ഇനി ഇതുവരെ ഞാൻ പറയാത്ത ഒരു കാര്യം കൂടി പറയാം. എനിക്ക് അത് പറയാനും താല്പര്യം ഇല്ല…

എഴുത്ത്: അംബിക ശിവശങ്കരൻ

====================

“അന്നേ എന്റെ കുടുംബക്കാര് പറഞ്ഞതാ നമ്മുടെ കൂട്ടരല്ലാത്ത കുടുംബത്തിന്ന് പെണ്ണിനെ കൊണ്ടുവരേണ്ടന്ന്. എനിക്കും വലിയ താല്പര്യമുണ്ടായിട്ടായിരുന്നില്ല പക്ഷേ എന്റെ മോൻ എന്ന് പറയുന്ന ആ കോന്തൻ, ച ത്തു കളയുമെന്ന് പറഞ്ഞ ഒറ്റ കാരണത്താല ഞാൻ ഈ വേണ്ടാത്ത പണിക്ക് നിന്നത്. ഇതിപ്പോ എനിക്ക് തന്നെ പൊല്ലാപ്പായി.”

കല്യാണം കഴിഞ്ഞ് വന്ന നാൾ മുതൽ ഭർത്താവിന്റെ അമ്മയായ സുമതിയുടെ വായിൽ നിന്ന് ഇടയ്ക്കിടക്കേ കേൾക്കുന്ന വാക്കുകൾ ആയിരുന്നു ഇത്.

“എന്റെ മനുവേട്ടാ ഇത്രയ്ക്ക് നേരം വെളുക്കാത്ത വീട്ടുകാരാണ് നിങ്ങളുടേതെന്ന് ഞാൻ അറിഞ്ഞിരുന്നെങ്കിൽ നിങ്ങളോടുള്ള സ്നേഹം എന്നേ ഞാൻ കുഴിച്ചുമൂടിയേനെ… “

“നീ ഇത് എന്തൊക്കെയാ അച്ചു ഈ പറയുന്നത്? എന്താ ഇന്നും അമ്മ വഴക്കിനു വന്നോ?”

ജോലി കഴിഞ്ഞ് വന്ന നേരമാണ് അവൾ അത് അവനോട് പറഞ്ഞത്.

“അമ്മയ്ക്ക് പിന്നെ വഴക്കിനു വരാൻ കാരണങ്ങളൊന്നും വേണ്ടല്ലോ…ഇതൊക്കെ എല്ലാ വീട്ടിലും ഉള്ളതാണല്ലോ എന്ന് കരുതിയാണ് ഞാൻ ഒന്നും മനുവേട്ടനോട് പറയാതിരുന്നത്. അമ്മായിയമ്മയും മരുമകളും തമ്മിൽ ഇടയ്ക്കൊക്കെ സ്വരച്ചേർച്ചയുണ്ടാകുന്നത് സ്വാഭാവികമാണ്. അതു പക്ഷേ അവർക്കുള്ളിൽ തന്നെ തീരണം. പക്ഷേ ഇവിടെ അങ്ങനെയല്ല അമ്മയ്ക്ക് അപ്പോൾ തന്നെ നാല് അയൽ പക്കവും ചെന്ന് ഇതെല്ലാം വിളമ്പിയില്ലെങ്കിൽ യാതൊരു സമാധാനവും കിട്ടില്ല. എത്ര പിണങ്ങിയാലും ഞാൻ ഈ വീട് വിട്ട് മറ്റൊരു വീട്ടിൽ ചെന്നിരുന്ന് ഇവിടത്തേ കാര്യങ്ങൾ പറയുന്നത് മനുവേട്ടൻ കണ്ടിട്ടുണ്ടോ? എന്റെ അമ്മ വിളിക്കുമ്പോൾ പോലും ഞാൻ ഒന്നും പറഞ്ഞു കൊടുക്കാറില്ല. നാലാളുടെ മുന്നിൽ ആളാകാൻ എല്ലാം വിളമ്പുമ്പോൾ അവർക്ക് പറഞ്ഞു ചിരിക്കാൻ ഒരു കാരണം ആയി അത്രതന്നെ….അത് അമ്മ ചിന്തിക്കുന്നില്ല.”

അവൾക്ക് ദേഷ്യവും വിഷമവും ആവും ഒരുപോലെ വന്നു.

“നീയത് കാര്യമാക്കേണ്ട അച്ചു…പ്രായമായവരല്ലേ…അവരുടെ ലോകം ഈ വീടും നാല് അയൽപക്കവും മാത്രമാണ് നീ അങ്ങനെയാണോ പഠിപ്പും വിവരമുള്ള കുട്ടിയല്ലേ?”

അവനത് നിസ്സാരവൽക്കരിച്ചപ്പോൾ അവൾ അവനെ തന്നെ ഉറ്റുനോക്കി.

“ഞാൻ ഈ വീട്ടിൽ വന്ന് കയറിയിട്ട് ഒരു വർഷം തികയുന്നു അല്ലേ മനുവേട്ടാ…..? ഇപ്പോഴും എന്നെ ഈ വീട്ടിലെ ഒരു അംഗമായി അംഗീകരിക്കാത്തത് പോട്ടെ എന്ന് വയ്ക്കാം. പക്ഷേ ജാതി സ്പിരിറ്റും തലയിൽ വച്ച് നടക്കുന്ന ഒരു അമ്മയ്ക്ക് എങ്ങനെയാണ് വേറെ ജാതിയിൽ ജനിച്ച എന്നെ മകളായി അംഗീകരിക്കാൻ കഴിയുന്നത്? ഇതിങ്ങനെ ഇടയ്ക്കിടയ്ക്ക് കേൾക്കേണ്ടി വരുമ്പോൾ ഞാൻ എത്രമാത്രം ഇൻ സെക്യൂരിറ്റി ഫീൽ ചെയ്യുന്നുണ്ടെന്ന് അറിയുമോ മനുവേട്ടന്? എന്റെ മാത്രം ആവശ്യമായിരുന്നോ നമ്മുടെ വിവാഹം? ഇതൊക്കെ കേൾക്കേണ്ടി വരുമ്പോൾ ഇങ്ങോട്ട് വലിഞ്ഞു കയറി വന്നതുപോലെയാണ് എനിക്ക് തോന്നുന്നത്.”

“എന്തിനാ നീ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് അച്ചു? ഞാൻ എപ്പോഴെങ്കിലും നിന്നോട് ആ രീതിയിൽ സംസാരിച്ചിട്ടുണ്ടോ? “

അവൻ തല ചൊറിഞ്ഞു

“നിങ്ങൾ എങ്ങാനും ആ രീതിയിൽ എന്നോട് സംസാരിച്ചിട്ടുണ്ടെങ്കിൽ ചിരവ എടുത്ത് തലയ്ക്ക് അടിച്ചു കൊ* ന്നേനെ ഞാൻ. എന്നിട്ട് ജയിലിൽ കിടക്കേണ്ടി വന്നാലും അന്തസായി പോയി കിടക്കും. “

പെട്ടെന്നുള്ള ആ ഡയലോഗ് കേട്ടപ്പോൾ അവന് ചിരി പിടിച്ചു നിർത്താൻ ആയില്ല. സീരിയസായി ഒരു കാര്യം പറയുമ്പോൾ ചിരിച്ചതിനാലാകാം അവൾ അവനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.

“അതിനൊക്കെ എന്റെ വീട്ടുകാരെ കണ്ടു പഠിക്കണം. നമ്മുടെ പ്രണയം വീട്ടിൽ അവതരിപ്പിച്ചപ്പോൾ അവർ ആദ്യം അന്വേഷിച്ചത് നിങ്ങളുടെ സ്വഭാവമാണ്. ജാതി എന്താണെന്ന് ആരെങ്കിലും ചോദിച്ചോ എന്ന് പോലും ഓർമ്മയില്ല. അത്ര വില മാത്രമേ അവരതിന് കല്പിക്കുന്നുള്ളൂ…ഞങ്ങളൊക്കെ മനുഷ്യർക്കാണ് ഇംപോർട്ടൻസ് നൽകുന്നത് അല്ലാതെ ജാതിക്കും സമുദായത്തിനും അല്ല. “

“ഇനി ഇതുവരെ ഞാൻ പറയാത്ത ഒരു കാര്യം കൂടി പറയാം. എനിക്ക് അത് പറയാനും താല്പര്യം ഇല്ല. നിങ്ങളുടെ ജാതിയേക്കാൾ ഉയർന്ന ജാതി തന്നെയാണ് എന്റേത്…പറയാനാണെങ്കിൽ താഴ്ന്ന ജാതിയിൽപ്പെട്ട ഒരാൾക്ക് കല്യാണം കഴിച്ചു കൊടുക്കാൻ എന്റെ വീട്ടുകാരാണ് വിസമ്മതിക്കേണ്ടത്. സൗകര്യപ്പെടുമ്പോൾ ഇതൊക്കെ ഒന്ന് അമ്മയോട് പറഞ്ഞു കൊടുത്തേക്ക്. അല്ലേ….എത്രയെന്ന് വെച്ചാണ് മനുഷ്യൻ സഹിക്കുന്നത്. “

“ആ പറഞ്ഞുകൊടുക്കാം. “

അവൻ തലയാട്ടി

“ഇപ്പോൾ ഇത്തിരി ചായ തരാമോ?”

അവൾ അതേ ഗൗരവത്തോടെ തന്നെ അടുക്കളയിലേക്ക് പോയി. അമ്മയുടെ വാക്കുകൾ ചില നേരങ്ങളിൽ അതിര് കടക്കുന്നുണ്ടെന്ന് അവനും അറിയാമായിരുന്നു. പ്രശ്നങ്ങൾ സൃഷ്ടിക്കേണ്ടെന്ന് കരുതി അവളുടെ മുന്നിൽ ചിരിച്ചു തള്ളിയതാണ്. തന്നെ വിശ്വസിച്ചു വന്ന പെൺകുട്ടിയാണ്. അവൾ ജീവിച്ച സാഹചര്യം വെച്ച് നോക്കുമ്പോൾ ഈ വീടും ഇവിടത്തെ അന്തരീക്ഷവും അവൾക്കൊരു നരകം ആയിരിക്കാം എന്നിട്ടും അതെല്ലാം അഡ്ജസ്റ്റ് ചെയ്ത് ആണ് അവളിവിടെ കഴിയുന്നത്. “

പിന്നീടുള്ള ദിവസങ്ങളിലും അവരുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

ഒരിക്കൽ ജോലി ചെയ്തുകൊണ്ടിരിക്കെ കാലൊന്ന് സ്ലിപ്പ് ആയി കുറച്ചുദിവസം മനുവിന് റസ്റ്റ് എടുക്കേണ്ടി വന്നപ്പോഴും കുറ്റം അവൾക്കായിരുന്നു.

“വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾ ശരിയല്ലെങ്കിൽ കെട്ടിയോൻമാർക്ക് ഇങ്ങനെ ഓരോ ദുരന്തങ്ങൾ വന്നുകൊണ്ടിരിക്കും. കല്യാണം കഴിഞ്ഞ പെൺകുട്ടികൾ ഒഴിവാക്കാൻ പറ്റാത്ത കാര്യങ്ങളാണ് സിന്ദൂരവും താലിമാലയും. ഭർത്താക്കന്മാരുടെ ആയുസ്സിനു വേണ്ടിയാ അതൊക്കെ ഇടേണ്ടത്. നിന്റെ ഭാര്യക്ക് തോന്നുമ്പോഴല്ലേ അതൊക്കെ ചെയ്യാറ്? അവരുടെ നാട്ടിലെ അതൊന്നും നിർബന്ധം അല്ലായിരിക്കും. പക്ഷേ ഇവിടെ അങ്ങനെയല്ല.”

മകനോട് തന്നെ പറ്റി കുറ്റം പറഞ്ഞുകൊണ്ടിരുന്ന നേരമാണ് അവൾ അങ്ങോട്ട് ചെന്നത്. ആ വരവ് അവരും തീരെ പ്രതീക്ഷിച്ചില്ല.

അമ്മ സ്ഥിരമായി സിന്ദൂരവും താലിയും അണിഞ്ഞിട്ടെന്താ അമ്മയുടെ ഭർത്താവിന് ആയുസ്സ് വെറും നാലപ്പത്തിയഞ്ചു വയസ്സ് വരെയായി ഒതുങ്ങിയത് എന്ന് ചോദിക്കാൻ മനസ്സിനുള്ളിൽ തികട്ടി വന്നെങ്കിലും അവളുടെ സംസ്കാരം അതിന് അനുവദിച്ചില്ല.

“അമ്മ ഇത്രനാളും പറഞ്ഞതെല്ലാം ഞാൻ മിണ്ടാതെ കേട്ട് നിന്നിട്ടേയുള്ളൂ പക്ഷേ ഇപ്പോൾ പറഞ്ഞത് എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയുകയില്ല. ഞാൻ കാരണമാണോ മനുവേട്ടന് ഈ ഗതി വന്നത്..ആണോ മനുവേട്ടാ?”

അവൾക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

“ഞാൻ അങ്ങനെ പറഞ്ഞോ അച്ചു? അമ്മ എന്തിനാ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നത്? അവളുടെ ഇഷ്ടമല്ലേ ഇതൊക്കെ ചെയ്യണോ വേണ്ടയോ എന്നത്…അമ്മയുടെ കാര്യങ്ങളിൽ അവൾ ഇടപെടാൻ വരുന്നുണ്ടോ? അതുപോലെ അവളുടെ വ്യക്തിപരമായ കാര്യങ്ങളിൽ അമ്മയും ഇടപെടാതിരുന്നൂടെ? വെറുതെ എന്തിനാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്? അവൾ സിന്ദൂരം തൊട്ടാലും താലിമാലയിട്ടാലും എനിക്കും സംഭവിക്കാനുള്ളത് എന്തായാലും സംഭവിക്കും. താലിമാലയും സിന്ദൂരവും ആണ് ഭർത്താവിന്റെ ആയുസ്സ് തീരുമാനിക്കുന്നതെങ്കിൽ അച്ഛൻ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നല്ലോ?”

തന്റെ മനസ്സറിഞ്ഞ് ആ ചോദ്യം കേട്ട് അവൾക്ക് സന്തോഷം തോന്നി.

“ഓഹോ..ഭാര്യയെ പറഞ്ഞപ്പോൾ അവന് പിടിച്ചില്ല. അതെങ്ങനെയാ സന്ധ്യ ആയതും വാതിലും അടച്ചിട്ട് തലയണമന്ത്രം ഓതിക്കൊടുക്കുകയല്ലേ…പിന്നെങ്ങനെ ഇങ്ങനെയൊക്കെ പറയാതിരിക്കും. എടാ ഞാനും ഈ വീട്ടിൽ മരുമകൾ ആയിട്ട് കേറി വന്നവൾ തന്നെയാണ്. എന്റെ അമ്മായിയമ്മ അതായത് നിന്റെ അച്ഛമ്മ പറയുന്നതിനപ്പുറത്തേക്ക് ഞാൻ ഒരു പടി സഞ്ചരിച്ചിട്ടില്ല. അങ്ങനെയാണ് കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ. ഇത് ഒന്നു വയ്യാതായാൽ മതി അടിവസ്ത്രം വരെ കെട്ടിയവനെ കൊണ്ട് കഴുകിയിടിക്കും. ഞാനൊക്കെ എത്ര വയ്യാതിരുന്നിട്ടും നിന്റെ അച്ഛനെ കൊണ്ട് എന്റെ വസ്ത്രം കഴുകിയിടീച്ചിട്ടില്ല. അങ്ങേര് അതിന് നിന്നു തന്നിട്ടുമില്ല. നീ ഇങ്ങനെയൊരു പെൺകോന്തനായി പോയല്ലോ…”

ഇക്കുറി അവനെ മറുപടി പറയാൻ സമ്മതിക്കാതെ അവൾ തന്നെയാണ് മറുപടി പറഞ്ഞത്.

“ഞാനൊരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ട് ഇഷ്ടമല്ലാത്ത അച്ചി തൊടുന്നതൊക്കെയും കുറ്റമെന്ന് അതുപോലെയാണ് അമ്മയുടെ കാര്യം. അമ്മ എന്നെ മകളായാണ് അംഗീകരിച്ചതെങ്കിൽ എന്നിൽ ഇങ്ങനെ കുറ്റം മാത്രം കണ്ടുപിടിക്കുകയില്ലായിരുന്നു. എന്റെ ഭർത്താവ്, അതായത് അമ്മയുടെ മകൻ ബുദ്ധിയും വിവരവുമുള്ള ഒരാൾ ആണെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഇവിടെ നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ വാതിലും അടച്ചിട്ട് തലയണമന്ത്രം ഓതിക്കൊടുക്കേണ്ട ആവശ്യം എനിക്കില്ല.

“പിന്നെ….വാതിൽ അടച്ചിട്ടാൽ പറയും എന്തിനാ വാതിൽ അടച്ചിടുന്നതെന്ന് തുറന്നിട്ടാൽ പറയും അടച്ചിട്ടൂടെ എന്ന്. അമ്മയുടെ ഇത്തരം നിലപാടുകൾക്ക് ഉത്തരം തരേണ്ട കാര്യം എനിക്കില്ല. വിവാഹം കഴിഞ്ഞ മക്കളുടെ പ്രൈവസിയിലേക്ക് കൈ കടത്താതിരിക്കുക എന്ന മിനിമം മര്യാദയെങ്കിലും പാലിക്കേണ്ടത് ആരുടെ കടമയാണ് എന്ന് ഞാൻ പറയേണ്ടതില്ലല്ലോ?”

“മറ്റൊന്ന്…അമ്മ മരുമകളായി കയറിവന്ന കാലഘട്ടത്തിൽ അല്ല ഞാൻ ഇവിടെ കയറിവന്നത്. അച്ഛമ്മ പറയുന്നതിനപ്പുറത്തേക്ക് അമ്മ പോയിട്ടില്ലെങ്കിൽ അത് അമ്മയുടെ വ്യക്തിത്വം ഇല്ലായ്മ. അതിന് ഞാനെന്തു പിഴച്ചു. അമ്മ അനുഭവിച്ച കാര്യങ്ങളൊക്കെയും കയറിവരുന്ന മരുമകളും അനുഭവിച്ചിരിക്കണം എന്നത് എന്ത് തരം മാനസിക വൈകല്യമാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ കയറി വന്ന സാഹചര്യമായിരിക്കില്ല ഇനി വരും തലമുറയുടേത്. അപ്പോഴും ഞാൻ അനുഭവിച്ചത് ഒക്കെ നീയും അനുഭവിക്കണം എന്ന് അവരോട് പറയാൻ പറ്റുമോ? അല്ല, ഇനി വരുന്ന തലമുറകളിൽ താലിയും സിന്ദൂരവും തന്നെ ഉണ്ടാകുമോ എന്ന് ആര് കണ്ടു..? നമ്മുടെ വിശ്വാസങ്ങൾ നമ്മൾക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കണം അത് മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല. താലിയും സിന്ദൂരവും അണിഞ്ഞു ഭർത്താവിനെ ചതിക്കുന്ന എത്രയോ സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്. “

“ഇത് എന്റെ ഭർത്താവാണ്…എനിക്ക് വയ്യാതായാൽ എന്റെ അ* ടിവസ്ത്രം ഒന്ന് കഴുകിയിട്ടതിന്റെ പേരിൽ മനുവേട്ടന്റെ പുരുഷത്വം ഒന്നു ഇല്ലാതാകുന്നില്ലല്ലോ? ഭർത്താവിന്റെ അ* ടിവസ്ത്രം ഭാര്യ കഴുകിയാൽ അത് കടമ, തിരിച്ചാണെങ്കിൽ പെൺകോന്തൻ. അമ്മ പറഞ്ഞല്ലോ അച്ഛൻ ഇതൊന്നും ചെയ്യാറില്ലെന്ന് അച്ഛൻ ഇതൊന്നും ചെയ്യാതിരുന്നത് ആണോ മനുവേട്ടൻ ഇതെല്ലാം ചെയ്തു തരുന്നതാണോ ആണോ ശരിക്കും അമ്മയ്ക്ക് പ്രശ്നം?”

“ഇവളി പറയുന്നത് കേട്ട് നീ മിണ്ടാതിരുന്നോടാ…അവളുടെ വായിൽ ഇരിക്കുന്നത് കേൾപ്പിക്കാനാണോടാ ഇവളെ നീ ഇങ്ങോട്ട് കെട്ടി കൊണ്ടു വന്നത്? “

അവർ അവന് നേരെ ശബ്ദം ഉയർത്തി.

“ഞാനായിട്ട് അല്ലല്ലോ അമ്മേ ഇതൊന്നും തുടങ്ങിയത്. പറഞ്ഞു വരുമ്പോൾ എനിക്കും അമ്മയ്ക്കും ഈ വീട്ടിൽ ഒരു സ്ഥാനം തന്നെയാണ്. ‘മരുമകൾ’. പിന്നെ ഈ സീരിയലിൽ കാണുന്ന പോലെ കരഞ്ഞുമെഴുകി ഭർത്താവിന്റെയും അമ്മയുടെയും കാലുപിടിച്ചു കഴിയുന്ന മരുമകളെയാണ് അമ്മ പ്രതീക്ഷിച്ചതെങ്കിൽ അമ്മയ്ക്ക് തെറ്റി കേട്ടോ….”

അവൾ ഫോണിൽ നിന്ന് ഒരു ഓഡിയോ പ്ലേ ചെയ്ത് അവരെ കേൾപ്പിച്ചു. മരുമകളെ കുറ്റപ്പെടുത്തുന്ന സ്വന്തം ശബ്ദം കേട്ട് അവർ ഒരു നിമിഷം ഞെട്ടി.

“ഈ വർഷത്തിനിടയ്ക്ക് ജാതിയുടെ കാര്യം പറഞ്ഞതടക്കം എന്നെ അപമാനിക്കുന്ന തരത്തിൽ അമ്മ പറഞ്ഞ സകല കാര്യങ്ങളും ഇതിലുണ്ട്. സീരിയൽ അമ്മായിയമ്മ കളിക്കാൻ ആണെങ്കിൽ ഇതെല്ലാം തെളിവ് നിരത്തി ഗാർഹിക പീ* ഡനത്തിന് ഞാൻ കേസ് കൊടുക്കും. നിങ്ങളെ പിടിച്ച് അകത്തിടാൻ ഇത്രയും തെളിവ് തന്നെ ധാരാളം മതി. ഇനി അതെല്ലാ നല്ല രീതിക്ക് പോകാനാണെങ്കിൽ എന്റെ അമ്മയായി തന്നെ ഞാൻ സ്നേഹിക്കും ഏതു വേണമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.”

അതും പറഞ്ഞ് അവൾ അവിടെ നിന്ന് പോയപ്പോൾ ഇത്രയും മുൻകരുതൽ തന്റെ ഭാര്യയുടെ പക്കൽ ഉണ്ടെന്ന് മനുവും കരുതിയിരുന്നില്ല. അന്തം വിട്ടിരുന്ന തന്റെ അമ്മയുടെ മുഖത്ത് നോക്കി, ചെയ്തു വച്ചതല്ലേ അനുഭവിച്ചോ എന്ന മുഖഭാവത്തോടെ അവൻ തിരിഞ്ഞു കിടന്നു.

“എന്നാലും എന്റെ അച്ചു ഇതൊക്കെ നിന്റെ കയ്യിൽ ഉണ്ടായിരുന്നത് ഞാൻ പോലും അറിഞ്ഞില്ലല്ലോ?”

കിടക്കാൻ നേരമാണ് അവൻ അത് അവളോട് ചോദിച്ചത്.

“പിന്നെ നിങ്ങൾ എന്തു വിചാരിച്ചു? ജീവിതകാലം മുഴുവനും നിങ്ങളുടെ അമ്മ പറയുന്നത് കേട്ട് ഞാനിവിടെ കരഞ്ഞു തീർക്കും എന്നോ? ഇത്രനാൾ മിണ്ടാതിരുന്നത് റെക്കോർഡിങ്ങിൽ എന്റെ വോയിസ് പെടാതിരിക്കാൻ ആണ്. നല്ല രീതിയിൽ ജീവിച്ചാൽ അവർക്ക് കൊള്ളാം…പിന്നെ അമ്മയെ രക്ഷിക്കാം എന്ന് കരുതേണ്ട ആ ഫോൾഡർ ഞാൻ ലോക്ക് ചെയ്തു വച്ചിട്ടുണ്ട്. “

അവൻ പിന്നെ ഒന്നും മിണ്ടിയില്ല. ഇത്രയും പ്ലാനിങ്ങോടുകൂടി ചീത്തവിളികൾ മുഴുവനും മിണ്ടാതെ കേട്ടുന്ന ഭാര്യയുടെ ബുദ്ധിക്ക് മുന്നിൽ ശിരസ്സ് നമിച്ചു കൊണ്ട് മൗനം പാലിച്ചു കിടന്നു.

~അംബിക ശിവശങ്കരൻ.