കടലെത്തും വരെ ~ ഭാഗം 14, എഴുത്ത് : അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഇനി അടുത്ത കരയിലേക്ക് …അവിടെ കൂടി കഴിഞ്ഞ ഇവന് റസ്റ്റ് ആണ്…..ഒഴിച്ച് കൂടാനാവാത്ത ചിലയിടങ്ങളിൽ മാത്രമേ ഇവനെ വിടുവുള്ളു. ഇവൻ കുഞ്ഞല്ലേ ?”

ജയരാമൻ അവന്റെ  തുമ്പിക്കയ്യിൽ തലോടി

“പോട്ടെ “നന്ദൻ കൈ വീശി .അവൻ നടന്നു പോകുമ്പോൾ പിന്നിൽ കാളിദാസന്റെ ചിഹ്നം വിളി കേൾക്കാമായിരുന്നു

ചില ബന്ധങ്ങൾ അങ്ങനെയാണ്

ഒറ്റ കാഴ്ചയിൽ, ഒറ്റ നോട്ടത്തിൽ പ്രിയമുള്ളതാകുന്നുണ്ട് അത്.

അത്രമേൽ ഹൃദയത്തിലേക്ക് കയവരുന്നുണ്ട്

അത് മനുഷ്യൻ മനുഷ്യനെ മാത്രം സ്നേഹിക്കുന്ന അവസ്ഥയിൽ മാത്രമല്ല. മൃഗങ്ങൾ പക്ഷികൾ ..അങ്ങനെയങ്ങനെ .സ്നേഹത്തിനങ്ങനെ ഒരു കുഴപ്പമുണ്ടല്ലോ ..ആരെയെന്നില്ല,ഇന്നതിനെയെന്നില്ല,ഏതവസ്ഥയെന്നില്ല തിരമാല അടിക്കും പോലെ അടിച്ചു കയറുകയാണ് ഹൃദയത്തിലേക്ക് …പിന്നെ അവരിറങ്ങി പോകുമ്പോൾ  നൊമ്പരവും ചില ശേഷിപ്പുകളും ബാക്കിയാവുന്നു

വേർപാടുകളെന്നും ശേഷിപ്പുകളാണ്. ചില ഓർമകളുടെ പൊട്ടിയ കുപ്പിവളത്തുണ്ടുകൾ..അവനു തിരിഞ്ഞു നോക്കാൻ തോന്നിയില്ല. കണ്ടാൽ ഒരിക്കൽ കൂടി താൻ അവന്റെ അടുത്തെക്ക് ഓടി ചെന്നേക്കുമോ എന്നൊരു പേടി തോന്നിയവന്..

ജയരാമൻ കാളിദാസനെ ഒന്ന് തലോടി

“വിഷമമയോടാ ?” അവൻദൂരേക്ക് നോക്കി തുമ്പിക്കൈ നീട്ടി എന്തോ ശബ്ദം ഉണ്ടാക്കി

“ഒറ്റ ദിവസം കണ്ട ആ മനുഷ്യനെ ഇവൻ ഇത്രയും ഇഷ്ടപ്പെടണം എങ്കിൽ ഇവൻ എത്ര പാവമാണെന്നു നിങ്ങൾക്ക് മനസിലായില്ലേ? “തനി പാപ്പാന്മാരുട കൊണം എന്നോട്  കാണിക്കല്ലേ എന്നെ അറിയാമല്ലോ ,കയ്യും കാലും തല്ലിയൊടിക്കും ഞാൻ ..കേട്ടോടാ “

അതൊരു അലർച്ചയായിരുന്നു

ജയറാമിന്റെ ആ മുഖം അവരധികം കണ്ടിട്ടില്ലാത്ത കൊണ്ട് തന്നെ അവർ ഭയന്ന് പോയി

“നിങ്ങൾ പുതിയതായി കൊണ്ടാ എന്നെ ശരിക്കും അറിയാത്തത് .ബാക്കി ഉളളവരോട് ചോദിച്ചു  മനസിലേക്ക് കേട്ടോ “

അവർ മിണ്ടാതെ മുഖം താഴ്ത്തി നിന്നു.

ഗോവിന്ദിന്റെ അന്നത്തെ ക്ലാസുകൾ കഴിഞ്ഞു .അയാൾ സ്റ്റാഫ് റൂമിൽ ഒരു പുസ്തകം വായിച്ചിരുന്നു .അയാൾക്ക് ഏറ്റവും ഇഷ്ടം ആ കോളേജിൽ ചിലവിടുന്ന സമയമാണ് .പതിനെട്ടു വയസ്സിൽ പഠിക്കാനായി വന്നു .സന്തോഷങ്ങളും സങ്കടങ്ങളും നിരാശയും വിരഹവും പ്രണയവും വേദനയും എല്ലാം സമ്മാനിച്ചത് ഈ സ്ഥലമാണ് .ജീവിതത്തിൽ തോറ്റു പോയി എന്ന് ഉറപ്പിച്ചിടത്തു നിന്നെല്ലാം ഉയർത്തിക്കൊണ്ടു വന്നതും ഇവിടെ നിന്ന് കിട്ടിയ സൗഹൃദങ്ങളാണ് .അവരായിരുന്നു എന്നും ഒപ്പമുണ്ടായിരുന്നതും .അത് ഒരു ധൈര്യമാണ് ഇന്നും എന്നും .തളർച്ചയിൽ ഉപേക്ഷിച്ചു പോകാത്തവർ ,വീണു പോകുമ്പോൾ ഒരു കൈ താങ്ങുന്നവർ ,നിനക്ക് ഞാൻ ഇല്ലേടാ എന്ന് പറയാതെ പറയുന്നവർ .ഒരു പക്ഷെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യവും അതായിരിക്കും .കൂടെ പഠിച്ച ആനന്ദ് മുതൽ വഴിയേലിവിടെയോ അവസാനിക്കേണ്ടിയിരുന്ന തന്നെ ജീവിതതിലേക്ക് കൊണ്ട് വന്ന നന്ദൻ വരെ തന്റെ ആത്മാവിന്റെ ഭാഗമാണ് .

“നന്ദൻ പോയില്ലേ?”

ആഗ ടീച്ചർ

“ഇല്ല  ഒരു മണിക്കൂർ കഴിഞ്ഞാൽ ക്ലാസുകൾ അവസാനിക്കുമല്ലോ? അപ്പൊ പോകാം “

“ഈ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ ഇപ്പൊ വീട്ടിൽ എത്തിയേനെ “

അവൻ ചിരിച്ചു

“നമ്മുടെ ഒഫീഷ്യൽ ടൈം വൈകുന്നേരം നാല് വരെ അല്ലെ ?”

“അതെനിക്കിട്ടു ഒന്ന് വെച്ചതാണല്ലോ “

ആഗ ചിരിച്ചു

ആഗ പുതുതായി ജോയിൻ ചെയ്ത ടീച്ചർ ആണ്.ഈ വർഷം ആണ് അവർ ആ കോളേജിൽ വന്നത് .

ചെന്നൈയിൽ പഠിച്ചു അവിടെ തന്നെ വളർന്നതാണ് ആഗ അച്ഛനും അമ്മയും ഡോക്ടർമാർ. ആഗ മുത്തശ്ശിക്കൊപ്പം കേരളത്തിൽ.

ഒത്തിരി ഇഷ്ടം തോന്നി വന്നതാണെങ്കിലും ഇപ്പൊ ആഗയ്‌ക്ക് കേരളം  ഇഷ്ടമല്ല

അവൾ അത് പലപ്പോഴും ഗോവിന്ദിനോട് പറയാറുണ്ട്

“എനിക്കിവിടുത്തെ മനുഷ്യരെ ഇഷ്ടമല്ല ഗോവിന്ദ് .അവർക്ക് സാധാരണ മനുഷ്യന്റെ സ്വഭാവമല്ല .വേദനകളെ പരിഹസിക്കുകയും കൂടുതൽ മുറിവുകൾ ഏൽപ്പിക്കുകയും മഹാന്മാരെയും ജ്ഞാനികളെയും ബഹുമാനിക്കാത്തവരുമാണ് ഇവിടെയുളളവർ. പൊട്ടക്കുളത്തിലെ തവളകളെ പോലെ തങ്ങൾ ആണ് ലോകത്തിലേറ്റവും ബുദ്ധിയുള്ള ജനത എന്ന് അവർ വിശ്വസിക്കുന്നു .അവർ ചെയ്യുന്നതെല്ലാം ആനമണ്ടത്തരങ്ങൾ ആണെന്ന് അവർക്ക് പോലും അറിവില്ലാതായിരിക്കുന്നു ,എനിക്ക് ചിലപ്പോൾ വിഷമം തോന്നാറുണ്ട് ഗോവിന്ദ്. എന്ത് കൊണ്ടാണ് ഇവിടെത്തെ റിസോഴ്സസ് ഇവിടെയുള്ളവർ അറിയാതെ പോകുന്നത് ?ചെന്നൈയിൽ ഞങ്ങളുടെ ഫ്ലാറ്റിൽ വെള്ളം വരിക വെളുപ്പിന് മൂന്നു മണിക്കാണ് .ഉണർന്നു അത് പാത്രങ്ങളിൽ പിടിച്ചു വെയ്ക്കുകയാണ് ചെയ്യുക .ചില പകലുകളിൽ വെള്ളമേ കാണില്ല. രാത്രി ആകുമ്പോൾ നൂല് പോലെ വരും .ഉണർന്നിരുന്നു അതൊക്കെ ശേഖരിച്ചു വെയ്ക്കും . ഇവിടെ എല്ലാമുണ്ട്.ശുദ്ധജലം ,കാറ്റ് ,സസ്യങ്ങൾ ,മലകൾ , പുഴകൾ , നല്ല കാലാവസ്ഥ .സത്യതിൽ ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെയാണ് .വെറുതെയല്ല ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത് ,പക്ഷെ ഇപ്പൊ അത് ഒരു കൂട്ടം ചെകുത്താന്മാരുടെ നാടായി കഴിഞ്ഞു.ഒരു ചാൻസ് കിട്ടിയാൽ ഞാൻ ഇവിടെ നിന്ന് പോകും “

ഗോവിന്ദ് ചിരിക്കുകേയുള്ളു ,

ഞങ്ങൾക്ക് ഇവിടെ നിന്ന് ഒരിക്കലും പോകാനാവില്ല ആഗ അവൻ പറയും

“എല്ലാവരുടെയും മനസ്സല്ല കേട്ടോ. ഞങ്ങൾ കുറച്ചു മലയാളികൾക്ക് എത്ര നല്ല സാഹചര്യമുണ്ടെന്നു പറഞ്ഞാലും സാമ്പത്തിക വർധനവ് കിട്ടുമെന്ന് പറഞ്ഞാലും ഇവിടെ വിട്ടു ഒരിക്കലും മറ്റൊരിടത്തേക്ക് പോകാനാവില്ല . ഇവിടെ ഒരു പാട് പ്രശനങ്ങൾ ഉണ്ടാകും.രാഷ്ട്രീയം ,മതം , പൊട്ടിപൊളിഞ്ഞ റോഡുകൾ, ദിവസവും കേൾക്കുന്ന പീഡനപരമ്പരകൾ .അഴിമതികൾ ഒക്കെ ഉണ്ട് .പക്ഷെ കുറച്ചു പേർക്കെങ്കിലും കേരളമൊരു വികാരമാണ് .മണ്ടത്തരമായിരിക്കാം.നല്ല അവസരങ്ങൾ കിട്ടിയാലും ഇവിടെ തന്നെ തങ്ങുന്നത്.പക്ഷെ ചില ഇഷ്ടങ്ങളങ്ങനെയാണ് പ്രത്യേകിച്ച് സന്തോഷം ഒന്നും തരണമെന്നില്ല. ചിലപ്പോൾ സങ്കടങ്ങൾ ആവും തരിക. എന്നാലും നമ്മൾ ആ ഇഷ്ടങ്ങളെ ഉപേക്ഷിക്കില്ല ,കാരണം ആ ഇഷ്ടങ്ങളിൽ ജീവിക്കുന്നതാണ് നമുക്കിഷ്ടം “

ആഗ ചിരിക്കും

“യു ആർ  ഗ്രേറ്റ് ..റിയലി ഗ്രേറ്റ് “

അതവൾ വെറുതെ പറയുന്നതല്ലന്നും ഉള്ളിൽ തട്ടി പറയുന്നതാണെന്നും ഗോവിന്ദിന് അറിയാം ആഗ എന്ത് പറഞ്ഞാലും ഹൃദയതിൽ നിന്നാണ് പറയുക .ഒരിക്കലും വെറുതെ ഉള്ള സുഖിപ്പിക്കലുകൾ ഒന്നും അവളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല

അത് കൊണ്ടാണ് ഒരുദിവസം

“ഐ ലവ് യു ഗോവിന്ദ് “എന്ന് കേട്ടപ്പോൾകണ്ണ്  നിറഞ്ഞു പോയത്

“അതൊന്നും വേണ്ട ആഗ എന്ന് പറഞ്ഞപ്പോൾ ആഗ ചിരിച്ചു

“എനിക്ക് വേണം ഗോവിന്ദ് ..കാരണം ഗോവിന്ദ് എന്റെ ഫസ്റ്റ് ലവ് ആണ് “

അപ്പൊ അറിയാതെ താനും ചിരിച്ചു പോയി

“ചെന്നൈയിൽ ബോയ്ഫ്രണ്ടിസ്‌നെയൊന്നും കിട്ടീട്ടില്ലേ സുന്ദരിക്കുട്ടിക്ക് “എന്ന് കളിയാക്കി

“ഫ്രണ്ട് ഇസ്‌തം ..പക്ഷെ കാതൽ ഇല്ല .ലവ് അതില്ല .എന്റെ അമ്മ റൊമ്പ സ്ട്രിക്ട് അപ്പടി ഏതാവത് നിനച്ചാൽ പോതും.കടവുൾ താൻ കാപ്പാത്തുവാര് പിന്നെ ..”

അവളുടെ തമിഴു കേൾക്കാൻ നല്ല രസമാണ് . മലയാളം പറയുമ്പോൾ വലിയ ഗൗരവക്കാരിയെപ്പോലെയും തമിഴ പറയുമ്പോൾ നിഷ്കളങ്കതയുടെ ആൾരൂപമായും മാറും ആഗ.

“ഗോവിന്ദ് “

ആഗ അവന്റെ മുന്നിൽ വന്നിരുന്നു.

“ഉം “

“മതി പുസ്തകവും വായിച്ചിരുന്നത് ..നമുക്ക് ക്യാന്റീനിൽ പോകാം നല്ല ചൂട് പഴംപൊരി കിട്ടും “

“വേണോ ?”അവൻ മടിയോടെ ചോദിച്ചു

“പിന്നെ വേണം ..പ്ളീസ് പ്ളീസ് “

“ചെല്ലെന്റെ ഗോവിന്ദ് സാറെ ..ആ ടീച്ചർ എത്ര നേരമായി വിളിക്കുന്നു .”

പ്രൊഫസർ ഡാനി കളിയാക്കി കൊണ്ട് അങ്ങോട്ടേക്ക് വന്നു

ഗോവിന്ദിന്റെ മുഖത്തു ഒരു ചുവപ്പ് വന്നു ..ആഗ കൂസലില്ലാതെ അതെ ഇരുപ്പ് തന്നെ

“എന്നെ വല്ലോമായിരുന്നെങ്കിൽ എപ്പോഴേ പോയേനെ “അയാൾ ചിരിയോടെ കൂട്ടിച്ചേർത്തു

“അതല്ലേ സാറിനെ വിളിക്കാത്തെ?” അവൾ തിരിച്ചടിച്ചു

“വാ ഗോവിന്ദ് “

ഗോവിന്ദ് എഴുനേറ്റ് മൊബൈൽ എടുത്തു പോക്കറ്റിലിട്ട് അവൾക്കൊപ്പം നടന്നു

“ഡാനിയേൽ സാറിന് കുറച്ചു കുശുമ്പ് ഇല്ലാതില്ല ” അവൾ ചിരിച്ചു

“നിനക്ക് കുറച്ചു കൂടി കണ്ട്രോൾ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു “അവർ തനിച്ചായപ്പോൾ ഇടനാഴിയിൽ ആരുമില്ലന്നുറപ്പായപ്പോൾ ഗോവിന്ദ് പറഞ്ഞു

“അയ്യടാ എനിക്കില്ല …”അവൾ ചുറ്റും നോക്കിയിട്ട് അവന്റെ മുഖത്തേക്ക് മുഖംഅടുപ്പിച്ചു  ഒരു ഉമ്മ

ഗോവിന്ദ് ഞെട്ടലോടെ ചുറ്റും നോക്കി

“ഈശ്വര ഈ പെണ്ണ്…പതിനാറു വർഷമായി ഞാൻ ഈ കോളേജിൽ എന്റെ അറിവിൽ ടീച്ചർമാർ ആരും ഈ പണി കാണിച്ചിട്ടില്ല കേട്ടോ ..ദൈവമേ ആരെങ്കിലും ഒക്കെ കണ്ടോ എന്തോ? “

“എന്നെ ഇഷ്ടമാണെന്നു പറ അല്ലെങ്കിൽ ഞാൻ ഇനിയും ഉമ്മ വെയ്ക്കും “

“നീ എന്നെ അങ്ങ് കൊല്ല്”അവൻ ചിരിച്ചു

“കൊല്ലും കല്യാണം കഴിയട്ടെ ..സ്നേഹിച്ചു സ്നേഹിച്ചു കൊല്ലും ഞാൻ “

“പിന്നെ കല്യാണം .നിന്റെ വീട്ടിൽ ഒന്ന് പറഞ്ഞു നോക്ക് അപ്പൊ അറിയാം കോളിളക്കം .ഒരു കാലില്ലാത്തവൻ ,അത്രക്കൊന്നും സാമ്പത്തികമില്ലാത്തവൻ ..ഒന്ന് വെറുതെ ഇരിക്ക് എന്റെ കൊച്ചെ .കോമഡി പറഞ്ഞു ചിരിപ്പിക്കാതെ. കല്യാണം പോലും “

“നമ്മുടെ കല്യാണം നടക്കും .ഈ പറഞ്ഞതൊക്കെ കുറവുകളല്ല ഗോവിന്ദ് കൂടുതലാ .ഒരു കാലില്ലാതെയും ജീവിതത്തിൽ വിജയിക്കുന്നവർ എത്ര പേരുണ്ടാവും?പിന്നെ വയസ്സ്. എനിക്കോ പക്വത ഇല്ല അത് കുറച്ചു കൂടുതൽ ഉള്ള ഒരാൾ മതിയെനിക്ക് ..ഗോവിന്ദ് എപ്പോ ഓക്കേ പറയുന്നോ അപ്പൊ കല്യാണം..”

{തുടരും }