ബയോളജിക്കല്‍ ക്ലോക്ക് നഷ്ടപ്പെട്ട ഭാര്യ

രചന: ശശികല

“എനിക്കും തട്ട് ദോശ മതിയാരുന്നു” ദോശ ചുട്ട് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഭർത്താവ് ഭാര്യയുടെ പാത്രത്തിലേക്ക് നോക്കി പറഞ്ഞു… “മനുഷ്യാ . നിങ്ങള്‍ക്ക് രണ്ടെണ്ണം ചുട്ടപ്പൊ മാവ് തീർന്നു പോയി.. പിന്നെ ഉണ്ടായിരുന്ന മാവ് തൂത്തു വടിച്ച് ഒഴിച്ചപ്പോ കിട്ടിയ ഒരു ചെറിയ ദോശയാ ഞാൻ കഴിക്കുന്നെ അല്ലാതെ തട്ട് ദോശയല്ല” … “ഒരു ബുള്‍സയ് കൂടി ആവാം.” ഭർത്താവ് .. “എന്നാൽ പിന്നെ അതും കൂടി ആവട്ടെ” എന്ന് ഭാര്യ.

രാവിലെ പതിനൊന്നു മണിക്ക് എഴുന്നേല്‍ക്കുന്നു … ബ്രേക്ക് ഫാസ്റ്റ് ആണോ ലഞ്ച് ആണോ എന്ന് പറയാൻ പറ്റാത്ത എന്തോ ഒന്ന് കഴിക്കുന്നു (അവർ അതിനെ “brunch” എന്ന ഓമന പേരിട്ട് വിളിക്കുന്നു).

എവിടെയൊക്കെയോ തൂങ്ങിപ്പിടിച്ച് ഇരുന്നിട്ട് അടുത്ത വിശപ്പ് വരുമ്പോള്‍ കുറച്ച് മിനക്കെട്ട് ഇഷ്ടപ്പെട്ടത് എന്തെങ്കിലും ഉണ്ടാക്കിക്കഴിക്കുന്നു…. പിന്നെ ഒന്നും ചെയ്യാൻ ഇല്ലാത്തത് കാരണം അത്യാവശ്യം ശത്രുക്കളുടെ ലിസ്റ്റ് ല്‍ ഇട്ട് വച്ചിരിക്കുന്നവരെ ഫോൺ വിളിച്ചും മെസ്സേജ് അയച്ചും ശല്യപ്പെടുത്തുന്നു,
എന്നാൽ ബോറടി മാറ്റാൻ എന്തെങ്കിലും വീണ്ടും കുക്ക് ചെയ്യാം എന്ന് വച്ചാൽ ആഹാരം ഇല്ലാതെ ഈ സമയത്ത്‌ ലോകത്ത്‌ കഷ്ടപ്പെടുന്ന ആയിരങ്ങളെ ഓര്‍മ വന്ന് ആകെ സെന്റിയടിച്ച് ബാല്‍ക്കണിയില്‍ പോയി വെറുതെ നോക്കി നില്‍ക്കുന്നു…

ഒരിക്കല്‍ തുരുതുരാ വണ്ടികള്‍ പോയി കൊണ്ടിരുന്ന, ഇന്ന്‌ വിജനമായി കിടക്കുന്ന റോഡിലേക്ക് നെടുവീര്‍പ്പിട്ടു നോക്കി നില്‍ക്കുന്നു… പറ്റുമെങ്കില്‍ ആ ദയനീയാവസ്ഥ റെക്കോഡ് ചെയത്, കോമഡി ആണെന്ന് പറഞ്ഞ്‌ പ്രഷര്‍ കൂട്ടാൻ വേണ്ടി കുറച്ചു കച്ചറ വീഡിയോസ് ഇടയ്ക്കിടെ പോസ്റ്റ് ചെയ്യുന്നവർക്ക് സെന്റ് ചെയത് കൊടുക്കുന്നു. പക്ഷേ ഈ ടൈപ്പ് വീഡിയോസ് ഒന്നും അയച്ചാലും ഇപ്പൊ വാച്ച് ചെയ്യുന്നില്ല അവളുടെ ചില പ്രിയപ്പെട്ട തെണ്ടികള്‍…

പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി മാത്രം കുളിക്കുന്നു… . കുളിച്ചത് കൊണ്ട്‌ മാത്രം പ്രാര്‍ത്ഥിക്കുന്നു. ..ടിവി ചാനലുകള്‍ കണ്ട് മനസ്സ് മടു ക്കുന്നു …മടുപ്പ് ആയി അല്ലേ എന്ന് അവൾ ചോദിക്കുമ്പോള്‍ “നീ ഉള്ള ഇടം എനിക്ക് മടുക്കുന്നത് എങ്ങനെ? നീ എന്റെ എനർജി ആണ്‌, നിന്നെ എപ്പോഴും എനിക്ക് ഇങ്ങനെ കണ്ടു കൊണ്ടിരിക്കണം എന്നൊക്കെ പിച്ചും പേയും പറഞ്ഞ്‌ ഇത്രയും കാലത്തെ ജീവിതം വീണ്ടും വീണ്ടും റീവൈന്‍ഡ് ചെയത് ബോറടിപ്പിച്ചു കൊണ്ടിരിക്കുന്ന ഭർത്താവ്…

ഈ പറഞ്ഞതൊക്കെ സത്യമാണെന്ന് തെളിയിക്കാനായി, അലക്കി ഇട്ടിരിക്കുന്ന തുണികള്‍ മടക്കി വയ്ക്കുകയും എന്നും വൈറസിന് എതിരെ രോഗപ്രതിരോധ ശേഷിക്ക് വേണ്ടി ചൂട് വെള്ളത്തിൽ നാരങ്ങാ നീര് കലര്‍ത്തി അവള്‍ക്ക് കൊടുക്കുകയും ഒക്കെ ചെയത് നന്നേ കഷ്ടപ്പെടുന്നു… (ഭാവിയിലെ അനിശ്ചിതത്ത്വം ഭയക്കുന്ന, എത്രനാൾ ഭാര്യയെ മാത്രം നോക്കി ഇങ്ങനെ ബോറടി ച്ച് കഴിയേണ്ടി വരും എന്നോര്‍ത്ത് നന്നേ വിഷമിക്കുന്ന ഭര്‍ത്താക്കന്‍മാരുടെ സോപ്പിടല്‍ ആക്ടിവിറ്റിസില്‍ ഒളിഞ്ഞു കിടക്കുന്ന ‘ആത്മാര്‍ത്ഥത’ ഭാര്യമാര്‍ മനസ്സിലാക്കുക?)

പാട്ട് പാടാം, നൃത്തം ചെയ്യാം, മറന്ന് പോയ എല്ലാ കഴിവുകളും പൊടി തട്ടിയെടുത്ത് പ്രയോഗിച്ച് നിങ്ങളെപ്പോലുള്ള നാട്ടുകാരുടെ പല അഭിപ്രായങ്ങളും കേട്ട് സമയം കളഞ്ഞ് കുറെ നേരം ഇരിക്കാം… എന്നാലും പിന്നെയും ഒന്നും ചെയ്യാനില്ല. അതുകൊണ്ട്‌ സിനിമ കാണാം… ഇടയ്ക്കിടെ കൊറിക്കാന്‍ ഉള്ളതൊക്കെ എടുത്ത്, പഴയ ഓരോ സിനിമകള്‍ തപ്പിയെടുത്ത് കണ്ട് പല മഹാനടന്‍മാരുടെയും അഭിനയം ആധികാരികമായി ‘വിലയിരുത്തി’ അങ്ങനെ…..

സിനിമ കഴിയുമ്പോൾ പതിവായി ഉറങ്ങുന്ന സമയം പോയിക്കിട്ടും .. കൂടെ ഉറക്കവും… പിന്നെ ഫോൺ എടുത്ത് ഒറ്റ ഇരിപ്പാണ്… വാട്സ് ആപ്പില്‍ ഇതുപോലെ കുറെ എണ്ണത്തിനെ കുറെ നേരത്തേക്ക് ഒത്തു കിട്ടും. അവരെ മനസ്സില്ലാ മനസ്സോടെ പറഞ്ഞു വിട്ട് അവിടുന്ന് പിന്നെ മെസെഞ്ചറിലേക്ക്… ചുമ്മാ… അടുത്ത പരിചയക്കാര്‍ ആരെങ്കിലും ഉണ്ടോ എന്ന് നോക്കാൻ…

പക്ഷെ അസമയത്ത് മെസെഞ്ചറില്‍ അധികം പരിചയം ഇല്ലാത്തവരോട് സൈലന്റ് ആണ്‌ ട്ടോ … എന്ന് പറഞ്ഞാൽ… നോ കമ്മ്യൂണിക്കേഷന്‍സ്. ലോക്ക് ഡൗണ്‍ ആയതു കാരണം അല്പം ബുദ്ധി മാന്ദ്യം സംഭവിച്ചിട്ടുണ്ട്. പക്ഷേ അവളുടെ തലച്ചോറിന്റെ ഫ്യൂസ് മൊത്തം അടിച്ചു പോയിട്ടില്ല എന്ന സത്യം ചിലരെങ്കിലും ഒരു അറിയിപ്പ് ആയി കരുതുക. ?

രാവിലെ താമസിച്ച് എഴുന്നേല്‍ക്കുന്നത് കൊണ്ട്‌ ഉറക്കം എന്ന മൂന്ന്‌ അക്ഷരം ഉള്ള ആ സാധനം എവിടെ ആണെന്ന് തേടി കണ്ടുപിടിക്കണം.
എന്നാല്‍ പിന്നെ കുറച്ച് എന്തെങ്കിലും എഴുതിയാലോ .. അങ്ങനെ അപ്പോൾ തോന്നുന്നത് എഴുതി വയ്ക്കുന്നതാണ്, അവൾ പോസ്റ്റ് ചെയ്യുമ്പോൾ ലൈക്ക് അടിച്ചില്ലെങ്കില്‍ അവള്‍ക്ക് എന്ത് തോന്നും എന്ന ഒരേ ഒരു വികാരത്തില്‍ മാത്രം നിങ്ങൾ ലൈക്ക് അടിക്കുന്നത്…

അപ്പോൾ ഇത്രയുമായി … ഇനി എന്ത് ചെയ്യും… അല്ല … ഇപ്പൊ സമയം എത്രയായി… നാളെ ഏത് ദിവസം , ഡേറ്റ്‌ എന്താണ്‌,…. ഒന്നുമറിയില്ല….ഏകദേശം നേരം വെളുക്കാറായി. അത്രയും അറിയാം. എന്നാൽ പിന്നെ ബ്രേക്ക് ഫാസ്റ്റ് കൂടി കഴിച്ചിട്ട് കിടക്കാം… അങ്ങനെ വെളുപ്പാന്‍ കാലത്ത് അവൾ ദോശ ചുടുന്ന രംഗമാണ് നിങ്ങൾ തുടക്കത്തിൽ കണ്ടത്. എപ്പോഴോ പാതിരാത്രി ക്കും വെളുപ്പാന്‍ കാലത്തും ഒക്കെ തട്ട് ദോശ കഴിച്ചതിന്റെ ഓര്‍മകള്‍ ആയിരുന്നു ഭർത്താവ് പ്രകടിപ്പിച്ചതെന്ന് പെട്ടെന്ന് അവള്‍ക്ക് മനസ്സിലായില്ല…

കുറ്റം പറഞ്ഞിട്ടും കാര്യമില്ല… കൊറോ ണയും ലോക്ക് ഡൗണും ഒക്കെ വരുന്നതിന് മുന്നേ ചിട്ടയോടെ ജീവിച്ചിരിക്കുന്ന ആളിന്റെ പ്രഭാത നടത്തത്തിന്റെ സമയമാണ്‌. അതേ സമയം ഉണര്‍ന്നു.. നടത്തം ഇപ്പൊ പറ്റില്ലല്ലോ. അപ്പൊ പിന്നെ എന്തെങ്കിലും കഴിച്ചേക്കാം എന്ന് കരുതിക്കാണും. രാവിലെ എല്ലാ ജോലികളും തീര്‍ത്തു വച്ച് ആറ് മണിക്ക് ജോലിക്ക് ഇറങ്ങുന്ന ഭാര്യയും സാധാരണയായി ഉണര്‍ന്നു വരുന്ന സമയം ഇത് തന്നെ…

കഴിച്ചു കഴിഞ്ഞു…എന്നാൽ ഇനി കുറച്ച് നേരം ഉറങ്ങിയേക്കാം … ഉറങ്ങാൻ പോയ അവളുടെ കൈയില്‍ കടന്ന് പിടിച്ച് ഭർത്താവ്..അസമയത്ത് ആയത് കാരണം പരിഭ്രമത്തോടെ ഒന്ന് എതിര്‍ത്തത് വെറുതെയായി.

ഏറെ തളര്‍ച്ചയില്‍ അവൾ ചോദിച്ചു “ഇനി എന്താണ്‌ വേണ്ടത്‌ ഞാൻ ഉറങ്ങട്ടെ”

“അയ്യോ നീ ഉറങ്ങല്ലേ എന്റെ ഉറക്കം പോയി… ഇനി ഞാൻ ഇവിടെയിരുന്ന് ഒറ്റയ്ക്ക് എന്ത് ചെയ്യും?”

പക്ഷെ ഭാര്യ…ഒന്ന് സ്വസ്ഥമായി ഉറങ്ങാൻ വേണ്ടി കഷ്ടപ്പെട്ട് ബ്രേക്ക് ഫാസ്റ്റ് വരെ കഴിച്ചവൾ .. വെളുപ്പിന് ഉറങ്ങുന്നതിന്റെ സുഖം … അത് നന്നേ ഇഷ്ടപ്പെടുന്നവള്‍ . അവള്‍ക്ക് ദേഷ്യം വന്നു… എന്തും വരട്ടെ… പോയിക്കിടന്നു . പെട്ടെന്ന്‌ ഉറക്കത്തിലേക്ക് വീഴുമ്പോള്‍… ആരോ തട്ടി വിളിക്കുന്നു… നോക്കുമ്പോള്‍ കട്ടന്‍ കാപ്പിയുമാ യി അവളുടെ ‘പ്രിയതമന്‍’ ..”ഇത് കുടിച്ചിട്ട് നീ ഉറങ്ങിക്കോ” ..

സത്യത്തിൽ അവള്‍ക്ക് ദേഷ്യം വന്നു.. കാപ്പി കുടിച്ചാല്‍ പിന്നെ ഉറങ്ങാൻ പറ്റില്ല. .. എന്തെങ്കിലും ആവട്ടെ…. അവൾ എഴുന്നേറ്റിരുന്ന് കാപ്പി കുടിച്ചു കൊണ്ട്‌ പറഞ്ഞു “ഒരു ലോക് ഡൗണ്‍ കാരണം എന്റെ ബയോളജിക്കല്‍ ക്ലോക്ക് ആകെ തകർന്നു പോയി.”ഭർത്താവ് അതിശയിച്ചു നോക്കി. പിന്നെ ചോദിച്ചു, “ബയോളജിക്കല്‍ ക്ലോക്ക്… .. എന്തുവാ അത്..…? .”

കട്ടന്‍ കാപ്പി കൊടുത്ത് അവളുടെ ഉറക്കം കളഞ്ഞ സന്തോഷം മറച്ചു പിടിച്ച് കൊണ്ടുള്ള ചോദ്യം…. അവൾക്ക് ദേഷ്യം വന്നു…മിണ്ടാതിരുന്നു കാപ്പി കുടിക്കുമ്പോള്‍ വീണ്ടും ചോദ്യം… “എന്നാലും നീ പറഞ്ഞ നിന്റെ ആ .. ബയോളജിക്കല്‍ ക്ലോക്ക് …അതെന്താണ്‌ സാധനം?” അവള്‍ ചാടിയെഴുന്നേറ്റ് പറഞ്ഞു “അത്… ഒരു ക്ലോക്ക് ആണ്… അത് ഏതാണ്ട് ഇപ്പൊ കഴിച്ച ദോശ പോലെയിരിക്കും…” അല്ല പിന്നെ…

പ്രത്യേക അറിയിപ്പ് :
????????
ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികം മാത്രമാണ്.???
??
ശശികല
15/04/2020