കടലെത്തും വരെ ~ ഭാഗം 22, എഴുത്ത് : അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“പിന്നെ ..ഇത് നന്നായിട്ടുണ്ടോ ?”.ഗോവിന്ദ് ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒന്നെടുത്തു കാട്ടി.

ഒരു കരിമണിമാല

“ആഹാ കൊള്ളാലോ ..അമ്മയ്ക്കാ?”

“അല്ല നിനക്ക് “

അവൾട്ട് കണ്ണ് മിഴിഞ്ഞു പോയി

“എനിക്കോ?”തെല്ലുച്ചത്തിൽ  അവൾ ചോദിച്ചു

“അയ്യോ പതുക്കെ …”അവൻ കൈ കൊണ്ട് പതിയെ എന്ന് ആംഗ്യം കാണിച്ചു

ലൈബ്രറിയിൽ കുട്ടികൾ കുറവായിരുന്നു ഒന്നോ രണ്ടോ പേര് അവർ ഇതൊന്നും ശ്രദ്ധിക്കുന്നു കൂടിയുണ്ടായിരുന്നില്ല മൊബൈലിൽ നോക്കി ചെവിയിൽ ഹെഡ്‍ഫോണും വെച്ച് ഇരിക്കുന്നവർ ഇനി ഭൂകമ്പം ഉണ്ടായാൽ അറിയുമോ ?

“ശരിക്കും എനിക്കാണോ “

“അല്ല എന്റെ കാമുകിക്ക്. “അവനു ദേഷ്യം വന്നു

“അത് ഞാനല്ലേ ?” അവൾ ഒരു ചിരി ചിരിച്ചു

“ആണോ ?”

“ആ “‘ഉറപ്പാണല്ലോ “

“പിന്നല്ലാതെ “

“അപ്പൊ നിനക്ക് തന്നെ. ഹാപ്പി ബർത്ഡേ..” അവൾ നിറപുഞ്ചിരിയോടെ തലയാട്ടി

“മറന്നില്ല അല്ലെ? പക്ഷെ ഇത് ഇങ്ങനെ ആണോ തരിക? നമ്മൾ ഒറ്റയ്ക്ക് അങ്ങനെ നല്ല റൊമാന്റിക് മൂഡിലിരിക്കുമ്പോൾ കഴുത്തിലിട്ട് തരണ്ടേ?”

“എനിക്കിപ്പോഴും നല്ല മൂഡാ ” അവൻ കണ്ണ് ചിമ്മി പറഞ്ഞു. പിന്നെ ചുറ്റും നോക്കി അവളെ ചേർത്ത് പിടിച്ചു ആ മാല കഴുത്തിലിട്ട് ഒരു ഉമ്മ കൊടുത്തു

“ഐ ലവ് യു ആഗ “അവൻ ദീപ്തമായി പറഞ്ഞു

ഒറ്റ നിമിഷം കൊണ്ട് അവൾ പൂത്തുലഞ്ഞു പോയി. ചുവന്ന മുഖവുമായി അവളവനെ ഉറ്റു നോക്കി

“ഈ മാല കുറച്ചു പഴയതാ. എന്റെ അച്ഛൻ എന്റെ അമ്മയ്ക്ക് കല്യാണത്തിന് ഇട്ട് കൊടുത്തതാ. അപ്പൊ ഇപ്പൊ നി എന്റെ ആരാ എന്ന് പറഞ്ഞെ ?”

“എനിക്ക് വയ്യ ..”അവൾ നാണത്തോടെ മെല്ലെ പറഞ്ഞു

“കേട്ടില്ല “അവൻ മുഖം താഴ്ത്തി ചെവി വട്ടം പിടിച്ചു

“വെറുതെ ഇരിക്ക് ഗോവിന്ദ് ..”

“ശേ പറ പെണ്ണെ ..”

“ഞാൻ ഗോവിന്ദിന്റെ പെണ്ണല്ലേ?”

“യെസ് എന്റെ പെണ്ണ്… എന്റെ മാത്രം.. അപ്പൊ വൈകുന്നേരം കാണാം ” അവൻ യാത്ര പറഞ്ഞു പോയി

ഗോവിന്ദ് അവളോടിത് വരെ ഇത് പോലെയൊന്നും പെരുമാറിയിട്ടുണ്ടായിരുന്നില്ല . സ്നേഹിക്കുന്നുവെന്ന് പറഞ്ഞിട്ട് കൂടിയില്ല .ചിലപ്പോഴൊക്കെ ആത്മാഭിമാനം വിട്ട് അവൾ പിന്നാലെ നടന്നിട്ടുണ്ട് .തുടക്കത്തിലൊക്കെ .അന്നൊക്കെ പഴയ പ്രണയത്തെ കുറിച്ച്,അവളുടെ ചതിയെക്കുറിച്ച് ..അപകടത്തിൽ കാല് നഷ്ടപ്പെട്ടതിനെ കുറിച്ച് ഒക്കെ പറഞ്ഞു അവൻ ഒഴിഞ്ഞു മാറി പോകും.

ഗോവിന്ദിനെ എന്ത് കൊണ്ടാണ് സ്നേഹിച്ചതെന്നവൾക്കിന്നും അറിയുമായിരുന്നില്ല . ആദ്യകാഴ്ചയിൽ ..ഒറ്റ നോട്ടത്തിൽ അയാൾക്ക് അധീനയായി പോയിരുന്നു അവൾ

അവളാദ്യം കാണുമ്പോൾ ഗോവിന്ദ് ഒരു സ്റ്റേജിൽ നിന്ന്  പാടുകയായിരുന്നു

അന്ന് അധ്യാപക ദിനമായിരുന്നു.

കോളേജിൽ എല്ലാ വർഷവും ആ ദിവസം കുട്ടികൾ അധ്യാപകരാവും അധ്യാപകർ കുട്ടികളും. അന്ന് കുട്ടികൾ പറയുന്നതെന്തും അനുസരിച്ചു കൊള്ളണം ..അതാണ് നിയമം

ഗോവിന്ദ് പഠിച്ച കോളേജ് ആണത്. അഞ്ചു വർഷങ്ങൾ ആർട്സ് ക്ലബ് സെക്രട്ടറിയായി ഗോവിന്ദ് വിലസിയ കോളേജ് .ഗോവിന്ദ് നന്നായി പാടും..പ്രസംഗിക്കും അഭിനയിക്കും ..ഡാൻസ് ചെയ്യും ..വരയ്ക്കും. ശരിക്കും ഒരു ബഹുമുഖപ്രതിഭ .പിന്നീട് അറിഞ്ഞതാണ്

ആദ്യം കണ്ടത് ആ മുഖമാണ് ..ആദ്യം കേട്ട പാട്ടും ഓർമയുണ്ട്

“പാതിരാ മഴ ഏതോ.. ” വിഷാദം നിറഞ്ഞ മുഖവും ശബ്ദവും.

ഒരു കടലൊളിപ്പിച്ച കണ്ണുകൾ ചുണ്ടുകൾ മൈക്കൊ ടടുപ്പിച്ചു സദസ്സിനെ നോക്കി കണ്ണുകൾ കൊണ്ട് ചിരിച്ച്

ഗോവിന്ദ് സാർ ..എന്ന ആർപ്പ് വിളി കേൾക്കാം

ആരോ പറഞ്ഞു അത് ഗോവിന്ദാണ് .ഇലെക്ട്രോണിക്സ് ഡിപ്പാർട്മെന്റ്. അധ്യാപകനാണെന്നു തോന്നില്ല ..കോളേജിൽ പഠിക്കുന്ന ഒരു പയ്യൻ

ഉള്ളിൽ വെള്ള ടി ഷർട്ടും അലസമായി പുറമേയ്ക്ക് ഇട്ടിരിക്കുന്ന  നീല ചെക്ക് കോട്ടൺ ഷർട്ടും ജീൻസും ..ചെമ്പൻ മുടിയിഴകൾ നെറ്റിയിലേക്ക് ചിതറി വീണു കിടപ്പുണ്ട് .. ആ ഒറ്റക്കാഴ്ചയിൽ ഒരു മായയിലകപ്പെട്ട പോലെ താൻ നിന്ന് പോയി

കാണും തോറും ഇഷ്ടം കൂടി വന്നു.ഒരു ദിവസം ചെന്ന് പരിചയപ്പെട്ടു.

“എന്റെ പേര്  ആഗ. കമ്പ്യൂട്ടർ ടീച്ചർ ആണ്. പുതിയതാണ് “

ഹാലോ എന്നോ മറ്റോ പറഞ്ഞുവെന്നു തോന്നുന്നു

കോളേജ് മുഴുവൻ ഗോവിന്ദ് സാറിന്റെ ആരാധകരാണ് .പെൺകുട്ടികൽ  മാത്രമല്ല അധ്യാപകരിലുമുണ്ട് .. ആരാധകർ

ഒരു ദിവസം മീന ടീച്ചർ ആണ് പറഞ്ഞത്

“ഗോവിന്ദിന് ഒരു അപകടത്തിൽ കാൽ നഷ്ടപ്പെട്ടതാണ് ..എന്നൊക്കെ

ഒരു ഞെട്ടലായിരുന്നു അത് ..പക്ഷെ പിന്മാറാനായുള്ള കാരണമായില്ല അത്

“ഗോവിന്ദ് എനിക്ക് ഇയാളെ വലിയ ഇഷ്ടമാണ് “ഒരിക്കൽ കുറച്ചു അടുപ്പം വന്നുവെന്നു തോന്നിയപ്പോൾ പറഞ്ഞു

“എനിക്കില്ലല്ലോ ആഗ “പെട്ടെന്ന് റിപ്ലൈ കിട്ടി.

പിന്നെ സംസാരിച്ചിട്ടുമില്ല. താൻ എത്ര ശ്രമിച്ചിട്ടും സംസാരിച്ചില്ല. ഒഴിവാക്കി. കടുത്ത അവഗണനയായിരുന്നു അത്.

തന്നെ വല്ലതെ വേദനിപ്പിച്ചു അത്. ഒരു പാട് പിന്നാലെ നടന്നു.

കാണുമ്പോൾ തന്നെ മുഖം തിരിച്ചു നടന്നു പോകും ഗോവിന്ദ്.

ജീവിതത്തിൽ ആദ്യമായി താൻ ഒരാളെ സ്നേഹിക്കുകയായിരുന്നു .പഠിക്കുന്ന കാലത്തൊന്നും തനിക്ക് ഒരു പ്രണയമുണ്ടായിരുന്നില്ല അത് കൊണ്ട് തന്നെ അതിന്റെ വേദനകളൊന്നും അറിഞ്ഞിട്ടേയില്ല .

പ്രണയം ഭ്രാന്ത് പോലെ കീഴടക്കുന്ന ഒന്നാണെന്ന് അന്നാണ് ആദ്യമായി അറിഞ്ഞത്. ഉറക്കമില്ല. ഭക്ഷണം വേണ്ട. ഒന്നിനോടും താല്പര്യമില്ല.

സങ്കടം വന്നുമുട്ടും വെറുതെയിരിക്കുമ്പോഴൊക്കെ. കരഞ്ഞു പോകും ഓർക്കുമ്പോ തന്നെ.

ഒരിക്കൽ താൻ ഗോവിന്ദിനോട് പറഞ്ഞു.

“ഗോവിന്ദ്  ചിലപ്പോ തന്നെ ഓർത്ത് ഓർത്ത് ഞാൻ മരിച്ചു പോയേക്കാം .അന്നെങ്കിലും  സ്നേഹമായിട്ട് എന്നെ ഒന്ന് ഓർക്കണേ “

അന്ന് ഗോവിന്ദ് ഒരു നോട്ടം നോക്കി. ഒരു അടി അടിക്കും പോലെ ആയിരുന്നു അത്.

പിന്നീട് ഒരു ദിവസം ഇതേ പോലെ ലൈബ്രറിയിയുടെ മുകളിലെ നിലയിൽ വെച്ചേ കണ്ടു ഇറങ്ങി പോകുന്ന ഗോവിന്ദിനെ ..ഓടി ചെന്നതാണ്.കാലിടറി മുകൾ നിലയിലെ പടിക്കെട്ടിൽ നിന്ന് താഴേക്ക് ..

ഹോപ്‌സിറ്റലിൽ ഗോവിന്ദ് വന്നില്ല

പക്ഷെ വീട്ടിൽ വന്നു ഒരു ഉച്ചക്ക്…കുറച്ചു നേരം മൗനമായിരുന്നു “എന്നെ വിളിച്ചിരുന്നെങ്കിൽ ഞാൻ അവിടെ നിന്നേനെ ..നീ എന്തിനാ ശ്രദ്ധിക്കാതെ ഓടി അപകടം വരുത്തി വെച്ചത്?”

കരഞ്ഞു പോയി താൻ

“എനിക്കറിയില്ല ഗോവിന്ദ് ..എനിക്കിപ്പോ ഈ പ്രണയത്തിൽ നിന്ന് രക്ഷപ്പെട്ടു പോകണമെന്നുണ്ട്. ചിലപ്പോൾ തോന്നും മരിച്ചു പോയ മതിയാരുന്നു.ഒന്നും ഓർക്കണ്ടായിരുന്നു എന്നൊക്കെ ..അതും പറ്റുന്നില്ല ..ഞാൻ ഒന്ന് തീരുമാനിച്ചു.ഇനി ഗോവിന്ദിനെ ഞാൻ പിന്നാലെ നടന്നു ശല്യം ചെയ്യില്ല ..ഞാൻ കോളേജിൽ നിന്ന് റിസൈൻ ചെയ്യാൻ പോവാ ..”

ശരിക്കും അന്നത് തീരുമാനിച്ചിരുന്നു.

കാണുമ്പോളാണ് സങ്കടങ്ങൾ കൂടുക. കാണുമ്പോഴാണ് മറക്കാൻ ശ്രമിക്കുന്നതൊക്കെ അതിശക്തമായി ഹൃദയത്തിലേക്ക് വരിക.

ഗോവിന്ദ് തന്റെ കണ്ണുകളിലേക്ക് നോക്കി

“ഇയാൾ ഓക്കേ ആവട്ടെ ..എന്നിട്ട് തീരുമാനിക്ക് ..”

താൻ വീണ്ടും കോളേജിൽ പോയി തുടങ്ങി ..റിസൈൻ ചെയ്തു പോകാൻ കഴിഞ്ഞില്ല. ഗോവിന്ദിനെ കാണാതെയിരിക്കാൻ  കഴിയുമായിരുന്നില്ല .പക്ഷെ പഴയ പോലെ ഓടി ഓടി ചെല്ലില്ല .തന്നിലേക്ക് തന്നെ ഒതുങ്ങി കൂടി

ആ ദിവസം ഇന്നും ഓർമയുണ്ട്.

ഗോവിന്ദ് തന്നോട് പുറത്തു പോകാൻ വരുന്നോ എന്ന് ചോദിച്ച ദിവസം. അന്നാണ് എല്ലാം പറഞ്ഞത്. എന്ത് കൊണ്ട് ഗോവിന്ദ് ഇങ്ങനെ എന്നതിന്റെ ഉത്തരമായിരുന്നു അത്. അപ്പൊ താൻ കൂടുതൽ സ്നേഹിച്ചു തുടങ്ങി.

ശ്വാസം മുട്ടിക്കുന്ന പോലെ.

ഗോവിന്ദിന് ചിലപ്പോ അസഹ്യത ഉണ്ടാകും പക്ഷെ പ്രകടിപ്പിക്കാറില്ല.ആ കണ്ണിൽ അറിയാം

എന്നാലും ഒരിക്കലും ഐ ലവ് യു ആഗ എന്ന് പറഞ്ഞിട്ടില്ല. ഇന്നാണ് അത് ആദ്യം പറഞ്ഞത്.

ഇന്നലെയാണ് ആദ്യമായി  ചുംബിച്ചത്. ഉടലിൽ ചേർത്ത് പിടിച്ചു സ്നേഹിച്ചത്. അവന്റെ ചൂടും ഗന്ധവും ഇന്നും വിട്ടു പോയിട്ടില്ല. അവൾക്ക് നാണം വന്നു

എന്ത് കൊണ്ടാവും ഇന്നീ മാല അണിയിച്ചത്?

അച്ഛനുമമ്മയും തുടക്കത്തിൽ കടുത്ത എതിർപ്പ് കാണിച്ചുവെങ്കിലും ഇപ്പൊ അയഞ്ഞിട്ടുണ്ട് .

താൻ ഗോവിന്ദിന്റെ പെണ്ണാണെന്ന് എത്ര അവകാശത്തോടെയാണ് ഗോവിന്ദ് ചോദിച്ചു കേട്ടത്

ആദ്യം കണ്ട ഗോവിന്ദേയല്ല ഇപ്പൊ.

സോഫ്റ്റ് അല്ല ഗോവിന്ദ് ..അതാദ്യം മുതൽ അറിയാം. പരുക്കനാണ്. സ്‌നേഹം പ്രകടിപ്പിക്കാത്തവനാണ്. പക്ഷെ ഇന്നലെ വെണ്ണ പോലെ അലിഞ്ഞവനാണ്.

അതാണോ യഥാർത്ഥ ഗോവിന്ദ് ?

അറിയില്ല

ഒന്നറിയാം..ഗോവിന്ദ് തന്നെ സ്നേഹിക്കുന്നു.തന്നെ മാത്രം സ്നേഹിക്കുന്നു. ജീവനെ പോലെ ..

അത് മതി. അത് മാത്രം മതി..

തുടരും