പ്രണയ പർവങ്ങൾ – ഭാഗം 19, എഴുത്ത്: അമ്മു സന്തോഷ്

ചിലപ്പോൾ ഈ വർഷം കഴിഞ്ഞു പോകുമായിരിക്കുമെന്ന്. എങ്ങോട് പോകുമെന്ന്

ചാർളിയുടെ ഉള്ളിൽ തീ കോരിയിട്ട വാക്കുകൾ ആയിരുന്നു അത്

അവളുടെ വശത്താണ് ശരി. അവൾ പറഞ്ഞത് മുഴുവൻ ശരിയാണ്. അത് കൊണ്ട് തന്നെ അവനു സ്വസ്ഥത പോയി. എങ്ങോട്ട് പോകുമെന്നാണ്?

അവൻ അത് തന്നെ ഓർത്തിരുന്നു

സാറയ്ക്ക് എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ ഒരു സമാധാനം തോന്നി. കണ്ടപ്പോൾ ദേഷ്യം വന്നു. എന്നേ അറിയില്ലെന്ന്…അയ്യടാ, ആർക്കാ അറിഞ്ഞൂടാ എന്ന് പറഞ്ഞത്. എന്നിട്ട് കുറ്റം എനിക്ക്. പാവത്താനെ പോലെ വന്നു ചോദിക്കുന്നു

വീട്ടിൽ വരാനുള്ളതായിരുന്നു എന്ന്….വെറുതെ പറയുന്നതാണ്. മിണ്ടണ്ട പോ…എന്നോട് മിണ്ടണ്ട

പപ്പാ വീടും സ്ഥലവും വിറ്റാൽ ഇവിടെ നിന്ന് പോകും. പിന്നെ ഒരു കൂട്ട് ഉണ്ടാക്കി വെയ്ക്കുന്നത് എന്തിനാ? ഇവിടെ ഒന്നും ശേഷിക്കണ്ട. എന്നാലും അങ്ങനെ ഒക്കെ ചിന്തിച്ചാലും അവനോടുള്ള സ്നേഹം ഉള്ളിലുണ്ട്

ഒരു സ്നേഹം ഉണ്ട്. അത് കൊണ്ടാണ് വഴക്കിടുന്നത്. പിണങ്ങുന്നത് . ആരോടും തോന്നാത്ത ഒരു സ്നേഹം ആ ആളോട് തോന്നുന്നുണ്ട്. അത് കൊണ്ട് തന്നെ പേടിയാണ്. പക്ഷെ ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോ അവൻ മുഖം തുടച്ചത് അവൾ കണ്ടു

കണ്ണുകൾ നനഞ്ഞിരുന്നത് പോലെ…താൻ പറഞ്ഞത് അവനെ വിഷമിപ്പിച്ചു എന്നവൾക്ക് മനസിലായി

ജയിലിൽ നിന്ന് വന്ന ഒരാളാണ്. ഒരു പക്ഷെ ഒരു പാട് മുറിവേറ്റ മനസ്സുള്ള ഒരാൾ. ഇങ്ങനെ തന്റെ പിന്നാലെ വന്നു കാര്യങ്ങൾ ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല ആൾക്ക്. എന്നിട്ടും വന്നു…അപ്പൊ താൻ എന്താ ചെയ്തത്?

കുറച്ചു വിഷമിക്കട്ടെ

അവൾ മുഖം കൂർപ്പിച്ചു

രാവിലെ പാല് കൊണ്ട് കൊടുത്തു തിരിച്ചു നടക്കവേ അവൾ പതിവ് സ്ഥലത്തേക്ക് നോക്കി

ഇല്ല

അവളുടെ മനസ്സ് വാടി. അവൾ വീണ്ടും നോക്കി കൊണ്ട് നടന്നു. അകത്ത് അത് ചാർലി കാണുന്നുണ്ടായിരുന്നു. അവൻ പെട്ടെന്ന് മുറിക്കു പുറത്തേക്ക് വന്നു. സാറ വീണ്ടും മുഖം ഉയർത്തിയതും അവൻ

അവൾ കുനിഞ്ഞു കളഞ്ഞു. പിന്നെ സൈക്കിൾ ഉന്തി നടന്നു നീങ്ങി

ചാർലി ഒരു സി–ഗരറ്റ് കത്തിച്ച് പുക വിട്ടു

“നി ഈ നാട്ടിൽ നിന്ന് പോകുന്നത് എനിക്കു ഒന്ന് കാണണം ” അവൻ പിറുപിറുത്തു

അവന്റെ കണ്ണുകൾ ചെറുതായി

സാറ പാല് കൊടുത്തു കഴിഞ്ഞു വീട്ടിൽ ചെന്നു കുളിച്ചു ഭക്ഷണം കഴിച്ചു കോളേജിൽ പോകാൻ തയ്യാറായി. സാറ വരുന്നത് നിവിൻ നോക്കി നിൽക്കുന്നുണ്ടായിരുന്നു

“ഹലോ…നമ്മളെ ഒന്നും ഒരു മൈൻഡ് ഇല്ലല്ലോ “

അവൻ റോഡിലേക്ക് കുറച്ചു കയറി നിന്നു

സാറ ഒരു വശം ഒതുങ്ങി നടന്നു

“സാറ കൊച്ചേ ഒരു മിനിറ്റ് ” അവൻ മുന്നിൽ വന്നു നിന്നു

“എന്താ നിവിൻ ചേട്ടാ?” അവൾ സാധാരണ പോലെ ചോദിച്ചു

“പ്രൊപോസൽ ആണ്. തന്നെ എനിക്കു ഇഷ്ടമാ. കെട്ടാൻ ഉള്ള ഇഷ്ടം ആണോന്ന് ചോദിച്ചാ. ജോലി കിട്ടിട്ട് കെട്ടാൻ ആഗ്രഹം ഉണ്ട്. കൊച്ച് ഒന്ന് പരിഗണിക്കണം “

അവൾക്ക് ചിരി വന്നു

“ഇത് വലിയ കോമഡി ആയി പോയി കേട്ടോ ” അവൾ ചിരിയോടെ തന്നെ പറഞ്ഞു

ചാർലി അത് കാണുന്നുണ്ടായിരുന്നു

അവന്റെ വീടിന്റെ ബാൽകണിയിൽ  നിന്നാൽ ചുറ്റുപാടും അഞ്ചു കിലോമീറ്റർ നകം വ്യക്തമായി കാണാം. സാറ ചിരിക്കുന്നതും സംസാരിക്കുന്നത് ഒക്കെ അവൻ കണ്ടു. നിവിനെയും അവനു അറിയാം

“അപ്പൊ നിവിൻ ചേട്ടാ. പ്രൊപോസൽ ഒക്കെ ചേട്ടന് പറ്റിയ ടൈപ്പ് കുട്ടികളോട് മതി. ഞാൻ ആ ടൈപ്പ് അല്ല. എനിക്കു നേരവുമില്ല. പോട്ടെ “

ബസ് വന്നപ്പോൾ അവനോട് യാത്ര പറഞ്ഞു അവൾ ബസിൽ കയറി . ബസ് കടന്നു പോകുമ്പോൾ ചാർലി നിൽക്കുന്നതും അവൾ കണ്ടു. അവനെല്ലാം കണ്ടു എന്നും അവൾക്ക് തോന്നി

ആ മുഖം സാധാരണ പോലെ ആയിരുന്നില്ല. അവൾ നോക്കിയ ഉടനെ ചാർലി മുറിയിലേക്ക് തിരിച്ചു പോരുന്നു. ആ കാഴ്ച അവനെ അസ്വസ്ഥനാക്കുക തന്നെ ചെയ്തു

അവളോട് മറ്റൊരാൾ സ്വാതന്ത്ര്യം എടുക്കുന്നത് തന്നെ അസ്വസ്ഥനാക്കുന്നു എന്നാ അറിവിൽ അവൻ തളർന്നു. അവളോട് ഉള്ളത് എന്താണ് എന്ന് അവനു അപ്പോഴും വ്യക്തമല്ല

കാണുമ്പോൾ സന്തോഷം ഉണ്ട്, കാണാതിരിക്കുമ്പോൾ ഉള്ളിൽ ഒരു നീറ്റലും. പക്ഷെ ഇനിയവളുടെ പിന്നാലെ പോകില്ല എന്ന് അവൻ ഉറച്ചു

സാറയ്ക്ക് ഒരു പരിഭ്രമം തോന്നി. അവൻ ഇനി തെറ്റിദ്ധരിച്ചു കാണുമോ?

ശേ….

അവൻ ആ സമയം തന്നെ വന്നു. പ്രൊപോസലും കൊണ്ട്. തെ- ണ്ടി.

വൈകിട്ട് തിരിച്ചു വരുമ്പോൾ പതിവ് സ്ഥലത്ത് ആളില്ല. അവൾ ബസ് മുന്നോട്ട് പോയിട്ടും പിന്നിലേക്ക് നോക്കികൊണ്ട് ഇരുന്നു

വൈകിട്ട് പള്ളിയിൽ പോയി സാറ. അവന്റെ ശബ്ദം പള്ളിമേടയിൽ നിന്ന് കേട്ടു അവൾ. ഒരു സമാധാനം ഉള്ളിൽ. കൂടെ ഉള്ളവരെയൊക്ക നോക്കി അവൾ അവിടെയിരുന്നു. പണിക്കാരും അവനും അച്ചനും വന്നപ്പോൾ പെട്ടെന്ന് അവൾ എഴുന്നേറ്റു

“ഇന്ന് പ്രാക്ടീസ് ഉണ്ടോ?”

“ഉണ്ട് ഫാദർ “

“അയ്യോ കുഞ്ഞേ ഇവിടെ പണി നടക്കുവാണല്ലോ..ഒരു കാര്യം ചെയ്യ്. പോയിട്ട് നാളെ വാ കേട്ടോ. കൂട്ടുകാരോടും പറഞ്ഞേക്ക് “

“ശരി “

അവൾ ബുക്ക്‌ എടുത്തു ഇറങ്ങി. നല്ല മഴ വരുന്നുണ്ട്

“മോളെ?”

“എന്താ ഫാദർ”

“കുടയുണ്ടോ?”

“ഇല്ല. സാരോല്ല. ഞാൻ ഓടി പൊക്കോളാം. അടുത്തല്ലേ “

ചാർലി നോക്കി നിൽക്കുന്നുണ്ടായിരുന്നു

സാറ ഇടയ്ക്ക് അവനെ നോക്കിയെങ്കിലും അവൻ മുഖം കൊടുത്തില്ല. അവൾ ഇറങ്ങിയതും വലിയ ഇടിയോട് കൂടി മഴ തുടങ്ങി

“ദൈവമേ ആ കുഞ്ഞ് നനഞ്ഞു പോകുമല്ലോ. നി ഈ കുട കൊണ്ട് കൊടുക്കാമോ ചാർലി?”

അവൻ ആ കുട വാങ്ങിച്ചു

ഒരു മരത്തിന്റെ ചുവട്ടിൽ കയറി നിന്നു സാറ. ഇടി മുഴങ്ങിയപ്പോൾ അവൾ കണ്ണുകൾ ഇറുക്കി അടച്ചു ചെവി പൊത്തി

“ഇതാ കുട ” ഒരു സ്വരം

അവൾ ഞെട്ടി നോക്കി. ചാർലി കയ്യിൽ ഒരു കുട

“പേടിക്കണ്ട അച്ചൻ തന്നു വിട്ടത് കൊണ്ട് വന്നുന്നേയുള്ളു. ബുദ്ധിമുട്ടിക്കാൻ വന്നതല്ല. ഇന്നാ മഴ നനയണ്ട ‘”

അവൾ അത് വാങ്ങി. വീണ്ടും ആകാശം പിളരുന്ന ഇടി. അവൾ കണ്ണുകൾ അടച്ച് നിന്നു പോയി. പിന്നെ പതിയെ നടന്നു

“കൊണ്ട് വിടണോ?” പിന്നിൽ അവന്റെ ശബ്ദം

“വേണ്ട ” അവൾ പറഞ്ഞു

കിഴക്ക് നിന്ന് വെള്ളം ഇരമ്പി ആർത്തു വരുന്നുണ്ട്. ചാർലി പെട്ടെന്ന് റോഡിൽ ഇറങ്ങി സാറയുടെ കൈ പിടിച്ചു വശത്തോട്ട് മാറ്റി നിർത്തി

“കിഴക്ക് ഉരുളു പൊട്ടിയിട്ടുണ്ട്. മലവെള്ളം വന്നു തുടങ്ങി. നി വേഗം വീട്ടിലോട്ട് പൊയ്ക്കോ “

സാറ ഭീതിയോടെ അവനെ നോക്കി

“നി പൊ ഓടിക്കോ..”

അവൾ കണ്ണുനീരോടെ തലയാട്ടി

“സാറാ നി പൊ “

അവൾ തിരിച്ചു വന്നു അവന്റെ കയ്യിൽ പിടിച്ചു

“ഒറ്റയ്ക്ക് പോകാൻ എനിക്ക് പേടിയാ..എന്റെ കൂടെ വരാമോ?”

അത് പേടിച്ചിട്ടല്ല എന്ന്, താൻ ഇതിൽ പെട്ട് പോകുമോ എന്നുള്ള അവളുടെ പേടിയാണെന്ന് അവനു മനസിലായി

അവളുടെ കൈകൾ തന്റെ കയ്യിൽ മുറുകിയിരിക്കുന്നു. ഇന്നലെ കെഞ്ചി പിന്നാലെ വന്നപ്പോ എന്തൊരു ദേഷ്യം ആയിരുന്നു

അവളുടെ ഒരു സ്നേഹം

അവന് വാശി വന്നു

“എനിക്കു ഒന്നും വരികേല നി പൊയ്ക്കോ ” അവൻ കൈ വിടുവിച്ചു

“എന്തിനാ ഈ വാശി കാണിക്കുന്നേ ആരോടാ?എന്റെ കൂടെ വാ..ദേ വെള്ളം കേറി വരുന്നു ” അവൾ സങ്കടത്തിൽ പറഞ്ഞു

“വന്നോട്ടെ ഞാൻ അങ്ങ് ച’ ത്തു പോകുമായിരിക്കും അത്രേ അല്ലെ ഉള്ളു? നിനക്ക് എന്താ?” അവൻ ദേഷ്യത്തിൽ പറഞ്ഞു

സാറ കരഞ്ഞും കൊണ്ട് അവനെ നോക്കി നിന്നു. വെള്ളം ഇരമ്പിയാർത്തു  വരുന്നുണ്ട്. നോക്കി നിൽക്കെ റോഡ് കാണാതായി. അവനാണെങ്കിൽ വെള്ളം നോക്കി നിൽക്കുകയാണ്

അവളുടെ കണ്ണ് നിറഞ്ഞു

“എന്റെ കൂടെ വാ പ്ലീസ് ” അവൾ കെഞ്ചി

“ഇല്ല ” അവൻ തറപ്പിച്ച് പറഞ്ഞു

“എന്നെ പോലെ ഒരാളോട് എന്തിനാ ഈ വാശി?” അവൾ വിതുമ്പി കരഞ്ഞു

“നി പോടീ…എനിക്കു കാണണ്ട കള്ളക്കരച്ചിൽ ” ഒറ്റ അലർച്ച

ഉള്ളിലുള്ള ദേഷ്യം പുറത്തേക്ക് വന്നു

“ഞാനെന്തിനാ കള്ളക്കരച്ചിൽ കരയുന്നെ? എനിക്കു എന്താ സാധിക്കാനുള്ളത്? അതോ എന്നേം എല്ലാരേം പോലെ കാശ് നോക്കി അടുപ്പം കാണിക്കുന്ന ഒരു പെണ്ണായിട്ടാണോ കാണുന്നെ?” മൂർച്ച ഉള്ള വാചകങ്ങൾ അവന്റെ നെഞ്ചിൽ കുത്തിക്കയറി

അവൻ നടുങ്ങി പോയി

“അതോ ഞാനും എന്റെ ചേച്ചിയെ പോലെ ഒരു ചീത്ത പെണ്ണാണെന്ന് വിചാരിക്കുന്നുണ്ടോ?”

അവനു ശബ്ദം ഇല്ല. അവൾ മുഖം തുടച്ചു

കുട അവന്റെ കയ്യിൽ കൊടുത്തു

“എന്താണ് എന്ന് വെച്ച ചെയ്യ്..ഇനി ഞാൻ ഒന്നിനും വരുകേല..ഒന്നിനും..ഇവിടെ നിന്നോ..”

അവൾ തിരിഞ്ഞു. കയ്യിൽ ഒരു പിടിത്തം

“കുട കൊണ്ട്. പോടീ “

“വേണ്ട നനഞ്ഞോളാം. ഞാൻ നനഞ്ഞ നിങ്ങൾക്ക് എന്താ? നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതി. എങ്ങനെ എങ്കിലും പോ ” അവളുടെ മുഖത്തിന്റെ നേരേ അവന്റെ കൈ ഉയർന്നു

“ഒറ്റ ഒന്ന് മുഖത്ത് തന്നാലുണ്ടല്ലോ. ധിക്കാരം പറയുന്നോടി.?കുട മേടിച്ചോണ്ട് പോകാൻ നോക്ക്. നീയൊന്നും ചാർളിക്ക് പറ്റിയ കൂട്ട് അല്ല “

സാറ നടുക്കത്തോടെ അവനെയൊന്ന് നോക്കി

“ഇനിയെന്റെ പിന്നാലെ വന്നേക്കരുത്. ഞാൻ നിങ്ങൾക്ക് പറ്റിയ കൂട്ട് അല്ലല്ലോ.. പൊയ്ക്കോ. എന്റെ മുന്നിൽ കണ്ടേക്കരുത്..അല്ലെങ്കിൽ വേണ്ട ഞാൻ വരാത് ഇരുന്നോളാം..”

അവൾ പിന്നോട്ട് മാറി

പിന്നെ നടന്നു, അല്ല ഓടി

അവനിൽ നിന്ന് അകലാൻ എന്ന പോലെ ഓടി

തുടരും…