ട്‌ നടന്നു….

ഉപ്പാക് ഗ്യാസ് അടുപ്പ് കത്തിക്കാൻ അറിയാത്തത് കൊണ്ടോ.. ഇനി പേടിയായിട്ടാണോ എന്നറിയില്ല.. ഉപ്പ വിറക് അടുപ്പാണ് കത്തിക്കാൻ നോക്കുന്നത്..

“ഉപ്പ….”

“ആ കുഞ്ഞോളെ… നീ എഴുന്നേറ്റോ… ഞാൻ ഒരു ചായ ഉണ്ടാക്കാൻ നോക്കായിരുന്നു.. പക്ഷെ തീ കാത്തുന്നില്ല…”

ഉപ്പയാണ് എന്നെ ആദ്യമായി കുഞ്ഞോളെ എന്ന് വിളിക്കാൻ തുടങ്ങിയത്.. അതിന് ശേഷമാണ് എന്റെ ഇക്ക പോലും അങ്ങനെ വിളിക്കാൻ തുടങ്ങിയത്..

അവരെല്ലാം വിളിച്ചു വിളിച്ചു എന്റെ സ്വന്തം പേര് ഞാൻ മറന്നു പോയിരുന്നു…

ഉപ്പ കത്തിച്ചു ചാര മാക്കിയ ഒരുപാട് പേപ്പർ കഷ്ണങ്ങൾ അടുപ്പിൽ തന്നെ കാണുന്നുണ്ട്..

“നോക്കിയപ്പോ ഉപ്പ പുറത്ത് നിന്ന് എടുത്ത വിറകാണ് കത്തിക്കാൻ നോക്കുന്നത്… അതാണേൽ കുറച്ചു നനഞ്ഞിട്ടുമുണ്ട്.. രാത്രി മഴ പ്രതീക്ഷിക്കാത്തത് കൊണ്ട് എടുത്തു വെക്കാനും കഴിഞ്ഞില്ല..”

“ഉപ്പ അത് നനഞ്ഞ വിറകല്ലെ.. അത് കത്തില്ല.. ഞാൻ ഉണ്ടാക്കാം ചായ…”

ഞാൻ പെട്ടന്ന് തന്നെ ഉപ്പയോട് പറഞ്ഞു….

“ഉപ്പ എന്നെ തന്നെ നോക്കി നിൽക്കുകയാണ്…”

“എന്താ ഉപ്പ.. ഇങ്ങള് ഞാൻ ഉണ്ടാക്കിയ ചായ കുടിക്കില്ലേ..”

“ഹേ.. അതിനെന്താ കുഞ്ഞോളെ.. ഉപ്പ കുടിക്കും..”

“ഉപ്പ പള്ളിയിൽ പോകുന്നുണ്ടോ..”

” മഴ പെയ്താൽ അടുത്തുള്ള പാടത്തു നിന്നും റോട്ടിലേക് വെള്ളം കയറും…”

പുറത്ത് പെയ്യുന്ന പെരുമഴ നോക്കി ഞാൻ ചോദിച്ചു..

“ഹേയ്.. ഇല്ല.. ഇന്ന് ഇവിടെ നിന്ന് തന്നെ നിസ്‌ക്കരിക്കാം…”

“എന്നാൽ ഉപ്പ പോയി നിസ്‌ക്കരിക്കൂ.. ഞാൻ കഴിയുമ്പോയേകും ചായ യുമായി വരാം..”

ഉപ്പയെ അവിടെ നിന്നും പറഞ്ഞയിച്ചു ഗ്യാസ് കത്തിച്ചു..

ആകപ്പാടെ ഒരു വെപ്രാളം വരുന്നത് പോലെ.. ആദ്യമായിട്ടാണ് ഉപ്പാക് ചായ ഉണ്ടാക്കി കൊടുക്കാൻ പോകുന്നത്…

സ്വന്തമായി ചായ ഉണ്ടാക്കി കുടിച്ചിട്ടുണ്ടെകിലും… നമ്മൾ എന്ത് ഉണ്ടാക്കിയാലും നമുക്ക് ഒടുക്കത്തെ ടെസ്റ്റ്‌ ആണല്ലോ തോന്നുക.. ഇത് അങ്ങനെ അല്ലല്ലോ..

കൈ വിറച്ചു കൊണ്ടായിരുന്നു ഉപ്പ നിസ്കാരം കഴിഞ്ഞു ഇരിക്കുന്ന സ്ഥലത്തേക്ക് ചായ യുമായി നടന്നത്..

ചായ കൊടുത്ത ഉടനെ.. പിന്നെ അവിടെ നിൽക്കാതെ അടുക്കളയിലേക് ഓടി…

കുഞ്ഞോളെ.. ഇന്ന ഗ്ലാസ്.. ഉപ്പ ചായ ഗ്ലാസ്‌ അടുക്കളയിൽ കൊണ്ട് വന്നു തിരിഞ്ഞു നടന്നു..

ഇപ്പോഴാണ് ശ്വാസം നേരെയായത്.. ഉപ്പ ഒന്നും പറഞ്ഞില്ലല്ലോ..

പിന്നെ. ചായ നന്നായിരുന്നു.. എനിക്ക് പാകത്തിലുള്ള കടുപ്പവും മധുരവും തന്നെ യാണ്. ഇനി ഇങ്ങനെ തന്നെ ഉണ്ടാക്കിയാൽ മതി ട്ടോ…

ഉപ്പ നടക്കുന്നതിന് ഇടയിൽ പെട്ടന്ന് തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു…

എന്തെന്നില്ലാത്ത ഒരു സന്തോഷം മനസിലെക് കയറി തുടങ്ങി.. ഞാൻ ആദ്യമായി ഉണ്ടാക്കിയത് ഉപ്പാക് ഇഷ്ട്ടപെട്ടയവല്ലോ..

ഉപ്പാക് ഉണ്ടാക്കിയ ചായയിൽ നിന്നും ഞാൻ കുറച്ചു കുടിച്ചു നോക്കി..

അയ്.. കഴിച്ചിട്ട് വായയിൽ വെക്കാൻ കൊള്ളുന്നില്ല.. അള്ളോ.. ഉപ്പ ഇത് കുടിച്ചാണോ റബ്ബേ നന്നായിട്ടുണ്ടെന്ന് പറഞ്ഞത്…

എന്നെ വേദനിപ്പിക്കണ്ട എന്ന് കരുതി ആയിരിക്കും ഉപ്പ അങ്ങനെ പറഞ്ഞത്…

അന്ന് മുതൽ.. ഉമ്മ എന്നെ കയറ്റാതെ. നിർത്തിയിരുന്ന അടുക്കളയിലേക് എനിക്ക് പ്രവേശനം കിട്ടി…

പിന്നെ എല്ലാം എന്റെ പരീക്ഷണങ്ങൾ ആയിരുന്നു… ഉപ്പ ഞാൻ പറയുന്നത് എല്ലാം വാങ്ങി കൊണ്ട് വരും. അതൊക്കെ യൂ ടൂബ് നോക്കി ഉണ്ടാക്കി ഞാൻ അവരെ തന്നെ കഴിപ്പിക്കും…

പെട്ടന്ന് തന്നെ എന്റെ സ്വന്തം ഉപ്പയെക്കാൾ സ്നേഹം എനിക്ക് ഇക്കയുടെ ഉപ്പയോടായി.. വീട്ടിൽ പോയി നിന്നാൽ പോലും രണ്ടു ദിവസത്തിനുള്ളിൽ ഞാൻ ഇങ്ങോട്ട് തന്നെ ഓടും.. ഉപ്പ യും ഉമ്മ യും ഒറ്റക്കാണെന്ന് പറഞ്ഞു കൊണ്ട്..

“നിനക്ക് ഒരാഴ്ച നിന്നിട്ട് വന്നാൽ പോരെ മോളെ.. ഇവിടെ ഞാനും ഓളും ഉണ്ടല്ലോ.. എന്റെ വരവ് ദൂരെ നിന്ന് കണ്ടാൽ ഉടനെ ഉപ്പ പറയും..”

വെറുതെ പറയുകയാണ്.. ഞാൻ വീട്ടിലേക് പോയാൽ അന്ന് വൈകുന്നേരം മുതൽ തന്നെ ഉമ്മയോട് ചോദിക്കുമത്രേ എന്ന കുഞ്ഞോള് തിരികെ വരിക.. ഇന്ന് വരുമോ.. നാളെ വരുമോ എന്നൊക്കെ.. ഞാൻ പോയി കൂട്ടികൊണ്ട് വന്നാലോ…പക്ഷെ എന്നെ കണ്ടാൽ പിന്നെ ആളൊന്നും പറയില്ല..

ഉപ്പ എപ്പോഴും പറയും.. എനിക്ക് പെൺ മക്കൾ മൂന്നാണ്ണെന്ന്… അതിൽ എനിക്ക് ഏറ്റവും ഇഷ്ടം എന്റെ കുഞ്ഞോളെ ആണെന്ന്..

രണ്ടു മക്കളും ഭർത്താവിന്റെ വീട്ടിൽ അല്ലെ. ഞാൻ അല്ലെ എപ്പോഴും കൂടേ ഉള്ളത് അത് കൊണ്ടാവും..

*****************

ഫോണിന്റെ അങ്ങേ തലക്കൽ നിന്നും ഇപ്പോഴും ഇക്ക യുടെ കരച്ചിൽ കേൾക്കാം..

ഇക്ക യുടെ ഫോൺ വെക്കാതെ യാണ് ഞാൻ ഇത്രയും നേരം ഉപ്പയെ കുറിച്ച് ഓർത്തത്…

“ഇക്ക…”

“ഹ്മ്മ്…”

ഇങ്ങള് അവിടെ ഹോസ്പിറ്റലിൽ ആർക്കേലും വിളിച്ചോ..

“വിളിച്ചു.. പക്ഷെ ആരും ഒന്നും മിണ്ടുന്നില്ല.. എനിക്ക് അറിയാം എന്റെ ഉപ്പ പോയത് കൊണ്ടാണ് അവരൊന്നും പറയാത്തത്..”

“എന്താണ് ഇക്ക.. ഉപ്പ യെ ഓല് icu വിൽ കയറ്റിയിട്ടുണ്ടാവും.. ഹോസ്പിറ്റലിൽ അല്ലെ ഫോണിൽ സംസാരിക്കാൻ കഴിയുന്നുണ്ടാവില്ല.. അതാവും.. ഞാൻ ഉപ്പാക് ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥന യോടെ പറഞ്ഞു..”

ഇക്ക.. ഇങ്ങള് ഫോൺ വെക്കി.. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ..

മിടിക്കുന്ന ഹൃദയത്തോടെ തന്നെ ആയിരുന്നു ഞാൻ അവിടെ ഉണ്ടായിരുന്ന ഇക്കയുടെ മൂത്താപ്പ യുടെ മകന്റെ ഫോണിലേക്കു വിളിച്ചത്..

ഇല്ല.. ഫോൺ എടുക്കുന്നില്ല..

ഞാൻ നെറ്റ് ഓൺ ആക്കി..

ഫോണിലേക്കു തുടരെ തുടരെ മെസ്സേജുകൾ വരുന്നുണ്ട്…

ആദ്യം കണ്ട ഗ്രൂപ്പ്‌ തന്നെ ഓൺ ആക്കി.. നാട്ടിലെ മരണ പെടുന്നവരെ കുറിച്ച് അറിയിക്കാനുള്ള ഗ്രൂപ്പ്‌ ആയിരുന്നു അത്..

ആദ്യം കാണുന്ന മെസ്സേജ് തന്നെ എന്റെ ഉപ്പയുടെ ചിരിച്ചു കൊണ്ടിരിക്കുന്ന മുഖമാണ്..

“അബൂബക്കർ മരണ പെട്ടിരിക്കുന്നു… “

“ഇന്നാലില്ലാഹി വ ഇന്ന ഇലയ്ഹി റാജിഹൂൻ “…

ചുണ്ടുകളിൽ അറിയാതെ തന്നെ.. മരണം കേട്ടാലുള്ള പ്രാർത്ഥന ഒഴുകി വന്നു…

ഉപ്പ.. ഉപ്പ പോയിരിക്കുന്നു… ഉപ്പ യുടെ ഈ ലോകത്തിലെ അവസാന ദിവസമായിരുന്നു ഇന്ന്..

ചെവിയിൽ മുഴുവൻ ഉപ്പ യുടെ കുഞ്ഞോളെ എന്നുള്ള വിളിയാണ് കേൾക്കുന്നത്…

“ഉമ്മ.. ഉപ്പപ്പ എപ്പോഴാ വരിക..” ആറു വയസ് കാരി ഹനാൻ എന്റെ കാലിൽ പിടിച്ചു കുലുക്കിയപ്പോയാണ് ഞാൻ ഓർമ്മയിൽ നിന്നും ഉണർന്നത്…

അസർ ബാങ്ക് കൊടുക്കുന്നുണ്ട്…

ഉപ്പാപ്പ ഇപ്പൊ വരുട്ടോ.. ഡോക്ടറെ കാണിക്കാൻ പോയത് അല്ലെ ഉപ്പ..

ഞാൻ അവളെ കെട്ടിപിടിച്ചു സങ്കടം കടിച്ചമർത്തി കൊണ്ട് പറഞ്ഞു..

ഉപ്പാപ്പ വരുമ്പോൾ മോൾക് ലൈസ് കൊണ്ട് വരുമോ..

ഉപ്പ പുറത്തേക് പോയി വരുമ്പോൾ കയ്യിലുണ്ടാവുന്ന മുട്ടായി ഓർത്തു കൊണ്ടായിരുന്നു അവളുടെ ചോദ്യം..

കൊണ്ട് വരും മോളെ എന്നും പറഞ്ഞു ഹനയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി ഞാൻ…

ഉമ്മയെന്തിനാ കരയുന്നത്.. ഉപ്പാപ്പ യുടെ കയ്യിൽ പൈസ ഉണ്ടാവില്ല എന്ന് കരുതിയാണോ.. ഞാൻ ഉപ്പ വിളിക്കുമ്പോൾ പറയാം ഉപ്പാപ്പ ക് പൈസ വേണം. എനിക്ക് മിടായി വാങ്ങിക്കാൻ…വേഗം അയച്ചു കൊടുക്കാൻ..

ഹനായയുടെ നിസ്‌ക്കളങ്ക മായ സംസാരം എന്നെ കൂടുതൽ സങ്കട പെടുത്തുന്നുണ്ട്..

****************

“മോളെ…”

പെട്ടന്നായിരുന്നു.. വീടിനുള്ളിൽ നിന്നും ഉമ്മയുടെ വിളി കേട്ടത്…

അള്ളാഹ്.. ഉമ്മ..

എന്റെ നെഞ്ചിനുള്ളിൽ നിന്നും ഉമ്മയുടെ വിളി കേട്ട സമയം തന്നെ.. ഒരു വേദന കടന്നു പോയി..

ഉമ്മയോട് എന്ത് പറയും..

ഞാൻ.. മോളെയും കൂട്ടി വീടിനുള്ളിലേക് നടന്നു.. ഈ വീടിന് മുന്നിൽ കുറച്ചു സമയം കഴിഞ്ഞാൽ ഒരു പന്തൽ ഉയരും… ആളുകൾ വന്നു നിറയും…

“ഉമ്മ…”

കുഞ്ഞോളെ.. ഓല് പോയിട്ട് കുറെ നേരമായല്ലോ.. ആരേലും വിളിച്ചോ..

“ആ ഉമ്മ.. വിളിച്ചു.. ടെസ്റ്റ്‌ ചെയ്യുകയാണെന്നാണ് പറഞ്ഞത്… കഴിഞ്ഞാൽ ഉടനെ വരുമെന്ന് പറഞ്ഞു..”

കള്ളമാണെന്ന് പറയുന്നതെന്ന് അറിഞ്ഞിട്ടും അങ്ങനെ പറയാനാണ് ആ സമയം തോന്നിയത്..

“അൽഹംദുലില്ലാഹ്..”

ഉമ്മ അല്ലാഹുവിനെ സ്തുതിച്ചു വീടിനുള്ളിലേക് പോയി..

ഒരൊറ്റ ദിവസം പോലും.. ഉമ്മ ഉപ്പയെ ഒറ്റക്കാക്കി എങ്ങോട്ടേലും പോകുന്നത് ഞാൻ കണ്ടിട്ടില്ല.. ഉമ്മാക് അത്രക്ക് ജീവനാണ് ഉപ്പ.. ഉപ്പ ഇല്ലാതെ ആയെന്നറിഞ്ഞാൽ ആ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് യാതൊരു നിശ്ചയവുമില്ല…

മോൾക് ഒരു ബിസ്കറ്റ് പാക് എടുത്തു കഴിക്കാനായി കൊടുത്തു..

വേഗത്തിൽ നിസ്കരിക്കാനായി റൂമിലേക്കു കയറി..

വാതിലടച്ചു.. വാതിലിൽ തന്നെ ചാരി കുറച്ചു നേരം നിന്നു..

കണ്ണിൽ നിന്നും കണ്ണ് നീർ തുള്ളികൾ ഒലിച്ചിറങ്ങി ചുണ്ടിലൂടെ നാവിലെക് ഇറങ്ങിയതിന്റെ പുളിപ്പ് അറിഞ്ഞപ്പോയാണ്.. ഞാൻ കരയുക യാണെന്ന് മനസിലായത്..

നിസ്കരിക്കാൻ പോലും നിന്നിട്ടില്ല…

നിസ്‌കരിക്കാൻ നിന്നിട്ടും… ഉപ്പ യുടെ മുഖമാണ് മുന്നിലേക്ക് വരുന്നത്…

കണ്ണ് നീർ അടക്കാൻ കഴിയാതെ കുറെ നേരം സുജൂതിൽ കിടന്നു പോയി..

ഉപ്പ.. എന്ന് തേങ്ങി കൊണ്ട്…

*******************

ഉപ്പ യുടെയും ഉമ്മയുടെയും ബന്ധുക്കൾ ഓരോരുത്തരായി വീട്ടിലേക് വരുന്നുണ്ട്..

ഉമ്മയുടെ മുഖത് ഒരു വെപ്രാളം കാണുവാൻ തുടങ്ങി.. പിന്നെ ആരെക്കെയോ ചേർന്ന് ഉമ്മയോട് ആ സത്യം പറഞ്ഞു…

ഉപ്പ ഞങ്ങളെ വിട്ട് പോയിരിക്കുന്നു…

അതിനിടയിൽ ഇക്ക വിളിച്ചു ഉമ്മാകും പെങ്ങന്മാർക്കും ശക്തി കൊടുക്കണമെന്ന് പറയുന്നുണ്ട്… ഞാൻ എങ്ങനെ ശക്തി പകരാനാണ്…

ഉമ്മ വിവരം അറിഞ്ഞതിനു ശേഷം ഒരു തുള്ളി കണ്ണ് നീർ പോലും പൊഴിക്കാതെ ഒരേ ഇരുത്തമാണ് റൂമിൽ…

രണ്ടു പെങ്ങന്മാരും ബോധംപോയി കിടക്കുന്നു…

വരുന്നവരും പോകുന്നവരും എല്ലാം എന്റെ അടുത്തേക് വന്നാണ് വിവരങ്ങൾ തിരക്കുന്നത്..

ഓരോ നിമിഷവും ശക്തി ചോരുന്നത് പോലെ…

*******************

മയ്യിത്ത് കുളിപ്പിക്കാൻ എടുക്കാണ്.. ആർക്കേലും കാണാൻ ഉണ്ടേൽ കാണാം..

അവസാനമായി അടുത്ത ബന്ധുക്കൾക്കു കാണാനുള്ള അവസരം…

ഇത് വരെ ഉപ്പയെ കൊണ്ട് വന്നതിന് ശേഷം ആ മുഖമെന്ന് കാണാൻ പോയിട്ടില്ല.. അതിനെനിക് ശക്തി ഇല്ലായിരുന്നു..

അവസാനമായി ഒന്ന് കാണണം…

ഉപ്പ ഇനി ഇല്ല എന്ന് എന്റെ മനസിനെ തന്നെ പഠിപ്പിക്കാൻ ഉപ്പയെ കാണുന്നത് തന്നെ യാണ് നല്ലത്…

ഞാൻ പതിയെ ഉപ്പയെ കിടത്തിയ റൂമിലേക്കു കയറി…

അവിടെ.. ഉപ്പയുടെ അനിയനാണ് നിൽക്കുന്നത്.. വരുന്നവർക്ക് മുഖത് വിരിച്ച തുണി മാറ്റി കാണിക്കുകയാണ്…

ഒരു വട്ടം ഒരേ ഒരു വട്ടമേ ഞാൻ ആ മുഖത്തേക് നോക്കിയുള്ളു..

ഉപ്പ.. ചിരിച്ചു കൊണ്ട് കിടക്കുന്നു.. പുഞ്ചിരി തൂകി കൊണ്ട്…

ബൈ

നൗഫു👍