കാണാക്കിനാവ് – ഭാഗം എട്ട്

എഴുത്ത്: ആൻ.എസ്.ആൻ

ഏഴാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

ഫോൺ കയ്യിൽ വാങ്ങിക്കുമ്പോൾ ഡോക്ടറുടെ ഭാവമാറ്റം എന്നിൽ പരിഭവം നിറച്ചിരുന്നു. ഇനി ഡോക്ടർക്ക് അങ്ങനെ വല്ലതും…? സ്പീക്കർ മോഡ് ഓഫാക്കി മടിച്ചു…മടിച്ചു “ഹലോ” പറഞ്ഞു.

എന്താ പാറു ശബ്ദത്തിൽ ഒക്കെ ഒരു പതർച്ച. പേടിച്ചു പോയോ താൻ…? ഞാൻ ഒന്നും മറുപടി പറഞ്ഞില്ല. ഞാൻ അവളോട് അങ്ങനെയൊക്കെ മനപൂർവ്വം തന്നെ പറഞ്ഞതാ. ഇനി താനായിട്ട് അത് തിരുത്തി പറയല്ലേ…അവൾ ആയിട്ട് ഊഹിച്ച് ഇങ്ങോട്ട് പറഞ്ഞതല്ലേ. അത് ഇങ്ങനെ തന്നെ പൊക്കോട്ടെ. ഇപ്പോൾ അമ്മയുടെ ചില നേരത്തെ സംസാരവും അമ്മാവനോട് ഉള്ള സ്നേഹവും ഒക്കെ കാണുമ്പോൾ ആ വണ്ടി എന്റെ തലയിൽ ഇടിച്ചു നിൽക്കുമോ എന്ന് എനിക്കൊരു സംശയമുണ്ട്…. ഇതിപ്പം അതിനൊരു പരിഹാരം ആകുമല്ലോ…?

ഡോക്ടറുടെ പറച്ചിൽ കേട്ടപ്പോൾ എന്റെ ഉള്ളിൽ ആശ്വാസം വന്നു നിറഞ്ഞു. അതിനെന്താ നല്ല കുട്ടിയല്ലേ നിയതി…? പോരാത്തതിന് ഡോക്ടറുടെ മുറപ്പെണ്ണും. നല്ല ചേർച്ച ഉണ്ട് നിങ്ങൾ തമ്മിൽ…പിന്നെ വെറുതെ അതിനെ ഇങ്ങനെ വിഷമിപ്പിക്കണോ…?

എന്റെ പാറു നിനക്കെന്താ…? അതിനെയൊന്നും എനിക്ക് പറ്റില്ല. അതൊരു കാന്താരി ആണെന്നാണ് തോന്നുന്നത്. നീയൊന്ന് ശരിക്കും നോക്കിക്കേ അതിന് ഇനി മീശ വല്ലതും ഉണ്ടോ…? എനിക്ക് ഇഷ്ടം ഈ ടൈപ്പേ അല്ല…

പിന്നെ ഡോക്ടർക്ക് എങ്ങനെ ഉള്ള പെണ്ണുങ്ങളെയാ ഇഷ്ടം…?

എനിക്ക് നല്ല നാടൻ…എന്താ പറയാ മണ്ണിന്റെ മണമുള്ള…തുമ്പപ്പൂ പോലത്തെ…എന്നെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവത്താൻ പെണ്ണിനെ മതിയേ…ഇപ്പോഴുള്ള ഓരോ പെണ്ണുങ്ങളുടെ മട്ടും ഭാവവും ഒക്കെ കണ്ടാൽ പെണ്ണെന്ന് കേട്ടാലേ പേടി തോന്നും…

ഇക്കാലത്ത് ഇതിപ്പം കിട്ടിയതുതന്നെ. ഡോക്ടർക്ക് മൂക്കിൽ പല്ല് മുളയ്ക്കുകയേ ഉള്ളൂ…ഞാൻ മനസ്സിൽ കരുതി.

അല്ല പാറു.. ഇതൊന്നുമല്ലല്ലോ ഇപ്പോഴത്തെ വിഷയം…? ആദ്യം താൻ തന്റെ ഇന്നത്തെ വിശേഷം പറ. തന്റെ നാടുവിട്ട കാട്ടാളനെ കണ്ടു കിട്ടിയ…?

കാട്ടാളനെ മാത്രമല്ല…മറ്റു പലരെയും കണ്ടുമുട്ടി. അതിൽ രണ്ടുപേർ ഇന്ന് എന്നോട് ഡോക്ടറോട് പ്രത്യേകം നന്ദിയും അന്വേഷണവും ഒക്കെ പറയാൻ പറഞ്ഞു.

അതാരാ ആ നാട്ടിൽ എന്നോട് നന്ദിയുള്ളവർ…? നീ പെട്ടെന്ന് കാര്യം പറ.

ഞാൻ ഇന്ന് നടന്ന കാര്യങ്ങളെല്ലാം വള്ളിപുള്ളി വിടാതെ പറഞ്ഞു കൊടുത്തു. അപ്പൊ ഞാൻ ജീവൻ രക്ഷിച്ചത് തന്റെ കാട്ടാളന്റെ അമ്മയെ ആണല്ലേ…? അപ്പൊ പ്രശ്നം എല്ലാം തീർന്നില്ലേ…? പോരാത്തതിന് സെൻറിമെൻസ് ബോണസും…അവരുടെ പേരെന്താണ് പറഞ്ഞത്…അമ്പലപാട്ട് ലക്ഷ്മി അല്ലേ…അമ്മയോട് ഇനി കാണുമ്പോൾ ചോദിക്കണം ചിലപ്പോ അറിയുമായിരിക്കും…? എന്നാലും ഈ ലോകം എത്ര ചെറുതാണ് അല്ലെടോ…?

അപ്പോഴേക്കും നിയ പതുങ്ങി പതുങ്ങി വന്ന് എന്റെ അടുത്തെത്തിയിരുന്നു. അവളെ എന്റെ പിറകിൽ കണ്ടതും “ഗുഡ്നൈറ്റ്” എന്നും പറഞ്ഞു ഡോക്ടർ ജീവനുംകൊണ്ടോടി.

അപ്പോ കിച്ചുചേട്ടന് എന്നെ പേടിയുണ്ട് അല്ലേ…? അതാണീ നിയതി. ഇനി പറ കേൾക്കട്ടെ നിന്റെ വിശേഷങ്ങൾ. എങ്ങനെയുണ്ട് എന്റെ കിച്ചേട്ടൻ…? ഈ നാട്….? ഞങ്ങളുടെ വീട്…? നിന്റെ ജോലി…? ഓഫീസിലെ സ്റ്റാഫ്…? പിന്നെ അവിടെ നമുക്ക് പറ്റിയ വല്ല നല്ല ചുള്ളന്മാരും ഉണ്ടോ…?

അവളുടെ തുറന്ന പുസ്തകം കണക്കെയുള്ള പ്രകൃതവും കുസൃതി നിറഞ്ഞ സംസാരവും എനിക്ക് അവളോടുള്ള അകൽച്ച ഒക്കെ മാറ്റി ഒരു നല്ല കൂട്ടുകാരിയെ കിട്ടിയതുപോലെ ആയിരുന്നു.

പിന്നെ…അവിടെയുള്ള രണ്ടുപേരും നിനക്ക് നന്നായി ചേരും. ഒന്ന് ഒരു ഡ്രൈവർ അപ്പൂപ്പനും രണ്ടാമത്തേത് ഒരു കാട്ടാളനും…

കാട്ടാളനോ….? അത് എന്താ കേൾക്കട്ടെ…?

പ്രത്യേകിച്ച് പറയാൻ ഒന്നുമില്ല. എപ്പോഴാണ് എന്തിനാണ് ദേഷ്യം വരുന്നത് എന്ന് ഒരു രൂപവും ഇല്ലാത്ത ഒരു സാധനം. എന്താ പറയാ…നീ ദുർവാസാവ് എന്നൊക്കെ കേട്ടിട്ടില്ലേ…?

ആഹാ…എന്നിട്ട് നിനക്ക് ഇതുവരെ ശാപം ഒന്നും കിട്ടിയില്ലേ…?

പിന്നെ…ശാപം അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു.

കൊള്ളാലോ….? എന്നാൽ ഞാൻ ഈ കാട്ടാളനെ മെരുക്കാൻ ഒരു മോഹിനിയുടെ രൂപത്തിൽ അവതരിച്ചാലോ….? ആൾ കാണാൻ എങ്ങനെയാണ്….? എന്ത് പ്രായം വരും…? ഡീറ്റെയിൽസ് പറ. എനിക്ക് ചട്ടമ്പികളെ പണ്ടേ വലിയ ഇഷ്ടമാണ്.

കാണാൻ ഒരു ആനച്ചന്തം ഒക്കെ ഉണ്ട്. പ്രായം ഡോക്ടറുടെ അത്രയൊക്കെ ഏതാണ്ട് ആയിരിക്കും. എന്തായാലെന്താ കയ്യിലിരിപ്പ് അല്ലേ കാര്യം. ഇളക്കാൻ നീ അങ്ങോട്ട് ചെല്ല്…നിന്നെ വലിച്ചു പറിച്ചു രണ്ടാക്കി തോട്ടിൽ കളയും കാട്ടാളൻ…

അപ്പോഴേക്കും അവൾ മേശപ്പുറത്ത് ഞാൻ കൊണ്ടുവച്ച ഫയൽ തുറന്ന് നോക്കിയിരുന്നു. അതിലുള്ള പേര് കണ്ടിട്ടാണെന്ന് തോന്നുന്നു. ഇതിൽ എഴുതിയിരിക്കുന്ന ഹരിഹരമേനോൻ…ഇത് അമ്പലപ്പാട്ടെ ഹരിയേട്ടൻ എങ്ങാനും ആണോ…?

ആ അതു തന്നെയാ കാട്ടാളൻ.

യ്യോ….? ഹരിയേട്ടനെ കൊണ്ടാണോ നീ ഇങ്ങനെയൊക്കെ പറഞ്ഞത്…? നിനക്ക് എന്താ കുഴപ്പം…? അത് ബുദ്ധിരാക്ഷസന….എന്തൊക്കയോ റാങ്ക് ഒക്കെ കിട്ടിയിട്ടുണ്ട്. കുറച്ചു കാലം മുന്നേ സ്റ്റേറ്റ്സിൽ എവിടെയോ പോയെന്നു കേട്ടു. തിരിച്ചു വന്നത് ഞാൻ ഇപ്പോഴാണ് അറിയുന്നത്. സ്കൂളിൽ ഞങ്ങളുടെയൊക്കെ ഹീറോ ആയിരുന്നു. ഇംഗ്ലീഷിലുള്ള പ്രസംഗം ഒന്നു കേൾക്കണം മോളെ…നമ്മുടെ പൃഥ്വിരാജ് വരെ തോറ്റു പോകും. പറഞ്ഞു തീർന്നിട്ടും നിയയുടെ കണ്ണിലെ തിളക്കം നിന്നിട്ട് ഉണ്ടായിരുന്നില്ല.

ഇനി ഇവൾക്ക് ആള് എങ്ങാനും മാറിയതാണോ….കാട്ടാളന്റെ വായയിൽ നിന്നും വരുന്നത് വച്ച് ആലോചിക്കുമ്പോൾ…? എന്നാ പിന്നെ നമുക്ക് ഒരു കൈ നോക്കാം. ഒരേ നാട്….സമ്പത്തുള്ളവർ…വിദ്യാഭ്യാസം…ജോലി…ഒക്കെയുണ്ട്. ആളാണെങ്കിൽ നിന്റെ കുട്ടിക്കാലത്തെ ഹീറോയും…ഞാൻ ഡോക്ടറോട് പറയട്ടെ നേരായ വഴിയിൽ തന്നെ ആലോചിക്കാൻ.

നല്ല കഥയായി. പാവം കുട്ടി, കഥകൾ ഒന്നും അറിയില്ല അല്ലേ….? നരേന്ദ്രപ്രസാദിന്റെ മോന്…രാജൻ.പി.ദേവിന്റെ മോള്. നാടൻ തല്ല്, കത്തിക്കുത്ത്, കുറേ ചോരയൊഴുകി….പിന്നെ ശുഭം എന്ന ബോർഡും. എന്തു നല്ല നടക്കാത്ത സ്വപ്നം.

അതെന്ത് കഥയാ കേൾക്കട്ടെ….?

അപ്പോഴേക്കും സൂരജ് മുറിയിലേക്ക് വന്നു. നിങ്ങളെ അമ്മായി വിളിക്കുന്നുണ്ട് ഭക്ഷണം കഴിക്കാൻ…പെട്ടെന്ന് ചെല്ല്. ഭക്ഷണം പെട്ടെന്ന് കഴിച്ചു തീർത്തു കഥ കേൾക്കാൻ നിയയുടെ റൂമിലാണ് കിടക്കാൻ പോയത്. അവൾ കഥ പറഞ്ഞു തുടങ്ങി….

അമ്പലപ്പാട്ട് രവീന്ദ്രൻ മേനോനും കളരികണ്ടിയിൽ മാധവൻ മേനോനും ഉറ്റചങ്ങാതിമാരും, വിശ്വസ്തരും നാട്ടിലെ പ്രമാണിമാരും. മക്കൾ വലുതായപ്പോൾ സ്വാഭാവികമായും സൗഹൃദം ദൃഢമാക്കാൻ രവീന്ദ്രമേനോന്റെ മകൻ വിശ്വനാഥനും മാധവ മേനോന്റെ മകൾ സൗധാമിനിയും തമ്മിൽ വിവാഹം ഉറപ്പിച്ചു.

കല്യാണത്തിന് തലേദിവസം വിശ്വനാഥൻ തന്റെ സഹോദരി ശാരദയുടെ ഭർത്താവിന്റെ സഹോദരിയും മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചുറപ്പിച്ചു വച്ചതുമായ ലക്ഷ്മികുട്ടിയെ രജിസ്റ്റർ വിവാഹം ചെയ്തു. ആദ്യം വിസമ്മതിച്ചെങ്കിലും തന്റെ മകൾ ശാരദയുടെ വിവാഹജീവിതം തകരാറിൽ ആകുമോ എന്ന് ഓർത്തപ്പോൾ രവീന്ദ്രമേനോന് ഈ വിവാഹം അംഗീകരിച്ചേ മതിയാകൂ എന്ന അവസ്ഥ വന്നു.

തന്റെ കൂട്ടുകാരനും ഇതിന് കൂട്ടു നിൽക്കുന്നു എന്ന് മനസ്സിലാക്കിയ മാധവമേനോന്റെ ആൾക്കാർ അമ്പലപാട്ട് മുറ്റത്തെ പന്തലും മറ്റു സ്ഥാപനങ്ങളുമൊക്കെ ആക്രമിച്ചു. ഒടുവിൽ മാനം രക്ഷിക്കാൻ തന്റെ കാര്യസ്ഥന്റെ മകനെ കൊണ്ട് മകളെ നിശ്ചയിച്ച ദിവസം തന്നെ കല്യാണം നടത്തുകയും ചെയ്തു. മാനക്കേട് കൊണ്ടും ആശിച്ച പുരുഷനെ കിട്ടാത്തതുകൊണ്ടും സൗദാമിനി പിന്നെ ഈ നാട്ടിലേക്ക് അധികം വരാതായി. ലക്ഷ്മികുട്ടിയെ വിവാഹം ചെയ്ത വിശ്വനാഥൻ പക്ഷേ ഒരു വർഷത്തിനുള്ളിൽ തന്നെ മരണമടയുകയും ചെയ്തു.

അപ്പോൾ ഈ സൗദാമിനി എന്നുപറഞ്ഞാൽ ഡോക്ടറുടെ അമ്മയാണോ….?

അതെലോ….പിന്നെ വിശ്വനാഥന്റെ പുത്രനാണ് നിന്റെ കാട്ടാളൻ. പിന്നെ ഈ ഇരിക്കുന്ന ഞാൻ ഈ തറവാട്ടിലെ ഏക പെൺതരിയും…ഇനിയും പറയൂ മോളേ ചരിത്രം നമുക്ക് വീണ്ടും ആവർത്തിക്കണോ…?

അയ്യോ വേണ്ട…ഞാൻ അതല്ല ആലോചിക്കുന്നത്. അല്ലെങ്കിലേ കാട്ടാളന് എന്നെ കണ്ടാൽ ചതുർത്ഥിയാ…ഇന്ന് കുടകമ്പി വഴി ഞാൻ ഇവിടെയാണ് താമസം എന്ന് കരക്കമ്പി കിട്ടിക്കാണും. ഇനി നാളെ ഞാൻ എന്തൊക്കെ അനുഭവിക്കേണ്ടിവരും ഈശ്വരാ….ഈ കുരുക്ക് അഴിയും തോറും മുറുകുകയാണല്ലോ….?

തുടരും