അവളെ തന്നെയാണ് ഞാനും വിളിച്ചുകൊണ്ടിരിക്കുന്നത് രാവിലെ തന്നെ നാശം എവിടെപ്പോയി കിടക്കുന്നോ ആവോ…

എഴുത്ത്: അംബിക ശിവശങ്കരൻ
=========================

തലേന്ന് നല്ലതുപോലെ മ-ദ്യപിച്ചാണ് വന്നത്. അതുകൊണ്ട് തന്നെ കെട്ടിറങ്ങാൻ കുറച്ച് അധികം സമയമെടുത്തു.

രാവിലെ എഴുന്നേൽക്കുമ്പോൾ സുധിക്ക് തലയ്ക്ക് ആരോ അടിച്ചത് പോലെ തലവേദനിക്കുന്നുണ്ടായിരുന്നു. ചായക്ക് വേണ്ടി ഭാര്യ സിന്ധുവിനെ വിളിച്ചു കൊണ്ടിരുന്നപ്പോഴാണ് സുഹൃത്ത് സതീഷ് വെപ്രാളത്തോടെ ഓടി വരുന്നത് കണ്ടത്.

“സുധി.. എടാ സുധി…” ഓടി വന്നതും അവൻ നായ കിതക്കും പോലെ കിതക്കാൻ തുടങ്ങി.

“എന്താടാ രാവിലെ തന്നെ നിലവിളിച്ചുകൊണ്ട് ഓടിവരുന്നത് ആരെങ്കിലും ചത്തോ? ” സുധി അരിശത്തോടെ ചോദിച്ചു.

“എടാ സിന്ധു…സിന്ധു… ” കിതച്ചുകൊണ്ട് അവൻ പറഞ്ഞു.

“അവളെ തന്നെയാണ് ഞാനും വിളിച്ചുകൊണ്ടിരിക്കുന്നത് രാവിലെ തന്നെ നാശം എവിടെപ്പോയി കിടക്കുന്നോ ആവോ…” അവൻ ഇരുന്നിടത്ത് തന്നെ ഇരുന്നുകൊണ്ട് തല ചൊറിഞ്ഞു.

“അതല്ലടാ സിന്ധു ദേ അവിടെ റോഡിൽ കിടന്നു മ-ദ്യപിച്ച് ബോധമില്ലാതെ ബഹളമുണ്ടാക്കുന്നു.” ഒരു നിമിഷം തലയ്ക്ക് അടിയേറ്റത് പോലെ സുധി സതീഷിനെ നോക്കി.

“അതേടാ ഞാൻ പറഞ്ഞത് സത്യമാണ്. സംശയമുണ്ടെങ്കിൽ നീ എന്റെ കൂടെ വാ ഞാൻ കാണിച്ചു തരാം. സിന്ധു അവിടെ കിടന്ന് ബഹളം വയ്ക്കുകയാണ് നീ ഒന്ന് വേഗം എഴുന്നേറ്റ് വാ… “

സംഭവം സത്യമാണെന്ന് അവന്റെ വെപ്രാളം കണ്ടതും സുധിക്ക് മനസ്സിലായി. പിന്നെ ഒരു നിമിഷം പോലും സമയം കളയാതെ അലസമായി കിടന്നിരുന്ന തന്റെ മുണ്ട് മുറുക്കിയുടുത്ത് മുറിക്കുള്ളിൽ പോയി ഒരു ഷർട്ടും എടുത്തിട്ട് അവൻ മുറിവിട്ട് ഇറങ്ങി. അപ്പോഴും കണ്ണുകൾ വീടിനുള്ളിലും വെളിയിലുമായി വെറുതെ പരതി നടന്നുകൊണ്ടിരുന്നു. അവനു തെറ്റുപറ്റിയത് ആകണെ എന്ന് മനസ്സിൽ വെറുതെ ആശിച്ചു. പക്ഷേ അവിടെയൊന്നും അവളുടെ പൊടി പോലും കാണാൻ കഴിഞ്ഞില്ല. അപ്പോഴാണ് ടേബിളിൽ തലേന്ന് രാത്രി കൊണ്ടുവന്ന ഫുൾ ബോട്ടിൽ മ-ദ്യക്കുപ്പി കാലിയായിരിക്കുന്നത് കണ്ടത്.

“ദൈവമേ അപ്പോൾ സംഭവം സത്യമാണ്.”

അവന്റെ നെഞ്ചൊന്നു പിടഞ്ഞു വീണ്ടും മുറിയിൽ ചെന്ന് ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഭദ്രമായി കിടത്തി പിൻവാതിൽ എല്ലാം അടച്ച് അവൻ സതീഷിന്റെ ഒപ്പം പുറപ്പെട്ടു.

“എന്താടാ ആലോചിച്ചു നിൽക്കുന്നത്. വേഗം വാ, ഇന്ന് ഞാൻ അവളെ കൊ–ല്ലും.”

ചിന്തിച്ചു നിൽക്കുന്ന സതീഷിനെ നോക്കിക്കൊണ്ട് കലിയടങ്ങാതെ സുധി പറഞ്ഞു. സതീഷിന് ഒപ്പം സിന്ധുവിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ അവന്റെ ഉള്ളിൽ സിന്ധുവിനെ കൊ–ല്ലാൻ ഉള്ള ദേഷ്യം ആയിരുന്നു. പെരുവിരൽ മുതൽ തല വരെ അവളോടുള്ള ദേഷ്യം അരിച്ചുകയറി കൊണ്ടിരുന്നു.

“സുധി നീ അവിടെ ചെന്ന് അവിവേകം ഒന്നും കാണിക്കരുത്. സിന്ധു മനപ്പൂർവം ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് നിനക്കും എനിക്കും അറിയാം. കൈബലം കാണിക്കാൻ ആണെങ്കിൽ നിന്റെ ഒരു കൈക്ക് ഇല്ല അവൾ ഓർത്തോ…അവൾക്ക് എന്തോ അബദ്ധം പറ്റിയതാകും നീ ക്ഷമിക്ക്. “

അവന്റെ സ്വഭാവത്തെക്കുറിച്ച് നല്ല ധാരണ ഉള്ളതുകൊണ്ട് തന്നെ സതീഷ് മുൻകൂറായി പറഞ്ഞു എങ്കിലും സുധി മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചു ദൂരം നടന്നതും അവർ ഇരുവരും സ്ഥലത്തെത്തി. സിന്ധുവിനെ കണ്ടതും കലികൊണ്ട് അവന്റെ ശരീരമാകെ വിറച്ചു.

മ–ദ്യപിച്ച് സ്വബോധമില്ലാതെ റോഡിൽ കിടന്ന് എന്തൊക്കെയോ വിളിച്ചു കൂവുന്ന തന്റെ ഭാര്യയെ കണ്ടതും അവന്റെ കോപം ഇരട്ടിച്ചു. അവനെ കണ്ടതും ഏതോ പരിചിതനെ കണ്ടപോലെ അവൾ ഒന്ന് ചിരിച്ചു. ചുറ്റും കൂടിയവർ എന്തെല്ലാമോ അടക്കം പറഞ്ഞു ചിരിക്കുന്നുണ്ട്. എല്ലാവരുടെ മുൻപിലും താൻ ഇപ്പോൾ ഒരു പരിഹാസ കഥാപാത്രമായിരിക്കുന്നു.

അത്രയും ആയപ്പോൾ അവന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു. പിടിച്ചുനിർത്താൻ ശ്രമിച്ച സതീഷിനെ തട്ടിമാറ്റിക്കൊണ്ട് അവളുടെ മുഖം നോക്കി ഒരെണ്ണം അവൻ പൊട്ടിച്ചു. അടിയുടെ ആഘാതത്തിൽ ആ നിമിഷം തന്നെ അവൾ താഴെ വീണ് കഴിഞ്ഞിരുന്നു. കലിയിടങ്ങാതെ അവൻ വീണ്ടും അവളുടെ നേരെ പാഞ്ഞു എങ്കിലും സതീഷും നാട്ടുകാരും ചേർന്ന് അവനെ പിടിച്ചുമാറ്റി.

“സുധി നീ എന്താണ് കാണിക്കുന്നത്? ഞാൻ പറഞ്ഞതല്ലേ നിന്നോട് സിന്ധുവിനെ ഒന്നും ചെയ്യരുതെന്ന്. ഇനിയും അടിച്ചാൽ കൊ–ലപാതക കുറ്റത്തിന് ബാക്കികാലം ജയിലിൽ പോയി കിടക്കാം നിനക്ക്. ഇതിനാണോ നിന്നെ ഇങ്ങോട്ട് ഞാൻ കൊണ്ടുവന്നത്? ഇങ്ങനെ തല്ലി ചതക്കാൻ ആണെങ്കിൽ നിന്നെ ഇങ്ങോട്ട് കൊണ്ടുവരേണ്ട കാര്യം എനിക്കില്ലായിരുന്നല്ലോ..നീ ആദ്യം സിന്ധുവിനെ എങ്ങനെയെങ്കിലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോ..പിന്നീട് നമുക്ക് സാവധാനം കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കാം. “

സതീഷിന്റെ നിർബന്ധത്തിന് സുധിക്ക് വഴങ്ങുകയല്ലാതെ മറ്റു നിവർത്തി ഉണ്ടായിരുന്നില്ല. അപ്പോഴും നാട്ടുകാരുടെ മുന്നിൽ തന്നെ നാണം കെടുത്തിയ സിന്ധുവിനോടുള്ള കലി അവന്റെ ഉള്ളിൽ അടങ്ങാതെ നിന്നു. ഒട്ടും മനസലിവ് ഇല്ലാതെ അവളുടെ കൈപിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകാൻ ഒരുങ്ങിയ സുധിയെ വീണ്ടും സതീഷ് തടഞ്ഞു.

“നീയൊരു മനുഷ്യനാണോ സുധി? അവൾക്കാണോ നിനക്കാണോ ഇപ്പോൾ സ്വഭാവം നഷ്ടപ്പെട്ടത്? നീയൊരു കാര്യം മനസ്സിലാക്കണം സിന്ധു റോഡിൽ കിടക്കുന്ന ചാ-വാ-ലി-പ്പ-ട്ടി അല്ല ഇങ്ങനെ വലിച്ചിഴച്ചു കൊണ്ടുപോകാൻ. അവൾ ഒരു സ്ത്രീയാണ് അതിലുപരി നീ താലികെട്ടിയ പെണ്ണും. നിന്റെ പോലുള്ള ശാരീരിക ബലം ഒന്നും അവൾക്കില്ല അത് ആദ്യം മനസ്സിലാക്ക്.”

സുധിയെ തടഞ്ഞുകൊണ്ട് സിന്ധുവിനെ പൊക്കിയെടുക്കാൻ പറഞ്ഞതും സുധിയുടെ സഹായത്തിനായി അവളുടെ കാലിൽ പിടിച്ചതും സതീഷ് ആയിരുന്നു. അവളെയും താങ്ങി പിടിച്ച് വീട്ടിലേക്ക് എത്തുമ്പോൾ ആരെയും കാണാതെ മോൾ വാവിട്ടു കരയുന്നുണ്ടായിരുന്നു. അത് കണ്ടെന്നു കൂടി നടിക്കാൻ അപ്പോൾ സുധിയുടെ മനസ്സ് അനുവദിച്ചില്ല. അത് കണ്ടതും സിന്ധുവിനെ പായയിൽ കിടത്തി മോളെ മടിയിൽ ഇരുത്തി ആശ്വസിപ്പിച്ചതും സതീഷാണ്.

“സുധി നീ എങ്ങനെ വിഷമിച്ചാലോ…സിന്ധുവിന് ആദ്യം ബോധം വരട്ടെ എന്നിട്ട് നമുക്ക് എല്ലാം ചോദിച്ചു മനസ്സിലാക്കാം.” സുധിയുടെ ഇരിപ്പ് കണ്ടതും സതീഷ് സമാധാനിപ്പിച്ചു.

“ഇനിയെന്ത് ചോദിച്ചറിഞ്ഞിട്ടും എന്തിനാടാ നാട്ടുകാരുടെ മുന്നിൽ ഞാൻ നാണം കേട്ടില്ലേ..” അവന്റെ കലി അപ്പോഴും ശമിച്ചിട്ടുണ്ടായിരുന്നില്ല.

സിന്ധുവിനോടുള്ള വെറുപ്പ് അവന്റെ വിരൽത്തുമ്പിൽ പോലും ജ്വലിച്ചുകൊണ്ടിരുന്നു കുറച്ചുനേരം അവർക്കിടയിൽ മൗനം തളംകെട്ടി നിന്നു അതിനെ മറി കടന്ന് സംസാരിച്ചു തുടങ്ങിയത് സതീഷ് ആയിരുന്നു.

“സുധി നീ ഇന്നലെയും കുടിച്ചിട്ട് ആണല്ലേ വന്നത്?” ആ ചോദ്യം ആ സന്ദർഭത്തിൽ തീരെ പ്രതീക്ഷിക്കാത്തത് കൊണ്ടാകാം അവനൊന്ന് സതീഷിനെ നോക്കി.

“ആ കുറച്ചു കഴിച്ചിരുന്നു.”

“കുറച്ചേ കഴിച്ചുള്ളൂ എങ്കിൽ നടന്നതെല്ലാം നിനക്ക് നല്ലപോലെ ഓർമ്മ കാണുമല്ലോ. നീ ഇന്നലെ എപ്പോഴാ വീട്ടിലേക്ക് വന്നത്? “

ഇവനെന്താ പോലീസുകാരെ പോലെ ചോദ്യം ചെയ്യുന്നത് എന്ന് ആദ്യം തോന്നിയെങ്കിലും എപ്പോഴാ വന്നതെന്ന് അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു. ഇന്നലെ നല്ലപോലെ ഓവറായാണ് വന്നത് എന്നല്ലാതെ മറ്റൊന്നും തന്നെ ഓർമ്മയില്ല. കൂട്ടുകാരെല്ലാം നിർബന്ധിച്ചു കുടിപ്പിച്ചതാണ്. നടക്കാൻ വയ്യാതെ ആയപ്പോൾ അവർ തന്നെയാണ് പൊക്കിയെടുത്ത് കൊണ്ടുവന്നത്. ഇതെല്ലാം ഇവനോട് എങ്ങനെ പറയും?

“ഒരുപാട് ആലോചിച്ചു കഷ്ടപ്പെടേണ്ട സുധി..നിനക്ക് ഒന്നും ഓർമ്മ കാണില്ല കാരണം സ്വബോധത്തിന്റെ നേരിയ ഒരു കണിക പോലും നിന്നിൽ ഇന്നലെ അവശേഷിച്ചിരുന്നില്ല. നിന്നെ കാണാതെ പേടിച്ചുവിറച്ച് സിന്ധു എന്നെ വിളിക്കുമ്പോൾ സമയം എത്രയായി എന്ന് നിനക്കറിയാമോ പന്ത്രണ്ട് മണി. അന്നേരം തന്നെ ഞാൻ ഇങ്ങോട്ട് പുറപ്പെട്ടു. അപ്പോഴേക്കും നിന്റെ സുഹൃത്തുക്കൾ എല്ലാം ചേർന്ന് നിന്നെ ഇവിടെ കൊണ്ടാക്കി ഇരിപ്പുണ്ടായിരുന്നു. മ–ദ്യത്തിൽ ആറാടി അവർക്കും ബോധം ഉണ്ടായിരുന്നില്ല.”

അതുകേട്ടതും സുധി അവനെ ലജ്ജയോടെ നോക്കി.

“എടാ ഒരുപാട് സുഖവും സന്തോഷവും എല്ലാം വേണ്ടെന്ന് വെച്ച് നിനക്ക് വേണ്ടി മാത്രം ഇറങ്ങി വന്നവളാണ് സിന്ധു. ഇങ്ങനെ കുടിച്ചു കൂ–ത്താടി സ്വന്തം കാര്യം മാത്രം ചിന്തിച്ചു നടക്കുമ്പോൾ ഒരിക്കൽ എങ്കിലും നീ അവളുടെ മനസ്സ് മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ? സ്വന്തം വീട്ടുകാരോട് പോലും ഇതൊന്നു പറഞ്ഞു കരയാൻ കഴിയാതെ ആ പാവം എല്ലാം ഉള്ളിലൊതുക്കി എത്ര നീറുന്നുണ്ടെന്ന് നീ ചിന്തിച്ചിട്ടുണ്ടോ?”

“ഭഗവാനെ സാക്ഷി നിർത്തി നിനക്ക് അവളുടെ കൈപിടിച്ച് ഏൽപ്പിച്ചു തന്നത് ഞാനല്ലേ..ആസ്ഥാനം അന്നുമുതൽ അവളെനിക്ക് തന്നിട്ടുണ്ട്. അന്നുമുതൽ സ്വന്തം ഏട്ടൻ എന്ന പോലെയാണ് സിന്ധു എന്നെ കണ്ടിട്ടുള്ളത്. അവളുടെ ഏട്ടാ എന്നുള്ള വിളിയിൽ ഒരു അനുജത്തിയോടുള്ള വാത്സല്യം എപ്പോഴും എനിക്ക് തോന്നാറുണ്ട്. ഒരു അമ്മയുടെ വയറ്റിൽ പിറന്നില്ലെങ്കിലും അവൾ എനിക്ക് എന്റെ സ്വന്തം കൂടപ്പിറപ്പ് തന്നെയാണ്.”

“അതൊക്കെ എനിക്കും അറിയാവുന്നതല്ലേ..പക്ഷേ ഇങ്ങനെ മ-ദ്യ-പിച്ച് സ്വന്തം ഭാര്യ റോഡിൽ കിടന്ന് അഴിഞ്ഞാടുന്നത് ഏത് ഭർത്താവിനാണ് സഹിക്കാൻ കഴിയുക?” സുധി സ്വന്തം ഭാഗം ന്യായീകരിച്ചു.

“അത് ശരി…നീ എന്താ കരുതിവച്ചിരിക്കുന്നത് ആണുങ്ങൾക്ക് മാത്രമേ ഈ ആത്മാഭിമാനവും അന്തസ്സും നാണക്കേടും എല്ലാം ഉണ്ടാകും എന്നാണോ?” സുധി ഒന്നും മിണ്ടിയില്ല.

“ഇന്നൊരൊറ്റ ദിവസം മാത്രം സിന്ധുവിനെ ആ അവസ്ഥയിൽ കണ്ടപ്പോൾ നിനക്ക് മറ്റുള്ളവരുടെ മുന്നിൽ നാണം കെട്ടു എന്ന തോന്നൽ ഉണ്ടായില്ലേ? അപ്പോൾ കല്യാണം കഴിഞ്ഞ നാൾ മുതൽ മ–ദ്യപിച്ച് ലക്ക് കെട്ട് നടക്കുന്ന തന്റെ ഭർത്താവിനെ ഓർത്ത് അവൾ എത്ര വേദനിച്ചിട്ടുണ്ടാകും? മറ്റുള്ളവരുടെ മുന്നിൽ അവൾ എത്ര നാണം കെട്ടിട്ടുണ്ടാകും? എന്നിട്ടും അവൾ നിന്നെ ചീത്ത വിളിച്ചിട്ടുണ്ടോ ഇന്ന് നീ ചെയ്ത പോലെ തല്ലിയിട്ടുണ്ടോ? “

“ആണുങ്ങൾ ചെയ്യുന്ന പോലെയാണോടാ പെണ്ണുങ്ങൾ?”

“അതെന്താ ഭൂമിയിലേക്ക് പറഞ്ഞയക്കുമ്പോഴേ ആണുങ്ങൾക്ക് ദൈവം കൊമ്പ് നൽകിയിരുന്നോ ഇത്രമേൽ മേൽക്കോയ്മ കാണിക്കാൻ..തെറ്റ് ആര് ചെയ്താലും അത് തെറ്റ് തന്നെയാണ് ഈ സ്ത്രീകൾ എന്ന് പറയുന്നത് മനുഷ്യജന്മം തന്നെയാണ്. താലികെട്ടി കൊണ്ടുവരുന്ന പെണ്ണിന്റെ കണ്ണീരു വീഴ്ത്താതെ നോക്കാൻ കഴിവില്ലെങ്കിൽ പിന്നെ ആ പണിക്ക് നിൽക്കരുത് ആയിരുന്നു.”

“നീ നിന്റെ മോളുടെ മുഖത്തേക്ക് തന്നെ ഒന്ന് നോക്കിയേ, ഒരച്ഛനോട് ഉള്ള സ്നേഹമല്ല മറിച്ച് ഏതോ ഒരു അപരിചിതനെ കണ്ട ഭയമാണ് ആ കുഞ്ഞിന്റെ മുഖത്ത്.” അത് സത്യമാണെന്ന് സുധിക്കും മനസ്സിലായി

“ഞാൻ ഇന്നലെ ഇവിടെ കൃത്യസമയത്ത് എത്തിയില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്ന് നിനക്കറിയുമോ സുധി? സുന്ദരിയായ ഒരു പെണ്ണിനെ തനിച്ച് കിട്ടിയാൽ ഉള്ള ചില ത–ന്തയില്ലാത്തവൻ മാരുടെ മനോഭാവം നിനക്ക് ഞാൻ പറഞ്ഞു തരേണ്ടല്ലോ…സ്വബോധം നഷ്ടമായി നിൽക്കുന്ന നിന്റെ കൂട്ടുകാർ എന്ന് പറഞ്ഞ ആ ചെ–കുത്താൻമാർ കാ—മ–വെ-റിയോടെ നിന്റെ ഭാര്യയുടെ നേർക്കും ചെന്നു. സംരക്ഷിക്കേണ്ട ഭർത്താവ് ഒരുത്തൻ ബോധമില്ലാതെ അവർക്ക് മുന്നിൽ തന്നെ കിടക്കുമ്പോൾ പിന്നെ അവർ ആരെ ഭയക്കാൻ ആണ്. സിന്ധുവും മോളും കരയുന്നത് കേട്ടാണ് ഞാൻ ഓടിച്ചെന്നത് ആ സമയത്ത് ഞാൻ എത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ..”

സതീഷ് പറഞ്ഞുതീർത്തതും സുധി കണ്ണുകൾ രണ്ടും ഇറുക്കിയടച്ചു. ഒപ്പം അവരോടുള്ള പകയും മനസ്സിനെ അലട്ടി.

“ദൈവമേ എന്നെ വിശ്വസിച്ച് ഇറങ്ങി വന്നവൾ..അവളില്ലാത്ത ഒരു അവസ്ഥ തനിക്ക് ചിന്തിക്കാൻ പോലും ആകില്ല. “

“നിന്നെ വിഷമിപ്പിക്കാൻ അല്ല ഞാൻ ഇതെല്ലാം പറഞ്ഞത്. പക്ഷേ തണൽ ആകേണ്ട നീ തന്നെ ഇങ്ങനെ മ–ദ്യത്തിന് അടിമപ്പെട്ടതുകൊണ്ടല്ലേ നിന്റെ പെണ്ണിനെ തൊടാൻ മറ്റുള്ളവർ ധൈര്യപ്പെട്ടത്?”

അതെ തന്റെ മ–ദ്യപാനമാണ് എല്ലാത്തിനും കാരണമായത് അവനു കുറ്റബോധം തോന്നി

“പിന്നെ ഒരു കാര്യം കൂടി പറയാം അവൾ ഒരു തുള്ളി മ–ദ്യം പോലും കഴിച്ചിട്ടില്ല. നിന്നെ ഇതൊക്കെ ഒന്ന് മനസ്സിലാക്കി തരാൻ ഞാൻ പറഞ്ഞിട്ടാണ് അവൾ ഇത് ചെയ്തത്. പക്ഷേ കാര്യം അറിയാതെ നീ ആ പാവത്തിനെ അടിച്ചു.”

അതുകൂടി കേട്ടതും കുറ്റബോധം കൊണ്ട് അവന്റെ മനസ്സ് നീറി ഒന്ന് കരയാൻ പോലും കഴിയാതെ അവൻ വേഗം സിന്ധുവിന്റെ അടുത്തേക്ക് ചെന്നു. തന്റെ വിരൽപാടുകൾ കവിളിൽ വ്യക്തമായി പതിഞ്ഞുകിടക്കുന്നു ഇടവേള ഇല്ലാതെ കണ്ണുനീർ ഒഴുകിക്കൊണ്ടിരിക്കുന്നു.

അത്ര സമയം അടക്കി വച്ച കണ്ണുനീർ അന്നേരം അവന്റെ കണ്ണുകളിൽ നിന്ന് അടർന്നുവീണു. അവളെ കോരിയെടുത്ത് അവൻ തന്റെ മാറോട് ചേർത്തു.

“എന്നോട് പൊറുക്ക് സിന്ധു…ഇനി ഞാൻ നിന്നെ കരയിക്കില്ല. നീ ഇല്ലാത്ത ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പോലും ആകില്ല. മ–ദ്യത്തേക്കാൾ എനിക്ക് ല-ഹ-രി എന്റെ കുടുംബം തന്നെയാണ്.”

അതും പറഞ്ഞ് അവൻ കരയുമ്പോൾ അവളും നിയന്ത്രണം വിട്ടു കരഞ്ഞു പോയി. അത് നോക്കി നിന്ന സതീഷിന്റെയും കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞു

~അംബിക ശിവശങ്കരൻ