പെണ്ണിന്റെ സ്നേഹം നമുക്ക് പിടിച്ചു വാങ്ങാൻ പറ്റില്ലെടാ, അവരത് അറിഞ്ഞു തരണം, അതിനാടാ ഭംഗി കൂടുതൽ….

നീ മറയുവോളം….

എഴുത്ത്: ഭാവനാ ബാബു (ചെമ്പകം)

======================

“എടാ സണ്ണിയെ, ദാണ്ടേ പോണ അവളോടുള്ള കൊതി എനിക്കൊരോ ദിവസം കഴിയുന്തോറും കൂടിക്കൂടി വരികയാണല്ലോ…. ശരിക്കും ഭ്രാന്ത് പിടിപ്പിക്കൊന്നൊരിഷ്ടം തന്നെ……”

ചന്തക്ക് പോയി മടങ്ങി വരുന്ന സുകന്യയെ നോക്കിയാണ് പ്രകാശത് പറഞ്ഞത്…..

“അണ്ണന് ചേച്ചിയോട് ശരിക്കുമുള്ള ഇഷ്ടമാണോ, അതോ ഒരൊറ്റ രാത്രിക്ക് വേണ്ടിയുള്ള പൂ തിയാണോ.”?

സണ്ണി അത് ചോദിച്ചതും, പ്രകാശ് മുഷ്ടി ചുരുട്ടി അവന്റെ മുഖത്തിന്‌ നേരെ വീശിയതും ഒരുമിച്ചായിരുന്നു.

“എടാ, ചെ-റ്റേ ഒരൊറ്റ വീക്ക് വച്ചു തന്നാലുണ്ടല്ലോ. ഇത്രേം നാൾ എന്റെ പിന്നാലെ നിഴലു പോലെ നടന്നിട്ടും നിനക്കെന്റെ മനസ്സ് വായിക്കാൻ പറ്റിയില്ലേടാ. സുകന്യയെ അന്തസ്സായി കെട്ടി കൂടെപ്പൊറുപ്പിക്കാനാടാ ഞാനീ പെടാപ്പാടൊക്കെ പെടുന്നത് “

“അണ്ണന് അവരോട് ഇത്രേം ഇഷ്ടമാണെങ്കിൽ, നേരിട്ട് പോയി അങ്ങ് പറയരുതോ, അല്ലെങ്കിൽ അവരുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കണം. ഈയൊരു ചെറിയ കാര്യത്തിനാണോ ഇത്രേം നാൾ അവരുടെ പിന്നാലെ നടന്ന് ചെരിപ്പ് തേ ച്ചത് “?

നിസ്സാരമട്ടിലുള്ള സണ്ണിയുടെ സംസാരം കേട്ട് പ്രകാശ് സുകന്യയെ കുറിച്ചുള്ള ചിന്തകളിലായി.

മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഒരാക്സിഡന്റിൽ സുകന്യയുടെ ഭർത്താവ് മരിക്കുന്നത്..ഒന്നര മാസം മാത്രമെ ആ ദാമ്പത്യത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളു. അന്ന് തൊട്ട് അവൾ ജീവിക്കാനായി മറ്റാരെയും ആശ്രയിച്ചിരുന്നില്ല. കുറച്ചകലെയുള്ള ഷീറ്റ് മേഞ്ഞ ചെറിയ വീട്ടിലാണ് അവളും അച്ഛനും താസിച്ചുപോരുന്നത്. അമ്മ ചെറുപ്പത്തിലേ മരിച്ചു. ആരെയും കൂസാത്ത അവളുടെ സ്വഭാവമാണ് തന്നെ അവളിലേക്ക് അടുപ്പിച്ചത്.ചിലപ്പോഴൊക്കെ അവൾക്ക് താൻ ജീവനോളം സ്നേഹിച്ച ആശയുടെ ഛായയാണോ എന്ന് പോലും തോന്നിയിട്ടുണ്ട്. സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ നാട്ടുകാരിൽ നിന്നും, വീട്ടുകാരിൽ നിന്നും താൻ എന്തൊക്കെ പഴി കേട്ടു. ഒടുവിൽ വിവാഹ ത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഒരു പനി വന്ന് അവൾ തന്നെയും ഒറ്റക്കാക്കി പോയി.

ആശയെ പൂർണ്ണമായി മറക്കാൻ ഇപ്പോഴും തനിക്ക് കഴിഞ്ഞിട്ടില്ല…. പക്ഷെ ഈ ഒറ്റപ്പെടലിന്റെ വേദന താങ്ങാവുന്നതിലും അപ്പുറമാണ്. അപ്പോഴാണ് എപ്പോഴോ തോന്നിയൊരിഷ്ടമായി സുകന്യ അറിയാതെ തന്റെ മനസ്സിൽ കേറിക്കൂടിയത് “

എന്താ അണ്ണാ ആലോചിച്ചു കൂട്ടുന്നത്?.സണ്ണിയുടെ ചോദ്യം എന്നെ ഓർമ്മകളിൽ നിന്നുമുണർത്തി….

“ചേച്ചിയെ അണ്ണന് അത്രക്കും ഇഷ്ടമാണെങ്കിൽ ഒരു കിളിക്കുഞ്ഞിനെ പോലെ പൊക്കിയെടുത്ത് താലി കെട്ടി കൂടെ പൊറുപ്പിച്ചൂടെ “

വീണ്ടും സണ്ണിയുടെ വിടുവായത്തരം പ്രകാശിനെ ചൊടിപ്പിച്ചു….

“എടാ ഒരു പെണ്ണിന്റെ മനസ്സിനെ പറ്റി നിനക്കെന്ത് തേങ്ങ അറിയാം “?

പ്രകാശിന്റെ ചോദ്യം കേട്ടതും സണ്ണി മിണ്ടാട്ടം മുട്ടിയവനെപ്പോലെ നിന്നു.

“പെണ്ണിന്റെ സ്നേഹം നമുക്ക് പിടിച്ചു വാങ്ങാൻ പറ്റില്ലെടാ…. അവരത് അറിഞ്ഞു തരണം…. അതിനാടാ ഭംഗി കൂടുതൽ “

പ്രകാശിന്റെ ഉപദേശം സണ്ണിക്ക് തീരെ പിടിച്ചില്ല.

“അണ്ണനിങ്ങനെ ചേച്ചി പോകുന്നിടത്തും, ഇരിക്കുന്നിടത്തും ഒലിപ്പിച്ചു നടന്നോ…. അവരെ വേറെ അമ്പിള്ളേര് കൊത്തും…..”

പറഞ്ഞു മുഴുമിപ്പിക്കും മുന്നേ എടാ എന്നാക്രോശിച്ചു കൊണ്ട് പ്രകാശ് സണ്ണിയുടെ ഷർട്ടിന്റെ കുത്തിനു പിടിച്ചു…..”കൊ-ല്ലും ഞാനവനെ “

നാക്കും കടിച്ചു പിടിച്ചു, കണ്ണും തുറിച്ചുള്ള പ്രകാശിന്റെ മുഖം കണ്ടതും സണ്ണിയുടെ മുഖം ചോ–ര വാർന്നത് പോലെയായി.

“അണ്ണാ, വിടണ്ണാ, എനിക്ക് ശ്വാസം മുട്ടുന്നു” സണ്ണിയുടെ ദയനീയ സ്വരം കേട്ടതും പ്രകാശി ന്റെ പിടി അയഞ്ഞു.

“ആരെയാണ് അണ്ണൻ കൊ* ല്ലുമെന്ന് പറഞ്ഞത്. പാവം പിടിച്ച എന്നെയോ”? കഴുത്ത് തിരിച്ചും, നിവർത്തിയും നേരെയാക്കുന്നതിനിടയിൽ സണ്ണി ചോദിച്ചു.

“പോടാ കിഴങ്ങാ നിന്നെ കൊന്നിട്ട് എനിക്കെന്ത് കിട്ടാൻ..”?.. അവളെ കെട്ടാൻ വരുന്നവനെ തട്ടുന്ന കാര്യാ പറഞ്ഞെ “.

സുകന്യയോടുള്ള പ്രകാശിന്റെ സ്നേഹം ശെരിക്കും അസ്ഥിക്ക് പിടിച്ചെന്ന് സണ്ണിക്ക് മനസ്സിലായി. അല്ലെങ്കിലും അണ്ണൻ സ്നേഹിച്ചാൽ അങ്ങനെയാണെന്ന് അവനു നല്ല ബോധ്യമുണ്ട്.

“ചേച്ചിയെ കെട്ടാൻ വേറെ എന്ത് വഴിയുണ്ട് അണ്ണാ “?

ആകാംഷയോടെ സണ്ണി ചോദിച്ചതും, പ്രകാശ് ആലോചനയിലായി.

“അന്തസ്സായി അവളുടെ തന്തയുടെ മുന്നിൽ പോയി പെണ്ണ് ചോദിക്കാമെന്ന് വച്ചാ കെ ളവനു പണ്ടേ എന്നെ കണ്ണിൽ പിടിക്കില്ല . അല്ലേലും എനിക്കിപ്പോ നാട്ടിൽ നല്ല പേരാണല്ലോ “

നിരാശയോടെയുള്ള പ്രകാശിന്റെ വാക്കുകൾകേട്ട് ശെരിയെന്ന മട്ടിൽ സണ്ണിയും തലയാട്ടി.

“കു-ടിയൻ, ചീട്ട് കളിക്കാരൻ, ഗു-ണ്ട ” നാട്ടുകാർ തനിക്ക് ചാർത്തിയ വിളിപ്പേരുകൾ ഓരോന്നോരോന്നായി പ്രകാശ് അക്കമിട്ട് നിരത്തി നിർത്തിയതും,,

” പെണ്ണ് പി-ടിയനെന്ന പേര് അണ്ണൻ മറന്നാ”? പ്രകാശിനെ ഓർമ്മിപ്പിച്ചിക്കൊണ്ട് കൊണ്ട് സണ്ണി ചോദിച്ചു.

“നീയെന്റെന്ന് വാങ്ങിച്ചു കൂട്ടും സണ്ണി” പല്ലിറു മ്മി കൊണ്ട് പ്രകാശ് പറഞ്ഞു.

“കു-ടിയും, ചീട്ട് കളിയുമൊക്കെ സുകന്യക്ക് വേണ്ടി ഞാനെന്നോ നിർത്തിയതാണ് . പെണ്ണ് പി-ടിയനെന്ന പേര് കമലേച്ചിയെ ബൈക്കിന്റെ പിറകിലിരുത്തി ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോ വീണു കിട്ടിയതാണ്…. അല്ലെങ്കി നീ തന്നെ പറയ്…. ക്രിസ്തുമസിന്റെ തലേന്ന് സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോ വഴി വക്കിൽ ചോ-രയും ഒലിപ്പിച്ച് കിടക്കുന്ന കമലച്ചിയെ അവിടെ ഉപേക്ഷിച്ചു പോരാൻ എനിക്ക് തോന്നിയില്ല. എന്റെ അമ്മേടെ പ്രായമുണ്ട് അവർക്ക്…..പ്രാരാബദ്ധം കൊണ്ട് ഒരിക്കൽ അവർ നാട്ടുകാരുടെ മുന്നിൽ കതക് മലർക്കെ തുറന്നു വച്ചിട്ടുണ്ടാകും.ആ അവസ്ഥയിൽ എനിക്കപ്പോൾ അതൊന്നും ഓർക്കാൻ തോന്നിയില്ല. എണീറ്റ് നിൽക്കാൻ കുഴപ്പം ഇല്ലാത്തത് കൊണ്ട് ഞാനവരെ ബൈക്കിന്റെ പിന്നിലിരുത്തി ഹോസ്പിറ്റലിൽ കൊണ്ട് പോയി…. അതോടെ നാട്ടുകാരുടെ മുന്നിൽ ഞാനൊരു പെ-ഴച്ചവനായി.”

പ്രകാശിന്റെ നിസ്സഹായാവസ്ഥയിൽ സണ്ണിയ്ക്കും അയാളോട് സഹതാപം തോന്നി.

“ഇനി നമ്മളെന്ത് ചെയ്യും അണ്ണാ “? സണ്ണി ആകാംഷയോടെ ചോദിച്ചു.

“കാത്തിരിക്കാം…. എന്തേലും ഒരു വഴി കിട്ടാതിരിക്കില്ല “

സ്വയം സമാധാനിക്കാണെന്നോണം പ്രകാശ് പറഞ്ഞു…..

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ, സുകന്യ ചന്തയിൽ വരുന്ന എല്ലാവർക്കും എന്തോ നോട്ടീസ് വിതരണം ചെയ്യുകയായിരുന്നു.

സണ്ണിക്കൊപ്പം പോകുകയായിരുന്ന പ്രകാശിനും അവളൊരു നോട്ടീസ് നൽകി.

അവനാ നോട്ടീസ് വായിച്ചു….. “വീട്ടിലെ സ്വാദ്. നാടൻ ഊണ് “

“ഞാനും, അച്ഛനും ഒരുമിച്ച് തുടങ്ങുന്ന ചെറിയൊരു സംരംഭമാണ്…. ആദ്യം അൻപത് ഭക്ഷണ പൊതികൾ നൽകാനാണ് ഉദ്ദേശിക്കുന്നത്…. ഓർഡർ കിട്ടിയാൽ അതിനനുസരിച്ചു ഉണ്ടാക്കും….”

സുകന്യ പറയുന്നത് കേട്ട് പ്രകാശ് മറുത്തൊ രക്ഷരം ഉരിയാടാതെ ഒക്കെ കേട്ട് നിന്നു.

“എന്തെങ്കിലും ഓർഡർ ഉണ്ടെങ്കിൽ പറയണേ ” സുകന്യ അവനോട് അപേക്ഷ സ്വരത്തിൽ പറഞ്ഞു…..

പ്രകാശ് വെറുതെയൊന്ന് ചിരിച്ചു തലയാട്ടി സണ്ണിയെയും കൂട്ടി അപ്പോൾ തന്നെ സ്ഥലം വിട്ടു.

“ചേച്ചിടെടുത്ത് ഇടിച്ചു കേറി പരിചയപ്പെടാൻ പറ്റിയ ചാൻസായിരുന്നു…. അണ്ണൻ ഒക്കെ നശിപ്പിച്ച് “

സണ്ണി പറയുന്നതൊന്നും കേൾക്കാതെ പ്രകാശ് അപ്പോഴും ആ നോട്ടീസ് വായിച്ചു മറ്റേ തോ സ്വപ്ന ലോകത്തിൽ അകപ്പെട്ടത് പോലെയായിരുന്നു.

ഈ അണ്ണന്റെ കിളി പോയോ ” പ്രകാശിന്റെ ഊറിയൂറിയുള്ള ചിരിയും, ചുണ്ടനക്കവും കണ്ട് സണ്ണി ആത്മഗതമെന്നോണം ചോദിച്ചു.

“എടാ, എനിക്ക് അവളുടെ മുഖത്തു നോക്കാൻ തന്നെ പേടിയാ…. ആ കണ്ണിലേക്ക് ഉറ്റു നോക്കുമ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടും, തൊണ്ട വരളും….എന്നാലും അവളിന്ന് എന്നോട് സംസാരിച്ചു അല്ലേടാ ” സണ്ണിയുടെ കൈകൾ നെഞ്ചോട് ചേർത്താണ് പ്രകാശത് പറഞ്ഞത്.

സുകന്യയുടെ ചോറു പൊതികൾ വളരെ വേഗത്തിൽ വിറ്റഴിഞ്ഞു കൊണ്ടിരുന്നു….പ്രകാശ് ചില ഓർഡറുകളൊക്കെ രഹസ്യമായി കൊടുത്തുകൊണ്ട് സുകന്യയെ സഹായിക്കാൻ തുടങ്ങി …..

ഊണിന്റെ ഓർഡറുകൾ കൂടുതൽ കിട്ടാൻ തുടങ്ങിയതും ചന്തയുടെ അടുത്തുള്ള ചെറിയൊരു ഒറ്റമുറിക്കട വാടകയ്ക്കെടുത്ത് ബിസിനസ് അങ്ങോട്ടേക്ക് മാറ്റി. പക്ഷെ അപ്പോഴാണ് മറ്റൊരു പ്രശ്നം ഉടലെടുത്തത്.

സുകന്യയുടെ ഷോപ്പിന്റെ നാലഞ്ച് ഷോപ്പുകൾ കഴിഞ്ഞിട്ടായിരുന്നു അവറാച്ഛൻ മുതലാളിയുടെ ഹോട്ടൽ…. രുചിയും വിലക്കുറവും ഉള്ളത് കൊണ്ട് അവിടുത്തെ പതിവുകാരെല്ലാം സുകന്യയുടെ ചോറു പൊതികൾ വാങ്ങാൻ തുടങ്ങി….ഇത് അവറാച്ഛൻ മുതലാളിയെ ചൊടിപ്പിച്ചു… അയാൾ സുകന്യയുടെ കടയിലെത്തി വൈകാതെ തന്നെ അവളുടെ കട പൂട്ടിക്കുമെന്ന് ഭീഷണി മുഴക്കി.

സുകന്യയുടെ ജീവിതത്തിലെ പുതിയ പ്രതിസന്ധികളെല്ലാം പ്രകാശൻ അറിയുന്നുണ്ടായിരുന്നു. അവറാച്ഛൻ മുതലാളി അവന്റെ കണ്ണുകളിലെ നോട്ടപ്പുള്ളിയായി.

സുകന്യയുടെ കച്ചവടം നാൾക്ക് നാൾ പുരോഗമിച്ചു കൊണ്ടിരുന്നു. പെട്ടെന്നാണാ വാർത്ത കാട്ടു തീ പോലെ പടർന്നത്…. സുകന്യയുടെ ചോറു പൊതികൾ കഴിച്ച് നാലഞ്ചു പേർ ഫുഡ്‌ പോയിസണായി ഹോസ്പിറ്റലിൽ അഡ്മിറ്റായി.അവർ കൊടുത്ത കംപ്ലയിന്റ് കാരണം , ഉച്ചയോടെ പോലീസ് വന്ന് സുകന്യയെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

സുകന്യയുടെ അറസ്റ്റ്‌ അറിഞ്ഞതും പ്രകാശ് ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയിലായി.

“അണ്ണാ, ചേച്ചിയെ ആരെങ്കിലും കുടുക്കിയതാണോ “

സണ്ണിയുടെ ചോദ്യം കേട്ടതും, പ്രകാശിന്റെ മനസ്സിൽ അവറാച്ഛന്റെ രൂപം തെളിഞ്ഞു. ഒറ്റക്കുതിപ്പിന് ഹോട്ടലിലെത്തി അവറാച്ഛന്റെ കരണത്ത് തന്നെ ഒന്ന് പൊട്ടിച്ചു…. ഓർക്കാപ്പുറത്തു കിട്ടിയ അടിയിൽ അവറാ ച്ഛൻ മുതലാളി വേച്ചു കൊണ്ട് പിന്നോക്കം മറിഞ്ഞു.

“കടേൽ കേറി വന്ന് പോ-ക്രിത്തരം കാണിക്കുന്നോടാ ചെ-റ്റേ “? ക്ഷുഭിതനായി കൊണ്ട് അവറാച്ഛൻ മുതലാളി പ്രകാശിനോട് ചോദിച്ചു…..”

“താനല്ലെടോ ചെ-റ്റത്തരം കാണിച്ചത് ഒരു പാവം പെണ്ണിനെ കള്ളക്കേസിൽ കുടുക്കിയിട്ട് ഒന്നും അറിയാത്തവനെ പോലെ ഇരിക്കാനും വേണൊരു ചങ്കൂറ്റം.”

പ്രകാശൻ ഭ്രാന്ത് പിടിച്ചത് പോലെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് വീണ്ടും അയാളെ അടിക്കാൻ കൈയോങ്ങിയതും കടയിലുള്ളവർ അവനെ ബലം പ്രയോഗിച്ചു തള്ളി മാറ്റി ഹോട്ടലിന്റെ പുറത്തേക്കെത്തിച്ചു. അപ്പോഴും പ്രകാശൻ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

പെട്ടെന്നാണവൻ പോലീസ് സ്റ്റേഷനിലിരിക്കുന്ന സുകന്യയെക്കുറിച്ചോർത്തത്. തൊട്ടടുത്ത നിമിഷം ബൈക്കിൽ അയാൾ അവിടെയെത്തി. പോലീസ് സ്റ്റേഷന്റെ പുറത്തെ കസേരയിൽ ഹൃദയം നുറുങ്ങി ഇരിക്കുന്ന സുകന്യയുടെ അച്ഛനെ കണ്ടതും പ്രകാശന്റെ മനസ്സൊന്നു വിങ്ങി. മടിച്ചു മടിച്ചു അയാളുടെ അടുത്തേക്ക് പോയി സമാധാനിപ്പിക്കുവാൻ ആ തോളിൽ കൈ വച്ചതും, പ്രകാശനെയും ചേർത്തു പിടിച്ചുകൊണ്ട് അയാൾ ഒറ്റ കരച്ചിലായിരുന്നു. അതൊരു വല്ലാത്ത അനുഭവമായി പ്രകാശിന് തോന്നി.തന്റെ മകളെ രക്ഷിക്കുവാനുള്ള അപേക്ഷയായിരുന്നു ആ സങ്കടം മുഴുവൻ.

സുകന്യയുടെ അച്ഛനെ സണ്ണിയെ ഏൽപ്പിച്ചു താൻ എസ്. ഐ യെ കാണുവാനായി സ്റ്റേഷന്റെ ഉള്ളിലേക്ക് പോയി. അവിടെ ഹാളിന്റെ മൂലക്ക് ഒരു ബെഞ്ചിൽ ഒറ്റക്ക് ഇരിക്കുന്ന സുകന്യയെ കണ്ടതും അയാളുടെ മനസ്സൊന്നു പതറി. എന്താണ് അവളുടെ ഉള്ളിലെന്ന് വായിച്ചെടുക്കാൻ കഴിയാത്തൊരു മുഖഭാവം. ഒന്നും മിണ്ടാതെ ഞാൻ മുന്നോട്ട് നടന്നു. ഭയന്നത് പോലെ ഒന്നും സംഭവിച്ചില്ല. ആ കുട്ടികൾ ഭക്ഷണം വാങ്ങിയത് സുകന്യയുടെ കടയിൽ നിന്നല്ലായിരുന്നു. ബോധം വന്നപ്പോൾ അവർ പോലീസിനോട് എല്ലാ സത്യങ്ങളും പറഞ്ഞു. അതോടെ സുകന്യ കുറ്റവിമുക്തയായി.അവറാച്ഛൻ മുതലാളിയായിരുന്നു അവരുടെ കുത്തിത്തിരിപ്പിന്റെ പിന്നിലെന്നറിഞ്ഞപ്പോൾ അയാളെ ത-ല്ലിയതിൽ ഇടക്കെപ്പോഴോ തോന്നിയ കുറ്റബോധവും പ്രകാശിൽ നിന്നും മാഞ്ഞു പോയി. വൈകുന്നേരം നാലര ആയതോടെ പോലീസ്, സുകന്യയോട് വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു. അതറിഞ്ഞതും പ്രകാശ് അവരെ ഒരു ആട്ടോയിൽ കേറ്റി വീട്ടിലേക്ക് പറഞ്ഞു വിട്ടു.

ഒന്ന് രണ്ട് ദിവസം സുകന്യ കട തുറക്കാത്തത് കൊണ്ട് പ്രകാശ് വല്ലാത്തൊരു ആശയക്കുഴപ്പത്തിലായിരുന്നു. ഇത്രയും മനസ്സുറപ്പില്ലാത്ത പെണ്ണിനെയൊണോ താൻ പ്രണയിച്ചത് എന്ന് പോലും അയാൾക്ക് തോന്നി. സണ്ണിയെ വിട്ട് അന്വേഷിച്ചപ്പോളാണ് അവളുടെ അച്ഛന് സുഖമില്ലാതെയായത റിഞ്ഞത്. അവിടെ ചെല്ലണമെന്നും, അയാളെ ആശ്വസിപ്പിക്കണമെന്നും തോന്നിയെങ്കിലും, സ്റ്റേഷനിലെ പോലെയുള്ള പെരുമാറ്റം ആകില്ലെന്ന് ഭയന്നു അയാളത് വേണ്ടെന്ന് വച്ചു.

ഒരാഴ്ച കഴിഞ്ഞ് കട തുറന്നിരിക്കുന്നത് കണ്ടു പ്രകാശിന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. അതിനു മുന്നിലൂടെ ബൈക്കിൽ ഒന്ന് രണ്ടു റൗണ്ട് അടിച്ചിട്ടും സുകന്യയെ മാത്രം കണ്ടില്ല. തന്റെ പെണ്ണിനെ കാണാത്തതിൽ അയാൾക്ക് വല്ലാത്തൊരു നിരാശ തോന്നി.ഒടുവിൽ മനസ്സില്ലാ മനസ്സോടെ ചന്തയിലേക്ക് പോയതും എതിരെ വരുന്ന സുകന്യയെ കണ്ട് അയാളുടെ മനസ്സ് സന്തോഷം കൊണ്ട് തുടി കൊട്ടി. പിങ്ക് കളറിലുള്ള ഒരു സാരിയാണ് സുകന്യ ഉടുത്തിരുന്നത്. എന്തൊരു ചന്തമാണ് പെണ്ണിന് എന്നോർത്ത് കൊണ്ട് അവൻ യാത്ര തുടർന്നതും പെട്ടെന്നാണ് അവൾ കൈ കാണിച്ചു വണ്ടി നിർത്താൻ ആവശ്യപ്പെട്ടത്. വല്ലാത്തൊരു പരിഭ്രമത്തോടെ പ്രകാശ് ബൈക്ക് അവൾക്കരികിലായി നിർത്തി.

“എന്താ സുകന്യേ…. എന്താണ് കാര്യം?”ചെറിയൊരു പതർച്ചയോടെ അയാൾ ചോദിച്ചു.

“ഞാൻ ഇയാളോട് ഒരു നന്ദി പറയാൻ വേണ്ടി കാത്തു നിന്നതാ. അന്ന് സ്റ്റേഷനിൽ എനിക്ക് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടില്ലേ, പിന്നെ വിഷമിച്ചിരുന്ന അച്ഛനെയും സമാധാനിപ്പിച്ചു. ജീവിതത്തിലാദ്യമായി ഞാൻ ഒറ്റപ്പെട്ടു എന്ന് തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത്.”

ചിലമ്പിച്ചു തുടങ്ങിയ അവളുടെ വാക്കുകൾക്ക് എന്ത് മറുപടി പറയണം എന്നറിയാതെ പ്രകാശ് ചിരിച്ചു കൊണ്ട് അവളെയും നോക്കി നിന്നു.

“സണ്ണി എന്നോട് എല്ലാം പറഞ്ഞു. നിങ്ങളാണ് ഹോസ്പിറ്റലിൽ പോയി അവരെ കണ്ട് സംസാരിച്ചതും, ഞാൻ നിരപരാധി ആണെന്നറിഞ്ഞപ്പോൾ അവരെ നിർബന്ധിച്ചു സ്റ്റേഷനിലേക്ക് അയച്ചതും അങ്ങനെ എല്ലാം. എനിക്ക് വേണ്ടി കുറെ കഷ്ടപ്പെട്ടു അല്ലെ. ആരും അല്ലാത്ത ഞങ്ങൾക്ക് വേണ്ടി. എന്തിനാ ഇങ്ങനെയൊക്കെ “?

അവളുടെ ആ ചോദ്യം കേട്ടതും പ്രകാശിന്റെ നെഞ്ചോന്നു പൊള്ളി.

“നീ എന്റെ എല്ലാം ആണ് പെണ്ണെ” ഒരു നോട്ടം കൊണ്ട് തന്നെ കൊരുത്തെടുത്ത അവളോട് അങ്ങനെയുറക്കെ വിളിച്ചു പറയണമെന്ന് തോന്നിയെങ്കിലും അവളുടെ പ്രതികരണം ഭയന്നു പ്രകാശ് മൗനം പാലിച്ചു.

“സുകന്യ എന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. സുകന്യക്ക് പകരം മറ്റാരെങ്കിലുമാണേലും ഞാനിതൊക്കെ തന്നെ ചെയ്തേനെ. അതിന് ഇങ്ങനെ നന്ദിയൊന്നും പറയേണ്ട ആവശ്യമില്ല “. അപ്പോൾ നാവിൽ തോന്നിയൊരു കള്ളം താനടിച്ചു വിട്ടു.

“ആളുടെ സഹായത്തിന്റെ കഥ ഞാൻ മുന്നേ കേട്ടിട്ടുണ്ട് “.ഊറി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു. അവളത് എന്തോ അർഥം വച്ചു പറഞ്ഞതാണെന്ന് തോന്നിയെങ്കിലും താനത് കാര്യമായി ഗൗനിച്ചില്ല. അത് കൊണ്ടതിന് മറുപടി പറയാനും പോയില്ല.

“സണ്ണി പിന്നെ വേറെ ഒരു കാര്യം കൂടി പറഞ്ഞു. എന്നെയും തന്നെയും പറ്റി “. സുകന്യയുടെ മുഖം ഒരൽപ്പം ഗൗരവത്തിലായി.

“അവനെന്തു പറഞ്ഞെന്നാ”?. ഉള്ളിലെ പരിഭ്രമം അടക്കി വച്ചുകൊണ്ട് പ്രകാശ് ചോദിച്ചു.

“തനിക്ക് കുറച്ചു നാളായി എന്നോട് മുടിഞ്ഞ പ്രേമം ആണെന്നും, എന്നോട് തുറന്നു പറയാൻ പേടിയാണെന്നുമൊക്കെ സണ്ണി പറഞ്ഞല്ലോ. എന്താ ശരിയാണോ “?

അത് കേട്ടതും തനിക്കവനെ കൊ-ല്ലാനുള്ള ദേഷ്യം വന്നു. ചെ-റ്റ വെറുതെയല്ല, അവനിപ്പോ ഓരോന്ന് പറഞ്ഞ് തന്റെയൊപ്പം വരാതെ ഒഴിഞ്ഞു മാറുന്നതെന്ന് പ്രകാശനോർത്തു.

“എന്താ ഇയാൾ സ്വപ്നം കാണുകയാണോ. ഞാൻ ചോദിച്ചതിനെ പറ്റി ഒന്നും പറയാനില്ലേ. ഇനി അവൻ പറഞ്ഞത് നുണയാണോ “?

സംശയത്തോടെയായിരുന്നു അവളുടെ വാക്കുകൾ.

“അല്ല സുകന്യേ. അവൻ പറഞ്ഞതൊക്കെ സത്യമാണ്. എനിക്ക് തന്നോട് വല്ലത്തൊരിഷ്ടമാണ്. കുറെ നാളായി പുറത്തു പറയാൻ കഴിയാതെ മനസ്സിൽ പേറി നടക്കുന്നൊരിഷ്ടം “.

ആർദ്രമായ തന്റെ വാക്കുകൾ അവളുടെ ഉള്ളം പൊള്ളിച്ചത് പോലെ തോന്നി.

“ജീവിതത്തിൽ സ്നേഹിച്ചു കൊതി തീരാത്ത രണ്ടു പേരെ നഷ്ടപ്പെട്ടവരാണ് നമ്മളിരുവരും. ഇയാൾക്ക് ആശയെ, എനിക്കെന്റെ ഹരിയേട്ടനെ. അദ്ദേഹത്തിന് പകരമായി മറ്റൊരാൾ എന്റെ സ്വപ്നത്തിൽ കൂടിയില്ല. പക്ഷെ അച്ഛന്റെ സങ്കടവും, വാശിയും ഞാൻ കണ്ടില്ലെന്ന് നടിക്കുന്നതും തെറ്റാണല്ലോ. അന്ന് സ്റ്റേഷനിൽ ഇരുന്നപ്പോൾ ആരെങ്കിലും ഒന്നാശ്വസിപ്പിക്കുവാൻ ഉണ്ടായെങ്കിൽ എന്ന് ഞാനോർത്തു . സണ്ണി പറഞ്ഞതൊക്കെ കേട്ടപ്പോൾ ഇയാളോടെനിക്ക് വല്ലാത്തൊരു ബഹുമാനവും, സ്നേഹവുമൊക്കെ തോന്നി “

ആശ്ചര്യം നിറഞ്ഞൊരു വീർപ്പു മുട്ടലോടെ പ്രകാശൻ അവൾ പറഞ്ഞതൊക്കെ കേട്ട് നിന്നു.

അപ്പോ സുകന്യക്കും എന്നെ ഇഷ്ടമാണോ “?പ്രകാശിന്റെ ചോദ്യം കേട്ടതും അവളൊന്നു പതറി.

“ഇയാൾക്ക് ടൗണിൽ ഒരു ഹോട്ടൽ ഇല്ലേ? ആശ പോയതോടെ അടച്ചിട്ട ഒരു ഹോട്ടൽ. എന്താ ഇപ്പോൾ അതിന്റെ അവസ്ഥ “?

ആ ഹോട്ടലിപ്പോ ആകെ പൊടിയും മാറാലയുംപിടിച്ചു വെറുതെ കിടക്കുകയാണ് “

താല്പര്യമില്ലാത്തതുപോലെ പ്രകാശ് പറഞ്ഞു.

“ആ ഹോട്ടൽ നേരെയാക്കി, നമുക്കങ്ങോട്ട് മാറിയാലോ? ഞാനും, അച്ഛനും വരാം. ഒന്ന് രണ്ട് പേരെ കൂടി ജോലിക്ക് എടുക്കേണ്ടി വരും. ഇയാൾ ക്യാഷ് കൗണ്ടറിൽ ഇരുന്നോ. . ഒരു പുതിയ തുടക്കം.എന്താ ഇയാൾക്ക് സമ്മതമാണോ”?

പെട്ടെന്നാണ് ആ ആശയത്തിനോട് പ്രകാശിനും താല്പര്യം തോന്നിയത്. എന്നും സുകന്യയെ കാണാം, സംസാരിക്കാം. അതോർത്തപ്പോൾ തന്നെ അയാളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചത് പോലെയായി .

“ഒരാഴ്ച കൊണ്ട് എല്ലാം സെറ്റാക്കി, താക്കോൽ ഞാനാ കൈയിലോട്ട് വച്ചു തരാം. എന്താ…. സന്തോഷമായോ “?

ഒരായിരം കിനാവുകൾ മനസ്സിലടക്കിയാണ് പ്രകാശത് പറഞ്ഞത്.

അവൾ ചിരിച്ചു കൊണ്ട് തല കുലുക്കി.

“സുകന്യയുടെ അച്ഛൻ അവിടേക്ക് വരുമോ “? ചെറിയൊരു സംശയത്തോടെ അയാൾ ചോദിച്ചു.

“അച്ഛന് ഇയാളോട് ദേഷ്യമൊന്നുമില്ല. കൂടെ നിന്ന് ജോലി ചെയ്യുമ്പോൾ ഇയാളുടെ സ്വഭാവം അച്ഛന് പിടികിട്ടും.നാട്ടുകാർ ഇയാളെ പറ്റി പറഞ്ഞു നടക്കുന്നതൊക്കെ സത്യമാണോ, നുണയാണോ എന്നച്ഛൻ മനസ്സിലാക്കട്ടെ. പതിയെ പതിയെ തന്നോടൊരിഷ്ടമൊക്കെ തോന്നും….. അച്ഛന് ഇഷ്ടമായാൽ പിന്നെ…..”

പാതിയിൽ അവൾ നിർത്തിയ വാചകം മുഴുവൻ കേൾക്കാൻ പ്രകാശിനപ്പോൾ വല്ലാത്തൊരാകാംഷ തോന്നി.

“അച്ഛന് ഇഷ്ടമായാൽ പിന്നെ “എന്താ സുകന്യേ…. എന്താ നിർത്തി കളഞ്ഞത്.

ഉള്ളിൽ ഉയരുന്ന നെഞ്ചിടിപ്പ് അടക്കി വയ്ക്കാൻ പ്രകാശൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു…..

ആ ചോദ്യം കേട്ടതും, സുകന്യയുടെ മുഖത്തെ ഭാവമാറ്റം പ്രകാശിനെ ഞെട്ടിച്ചു . ചെറിയൊരു നാണത്തോടെ ഒന്നും മിണ്ടാതെ അവളെന്തോ ഓർത്തു നിൽക്കുകയാണ്.

സുകന്യയുടെ ആർദ്രമായ മിഴികൾ കണ്ടതും, അവളെ നെഞ്ചോട് ചേർത്തു നിർത്തി, ആ നെറ്റിയിലൊരു ചുംബനം നൽകാൻ പ്രകാശിന്റെ മനസ്സ് വല്ലാതെ കൊതിച്ചു.

“ശെരി പ്രകാശേട്ടാ, ഞാൻ കടയിലേക്ക് ചെല്ലട്ടെ. അവിടെ അച്ഛൻ ഒറ്റക്കെയുള്ളു”

തന്റെ പേര് ചൊല്ലി വിളിച്ച്, ഒരൽപ്പം പതർച്ച യോടെ നടക്കാനൊരുങ്ങിയ അവളെ, പ്രകാശ് വിരൽത്തുമ്പിൽ പിടുത്തമിട്ട് തടഞ്ഞു നിർത്തി.

വിരലുകളിലെ പിടിത്തം മുറുകിയതും, സുകന്യ പരിഭ്രമത്തോടെ ചുറ്റിലും നോക്കാൻ തുടങ്ങി.

“കൈ വിട് പ്രകാശേട്ടാ , ആരെങ്കിലും കാണും ” അവൾ സ്നേഹത്തോടെ അയാളോട് കെഞ്ചി.

“നിനക്കെന്നോട് ഇഷ്ടമില്ലേ പെണ്ണെ “? സ്നേഹം നിറച്ച പ്രകാശിന്റെ ചോദ്യം കേട്ടതും, കൈ കുതറി ചെറിയൊരു ചിരിയോടെ അവൾ അവനിൽ നിന്നും ഓടിയകന്നു.

“പ്രകാശേട്ടൻ ആദ്യം പോയി, ഞാൻ പറഞ്ഞതൊക്കെ ചെയ്തിട്ട് വാ. ബാക്കി കാര്യങ്ങളൊക്കെ അപ്പൊ ആലോചിക്കാം “

പിന്തിരിഞ്ഞു കൊണ്ട് അവളുറക്കെ പറഞ്ഞു.

“നിന്നെ ഞാൻ എടുത്തോളാമെടി “പ്രകാശിന്റെ മനസ്സ് മെല്ലെ മന്ത്രിച്ചു .

പുതിയ സ്വപ്നങ്ങളിലേക്ക് കുതിക്കുമ്പോൾ ജീവിതത്തിനോട് പ്രകാശിന് വല്ലാത്തൊരു കൊതി തോന്നി. ഒരു കുസൃതിച്ചിരിയോടെ ഓടി മറയുന്ന സുകന്യയുടെ മുഖമായിരുന്നു പിന്നീടുള്ള ഓരോ നിമിഷങ്ങളിലും പ്രകാശന്റെ മനസ്സ് നിറയെ.

✍️ ചെമ്പകം