മന്ത്രകോടി – ഭാഗം 36, എഴുത്ത്: മിത്ര വിന്ദ

“ദേവൂട്ടി….. ദേവൂ…നിനക്ക് എന്താ പറ്റിയേ മോളെ…. ദേവൂ…. കണ്ണു തുറക്ക്…. “

നന്ദൻ പല തവണ വിളിച്ചെങ്കിലും അവൾ അബോധാവസ്ഥയിൽ ആയതിനാൽ നന്ദന്റെ വിളി കേട്ടില്ല..

സർജറി കഴിഞ്ഞുള്ള മയക്കത്തിൽ ആയിരുന്നു ദേവിക അപ്പോള്..

നന്ദൻ ആണെങ്കിൽ സിസ്റ്റർ മീര ഇട്ടുകൊടുത്ത കസേരയിൽ ഇരിക്കുകയാണ്.. ഇരു കൈകളും നെറ്റിയുടെ ഇരുവശങ്ങളിലും ഊന്നി…

ഇടയ്ക്ക് എല്ലാം അവന്റെ മിഴികൾ നിറഞ്ഞു തൂവുന്നുണ്ട്

“ഡോക്ടർ നന്ദൻ, പുറത്താണെങ്കിൽ തന്റെ അമ്മയും അച്ഛനും ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ പിന്നിട്ടു, ദയവ് ചെയ്തു അവരോട് റൂമിൽ പോയി റസ്റ്റ്‌ എടുക്കുവാൻ പറയു പ്ലീസ്….”

നന്ദന്റെ അരികിലെത്തിയ ഡോക്ടർ മിഥുൻ പറഞ്ഞു..

അപ്പോളേക്കും മിഥുന്റെ കൈയിൽ പിടിച്ചു കൊണ്ട് അവൻ വിങ്ങി പൊട്ടി.

നീ ഇങ്ങനെ വിഷമിക്കുവാൻ ഒന്നും പറ്റിയിലല്ലോഡാ ദേവികയ്ക്ക്… ആള് ഓക്കേ ആണ്..ഇപ്പോൾ സെഡേഷനിൽ ആണെന്ന് മാത്രം…

അയാൾ വീണ്ടും ആശ്വസിപ്പിച്ചു…

എത്ര സമയം ആ ഇരുപ്പ് ഇരുന്നു എന്ന് അവനു അറിയില്ലായിരുന്നു..

ചെറിയ ഒരു ഞരക്കം കേട്ടപ്പോൾ അവൻ നോക്കിയത്..

ദേവു കണ്ണുകൾ പതിയെ ചലിപ്പിച്ചുകൊണ്ട് ചുറ്റും നോക്കി..

വലത്തേ കൈ ഒടിഞ്ഞുനുറുങ്ങുന്ന വേദന ആണ് അവൾക്ക്… സഹിക്കാൻ പോലും പറ്റുന്നില്ല…. വേദന കൊണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

ദേവു…… കരയുവാ…വേദനിക്കുന്നുണ്ടോ,ടാ.. നന്ദൻ അവളുടെ അടുത്തേക്ക് ഒന്നുകൂടി ചേർന്നിരുന്നു കൊണ്ടു ചോദിച്ചു..

അവളുടെ മിഴികൾ നിറഞ്ഞുവന്നു..

വയ്യ നന്ദേട്ടാ, നിക്ക് തീരെ വയ്യ…എല്ലൊക്കെ നുറുങ്ങുന്ന പോലെ. അവൾ അവ്യക്തമായി പറഞ്ഞു..

സാരമില്ല, മാറിക്കോളും കേട്ടോ, ഞാൻ ഇല്ലേ കൂടെ, വിഷമിക്കേണ്ടന്നേ ,,,,, അവൻ പറഞ്ഞു..

അസഹനീയം ആയ വേദനയിലും “ഞാൻ ഇല്ലേ കൂടെ “എന്ന നന്ദന്റെ വാചകം ആണ് അവൾക്ക് ഏറ്റവും കൂടുതൽ സന്തോഷവും ആശ്വാസവും ആയത്..

സരസ്വതി അമ്മയും ഗുപ്തൻ നായരും കൂടി അപ്പോൾ അകത്തേക്ക് വന്നു..

മോളെ,,,,

ദേവൂട്ടിയെ കണ്ട മാത്രയിൽ അമ്മ കരയുവാൻ തുടങ്ങി..

അമ്മേ, സങ്കടപെടേണ്ട,നിക്ക് കുഴപ്പമില്ല ട്ടൊ..

അവൾ സരസ്വതി അമ്മയെ നോക്കി സാവധാനം പറഞ്ഞു

ആഹ് അമ്മയും അച്ഛനും ഇപ്പോള് മോളെ കണ്ടില്ലേ, മോൾക്ക് യാതൊരു കുഴപ്പവും ഇല്ല, ഇനി റൂമിൽ ചെന്നു വിശ്രമിക്ക് കേട്ടോ…..പേഷ്യന്റിനു റസ്റ്റ്‌ വേണം…. ഡോക്ടർ മിഥുൻ അവരുടെ അടുത്ത വന്നു പറഞ്ഞു..

നന്ദൻ, നീ കൂടെ ചെല്ല് ഇവരുടെ കൂടെ, എന്നിട്ട് കുറച്ചു സമയം റസ്റ്റ്‌ എടുക്ക്….. ഡോക്ടർ മിഥുൻ നന്ദന്റെ കൈയിൽ പിടിച്ചു…

ഇപ്പോൾ ഒന്നും സംസാരിക്കേണ്ട കെട്ടോ, ഞാൻ ഇവർക്ക് റൂം കാണിച്ചിട്ട് വേഗം വരാം…..

ദേവു ആണെങ്കിൽ സരസ്വതി അമ്മയോട് എന്തൊക്കെയോ പറയാൻ ശ്രമിച്ചത് കണ്ട നന്ദൻ അവളെ തടഞ്ഞകൊണ്ട് പറഞ്ഞു..

അമ്മേ വരൂ, നമ്മൾക്ക് റൂമിൽ പോകാം,ദേവു ഒരുപാട് സ്‌ട്രെയിൻ ചെയ്താൽ ശരിയാവില്ല….. നന്ദൻ അമ്മയുടെ കൈയിൽ പിടിച്ചു..

ആ സമയത്ത് സരസ്വതി അമ്മ നോക്കിയ നോട്ടത്തിൽ നന്ദൻ പതറി പോയി…

മോളെ…..അമ്മ ഇപ്പോൾ വരാം,ന്റെ പൊന്നു മോൾ വിഷമിക്കേണ്ട കേട്ടോ….. ദേവുട്ടിയോട് അങ്ങനെ പറഞ്ഞു കൊണ്ടു അവർ രണ്ടാളും മകന്റെ പിന്നാലെ പോയി…

എന്താടാ നിനക്ക് പെട്ടന്നൊരു സ്നേഹം എന്റെ കുഞ്ഞിനോട്….ഇതു വരെയും അങ്ങനെ അല്ലായിരുന്നുല്ലോ നീയ്…. ഇനിയും നി അഭിനയിക്കുകയാണ് അല്ലേ, നിന്റെ സഹ പ്രവർത്തകറുടെ മുന്നിൽ

മുറിയിൽ എത്തിയ സരസ്വതി അമ്മ മകനോട് പൊട്ടിത്തെറിച്ചു…

നീ ഒരുത്തൻ കാരണം ആണ് എന്റെ ദേവൂട്ടിക് ഈ ഗതി വന്നത്, ഞാൻ നിന്നോട് കെഞ്ചി പറഞ്ഞതാണ് അവളെ കൂടി കൊണ്ടുപോകാൻ, അപ്പോൾ നീ അത് കേട്ടിരുന്നെങ്കിൽ ഇന്ന് ദേവൂട്ടി ആ മുറിയിൽ ഈ അവസ്ഥ യിൽ കിടക്കില്ലായിരുന്നു…… സരസ്വതി അമ്മ നന്ദന്റെ മുഖത്തേക്ക് നോക്കി എണ്ണിപ്പറയുകയാണ്

നിന്റെ മുൻപിൽ തല കുനിച്ചു തന്നു എന്ന ഒരു തെറ്റാണ് ആകെ അവൾ അവളുടെ ജീവിതത്തിൽ ചെയ്തത്…

അതിനുവേണ്ടി ഒരായുഷ്കാലം മുഴുവൻ അനുഭവിക്കാനുള്ളത് നീ അവൾക്ക് കൊടുത്തു കഴിഞ്ഞു, ഇനി നിനക്ക് തട്ടിക്കളിക്കുവാനായി എന്റെ കുഞ്ഞിനെ ഞാൻ തരില്ലെടാ….

ആരെങ്കിലും കേൾക്കും സരസ്വതി, നീ ഒന്നു നിർത്തുന്നുണ്ടോ… ഗുപ്തൻ നായർ ഭാര്യയെ അനുനയിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട്…

കേൾക്കട്ടെ ഏട്ടാ, എല്ലാവരും കേൾക്കട്ടെ, നിങ്ങളുടെ മകൻ നന്ദകിഷോർ ഇങ്ങനെ ഒന്നും അല്ലായിരുന്നു, അവൻ ഒരു ഉറുമ്പിനെ പോലും നോവിക്കില്ലായിരുന്നു,

ഓർമ്മയുണ്ടോ ഇവന്റെ ബാല്യം നിങ്ങൾക്ക്,എല്ലാവരോടും ബഹുമാനവും, ആദരവും ഉണ്ടായിരുന്ന,ഏറ്റവും പഠനത്തിലും മിടുക്കനായ നന്ദൻ…. നന്ദനോട് കൂട്ടുകൂടാൻ മത്സരം ആയിരുന്നു കൂട്ടുകാർക്ക്..

വളർന്നു വലുതായപ്പോളും എന്റെ കുട്ടി ഇങ്ങനെ തന്നെയായിരുന്നു, എനിക്ക് അതിൽ അഭിമാനം മാത്രമേ ഒണ്ടായിരുന്നൊള്ളു,

പക്ഷെ നീ, നീ നിന്റെ വിവാഹത്തോടെ മാറി പോയി മോനേ,

ചേടത്തി ചെയ്ത തെറ്റിന് അനുജത്തിയെ ശിക്ഷിക്കുന്നത് എന്തിനാണ്, അതാണ് എനിക്ക് മനസിലാകാത്തത്, എന്തായാലും എല്ലാത്തിനും ഉള്ള പരിഹാരം ഞാൻ കണ്ടെത്തി കഴിഞ്ഞു, സരസ്വതി അമ്മ തീർപ്പുകല്പിച്ചത് പോലെ അവരെ രണ്ടാളെയും നോക്കി..

മാധവ വാര്യർ വരും ഇങ്ങോട്ട്, അവരുടെ കൂടെ ദേവൂട്ടിയെ ഞാൻ അയക്കും…. മകനെ നോക്കി അവർ പറഞ്ഞു…

ശീതികരിച്ച മുറിയിൽ ഇരുന്നു നന്ദൻ വിയർത്തൊഴുകി…

അമ്മ പറഞ്ഞതെല്ലാം സത്യം ആണ്,ദേവുവിനോട് താൻ ഒരുപാട് അകൽച്ച കാണിച്ചു, ആ മനസ് ഒരുപാട് വിഷമിച്ചു.. എല്ലാത്തിനും ഉത്തരവാദി താൻ ആണ്, താൻ മാത്രം………

പക്ഷേ,അമ്മ എന്തൊക്കെ പറഞ്ഞു തന്നെ കുറ്റപെടുത്തിയാലും അവൾ,ദേവിക, എപ്പോളൊക്കേയൊ തന്റെ പ്രാണൻ ആയി മാറുകയായിരുന്നു… അവളെ വെറുത്ത ഓരോ നിമിഷത്തെയും ആയിരം ആവർത്തി മനസാൽ മാപ്പ് പറയുകയായിരുന്നു താൻ….

മദ്യലഹരിയിൽ അവളെ താൻ നോവിച്ചതിന്റെ പ്രായശ്ചിത്തം ആയിട്ടാണ് അന്ന് മനസില്ലാമനസോടെ ആണെങ്കിലും അവളെ ബാംഗ്ലൂർക്ക് വിട്ടത്. .

ആദ്യമായി അവളെ പിരിഞ്ഞതിന്റെ വേദന, അന്ന് താൻ അനുഭവിച്ച പ്രാണസങ്കടം, അത് എത്രത്തോളം ആണെന്ന് തനിക്ക് മാത്രമേ അറിയൂ..

അവളില്ലാതെ ഒരു നിമിഷം പോലും തനിക്ക് ജീവിക്കുവാൻ സാധിക്കില്ലെന്ന് താൻ മനസിലാക്കിയത് അപ്പോളാണ്..

അവൾ മടങ്ങിവന്ന ദിവസം, അവളെ വാരിപുണരുവാൻ തന്റെ മനസ് വെമ്പിയതാണ്……

തുടരും…

Leave a Reply

Your email address will not be published. Required fields are marked *